കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുമായി സാമൂഹ്യപ്രവര്‍ത്തകയായ അംബിക നടത്തിയ അഭിമുഖങ്ങള്‍, ബി.രാജീവനും കെ.എം.സലിംകുമാറും പോലെയുള്ള ഇടതുബുദ്ധിജീവികള്‍, പി.ഗീത, അഡ്വ.ഭദ്രകുമാരി, കുസുമം ജോസഫ്, റോസി തമ്പി എന്നിവരെപ്പോലുള്ള സ്ത്രീവാദികള്‍ എഴുതിയ ലേഖനങ്ങള്‍, കെ.എസ്.ഹരിഹരന്, മാര്ട്ടിന് കെ.ഡി, സി.ടി. തങ്കച്ചന്, എം.എസ് സജി എന്നിവര്‍ നടത്തുന്ന വിശകലനങ്ങള്‍ എല്ലാം ചേര്‍ന്നതാണ് ഈ പുസ്തകത്തിന്റെ ഘടന. ജനാധിപത്യത്തെക്കുറിച്ചുള്ള ബഹുസ്വരമായ ഭാവനയിലധിഷ്ഠിതമാണ് അവയോരോന്നും. കത്തുകളും അഭിമുഖങ്ങളും ലേഖനങ്ങളും കൂടിച്ചേര്‍ന്ന് ചരിത്രരേഖയായി നില്ക്കുന്ന പുസ്തകത്തെ സാംസ്കാരികമായി അടയാളപ്പെടുത്തുന്നതാണ് ആത്മനിഷ്ഠവൈകാരികതയുടെ സ്പര്‍ശമുള്ള സി.ആര്.പരമേശ്വരന്റെ അവതാരിക. ജലജ പി.എസിന്റെ ഉജ്ജ്വലമായ കവര്‍ പെയിന്റിംഗ് നൈതികതയുടെ നിസ്സഹായതയെ പ്രതിഫലിപ്പിക്കുന്നുണ്ട്. ഒപ്പം സ്ത്രീപക്ഷവിചാരങ്ങളുടെ ദൗത്യത്തെ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്.
മതം അധികാരമാണോ?
കേരളത്തിലെ മതേതരപുരോഗമനപാരമ്പര്യം മതത്തെ എപ്പോഴും പ്രതിലോമകരമായ ഒന്നായാണ് കണ്ടുപോരുന്നത്. മതേതരമല്ലാത്തവ അനിവാര്യമായും മനുഷ്യത്വവിരുദ്ധവും അടഞ്ഞ പിന്തിരിപ്പന് മൂല്യമുള്ളതുമാണെന്ന മുന്വിധി് പൊതുവേ ഈ നിലപാടുകളില്‍ കാണാം. മതപരമായ സാമൂഹിക ആന്തരികജീവിതമുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം അവരുടെ അനുഭവങ്ങളെ നിര്‍ണയിക്കുകയും നിലപാടുകളെ രൂപീകരിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ അനുഭവങ്ങള്‍ മതാത്മകമായ ജീവിതപരിസരം എന്ന കാരണത്താല്‍ അന്യായമോ അസാധുവോ ആകേണ്ടതില്ല. അവരുടെ ജീവിതാനുഭവങ്ങളുടെ ആകെത്തുക, ഭാവനകള്‍, സ്വപ്നങ്ങള്‍ ഇവയെല്ലാം മതപരമാണെന്നതുകൊണ്ട് റദ്ദാകേണ്ടതില്ല. മതത്തിനകത്തു ജീവിക്കുന്നവര്‍ എന്ന നിലയില്‍ നിന്നുകൊണ്ടു തന്നെ എല്ലാതരം പൗരത്വത്തിനും ജനാധിപത്യപരിഗണനകള്ക്കും സന്യാസികള്‍ ഒന്നടങ്കം അര്‍ഹരാണ്. ലിംഗഭേദമെന്യേ, മതജാതിഭേദമെന്യേ. പരിഷ്കൃതരും പുരോഗമനവാദികളും ഒരുവശത്തും മതവിശ്വാസികള്‍ മറുവശത്തുമായി നിലകൊള്ളുന്ന തരം ദ്വന്ദ്വപരമായ എതിര്നിലയെ പൊളിച്ചുകൊണ്ടാണ് കന്യാസ്ത്രീസമരം അതിന്റെ വ്യത്യസ്തമായ ചരിത്രം എഴുതിത്തുടങ്ങുന്നത്. കന്യാസ്ത്രീകളാകുന്നത് മതത്തിന് കീഴടങ്ങലാണ്, അവര്‍ മതത്തിന്റെയും സഭയുടെയും പരിധികളെ കയ്യൊഴിഞ്ഞാലേ വിമോചനം സാധ്യമാകൂ എന്ന പതിവു യുക്തികള്‍ കാര്യമായി ഇവിടെ പ്രവര്‍ത്തിച്ചിട്ടില്ല എന്നതിനു തെളിവാണ് വിവിധതരം സന്യസ്തരും വിശ്വാസികളും പുരോഗമനസ്വഭാവമുള്ള വ്യത്യസ്ത സംഘടനകകളിലെ രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം ഈ സമരത്തോട് ഐക്യപ്പെട്ടു എന്നത്. മതം എന്നാല്‍ അധികാരമാണ് എന്ന പതിവു സമവാക്യത്തെ അപ്രസക്തമാക്കും മട്ടില്‍ മതത്തിനകത്തുനിന്നു തന്നെ ധാരാളം പേര് സമരത്തിന് പിന്തുണയുമായെത്തി. മറ്റൊരുതരത്തില്‍ മതത്തിനുള്ളിലെ ജനാധിപത്യവല്‍ക്കരണത്തിനുള്ള സംവാദങ്ങളും ആരായലുകളുമായതു മാറി. മതേതരാനന്തരം(ുീേെലെരൗഹമൃ )എന്നു വിളിക്കാവുന്ന ചലനങ്ങളായവ പൊതുസമൂഹത്തിലേക്കു വ്യാപിച്ചു വളരട്ടെ.
വിമോചനം എന്നത് ജീവകാരുണ്യമല്ല
അംബികയുള്പ്പടെ പലരും നടത്തിയ അഭിമുഖങ്ങളില്‍ കന്യാസ്ത്രീകളുമായുള്ള സംഭാഷണഭാഗങ്ങള്‍ അവയുടെ ജൈവികതകൊണ്ട് ശ്രദ്ധേയമാണ്. ഭയവും വേദനയും പകപ്പും നിറഞ്ഞ അനുഭവങ്ങള്‍ക്കുള്ളില്‍ നിന്നും പുറത്തുകടക്കാനുള്ള വെമ്പലിനൊപ്പം നീതിയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമുള്ള വൈകാരികതകളും അവര്‍ പങ്കു വെയ്ക്കുന്നു. അവരുടെ അഭിപ്രായങ്ങളെ ആദരിച്ചുകൊണ്ടും അങ്ങനെത്തന്നെ നിലനിര്‍ത്തിക്കൊണ്ടും നടത്തുന്ന സംഭാഷണം വിമോചനം എന്നത് വെറും ജീവകാരുണ്യപ്രവര്‍ത്തനമല്ല എന്ന ധാരണയുടെ പ്രതിഫലനമാണ്. നിരവധി പൗരസമരങ്ങളുടെ അനുഭവപരിചയമുള്ള അംബിക അവരുടെ ഏജന്‍സിയെ ഹനിക്കാതെതന്നെ അതു മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. ബി.എസ് ബാബുരാജും അംബികയും കൂടി വെരി റവറന്റ് ബാര്‍ യുഹോനാന്‍ റമ്പാനുമായി നടത്തുന്ന സംഭാഷണം അതില്‍ നിന്നും വ്യത്യസ്തമാണ്. സഭയ്ക്കുള്ളിലെ ഭരണപരമായ ജനാധിപത്യത്തിനും മനുഷ്യാവകാശസംരക്ഷണത്തിനും ചര്‍ച്ച് ആക്ട് നിലവില്‍ വരേണ്ടതുണ്ടെന്നാണ് യുഹോനാന്‍ റമ്പാന്റെ വാദം. വിശ്വാസത്തെക്കാള്‍ പ്രാധ്ാന്യം ധനസമ്പത്തും പ്രമാണിത്തത്തിനുമായി മാറുന്ന ചരിത്ര്ത്തെ അദ്ദേഹം അപലപിക്കുന്നു.
നവോത്ഥാനമല്ല ആവര്‍ത്തിക്കേണ്ടത്
സ്ത്രീകളുടെ നേതൃത്വം, ഇടപെടല്‍, പങ്കാളിത്തം ഇത്തരം സമരങ്ങളെ പുത്തന്‍ ജനാധിപത്യത്തിനുള്ള ഈടുവെയ്പ്പാക്കി പരിവര്‍ത്തിക്കുന്നുണ്ട് എന്നു ഗീത തന്റെ സംഭാഷണത്തില്‍ പറയുന്നുണ്ട്. പുരുഷ മുന്‍കൈയിലും നേതൃത്വത്തിലും നടന്ന പോയകാലത്തെ നവോത്ഥാനപ്രക്രിയ സ്ത്രീയെ പ്രജയാക്കി മാത്രം കാണുകയും അവളുടെ സാമൂഹികമായ നിര്‍വഹണക്ഷമതയെ അദൃശ്യമാക്കുകയും ചെയ്ത ചരിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണിതെന്ന് അവര്‍ നിരീക്ഷിക്കുന്നു. റോസിതമ്പിയുടെയും ജെ.ജെ.പള്ളത്തിന്റെയും വാക്കുകളില്‍ സ്ത്രീപക്ഷ ആത്മീയതയെക്കുറിച്ചുളള ചിന്തകള്‍ കാണാം. ബൈബിള്‍ എങ്ങനെ സ്ത്രീയെ നിശ്ശബ്ദയും വിധേയയുമായ പ്രജയാക്കി മെരുക്കുന്നുവെന്ന് കുസുമം ജോസഫ് പറയുന്നു.
(കണ്ണീര്മഠങ്ങളെക്കുറിച്ച് ജനപക്ഷത്തിലെഴുതിയത്)