
ആത്മാവിഷ്കാരത്തിന്റെയോ ആത്മപ്രതിഫലനത്തിന്റെയോ ഭാവുകത്വത്തില്‍ അനുശീലിക്കപ്പെട്ട വായനയ്ക്ക് രാജേഷ്. എന്‍. ആര്. എഴുതിയ' പോസ്ററര്‍ കീറുന്നവരുടെ ശ്രദ്ധയ്ക്ക് ' എന്ന കവിതാസമാഹാരം വഴങ്ങിത്തരില്ല.വായനയിലും എഴുത്തിലും നോട്ടത്തിലുമെല്ലാം പുതിയ കലക്കങ്ങള്‍ നിറയുന്നു. അവയെ അഭിസംബോധന ചെയ്യുന്നു ഈ കവിതകള്‍.പുതിയ കവിതയുടെ സൗന്ദര്യശാസ്ത്രമണ്ഡലം ഏകാഗ്രതയെക്കാള്‍ അനേകാഗ്രതകളെ ഉള്‍ക്കൊളളുന്നു. ചിതറിച്ചയിലൂടെയാണ് ഈ കവിതകളും സൂക്ഷ്മത തേടുന്നത്.
പുതുകവിതയുടെ പൊതുപരിസരം പങ്കിടുംപോമ്പോഴും രാജേഷിന്റെ കവിതകള്‍ വ്യത്യസ്തമാണ്. എന്താണീ വ്യത്യസ്തത? പോസ്ററര്‍ കീറുന്നവരുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടില്‍ തന്നെയുണ്ട് ഈ വ്യത്യസ്തത. എന്തൊരു പൊതുവായ വാചകം! കോര്പറേഷന് ഓഫീസിന്റെ മുന്നിലോ കെ.എസ്.ആര്.ടി.സി.സ്ററാന്ഡിലോ പതിപ്പിച്ച ഒരു നോട്ടീസു പോലെ.പരസ്യമാക്കലിന്റെ നഗ്നത ഈ കവിതകളിലുണ്ട്. പുസ്തകത്തില്‍ ചേര്‍ത്ത പഠനത്തില്‍ സജയ്.കെ.വി.പറയുന്നതുപോലെ അത് ഒരായിരം ഒളിനോട്ടങ്ങള്‍ക്ക് വിധേയമാണ്.മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തെ തൊലിയുരിച്ചുകാട്ടുന്നു, അത്.
"ജനങ്ങള്‍ക്കായി ജനങ്ങള്‍
തുറന്നു വെച്ചിരിക്കുന്ന
കുളിപ്പുരയാണ് പോസ്ററര്‍....." നമ്മുടെ ലിംഗരാഷ്ട്രീയത്തിന്റെ വിദൂരസൂചനകള്‍ ഉള്‍ക്കൊളളുന്ന ഒരു നോട്ടം ഇവിടെ കുഴിച്ചിട്ടിട്ടുണ്ട്.
പുതുമലയാളകവിതയില്‍ സ്ഥലം ഒരു മുദ്രയാണ്, കാലത്തേക്കാള്‍.അനുഭവത്തിന്റെ സ്ഥലപരമായ അടര് ഐഡന്റിററിയായും(എസ്.ജോസഫ്) ചെറു ആഖ്യാനങ്ങളായും (പി.എന്‍.ഗോപീകൃഷ്ണന്) മററും നിറയുന്ന വിധം പ്രബലമാണത്. സ്ഥലം രാജേഷിന്റെ കവിതകളില്‍ തുറന്നതും പരന്നതുമാണ്. മൂര്‍ത്തമായ ദൈനംദിനത നിറയുന്ന സ്ഥലം. ആളുകള്‍ റോഡു ക്രോസു ചെയ്യാന്‍ നില്ക്കുന്നതും പോസ്ററര്‍ നോക്കി നില്‍ക്കുന്നതുമൊക്കെയായ സ്ഥലം തികച്ചും പൊതുവായ സ്ഥലമാണ്. അത് ഒരു അടഞ്ഞ മുറിയോ വീടുകളോ അല്ല.അങ്ങനെ ഒരു നാല്ക്കവലയായിത്തീര്ന്നതു കൊണ്ടാണ് രാജേഷിന്റെ കവിതയിലെ സ്ഥലത്തിന്റെ മുദ്രകള്‍ രാഷ്ട്രീയം പറയുന്നത്. സ്ഥലം എന്നാല്‍ നൊസ്ററാള്‍ജിയ ആയി മാറുന്ന പതിവ് അവസ്ഥ വിട്ട്, അത് ആളുകളും ബസ്സും ലോറിയുമെല്ലാമുളള, ചുവരുകളും ഇലക്ട്രിക് കമ്പികളുമൊക്കെയുളള ജനകീയസ്ഥലമായി നിലനില്ക്കുന്നു.
സ്ഥലം രാജേഷിന്റെ കവിതകളില്‍ ചരമാണ്. അത് നാളെ ഉണ്ടായെന്നുവരില്ല എന്ന ഭീതി കൂടി ഇവിടെയുണ്ട്. ജപ്തിഭീഷണിയോ പരിസ്ഥിതി നാശമോ ഒന്നും പറഞ്ഞ് ധൂര്‍ത്തടിക്കാതെ തന്നെ ഈ ഉള്‍ഭീതി പടരുന്നു. അതുകൊണ്ടു തന്നെ ഡോക്യുമെന്റു ചെയ്യപ്പെടേണ്ടതാണ് സ്ഥലങ്ങള്‍ എന്നീ കവിതകള്‍ പറയുന്നു.അനുഭവത്തിന്റെ സ്ഥലം ഡോക്യുമെന്റു ചെയ്യുകയാണ് പഴയ സിനിമയുടെ ഡിസ്കുകള്‍ എന്നു കവി പറയുന്നു.

"കുന്നിന് മുകളില്‍ നിന്ന്
മീനൂ ....എന്നുറക്കെ വിളിക്കുന്ന
നായകന്
പിടിച്ചു നിര്‍ത്തുന്നു
കുന്നിന്റെ ചിത്രം.
കുറച്ചു മാത്രം വികസിച്ച
ചന്തയിലെ സ്ററണ്ട് രംഗത്തില്‍
അടയാളപ്പെടുത്തുന്നു
പിറകെ കെട്ടി വലിക്കുന്നു
കെട്ടിടങ്ങളും വഴികളും....."('പഴയ സിനിമയുടെ ഡിസ്കില്‍')
റിയല്‍ എസ്േററററിന്റെ യുക്തിയില്‍ സ്ഥലം അനുഭവമല്ല, പണമാണ്. കുടിയൊഴിക്കലിന്റെയും പലായനങ്ങളുടെയും യുക്തിയില്‍ അത് ജീവിതത്തിന്റെ പരമാവധിയാണ്. ഇത്തരം യുക്തികളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് കവിത സ്ഥലപരമായ ഒരു ഭാവുകത്വവിച്ഛേദം തന്നെ നിര്‍മിക്കുന്നു. അത് സാമൂഹ്യവിമര്‍ശനത്തിന്റെ പതിവുശൈലികളെ ഒഴിച്ചു നിര്‍ത്തുന്നു.സ്ഥലത്തില്‍ കാലം നടത്തുന്ന കൊത്തുപണികളായാണ് ഇവിടെ സമൂഹമുദ്രകള് കടന്നുവരുന്നത്.ഡിസംബറില്‍ പതിയിരുന്ന് ജനുവരി ഒന്നിലലിട്ട് ഒരു ചെറു ജീവിയെ കൊല്ലുന്ന കാലം അതില്‍ തെളിയുന്നു.അത് തീക്ഷ്ണമായ ഒരു തത്കാലമാണ്. ദാര്‍ശനികമല്ല താനും. കാരണം സങ്കീര്‍ണമായ സാമൂഹ്യയാഥാര്ഥ്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും ആസന്ന നിമിഷങ്ങളില്‍ വ്യവസ്ഥാപിതമായ പ്രതിബദ്ധതയെ കവി പരോക്ഷമായി വിമര്‍ശിക്കുകയാണ്. റോഡ് ക്രോസ് ചെയ്യാന്‍ സഹായിക്കുമ്പോള്‍ എന്ന കവിത സാമൂഹ്യപ്രതിബദ്ധതയെ ഇപ്രകാരം പ്രശ്നവല്‍ക്കരിക്കുന്നു.തൊഴിലില്ലായ്മ, പട്ടിണി മുതലായ പതിവു സാമൂഹ്യപ്രശ്നങ്ങളോടു കവി പ്രതികരിക്കുന്ന ശൈലിയിലും വ്യത്യാസം കാണാം. വസ്ത്ര- ശരീര ഭാഷയുടെ ആഖ്യാനതലത്തില്‍ നിന്നു കൊണ്ടാണ് ഇന്‍സെര്‍ട്ട് എന്ന കവിതയിലൂടെ തൊഴിലില്ലായ്മ, ഗള്‍ഫ് തുടങ്ങിയ മണ്ഡലങ്ങളെ അഭിസംബോധന ചെയ്യുന്നത്.അരിപ്പ, നിരീക്ഷണം മുതലായ കവിതകളിലും ഈ ഊന്നല്‍ കാണാം.പ്രിന്‍സ്- കുമാരേട്ടാ വിളിയിലൂടെ സ്വദേശി- വിദേശി പ്രശ്നം കടന്നു വരുന്നു.(കുമാരേട്ടാ, എന്റെ കുമാരേട്ടാ). പട്ടിണിയില്ലാത്ത ദിവസങ്ങളില്‍ ആഴത്തിലുളള കറുത്ത ഹാസ്യം കാണാം.
"ചെരുപ്പിനു പകരം
ഒരാള്‍
രണ്ടു മീനുകളെ ഉപയോഗിച്ചു.
............................
............................
അഞ്ഞൂറിന്റെ നോട്ടില്‍
കൂട്ടുകാരിക്ക്
അലുവ പൊതിഞ്ഞു കൊടുത്തു."
വിനിമയത്തിന്റെ പുതിയ ശീലുകളാണവ.അടിമുടി മാറുകയാണിവിടെ സമീപനം.
ഭാഷയിലും തനതായ വ്യത്യാസങ്ങള്‍ കാണാം. ഒട്ടും തന്നെ മോണോലോജിക് അല്ലാത്ത ഒരു കാവ്യഭാഷ., മറിച്ച് ഡയലോഗുകളുടെ ,ബഹുഭാഷണങ്ങളുടെ സമൃദ്ധി നിറയുകയും ചെയ്യുന്ന കാവ്യഭാഷയാണിത്. മൊഴിവഴക്കങ്ങളും പ്രാദേശികച്ചുവകളും ഭാഷയെ സംബന്ധിച്ച അസംബന്ധങ്ങളുമായി അവ കവിതയെ ചലനാത്മകമാക്കുന്നു. കാവ്യഭാഷയ്ക്ക് സ്ഥിരസത്തയല്ല ഉളളത്, അത് ഉരുത്തിരിഞ്ഞുവരുന്നതും പരിണാമിയുമാണ് എന്ന ബോധം കവിക്കുണ്ട്.രൂപം തന്നെ പ്രമേയത്തിലേക്ക് പ്രാപ്തി നേടുന്ന വണ്ണം കാവ്യഭാഷയെക്കുറിച്ചുളള ജാഗ്രത ഈ കവിതകളിലുണ്ട്. 'മ്പ്രാ .... ചിന്ലിക്ക്പ്പ്ന്വന്ര്' എന്ന കവിത അങ്ങനെയാണ് എഴുതപ്പെടുന്നത്.
'പോസ്ററര്‍ കീറുന്നവരുടെ ശ്രദ്ധയ്ക്ക് 'എന്ന പുസ്തകം പുതിയ ഭാവുകത്വത്തിലേക്കുളള ശ്രദ്ധക്ഷണിക്കല്‍ തന്നെയാണ്. കാവ്യപാരമ്പര്യവും ചരിത്രവുമായി അതു നടത്തുന്ന സംവാദം വരും കാല കവിതകളുടെ സാദ്ധ്യത തന്നെയാണെന്നതില്‍ സംശയമില്ല.
( 2011 ആഗസ്ത് 'സമകാലിക മലയാളം' വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്)