Monday, July 21, 2025

ഇന്ദുലേഖ എന്ന ഈഴവപ്പെണ്ണ് അഥവാ കഥയും കാമനയും

      1956 ലാണ് ചെമ്മീന്‍ എന്ന തകഴിയുടെ പ്രശസ്തമായ നോവല്‍ പുറത്തുവരുന്നത്.  അരയന്മാരുടെ സാമുദായകതന്മയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ആ നോവല്‍ വളരെയധികം വായിക്കപ്പെട്ടു.  ഈ നോവലിനോടു പാഠാന്തരബന്ധം പുലര്‍ത്തുന്ന, ഒ.വി.വിജയന്‍ എഴുതിയ അതേ പേരിലുള്ള ഒരു കഥയുണ്ട്. അതിന്റെ പേരും ചെമ്മീന്‍ എന്നാണ്. 1967 മാര്‍ച്ച് 5 ലെ മാതൃഭൂമിയിലാണതു പ്രസിദ്ധീകരിക്കുന്നത്. വലുപ്പത്തില്‍ വളരെ ചെറിയ ഈ കഥ എഴുതപ്പെടുന്നത്, ആക്ഷേപഹാസ്യത്തിന്റെ ശൈലിയിലാണ്.  കറുത്തമ്മ, പരീക്കുട്ടി, പളനി എന്നിവര്‍ക്കു പകരം യഥാക്രമം തമിഴ് ബ്രാഹ്‌മണയായ കൃഷ്ണാംബാളും കരുനാഗപ്പള്ളിക്കാരന്‍ മുടന്തനായ തിമൂറും സുബ്രഹ്‌മണ്യയ്യരും ആണ് ഈ കഥയില്‍. വാസ്തവത്തില്‍ നമ്മുടെ ഹിന്ദുത്വ അടിത്തറയുള്ള ദേശീയതയുടെയും ദേശരാഷ്ട്രഘടനയുടെ സൂക്ഷ്മാംശത്തിലുള്ള മാതൃകാരൂപമായ കുടുംബത്തിന്റെയും വിമര്‍ശനമായിത്തന്നെ അതിനെ വായിച്ചെടുക്കാം. ചെമ്മീന്‍ എഴുതപ്പെട്ട ശേഷം അരയന്മാരുടെ ജീവിതത്തെയും അവരുടെ മൂല്യബോധങ്ങളെയും മുന്‍നിര്‍ത്തി, നോവലിനെതിരെ വിമര്‍ശനങ്ങളും ഏറെ ഉണ്ടായി. അതില്‍ മുഖ്യമായത് ഡോ.വേലുക്കുട്ടി അരയന്‍ നടത്തിയ ഇടപെടലുകളായിരുന്നു. ചെമ്മീനെക്കുറിച്ചു ഡോ.എം.ടി. അന്‍സാരിയും കെ.ഇ.എന്നും വ്യത്യസ്തമായ രീതിയിലുള്ള വിമര്‍ശപാഠങ്ങള്‍ ഉല്‍പാദിപ്പിച്ചിട്ടുണ്ട്. സാമുദായികതയെ അധാശതയ്‌ക്കെതിരായി നിര്‍ത്തി, അതിനെ കൃത്യമായി ഉന്നയിച്ചുകൊണ്ടാണ് ഇവരെല്ലാം സാഹിത്യപാഠത്തെ വിശകലനം ചെയ്തിട്ടുള്ളത്. 




1933 ല്‍ സി.വി. കുഞ്ഞുരാമനെഴുതിയ 'ഇന്ദുലേഖ' എന്ന ചെറുകഥ ഇതിനും എത്രയോ കാലം മുമ്പേ തന്നെ സാമുദായികതയുടെ മേല്‍/കീഴുകളെ ഇതേ മട്ടില്‍ത്തന്നെ പ്രശ്‌നവല്‍ക്കരിച്ചു എന്നുള്ള തിരിച്ചറിവ് കൗതുകകരമാണ്. ഈ കഥയുടെ പേരു തന്നെ മലയാളത്തിലെ പ്രഖ്യാതമായ ഒരു നോവലിന്റെ പേരാണ്. ലക്ഷണമൊത്ത ആദ്യത്തെ മലയാളനോവലിന്റെ പേരു തന്നെ. സാമ്യം പേരില്‍ മാത്രമല്ല. രണ്ടിലേയും നായികാനായകന്മാരുടെ പേരും സമാനംതന്നെ, ഇന്ദുലേഖയും മാധവന്‍ നായരും. പ്രധാന വ്യത്യാസം ഇന്ദുലേഖ നായരല്ലെന്നതാണ്. നോവലിന്റെ വിമര്‍ശപാഠമായാണ് സി വി തന്റെ കഥ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദുലേഖ എന്ന സി.വിയുടെ കഥയെ സാമുദായികമായി വായിച്ചെടുക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. അത് മഹാനായ ആ പോരാളിയുടെ സ്മരണയെ പുതുകാലത്തേക്കു ഒന്നു ഉണര്‍ത്തിയെടുക്കാനും ഇന്നു നാം സൗകര്യപൂര്‍വം  മറന്നു കളയുന്ന വ്യത്യസ്തതകളിലൂന്നിയ സാമൂഹികപാഠങ്ങളിലേക്കു ശ്രദ്ധചെലുത്താനും ഉപകരിച്ചേക്കാം.  


കസവും ഖദറും

        


ലക്ഷണമൊത്ത സ്ത്രീയാണ് എന്ന മട്ടിലാണ് ഇന്ദുലേഖയുടെ ബാഹ്യരൂപത്തിന്റെ വിവരണങ്ങള്‍ നോവലില്‍ ചന്തുമേനോന്‍ നടത്തുന്നത്. ഈ വിവരണങ്ങള്‍ ശ്രദ്ധിച്ചാല്‍ ബാഹ്യരൂപമെന്നത് ആന്തരികമായ ഗുണങ്ങളുടെ ഒരു പ്രകാശനമായി വായിക്കാന്‍ കഴിയും വിധം കൃത്യമായി ക്രമീകരിക്കപ്പെട്ട ഒരു മാതൃക ആണെന്നു മനസ്സിലാകും. ഇന്ദുലേഖ എന്ന കഥയിലാകട്ടെ നായികയുടെ  രൂപവര്‍ണനയെ ബോധപൂര്‍വം നോവലിലെ നായികയുടേതില്‍ നിന്നും വ്യതിരിക്തമാക്കി കൊണ്ട്, എന്നാല്‍ മറ്റു തരത്തിലുള്ള അടിസ്ഥാനസാമ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്,  വിമര്‍ശനാത്മകതയുടെ ഒരു സാധ്യത കഥാകൃത്ത് കണ്ടെത്തുന്നുണ്ട്. ഈ വിമര്‍ശനാത്മകതയ്ക്കു ചന്തുമേനോന്റെ നിയോക്ലാസിക് ഭാവുകത്വത്തോടു വിടപറയാത്ത, എന്നാല്‍ കാല്പനികസ്വഭാവത്തിലുള്ള രൂപവര്‍ണനയോടുള്ള കടുത്ത നീരസം പ്രകടമാണ്. 


ചന്തുമേനോന്റെ ഇന്ദുലേഖാവര്‍ണനയുടെ സവര്‍ണവും അതിശയോക്തിപരവുമായ അഭിരുചിയെ കൊത്തിപ്പറിച്ചുകൊണ്ടാണ് തന്റെ ഇന്ദുലേഖയെ സി വി  വിവരിക്കുന്നത്. ''ആദ്യകാലനോവലുകള്‍ പൊതുവേ ഭാഷാവ്യവഹാരങ്ങളിലൂടെ വസ്തുക്കളെ അവതരിപ്പിക്കുന്നതില്‍ ഭിന്നപദ്ധതികള്‍ ഉപയോഗിക്കുന്നു''വെന്ന് ഉദയകുമാര്‍ ഇന്ദുലേഖയുടെ 13-ാം പതിപ്പിന്റെ ആമുഖത്തിലെഴുതുന്നുണ്ട്. ദൃശ്യപരമായി ചിത്രകലയോടാണ് അതിനു ബന്ധമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ചന്തുമേനോന്റെ ഇന്ദുലേഖ, ''കസവ് എവിടെ തുടങ്ങുന്നു, ശരീരം എവിടെ അവസാനിച്ചു'' എന്നു തൊട്ടു നോക്കിയയെങ്കിലല്ലാതെ അറിയാന്‍ പാടില്ലാത്തവണ്ണം നന്നേ വെളുത്തിട്ടായിരുന്നു. എന്നാല്‍ സി.വി.യുടെ ഇന്ദുലേഖയെ അദ്ദേഹം വര്‍ണിക്കുന്നത് അവരുടെ വര്‍ണത്തിലുള്ള വ്യത്യാസം എടുത്തു പറഞ്ഞുകൊണ്ടാണ്. ആ ഇന്ദുലേഖയല്ല, ആ നായികയുടെ നിറമല്ല എന്നിങ്ങനെ നിരന്തരമായുള്ള നിഷേധങ്ങളിലൂടെയാണ് വിവരണം നീങ്ങുന്നത്. ''ആ ഇന്ദുലേഖക്കു ഇരുപതുവയസ്സു പ്രായമാണ്.  നായര്‍സ്ത്രീ അല്ല; ഈഴത്തിയാണ്'' എന്നുറപ്പിച്ചു പറയുന്നതിലുള്ളത് സാമുദായികതയിലുള്ള സമര്‍ത്ഥനം തന്നെ! നിരന്തരം ആവര്‍ത്തിച്ചു വരുന്ന നിഷേധവാക്യങ്ങളുടെ സൂചനയും മറ്റൊന്നല്ല. ''ചന്തുമേനോന്റെ ഇന്ദുലേഖയുടെ വര്‍ണ്ണമല്ല എന്റെ ഇന്ദുലേഖയുടെ വര്‍ണ്ണം'' എന്നും ''ചന്തുമേനോന്റെ ഇന്ദുലേഖ സവര്‍ണസുന്ദരിയും എന്റെ ഇന്ദുലേഖ അവര്‍ണസുന്ദരിയുമാണെന്നു ഞാന്‍ പറയാതെ തന്നെ വായനക്കാര്‍ അറിഞ്ഞിരിക്കുമല്ലോ. എങ്കിലും എന്റെ ഇന്ദുലേഖ അവര്‍ണയായിരുന്നില്ല.''


നായര്‍ നായികയായ ഇന്ദുലേഖയോടുള്ള വ്യത്യാസങ്ങളിലാണ് സിവിയുടെ ഊന്നല്‍. അതു അവയവവര്‍ണനയിലും ഇഞ്ചോടിഞ്ചു വര്‍ണിച്ചു ഫലിപ്പിക്കുന്നത് വീറോടെയാണ്. ''കഴുത്തും കഴുത്തില്‍ നിന്നു കീഴ്‌പ്പോട്ടു നാലംഗുലം വരെയുള്ള പ്രദേശങ്ങളും അരയന്നത്തിന്റെ കഴുത്തു പോലെ ആര്‍ക്കും കാണാവുന്ന മാതിരിയില്‍ വെറും ശംഖുംമുഖം മൈതാനമായി കിടക്കുകയാണ്. ആ മൈതാനത്തിനു താഴെ വല്ല കുന്നോ തടമോ ഉണ്ടോ എന്ന് എനിക്ക് ഇതേ വരെ കാണാന്‍ സാധിച്ചിട്ടില്ല. ആപ്രദേശം ബോഡീസ്സ്, ബ്ലൗസ്സ്, സാരി മുതലായവ കൊണ്ടും ചിലപ്പോള്‍  ബോഡീസ്സും ജംപറും ദാവണിയും കൊണ്ടും മറച്ചിട്ടേ കാണാറുള്ളൂ. ചന്തുമേനോന്റെ ഇന്ദുലേഖയുടെ മാതിരി ''വൃത്തങ്ങളായി നിരന്തരങ്ങളായി പൊങ്ങിവരുന്ന തങ്കക്കുടങ്ങള്‍'' സകലയുവാക്കന്മാരെയും  കാണിച്ചു അവരുടെ മനസ്സില്‍ 'ഭ്രാന്തിയും വ്യഥയും' ഉണ്ടാക്കിത്തീര്‍ക്കുവാന്‍ എന്റെ ഇന്ദുലേഖയ്ക്കു സമ്മതമുണ്ടായിരുന്നില്ല.''  ഈ വിവരണത്തില്‍ ചുഴിഞ്ഞു നോക്കിയാല്‍ കാണുന്ന ദൂഷണപരമായ പരാമര്‍ശം പോയകാലത്തെ സാമുദായികമായ വിലപേശലിന്റെ ഭാഗമാണെന്നു കരുതാന്‍ കഴിയും.


സാമുദായികസ്ത്രീ എന്ന നിലയ്ക്കു തന്നെ തന്റെ ഇന്ദുലേഖയെ സി.വി.അവതരിപ്പിക്കുന്നത് ഉടുത്തു കെട്ടലിലെയും അലങ്കാരങ്ങളിലെയും വ്യത്യാസങ്ങളിലൂടെയും കൂടിയാണ്. ചന്തുമേനോന്റെ ഇന്ദുലേഖയെപ്പോലെ 'വിശേഷമായ ഇഴയും കസവുമുള്ള ഒന്നരയും മുണ്ടു'മല്ല എന്റെ ഇന്ദുലേഖ ധരിച്ചിരുന്നതെന്നു സി വി പറയുന്നുണ്ട്. 'ഖദര്‍; ശുദ്ധഖദര്‍; നല്ല നേര്‍മയുള്ള ഖദര്‍, ആയിരുന്നു എന്റെ ഇന്ദുലേഖയുടെ ഒന്നരയും മേല്‍മുണ്ടും, സാരിയും ബ്ലൗസും ബോഡീസ്സും സര്‍വ്വവും.' എന്നദ്ദേഹം പറയുന്നു. തുടര്‍ന്നു പൊട്ടിനെക്കുറിച്ചും ചന്ദനക്കുറിയെക്കുറിച്ചും പറഞ്ഞുകൊണ്ടു വേഷവര്‍ണന അവസാനിപ്പിക്കുയാണ്. ഈ ഖദര്‍ പരാമര്‍ശം ദേശീയതയുമായി, പ്രത്യേകിച്ചു ഗാന്ധിയന്‍ സ്വാതന്ത്ര്യ പ്രതിരോധ വിഭാവനകളുമായി ബന്ധപ്പെടുത്തി വായിക്കാനുള്ള പ്രേരണ നമുക്കുണ്ടാവുന്നത് സ്വാഭാവികം തന്നെയാണ്. എന്നാല്‍ ഈഴവസാമുദായികതയെയും അതിന്റെ സാമൂഹികചരിത്രത്തെയും വളരെയടുത്തുനിന്നു നോക്കുന്നവരെ സംബന്ധിച്ചിടത്തോളം ദേശീയതയോടു ഈഴവര്‍ ഒന്നടങ്കം ഒരേ സമീപനമല്ല സ്വീകരിച്ചതെന്നു മനസ്സിലാക്കാന്‍ കഴിയും. അതിനാല്‍ ഇവിടത്തെ ഖദര്‍ ദേശഭക്തിയോടു ബന്ധപ്പെടുത്തുന്നതില്‍ വലിയ അര്‍ത്ഥമില്ല തന്നെ! മാത്രമല്ല, അക്കാലത്തെ ഈഴവര്‍ പ്രാദേശികമായി പലയിടങ്ങളിലും സ്വീകരിച്ചിരുന്ന തൊഴിലുകളിലൊന്ന് നെയ്ത്തായിരുന്നുവെന്നും ഓര്‍ക്കാവുന്നതാണ്. ഇത്തരുണത്തില്‍ ചന്തുമേനോന്റെ ഇന്ദുലേഖയുടെ കസവും സിവിയുടെ ഇന്ദുലേഖയുടെ ഖദറും പരസ്പരവിരുദ്ധങ്ങളായ എതിര്‍ദ്വന്ദ്വമല്ല എന്നതാണ് നമുക്കു കാണാനാവുക. എന്നാല്‍ ഇരുശരീരങ്ങളും അതതു ഗ്രന്ഥകാരന്മാരുടെ രാഷ്ട്രീയവീക്ഷണങ്ങളുടെ വിളനിലമായ പാഠ(ട)മായി കൂടി നിലകൊള്ളുന്നു. ശരീരത്തിന്റെ പാഠപരതയില്‍ നിന്നുള്ള ചിഹ്നസൂചനകളെ അഴിച്ചെടുക്കുക എന്നതാണല്ലോ ഈ വായനയുടെ ലക്ഷ്യവും.


രാഷ്ട്രീയസ്ത്രീ

യഥാര്‍ത്ഥത്തില്‍ പാഠം വെറും പാഠമല്ല, സാഹിത്യത്തില്‍. സാഹിതീയഘടകങ്ങളുടെ സവിശേഷവിന്യാസങ്ങളുടെ സംഘാതമായി പാഠത്തെ മനസിലാക്കുന്നത് അതിനെ ചുരുക്കിക്കാണലായിരിക്കും. ചരിത്രം, രാഷ്ട്രീയം, അധികാരം തുടങ്ങിയ മണ്ഡലങ്ങളുടെ മേല്‍/ കീഴുകളെ അതു പല രൂപേണ സ്വരൂപിക്കുന്നുണ്ട്. അത് ഈ രചനയിലെമ്പാടും പരന്നു കിടപ്പുണ്ട്. 'ആദ്യത്തെ ലക്ഷണമൊത്ത നോവലി'ലെ 'ലക്ഷണമൊത്ത നായിക'യുടെ പേരാണ് കഥയുടെ തലക്കെട്ട്. ഇവിടെ നാം രണ്ടുകാര്യങ്ങള്‍ തുടക്കത്തിലേ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കഥയെഴുതിയ സി.വി. കുഞ്ഞുരാമന്‍ ഒരു സാഹിത്യകാരന്‍ എന്ന നിലയിലുപരിയായി ഈഴവ സമുദായത്തിലെ സാമൂഹികപരിഷ്‌കര്‍ത്താവും തന്റേടിയായ 

ജനനേതാവുമാണെന്നു കൂടി ഓര്‍ക്കാം. ചന്തുമേനോന്റെ ഇന്ദുലേഖ മുഴുവനും അരിച്ചു പെറുക്കിയാലും നാം ഒരു കീഴാള, പിന്നാക്ക വിഭാഗത്തിലെ  കഥാപാത്രത്തെയും കണ്ടുമുട്ടുകയില്ല. എപ്പഴോ കടന്നു വരുന്ന ഒരു മുസ്ലിം കഥാപാത്രമായ ഷേര്‍ ആലംഖാനാകട്ടെ, 'സ്വാഭാവിക'മായും ശുദ്ധകള്ളനുമാണല്ലോ! ഇങ്ങനെ സവര്‍ണമയമായ ഇന്ദുലേഖയെ സാമുദായികമായി മാറ്റിയെഴുതാനാണ് സി വിയുടെ ശ്രമം. അതില്‍ അദ്ദേഹത്തിന്റെ സാമുദായികവിഭാവനവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. 


ആയതിനാല്‍ തന്നെ ഈ കഥയിലെ ആഖ്യാതാവിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കകത്താണ് നായിക കുടികൊള്ളുന്നത്. അതായത്, ഈ കഥയിലെ ആഖ്യാതാവും കഥാനായികയും തമ്മിലുള്ള ബന്ധം ആവിഷ്‌കരിക്കുന്നതിനു സ്വീകരിക്കുന്ന ആഖ്യാനതന്ത്രം കൂടി നാം മനസ്സിലാക്കേണ്ടതായുണ്ട്. സാമുദായികതയുടെ അടിസ്ഥാനത്തിലുള്ള സാമ്യം, ഐക്യപ്പെടല്‍ ഇവിടെ പലപ്പോഴും കടന്നുവരുന്നുണ്ട്. കഥ പറയുന്നയാള്‍ പുരുഷനായിരിക്കേ, സ്ത്രീയുടെ സാമൂഹിക സാംസ്‌കാരികജീവിതവും അതിന്റെ പരിണതികളുമാണ് പരിഗണനാവിഷയമായി വരുന്നത്. പരിഷ്‌കര്‍ത്താവായ പുരുഷനും പരിഷ്‌കരണേച്ഛുവായ നായികയും എന്ന ഘടനയില്‍ അവര്‍ പാകപ്പെട്ടാണിരിക്കുന്നത്. കേരളചരിത്രത്തിന്റെ ഒരു സവിശേഷ പരിച്ഛേദമാണ് ഈ ഘടന. നമ്പൂതിരിസ്ത്രീകളുടെ ഘോഷാബഹിഷ്‌കരണത്തിലും വിധവാവിവാഹത്തിലും അയ്യങ്കാളിയുടെ  വിദ്യാഭ്യാസസമരത്തിലുമെല്ലാം ഇതേ ദ്വന്ദ്വഘടനയുടെ ലിംഗപരിപ്രേക്ഷ്യം കാണാം. ഇവിടെയെല്ലാം അദൃശ്യപ്പെട്ടു നില്‍ക്കുന്ന സ്ത്രീ, അതാ സി.വി.യുടെ കഥയില്‍ ഉടലോടെ വിസ്തരിച്ചു നിവര്‍ന്നു നില്‍ക്കുന്നുണ്ട്. ഇവിടെ കേവലം പരിഷ്‌കരണോപകരണം മാത്രമായല്ല സ്ത്രീയുടെ നില എന്നതും സൂക്ഷ്മവായനയില്‍ തെളിയും.


പൊതുമണ്ഡലത്തിലെ/പ്രസംഗപീഠത്തിലെ സ്ത്രീ

ഇന്ദുലേഖ ഈ കഥയില്‍ കാര്യമായി പ്രസംഗിക്കുന്നുണ്ട്. മാത്രമല്ല അവള്‍  ചന്തുമേനോന്റെ ഇന്ദുലേഖയെ പോലെ മിണ്ടാതിരുന്നു മനോരാജ്യം കാണുന്നതിനും നെടുവീര്‍പ്പിടുന്നതിനും പകരം നിറയെ അഭിപ്രായങ്ങള്‍ പറയുന്നുമുണ്ട്. പ്രസംഗം അവള്‍ക്കു വളരെ പ്രധാനമാണ്. അവളുടെ പ്രസംഗത്തിന്റെ സ്വാധീനശേഷിയെക്കുറിച്ചു സി.വി. പറയുന്നതിങ്ങനെ: ''ജൂബിലി ഹാളില്‍ ഇന്ദുലേഖയുടെ പ്രസംഗമുണ്ടെന്നു കേട്ടാല്‍ തിക്കിക്കൂടുന്ന പുരുഷാരത്തിനു കണക്കൊന്നുമുണ്ടായിരുന്നില്ല. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചു  ഒരിക്കല്‍ ഇന്ദുലേഖയുടെ പ്രസംഗം കേള്‍ക്കുവാന്‍ കൂടിയിരുന്ന  സദസ്സു പോലെ അതിഗംഭീരമായ ഒരു സദസ്സ് ശ്രീനിവാസശാസ്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ പോലും  കൂടിയിരുന്നില്ലെന്നു മലയാളരാജ്യത്തിലും മനോരമയിലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു''. പൊതുപ്രസംഗം എന്നത് മൂല്യസംബന്ധമായി ഉയര്‍ന്ന പദവിയില്‍ കരുതപ്പെട്ടിരുന്ന വിനിമയരൂപമായി നവോത്ഥാനകാലം മുതല്‍ക്കിങ്ങോട്ടു വളര്‍ന്നു വന്നിരുന്നു. സി.കേശവന്റെ പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം പോലെ പലതും അക്കൂട്ടത്തിലുണ്ട്.  ആളുകള്‍ തിങ്ങിക്കൂടുന്ന കവലകളിലും ചന്തയിലും ഹാളുകളിലുമെല്ലാം പ്രസംഗം നടത്തുന്ന പ്രമുഖര്‍ എല്ലാക്കാലത്തുമുണ്ട്. അതിലേറെയും രാഷ്ട്രീയ സാമൂഹികരംഗത്തെ വിശിഷ്ടവ്യക്തികളായിരിക്കും താനും. എന്നാലതില്‍ മിക്കവാറും സ്ത്രീകളെ കണ്ടുവെന്നു വരില്ല. ഉണ്ടെങ്കില്‍ത്തന്നെ ആധ്യാത്മികത പോലെയുള്ള വിഷയമായിരിക്കാം അവര്‍ സംസാരിച്ചിട്ടുണ്ടാവുക. സാമുദായികമായ കൂടിച്ചേരല്‍, കലാസ്വാദനത്തിനായുള്ള യോഗങ്ങള്‍, ഉല്‍സവങ്ങള്‍, ജാഥകള്‍ മുതലായവ കേരളത്തിന്റെ ജനാധിപത്യഭാവനയെ വളരെയേറെ ത്വരിപ്പിച്ചിട്ടുണ്ട്. അതാകട്ടെ സി വി കുഞ്ഞുരാമന്‍ പലപ്പോഴായി തന്റെ ആത്മാഖ്യാനങ്ങളില്‍  പറഞ്ഞുപോകുന്നുമുണ്ട്. ഇപ്രകാരം ബഹുജനാഭിമുഖമായി ഒരു വിദ്യാര്‍ത്ഥിനിയായ യുവതിയെ കൊണ്ടു പ്രസംഗിപ്പിക്കുന്ന കഥാകൃത്ത്, അവളുടെ സാമൂഹിക കര്‍തൃത്വത്തെക്കുറിച്ചു വളരെ ഉയര്‍ന്ന ഭാവന സൂക്ഷിക്കുന്നയാളാവണം. ഡിബേറ്റിലും നാടകത്തിലും പാട്ടിലുമെല്ലാം നമ്മുടെ നായിക എല്ലാവരേക്കാളും മികച്ചു നില്‍ക്കുന്നതായി സിവി പറയുന്നു. എല്ലാറ്റിലുമുള്ള പരിശീലനവും അവതരണശേഷിയും ഒന്നാംസ്ഥാനവും മറ്റും പുതിയ സാമൂഹികസ്ത്രീത്വത്തിന്റെ സാദ്ധ്യതകളായിത്തന്നെ മുന്നോട്ടു വെയ്ക്കുന്നതാണ്. 


എന്നാല്‍ ഗൃഹത്തിലും മട്ടുപ്പാവിലും കുളക്കരയിലും അകത്തളങ്ങളിലും മറ്റുമായി ഏതാണ്ട് ഒരു 'അന്തര്‍ജന'ത്തെ പോലെയാണല്ലോ ചന്തുമോനോന്റെ ഇന്ദുലേഖ അധിവസിച്ചത്. ഗൗരവമുള്ളതെന്നു പറയപ്പെടുന്ന വിഷയങ്ങളധികവും പതിനെട്ടാം അദ്ധ്യായത്തില്‍ പുരുഷമാത്രമായ വേദിയിലാണ് നടക്കുന്നത്. ഇന്ദുലേഖ പാടുന്നതും ശ്ലോകം ചൊല്ലുന്നതും തൊപ്പിതുന്നുന്നതുമെല്ലാം അണുകുടുംബദാമ്പത്യത്തിലേക്കു കടക്കുന്നതിനു മുന്നോടിയായ പ്രണയത്തിന്റെ ഭാഗമായി മാധവനു വേണ്ടി, അയാള്‍ക്കു മുമ്പാകെയാണ്. വിവാഹശേഷം മാധവനോടു കൂടി മദിരാശിയിലേക്കു പോകും വരെ മതില്‍ക്കെട്ടിനകത്തായിരുന്നു പെരുമാറ്റങ്ങളെല്ലാം. എന്നാല്‍ ഇവിടത്തെ ഇന്ദുലേഖയുടെ പ്രധാന ഇടം തന്നെ കോളേജും തെരുവോരങ്ങളും പ്രസംഗവേദികളുമൊക്കെയാണ്. പൊതുവിടത്തിലെ കര്‍തൃത്വമുള്ള സ്ത്രീ എന്ന സവിശേഷമായ ഒരു ഘടന സി.വി ഇവിടെ നിര്‍മ്മിച്ചെടുക്കുന്നു. ഇത് വലിയൊരു വ്യത്യാസമാണ്. 


പക്ഷേ ഇവിടെ സിവിയുടെ ഇന്ദുലേഖ ചെയ്യുന്ന പ്രസംഗത്തിന്റെ വിശദാംശങ്ങള്‍, അവയുടെ പിന്നിലെ നിലപാട് വ്യക്തിയായ ഇന്ദുലേഖയുടേതാണോ അതല്ലെങ്കില്‍ സമുദായതന്മയുടേതാണോ ലിംഗനന്മയുടേതാണോ എന്നൊക്കെയുള്ള ചോദ്യം സൂക്ഷ്മവും മൗലികവുമായി ഉയര്‍ന്നു വരേണ്ടതാണ്. ഈ ചോദ്യങ്ങള്‍ ഇന്ദുലേഖയുടെ പുറത്ത് അവളുടെ പ്രസംഗത്തിനു മേല്‍ ചാര്‍ത്തി വെച്ചിട്ടുണ്ടോ എന്നുള്ള കാര്യം കഥയില്‍ വ്യക്തതയില്ല. എന്നാല്‍ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും അനുരാഗത്തെക്കുറിച്ചുമുള്ള പ്രസംഗങ്ങളുടെ വിഷയസൂചന ഒരു സാമാന്യരീതിയില്‍ കടന്നു വരുന്നുമുണ്ട് എന്നതും ശ്രദ്ധിക്കണം.  പ്രസംഗം അക്കാലത്തെ(തുടര്‍ന്നു വരുന്ന ഭാവികാലത്തെയും) വളരെ പ്രധാനപ്പെട്ട, സാമൂഹികമായ വലിയ ഇടപെടല്‍ ശേഷിയുള്ള, വിനിമയങ്ങളുടെ പ്രകടനരൂപമാണ്. പേരുകേട്ട എത്രയോ പ്രസംഗങ്ങള്‍ സാമൂഹിക, ചരിത്രഗതിയെ മാറ്റിമറിച്ചിട്ടുണ്ട്! 


സ്വേച്ഛാചാരിയായ കാമനകള്‍

ഇന്ദുലേഖയുടെ കര്‍തൃത്വത്തിന്റെ മികവായി പ്രസംഗത്തെ ആരോപിക്കുന്ന കഥാകാരന്റെ യുക്തി നമുക്ക് മനസ്സിലാകും. പക്ഷേ കാലങ്ങള്‍ക്ക് ശേഷം അതേ യുക്തിയാല്‍ തന്നെ പ്രസംഗത്തിന്റെ ഉള്ളടക്കത്തിന്റെ രാഷ്ട്രീയം തിരയാന്‍ നമുക്ക് ബാധ്യതയുണ്ട്. കാരണം കഥയുടെ ഏറ്റവും ഒടുവില്‍ പറയുന്ന കാര്യം തന്നെ! അതായത് അവള്‍ ഒരു മാധവന്‍ നായരെയാണ് വിവാഹം കഴിച്ചത്, 'അക്കാര്യം ഇവിടെ പറയാതിരിക്കുകയാണ് ഭേദം' എന്ന്! വേറെ വിവാഹം കഴിച്ചതിലൂടെ ആ കഥാപാത്രം തന്റെ സ്വന്തം ഇച്ഛയാല്‍ ചലിക്കുന്ന, വൈകാരികസ്വാച്ഛന്ദ്യമുള്ള സ്ത്രീ കഥാപാത്രമാണ് എന്ന അര്‍ത്ഥത്തിലെടുക്കാം. കഥാകൃത്തിന്റെ നിയന്ത്രണത്തിനകത്ത്, പുരുഷന്റെ നിയന്ത്രണത്തിനകത്ത്, ആഖ്യാനബലത്തിന്റെ നിയന്ത്രണത്തിനകത്ത് ഒതുങ്ങി നില്‍ക്കുന്നവളല്ല, അവള്‍ എന്നത് വിമോചനാത്മകമായി വായിച്ചെടുക്കാം. പക്ഷേ കഥാകൃത്തിന്റെ തീര്‍പ്പ്, അക്കാര്യം പറയാനുള്ള വൈമനസ്യം വെളിവാക്കുന്നതിലെ കാരണം ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുന്നു. അത് കഥയ്ക്ക് വെളിയിലുള്ള രാഷ്ട്രീയസമസ്യകളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കും. ഇവിടെ സമുദായപരിഷ്‌കര്‍ത്താവായ സി വിയും കഥാകൃത്തായ സി.വി.യും തമ്മിലുള്ള സൂക്ഷ്മമായ ഒരു അഭിമുഖീകരണം കാണാം. വിവിധ സമുദായങ്ങള്‍ക്കകത്തെ പരിഷ്‌കരണം, ആചാരബഹിഷ്‌കരണം, പരിഷ്‌കരണം, അവയിലെ കൃത്യതവരുത്തല്‍ എല്ലാം നടന്നു വന്നിരുന്ന കാലമാണല്ലോ. സമുദായങ്ങള്‍ക്കിടയില്‍ നിന്നും മതംമാറ്റങ്ങളും മിശ്രവിവാഹങ്ങളും നടക്കുന്നുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സാമൂഹികഘടനയില്‍ മേല്‍ജാതിക്കാരനായ മാധവന്‍നായരെ, ഈഴവയായ തന്റെ നായിക ഇന്ദുലേഖ വിവാഹം കഴിച്ചതിന്റെ 'കാര്യം പറയാതിരിക്കുകയാണ് ഭേദം' എന്ന പരാമര്‍ശം സന്ദിഗ്ദ്ധമായ അര്‍ത്ഥമാണ് വിനിമയം ചെയ്യുന്നത്. സ്വജാതിവിവാഹത്തിലൂടെ 'സമുദായത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുക' (ഈഴവരില്‍ പ്രബലമായ ഒരു വിഭാഗം മതം മാറ്റത്തെ ചെറുത്തിരുന്നത് അതു സമുദായത്തിന്റെ ശക്തി കുറയ്ക്കുമെന്ന ന്യായത്താലാണ്. കുമാരനാശാനും മൂര്‍ക്കോത്തു കുമാരനും മറ്റും അത്തരം ഒരു ന്യായം പറയുന്നുണ്ട്.) എന്ന യുക്തിക്കുണ്ടാകാവുന്ന ഭംഗത്തെയാണോ, ഉയര്‍ന്ന അധികാരിസമുദായത്തെ പുല്‍കുന്നതിലെ സാംസ്‌കാരികമറവിയാണോ, അതല്ലെങ്കില്‍ കാമനകളുടെ ബലം രാഷ്ട്രീയമായ ഇച്ഛാശക്തിക്കും മുകളിലാവുന്നതിലെ അതിശയമോ ഇച്ഛാഭംഗമോ ആണോ ഈ പരാമര്‍ശത്തിനു പിന്നിലെന്നതിനു ഉത്തരം കിട്ടുക എളുപ്പമല്ല. പുരോഗമന/രാഷ്ട്രീയക്കാരിയായ സ്ത്രീക്കു പ്രണയമായാലെന്ത് എന്ന ആരായാല്‍ കെ. രേഖയുടെ 'ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി)' എന്ന കഥയിലും മുഴങ്ങുന്നുണ്ടല്ലോ! അവിടത്തെ പാര്‍ട്ടിക്കാരായ പുരുഷന്മാര്‍ക്കുണ്ടാവുന്ന വിമ്മിട്ടം പറയാതിരിക്കുകയാണ് എന്നതിലൊതുക്കിയതാവാം!  കഥനത്തിന്റെ സാഹിതീയയുക്തിയില്‍ ഈഴവസമുദായത്തിന്റെ പ്രതിരോധപശ്ചാത്തലം എതിര്‍ബലമായി നിലനില്‍ക്കുന്നതിനാല്‍ തന്നെ ഈ സന്ദിഗ്ദ്ധതകളെല്ലാം അര്‍ത്ഥവത്താണ് എന്നേ സ്വാഭാവികമായും അനുമാനിക്കാന്‍ കഴിയൂ. ഈ സന്ദിഗ്ദ്ധതയാകട്ടെ കഥയുടെ പില്‍ക്കാലജീവിതത്തിന്റെ സാദ്ധ്യതകളെ വര്‍ദ്ധിപ്പിക്കുന്നുമുണ്ട്! 


റഫറന്‍സ്:

1. ഇന്ദുലേഖ : വായനയുടെ ദിശകള്‍, ഇ.പി.രാജഗോപാലന്‍(എഡി.), കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2001

2. ഇന്ദുലേഖ, സി.വി.കുഞ്ഞുരാമന്റെ തിരഞ്ഞെടുത്ത കൃതികള്‍, പ്രതിഭാ പബ്ലിക്കേഷന്‍സ്, കൊല്ലം, 1971

3. ഇന്ദുലേഖ (13-ാംപതിപ്പ്), ചന്തുമേനോന്‍, ഡി.സി.ബുക്‌സ്, കോട്ടയം, 2007

4. ചെമ്മീനിലെ സംഘര്‍ഷങ്ങള്‍, കെ.ഇ.എന്‍, റാസ്‌ബെറി ബുക്‌സ്, കോഴിക്കോട്, 2013

5. ചെമ്മീന്‍, ഒ.വി.വിജയന്‍, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മാര്‍ച്ച് 5, 1965.

6. മലബാര്‍ ദേശീയതയുടെ ഇടപെടലുകള്‍, എം.ടി.അന്‍സാരി, ഡി.സി.ബുക്‌സ്, കോട്ടയം, 2021

7. http://www.cvkunhuraman.com/


(2025 ജൂലായ് 14 ലെ സമകാലികമലയാളം വാരികയിൽ പ്രസിദ്ധീകരിച്ചത്)