Friday, March 14, 2014

വഴുതുന്ന ബഹുവചനങ്ങള്‍


കാല്‍നൂററാണ്ടിലേറെക്കാലമായി മാധവിക്കുട്ടിയെ വായിക്കുന്നു. തീക്ഷ്ണമായ അഭിരുചികളും ആഭിമുഖ്യങ്ങളും പുലര്‍ന്ന ,ജൈവികമായ വളര്‍ച്ചയും പടര്‍ച്ചയുമുള്ള വായനക്കാലങ്ങളാണവ. ഏതു പുസ്തകക്കൂട്ടത്തിനിടയിലും നമ്മെ തടഞ്ഞുനിര്‍ത്തുന്ന കൃതികള്‍..എണ്‍പതുകളിലെ വൈകുന്നേരങ്ങളുടെ സ്വാദാണ് എനിക്കവ. കടലോരത്തെ തെങ്ങുകളെപ്പോലെ എന്‌റെ വായന എക്കാലവും മാധവിക്കുട്ടിക്കുനേരെ അധികമായി ചാഞ്ഞിരുന്നു.  കാല്‍പനികവും മായികവുമായ വിഭ്രാമകതകളും ആഴക്കണ്ണാടികളും ഞാനവിടെ കണ്ടു. ഏതൊരു കൗമാരക്കാരിയുടേതുമെന്നതുപോലെ ഒരു ഒളിവിടം. തണുനിലത്ത് മങ്ങിയ മുഖം കാണാന്‍ ശ്രമിക്കുന്നതുപോലെ ഞാന്‍ ആ കഥകളില്‍  ഉറ്റുനോക്കി സ്വയം നഷ്ടപ്പെട്ടിരുന്നു. അവ വായനകളേക്കാള്‍ ഒരുതരം കൂട്ടെഴുത്തായിരുന്നു. ഏകാകിയായ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യതകളെയാകമാനം ആ വികാരലോകം പുതുക്കിപ്പണിതു. ഒപ്പം ചേര്‍ന്നിരുന്നു, വസ്തുവിനൊപ്പം നിഴലെന്ന പോലെ. ആമിയെന്ന മാധവിക്കുട്ടിയുടെ തുടര്‍വള്ളിയായി സ്വയം സങ്കല്‍പ്പിക്കാത്ത ഏതൊരുവളാണുണ്ടാവുക ? എഴുത്തുകാരിയും വായനക്കാരിയും കൂടിപ്പിണഞ്ഞുള്ള വളര്‍ച്ചയുടെ ആ പെണ്‍കുട്ടിക്കാലം എന്റേതുമാത്രമല്ല, എത്രയോ മലയാളിസ്ത്രീകളുടേതും കൂടിയാണ്. ഈ പൊക്കിള്‍ക്കൊടിബന്ധം ഈഡിപ്പല്‍ രതിയേക്കാള്‍ അധൃഷ്യവും ഭാവനാപൂര്‍ണവും വളരും തോറും സങ്കീര്‍ണവും മൃദുവായൊരു സ്വവര്‍ഗ്ഗാഭിരതിയോളം ഉള്ളിണക്കമുള്ളതും. മലയാളിസ്ത്രീയുടെ ഭാവനാജീവിതത്തിന്റെ, സാസ്‌കാരികനിര്‍മിതിയുടെ ഏറ്റവും  ആത്മനിഷ്ഠമായ ഒരു ചരിത്രരചനയില്‍ കരിയില മൂടിയ ഈ വഴികള്‍ തെളിഞ്ഞുകണ്ടേക്കാം. ഓരോരുവള്‍ക്കും എന്തായിരുന്നു മാധവിക്കുട്ടി എന്നതിന്റെ വിപുലവും തുറന്നതുമായ വഴിയോരക്കാഴ്ച്ചകള്‍...അതിനകത്തെ പുതുമകളും പലമകളും...ഏതിലും അനേകാഗ്രമായി നീളുന്ന, ചിതറുന്ന, പലതായി പടരുന്ന എഴുത്തുകാരി...ഒറ്റക്കല്ലില്‍ പണിതീര്‍ത്തുവെച്ച ഒരു മാധവിക്കുട്ടിയെ നാം എവിടെയും കാണുന്നില്ല. വഴുതുന്ന ബഹുവചനങ്ങള്‍ക്കകത്ത് നമ്മെയും കൂടി ചേര്‍ത്തുവെച്ച് അവസരോചിതമായ ചില സംഘാതങ്ങള്‍ കൊത്തിയുറപ്പിക്കുന്നു, അത്രമാത്രം.

ചന്ദനമരങ്ങളുടെ വായനയിലേക്കുവരുമ്പോഴും വ്യത്യസ്തമായ അനുഭവമല്ല. അത് തീക്ഷ്ണമായ ഒരു സൗഹൃദത്തിന്റെ കഥയാണോ? അതിവൈകാരികത കലര്‍ന്ന കൗമാരസൌഹൃദത്തിന്റെ വിരഹതീക്ഷ്ണമായ  പുനരോര്‍മയാണോ? വിലക്കപ്പെട്ട രതിയുടെ ആദ്യമലരുകളാണോ? പ്രണയും വിരഹവും സൗഹൃദവും രതിവിരതികളും കലര്‍ന്ന, ഉന്മാദവും ഉദ്വേഗവും തുടിച്ചു നില്‍ക്കുന്ന ആത്മകഥനമാണോ? മനുഷ്യാവസ്ഥകളും പ്രകൃതിയും ഭൂതഭാവികളും അജ്ഞേയമായ വിധിയും ചേര്‍ന്നു ലയിച്ച ജീവിതത്തിന്റെ സങ്കീര്‍ണപാഠമാണോ? ഈ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല.  
''നിന്റെ ഉള്ളു ചികഞ്ഞ് നിന്റെ രഹസ്യങ്ങളെ അന്വേഷിച്ചു കണ്ടെത്തുന്നതുകൊണ്ടാണോ നിന്റെ കണ്ണില്‍ ഞാനൊരു ദുഷ്ടജീവിയായത്? നീയാരാണെന്ന് എനിക്കറിയാം. എനിക്കറിയാമെന്ന് നിനക്കറിയാം. എനിക്കറിയാമെന്ന് നിനക്കറിയാമെന്ന് എനിക്കറിയാം.'' എന്നമട്ടില്‍  പരസ്പരം പ്രതിഫലിച്ച് പകര്‍ന്നാടുന്ന സ്‌നേഹബന്ധങ്ങളുടെ ബലതന്ത്രങ്ങള്‍ നാമിവിടെ കാണുന്നു. സ്‌ത്രൈണമായ ആത്മത്തിനകത്തെ പിളര്‍പ്പായും ഇരട്ടയായും ഈ രണ്ടു സ്‌നേഹിതകളെയും- ഷീലയെയും കല്യാണിക്കുട്ടിയെയും- നമുക്കു കാണാം. ദ്വന്ദ്വങ്ങളില്‍ നിന്ന് ഏകത്തിലേക്ക് സാന്ദ്രീകരിക്കപ്പെടുകയും തിരികെ പൊട്ടിപ്പിളരുകയും പിരിയുകയും ചെയ്യുന്ന വൈകാരികത ആ ബന്ധത്തെ സങ്കീര്‍ണമാക്കുന്നു-തന്റെ മറ്റനവധികഥകളിലെന്ന പോലെ  എന്താണ് സ്‌നേഹം എന്ന് മാധവിക്കുട്ടി സ്വയം ചോദിക്കുന്നു, ഒരുപക്ഷേ കൂടുതല്‍ തീക്ഷ്ണവും വ്യതിരിക്തമായി. സ്‌നേഹബന്ധങ്ങള്‍ക്കകത്ത് സ്വയം ചെറുതാക്കപ്പെടുന്നതിന്റെ വേദനയെക്കുറിച്ച്, വ്യാജമായ തോല്‍വികളുടെയും വിജയങ്ങളുടെയും നിരര്‍ത്ഥകതയെക്കുറിച്ച് ഒക്കെ ഇവിടെ തീക്ഷ്ണമായ ചോദ്യങ്ങളുയരുന്നു.

ലൈംഗികതയും അധികാരവും
സ്ത്രീയുടെ ആന്തരികജീവിതത്തിന്റെ അനേകായിരം അടരുകള്‍ക്കകത്ത് ലൈംഗികതയും അധികാരവും തമ്മിലുള്ള നേരിടലിന്റെ വടുക്കള്‍ പതിഞ്ഞുകിടക്കുന്നു. ഭാവനയുടെ പുന:ക്രമീകരണങ്ങളായി അവ ഏറ്റു വാങ്ങപ്പെടുന്നു. ശ്‌ളഥവും അപൂര്‍ണവുമായ കാമനകള്‍ക്കകത്തു പോലും വ്യവസ്ഥയുടെ അദൃശ്യമായ കൈപ്പടം പതിഞ്ഞിരിക്കുന്നു. ദാമ്പത്യം,പ്രണയം,കുടുംബം,സമൂഹം തുടങ്ങിയ എല്ലാ  'ഭദ്രലോക'ങ്ങളിലും ലൈംഗികത ആണ്‍-പെണ്‍മാത്രബന്ധമായാണ് സ്വരൂപിച്ചുറപ്പിക്കപ്പെടുന്നത്. ഭിന്നവര്‍ഗലൈംഗികത സമസ്തമണ്ഡലങ്ങളിലും നിര്‍ബന്ധിതമായ സാഹചര്യമാണ്. എല്ലായ്‌പ്പോഴും അദൃശ്യമായിത്തുടരുന്ന, സ്വയംതിരിച്ചറിയാന്‍ വിസമ്മതിക്കുന്ന, ഒതുക്കുകയും ഒഴിവാക്കുകയും  ചെയ്യപ്പെടുന്ന സ്വവര്‍ഗകാമന ഏറെക്കുറെ സാങ്കല്‍പികമായ ഒരു യാഥാര്‍ത്ഥ്യമായാണ് പരിഗണിക്കപ്പെടുന്നത്. എപ്പോഴെങ്കിലും സാമൂഹ്യജീവിതത്തില്‍ സ്വര്‍ഗസ്‌നേഹത്തിന്റെ സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ നിഷ്ഠുരവും ചിരസമ്മതവുമായ ഒരു അകല്‍ച്ചയും അറപ്പും നാം കാണുന്നു. അരാജകതയായും അമിതമായ െൈലംഗികത്വരയായും ലൈംഗികചൂഷണമായുമൊക്കെ അതു പൊതുസമൂഹത്തില്‍ അടയാളപ്പെടുന്നു. 'The love queen of Malabar' എന്ന മാധവിക്കുട്ടിയെക്കുറിച്ചുള്ള മെറിലി വെയ്‌സ്‌ബോഡിന്റെ ഓര്‍മപ്പുസ്തകത്തില്‍ വിവരിക്കുന്ന ഒരു രംഗമുണ്ട്. തന്റെ പ്രസംഗത്തിന്റെ ഒടുവില്‍ ഉദ്ധരിക്കുവാന്‍ പറ്റിയ തന്റെ തന്നെ കവിതയിലെ ചില വരികള്‍ തിരയുകയായിരുന്നു മാധവിക്കുട്ടി. 'കോമ്പോസിഷന്‍' എന്ന കവിതയിലെ വരികള്‍…
''സ്വവര്‍ഗാനുരാഗിണികള്‍ എന്റെ നേര്‍ക്കു സ്‌നേഹം ചീറ്റുന്നു.
അവര്‍ യഥാര്‍ത്ഥത്തില്‍ പുരുഷന്‍മാരെപ്പോലെ തന്നെ.
അവരെന്റെ മാറിടങ്ങളെ നുള്ളുവാന്‍ ഇഷ്ടപ്പെട്ടു....''

ലണ്ടനിലെ കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ പരിചയപ്പെട്ട ലെസ്ബിയന്‍ കവികളെ ഓര്‍ത്തുകൊണ്ടാണീ വരികള്‍ എഴുതപ്പെട്ടതെന്നു വെയ്‌സ്‌ബോഡ് വിശദീകരിക്കുന്നു.കാനഡയിലെ വേദിയില്‍ അത്തരം വരികള്‍ രാഷ്ട്രീയമായ ശരികേടാണെന്നും വെയ്‌സ്‌ബോഡ് മാധവിക്കുട്ടിയെ ഓര്‍മിപ്പിക്കുന്നുണ്ട്.
മാധവിക്കുട്ടിയുടെ ഹോമോഫോബിയ എന്നതിനപ്പുറം സ്വത്വത്തെ സംബന്ധിച്ച അപരഘടനകളോട് അവരെങ്ങനെ സംവദിച്ചു എന്ന ആരായലിനാണിവിടെ പ്രസക്തി. അപരങ്ങളോടുള്ള കപടമായ അലിവിനേക്കാള്‍, പ്രതിബദ്ധതയേക്കാള്‍ അകലത്തിന്റെ സത്യസന്ധതയിലേക്കാണവര്‍ സ്വയം തുറന്നത്. നഖത്തിനടിയിലെ ചെളിയോടും പണിയെടുക്കുന്ന പരുപരുത്ത കൈത്തലങ്ങളോടുമുള്ള അരുചികള്‍ മാത്രമായല്ല അതു വെളിപ്പെടുന്നത്. കുറച്ചുമണ്ണ്, ചുവന്ന പാവാട, പ്രഭാതം, ജാനു പറഞ്ഞ കഥ തുടങ്ങിയ നിരവധി കഥകളിലെപ്പോലെ കീഴാളമായ വര്‍ഗപരിസരങ്ങളെ സമഗ്രമായി പ്രതിഫലിച്ചുകൊണ്ടുകൂടിയായിരുന്നു.

സ്‌ത്രൈണമണ്ഡലം
വിവാഹം, പുരുഷലൈംഗികത, ദാമ്പത്യം, മാതൃത്വം മുതലായവയോടുള്ള പ്രത്യക്ഷ വിമര്‍ശനത്തെ മാധവിക്കുട്ടിയുടെ സ്ത്രീപക്ഷരാഷ്ട്രീയമായി വായിച്ചെടുക്കാമെങ്കിലും  ഈ കൃതിയിലെ സമ്പന്നമായ, വ്യത്യസ്തലിംഗാഭിരുചിയുടെ സാന്നിദ്ധ്യത്തില്‍ അവയെല്ലാം ഭിന്നവര്‍ഗലൈംഗികതയുടെ മേല്‍ക്കോയ്മയെത്തന്നെ ചോദ്യംചെയ്യുന്നു. അങ്ങനെ അത് ലൈംഗികതയെക്കുറിച്ചുള്ള, സ്വത്വത്തെക്കുറിച്ചുള്ള ഒരു പുന:ക്രമീകരണം അനിവാര്യമാക്കിത്തീര്‍ക്കുന്നു.
സ്ത്രീകള്‍ മാത്രം തിരിച്ചറിയുകയും അവര്‍ സവിശേഷമായി നിര്‍മിച്ചെടുക്കുകയും  പരസ്പരം പങ്കുവെയ്ക്കുകയും വിനിമയം ചെയ്‌തെടുക്കുകയും ചെയ്യുന്ന സ്‌ത്രൈണപ്രധാനമായ ഒരു ജ്ഞാനമണ്ഡലമായിക്കൂടിയാണ് ആഡ്രിയന്‍ റിച്ചിനെപോലെയുള്ളവര്‍ ലെസ്ബിയനിസത്തെ കാണുന്നത്. ജനനേന്ദ്രിയബദ്ധമായ ലൈംഗികതയിലേക്കതിനെ ചുരുക്കാനാവില്ല എന്നവര്‍ പറയുന്നു. സ്ത്രീകള്‍  പൊതുവായി പങ്കിടുന്ന അറിവനുഭവങ്ങളുടെ ആധികാരികത ഇവിടെ പ്രധാനമാണ്. ചന്ദനമരങ്ങളില്‍ പ്രകടമായ പുരുഷാധിപത്യത്തോടും പുരുഷകാമനകളോടും മറ്റു ചിലപ്പോള്‍ പുരുഷ ശരീരത്തോടുതന്നെയുമുള്ള കയ്പ്പും ദ്വേഷവും ഈ ഒരര്‍ത്ഥത്തില്‍ക്കൂടിയും കാണാം. തന്റെ ഭര്‍ത്താവിന്റെ പ്രമേഹരോഗികളുടെതായ മണം, അയഞ്ഞു തൂങ്ങിയ പുരുഷാവയവം മുണ്ടിനടിയില്‍കൂടി കാണുമ്പോഴുള്ള അറപ്പ്, പല്ലിലെ കറ, മൂടല്‍ ബാധിച്ച കണ്ണുകള്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍...

 ''മൂത്തുനരച്ച് വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു ദാമ്പത്യം പരിഷ്‌കൃതര്‍ക്ക് നിശ്ചയമായും ദുസ്സഹമാണ്. ഒരേ കട്ടിലില്‍ അടുത്തടുത്ത് ശയിച്ച് അന്യോന്യം വിയര്‍പ്പുഗന്ധം കൈമാറുക. സൂര്യോദയത്തില്‍ കക്കൂസില്‍ വെള്ളമൊഴിക്കാന്‍ മറന്ന ഇണയുടെ അമേധ്യം ദര്‍ശിക്കുക, അനുഗ്രഹിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ടവയെന്നു തോന്നിക്കുന്ന മനോഹരാംഗുലികളാല്‍  സ്വയംഭോഗം നടത്തുന്നത് നോക്കിക്കൊണ്ട് അതിന്റെ താളം ശ്രദ്ധിച്ചുകൊണ്ട് നിദ്രാഭിനയം നടത്തുക. വേണ്ട എനിക്ക് വേണ്ട, മാന്യരാല്‍ പുകഴ്ത്തപ്പെട്ട ഗൃഹസ്ഥാശ്രമം എനിയ്ക്ക് വേണ്ട, വേണ്ട. മറ്റൊരാളുടെ വായില്‍ നിന്ന് ഒഴുകുന്ന കൊഴുത്ത ദ്രാവകം എന്റെ വായിന് ആവശ്യമില്ല. ജോലി ചെയ്ത് തളര്‍ന്ന  എന്റെ ശരീരത്തിനു കാമത്തിന്റെ വികൃതഭാവം സഹിക്കാനാകില്ല. (പേജ് 165)''

'' അദ്ദേഹത്തെ വഞ്ചിക്കുവാന്‍ അങ്ങനെ എന്റെ പാതിവ്രത്യം ഉപേക്ഷിക്കുവാന്‍ ഞാന്‍ ശ്രമങ്ങള്‍ നടത്താതിരുന്നില്ല. പക്ഷേ, എന്നോടടുക്കുന്ന ഓരോ പുരുഷനിലും ഞാന്‍ അദ്ദേഹത്തെ മാത്രം കണ്ടു.കണ്ടപ്പോള്‍ ഞാന്‍ പിന്‍മാറി. നടുക്കത്തോടെ ഞാന്‍ പാതിവ്രത്യത്തിലേക്കു തന്നെ വഴുതി വീണു. ഉച്ഛിഷ്ടം ഭക്ഷിക്കുന്നതു പോലെ, ഉച്ഛിഷ്ടം വീണ്ടും വീണ്ടും ഭക്ഷിക്കുന്നതുപോലെ ഞാനെന്റെ ഭാര്യാധര്‍മം അനുഷ്ഠിച്ചുപോന്നു''



എങ്ങനെയാണ് ഇതൊരു കാല്‍പനിക ഏകാകിനിയുടെ അന്തര്‍മുഖസത്ത ഉള്‍ച്ചേര്‍ന്ന ആഖ്യാനസ്വരവുമായി കണ്ണിചേര്‍ന്നു കിടക്കുന്നത് എന്നുകൂടി മനസ്സിലാക്കുന്നത് മാധവിക്കുട്ടിയുടെ ആഖ്യാനസൗന്ദര്യശാസ്ത്രത്തെ കൂടുതല്‍ സൂക്ഷ്മമായി വെളിപ്പെടുത്തും. ഒരേസമയം വ്യവസ്ഥയ്ക്കു കീഴ്‌പ്പെടുന്ന അതിനെ മനസ്സിലാക്കുമ്പോഴും ചെറുക്കാനാവാതെ കീഴ്‌പ്പെടുന്ന, അതേസമയം വ്യവസ്ഥയ്ക്കു നേരെ കുസൃതിയോടെ ക്രൂരമായ പകയോടെ അതിനെ നേരിടുന്ന ചെറുക്കുന്ന ഈ രണ്ടു കഥാപാത്രങ്ങളെയും ആഖ്യാനസ്വരത്തിന്റെ, ഒന്നിന്റെ തന്നെ ഇരട്ടകളായി കാണാം.
 'എന്നില്‍ മറ്റൊരുത്തി ജീവിക്കുന്നു
എന്റെ ഇരട്ട
ജീവിക്കാനനുവദിക്കപ്പെടാത്തവള്‍
അമാവാസി കണ്ണുകളാല്‍ അവള്‍
എന്റെ മുഖശ്രീയെ മുറിവേല്‍പ്പിച്ച്
മെല്ലെ
എത്രയോ മെല്ലെ
എന്നെ പകുതി മനുഷ്യസ്ത്രീയും
പകുതി മാര്‍ജാരിണിയും
ആക്കിത്തീര്‍ക്കുന്നു.''(മാര്‍ജാരം)


സ്ത്രീസ്വത്വത്തെ സംബന്ധിച്ച 'മൗലികമായ ഈ ഉഭയവൃത്തി' (ഈ. വി. രാമകൃഷ്ണന്‍)യ്ക്കകത്ത്, ലിംഗബോധങ്ങള്‍ നിരന്തരമായി അസ്ഥിരീകരിക്കുന്നു, ചലനാത്മകമാവുന്നു. എങ്കിലും ഏകാകിനിയും തിരസ്‌കൃതയും അന്തര്‍മുഖിയും അന്യവല്‍കൃതയുമായ ആ ആഖ്യാനസ്വരം (അത് തന്ത്രപരമായ ഒരു മറയായിയിരിക്കാം.) മാഞ്ഞുപോകുന്നില്ല.


ഇടയുന്ന ഘടനകള്‍
ചന്ദനമരങ്ങളിലേക്കു വരുമ്പോള്‍ പരസ്പരം ഇടയുന്ന ഘടനകളെ നാം കാണുന്നു. പരസ്പരം കൊമ്പുകോര്‍ക്കുന്ന വര്‍ഗലിംഗങ്ങള്‍  ഈ കഥയ്ക്കു ബഹുലമായ മാനങ്ങള്‍ നല്‍കുന്നു. മധ്യവയസ്സു പിന്നിട്ട ഡോക്ടറായ ഷീല തന്റെ ബാല്യകാലസഖി കല്യാണിക്കുട്ടിയെ 26 വര്‍ഷങ്ങള്‍ക്കു ശേഷം  കണ്ടുമുട്ടുന്നിടത്താണ് കഥയുടെ ആഖ്യാനസന്ദര്‍ഭം. ഓര്‍മകളേക്കാളധികം അഗാധമായ,ജൈവികമായ അനുഭവമായാണിവിടെ ചെറുപ്പകാലം വീണ്ടെടുക്കപ്പെടുന്നത്.കുളത്തിന്റെ നനവും കുളച്ചണ്ടിയുടെയും പായലിന്റെയും വെളളിലയുടെയും  ആമ്പലിന്റെയും
ചിറ്റമൃതിന്റെയും മണവും സ്വാദും നിറഞ്ഞു നില്‍ക്കുന്ന വാങ്മയം. ഉല്ലാസത്തിന്റെയും ഉന്‍മാദത്തിന്റതുമായ ഒരു സ്‌നാനകേളിക്കു ശേഷം കുളപ്പടവുകളില്‍ വെച്ച് കല്യാണിക്കുട്ടി ഷീലയെ ഗാഢമായി ആശ്‌ളേഷിച്ച് ചുംബിക്കുന്നു. തുടക്കത്തിലെ ചെറുത്തുനിന്നുവെങ്കിലും പിന്നീടവള്‍  പൂര്‍ണമായും വഴങ്ങുകയാണ്.
''....അവള്‍ എന്നെ സര്‍വശക്തിയുമുപയോഗിച്ച് കുളപ്പുരയുടെ ചാണകം മെഴുകിയ നിലത്തേക്ക് മെല്ലെ വീഴ്ത്തിയിട്ടു. എന്റെ ശരീരത്തെ കോരിത്തരിപ്പിച്ചുകൊണ്ട് അവള്‍ എല്ലായിടവും നോവുന്ന ചുംബനങ്ങളാല്‍ പൊതിഞ്ഞു. ഞാന്‍ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാന്‍ ജീവച്ഛവമെന്നപോല്‍ അവളുടെ ആക്രമണത്തിനു വഴങ്ങി അവിടെ കിടന്നു എന്നു എനിക്കു തന്നെ ഓര്‍മയില്ല.. യുഗങ്ങളോളം  ഞാന്‍ അവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു.അതിനു ശേഷം ഞാനവളുടെ  തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി. അവളുടെ വായുടെ നനവും സ്വാദും എന്റേതായി. അവളുടെ ശരീരത്തിന്റെ മാര്‍ദ്ദവങ്ങളും കാഠിന്യങ്ങളും എന്റെ സഹവര്‍ത്തികളായി. ''

ഷീലയുടെ അച്ഛന്റെ ആശ്രിതയായി വളര്‍ന്ന കല്യാണിക്കുട്ടി ഷീലയുടെ പഴയ വസ്ത്രങ്ങള്‍ ധരിച്ച് എല്ലായ്‌പ്പോഴും അവളെ ചുറ്റിപ്പറ്റി നിന്നു. ഒരേ ജാതിയില്‍പ്പെട്ടവളും സഹപാഠിയുമായിരുന്നിട്ടും ഷീലയുടെ ഭക്ഷണമുറിയിലോ കിടപ്പറയിലോ കല്യാണിക്കുട്ടിക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഒരിക്കല്‍  ഷീലയുടെ നിര്‍ബന്ധത്തിനു വഴങ്ങി കട്ടിലിലിരുന്ന കല്യാണിക്കുട്ടിയെ മുത്തശ്ശി ശകാരിച്ചു പുറത്താക്കി. കല്യാണിക്കുട്ടി പഠിച്ച് ഡോക്ടറായത് ഷീലയുടെ കുടുംബത്തിന്റെ ധനസഹായം കൊണ്ടാണ്. എന്നാല്‍ ഷീലയുടെ അച്ഛന്റെ മരണത്തെ നിര്‍വികാരതയോടെ സ്വീകരിച്ച കല്യാണിക്കുട്ട്ി ഒരു ദിവസം ഷീലയുടെ പിതാവ് തന്റെയും പിതാവായിരിക്കാമെന്ന സംശയം പങ്കുവെയ്ക്കുന്നു. തനിക്കായി അത്രയധികം പണം ചെലവഴിച്ചതിന്റെ യഥാര്‍ഥ കാരണം അവള്‍ സ്ഥാപിക്കുന്നു.

സാമ്പത്തികമായ കീഴായ്മയും ആശ്രിതാവസ്ഥയും കല്യാണിക്കുട്ടിയില്‍ അപകര്‍ഷതയേക്കാളേറെ വീറും ഉറപ്പുമാണ് നിര്‍മിച്ചെടുക്കുന്നത്. 26 വര്‍ഷങ്ങള്‍ക്കുശേഷവും ഷീലയെകാണുമ്പോഴും അത് ജ്വലിച്ചു തന്നെ നില്‍ക്കുന്നു. 'നിനക്കൊരു മാറ്റവുമില്ല എന്റെ ഷീലാ, നീയിപ്പോഴും ദാനശീലയായി നിലകൊള്ളുന്നു. നിനക്ക് കൊടുക്കാനറിയാമായിരുന്നു. ബാല്യകാലം മുതല്‍ക്കേ നീ ദാനശീലം വളര്‍ത്തിയെടുത്തു. ഒപ്പം സഹനശക്തിയും. നീ ജനിച്ചത് അത്തരമൊരു കുടുംബത്തിലായിരുന്നു. ദാനശീലരും ധര്‍മിഷ്ഠരുമുളള ഒരു പുരാതന കുടുംബം. നീ കുലീനയായി ജനിച്ചു. അതുകൊണ്ടാണ് നിനക്ക് സംയമനത്തോടെ ജീവിക്കാന്‍ കഴിഞ്ഞത്. ഞാനതില്‍ അസൂയപ്പെട്ടിട്ട് എന്ത് പ്രയോജനം? ഞാന്‍ കര്‍ഷകരുടെ ഇടയില്‍ ജനിച്ചു. രണ്ടു ജാക്കറ്റും രണ്ടു പാവാടയും മാത്രമായിരുന്നു എന്റെ വസ്ത്രശേഖരം. എന്നെ നീ പഠിച്ചിരുന്ന സ്‌കൂളിലും പിന്നീട് കോളേജിലും ചേര്‍ത്തത് എന്റെ ദരിദ്രനായ പിതാവായിരുന്നില്ല. യജമാനനായിരുന്നു. ആ യജമാനനും ഞങ്ങളളുടെ കുടുംബവും തമ്മില്‍ രഹസ്യമായി മറ്റു വല്ല ബന്ധവുമുണ്ടോ എന്ന് ഞാന്‍ പലപ്പോഴും എന്നോടുതന്നെ ചോദിക്കാറുണ്ടായിരുന്നു. ആ യജമാനന്റെ മൂക്കുപോലെയാണ് എന്റെ മൂക്കെന്നുപോലും  ഒരുകാലത്ത് ഞാന്‍ സംശയിച്ചു.''

സന്ദിഗ്ധത
കഥയ്ക്കിടയില്‍ പ്രത്യക്ഷപ്പെടുന്ന കൗമാരകാലത്തെക്കുറിച്ചുള്ള ഓര്‍മകളിലെല്ലാം വര്‍ഗപരമായ കീഴാളതയും ലൈംഗികകര്‍തൃത്വവും ഇഴചേര്‍ന്ന് കിടക്കുന്നതു കാണാം. അതുകൊണ്ടുതന്നെ പതിവ് സാങ്കേതികാര്‍ത്ഥത്തിലുള്ള 'ശുദ്ധ'മായ സ്വവര്‍ഗകാമനകളുടെ വിനിമയം ഇവിടെ നടക്കുന്നില്ല എന്നുതന്നെ പറയാം. എന്നാല്‍ സരസ്വതിയമ്മയുടെയും മറ്റും കഥകളില്‍ വളരെ മുന്‍പുതന്നെ നാം പരിചയിച്ച, ആഴത്തിലുള്ള മൈത്രീബന്ധങ്ങളുടെ ബൗദ്ധിക സംവാദങ്ങളുമല്ല അവ. 'നീ കലാബോധമുള്ള ഒരു ധനികയാണ്.' അവള്‍ പറഞ്ഞു. (കല്യാണിക്കുട്ടി) 'കലാബോധം ഉണ്ടാകുന്നതും ധനമുണ്ടാകുന്നതും ഒരു കുറ്റമാണെന്ന നാട്യത്തിലാണ് നീ സംസാരിക്കുന്നതെന്ന് എനിയ്ക്കു തോന്നുന്നു.'(പുറം 170)

ധനികയായ ഷീലയോടുള്ള അസൂയ കല്യാണിക്കുട്ടി ഏറ്റുപറുന്ന ഈ സന്ദര്‍ഭം പ്രധാനമാണ്. മാന്യരുടെ സദസ്സില്‍ ബഹുമാനിക്കപ്പെടുകയും നീല ഡ്രസിങ് ഗൗണ്‍ ധരിച്ച് വരാന്തയിലിരുന്ന് പത്രങ്ങള്‍ വായിക്കുകയും ചെയ്യുന്ന ഷീലയുടെ വൃദ്ധഭര്‍ത്താവിനെച്ചൊല്ലിയും അവള്‍ അസൂയപ്പെടുന്നു. പൗരുഷവും യൗവനവും മുറ്റിയവനെങ്കിലും അപകര്‍ഷതാബോധം കൊണ്ട് തന്റെ ഭര്‍ത്താവ് ഒരു മൃഗമായി മാറിയെന്നവള്‍ പറയുന്നു. ഭാര്യയെ പെണ്ണേ, തേവിടിശ്ശി എന്നൊക്കെ വിളിക്കുന്ന അപരിഷ്‌കൃതനായ അയാളെ വിട്ട് ആദരവ് പ്രകടിപ്പിക്കുന്ന ഒരാളെ അവള്‍ തേടുന്നു.

26 വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ കല്യാണിക്കുട്ടിയോട് ഷീലയുടെ ഭര്‍ത്താവ് പ്രണയാഭ്യര്‍ഥന നടത്തിയെന്നാരോപിച്ച് കല്യാണിക്കുട്ടി ഷീലയെ വേദനിപ്പിക്കുന്നു. അതവള്‍ പറയുകയും ചെയ്യുന്നു. 'ഷീലാ, ഞാന്‍ നിന്നെ വേദനിപ്പിച്ചു. ഒരിക്കല്‍ നീയെന്നെ വേദനിപ്പിച്ചിരുന്നു. തുടര്‍ച്ചയായി വേദനിപ്പിച്ചു. ഇനി ആ കളി കളിക്കുവാന്‍ എന്റെ ഊഴവുമായി.'(പുറം 173) ദാരിദ്രവും ആഢ്യത്വത്തോടുള്ള വാഞ്ഛയും അപകര്‍ഷതയും ചേര്‍ന്നുണ്ടാക്കിയ മൂര്‍ച്ചയുള്ള ഒരു എതിര്‍ ബലം കല്യാണിക്കുട്ടിയുടെ സ്വത്വത്തിലുണ്ട്. അത് മറ്റുള്ളവരെ എന്ന പോലെ തന്നെത്തന്നെയും മുറിവേല്‍പ്പിക്കുന്നു. വിചാരണ ചെയ്യുന്നു. തന്റെ വിചിത്രമായ മനോനിലയെ കുറിച്ച് കല്യാണിക്കുട്ടി സ്വയം നടത്തുന്ന അന്വേഷണങ്ങളും നിഗമനങ്ങളും മാരകമായി തീരുന്നു.

ഒരേസമയം സ്വവര്‍ഗാനുരാഗത്തിന്റെ സാഹചര്യങ്ങള്‍ നിലനിര്‍ത്തുമ്പോഴും അതേസമയം അവയുടെ അസ്ഥിരീകരണമായി വഴിമാറുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ ഒട്ടേറെ ഈ കഥയിലുണ്ട്. കുളക്കരയിലെ രതിപരിലാളനകളില്‍ ഭിന്നവര്‍ഗലൈംഗികതയുടെ ഘടന സൂക്ഷ്മമായി ലയിച്ചു കിടക്കുന്നുണ്ട്. ഷീലയുടെ പക്ഷത്തുള്ള സ്‌ത്രൈണമായ നിസ്സഹായത, കീഴ്‌പ്പെടല്‍, കല്യാണിക്കുട്ടിയുടെ മുന്‍കൈയെടുക്കല്‍ എല്ലാം അതാണ് സൂചിപ്പിക്കുന്നത്.  ലൈംഗികകാമനകളെയും സ്വത്വത്തെയും സംബന്ധിച്ച സന്ദിഗ്ധത ഇതില്‍ ഉടനീളം നിലനില്‍ക്കുന്നുണ്ട്.

ലെസ്ബിയന്‍ അനുഭവത്തെക്കുറിച്ചുള്ള സാമാന്യധാരണകളെ പലനിലയ്ക്കും പരിക്കേല്‍പ്പിച്ചുകൊണ്ടാണ് ഈ കഥയുടെ ഭാവമണ്ഡലം വികസിക്കുന്നത്. സ്ത്രീയും സ്ത്രീയും തമ്മിലുള്ള ശാരീരിക രതി എന്നതിനപ്പുറം അതിനകത്തെ കര്‍തൃനിലകളെക്കുറിച്ചുള്ള, അവയെ നിര്‍മിച്ചെടുക്കുന്ന  ഭൗതികസാംസ്‌കാരിക ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നാമിവിടെ കാണുന്നു. വര്‍ഗപരമായി ചെറുതാക്കപ്പെട്ട ഒരുവളുടെ ചെറുത്തുനില്‍പ്പില്‍ ആണത്തമെന്ന അധീശഘടന ഉണര്‍ത്തിയെടുക്കപ്പെടുന്നു. അതവളില്‍ ഉണ്ടാക്കിയെടുക്കുന്ന എതിര്‍ബലം-അതിലൂടെ ആര്‍ജിക്കുന്ന അധീശനിലയാണ് ലൈംഗികതയിലെ കര്‍തൃനിലയായി കല്യാണിക്കുട്ടിയില്‍ പ്രവര്‍ത്തിക്കുന്നത്. '' പണ്ട് നീയെന്ന എന്നും പെണ്ണേ എന്നാണ് വിളിച്ചരുന്നത്. അതോര്‍മിക്കുന്നുണ്ടോ?അവള്‍ ചോദിച്ചു. ആ വിളി മാറ്റിക്കിട്ടാനാണു ഞാന്‍ ആണായഭിനയിച്ചത്. നിന്റെ പെണ്ണും നിന്റെ ആണും ഞാനായി തീര്‍ന്നു.'' ആസ്‌ട്രേലിയയിലേയ്ക്ക് കൂടെച്ചെല്ലാനും തന്നോടൊപ്പമുള്ള ജീവിതത്തില്‍ ആനന്ദവും വിശ്രാന്തിയും അനുഭവിക്കാനും ഷീലയെ അവള്‍ ക്ഷണിക്കുന്നു. ബന്ധങ്ങള്‍ക്കകത്ത് അവള്‍ സ്വയം യജമാനത്തം ആളുകയാണ്.

ഷീലയെ ആണായി സങ്കല്‍പിച്ചുകൊണ്ട് അവളുടെ കുഞ്ഞിനെ മാത്രമേ തനിയ്ക്കു പ്രസവിക്കാന്‍ ആഗ്രഹമുള്ളൂവെന്നും കല്യാണിക്കുട്ടി ഒരിക്കല്‍ പറയുന്നുണ്ട്. മറ്റൊരിക്കല്‍ ''ഷീലാ, നീയൊരു ആണ്‍കുട്ടിയായിരുന്നെങ്കില്‍ നിനക്കെന്നെ സ്‌നേഹിച്ചു തുടങ്ങാമായിരുന്നു. എന്റെ അച്ഛന്‍ നിന്നെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ നിന്റെ ഗുരുപുത്രിയാണ്. ഗുരുപുത്രിമാരെ സ്‌നേഹിച്ച രാജകുമാരന്‍മാരെപ്പറ്റി നീ കേട്ടിട്ടില്ലേ? നീ എന്തുകൊണ്ട് ഒരാണായി ജനിച്ചില്ല?(പുറം 156) ഇത്തരത്തില്‍ സ്വത്വത്തിന്റെ ദ്രാവകത്വവും (ഫ്‌ളൂയിഡിറ്റി) അയവും കൂടി ഈ കഥയില്‍ നിഴലിടുന്നുണ്ട്. 

ലെസ്ബിയന്‍ അനുഭവമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ബലതന്ത്രങ്ങളെയും അധികാര സംഘര്‍ഷങ്ങളെയും കൂടുതല്‍ സവിശേഷമായി നോക്കിക്കാണേണ്ടതുണ്ടെന്ന് ഈ കഥ ഉറക്കെപ്പറയുന്നു. അതിനെ വിശുദ്ധവല്‍ക്കരിക്കപ്പെട്ട ഒരു ആദര്‍ശലോകമായി കാണുന്നതിനും ഏകശിലാത്മകമായ സാമാന്യവല്‍ക്കരിക്കപ്പെട്ട രതിവ്യവഹാരമായി കാണുന്നതിനും  പകരം, അപരലൈംഗികതയോടുള്ള അന്യവല്‍കൃതസമീപനങ്ങള്‍ക്കും പകരം കൂടുതല്‍ തുറന്നതും വിശാലവുമായ മനസ്സിലാക്കലുകള്‍ സാധ്യമാണെന്ന് ഈ കഥ നമ്മോടു പറയുന്നു. ആ നിലയ്ക്ക് സ്ത്രീവാദസമീപനങ്ങളുടെ ലളിതവും ബാലിശവുമായ ഇടുക്കങ്ങള്‍ വിട്ട് അത് സ്വയംവിമര്‍ശനത്തിന്റെ കൂര്‍മതയിലേയ്ക്ക് വളരുന്നു. അവകാശലംഘനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും നേരെയുള്ള പടയൊരുക്കത്തോടൊപ്പം ആനന്ദത്തിനുള്ള (സ്വയംഭരണാധിഷ്ഠിതമായ) പൗരാവകാശത്തേയും അത് സ്ത്രീവാദത്തില്‍ ഉറപ്പിച്ചെടുക്കുന്നു. നിശ്ചയമായും അത് പുതിയ രാഷ്ട്രീയകര്‍തൃത്വമായി സ്ത്രീകളെ മാത്രമല്ല മറ്റെല്ലാ ലിംഗസ്വത്വങ്ങളെയുംതന്നെ  ഉണര്‍ത്തിയെടുത്തേയ്ക്കും. ചന്ദനമരങ്ങള്‍ കൂടുതല്‍ സമകാലികമാവുന്നത് ആ ഒരര്‍ത്ഥത്തിലും കൂടിയാണ്

(2014മാര്‍ച്ച് സംഘടിതയില്‍ പ്രസിദ്ധീകരിച്ചത് )