Friday, December 29, 2023

പുതുനിലങ്ങള്‍





പ്രവാസത്തെ, അതിന്റെ സവിശേഷമായ അനുഭവങ്ങളെ ഒരു തിണയായി മലയാളനോവല്‍ എന്നോ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. വന്‍കരകള്‍ താണ്ടി, ബഹുദൂരം യാത്ര ചെയ്ത് പലയിടങ്ങളിലായി അധിവസിച്ചു വരുന്ന മലയാളി ഡയസ്‌പോറയുടെ തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാനമാണ് പി.മണികണ്ഠന്റെ 'എസ്‌കേപ്പ് ടവറില്‍ എന്റെ ജീവിതം'. പ്രവാസത്തിന്റെ വിപുലമായ അനുഭവങ്ങളെയും തീവ്രമായ ജീവിതസന്ദര്‍ഭങ്ങളെയും മലയാളിഭാവുകത്വം ഏറ്റെടുക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. എസ്.കെ.യുടെ യാത്രവിവരണങ്ങള്‍ മുതല്‍  മുസാഫിര്‍ അഹമ്മദിന്റെ മരുഭൂമിയുടെ ആത്മകഥ, ഖദീജ മുതാസിന്റെ ബര്‍സ, ബെന്‍യാമിന്റെ ആടുജീവിതം, മുകുന്ദന്റെ പ്രവാസം വരെയുള്ള അന്യദേശവാസത്തിന്റെ ഭാവനാനുഭവങ്ങള്‍ വിശാലമാണ്. അവയിലൂടെ മലയാളസാഹിത്യത്തിന്റെ സവര്‍ണഗൃഹാതുരപാരമ്പര്യം ഒട്ടൊക്കെ ശിഥിലമാകാന്‍ തുടങ്ങി. അതിലൂന്നിയ കുടുംബം, സമൂഹം, രാഷ്ട്രം,  ദേശീയത മുതലായ സംവര്‍ഗങ്ങളെ ഏകശിലാത്മകമായി സ്ഥിരീകരിക്കുന്ന എഴുത്തുരൂപങ്ങള്‍ വെല്ലുവിളിക്കപ്പെടാന്‍ തുടങ്ങി എന്നത് സുപ്രധാനമാണ്. അനുഭവങ്ങളുടെയും സ്വത്വങ്ങളുടെയും ബഹുലതയെ അനിവാര്യമാക്കുന്ന ഒരു രാഷ്ട്രീയം ഇവയിലെല്ലാം അടിസ്ഥാനപരമായ ഘടകമായി വര്‍ത്തിക്കുന്നുണ്ട്. ഉത്തരാധുനികപ്രവണതകള്‍ ഏറിയും കുറഞ്ഞും മുന്നോട്ടുവെയ്ക്കുന്ന ബഹുസ്വരതയോടുള്ള ആഭിമുഖ്യം ഇതിനാക്കം കൂട്ടി.

എഴുത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനങ്ങളിലേക്ക് , അവയുടെ പ്രേരണകളിലേക്ക് നിരന്തരം കയറിയിറങ്ങുന്ന ഒരു രചനയാണ് എസ്‌കേപ് ടവറില്‍ എന്റെ ജീവിതം. പലതരം ജീവിതങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ആഖ്യാനത്തിനകത്ത് ആഖ്യാതാവിനെ വികേന്ദ്രീകരിച്ചും ശിഥിലീകരിച്ചും ബഹുസ്വരമായ ഈ പലമയെ നോവലിസ്റ്റ് തേടുന്നു. മലയാളിസ്വത്വം എന്ന 'പതിവുബാധ'യില്‍നിന്നും നോവലിനെ മുക്തമാക്കാനിത് സഹായിക്കുന്നുണ്ട്. ആയതിനാല്‍ മലയാളത്തില്‍ എഴുതപ്പെട്ടതെങ്കിലും ഈ കൃതിയുടെ വായനക്കാരെക്കുറിച്ച് കൂടുതല്‍ വിശാലവും ഉദാരവുമായ സങ്കല്പനമാണ് നോവലിസ്റ്റിനുള്ളത്.  കീറിയ സോക്‌സിനുള്ളിലെ പാദം(കെ.ജി.എസ്- ദേശാതുരം : കീറിയ സോക്‌സിനുള്ളിലെ പാദം) വെളിപ്പെടുത്തുന്ന തനിപ്രാദേശികതയെയോ പ്രവാസത്തെ തന്നെയോ ആദര്‍ശവല്‍ക്കരിക്കുന്നില്ല.  കേരളത്തിന്റേതായ പ്രാദേശികത പൂര്‍വസ്മരണകളായും അനുഭവകഥനങ്ങളായും കടന്നു വരുമ്പോള്‍ തന്നെ ഇത് കേരളീയതയുടെ ഗൃഹാതുരയക്കകത്തു ഇളവേല്ക്കുന്നില്ല. അതേ സമയം ഏതൊരു പ്രവാസിയെയും പോലെ അനിശ്ചിതവും യാന്ത്രികവുമായി തുടരുന്ന മലയാളിയുടെയും സ്വത്വാനുഭവങ്ങളെ ഏറ്റവും അനുഭവപരവും വൈകാരികവുമായി തന്നെ ആവിഷ്‌കരിക്കുകയും ചെയ്യുന്നു.

സെര്‍ബിയന്‍ കലാപത്തിന്റെ മുറിവുകളുള്ള ഓര്‍മകളുമായി ദുബായില്‍ കഴിയുന്ന നടാഷ അക്കോവ്‌സ്‌ക്കി, കാഴ്ച്ച നഷ്ടമായി ജോലിയില്‍ നിന്നും പുറം തള്ളപ്പെട്ട ആഖ്യാതാവിന് അന്യയല്ല. അവളുടെ തീക്ഷ്ണമായ അനുഭവങ്ങള്‍ ഭാവനാകൗതുകങ്ങള്‍ക്കപ്പുറം യാഥാര്‍ത്ഥ്യമായി അയാള്‍ തിരിത്തറിയുന്നു. യുഗോസ്ലാവ്യന്‍ യുദ്ധത്തില്‍ അച്ഛനമ്മമാര്‍ മരിച്ച്,  ചെറുപ്പത്തില്‍ തന്നെ അനാഥയായിത്തീര്‍ന്ന നടാഷ കരിങ്കടല്‍ നീന്തിക്കടന്നവളാണ്. കറുത്ത അഥീനയുടെ പുത്രന്‍ എന്നു സ്വയം വിളിക്കുന്ന ഒമര്‍ സലാമ ഹോര്‍മുസ് കടലിടുക്കിന്റെയും നൈല്‍ നദീതീരത്തിന്റെയും  ആഫ്രിക്കന്‍ അറബ് സംസ്‌കൃതിയുടെയും ചരിത്രഗാഥകള്‍ പേറുന്നു. സലാമ അനുഭവത്തിനും ഭാവനയ്ക്കുമിടയിലൂടെ എന്നും ഉഴറുന്നു. നൊമാഡുകളുടെയും ജിപ്‌സികളുടെയും തൊമികളുടെയും ഭൂതകാലസ്മരണകള്‍ എസ്‌കേപ് ടവറിന്റെ താഴത്തെ അതിശയ അറകളില്‍ ഉറങ്ങുന്നു. അവിടെ പലരാജ്യത്തെ നാടുകളില്‍നിന്നും വന്ന സസ്യങ്ങളുടെയും ധാന്യങ്ങളുടെയും വിത്തുകളുടെ സംഭരണികളുണ്ട്. ഗാഫും കള്ളിയും ഈന്തപ്പനയും പുല്‍ച്ചെടികളും നിറഞ്ഞുനിന്ന വൈലിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ക്കിടയില്‍ കുങ്കുമപ്പൂവുമുണ്ട്. അതിന്റെ സൗരഭ്യം ഐന്ദ്രിയമായി ആഖ്യാതാവിനെ മുണ്ടകപ്പാടത്തെ ആമ്പല്‍പ്പൂക്കള്‍ക്കും പരല്‍മീനുകള്‍ക്കുമിടയിലേക്ക് എത്തിക്കുന്നു. പൂര്‍വസ്മൃതിയുടെ ആത്മഖണ്ഡങ്ങളിലൂടെ ഈ നോവല്‍ ഇപ്രകാരം നീങ്ങുമ്പോഴും അതു ആത്മനിഷ്ഠതയുടെയോ അതിവൈകാരികതയുടെയോ കുത്തൊഴുക്കില്‍ കുതിര്‍ന്നു ചീര്‍ക്കുന്നില്ല. സലാമയും നടാഷയും മറ്റു പലരും തീര്‍ക്കുന്ന ബഹുസ്വരഭൂമികയുടെ സാംസ്‌കാരികപാഠമായി അതു നോവലിനെ ഉറപ്പിച്ചു നിര്‍ത്തുന്നുണ്ട്.

മെറ്റാഫിക്ഷന്‍ ഭാവന
പ്രത്യക്ഷാനുഭവത്തെ മാത്രം പരിഗണിക്കുന്ന ഭാവനയെ ഈ നോവല്‍ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. മനുഷ്യജീവിതം ഭാവനാപരമായി അന്യാനുഭവങ്ങളുടെ സംവേദനത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണ്. ദൈനംദിന പ്രായോഗികജീവിതത്തിന്റെ വിരസവും ഏകതാനവുമായ ആവര്‍ത്തനങ്ങള്‍പ്പുറം മൂല്യവത്തായ ഉള്ളടക്കം, മാനവികതയുടെ അടരുകള്‍ ബോധത്തില്‍ പറ്റിക്കൂടുന്നത്  അന്യജീവിത കഥനങ്ങളിലൂടെയാണ്. വായന അത്തരത്തില്‍ നോവലിന്റെ അനുഭൂതിസംസ്‌കാരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൂതം, യന്ത്രം, ജബാലസത്യകാമന്‍, ഗോദോ, കടശ്ശിക്കളി, ശവംതീനി ഉറുമ്പ്, എസ്.കെ.യുടെ യാത്രകള്‍, മുകുന്ദന്റെ പ്രവാസം, എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളിലൂടെയും സാഹിത്യപാഠങ്ങളിലൂടെയും മെറ്റാ ഫിക്ഷന്‍ എന്നു വിളിക്കാവുന്ന ഒരു തലം നോവല്‍ ഉടനീളം നിലനിര്‍ത്തുന്നുണ്ട്. ഇപ്രകാരം രൂപപ്പെട്ട വായനാസംസ്‌കാരം മേല്‍പ്പറഞ്ഞ ബഹുസാംസ്‌കാരികതയുടെ സാധ്യതയെ പിന്തുണയക്കുന്നതാണ്. അതോടൊപ്പം മലയാളി എന്ന സ്വത്വഘടനയെ ഭാവനാത്മകമായി പുനര്‍നിര്‍മിക്കുന്നതും. ഇവിടെ മുന്നിട്ടു നില്‍ക്കുന്ന ഈ അഭിരുചിവ്യതിയാനം  നോവലിന്റെ കലയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇവയെ സാങ്കേതികമായി ഉള്‍ച്ചേര്‍ക്കുന്നു എന്നതിലുപരി മൂല്യപരമായി ന്യായീകരിച്ചെടുക്കാന്‍ സഹായിക്കുന്ന വിചാരതലം കൂടി ഒരു അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നുണ്ട്.്  മാര്‍ക്‌സിസം, ദേശീയത ഇവ സംബന്ധിച്ച സൈദ്ധാന്തികമായ അടിത്തറകള്‍, രാഷ്ട്രീയസാമൂഹികനിലപാടുകള്‍ ഒക്കെ ചേര്‍ന്ന്  ഒരു സാംസ്‌കാരികമൂലധനമായി ഇവിടെ പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്.

 പ്രവാസജീവിതത്തെ ആധാരമാക്കിയ ധാരാളം കൃതികളെക്കുറിച്ചു തന്നെയുള്ള പരാമര്‍ശം ഈ നോവലില്‍ പലയിടത്തായി കാണാം. ജോണ്‍ സിംസന്റെ 'ദ ഓക്‌സ്‌ഫോഡ് ബുക്ക് ഓഫ് എക്‌സൈല്‍' എന്ന കൃതി അത്തരത്തിലൊന്നാണ്. അനുഭവിക്കുന്ന അവസ്ഥയെക്കുറിച്ചുള്ള അതിബോധം, അതിന്റെ രാഷ്ട്രീയം ഒക്കെ ഇതു വെളിവാക്കുന്നു.  രേഖീയമായ സംവേദനത്തിന്റെ പതിവു സൗന്ദര്യാത്മകതയെ ഒരുപക്ഷേ ബാധിക്കാന്‍ വിട്ടുകൊടുക്കും വിധം ഈ പ്രവണത ഏറി നില്‍ക്കുന്നു, ഈ നോവലില്‍. അതിലുപരി, അത്തരം 'വിട്ടുവീഴ്ച്ച'-കളിലൂടെ അനുഭവമോ ആഖ്യാനമോ പ്രധാനമെന്ന ചോദ്യത്തെ നിരന്തരം ഉന്നയിക്കുകയാണ് ഈ നോവല്‍ ചെയ്യുന്നത്. ആവിഷ്‌കാരത്തിന്റെ നവീനതകളേക്കാള്‍  അനുഭവത്തിന്റെ തീക്ഷ്ണതയെക്കുറിച്ചുളള സലാമയുടെ ഉറച്ച ബോധ്യങ്ങള്‍ എഴുത്തിന്റെ മൗലികപ്രമാണമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനര്‍ത്ഥം ഈ നോവല്‍ പഴയ പുരോഗമനസാഹിത്യത്തിന്റെ രാഷ്ട്രീയശരികളെ അനുധാവനം ചെയ്യും വിധത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ തുടര്‍ച്ചയിലും രേഖീയതയിലും പച്ചയ്‌ക്കെഴുതുന്നു എന്നല്ല തന്നെ. ആടുജീവിതത്തെപ്പോലെ വിഭ്രാമകവും ആഘാതതീക്ഷ്ണവുമായ അനുഭവപരമ്പരകളെ കെട്ടഴിച്ചുവിടുകയുമല്ല. അനുകമ്പയിലും നിസ്സഹായതയിലും പൊതിഞ്ഞ മനുഷ്യദൈന്യത്തെ സാംസ്‌കാരികമായി വിപണിവല്‍ക്കരിക്കുന്നതിന്റെ അപകടങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ് ഈ എഴുത്ത്. അതുകൊണ്ടുതന്നെയാണ്  തന്റെ മുന്‍ഗാമികളുടെ പ്രവാസരചനകള്‍ ഒരു ആത്മശോധനയക്കുതകുന്ന പുനര്‍വിചാരങ്ങളെന്ന നിലയില്‍ പലപ്പോഴും ആഖ്യാനത്തിനിടയില്‍ കടന്നു വരുന്നതും. മുകുന്ദന്റെ നോവല്‍ പ്രവാസവുമായി, എസ്.കെ.പൊറ്റക്കാടിന്റെ രചനകളുമായി ഇതിലെ വായനക്കാരനും സഹൃദയനുമായ നായകന്‍ ഇടപെടുന്നു. പാഠന്തരബന്ധം ആഖ്യാനത്തിലേക്കു സ്വീകരിക്കുന്ന നവ ആഖ്യാനതന്ത്രം മാത്രമല്ല, ഇത്.

ആഖ്യാനമോ അനുഭവമോ?
എഴുത്തിനെക്കുറിച്ചുള്ള എഴുത്തുമാണ് ഈ നോവല്‍. തന്റെ അനുഭവങ്ങളെ ഒന്നിച്ചു കൂട്ടിക്കെട്ടി എഴുതാന്‍ പോകുന്ന പുസ്തകത്തെക്കുറിച്ചും കൂടിയാണ് ഈ നോവല്‍. നോവല്‍ ആഖ്യാനസങ്കേതങ്ങളെ സംബന്ധിച്ചിടത്തോളം പുതുമയാര്‍ന്ന സമീപനമാണിത്.  'സ്വപ്‌നസദൃശമായ കഥാകഥനങ്ങളിലൂടെ മെനഞ്ഞെടുക്കുന്ന കൊളാഷ് അനുവാചകനില്‍ ചിറകുകള്‍ വിരിയിക്കണം' എന്നു നോവലിസ്റ്റ് എഴുതുന്നുണ്ട്. (പുറം 8) എന്നാല്‍ ചിറകുകള്‍ അരിഞ്ഞുവീഴ്ത്തപ്പെട്ട ഓവിഡ് എന്ന കവിശലഭത്തിന്റെ വിധിയെക്കുറിച്ചുള്ള ഭീതി അയാളെ വിട്ടൊഴിയുന്നില്ല. വേരറ്റ, മുറിവേറ്റ, നിസ്വരായ ജനതയെക്കുറിച്ചുള്ള വിഹ്വലതകള്‍ നിരന്തരം സ്വപ്‌നങ്ങളില്‍ വേട്ടയാടുന്നു.  പ്രവാസകവിയും കലാകാരനും അധികാരത്തിനുമുന്നില്‍ തിരസ്‌കൃതരാകുന്നുവെന്നു തീക്ഷ്ണമായി തിരച്ചറിയുമ്പോഴും എഴുതാനും സ്വയം ആവിഷ്‌ക്കരിക്കാനുമുള്ള വെമ്പല്‍ തീര്‍ക്കുന്ന ഉദ്വേഗം നോവലിന്റെ താളത്തെ മുറുക്കമുള്ളതാക്കി മാറ്റുന്നു.

 തൊഴില്‍ ജീവിതത്തിനിടയില്‍ മനസ്സിലാക്കിയ മരുഭൂമിയിലെ കോര്‍പ്പറേറ്റ് സാമ്പത്തികനയങ്ങളും അതിന്റെ തകര്‍ച്ചയും ആഖ്യാനത്തിന്റെ സാമൂഹികപ്രതലത്തെ നിര്‍ണയിക്കുന്ന സുപ്രധാന അടരാണ്. അമേരിക്കയിലും ബ്രിട്ടനിലും  ജപ്പാനിലുമെല്ലാം സാമ്പത്തികവീഴ്ച്ചയെത്തുടര്‍ന്ന് കോര്‍പ്പറേറ്റ് എക്‌സിക്ക്യൂട്ടീവുകള്‍ ആത്മഹത്യചെയ്യുന്ന വാര്‍ത്തകള്‍ സൈബര്‍ മാധ്യമങ്ങളില്‍ നിറയുന്നു. കടം താങ്ങാനാവാതെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ പോലും പിടയുന്നു. കരാര്‍ ഒപ്പുവെച്ച പ്രൊജക്ടുകള്‍ അജണ്ടകളില്‍ നിന്നും പിന്തള്ളപ്പെടുന്നു, പല സ്ഥാപനങ്ങളുടെയും നടത്തിപ്പുകാര്‍ മാനനഷ്ടം മൂലം ഓടിപ്പോയിരിക്കുന്നു.  അന്താരാഷ്ടമായ പല പദ്ധതികളും കാലിടറി വീഴുന്നു. പ്രവാസികള്‍ ഏറെപ്പേര്‍ക്ക് ജോലി നഷ്ടമായിരിക്കുന്നു. ആഖ്യാതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ കരാറില്‍ പണിതീര്‍ക്കാന്‍ പോകുന്ന പഞ്ചനക്ഷത്രഹോട്ടല്‍ 'ബല്‍ഹദീഖ' യുടെ ഭാവി തുടക്കത്തിലെ നിലം പരിശാവുന്നു. അന്താരാഷ്ട്ര ഹോട്ടല്‍ ഓപ്പറേറ്റര്‍ ശൃംഖലയായ പ്ലാറ്റിനം സ്റ്റാര്‍ ഇന്റര്‍നാഷണലാണ് ഹോട്ടലിന്റെ നടത്തിപ്പുകാര്‍. അമേരിക്കന്‍ സാമ്പത്തികവ്യവസ്ഥയുടെ തകര്‍ച്ചയ്ക്കുമുന്നില്‍ അവര്‍ക്കും മുന്നോട്ടുപോകാനാകില്ല. ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെടുന്നതിന്റെ പ്രധാന കാരണമാകുന്നത് ബല്‍ഹദീഖയുടെ പിന്‍മടക്കമാണ്. നോവലിസ്റ്റ് തന്നെ പറയുമ്പോലെ ലോക സമ്പദ്പ്രതിസന്ധി തോറ്റവരുടെ പട്ടിക വിപുലീകരിക്കുന്നു!

ദുബായിലെ ജോലി നഷ്ടപ്പെടുന്നതിനു സമാന്തരമായിത്തന്നെ സംഭവിക്കുന്ന ഒന്നാണ് കണ്ണിനെ ബാധിച്ച അന്ധതയും. വലതു കണ്ണിലെ കാഴ്ച്ച നഷ്ടപ്പെടുന്നു. അത് ഒരര്‍ത്ഥത്തില്‍ അനുഭവനഷ്ടം തന്നെയാണ്. തന്നില്‍ തുടര്‍ന്നു പോന്നിരുന്ന രണ്ടനുഭവസ്ഥലികളില്‍ (ജന്മനാടും പ്രവാസനാടും) ഒന്ന് ഇല്ലാതാകുന്നു എന്ന അര്‍ത്ഥത്തില്‍. പൂര്‍ണമായ നിസ്സഹായത, പരമതീവ്രമായ അസ്തിത്വവ്യഥ ഇവയ്ക്കടിപ്പെട്ടു പോകാന്‍ എളുപ്പമായ ഒരു അഭിസന്ധി തന്നെ. എങ്കിലും അവശേഷിക്കുന്ന വെളിച്ചത്തില്‍ തന്റെ സര്‍ഗാത്മകതയിലൂടെ പുനരുജ്ജീവനത്തിനാണ് ആഖ്യാതാവ് ശ്രമിക്കുന്നത്. വലതു കണ്ണിന്റെ കാഴ്ച്ചയുടെ നഷ്ടം പരിശോധിക്കുന്നതിനായി ആശുപത്രിയില്‍ അനുഭവിക്കുന്ന പരിഭ്രമം സൃഷ്ടിക്കുന്ന പരീക്ഷണങ്ങള്‍, ഇലക്ട്രിക്കല്‍ കേബിളുകളും എമര്‍ജൈന്‍സി ബെല്ലുമായി തുരങ്കസമാനമായ സ്‌കാനിംഗ് ട്യൂബ്  ഒക്കെ  പ്രവാസിയുടെ രോഗം, ശരീരം എന്നിവ അയാളില്‍  സൃഷ്ടിക്കുന്ന അന്യഥാത്വം, ഭീതി, നിസ്സഹായത എല്ലാം വെളിപ്പെടുത്തുന്നു. പ്രവാസജീവിതത്തിലെ ഏകാന്തമായ വഴിയില്‍ പലപ്പോഴും ആശുപത്രി മാത്രമാണ് കൂട്ട് എന്ന് ഓരോ പ്രവാസിയും തിരിച്ചറിയുന്നു.  ഒട്ടുമിക്കവാറും പ്രവാസികള്‍ രോഗികളാണ്. ജീവിതത്തോടുള്ള അലംഭാവമോ അരാജകജീവിതത്തോടുള്ള ആഭിമുഖ്യമോ അല്ല കാരണം. മറിച്ച്, നീണ്ട അലച്ചിലുകള്‍, യാത്രകള്‍, അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ എന്നിവയാണ് അതിനു കാരണമാകുന്നതെന്ന് നോവല്‍ തിരിച്ചറിയുന്നു. ജന്മനാട്ടില്‍ ചികില്‍സയ്ക്കായി എത്തിയ അര്‍ബുദരോഗിയായ പ്രഭാകരന് തിരിച്ചു കുടിയേറ്റ ഭൂമിയിലെത്തേണ്ടിവന്നു, ഒരു മരണക്കിടക്ക ലഭിക്കാന്‍.  ജന്മനാടിന്റെ പുറംതള്ളല്‍ എന്ന പ്രവാസിയാഥാര്‍ത്ഥ്യത്തെ തീക്ഷ്ണതയോടെ ഉള്‍ക്കൊള്ളുന്ന സന്ദര്‍ഭമായതു മാറുകയാണ്. പ്രവാസനഗരി കൊന്നു തള്ളി അളിഞ്ഞ ശവമായി കടപ്പുറത്തു വന്നടിഞ്ഞ സുബ്രഹ്‌മണ്യന്‍ സമാനമായ മറ്റൊരു സ്മരണയാണ്.

മുംബൈനഗരത്തിലെ ആദ്യനാളുകള്‍ പ്രവാസത്തിന്റെ ആദ്യഖണ്ഡമായി നോവലില്‍ നിറയുന്നുണ്ട്. മോത്തിലാല്‍ നഗറിലെ മറാത്തികുടുംബത്തിനൊപ്പം പേയിംഗ് ഗസ്റ്റായി താമസിച്ചു ജോലി തേടി നടന്ന നാളുകള്‍. കാമാത്തിപുരവും ധാരാവിയുമടങ്ങുന്ന അധോലോക ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ നേരിട്ടനുഭവിച്ച നാളുകള്‍ അതിന്റെ ഭാഗമാണ്. വ്യാജ പാസ്‌പോര്‍ട്ടും മയക്കുമരുന്നും കള്ളപ്പണവും പെണ്‍വാണിഭവും ആണ്‍ശരീരവും അവയവങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഒരു വിപണനശാലപോലെ ധാരാവി അവതരിപ്പിക്കപ്പെടുന്നു. ഇന്ത്യന്‍ ഭരണകൂടത്തിനു സമാന്തരമായി ഒരു അധേലോകറിപ്പബ്ലിക്കായി അവിടെ മാറിത്തീര്‍ന്നിരുന്നു. വ്യാജമായ മറ്റൊരു ഉല്പാദന സമ്പദ്‌വ്യവസ്ഥ. ഇലക്ട്രിക് ട്രെയിനുകളുടെ അതിവേഗത, വന്‍നഗരങ്ങളിലെ നാടോടികളുടെ ദരിദ്രവും ദയനീയവുമായ കുടിയേറ്റ ജീവിതം, നിരക്ഷരരായ മറാട്ടികര്‍ഷകര്‍ക്കു നേരെ നടക്കുന്ന ഭൂമിചൂഷണങ്ങള്‍, ജന്മി ചൂഷണങ്ങള്‍ക്കടിപ്പെട്ട മറാട്ടി ആദിവാസികളുടെ മോചനത്തിനായി പൊരുതുന്ന കൈലേഷ് വാത്മീകി, വിപ്ലവപ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാടകവേദികള്‍ എല്ലാം അവിടെ ഇതള്‍ വിരിയുന്നു.

കലോല്‍സവങ്ങളും കാമ്പസ് നാടകവേദികളും നാട്ടിലെ കലാസാംസ്‌കാരികപ്രവര്‍ത്തനങ്ങളും ഒക്കെച്ചേര്‍ന്ന വൈയക്തികസ്മരണകളെ കേരളത്തിന്റെ സാംസ്‌കാരികചരിത്രവുമായി കണ്ണിചേര്‍ത്താണ് ഈ നോവലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇടതു പ്രബുദ്ധതയുടെ സാംസ്‌കാരികവിമര്‍ശനയുക്തിയാണ് ഇവിടെയെല്ലാം ഒരു അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നത്.  ജീവചരിത്രനോവല്‍ എന്ന ഗണസ്വഭാവത്തെക്കൂടി ഉള്‍ക്കൊണ്ട് സാംസ്‌കാരികചരിത്രത്തെ വ്യക്തിസന്ദര്‍ഭങ്ങളെയും  സ്ഥലങ്ങളെയും അനുഭവങ്ങളെയും ചരിത്രവല്‍ക്കരിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. പ്രവാസകാലത്തെ ദുബായ് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍(ദല) പ്രവര്‍ത്തനങ്ങളെയും അതേ തുടര്‍ച്ചയില്‍ അവതരിപ്പിക്കുന്നു. ശവം തീനി നാടകാവതരണവുമായി ബന്ധപ്പട്ടുണ്ടായ പോലീസന്വേഷണത്തെയും കോടതിവിചാരണയെയും തുടര്‍ന്ന് എണ്ണപ്പാടത്തെ നാടകപ്രവര്‍ത്തനങ്ങളില്‍നിന്നും വിടവാങ്ങുകയാണ് ആഖ്യാതാവ് ചെയ്യുന്നത്. മുബൈ കാമ്പസ് അനുഭവങ്ങള്‍ അന്യായങ്ങളുടെയും അഴിമതിയുടെയും കൂടിയായിരുന്നു.


ജീവിതത്തിന്റെ ആന്തരികമായ മൗലികപ്രമാണങ്ങളെയും അടിസ്ഥാനങ്ങളെയും തിരഞ്ഞുപോകുന്ന ഫിലോസഫിക്കലായ ചില അംശങ്ങള്‍ നോവലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍കാസ്മിയിലെ ഹതാശമായ മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കു ശേഷം പാതിരാ കഴിഞ്ഞ് ദുബായിയിലെ മള്‍ട്ടിസെപ്ഷല്‍ ഹോസ്പിറ്റലിലേക്കുളള യാത്രയില്‍ ഇരുട്ടിനെക്കുറിച്ച് അതില്‍ ജീവിച്ച് വെളിച്ചത്തെക്കുറിച്ച് അറിയാതിരിക്കുകയും ചെയ്യുന്ന ബഹുജനതയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു, അയാള്‍. കാഴ്ച്ചയും സ്വപ്നവുമായുള്ള ബന്ധത്തെക്കുറിച്ച് നോവലിസ്റ്റ് ചിന്തിക്കുന്നു. കാഴ്ച്ചയില്ലാതെ എങ്ങനെ സ്വപ്‌നം കാണും?  അവിടെ നിന്നും ആദിമമനുഷ്യരുടെ ഗുഹാജീവിതവും അവര്‍ പാറക്കല്ലുകളില്‍ നിര്‍മിച്ചെടുത്ത ശില്‍പവേലകളിലേക്കും  അതിമഹാസമുദ്രങ്ങളിലേക്കും മനസ്സുകൊണ്ട് പ്രയാണം നടത്തുന്നു. എന്താണ് മനുഷ്യജീവിതത്തില്‍ ഏറ്റവും  ശാശ്വതമായതെന്ന ചിന്ത ദുരന്തത്തിന്റെ വക്കില്‍ അള്ളിപ്പിടിച്ചു കിടക്കുമ്പോള്‍  വീണ്ടും വീണ്ടും പൊങ്ങിവരുന്നുണ്ട്. അതു വരെ കണ്ടതും കേട്ടതും മറ്റൊരു വെളിച്ചത്തില്‍ നോക്കിക്കാണാന്‍ അതു നോവലിസ്റ്റിനെ പ്രേരിപ്പിക്കുന്നുണ്ട്. മരുഭൂമിയുടെ പ്രകൃതി  പരന്ന മണല്‍പ്പരപ്പും കൂര്‍ത്ത കല്ലുകളും  നനുത്ത കടലിടുക്കുകളും ഉണങ്ങിയ തൊലിയുരിഞ്ഞ കൊമ്പുകള്‍ വിടര്‍ത്തി നില്‍ക്കുന്ന ഗാഫ് വൃക്ഷങ്ങളും മഴത്തുള്ളികളെ സ്വപനം കാണുന്ന മറ്റനേകം മരങ്ങളും പക്ഷികളും ഒട്ടകങ്ങളും ഒക്കെ ചേര്‍ന്നതാണ്. മണല്‍ക്കാറ്റും ഒട്ടകപ്പന്തയങ്ങളും  ആഞ്ഞടിക്കുന്ന പലതരം ഷാമില്‍, ഗോനു തുടങ്ങിയ കൊടുങ്കാറ്റുകളും  മറ്റും മരുപ്രകൃതിയുടെ വൈചിത്ര്യമാര്‍ന്ന പലതരം ഛായകളാണ്. അവയുടെ പ്രകൃതി തന്നെയാണ് അവയുടെ നിസ്സഹായതകളും. കാഴ്ച്ച നഷ്ടപ്പെടുക എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ, ബഹുലവിചിത്രമാര്‍ഗങ്ങളിലൂടെ മനസ്സുകൊണ്ട് പുനസ്സന്ദര്‍ശനം നടത്തേണ്ടത് അനിവാര്യമായിരുന്നു. കാഴ്ചാനഷ്ടത്തിനു കാരണം ഒപ്ടിക് ന്യൂറൈറ്റിസ് ആണെന്നു സ്ഥിരീകരിക്കപ്പെടുന്നതോടെ ചികില്‍സയക്കായി നാട്ടിലേക്കു തിരിയ്ക്കാനുള്ള തീരുമാനമെടുക്കുന്നു. സ്റ്റിറോയിഡ് ഇഞ്ചക്ഷനുകളും മരുന്നുകളുമായി മുന്നോട്ടു പോകുമ്പോഴും ബെല്‍ഹദീഖ എന്ന സ്വപ്‌നമാളികയുടെ നിര്‍മാണപദ്ധതികളുടെ സാക്ഷാല്‍ക്കാരം മനസ്സിനെ കടലിനക്കരെയിലേക്കു പായിച്ചു.

കറുത്ത അഥീന
എന്താണ് എസ്‌കേപ് ടവറിനെ സവിശേഷമാക്കുന്നതെന്ന് ഒറ്റവാക്കില്‍ പറഞ്ഞൊതുക്കാനെളുപ്പമല്ല. അനുഭവത്തെയും ബോധത്തെയും സമാന്തരമായി ചേര്‍ത്തുവെയ്ക്കുന്ന ഒരു രീതി എപ്പോഴും നോവലില്‍ തീവ്രമായി നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന് വ്യാഴാഴ്ച്ചകളിലെ ദുരന്തങ്ങള്‍ എന്ന അധ്യായം ഒരു  തരത്തില്‍ സമയകാലങ്ങളെക്കുറിച്ചുള്ള നമ്മുടെ ബോധത്തെ പുതുക്കിയെഴുതുന്നു. വ്യാഴാഴ്ച്ച വീക്കെന്‍ഡായി അനുഭവപ്പെടുന്ന ഗള്‍ഫ് പ്രവാസികളുടെ അനുഭവമണ്ഡലമാണത്. രോഗം, പ്രവാസം, ഗൃഹാതുരത, തൊഴില്‍സുരക്ഷ, യുദ്ധഭീഷണികള്‍ എന്നിവയക്കെല്ലാമപ്പുറം ജീവിതത്തെ  സംബന്ധിച്ച പ്രാപഞ്ചികവും താത്വികവുമായ ഉല്‍ക്കണ്ഠകളില്‍ നിന്നുണ്ടാകുന്ന മൗലികമായ നിലപാടാണ്, വേറൊരു ഭാഷയില്‍ പറഞ്ഞാല്‍ ദര്‍ശനം തന്നെയാണ് നോവലിനെ ഗൗരവമുള്ളതാക്കുന്നത്.

കൊളോണിയല്‍ ജ്ഞാനബോധത്തോടുള്ള, അധികാരതന്ത്രങ്ങളോടുള്ള  വിമര്‍ശനം ഈ നോവലിന്റെ ബോധഘടനയിലെ ഒരു നിര്‍ണായകഘടകമാണ്. വന്നയിടത്തെയും അധിവസിക്കുന്ന ഇടത്തെയും അധിനിവേശാനുഭവങ്ങളെ ജ്ഞാനപരമായും വൈകാരികമായും തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളാണ് ഒമര്‍ അബദേല്‍ സലാമയുമായുള്ള കൂടിക്കാഴ്ചകളോരോന്നും. തത്വചിന്തയെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും ഗണിതത്തെക്കുറിച്ചും വാനനിരീക്ഷണത്തെക്കുറിച്ചുമെല്ലാം എഴുതപ്പെട്ട യൂറോകേന്ദ്രിത നവോത്ഥാന ചരിത്രകഥകള്‍ ഈജിപ്ഷ്യന്‍ ഗ്രീക് ദേവത അഥീനയുടെ പൗരാണികസഞ്ചാരപഥങ്ങളെ മുഴുവനായും തമസ്‌കരിക്കുന്നതാണെന്ന ചിന്തയാണ് സലാമ മുന്നോട്ടു വെയ്ക്കുന്നത്. കറുത്ത അഥീനയുടെ മക്കളില്‍ നിന്നാണ്, അവരുടെ സഞ്ചാരപഥങ്ങളില്‍ നിന്നാണ് ലോകത്തിനു മുഴുവന്‍ വെളിച്ചം ലഭിച്ചതെന്ന വാദത്തെ ആവേശപൂര്‍വം സമര്‍ത്ഥിക്കുന്ന സലാമ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ അധിനിവേശാഹന്ത അറബ്  ആഫ്രിക്കന്‍ ശാസ്ത്രീയനേട്ടങ്ങളെ അസ്പൃശ്യതയിലും ഇരുട്ടിലുമാഴ്ത്തിക്കളഞ്ഞു എന്ന സലാമയുടെ നിലപാട് നോവലിന്റെ രാഷ്ട്രീയത്തെ മൂര്‍ച്ചയുള്ളതാക്കുന്നുണ്ട്. തദ്ദേശീയമായ പ്രതിരോധങ്ങളിലൂടെ പോരാടാനും പിടിച്ചുനില്‍ക്കാനുമുള്ള ഗാന്ധിയന്‍ പദ്ധതികളെയുള്‍പ്പടെ നോവലില്‍ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നുണ്ട്. വിദേശമൂലധനം ആവശ്യമില്ലാത്ത ബല്‍ഹദീഖ എന്ന ഹോട്ടലിന്റെ നിര്‍മാണമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്ന മറ്റൊരു കാര്യം. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ തന്നെ പിന്തുണയ്ക്കാന്‍ സലാമയും നടാഷയും  മാത്രമേയുള്ളുവെങ്കിലും മുന്നോട്ടുപോകാനുള്ള ആവേശമുണ്ട്. എന്നാല്‍ ഒടുവില്‍ എല്ലാ   പദ്ധതികളെയും അട്ടിമറിച്ചുകൊണ്ട് സ്‌കീമാറ്റിക് പ്ലാനും കരാറുമെല്ലാം കമ്പ്യൂട്ടറില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്. പുതിയ ഒന്നു സൃഷ്ടിച്ചെടുക്കാനുള്ള ത്വരയും ആവേശവും ഡയസ്‌പോറാ റൈറ്റിംഗിന്റെ ഭാഗം തന്നെയാണ്. ഈ നോവലില്‍ അതു സംബന്ധിച്ച സംഘര്‍ഷങ്ങളെ തന്നെയാണ് നോവലിസ്റ്റ് എഴുതുന്നത്. പുതിയ ഹോട്ടലിന്റെ സ്‌കീമാറ്റിംഗ് ഡിസൈന്‍ തയ്യാറാക്കിയ നായകന്‍ അതു നടപ്പില്‍ വരുത്താനാകാതെ പുറത്താക്കപ്പെടുന്ന സന്ദര്‍ഭം അതാണ്.  

നോവലിന്റെ തലക്കെട്ടിലെ  സൂചന പോലെ  ആത്മാനുഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള ഒരു രചന കൂടിയാണ് ഈ നോവല്‍. ജീവചരിത്രത്തിനും ആത്മകഥയ്ക്കുമിടയിലുളള ഒരു ജനുസ്സില്‍ പെടുന്ന വിധം  ആഖ്യാതാവിന്റെ അനുഭവങ്ങളുടെ തുടര്‍ച്ചയിലും ഉള്ളടക്കത്തിലുമാണ് നോവലിന്റെ ഘടന ചിട്ടപ്പെടുന്നത്.  കഥയും ആത്മകഥയും കെട്ടുപിണയുന്ന ഘടനയിലുള്ള കഥപറച്ചില്‍ അതിന്റെ സവിശേഷതയാണ്. അതിലേക്ക്  അധിനിവേശവിരുദ്ധവിചാരങ്ങളെ സംഘടിപ്പിച്ചെടുക്കുന്ന വിധം ബഹുസാംസ്‌കാരികതയുടെ ലോകങ്ങളെക്കൂടി സന്നിവേശിപ്പിച്ചെടുക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു എന്നതാണ് പ്രധാനം. പുതിയതരം ഡയസ്‌പോറാ സ്വത്വത്തിന്റെ സങ്കീര്‍ണതകളെ കൂടി ചലിപ്പിച്ചെടുക്കാന്‍ പാകത്തിലുള്ള രാഷ്ട്രീയസംവാദങ്ങള്‍ നോവലിനെ സാധാരണ പ്രവാസനോവലുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.  

(കോട്ടയം കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പി. മണികണ്ഠന്റ നോവല്‍ എസ്‌കേപ് ടവറിന്റെ പഠനം)

No comments: