Sunday, December 18, 2011

ഉരുകുന്ന ലിംഗപദവിയും സൈബര്‍സ്‌പേസും


''അവളുടെ മുലകള്‍ക്കിടയില്‍ ലോഹം കൊണ്ടു നിര്‍മിച്ച ഒരു സിപ്പ് (Zip)ഉണ്ട്. അതു കീഴോട്ടു വലിച്ചപ്പോള്‍ അവയില്‍ നാഴികമണിയുടെ അകത്തു കാണാറുള്ള ചക്രങ്ങളും ചെറുയന്ത്രങ്ങളും ഞാന്‍ കണ്ടു. അവളുടെ ലോലാക്കിന്റെ ചുവന്ന കല്ല് ഒരു കത്തുന്ന ബള്‍ബ്ബായി. അവളില്‍ നിന്നു
ബീപ്, ബീപ് എന്ന ഒരു ശബ്ദം കേള്‍ക്കായി. അവള്‍ താരയല്ല, എന്റെ താരയല്ല, ഈ യന്ത്രപ്പാവ.'' ('എന്നെന്നും താര', മാധവിക്കുട്ടി)

താരയുടെ മുറച്ചെറു
ക്കനും പൂര്‍വ്വകാമുകനുമായിരുന്ന ഹരി തന്റെ സഹപ്രവര്‍ത്തകയോടു പറയുന്ന വാക്കുകളാണിവ. യന്ത്രപ്പാവകളെ നിര്‍മിക്കുന്ന കമ്പനിയുടെ ഉടമയായ ഒരു പണക്കാരനെ വിവാഹം കഴിച്ച് വിദേശത്തു വളരെക്കാലം ചെലവഴിച്ചശേഷം തിരിച്ചെത്തിയ താരയോട് വീണ്ടും അടുപ്പം സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു ഹരി.
യന്ത്രവും മനുഷ്യനും തമ്മിലുള്ള ദ്വന്ദ്വാത്മകമായ അപരത്വം, യന്ത്രഭീതി ഒക്കെ നിറഞ്ഞുനില്ക്കുന്ന ഒരു സന്ദര്‍ഭമാണിത്. ആധുനികതയുടെയും പുരോഗമനത്തിന്റെയും പേരില്‍ ശാസ്ത്രത്തെ വാരിപ്പുണര്‍ന്ന് ആദരിക്കുമ്പോഴും യന്ത്രത്തെ നാം നിഷേധാത്മകമായാണ് നോക്കിക്കാണാറ്. എല്ലാ ജ്ഞാനങ്ങളെയും മനുഷ്യനെ കേന്ദ്രീകരിച്ചുള്ള അറിവിന്റെ ശേഖരത്തിലേക്ക് ക്രോഡീകരിക്കുക എന്നതാണു നാം ചെയ്തുപോരുന്നത്. മാനവികത എല്ലാറ്റിനും മീതെ പ്രതിഷ്ഠിക്കപ്പെട്ടു.
“കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാല്‍
അംബ പേരാറേ മാറിപ്പോമോ

ആകുലമാമൊരഴുക്കുചാലായ്”എന്ന പേടിയില്‍ ഒരു പടി കൂടി കടന്ന് മനുഷ്യന്‍ യന്ത്രമായിപ്പോകുമോ എന്ന ഭയമാണുള്ളത്.

സാഹിത്യമുള്‍പ്പെടെയുളള മാനവിക മേഖലകളില്‍ മാത്രമല്ല, രാഷ്ട്രീയ ചര്‍ച്ചകളിലും ഇത്തരം
സമീപനങ്ങള്‍ കേരളത്തിന്റെ ചരിത്രത്തിലുണ്ട്. തൊഴില്‍മേഖലയിലെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തോടുള്ള മുഖ്യധാരാപുരോഗമനപ്രസ്ഥാനങ്ങളുടെ എതിര്‍പ്പ് ഒരുദാഹരണം. കമ്പ്യൂട്ടര്‍ തൊഴില്‍ സമയം കുറക്കുമെന്നും തൊഴിലില്ലായ്മ കൂട്ടുമെന്നുമുള്ള കാഴ്ചപ്പാടാണ് അവരെ അത്തരമൊരു നിലപാടിലേക്കു നയിച്ചത്. ഒരു സിവില്‍സമൂഹമെന്ന നിലയില്‍ ശാസ്ത്രസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ആധുനികകേരളത്തിനു ഉണ്ടായിരിക്കേണ്ട സമീപനങ്ങള്‍ ഇനിയും ഉരുത്തിരിഞ്ഞുവരേണ്ടതുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യയുടെ മേഖലകളിലൂന്നിയ ജനാധിപത്യപരികല്പനകള്‍ നാം ചര്‍ച്ച ചെയ്യാന്‍ തുടങ്ങുന്നതേയുള്ളു.
മനുഷ്യനും യന്ത്രനും തമ്മിലുളള അപരത്വം ഇന്നു ഒരു പഴങ്കഥയായിമാറിക്കൊണ്ടിരിക്കുകയാണ്. 'യന്തിരന്‍' ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. കെവിന്‍ വാര്‍വ്വിക് എന്ന ശാസ്ത്രജ്ഞന്‍ തന്റെ ശരീരത്തില്‍ ഒരു ചിപ്പ് കയറ്റി അതുമായി ജീവിച്ചതിനെക്കുറിച്ച് ടി.ടി ശ്രീകുമാര്‍ എഴുതിയിരിക്കുന്നു. (പുറം 34, നവസാമൂഹികത:ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം) അദ്ദേഹത്തിന്റെ ഐഡന്റിറ്റി മുതല്‍ ഇന്റര്‍നെറ്റ് ആക്‌സസ് വരെ അതുപയോഗിച്ചിട്ടായിരുന്നു. ഒരു അപരത്വവും തോന്നാത്ത വിധത്തില്‍ അദ്ദേഹം അതിനോടിഴുകിച്ചേര്‍ന്നു. സ്റ്റൈലാര്‍ക്ക് എന്ന പ്രസിദ്ധ നര്‍ത്തകന്‍ അദ്ദേഹത്തിന്റെ ശരീരപേശികളെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് നൃത്തം നിയന്ത്രിക്കുന്നത് കമ്പ്യൂട്ടര്‍ ആക്കിമാറ്റിയത്രെ. ഇതുപോലെ യന്ത്രത്തെ ആന്തരവല്‍ക്കരിക്കുകയും ശരീരത്തെ ബാഹ്യവല്‍ക്കരിക്കുകയും ചെയ്യുന്നതിലൂടെയാണ് യന്ത്രം, മനുഷ്യന്‍, എന്ന ദ്വന്ദ്വത്തെ തകര്‍ത്ത് മനുഷ്യയന്ത്രം രൂപം കൊള്ളുന്നത്. (നവസാമൂഹികത: ശാസ്ത്രം. ചരിത്രം. രാഷ്ട്രീയം.പുറം 34)
എന്നാല്‍ യന്ത്രമനുഷ്യന്‍ ഉള്‍പ്പെടെയുള്ള സാങ്കേതികരംഗത്തെ ഈ വന്‍കിട മുന്നേറ്റങ്ങള്‍ മൂന്നാംലോകരാജ്യങ്ങളിലെ പൗരസമൂഹത്തെ ഗുണകരമായി ബാധിച്ചോ എന്നത് വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ അവ അത്തരം സാമൂഹങ്ങളിലെ അസമത്വങ്ങളെയും അസംതൃപ്തികളെയും ഒരളവുവരെയെങ്കിലും പരിഹരിക്കാന്‍ പ്രാപ്തമായോ? ഉച്ചനീചത്വങ്ങളും വൈരുദ്ധ്യങ്ങളും പുതിയൊരു രീതിയിലും കൂടി ആവിഷ്‌ക്കരിക്കാന്‍ മാത്രമേ അവ സഹായിച്ചുള്ളോ? ഇത്തരം ചോദ്യങ്ങള്‍ അവിടെ നില്ക്കട്ടെ.

സൈബ
ര്‍ സംസ്‌ക്കാരവും സ്ത്രീയും

സമാന്തരമായ ചില പ്രശ്്‌നങ്ങള്‍ ലിംഗപദവിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ആലോചിക്കാനാണു ഇവിടെ ശ്രമിക്കുന്നത്. കമ്പ്യൂട്ടര്‍ സംസ്‌ക്കാരം പുരുഷകേന്ദ്രീകൃതമാണെന്ന കാഴ്ചപ്പാട് സമൂഹത്തില്‍ പൊതുവേയുണ്ട്. ക
മ്പ്യൂട്ടര്‍ പരസ്യങ്ങളില്‍ കാണപ്പെടുന്ന ആത്മവിശ്വാസം തുളുമ്പുന്ന എക്‌സിക്യൂട്ടിവ് വേഷം ധരിച്ച പുരുഷന്മാരുടെ ചിത്രം ഈ വിചാരത്തിന്റെ അനുബന്ധമാണ്. സ്ത്രീകള്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെടുന്നത് സംബന്ധിച്ചുളള സന്ദിഗ്ദ്ധതക്കു കാരണം സാംസ്‌ക്കാരിക അബോധത്തില്‍ ലയിച്ച ഈയൊരു കാഴ്ചപ്പാടാണ്. കമ്പ്യൂട്ടര്‍ സംബന്ധമായ ജോലി, കളി മുതലായവ പുരുഷസംസ്‌ക്കാരമൂല്യങ്ങളുമായി ഉള്‍ച്ചേര്‍ന്നുകൊണ്ടാണു രൂപീകരിക്കപ്പെട്ടതെന്ന് കീസ്‌ലര്‍ പറയുന്നു. മത്സരാധിഷ്ഠിതമായ കായിക മുദ്രകളോ യുദ്ധത്തിന്റെ രീതിശാസ്ത്രങ്ങളോ ഉള്ളതിനാല്‍ സ്ത്രീകള്‍ പൊതുവെ കമ്പ്യൂട്ടര്‍ ഗയിമുകളില്‍ തല്പരരല്ല എന്നാണ് ചില പഠനങ്ങള്‍ നിരീക്ഷിക്കുന്നത്.

എന്നാല്‍ മേല്‍പറഞ്ഞവയ്ക്ക് കടകവിരുദ്ധമായ എത്രയോ വസ്തുനിഷ്ഠമായ തെളിവുകള്‍ ചരിത്രത്തിലുണ്ട്. അഡാ ലൗലൈയ്‌സ് (1815-1852) എന്ന സ്ത്രീയാണ് ലോകത്
തെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നോര്‍ക്കണം. കവിയായ തന്റെ പിതാവിനെ തീരെ അനുകരിക്കാതിരിക്കാന്‍ അയാള്‍ക്കില്ലാത്ത ഗണിതം, രീതിശാസ്ത്രം, ശാസ്ത്രീയത തുടങ്ങിയ ഗുണങ്ങള്‍ അമ്മ അവളില്‍ പ്രോത്സാഹിച്ചിരുന്നു. ചാള്‍സ് ബാബേജിനൊപ്പം ജോലി ചെയ്തിരുന്ന അഡ ബാബേജിന്റെ കണ്ടുപിടുത്തത്തെക്കുറിച്ചെഴുതിയ പ്രബന്ധത്തിലാണ് ആദ്യത്തെ കമ്പ്യൂട്ടര്‍പ്രോഗ്രാം തയ്യാറാക്കപ്പെടുന്നത്. 'ഇനിയാക്' പെണ്‍കുട്ടികള്‍ എന്നറിയപ്പെടുന്നവരാണ് ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ ആധുനിക കമ്പ്യൂട്ടര്‍ പ്രോഗ്രാം ചെയ്തത്. ആദ്യത്തെ സാഹസിക ഗെയിം എഴുതിയതും ഒരു സ്ത്രീയാണ്, റോബര്‍ട്ടാ വില്യംസ്.

1995 ല്‍ 15% സ്ത്രീകള്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നതെന്ന് കണക്കുകള്‍ പറയുന്നു. 2000 ആയപ്പോള്‍ അത് 50 % ആയി. എങ്കില്‍ത്തന്നെയും ആണ്‍കോയ്മയുടെ പ്രതിഫലനം ഈ രംഗത്ത് പാടെ ഇല്ലാതാവുന്നില്ല. ആണുങ്ങള്‍ അവയുടെ ഉള്ളടക്കം തീരുമാനിച്ചു, നിയന്ത്രിച്ചു. പണം, ലാഭം എല്ലാം അവര്‍ കയ്യടക്കി. ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്നതും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആണ്‍-പെണ്‍ ഭേദമുണ്ടെെന്ന വസ്തുത പതുക്കെപ്പതുക്കെ സ്ഥാപിക്കപ്പെട്ടു. സ്ത്രീകള്‍ക്കാവശ്യമുളള വിഷയങ്ങള്‍ അവരുടെ താല്പര്യമനുസരിച്ചുളള സൈറ്റുകള്‍ എന്നിവ കൊണ്ട് സമ്പന്നമായ വിവരസാങ്കേതികശൃംഖല സ്ത്രീസൗഹൃദപ്രധാനമായിരിക്കും. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും അവരുടെ നീതിക്കും വേണ്ടി ശബ്ദമുയര്‍ത്തുക, അവ പൊതുചര്‍ച്ചക്കു വിധേയമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയുള്ള സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. 'ഫെമിനിസ്റ്റ് . കോം', 'അള്‍ട്രാവയലറ്റ്' തുടങ്ങിയ നിരവധി ഉദാഹരണങ്ങളുണ്ട്. സ്ത്രീജീവിതവുമായി ബന്ധപ്പെട്ട പല വിഷയങ്ങളും അവിടെ ആരായാന്‍ കഴിയും. വിദ്യാഭ്യാസം, നിയമം, തൊഴില്‍, ആരോഗ്യപരിരക്ഷ, പ്രത്യുത്പാദനപരമായ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പലതും. മാത്രമല്ല, സ്ത്രീയെക്കുറിച്ചുള്ള വ്യവസ്ഥാപിതമായ പരികല്പനകളെ അട്ടിമറിച്ചുകൊണ്ട് ഇടപെടാനും അവ ശ്രമിക്കുന്നു.


സൈബര്‍ ഫെമിനിസം

സൈബര്‍ ഫെമിനിസം 1990 കളിലാണ് ഒരു വിഷയമെന്ന നിലയില്‍ തിരിച്ചറിയപ്പട്ടു തുടങ്ങിയത്. ലളിതമായി പറഞ്ഞാല്‍ സ്ത്രീകളും വിവര
സാങ്കേതികവിദ്യയുമായുള്ള ബന്ധത്തെയാണതു പ്രാഥമികമായും കുറിക്കുന്നത്. സൈബര്‍ലോകത്തെയും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ കര്‍തൃത്വത്തെയും ലിംഗപദവിയെയും അതു പഠിക്കുന്നു. വിശകലനം ചെയ്യുന്നു. സാങ്കേതിക മേഖലയില്‍ സ്വയം ശാക്തീകരിക്കപ്പെടാനും ഇടപെടാനുമുള്ള സ്ത്രീകളുടെ ശേഷിയെ അതു പ്രോത്സാഹിപ്പിക്കുന്നു. പരമ്പരാഗതമായ പിതൃമേധാവിത്വത്തിന്റെ കൂച്ചുവിലങ്ങുകളില്‍ നിന്നു സ്വതന്ത്രമായി സമൂഹത്തിന്റെ മുഖ്യധാരയോടു ചേര്‍ന്നു നിന്നുകൊണ്ട് വിവരസാങ്കേതികവിദ്യയുടെ സൗകര്യങ്ങളും ഫലങ്ങളും ഉപയോഗിക്കാന്‍ സ്ത്രീകള്‍ പ്രാപ്തി നേടുന്നുണ്ട്. അതിന്റെ ഫലമായിത്തന്നെ സ്ത്രീയെസംബന്ധിച്ച് കുടുംബത്തിലും സമൂഹത്തിലും രൂപപ്പെട്ട റോളുകള്‍ മാറിമറയുന്നു. പരമ്പരാഗതമായ അര്‍ത്ഥത്തിലുള്ള ലിംഗസ്വത്വങ്ങളെ മാറ്റിമറിക്കാന്‍ പാകത്തില്‍ മനുഷ്യന്‍, സ്‌ത്രൈണത, പൗരുഷം തുടങ്ങിയ സംവര്‍ഗസൂചനകള്‍ എല്ലാം ഒരു സംക്രമണ ദിശയിലേക്ക് കടന്നിരിക്കയാണിന്ന്. വെറുതെ ബ്രൗസു ചെയ്യുകയോ നെറ്റ് ഷോപ്പിങ് നടത്തുകയോ ചെയ്യുന്നതിലുപരിയായി യാഥാര്‍ത്ഥ്യത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും ഐഡന്റിറ്റിയെക്കുറിച്ചുമൊക്കെയുള്ള അവരുടെ തനതായ ഭാഷ്യങ്ങള്‍ മുന്നോട്ടു വെക്കാനുള്ള ഒരിടം കൂടിയായാണ് സൈബര്‍ സ്‌പേസ് വിഭാവനം ചെയ്യുന്നത്. ലിംഗബന്ധങ്ങള്‍ കൂടുതല്‍ ക്രമീകരിക്കപ്പെടാനും അഴിച്ചുപണിയാനും സാധ്യതയുള്ള ഒരിടം. സാങ്കേതികവിദ്യയിലുള്ള 'പിടിപ്പും' ആധികാരികതയും സ്ത്രീകളില്‍ സ്വയംഭരണശേഷി വര്‍ധിപ്പിക്കുന്നു. ആഗോളവല്‍ക്കരണത്തിന്റേതായ ആധുനിക കാലത്ത് പലതരം പ്രവൃത്തികള്‍ ഒന്നിച്ചു കൊണ്ടുപോകുന്ന ശൈലിയിലാണ് (multitasking) പല തൊഴിലുകളും രുപകല്പന ചെയ്യപ്പെടുന്നത്. തൊട്ടിലാട്ടുകയും കൂട്ടാനിളക്കുകയും തുണികഴുകുകയുമൊക്കെ ചെയ്യുന്നതിനിടയ്ക്കുപോലും എഴുതാന്‍ ശ്രമിച്ചതിനെക്കുറിച്ച് ലളിതാംബിക അന്തര്‍ജനം തന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ടല്ലോ. പുതിയ കാലത്ത് സ്ത്രീകള്‍ തങ്ങളുടെ ബഹുവിധമായ അധ്വാനമേഖലകള്‍ക്കകത്തു നില്ക്കുമ്പോഴും അതിനു പുറത്ത് സ്വതന്ത്രവും സ്വച്ഛവുമായ ലീലകളുടെയും കാമനകളുടെയും സ്വപ്‌നങ്ങളുടെയുമൊക്കെ ഇടമായി സൈബര്‍ സ്‌പേസിനെ കാണുന്നു. ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ട്വിറ്റര്‍, മൈസ്‌പേസ് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിഗ് സൈറ്റുകളില്‍ പെരുകിവരുന്ന സ്ത്രീസാന്നിദ്ധ്യം അതാണു സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ ഒഴിവുസമയങ്ങളില്‍ വരുന്ന വ്യത്യാസം കൂടി ഇവിടെ നാം പരിഗണിക്കേണ്ടതുണ്ട്. വൈയക്തികമായ ഒഴിവുസമയം കുടുംബസാമൂഹ്യഘടനകള്‍ക്കകത്തെ സ്ത്രീസ്വത്വത്തെ പുതുക്കിപ്പണിയുന്നുണ്ട് എന്നു നാം തിരിച്ചറിയുന്നു. ദൈനംദിന ജീവിതത്തിന്റെ നിശ്ചിതമാക്കപ്പെട്ട പാക്കേജില്‍ പരിമിതസമയപരിധിക്കുള്ളില്‍ നിന്നുകൊണ്ടും ഓണ്‍ലൈന്‍ജീവിതത്തിന്റെ സാധ്യതകള്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നുണ്ട്.

അതിരുകള്‍ മായുന്നു.

മനുഷ്യനും യന്ത്രവും തമ്മിലുള്ള ദ്വന്ദാത്മകമായ അപരത്വങ്ങളുടെ പരികല്പന നിലനില്ക്കുമ്പോള്‍ ത്തന്നെ ജീവശാസ്ത്രം സ്വത്വത്തെ നിര്‍ണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമായി നിലകൊണ്ടിരുന്നു. ആണ്‍/പെണ്‍ ഭിന്നലിംഗപദവിയിലൂന്നിയ സ്വത്വങ്ങള്‍ പലതരം മൂല്യങ്
ങളിലും സംസ്‌ക്കാരിക തുടര്‍ച്ചകളിലും ഊന്നിക്കൊണ്ട് അതു സ്ഥാപിച്ചു. മനുഷ്യയന്ത്രത്തിന്റെ കടന്നു വരവോടെ യഥാര്‍ത്ഥത്തില്‍ ജീവശാസ്ത്രം പ്രശ്‌നവല്‍ക്കരിക്കപ്പെടുകയാണ്. സ്വത്വത്തിന്റെ പുതിയ മാനങ്ങള്‍ അതു മനുഷ്യജീവിതത്തില്‍ തുന്നിച്ചേര്‍ത്തു. ജീവശാസ്ത്ര ദ്വന്ദ്വപരികല്പനകളെ അതു നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. ഏതളവുവരെ മനുഷ്യന്‍ ഏതളവുവരെ യന്ത്രം എന്ന ചോദ്യം തുടരുന്നു. ദൈനംദിന ജീവിതത്തിന്റെ ക്രമീകരണങ്ങളിലും പൊതുവിനിമയങ്ങളിലും സാംസ്‌ക്കാരിക പ്രയോഗങ്ങളിലും യന്ത്രം മനുഷ്യനെ പുതുതായി നിര്‍വ്വചിച്ചുകൊണ്ട് നിലനിന്നു. സ്വത്വത്തിന്റെ ബോധാബോധങ്ങളില്‍ അതു വന്‍ അട്ടിമറിതന്നെ നടത്തി. പുതുതായി പരികല്പന ചെയ്യാവുന്ന ഒരു സാങ്കേതിക ജീവശാസ്ത്രസ്വത്വമായി(Technobiological) മനുഷ്യനെ കാണേണ്ട ഒരവസ്ഥയിലാണിന്നു നമ്മള്‍.

ഫെയ്ക്ക് ഐഡിയും പെര്‍ഫോമന്‍സും

സാങ്കേതികവിദ്യയുടെ ഏറ്റവും ജനപ്രിയവും പ്രബലവുമായ സൈബര്‍ സ്‌പേസ്(cyber space) പോലുള്ള ഇടങ്ങളില്‍ ജീവശാസ്ത്ര
ത്തിന്റെ മൂല്യസംബന്ധങ്ങള്‍ മുഴുവന്‍ അഴിച്ചുപണിയപ്പെടുകയാണ്. ആണ്‍/പെണ്‍ എന്ന സ്ഥിരമായ ലിംഗസ്വത്വം അവിടെ കണ്ടെന്നു വരില്ല. ഓണ്‍ലൈനില്‍ ആണിനു പെണ്ണായും പെണ്ണിനു ആണായും കഴിഞ്ഞുകൂടാം. ഒരു തരം കൂടുവിട്ടുകൂടുമാറല്‍ അല്ലെങ്കില്‍ പകര്‍ന്നാട്ടം. ഇത് ഒരു ചെറിയ സാദ്ധ്യതയല്ല. ലിംഗപദവിയുടെ പ്രകടനീയത (performativity) ഇവിടെ സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്നു.

ഇതെഴു
തുന്നയാള്‍ ഫെയ്‌സ്ബുക്കില്‍ കടന്നുവന്ന കാലത്തെ ഒരു സംഭവം ഇതു വ്യക്തമാക്കുന്നു. അന്നു വലിയ കോലാഹലം സംബന്ധിച്ച വിവാദം ഒരു വ്യാജ(?!!) പ്രൊഫൈല്‍ ഐഡിയെ സംബന്ധിച്ചുള്ളതായിരുന്നു. മായാമേനോന്‍ എന്ന പേരില്‍ ഒരു യുവതിയുടേതായി കാണപ്പെട്ട പ്രൊഫൈലിനെ ചുറ്റിപ്പറ്റിയായിരുന്നു അത്. പല ജനപ്രിയ ചര്‍ച്ചകളിലും സജീവസാന്നിദ്ധ്യമായിരുന്ന മായാമോനോന്‍ ആരാണ് എന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നു. എഫ്.ബിയില്‍ ത്തന്നെ അംഗമായ പ്രശസ്ത സാഹിത്യകാരന്മാരില്‍ പലരും സംശയത്തിന്റെ നിഴലിലായി. അതിന്റെ പശ്ചാത്തലത്തില്‍ മായാമേനോനെന്ന വ്യാജ പ്രൊഫൈല്‍ ഐഡിക്കു പിന്നിലുള്ള വ്യക്തിയെ തനിനിറത്തില്‍ പുറത്തേക്കുവരാന്‍ പലരും വെല്ലുവിളിക്കുകയും ആക്ഷേപങ്ങള്‍ ചൊരിയുകയും ചെയ്തിരുന്നു. (ഇപ്പോള്‍ ആ പ്രൊഫൈല്‍ തന്നെ ഫേസ്ബുക്കില്‍ നിന്നു അപ്രത്യക്ഷമായിരിക്കുന്നു!) ഈയടുത്തു പ്രത്യക്ഷപ്പെട്ട '………..പിഷാരടി', (മേനോന്‍, പിഷാരടി…!) കുറച്ചുമുമ്പ് മിന്നിമറഞ്ഞുപോയ ഹരിത തുടങ്ങിയവരെക്കുറിച്ചും ഒളിഞ്ഞും തെളിഞ്ഞും ഇത്തരം സംശയങ്ങള്‍ പരന്നിരുന്നു. വ്യാജസ്വത്വങ്ങള്‍ എന്ന നിലയ്ക്ക് അവയുടെ നൈതികതയെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രതികരണങ്ങളായാണ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. (ഒപ്പം തങ്ങളുടെ ജിജ്ഞാസ നിറഞ്ഞ ഒളിഞ്ഞുനോട്ടങ്ങളെ നൈതികപ്രതിബദ്ധത കൊണ്ട് മൂടിവെയ്ക്കുകയും...) ലിംഗപദവിയിലുള്ള മേല്‍കീഴ് അധികാരഘടനകളും മുന്‍വിധികളില്‍ അധിഷ്ഠിതമായ സാംസ്‌ക്കാരിക മൂല്യങ്ങളും ഒറ്റയടിക്കു തകിടം മറിക്കപ്പെടുകയാണ് ഈ പകര്‍ന്നാട്ടങ്ങളില്‍. ജൂഡിത്ത് ബട്‌ലര്‍ സിദ്ധാന്തവല്‍ക്കരിക്കുന്നതു പോലെ ജെന്‍ഡര്‍ തികച്ചും ഒരു പെര്‍ഫോമന്‍സായി അക്ഷരാര്‍ത്ഥത്തില്‍ മാറുകയും ലിംഗരാഷ്ട്രീയത്തിന്റെ സൂചനകളിലേക്ക് മുനകൂര്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. യഥാര്‍ത്ഥ ജീവിതത്തിലെ സ്ത്രീയും പുരുഷനും തന്നെ അതിന്റെ പ്രകടനീയതകളില്‍ നിലനില്ക്കുകയും സ്ഥിരീകരിക്കുകയും ചെയ്തുകൊണ്ടാണ് ലിംഗപദവികളില്‍ അതിരിടുന്നത്. വാസവദത്തയുടെ സ്ത്രീവേഷമണിഞ്ഞുവന്ന് പുരുഷപ്രേക്ഷകരെ പ്രലോഭിപ്പിച്ച, മണ്‍മറഞ്ഞ നാടകനടന്‍ ഓച്ചിറ വേലുക്കുട്ടിയുടെ പ്രകടനപരതയില്‍ കുറഞ്ഞൊന്നുമല്ല ദൈംനദിന ജീവിതത്തില്‍ നടമാടുന്ന സ്ത്രീ/പുരുഷ വേഷങ്ങള്‍. വ്യാജ ഐഡി എന്നതിന്റെ പരികല്പനകള്‍ അസാധുവാക്കപ്പെടുന്ന സാമൂഹ്യസന്ദര്‍ഭങ്ങളെ ഭാവനാപരമായും തത്വചിന്താപരമായും മനസ്സിലാക്കാന്‍ കഴിയാത്തതിലുള്ള പ്ര്ശ്‌നം തന്നെയാണ് അതിനെ ഒരു നൈതികപ്രശ്‌നമായി ഉയര്‍ത്തി പ്രദര്‍ശിപ്പിക്കുന്നത്.

സ്വത്വത്തിന്റെ ദ്രാവകത്വം(Fludidity)

ഓണ്‍ലൈന്‍ ഐഡന്റിറ്റി എന്നത് സ്വയം കാണുകയും കാണപ്പെടുകയും ചെയ്യുന്ന ഒരിടം കൂടിയാണ്. അവരവര്‍ എങ്ങനെ കാണപ്പടണമെന്നതിന്റെ അനന്തമായ ആഗ്രഹങ്ങളുടെ സാക്ഷാല്‍ക്കാരസാദ്ധ്യതകള്‍ അതു വ്യക്തിക്കു നല്‍കുന്നു. ആ നിലയ്ക്ക് അത് അബോധത്തിലെ സ്വത്വകാമനകളെ മുഴുവന്‍ വലിച്ചു പുറത്തേക്കിടുവാന്‍ പ്രാപ്ത
മാണ്. ബാഹ്യജീവിതത്തില്‍ നാം ആവര്‍ത്തിച്ചു പ്രവര്‍ത്തിച്ചും പറഞ്ഞും എഴുതിയും തിട്ടപ്പെടുത്തിവെച്ചിട്ടുള്ള സ്വത്വത്തിന്റെ നീതിമല്‍ക്കരണം(legitimization) ഇവിടെ ആവശ്യമായി വരുന്നില്ല. നൈതികതയെക്കാള്‍ കാമനകളാല്‍ ഭരിക്കപ്പെടുന്ന ഒരിടം. അതുകൊണ്ടുതന്നെ സ്വത്വത്തിന്റെ ഖരത്വം ദ്രവീകരിക്കപ്പെടുന്നു. ദ്രാവകങ്ങള്‍ അതു സ്ഥിതിചെയ്യുന്ന പാത്രങ്ങളുടെ രൂപഘടനയില്‍ കാണപ്പെടുന്നതുപോലെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഈ ദ്രവീകരിക്കപ്പെട്ട സ്വത്വം വെവ്വേറെയായി നിറവേറ്റപ്പെടുന്നു. ജാതി, പൗരത്വം, ലൈംഗികത തുടങ്ങിയ നിരവധി ഘടകങ്ങളില്‍ ഊന്നിക്കൊണ്ട് ഈ സ്വത്വകാമനകളുടെ ദ്രവരൂപങ്ങള്‍ നിര്‍മിക്കപ്പെടുന്നു. കവി ശൈലന്റെ ('ശൈലന്‍ സ്റ്റൈല്‍സ് ഓണ്‍' എന്ന പ്രൊഫൈലില്‍ ) വാളില്‍ അദ്ദേഹം എഴുതി .''ഷര്‍ട്ടിടാതെ കുറച്ചു ഫോട്ടോയിട്ടതു കാരണം സ്വവര്‍ഗ്ഗമൈഗുണന്മാരുടെ പ്രണയം എന്നിലേക്കു രൂക്ഷമായിരിക്കുന്നു. എഫ്.ബി തുറന്നാല്‍ മെസ്സേജ് ബോക്‌സിലും റിക്വസ്റ്റ് ബോക്‌സിലും ചാറ്റ് വിന്റോയിലുമെല്ലാം ആണ്‍പ്രണയമിങ്ങനെ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. വിമതലൈംഗികര്‍...'' ശൈലന്റെ ചുവരില്‍ പ്രത്യക്ഷപ്പെട്ട ഈ സ്റ്റാറ്റസ് മെസ്സേജിനെ എടുത്തുദ്ധരിച്ചു കൊണ്ട് മാധ്യമം വാരികയില്‍ വിജു.വി.നായര്‍ അതിനെ തിരിച്ചറിയപ്പെടാനും കൂട്ടത്തില്‍ എഴുന്നുനില്‍ക്കാനുമുള്ള ആത്മരതിപരമായ വ്യഗ്രതയായി വിലയിരുത്തുന്നു. (പുറം 18 മാധ്യമം ആഴ്ചപ്പതിപ്പ് 2011 ജൂലൈ 18) ലിംഗസ്വത്വങ്ങളെക്കുറിച്ചുള്ള തീര്‍പ്പുകളില്‍ നിന്നുകൊണ്ട് സമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന അഭിരുചികളെ മുന്‍വിധിയോടെ വിധികല്പിക്കാനാണ് ഇത്തരം വിശദീകരണങ്ങള്‍ ശ്രമിക്കുന്നത്.

സാംസ്‌കാരിക ലോകത്ത് പലതലങ്ങളിലായി സ്വത്വങ്ങളെ സംബന്ധിച്ച ഈ ദ്രവീകരണത്തിന്റെ സൂചനകള്‍ കാണാം. ടി.വി.റിയാലിറ്റി ഷോ പോലുള്ള ജനപ്രിയ മാധ്യമങ്ങളില്‍ സുലഭമായി കാണുന്ന പെണ്‍വേഷം കെട്ടിയ നടന്മാര്‍, കാര്‍ട്ടൂണ്‍ ചാനലുക
ളിലെ മൃഗമനുഷ്യരൂപങ്ങള്‍ തുടങ്ങി വാര്‍പ്പു ലിംഗമാതൃകകളെ അപനിര്‍മിക്കുന്ന പരതരം പ്രകടനീയമായ (performative) സ്വത്വങ്ങള്‍ ഇന്നുണ്ട്.

നാല്പതുവര്‍ഷം മുമ്പ് മറിയമ്മ എന്ന പേരില്‍ എഴുത്തിന്റെ രംഗത്തേക്കുവന്നയാള്‍ വര്‍ക്കിച്ചന്‍ എന്ന ജേക്കബ് വര്‍ഗീസ് ആയിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് 2011 ഒക്ടോബര്‍ ലക്കം ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട സംവാദത്തില്‍ എന്‍.എസ്. മാധവനും ഗ്രേസിയും കെ. രഘുനാഥനും മറ്റും ഇടപെടുന്നതും മേല്പറഞ്ഞ നൈതികതയെ മുന്‍നിര്‍ത്തിയാണ്. ഒരു കണ്‍കെട്ടുകളിയുടെ ഏറ്റുപറച്ചില്‍ എന്ന നിലക്കാണീ വിഷയ
ത്തെ എല്ലാവരും ഏറ്റെടുത്തത്.

അസ്സല്‍ (Original) എവിടെ?

മറ്റൊന്ന് സ്വത്വത്തിന്റെ ബഹുലതയാണ്. ഒരാള്‍ക്ക് സ്വന്തം പേരിലും ലിംഗത്തിലും നിലനില്ക്കാന്‍ കഴിയുന്നതു പോലെ തന്നെ വ്യാജമായ ഒട്ടനവധി പേരുകളിലും രൂപങ്ങളിലും ലിംഗത്തിലും പ്രായത്തിലും മറ്റു പദ
വികളിലും ഓണ്‍ലൈനില്‍ നിലനില്‍ക്കാന്‍ കഴിയുന്നു. ഈ ബഹുവചനാത്മകമായസ്വത്വങ്ങളില്‍ ഏതാണ് അസ്സല്‍സ്വത്വം എന്ന ചോദ്യത്തിനു പ്രസക്തിയില്ല. യാന്ത്രികയുഗത്തില്‍ കലയുടെ പുനരുരുല്പാദനത്തെക്കുറിച്ചെഴുതുന്ന വാള്‍ട്ടര്‍ ബഞ്ചമിന്‍ മുന്നോട്ടുവെക്കുന്ന ചിന്തകളില്‍ ഈ സന്ദിഗ്ദ്ധതയെ (Ambiguity) അഭിമുഖീകരിക്കുന്നുണ്ട്. ഒരു ഫോട്ടോയുടെ ഒരേ തരത്തിലുള്ള നിരവധി പ്രിന്റുകളില്‍ ഏതാണ് ഒറിജിനല്‍ എന്ന് എങ്ങിനെ സ്ഥാപിക്കും എന്നദ്ദേഹം ചോദിക്കുന്നു. യാന്ത്രികയുഗം അസ്സലിന്റെ പരിവേഷത്തെ (aura) നഷ്ടപ്പെടുത്തുന്നു എന്നദ്ദേഹം പറയുന്നു.

സ്വത്വത്തിന്റെ ഹൈപ്പര്‍ടെക്‌സ്‌ററ്വാലിററി

മറ്റൊന്ന് സൈബര്‍ലോകത്തിലെ സ്വത്വമെന്നത് പലതരം തുടര്‍ച്ചകളും ശിഥിലതകളും ഉള്‍ച്ചേര്‍ന്ന, കൃത്യമായ ആദിമധ്യാന്തപ്പൊരുത്തം ദീക്ഷിക്കാത്ത ഒന്നാണെന്നതാണ്. പല കോണുകളിലായി വിവിധയിടങ്ങളില്‍ ചിതറി വിന്യസിക്കപ്പെട്ട ചിത്രങ്ങളായും കമന്റുകളായും സ്‌ററാററസ് മെസ്സേജുകളായും നോട്ടുകളായും അത്തരം ഇടങ്ങളിലേക്കുളള ലിങ്കുകളായും അത് ഒരു ഹൈപ്പര്‍ ടെക്‌സ്‌ററിന്റെ ഘടനയാര്‍ജ്ജിക്കുന്നു. പരമ്പരാഗതഘടനയില്‍ കാലത്തിലും പ്രതലത്തിലുമുള്ള സമഗ്രത, രേഖീയമായ തുടര്‍ച്ച ഇവിടെയില്ല.


ചുരുക്കത്തില്‍ മനസ്സ്/ശരീരം, പ്രകൃതിദത്തം/കൃത്രിമം, ആണ്/പെണ്ണ് എന്നിങ്ങനെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരുപാടു ദ്വന്ദ്വങ്ങളെ സംബന്ധിച്ച ഒരു സന്ദിഗ്ദ്ധത ഇവിടെയുണ്ട്. സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് കേവലം ശാരീരികസ്വത്വത്തില്‍ നിന്നുള്ള മോചനം മാത്രമല്ല, ഭൗതികലോകത്തിലെ കീഴായ്മയായി വ്യവസ്ഥചെയ്യപ്പെട്ട വാര്‍പ്പു സ്‌ത്രൈണതയില്‍ നിന്നു പുറത്തുകടക്കല്‍ കൂടിയാണ്. അജ്ഞാതവും അദൃശ്യവുമായ മേഖലകള്‍ തേടി ഭാവനാത്മകമായ അന്വേഷണങ്ങളിലൂടെ പുനഃസജ്ജീകരിക്കാന്‍ കഴിയുന്ന ഒരു സ്വത്വത്തിന്റെ സാധ്യതയെയാണവള്‍ മുതലെടുക്കുക. സ്വയം വെളിപ്പെട്ട് അടയാളപ്പെടുന്നതു പോലെ തന്നെ ആഹ്‌ളാദകരമാണ് മറഞ്ഞിരുന്ന് അജ്ഞാതനാമത്തില്‍ ഇടപെടുന്നത്. മറഞ്ഞിരിക്കുന്നത് തങ്ങള്‍ക്ക് കൂടുതല്‍ ഹരം പകരുന്നു എന്നു ചിലരെങ്കിലും സമ്മതിക്കും. തങ്ങളുടെ വ്യാജ സ്വത്വങ്ങള്‍ക്കു പിന്നില്‍് ഒരേ വീട്ടിലെ അടുത്തടുത്ത മുറികളിലിരുന്ന് വളരെക്കാലം വെര്‍ച്വലായി പ്രണയിച്ചത് സ്വന്തം ഭാര്യയെ ആയിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവിനെക്കുറിച്ചും പ്രണയപൂര്‍വ്വം കാത്തുകാത്തിരുന്ന ഒരു രഹസ്യ സമാഗമത്തിനു ക്ഷണിച്ചത് സ്വന്തം ഭര്‍ത്താവിനെയായിരുന്നു എന്നു ഞെട്ടലോടെ മനസ്സിലാക്കിയ ഭാര്യയെക്കുറിച്ചും അവരനുഭവിച്ചിരിക്കാനിടയുളള കയ്‌പ്പേറിയ ശൂന്യതയെക്കുറിച്ചും കല്‍പ്പററ നാരായണന്‍ എഴുതിയതോര്‍ക്കുന്നു. (തല്‍സ്സമയം)


ഭാഷാപരമായ അതിലംഘനശ്രമങ്ങളിലൂടെയും ആശയപരമായ മറികടക്കലിലൂടെയും വളരെക്കാലം കൊണ്ടു സ്വത്വത്തില്‍ പതിഞ്ഞുപോയ ചുളിവുകളും മടക്കുകളും നിവര്‍ന്നു വരുന്ന കാഴ്ചകള്‍ കാണാനുണ്ട്. രൂപകങ്ങളിലൂടെയും ഭാഷയിലൂടെയും ഭാഷാശാസ്ത്രപരമായ നിര്‍മിതിയിലൂടെയും രൂപപ്പെടുന്ന ഒന്നാണ് വവരസാങ്കേതികവിദ്യയുടെ ഇടം എന്നത്. ഭാഷയിലുള്ള ചെറിയ വ്യത്യാസങ്ങളും ഊന്നലുകളും ട്വിസ്റ്റുകളും കൊണ്ട് സ്വത്വത്തിന്മേലുള്ള മടക്കുകള്‍ നിവര്‍ത്തി കുടഞ്ഞു വിരിക്കാന്‍ കഴിയുന്നു. ഓഫ്‌ലൈനില്‍ സാധ്യമാകാത്ത ആശയാവിഷ്‌ക്കാരങ്ങളും കാമനാവിനിമയങ്ങളും ഓണ്‍ലൈനില്‍ സാധ്യമാകുന്നത് ഭാഷാപരമായും കൂടിയാണ്. ഭാഷയുടെ ഈ അട്ടിമറിശേഷിയെ സൂക്ഷ്മമായി ഉപയോഗിച്ചുകൊണ്ട് നമ്മുടെ ലിംഗസംബന്ധമായ അര്‍ത്ഥോല്പാദനപ്രക്രിയയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും.

'കൊച്ചുപയ്യന്മാരെ തിരഞ്ഞുപിടിച്ച് ആരാധിക്കുകയാണല്ലോ' എന്നു സുഹൃത്ത് പരിഹസിക്കുമ്പോഴും “ആസിഫ് അലിയോടെനിക്ക് പ്രേമം കൂടിക്കൂടിവരുന്നേ, ഇതു വല്ലോം നീ അറിയുന്നുണ്ടോ ആസിഫേ?''എന്നും തമിഴ് നടന്‍ കാര്‍ത്തിയുടെ കല്യാണഫോട്ടോയുടെ തലക്കെട്ടായി 'കാര്‍ത്തിക്കുട്ടനും കൈവിട്ടുപോയി' എന്നും കൂസലില്ലാതെയെഴുതുന്നു ആഗ്നേയ ഫെമിന. ഭാഷയുടെ കൂസലില്ലായ്മ, ആത്മപരിഹാസം, വാചാലത ഒക്കെ സ്ത്രീകളില്‍ ആരോപിക്കപ്പെടുന്ന വരേണ്യമായ ഒതുക്കത്തെ തട്ടിത്തെറിപ്പിക്കുകയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍. അപൂര്‍വ്വമായെങ്കിലും ചില എഫ്. ബി. സ്റ്റാറ്റസുകളില്‍ സ്വവര്‍ഗകാമനയുടെ അഭിരുചികള്‍ മിന്നിമറയുന്ന വരികള്‍ ചിലര്‍ കുറിച്ചിട്ടതോര്‍ക്കുന്നു. വാഗ്‌ലീലകളും വാക്പയറ്റുകളും രാഷ്ട്രീയചര്‍ച്ചകളും കവിതകളും യാത്രാകുറിപ്പുകളും പാചകക്കുറിപ്പടികളും എല്ലാം ചിത്രങ്ങളോടെയും അടിക്കുറിപ്പോടെയും കടന്നുവരുന്നു. പങ്കെടുത്ത സെമിനാറുകളും ചര്‍ച്ചകളും എഴുതിക്കൊണ്ടിരിക്കുന്ന പ്രബന്ധങ്ങളുടെ സൂചനയും വിവാഹം, പിറന്നാള്‍ തുടങ്ങിയ സ്വകാര്യച്ചടങ്ങുകളുടെ വിവരങ്ങളും ദലിത് കൂട്ടക്കൊലക്കെതിരായ പത്രറിപോര്‍ട്ടും വിദ്യാര്‍ത്ഥിസമരത്തിനെതിരെയുള്ള പോലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളും എന്നുവേണ്ട, വിവിധതരം ആശയാവിഷ്‌ക്കാരങ്ങള്‍ ഇടകലര്‍ന്ന് പൊതു / സ്വകാര്യം എന്ന അതിര്‍വരമ്പുകളെ മായ്ച്ചുകളയുന്ന ഒരിടമായി പുതിയ സ്ത്രീകള്‍ എഫ്.ബിയെ മാറ്റിയിട്ടുണ്ട്. പുതിയ ഒരു ആവേശത്തോടെ മുന്‍ഭാരങ്ങളില്ലാതെ ആനന്ദത്തിന്റെയും കൂട്ടായ്മയുടെയും പുതിയ ഒരിടമായി അവള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളെ കണ്ടെത്തുന്നു. ലിംഗപദവിയെയും അതിനെച്ചൊല്ലിയുള്ള സാംസ്‌കാരിക വ്യവഹാരങ്ങളെയും പുതുക്കി നിര്‍മിക്കാനുള്ള ഒരു ഭാഷാസാമഗ്രി തന്നെയാണ് അവര്‍ക്ക് ഈ ഇടങ്ങള്‍. സൈബര്‍ സാങ്കേതികതയുടെ വെറും ഉപഭോക്താവ് എന്ന നിലയില്‍ നിന്നും വ്യത്യസ്തമായി, സ്വന്തം ആധികാരികതയാല്‍ നിര്‍ണ്ണയിക്കപ്പെടുകയും ആവിഷ്‌ക്കരിക്കപ്പെടുകയും ചെയ്യുന്ന ഒന്നായി ഇവിടെ സ്ത്രീകര്‍തൃത്വം ഉയര്‍ത്തപ്പെടുന്നു.

(സംഘടിത 2011 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)