Saturday, November 8, 2014

തൊട്ടുകൂട്ടുമ്പോള്‍...

തൊട്ടുകൂട്ടുമ്പോള്‍
 തന്മാത്ര, സ്‌പര്‍ശം, കടുംബം

ലൈംഗികത ഒരു സാമൂഹ്യനിര്‍മ്മിതിയായിരിക്കെത്തന്നെ അത്‌ തനത്‌ സ്ഥലകാലങ്ങളാല്‍ നിര്‍ണീതമാണ്‌. ലൈംഗികതയുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നതില്‍ അതിലുള്‍പ്പെടുന്ന വ്യക്തികളുടെ കര്‍തൃത്വപദവിയ്‌ക്കും ഒരു പങ്കുണ്ട്‌. സിനിമയിലെ ലൈംഗികത വിപണിയുടെയും കപടസദാചാരത്തിന്റെയും പുരുഷാധിപത്യരൂപങ്ങളുടെയും ഇടപെടലുകളായി വിശകലനം ചെയ്യപ്പെടാറുണ്ട്‌. മുമ്പ്‌ എന്നത്തേക്കാളുമധികം ഇന്നത്തെ സിനിമ ദൈനംദിനങ്ങള്‍ ഉള്‍പ്പെടെയുള്ള സമകാലികതയെയും വ്യക്തി/പ്രേക്ഷക വൃന്ദത്തിനു സമ്മതമായ ലൈംഗിക/സദാചാര വിചാരങ്ങളെയാണ്‌ പങ്കുപറ്റുന്നത്‌. ഇതാവട്ടെ നമ്മുടെ ആസ്വാദനത്തിന്റെയും കാഴ്‌ചയുടെയും കുടുംബ/സാമൂഹ്യ ജീവിതങ്ങളുടെയും ഫലമായി രൂപപ്പെട്ട ഒന്നാണ്‌.
ഐന്ദ്രിയത വിശേഷിച്ചും കാഴ്‌ച, സ്‌പര്‍ശം മുതലായവ അടിസ്ഥാനപരമായി വ്യക്തിനിഷ്‌ഠമായ അനുഭവങ്ങളിലൂടെയാണ്‌ വിലയിരുത്തപ്പെടാറ്‌. എങ്കിലും അവയുടെ സാമൂഹികസത്തയില്‍ മേല്‍പറഞ്ഞ കര്‍തൃത്വസങ്കല്‌പങ്ങള്‍ വലിയ പങ്കുവഹിക്കുന്നു. സാമൂഹികമായി ഇപ്രകാരം നിര്‍ണ്ണയിക്കപ്പെട്ട മൂല്യബോധങ്ങള്‍ ശരീരങ്ങളുടെ അടുപ്പവും അകലവും കടന്നുവരുന്ന ഇടങ്ങളിലൊക്കെ പിടിമുറുക്കുന്നു. സിനിമയിലെ ആണ്‍/പെണ്‍ ശരീരങ്ങള്‍, അവയുടെ ഇടപഴകല്‍ (ലൈംഗികമായാലും അല്ലെങ്കിലും) പ്രമാണികമായ ഒരു ആധികാരികക്രമത്തില്‍ കണ്ടീഷന്‍ ചെയ്യപ്പെട്ടതാണ്‌. അതില്‍ നിന്നുള്ള വ്യതിചലനം നമ്മുടെ ശീലങ്ങളെ അസ്വസ്ഥമാക്കുന്നു. എന്നതിനു തെളിവാണ്‌ ബ്ലെസി സംവിധാനം ചെയ്‌ത തന്മാത്ര എന്ന സിനിമയ്‌ക്കുണ്ടായ അനുഭവം. (നഗ്നതയും ലൈംഗികതയും ആരോപിക്കപ്പെട്ട ചില രംഗങ്ങള്‍ മുരിച്ചുമാറ്റിയാണിപ്പോള്‍ തിയ്യേറ്ററുകള്‍ കാണിക്കുന്നത്‌. അത്തരം രംഗങ്ങള്‍ സ്‌ത്രീ/കുടുംബ പ്രേക്ഷകരെ അകറ്റുമെന്ന ഭയമാണു കാരണം!)

പരസ്‌പരം ഇടപഴകുന്ന സ്‌ത്രീയുടെയും പുരുഷന്റെയും വ്യക്തിസ്വരൂപങ്ങള്‍ പൊതുവായ മൂല്യസങ്കല്‍പ്പങ്ങള്‍ക്കു വിധേയമായാണ്‌ സിനിമകള്‍ ദൃശ്യവത്‌കരിക്കുക. അവര്‍ ഭാര്യഭര്‍ത്താക്കന്മാരാകുമ്പോള്‍ വിശേഷിച്ചും. അവിടെ ഏതവസരത്തിലായാലും വിവൃതമാകുന്ന ശരീരഭാഗങ്ങള്‍ക്ക്‌ ലൈംഗികമായ സന്ദര്‍ഭമായി ഊന്നല്‍ ലഭിക്കുന്നതാകട്ടെ, സവിശേഷമായ ദൃശ്യപരിചരണങ്ങളിലൂടെയാണ്‌. ക്യാമറയുടെ ആംഗിള്‍, സംഭാഷണങ്ങളിലെയും കഥാഗതിയിലെയും പ്രത്യേകതകള്‍. സമീപ -വിദൂരഷോട്ടുകള്‍. ശബ്‌ദവിന്യാസം. വെളിച്ചം ഇങ്ങനെ എന്തുമാകാം പ്രേക്ഷകരില്‍ പ്രവര്‍ത്തിക്കുന്ന ഈ സന്ദര്‍ഭം. മലയാളത്തിലെ കുടുംബസിനിമയില്‍ നമ്മുടെ സാമൂഹികമായ രീതി/നാട്യങ്ങള്‍ക്ക്‌ അനുരോധമായാണ്‌ ശാരീരികമായ സ്‌പര്‍ശവും നിലനില്‍ക്കുന്നത്‌. അച്ഛനമ്മമാരും മക്കളുമടങ്ങുന്ന കുടുംബചിത്രങ്ങളില്‍ അതിവൈകാരികമായ രംഗങ്ങളിലല്ലാതെ, അതിന്റെ പ്രതിഫലനമായിട്ടല്ലാതെ സ്‌പര്‍ശം പൊതുവെ കടന്നുവരാറില്ല. സിനിമയിലെ കുടുംബത്തില്‍ മാത്രമല്ല, അതിനു പുറത്തുള്ള കുടുംബത്തിലും സാധുവാണിത്‌.

സ്‌പര്‍ശം ഒരു വിലക്ക്‌
കാഴ്‌ച, കേള്‍വി, മണം എന്നിവയില്‍ നിന്നു വ്യത്യസ്‌തമായി സ്‌പര്‍ശം സമീപസ്ഥമായ ഐന്ദ്രിയതയാണ്‌. അതിന്റെ സ്രോതസ്സ്‌ അരികിലുണ്ട്‌. (ക്ലോസ്‌-അപ്‌ ഷോട്ട്‌ സ്‌പര്‍ശപ്രതീതിയാവുന്നത്‌ അതുകൊണ്ടാവണം) ഐന്ദ്രിയതയുടെ രാഷ്‌ട്രീയത്തില്‍ സ്‌പര്‍ശത്തേക്കാള്‍ അര്‍ത്ഥഗര്‍ഭമായ വാക്ക്‌ അസ്‌പൃശ്യതയാണെന്നുപറയാം. ജാതീയമായ തീണ്ടല്‍-തൊടീല്‍ നിലനിന്ന കാലഘട്ടങ്ങളെയാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌. നായര്‍സ്‌ത്രീയില്‍ ജനിച്ച മക്കളും നമ്പൂതിരിയായ അച്ഛനും തമ്മില്‍ തൊട്ടുകൂടായ്‌മ നിലനിന്ന സമൂഹമാണിത്‌. വ്യത്യസ്‌ത ജാതിസമൂഹങ്ങള്‍ തമ്മിലുള്ള തൊട്ടുകൂട്ടായ്‌മ ഇതിലധികം രൂക്ഷമാണ്‌. കുടുംബം, ജാതി തുടങ്ങിയ ഘടനകള്‍ സ്‌പര്‍ശത്തെ ഉള്‍ക്കൊള്ളുന്നതിന്റെ സൂക്ഷ്‌മരാഷ്‌ട്രീയം ഇത്തരത്തില്‍ പഠിക്കേണ്ടതുണ്ട്‌. എത്ര തിരക്കുണ്ടായാലും സ്‌ത്രീ-പുരുഷന്മാര്‍ ഒന്നിച്ചിരുന്നു യാത്ര ചെയ്യാത്തതിന്റെ സ്‌പര്‍ശ-ലിംഗ രാഷ്‌ട്രൂയവും മറ്റൊരു അന്വേഷണവിഷയമാണ്‌. (ട്രെയിനില്‍ ഇതില്‍ നിന്നും വിരുദ്ധമായി സ്‌ത്രീ-പുരുഷ ഭേദമില്ലാതെ തിങ്ങിഞെരുങ്ങിയിരിക്കുന്ന യാത്രചെയ്യുന്നതിനു കാരണം അതിന്റെ സ്ഥലപരിധി അന്തര്‍ദേശീയമാണെന്നതിനാലായിരിക്കുമോ?) സ്വാമി വിവേകാനന്ദന്‍ കേരളത്തെക്കുറിച്ച്‌ രോഷാകുലനായി പറഞ്ഞവാക്കുകള്‍ പി.ഭാസ്‌ക്കരനുണ്ണി ഉദ്ധരിക്കുന്നതിങ്ങനെയാണ്‌...'' മലബാറില്‍ ഞാന്‍ കണ്ടതിനേക്കാള്‍ കവിഞ്ഞ ഒരു വിഡ്‌ഢിത്തം ഇതിനുമുമ്പു ലോകത്തെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവര്‍ണ്ണര്‍ നടക്കുന്ന തെരുവിലൂടെ പാവപ്പെട്ട പറയനു നടന്നുകൂടാ... മലബാറിലെ ജനങ്ങളെല്ലാം ഭ്രാന്തന്മാരാണ്‌. അവരുടെ വീടുകള്‍ ഭ്രാന്താലയങ്ങളും...'' (പുറം 159, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പി. ഭാസ്‌ക്കരനുണ്ണി)
ജാതീയമായ അസ്‌പൃശ്യത പ്രത്യക്ഷത്തില്‍ നേരിട്ട്‌ സ്‌ത്രീ/പുരുഷ അസ്‌പൃശ്യതയെ ഉല്‌പാദിപ്പിക്കുന്നു എന്നല്ല പറഞ്ഞുവരുന്നത്‌. മറിച്ച്‌ ഇവരണ്ടും ഒരു സമൂഹത്തിന്റെ ഒരേ പ്രത്യയശാസ്‌ത്രഘടനയുടെ രണ്ടു സാമൂഹ്യ പ്രക്ഷേപങ്ങളാണെന്നു മാത്രം.

ദാമ്പത്യം-പ്രണയം-സ്‌പര്‍ശം
പ്രണയരംഗങ്ങളില്‍ ദാമ്പത്യരംഗങ്ങളേക്കാധികം സ്‌പര്‌ശനത്തിന്‌ ഊന്നല്‍ ലഭിക്കുന്നതായി കാണാം. ദാമ്പത്യത്തിന്റെ സ്വകാര്യവും അടഞ്ഞതും `മാന്യ'വും ആയ ഘടന `മൂന്നാമതൊരാളെ' സദാചാരപരമായ അകലത്തിലേക്ക്‌ നീക്കിനിര്‍ത്തുകയാവണം (അതുകൊണ്ടുതന്നെ അച്ഛനമ്മമാരുടെ സല്ലാപരംഗങ്ങളൊക്കെ മക്കള്‍ക്കു ചമ്മലോടെയാണ്‌ കാണിക്കുക-പവിത്രം സിനിമ) വ്യക്ത്യനുഭവങ്ങള്‍ സാമൂഹ്യാനുഭവങ്ങളിലേക്ക്‌ സംക്രമിപ്പിക്കുന്നതിലുള്ള വൈമുഖ്യമായതിനെ കാണാം. പൊതുവെ ദാമ്പത്യരംഗങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടാത്ത നഗ്നത കാമുകീ-കാമുകരംഗങ്ങളില്‍ (രതി പ്രചോദനകമായിത്തന്നെ) കണ്ടെന്നുവരാം. അവിടെ സൃഷ്‌ടിക്കപ്പെടുന്ന ഉല്‍സവപരത, ചടുലവേഗങ്ങള്‍, വര്‍ണ്ണപകിട്ടുകള്‍, നിഗൂഡതകള്‍, പ്രലോഭനങ്ങള്‍ പ്രേക്ഷകന്റെ ഐന്ദ്രിയതയെ സിനിമയിലേക്ക്‌ ക്ഷണിക്കുകയോ താദാത്മ്യപ്പെടുത്തുകയോ ആണ്‌. (പൊതുവെയുള്ള കാര്യമാണ്‌; അപവാദങ്ങളുണ്ടാവാം.)

സ്‌പര്‍ശത്തിന്റെ ഉത്സവം
ദാമ്പത്യം, കുടുംബം, ലൈംഗികത എന്നിവയെ ഒക്കെ മുഖ്യധാരസിനിമകളുടെ പതിവനുസരിച്ചാണ്‌ തന്മാത്രയും സ്വാംശീകരിച്ചിരുന്നതെങ്കിലും അവയില്‍ നിന്നു വ്യത്യസ്‌തമായി ശാരീരികമായ അകലങ്ങളെ കുറച്ചുകൊണ്ട്‌ സ്‌പര്‍ശങ്ങളുടെ ഒരു ഉത്സവംതന്നെ സൃഷ്‌ടിക്കുന്നു. കുടുംബബന്ധങ്ങളുടെ കൗതുകകരവും ആശാസ്യവുമായ ഒരു ഇഴുകിച്ചേരല്‍ എന്ന നിലയില്‍ തന്മാത്രയുടെ ചുവര്‍പരസ്യങ്ങളിലൊക്കെ ഇതുകാണാം. ഊഷ്‌മളതയുടെ ഈ പ്രസരം ഭര്‍ത്താവും (അച്ഛന്‍) ഭാര്യയും (അമ്മ) തമ്മില്‍ മാത്രമല്ല മക്കളിലേക്കും വ്യാപിച്ചു നില്‍ക്കുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള (അമ്മായിച്ഛന്‍ മരുമകളുടെ തോളത്തുചാഞ്ഞുതേങ്ങുന്നതുള്‍പ്പെടെയുള്ള) ശാരീരികമായ അടുപ്പം ഈ സിനിമയുടെ മുഖ്യചാലക ശക്തിയാണ്‌. മുഖ്യപ്രമേയമെന്ന പറയാവുന്ന അള്‍ഷിമേഴ്‌സിനെ/മറവിയെ മറികടക്കുന്ന ഇന്ദ്രിയപരമായ ഓര്‍മ്മ (സാധ്യത) കൂടിയാണിത്‌. രുചികളും മണങ്ങളും ഓര്‍മ്മകളിലൂടെ കടന്നുവരുന്നു. പിന്നീടത്‌ അനുഭവങ്ങളിലൂടെ ഓര്‍മ്മയെ സൃഷ്‌ടിച്ചെടുക്കുന്നു. സ്‌പര്‍ശം കേവലമായ ഐന്ദ്രിയാനുഭവമെന്ന നിലയില്‍നിന്ന്‌ സിനിമയുടെ കേന്ദ്രസ്ഥാനമായ ഒന്നിലേക്ക്‌ കണ്ണിചേര്‍ക്കപ്പെടുന്നതിങ്ങനെയാണ്‌ മകന്റെ സ്‌ക്കൂളിലെ പി.ടിഎ.യോഗത്തില്‍ സംസാരിക്കുന്ന രമേശന്‍ മക്കളെ തൊട്ടുസംസാരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ്‌ പറയുന്നത്‌. മഴയുടെ/ജലത്തിന്റെ സ്‌പര്‍ശമാണ്‌ കൗമാരത്തെയും ഭാരതീയര്‍ കവിതയെയും അയാളില്‍ പുനഃസൃഷ്‌ടിക്കുന്നത്‌. സ്‌പര്‍ശം ഇവിടെ ഒരു വിലക്കായല്ല, ഒരു വിനിമയമായും കുടുംബഘടനയിലേക്കുള്ള ഒരു തുറസ്സായും തന്മാത്രയില്‍ നിറഞ്ഞുനില്‍ക്കുന്നു. നമ്മുടെ സിനിമയില്‍ ഗോപ്യവും അപകൃഷ്‌ടവുമായി മാത്രം കടന്നുവരുന്ന ശാരീരികസാമീപ്യം. സ്‌പര്‍ശം ഈ സിനിമയില്‍ സുതാര്യമാകുന്നു. ഉദാത്തമാകുന്നു. ഭൂതകാലത്തിന്റെ ഒസ്യത്തായ സ്‌പര്‍ശനത്തിന്റെ വിലക്ക്‌ ഇവിടെ റദ്ദുചെയ്യപ്പെടുകയും കുടുംബഘടനയുടെ അധികാരത്തെ (ഭര്‍ത്താവ്‌>ഭാര്യ>മകന്‍>മകള്‍...) ചെറുതാക്കുകയും ചെയ്യുന്നു. അബോധത്തിലൂടെയെങ്കിലും കുടുംബത്തിന്റെ ഒരു ജനാധിപത്യക്രമത്തെ ഈ സിനിമ ആഗ്രഹിക്കുന്നുണ്ടാവണം.
ബ്ലെസിയുടെ ആദ്യത്തെ സിനിമ `കാഴ്‌ച' ഒരു ഓപ്പറേറ്ററിലൂടെ കഥ പറയുന്നു; തന്മാത്രയെ നിയന്ത്രിക്കുന്ന കത്രികകളും ഇതേ ഓപ്പറേറ്റര്‍മാരുടേതാണ്‌. നഗ്നമാക്കി കാണിക്കപ്പെട്ട പുറമോ, ചുമലുകളോ മൂലം സ്‌ത്രീ/കുടുംബപ്രേക്ഷകര്‍ സിനിമയ്‌ക്കു ഭ്രഷ്‌ടുകല്‌പിക്കുമെന്നു ഭയന്നാണല്ലോ കത്രികപ്രയോഗം ബോളിവുഡ്‌, ഹോളിവുഡ്‌ സിനിമകളിലെയും ചാനല്‍ പ്രണയരംഗങ്ങളിലെയും നിരവധി അര്‍ദ്ധനഗ്‌തകളും ചുടന്‍രംഗങ്ങളും വകവച്ചുകൊടുക്കുന്ന പ്രേക്ഷകര്‍ക്ക്‌ തന്മാത്രയുടെ `സംരക്ഷകര്‍' ചാര്‍ത്തികൊടുക്കുന്നത്‌ തൊട്ടാല്‍പൊട്ടുന്ന വിക്‌ടോറിയന്‍ സദാചാരമാതൃകയാണ്‌. ചരിത്രപരമായി കേരളസമൂഹത്തില്‍ വേരോടിയ വിലക്കുകളാണിത്‌. `തന്മാത്ര'യില്‍ ആരോപിയ്‌ക്കപ്പെടുന്ന ലൈംഗികത ദൃശ്യം എന്നതിനേക്കാള്‍ സ്‌പര്‍ശമാണെന്നതുകൊണ്ടുകൂടിയാണിത്‌. കേരളീയ സമൂഹത്തിലെ ദാമ്പത്യഘടനയുടെ ഇടുങ്ങിയ വൈയക്തികതയെ സാമൂഹ്യാനുഭവങ്ങളിലേക്കു വികസിപ്പിക്കുന്നതിലുള്ള പരാങ്‌മുഖതയാണ്‌ രഹസ്യമായി ചെവിക്കു ചെവിയിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം ആക്ഷേപങ്ങളുടെ പ്രത്യയശാസ്‌ത്രം.
(കവിതാസംഗമം,2006 ജൂണ്‍)