Tuesday, August 15, 2017

സമയം, കാമന: ചരിത്രത്തിന്റെ അമ്പടയാളങ്ങള്‍



ണ്‍പതുകളിലെ കുട്ടിക്കാലത്ത് അമ്മവീട്ടില്‍ ചുവരില്‍ ഫ്രെയിം ചെയ്തു തൂക്കിയിരുന്ന ബ്‌ളാക്ക് ആന്റ് വൈറ്റ് ഫോട്ടോകള്‍ ഓര്‍ക്കുന്നു. അമ്മാവന്‍മാര്‍ കൂട്ടുകാര്‍ക്കൊപ്പം ഹിപ്പിക്കട്ടും വലിയ കോളറുള്ള ഷര്‍ട്ടും ഒക്കെയായി സ്റ്റുഡിയോവില്‍ പോസ് ചെയ്‌തെടുത്ത ചിത്രങ്ങള്‍. അമ്മയുടെ അനിയത്തിമാരുടെയും സമാനമായ ചിത്രങ്ങള്‍; വേഷം ഹാഫ്‌സാരിയും മറ്റുമാണെന്നു മാത്രം. നിഷ്‌ക്കളങ്കമായ ഒരു കൃത്രിമത്വം ആ ഫോട്ടോകളിലെല്ലാമുണ്ട്. നില്‍പ്പിലും ചിരിയിലും നോട്ടത്തിലും കയ്യില്‍ കെട്ടിയ റിസ്റ്റുവാച്ചില്‍ പോലും അതുണ്ട്. ആ ചെരിഞ്ഞു നില്‍പ്പുകള്‍ക്ക് കുറേയേറെ കഥകള്‍ പറയാനുണ്ട്, പുതുതായി പണിയിച്ച അല്ലെങ്കില്‍ കടം വാങ്ങിയ ഒരു സ്വര്‍ണമാലയുടെ, റിസ്റ്റുവാച്ചിന്റെയൊക്കെ. പ്രകടനപരതയോടെ വാച്ചണിഞ്ഞ വലതുകൈത്തണ്ട ഇടതുകൈത്തണ്ടയ്ക്കു മുകളില്‍ പിണച്ചുവെച്ചുകൊണ്ടുള്ള എത്രയോ പെണ്‍ഫോട്ടോകള്‍ അക്കാലത്തു കണ്ടതോര്‍ക്കുന്നു, പത്താം ക്ലാസിലെ ഗ്രൂപ്പുഫോട്ടോകളിലടക്കം. അണിഞ്ഞൊരുങ്ങലിന്റെയും രൂപപ്രത്യക്ഷങ്ങളുടെയും വിസ്തൃതമായ ചരിത്രത്തിലേക്കു നോക്കിയാല്‍ സംസ്‌കാരത്തിന്റെ പുറംപാളികളില്‍ത്തന്നെ കൊത്തിവയ്ക്കപ്പെട്ട ആണത്തം, പെണ്ണത്തം ഇവയുടെ അതിരുകള്‍ എല്ലാം വെളിവാകും. ഓരോ വസ്തുവും ചമയങ്ങളും നമ്മുടെ ലിംഗഭേദചിന്തയുടെ, അധികാരവ്യവസ്ഥയുടെ കൂടി ഭാഗമാണ്. നമ്മുടെ കല്‍പ്പനകളിലും ദാഹമോഹങ്ങളിലുമെല്ലാം ഈ ചമയ/വസ്തു അഭിനിവേശങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇത്തരം കാമനകളുടെ സാംസ്‌ക്കാരികമായ നിര്‍വഹണശേഷിയെന്ത്? ചരിത്രത്തില്‍ അവ കൊത്തിവെയ്ക്കുന്ന അര്‍ത്ഥങ്ങള്‍, ആശയങ്ങള്‍, മൂല്യവിചാരങ്ങള്‍ ഇവയൊക്കെ സമയത്തിന്റെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നതെങ്ങനെ? ലിംഗഭേദത്തിന്റെ നടപ്പുവഴികളെ ഉറപ്പിക്കുകയും ഇളക്കുകയും ചെയ്യുന്നതില്‍ സമയരാഷ്ട്രീയത്തിനുള്ള പങ്കെന്ത്? ഇത്തരം ചോദ്യങ്ങളെ ഉള്ളില്‍ പേറുന്ന ചില വിചാരങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. സമയത്തിന്റെ രാഷ്ട്രീയം ജനതയുടെ വൈയക്തികകാമനകളില്‍ ഇടപെട്ടതിന്റെ തദ്ദേശീയമായ ലഘുചരിത്രത്തില്‍ നിന്ന് ഈ അന്വേഷണം ആരംഭിക്കാവുന്നതാണ്.

ഗഡിയാള്‍ എന്ന ആണ്‍മോഹവസ്തു
നിഴലളന്നും മാനത്തുനോക്കിയും സമയമറിഞ്ഞ പഴയ കാലത്തുനിന്നും വാച്ചിലേയ്ക്കുള്ള പരിണാമം നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. യൂറോപ്പിനെസംബന്ധിച്ചെടത്തോളം ഘടികാരങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും കേരളത്തില്‍ ചില ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ ഒഴിവാക്കിയാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദങ്ങളിലാണ് സജീവസാന്നിധ്യമാകുന്നത്. നഗരചത്വരങ്ങളിലെയും ഫാക്ടറികളിലെയും ആരാധനാലയങ്ങളിലെയും പൊതുക്‌ളോക്കുകളില്‍നിന്നു വ്യത്യസ്തമായി പോക്കറ്റുവാച്ചുകളിലേക്കും റിസ്റ്റുവാച്ചുകളിലേക്കുമുള്ള മാറ്റം ലാന്റ് ഫോണില്‍നിന്നും മൊബൈല്‍ ഫോണിലേക്കുള്ള മാറ്റത്തിനു സമാനമായി മനസ്സിലാക്കാം. അതാകട്ടെ വ്യക്തിപരതയുടെയും അതുമായി ബന്ധപ്പെട്ട സ്വകാര്യത, സ്വാതന്ത്ര്യം, തുടങ്ങിയവയുടെയും പ്രകാശനം കൂടി സാധ്യമാക്കുന്നതായിരുന്നു.

വാച്ച് ഒരു മോഹവസ്തുവായിട്ടായിരിക്കണം വൈയക്തികതയുടെ മണ്ഡലത്തിലേക്കു കുടിയേറിയത്. സമയമറിയുക എന്ന സ്വാഭാവികധര്‍മത്തിനപ്പുറം അതു വസ്തുരതിയിലേക്കു സംക്രമിക്കുന്നത് ഇന്ദുലേഖയില്‍ കാണാം. വെള്ളിയും സ്വര്‍ണവും കൊണ്ടുള്ള ചങ്ങലകള്‍ പിടിപ്പിച്ച പോക്കറ്റുവാച്ചുകളുടെ കാലമാണത്. ഇന്ദുലേഖയും സൂരിനമ്പൂതിരിപ്പാടും തമ്മില്‍ കാണുമ്പോള്‍ തന്റെ പ്രതാപത്തിന്റെ പ്രകടനമായി നേരം നോക്കാനെന്ന ഭാവേന സൂരിനമ്പൂതിരിപ്പാട് സ്വര്‍ണഗഡിയാള്‍ മടിയില്‍ നിന്നും എടുത്തു തുറന്നുനോക്കുന്നു. ഉടനെത്തന്നെ ഗഡിയാള്‍ ഒന്നു നോക്കണമോ എന്നു ചോദിച്ച് ഗഡിയാളും മാലചങ്ങലയും കഴുത്തില്‍നിന്ന് എടുത്തുകൊടുത്തു. തനിക്ക് മേഘദന്തന്‍ സായിപ്പ് അതു സമ്മാനമായി തന്നതാണെന്നു അഭിമാനപൂര്‍വ്വം പറയുകയും ചെയ്തു. അക്കാലത്തെ ആഢ്യന്മാരും തറവാടികളുമായ പുരുഷന്മാരുടെ പരിഷ്‌ക്കാരത്തിന്റെ ഭാഗമായിരുന്നു ഗഡിയാള്‍. ഒരേസമയം ഒരു മോഹവസ്തുവും പ്രതാപചിഹ്നവുമായിരുന്ന ഗഡിയാള്‍ അതിന്റെ അലങ്കാരമൂല്യത്തിലാണ് ഉറപ്പിക്കപ്പെട്ടതെന്നു വ്യക്തം. ഗഡിയാള്‍ ഒരു ആണ്‍മോഹവസ്തുവായാണ് അതിന്റെ പ്രയാണമാരംഭിച്ചതെന്നു കൂടി നമുക്കിവിടെ വായിച്ചെടുക്കാം. ആണുങ്ങള്‍ക്ക് പെണ്ണുങ്ങളോളം അലങ്കാരഭ്രമമില്ല എന്ന പോതുബോധത്തെ മറിച്ചിടുന്ന ഇത്തരം എത്രയോ തെളിവുകള്‍ ഇനിയും കണ്ടെടുക്കപ്പെടേണ്ടിയിരിക്കുന്
നു!

 ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വാച്ചുകള്‍ വിറ്റിരുന്നത് ഏറെയും സ്വര്‍ണവ്യാപാരികളായിരുന്നു. അക്കാലത്ത് ജ്വല്ലറിയുടെ പരസ്യങ്ങളില്‍ ആഭരണങ്ങള്‍ക്കൊപ്പം വാച്ചിന്റെ പരസ്യവും കാണും. നിക്കല്‍, സ്വര്‍ണം, വെള്ളി മുതലായ ലോഹങ്ങള്‍ ഉപയോഗിച്ചുള്ള വാച്ചുകള്‍, രത്‌നം പതിച്ചവ, കല്ലു പതിച്ചവ എന്നിങ്ങനെയൊക്കെയാണ് വിശേഷണങ്ങള്‍. തൃശ്ശിവപേരൂരിലെ ആഭരണവ്യാപാരിയായ എസ്. നാരായണയ്യര്‍, 1916 വൃച്ഛികത്തിലെ ലക്ഷ്മിഭായിയില്‍ നല്‍കിയ പരസ്യം ആരംഭിക്കുന്നത് 'സ്വയം പവന്‍ സ്വര്‍ണത്തില്‍ പണിതു കല്ലു പതിച്ചത്' എന്നാണ്.

വാച്ചിലെ രത്‌നങ്ങളും അവയ്ക്കു കൊടുത്തിരിക്കുന്ന അലങ്കാരപരമായ പ്രാധാന്യവും ഇന്നു നോക്കുമ്പോള്‍ അവിശ്വസനീയവും വിചിത്രവുമായിതോന്നാം. രത്‌നോപയോഗത്തിനു പിന്നില്‍ രണ്ടു കാരണങ്ങളുണ്ട്. വാച്ചുകളുടെ തിരികുറ്റികളില്‍ (പിവറ്റ്) രത്‌നങ്ങള്‍ ഉപയോഗിച്ച് ഘര്‍ഷണവും തേയ്മാനവും കുറക്കാം. സ്റ്റീലും സ്റ്റീലും തന്നിലുള്ള ഘര്‍ഷണതോത് 0.58 ആണെങ്കില്‍ സ്റ്റീലും ഇന്ദ്രനീലവും തമ്മില്‍ 0.10-0.15 ആണ്. ഘര്‍ഷണം കുറയുന്തോറും സമയകൃത്യതയും കൂടും.  രത്‌നങ്ങള്‍ പതിച്ച ബെയറിങ്ങുകള്‍ക്ക് മറ്റുള്ളവയേക്കാള്‍ ഈടുണ്ടെന്നതാണ് അവ ഉപയോഗിക്കുന്നതിനുള്ള രണ്ടാമത്തെ കാരണം. എന്നാല്‍ വാച്ചുകള്‍ കാമനകളുടെ ഭാഗമായതിനു പിന്നില്‍ മറ്റൊരു കാരണമാണ് ഉണ്ടായിരുന്നത്. രത്‌നങ്ങളുടെ ഉപയോഗത്തിനനുസരിച്ച് വാച്ചിന്റെ വിലയും ആര്‍ഭാടപരമായ പദവിയും കൂടുമല്ലോ. അതോടെ എല്ലാ വ്യവസ്ഥകളെയും ലംഘിക്കുന്ന വിധത്തില്‍ ഈ ഭ്രമം വര്‍ധിക്കുകയും അമ്പതും നൂറും വരെ രത്‌നങ്ങള്‍ ഉപയോഗിച്ചുള്ള വാച്ചുകള്‍ വിപണി കീഴടക്കുകയും ചെയ്തു. രത്‌നഭ്രമം (ജുവല്‍ ക്രേസ്)എന്നാണ് ഈ പ്രവണത ആഗോളതലത്തില്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെന്നു മാത്രമല്ല, ആഗോളതലത്തില്‍ത്തന്നെ രത്‌നങ്ങള്‍ പതിച്ച വാച്ച് വലിയ മോഹവസ്തുവായിരുന്നു.

സമയത്തിന്റെ അധികാരരാഷ്ട്രീയം(Chrono politics)


സമയത്തെ സംബന്ധിച്ച സാംസ്‌ക്കാരികമൂല്യഘടനകള്‍ അടിമുടി പുതുക്കിയെഴുതപ്പെടുകയും പുനര്‍നിര്‍വചിക്കപ്പെടുകയും ചെയ്യുന്നത് 1930-കളോടെയാണ്. പുതിയ അധികാരബന്ധങ്ങള്‍ക്കും തൊഴില്‍, ജീവിതബന്ധങ്ങള്‍ക്കും അനുസൃതമായി സമയം ചിട്ടപ്പെടുന്നതിലൂടെയാണിതു സംഭവിച്ചത്. സൂരിനമ്പൂതിരിപ്പടിനെപ്പോലുള്ള ഫ്യൂഡല്‍ജന്മികളെ സംബന്ധിച്ചേടത്തോളം സമയം കണക്കാക്കിയിരുന്നത് പാട്ടക്കരത്തിന്റെയും മറ്റും സമയചക്രത്തിനുള്ളിലാണ്. സന്ധ്യാവന്ദനവും ക്ഷേത്രദര്‍ശനവും അന്നപാനാദികള്‍ക്കുള്ള ഇടവേളകളും ഉള്ളടങ്ങുന്ന സമയക്രമം അനൗപചാരികമാണ്. കീഴാളരെ സംബന്ധിച്ചും ഇതുതന്നെ സ്ഥിതി. എങ്കിലും അതിലുപരിയായി കൂലിയുടെയും വിഭവാശ്രിതത്വത്തിന്റെയും മറ്റു പലതരം കീഴായ്മകളുടെയും ഭാഗമായി വരേണ്യാധികാരത്തിനു വിധേയമായിരുന്നു അതെന്നുമാത്രം. നേരം പോയതിനെക്കുറിച്ചുള്ള കീഴാളനാടന്‍ പാട്ടുകളില്‍ ഇതു കാണാം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നമ്മുടെ നാട്ടില്‍ വാച്ച് ഉപയോഗിച്ചവരില്‍ ഏറെയും കൊളോണിയല്‍ അധികാരവുമായി ബന്ധപ്പെട്ടു നിന്ന വരേണ്യരാണ്. അവരില്‍ വാച്ച് തുടക്കത്തില്‍ത്തന്നെ ഒരു മോഹവസ്തുവായാണ് വര്‍ത്തിച്ചത്. ഔപചാരികമായ കൊളോണിയല്‍ സമയകൃത്യത അവര്‍ക്ക് അന്യമായിരുന്നു. എന്നാല്‍ അതിനോടുള്ള അവരുടെ പ്രതികരണം സംഘര്‍ഷാത്മകമായിരുന്നുവെങ്കിലും ശത്രുതാപരമായിരുന്നില്ല. വാച്ചുകെട്ടിയും അതിനെ ഒരു മോഹവസ്തുവായി താലോലിച്ചും പ്രദര്‍ശിപ്പിച്ചും കാമനാപരമായ ഇണക്കത്തോടുകൂടിയ പ്രതികരണവുമായിരുന്നു, അത്. ഈ സംഘര്‍ഷങ്ങളുടെയും സന്ദിഗ്ദ്ധതകളുടെയും അടയാളങ്ങള്‍ പോത്തേരി കുഞ്ഞമ്പു 'സരസ്വതീവിജയ'ത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. 

'സരസ്വതീവിജയ'ത്തിലെ കനകശേഖരയില്ലത്ത് കുബേരന്‍ നമ്പൂതിരിക്കു താലൂക്കു കോല്‍ക്കാരന്‍ വഴി കോഴിക്കോട് കലക്ടര്‍ ഔദ്യോഗികമായ ഒരു ഉത്തരവ് കൊടുത്തയച്ചു. എന്നാല്‍ അതു ഒപ്പിട്ടു കൈപ്പറ്റാന്‍ താല്പര്യപ്പെടാതെ ഒഴിഞ്ഞു മാറുകയാണയാള്‍. 'കല്പന വാങ്ങാം, കുപ്പന്‍ വരട്ടെ' എന്നു പറഞ്ഞ നമ്പൂതിരിയോട് ഔപചാരികവും ഔദ്യോഗികവുമായ സമയക്രമത്തിന്റെ അധികാരഭാഷയാണ് ശിപായി ഉപയോഗിക്കുന്നത്: 'അത്രയൊന്നും എനിക്കു താമസിക്കാന്‍ പാടില്ല, ഇവിടെ കല്പന കിട്ടിയ വിവരത്തിനും ഇത്രമണിക്കു കിട്ടിയെന്നും ഒപ്പു വാങ്ങി അടിയന്തരമായി മടങ്ങിച്ചെല്ലാന്‍ താസില്‍ദാര്‍ എജമാനന്റെ കല്പനയാണ്'. ഈ സമയനിഷ്ഠ കാശിനു ഗതിയില്ലാത്ത ശിപായി നായരുടെ അഹങ്കാരമായാണ് നമ്പൂതിരിയ്ക്ക് അനുഭവപ്പെടുന്നത്. 

മലയാളത്തിലെ ദേവാലയങ്ങളുടെ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ് കളക്ടര്‍ വിളിപ്പിച്ചത്. കത്തു കിട്ടി പത്താം നാള്‍ എത്താനാണ് ഉത്തരവ്. യാത്ര പുറപ്പെടുന്നതിനുള്ള ശുഭമുഹൂര്‍ത്തം ഗണിക്കുന്നതിന്റെയും അനുബന്ധസാമഗ്രികള്‍ അടുപ്പിക്കുന്നതിന്റെയും ചിട്ടവട്ടങ്ങളാണ് തുടര്‍ന്നുള്ള ഭാഗം. മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ ഇല്ലത്തിനു പുറത്തു കടക്കുകയും എന്നാല്‍ വയലും പറമ്പും നാട്ടുപാതകളും പിന്നിട്ടുള്ള രാത്രിയാത്ര ബുദ്ധിമുട്ടായതിനാല്‍ വീടിന്റെ  പടിപ്പുരയില്‍ തന്നെ താമസമാക്കുകയാണ് നമ്പൂതിരി. ദീര്‍ഘമായ യാത്രയ്ക്കു ശേഷം പത്താം നാള്‍ ഓഫിസ് സമയം തുടങ്ങുന്ന പത്തുമണിയ്ക്കു തന്നെ നമ്പൂതിരി, കളക്ടര്‍ മുമ്പാകെ ഹാജരാകുന്നു. ആചാരപരവും അനുഷ്ഠാനപരവുമായ സമയവും കൊളോണിയല്‍ അധികാരം അനുശാസിക്കുന്ന ഔദ്യോഗിക സമയവും തമ്മിലുള്ള സംഘര്‍ഷം പോത്തേരി കുഞ്ഞമ്പു വിശദമായിത്തന്നെയാണ് വിവരിക്കുന്നത്. ഇപ്രകാരം പുതിയ ഓഫീസ് ഭരണവ്യവസ്ഥ, ഫാക്ടറികള്‍, തോട്ടങ്ങള്‍, ഇംഗ്‌ളീഷ് സമ്പ്രദായത്തിലുള്ള സ്‌ക്കൂളുകള്‍, കോളേജുകള്‍, ഇവ കേന്ദ്രീകരിച്ചുള്ള പുതിയ തൊഴില്‍ സംസ്‌കാരം എന്നിവ തദ്ദേശീയ സമൂഹത്തിന്റെ അനൗപചാരികമായ സമയക്രമങ്ങള്‍ മാറ്റിമറിച്ചു. തീവണ്ടി പോലുള്ള പൊതുവാഹനങ്ങളും സമയക്ലിപ്തത ആവശ്യപ്പെട്ടു. ഈ പ്രവണത വാച്ചുകളുടെ ഉപയോഗത്തിലും അവതരണത്തിലും പ്രതിഫലിക്കാതിരുന്നില്ല. അതോടെ അത് ഒരു ജനതയുടെ രൂപപ്രത്യക്ഷങ്ങളുടെയും വിഷയമായി മാറുന്നു. സമയത്തിന്റെ അധികാരം സ്ഥലപരമായ സാമ്രാജ്യാധികാരത്തെയും കവിഞ്ഞ് കനത്ത അധീശതയായി വളരുന്നതിനെക്കുറിച്ച് മുസ്ലിം സ്ത്രീകളെ കുറിച്ചുള്ള തന്റെ പഠനത്തില്‍ ഫാത്തിമാ മെര്‍നിസിയും എഴുതുന്നുണ്ട്. 

''വ്യവസായവല്‍ക്കരണത്തിനുശേഷമുള്ള പാശ്ചാത്യസമൂഹം ഇതരസംസ്‌ക്കാരങ്ങളെയാകമാനം അതിന്റെ താളത്തിനനുസരിച്ച് തുള്ളാന്‍ പ്രേരിപ്പിക്കുന്നു. അതിന്റെ സമയ-താളക്രമം ഉപയോഗിച്ച്  ഏതുസ്ഥലത്തെയും സംസ്‌ക്കാരത്തിലെയും പെരുമാറ്റരീതികളെ സ്വന്തം മാനദണ്ഡങ്ങള്‍ക്കു വിധേയമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ കാലഘട്ടത്തില്‍ പാശ്ചാത്യാധിപത്യത്തിന്റെ മുഖമുദ്ര. കൊളോണിയല്‍ സൈന്യങ്ങള്‍ റസിഡന്റ് ജനറലിന്റെ ഹെഡ്ക്വാട്ടേഴ്‌സിനു മുന്നില്‍ പരേഡുകള്‍ നടത്തിയിരുന്ന കാലം അവസാനിച്ചു. അതെല്ലാം ഭൂതകാലത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടും ഇന്ന് റിസ്റ്റുവാച്ചുകളുടെ സാര്‍വത്രിക സാന്നിധ്യത്തിന്റെ രൂപത്തിലുള്ള ആധിപത്യം തുടരുകയാണ്. ക്വാര്‍ട്‌സ് വാച്ചുകളുടെ വിചിത്രമായ ശബ്ദങ്ങള്‍ ട്രിപ്പോളിയിലെയോ റിയാദിലെയോ സുഗന്ധം തങ്ങിനില്‍ക്കുന്ന രാത്രിയില്‍ രണ്ട് അറബികള്‍ നടത്തുന്ന സംഭാഷണങ്ങള്‍ക്കിടയ്ക്ക് ഓരോ മണിക്കൂറും അലോസരമുണ്ടാക്കുന്നു. സമയത്തിന്റെ ഈ നെടുനിര്‍ണായകത്വം അസംബന്ധജടിലവും രാഷ്ട്രീയഭൂമിശാസ്ത്രത്തെ അവമതിക്കുന്നതുമാണ്. ഏതൊരു രാഷ്ട്ത്തിന്റെയും സാമ്പത്തികവും രാഷ്ട്രീയവുമായ പരമാധികാരത്തിന്റെ അടിസ്ഥാനമായ സ്ഥലത്തിനെ (space) നിയന്ത്രിക്കാനുള്ള പഴയ സംവിധാനങ്ങള്‍ക്കു പകരം സമയത്തിനെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്ന് സമയത്തിനെ നിയന്ത്രിക്കാനുള്ള കഴിവാണ് അധികാരത്തിന്റെ അടിസ്ഥാനം. നിങ്ങളുടെ മണ്ണിനടിയിലുള്ള എണ്ണയല്ല നിങ്ങളെ സമ്പന്നരാക്കുന്നത്. മറിച്ച് അതിനെ ലോകകമ്പോളത്തില്‍ എത്തിക്കാനാവശ്യമായ മാര്‍ക്കറ്റിംഗ് സംവിധാനങ്ങളുടെ വേഗതയാണ്.'' (പുറം 44, ഇസ്‌ളാമും സ്ത്രീകളും-കെ.എം.വേണുഗോപാലന്റെ പരിഭാഷ). ഇസ്ലാമികലോകത്തെ കുറിച്ച് മെര്‍നീസി നടത്തുന്ന നിരീക്ഷണങ്ങള്‍ ഏതൊരു മൂന്നാംലോകസമൂഹത്തിനും ഏറെക്കുറെ ബാധകമാണ്. ഇന്ത്യന്‍ അനുഭവങ്ങളിലെ ഏറ്റവും കടുത്ത അധികാരപ്രയോഗമായ അടിയന്തരാവസ്ഥ മലയാൡുടെ സ്മരണയില്‍ അടയാളപ്പെട്ടതുതന്നെ കൃത്യസമയം പാലിച്ചുകൊണ്ട് ഓടുന്ന തീവണ്ടികളുടെയും സമയത്തിനു തുറക്കുന്ന ഓഫീസുകളുടെയും രൂപകങ്ങളാലായത് വെറുതേയല്ല. അപമാനവീകരിക്കപ്പെട്ട ഈ സമയകൃത്യതയെ, അധികാരനൃശംസതയെ അന്യാപദേശത്തിന്റെയും കറുത്തഹാസ്യത്തിന്റെയും മേമ്പൊടിയോടെ 'ചെങ്ങന്നൂര്‍വണ്ടി'യില്‍ ഒ.വി.വിജയനും ചിത്രീകരിച്ചിട്ടുണ്ട്.  

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം പോക്കറ്റുവാച്ചുകളും റിസ്റ്റുവാച്ചുകളും ഒരേസമയം നിലനിന്ന കാലമാണ്. ജന്മിമാരുടെയും ഫ്യൂഡല്‍പ്രമാണിമാരുടെയും കോളനിസര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും നിത്യോപയോഗസാമഗ്രിയായ വാച്ച് ഏറെ കഴിയും മുമ്പ് മറ്റു തൊഴില്‍ ഗണങ്ങളിലേയ്ക്കും വ്യാപിച്ചു. ഇക്കാലത്ത് വിപണിയിലുണ്ടായിരുന്ന കല്‍ക്കത്തയിലെയും ബോംബെയിലെയും മറ്റും വാച്ചുകമ്പനികള്‍ അധികവും അഭിസംബോധന ചെയ്തിരുന്നത് തൊഴിലാളികളെയും ഓഫീസ് ജീവനക്കാരെയുമാണ്. അലങ്കാരമൂല്യത്തോടൊപ്പം അതിനെയും അധികരിച്ചു നില്‍ക്കുന്ന 'സമയം വിലപിടിച്ചതാണ്, അതു തൊഴില്‍ സമയത്തെ ബാധിക്കുന്നതാണ്' എന്നെല്ലാമുള്ള ഒരുതരം ആധുനികചിന്തയും ഈ സമയമാകുമ്പോഴേയ്ക്കും സജീവമാകുന്നുണ്ട്. ലെയ്ത്തില്‍ പണിയെടുക്കുന്ന പുരുഷത്തൊഴിലാളിയുടെ ചിത്രത്തോടു കൂടിയ വെസ്റ്റന്റ് കമ്പനി പുറത്തിറക്കിയ വാച്ചിന്റെ തലക്കെട്ടു തന്നെ 'ഞങ്ങള്‍ ഈ വാച്ച് കൂലിക്കാര്‍ക്കു വേണ്ടി നിര്‍മിച്ചു' എന്നാണ്.
ആരാണ് 'കൂലിക്കാര്‍'? എന്തെല്ലാമാണ് 'കൂലിപ്പണി'കള്‍? എന്നൊക്കെയുള്ള  ചോദ്യങ്ങള്‍ സ്വയം ഉയര്‍ന്നു വരുന്നുണ്ടിവിടെ. പുരുഷന്മാരെ സംബന്ധിച്ചിടത്തോളമെങ്കിലും വാച്ചുകള്‍ അലങ്കാരമൂല്യത്തോടൊപ്പം ഉപയോഗമൂല്യവും കൈവരിക്കുന്ന ഘട്ടമാണിത്.

ആധികാരികവും ഔപചാരികവുമായ മണ്ഡലങ്ങളിലെ സമയത്തിന്റെ അളവുകോലായി വാച്ച് കടന്നുവരുന്നതോടെ അതു പുരുഷന്റെ ഉപകരണവും പുരുഷനിയന്ത്രിത ഉപകരണവുമായി മാറുന്നുണ്ട്. സമയത്തിന്റെ കൈകാര്യസ്ഥനും കാവല്‍ക്കാരനുമായി പുരുഷന്‍ വരികയാണ്. പോക്കറ്റു വാച്ചുകള്‍ അധികവും പുരുഷന്മാരാണ് ഉപയോഗിച്ചിരുന്നതും. പുരുഷന്‍മാരുടെ ജീവിതമണ്ഡലത്തിലും ലിംഗപദവിയിലും തൊഴിലിനുവന്ന പ്രാമുഖ്യം ഇവിടെ വകയിരുത്തണം. അക്കാലത്തെ വാച്ചുകളുടെ സവിശേഷതയായി നിര്‍മ്മാതാക്കള്‍ എടുത്തു പറഞ്ഞിരുന്ന ഒരു കാര്യം അവയ്ക്ക് സെക്കന്റ് സൂചി ഉണ്ടെന്നാണ്. സൂക്ഷ്മവും കൃത്യവുമായ സമയക്രമത്തിന്റെ സൂചനയാണിത്. കോയമ്പത്തൂര്‍ സ്വിസ് വാച്ചുകമ്പനിയുടെ പരസ്യശീര്‍ഷകം 'ജീവിതത്തൊഴിലില്‍  സമയം അതിപ്രധാനം' എന്നായിരുന്നു. സ്വാതന്ത്ര്യാനന്തരകാലത്ത് 'ഹൗ മെനി റുപ്പീസ് മേക്ക് ആനവര്‍' എന്ന കാപ്ഷനോടുകൂടി വന്ന ടാറ്റാ ഇന്‍്ഡസ്ട്രിയല്‍ സ്റ്റീലിന്റെ പരസ്യം പറയുന്നതും സമയത്തിന്റെ വിലയെക്കുറിച്ചാണ്. പണത്തെയും സമയത്തെയും തുലനപ്പെടുത്തിക്കൊണ്ടു തയ്യാറാക്കിയ ഈ പരസ്യത്തില്‍ ഒരു പോക്കറ്റുവാച്ചിന്റെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. 

പുരുഷന്മാരുടെ വാച്ച് ഉപയോഗമൂല്യത്തിലേയ്ക്ക് സംക്രമിച്ച് ഉറപ്പിക്കപ്പെടുമ്പോഴും സ്ത്രീകളുടെ വാച്ചുപയോഗം അലങ്കാരമൂല്യത്തില്‍ തന്നെ തുടര്‍ന്നു. ഇക്കാലത്തും ലേഡീസ് വാച്ചുകള്‍ ആഭരണങ്ങള്‍ക്കൊപ്പമാണ് പരിഗണിക്കപ്പെട്ടത്. 1950 കളില്‍പ്പോലും വാച്ചുകള്‍ ഇത്തരം വിശേഷണങ്ങളോടെ പ്രത്യക്ഷപ്പെട്ടിരുന്നു. 'നവീന ആഭരണങ്ങളും അവയ്ക്കു പറ്റിയ വാച്ചുകളും' എന്ന ശീര്‍ഷകത്തോടെ സുരാജ്മല്‍സ് പയനീയേഴ്‌സ് ആന്റ് ഇന്‍ഡ്യന്‍ ജുവല്‍ ട്രേഡിന്റെ പരസ്യം 1950 കളിലെ മാതൃഭൂമിയില്‍ കാണുന്നു. വാച്ചിനെ ആഭരണത്തോട് ചേര്‍ത്തുവെയ്ക്കുകയാണല്ലോ ഇവിടെ. രത്‌നം പതിച്ച വാച്ചുകള്‍ക്ക് പകുതിവില അനുവദിച്ചുകൊണ്ടുള്ള പ്രത്യേക ഓഫറുകളും ചിലര്‍ നല്‍കിയിരുന്നു. 60കളില്‍ ബെന്‍ടെക്‌സ് കമ്പനിക്കാര്‍ പുതുതായി പുറത്തിറക്കിയ തങ്ങളുടെ ലേഡീസ്‌വാച്ചിനെ വിശേഷിപ്പിച്ചത് 'ബ്രേസ്‌ലെറ്റിനു പകരം ഉപയോഗിക്കാവുന്നത്' എന്നാണ്. വളഞ്ഞുനേര്‍ത്ത വഴങ്ങുന്ന ചങ്ങലകളോടുകൂടിയ സ്‌ട്രേപ്പുള്ള, ചെറിയ ഡയലുള്ള വാച്ചുകളായിരുന്നു അവ.
ചെറിയ സ്വര്‍ണ്ണച്ചങ്ങല കൊണ്ടുള്ള ഞാത്തുകളും തൊങ്ങലുകളും പിടിപ്പിച്ച സ്വര്‍ണവാച്ചുകള്‍ തൊണ്ണൂറുകളില്‍ പോലും പ്രചാരത്തിലുണ്ടായിരുന്നു.

പലതരം വാച്ചുകളുടെ വൈവിധ്യമാര്‍ന്ന നീണ്ട നിര തന്നെ അക്കാലത്ത് ലഭ്യമായിരുന്നു. വാച്ചുകളുടെ ഗുണമേന്മയക്കു പുറമേ സൂക്ഷ്മമായ പ്രത്യേകതകളെയും അവ സൂചിപ്പിച്ചു. ഷോക്ക് പ്രൂഫ്, വാട്ടര്‍ പ്രൂഫ്, നോണ്‍ മാഗ്നറ്റിക്, റേഡിയം ഡയല്‍, സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ മേഡ്, ലിവര്‍ പോക്കറ്റ് വാച്ച്, താക്കോലില്ലാത്തത്, ലിവര്‍ വാച്ച് എന്നിങ്ങനെയുള്ള പദകോശങ്ങള്‍ പരസ്യങ്ങളില്‍ സമൃദ്ധമായിരുന്നു. വാച്ചിനെ സംബന്ധിച്ച ഈ വൈവിധ്യങ്ങളും തെരഞ്ഞെടുക്കല്‍ സാധ്യതയും അതിന്റെ അലങ്കാരപദവിയെ വര്‍ധിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ഇതിനു പുറമേ മറ്റു വിപണിവസ്തുക്കള്‍ക്കൊപ്പം സൗജന്യമായി വാച്ചുകള്‍ നല്‍കുന്ന രീതിയും പ്രബലമായിരുന്നു. 1930 കളില്‍ ഓട്ടോ സുഗന്ധരാജ് പോലുള്ള സുഗന്ധദ്രവ്യങ്ങളും ലേപനങ്ങളും വാങ്ങുമ്പോള്‍ ബര്‍മ ടൈംപീസ്, ലിവര്‍ പോക്കറ്റ് വാച്ച്, ഇമ്പീരിയല്‍ ലിവര്‍ റിസ്റ്റ് വാച്ച് എന്നിവ സൗജന്യമായി നല്‍കിയിരുന്നുവത്രെ. ഹണിമൂണ്‍ സെന്റ് പ്രചരിപ്പിക്കുന്നതിനു വേണ്ടി 5 കൊല്ലം ഗ്യരണ്ടിയോടുകൂടിയ 15 ജുവല്‍ റിസ്റ്റ് വാച്ചുകള്‍ കിട്ടുന്ന പദ്ധതിയുമുണ്ടായിരുന്നു.

വിശേഷാവസരങ്ങളില്‍ സമ്മാനമായി നല്‍കപ്പെടുന്നതും വാച്ചിന്റെ അലങ്കാരവസ്തു എന്ന പദവിയെത്തന്നെ ഉറപ്പിക്കുന്നതാണ്. 'ഒരു നല്ല വാച്ചിനേക്കാള്‍ ഏറ്റവും ഉചിതമായ മറ്റൊരു വിവാഹസമ്മാനവുമില്ല. എന്തെന്നാല്‍ വാച്ച് കൈയ്ക്ക് ഒരു അലങ്കാരമാണ്; ദിവസേന അതുകൊണ്ടു ഉപയോഗമുളളതുമാണ്' എന്നാണ് വെസ്റ്റ്ന്റ് വാച്ച് കമ്പനിയുടെ 30 കളിലെ പരസ്യം. യുവാവായ മകനു നല്‍കാവുന്ന ഏറ്റവും ഉചിതമായ സമ്മാനം ഉറപ്പിലും വിശ്വാസയോഗ്യതയിലും ഉയര്‍ന്നു നില്‍ക്കുന്ന 'ക്വീന്‍ ആനി' റിസ്റ്റ് വാച്ചാണെന്ന് മറ്റൊരു പരസ്യത്തില്‍(മാതൃഭൂമി, ആഗസ്റ്റ്28,1933 ) കാണുന്നു.
ആദ്യത്തേതില്‍ വാച്ചുനോക്കുന്ന യുവതിയുടെ ചിത്രം അലങ്കാരമൂല്യത്തെ മുന്‍നിര്‍ത്തിയാണെങ്കില്‍ രണ്ടാമത്തെ പരസ്യത്തില്‍ യുവാവിന്റെയും അച്ഛന്റെയും ചിത്രമാണുള്ളത്. രണ്ടു മൂല്യങ്ങളിലെയും സൂക്ഷ്മമായ വേര്‍തിരിവ് വരികളില്‍ വ്യക്തമാണ്. സ്ത്രീക്ക് അലങ്കാരവും പുരുഷന് ആധികാരികമായ മറ്റു മൂല്യങ്ങളുമാണ് പ്രധാനം. 'സ്വാഭാവികമായ മുന്‍വിധി' പ്രവര്‍ത്തിക്കുന്ന പരസ്യവാചകങ്ങളില്‍ ലിംഗമാനകതയുടെ മൂല്യം കൂടി ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
സമയത്തെ ദൈനംദിനജീവിതത്തിലെ സുപ്രധാനമൂല്യമായി തിരിച്ചറിയുന്ന ഒരു ആധുനികജനതയായി മലയാളികള്‍ മാറിയതിന്റെ സൂചനകളാണിവയെല്ലാം. ഈ ആധുനികജനതയെ ലിംഗസ്വത്വങ്ങളായി കൃത്യതപ്പെടുത്തുന്നതില്‍ സമയത്തിനും സമയസാമഗ്രികള്‍ക്കുമുള്ള പങ്കെന്ത് എന്നതിനെ കുറിച്ചാണ് ഇനി അന്വേഷിക്കാനുള്ളത്.

ആണ്‍വാച്ചും പെണ്‍വാച്ചും

വാസ്തവത്തില്‍ റിസ്റ്റു വാച്ചുകളുടെ ഉപയോഗം തുടങ്ങുന്ന ആദ്യകാലം മുതല്‍ക്കുതന്നെ ലിംഗഭേദവും അതില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. 1920 കളോടെതന്നെ ലേഡീസ് വാച്ച് പ്രചാരത്തിലുണ്ട്. 'വലിയ അളവും' 'ചെറിയ അളവും' എന്നതാണ് ഇവിടെ ലിംഗഭേദത്തിനായി സ്വീകരിക്കുന്ന ഭാഷാവ്യവഹാരം. വലിയ അളവ് പുരുഷന്‍മാര്‍ക്കും ചെറിയ അളവു സ്ത്രീകള്‍ക്കുമായി വേര്‍തിരിച്ചുകൊണ്ടുള്ള ലിംഗഭേദകല്പനയുടെ വേരുകള്‍ പാശ്ചാത്യസമ്പര്‍ക്കങ്ങളിലൂടെ നേരിട്ടു കടന്നുവന്നതാകാം. തൃശൂര്‍ ലക്ഷ്മീവിലാസം വര്‍ത്തകശാലയില്‍ അത്തരം ചെറിയ അളവിലുള്ള ലേഡീസ് വാച്ച് വില്പനയുള്ളതായി 1921 തുലാം മാസത്തെ ലക്ഷ്മീഭായിയില്‍ കാണുന്നു. ചെറിയ  അളവ് വാച്ച് തോല്‍പ്പട്ട(സ്ട്രാപ്പ്)യില്‍ വെച്ച് കയ്യില്‍ക്കെട്ടിയും ചങ്ങലയില്‍ കൊളുത്തി കീശയിലിട്ടും ഉപയോഗിക്കാമെന്നും അതില്‍ പറയുന്നു. 'ശരിയായ സമയത്തെ കാട്ടുന്നതും കാഴ്ച്ചഭംഗിയുള്ളതുമായ നിക്കിള്‍കേസ് വാച്ച് വില 1 ന് കയ്യില്‍ കെട്ടാനുള്ള തോല്‍പ്പട്ടയടക്കം ആറുറിപ്പിക'യാണ് വിലയിട്ടിരുന്നത്. അന്നത്തെ നിലയ്ക്ക് വലിയൊരു തുകയായിരുന്നു അത്.

ലിംഗഭേദത്തെ സംബന്ധിച്ച ആലോചനയെ കൂടുതലായി ബലപ്പെടുത്തുന്ന ഒന്നാണ് 50 കള്‍ക്കു ശേഷമുള്ള വാച്ചിന്റെ ചരിത്രം. ചെറിയ ഡയലും വീതികുറഞ്ഞ ചെയിനും സ്ട്രാപ്പും വളയ്ക്കും ബ്രേസ്‌ലെറ്റിനും പകരമായ രൂപവുമൊക്കെ പെണ്‍വാച്ചിനെ എങ്ങനെ നിര്‍മിച്ചെടുത്തു എന്നു നാം കണ്ടു. എന്നാല്‍ അതിനേക്കാള്‍ സുപ്രധാനവും നിര്‍ണായകവുമാണ് വാച്ചു ധരിക്കുന്ന രീതിയില്‍ ഉണ്ടായ വിച്ഛേദങ്ങള്‍. ആദ്യകാലത്ത് ഏതാണ്ട് 50-60 കള്‍ വരെയെങ്കിലും സ്ത്രീപുരുഷഭേദമെന്യേ പൊതുവെ ആളുകള്‍ ഇടതുകയ്യിലാണ് വാച്ചു കെട്ടിയിരുന്നത്. പഴയ തലമുറയിലുള്ളവരുമായി നടത്തിയ സംഭാഷണങ്ങളും അക്കാലത്തെ എഴുത്തുകളിലെ സൂചനകളും വ്യത്യസ്ത പരസ്യങ്ങളോടൊപ്പം സ്ഥാനം പിടിച്ചിരുന്ന രേഖാചിത്രങ്ങളും അക്കാലത്ത് എടുത്തിരുന്ന ഫോട്ടോഗ്രാഫുകളുമാണ് ഇതേ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. പരസ്യങ്ങള്‍ പ്രധാനമായും മദിരാശി, ബോംബെ, കല്‍ക്കത്ത തുടങ്ങിയ പ്രദേശങ്ങളിലെ കമ്പനികളുടേതായതുകൊണ്ട് അവയില്‍ ചേര്‍ത്തിരുന്ന രേഖാചിത്രങ്ങളും ആ പ്രദേശങ്ങളിലെ സവിശേഷപരിഷ്‌കാരങ്ങളെ സൂചിപ്പിക്കുന്നവയായിരിക്കുമെന്നത് വാസ്തവമാണെങ്കിലും അക്കാലത്തെ മലയാളികളുടെ ഫോട്ടോഗ്രാഫുകളും സമാനമായ പ്രവണതകളാണ് കാണിക്കുന്നത്.

1932 നവംബര്‍ 16ലെ മാതൃഭൂമിയില്‍ കല്‍ക്കത്തയിലെ വെസ്റ്റ്ന്റ് വാച്ചിന്റെ പരസ്യത്തില്‍ കാണുന്ന സ്ത്രീയും പുരുഷനും ഇടതുകയ്യിലാണ് വാച്ചു കെട്ടിയിരിക്കുന്നത്. 1934 ലെ സിലോണ്‍ മലയാളിയില്‍ കേരളത്തിലെ ഏക മുസ്‌ളിം വിദ്യാസമ്പന്ന എന്ന തലക്കെട്ടില്‍ ഡോ. എം.കെ. അയിശക്കുട്ടി, എല്‍.എം.പി യുടെ ഒരു ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. അതിലും വാച്ച് ഇടതുകൈയിലാണ്.
വലതുകൈയിലാണ് വളയുടെ സ്ഥാനം. മഹാരാജാസ് കോളേജിലെ ഇംഗ്‌ളീഷ് പ്രൊഫസര്‍ തങ്കം(1935നവംബര്‍25 ലെ മാതൃഭൂമി), ഹെര്‍ബെര്‍ട്ടു മെഡലും പ്രൊഫ.സീലി പ്രൈസും നേടിയ മിസ് ഏലിക്കുട്ടി ഉമ്മന്‍ (1939 എറണാകുളം മഹാരാജാസ് കോളേജ്മാഗസിന്‍,)
തുടങ്ങിയവരുടെയും ഇടത്തെ കയ്യിലാണ് വാച്ചിന്റെ സ്ഥാനം. അക്കാലത്തെ പല ഗ്രൂപ്പുഫോട്ടോകളിലും സ്ഥിതി വ്യത്യസ്തമല്ല.



എന്നാല്‍ 50കളോടെ ഈ വ്യവസ്ഥയില്‍ ചില സന്ദിഗ്ധതകള്‍ വന്നുചേര്‍ന്നു. 60 കളോടെ അതു പൂര്‍ണമായും ബലപ്പെടുകയും ചെയ്തു. മുന്‍കാലത്ത് എല്ലാവരും സ്വാഭാവികമാംവണ്ണം ഇടതുകയ്യില്‍ ധരിച്ചിരുന്ന വാച്ച് സ്ത്രീകളുടെ കാര്യത്തില്‍ വലതുകൈയിലേക്ക് മാറി. വലതുകൈ ഏറെയും പ്രവര്‍ത്തി സന്നദ്ധമായും പ്രവര്‍ത്തനനിരതമായുമിരിക്കുമ്പോള്‍ (ഇടതുകൈക്കാര്‍ നേരെ തിരിച്ചും) ആ കൈയില്‍ ധരിക്കുന്ന വാച്ച് അസൗകര്യം വര്‍ധിപ്പിക്കുന്നു. അടുക്കളയിലോ ഓഫീസിലോ ഫാക്ടറിയിലോ ആയാലും പ്രവര്‍ത്തിതടസ്സം കൂടാതെ വലതുകൈയിലെ വാച്ചില്‍ സമയം നോക്കുക എളുപ്പമല്ല. അതായത് വാച്ചിനിപ്പോള്‍ പ്രധാനമായും അലങ്കാരപദവിയാണുള്ളതെന്നു വ്യക്തം. 1972 ഏപ്രില്‍ 6 ാം തിയതിയിലെ മാതൃഭൂമിയുടെ മുഖചിത്രം ഒരു പന്ത്രണ്ടുകാരി വരച്ച സമ്മാനാര്‍ഹമായ പെയിന്റിങ്ങായിരുന്നു. 
 
അതില്‍പ്പോലും വലതുകയ്യില്‍ കെട്ടിയ വാച്ചു പ്രദര്‍ശിപ്പിച്ചു വശം ചെരിഞ്ഞുനില്‍ക്കുന്ന സ്ത്രീകളെയാണ് കാണുന്നത്. വിവാഹവേളകളിലും മറ്റും പുരുഷന്‍ നിര്‍ബന്ധമായും വാച്ചു ധരിക്കുമ്പോള്‍ സ്ത്രീ ആ ഇടം കൂടി വളകള്‍ക്കു വിട്ടുകൊടുക്കുന്നു. പൗരുഷത്തിനു കൂടുതല്‍ ചേര്‍ന്നതായി വാച്ച് അതിന്റെ ലിംഗമൂല്യത്തെ നിര്‍മിച്ചെടുക്കുന്നു എന്നു പോലും പറയാവുന്നതാണ്.

1950-കള്‍ക്കു ശേഷം മലയാളിസ്ത്രീയുടെ സാമൂഹ്യജീവിതവും സാമൂഹികപദവിയും മുന്‍നിര്‍ത്തി ആലോചിക്കുമ്പോള്‍ സ്ത്രീകളില്‍ അടിച്ചേല്പിക്കപ്പെട്ട് വര്‍ധിച്ചുവരുന്ന ഗാര്‍ഹികവല്‍ക്കരണത്തിന്റെ സൂചനയായി വാച്ചിന്റെ സ്ഥാനാന്തരത്തെ കാണാം. പുറത്തായിരിക്കുമ്പോഴും അകത്തായിരിക്കുന്ന സ്ത്രീയവസ്ഥയെ മുന്‍നിര്‍ത്തി സ്ത്രീവാദികള്‍ എഴുതിയിട്ടുണ്ടല്ലോ. പണിയിടങ്ങളിലോ നഗരത്തിലോ ബസ്സിലോ ആയിരിക്കുമ്പോഴും അവര്‍ മക്കളുടെ ട്യൂഷന്‍ സമയത്തിനകത്തോ വീട്ടിലെ രോഗികളും വൃദ്ധരുമായ മാതാപിതാക്കളുടെ ശുശ്രൂഷകളിലോ ഒക്കെയാണ്. സ്വന്തമല്ല, അന്യമാണ്, അവരുടെ സമയം. മറ്റുള്ളവര്‍ക്കു വിശപ്പു വരുമ്പോഴാണ് അവരുടെ ഭക്ഷണസമയം. അവര്‍ക്കു വേണ്ടിയുള്ള സേവനങ്ങള്‍ക്കനുസൃതമായാണ് അവളുടെ വിശ്രമം. പൗരത്വവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ സ്ത്രീയുടെ സമയക്രമത്തില്‍ ലെഷര്‍ പ്രവര്‍ത്തിക്കുന്നതെങ്ങിനെ എന്ന് തിരിച്ചറിയാനുള്ള താക്കോലായി ഇതെടുക്കാം. ഒപ്പം സ്വതന്ത്രവും കര്‍തൃനിഷ്ഠവുമായ ലെഷര്‍ സ്ത്രീക്കു സാധ്യമാകാത്തതെന്തെന്ന ചോദ്യത്തിലേയ്ക്കുള്ള പീഠികയായും കണക്കാക്കാം.

വലതുകൈയിലെ ആണ്‍വാച്ചുകള്‍
''അസിഫ് അലിയെ സ്‌ക്രീനില്‍ കാണുന്ന കാലം മുതലുള്ള സംശയമാണ്. ഇദ്ദേഹം കാമുകനെ അവതരിപ്പിച്ചാലും കള്ളനെ അവതരിപ്പിച്ചാലും കൊള്ളക്കാരനെ അവതരിപ്പിച്ചാലും വലതുകൈയില്‍ ഒരു വാച്ചു കാണാം. സാധാരണ മനുഷ്യരൊക്കെ കെട്ടുന്ന പോലെ ഇടതുകൈയില്‍ വാച്ചു കെട്ടുന്ന ഒരു കഥാപാത്രത്തേപ്പോലും ഇദ്ദേഹത്തിന്റെ വകയായി കണ്ടിട്ടില്ല! കവചകുണ്ഡലങ്ങളുമായി പിറന്നുവീണ സൂര്യപുത്രനെപ്പോലെ അസിഫ് അലി വലതുകൈയില്‍ വാച്ചും കെട്ടിയായിരിക്കുമോ ഭൂമിയില്‍ അവതരിച്ചത്? ''-'ഫോറംകേരള ഡോട്ട്‌കോ'മില്‍ നടന്ന ചര്‍ച്ചയില്‍ വയനാടന്‍ എന്നൊരാളുടെ കമന്റാണിത്. വലതുകൈയില്‍ വാച്ചുകെട്ടുന്നതിനെ പൗരുഷക്കുറവായും സ്‌ത്രൈണതയോടുള്ള ചാര്‍ച്ചയായും കാണുന്ന സമീപനമാണിത്. ഇത്തരത്തിലുള്ള നിരവധിചര്‍ച്ചകള്‍ ജനപ്രിയമാധ്യമങ്ങളില്‍ പതിവാണ്. എന്നാല്‍ ഇതിനെ അതിലംഘിക്കാനുള്ള ചിലശ്രമങ്ങളും മലയാളിഭാവനയില്‍ നമുക്കു കാണാം. രഞ്ജിത് തിരക്കഥയെഴുതി ഐ.വി.ശശി സംവിധാനം ചെയ്ത, ഫ്യൂഡല്‍ആണത്ത സിനിമകളുടെ പുതിയ പന്ഥാവിനു തുടക്കം കുറിച്ച ദേവാസുരം ഒരുദാഹരണം. അതിലെ ലാലിന്റെ മംഗലശ്ശേരിനീലകണ്ഠന്‍ വലതുകൈയില്‍ വാച്ചുകെട്ടുമ്പോള്‍ അതു അതിപൗരുഷത്തിന്റെ ചിഹ്നമായാണ് മനസ്സിലാക്കപ്പെട്ടത്. പക്ഷേ അതേ ആണ്‍ശരീരഭാഷ പിന്തുടര്‍ന്ന രഞ്ജിത്തിന്റെയും മറ്റു സംവിധായകരുടെയും പില്‍ക്കാലചിത്രങ്ങളില്‍ ഈ ശൈലി തുടര്‍ന്നതായി കാണുന്നില്ല. അതു സംഭവിക്കുന്നത് പിന്നീടു തിരശ്ശീലക്കു പുറത്താണ്; തികച്ചും വ്യത്യസ്തമായ സാഹചര്യത്തിലാണെന്നുമാത്രം.  

  പുതിയ കാലത്തേക്കുവരുമ്പോള്‍ വാച്ചിന്റെ ആകൃതിയിലും വലുപ്പത്തിലും ലിംഗഭേദത്തിന്റെ മാനകതകളെ പൊളിച്ചുകളയുന്ന അഭിരുചികള്‍ നാം കാണുന്നു. മുമ്പത്തെ നേര്‍ത്ത വീതികുറഞ്ഞ സ്ട്രാപ്പുകള്‍ക്കു പകരം വീതിയേറിയ സ്ട്രാപ്പും വലിയ ഡയലും പെണ്‍കുട്ടികള്‍ ഒരു ഫാഷനായി സ്വീകരിച്ചിരിക്കുന്നു. നിറമുള്ള സ്ട്രാപ്പ് യുവാക്കള്‍ ആണ്‍/പെണ്‍ ഭേദമില്ലാതെ സ്വീകരിക്കുന്നു. മറ്റു പല അലങ്കാരങ്ങളിലുമെന്നതു പോലെ ലിംഗാതീതമായ ഒരു നീക്കം വാച്ചിലും വന്നിട്ടുണ്ട്. പുതുതലമുറയെസംബന്ധിച്ചെടത്തോളം ആണ്‍പെണ്‍ഭേദമെന്യേ ഇടതുകയ്യിലാണ് വാച്ചിന്റെ സ്ഥാനം. വലതുകയ്യില്‍ വാച്ചുകെട്ടുന്ന പെണ്ണ് അപൂര്‍വമാണ്. ന്യൂജെന്‍ ഫ്രീക്ക് പയ്യന്‍മാര്‍ ചിലര്‍ വലതുകയ്യില്‍ വാച്ചു കെട്ടുന്നതും കാണാറുണ്ട്.


1.സര്‍ സി.പി. തിരുവിതാംകൂറിലെ സമയക്രമത്തില്‍ ഇടപെട്ടുകൊണ്ടു വരുത്തിയ പരിഷ്‌കാരങ്ങള്‍ ചിന്തയ്കകു വക നല്‍കുന്നതാണ്‌. 


 2.ഗാന്ധിജിയും വാച്ചും 

3.വെള്ളൂരുള്ള റെയില്‍വേ ലൈനിലൂടെ  നിരക്ഷരരായ കൂലിപ്പണിക്കാര്‍ പണികഴിഞ്ഞു പോകുന്നതു കാണാം. രാത്രി വെളിച്ചമില്ലാത്ത വഴികളിലൂടെ അവരുടെ പിന്നാലെ നടന്നു പോകുമ്പോഴൊക്കെ അവരുടെ വര്‍ത്തമാനം കേട്ടു നടക്കുക രസം. സിഗ്നലിന് സിഗിനലെന്നും സമയത്തിന് സമേന്‍ എന്നുമാണ് പറയുക. അതെനിക്ക് എപ്പഴും ഇഷ്ടായിരുന്ന രണ്ടു പ്രയോഗങ്ങള്‍. ബള്‍ബ് ബളുബ് എന്നു പറയുന്ന രസം. സ്വിച്ച്, തുച്ച് എന്നാണ് ഞങ്ങള്‍ വീട്ടില്‍ പറയുക. സമേന്‍ ആണ് ഏറ്റവും ഇഷ്ടം, അതിന് ഒരു പുല്ലിംഗസൂചനയുണ്ടല്ലോ. സമയം മുന്നോട്ടേ പോകുവൊള്ളല്ലോ. 

4. ആധുനികവ്യക്തിയെ നിര്‍മിച്ചെടുക്കുന്നതില്‍ കൊളോണിയല്‍ സമയബോധം കടന്നു വരുന്നതെങ്ങനെയെന്ന് ഡോ.എന്‍.അജയകുമാര്‍ ലക്ഷ്മീകേശവത്തിനെഴുതിയ അവതാരികയില്‍  വിശദീകരിക്കുന്നുണ്ട്. പുറം 15,16
നോവല്ില്‍ പ്രതിനായകസ്ഥാനത്തുള്ള കേലുണ്ണിനമ്പ്യാര്‍ ഇംഗ്‌ളീഷ് വിരോധിയാണെങ്കിലും അയാളുടെ വീട്ടിലെ ആധുനിക ഉപകരണങ്ങള്‍ ശ്രദ്ധേയമാണ്. അവിടെ പലതരത്തിലുള്ള ക്ലോക്കുകള്‍ ഉണ്ട്. വ്യാപാരാവശ്യങ്ങള്‍ക്കായി മൈസൂര്‍ രാജാവിനെയും മന്ത്രിയെയും സ്വാധീനിക്കുന്ന ദേവരാജനായിഡുവിന്റെ ബംഗ്‌ളാവിലും  പലതരം ക്ലോക്കുകള്‍ ഉണ്ട്. ഈ ബാഹ്യസൂചനകളേക്കാള്‍ പ്രധാനമായതാണേ്രത ലക്ഷ്മിക്കുട്ടിയുടെ മദിരാശിയിലെ ജീവിതം.  കാരണം അത് മണിക്കണക്കിനു ചിട്ടപ്പെടുത്തിയ രീതിയിലാണ്. നാലു മുതല്‍ ആറുവരെ പാട്ട്, ഏഴുമണിക്കകം കുളി, ചായ. ഏഴുമുതല്‍ പത്തുവരെ ഇംഗ്ലീഷ്, പത്തുമണിക്ക് ഊണ്, നാലുമണിവരെ പഠനം. അതു കഴിഞ്ഞ് സ്‌നേഹ്തയോടൊത്തു നേരമ്പോക്കുകള്‍, പൂവിറുക്കല്‍, മറ്റു വിനോദങ്ങള്‍, ഒമ്പതുമണി വരെ സംസ്‌കൃതം പഠിക്കും. പിന്നെ ഒമ്പതു മണിക്കു മാതാപിതാക്കളോടൊത്തു ഭക്ഷണം കഴിക്കും പത്തുമണിവരെ അവരോടൊന്നിച്ചിരുന്നു പാട്ടുകള്‍ പാടി സന്തോഷിപ്പിക്കും. പിന്നെ മീനാക്ഷിയോടൊന്നിച്ചു ഉറങ്ങാന്‍ പോകും. 

വിവാഹത്തിനുമുമ്പുള്ള ഒരു രാത്രിയില്‍ സല്ലാപവേളയില്‍ 'ഇതാ,  മണി ഒന്നടിക്കുന്നു' എന്നു പറഞ്ഞാണ് ലക്ഷ്മീ കേശവന്മാര്‍ പിരിയുന്നത്.

5.ആലീസിന്‍രെ ലോകത്തെ സമയമാപിനികള്‍
https://www.youtube.com/watch?v=782azzO3CFE&fbclid=IwAR3fiO5vGIqIS66VoqMH9wdHwUjR6W_uwXO_fSvCRlNjGdMRCCZ-qiHEUIU







റഫറന്‍സ്:
1. സരസ്വതീവിജയം, പോത്തേരി കുഞ്ഞമ്പു, ചിന്ത പബ്ലിേഷഴ്‌സ്, തിരുവനന്തപുരം
2. ഇസ്ലാമും സ്ത്രീകളും, ഫാത്തിമ മെര്‍നീസ്സി, വിവ: കെ. എം വേണുഗോപാലന്‍, ഒലിവ്, കോഴിക്കോട്
3. ലക്ഷ്മീഭായി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, സിലോണ്‍ മലയാളി, എറണാകുളം മഹാരാജാസ് കോളജ്  മാഗസിന്‍ ഇവയുടെ പഴയ ലക്കങ്ങള്‍

(2017 ആഗസ്റ്റ് 20 ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌)


No comments: