സാമൂഹ്യാധികാരത്തിന്റെ കഠിനഹൃദയത്തിലെ അഴുക്കുകളെ നിഷ്‌കളങ്കമെങ്കിലും ദൃഢതയുള്ള സ്വന്തം കൈകൊണ്ട്് തല്ലി അലക്കി വെളുപ്പിക്കുന്ന ഒരു ദൃശ്യത്തിന്റെ നിസ്സഹായവും അതേസമയം പ്രത്യാശാഭരിതവുമായ ഒരിടത്താണ് മാറ്റാത്തി പര്യവസാനിക്കുന്നത്. അധികാരമെന്ന സമസ്യയെ ഇത്രയധികം സൂക്ഷ്മബന്ധങ്ങളോടെ, പടര്‍ച്ചകളോടെ എഴുതിയ മറ്റൊരു നോവലില്ല, സാറാജോസഫിന്റേതായി. പകച്ച കണ്ണുകളും അനുനിമിഷം ഭയം മിടിക്കുന്ന ഹൃദയവുമായി അനാഥയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം നമുക്കു മുന്നില്‍. ബ്രിജിത്ത എന്ന ഇളയമ്മയുടെ ഔദാര്യത്തിന്റെ കറ പോലും ഇളക്കിയൊഴുക്കി ചെറോണയോടൊപ്പം നില്‍ക്കുന്ന ലൂസി ജീവിതത്തിന്റെ ഗതിവിഗതികളുടെ പരിണാമവിധേയമായ അഭിസന്ധികളിലാണ്. ക്രിസ്ത്യന്‍സാമുദായികജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ദേശചരിത്രവും സ്ത്രീജീവിതവും ആവിഷ്‌കരിക്കുന്ന ഈ നോവലിലൂടെ സാറാജോസഫ് മലയാളനോവല്‍ വഴിയിലൂടെ വേറൊരു ഇടവഴികൂടി വെട്ടിത്തെളിക്കുന്നുണ്ട്. കീഴാളജീവിതത്തിന്റെ അതിരുകളെ അടുക്കിപ്പെറുക്കിവെച്ച് അടരടരുകളായി ഇഴവിടര്‍ത്തുക എന്ന ധര്‍മമാണത്.
ഒരേ സമയം ചരിത്രപരവും സാമൂഹികവുമായ നോട്ടപ്പാടിനകത്തു വിശദമാക്കപ്പെടുന്ന അനുഭൂതിപരമായ അവബോധമാണ് ഈ നോവലിനെ സാധൂകരിക്കുന്നത്. പറച്ചിലിന്റെ അഥവാ കഥനത്തിന്റെ അനുഭൂതികളെ ഭാഷാപരമായും ആഖ്യാനശാസ്ത്രപരമായും ഏച്ചുകെട്ടിയും തെറ്റിച്ചും പരിചരിച്ചും അതു സാധ്യമാക്കുന്നു. ആദ്യനോവലായ ആലാഹയുടെ പെണ്മക്കളിലെന്ന പോലെ ഭാഷാപരമായി പ്രാദേശികവാമൊഴിയുടെ ഗ്രാമ്യതയെ തൊട്ടുനില്‍ക്കുന്ന ആഖ്യാനഭാഷയാണിവിടെയും കടന്നുവരുന്നത്. ('അടിയോടടി പൊടിയരിക്കഞ്ഞി', തൂറ്വോളം പണി, തിക്കും തിരക്കും തൃശ്ശൂരു വിളക്കും എന്നിങ്ങനെ...) ഭാഷാപരമായി ഇതൊരു സംവാദമായി നോവല്‍ എന്ന രൂപത്തിനോടുതന്നെ വിലപേശാന്‍ കെല്‍പ്പുള്ളതാണ്. തൃശ്ശൂര്‍ എന്ന പ്രാദേശികതയുടെ ചൂരില്ലാതെ ഈ നോവല്‍ സാധ്യമല്ല. അതേസമയം തൃശ്ശൂരിലൂടെ അതു സൃഷ്ടിക്കുന്ന 'ലോര്‍' നോവല്‍ എന്ന രൂപത്തിന്റെ സാര്‍വലൗകികതയെ പുണര്‍ന്നുമാണ് നില്‍ക്കുന്നത്.
തൃശ്ശൂര്‍, അതില്‍ത്തന്നെ മറിയപുരം എന്ന ചെറുപ്രദേശം ആണിതിലെ സ്ഥലഭൂമിക. ലൂസിയുടെ ഇളയമ്മയാണ് ബ്രിജിത്ത എന്നു തുടങ്ങുന്ന ഈ നോവല്‍ ഇവര്‍ക്കിടയിലെ സ്ഥലകാലങ്ങളെത്തന്നെ തൊട്ടു തന്നെയാണ് നീങ്ങുന്നത്. ഒരേസമയം അടിസ്ഥാനപരമായ ഘടനകളെ സ്പര്‍ശിച്ചും അതേസമയം അവയ്ക്കിടയിലെ തന്നെ പല നിലകളിലുള്ള അധീശത്വങ്ങളോടു സംവാദം നടത്തുകയും ചെയ്യുന്ന രചനയാണ് മാറ്റാത്തി. ഇതു നമ്മോടു പറയുന്നതെന്താണ്? നേര്‍രേഖയില്‍ പരസ്പരം എതിരായി, രണ്ടറ്റത്തു നില്‍ക്കുന്നതല്ല അധികാരകേന്ദ്രങ്ങള്‍ എന്നു തന്നെയാണ്. ആലാഹയുടെ പെണ്‍മക്കളെന്ന ആദ്യനോവലില്‍ ആനിയുടെ നിസ്സഹായമായ ലോകത്തിനെതിരെ ബലിഷ്ഠമായ കോയ്മകളെ പടുത്തുയര്‍ത്തിയതു നാം കാണുന്നു. ദേശചരിത്രത്തിന്റെ കഥനത്തിലൂടെ ചെറുതുകള്‍ ഞെരുങ്ങിയമരുന്നതിന്റെ ധ്വനി തന്നെയാണ് അവിടെ നാം കേള്‍ക്കുന്നതും. എന്നാല്‍ മാറ്റാത്തിയിലേക്കതു കൂടുതല്‍ തത്വചിന്താപരമായി ആഴമുള്ളതും വിവിധഘടകങ്ങള്‍ക്കകത്തു ഒരേസമയം വര്‍ത്തുളമായി പ്രവര്‍ത്തിക്കുന്ന രീതിയിലുമാണ് കാണുന്നത്. സാറാജോസഫിന്റെ എഴുത്തു ജീവിതവുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോള്‍ ആലാഹയില്‍ നിന്നും മാറ്റാത്തിയിലേക്കു വരുമ്പോഴുള്ള ഈ മാറ്റം Self steriotyping നെതിരെ പ്രവര്‍ത്തിക്കുന്നതായി കാണാം.
എന്തുകൊണ്ടാണിതു എന്നതിനു ഈ നോവലിന്റെ കഥാപാത്രഘടന തന്നെയാണ് ഉത്തരം. ബ്രിജിത്ത ലൂസിയുടെ ഇളയമ്മയായിരിക്കെത്തന്നെ, ഒരേ വംശത്തിലെ, കുടുംബത്തിലെ ഒരേ ലിംഗഘടനയിലുള്ള, ഒരേ വീട്ടില്‍ താമസിക്കുന്നവരായിട്ടും അവര്‍ പരസ്പരം അപരങ്ങളായി നില്‍ക്കുന്നു. ഓര്‍ഹാന്‍ പാമുക്കിന്റെ ദി വൈറ്റ് കാസില്‍ എന്ന നോവലിലെ രണ്ടു പുരുഷന്മാരെ പോലെ പരസ്പരം കൊമ്പുകൊരുത്തുകൊണ്ടും ആശ്രയിച്ചുകൊണ്ടും നില്‍ക്കുമ്പോഴും അവര്‍ പരസ്പരം അപരരാണ്. രണ്ടുപേരുടെയും വ്യത്യാസങ്ങളിലാണ് ഊന്നുന്നത്. ബോര്‍ദ്യുവിനെ വിശദീകരിച്ചുകൊണ്ട് പി.പി.രവീന്ദ്രന്‍ വിശദീകരിക്കുന്ന, ലളിതജീവിതം നയിക്കുന്ന കോടീശ്വരനെക്കുറിച്ചുള്ള ഒരു കഥ ഇതിനുത്തരമേകും. ''പട്ടണത്തിലെ ചെറിയ ചായക്കടയില്‍ ഒന്നിച്ചു വളര്‍ന്ന പഴയ കൂട്ടുകാര്‍ക്കൊപ്പം ചായകുടിച്ചും ഊണുകഴിച്ചും സാധാരണക്കാരെപ്പോലെ ജീവിക്കുന്ന കോടീശ്വരന്‍ പരിസരവാസികള്‍ക്കൊക്കെ അത്ഭുതമായിരുന്നു. വിശേഷിച്ച് നഗരത്തിലെ സമ്പന്നരായ സുഹൃത്തുക്കള്‍ക്കൊപ്പം പഞ്ചനക്ഷത്രഹോട്ടലുകളിലും പരിസരങ്ങളിലും ആര്‍ഭാടജീവിതം നയിക്കുന്ന കോടീശ്വരപുത്രനുമായുള്ള താരതമ്യത്തില്‍. മകന്റെ നില്പും നടപ്പും ഭാവങ്ങളുമെല്ലാം അച്ഛന്റേതില്‍ നിന്നും നേര്‍ വിപരീതം. എന്തുകൊണ്ട് അച്ഛനും മകനും തമ്മില്‍ സ്വഭാവത്തിലും ജീവിതശൈലിയിലും ഇത്ര ഭീമമായ അന്തരമെന്ന ചോദ്യത്തിന് അച്ഛന്റെ ഉത്തരം അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ ലളിതമായിരുന്നു.''ഞാനൊരു പാവപ്പെട്ട കര്‍ഷകന്റെ മകനായാണ് ജനിച്ചത്. എന്റെ മകനാകട്ടെ ഒരു കോടീശ്വരപുത്രനായും. ഈ വ്യത്യസ്തത ഞങ്ങളുടെ ജീവിതശൈലിയിലും കാണുമല്ലോ.'' ലൂസി എന്ന നിസ്സഹായായ അനാഥപ്പെണ്‍കുട്ടിയും ബ്രിജിത്ത എന്ന തന്റേടിയും സ്വേച്ഛാധിപതിയുമായ ഒരു വൃദ്ധയും എങ്ങനെ അന്യോന്യം വേറിട്ടവരായി എന്നതിലേക്കുള്ള പ്രവേശിക ഈ കഥനത്തിലുണ്ട്.
പെണ്‍കുട്ടിയുടെ ശരീരജീവിതം
മുതിര്‍ന്നവര്‍ക്കും ബാലികയ്ക്കും ഇടയില്‍ നിന്നും പുറപ്പെടുന്ന ആഖ്യാനദൃഷ്ടിയെ കഥകളിലെന്ന പോലെ ആലാഹയില്‍ ഏറെ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്, സാറാ. ഈ നോവലിലും അതു തുടരുന്നുണ്ട്. എന്താണതിന്റെ സര്‍ഗാത്മകസാധ്യത? വാസ്തവത്തില്‍ മുതിര്‍ന്ന സ്ത്രീയേക്കാള്‍ ഒരേ സമയം സാഹസികവും സ്വതന്ത്രവും അതേസമയം ദുര്‍ബലവുമായ സ്വത്വമെന്ന നിലയില്‍ ബാലികയ്ക്ക് വിധ്വംസകത ഉണ്ട്. (ടുണീഷ്യന്‍ സംവിധായിക രാജാ അമരിയുടെ ബറീഡ് സീക്രട്സ് എന്ന സിനിമയിലെ അയ്ഷയിലെന്ന പോലെ) വെല്ലുവിളികളും സംഘര്‍ഷങ്ങളും അവര്‍ അനുഭവിക്കുന്നതും നേരിടുന്നതും വളരെ തീവ്രതയോടെയാണ്. ആനിയേക്കാള്‍ മുതിര്‍ന്ന കൗമാരപ്രായക്കാരിയായ ലൂസിയിലേക്കെത്തുമ്പോഴേക്കും തന്റെ ഇടം കൃത്യമായി തിരിച്ചറിയാനാവാതെ കുഴങ്ങുന്ന പകപ്പിന്റെ കണികകള്‍ പെരുകുന്നുമുണ്ട്. ഒരു വശത്ത് താന്‍ അനാഥയും അപകൃഷ്ടയുമാണെന്ന തിരിച്ചറിവ് അവള്‍ക്കുള്ളപ്പോഴും മറ്റുള്ളവരുടെ നിരാര്‍ദ്രതയെ, കുടിലതകളെ വിവേകത്തോടെ പിടിച്ചെടുക്കാനും അവള്‍ക്കാവുന്നുണ്ട്. മുതിര്‍ന്നവരുടെ കന്മഷം നിറഞ്ഞ സമവാക്യങ്ങള്‍ പെരുകി മുറുകുന്ന ഒരിടത്തു പെണ്‍കുട്ടിയായി അതിജീവിക്കുക എന്ന അവസ്ഥ എത്രമാത്രം ഭാരം നിറഞ്ഞതാണ് എന്നു ഈ നോവല്‍ പറയുന്നു. ബ്രിജിത്ത എളേമയ്ക്കു പുറമേ തനിക്ക് ആരെങ്കിലുമൊക്കെ കൂടി തനിക്കില്ലല്ലോ എന്നു രാത്രി ബ്രിജിത്തയുടെ കട്ടിലിനു താഴെ പായവിരിച്ചു കിടക്കുമ്പോള്‍ ലൂസി എന്നും സങ്കടപ്പെട്ടു. ലൂസിയുടെ ശരീരബോധത്തില്‍ അപകര്‍ഷത അരച്ചു ചേര്‍ക്കുവാനെന്നവണ്ണം അവള്‍ക്കു ചുറ്റുമുള്ളവരുടെ പ്രതികരണങ്ങള്‍ ഓരോന്നും വന്നു തറഞ്ഞുകൊള്ളുന്നവയാണ്. ജനിച്ച് അമ്മ ഉപേക്ഷിച്ചു പോകുമ്പോള്‍ ഒരു പുഴുവിന്റെയത്ര മാത്രമുള്ള, കണ്ടാലറയ്ക്കുന്ന ലൂസി എന്ന് ബ്രിജിത്ത ദിവസേന ആവര്‍ത്തിക്കും.
'അമ്മയെ പറ്റി ലൂസി കുറേ കേട്ടിട്ടുണ്ട്. മുഴുവന്‍ തെറികളാണ്. അപ്പനെ പറ്റി ബ്രിജിത്ത ഒരക്ഷരം പറഞ്ഞിട്ടില്ല. അപ്പന്‍ ആരായിരിക്കും? അതോ ലൂസിക്ക് അപ്പനില്ലേ? അമ്മയ്ക്കു മാത്രം ഉണ്ടായ കുട്ടിയെ പോലെ അവളുടെ ജീവിതത്തില്‍ അപ്പന്‍ ഒരു ഇരുട്ടായി തുടര്‍ന്നു. ആ ഇരുട്ടു മാറിക്കിട്ടണമെന്നൊന്നും ലൂസി ആഗ്രഹിച്ചില്ല. അമ്മയും അപ്പനും ഇട്ടിട്ടു പോയതു കൊണ്ട് ജീവിക്കാന്‍ പറ്റില്ലെന്ന് ലൂസിക്ക് തോന്നിയില്ല. അവര്‍ക്കു വേണ്ടാഞ്ഞിട്ടല്ലേ? ലൂസിക്കെന്തായാലും ലൂസിയെ വേണം.' (പുറം 33 മാറ്റാത്തി) ഇതാരാ മോളാ? എന്നു വരുന്നു വന്ന ഓപ്പന്റൈ കൂട്ടര്‍ ചോദിക്കുമ്പോള്‍ അല്ല, ഇവിടത്തെ പണിക്കാരിയാ എന്നു മറുപടി കൊടുക്കുന്ന ബ്രിജിത്ത അവളുടെ അനാഥത്വത്തെ അനാദിയായ യാഥാര്‍ത്ഥ്യമാക്കി പെരുപ്പിക്കുന്നുണ്ട്. അകത്തു നെഞ്ചില്‍ പാളുന്ന വേദനയും കണ്ണിലെ ശൂന്യതയും വേഗം മറികടന്നവള്‍ പണികളില്‍ മുഴുകുന്നു.
ഒരുവള്‍ എങ്ങനെയാണ് ബാല്യത്തില്‍ നിന്നും സ്ത്രീത്വത്തിലേക്ക് പകര്‍ന്നെത്തുന്നത്? 'ദി ഡേ ഐ ബികെയിം എ വുമണ്‍' എന്ന ഇറാനിയന്‍ സിനിമയില്‍ സംവിധായിക മെഴ്സിയേ മെഷ്‌കിനി ആദ്യത്തെ ആര്‍ത്തവം പെണ്‍കുട്ടിയില്‍ സൃഷ്ടിക്കുന്ന ആഘാതം ആവിഷ്‌കരിക്കുന്നുണ്ട്. ഇനി നീയധികം വൈകിക്കില്ല, അതോടെ നിന്റെ ചാട്ടോക്കെ നിന്നോളും എന്നു ബ്രിജിത്ത പറയുമ്പോള്‍ അതൊരു താക്കീതു പോലെയാണ് ലൂസിയും ഉള്‍ക്കൊള്ളുന്നത്. ആ 'അത്' താനാഗ്രഹിച്ചതെങ്കിലും അന്യഥാത്വമാണവിടെയും അവള്‍ അനുഭവിച്ചത്. അതിലൊരു കുഞ്ഞ് മിടിക്കുന്നുണ്ടെന്നു ലൂസി മനസ്സിലാക്കിയിട്ടുണ്ട്. ഏകാന്തതയുടെ അവസാനം പോലെ ഒരു മിടിപ്പിന്റെ കൂട്ട് അതിലാണുള്ളത്. ആദ്യം കിനിഞ്ഞ ചോരയുടെ നനവില്‍ വിരല്‍മുക്കി സൂര്യനു നേരെ പിടിച്ചു. ബാലികയില്‍ നിന്നും യുവതിയിലേക്കുള്ള സംക്രമണത്തെ സവിശേഷമാക്കുന്ന വിധത്തില്‍ പെണ്ണിന്റെ ശരീരബോധം മാറ്റാത്തിയില്‍ പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ഇറച്ചിക്കടക്കാരുടെ തുളച്ചുകയറുന്ന ആണ്‍നോട്ടം കൊള്ളാതിരിക്കാന്‍ തോള്‍ ഉള്ളിലേക്കു വളച്ചു നെഞ്ചും വയറും എക്കിപ്പിടിച്ചു നടക്കുന്ന ലൂസി അതാണ് വെളിവാക്കുന്നത്. എങ്കിലും ആണുങ്ങളുമായുള്ള എല്ലാ സമ്പര്‍ക്കത്തിനും ബ്രിജിത്ത വിലക്കുമായി നിന്നു. ''ഇനിയ്ക്ക് മനസ്സിലായിരീ. നീയ് നിന്റെ തള്ളേരെ തല്‍സ്വബാവത്തില്ണ് വളരണേ. വിത്തു ഗുണം പത്തു ഗുണണ്. വേലിപ്പൊത്ത്ലാ ചെന്നു നിന്നട്ട് കണ്ണും കയ്യും കാട്ടി ആണുങ്ങളെ വെശീകരിക്ക്യേ?''(പുറം.22)
വളരുന്ന ശരീരം ലൂസിക്ക് ആഹ്ലാദവും ഭാരവുമായിരുന്നു. പക്ഷേ അത് തനിക്ക് ഉണര്‍വായും ഉന്മാദമായും വൈകാതെ അവളറിയുന്നു. പുളിയുറുമ്പിന്റെ മണം എന്ന അധ്യായത്തില്‍ ഒരു പെണ്‍കുട്ടികുട്ടിക്ക് പുരുഷനോടുള്ള അഭിലാഷ കാമനകളും വിവരിക്കപ്പെടുന്നുണ്ട്. ആരോടും പങ്കുവെയ്ക്കാനാവാത്ത ദാഹജ്വാലകളായും വിഷാദത്തിരകളായും അതവളെ പൊതിയുന്നുണ്ട്. ബ്രിജിത്തയുടെ പറമ്പിലെ വാഴക്കുലകള്‍ കരാറിനെടുത്ത പൂച്ചെട്ടിയിലുള്ള വര്‍ഗീസിനെ ചൂട്ടഴികള്‍ക്കുള്ളിലൂടെ നോക്കിക്കാണുന്നു, ലൂസി. '' .... വര്‍ഗീസ് തിരിഞ്ഞു നിന്നു. അയ്യേ! നെഞ്ഞത്ത് ഒരൊറ്റ രോമല്യ. പക്ഷേ പരന്ന് ഉറച്ച നെഞ്ചാണ്. ആ പരപ്പ് ലൂസിക്കിഷ്ടായി. മണ്ണ് കൊത്തിക്കിളക്കുമ്പോഴും ഇങ്ങനെ ചില പരപ്പുകള്‍ ലൂസിയെ പെട്ടന്ന് വശീകരിക്കാറുണ്ട്''(പുറം.97). ശാരീരികമായ ആനന്ദത്തിനായുള്ള, ശരീരത്തിന്റെ യൗവനാനന്ദങ്ങള്‍ സ്വന്തമായറിയുന്നതിന്റെ അനുഭൂതികളും പുളപ്പുകളും പ്രണയമോഹങ്ങളും അവളിലുണരുന്നതു ഭയസംഭ്രമങ്ങളോടെയാണ്. വീടാകെ പുളിയുറുമ്പിന്റെ ഗന്ധം നിറഞ്ഞ ആ രാത്രിയില്‍ ലൂസി ഉറങ്ങാതെ, അനങ്ങാതെ കിടന്നു. '' കാല്‍വണ്ണയില്‍ അരിച്ചു നടക്കുന്നത് ഒരു പുളിയുറുമ്പാണോ? അവള്‍ അനങ്ങിയില്ല, അനങ്ങിയാല്‍ ഇറുക്കും. വേര്‍പെടുത്താന്‍ വിഷമിക്കും. അസ്വസ്ഥത, പേടി, ഇക്കിളി. മുട്ടിനു മീതേക്കൂടി തുടകളിലേക്ക് അരിച്ചു കേറുന്നു. അനങ്ങിയാല്‍ മരണം നിശ്ചയമാണെന്ന പോലെ ലൂസി കിടന്നു. തന്റെ ദേഹം ഇത്രത്തോളം ഭംഗിയുള്ളതും ഇത്രത്തോളം മൃദുലവുമാണെന്ന് ലൂസി അറിഞ്ഞതങ്ങനെയാണ്. കിടന്ന കിടപ്പില്‍ ഉറുമ്പിനു പിന്നാലെ, അതറിയാതെ ലൂസിയുടെ വിരലുകള്‍ സഞ്ചരിച്ചു. പുളിയുറുമ്പ് ചിലപ്പോള്‍ പേടിയായി, ചിലപ്പോള്‍ പൊട്ടിത്തരിപ്പായി. ചിലപ്പോള്‍ വേദനിച്ചു. അന്നു വരെ ലൂസി തേടിയിട്ടില്ലാത്ത ഇടങ്ങളിലൂടെ ഉറുമ്പ് അവളെ നടത്തിച്ചു. തുടകള്‍ക്കിടയില്‍ വിലലുകളെത്തിയപ്പോള്‍ ലൂസി പേടിച്ചു വിറച്ചു. ഇങ്ങനെ ഒരന്വേഷണം അവള്‍ നടത്തിയിട്ടില്ല. ഇതെന്താണ് ? ലൂസി അന്വേഷിച്ചു ഇതെന്താണ്, ഇതെന്താണ് ഇത്. ഇത്, ഇത്. ഇത് ...ദൈവമേ, ഇതോരോന്നും എന്തൊക്കെയാണ്!'' (പുറം.103) പിന്നീടൊക്കെ അതവളുടെ ഏകാന്തതകളില്‍ നിന്നു രക്ഷതേടിയുള്ള പിടച്ചിലാവുന്നു. കൂട്ടില്ലാത്തവളുടെ നീണ്ട നിലവിളിയായാണ് അവളതിനെ കണ്ടതെന്നും ഇതല്ല, ഇങ്ങനെയല്ല, വേണ്ടതെന്ന് അവളുടെ ശരീരം നാലുവശത്തേക്കും അവളെ കോട്ടിവലിച്ചുകൊണ്ടിരുന്നുവെന്നും എഴുതുന്ന നോവലിസ്റ്റ് നാളിതുവരെ മലയാളരചനയില്‍ തെളിയാത്ത സ്ത്രീലൈംഗികകാമനയുടെ വേറിട്ട ആവിഷ്‌കാരത്തെയാണ് സ്ഥാപിച്ചെടുക്കുന്നത്. പെണ്‍തൂലികയിലൂടെ അതെഴുതപ്പെടുന്നതിന്റെ രാഷ്ട്രീയം സാംസ്‌കാരികമായ തിരുത്തെഴുത്തുകൂടിയാവുന്നുണ്ട്. ബ്രിജിത്തയുടെ മരുമകള്‍ സെലീനയും ഭര്‍ത്താവും തമ്മിലുള്ള സൈ്വരകേളികള്‍ ഒളിച്ചുനിന്നു കാണുന്ന ലൂസിയിലൂടെയും ഈ പെണ്‍തൃഷ്ണകളുടെ സൂക്ഷ്മരചന സാധ്യമാക്കുന്നുണ്ട്. ''ഒളിഞ്ഞു നോക്കുന്നതില്‍ വിഷമിച്ചുകൊണ്ടും ഒളിഞ്ഞുനോക്കാതിരിക്കാന്‍ കഴിയില്ലെന്നറിഞ്ഞു കൊണ്ടും ഓരോ തവണ നെല്‍സനും സലീനയും ''തൊടും പിടിക്കും'' ചെയ്യുമ്പോള്‍ ലൂസിയുടെ നട്ടെല്ലിലൂടെയാണ് മിന്നലുകള്‍ പായുന്നത്. ലൂസിയുടെ ദേഹമാണ് ഞെട്ടുന്നത്. ആ സുഖത്തിനു വേണ്ടിയാണ് കള്ളക്കണ്ണുകൊണ്ട് ലൂസി ഓരോ നിമിഷവും പിന്തുടരുന്നത്.'' (പുറം200) ഉറങ്ങിക്കിടക്കുന്ന അവരുടെ കുഞ്ഞിന്റെ ചുണ്ടിലേക്ക് തന്റെ മുലക്കണ്ണുകള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും ലൂസി സ്ത്രൈണകമാനകളുടെ വഴിയേ തന്നെ അലയുകയാണ്.
ലൂസി എന്ന പെണ്ണിന് ആണ് എന്ന അനുഭവം സ്വന്തം ജീവിതത്തില്‍ ആദ്യമായി മുദ്രിതമാകുന്നത് സേതുവിലൂടെയാണ്. പിന്നീടു ഓപ്പനിലൂടെയുമാണ്. സേതുവിന്റെ ഒരു നോട്ടം അവളെ കാണാത്ത വിദൂരലോകങ്ങള്‍ക്കകത്തേക്ക് വിളിച്ചുണര്‍ത്തുന്നു. ഓപ്പന്റെ ബ്രൂട്ട് സുഗന്ധം, വര്‍ഗീസിന്റെ പുളിയുറുമ്പിന്റെ മണം ഒക്കെ അവളെ സ്ത്രൈണമായ ഏതൊക്കെയോ വിഭ്രമങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നു. വിഫലമെങ്കിലും ഒരിക്കലും അവസാനിക്കാത്ത തേടലില്‍ ലൂസി, നിസ്സഹായമായി മുറിഞ്ഞു പിളരുന്ന അവളെത്തന്നെ ഓരോ പ്രാവശ്യവും മുറികൂട്ടിക്കൊണ്ടിരുന്നു.
ആധുനികതയുടെ പെണ്‍ദൃഷ്ടി
കാലത്തിന്റെയും ദേശത്തിന്റെയും സാമൂഹികജീവിതത്തിന്റെയും ആധുനികീകരണത്തിനു സമാന്തരമായി ലൂസിയുടെ ജീവിതത്തിലും അവളാഗ്രഹിച്ചാലുമില്ലെങ്കിലും പല പുതുമകളും മാറ്റങ്ങളും വരുന്നു. പറമ്പു മുഴുവന്‍ വെട്ടിത്തെളിച്ചു വാഴവെച്ചു കിട്ടുന്ന വരുമാനം കൊണ്ട് കോളേജില്‍ പോകാനുള്ള അനുവാദം കിട്ടിയതോടെ അതു ലൂസി അപ്രതീക്ഷിതമായി കിട്ടിയ ഒരവസരമായിത്തന്നെ എടുത്തു. പതിവു ജോലികളില്‍ വിട്ടുവീഴ്ച്ചകളില്ലാതെ തന്നെ സമയത്തിനു കോളേജില്‍ എത്താനാവുമായിരുന്നില്ല. വൈയക്തികമായി ലൂസിക്ക് അതെല്ലാം ഇരട്ടി ഭാരമാകുന്നുവെങ്കിലും അതവളില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പുതുലോകങ്ങള്‍, പുതുഭാഷ, പുതുമനുഷ്യര്‍ എല്ലാം. ആധുനികതയുടെ ചരിത്രവല്‍ക്കരണം ഒരു പെണ്‍ദൃഷ്ടിയിലൂടെ ആവിഷ്‌കരിക്കുന്നതായി ഇതു നോവലില്‍ മാറുന്നു. കോരിച്ചൊരിയുന്ന ഇടവപ്പാതിമഴയില്‍ ലോകാരംഭത്തിന്റെ പഴക്കമുള്ള ബ്രിജിത്തയുടെ കാലന്‍ കുടയുമായി ചെന്ന അവള്‍ തുടക്കം മുതലേ പരിഹാസപാത്രമാകുന്നുണ്ട്. സ്വതേ ഉള്ള നിസ്സഹായതയെയും പാവത്തത്തെയും അതു വര്‍ധിപ്പിക്കുന്നു. നിവര്‍ത്തിപ്പിടിക്കുമ്പോള്‍ തോന്നാത്ത അസൗകര്യമാണ് അതു മടക്കിപ്പിടിക്കുമ്പോള്‍ എന്നവള്‍ മനസ്സിലാക്കുന്നു. കോളേജിലെ കുട്ടികളൊന്നും അത്തരം ഒരു കുടപിടിക്കുന്നില്ല. അതിന്റെ വളഞ്ഞ മരക്കാലും വല്ലാത്ത നീളവും നരയും ഓര്‍ത്തവള്‍ നാണം കെട്ടു. തന്റെ പോലെ ഉടുപ്പും നടപ്പും ഭാവവുമുള്ള ഒരാളെയെങ്കിലും കാണാനവള്‍ കൊതിച്ചു. ഒടുവില്‍ സുന്ദരിയെന്ന കറുത്തു മലെിഞ്ഞ കുട്ടിയെകണ്ടതോടെ തന്റെ പ്രതിച്ഛായയെ കിട്ടിയതുപോലെ ലൂസി ആശ്വസിച്ചു. തങ്ങളുടെ അപകര്‍ഷതകള്‍ ഓരോന്നും പരസ്പരം പങ്കിട്ടു വളര്‍ന്ന സൗഹൃദമായതു മാറി. പിച്ചക്കാരിയുടെ കയ്യിലെ മുഷിഞ്ഞ നോട്ടുപോലെ തന്റെ നാടന്‍ സംസാരഭാഷയിലെ വാക്കുകള്‍ പോലും പരിഹസിക്കപ്പെടുന്നതറിഞ്ഞു ലൂസി ചൂളിപ്പോകുന്നുണ്ട്. മീനിനു പകരം മല്‍സ്യം എന്ന വാക്കു ശീലിക്കാനവള്‍ തത്രപ്പെടുന്നു. സ്വത്വത്തിന്റെ അവമതിക്കലായി നിറഞ്ഞു വളരുന്ന തിരിച്ചറിവുകളും നാഗരികവും വരേണ്യവുമായ പരിഷ്‌കാരങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് ലൂസിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. കാലന്‍ കുടപോലെ തന്നെ, ചോറിനുകൂട്ടാനായി കൊണ്ടുപോയ ഉണക്കച്ചെമ്മീനും അതിന്റെ മണവും അവളെ ഒറ്റുകൊടുത്തു, താഴ്ത്തിക്കെട്ടി. കീഴ്ജാതിക്കാരിയായ സുന്ദരിയുടെ ഹോസ്റ്റല്‍ വാസം നിത്യേനയെന്നവണ്ണമുള്ള വിവേചനത്തിന് അവളെയും വിധേയയാക്കി. ജാതിയധിക്ഷേപത്തെ നേരിടാനുറച്ച സുന്ദരി ഹോസ്റ്റലില്‍ നോട്ടപ്പുള്ളിയായി. മെസ്ഹാളിലും ടോയ്ലെറ്റിലും റീഡിംഗ്റൂമുകള്‍, കുളിമുറികള്‍ എല്ലായിടത്തും അത്തരം പെണ്‍കുട്ടികള്‍ വിവേചനമനുഭവിക്കുന്നു.
സ്വന്തം പേരെന്താണെന്ന ഇംഗ്ലീഷിലുള്ള ചോദ്യം തിരിച്ചറിയാത്ത, ഇംഗ്ലീഷ് ടെസ്റ്റ് പേപ്പറില്‍ പൂജ്യം കിട്ടിയ ലൂസി അതേ അവമാനം തന്നെ ഏറ്റുവാങ്ങുന്നു. 'കോഴിപ്പെര' എന്നു വിളിക്കപ്പെട്ട മലയാളം ബ്ലോക്കിലെ ഇംഗ്ലീഷ് ക്ലാസുകളില്‍ പ്രൊഫസറും ചന്ദ്രു എന്ന വിദ്യാര്‍ത്ഥിയും തമ്മിലേറ്റുമുട്ടി. പ്രൊഫസറുടെ സ്പെല്ലിംഗ് പിടിവാശികള്‍ക്കേറ്റ പ്രഹരത്തിനു പകരമായി ചന്ദ്രുവിനെ പുറത്താക്കിയപ്പോള്‍ സ്വയമറിയാതെ അതിനോടു തെല്ലുച്ചത്തില്‍ പ്രതിഷേധിച്ചുപോകുന്നുണ്ട്, ലൂസി. ലിംഗം, ഭാഷ, ജാതി, ഭക്ഷണം എല്ലാറ്റിനെയും ചോല്ലിയുള്ള വിവേചനത്തിന്റെ ഭിന്നമുഖങ്ങളെ മറനീക്കിക്കാണാന്‍ കോളേജിലെ ചെറിയകാലം തന്നെ ലൂസിക്കു ധാരാളമായിരുന്നു. ''ചന്ദ്രു ചെയ്തത് തെറ്റാണെന്നു പെണ്‍കുട്ടികളെല്ലാരും ഉറപ്പിച്ചു പറഞ്ഞു. ലൂസി പറഞ്ഞില്ല. ലൂസി തൊള്ളതൊറന്ന് നാലു വര്‍ത്താനാ പറഞ്ഞു. ലൂസിയുടെ ആദ്യത്തെ വെളിപ്പെടല്‍! കുട്ടികളൊക്കെ അതിശയത്തോടെ ലൂസിയെ നോക്കി. ലൂസിയുടെ ഒച്ച. ലൂസിയുടെ ഒച്ച. ഇതാണോ ലൂസിയുട ഒച്ച? ലൂസിയുടെ ഭാഷ. ലൂസിയുടെ ഭാഷ. ഇതാണോ ലൂസിയുടെ ഭാഷ? ലൂസി നിന്നു കിതച്ചു....''(പുറം94). അവളുടെ പ്രതിഷേധത്തെ വരേണ്യമായ നാഗരിക ആധുനികീകരണത്തോടുള്ള പെണ്‍ പ്രതികരണമായിത്തന്നെ കാണാം. സ്വന്തം ദൈനംദിനജീവിതത്തിനകത്ത് അനുഭവിച്ച മാറ്റിനിര്‍ത്തലിന്റെയും ചൂഷണത്തിന്റെയും അപകര്‍ഷതയുടേതുമായ, ഒരു ജീവിതചരിത്രം അവളില്‍ ആ ബോധത്തെ അവള്‍ പോലുമറിയാതെ നിര്‍മിച്ചെടുത്തിട്ടുണ്ടായിരുന്നു. പിയറി ബോര്‍ദ്യൂ അദ്ദേഹത്തിന്റെ ഹാബിറ്റസ് എന്ന സങ്കല്‍പനത്തിലൂടെ ഓരോ വ്യക്തിയുടെയും അവളുടെ/ അവന്റെ ചുറ്റുപാടുകളുടെയും സാംസ്‌കാരികമൂലധനത്തെ ചുറ്റിപ്പറ്റി രൂപപ്പെടുന്ന ശരീരഭാവം/ശാരീരം എന്തെന്നു പറയാന്‍ ശ്രമിക്കുന്നുണ്ട്. ഏതൊരു കൂട്ടത്തിനും മറ്റു കൂട്ടങ്ങളില്‍ നിന്നും ജീവിതശൈലിയിലും മനോഭാവത്തിലും പ്രതികരണസ്വഭാവത്തിലുമെല്ലാം പ്രകടമായ വ്യതിരിക്തതയുള്ളതായി മനസ്സിലാക്കാന്‍ കഴിയുന്നത്ന് ഹാബിറ്റസിന്റെ ധാരണ സഹായിക്കുമെന്ന് ബോര്‍ദ്യുവിനെ പരിചയപ്പെടുത്തിക്കൊണ്ട് പി.പി.രവീന്ദ്രന്‍ പറയുന്നു. സത്യത്തില്‍ സാമൂഹ്യശ്രേണികളുടെ അധികാരബന്ധങ്ങളെ തന്നെയാണിവിടെ വിശകലനവിധേയമാക്കുന്നത്.
എത്രയോ കാലങ്ങള്‍ക്കു ശേഷം അവള്‍ സേതുവിനെ കാണുമ്പോള്‍ അവന്‍ ഹിപ്പിയായി മാറിയിരുന്നു. കുളിക്കാതെയും നനയ്ക്കാതെയും കഞ്ചാവു വലിച്ചും മുഷിഞ്ഞുനാറി നടക്കുന്ന സേതു എന്ന കഥാപാത്രം വാസ്തവത്തില്‍ പരിഹാസത്തിന്റെ അലിഗറിയായാണ് നിലകൊള്ളുന്നത്. മലയാള ആധുനികത എന്ന സാംസ്‌കാരികപരിപ്രേക്ഷ്യത്തെ നല്ലപോലെ കുടഞ്ഞു ചിരിക്കാന്‍ ഈ പെണ്‍ദൃഷ്ടിക്കാവുന്നുണ്ട്. സേതുവിന്റെ 'ഞാനാരാണ്?' എ്ന്ന ചോദ്യത്തിന് നിന്റപ്പന്റെ കാലന്‍ എന്നു പല്ലു ഞെരിക്കുന്നുണ്ട്, സേതുവിന്റെ അച്ഛന്‍ കുമാരേട്ടനും. വെറും ഫാഷന്‍ തരംഗമായി വ്യാപിച്ച ഹിപ്പിയിസത്തെത്തന്നെയാണ് ലൂസിക്കും പിടികിട്ടാത്തത്. '' റെബലുകളുണ്ടാവുന്നതെങ്ങനെയെന്നു പിടിയില്ലാത്ത ലൂസി, റെബലുകളുണ്ടാവുന്നതെങ്ങനെയെന്നു പിടിയില്ലാത്ത സുന്ദരിയോടു ചോദിച്ചു, ''ആ ചെക്കന്മാര് റെബലുകള്ണ്?'' ആ!സുന്ദരി കൈമലര്‍ത്തി.'' (പുറം.90) ആധുനികതയുടെ താത്വിക അടിത്തറ ഇത്തരം ആണ്‍മാത്ര ബോധ്യങ്ങളാണെന്ന പരിഹാസമാണിവിടെ ധ്വനിച്ചു കിട്ടുന്നത്! സേതു എന്ന പേരുതന്നെ എം.ടി കഥാപാത്രമെന്ന നിലയില്‍ അത്തരം ഉള്ളടക്കങ്ങളെ മുഴുവന്‍ പ്രതിഫലിപ്പിക്കുന്നുണ്ട്.
സാമൂഹ്യത
ആര്‍ത്തിരമ്പുന്ന ജനസാമാന്യത്തെ നോവലില്‍ എഴുതുന്നതില്‍ സാറാ ജോസഫിനു സവിശേഷമായ കലയുണ്ട്. ചേറും ചെളിനനവും മത്സ്യച്ചൂരും സെന്റു വാസനയും ആട്ടവും പാട്ടും എല്ലാം കലര്‍ന്ന ഈ ജനത്തെ ലൂസിയുടെ സമസ്തചേതനയും ചെന്നു പിടിച്ചെടുക്കുന്നുണ്ട്. അതിലൂടെ സഞ്ചരിച്ചാണ് അവളും മുതിരുന്നത്. ഓരോ നാടുകളെയും സവിശേഷമാക്കുന്നത് അവിടത്തെ ചെറുകഥനങ്ങളല്ലാതെ മറ്റൊന്നുമല്ല. നാടിന്റെ ലോറുകള്‍ കഥാപാത്രങ്ങളെ കാണികളും ആട്ടക്കാരുമാക്കുന്നു. ജീവിതത്തിന്റെ നിത്യനിദാനങ്ങളില്‍ അവളും അവളുടേതായ ബലി അര്‍പ്പിക്കുന്നു. തൊട്ടുനക്കിയാല്‍ ആരും വിരലുകടിക്കുന്ന, കുടമ്പുളിയിട്ടു വെച്ച മീന്‍കറിയായും ചായക്കടകളിലെ പാല്‍ക്കുപ്പികളായും വേലിക്കരുകിലെ കോവല്‍ വള്ളികളായും ആടും കോഴിയും ബ്രിജിത്തയുടെ പാല്‍ക്കഞ്ഞിയും തേങ്ങാച്ചമ്മന്തിയും കുഴമ്പും ചൂടുവെള്ളവുമായും അതങ്ങനെ ഇടതടവില്ലാതെ സ്വീകരിക്കപ്പെട്ടു.
നെഹ്റു തലയുള്ള നോട്ടു കത്തിച്ചു ചായ തിളപ്പിക്കുന്ന ഗള്‍ഫുകാരന്‍ ഓപ്പനും അയാളിലൂടെ അവിടെ ആദ്യമായി മണം പരന്ന ബ്രൂട്ട് എന്ന സുഗന്ധദ്രവ്യവും അയാളുടെ ടേപ്പ് റെക്കോര്‍ഡറും എല്ലാം മറിയപുരത്തെ മറിയപുരമാക്കുന്നു. ഒല്ലൂരുകാരും കോക്കാഞ്ചിറക്കാരും തമ്മിലുള്ള ഞായറാഴ്ചത്തല്ലും നക്സലൈറ്റു രാഷ്ട്രീയവും ഒക്കെച്ചേര്‍ന്ന് ദേശചരിത്രമായതു മുദ്രിതപ്പെടുന്നു. ഒരര്‍ത്ഥത്തില്‍ ദേശചരിത്രം തന്നെയാണിവിടെ സാമൂഹ്യതയുടെ മാനങ്ങളെ സ്വരൂപിക്കുന്നതെന്നു പറയാം. കുട്ടികള്‍ക്കു സേമിയ പായസം കൊടുത്തു ആളെക്കൂട്ടിയ കൊട്ടേക്കാടന്‍ ചേറുവിനോടു മല്‍സരിച്ചു ദേശീയപതാക പറത്തുന്ന ബ്രിജിത്ത തന്റെ ഇടങ്ങളിലേക്കുള്ള കൊടിയായി അതിനെ പാറിക്കുന്നു. കുട്ടികളാരും വന്നില്ലെങ്കിലും മറിയപുരം പള്ളിയിലുയര്‍ത്തിയ ദേശീയപതാകയും നാം കാണുന്നുണ്ട്. സ്വരാജ് റൗണ്ടിലേക്കു സൈക്കിളിലും വണ്ടികളിലും ചെറിയ പതാകകള്‍ കെട്ടിവെച്ചു പറത്തി പോകുന്ന ഇരമ്പുന്ന റാലികാണാന്‍ ഒരുങ്ങിയിറങ്ങുന്ന മറിയപുരത്തുകാര്‍ ദേശസ്നേഹികളാണ് എന്നു നോവല്‍ പറയുമ്പോള്‍ അവ തമ്മിലുള്ള വിലപേശല്‍ നാം കാണാതിരിക്കുന്നില്ല. വീടില്ലാത്തവര്‍ക്കു വീടുപണിയാനായി നൂറുശതമാനം പാര്‍പ്പിടം എന്ന പേരില്‍ മറിയപുരം പള്ളിയിലെ അച്ചന്‍നടത്തുന്ന സംരംഭങ്ങള്‍ നോവലിന്റെ ജനസ്വഭാവത്തെ എടുത്തു കാണിക്കുന്നുണ്ട്. ബ്രിജിത്തയുടെ സ്ഥലം ഉപയോഗിച്ചു പാപ്പാനഗര്‍ പണിയാനായി അച്ചന്‍ പ്ലാനിടുന്നു. നടേശന്‍ മുതലാളിയുടെയും മച്ചിട്ടീച്ചറുടെയും പിന്നാലെ കൂടിയിട്ടും ഒന്നും സാധ്യമായില്ല. ഒടുവില്‍ അരമനയുടെ മുന്‍കൈയില്‍ തൊമ്മാനച്ചന്‍ വഴി പാര്‍പ്പിടങ്ങള്‍ സാധ്യമായി. ഇരുട്ടുമൂടിക്കിടന്ന ഇടം വൈദ്യുതിവിളക്കുകള്‍ കൊണ്ട് പ്രകാശിച്ചു. ജനജീവിതത്തിന്റെ ചരിത്രം സമൃദ്ധമായി ഇഴചേര്‍ത്ത ഈ നോവല്‍ സംസ്‌കാരത്തിന്റെ സൂക്ഷ്മചരിത്രത്തെ സവിശേഷമായി നിര്‍മിച്ചെടുക്കുന്നുണ്ട്. മനോഭാവങ്ങളെന്ന പോലെ പ്രക്രിയകളായും വസ്തു പരിചരണങ്ങളായും ജിവിച്ചറിഞ്ഞ അനുഭവരസങ്ങളായും (lived Experiences) അതു നോവല്‍ ഘടനയെ ബഹുവിതാനമുള്ളതാക്കിത്തീര്‍ക്കുന്നു.
ഭക്ഷണം മാറ്റാത്തിയില്‍ സമൃദ്ധമായ ഒരു മോഹവസ്തു തന്നെയാണ്. രാവിലെ അമ്മിക്കല്ലില്‍ അരയ്ക്കുന്ന തേങ്ങാച്ചമ്മന്തിയുടെ റെസിപ്പി സൂക്ഷമവും കൃത്യവുമാണ്. ''നല്ലോണാ മൂത്ത നാലു മെളക്, രണ്ടു ചൊള ചോന്നുള്ളി, ശെകരം പുളി, ഒരു മുറി നാളേരം, ഉപ്പ്, ലൂസി അമ്മിയില്‍ വെച്ച് തേങ്ങാച്ചമ്മന്തി അരച്ചെടുക്കും. അപ്പോഴേക്കും കഞ്ഞിവെന്ത മണം വരും. ചമ്മന്തിയരച്ച അമ്മിയില്‍ ആവി പറക്കുന്ന ഒരു കയില് ചോറിട്ടു പുരട്ടിയെടുത്തതാണ് ബ്രിജിത്തയുടെ ദിവസത്തിലെ ആദ്യത്തെ ആഹാരം. പിന്നാലെയാണ് കഞ്ഞി.'' (പുറം.8) ഭക്ഷണം അനുഭവത്തിന്റെ, അധികാരത്തിന്റെ സകലവും ചൂഴ്ന്നുനില്‍ക്കുന്ന കാമനകളുടെ കേദാരം. അവിടെയും പക്ഷേ പുറന്തള്ളപ്പെടുന്നത് ലൂസി തന്നെയാണ്. ലൂസിക്ക് നല്ല ഭക്ഷണത്തിനര്‍ഹതയില്ല. വരട്ടിയെടുത്ത പോത്തിറച്ചിക്കഷണങ്ങള്‍ ബ്രിജിത്തയ്ക്കു മാത്രം. ഇറച്ചിയുടെ വില കുറഞ്ഞ വെട്ടിക്കൂട്ടു കഷണങ്ങള്‍ മാത്രം ലൂസിയ്ക്ക്. മീന്‍ കൂട്ടാനിലെയും നാടന്‍കോഴിക്കറിയിലെയും കഷണങ്ങള്‍ക്കും ബ്രിജിത്ത കണക്കു വെച്ചിട്ടുണ്ട്. പാചകത്തിന്റെയും ഹരം പിടിപ്പിക്കുന്ന വര്‍ണനകള്‍ ഏറെ. ലൂസിയുണ്ടാക്കുന്ന പുട്ടും കടലയും കഴിച്ചാല്‍ നിലത്തുനില്ക്കാത്തവിധമാണ് സലീനയ്ക്കത്. ലൂസി മീന്‍ കുടമ്പുളിയിട്ടുവെച്ചാല്‍ ആരും വിരലുകടിക്കുമെന്നു മറിയപുരത്താകെ പ്രസിദ്ധം. ഓപ്പന്റെ കുടമ്പുളിയിട്ടുവെച്ച മീന്‍കറിപ്രിയം അവര്‍ക്കിടയിലെ ആകര്‍ഷണത്തെ പെരുപ്പിക്കുന്നുണ്ട്.
മുള്ളു ചുറ്റിപ്പിടിച്ച് നൂലെടുത്ത് ഉണ്ണിപ്പിണ്ടിയരിയുന്നതും ചെമ്മീന്‍ ചമ്മന്തിയും മുതല്‍ പോത്തിറച്ചി വരെ പാചകത്തിന്റെ വിവരണങ്ങളായി കടന്നു വരുന്നു. തീറ്റ പോലെ തന്നെ പാചകവും ഭക്ഷണത്തെ മാദകമാക്കുന്നുണ്ട്. മുളകരച്ചു വെയ്ക്കുന്ന മീന്‍ കറി , നിറവും ചൂടും ഉപ്പു മുളകു മസാലരുചികളും ചേര്‍ന്ന് അനുഭൂതിപരമായാണത് ആഖ്യാനം ചെയ്യുന്നത്. തേങ്ങാച്ചമ്മന്തി മുതല്‍ പോത്തുലര്‍ത്തിയതും മുളകരച്ചു വെയ്ക്കുന്ന കുടമ്പുളി ഇട്ട മീന്‍കറിയും താറാവു വറുത്തതും വരെ! കൊച്ചു വേലായുധന്റെ കടയിലെ ദോശ ചുടലും അതിന്റെ നറുമണവും (പു.38). ബ്രിജിത്തയ്ക്കു ഞായറാഴ്ച്ച കള്ളുകുടിക്കാനായി പോത്തുവരട്ടിയെടുക്കുന്ന പാചകത്തിന്റെ സൂക്ഷ്മ വിധികളോരോന്നും നോവലിലുണ്ട്. കഴുകിയെടുത്ത മാംസളമായ ഇറച്ചിക്കഷണങ്ങള്‍ ലൂസി മണ്‍കലത്തിലേക്കിട്ടു വെയ്ക്കുന്നു. '' ലൂസി ഇഞ്ചിയും ഉള്ളിയും കറിവേപ്പിലയും ചതച്ച് ഇറച്ചിക്കഷണങ്ങള്‍ക്കു മീതെയിട്ടു. പാകത്തിന് ഉപ്പ്. മുളകും മല്ലിയും വറുത്തു പൊടിച്ചത്. മഞ്ഞള്‍പ്പൊടി.....ലൂസി കുറച്ചു വെളിച്ചെണ്ണ കൂടി ഇറച്ചിയിലൊഴിച്ചു നന്നായി കൂട്ടിത്തിരുമ്മി. ലൂസിക്കു കിട്ടേണ്ട മണം കിട്ടുന്നതുവരെ പിന്നെ ഇറച്ചിക്കലം അടുപ്പത്തുവെച്ചു. ഇനി ചെറുതീയില്‍ വെന്തു കുറുകട്ടെ, എന്നിട്ടുവേണം ഇരുമ്പു ചീനച്ചട്ടിയിലേക്കു മാറ്റാന്‍. മൂക്കാത്ത തേങ്ങ കൊത്തിയിട്ടതും ഇത്തിരിപെരുംജീരകം പൊടിച്ചതും വെള്ളുള്ളിയും കുരുമുളകും ചതച്ചതും ഒരുതാള്‍ കറിവേപ്പിലയും ചേര്‍ത്ത് വെളിച്ചെണ്ണയൊഴിച്ച് ഇളക്കിയിളക്കി വരട്ടിയെടുക്കണം.
ചെറോണയെന്ന കഥാപാത്രത്തിലൂടെ തുണിയലക്ക് കടന്നു വരുന്നു. അലക്കുവാന്‍ തന്ന തുണികളില്‍ അടയാളമിടുന്നതും കുരുവി മാര്‍ക്ക് പൂ നീലം കൊണ്ടു വെളുപ്പിച്ചെടുക്കുന്നതും കോഴിമുട്ടയുടെ വെള്ള കൂട്ടി മുണ്ടിന്റെ കസവുകര തേച്ചു തിളക്കുന്നതുമെല്ലാം കലര്‍ന്ന സംസ്‌കാരത്തിന്റെ ദൈനംദിനഗാഥകള്‍ കൂടി ചേര്‍ന്നതാണ് ഈ നോവല്‍.
ഓപ്പനെന്ന പുതുപ്പണക്കാരനോടു മല്‍സരിച്ച് ബ്രിജിത്ത വീടിന്റെ അകത്ത് മുറിയോടു ചേര്‍ത്തു കക്കൂസ് പണിയുന്നതും ടേപ്പ് റെക്കോര്‍ഡറിന്റെ കൗതുകവിസ്മയങ്ങളും എല്ലാം നാടിന്റെ പരിണാമചിത്രങ്ങള്‍ കാലത്തില്‍ നടത്തിയ കൊത്തുപണികളാവുന്നു. നിലം മിനുക്കാനുപയോഗിച്ച പഴയ ഗൃഹനിര്‍മാണസാങ്കേതികത പോലും ഇവിടെ കടന്നു വരുന്നു. പതിനായിരം ചെമ്പരത്തിപ്പൂമൊട്ടുകള്‍ പതിനായിരം ചിരട്ടക്കരിയുടെ കൂടെ അരച്ചു ചേര്‍ത്ത് പതിനായിരം കോഴിമുട്ടയുടെ വെള്ളയും കൂട്ടി സിമന്റ് ചാലിച്ചു ചാന്തുണ്ടാക്കിയാണ് നിലം സിമന്റിട്ടത് എന്നു ബ്രിജിത്ത പറയുന്നു. പിറ്റേന്നു മുതല്‍ രണ്ടു ദിവസം തുടര്‍ച്ചയായി രാപകല്‍ നല്ലെണ്ണയില്‍ തുണി മുക്കി തേച്ചു മിനുക്കിയെടുത്താണത് തിളങ്ങുന്ന നിലമാക്കിയെടുത്തത്. ജൈവപ്രകൃതിയുടെ വാഴ്വിന്റെയിടങ്ങള്‍ അതിജീവനത്തിന്റെ ധര്‍മത്തോടെ പുലരുന്നു. ഒടിച്ചുകുത്തി, ആടലോടകം , മുഞ്ഞ, നീരോലി, കൊങ്ങിണി, കോവല്‍ വള്ളി തുടങ്ങിയ വേലിച്ചെടികള്‍ നിറഞ്ഞ നാടന്‍ പറമ്പിന്റെ അതിരുകള്‍ എല്ലാം ഈ സൂക്ഷ്മ സാംസ്‌കാരിക ചരിത്രമായിത്തീരുന്നു. അതിരില്‍ നിറയെ പടര്‍ന്നുകേറി വേലിമൂടിനില്‍ക്കുന്ന കോവല്‍ വള്ളിയുടെ അനിച്ഛാപൂര്‍വകത, സ്വാതന്ത്ര്യം ലൂസിയുടെ വെമ്പല്‍ തന്നെയാവുന്നു. ആലാഹയിലെ അമരപ്പന്തലിന്റെ സുരക്ഷിതമായ തണലില്ലെങ്കിലും അതും പടര്‍ന്നേറുകയാണ്.
ചരിത്രത്തെ ഒരു അതികഥനമായി ഉപയോഗിക്കുന്ന ഒരു രീതി കൂടി ഈ നോവല്‍ പരീക്ഷിക്കുന്നുണ്ട്. നോവലിലൊരിടത്തു വിവരിക്കുന്ന ബ്രായുടെ ചരിത്രം അത്തരത്തിലൊന്നാണ്. ''1893 ല്‍ തന്നെ മുലകളെ പൊന്തിച്ചു താങ്ങി നിര്‍ത്തുന്ന ബ്രാ എന്ന അടിയുടുപ്പിനു പേറ്റന്റ് കിട്ടിയിട്ടുണ്ട് അതിനും മുമ്പ് 1870കളില്‍ത്തന്നെ രണ്ട് കിളുന്ത് കാബേജിലകളും രണ്ടു പട്ടുതൂവാലകളും ഉപയോഗിച്ച് കഴുത്തില്‍ കെട്ടിയിടുന്നതരം മുലതാങ്ങികള്‍ ഉണ്ടാക്കിയിരുന്നു. ആധുനിക ബ്രായുടെ മാതാവ് മേരി ഫിലിപ്സ് എന്ന മഹതിയാണ്. 1913ല്‍ മേരി ഫിലിപ്സിന്റെ ബ്രായക്ക് പേറ്റന്റ് കിട്ടി. മുലകളെങ്ങനെ കുത്തനെ നിറുത്താം എന്ന അന്വേഷണം ഇന്നും അവസാനിച്ചിട്ടില്ല. ലേകത്ത് എത്രതരം ബ്രാകള്‍ ഉണ്ട്? എണ്ണിയാലൊടുങ്ങില്ലത്രെ.'' (പുറം.59) സ്‌കൂളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചു പറയുമ്പോള്‍ സ്ഥൂലചരിത്രവും സൂക്ഷ്മചരിത്രവും തമ്മിലുള്ള വിലപേശല്‍ കലര്‍ന്ന അധികാരബന്ധത്തിലേക്കതു വിരല്‍ ചൂണ്ടുന്നു. ''ചരിത്രം എപ്പോഴും അങ്ങനെയാണ്. ചില സത്യങ്ങള്‍ക്കു സ്ഥലം കൊടുക്കില്ല. അതൊക്കെ വല്യേ മെനക്കെട്ണ്. ചരിത്രം വിചാരിച്ചു. ഇങ്ങന്‍ത്തെ എന്തോരം കുഞ്ഞ്യേ കുഞ്ഞ്യേ കാര്യങ്ങള്ണ്ട് ലോകത്ത്? അതൊക്ക്യാ കുത്തിത്തിരുകാന്‍ ചരിത്രത്തിലെവിട്ണ് സ്ഥലം? പിന്നെ, ആണും പെണ്ണും തമ്മിലുള്ള എടവാട്ക്ള് ചരിത്രത്തിന്റെ ചരിത്രത്തിന്റെ വിഷയല്ലാട്ടാ. അതൊക്കെ വല്ല കഥേലാ സിനിമേലാ പറഞ്ഞാപ്പോരേ? ചരിത്രത്തിന്റെ മെക്കട്ട് കേറണോ? ചരിത്രത്തിന് ഗൗരവമുള്ള വിഷയം വേണം.യുദ്ധം, കൊലപാതകം, കയ്യേറ്റം അങ്ങന്‍ത്ത വല്ലതും.'' (പുറം.24) ഈ രീതിയില്‍ നോവലിനകത്തെ സംഭവങ്ങളും കഥാസന്ദര്‍ഭങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന രാഷ്ട്രീയത്തെ പുറത്തു നിന്നു നിര്‍വചിക്കുന്ന ആഖ്യാനകേന്ദ്രമായി നോവലിന്റെ സ്വരം മാറുന്നുണ്ട്. ഓരങ്ങളുടെ കഥനം എന്ന മുന്നുപാധി പിടിച്ചുറപ്പിക്കുന്ന തരത്തില്‍ പ്രബലമാണത്. നോവലില്‍ ആഖ്യാനസ്വരം നേടാനുള്ള ഈ ത്വര കഥയ്ക്കു വെളിയിലേക്കു പോകുന്നത് എന്തിന്റെ സൂചനയാണ്? പരിചിതമായ നോവല്‍ ആഖ്യാനത്തിലും സൗന്ദര്യശാസ്ത്രത്തിലും അതു ചെറിയ ഇടര്‍ച്ചകളെ രൂപപ്പെടുത്തുന്നുണ്ട് എന്നാതാണ് ശ്രദ്ധേയം. കേരളത്തിലെ ഹിപ്പിതരംഗത്തെക്കുറിച്ചും ജനപ്രിയഗാനത്തിന്റെ ഭ്രമങ്ങളെക്കുറിച്ചും ഫാഷന്‍ പ്രവണതകളെക്കുറിച്ചുമെല്ലാം കഥാസന്ദര്‍ഭങ്ങളിലൂടെ പറഞ്ഞുപോകുമ്പോള്‍ സംസ്‌കാരവും ചരിത്രവും ജീവിതവുമെല്ലാം പരസ്പരം പങ്കിട്ടെടുക്കുന്ന പോര്‍നിലമായി നോവല്‍ മാറുന്നു.
ഗ്രന്ഥസൂചി
1. രവീന്ദ്രന്‍.പി.പി, പിയര്‍ ബോര്‍ദ്യൂ: പ്രയോഗത്തിന്റെ സിദ്ധാന്തം(ജീവചരിത്രം) സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, 2019
2. സാറാ ജോസഫ്, മാറ്റാത്തി, കറന്റ് ബുക്സ്, 2003
(2021 മെയ് 8ന്റെ wtplive ല്‍ പ്രസിദ്ധീകരിച്ചത്)