എന്തുകൊണ്ട് അല്ലെങ്കില്‍ എന്തിനു വേണ്ടി മുതുകുളം പാര്‍വതിയമ്മയെ വീണ്ടെടുക്കണം എന്ന ചോദ്യം പ്രസക്തമാണെന്നു കരുതുന്നു. ഇന്ത്യന്‍ചരിത്രത്തില്‍ തന്നെ സ്ത്രീരചനാപാരമ്പര്യങ്ങള്‍ പലതും തുടച്ചു നീക്കപ്പെടുകയോ അമര്‍ച്ച ചെയ്യുകയോ വിലക്കപ്പെടുകയോ ഒക്കെ ചെയ്തിട്ടുണ്ട്. മുദ്ദുപ്പളനിയുടെ The appeasement of Radhika അഥവാ 'രാധികാസാന്ത്വനം' അതിന്റെ വലിയൊരുദാഹരണമാണ്. പില്‍ക്കാലത്തു മൈസൂര്‍ നാഗരത്നമ്മ ആ കൃതി വീണ്ടെടുത്തു. ലൈംഗികാഹ്ലാദത്തെക്കുറിച്ചുള്ള സ്ത്രീകളും സ്ത്രീകളും തമ്മിലുള്ള പ ങ്കുവെയ്ക്കലാണാ കൃതി. ചെറിയ പെണ്‍കുട്ടിക്കു ലൈംഗികതയുടെ വശങ്ങള്‍ വിവരിച്ചു കൊടുക്കുന്ന ആ കൃതി അശ്ലീലമാണെന്നു കൊളോണിയല്‍ അധികാരികള്‍ വിധിയെഴുതി. സ്ത്രീകളുടെ സര്‍ഗാത്മകാവിഷ്‌കാരങ്ങളെ സംബന്ധിച്ച യഥാര്‍ത്ഥമായ വിലയിരുത്തല്‍, അവയുടെ ശരിയായ വായന പലപ്പോഴും അസാദ്ധ്യമാകുന്നതിനു പിന്നെയും നിരവധി ഉദാഹരണങ്ങളുണ്ട്. പുതിയകാലത്തെ മലയാളത്തിലാണെങ്കില്‍ മാധവിക്കുട്ടിയും നളിനിജമീലയും പോലെ. മലയാളസ്ത്രീകവിതയില്‍ വേറിട്ട വഴി സ്വീകരിച്ച മുതുകുളം പാര്‍വതിയമ്മയെക്കുറിച്ചാണ് നാം ആലോചിക്കുന്നത്. 1904 ല്‍ ജനിച്ച് 1977ല്‍ മണ്‍മറഞ്ഞുപോയ ഈ കവിയുടെ ആഭിമുഖ്യങ്ങളില്‍ സര്‍വപ്രധാനമായ സവര്‍ണേതരമായ ആത്മീയതയുടെ ധാര ഇന്ന്, പ്രത്യേകിച്ചും ഹൈന്ദവവാദപരമായ ഹിംസാത്മക ആത്മീയധാരകളില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. കരുണയും മൈത്രിയും പുലരുന്ന സാമൂഹിക, മാനവിക ലോകങ്ങളെക്കുറിച്ചുള്ള അവരുടെ വിഭാവനങ്ങള്‍ ഒരു കവിയുടെ കേവല ആത്മീയചിന്തകള്‍ക്കപ്പുറം ആഴം നിറഞ്ഞതും പുരോഗമനപരവുമാണ്. ഇവിടെ നാം ചില നടപ്പു ചോദ്യങ്ങളില്‍ വഴി മുട്ടിയേക്കാം. സെക്കുലറായ പുരോഗമനസ്വഭാവമുള്ള ബൗദ്ധികാന്തരീക്ഷത്തില്‍ പരമ്പരാഗതസ്വഭാവമുള്ള കവിതകളും അവയുടെ രചനാപദ്ധതികളും അതിനുള്ളിലെ വേദാന്തചിന്തയുള്ള ആന്തരികഭാവങ്ങളും എപ്രകാരം നാം വകയിരുത്തും?
ബി.സി ആറാം നൂറ്റാണ്ടിലെ ബുദ്ധഭിക്ഷുണികളുടെ 'ഥേരീ ഗാഥ'യുടെ പാരമ്പര്യത്തിലെ ആത്മീയതയുടെ സ്പര്‍ശങ്ങള്‍ നാം കേട്ടറിഞ്ഞിട്ടുണ്ട്. മഗധി ഭാഷയിലെ ആ കവിതകള്‍ വാമൊഴിയായി പടര്‍ന്നു, പിന്നീടു പാലി ഭാഷയില്‍ എഴുതിവെയ്ക്കപ്പെടുകയുമായിരുന് നല്ലോ. ഥേരിഗാഥയിലെ ഓരോ കവിതയും സ്ത്രീയുടെ സംസാരമാണ്. അവരാണ് ആഖ്യാനം ചെയ്യുന്നത്. ശുഭ എന്ന, സ്വന്തം കണ്ണു ചൂഴ്ന്നു കൊടുത്തു തന്റെ പിന്നാലെ കൂടി ശല്യം ചെയ്തയാളെ ഓടിച്ച ബുദ്ധഭിക്ഷുണിയെ നാം കേട്ടിട്ടുണ്ട്. ശരീരമുക്തിയുടെ അങ്ങേത്തല എന്നു പറയാമെങ്കിലും തന്റെ ശരീരത്തെയും സൗന്ദര്യത്തെയുമല്ലാതെ, ജ്ഞാനത്തെ തിരിച്ചറിയാന്‍ കൂട്ടാക്കാത്തവരോടുള്ള ശക്തമായ പ്രതിരോധമായിത്തന്നെ അതു മനസ്സിലാക്കാമെന്നു പലരും വ്യാഖ്യാനിച്ചിട്ടുണ്ട്. ഉപനിഷത്തില്‍, ഉമ എല്ലാവര്‍ക്കും ജ്ഞാനം പകര്‍ന്നു കൊടുത്തവളായിട്ടും ജ്ഞാനിയെന്ന നിലയ്ക്കല്ല, സുന്ദരിയെന്ന നിലയ്ക്കാണ് തിരിച്ചറിയപ്പെട്ടത് എന്ന പ്രശ്നവും കേട്ടിട്ടുണ്ട്. ആണ്ടാളെയും അക്കമഹാദേവിയെയും ഭക്തമീരയെയും ലാല്‍ ദെദ്ദിനെയും നമ്മള്‍ കേട്ടിട്ടുണ്ട്. അവരൊക്കെത്തന്നെയും ഭ്രാന്തിയായും കുഴപ്പക്കാരികളായുമാണ് കരുതപ്പെട്ടത്. ദി വിമന്‍ വോര്‍ ദെം സെല്‍സ് എന്ന കൃതിയില്‍ ഇന്ത്യനിംഗ്ലീഷ് കവി അരുന്ധതി സുബ്രഹ്‌മണ്യം അന്നപൂര്‍ണിയമ്മ, ബാലഋഷി വിശ്വശിരസിനി, ലതാ മണി, മാകര്‍പ്പൂരി എന്നിങ്ങനെ 4 യോഗിനികളുമായുള്ള തന്റെ ആത്മീയ സംഭാഷണങ്ങളെക്കുറിച്ചു പറയുന്നുണ്ട്. പോണ്ടിച്ചേരിയിലെ അന്നപൂര്‍ണി അമ്മ മുതല്‍ കൊല്ലത്തെ അമൃതാനന്ദമയി വരെയുള്ള സമകാലിക സന്യാസിനീമാതാക്കളെ കുറിച്ചും അവര്‍ പറയുന്നു. ശാന്തമായും ശ്രദ്ധയോടെയും കേള്‍ക്കാനുള്ള ശ്രമങ്ങളെക്കുറിച്ചവര്‍ പറയുന്നു. ലാല്‍ ദെദ്ദിനെയും അക്കമഹാദേവിയെയും പോലെ നഗ്നയായി ജീവിച്ച സന്യാസിനിയായിരുന്നു അന്നപൂര്‍ണിയമ്മയും. പറഞ്ഞു വരുന്നത് സ്ത്രീയെഴുത്തിലെ വ്യത്യസ്തമായ ഒരു തിണയായി ഈ രചനകള്‍ നില്‍ക്കുന്നുവെന്നാണ്.
അത്തരത്തില്‍ മറയ്ക്കപ്പെടുകയോ വേണ്ടത്ര പരിഗണിക്കപ്പെടാതിരിക്കുകയോ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയോ ചെയ്തിരുന്ന ഒരു ധാരയാണ് മലയാളത്തിലെ പല സ്ത്രീയെഴുത്തുകാരും. മനോരമത്തമ്പുരാട്ടിയെക്കുറിച്ചു ള്ള വായനയില്‍ ഗീതട്ടീച്ചര്‍ അവരെ കേരളത്തിന്റെ ആദ്യകാലപാണ്ഡിത്യത്തെ സൃഷ്ടിച്ചെടുത്ത പ്രഥമഗുരുവായിത്തന്നെ കണ്ടെടുക്കുന്നിടത്തു തെറ്റായ ഈ വായനകളെ എടുത്തു പറഞ്ഞു തിരുത്തുന്നുണ്ട്.
ടി.എം ചുമ്മാര്‍ എഴുതിയ പദ്യസാഹിത്യചരിത്രത്തിലാണ് മലയാളത്തിലെ സ്ത്രീകവികളെ ആ നിലയില്‍ ആദ്യമായി വര്‍ഗീകരിച്ചു കാണുന്നതു തന്നെ.
ഇവിടെ നാം ചര്‍ച്ച ചെയ്യുന്ന മുതുകുളം പാര്‍വതിയമ്മയെ പലനിലയില്‍ നോക്കിക്കാണാം. മേല്‍പ്പറഞ്ഞ ഈ പാരമ്പര്യങ്ങളോടു കണ്ണി ചേര്‍ക്കുമ്പോള്‍ അവരുടെ രചനകളിലെല്ലാം ഒരേ സമയം പാരമ്പര്യവും അതേ സമയം പൊതുപാരമ്പര്യവുമായുള്ള വിച്ഛേദമെന്ന നിലയിലുള്ള അപാരമ്പര്യവും എന്നിങ്ങനെ രണ്ടു ഘടകങ്ങളും ലയിച്ചു കിടക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ദേശീയതാവാദപദ്ധതികളോടും കേരളമെന്ന പ്രദേശത്തെ സംബന്ധിച്ച സാമൂഹികഭാവനകളോടും അന്നത്തെ സ്ത്രീയെഴുത്തുകാരികള്‍ ഇടപെട്ടതെങ്ങനെ എന്നതു വളരെയധികം തിരിച്ചറിയപ്പെടേണ്ടതുണ്ട്. എഴുത്തിന്റെ വിഷയമായവര്‍ എന്ന നിലവിട്ടു എഴുത്തുകാരികള്‍ എന്ന ഒരു വിഭാഗം തന്നെ രൂപപ്പെടുന്നതിന്റെ സംഘര്‍ഷങ്ങള്‍, കേരളീയനവോത്ഥാനവും അതിന്റെ വിവിധതരം സംഘര്‍ഷങ്ങളും, ജാതി, ലിംഗം തുടങ്ങിയ മണ്ഡലങ്ങളില്‍ രൂപപ്പെട്ട പല സ്വഭാവത്തിലുള്ള ചലനങ്ങള്‍, അതിലൂടെ സൃഷ്ടിക്കപ്പെട്ട ഉണര്‍വുകള്‍ എന്നിവയെല്ലാം ഈ ആലോചനയുടെ പശ്ചാത്തലമാണ്. എഴുത്തിലേക്കു കടന്നു വരുന്ന പുതിയ സ്ത്രീകള്‍ തങ്ങളുടേതായ പാരമ്പര്യത്തെ എപ്രകാരം സ്വരൂപിക്കുന്നു എന്നത് കൗതുകകരമാണ്. പ്രത്യേകിച്ചും എഴുത്തുകാരികള്‍ എന്ന സവിശേഷമായ ലിംഗപരമായ കൂട്ടായ്മ അന്നത്ര സാധാരണമല്ലാത്തതിനാല്‍ അതിന്റെ ലിംഗതാല്പര്യങ്ങള്‍ ഫെമിനിസ്റ്റ് നോട്ടങ്ങള്‍ക്കു വിധേയമാണ്. പുതിയ സാമൂഹികചലനങ്ങള്‍ അതിനെ നവോത്ഥാനമെന്നു വിളിച്ചാലും ദേവികയുംമറ്റും വിളിക്കുന്നതു പോലെ മഹാതുറവി എന്നു വിളിച്ചാലും ശരി, അതിന്റെ നന്മതിന്മകളെല്ലാം അവരവരുടെ ജീവിതത്തിലൂടെ, ശരീരത്തിലൂടെ തന്നെ അനുഭവിച്ചവരായിരുന്നു ഇവരില്‍ പലരും.
കവിതകളിലൂടെയും എഴുത്തുജീവിതത്തിലൂടെയും
തോട്ടയക്കാട്ട് ഇക്കാവമ്മയ്ക്കും കുട്ടിക്കുഞ്ഞു തങ്കച്ചിക്കും തരവത്ത് അമ്മാളുവമ്മയ്ക്കും ശേഷം കടത്തനാട്ടു മാധവിയമ്മ, ലളിതാംബിക, തെക്കേക്കുന്നത്ത് കല്യാണിക്കുട്ടിയമ്മ, ടി.ആര്‍.വിമല, സിസ്റ്റര്‍ മേരീ ബനീഞ്ഞ ഇങ്ങനെയുള്ള രണ്ടാംനിര സ്ത്രീകവികള്‍ പലരും ഉള്‍പ്പെട്ട കാലത്താണ് മുതുകുളവും എഴുതുന്നത്. മുതുകുളം പാര്വതിയമ്മയെക്കുറിച്ചോര്ക് കുമ്പോഴൊക്കെ തരുനിരകളും പൂവള്ളികളും കല്‍വിഗ്രഹങ്ങളും ചൂഴുന്ന ഗ്രാമീണമായൊരു കാവിനകത്തു ഇരുണ്ടുവരുന്ന ഗഹനമായൊരു സന്ധ്യ നമ്മുടെ ഓര്‍മയിലെത്തും. കണ്ണടച്ചു നിശ്ശബ്ദധ്യാനയായി നില്‍ക്കുന്ന വെള്ളയുടുത്ത ഒരാളെയാണ് ഈ പേരു കേള്‍ക്കുമ്പോള്‍ ഓര്‍മവരുക. കവിതയിലും വ്യക്തിത്വത്തിലും വേറിട്ടുനിന്ന ഒരുവളുടെ ശാന്തഗംഭീരത നിറഞ്ഞ ആ നിശ്ശബ്ദതയെ കാലങ്ങള്‍ക്കിപ്പുറം നിന്നു പിടിച്ചെടുക്കാനാണ് ശ്രമം. അതാകട്ടെ, കാല്പനികമായ ഒരാഗ്രഹമല്ല! മറിച്ചു പുതിയകാലം ആവശ്യപ്പെടുന്ന സ്ത്രീപക്ഷപരമായ ഒരു വീണ്ടെടുക്കലായതിനെ കാണാം. മലയാളകവിതാപാരമ്പര്യത്തിലെ സ്ത്രീ അടയാളങ്ങളെ എന്ന പോലെതന്നെ അവയിലെ വ്യത്യസ്തങ്ങളും സ്വതന്ത്രങ്ങളുമായ ആവിഷ്‌കാരപ്രകാരങ്ങളെയും വകയിരുത്തേണ്ടത് അത്തരത്തില്‍ പ്രധാനമാണ്! മുമ്പു സൂചിപ്പിച്ച തമസ്‌കരണങ്ങളെ ചെറുക്കാന്‍ അതാവശ്യമാണ്. മുതുകുളം പാര്‍വതിയമ്മയെന്ന കവിയെ ആദ്യമായി കണ്ട സന്ദര്‍ഭം 1964 ല്‍ ഇറങ്ങിയ അവരുടെ ഷഷ്ഠിപൂര്‍ത്തി സുവനീറില്‍ പുത്തേഴത്തു രാമന്‍ മേനോന്‍ ഇങ്ങനെയെഴുതി: ''ഏതാണ്ടൊരിരുപതു കൊല്ലങ്ങള്‍ക്കു മുമ്പു, ഞാനൊരിക്കല്‍, വര്‍ക്കലയിലെ ശ്രീ നാരായണ ജയന്തി ആഘോഷങ്ങള്‍ക്കു ക്ഷണിക്കപ്പെട്ട കാലത്ത്, ആ മഹോത്സവത്തിലെ മഞ്ഞ വസ്ത്രധാരികളായ തീര്‍ത്ഥാടകരുടെ തിക്കും തിരക്കും നോക്കിക്കൊണ്ടങ്ങനെ ആ പുണ്യ പ്രദേശം ചുറ്റി നടന്നു കാണുമ്പോള്‍ അവിടെ, പാവനമായ സമാധി മണ്ഡപത്തിന്നു സമീപത്തൊരു വിജനമൂലയിലുണ്ടൊരു സ്ത്രീ. അരോഗദൃഢഗാത്രയും ദ്രൗപദിയെപ്പോലെ 'കൃഷ്ണ'യുമായ ഒരു തന്റേടക്കാരത്തി, ഇളം വെയിലത്ത് സ്വന്തം അധരങ്ങളെ മാത്രം അറിയിക്കുമാറ് നാമോച്ചാരണത്തില്‍ നിമഗ്നയായി ബ്രഹ്‌മത്തെ ദൂരത്തു ദര്‍ശിച്ചു കൊണ്ട്, നിശ്ചേഷ്ടയായി, നീലോല്പല നേത്രങ്ങളെ അര്ദ്ധനിമീലിതങ്ങളാക്കിക്കൊണ് ടു, നീണ്ടു നിവര്‍ന്നു സുഖാസനത്തില്‍ വര്‍ത്തിക്കുന്നു! അതെന്നെ അത്ഭുതപ്പെടുത്തി! ആള്‍ ആരെന്നു ഞാന്‍ അന്വേഷിച്ചു.'മുതുകുളം പാര്‍വ്വതി അമ്മ' എന്നറിഞ്ഞു ഞാന്‍ കൂടുതല്‍ ആശ്ചര്യഭരിതനായി, നിസ്സങ്കോചം ഞാന്‍ അടുത്തുചെന്നു''. അക്കാലത്തെ സാഹിത്യപ്രമാണികളിലൊരാളായ പുത്തേഴത്തിനാല്‍ അമ്മട്ടില്‍ ആരാധനാപൂര്‍വം പ്രശംസിക്കപ്പെടുക എന്നത് പ്രധാനമായി കാണേണ്ടതുണ്ട്, പ്രത്യേകിച്ചും സവര്‍ണേതരമായ ജാതിയില്‍ പിറന്ന സ്ത്രീയായ ഒരു എഴുത്തുകാരിയാണ് അവരെന്ന നിലയക്ക്.
1904 ല്‍ ആലപ്പുഴജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലുള്ള മുതുകുളത്താണ് പാര്‍വതിയമ്മ ജനിച്ചത്. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും വിദ്വാന്‍ പരീക്ഷ ജയിച്ച ശേഷം അധ്യാപികയായി ജീവിച്ച മുതുകുളം തന്റെ സാഹിത്യപരിശ്രമങ്ങളുടെ ആദ്യവേദിയായി മലയാളത്തിലെ ആദ്യകാല സ്ത്രീമാസികകളെ കണ്ടു എന്നത് സ്വാഭാവികമാണ്. യഥാര്‍ത്ഥജീവിതം എന്ന രചന ടി.സി. കല്യാണിയമ്മയുടെ ശാരദയിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ശാരദ, മഹിള, ലക്ഷ്മീഭായി തുടങ്ങിയ സ്ത്രീമാസികകളിലൂടെ നമുക്കു നോക്കിക്കാണാവുന്ന, ആദ്യകാലസ്ത്രീകളുടെ ബുദ്ധിജീവിതവും സാംസ്‌കാരികവീക്ഷണങ്ങളും മലയാളി ആധുനികതയില്‍ വലിയ രീതിയിലുള്ള സ്വാധീനമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവയുടെ തിരുത്തല്‍ശേഷി സാഹിത്യത്തില്‍ ചെറുതല്ലാത്ത ചലനവും ഉണ്ടാക്കിയിട്ടുണ്ട്. അക്കാലത്തെ സ്ത്രീമാസികകളില്‍ തന്നെ പ്രത്യക്ഷപ്പെട്ടിരുന്ന സ്ത്രീരചനകളും അവയുടെ മറുപടിലേഖനങ്ങളും ഈ സംവാദാത്മകതയെ വെളിച്ചത്തു കൊണ്ടുവരുന്നവയാണ്. കൗമാരകാലം മുതല്‍ക്കാരംഭിച്ച കാവ്യരചനാകൗതുകങ്ങള്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ നിരന്തരഅഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ പാര്‍വതിയമ്മയ്ക്കു കഴിഞ്ഞു. മികച്ച പ്രാസംഗിക കൂടിയായിരുന്നു മുതുകുളം പാര്‍വതിയമ്മ എന്ന് അവരുടെ ജീവചരിത്രവും അവരെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളും പറയുന്നുണ്ട്. മൂര്‍ക്കോത്തു കുമാരന്‍ അവര്‍ക്കു സമര്‍പ്പിച്ച മംഗളപത്രത്തില്‍ എഴുതുന്നതിങ്ങനെ:
''പാര്‍വതിയ്ക്കെവിടുന്നു ഗംഗതന്‍ പ്രവാഹം പോല്‍
വാഗ്ധാടി ലഭിച്ചതു ശിവസാന്നിദ്ധ്യത്താലോ?''
സാക്ഷാല്‍ ശ്രീനാരായണഗുരുതന്നെ അവരെഴുതിയ മംഗളപത്രം വായിച്ച്, ''എഴുത്തച്ഛനു ശേഷം ഇത്ര അനര്‍ഗ്ഗളമായി പ്രവഹിക്കുന്ന കിളിപ്പാട്ട് നാം അപൂര്‍വമായേ കേട്ടിട്ടുള്ളൂ'' എന്നാണ്രേത പറഞ്ഞത്! അന്ന് ഗുരു വിലയേറിയ ഒരു പട്ട് പാര്‍വതിയമ്മയ്ക്കു നില്‍കിയതായും കഥയുണ്ട്.
വൃത്തം, അലങ്കാരം, ഭാഷാപരമായ നവീനത, പരീക്ഷണങ്ങള്‍ എന്നിങ്ങനെ സാങ്കേതികവും ഭാവനാത്മകവുമായ ശേഷി തികച്ചും വശത്താക്കിയ അഭ്യസ്തവിദ്യരായ പുതിയ സ്ത്രീയുടെ സര്‍ഗാത്മകതയുടെ ദാഹങ്ങള്‍ ഇവിടെ വായിച്ചെടുക്കാം. ചലനാത്മകമായ ഒരു കാലഘട്ടത്തിന്റെ പ്രചോദനത്തെ ഉള്‍ക്കൊള്ളുവാനുള്ള പ്രേരണ എണ്ണത്തില്‍ കുറവെങ്കിലും ഒരുനിര സ്ത്രീകളെത്തന്നെ കവികളാക്കിയിരുന്നു എന്ന് തിരിഞ്ഞു നോക്കുമ്പോള്‍ പറയാന്‍ കഴിയും. എഴുത്തുകാരികള്‍ എന്ന ഒരു വിഭാഗത്തെ വിഭാവനം ചെയ്യാന്‍ നിര്‍ബ്ബന്ധിതമായ സാഹചര്യം അതുണ്ടാക്കി. എഴുത്തിലെ വിഷയമായും വിഭവമായും നിലനിര്‍ത്തപ്പെട്ട ഇടത്തുനിന്നും എഴുത്തുകാരികളാകുന്ന സക്രിയമായ, കര്‍തൃസ്ഥാനത്തേക്കു കടന്നിരിക്കുന്ന ഈ പ്രക്രിയ ചരിത്രപരമായി പ്രധാനമാണ്. മനോരമത്തമ്പുരാട്ടിയും കുട്ടിക്കുഞ്ഞു തങ്കച്ചിയും തോട്ടയ്ക്കാട്ട് ഇക്കാവമ്മയുമടങ്ങുന്ന ആദ്യനിരയ്ക്കു ശേഷം സാഹിത്യമണ്ഡലത്തില്‍ ഉയര്‍ന്നു വന്ന സ്ത്രീസ്വരങ്ങള്‍ ബാലാമണിയമ്മയും കടത്തനാട്ട് മാധവിയമ്മയും തരവത്ത് അമ്മാളുവമ്മയും സി.കെ.രേവമ്മയും മേരി ബനീഞ്ഞയും മേരി ജോണ്‍ തോട്ടവും ബി. കല്യണിയമ്മയും കൊച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മയും മറ്റുമായിരുന്നു. ഉന്നതകുലജാതരായ തമ്പുരാട്ടിമാരോ സാഹിത്യമണ്ഡലത്തിലെ നായകന്മാരായ പുരുഷകേസരിമാരുടെ ശിഷ്യകളോ കുടുംബബന്ധുക്കളോ അല്ലാതെ സ്വതന്ത്രരായി വാസനാബലംകൊണ്ടും സര്‍ഗാത്മകശേഷികൊണ്ടും എഴുത്തുരംഗത്തു ഉറച്ചവരായിരുന്നു ഈ രണ്ടാം നിരയിലെ കവികള്‍. അതില്‍ തന്നെ സ്വാതന്ത്ര്യാനന്തരമുണ്ടായ പുതിയ രാഷ്ട്രീയ സാമൂഹികചലനങ്ങളെ സ്വന്തം വ്യക്തിജീവിതത്തിന്റെ പരിവര്‍ത്തനങ്ങളിലേക്കും സര്‍ഗാത്മകതയിലേക്കുമുള്ള ചാലകബലമായി ഉപയോഗിച്ചവരാണ് ഇവരൊക്കെയും.
മുതുകുളത്തിന്റെ മറ്റൊരു കര്‍മമണ്ഡലം വിവര്‍ത്തനമായിരുന്നു. പോള്‍ കാറസ് എഴുതിയ വിഖ്യാതമായ ഇംഗ്ലീഷ് കഥ കര്‍മ, നടരാജഗുരുവിന്റെ ' വേ ഓഫ് ദ ഗുരു ' ഇതൊക്കെ അവര്‍ വിവര്‍ത്തനം ചെയ്തു. ശ്രീനാരായണധര്‍മം എന്ന ആചാരശാസ്ത്രഗ്രന്ഥം വിവര്‍ത്തനം ചെയ്തതും പാര്‍വതിയമ്മയാണ്. ദ്വിജേന്ദ്രലാല്‍ റായ് രചിച്ച ബംഗാളി നാടകത്തിന്റെ സ്വതന്ത്രവിവര്‍ത്തനം ഭുവനദീപിക, കൂടാതെ ഭഗവദ്ഗീതയുടെ വിവര്‍ത്തനവും എടുത്തു പറയേണ്ടതാണ്. കവിതകളിലെന്ന പോലെ ലാളിത്യവും അക്ലിഷ്ടതയുമാണ് വിവര്‍ത്തനങ്ങളുടെ ഗുണം.
'വാസാംസി ജീര്‍ണാനി യഥാ വിഹായ
നവാനി ഗൃഹ്ണോതി നരോപരാണി
യഥാ ശരീരാണി വിഹായ ജീര്‍ണാ
നന്യാനി സംയാതി നവാനി ദേഹി' എന്ന ഭഗവത്ഗീതയിലെ പ്രശസ്തമായ ശ്ലോകം മുതുകുളം വിവര്‍ത്തനം ചെയ്തത് എത്രയോ അയത്ന ലളിതമായാണ് എന്നത് നമ്മെ അത്ഭുതപ്പെടുത്തും
'പഴകും വസ്ത്രങ്ങളെ കൈവിട്ടു മര്‍ത്ത്യന്‍ സ്വയ
മഴകില്‍ പുതുവസ്ത്രമണിയും പ്രകാരത്തില്‍
അഴിയും ദേഹങ്ങളെയകലെത്തള്ളി ദേഹി
വഴിയാം വണ്ണം നവദേഹങ്ങള്‍ വരിക്കുന്നു ' എന്ന വരികളുടെ മലയാളത്തനിമ ശ്രദ്ധേയമാണ്!
മൂര്‍ക്കോത്തു കുമാരന്‍ പാര്‍വതിയമ്മയുടെ പ്രഭാഷണ സാമര്‍ത്ഥ്യത്തെ പ്രശംസിക്കുന്ന വരികളിലും ഈ ഭാഷാപരമായ അക്ലിഷ്ടതയെ
ക്കുറിച്ചു സൂചന ഉണ്ടല്ലോ.
:'പാര്‍വതിക്കെവിടുന്നു
ഗംഗതന്‍ പ്രവാഹം പോല്‍
വാഗ്ദ്ധാടി ലഭിച്ചതു
ശിവസാന്നിദ്ധ്യത്താലോ ?
അര്‍ദ്ധനാരീശ്വരന്റെ
കാരുണ്യമില്ലാതുണ്ടോ
വിദ്വാനും വിദുഷിയും
ഏകയില്‍ ലയിക്കുന്നു?'
എഴുത്തിന്റെ പൊതുരീതിയ്ക്കപ്പുറം ഈ കവിതകളില്‍ പ്രവര്‍ത്തിച്ചിരുന്ന സാമൂഹികതയുടെ ഉള്ളടക്കമെന്ത് എന്നിനി ചിന്തിക്കാം.
കവിതയിലെ ജനാധിപത്യം
സാഹിത്യം എന്ന സ്ഥാപനത്തെക്കുറിച്ചുള്ള പാര്‍വതിയമ്മയുടെ നിലപാടു ധാരണകള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. എഴുത്തുകാരിയെന്ന നിലയ്ക്ക് അതിന്റെ സാമൂഹികധര്‍മത്തെ അവര്‍ നിര്‍വചിച്ച വിധം കൂടി ചേര്‍ത്തു കൊണ്ടേ അതു കഴിയൂ. 1904ല്‍ ജനിച്ചു 1920കളില്‍ കാവ്യലോകത്തു തെളിഞ്ഞുനിന്ന ഒരാള്‍ക്കു ആ കാലഘട്ടത്തിന്റെ പ്രധാനപ്രേരണയായ നവോത്ഥാനത്തിന്റെ ആശയമണ്ഡലങ്ങള്‍, അതിന്റെ പ്രധാന ആവിഷ്‌കാരസങ്കേതമായ റിയലിസം, എന്നിവയിലൂടെ കടന്നു പോകാതിരിക്കാനാകുമായിരുന്നില്ല. ദരിദ്രരോടുള്ള അനുതാപം വ്യാപ്തിയോടെ പ്രസരിപ്പിച്ചിരുന്ന ആ കാലത്തിന്റെ സ്പന്ദനങ്ങള്‍ കൂടിയാണ് മുതുകുളം പാര്‍വതിയമ്മയുടെ കവിതകളെ സവിശേഷമാക്കുന്നത്. സോഷ്യലിസ്റ്റു റിയലിസത്തിന്റെ ഭാവുകത്വവുമായി ചേര്‍ന്നു നില്‍ക്കുന്ന ഒട്ടേറെ കവിതകള്‍ അവര്‍ എഴുതുന്നുണ്ട്. കടത്തനാട്ടു മാധവിയമ്മയുടെ ഗ്രാമശ്രീകളുടെ അന്തരീക്ഷവുമായി സമാനത പുലര്‍ത്തുന്ന, കീഴാളസ്ത്രീയുടെ അനുഭവചിത്രണം എന്ന നിലയില്‍ ശ്രദ്ധേയമായ 'മധുരഗീതം' എന്ന കവിത എടുത്തു പറയേണ്ടതാണ്. സമകാലികകവിയായ ബാലാമണിയമ്മയുടെ 'ഒരു പഴത്തിന്റെ കഥ', 'വേലക്കാരി', 'കുളക്കടവില്‍', തുടങ്ങി അനേകം കവിതകളിലെ ആഖ്യാനകര്‍തൃത്വങ്ങളുടെ സാദ്ധ്യതയുമായും ഇതിനെ ചേര്‍ത്തു പരിശോധിക്കാം.
കടത്തനാട്ടിന്റെ കവിതയില്‍ കവിയാണു സംസാരിക്കുന്നതെങ്കില്‍ മുതുകുളത്തിന്റെ കവിതയില്‍ ചെറുമക്കിടാത്തിയാണ് സംസാരിക്കുന്നത് എന്ന മൗലികമായ വ്യത്യാസവും പ്രധാനമാണ്. അതിലേറെ ഈ കവിതയില്‍ ശക്തമായി നില്‍ക്കുന്നത് ജാതിയില്‍ താഴ്ന്ന, പണിയാളരായ നിസ്വവര്‍ഗത്തോടു മേലാളര്‍ കാട്ടുന്ന നന്ദിയില്ലായ്മയും വിവേചനവും എടുത്തു കാട്ടുന്നതാണ്.
''ഉണ്ണുന്ന ചോറ്റിന്നുചിതം നിനയ്ക്കാ
തെണ്ണാവതല്ലാത്ത കൃതഘ്നഭാവം
വര്‍ണ്ണപ്പകിട്ടറ്റ നിജാന്വയത്തോ
ടെന്നും സവര്‍ണാഢ്യര്‍ നടിച്ചു കഷ്ടം!
ശ്വാക്കള്‍ക്കു പാത്രത്തില്‍ മുറിക്കകത്തു
സല്ക്കാരമുള്പ്രീതിയോടാചരിക് കേ
വായ്ക്കുന്നഴുക്കാര്‍ന്ന പറമ്പില്‍ വെയ്ലി
ലക്കാടി പാളച്ചെറുകീറ്റിലയ്യോ!'' (മധുരഗീതം)
തൊഴിലാളികളുടെ അടിമത്തത്തിലും ദാരിദ്ര്യത്തിലും അനുഭാവം പ്രകടിപ്പിക്കുന്ന 'ഒരു ദരിദ്രത്തൊഴിലാളിയുടെ കുടുംബജീവിതം' എന്ന കവിത അതിനുദാഹരണമാണ്. തൊഴിലാളി മുതലാളി സംഘര്‍ഷങ്ങള്‍ കവിതകളിലേക്കു വന്നു തുടങ്ങുന്ന കാലത്താണ് അയത്നലളിതവും വികാരോജ്ജ്വലവുമായി അവരിതെഴുതുന്നത്.
''ഉടഞ്ഞമണ്‍ചട്ടിയി
ലൊന്നില്‍ വച്ചതാ കഞ്ഞി
കുടിപ്പൂ മൂന്നു വെറുമസ്ഥിമാത്രരാം ബാലര്‍
കടുത്ത വിശപ്പുണ്ടെ
ന്നാകിലും പാത്രം കിട്ടാന്‍
അടുത്തു നോക്കി നോക്കി
യിരിപ്പൂ ഗൃഹനാഥന്‍
വിളക്കില്ലാഞ്ഞിട്ടഗ്നി
യടുപ്പില്‍ തെളിയിച്ചും
തിളയ്ക്കും കഞ്ഞി മെല്ലേ
യിളക്കി ചൂടാറ്റിയും
മരുവും കൃശശുഷ്‌ക
ഗാത്രിയഗ്ഗൃഹേശ്വരി
ചോരിയും ബാഷ്പമാണ
ന്നുപ്പിനു പകരമായ്
പരന്നു രുചി കഞ്ഞി
ക്കേകിയതെന്ന തത്വം
പെരുകുമത്യാര്‍ത്തിയാല്‍
അറിഞ്ഞീലാരുമപ്പോള്‍'' എന്നാണ് കവിത അവസാനിക്കുന്നത്.
'ആ സുവര്‍ണസുപ്രഭാതം' എന്ന കവിതയിലും സമാനമായ രീതിയില്‍ ഏഴകളുടെ ജീവിതത്തോടു അനുകമ്പ കൂറുന്ന കവിയെ കാണാം.
''താഴെയഴുക്കിലിരുളിലത്യാര്ത് തിയില്‍
കേഴും സഹജാതരെത്രയോ ലക്ഷങ്ങള്‍
ഏഴകളുണ്ണാനുടുക്കാന്‍ കിടക്കുവാ
നൂഴിയിലെങ്ങും വക ലഭിക്കാത്തവര്‍''
ഈ അസമത്വങ്ങളെ മാറ്റുവാന്‍ ചട്ടങ്ങള്‍ മാറ്റണമെന്നു കൂടി കവി പയുന്നുണ്ട് .
''ചട്ടങ്ങളാകയാല്‍ പെട്ടന്നു മാറ്റുവിന്‍
നിഷ്ഠുരനീതികള്‍ തട്ടിത്തകര്‍ക്കുവിന്‍
കെട്ടിപ്പടുത്തുള്ളൊരുച്ചനീചത് വങ്ങള്‍
തിട്ടമിടിച്ചു നിരത്തുവാനോര്‍ക്കുവിന്‍''
സ്ത്രീപുരുഷബന്ധങ്ങളെ കുറിച്ചും ഈ കവിതകളില്‍ പുരോഗമനസ്വഭാവമുള്ള വിധത്തിലുള്ള ആലോചനകള്‍ കാണാം.
സ്ത്രീപുരുഷബന്ധത്തെ സംബന്ധിച്ച സദാചാരവീക്ഷണങ്ങള്‍ മീരയെക്കുറിച്ചുള്ള കവിത 'അശ്രുകുടീര'ത്തിലും 'ആ രാത്രിയില്‍' എന്ന 1930 കളിലെ ആദ്യകാലത്തെ അപ്രകാശിത കവിതയിലും കാണാം.
''ചെറിയ ദുശ്ശങ്കമൂലം നരരെത്ര
വരസതികളെ നിര്‍ദ്ദയം കഷ്ടമേ
കുരുതി ചെയ്യുന്നു, തോരാത്ത കണ്ണുനീര്‍
ത്തിരയില്‍ മുക്കുന്നു നീറ്റുന്നു വഹ്നിയില്‍''
എന്നും
''പെരിയ ലോകാപവാദത്തേക്കാളുമീ
ധരയില്‍ മാനിനിക്കുത്തമം മൃത്യുതാന്‍
അരുതു ചാരിത്ര്യനിര്‍മലഭിത്തിയില്‍
കരിയടിപ്പതു കണ്ടു പൊറുക്കുവാന്‍''
എന്നും അവരെഴുതുന്നു.
ഗോപികാപ്രേമം എന്ന കവിതയില്‍ ഇന്ത്യന്‍ മിത്തുകളിലെ പ്രസിദ്ധമായ കൃഷ്ണഗോപികാസംഗമം ആത്മീയപ്രേമത്തിലേക്കു അലിഞ്ഞുനില്‍ക്കുന്നതു കാണാം. അനുരാഗം ആത്മരാഗത്തിന്റെ പരിധികള്‍ വിട്ടു ലോകാനുരാഗമാകുന്നതിന്റെ ധ്വനികള്‍ ഈ കവിതയിലുണ്ട്. മുരളീനാദത്തിനൊപ്പം നൃത്തമാടുന്നവര്‍ക്കുള്ളിലെ ചിത്പ്രഭയുടെ സൂചന അതാണ്. ഭഗവത്പ്രേമത്തിലേക്കുള്ള വിലയം സിദ്ധിച്ച ലലനമാര്‍ ആ നാദത്തില്‍ അലിഞ്ഞുവത്രേ. ഈശ്വരസാക്ഷാല്‍ക്കാരത്തിലൂടെ സ്ത്രീപുരുഷവ്യത്യാസങ്ങളെ മറികടക്കുന്ന, മറികടക്കാനുള്ള താല്പര്യങ്ങളുടെ സൂചനയായും ഇതിനെ നീട്ടി വായിക്കാം.
പ്രകൃതി: വൈവിധ്യവും ബഹുലതയും
ആദ്യകാലകവിതകളിലെ റിയലിസ്റ്റു ശൈലിയിലുള്ള ആഖ്യാനപ്രവണതകള്‍ ആ കാലഘട്ടത്തിന്റെ ജനാധിപത്യാകാംക്ഷകളുമായി ചേര്‍ന്നു പോകുന്നതായി കരുതാം. റിയലിസ്റ്റു ശൈലിയോടൊപ്പം തന്നെ പിന്നീടു കാല്പനികതയുടെ ചാരുതകള്‍ കവിതയിലേക്കു നിറഞ്ഞൊഴുകുന്ന കവിതകള്‍ 40കളോടെ വീണ്ടും കാണാം. പ്രകൃതിയുടെ ബഹുലതകളും വൈവിദ്ധ്യങ്ങളും എത്രയും ചലനാത്മകമായി എഴുതിയ കവി കൂടിയാണ് മുതുകുളം. കേരളീയപ്രകൃതിയുടെ സൗകുമാര്യങ്ങളെല്ലാം വാരിയണിഞ്ഞ ആഖ്യാനങ്ങള്‍ നിറഞ്ഞതാണ് ഈ കവിത. മലര്‍വാടി എന്ന കവിത നോക്കാം. പനിനീര്‍പ്പൂവും മുല്ലയും പാരിജാതവും ജമന്തിയും പിച്ചിയും ലില്ലിയും ആമോദത്തോടെ ഒന്നിച്ചു നില്‍ക്കുന്ന ഈ പുഷ്പവാടി കേരളീയസമൂഹത്തിന്റെ തന്നെ വൈവിദ്ധ്യത്തിന്റെയും ബഹുലതയുടെയും പ്രതിരൂപമാണ്. ലാവണ്യം തിരതല്ലുന്ന ഈ സുമവനം പാലിക്കുന്ന ഉദ്യാനപാലകനായി ഈശ്വരനെ സങ്കല്‍പ്പിക്കുന്നു, കവി. 'വര്‍ണവിഭേദചിന്ത'യേശാതെ എല്ലാറ്റിനെയും സമഭാവനയില്‍ സംരക്ഷിക്കുന്ന പാലകനെ കവി കൂപ്പുന്നു.
തനി നാടന്‍ പൂക്കളും മരങ്ങളും ചെടികളും മണങ്ങളും നിറങ്ങളും നിറഞ്ഞു നില്‍ക്കുന്ന പ്രകൃതിബോധം നിറഞ്ഞ കവിത തന്നെയാണിത്. അതേ സമയം തന്നെ എപ്പോഴും അതിനെ വലയം ചെയ്തു നില്‍ക്കുന്ന സവിശേഷമായ ഒരു പ്രപഞ്ചമണ്ഡലം ഉണ്ട്. ശാസ്ത്രീയമായ പുതിയ പ്രപഞ്ചധാരണകളും ജ്യോതിശാസ്ത്രതത്വങ്ങളും അപൂര്‍വമായി സമ്മേളിക്കുന്നതിന്റെ മുമ്പെങ്ങും കാണാന്‍ കളിയാത്ത സന്ദിഗ്ധമായ പ്രകൃതിലയം ആണിത്. പില്‍ക്കാലത്തു ജി.ശങ്കരക്കുറുപ്പിലും മറ്റും നാം കാണുന്ന തദ്ദേശീയമായ ജൈവപ്രകൃതിയും പ്രപഞ്ചഗോളങ്ങളും നിറഞ്ഞ, അവ പരസ്പരം സംവദിക്കുന്ന, മിസ്റ്റിക്, കോസ്മിക് മിശ്രിതമായ ഒരു ധാരയാണിത്. നിര്‍മിതിയും പ്രകൃതിയും ചേര്‍ന്ന ഒന്ന്. ''അണ്ഡഗോളങ്ങളാം വൈദ്യുതദീപങ്ങ-
ളെണ്ണമില്ലാതെ നിരന്നു
സ്വര്‍ണപ്രഭാപൂരമെങ്ങും പൊഴിക്കുമ-
ക്കണ്ണഞ്ചുമുദ്യാന മദ്ധ്യേ'' തുടങ്ങിയ വരികളിലൊക്കെ ഈ നിര്‍മിതപ്രകൃതിയും ജൈവപ്രകൃതിയും കാണാം. ആ മധുരസ്വപ്നമെന്ന കവിതയിലെമ്പാടും ഈ മിശ്രധാരയുണ്ട്.
''കേരങ്ങള്‍ തിങ്ങുന്ന തീരപ്രദേശങ്ങള്‍
ചാരുസമതലജാലം
ചീറിയലറിപ്പരന്നു നീളും ഘോര
വാരിധി, കാനല്‍ സ്ഥലങ്ങള്‍
പച്ചപ്പുതപ്പു പുതച്ച നെല്‍പ്പാടങ്ങള്‍
പച്ചിലക്കാടുകള്‍, നീളേ
ഉച്ചിയില്‍ മഞ്ഞണിഞ്ഞീടുന്ന മാമല
കൊച്ചു കാട്ടാറിന്‍ നിരകള്‍
എന്നിവ പിന്നിട്ടു പിന്നിട്ടു മുന്നോക്ക
മൊന്നുലഞ്ഞാടിപ്പറന്നു
ഉന്നതമജ്ഞാതമേകലക്ഷ്യത്തിലാ
യെന്നുടെ വാഹനം ചെന്നു.
ജീവകാരുണ്യവും ശാന്തിയും സ്നേഹവും കാവ്യസൗന്ദര്യവുമൊന്നായ് മേവി മേളിക്കുന്ന അതുല്യമായ ഒരിടത്തേക്കാണ് കവി ചെന്നു പറ്റുന്നത്.
'കവിയുടെ ലോകം' എന്ന കവിതയില്‍ സുന്ദരമായ ഈ പ്രകൃതിയില്‍ കവി അനുഭവിക്കുന്ന ഭാവഭംഗികളും ആനന്ദാവേശങ്ങളും കവി വിവരിക്കുന്നു. എന്നാല്‍ സൗന്ദര്യത്മകതയെ ധാര്‍മികതയക്കു അഭിമുഖം നിര്‍ത്തി കവിയുടെ നൈതികമായ ഇടത്തെ കൂടുതല്‍ കൃത്യതയോടെ നിര്‍വചിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. 'മനം തകര്‍ന്നെന്നും കരയും ദീനര്‍തന്‍
മിനുത്ത ബാഷ്പത്തിന്‍ ചാലില്‍' കവിക്കു മറ്റു വഴികളില്ലതന്നെ! 'കാട്ടുമങ്ക'യില്‍ വന്യവും ജൈവവുമായ പ്രകൃതിയുടെ മേളനത്തെ വാഴ്ത്തിപ്പാടുന്നുണ്ട്.
സ്ത്രീ-പുരുഷ സാഹിത്യസൗഹൃദങ്ങള്‍
പുരുഷന്മാര്‍ക്കിടയില്‍ സാഹിത്യസൗഹൃദങ്ങള്‍ സുലഭമായിരുന്നെങ്കിലും സ്ത്രീകള്‍ക്കിടയില്‍ അക്കാലത്ത് അത് അധികം കണ്ടിരുന്നില്ല. സാമൂഹികമായ ഇടപഴകലിനു തന്നെ പൊതുവേ അലിഖിതമായ വിലക്കുകളും നിയന്ത്രണങ്ങളും നിലനിന്ന കാലത്ത് അതില്‍ അത്ഭുതമില്ല. എന്നാല്‍ മുതുകുളം പാര്‍വതിയമ്മ ചെറുപ്പം മുതലേ എഴുത്തുകാരികളായ ചിലരുമായി താന്‍ പങ്കിട്ട സൗഹൃദം മുറിയാതെ സൂക്ഷിച്ചിരുന്നു. സിസ്റ്റര്‍ മേരി ബനീഞ്ജയുമായുള്ള സൗഹൃദം മരിക്കും വരെയും തുടര്‍ന്നിരുന്നു. ഇരുവരുടെയും കവിതയെഴുത്തിനെ അതു വളരാനുമിടയാക്കി. മുണ്ടയ്ക്കല്‍ ലക്ഷ്മി, മയ്യനാട് ലക്ഷ്മി എന്നീ സതീര്‍ത്ഥ്യകളും ഇവരോടൊപ്പം ചേര്‍ന്നു കവിതകള്‍ എഴുതാന്‍ ഉണ്ടായിരുന്നു. അവരുമൊന്നിച്ചുള്ള കവിതക്കത്തു അവരുടെ ബന്ധത്തെ കൂടുതല്‍ ഉറപ്പിച്ചു. സുകുമാര്‍ അഴീക്കോടിന് അവരെഴുതിയ കവിതക്കത്തിലെ വരികള്‍ പലയിടത്തും ഉദ്ധരിച്ചു കാണുന്നുണ്ട്. കവിതക്കത്തും കൂട്ടുകവിതാരചനയും പോലെ തന്നെ അക്കാലത്തെ രചനാസങ്കേതങ്ങളില്‍ പ്രധാനം നിമിഷകവിതയായിരുന്നു. ദ്രുതകവനമായും പാര്‍വതിയമ്മ ഏറെ എഴുതിയിട്ടുണ്ട്. കാവ്യരചന ആധുനികതയിലേക്കുള്ള പാതയില്‍ ഒട്ടൊക്കെ മുന്നേറിയെങ്കിലെങ്കിലും രൂപപരമായി തികച്ചും സങ്കേതബദ്ധമായിത്തന്നെ തുടര്‍ന്ന ആ കാലത്തെ ഇന്നു ചരിത്രപരമായി നോക്കികാണുമ്പോള്‍ ഏതാണ്ടെല്ലാ രൂപങ്ങളിലും പയറ്റിനോക്കാന്‍ പാര്‍വതിയമ്മയ്ക്കു കഴിഞ്ഞിട്ടുണ്ട്. മഹാകാവ്യം, ഖണ്ഡകാവ്യം, വിലാപകാവ്യം, ഭാവകാവ്യം, ദ്രുതകവനം, കവിതക്കത്ത്, കൂട്ടുകവിത, ബാലകവിത ഒക്കെയും അവര്‍ക്കു സ്വായത്തമായ രൂപങ്ങളായിരുന്നു. ഛന്ദോബദ്ധമായിത്തന്നെ കാവ്യഭാഷയെകണ്ട കവിയായിരുന്നു അവര്‍. നാടകം, വിവര്‍ത്തനം, ജീവചരിത്രം, കഥ എന്നിങ്ങനെ ഒട്ടേറെ രചനാരൂപങ്ങളില്‍ അവര്‍ കൈവെച്ചിട്ടുണ്ട്.
കവിത കൂടാതെ നാടകം, ഖണ്ഡകാവ്യം, വിവര്‍ത്തനം മുതലായ രൂപങ്ങളിലും അവര്‍ പണിയെടുത്തിട്ടുണ്ട്. കുമാരനാശാന്റെ ബുദ്ധചരിതം എഴുതിപ്പൂര്ത്തിയാക്കിയിട്ടുണ് ട്. ലേഡി വിദ്വാന്‍ എന്നറിയപ്പെട്ടിരുന്ന അവര്‍ക്കു ഇന്നു നാം വിവക്ഷിക്കുന്ന അര്‍ത്ഥത്തിലുള്ള സ്ത്രീപക്ഷകാഴ്ച്ചപ്പാട് ഉണ്ടായിരുന്നതായി പറയാന്‍ കഴിയില്ലെങ്കിലും സ്ത്രീത്വത്തെക്കുറിച്ച് സ്വന്തമായ ഒരു രാഷ്ട്രീയം അവര്‍ സ്വരൂപിച്ചതായി കരുതാന്‍ കഴിയും. പ്രത്യേകിച്ചും തന്റെ മാതൃവിലാപം എന്ന കവിതയിലതു കാണാന്‍ കഴിയും. തന്റെ ഗുരുനാഥയായ മിസിസ് മേരി സി കോശിയുടെ പത്തുവയസ്സുകാരിയായ മകള്‍ മരിച്ചതിനെത്തുടര്‍ന്ന് എഴുതിയ ഈ കൃതി വിലാപകാവ്യങ്ങളുടെ ഗണത്തില്‍ പെടുന്നവയാണ്. ഇതിന് അവതാരികയെഴുതാന്‍ ഒരു സ്ത്രീ തന്നെ വേണമെന്ന ചിന്ത സ്ത്രൈണാനുഭവത്തിന്റെ വേറിട്ടുള്ള കാഴ്ച്ചപ്പാട് അവര്‍ക്കുണ്ടായിരുന്നു എന്നതിന് തെളിവാണ്. എ. ആര്‍ രാജരാജവര്‍മയുടെ മകള്‍ എം. ഭാനുമതിയമ്മയായിരുന്നു ആ അവതാരികാകാരി. ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട കവിതയുടെ പേര് 'യഥാര്‍ത്ഥജീവിതം' എന്നായിരുന്നുവത്രെ. കൊല്ലത്തുനിന്നും ഇറങ്ങിയ ശാരദ എന്ന മാസികയിലാണത് അടിച്ചുവന്നത്. സ്വപ്നദര്‍ശനം എന്ന കവിത വിവേകോദയത്തില്‍ അടിച്ചുവരുകയും അതു ആശാന്റെ പ്രശംസയ്ക്കു പാത്രമാവുകയും ചെയ്തു.
സ്ത്രീകളുമായുള്ള സൗഹൃദം കവിതയെഴുത്തിന്റെ ആദ്യകാലങ്ങളില്‍ വളര്‍ച്ചയ്ക്കു കാരണമായതുപോലെ തന്നെ ആശാന്‍ തുടങ്ങിയ പ്രമുഖകവികളും മറ്റു പുരുഷഎഴുത്തുകാരും സാമൂഹികനേതാക്കന്മാരുമായുള്ള പരിചയവും അടുപ്പവും പാര്‍വതിയമ്മയ്ക്കു തന്റെ രചനാജീവിതത്തില്‍ ഗുണം ചെയ്തിരുന്നു. ചങ്ങമ്പുഴയുമായി ആത്മബന്ധം പുലര്‍ത്തിയ ടി.ആര്‍ വിമലയുടെയും മറ്റും കഥ നേര്‍വിപരീതമായിരുന്നല്ലോ.
ഇതരകവികളില്‍ നിന്നു വ്യത്യസ്തരായി തന്റെ പൂര്‍വസൂരികളുമായ സമുദായനേതാക്കളുമായുള്ള വ്യക്തിബന്ധം ഏറെയുണ്ടായിരുന്ന പാര്‍വതിയമ്മ അവരില്‍ ചിലരെക്കുറിച്ചു ജീവചരിത്രപരമായ സൂചനകളോടെ കവിത എഴുതിയിട്ടുണ്ട്. നാരായണഗുരു, സി.കേശവന്‍(സിംഹളനാദം) മിതവാദി സി.കൃഷ്ണന്‍(ആരാണമ്മഹാശയന്‍), മൂലൂര്‍ എസ് പത്മനാഭപ്പണിക്കര്‍(ഒരു അനുസ്മരണം), കുമാരനാശാന്‍(പുഷ്പാഞ്ജലി), പനമ്പിള്ളി ഗോവിന്ദമേനോന്‍(സിംഹനാദം), ആ യുവയോഗി(വിവേകാനന്ദന്‍) തുടങ്ങി പലരും അക്കൂട്ടത്തിലുണ്ട്. ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട ഒന്നിലേറെ കവിതകളുമുണ്ട്. 'എന്റെ ഗുരുദേവന്‍', 'അരുവിപ്പുറത്തെ ആകാശവാണി', 'നമോവാകം' എന്നിങ്ങനെ. ഇതിനെ രണ്ടു തരത്തില്‍ നോക്കിക്കാണാം. കോളനിയനന്തരസമൂഹത്തിലെ അഭ്യസ്തവിദ്യരുടെ ആത്മത്തെയും വ്യക്തിത്വത്തെയും രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കകത്തു ഈ പ്രവണതയക്കു സവിശേഷമായ ഒരു അര്‍ത്ഥം സാദ്ധ്യമാണ്. ആധുനികവ്യക്തിയെന്ന നിലയില്‍ സ്വയം രൂപീകരിക്കാനാഗ്രഹിക്കുന്ന പാര്‍വതിയമ്മ എന്ന സ്ത്രീകവിയുടെ ആത്മപ്രതിഷ്ഠയക്കുള്ള മാതൃക ആയി ഈ ചായ്വിനെ കാണാം. ക്രൂശില്‍ എന്ന യേശുവിനെക്കുറിച്ചുള്ള കവിതയില്‍ സത്യധര്‍മങ്ങളോടു ചിരപുരാതനകാലം മുതല്‍ക്കുള്ള അധികാരിസമീപനങ്ങളെ നോക്കിക്കാണുന്നു. യുവയോഗിയില്‍ ലോകത്തിനു മാതൃകയാവുന്ന ആദ്ധ്യാത്മികസാരം പ്രസരിപ്പിച്ച വിവേകാനന്ദനെ ഉയര്‍ത്തിപ്പിടിക്കുന്നു. ഇവിടെയെല്ലാം തന്റെ ആത്മപ്രതിഷ്ഠാപനത്തിനു യോജിച്ച നൈതികസ്ഥാനം പ്രകാശിപ്പിക്കുകയാണ് കവി ചെയ്യുന്നത്!
പൗരമണ്ഡലവും ദേശഭാവനയും
മുതുകുളം പാര്‍വതിയമ്മ കാല്‍പനികവും ആത്മീയവുമായ സ്വന്തം ആന്തരികതയെ വ്യക്തിയെന്ന നിലയില്‍ ഉറപ്പിച്ചതിനെക്കുറിച്ചാണ് പറഞ്ഞത്. ദേശീയതയോടു ബന്ധപ്പെട്ടുള്ള താല്പര്യങ്ങളിലൂടെ കവി, സ്വയം തന്നിലെ പ്രജയെ സ്ഥാനപ്പെടുത്തുന്നതിന്റെ അടയാളങ്ങള്‍ കൂടി മനസ്സിലാക്കുന്നതു നന്നായിരിക്കും. സ്ത്രീയുടെ ദേശീയതാബോധത്തിന്റെ ആധികാരികത പലപ്പോഴും ഉദാസീനമാണ് എന്ന കാഴ്ച്ചപ്പാട് പല സാംസ്‌കാരികനിരൂപകരും നിരീക്ഷിച്ചിട്ടുണ്ട്. അധികാരത്തിന്റെ രണ്ടോ മുന്നോ നിര താഴെ നില്‍ക്കുന്ന ഒരു ശ്രേണീക്രമത്തില്‍ സ്ത്രീകളെയും കീഴാളരെയും സംബന്ധിച്ചിടത്തോളം ദേശീയതാവ്യവഹാരം 'മുകളിലുള്ളവരുടെ കാര്യമാണ്'! സ്വതന്ത്രഭാരതത്തിന്റെ സങ്കല്പങ്ങളെ അവരുടെ കവിതകള്‍ സാമാന്യമായി ഏറ്റെടുക്കുന്നില്ല എന്നല്ല ഇതിനര്‍ത്ഥം. ഇടപെടല്‍ ശേഷിയുള്ള ആധികാരികകര്തൃത്വമെന്നതിനേക്കാ ള്‍ സാക്ഷിയുടെ, പ്രജയുടെ സ്വരം നാമവിടെ കേള്‍ക്കുന്നു.
'സ്വാതന്ത്ര്യദിനത്തിലും' എന്ന കവിത പ്രകടമായ ഗാന്ധിഭക്തിയാണ്. 'ഭാരതാംബയും ഭാരതിയും' എന്ന കവിത ദേശത്തെ തന്നെ ഒരു സ്‌ത്രൈണമണ്ഡലമായി സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നതിനാല്‍ ശ്രദ്ധേയമാണ്. സാഹിത്യമാകുന്ന വാണിയും ദേശമാകുന്ന ഭാരതാംബയും സ്ത്രീകള്‍ തന്നെ. ഇരുവരും സഖിമാരായി 'മന്ദാരപ്പൂമെത്ത'യിലിരുന്നു വേദനകള്‍ പങ്കുവെയ്ക്കുന്നു. വാണീശ്വരിയോടു ഭാരതാംബയക്കു പറയാനുള്ളതു ഇത്രമാത്രം
''ഭവതി നിനയ്ക്കുകില്‍ സാഹിത്യസേവകര്‍
ഭുവനസമാധാനഗാനലോലര്‍
തവപുത്രര്‍ മൂലമീ ദുര്‍ഗ്ഗതി പോക്കാനും
നവശാന്തി ചേര്‍ക്കാനും സാദ്ധ്യമല്ലേ?''
കലാകാരരൊത്തു ചേര്‍ന്നാല്‍ അണുബോബും യുദ്ധവും മറ്റും ഇല്ലായ്മ ചെയ്യാനാവുകയില്ലേ എന്നാണ് ആരായുന്നത്. രാഷ്ട്രത്തെ ഗാര്‍ഹികവും അതോടൊപ്പം സ്ത്രൈണവുമായ മണ്ഡലമായി സങ്കല്പിക്കുന്ന വേറിട്ട ഈ ദേശഭാവന കൗതുകകരമാണ്. ഗാന്ധിജിയും കസ്തൂര്‍ബയും തമ്മിലുള്ള സംവാദമായി എഴുതപ്പെട്ട 'സ്വര്‍ഗത്തില്‍' എന്ന കവിതയിലും ഗാര്‍ഹികതയുടെ അകംലോകമാണ് ദൃശ്യമാകുന്നത്. ഗാന്ധിജിയുടെ ജന്മദിനം കൊണ്ടാടാന്‍ എല്ലാവരും ഉല്‍സാഹിക്കുമ്പോള്‍ കൂടെ നില്ക്കാനാവശ്യപ്പെടുന്ന കസ്തൂര്‍ബയോടു രാജ്യത്തിന്റെ അഖണ്ഡതയെ തകരാതെ നോക്കലാണ് തന്റെ കര്‍ത്തവ്യമെന്നു ഗാന്ധിജി മറുപടി പറയുന്നു. സ്ത്രീയും പുരുഷനും കയ്യാളുന്ന അകം/ പുറം ലോകങ്ങളുടെ ധാര്‍മികതയെ ചെറിയ മിന്നല്‍ വെളിച്ചത്തില്‍ കാട്ടിത്തരുവാനാണ് ഈ കവിത ശ്രമിക്കുന്നത്. (ഇവിടെ സ്ത്രീയായി രാജ്യത്തെ, ദേശത്തെ സങ്കല്പിക്കുന്നത് പുരുഷകല്പനകളിലെ ഭാരതമാതാവ്, രാജ്യമാതാവ് തുടങ്ങിയതില്‍ നിന്നുള്ള വ്യത്യാസത്തോടെ കാണേണ്ടതുണ്ട്. കൂടുതല്‍ ഉറ്റതും അടുപ്പമേറിയതും കണ്ണാടിയിലെന്ന പോലെ തിരിച്ചറിയാവുന്നതും തുല്യദു:ഖം അനുഭവിക്കുന്നവര്ക്കിടയിലുള് ളതുമായ പാരസ്പര്യമായാണ് കാണേണ്ടത്. അല്ലാതെ ആദര്‍ശാത്മകമായി അകറ്റിനിര്‍ത്തി, സ്വയം പ്രജയായി താഴ്ന്നു നിന്നു ആരാധിക്കുന്ന നിലപാടല്ല.) അത്തരം ഭാവന വാസ്തവത്തില്‍ ബാലാമണിയമ്മയില്‍ നിന്നുള്ള ചരിത്രപരമായ തുടര്‍ച്ചകളാകുകയും ചെയ്യുന്നുണ്ട്.
(ഹിംസയക്കെതിരെ, പ്രത്യേകിച്ചും നവീനമായ അണുവായുധ ഹിംസയക്കെതിരെ അവര്‍ 'ഹിരോഷിമയുടെ രോദനം' പോലെയുള്ള ഏറെ കവിതകളെഴുതി. ശാസ്ത്രത്തിന്റെ വികാസം നശീകരണത്തിനുപയോഗിക്കുന്നതിലെ അപമാനവീകരണം നിരന്തരം പറയുകയും ചെയ്തു. )
വാസ്തവത്തില്‍ ദേശീയപ്രസ്ഥാനത്തോട് അനുഭാവത്തോടെ ചലിക്കുമ്പോഴും ഔപചാരികമായ ദേശരാഷ്ട്രത്തെ അക്കാലത്തെ പല സ്ത്രീകവികളും, പ്രത്യേകിച്ചു ബാലാമണിയമ്മയെപ്പോലുള്ളവര്‍ സംശയത്തോടെയാണ് സമീപിച്ചത്. അവരുടെ 'പാടാത്ത പാട്ടുകള്‍' അതിനു തെളിവാണ്. യുദ്ധഭൂമിയില്‍ ശത്രുവുമായി ഏറ്റുമുട്ടി വീണ പടയാളിയുടെ സ്വരത്തിലാണ് കവിത. മഞ്ഞു മൂടിയ മലനിരകള്‍ ചുറ്റിലും. നീലാകാശം മുകളില്‍. വീണുകിടന്ന സ്ഥലത്തുനിന്നുകൊണ്ട് യുവാവായ എതിരാളിയുടെ മുഖത്തേക്കുറ്റുനോക്കുന്നു, പടയാളി. താന്‍ നശിപ്പിച്ച ശരീരം കണ്ടു കണ്‍നിറയുന്നു. ചുറ്റിനും പടക്കോപ്പു വണ്ടിയിരമ്പുന്ന ശബ്ദത്തിലും 'അന്യോന്യഹിംസയാല്‍ നോവുന്ന കൈകള്‍ കോര്‍ത്തങ്ങോട്ടവശരായുണ്ണി നീങ്ങീടവേ, ''പ്രാണനെ ഭേദിച്ചുയരുന്ന പാട്ട് അതുവരെ പാടാത്ത പാട്ടുകള്‍, എത്രയോ നൂറ്റാണ്ടുകളായി പാടിയിട്ടും നരന്‍ കേള്‍ക്കാത്ത പാട്ടുകള്‍ അയാള്‍ കേള്‍ക്കുന്നു.
'നന്നെന്നു കേള്‍ക്കുകിലുമോരോതലമുറയ
ന്നന്നു തന്നെ മറക്കുന്ന പാട്ടുകള്‍'.
അഹിംസയിലും അപരസ്നേഹത്തിലും ഊന്നിയ കാവ്യചേതന ഔപചാരികമായ രാഷ്ട്രപൗരത്വത്തിന്റെ അളവുകളെ മറികടന്നുള്ള കാരുണ്യമേറിയ മാനവലോകത്തില്‍ സ്വയം തേടുന്നു. കാശ്മീരിനെക്കുറിച്ചുള്ള ബാലാമണിയമ്മയുടെ അപ്രകാശിതമായ ഒരു രചനയെക്കുറിച്ചു കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതോര്‍ക്കുന്നു. കാശ്മീരിനെ വിട്ടുകൊടുക്കാം, വലിയൊരു തറവാട്ടിലെ ഒരു മുതിര്‍ന്ന കുടുംബാംഗം തന്റെ ഭാഗം ചോദിക്കുമ്പോള്‍ അതു വിട്ടുകൊടുക്കുന്നതില്‍ എന്താണ് തെറ്റ്! എന്നായിരുന്നു കവിതയുടെ ഉന്നം. കവിത കയ്യെഴുത്തായി വായിച്ച വി. എം. നായര്‍ അതു രാജ്യദ്രോഹമാകുമെന്നു പറഞ്ഞ്, പ്രസിദ്ധീകരിക്കാന്‍ അയക്കാന്‍ അനുവദിക്കാതെ ചുരുട്ടിക്കൂട്ടി കളഞ്ഞതായാണ് ബാലാമണിയമ്മ ചുള്ളിക്കാടിനോടു പറഞ്ഞതത്രേ. 'ക്ഷേമരാഷ്ട്രം' എന്ന കവിത ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാനായി അക്ഷീണം പ്രയത്നിക്കുന്നവരോടാണ് സംസാരിക്കുന്നത്. നിറഞ്ഞു കവിയുന്ന നെല്ലറകളും ആരും വാങ്ങാന്‍ കൊതിക്കുന്ന കൈവേലത്തരങ്ങളും അഴുക്കില്ലാത്ത പുരനഗരങ്ങളും സമൃദ്ധമായ ഗ്രാമങ്ങളും, ബുദ്ധിശക്തിയും ഒന്നും തന്നെ ക്ഷേമരാഷ്ട്രത്തെ നിര്‍മിച്ചെടുക്കില്ല.
''നാണയങ്ങള്‍ തന്‍ കഴിവത്രയും തുച്ഛം; മര്‍ത്യ
മാനസമഹത്വമേ ക്ഷേമരാഷ്ട്രത്തെത്തീര്‍ക്കൂ''
('നവകേരളം' എന്ന കവിതയില്‍ സമത്വവും സമൃദ്ധിയും പുലരുന്ന നിസ്തുലമായ ഈ ഭാവനാദേശത്തെ സ്വരൂപിച്ചെടുക്കാന്‍ കവി ശ്രമിക്കുന്നുണ്ട്. ഇവിടെയും ദേശാഭിമാനത്തിന്റെ ഊറ്റത്തിനല്ല, തുല്യമാനവികതയക്കും ജനതകളുടെ പാരസ്പര്യത്തിനുമാണ് ഊന്നല്‍. 'പിറന്ന നാട്ടില്‍' എന്ന കവിതയില്‍ നാടിനോടുള്ള ഗൃഹാതുരതയെ സ്പര്‍ശിച്ചുകൊണ്ടുള്ള ദേശഭാവനയാണ് കാണുന്നത്.
'പൗരഗീതം' ധാര്‍മികതയിലും സ്വാശ്രയത്വത്തിലുമൂന്നിയ ആദര്‍ശാത്മകമായ ഒന്നായി ദേശത്തെ ആഖ്യാനം ചെയ്യുകയാണ്. അധിനിവേശിതജനത സ്വയം രൂപകല്പന ചെയ്തെടുക്കുന്ന സ്വയംഭരണാധിഷ്ഠിതമായ പൗരരാഷ്ട്രത്തെയാണ് കവി ഇവിടെ വിഭാവനം ചെയ്യുന്നത്.
''മാനിയ്ക്കുമേതിനെ, പ്പൂജിക്കുമേതിനെ
ജ്ഞാനപ്രകൃഷ്ടമാം ഭാവിലോകം.
നമ്മള്‍ പഠിപ്പിച്ച, നമ്മള്‍ വളര്‍ത്തിയ,
സാമ്രാജ്യപ്പൂണ്‍പാമിതിനെയെന്യേ ?''
'ഐക്യകേരളം' എന്ന കവിതയില്‍ എല്ലാ ദുര്‍ഗുണങ്ങളോടും പോരാടുന്ന നെഞ്ഞൂക്കിന്റെ കേന്ദ്രമാണ് കേരളമെന്നും കവി ഉപദര്‍ശിക്കുന്നു.
''കേവലം സമത്വസ്വാതന്ത്ര്യസൂനൃതമൂര്ത് തീ
ഭാവമായ് ഞങ്ങള്‍ക്കിന്നു കാണാകുമദ്ദര്‍ശനം.
ആ വിശിഷ്ടമാമദ്വൈതാലയം ജയിക്കുന്നു
ദേവലാളിതമൈക്യകേരളം ജയിക്കുന്നു''
ഭാരതമെന്നതിനേക്കാള്‍ കേരളമെന്ന ദേശഭാവനയിലേക്കുള്ള ആനുപാതികമായ കൂടുതല്‍ ഊന്നല്‍ ഈ കവിയിലുണ്ട്. നാടുവിട്ടു ജീവിക്കേണ്ടിവന്നതിന്റെ അനുഭവപരമായ പശ്ചാത്തലവും 40 കളിലെ തദ്ദേശീയതയുടെ രാഷ്ട്രീയഭാവനയും അതില്‍ പ്രവര്‍ത്തിച്ചിരിക്കാം.)
മേരി ജോണ്‍ കൂത്താട്ടുകുളത്തിന്റെ 'ഉണരുക' എന്ന കവിത ദേശാഭിമാനത്തിലും ദേശസ്വാതന്ത്ര്യത്തിലും പ്രതീക്ഷയര്‍പ്പിക്കുന്ന കവിതയാണ.് ഭാരതം എന്ന ദേശത്തെ മുതുകുളത്തിന്റെ കവിതയിലെന്ന പോലെ അമ്മയും സ്ത്രീയുമായിക്കാണുകയും ഹിന്ദു, മുസ്ലിം, പാഴ്സി, ക്രിസ്ത്യാനി വിഭാഗങ്ങളിലെ ആള്‍ക്കാരൊത്തു ചേര്‍ന്ന് സ്തുതികള്‍ പാടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതുമാണ്. 'യുദ്ധരംഗത്തില്‍' എന്ന കവിത യുദ്ധവൈദഗ്ദ്ധ്യം ആതുരശുശ്രൂഷയേക്കാള്‍ എത്രയോ ചെറുതാണെന്ന പാഠത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ഏതു യുദ്ധവും ആത്യന്തികമായി പരാജയം തന്നെ എന്നും ഈ കവിത പറയുന്നു. 'ഗാന്ധിജയന്തി', 'കേഴുക മമ നാടേ', 'ആര്‍ഷഭാരതത്തിന്റെ ആത്മാവ്' തുടങ്ങിയ കവിതകളില്‍ അക്കാലത്തെ കവികളുടെ പൊതുബോധത്തിലുള്ള കേവലവും സാമാന്യവുമായ രാജ്യഭക്തിയും ഗാന്ധിപൂജയുമാണ് കാണാനാവുന്നത്. മുമ്പു സൂചിപ്പിച്ച പൊതുബോധ, പുരോഗമനപുരുഷഘടനയിലുള്ള ദേശീയതയുടെയും കൂടി ഭാഗമായിരുന്നു അവരുടെ ചില കവിതകള്‍ എന്നേ ഇതിനര്‍ത്ഥമുള്ളു. കേരളീയതയുടെ കവി എന്നു വിശേഷിപ്പിക്കാവുന്ന മട്ടില്‍ കേരളീയസംസ്‌കാരത്തിന്റെയും പ്രകൃതിയുടെയും ലാളിത്യമാര്‍ന്ന ശൈലിയാണ് കവിതയിലവര്‍ ദീക്ഷിച്ചത്. സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ കവിതകള്‍ കാലഘട്ടത്തിന്റെ ദേശീയതാഭിരുചികളെ കൃത്യമായും സാമാന്യമായും പ്രതിഫലിപ്പിച്ചു. വഞ്ചിനാട്, ഭാരതലക്ഷ്മി, ഗാന്ധിജയന്തി, കണ്ണാടിക്കൂട്ടില്‍ മുതലായ രചനകള്‍ അതാണ്. ദേശീയതാപ്രചോദിതമായ സാംസ്‌കാരികാഭിരുചിയില്‍ ഗാന്ധി പിതൃബിംബം തന്നെയായിരുന്ന പൊതുബോധമാണ് 'ഗാന്ധിജയന്തി'യുടെ വായനയില്‍ തെളിയുന്നത്. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കവിതകളില്‍ ദേശീയതയും സ്വാതന്ത്ര്യവും കൈകോര്‍ത്തു വരുന്ന ഒട്ടേറെ രചനകളുണ്ട്. 'കൂട്ടിലെ പൈങ്കിളിയോട്' എന്ന കവിത ബാലാമണിയമ്മയുടെ 'വിട്ടയക്കുക'യക്കു സമാനമായി പക്ഷിയുടെ പഞ്ജരാവസ്ഥയും സ്വാതന്ത്ര്യവാഞ്ഛയും ധ്വന്യാത്മകമായി ദേശീയസ്വാതന്ത്ര്യവും സ്ത്രീസ്വാതന്ത്ര്യവുമായി ചേര്‍ത്തുവെയ്ക്കുന്നു. സ്വാതന്ത്ര്യക്കൊടി, തടവുകാരന്‍, പടയാളി, ഒരു പടയാളിയുടെ പ്രാര്‍ത്ഥന, മാമൂല്‍ഭയം, സ്വാതന്ത്ര്യകാഹളം, എന്നിങ്ങനെ ദേശീയതാപ്രധാനമായ ഒട്ടേറെ കവിതകള്‍ അവരുടേതായുണ്ട്.
ദേശീയതാവാദത്തിന്റെ മൂര്‍ത്തമായ ചരിത്രസാഹചര്യങ്ങളെ മുന്‍നിര്‍ത്തിയുളള കവിതകളാണ് കടത്തനാട്ടും ലളിതാംബികയും ബനീഞ്ഞയും എഴുതിയത്. നെഹ്രുവിന്റെ മരണം, ഇന്ദിരയുടെ സന്ദര്‍ശനം, ഗാന്ധിജിയുടെ ജന്മദിനവും ജീവിതവും, സ്വാതന്ത്ര്യപ്പോരളികളായ തടവുകാര്‍ ഇവരെല്ലാംകവിതകളിലേക്കു കടന്നു വരുന്നു. മുതുകുളത്തിന്റെ ദേശീയതാബോധത്തിലുള്ള ധാര്‍മികതയുടെ വലിയ വിതാനങ്ങളെക്കാള്‍ സാമൂഹികചലനങ്ങളുടെ സമകാലികചരിത്രമെന്ന നിലയിലാണ് ഈ കവിതകളിലെ പൗരത്വബോധം പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗതമായ ദേശീയതാസങ്കല്പങ്ങളിലെ രാഷ്ട്രഭക്തി മുതുകുളത്തിന്റെ കൃതികളില്‍ ഇല്ലെന്നല്ല. ഗാന്ധിയെ പിതൃസ്വരൂപമായി കണ്ടെടുക്കുന്ന കവിതകളിലെ പൊതുരീതിയോടൊത്തു നില്‍ക്കുന്ന ചില രചനകള്‍ ഉണ്ട്. 'സ്വാതന്ത്ര്യദിനത്തിലും' എന്ന കവിതയില്‍ ഗാന്ധിസ്തുതി ആണ്. സ്വാതന്ത്ര്യം കിട്ടുന്ന ആ ദിനത്തിലും ഗാന്ധി ബംഗാളില്‍ വര്‍ഗീയതക്കെതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു എന്നതില്‍ കവി ആദരവോടെ അത്ഭുതം കൂറുന്നു.
ധാര്‍മികമൂല്യങ്ങളെപ്പറ്റിയുള്ള വിചാരസന്ദര്‍ഭങ്ങളില്‍ ഏറെയും ഭാരതം എന്ന ദേശഭാവനയുമായി ചേര്‍ന്നു നിന്നുകൊണ്ടും അതിന്റെ ഭൂതപാരമ്പര്യമായി പുരാണങ്ങളെയും മഹത്തുക്കളായവരുടെ ചിന്തയെയും ജീവിതത്തെയും ആദരവോടെ ആഖ്യാനം ചെയ്തുമാണ് പാര്‍വതിയമ്മ എഴുതുന്നത്. എന്നാല്‍ പ്രകൃതിസൗന്ദര്യം, സമൂഹത്തിന്റെ ചലനാത്മകത, ഉച്ചനീചത്വങ്ങള്‍, ആത്മീയത, സംസ്‌കാരത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും പുതിയ ഇടങ്ങള്‍ ഇവയുടെ വേദി പലപ്പോഴും പ്രാദേശികതയുമായി, കേരളവുമായി ഇണങ്ങി നില്‍ക്കുന്നു. 50കളുടെ അവസാനത്തോടെ പൊതുവില്‍ സംഭവിക്കുന്ന ദേശീയതാവാദകാഴ്ച്ചപ്പാടുകളിലെ മങ്ങല്‍ സ്വാധീനിച്ചിട്ടുമുണ്ടായിരിക് കണം. മലയാളരാജ്യം എന്ന 1967 ല്‍ എഴുതപ്പെട്ട കവിതയില്‍ സാംസ്‌കാരികമായി രൂപീകരിക്കപ്പെട്ട കേരളം എന്ന ദേശത്തെ കവി സ്വരൂപിച്ചു പുരസ്‌കരിക്കുന്നതു കാണാം. കടലും പുഴയും മരങ്ങളും പൂക്കളും മലകളും ചേര്‍ന്ന മനോഹരമായ പ്രകൃതിയുള്ള, കവികളും ഗായകരും ചിത്രകാരരും സന്യാസിനിമാരും എല്ലാം ചേര്‍ന്ന, ജി.യുടെ ഓടക്കുഴലും തകഴിയുടെ ചെമ്മീനും ചേര്‍ന്ന കേരളത്തെയാണ് ഈ കവിതയില്‍ കാണുന്നത്. സൗന്ദര്യാനുഭൂതിയുടെ ദേശമായി, കൂടുതല്‍ തൊട്ടുരുമ്മുന്ന അനുഭവസ്ഥലിയായി കവിയെ സ്പര്‍ശിച്ചു നില്‍ക്കുന്നതു കേരളമെന്ന വിഭാവന തന്നെയാണ്. ഭാരതത്തില്‍ നിന്നും കേരളത്തിലേക്കു വളരാനുള്ള, വലുതായി വികസിച്ചു വരുന്ന കാവ്യഭാവനയാണ് ഇവിടെ നാം കാണുന്നത്.
തന്റേതായ കര്‍തൃനിലകളുടെ സംഘര്‍ഷഭൂമികയായി കേരളത്തെ തിരിച്ചറിയുന്നതിന്റെ സാദ്ധ്യതയായും ഇതിനെ കാണാം. ഈ കാലഘട്ടത്തിലെ മാറിത്തീര്‍ന്ന കേരളത്തില്‍ താന്‍ ചേര്‍ന്നു നിന്ന കീഴാളസാമുദായികതയുടെ സ്പന്ദനങ്ങള്‍ക്കുള്ള പ്രാധാന്യവും അവര്‍ തിരിച്ചറിഞ്ഞിരിക്കാം. എന്തായിരുന്നു മുതുകുളത്തിനു തന്റെ സമുദായവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന വ്യവഹാരം എന്നു ആലോചിക്കേണ്ടതുണ്ട്.
മുതുകുളവും ഈഴവസാമൂഹികതയും
മുമ്പു സൂചിപ്പിച്ച ജീവചരിത്രകവിതകളിലെ മറ്റൊരു ദിശ കുറച്ചുകൂടി സമൂര്‍ത്തമാണ്. ശ്രീനാരായണഗുരു, ആശാന്‍, സി.വി കുഞ്ഞുരാമന്‍, മിതവാദി തുടങ്ങി ഈഴവപ്രമുഖരായ പലരെയും കുറിച്ചവര്‍ എഴുതുന്നുണ്ട്. ദേശീയതയുടെ പലതരം വ്യവഹാരങ്ങള്‍ കലങ്ങിമറിഞ്ഞ കാലത്തു ഈഴവസമുദായത്തില്‍ പിറന്ന കവിയെഴുതുന്നു എന്ന നിലയ്ക്കാണതിനെ കാണേണ്ടത്. ഈഴവസാമുദായികതയും അതിന്റെ നവോത്ഥാനപരമായ ഉണര്‍വും നിറഞ്ഞുനിന്ന കാലത്തു ഇവരുമായുള്ള സമ്പര്‍ക്കത്തിലൂടെ ദേശീയതയും പൗരത്വവും സാമൂഹികബോധവും സംബന്ധിച്ച പൊതുധാരയില്‍ നിന്നെല്ലാം വേറിട്ട ചിന്താഗതി പാര്‍വതിയമ്മയിലേക്കും പകര്‍ന്നിരുന്നോ എന്നു ചിന്തിക്കാവുന്നതാണ്. ബൗദ്ധമായ പ്രമേയങ്ങള്‍ ആവര്‍ത്തിക്കുന്ന അവരുടെ രചനാലോകവും ഈഴവസാമുദായികപ്രവര്‍ത്തകരില്‍ ചിലരുടെ ബൗദ്ധചിന്താഗതികളും തമ്മിലും ചാര്‍ച്ച കാണുന്നുണ്ട്. മലബാര്‍ കേന്ദ്രീകരിച്ചുനിലനിന്ന ദേശീയപ്രസ്ഥാനസംരഭങ്ങളോടു മിതവാദിയെപ്പോലുള്ളവരെടുത്ത വ്യത്യസ്ത സമീപനങ്ങള്‍ നിലനില്‍ക്കേ, അദ്ദേഹത്തെ മഹാശയനായി കാണുന്ന 'ആരാണമ്മഹാശയന്‍' എന്ന കവിത എടുത്തു പറയേണ്ടതുണ്ട്. സാമുദായികതയുടെയും ദേശീയതയുടെയും വ്യത്യസ്തധാരകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ അടുത്തു നോക്കി മനസ്സിലാക്കുമ്പോഴേ അവരിലെ ദേശരാഷ്ട്രപരമായ പൗരബോധത്തിന്റെ അടരുകളെ നമുക്കു വേര്‍തിരിച്ചെടുക്കാനാവൂ. തിരുവിതാംകൂറിലെ ഒരു പൗരയായി വളര്‍ന്ന പാര്‍വതിയമ്മയുടെ ഈഴവസാമുദായികതയുമായുള്ള ബന്ധത്തെ ദേശീയതയുടെ സംഘര്‍ഷങ്ങളുമായി ചേര്‍ത്തു വെച്ചേ കാണാനാവൂ.
അപ്രകാശിതമായ ഒരു പഠനത്തില്‍ ബാബുരാജ് ഭഗവതി നിരീക്ഷിക്കുന്നതു പോലെ, തിരുവിതാംകൂറിലെ ഈഴവപ്രബുദ്ധതയുടെ മണ്ഡലത്തില്‍ മൂന്നോ നാലോ ധാരകളെ വായിച്ചെടുക്കാം. നാലു സാമുദായപ്രമുഖര്‍ തന്നെയാണവയുടെ നേതൃനിരയിലുള്ളതും. ഔപചാരികവും മതേതരവുമായ ദേശരാഷ്ട്രസങ്കല്പത്തില്‍ നിലകൊണ്ട ടി.കെ.മാധവന്‍ അതിലൊരാളാണ്. ജാതിക്കെതിരെയുള്ള വിലപേശലുകളും ഗാന്ധിജിയുടെ സമരമുറകളുമായുള്ള അടുപ്പവുമെല്ലാം അദ്ദേഹത്തെ 'ലക്ഷണമൊത്ത ചരിത്രനായക'നാക്കി മാറ്റുന്നുണ്ട്. ഹിന്ദു മഹാസഭയുമായി, ഹിന്ദു മിഷനുമായി സഹകരിച്ചുകൊണ്ടുള്ള ദേശീയതാബോധമാണ് അദ്ദേഹത്തിനുള്ളതെന്നും ചരിത്രം പറയുന്നു. മറ്റൊരു പ്രബലധാരയുടെ നായകനായ നാരായണഗുരുവാകട്ടെ സവര്‍ണ ആത്മീയതാപാരമ്പര്യങ്ങളെ മുഴുവനായും തള്ളിക്കളഞ്ഞു. ഔപചാരികമായ ദേശരാഷ്ട്രസങ്കല്പത്തെയും അധിനിവേശവിരുദ്ധതയെയും മറ്റൊരു രീതിയില്‍ നോക്കിക്കാണാനാണ് കേരളത്തിലെ ജാതിയനുഭവങ്ങള്‍ അദ്ദേഹത്തെ പഠിപ്പിച്ചത്. 'നമുക്കു സന്യാസം തന്നത് ബ്രിട്ടീഷുകാരാണെ''ന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ വാചകം ഓര്‍ക്കാം. അദ്ദേഹത്തിന്റെ അനുയായിയും ശിഷ്യനുമായിരുന്ന കുമാരനാശാനും ദേശീയതയോടുള്ള പ്രതിബദ്ധതയെ ഉദാസീനമായാണ് കണ്ടത്. കേരളത്തിലെ ജാതിഘടനയ്ക്കെതിരായ ചിന്തകള്‍ക്കാണദ്ദേഹം മുന്‍തൂക്കം കൊടുത്തത്. കേരളത്തിലെ ഈഴവരുടെ ബുദ്ധമതത്തിലേക്കുള്ള മതം മാറ്റത്തെക്കുറിച്ചു പറയുമ്പോള്‍ മതം മാറുന്നതില്‍ അര്‍ത്ഥമില്ല എന്നു തന്നെയാണദ്ദേഹം കരുതിയത്. ഈഴവരുടെ ശക്തി കുറയരുതെന്ന കാരണവും ചൂണ്ടിക്കാട്ടി. താന്‍ ബംഗാളിലും മറ്റും ജീവിച്ചതിന്റെ ഭാഗമായി കിട്ടിയ വിവേകാനന്ദന്റെ ചിന്തകളുള്‍പ്പടെയുള്ള ഹിന്ദു പാരമ്പര്യങ്ങളെയും അദ്ദേഹം പ്രധാനമായി കണ്ടു. സഹോദരന്‍ അയ്യപ്പന്‍ ഈഴവസാമുദായികതയുടെ വേറൊരു ദിശയെ ഉയര്‍ത്തിക്കാട്ടുന്നുവെന്നു പറയാം. അടിമുടി ഹൈന്ദവമൂല്യങ്ങളെ ചെറുത്തു നിന്ന അയ്യപ്പന്‍, ഈഴവരെ ഒരു ആധുനികസമൂഹമായി വിഭാവനം ചെയ്തു. ശാസ്ത്രത്തെയും അതിലൂന്നിയ യുക്തിചിന്തയെയും സദാ ഉയര്‍ത്തിപ്പിടിച്ചു. 'പട്ടേരിമാരുടെയും ഗോസായിമാരുടെയും ഇടയിലേക്കു നമ്മളെന്തിനാണ് നമ്മെ വിട്ടുകൊടുക്കുന്നതെ'ന്നായിരുന് നു അദ്ദേഹത്തിന്റെ ചോദ്യം. ഇവിടെ വിശദീകരിച്ച നാലു ധാരകളും സാമാന്യമായി പാര്‍വതിയമ്മയെ സ്വാധീനിച്ചിരുന്നിരിക്കാം. എങ്കിലും ശ്രീനാരായണഗുരുവിന്റെ ഉറ്റഅനുയായി എന്ന നിലയില്‍ ഗുരുവിന്റെ ചിന്തകള്‍ അവരെ നിരന്തരം പ്രചോദിപ്പിച്ചു. മറ്റൊരു സ്വാധീനം കുമാരനാശാന്റെ ചിന്തയും ഭാവനാപരിസരങ്ങളുമാണ്. ബൗദ്ധികതലത്തില്‍ ഗുരുവിനെയും വൈകാരികതലത്തിലും കലാവിഷ്‌കാരത്തിന്റെ തലത്തിലും ആശാനുമായിരുന്നു, അവരുടെ പ്രേരണകള്‍.
'സ്വാതന്ത്ര്യസപ്തകം' എന്ന കവിതയില്‍ സാമുദായികതയും ജാതിയും സാമ്രാജ്യത്വവും തമ്മിലുള്ള സംഘര്‍ഷങ്ങളെ കവി എഴുതുന്നുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള ആഹ്വാനത്തെ മുന്‍നിര്‍ത്തി സാമ്രാജ്യത്താധികാരമോ ജാതിചിന്തയോ മതവ്യത്യാസങ്ങളോ ഏതാണ് സ്വാതന്ത്ര്യത്തിനു തടസ്സം സൃഷ്ടിക്കുന്നത് എന്നു ചോദിക്കുന്നുണ്ട് പാര്‍വതിയമ്മ. അവയെ ഇണക്കി പ്രകാശം പരത്തുന്ന ആദ്ധ്യാത്മികമായ ഊര്‍ജ്ജത്തിനായാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും അവര്‍ പറയുന്നുണ്ട്.
'എന്റെ ഗുരുദേവനി'ല്‍ ശ്രീനാരായണഗുരുവിനെക്കുറിച്ചുള് ള അഭിമാനവും ഭക്തിയും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. കൂടാതെ തന്റെ ഭാവനയിലെ ഏറ്റം മഹത്തരമായ ജനത എന്ന നിലയില്‍ സ്വയം നിര്‍മിക്കാനുള്ള പ്രേരണകളും മാതൃകകളുമായി നിലനിന്ന പലരെയും ചേര്‍ത്തു എഴുതുന്നുണ്ട്. യേശു, ബുദ്ധന്‍, ഗാന്ധി, കൃഷ്ണന്‍, നബി എന്നിങ്ങനെ ലോകനായകരും ദൈവബിംബങ്ങളും എല്ലാം പലയളവില്‍ ഇണക്കിച്ചേര്‍ത്താണ് ഈ കവിതയിലെ രക്ഷക ബിംബത്തെ കവി സ്വരൂപിക്കുന്നത്.
'ഒരന്വേഷണം' എന്ന കവിത ആത്മീയാന്വേഷണത്തിന്റെ തീവ്രമായ അക്ഷമ കലര്‍ന്ന സ്വരം നിറഞ്ഞതാണ്.
''താരങ്ങള്‍ ചന്ദ്രനഖിലേശ്വരനെന്നു ചൊല്ലും
സൂര്യന്‍ സമസ്തവിഭുവെന്നു കഥിക്കുമബ്ജം
പാരാതുലൂകമിരുളാണിഹ ദൈവമെന്നു
മോരോതരത്തിലനിഭിജ്ഞതമൂലമോതും
എന്നാലിവയക്കു സകലത്തിനുമപ്പുറത്തായ്
മിന്നിത്തിളങ്ങുമവിടുത്തെയഖണ് ഡരൂപം
എന്നക്ഷികള്‍ക്കു ഭവനാശന ലക്ഷ്യമാവതെ
ന്നദ്ദിനം വരെ അലഞ്ഞു തിരഞ്ഞിടും ഞാന്‍''
ഇവിടെ മതേതരമായ ആത്മീയതയുടെ ഛായ ഉപരിതലത്തില്‍ നിലനിര്‍ത്തുമ്പോഴും 'മായാമയം മറകളാകെ വലിച്ചു കീറ്ി', 'ഭവനാശനം' തുടങ്ങിയ ഹൈന്ദവവേദാന്തകല്‍പനകളും ഇതിലുണ്ടെന്നു കാണാം.
ബുദ്ധനിലേക്കുള്ള വഴികളും ആത്മീയതയും കവിത്വത്തെ സന്യാസിനീത്വവുമായി ചേര്‍ത്തുവെച്ചുള്ള ഒരു ധാരണ പാര്‍വതിയമ്മയില്‍ നിലനിന്നിരുന്നു.- അക്കാലത്തെ ഈഴവ സാമുദായികതയുടെ അവിഭാജ്യഭാഗമായ ശ്രീനാരായണ ഗുരുവിന്റെ പ്രഭാവം അതിനെ പരിപോഷിപ്പിച്ചു. കുമാരനാശാനില്‍പ്പോലും കവിത്വവും സന്യാസിത്വവും തമ്മില്‍ ഇഴപിരിക്കാനാവാതെ കിടന്നിരുന്നല്ലോ. ഗുരുവുമായി ഇക്കാര്യത്തില്‍ ചില പിണക്കങ്ങള്‍ ഉള്ളതായിപ്പോലും കരുതപ്പെട്ടിരുന്നു. തീര്‍ച്ചയായും ഈ ആത്മീയത പൊതു ഹൈന്ദവപദ്ധതിയുടെ ഭാഗമായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.
സ്ത്രീകളുടേതായ ഒരു ശിഷ്യസംഘമെന്ന നിലയില്‍ ഒരു മഹിളാശ്രമം സ്ഥാപിക്കാന്‍ ശ്രീനാരായണഗുരുവിനോട് അപേക്ഷിച്ചിരുന്നതായി ജീവചരിത്രകാരന്‍ പറയുന്നുണ്ട്. അശ്രുകുടീരം എന്ന മീരാബായിയെക്കുറിച്ചുള്ള ഖണ്ഡകാവ്യം അതിനു നിദര്‍ശനമാണ്. ആ കൃതിയുടെ മുഖവുരയില്‍ അവരതു സൂചിപ്പിക്കുന്നുണ്ട്. ഭാരതയോഗിനികളുടെ മണി മകുടമെന്നാണ് മീരയെ വിശേഷിപ്പിക്കുന്നത്. ശാരദാദേവിയെക്കുറിച്ചുള്ള ചരമാനന്തരകവിത 'പുഷ്പാഞ്ജലി'യിലും ഇതുണ്ട്. കൂടാതെ 'യോഗിനി അമ്മ' എന്ന കവിതയും ഇതോടു ചേര്‍ന്നു നില്‍ക്കുന്നു. സവിശേഷമായ ആദ്ധ്യാത്മിക സ്ത്രീപാരമ്പര്യത്തെ തിരിച്ചറിയാനും അതില്‍ കണ്ണി ചേരാനുമുള്ള വാസനയെ ഇവിടെ ദര്‍ശിക്കാം. കവിത്വത്തെ മാത്രമല്ല, സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചു ള്ള തന്റെ അന്വേഷണങ്ങളും പരികല്‍പനകളും ആധ്യാത്മികതയുടെ ഉള്ളടക്കങ്ങളിലൂടെയാണ് അവര്‍ തിരഞ്ഞത്. (അക്കാലത്തെ സ്ത്രീകവിതകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട, ഒരുതരം അലൈംഗികതയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി നമുക്കു വിലയിരുത്താനാവും. അതേസമയം ചങ്ങമ്പുഴ, ബഷീര്‍ ഉള്‍പ്പടെയുള്ള എഴുത്തുകാരന്മാരില്‍ സ്ത്രീപുരുഷബന്ധങ്ങളെ തുറന്നെഴുതാനും അതു സംബന്ധിച്ച താന്താങ്ങളുടെ കാമനാപരമായ നവഭാവനയെ ഉച്ഛൃഖലമായി കെട്ടഴിച്ചുവിടാനുമുള്ള പ്രവണതയാണുണ്ടായത്.) കുമാരനാശാന്റെ ആരാധികയും ശിഷ്യകല്‍പിതയുമെന്നു അക്കാലത്തെ പ്രമുഖസാഹിത്യവൃന്ദങ്ങള്‍, പ്രത്യേകിച്ചും ഉള്ളൂരും മറ്റും അവരെ വിലയിരുത്തുന്നുണ്ട്. ആശാന്റെ നളിനിയിലും ചണ്ഡാലഭിക്ഷുകിയിലും കരുണയിലുമെല്ലാമുള്ള സ്നേഹാന്വേഷണം എന്ന കേന്ദ്രപ്രമേയത്തിനു സ്ത്രീപുരുഷബന്ധത്തിനോടും അതിലെല്ലാമുപരിയായി ആധ്യാത്മികതൃഷ്ണകളോടുമുള്ള സവിശേഷബന്ധം അവരെ സ്വാധീനിച്ചിരിക്കാമെന്നു കരുതുവാന്‍ ന്യായമുണ്ട്. കരിഞ്ഞ പൂമൊട്ട്, എന്റെ പിച്ചി മുതലായ കവിതകളില്‍ പുഷ്പമെന്നത് കേവലമായ രൂപകമോ ബാഹ്യപ്രമേയമോ എന്നതിലുപരിയായി അസുലഭമായ സൃഷ്ടിവൈഭവത്തിന്റെയും അനിത്യതയുടെയും നിസ്സഹായതയുടെയും മറ്റും അടരുകളെക്കൂടി ആവാഹിക്കുന്നതിലൂടെ ആശാന്റെ വഴികളെ പാര്‍വതിയമ്മ പിന്തുടരുന്നുണ്ട്. പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ ആശാന്‍ മരിക്കുന്നതിന്റെ അന്നു ആ യാത്രയ്ക്കിടെ ആലപ്പുഴ ബോട്ടു ജെട്ടിയില്‍ വെച്ച് പാര്‍വതിയമ്മ ആശാനെ കാണാന്‍ പദ്ധതിയിട്ടെങ്കിലും അതു നടന്നില്ല.
ശ്രീബുദ്ധനിലും ശ്രീനാരായണനിലുമെന്ന പോലെ വിവേകാനന്ദനിലും ശ്രീകൃഷ്ണനിലും അവര്‍ ആദ്ധ്യാത്മികതയുടെ അനുഭുതികള്‍ തന്നെയാണ് തിരഞ്ഞത്. നിശ്ചയമായും അക്കാലത്തെ ഇന്ത്യന്‍ പ്രപഞ്ചബോധത്തോടും വേദോപനിഷത്തുകളോടുമെല്ലാം അതു സഹവസിച്ചുനില്‍ക്കുമെങ്കിലും ചലനാത്മകമായ സാമൂഹികമണ്ഡലത്തിലേക്കതിനെ സംക്രമിപ്പിക്കാനുള്ള ശേഷി അവര്‍ നേടിയിരുന്നു. സോക്രട്ടീസിന്റെ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് 'ഒരു മഹാന്റെ അന്ത്യനിവേദനം' എന്ന കവിത
ശ്രീനാരായണചിന്തയുടെ സ്വാധീനം ഈ കവിയിലുണ്ട്. കണ്ണാടി എന്ന രൂപകം ശബരിയുടെ ഭക്തിയില്‍ കടന്നു വരുന്നുണ്ട്.
''ശുദ്ധസ്ഫടിക'സമാനമായ്ത്തീരണം
ഹൃത്തടം നൈര്‍മല്യമേറുന്ന പൊയ്കപോല്‍''
ഔപചാരികമായ വിദ്യാഭ്യാസത്തിനും പ്രബുദ്ധതയക്കും അപ്പുറമാണ് ആദ്ധ്യാത്മികതയുടെ തലങ്ങള്‍ എന്ന വീക്ഷണം ഈ കവിതയെ ഭരിക്കുന്നുണ്ട്.
''ആകയാലക്ഷരവിദ്യ പഠിക്കാതെ
ഏകമാം ബ്രഹ്‌മത്തിലാത്മൈക്യമേലുവാന്‍
ശോകമോഹങ്ങളൊഴിഞ്ഞു സുഖിക്കുവാന്‍
പാകമായ്ത്തീര്‍ന്നെന്റെ ചിത്തമീ വേളയില്‍''
ഈ കവിയുടെ ആത്മീയതയില്‍ പ്രകൃതിശക്തികള്‍ക്കു മുമ്പില്‍ നിസ്സഹായമാകുന്ന മനുഷ്യശക്തിയെക്കുറിച്ചുള്ള അഗാധബോധം ഉണ്ട്. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ പോലും പ്രകൃതിയുടെയും അനന്തമായ ജ്യോതിര്‍ഗോളങ്ങളുടെയും ഭ്രമണങ്ങളെ മനസ്സിലാക്കാന്‍ പ്രാപ്തമല്ല. വൈജ്ഞാനികവികാസം, ആധുനികസൗകര്യങ്ങള്‍, പതുതായി വളര്‍ന്ന ശാസ്ത്രബോധം, ജ്ഞാനാഹന്തകള്‍ എല്ലാം തന്നെ നിസ്സാരമാണ് എന്നു പറഞ്ഞുവെയ്ക്കാനും കവി ശ്രമിക്കുന്നുണ്ട്.
''മനുജനേത്രങ്ങള്‍ക്കു ലക്ഷ്യമാകാതെത്ര
ഘനമേറും ഗോളങ്ങളുണ്ടിനിയും അണുബോംബുകൊണ്ടവയൊന്നും തകര്‍ക്കുവാ
നണുവും നിപുണരേ സാദ്ധ്യമല്ല
പെരിയൊരീ ബ്രഹ്‌മാണ്ഡഭാണ്ഡത്തിനുള്ളിലെ
ച്ചെറുകടുകല്ലേയീ ഭൂതധാത്രീ
ഒരു ധൂളിയല്ലയോ വന്‍പന്‍ നരനതില്‍
ശരിയോ നിനയ്ക്കിലഹന്തയപ്പോള്‍?
വിരുതേറും ലോകജേതാക്കളേ! നിങ്ങളീ
പ്പരമാര്‍ത്ഥമറിഞ്ഞു മേലില്‍
ദുരയും പരദ്രോഹചിന്തയും കൈവിട്ടു
പരമേശപാദം വണങ്ങിവാഴ്ക''
ആത്മീയമായ ജ്ഞാനശക്തിയെ വലിയൊരു തിരുത്തല്‍ ശേഷിയായി ഉപയോഗിക്കുകയാണ് കവി.
അഹിംസാത്മകവും സൗഹാര്‍ദ്ദം നിറഞ്ഞതുമായ ഒരു മൈത്രീലോകത്തെ തന്റെ ഉട്ടോപിയ ആയി നിരന്തരം സങ്കല്‍പ്പിച്ചിരുന്ന കവിയാണ് പാര്‍വതിയമ്മ. 'ആ മധുരസ്വപ്നം' എന്ന കവിതയില്‍ അതിനായുള്ള തന്റെ അദമ്യമായ ദാഹത്തെ അവര്‍ ആവിഷ്‌കരിക്കുന്നുണ്ട്. മായികവുംമാന്ത്രികവുമായ ഒരു അതീത ലോകത്തിലേക്കു വിമാനത്തിലേറിച്ചെല്ലുന്നതും അവിടെ മനംമയങ്ങി ധന്യതയാര്‍ന്നു മരുവുന്നതും പിന്നീട് 'ഏകമാം തമ്പുരാന്റെ സവിധ'ത്തിലേക്കു നയിച്ചു എത്തിപ്പെടുന്നതുമാണ് കവിത. സ്വന്തം അമ്മയെ പോലും മക്കള്‍ കൊല്ലുന്ന, അണുബോംബു വര്‍ഷിച്ചു സഹജരെ ഇല്ലായ്മ ചെയ്യുന്ന. ദയനീയരായ സഹോദരങ്ങളെ പിന്നെയും ദ്രോഹിക്കുന്ന നാട്ടില്‍നിന്നെത്തി, സ്വര്‍ഗീയശാന്തി വഴിയുന്ന ഒരിടത്തെത്തിയ നിര്‍വൃതിയാണ് സ്വപ്നം. ജിയുടെ പില്‍ക്കാലത്തെഴുതപ്പെട്ട 'എന്റെ വേളി'ക്ക് ഈ കവിതയുമായി നല്ല ചാര്‍ച്ചയുണ്ട്. സൂക്ഷ്മമായി നോക്കിയാല്‍ ബുദ്ധപാരമ്പര്യത്തിലെ മൈത്രീമണ്ഡലമാണ് ഈ സ്വപ്നത്തില്‍ തെളിയുന്നത്. കവിതയില്‍ നിര്‍വാണം, ശാന്തി, മൈത്രി, അഹിംസ എന്നീ പദാവലികള്‍ ആവര്‍ത്തിക്കുന്നുണ്ട്.
''സര്‍വചരാചരജാലവുമൊന്നുപോല്‍
നിര്‍വൈരരായ് മൈത്രിയാര്‍ന്നു
നിര്‍വൃതിയേലുമീലോകത്തിലേവരും
നിര്‍വാണസൗഖ്യം സ്വദിപ്പൂ''
ആത്മീയസ്വച്ഛമായ ഈ ബുദ്ധമണ്ഡലത്തെക്കുറിച്ചുള്ള ഭാവനയില്‍ പക്ഷേ മറ്റൊരു ബദല്‍ പൗരലോകത്തിന്റെ സാദ്ധ്യതകളെക്കുടിയാണ് കവി കാംക്ഷിക്കുന്നത്. സമ്പൂര്‍ണമായ നിഷ്‌ക്രിയ, നിശ്ചേതനത്വം കലര്‍ന്ന ധ്യാനാത്മകതയല്ല അതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. തത്വവും പ്രയോഗവും അഭിമുഖീകരിക്കുകയാണ് എന്നര്‍ത്ഥം. 'തത്വഗീത'ത്തില്‍ ശാസ്ത്രത്തിന്റെ നിസ്സാരതയെക്കുറിച്ചും ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും ആവര്‍ത്തിച്ചു പറയുന്നു. മരണശാസനയെ ഒരു നിമിഷത്തേക്കെങ്കിലും മാറ്റി വെയ്ക്കാന്‍ സയന്‍സിനും ശുപാര്‍ശയക്കും ഒന്നിനും കഴിയില്ലെന്നു കവി തിരിച്ചറിയുന്നു.
ഇതു കൂടാതെ ബൗദ്ധമായ പ്രമേയങ്ങളിലേക്കുള്ള അവരുടെ താല്പര്യം വളരെ പ്രകടമായിരുന്നുവെന്നു ധരിക്കുവാന്‍ വേറെയും ഒട്ടേറെ കാരണങ്ങളുണ്ട്. ആശാന്‍ കവിതകളിലൂടെ പുതിയൊരു സൗന്ദര്യചിന്തയും തത്വദര്‍ശനവുമായി അവ പ്രസരിച്ചതും നാമോര്‍ക്കേണ്ടതുണ്ട്. അതിലെല്ലാമുപരിയായി അക്കാലഘട്ടത്തിലെ സാമുദായികതയുടെ രാഷ്ട്രീയം ബൗദ്ധചിന്തയുമായി ബന്ധപ്പെട്ടു വികസിച്ചതിന്റെ ചരിത്രപരമായ അടിസ്ഥാനങ്ങള്‍ അവയിലേക്കു വെളിച്ചം വീശിയേക്കാം. ആശാനെ സംബന്ധിച്ചിടത്തോളം ബുദ്ധദര്‍ശനം പ്രധാനമായും ജാതിവിരുദ്ധതയുടെയും സമത്വചിന്തയുടെയും പ്രഭവമായിരുന്നു. സവിശേഷമായ ഈ ധാരയിലേക്ക് അന്വയിക്കപ്പെടുന്നതിന്റെ കൂടി ഭാഗമായാവണം ശ്രീബുദ്ധചരിതം പൂര്‍ത്തിയാക്കാനുള്ള പ്രേരണ അവര്‍ക്കുണ്ടായത്. മകന്‍ മരിച്ചു, അവനെ പുനര്ജ്ജനിപ്പിക്കാനാവശ്യപ്പെ ട്ടു കേഴുന്ന അമ്മയോട് ആരും മരിക്കാത്ത വീട്ടില്‍ നിന്നും കടുകു തേടിക്കൊണ്ടുവരാനുപദേശിച്ച ബുദ്ധകഥയെ ആഴത്തില്‍ അനുസ്മരിപ്പിക്കുന്ന പൂക്കാരിയെന്ന കവിത ഈ ചായ്വിനെ കൂടുതല്‍ ബലപ്പെടുത്തുന്നു.
''കൊഴിയാത്ത പൂവുണ്ടോ വാടിക്കൊഴിയാത്തോ
രഴിവറ്റ പൂവുണ്ടോ പൂവനത്തില്‍?
വഴിയേറെപ്പിന്നിട്ടു ചുറ്റിത്തിരിഞ്ഞു ഞാന്‍
കൊഴിയാത്ത പൂ തേടി വന്നിവിടെ.'' അനന്തമായ അന്വേഷണത്തിനൊടുവില്‍ കവി തിരിച്ചറിയുന്നു അങ്ങനെ നിത്യമായ കൊഴിയാത്ത പൂ ഈ ലോകത്തിലെവിടെയുമില്ല. സൂര്യചന്ദ്രന്മാര്‍ അസ്തമിക്കുന്നു, മനുഷ്യരും വീണുമരിക്കുന്നു. പക്ഷേ
''അവികലജ്യോതിസ്സിനുള്ളിലുയരെ യായ്
കവിയും സുഷമ വഴിഞ്ഞൊഴുകും
ഭുവനപ്രദീപമാം വാടാമലരൊന്നു
നവമായ്, മണം വീശി മിന്നുന്നെന്നും'' എന്നു മനസ്സിലാക്കുന്നു. അവരവരിലെ ആത്മത്തിനുള്ളിലെ പ്രകാശനാളം തന്നെ ആ കൊഴിയാത്ത പൂവ്.
ഒരു കരിഞ്ഞ മൊട്ട് എന്ന കവിത വീണപൂവിലെ അതേ ആന്തരികഭാവത്തെ, ക്ഷണികജീവിതത്തിന്റെ വ്യഥയെ ഉള്‍ക്കൊള്ളുന്നു.
''മാഴ്കിടുന്നു ഞാന്‍ കോരകമേ തവ
ഭീകരമാം ദുരന്തമോര്‍ത്തുമാര്‍ത്തിയാല്‍' ' എന്നും
''ഹന്ത കഷ്ടം പുലര്‍കാലവായുവില്‍
ബന്ധുരദ്യുതി തൂകി വിടര്‍ന്നിടാന്‍
നൊന്തുഴന്ന നവമലര്‍മൊട്ടേ! നിൃ
ന്നന്തമേവമെന്നാരറിഞ്ഞോമലേ!''
ക്ഷണികത, അനിത്യത ഇവയെ സൂചിപ്പിക്കാന്‍ തന്റെരചനാകാലത്തിന്റെ ആദ്യഘട്ടത്തില്‍ പൂക്കളെ രൂപകമാക്കിയപോലെ പിന്നീടൊരു ഘട്ടത്തില്‍ സിനിമയെ അവര്‍ ഉപയോഗിക്കുന്നുണ്ട്. 'തത്വഗീതം' എന്ന കവിത നോക്കൂ:
''ക്ഷണികജീവിതമൊരു ചലത് ചിത്രം
മനുജരോ വെറും നിഴലുകള്‍
ഘനമറപൊങ്ങി ഝടിതി വീഴുമ്പോള്‍
കനകദീപവും പൊലിയുമേ''
ആധുനിക ദൃശ്യകലാരൂപമെന്ന നിലയിലും ജനപ്രിയ പൊതുമണ്ഡലത്തിന്റെ ഭാവുകപരിസരമെന്ന നിലയിലും സിനിമ വളര്‍ന്നേറിയ 50കളില്‍ അതു സ്വാഭാവികമാണ്. സമാഹരിക്കാത്ത കവിതകളിലും സിനിമയെക്കുറിച്ചുള്ള ഒരു കവിതയുണ്ട്. 1946ല്‍ എഴുതിയ 'ചലനചിത്രത്തില്‍' എന്ന കവിതയില്‍ കാണികളുടെ ചോദനകളെയും കാമനകളെയും ഹരം പിടിപ്പിക്കുന്ന യുവസുന്ദരിയായ നായിക രംഗത്തു വരുന്നതും അന്ത്യരംഗത്തില്‍ അവള്‍ മാദകത്വം മുഴുവന്‍ ചോര്‍ന്നു രോഗബാധിതയായി, വിരൂപയും മരണാസന്നയുമായി കാണുമ്പോള്‍ നടുങ്ങിപ്പോകുന്നതുമായ ആഖ്യാനത്തിലൂടെയാണ് കവിത നീങ്ങുന്നത്.
''ആദിയിലിരുള്‍ പിന്നെ വെളിച്ചമന്ത്യത്തിലും
ഭീതി ചേര്‍ത്തിടുമന്ധകാരത്തിന്‍ യവനിക
ഖ്യാതമാം നരജന്മചലനചിത്രം പാര്‍ക്കില്‍
ഖേദത്തിനല്ലാതുണ്ടോ വകയീപ്രപഞ്ചത്തില്‍?'' മനുഷ്യജീവിതത്തിനും ചലച്ചിത്രത്തിനുമുള്ള ആദിമദ്ധ്യാന്തഘടനകളും ചഞ്ചലതയും ഒന്നിച്ചു വെയ്ക്കുന്നു കവി.
മുതുകുളത്തിന്റെ അപ്രശസ്തവും അസമാഹൃതവുമായ ആദ്യകാലകവിതകളിലൊന്നായ 'മനസ്സിനോട്' തുടങ്ങിയ കവിതകളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂത്താട്ടുകുളം മേരി ജോണിന്റെ 'ഞാന്‍' പോലെ വ്യത്യസ്തതയുള്ള ഒന്ന്. ആധുനികതാവാദപ്രവണതകള്‍ മലയാളത്തില്‍ പതുക്കെ തലനീട്ടിത്തുടങ്ങിയ 60 കളില്‍ അതിനുമുമ്പേ തന്നെ സ്വന്തം ആത്മത്തോടുള്ള സംവാദമെന്ന നിലയില്‍ ആണീ കവിതകള്‍ എഴുതപ്പെടുന്നത്. മുതുകുളത്തിന്റെ ഈ കവിതയില്‍ സ്വന്തം മനസ്സിനോടു നടത്തുന്ന സംഭാഷണത്തില്‍ തത്വചിന്തയും ജീവിതബോധവും സാന്ദ്രീഭവിച്ചു നില്‍ക്കുന്നു. 1928ല്‍ മഹിളാമന്ദിരത്തില്‍ എഴുതപ്പെട്ട ഈ കവിത എഴുതപ്പെടുമ്പോള്‍ കവിക്കു കേവലം 24 വയസ്സു മാത്രമാണ്!. സ്വന്തം ജീവിതത്തിന്റെ തീക്ഷ്ണമായ തീരുമാനങ്ങള്‍ എടുത്തു വേറിട്ടവഴിയെന്നുറച്ചു ആത്മീയതയുടെ സാധനകളിലേക്കു മനസ്സൂന്നിയതിന്റെ സൂചനകളിവിടെയുണ്ട്. ''സര്‍വദു:ഖസംകരമാകും പൊരുളാശ'' എന്നും ''സ്ഥിരമാം സ്നേഹമതീവദുര്‍ല്ലഭം അതിനാലകളങ്കമിത്രമായ് നിരുപിച്ചീടുക നിന്നെ നീ സ്വയം'' എന്നുമെല്ലാം കവി തിരിച്ചറിയുന്നു. അവനവനില്‍ തന്നെയുള്ള വെളിച്ചത്തെ തിരിച്ചറിഞ്ഞ് അതിലുറച്ചു ആത്മജ്ഞാനത്തിന്റെ വഴിയിലൂടെ നീങ്ങുന്ന സവിശേഷമായ വിഭാവനമാണ് അവരുടെ ആത്മീയതയായി പരിണമിച്ചത്. നേരെ മറിച്ചു കാല്പനിക അസ്തിത്വവാദത്തിലൂന്നിയ അഹംബോധത്തിന്റെ അപ്രതീക്ഷിതമായ സ്ഫുരണങ്ങളാണ് മേരി ജോണ്‍ എഴുതിയ കവിതയെ വ്യത്യസ്തമാക്കിയത്. ടി.ആര്‍ വിമലയാകട്ടെ ഉന്മാദംകലര്‍ന്ന ഉച്ഛ്ൃഖലമായ വൈകാരികതകളെത്തന്നെയാണ് അനര്‍ഗ്ഗളം പ്രവഹിപ്പിച്ചത്!
കര്‍മഫലം എന്ന ബുദ്ധചിന്തയുമായി ബന്ധപ്പെട്ട ഒരു സ്വതന്ത്രവിവര്‍ത്തനകൃതിയും ഇവരുടേതായിട്ടുണ്ട്. (പോള്‍ കാറസ് എഴുതിയ ഇംഗ്ലീഷ് കഥ കര്‍മയുടെ വിവര്‍ത്തനം) വളരെ ദൂരെ പ്രയാഗില്‍ നിന്നും അയച്ചു വരുത്തിയ ആ കൃതി അവരെ ഏറെ സ്വാധീനിച്ചിരുന്നതായും ജീവചരിത്രകാരനായ വി ദത്തന്‍ പറയുന്നുണ്ട്. വിവര്‍ത്തനം ചെയ്ത മറ്റു കൃതികള്‍ ഭഗവദ്ഗീത, ഭുവനദീപിക (ദ്വിജേന്ദ്രലാല്‍ റോയ് എഴുതിയ നാടകം.) എന്നിവയും ആത്മീയതാപ്രധാനമാണ്.
ആശാനെ സംബന്ധിച്ചിടത്തോളം ബംഗാളിലെയും ബര്‍മയിലെയും മറ്റും തന്റെ യാത്രകളും ജീവിതവും വഴി സ്വരൂപിച്ച പല സാംസ്‌കാരികാനുഭവങ്ങളിലൂടെ ബുദ്ധന്റെ വഴികളെ സ്വാഭാവികമായും തിരിച്ചറിയുകയായിരുന്നുവെന്നു സൂചിപ്പിച്ചല്ലോ. അക്കാലത്തെ ഈഴവ സാമുദായിക നേതാക്കളില്‍ ചിലര്‍ സിവി കുഞ്ഞുരാമനും മറ്റും ബുദ്ധമതത്തിലേക്കുള്ള ചായ്വു പ്രകടമാക്കിയതു നാം ഓര്‍ക്കേണ്ടതുമുണ്ട്. മതം മാറ്റത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ ഈഴവസമുദായ നവോത്ഥാനവുമായി ബന്ധപ്പെട്ടു ഏറെ മുഴങ്ങിയ കാലമായിരുന്നു അത്. ക്രിസ്തുമതത്തിലേക്കുള്ള മതംമാറ്റവും ഈ കാലയളവില്‍ സിവിയും മറ്റും മുന്നോട്ടുവെച്ചിരുന്നു. (ഇതു സംബന്ധിച്ച വിശദമായ വായനയ്ക്കു കാണുക: എബി തോമസ്, ബുദ്ധമതം ആധുനിക കേരളത്തിലേക്കു വന്ന വഴികള്‍: ഒരു ചരിത്രപഠനം താപസം vol: xix/Issuse: 1-2/2023)
ബി.സി ആറാം നൂറ്റാണ്ടിലെ ബുദ്ധഭിക്ഷുണികളുടെ 'ഥേരീ ഗാഥ'യുടെ പാരമ്പര്യത്തിലെ ആത്മീയതയുടെ സ്പര്‍ശങ്ങള്‍ നാം കേട്ടറിഞ്ഞിട്ടുണ്ട്. മഗധി ഭാഷയിലെ ആ കവിതകള്‍ വാമൊഴിയായി പടര്‍ന്നു, പിന്നീടു പാലി ഭാഷയില്‍ എഴുതിവെയ്ക്കപ്പെടുകയുമായിരുന്
അത്തരത്തില്‍ മറയ്ക്കപ്പെടുകയോ വേണ്ടത്ര പരിഗണിക്കപ്പെടാതിരിക്കുകയോ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയോ ചെയ്തിരുന്ന ഒരു ധാരയാണ് മലയാളത്തിലെ പല സ്ത്രീയെഴുത്തുകാരും. മനോരമത്തമ്പുരാട്ടിയെക്കുറിച്ചു
ടി.എം ചുമ്മാര്‍ എഴുതിയ പദ്യസാഹിത്യചരിത്രത്തിലാണ് മലയാളത്തിലെ സ്ത്രീകവികളെ ആ നിലയില്‍ ആദ്യമായി വര്‍ഗീകരിച്ചു കാണുന്നതു തന്നെ.
ഇവിടെ നാം ചര്‍ച്ച ചെയ്യുന്ന മുതുകുളം പാര്‍വതിയമ്മയെ പലനിലയില്‍ നോക്കിക്കാണാം. മേല്‍പ്പറഞ്ഞ ഈ പാരമ്പര്യങ്ങളോടു കണ്ണി ചേര്‍ക്കുമ്പോള്‍ അവരുടെ രചനകളിലെല്ലാം ഒരേ സമയം പാരമ്പര്യവും അതേ സമയം പൊതുപാരമ്പര്യവുമായുള്ള വിച്ഛേദമെന്ന നിലയിലുള്ള അപാരമ്പര്യവും എന്നിങ്ങനെ രണ്ടു ഘടകങ്ങളും ലയിച്ചു കിടക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ദേശീയതാവാദപദ്ധതികളോടും കേരളമെന്ന പ്രദേശത്തെ സംബന്ധിച്ച സാമൂഹികഭാവനകളോടും അന്നത്തെ സ്ത്രീയെഴുത്തുകാരികള്‍ ഇടപെട്ടതെങ്ങനെ എന്നതു വളരെയധികം തിരിച്ചറിയപ്പെടേണ്ടതുണ്ട്. എഴുത്തിന്റെ വിഷയമായവര്‍ എന്ന നിലവിട്ടു എഴുത്തുകാരികള്‍ എന്ന ഒരു വിഭാഗം തന്നെ രൂപപ്പെടുന്നതിന്റെ സംഘര്‍ഷങ്ങള്‍, കേരളീയനവോത്ഥാനവും അതിന്റെ വിവിധതരം സംഘര്‍ഷങ്ങളും, ജാതി, ലിംഗം തുടങ്ങിയ മണ്ഡലങ്ങളില്‍ രൂപപ്പെട്ട പല സ്വഭാവത്തിലുള്ള ചലനങ്ങള്‍, അതിലൂടെ സൃഷ്ടിക്കപ്പെട്ട ഉണര്‍വുകള്‍ എന്നിവയെല്ലാം ഈ ആലോചനയുടെ പശ്ചാത്തലമാണ്. എഴുത്തിലേക്കു കടന്നു വരുന്ന പുതിയ സ്ത്രീകള്‍ തങ്ങളുടേതായ പാരമ്പര്യത്തെ എപ്രകാരം സ്വരൂപിക്കുന്നു എന്നത് കൗതുകകരമാണ്. പ്രത്യേകിച്ചും എഴുത്തുകാരികള്‍ എന്ന സവിശേഷമായ ലിംഗപരമായ കൂട്ടായ്മ അന്നത്ര സാധാരണമല്ലാത്തതിനാല്‍ അതിന്റെ ലിംഗതാല്പര്യങ്ങള്‍ ഫെമിനിസ്റ്റ് നോട്ടങ്ങള്‍ക്കു വിധേയമാണ്. പുതിയ സാമൂഹികചലനങ്ങള്‍ അതിനെ നവോത്ഥാനമെന്നു വിളിച്ചാലും ദേവികയുംമറ്റും വിളിക്കുന്നതു പോലെ മഹാതുറവി എന്നു വിളിച്ചാലും ശരി, അതിന്റെ നന്മതിന്മകളെല്ലാം അവരവരുടെ ജീവിതത്തിലൂടെ, ശരീരത്തിലൂടെ തന്നെ അനുഭവിച്ചവരായിരുന്നു ഇവരില്‍ പലരും.
കവിതകളിലൂടെയും എഴുത്തുജീവിതത്തിലൂടെയും
തോട്ടയക്കാട്ട് ഇക്കാവമ്മയ്ക്കും കുട്ടിക്കുഞ്ഞു തങ്കച്ചിക്കും തരവത്ത് അമ്മാളുവമ്മയ്ക്കും ശേഷം കടത്തനാട്ടു മാധവിയമ്മ, ലളിതാംബിക, തെക്കേക്കുന്നത്ത് കല്യാണിക്കുട്ടിയമ്മ, ടി.ആര്‍.വിമല, സിസ്റ്റര്‍ മേരീ ബനീഞ്ഞ ഇങ്ങനെയുള്ള രണ്ടാംനിര സ്ത്രീകവികള്‍ പലരും ഉള്‍പ്പെട്ട കാലത്താണ് മുതുകുളവും എഴുതുന്നത്. മുതുകുളം പാര്വതിയമ്മയെക്കുറിച്ചോര്ക്
1904 ല്‍ ആലപ്പുഴജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലുള്ള മുതുകുളത്താണ് പാര്‍വതിയമ്മ ജനിച്ചത്. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും വിദ്വാന്‍ പരീക്ഷ ജയിച്ച ശേഷം അധ്യാപികയായി ജീവിച്ച മുതുകുളം തന്റെ സാഹിത്യപരിശ്രമങ്ങളുടെ ആദ്യവേദിയായി മലയാളത്തിലെ ആദ്യകാല സ്ത്രീമാസികകളെ കണ്ടു എന്നത് സ്വാഭാവികമാണ്. യഥാര്‍ത്ഥജീവിതം എന്ന രചന ടി.സി. കല്യാണിയമ്മയുടെ ശാരദയിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ശാരദ, മഹിള, ലക്ഷ്മീഭായി തുടങ്ങിയ സ്ത്രീമാസികകളിലൂടെ നമുക്കു നോക്കിക്കാണാവുന്ന, ആദ്യകാലസ്ത്രീകളുടെ ബുദ്ധിജീവിതവും സാംസ്‌കാരികവീക്ഷണങ്ങളും മലയാളി ആധുനികതയില്‍ വലിയ രീതിയിലുള്ള സ്വാധീനമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവയുടെ തിരുത്തല്‍ശേഷി സാഹിത്യത്തില്‍ ചെറുതല്ലാത്ത ചലനവും ഉണ്ടാക്കിയിട്ടുണ്ട്. അക്കാലത്തെ സ്ത്രീമാസികകളില്‍ തന്നെ പ്രത്യക്ഷപ്പെട്ടിരുന്ന സ്ത്രീരചനകളും അവയുടെ മറുപടിലേഖനങ്ങളും ഈ സംവാദാത്മകതയെ വെളിച്ചത്തു കൊണ്ടുവരുന്നവയാണ്. കൗമാരകാലം മുതല്‍ക്കാരംഭിച്ച കാവ്യരചനാകൗതുകങ്ങള്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ നിരന്തരഅഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ പാര്‍വതിയമ്മയ്ക്കു കഴിഞ്ഞു. മികച്ച പ്രാസംഗിക കൂടിയായിരുന്നു മുതുകുളം പാര്‍വതിയമ്മ എന്ന് അവരുടെ ജീവചരിത്രവും അവരെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളും പറയുന്നുണ്ട്. മൂര്‍ക്കോത്തു കുമാരന്‍ അവര്‍ക്കു സമര്‍പ്പിച്ച മംഗളപത്രത്തില്‍ എഴുതുന്നതിങ്ങനെ:
''പാര്‍വതിയ്ക്കെവിടുന്നു ഗംഗതന്‍ പ്രവാഹം പോല്‍
വാഗ്ധാടി ലഭിച്ചതു ശിവസാന്നിദ്ധ്യത്താലോ?''
സാക്ഷാല്‍ ശ്രീനാരായണഗുരുതന്നെ അവരെഴുതിയ മംഗളപത്രം വായിച്ച്, ''എഴുത്തച്ഛനു ശേഷം ഇത്ര അനര്‍ഗ്ഗളമായി പ്രവഹിക്കുന്ന കിളിപ്പാട്ട് നാം അപൂര്‍വമായേ കേട്ടിട്ടുള്ളൂ'' എന്നാണ്രേത പറഞ്ഞത്! അന്ന് ഗുരു വിലയേറിയ ഒരു പട്ട് പാര്‍വതിയമ്മയ്ക്കു നില്‍കിയതായും കഥയുണ്ട്.
വൃത്തം, അലങ്കാരം, ഭാഷാപരമായ നവീനത, പരീക്ഷണങ്ങള്‍ എന്നിങ്ങനെ സാങ്കേതികവും ഭാവനാത്മകവുമായ ശേഷി തികച്ചും വശത്താക്കിയ അഭ്യസ്തവിദ്യരായ പുതിയ സ്ത്രീയുടെ സര്‍ഗാത്മകതയുടെ ദാഹങ്ങള്‍ ഇവിടെ വായിച്ചെടുക്കാം. ചലനാത്മകമായ ഒരു കാലഘട്ടത്തിന്റെ പ്രചോദനത്തെ ഉള്‍ക്കൊള്ളുവാനുള്ള പ്രേരണ എണ്ണത്തില്‍ കുറവെങ്കിലും ഒരുനിര സ്ത്രീകളെത്തന്നെ കവികളാക്കിയിരുന്നു എന്ന് തിരിഞ്ഞു നോക്കുമ്പോള്‍ പറയാന്‍ കഴിയും. എഴുത്തുകാരികള്‍ എന്ന ഒരു വിഭാഗത്തെ വിഭാവനം ചെയ്യാന്‍ നിര്‍ബ്ബന്ധിതമായ സാഹചര്യം അതുണ്ടാക്കി. എഴുത്തിലെ വിഷയമായും വിഭവമായും നിലനിര്‍ത്തപ്പെട്ട ഇടത്തുനിന്നും എഴുത്തുകാരികളാകുന്ന സക്രിയമായ, കര്‍തൃസ്ഥാനത്തേക്കു കടന്നിരിക്കുന്ന ഈ പ്രക്രിയ ചരിത്രപരമായി പ്രധാനമാണ്. മനോരമത്തമ്പുരാട്ടിയും കുട്ടിക്കുഞ്ഞു തങ്കച്ചിയും തോട്ടയ്ക്കാട്ട് ഇക്കാവമ്മയുമടങ്ങുന്ന ആദ്യനിരയ്ക്കു ശേഷം സാഹിത്യമണ്ഡലത്തില്‍ ഉയര്‍ന്നു വന്ന സ്ത്രീസ്വരങ്ങള്‍ ബാലാമണിയമ്മയും കടത്തനാട്ട് മാധവിയമ്മയും തരവത്ത് അമ്മാളുവമ്മയും സി.കെ.രേവമ്മയും മേരി ബനീഞ്ഞയും മേരി ജോണ്‍ തോട്ടവും ബി. കല്യണിയമ്മയും കൊച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മയും മറ്റുമായിരുന്നു. ഉന്നതകുലജാതരായ തമ്പുരാട്ടിമാരോ സാഹിത്യമണ്ഡലത്തിലെ നായകന്മാരായ പുരുഷകേസരിമാരുടെ ശിഷ്യകളോ കുടുംബബന്ധുക്കളോ അല്ലാതെ സ്വതന്ത്രരായി വാസനാബലംകൊണ്ടും സര്‍ഗാത്മകശേഷികൊണ്ടും എഴുത്തുരംഗത്തു ഉറച്ചവരായിരുന്നു ഈ രണ്ടാം നിരയിലെ കവികള്‍. അതില്‍ തന്നെ സ്വാതന്ത്ര്യാനന്തരമുണ്ടായ പുതിയ രാഷ്ട്രീയ സാമൂഹികചലനങ്ങളെ സ്വന്തം വ്യക്തിജീവിതത്തിന്റെ പരിവര്‍ത്തനങ്ങളിലേക്കും സര്‍ഗാത്മകതയിലേക്കുമുള്ള ചാലകബലമായി ഉപയോഗിച്ചവരാണ് ഇവരൊക്കെയും.
മുതുകുളത്തിന്റെ മറ്റൊരു കര്‍മമണ്ഡലം വിവര്‍ത്തനമായിരുന്നു. പോള്‍ കാറസ് എഴുതിയ വിഖ്യാതമായ ഇംഗ്ലീഷ് കഥ കര്‍മ, നടരാജഗുരുവിന്റെ ' വേ ഓഫ് ദ ഗുരു ' ഇതൊക്കെ അവര്‍ വിവര്‍ത്തനം ചെയ്തു. ശ്രീനാരായണധര്‍മം എന്ന ആചാരശാസ്ത്രഗ്രന്ഥം വിവര്‍ത്തനം ചെയ്തതും പാര്‍വതിയമ്മയാണ്. ദ്വിജേന്ദ്രലാല്‍ റായ് രചിച്ച ബംഗാളി നാടകത്തിന്റെ സ്വതന്ത്രവിവര്‍ത്തനം ഭുവനദീപിക, കൂടാതെ ഭഗവദ്ഗീതയുടെ വിവര്‍ത്തനവും എടുത്തു പറയേണ്ടതാണ്. കവിതകളിലെന്ന പോലെ ലാളിത്യവും അക്ലിഷ്ടതയുമാണ് വിവര്‍ത്തനങ്ങളുടെ ഗുണം.
'വാസാംസി ജീര്‍ണാനി യഥാ വിഹായ
നവാനി ഗൃഹ്ണോതി നരോപരാണി
യഥാ ശരീരാണി വിഹായ ജീര്‍ണാ
നന്യാനി സംയാതി നവാനി ദേഹി' എന്ന ഭഗവത്ഗീതയിലെ പ്രശസ്തമായ ശ്ലോകം മുതുകുളം വിവര്‍ത്തനം ചെയ്തത് എത്രയോ അയത്ന ലളിതമായാണ് എന്നത് നമ്മെ അത്ഭുതപ്പെടുത്തും
'പഴകും വസ്ത്രങ്ങളെ കൈവിട്ടു മര്‍ത്ത്യന്‍ സ്വയ
മഴകില്‍ പുതുവസ്ത്രമണിയും പ്രകാരത്തില്‍
അഴിയും ദേഹങ്ങളെയകലെത്തള്ളി ദേഹി
വഴിയാം വണ്ണം നവദേഹങ്ങള്‍ വരിക്കുന്നു ' എന്ന വരികളുടെ മലയാളത്തനിമ ശ്രദ്ധേയമാണ്!
മൂര്‍ക്കോത്തു കുമാരന്‍ പാര്‍വതിയമ്മയുടെ പ്രഭാഷണ സാമര്‍ത്ഥ്യത്തെ പ്രശംസിക്കുന്ന വരികളിലും ഈ ഭാഷാപരമായ അക്ലിഷ്ടതയെ
ക്കുറിച്ചു സൂചന ഉണ്ടല്ലോ.
:'പാര്‍വതിക്കെവിടുന്നു
ഗംഗതന്‍ പ്രവാഹം പോല്‍
വാഗ്ദ്ധാടി ലഭിച്ചതു
ശിവസാന്നിദ്ധ്യത്താലോ ?
അര്‍ദ്ധനാരീശ്വരന്റെ
കാരുണ്യമില്ലാതുണ്ടോ
വിദ്വാനും വിദുഷിയും
ഏകയില്‍ ലയിക്കുന്നു?'
എഴുത്തിന്റെ പൊതുരീതിയ്ക്കപ്പുറം ഈ കവിതകളില്‍ പ്രവര്‍ത്തിച്ചിരുന്ന സാമൂഹികതയുടെ ഉള്ളടക്കമെന്ത് എന്നിനി ചിന്തിക്കാം.
കവിതയിലെ ജനാധിപത്യം
സാഹിത്യം എന്ന സ്ഥാപനത്തെക്കുറിച്ചുള്ള പാര്‍വതിയമ്മയുടെ നിലപാടു ധാരണകള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. എഴുത്തുകാരിയെന്ന നിലയ്ക്ക് അതിന്റെ സാമൂഹികധര്‍മത്തെ അവര്‍ നിര്‍വചിച്ച വിധം കൂടി ചേര്‍ത്തു കൊണ്ടേ അതു കഴിയൂ. 1904ല്‍ ജനിച്ചു 1920കളില്‍ കാവ്യലോകത്തു തെളിഞ്ഞുനിന്ന ഒരാള്‍ക്കു ആ കാലഘട്ടത്തിന്റെ പ്രധാനപ്രേരണയായ നവോത്ഥാനത്തിന്റെ ആശയമണ്ഡലങ്ങള്‍, അതിന്റെ പ്രധാന ആവിഷ്‌കാരസങ്കേതമായ റിയലിസം, എന്നിവയിലൂടെ കടന്നു പോകാതിരിക്കാനാകുമായിരുന്നില്ല. ദരിദ്രരോടുള്ള അനുതാപം വ്യാപ്തിയോടെ പ്രസരിപ്പിച്ചിരുന്ന ആ കാലത്തിന്റെ സ്പന്ദനങ്ങള്‍ കൂടിയാണ് മുതുകുളം പാര്‍വതിയമ്മയുടെ കവിതകളെ സവിശേഷമാക്കുന്നത്. സോഷ്യലിസ്റ്റു റിയലിസത്തിന്റെ ഭാവുകത്വവുമായി ചേര്‍ന്നു നില്‍ക്കുന്ന ഒട്ടേറെ കവിതകള്‍ അവര്‍ എഴുതുന്നുണ്ട്. കടത്തനാട്ടു മാധവിയമ്മയുടെ ഗ്രാമശ്രീകളുടെ അന്തരീക്ഷവുമായി സമാനത പുലര്‍ത്തുന്ന, കീഴാളസ്ത്രീയുടെ അനുഭവചിത്രണം എന്ന നിലയില്‍ ശ്രദ്ധേയമായ 'മധുരഗീതം' എന്ന കവിത എടുത്തു പറയേണ്ടതാണ്. സമകാലികകവിയായ ബാലാമണിയമ്മയുടെ 'ഒരു പഴത്തിന്റെ കഥ', 'വേലക്കാരി', 'കുളക്കടവില്‍', തുടങ്ങി അനേകം കവിതകളിലെ ആഖ്യാനകര്‍തൃത്വങ്ങളുടെ സാദ്ധ്യതയുമായും ഇതിനെ ചേര്‍ത്തു പരിശോധിക്കാം.
കടത്തനാട്ടിന്റെ കവിതയില്‍ കവിയാണു സംസാരിക്കുന്നതെങ്കില്‍ മുതുകുളത്തിന്റെ കവിതയില്‍ ചെറുമക്കിടാത്തിയാണ് സംസാരിക്കുന്നത് എന്ന മൗലികമായ വ്യത്യാസവും പ്രധാനമാണ്. അതിലേറെ ഈ കവിതയില്‍ ശക്തമായി നില്‍ക്കുന്നത് ജാതിയില്‍ താഴ്ന്ന, പണിയാളരായ നിസ്വവര്‍ഗത്തോടു മേലാളര്‍ കാട്ടുന്ന നന്ദിയില്ലായ്മയും വിവേചനവും എടുത്തു കാട്ടുന്നതാണ്.
''ഉണ്ണുന്ന ചോറ്റിന്നുചിതം നിനയ്ക്കാ
തെണ്ണാവതല്ലാത്ത കൃതഘ്നഭാവം
വര്‍ണ്ണപ്പകിട്ടറ്റ നിജാന്വയത്തോ
ടെന്നും സവര്‍ണാഢ്യര്‍ നടിച്ചു കഷ്ടം!
ശ്വാക്കള്‍ക്കു പാത്രത്തില്‍ മുറിക്കകത്തു
സല്ക്കാരമുള്പ്രീതിയോടാചരിക്
വായ്ക്കുന്നഴുക്കാര്‍ന്ന പറമ്പില്‍ വെയ്ലി
ലക്കാടി പാളച്ചെറുകീറ്റിലയ്യോ!'' (മധുരഗീതം)
തൊഴിലാളികളുടെ അടിമത്തത്തിലും ദാരിദ്ര്യത്തിലും അനുഭാവം പ്രകടിപ്പിക്കുന്ന 'ഒരു ദരിദ്രത്തൊഴിലാളിയുടെ കുടുംബജീവിതം' എന്ന കവിത അതിനുദാഹരണമാണ്. തൊഴിലാളി മുതലാളി സംഘര്‍ഷങ്ങള്‍ കവിതകളിലേക്കു വന്നു തുടങ്ങുന്ന കാലത്താണ് അയത്നലളിതവും വികാരോജ്ജ്വലവുമായി അവരിതെഴുതുന്നത്.
''ഉടഞ്ഞമണ്‍ചട്ടിയി
ലൊന്നില്‍ വച്ചതാ കഞ്ഞി
കുടിപ്പൂ മൂന്നു വെറുമസ്ഥിമാത്രരാം ബാലര്‍
കടുത്ത വിശപ്പുണ്ടെ
ന്നാകിലും പാത്രം കിട്ടാന്‍
അടുത്തു നോക്കി നോക്കി
യിരിപ്പൂ ഗൃഹനാഥന്‍
വിളക്കില്ലാഞ്ഞിട്ടഗ്നി
യടുപ്പില്‍ തെളിയിച്ചും
തിളയ്ക്കും കഞ്ഞി മെല്ലേ
യിളക്കി ചൂടാറ്റിയും
മരുവും കൃശശുഷ്‌ക
ഗാത്രിയഗ്ഗൃഹേശ്വരി
ചോരിയും ബാഷ്പമാണ
ന്നുപ്പിനു പകരമായ്
പരന്നു രുചി കഞ്ഞി
ക്കേകിയതെന്ന തത്വം
പെരുകുമത്യാര്‍ത്തിയാല്‍
അറിഞ്ഞീലാരുമപ്പോള്‍'' എന്നാണ് കവിത അവസാനിക്കുന്നത്.
'ആ സുവര്‍ണസുപ്രഭാതം' എന്ന കവിതയിലും സമാനമായ രീതിയില്‍ ഏഴകളുടെ ജീവിതത്തോടു അനുകമ്പ കൂറുന്ന കവിയെ കാണാം.
''താഴെയഴുക്കിലിരുളിലത്യാര്ത്
കേഴും സഹജാതരെത്രയോ ലക്ഷങ്ങള്‍
ഏഴകളുണ്ണാനുടുക്കാന്‍ കിടക്കുവാ
നൂഴിയിലെങ്ങും വക ലഭിക്കാത്തവര്‍''
ഈ അസമത്വങ്ങളെ മാറ്റുവാന്‍ ചട്ടങ്ങള്‍ മാറ്റണമെന്നു കൂടി കവി പയുന്നുണ്ട് .
''ചട്ടങ്ങളാകയാല്‍ പെട്ടന്നു മാറ്റുവിന്‍
നിഷ്ഠുരനീതികള്‍ തട്ടിത്തകര്‍ക്കുവിന്‍
കെട്ടിപ്പടുത്തുള്ളൊരുച്ചനീചത്
തിട്ടമിടിച്ചു നിരത്തുവാനോര്‍ക്കുവിന്‍''
സ്ത്രീപുരുഷബന്ധങ്ങളെ കുറിച്ചും ഈ കവിതകളില്‍ പുരോഗമനസ്വഭാവമുള്ള വിധത്തിലുള്ള ആലോചനകള്‍ കാണാം.
സ്ത്രീപുരുഷബന്ധത്തെ സംബന്ധിച്ച സദാചാരവീക്ഷണങ്ങള്‍ മീരയെക്കുറിച്ചുള്ള കവിത 'അശ്രുകുടീര'ത്തിലും 'ആ രാത്രിയില്‍' എന്ന 1930 കളിലെ ആദ്യകാലത്തെ അപ്രകാശിത കവിതയിലും കാണാം.
''ചെറിയ ദുശ്ശങ്കമൂലം നരരെത്ര
വരസതികളെ നിര്‍ദ്ദയം കഷ്ടമേ
കുരുതി ചെയ്യുന്നു, തോരാത്ത കണ്ണുനീര്‍
ത്തിരയില്‍ മുക്കുന്നു നീറ്റുന്നു വഹ്നിയില്‍''
എന്നും
''പെരിയ ലോകാപവാദത്തേക്കാളുമീ
ധരയില്‍ മാനിനിക്കുത്തമം മൃത്യുതാന്‍
അരുതു ചാരിത്ര്യനിര്‍മലഭിത്തിയില്‍
കരിയടിപ്പതു കണ്ടു പൊറുക്കുവാന്‍''
എന്നും അവരെഴുതുന്നു.
ഗോപികാപ്രേമം എന്ന കവിതയില്‍ ഇന്ത്യന്‍ മിത്തുകളിലെ പ്രസിദ്ധമായ കൃഷ്ണഗോപികാസംഗമം ആത്മീയപ്രേമത്തിലേക്കു അലിഞ്ഞുനില്‍ക്കുന്നതു കാണാം. അനുരാഗം ആത്മരാഗത്തിന്റെ പരിധികള്‍ വിട്ടു ലോകാനുരാഗമാകുന്നതിന്റെ ധ്വനികള്‍ ഈ കവിതയിലുണ്ട്. മുരളീനാദത്തിനൊപ്പം നൃത്തമാടുന്നവര്‍ക്കുള്ളിലെ ചിത്പ്രഭയുടെ സൂചന അതാണ്. ഭഗവത്പ്രേമത്തിലേക്കുള്ള വിലയം സിദ്ധിച്ച ലലനമാര്‍ ആ നാദത്തില്‍ അലിഞ്ഞുവത്രേ. ഈശ്വരസാക്ഷാല്‍ക്കാരത്തിലൂടെ സ്ത്രീപുരുഷവ്യത്യാസങ്ങളെ മറികടക്കുന്ന, മറികടക്കാനുള്ള താല്പര്യങ്ങളുടെ സൂചനയായും ഇതിനെ നീട്ടി വായിക്കാം.
പ്രകൃതി: വൈവിധ്യവും ബഹുലതയും
ആദ്യകാലകവിതകളിലെ റിയലിസ്റ്റു ശൈലിയിലുള്ള ആഖ്യാനപ്രവണതകള്‍ ആ കാലഘട്ടത്തിന്റെ ജനാധിപത്യാകാംക്ഷകളുമായി ചേര്‍ന്നു പോകുന്നതായി കരുതാം. റിയലിസ്റ്റു ശൈലിയോടൊപ്പം തന്നെ പിന്നീടു കാല്പനികതയുടെ ചാരുതകള്‍ കവിതയിലേക്കു നിറഞ്ഞൊഴുകുന്ന കവിതകള്‍ 40കളോടെ വീണ്ടും കാണാം. പ്രകൃതിയുടെ ബഹുലതകളും വൈവിദ്ധ്യങ്ങളും എത്രയും ചലനാത്മകമായി എഴുതിയ കവി കൂടിയാണ് മുതുകുളം. കേരളീയപ്രകൃതിയുടെ സൗകുമാര്യങ്ങളെല്ലാം വാരിയണിഞ്ഞ ആഖ്യാനങ്ങള്‍ നിറഞ്ഞതാണ് ഈ കവിത. മലര്‍വാടി എന്ന കവിത നോക്കാം. പനിനീര്‍പ്പൂവും മുല്ലയും പാരിജാതവും ജമന്തിയും പിച്ചിയും ലില്ലിയും ആമോദത്തോടെ ഒന്നിച്ചു നില്‍ക്കുന്ന ഈ പുഷ്പവാടി കേരളീയസമൂഹത്തിന്റെ തന്നെ വൈവിദ്ധ്യത്തിന്റെയും ബഹുലതയുടെയും പ്രതിരൂപമാണ്. ലാവണ്യം തിരതല്ലുന്ന ഈ സുമവനം പാലിക്കുന്ന ഉദ്യാനപാലകനായി ഈശ്വരനെ സങ്കല്‍പ്പിക്കുന്നു, കവി. 'വര്‍ണവിഭേദചിന്ത'യേശാതെ എല്ലാറ്റിനെയും സമഭാവനയില്‍ സംരക്ഷിക്കുന്ന പാലകനെ കവി കൂപ്പുന്നു.
തനി നാടന്‍ പൂക്കളും മരങ്ങളും ചെടികളും മണങ്ങളും നിറങ്ങളും നിറഞ്ഞു നില്‍ക്കുന്ന പ്രകൃതിബോധം നിറഞ്ഞ കവിത തന്നെയാണിത്. അതേ സമയം തന്നെ എപ്പോഴും അതിനെ വലയം ചെയ്തു നില്‍ക്കുന്ന സവിശേഷമായ ഒരു പ്രപഞ്ചമണ്ഡലം ഉണ്ട്. ശാസ്ത്രീയമായ പുതിയ പ്രപഞ്ചധാരണകളും ജ്യോതിശാസ്ത്രതത്വങ്ങളും അപൂര്‍വമായി സമ്മേളിക്കുന്നതിന്റെ മുമ്പെങ്ങും കാണാന്‍ കളിയാത്ത സന്ദിഗ്ധമായ പ്രകൃതിലയം ആണിത്. പില്‍ക്കാലത്തു ജി.ശങ്കരക്കുറുപ്പിലും മറ്റും നാം കാണുന്ന തദ്ദേശീയമായ ജൈവപ്രകൃതിയും പ്രപഞ്ചഗോളങ്ങളും നിറഞ്ഞ, അവ പരസ്പരം സംവദിക്കുന്ന, മിസ്റ്റിക്, കോസ്മിക് മിശ്രിതമായ ഒരു ധാരയാണിത്. നിര്‍മിതിയും പ്രകൃതിയും ചേര്‍ന്ന ഒന്ന്. ''അണ്ഡഗോളങ്ങളാം വൈദ്യുതദീപങ്ങ-
ളെണ്ണമില്ലാതെ നിരന്നു
സ്വര്‍ണപ്രഭാപൂരമെങ്ങും പൊഴിക്കുമ-
ക്കണ്ണഞ്ചുമുദ്യാന മദ്ധ്യേ'' തുടങ്ങിയ വരികളിലൊക്കെ ഈ നിര്‍മിതപ്രകൃതിയും ജൈവപ്രകൃതിയും കാണാം. ആ മധുരസ്വപ്നമെന്ന കവിതയിലെമ്പാടും ഈ മിശ്രധാരയുണ്ട്.
''കേരങ്ങള്‍ തിങ്ങുന്ന തീരപ്രദേശങ്ങള്‍
ചാരുസമതലജാലം
ചീറിയലറിപ്പരന്നു നീളും ഘോര
വാരിധി, കാനല്‍ സ്ഥലങ്ങള്‍
പച്ചപ്പുതപ്പു പുതച്ച നെല്‍പ്പാടങ്ങള്‍
പച്ചിലക്കാടുകള്‍, നീളേ
ഉച്ചിയില്‍ മഞ്ഞണിഞ്ഞീടുന്ന മാമല
കൊച്ചു കാട്ടാറിന്‍ നിരകള്‍
എന്നിവ പിന്നിട്ടു പിന്നിട്ടു മുന്നോക്ക
മൊന്നുലഞ്ഞാടിപ്പറന്നു
ഉന്നതമജ്ഞാതമേകലക്ഷ്യത്തിലാ
യെന്നുടെ വാഹനം ചെന്നു.
ജീവകാരുണ്യവും ശാന്തിയും സ്നേഹവും കാവ്യസൗന്ദര്യവുമൊന്നായ് മേവി മേളിക്കുന്ന അതുല്യമായ ഒരിടത്തേക്കാണ് കവി ചെന്നു പറ്റുന്നത്.
'കവിയുടെ ലോകം' എന്ന കവിതയില്‍ സുന്ദരമായ ഈ പ്രകൃതിയില്‍ കവി അനുഭവിക്കുന്ന ഭാവഭംഗികളും ആനന്ദാവേശങ്ങളും കവി വിവരിക്കുന്നു. എന്നാല്‍ സൗന്ദര്യത്മകതയെ ധാര്‍മികതയക്കു അഭിമുഖം നിര്‍ത്തി കവിയുടെ നൈതികമായ ഇടത്തെ കൂടുതല്‍ കൃത്യതയോടെ നിര്‍വചിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. 'മനം തകര്‍ന്നെന്നും കരയും ദീനര്‍തന്‍
മിനുത്ത ബാഷ്പത്തിന്‍ ചാലില്‍' കവിക്കു മറ്റു വഴികളില്ലതന്നെ! 'കാട്ടുമങ്ക'യില്‍ വന്യവും ജൈവവുമായ പ്രകൃതിയുടെ മേളനത്തെ വാഴ്ത്തിപ്പാടുന്നുണ്ട്.
സ്ത്രീ-പുരുഷ സാഹിത്യസൗഹൃദങ്ങള്‍
പുരുഷന്മാര്‍ക്കിടയില്‍ സാഹിത്യസൗഹൃദങ്ങള്‍ സുലഭമായിരുന്നെങ്കിലും സ്ത്രീകള്‍ക്കിടയില്‍ അക്കാലത്ത് അത് അധികം കണ്ടിരുന്നില്ല. സാമൂഹികമായ ഇടപഴകലിനു തന്നെ പൊതുവേ അലിഖിതമായ വിലക്കുകളും നിയന്ത്രണങ്ങളും നിലനിന്ന കാലത്ത് അതില്‍ അത്ഭുതമില്ല. എന്നാല്‍ മുതുകുളം പാര്‍വതിയമ്മ ചെറുപ്പം മുതലേ എഴുത്തുകാരികളായ ചിലരുമായി താന്‍ പങ്കിട്ട സൗഹൃദം മുറിയാതെ സൂക്ഷിച്ചിരുന്നു. സിസ്റ്റര്‍ മേരി ബനീഞ്ജയുമായുള്ള സൗഹൃദം മരിക്കും വരെയും തുടര്‍ന്നിരുന്നു. ഇരുവരുടെയും കവിതയെഴുത്തിനെ അതു വളരാനുമിടയാക്കി. മുണ്ടയ്ക്കല്‍ ലക്ഷ്മി, മയ്യനാട് ലക്ഷ്മി എന്നീ സതീര്‍ത്ഥ്യകളും ഇവരോടൊപ്പം ചേര്‍ന്നു കവിതകള്‍ എഴുതാന്‍ ഉണ്ടായിരുന്നു. അവരുമൊന്നിച്ചുള്ള കവിതക്കത്തു അവരുടെ ബന്ധത്തെ കൂടുതല്‍ ഉറപ്പിച്ചു. സുകുമാര്‍ അഴീക്കോടിന് അവരെഴുതിയ കവിതക്കത്തിലെ വരികള്‍ പലയിടത്തും ഉദ്ധരിച്ചു കാണുന്നുണ്ട്. കവിതക്കത്തും കൂട്ടുകവിതാരചനയും പോലെ തന്നെ അക്കാലത്തെ രചനാസങ്കേതങ്ങളില്‍ പ്രധാനം നിമിഷകവിതയായിരുന്നു. ദ്രുതകവനമായും പാര്‍വതിയമ്മ ഏറെ എഴുതിയിട്ടുണ്ട്. കാവ്യരചന ആധുനികതയിലേക്കുള്ള പാതയില്‍ ഒട്ടൊക്കെ മുന്നേറിയെങ്കിലെങ്കിലും രൂപപരമായി തികച്ചും സങ്കേതബദ്ധമായിത്തന്നെ തുടര്‍ന്ന ആ കാലത്തെ ഇന്നു ചരിത്രപരമായി നോക്കികാണുമ്പോള്‍ ഏതാണ്ടെല്ലാ രൂപങ്ങളിലും പയറ്റിനോക്കാന്‍ പാര്‍വതിയമ്മയ്ക്കു കഴിഞ്ഞിട്ടുണ്ട്. മഹാകാവ്യം, ഖണ്ഡകാവ്യം, വിലാപകാവ്യം, ഭാവകാവ്യം, ദ്രുതകവനം, കവിതക്കത്ത്, കൂട്ടുകവിത, ബാലകവിത ഒക്കെയും അവര്‍ക്കു സ്വായത്തമായ രൂപങ്ങളായിരുന്നു. ഛന്ദോബദ്ധമായിത്തന്നെ കാവ്യഭാഷയെകണ്ട കവിയായിരുന്നു അവര്‍. നാടകം, വിവര്‍ത്തനം, ജീവചരിത്രം, കഥ എന്നിങ്ങനെ ഒട്ടേറെ രചനാരൂപങ്ങളില്‍ അവര്‍ കൈവെച്ചിട്ടുണ്ട്.
കവിത കൂടാതെ നാടകം, ഖണ്ഡകാവ്യം, വിവര്‍ത്തനം മുതലായ രൂപങ്ങളിലും അവര്‍ പണിയെടുത്തിട്ടുണ്ട്. കുമാരനാശാന്റെ ബുദ്ധചരിതം എഴുതിപ്പൂര്ത്തിയാക്കിയിട്ടുണ്
സ്ത്രീകളുമായുള്ള സൗഹൃദം കവിതയെഴുത്തിന്റെ ആദ്യകാലങ്ങളില്‍ വളര്‍ച്ചയ്ക്കു കാരണമായതുപോലെ തന്നെ ആശാന്‍ തുടങ്ങിയ പ്രമുഖകവികളും മറ്റു പുരുഷഎഴുത്തുകാരും സാമൂഹികനേതാക്കന്മാരുമായുള്ള പരിചയവും അടുപ്പവും പാര്‍വതിയമ്മയ്ക്കു തന്റെ രചനാജീവിതത്തില്‍ ഗുണം ചെയ്തിരുന്നു. ചങ്ങമ്പുഴയുമായി ആത്മബന്ധം പുലര്‍ത്തിയ ടി.ആര്‍ വിമലയുടെയും മറ്റും കഥ നേര്‍വിപരീതമായിരുന്നല്ലോ.
ഇതരകവികളില്‍ നിന്നു വ്യത്യസ്തരായി തന്റെ പൂര്‍വസൂരികളുമായ സമുദായനേതാക്കളുമായുള്ള വ്യക്തിബന്ധം ഏറെയുണ്ടായിരുന്ന പാര്‍വതിയമ്മ അവരില്‍ ചിലരെക്കുറിച്ചു ജീവചരിത്രപരമായ സൂചനകളോടെ കവിത എഴുതിയിട്ടുണ്ട്. നാരായണഗുരു, സി.കേശവന്‍(സിംഹളനാദം) മിതവാദി സി.കൃഷ്ണന്‍(ആരാണമ്മഹാശയന്‍), മൂലൂര്‍ എസ് പത്മനാഭപ്പണിക്കര്‍(ഒരു അനുസ്മരണം), കുമാരനാശാന്‍(പുഷ്പാഞ്ജലി), പനമ്പിള്ളി ഗോവിന്ദമേനോന്‍(സിംഹനാദം), ആ യുവയോഗി(വിവേകാനന്ദന്‍) തുടങ്ങി പലരും അക്കൂട്ടത്തിലുണ്ട്. ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട ഒന്നിലേറെ കവിതകളുമുണ്ട്. 'എന്റെ ഗുരുദേവന്‍', 'അരുവിപ്പുറത്തെ ആകാശവാണി', 'നമോവാകം' എന്നിങ്ങനെ. ഇതിനെ രണ്ടു തരത്തില്‍ നോക്കിക്കാണാം. കോളനിയനന്തരസമൂഹത്തിലെ അഭ്യസ്തവിദ്യരുടെ ആത്മത്തെയും വ്യക്തിത്വത്തെയും രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കകത്തു ഈ പ്രവണതയക്കു സവിശേഷമായ ഒരു അര്‍ത്ഥം സാദ്ധ്യമാണ്. ആധുനികവ്യക്തിയെന്ന നിലയില്‍ സ്വയം രൂപീകരിക്കാനാഗ്രഹിക്കുന്ന പാര്‍വതിയമ്മ എന്ന സ്ത്രീകവിയുടെ ആത്മപ്രതിഷ്ഠയക്കുള്ള മാതൃക ആയി ഈ ചായ്വിനെ കാണാം. ക്രൂശില്‍ എന്ന യേശുവിനെക്കുറിച്ചുള്ള കവിതയില്‍ സത്യധര്‍മങ്ങളോടു ചിരപുരാതനകാലം മുതല്‍ക്കുള്ള അധികാരിസമീപനങ്ങളെ നോക്കിക്കാണുന്നു. യുവയോഗിയില്‍ ലോകത്തിനു മാതൃകയാവുന്ന ആദ്ധ്യാത്മികസാരം പ്രസരിപ്പിച്ച വിവേകാനന്ദനെ ഉയര്‍ത്തിപ്പിടിക്കുന്നു. ഇവിടെയെല്ലാം തന്റെ ആത്മപ്രതിഷ്ഠാപനത്തിനു യോജിച്ച നൈതികസ്ഥാനം പ്രകാശിപ്പിക്കുകയാണ് കവി ചെയ്യുന്നത്!
പൗരമണ്ഡലവും ദേശഭാവനയും
മുതുകുളം പാര്‍വതിയമ്മ കാല്‍പനികവും ആത്മീയവുമായ സ്വന്തം ആന്തരികതയെ വ്യക്തിയെന്ന നിലയില്‍ ഉറപ്പിച്ചതിനെക്കുറിച്ചാണ് പറഞ്ഞത്. ദേശീയതയോടു ബന്ധപ്പെട്ടുള്ള താല്പര്യങ്ങളിലൂടെ കവി, സ്വയം തന്നിലെ പ്രജയെ സ്ഥാനപ്പെടുത്തുന്നതിന്റെ അടയാളങ്ങള്‍ കൂടി മനസ്സിലാക്കുന്നതു നന്നായിരിക്കും. സ്ത്രീയുടെ ദേശീയതാബോധത്തിന്റെ ആധികാരികത പലപ്പോഴും ഉദാസീനമാണ് എന്ന കാഴ്ച്ചപ്പാട് പല സാംസ്‌കാരികനിരൂപകരും നിരീക്ഷിച്ചിട്ടുണ്ട്. അധികാരത്തിന്റെ രണ്ടോ മുന്നോ നിര താഴെ നില്‍ക്കുന്ന ഒരു ശ്രേണീക്രമത്തില്‍ സ്ത്രീകളെയും കീഴാളരെയും സംബന്ധിച്ചിടത്തോളം ദേശീയതാവ്യവഹാരം 'മുകളിലുള്ളവരുടെ കാര്യമാണ്'! സ്വതന്ത്രഭാരതത്തിന്റെ സങ്കല്പങ്ങളെ അവരുടെ കവിതകള്‍ സാമാന്യമായി ഏറ്റെടുക്കുന്നില്ല എന്നല്ല ഇതിനര്‍ത്ഥം. ഇടപെടല്‍ ശേഷിയുള്ള ആധികാരികകര്തൃത്വമെന്നതിനേക്കാ
'സ്വാതന്ത്ര്യദിനത്തിലും' എന്ന കവിത പ്രകടമായ ഗാന്ധിഭക്തിയാണ്. 'ഭാരതാംബയും ഭാരതിയും' എന്ന കവിത ദേശത്തെ തന്നെ ഒരു സ്‌ത്രൈണമണ്ഡലമായി സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നതിനാല്‍ ശ്രദ്ധേയമാണ്. സാഹിത്യമാകുന്ന വാണിയും ദേശമാകുന്ന ഭാരതാംബയും സ്ത്രീകള്‍ തന്നെ. ഇരുവരും സഖിമാരായി 'മന്ദാരപ്പൂമെത്ത'യിലിരുന്നു വേദനകള്‍ പങ്കുവെയ്ക്കുന്നു. വാണീശ്വരിയോടു ഭാരതാംബയക്കു പറയാനുള്ളതു ഇത്രമാത്രം
''ഭവതി നിനയ്ക്കുകില്‍ സാഹിത്യസേവകര്‍
ഭുവനസമാധാനഗാനലോലര്‍
തവപുത്രര്‍ മൂലമീ ദുര്‍ഗ്ഗതി പോക്കാനും
നവശാന്തി ചേര്‍ക്കാനും സാദ്ധ്യമല്ലേ?''
കലാകാരരൊത്തു ചേര്‍ന്നാല്‍ അണുബോബും യുദ്ധവും മറ്റും ഇല്ലായ്മ ചെയ്യാനാവുകയില്ലേ എന്നാണ് ആരായുന്നത്. രാഷ്ട്രത്തെ ഗാര്‍ഹികവും അതോടൊപ്പം സ്ത്രൈണവുമായ മണ്ഡലമായി സങ്കല്പിക്കുന്ന വേറിട്ട ഈ ദേശഭാവന കൗതുകകരമാണ്. ഗാന്ധിജിയും കസ്തൂര്‍ബയും തമ്മിലുള്ള സംവാദമായി എഴുതപ്പെട്ട 'സ്വര്‍ഗത്തില്‍' എന്ന കവിതയിലും ഗാര്‍ഹികതയുടെ അകംലോകമാണ് ദൃശ്യമാകുന്നത്. ഗാന്ധിജിയുടെ ജന്മദിനം കൊണ്ടാടാന്‍ എല്ലാവരും ഉല്‍സാഹിക്കുമ്പോള്‍ കൂടെ നില്ക്കാനാവശ്യപ്പെടുന്ന കസ്തൂര്‍ബയോടു രാജ്യത്തിന്റെ അഖണ്ഡതയെ തകരാതെ നോക്കലാണ് തന്റെ കര്‍ത്തവ്യമെന്നു ഗാന്ധിജി മറുപടി പറയുന്നു. സ്ത്രീയും പുരുഷനും കയ്യാളുന്ന അകം/ പുറം ലോകങ്ങളുടെ ധാര്‍മികതയെ ചെറിയ മിന്നല്‍ വെളിച്ചത്തില്‍ കാട്ടിത്തരുവാനാണ് ഈ കവിത ശ്രമിക്കുന്നത്. (ഇവിടെ സ്ത്രീയായി രാജ്യത്തെ, ദേശത്തെ സങ്കല്പിക്കുന്നത് പുരുഷകല്പനകളിലെ ഭാരതമാതാവ്, രാജ്യമാതാവ് തുടങ്ങിയതില്‍ നിന്നുള്ള വ്യത്യാസത്തോടെ കാണേണ്ടതുണ്ട്. കൂടുതല്‍ ഉറ്റതും അടുപ്പമേറിയതും കണ്ണാടിയിലെന്ന പോലെ തിരിച്ചറിയാവുന്നതും തുല്യദു:ഖം അനുഭവിക്കുന്നവര്ക്കിടയിലുള്
(ഹിംസയക്കെതിരെ, പ്രത്യേകിച്ചും നവീനമായ അണുവായുധ ഹിംസയക്കെതിരെ അവര്‍ 'ഹിരോഷിമയുടെ രോദനം' പോലെയുള്ള ഏറെ കവിതകളെഴുതി. ശാസ്ത്രത്തിന്റെ വികാസം നശീകരണത്തിനുപയോഗിക്കുന്നതിലെ അപമാനവീകരണം നിരന്തരം പറയുകയും ചെയ്തു. )
വാസ്തവത്തില്‍ ദേശീയപ്രസ്ഥാനത്തോട് അനുഭാവത്തോടെ ചലിക്കുമ്പോഴും ഔപചാരികമായ ദേശരാഷ്ട്രത്തെ അക്കാലത്തെ പല സ്ത്രീകവികളും, പ്രത്യേകിച്ചു ബാലാമണിയമ്മയെപ്പോലുള്ളവര്‍ സംശയത്തോടെയാണ് സമീപിച്ചത്. അവരുടെ 'പാടാത്ത പാട്ടുകള്‍' അതിനു തെളിവാണ്. യുദ്ധഭൂമിയില്‍ ശത്രുവുമായി ഏറ്റുമുട്ടി വീണ പടയാളിയുടെ സ്വരത്തിലാണ് കവിത. മഞ്ഞു മൂടിയ മലനിരകള്‍ ചുറ്റിലും. നീലാകാശം മുകളില്‍. വീണുകിടന്ന സ്ഥലത്തുനിന്നുകൊണ്ട് യുവാവായ എതിരാളിയുടെ മുഖത്തേക്കുറ്റുനോക്കുന്നു, പടയാളി. താന്‍ നശിപ്പിച്ച ശരീരം കണ്ടു കണ്‍നിറയുന്നു. ചുറ്റിനും പടക്കോപ്പു വണ്ടിയിരമ്പുന്ന ശബ്ദത്തിലും 'അന്യോന്യഹിംസയാല്‍ നോവുന്ന കൈകള്‍ കോര്‍ത്തങ്ങോട്ടവശരായുണ്ണി നീങ്ങീടവേ, ''പ്രാണനെ ഭേദിച്ചുയരുന്ന പാട്ട് അതുവരെ പാടാത്ത പാട്ടുകള്‍, എത്രയോ നൂറ്റാണ്ടുകളായി പാടിയിട്ടും നരന്‍ കേള്‍ക്കാത്ത പാട്ടുകള്‍ അയാള്‍ കേള്‍ക്കുന്നു.
'നന്നെന്നു കേള്‍ക്കുകിലുമോരോതലമുറയ
ന്നന്നു തന്നെ മറക്കുന്ന പാട്ടുകള്‍'.
അഹിംസയിലും അപരസ്നേഹത്തിലും ഊന്നിയ കാവ്യചേതന ഔപചാരികമായ രാഷ്ട്രപൗരത്വത്തിന്റെ അളവുകളെ മറികടന്നുള്ള കാരുണ്യമേറിയ മാനവലോകത്തില്‍ സ്വയം തേടുന്നു. കാശ്മീരിനെക്കുറിച്ചുള്ള ബാലാമണിയമ്മയുടെ അപ്രകാശിതമായ ഒരു രചനയെക്കുറിച്ചു കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതോര്‍ക്കുന്നു. കാശ്മീരിനെ വിട്ടുകൊടുക്കാം, വലിയൊരു തറവാട്ടിലെ ഒരു മുതിര്‍ന്ന കുടുംബാംഗം തന്റെ ഭാഗം ചോദിക്കുമ്പോള്‍ അതു വിട്ടുകൊടുക്കുന്നതില്‍ എന്താണ് തെറ്റ്! എന്നായിരുന്നു കവിതയുടെ ഉന്നം. കവിത കയ്യെഴുത്തായി വായിച്ച വി. എം. നായര്‍ അതു രാജ്യദ്രോഹമാകുമെന്നു പറഞ്ഞ്, പ്രസിദ്ധീകരിക്കാന്‍ അയക്കാന്‍ അനുവദിക്കാതെ ചുരുട്ടിക്കൂട്ടി കളഞ്ഞതായാണ് ബാലാമണിയമ്മ ചുള്ളിക്കാടിനോടു പറഞ്ഞതത്രേ. 'ക്ഷേമരാഷ്ട്രം' എന്ന കവിത ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാനായി അക്ഷീണം പ്രയത്നിക്കുന്നവരോടാണ് സംസാരിക്കുന്നത്. നിറഞ്ഞു കവിയുന്ന നെല്ലറകളും ആരും വാങ്ങാന്‍ കൊതിക്കുന്ന കൈവേലത്തരങ്ങളും അഴുക്കില്ലാത്ത പുരനഗരങ്ങളും സമൃദ്ധമായ ഗ്രാമങ്ങളും, ബുദ്ധിശക്തിയും ഒന്നും തന്നെ ക്ഷേമരാഷ്ട്രത്തെ നിര്‍മിച്ചെടുക്കില്ല.
''നാണയങ്ങള്‍ തന്‍ കഴിവത്രയും തുച്ഛം; മര്‍ത്യ
മാനസമഹത്വമേ ക്ഷേമരാഷ്ട്രത്തെത്തീര്‍ക്കൂ''
('നവകേരളം' എന്ന കവിതയില്‍ സമത്വവും സമൃദ്ധിയും പുലരുന്ന നിസ്തുലമായ ഈ ഭാവനാദേശത്തെ സ്വരൂപിച്ചെടുക്കാന്‍ കവി ശ്രമിക്കുന്നുണ്ട്. ഇവിടെയും ദേശാഭിമാനത്തിന്റെ ഊറ്റത്തിനല്ല, തുല്യമാനവികതയക്കും ജനതകളുടെ പാരസ്പര്യത്തിനുമാണ് ഊന്നല്‍. 'പിറന്ന നാട്ടില്‍' എന്ന കവിതയില്‍ നാടിനോടുള്ള ഗൃഹാതുരതയെ സ്പര്‍ശിച്ചുകൊണ്ടുള്ള ദേശഭാവനയാണ് കാണുന്നത്.
'പൗരഗീതം' ധാര്‍മികതയിലും സ്വാശ്രയത്വത്തിലുമൂന്നിയ ആദര്‍ശാത്മകമായ ഒന്നായി ദേശത്തെ ആഖ്യാനം ചെയ്യുകയാണ്. അധിനിവേശിതജനത സ്വയം രൂപകല്പന ചെയ്തെടുക്കുന്ന സ്വയംഭരണാധിഷ്ഠിതമായ പൗരരാഷ്ട്രത്തെയാണ് കവി ഇവിടെ വിഭാവനം ചെയ്യുന്നത്.
''മാനിയ്ക്കുമേതിനെ, പ്പൂജിക്കുമേതിനെ
ജ്ഞാനപ്രകൃഷ്ടമാം ഭാവിലോകം.
നമ്മള്‍ പഠിപ്പിച്ച, നമ്മള്‍ വളര്‍ത്തിയ,
സാമ്രാജ്യപ്പൂണ്‍പാമിതിനെയെന്യേ
'ഐക്യകേരളം' എന്ന കവിതയില്‍ എല്ലാ ദുര്‍ഗുണങ്ങളോടും പോരാടുന്ന നെഞ്ഞൂക്കിന്റെ കേന്ദ്രമാണ് കേരളമെന്നും കവി ഉപദര്‍ശിക്കുന്നു.
''കേവലം സമത്വസ്വാതന്ത്ര്യസൂനൃതമൂര്ത്
ഭാവമായ് ഞങ്ങള്‍ക്കിന്നു കാണാകുമദ്ദര്‍ശനം.
ആ വിശിഷ്ടമാമദ്വൈതാലയം ജയിക്കുന്നു
ദേവലാളിതമൈക്യകേരളം ജയിക്കുന്നു''
ഭാരതമെന്നതിനേക്കാള്‍ കേരളമെന്ന ദേശഭാവനയിലേക്കുള്ള ആനുപാതികമായ കൂടുതല്‍ ഊന്നല്‍ ഈ കവിയിലുണ്ട്. നാടുവിട്ടു ജീവിക്കേണ്ടിവന്നതിന്റെ അനുഭവപരമായ പശ്ചാത്തലവും 40 കളിലെ തദ്ദേശീയതയുടെ രാഷ്ട്രീയഭാവനയും അതില്‍ പ്രവര്‍ത്തിച്ചിരിക്കാം.)
മേരി ജോണ്‍ കൂത്താട്ടുകുളത്തിന്റെ 'ഉണരുക' എന്ന കവിത ദേശാഭിമാനത്തിലും ദേശസ്വാതന്ത്ര്യത്തിലും പ്രതീക്ഷയര്‍പ്പിക്കുന്ന കവിതയാണ.് ഭാരതം എന്ന ദേശത്തെ മുതുകുളത്തിന്റെ കവിതയിലെന്ന പോലെ അമ്മയും സ്ത്രീയുമായിക്കാണുകയും ഹിന്ദു, മുസ്ലിം, പാഴ്സി, ക്രിസ്ത്യാനി വിഭാഗങ്ങളിലെ ആള്‍ക്കാരൊത്തു ചേര്‍ന്ന് സ്തുതികള്‍ പാടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതുമാണ്. 'യുദ്ധരംഗത്തില്‍' എന്ന കവിത യുദ്ധവൈദഗ്ദ്ധ്യം ആതുരശുശ്രൂഷയേക്കാള്‍ എത്രയോ ചെറുതാണെന്ന പാഠത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ഏതു യുദ്ധവും ആത്യന്തികമായി പരാജയം തന്നെ എന്നും ഈ കവിത പറയുന്നു. 'ഗാന്ധിജയന്തി', 'കേഴുക മമ നാടേ', 'ആര്‍ഷഭാരതത്തിന്റെ ആത്മാവ്' തുടങ്ങിയ കവിതകളില്‍ അക്കാലത്തെ കവികളുടെ പൊതുബോധത്തിലുള്ള കേവലവും സാമാന്യവുമായ രാജ്യഭക്തിയും ഗാന്ധിപൂജയുമാണ് കാണാനാവുന്നത്. മുമ്പു സൂചിപ്പിച്ച പൊതുബോധ, പുരോഗമനപുരുഷഘടനയിലുള്ള ദേശീയതയുടെയും കൂടി ഭാഗമായിരുന്നു അവരുടെ ചില കവിതകള്‍ എന്നേ ഇതിനര്‍ത്ഥമുള്ളു. കേരളീയതയുടെ കവി എന്നു വിശേഷിപ്പിക്കാവുന്ന മട്ടില്‍ കേരളീയസംസ്‌കാരത്തിന്റെയും പ്രകൃതിയുടെയും ലാളിത്യമാര്‍ന്ന ശൈലിയാണ് കവിതയിലവര്‍ ദീക്ഷിച്ചത്. സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ കവിതകള്‍ കാലഘട്ടത്തിന്റെ ദേശീയതാഭിരുചികളെ കൃത്യമായും സാമാന്യമായും പ്രതിഫലിപ്പിച്ചു. വഞ്ചിനാട്, ഭാരതലക്ഷ്മി, ഗാന്ധിജയന്തി, കണ്ണാടിക്കൂട്ടില്‍ മുതലായ രചനകള്‍ അതാണ്. ദേശീയതാപ്രചോദിതമായ സാംസ്‌കാരികാഭിരുചിയില്‍ ഗാന്ധി പിതൃബിംബം തന്നെയായിരുന്ന പൊതുബോധമാണ് 'ഗാന്ധിജയന്തി'യുടെ വായനയില്‍ തെളിയുന്നത്. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കവിതകളില്‍ ദേശീയതയും സ്വാതന്ത്ര്യവും കൈകോര്‍ത്തു വരുന്ന ഒട്ടേറെ രചനകളുണ്ട്. 'കൂട്ടിലെ പൈങ്കിളിയോട്' എന്ന കവിത ബാലാമണിയമ്മയുടെ 'വിട്ടയക്കുക'യക്കു സമാനമായി പക്ഷിയുടെ പഞ്ജരാവസ്ഥയും സ്വാതന്ത്ര്യവാഞ്ഛയും ധ്വന്യാത്മകമായി ദേശീയസ്വാതന്ത്ര്യവും സ്ത്രീസ്വാതന്ത്ര്യവുമായി ചേര്‍ത്തുവെയ്ക്കുന്നു. സ്വാതന്ത്ര്യക്കൊടി, തടവുകാരന്‍, പടയാളി, ഒരു പടയാളിയുടെ പ്രാര്‍ത്ഥന, മാമൂല്‍ഭയം, സ്വാതന്ത്ര്യകാഹളം, എന്നിങ്ങനെ ദേശീയതാപ്രധാനമായ ഒട്ടേറെ കവിതകള്‍ അവരുടേതായുണ്ട്.
ദേശീയതാവാദത്തിന്റെ മൂര്‍ത്തമായ ചരിത്രസാഹചര്യങ്ങളെ മുന്‍നിര്‍ത്തിയുളള കവിതകളാണ് കടത്തനാട്ടും ലളിതാംബികയും ബനീഞ്ഞയും എഴുതിയത്. നെഹ്രുവിന്റെ മരണം, ഇന്ദിരയുടെ സന്ദര്‍ശനം, ഗാന്ധിജിയുടെ ജന്മദിനവും ജീവിതവും, സ്വാതന്ത്ര്യപ്പോരളികളായ തടവുകാര്‍ ഇവരെല്ലാംകവിതകളിലേക്കു കടന്നു വരുന്നു. മുതുകുളത്തിന്റെ ദേശീയതാബോധത്തിലുള്ള ധാര്‍മികതയുടെ വലിയ വിതാനങ്ങളെക്കാള്‍ സാമൂഹികചലനങ്ങളുടെ സമകാലികചരിത്രമെന്ന നിലയിലാണ് ഈ കവിതകളിലെ പൗരത്വബോധം പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗതമായ ദേശീയതാസങ്കല്പങ്ങളിലെ രാഷ്ട്രഭക്തി മുതുകുളത്തിന്റെ കൃതികളില്‍ ഇല്ലെന്നല്ല. ഗാന്ധിയെ പിതൃസ്വരൂപമായി കണ്ടെടുക്കുന്ന കവിതകളിലെ പൊതുരീതിയോടൊത്തു നില്‍ക്കുന്ന ചില രചനകള്‍ ഉണ്ട്. 'സ്വാതന്ത്ര്യദിനത്തിലും' എന്ന കവിതയില്‍ ഗാന്ധിസ്തുതി ആണ്. സ്വാതന്ത്ര്യം കിട്ടുന്ന ആ ദിനത്തിലും ഗാന്ധി ബംഗാളില്‍ വര്‍ഗീയതക്കെതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു എന്നതില്‍ കവി ആദരവോടെ അത്ഭുതം കൂറുന്നു.
ധാര്‍മികമൂല്യങ്ങളെപ്പറ്റിയുള്ള വിചാരസന്ദര്‍ഭങ്ങളില്‍ ഏറെയും ഭാരതം എന്ന ദേശഭാവനയുമായി ചേര്‍ന്നു നിന്നുകൊണ്ടും അതിന്റെ ഭൂതപാരമ്പര്യമായി പുരാണങ്ങളെയും മഹത്തുക്കളായവരുടെ ചിന്തയെയും ജീവിതത്തെയും ആദരവോടെ ആഖ്യാനം ചെയ്തുമാണ് പാര്‍വതിയമ്മ എഴുതുന്നത്. എന്നാല്‍ പ്രകൃതിസൗന്ദര്യം, സമൂഹത്തിന്റെ ചലനാത്മകത, ഉച്ചനീചത്വങ്ങള്‍, ആത്മീയത, സംസ്‌കാരത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും പുതിയ ഇടങ്ങള്‍ ഇവയുടെ വേദി പലപ്പോഴും പ്രാദേശികതയുമായി, കേരളവുമായി ഇണങ്ങി നില്‍ക്കുന്നു. 50കളുടെ അവസാനത്തോടെ പൊതുവില്‍ സംഭവിക്കുന്ന ദേശീയതാവാദകാഴ്ച്ചപ്പാടുകളിലെ മങ്ങല്‍ സ്വാധീനിച്ചിട്ടുമുണ്ടായിരിക്
തന്റേതായ കര്‍തൃനിലകളുടെ സംഘര്‍ഷഭൂമികയായി കേരളത്തെ തിരിച്ചറിയുന്നതിന്റെ സാദ്ധ്യതയായും ഇതിനെ കാണാം. ഈ കാലഘട്ടത്തിലെ മാറിത്തീര്‍ന്ന കേരളത്തില്‍ താന്‍ ചേര്‍ന്നു നിന്ന കീഴാളസാമുദായികതയുടെ സ്പന്ദനങ്ങള്‍ക്കുള്ള പ്രാധാന്യവും അവര്‍ തിരിച്ചറിഞ്ഞിരിക്കാം. എന്തായിരുന്നു മുതുകുളത്തിനു തന്റെ സമുദായവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന വ്യവഹാരം എന്നു ആലോചിക്കേണ്ടതുണ്ട്.
മുതുകുളവും ഈഴവസാമൂഹികതയും
മുമ്പു സൂചിപ്പിച്ച ജീവചരിത്രകവിതകളിലെ മറ്റൊരു ദിശ കുറച്ചുകൂടി സമൂര്‍ത്തമാണ്. ശ്രീനാരായണഗുരു, ആശാന്‍, സി.വി കുഞ്ഞുരാമന്‍, മിതവാദി തുടങ്ങി ഈഴവപ്രമുഖരായ പലരെയും കുറിച്ചവര്‍ എഴുതുന്നുണ്ട്. ദേശീയതയുടെ പലതരം വ്യവഹാരങ്ങള്‍ കലങ്ങിമറിഞ്ഞ കാലത്തു ഈഴവസമുദായത്തില്‍ പിറന്ന കവിയെഴുതുന്നു എന്ന നിലയ്ക്കാണതിനെ കാണേണ്ടത്. ഈഴവസാമുദായികതയും അതിന്റെ നവോത്ഥാനപരമായ ഉണര്‍വും നിറഞ്ഞുനിന്ന കാലത്തു ഇവരുമായുള്ള സമ്പര്‍ക്കത്തിലൂടെ ദേശീയതയും പൗരത്വവും സാമൂഹികബോധവും സംബന്ധിച്ച പൊതുധാരയില്‍ നിന്നെല്ലാം വേറിട്ട ചിന്താഗതി പാര്‍വതിയമ്മയിലേക്കും പകര്‍ന്നിരുന്നോ എന്നു ചിന്തിക്കാവുന്നതാണ്. ബൗദ്ധമായ പ്രമേയങ്ങള്‍ ആവര്‍ത്തിക്കുന്ന അവരുടെ രചനാലോകവും ഈഴവസാമുദായികപ്രവര്‍ത്തകരില്‍ ചിലരുടെ ബൗദ്ധചിന്താഗതികളും തമ്മിലും ചാര്‍ച്ച കാണുന്നുണ്ട്. മലബാര്‍ കേന്ദ്രീകരിച്ചുനിലനിന്ന ദേശീയപ്രസ്ഥാനസംരഭങ്ങളോടു മിതവാദിയെപ്പോലുള്ളവരെടുത്ത വ്യത്യസ്ത സമീപനങ്ങള്‍ നിലനില്‍ക്കേ, അദ്ദേഹത്തെ മഹാശയനായി കാണുന്ന 'ആരാണമ്മഹാശയന്‍' എന്ന കവിത എടുത്തു പറയേണ്ടതുണ്ട്. സാമുദായികതയുടെയും ദേശീയതയുടെയും വ്യത്യസ്തധാരകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ അടുത്തു നോക്കി മനസ്സിലാക്കുമ്പോഴേ അവരിലെ ദേശരാഷ്ട്രപരമായ പൗരബോധത്തിന്റെ അടരുകളെ നമുക്കു വേര്‍തിരിച്ചെടുക്കാനാവൂ. തിരുവിതാംകൂറിലെ ഒരു പൗരയായി വളര്‍ന്ന പാര്‍വതിയമ്മയുടെ ഈഴവസാമുദായികതയുമായുള്ള ബന്ധത്തെ ദേശീയതയുടെ സംഘര്‍ഷങ്ങളുമായി ചേര്‍ത്തു വെച്ചേ കാണാനാവൂ.
അപ്രകാശിതമായ ഒരു പഠനത്തില്‍ ബാബുരാജ് ഭഗവതി നിരീക്ഷിക്കുന്നതു പോലെ, തിരുവിതാംകൂറിലെ ഈഴവപ്രബുദ്ധതയുടെ മണ്ഡലത്തില്‍ മൂന്നോ നാലോ ധാരകളെ വായിച്ചെടുക്കാം. നാലു സാമുദായപ്രമുഖര്‍ തന്നെയാണവയുടെ നേതൃനിരയിലുള്ളതും. ഔപചാരികവും മതേതരവുമായ ദേശരാഷ്ട്രസങ്കല്പത്തില്‍ നിലകൊണ്ട ടി.കെ.മാധവന്‍ അതിലൊരാളാണ്. ജാതിക്കെതിരെയുള്ള വിലപേശലുകളും ഗാന്ധിജിയുടെ സമരമുറകളുമായുള്ള അടുപ്പവുമെല്ലാം അദ്ദേഹത്തെ 'ലക്ഷണമൊത്ത ചരിത്രനായക'നാക്കി മാറ്റുന്നുണ്ട്. ഹിന്ദു മഹാസഭയുമായി, ഹിന്ദു മിഷനുമായി സഹകരിച്ചുകൊണ്ടുള്ള ദേശീയതാബോധമാണ് അദ്ദേഹത്തിനുള്ളതെന്നും ചരിത്രം പറയുന്നു. മറ്റൊരു പ്രബലധാരയുടെ നായകനായ നാരായണഗുരുവാകട്ടെ സവര്‍ണ ആത്മീയതാപാരമ്പര്യങ്ങളെ മുഴുവനായും തള്ളിക്കളഞ്ഞു. ഔപചാരികമായ ദേശരാഷ്ട്രസങ്കല്പത്തെയും അധിനിവേശവിരുദ്ധതയെയും മറ്റൊരു രീതിയില്‍ നോക്കിക്കാണാനാണ് കേരളത്തിലെ ജാതിയനുഭവങ്ങള്‍ അദ്ദേഹത്തെ പഠിപ്പിച്ചത്. 'നമുക്കു സന്യാസം തന്നത് ബ്രിട്ടീഷുകാരാണെ''ന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ വാചകം ഓര്‍ക്കാം. അദ്ദേഹത്തിന്റെ അനുയായിയും ശിഷ്യനുമായിരുന്ന കുമാരനാശാനും ദേശീയതയോടുള്ള പ്രതിബദ്ധതയെ ഉദാസീനമായാണ് കണ്ടത്. കേരളത്തിലെ ജാതിഘടനയ്ക്കെതിരായ ചിന്തകള്‍ക്കാണദ്ദേഹം മുന്‍തൂക്കം കൊടുത്തത്. കേരളത്തിലെ ഈഴവരുടെ ബുദ്ധമതത്തിലേക്കുള്ള മതം മാറ്റത്തെക്കുറിച്ചു പറയുമ്പോള്‍ മതം മാറുന്നതില്‍ അര്‍ത്ഥമില്ല എന്നു തന്നെയാണദ്ദേഹം കരുതിയത്. ഈഴവരുടെ ശക്തി കുറയരുതെന്ന കാരണവും ചൂണ്ടിക്കാട്ടി. താന്‍ ബംഗാളിലും മറ്റും ജീവിച്ചതിന്റെ ഭാഗമായി കിട്ടിയ വിവേകാനന്ദന്റെ ചിന്തകളുള്‍പ്പടെയുള്ള ഹിന്ദു പാരമ്പര്യങ്ങളെയും അദ്ദേഹം പ്രധാനമായി കണ്ടു. സഹോദരന്‍ അയ്യപ്പന്‍ ഈഴവസാമുദായികതയുടെ വേറൊരു ദിശയെ ഉയര്‍ത്തിക്കാട്ടുന്നുവെന്നു പറയാം. അടിമുടി ഹൈന്ദവമൂല്യങ്ങളെ ചെറുത്തു നിന്ന അയ്യപ്പന്‍, ഈഴവരെ ഒരു ആധുനികസമൂഹമായി വിഭാവനം ചെയ്തു. ശാസ്ത്രത്തെയും അതിലൂന്നിയ യുക്തിചിന്തയെയും സദാ ഉയര്‍ത്തിപ്പിടിച്ചു. 'പട്ടേരിമാരുടെയും ഗോസായിമാരുടെയും ഇടയിലേക്കു നമ്മളെന്തിനാണ് നമ്മെ വിട്ടുകൊടുക്കുന്നതെ'ന്നായിരുന്
'സ്വാതന്ത്ര്യസപ്തകം' എന്ന കവിതയില്‍ സാമുദായികതയും ജാതിയും സാമ്രാജ്യത്വവും തമ്മിലുള്ള സംഘര്‍ഷങ്ങളെ കവി എഴുതുന്നുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള ആഹ്വാനത്തെ മുന്‍നിര്‍ത്തി സാമ്രാജ്യത്താധികാരമോ ജാതിചിന്തയോ മതവ്യത്യാസങ്ങളോ ഏതാണ് സ്വാതന്ത്ര്യത്തിനു തടസ്സം സൃഷ്ടിക്കുന്നത് എന്നു ചോദിക്കുന്നുണ്ട് പാര്‍വതിയമ്മ. അവയെ ഇണക്കി പ്രകാശം പരത്തുന്ന ആദ്ധ്യാത്മികമായ ഊര്‍ജ്ജത്തിനായാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും അവര്‍ പറയുന്നുണ്ട്.
'എന്റെ ഗുരുദേവനി'ല്‍ ശ്രീനാരായണഗുരുവിനെക്കുറിച്ചുള്
'ഒരന്വേഷണം' എന്ന കവിത ആത്മീയാന്വേഷണത്തിന്റെ തീവ്രമായ അക്ഷമ കലര്‍ന്ന സ്വരം നിറഞ്ഞതാണ്.
''താരങ്ങള്‍ ചന്ദ്രനഖിലേശ്വരനെന്നു ചൊല്ലും
സൂര്യന്‍ സമസ്തവിഭുവെന്നു കഥിക്കുമബ്ജം
പാരാതുലൂകമിരുളാണിഹ ദൈവമെന്നു
മോരോതരത്തിലനിഭിജ്ഞതമൂലമോതും
എന്നാലിവയക്കു സകലത്തിനുമപ്പുറത്തായ്
മിന്നിത്തിളങ്ങുമവിടുത്തെയഖണ്
എന്നക്ഷികള്‍ക്കു ഭവനാശന ലക്ഷ്യമാവതെ
ന്നദ്ദിനം വരെ അലഞ്ഞു തിരഞ്ഞിടും ഞാന്‍''
ഇവിടെ മതേതരമായ ആത്മീയതയുടെ ഛായ ഉപരിതലത്തില്‍ നിലനിര്‍ത്തുമ്പോഴും 'മായാമയം മറകളാകെ വലിച്ചു കീറ്ി', 'ഭവനാശനം' തുടങ്ങിയ ഹൈന്ദവവേദാന്തകല്‍പനകളും ഇതിലുണ്ടെന്നു കാണാം.
ബുദ്ധനിലേക്കുള്ള വഴികളും ആത്മീയതയും കവിത്വത്തെ സന്യാസിനീത്വവുമായി ചേര്‍ത്തുവെച്ചുള്ള ഒരു ധാരണ പാര്‍വതിയമ്മയില്‍ നിലനിന്നിരുന്നു.- അക്കാലത്തെ ഈഴവ സാമുദായികതയുടെ അവിഭാജ്യഭാഗമായ ശ്രീനാരായണ ഗുരുവിന്റെ പ്രഭാവം അതിനെ പരിപോഷിപ്പിച്ചു. കുമാരനാശാനില്‍പ്പോലും കവിത്വവും സന്യാസിത്വവും തമ്മില്‍ ഇഴപിരിക്കാനാവാതെ കിടന്നിരുന്നല്ലോ. ഗുരുവുമായി ഇക്കാര്യത്തില്‍ ചില പിണക്കങ്ങള്‍ ഉള്ളതായിപ്പോലും കരുതപ്പെട്ടിരുന്നു. തീര്‍ച്ചയായും ഈ ആത്മീയത പൊതു ഹൈന്ദവപദ്ധതിയുടെ ഭാഗമായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.
സ്ത്രീകളുടേതായ ഒരു ശിഷ്യസംഘമെന്ന നിലയില്‍ ഒരു മഹിളാശ്രമം സ്ഥാപിക്കാന്‍ ശ്രീനാരായണഗുരുവിനോട് അപേക്ഷിച്ചിരുന്നതായി ജീവചരിത്രകാരന്‍ പറയുന്നുണ്ട്. അശ്രുകുടീരം എന്ന മീരാബായിയെക്കുറിച്ചുള്ള ഖണ്ഡകാവ്യം അതിനു നിദര്‍ശനമാണ്. ആ കൃതിയുടെ മുഖവുരയില്‍ അവരതു സൂചിപ്പിക്കുന്നുണ്ട്. ഭാരതയോഗിനികളുടെ മണി മകുടമെന്നാണ് മീരയെ വിശേഷിപ്പിക്കുന്നത്. ശാരദാദേവിയെക്കുറിച്ചുള്ള ചരമാനന്തരകവിത 'പുഷ്പാഞ്ജലി'യിലും ഇതുണ്ട്. കൂടാതെ 'യോഗിനി അമ്മ' എന്ന കവിതയും ഇതോടു ചേര്‍ന്നു നില്‍ക്കുന്നു. സവിശേഷമായ ആദ്ധ്യാത്മിക സ്ത്രീപാരമ്പര്യത്തെ തിരിച്ചറിയാനും അതില്‍ കണ്ണി ചേരാനുമുള്ള വാസനയെ ഇവിടെ ദര്‍ശിക്കാം. കവിത്വത്തെ മാത്രമല്ല, സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചു
ശ്രീബുദ്ധനിലും ശ്രീനാരായണനിലുമെന്ന പോലെ വിവേകാനന്ദനിലും ശ്രീകൃഷ്ണനിലും അവര്‍ ആദ്ധ്യാത്മികതയുടെ അനുഭുതികള്‍ തന്നെയാണ് തിരഞ്ഞത്. നിശ്ചയമായും അക്കാലത്തെ ഇന്ത്യന്‍ പ്രപഞ്ചബോധത്തോടും വേദോപനിഷത്തുകളോടുമെല്ലാം അതു സഹവസിച്ചുനില്‍ക്കുമെങ്കിലും ചലനാത്മകമായ സാമൂഹികമണ്ഡലത്തിലേക്കതിനെ സംക്രമിപ്പിക്കാനുള്ള ശേഷി അവര്‍ നേടിയിരുന്നു. സോക്രട്ടീസിന്റെ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് 'ഒരു മഹാന്റെ അന്ത്യനിവേദനം' എന്ന കവിത
ശ്രീനാരായണചിന്തയുടെ സ്വാധീനം ഈ കവിയിലുണ്ട്. കണ്ണാടി എന്ന രൂപകം ശബരിയുടെ ഭക്തിയില്‍ കടന്നു വരുന്നുണ്ട്.
''ശുദ്ധസ്ഫടിക'സമാനമായ്ത്തീരണം
ഹൃത്തടം നൈര്‍മല്യമേറുന്ന പൊയ്കപോല്‍''
ഔപചാരികമായ വിദ്യാഭ്യാസത്തിനും പ്രബുദ്ധതയക്കും അപ്പുറമാണ് ആദ്ധ്യാത്മികതയുടെ തലങ്ങള്‍ എന്ന വീക്ഷണം ഈ കവിതയെ ഭരിക്കുന്നുണ്ട്.
''ആകയാലക്ഷരവിദ്യ പഠിക്കാതെ
ഏകമാം ബ്രഹ്‌മത്തിലാത്മൈക്യമേലുവാന്‍
ശോകമോഹങ്ങളൊഴിഞ്ഞു സുഖിക്കുവാന്‍
പാകമായ്ത്തീര്‍ന്നെന്റെ ചിത്തമീ വേളയില്‍''
ഈ കവിയുടെ ആത്മീയതയില്‍ പ്രകൃതിശക്തികള്‍ക്കു മുമ്പില്‍ നിസ്സഹായമാകുന്ന മനുഷ്യശക്തിയെക്കുറിച്ചുള്ള അഗാധബോധം ഉണ്ട്. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ പോലും പ്രകൃതിയുടെയും അനന്തമായ ജ്യോതിര്‍ഗോളങ്ങളുടെയും ഭ്രമണങ്ങളെ മനസ്സിലാക്കാന്‍ പ്രാപ്തമല്ല. വൈജ്ഞാനികവികാസം, ആധുനികസൗകര്യങ്ങള്‍, പതുതായി വളര്‍ന്ന ശാസ്ത്രബോധം, ജ്ഞാനാഹന്തകള്‍ എല്ലാം തന്നെ നിസ്സാരമാണ് എന്നു പറഞ്ഞുവെയ്ക്കാനും കവി ശ്രമിക്കുന്നുണ്ട്.
''മനുജനേത്രങ്ങള്‍ക്കു ലക്ഷ്യമാകാതെത്ര
ഘനമേറും ഗോളങ്ങളുണ്ടിനിയും അണുബോംബുകൊണ്ടവയൊന്നും തകര്‍ക്കുവാ
നണുവും നിപുണരേ സാദ്ധ്യമല്ല
പെരിയൊരീ ബ്രഹ്‌മാണ്ഡഭാണ്ഡത്തിനുള്ളിലെ
ച്ചെറുകടുകല്ലേയീ ഭൂതധാത്രീ
ഒരു ധൂളിയല്ലയോ വന്‍പന്‍ നരനതില്‍
ശരിയോ നിനയ്ക്കിലഹന്തയപ്പോള്‍?
വിരുതേറും ലോകജേതാക്കളേ! നിങ്ങളീ
പ്പരമാര്‍ത്ഥമറിഞ്ഞു മേലില്‍
ദുരയും പരദ്രോഹചിന്തയും കൈവിട്ടു
പരമേശപാദം വണങ്ങിവാഴ്ക''
ആത്മീയമായ ജ്ഞാനശക്തിയെ വലിയൊരു തിരുത്തല്‍ ശേഷിയായി ഉപയോഗിക്കുകയാണ് കവി.
അഹിംസാത്മകവും സൗഹാര്‍ദ്ദം നിറഞ്ഞതുമായ ഒരു മൈത്രീലോകത്തെ തന്റെ ഉട്ടോപിയ ആയി നിരന്തരം സങ്കല്‍പ്പിച്ചിരുന്ന കവിയാണ് പാര്‍വതിയമ്മ. 'ആ മധുരസ്വപ്നം' എന്ന കവിതയില്‍ അതിനായുള്ള തന്റെ അദമ്യമായ ദാഹത്തെ അവര്‍ ആവിഷ്‌കരിക്കുന്നുണ്ട്. മായികവുംമാന്ത്രികവുമായ ഒരു അതീത ലോകത്തിലേക്കു വിമാനത്തിലേറിച്ചെല്ലുന്നതും അവിടെ മനംമയങ്ങി ധന്യതയാര്‍ന്നു മരുവുന്നതും പിന്നീട് 'ഏകമാം തമ്പുരാന്റെ സവിധ'ത്തിലേക്കു നയിച്ചു എത്തിപ്പെടുന്നതുമാണ് കവിത. സ്വന്തം അമ്മയെ പോലും മക്കള്‍ കൊല്ലുന്ന, അണുബോംബു വര്‍ഷിച്ചു സഹജരെ ഇല്ലായ്മ ചെയ്യുന്ന. ദയനീയരായ സഹോദരങ്ങളെ പിന്നെയും ദ്രോഹിക്കുന്ന നാട്ടില്‍നിന്നെത്തി, സ്വര്‍ഗീയശാന്തി വഴിയുന്ന ഒരിടത്തെത്തിയ നിര്‍വൃതിയാണ് സ്വപ്നം. ജിയുടെ പില്‍ക്കാലത്തെഴുതപ്പെട്ട 'എന്റെ വേളി'ക്ക് ഈ കവിതയുമായി നല്ല ചാര്‍ച്ചയുണ്ട്. സൂക്ഷ്മമായി നോക്കിയാല്‍ ബുദ്ധപാരമ്പര്യത്തിലെ മൈത്രീമണ്ഡലമാണ് ഈ സ്വപ്നത്തില്‍ തെളിയുന്നത്. കവിതയില്‍ നിര്‍വാണം, ശാന്തി, മൈത്രി, അഹിംസ എന്നീ പദാവലികള്‍ ആവര്‍ത്തിക്കുന്നുണ്ട്.
''സര്‍വചരാചരജാലവുമൊന്നുപോല്‍
നിര്‍വൈരരായ് മൈത്രിയാര്‍ന്നു
നിര്‍വൃതിയേലുമീലോകത്തിലേവരും
നിര്‍വാണസൗഖ്യം സ്വദിപ്പൂ''
ആത്മീയസ്വച്ഛമായ ഈ ബുദ്ധമണ്ഡലത്തെക്കുറിച്ചുള്ള ഭാവനയില്‍ പക്ഷേ മറ്റൊരു ബദല്‍ പൗരലോകത്തിന്റെ സാദ്ധ്യതകളെക്കുടിയാണ് കവി കാംക്ഷിക്കുന്നത്. സമ്പൂര്‍ണമായ നിഷ്‌ക്രിയ, നിശ്ചേതനത്വം കലര്‍ന്ന ധ്യാനാത്മകതയല്ല അതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. തത്വവും പ്രയോഗവും അഭിമുഖീകരിക്കുകയാണ് എന്നര്‍ത്ഥം. 'തത്വഗീത'ത്തില്‍ ശാസ്ത്രത്തിന്റെ നിസ്സാരതയെക്കുറിച്ചും ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും ആവര്‍ത്തിച്ചു പറയുന്നു. മരണശാസനയെ ഒരു നിമിഷത്തേക്കെങ്കിലും മാറ്റി വെയ്ക്കാന്‍ സയന്‍സിനും ശുപാര്‍ശയക്കും ഒന്നിനും കഴിയില്ലെന്നു കവി തിരിച്ചറിയുന്നു.
ഇതു കൂടാതെ ബൗദ്ധമായ പ്രമേയങ്ങളിലേക്കുള്ള അവരുടെ താല്പര്യം വളരെ പ്രകടമായിരുന്നുവെന്നു ധരിക്കുവാന്‍ വേറെയും ഒട്ടേറെ കാരണങ്ങളുണ്ട്. ആശാന്‍ കവിതകളിലൂടെ പുതിയൊരു സൗന്ദര്യചിന്തയും തത്വദര്‍ശനവുമായി അവ പ്രസരിച്ചതും നാമോര്‍ക്കേണ്ടതുണ്ട്. അതിലെല്ലാമുപരിയായി അക്കാലഘട്ടത്തിലെ സാമുദായികതയുടെ രാഷ്ട്രീയം ബൗദ്ധചിന്തയുമായി ബന്ധപ്പെട്ടു വികസിച്ചതിന്റെ ചരിത്രപരമായ അടിസ്ഥാനങ്ങള്‍ അവയിലേക്കു വെളിച്ചം വീശിയേക്കാം. ആശാനെ സംബന്ധിച്ചിടത്തോളം ബുദ്ധദര്‍ശനം പ്രധാനമായും ജാതിവിരുദ്ധതയുടെയും സമത്വചിന്തയുടെയും പ്രഭവമായിരുന്നു. സവിശേഷമായ ഈ ധാരയിലേക്ക് അന്വയിക്കപ്പെടുന്നതിന്റെ കൂടി ഭാഗമായാവണം ശ്രീബുദ്ധചരിതം പൂര്‍ത്തിയാക്കാനുള്ള പ്രേരണ അവര്‍ക്കുണ്ടായത്. മകന്‍ മരിച്ചു, അവനെ പുനര്ജ്ജനിപ്പിക്കാനാവശ്യപ്പെ
''കൊഴിയാത്ത പൂവുണ്ടോ വാടിക്കൊഴിയാത്തോ
രഴിവറ്റ പൂവുണ്ടോ പൂവനത്തില്‍?
വഴിയേറെപ്പിന്നിട്ടു ചുറ്റിത്തിരിഞ്ഞു ഞാന്‍
കൊഴിയാത്ത പൂ തേടി വന്നിവിടെ.'' അനന്തമായ അന്വേഷണത്തിനൊടുവില്‍ കവി തിരിച്ചറിയുന്നു അങ്ങനെ നിത്യമായ കൊഴിയാത്ത പൂ ഈ ലോകത്തിലെവിടെയുമില്ല. സൂര്യചന്ദ്രന്മാര്‍ അസ്തമിക്കുന്നു, മനുഷ്യരും വീണുമരിക്കുന്നു. പക്ഷേ
''അവികലജ്യോതിസ്സിനുള്ളിലുയരെ
കവിയും സുഷമ വഴിഞ്ഞൊഴുകും
ഭുവനപ്രദീപമാം വാടാമലരൊന്നു
നവമായ്, മണം വീശി മിന്നുന്നെന്നും'' എന്നു മനസ്സിലാക്കുന്നു. അവരവരിലെ ആത്മത്തിനുള്ളിലെ പ്രകാശനാളം തന്നെ ആ കൊഴിയാത്ത പൂവ്.
ഒരു കരിഞ്ഞ മൊട്ട് എന്ന കവിത വീണപൂവിലെ അതേ ആന്തരികഭാവത്തെ, ക്ഷണികജീവിതത്തിന്റെ വ്യഥയെ ഉള്‍ക്കൊള്ളുന്നു.
''മാഴ്കിടുന്നു ഞാന്‍ കോരകമേ തവ
ഭീകരമാം ദുരന്തമോര്‍ത്തുമാര്‍ത്തിയാല്‍'
''ഹന്ത കഷ്ടം പുലര്‍കാലവായുവില്‍
ബന്ധുരദ്യുതി തൂകി വിടര്‍ന്നിടാന്‍
നൊന്തുഴന്ന നവമലര്‍മൊട്ടേ! നിൃ
ന്നന്തമേവമെന്നാരറിഞ്ഞോമലേ!''
ക്ഷണികത, അനിത്യത ഇവയെ സൂചിപ്പിക്കാന്‍ തന്റെരചനാകാലത്തിന്റെ ആദ്യഘട്ടത്തില്‍ പൂക്കളെ രൂപകമാക്കിയപോലെ പിന്നീടൊരു ഘട്ടത്തില്‍ സിനിമയെ അവര്‍ ഉപയോഗിക്കുന്നുണ്ട്. 'തത്വഗീതം' എന്ന കവിത നോക്കൂ:
''ക്ഷണികജീവിതമൊരു ചലത് ചിത്രം
മനുജരോ വെറും നിഴലുകള്‍
ഘനമറപൊങ്ങി ഝടിതി വീഴുമ്പോള്‍
കനകദീപവും പൊലിയുമേ''
ആധുനിക ദൃശ്യകലാരൂപമെന്ന നിലയിലും ജനപ്രിയ പൊതുമണ്ഡലത്തിന്റെ ഭാവുകപരിസരമെന്ന നിലയിലും സിനിമ വളര്‍ന്നേറിയ 50കളില്‍ അതു സ്വാഭാവികമാണ്. സമാഹരിക്കാത്ത കവിതകളിലും സിനിമയെക്കുറിച്ചുള്ള ഒരു കവിതയുണ്ട്. 1946ല്‍ എഴുതിയ 'ചലനചിത്രത്തില്‍' എന്ന കവിതയില്‍ കാണികളുടെ ചോദനകളെയും കാമനകളെയും ഹരം പിടിപ്പിക്കുന്ന യുവസുന്ദരിയായ നായിക രംഗത്തു വരുന്നതും അന്ത്യരംഗത്തില്‍ അവള്‍ മാദകത്വം മുഴുവന്‍ ചോര്‍ന്നു രോഗബാധിതയായി, വിരൂപയും മരണാസന്നയുമായി കാണുമ്പോള്‍ നടുങ്ങിപ്പോകുന്നതുമായ ആഖ്യാനത്തിലൂടെയാണ് കവിത നീങ്ങുന്നത്.
''ആദിയിലിരുള്‍ പിന്നെ വെളിച്ചമന്ത്യത്തിലും
ഭീതി ചേര്‍ത്തിടുമന്ധകാരത്തിന്‍ യവനിക
ഖ്യാതമാം നരജന്മചലനചിത്രം പാര്‍ക്കില്‍
ഖേദത്തിനല്ലാതുണ്ടോ വകയീപ്രപഞ്ചത്തില്‍?'' മനുഷ്യജീവിതത്തിനും ചലച്ചിത്രത്തിനുമുള്ള ആദിമദ്ധ്യാന്തഘടനകളും ചഞ്ചലതയും ഒന്നിച്ചു വെയ്ക്കുന്നു കവി.
മുതുകുളത്തിന്റെ അപ്രശസ്തവും അസമാഹൃതവുമായ ആദ്യകാലകവിതകളിലൊന്നായ 'മനസ്സിനോട്' തുടങ്ങിയ കവിതകളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂത്താട്ടുകുളം മേരി ജോണിന്റെ 'ഞാന്‍' പോലെ വ്യത്യസ്തതയുള്ള ഒന്ന്. ആധുനികതാവാദപ്രവണതകള്‍ മലയാളത്തില്‍ പതുക്കെ തലനീട്ടിത്തുടങ്ങിയ 60 കളില്‍ അതിനുമുമ്പേ തന്നെ സ്വന്തം ആത്മത്തോടുള്ള സംവാദമെന്ന നിലയില്‍ ആണീ കവിതകള്‍ എഴുതപ്പെടുന്നത്. മുതുകുളത്തിന്റെ ഈ കവിതയില്‍ സ്വന്തം മനസ്സിനോടു നടത്തുന്ന സംഭാഷണത്തില്‍ തത്വചിന്തയും ജീവിതബോധവും സാന്ദ്രീഭവിച്ചു നില്‍ക്കുന്നു. 1928ല്‍ മഹിളാമന്ദിരത്തില്‍ എഴുതപ്പെട്ട ഈ കവിത എഴുതപ്പെടുമ്പോള്‍ കവിക്കു കേവലം 24 വയസ്സു മാത്രമാണ്!. സ്വന്തം ജീവിതത്തിന്റെ തീക്ഷ്ണമായ തീരുമാനങ്ങള്‍ എടുത്തു വേറിട്ടവഴിയെന്നുറച്ചു ആത്മീയതയുടെ സാധനകളിലേക്കു മനസ്സൂന്നിയതിന്റെ സൂചനകളിവിടെയുണ്ട്. ''സര്‍വദു:ഖസംകരമാകും പൊരുളാശ'' എന്നും ''സ്ഥിരമാം സ്നേഹമതീവദുര്‍ല്ലഭം അതിനാലകളങ്കമിത്രമായ് നിരുപിച്ചീടുക നിന്നെ നീ സ്വയം'' എന്നുമെല്ലാം കവി തിരിച്ചറിയുന്നു. അവനവനില്‍ തന്നെയുള്ള വെളിച്ചത്തെ തിരിച്ചറിഞ്ഞ് അതിലുറച്ചു ആത്മജ്ഞാനത്തിന്റെ വഴിയിലൂടെ നീങ്ങുന്ന സവിശേഷമായ വിഭാവനമാണ് അവരുടെ ആത്മീയതയായി പരിണമിച്ചത്. നേരെ മറിച്ചു കാല്പനിക അസ്തിത്വവാദത്തിലൂന്നിയ അഹംബോധത്തിന്റെ അപ്രതീക്ഷിതമായ സ്ഫുരണങ്ങളാണ് മേരി ജോണ്‍ എഴുതിയ കവിതയെ വ്യത്യസ്തമാക്കിയത്. ടി.ആര്‍ വിമലയാകട്ടെ ഉന്മാദംകലര്‍ന്ന ഉച്ഛ്ൃഖലമായ വൈകാരികതകളെത്തന്നെയാണ് അനര്‍ഗ്ഗളം പ്രവഹിപ്പിച്ചത്!
കര്‍മഫലം എന്ന ബുദ്ധചിന്തയുമായി ബന്ധപ്പെട്ട ഒരു സ്വതന്ത്രവിവര്‍ത്തനകൃതിയും ഇവരുടേതായിട്ടുണ്ട്. (പോള്‍ കാറസ് എഴുതിയ ഇംഗ്ലീഷ് കഥ കര്‍മയുടെ വിവര്‍ത്തനം) വളരെ ദൂരെ പ്രയാഗില്‍ നിന്നും അയച്ചു വരുത്തിയ ആ കൃതി അവരെ ഏറെ സ്വാധീനിച്ചിരുന്നതായും ജീവചരിത്രകാരനായ വി ദത്തന്‍ പറയുന്നുണ്ട്. വിവര്‍ത്തനം ചെയ്ത മറ്റു കൃതികള്‍ ഭഗവദ്ഗീത, ഭുവനദീപിക (ദ്വിജേന്ദ്രലാല്‍ റോയ് എഴുതിയ നാടകം.) എന്നിവയും ആത്മീയതാപ്രധാനമാണ്.
ആശാനെ സംബന്ധിച്ചിടത്തോളം ബംഗാളിലെയും ബര്‍മയിലെയും മറ്റും തന്റെ യാത്രകളും ജീവിതവും വഴി സ്വരൂപിച്ച പല സാംസ്‌കാരികാനുഭവങ്ങളിലൂടെ ബുദ്ധന്റെ വഴികളെ സ്വാഭാവികമായും തിരിച്ചറിയുകയായിരുന്നുവെന്നു സൂചിപ്പിച്ചല്ലോ. അക്കാലത്തെ ഈഴവ സാമുദായിക നേതാക്കളില്‍ ചിലര്‍ സിവി കുഞ്ഞുരാമനും മറ്റും ബുദ്ധമതത്തിലേക്കുള്ള ചായ്വു പ്രകടമാക്കിയതു നാം ഓര്‍ക്കേണ്ടതുമുണ്ട്. മതം മാറ്റത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ ഈഴവസമുദായ നവോത്ഥാനവുമായി ബന്ധപ്പെട്ടു ഏറെ മുഴങ്ങിയ കാലമായിരുന്നു അത്. ക്രിസ്തുമതത്തിലേക്കുള്ള മതംമാറ്റവും ഈ കാലയളവില്‍ സിവിയും മറ്റും മുന്നോട്ടുവെച്ചിരുന്നു. (ഇതു സംബന്ധിച്ച വിശദമായ വായനയ്ക്കു കാണുക: എബി തോമസ്, ബുദ്ധമതം ആധുനിക കേരളത്തിലേക്കു വന്ന വഴികള്‍: ഒരു ചരിത്രപഠനം താപസം vol: xix/Issuse: 1-2/2023)
ആശാന്‍ ബുദ്ധമതത്തിലേക്കുള്ള മാറ്റത്തെക്കുറിച്ചു മുന്നോട്ടുവെച്ച ധാരണ വേറെയായിരുന്നുവെങ്കിലും ബുദ്ധമതത്തിന്റെ അന്തസ്സത്തയെ ഭാവനാപരമായി പ്രസരിപ്പിക്കുന്നതില്‍ കൃതികളിലൂടെ മറ്റാരെക്കാളും മുന്നേറിയ കവിയാണ്. സ്ത്രീകവികളില്‍ പക്ഷേ ആ വഴിക്കു തിരിഞ്ഞവര്‍ മുതുകുളത്തെപ്പോലെ മറ്റാരുമില്ല എന്നു തന്നെ പറയാം. തന്റെ സമകാലികരായ ബനീഞ്ഞയെയും ലളിതാംബികയെയും കടത്തനാട്ടിനെയും ബാലാമണിയമ്മയെയും ഒക്കെ വെച്ചു നോക്കുമ്പോള്‍ ഈ വേറിട്ട താല്‍പര്യത്തിന്റെ സാമുദായിക ധൈഷണികമാനങ്ങള്‍ തെളിയുന്നുണ്ട്. 'ബുദ്ധസമക്ഷം' എന്ന കവിതയില്‍ സമകാലികമായ സാമൂഹികതിന്മകളെ, പ്രത്യേകിച്ചും വര്‍ഗീയമായ വിഭാഗീയതകളെ ചെറുക്കുവനുതകുന്ന കരുണയുടെയും മൈത്രിയുടെയും പ്രഭവമായി അവര്‍ ബുദ്ധനെ കുടിയിരുത്തുന്നു.
''നമസ്‌കാരം മഹാബുദ്ധാ വരിക ഭവാന്‍ നിര്‍വ്വാണ
നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായ്
സമസ്തവിശ്വവുമങ്ങേ വരവു കാത്തിടുന്നിപ്പോ
ളമര്‍ത്യപൂജിത! ഭവാന്‍ വരിക വേഗം''
ധ്യാനസ്ഥനായ ബുദ്ധനേക്കാള്‍ കര്‍മനിരതനായ, ലോകസേവയക്കിറങ്ങുന്ന ബുദ്ധനെയാണ് ഇവിടെ കവി തുയിലുണര്‍ത്തുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കാനുണ്ട് ഒരു പക്ഷേ, ശ്രീനാരായണചിന്തയിലെ കര്‍മസന്യാസിത്വവും ആശാനിലെ ബൗദ്ധപ്രമേയവും പരസ്പരം സമ്മേളിച്ചു കൊണ്ടാണ് പാര്‍വതിയമ്മയില്‍ പ്രകാശിച്ചതെന്നു കരുതാം.
തികഞ്ഞ ഹൈന്ദവഭക്തിയുടെ ഒറ്റപ്പെട്ട കേരളീയപരിസരം ശ്രീ അയ്യപ്പനെക്കുറിച്ചും മറ്റുമുള്ള കവിതകളില്‍ കാണാം. മുമ്പു നാം സൂചിപ്പിച്ച പോയ നൂറ്റാണ്ടുകളിലെ ഇന്ത്യന്‍ പാരമ്പര്യത്തിലെ സന്യാസിനീവംശങ്ങളോടു വിദൂരമായ ബന്ധം മാത്രമേ ഇവരില്‍ നാം കാണുന്നുള്ളു. സ്‌ത്രൈണത, ഉടല്‍, കാമന എന്നിവയെ രാഷ്ട്രീയാര്‍ത്ഥങ്ങളോടെ വായിക്കാവുന്ന ആശയസാരങ്ങള്‍ അവരില്‍ ഉണ്ടായിരുന്നുവെങ്കില്‍ മുതുകുളത്തില്‍ അതു സാമൂഹികതയുടെ മറ്റൊരു പ്രതിഫലനമായാണ് വര്‍ത്തിച്ചത്. ബൗദ്ധപാരമ്പര്യത്തോടുള്ള ചായ്‌വിലൂടെ തന്റെ വംശത്തെ ഒരു പക്ഷേ സവണേതരമായ, സവിശേഷമായ ഒരു കീഴാളആത്മീയതയായി സ്വരൂപിക്കുകയാണ് പാര്‍വതിയമ്മ ചെയ്തത്.
അംഗീകാരമോ അനാസക്തിപ്രിയമോ?
മലയാളസാഹിത്യപാരമ്പര്യത്തില്‍ പൊതുവേ ആരോപിക്കപ്പെടുന്ന സ്ത്രീസര്‍ഗാത്മകതയ്ക്കു നേരെയുള്ള അവഗണനയുടെയും തമസ്‌കരണത്തിന്റെയും പശ്ചാത്തലത്തില്‍ പാര്‍വതിയമ്മയുടെ സാഹിത്യജീവിതത്തെ ഒന്നാകെ പരിശോധിച്ചാല്‍ അവര്‍ ഒട്ടൊക്കെ വ്യത്യസ്തയാണെന്നു തോന്നാം. കാരണം മന്നത്തു പദ്മനാഭന്‍, സഹോദരന്‍ അയ്യപ്പന്‍ മുതല്‍ കെ.ദാമോദരന്‍ വരെയുള്ള സാമുദായികനേതാക്കളുടെയും ആശാന്‍, ഉള്ളൂര്‍, പുത്തേഴത്തു രാമന്‍ മേനോന്‍, സുകുമാര്‍ അഴീക്കോട്, എം. ലീലാവതി മുതല്‍ എന്‍. ഗോപാലപിള്ള വരെയുള്ള സാഹിത്യനായകരുടെയും ശ്രദ്ധാപാത്രമാകാന്‍, അവരില്‍ പലരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ തന്റെ ജീവിതകാലത്തു തന്നെ അവര്‍ക്കു ഭാഗ്യം ലഭിച്ചതായി നമുക്കു മനസ്സിലാക്കാന്‍ കഴിയും. അവരുടെ ജീവചരിത്രത്തിലെയും ഷഷ്ഠിപൂര്ത്തിയോടനുബന്ധിച്ചി റങ്ങിയ സുവനീറിലെയും പല കുറിപ്പുകളും അതിന്റെ തെളിവുകളാണ്. കൂടാതെ പാഠപുസ്തകങ്ങളിലും അവരുടെ കവിതകള്‍ ഇടംപിടിച്ചിരുന്നു. കേരളസാഹിത്യഅക്കാദമി നിര്‍വാഹകസമിതി അംഗമായി തുടക്കം മുതല്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. ഈ അംഗീകാരം അവരെ സംബന്ധിച്ചിടത്തോളം സര്‍വപ്രധാനമാണ് എന്നത് കീഴാളസമുദായത്തോട്, സ്ത്രീകളോട് അക്കാലത്തെ പൊതുസമൂഹത്തിന്റെ മനോഭാവം അറിയുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളു. സവര്‍ണവും പുരുഷാധികാരം നിറഞ്ഞതുമായ സാംസ്‌കാരികാന്തരീക്ഷത്തെ മുഴുവന്‍ വെല്ലുവിളിക്കുന്ന പ്രാധാന്യം പാര്‍വതിയമ്മയ്ക്കു ലഭിച്ചു എന്നല്ല പറയുന്നത്. മറിച്ച് അത്തരം രാഷ്ട്രീയം നിലനില്‍ക്കുമ്പോഴും അതില്‍ നിന്നു വ്യത്യസ്തമായ ഒരു നില അവര്‍ പലനിലയ്ക്കും കയ്യാളിയെന്നതാണ്. അതിലേക്കു നയിച്ച ഒട്ടേറെ കാരണങ്ങള്‍ ഉണ്ടാവാം. കവി എന്ന നിലയ്ക്കു തന്റെ കാവ്യപ്രമേയങ്ങളായി സ്വീകരിച്ച ആദ്ധ്യാത്മികപരിസരങ്ങള്‍, തത്വചിന്താപരമായ കാവ്യബീജങ്ങള്‍, അനാസക്തമെന്നു വിശേഷിപ്പിക്കാവുന്ന മാനവികതയുടെ അഭിരുചികള്‍ തുടങ്ങിയ സാഹിതീയമായ കാരണങ്ങള്‍ അവരെ ഒരു ഭക്തകവിയായോ വേദാന്തകവിയായോ നിര്‍വചിക്കാന്‍ ഇടയാക്കിയിരിക്കാം. അത്തരം പ്രമേയങ്ങള്‍ സ്വീകരിച്ച മറ്റു പലരും അക്കാലത്തുണ്ടായിരുന്നെങ്കിലും അവരേക്കാളെല്ലാം ലളിതസുന്ദരമായ ശൈലി പാര്വതിയമ്മയ്ക്കുണ്ടായിരുന് നതിനാല്‍ അവര്‍ കൂടുതല്‍ തിരച്ചറിയപ്പെട്ടു എന്നതാവാം അതിനു കാരണം. അതല്ലെങ്കില്‍ പുരാണപ്രഭാഷകയായും സാമുദായിക സാംസ്‌കാരികപ്രാസംഗികയായും അവര്‍ തന്റെ വാഗ്മിതയാല്‍ ഉണ്ടാക്കിയെടുത്ത അവൈയക്തികവും സാമൂഹികവുമായ മാനങ്ങള്‍ അവരെ മറ്റൊരു വിധത്തില്‍ നോക്കിക്കാണാന്‍ പ്രേരിപ്പിച്ചിരിക്കാം. സ്‌ത്രൈണതയെക്കുറിച്ചുള്ള പതിവു സങ്കല്‍പങ്ങള്‍ക്കകത്തു നില്‍ക്കാതെയുള്ള അവരുടെ വ്യക്തിജീവിതവും അവിവാഹിത, എക്കാലവും ഖദര്‍ വെള്ളവസ്ത്രധാരി, ഒട്ടും അണിഞ്ഞൊരുങ്ങാതെ നിരാഭരണ എന്നിങ്ങനെയുള്ള വൈയക്തികസവിശേഷതകള്‍ അതില്‍ പങ്കു വഹിച്ചിരിക്കാം. ഏതിലുമുപരിയായി വ്യക്തിയും കവിയും ഒരുപോലെ അലൈംഗികവും അനാസക്തവുമായ ഒരു ഘടനയക്കകത്തു നിലനിര്‍ത്തിയതിന്റെ പ്രത്യേകതകള്‍ അവരുടെ ജീവിതത്തിനുണ്ടെന്നു കാണാം. ദേശീയത, യോഗാത്മകഭക്തി, അനാസക്തി മുതലായ ഉദാരവല്‍കൃതമായ ഭാവനകള്‍ക്കകത്തു അവര്‍ കൃത്യമായും പാകമായിരുന്നിരിക്കണം. ഗാര്‍ഹസ്ഥ്യം കൊണ്ടുപോലും അവര്‍ സ്‌ത്രൈണതയുടെ അതിരുകള്‍ക്കകത്തേക്കു തിരിച്ചറിയപ്പെട്ടില്ല എന്നത് ഗുണപരമായാണ് മേല്‍പ്പറഞ്ഞ നിരൂപകരിലേറെയും എടുത്തു പറഞ്ഞത്. അഴീക്കോടും ഈഴവസാമുദായികതയെ ഉയര്‍ത്തിപ്പിടിച്ച കെ. ദാമോദരനും അവരെ അവര്‍ണസമുദായത്തില്‍പ്പെട്ട കവിയെന്ന നിലയക്കും സ്ത്രീയെന്ന നിലയ്ക്കും നോക്കിക്കാണാന്‍ ശ്രമിക്കുന്നുണ്ട് എന്നതു നാം കാണാതിരുന്നുകൂടാ. ആശാനു ശേഷം എം.പി.അപ്പനും പാര്‍വതിയമ്മയും അവര്‍ണസമുദായത്തില്‍ നിന്നും ഉയര്‍ന്നു വന്ന പ്രഗത്ഭകവികളാണെന്ന് അദ്ദേഹം എടുത്തു പറയുന്നുണ്ട് (പരിണതപ്രജ്ഞ, മുതുകുളം പാര്‍വതിയമ്മ ഷഷ്ടിപൂര്‍ത്ത്യുപഹാരം). ''എത്ര വലിയ കവയിത്രിയോ കാഥികയോ ആയിരുന്നാലും അവരെ വര്‍ണിക്കാനും പ്രോല്‍സാഹിപ്പിക്കാനും പുരുഷലോകം സന്നദ്ധമല്ലെന്ന വസ്തുത സമര്‍ത്ഥിക്കുകയാണ്'', മേരികോറല്ലി എന്ന കഥാകാരി തന്റെ ഡലീഷിയ എന്ന കൃതിയിലൂടെ ചെയ്തതെന്ന് അദ്ദേഹം എഴുതുന്നുണ്ട്.
ഉപസംഹാരം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യശതകം മുതല്‍ കേരളത്തിന്റെ സാംസ്‌കാരികമണ്ഡലത്തില്‍ കീഴാളമായ ഉണര്‍വുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിനോടു ചേര്‍ന്നാണ് ഈഴവരുടെ സാമുദായികവളര്‍ച്ചയെയും കാണേണ്ടത്. സംസ്‌കൃതപണ്ഡിതരും കവികളും കഥാകാരന്മാരും ആയുര്‍വേദവിജ്ഞരുമായ അനേകര്‍ ഈഴവസാമുദായികതയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു ഉണ്ടായിരുന്നുവെന്നത് ചരിത്രത്തിലുണ്ട്. സി.കെ.രേവതി അമ്മയുടെ 'സഹസ്രപൂര്‍ണിമ' എന്ന ആത്മകഥയ്ക്ക് എഴുതിയ അവതാരികയില്‍ മൂര്‍ക്കോത്തു കുഞ്ഞപ്പ അതേക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. സാംസ്‌കാരികമായ സങ്കലനം ഏറെ നടക്കുന്ന ജാതിവിഭാഗമെന്ന നിലയക്ക് വടക്കേമലബാറിലെ തിയ്യരുടെ ജീവിതം സവിശേഷമാണെന്ന് അദ്ദേഹം പറയുന്നു. ഗുജറാത്തികളും പഞ്ചാബികളും വിദേശീയരും മറ്റുമായവരുമായുള്ള മിശ്രവിവാഹം ഇതിലൊരു പങ്കു വഹിച്ചു. ഒരു വിഭാഗം തിയ്യര്‍ നിത്യവൃത്തിക്കാരായ ദരിദ്രരാണെങ്കിലും മറ്റു പല കീഴാളവിഭാഗങ്ങളെ അപേക്ഷിച്ചു ധനികരായ ജന്മിമാരും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. സാക്ഷരതയുടെ കാര്യത്തിലും ഒട്ടും മോശമായിരുന്നില്ല ഈ സമുദായം. ഗ്രന്ഥസമാജം, സാഹിത്യസദസ്സ് പോലുള്ള വേദികളിലും പ്രവര്‍ത്തനപരിചയം കാഴ്ചവെയ്ക്കുന്ന പഴയകാലത്തെ ഈഴവസാമുദായികതയുടെ സാസ്‌കാരികമണ്ഡലത്തിന്റെ പരിച്ഛേദം തന്നെയാണ് മുതുകുളം പാര്‍വതിയമ്മയുടെ രചനാജീവിതത്തെയും രൂപപ്പെടുത്തിയത് എന്നു കാണാനാണ് ഇതു നമ്മെ പ്രേരിപ്പിക്കുന്നത്. ചുരുക്കത്തില്‍ സാമുദായികതയും ആത്മീയതയും സാമൂഹികതയും സവിശേഷമായി രൂപപ്പെടുത്തിയ ഒന്നാണ് മുതുകുളം പാര്‍വതിയമ്മയുടെ സാഹിത്യപ്രതിഭ എന്നു പറയാവുന്നതാണ്. സമ്പൂര്‍ണമായ അവഗണനയോ, തിരസ്‌കാരമോ അവര്‍ അനുഭവിച്ചില്ലെന്നു മാത്രമല്ല, മറ്റു സ്ത്രീ എഴുത്തുകാരെ അപേക്ഷിച്ചു കുറെയൊക്കെ ആദരിക്കപ്പെട്ടു. അതില്‍ മേല്‍ പറഞ്ഞ ഘടകങ്ങള്‍ക്കു വലിയ ധര്‍മം ആരോപിക്കാന്‍ കഴിയും എന്നാണ് ഇവിടെ പറഞ്ഞു വെയ്ക്കുന്നത്. അതു കേരളീയ ബൗദ്ധികലോകത്തിലെ സ്ത്രീസമീപനത്തിന്റെ നേര്‍ച്ചിത്രത്തെ തന്നെ പ്രതിഫലിപ്പിക്കുന്നു എന്നും പറയാം! അന്നപൂര്‍ണിയമ്മയെപ്പോലെ ഉന്മാദിനിയോ നഗ്നയോ മീരയെപ്പോലെ പ്രണയിനിയോ ആയ ഒരു പാര്‍വതിയമ്മയെ പരിമിതയായ ചെറുകവിയെന്ന നിലയ്‌ക്കെങ്കിലും സ്വീകരിക്കാന്‍ പോയകാലം, ഇന്നും തയ്യാറാവുമോ എന്നതു കൂടി ആലോചിക്കാം.
റഫറന്‍സ്:
1. ദത്തന്‍. വി., മുതുകുളം പാര്‍വതിയമ്മ (ജീവചരിത്രം) , മുതുകുളം പാര്‍വതിയമ്മ ട്രസ്റ്റ്, വിതരണം ഫേബിയന്‍ ബുക്‌സ
2. പാര്‍വതിയമ്മ മുതുകുള,ം ശ്രീമദ് ഭഗവത്ഗീത (വിവര്‍ത്തനം കിളിപ്പാട്ട്) മുതുകുളം പാര്‍വതിയമ്മ ട്രസ്റ്റ്, വിതരണം ഫേബിയന്‍ ബുക്‌സ
3. പാര്‍വതിയമ്മ മുതുകുളം, പാര്‍വതിയമ്മയുടെ കവിതകള്‍, മുതുകുളം മുതുകുളം പാര്‍വതിയമ്മ ട്രസ്റ്റ്, വിതരണം: എന്‍.ബി.എസ്, 2015
4. രേവതി അമ്മ സി.കെ, സഹസ്രപൂര്‍ണിമ, നാഷനല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം, 1977
''നമസ്‌കാരം മഹാബുദ്ധാ വരിക ഭവാന്‍ നിര്‍വ്വാണ
നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായ്
സമസ്തവിശ്വവുമങ്ങേ വരവു കാത്തിടുന്നിപ്പോ
ളമര്‍ത്യപൂജിത! ഭവാന്‍ വരിക വേഗം''
ധ്യാനസ്ഥനായ ബുദ്ധനേക്കാള്‍ കര്‍മനിരതനായ, ലോകസേവയക്കിറങ്ങുന്ന ബുദ്ധനെയാണ് ഇവിടെ കവി തുയിലുണര്‍ത്തുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കാനുണ്ട് ഒരു പക്ഷേ, ശ്രീനാരായണചിന്തയിലെ കര്‍മസന്യാസിത്വവും ആശാനിലെ ബൗദ്ധപ്രമേയവും പരസ്പരം സമ്മേളിച്ചു കൊണ്ടാണ് പാര്‍വതിയമ്മയില്‍ പ്രകാശിച്ചതെന്നു കരുതാം.
തികഞ്ഞ ഹൈന്ദവഭക്തിയുടെ ഒറ്റപ്പെട്ട കേരളീയപരിസരം ശ്രീ അയ്യപ്പനെക്കുറിച്ചും മറ്റുമുള്ള കവിതകളില്‍ കാണാം. മുമ്പു നാം സൂചിപ്പിച്ച പോയ നൂറ്റാണ്ടുകളിലെ ഇന്ത്യന്‍ പാരമ്പര്യത്തിലെ സന്യാസിനീവംശങ്ങളോടു വിദൂരമായ ബന്ധം മാത്രമേ ഇവരില്‍ നാം കാണുന്നുള്ളു. സ്‌ത്രൈണത, ഉടല്‍, കാമന എന്നിവയെ രാഷ്ട്രീയാര്‍ത്ഥങ്ങളോടെ വായിക്കാവുന്ന ആശയസാരങ്ങള്‍ അവരില്‍ ഉണ്ടായിരുന്നുവെങ്കില്‍ മുതുകുളത്തില്‍ അതു സാമൂഹികതയുടെ മറ്റൊരു പ്രതിഫലനമായാണ് വര്‍ത്തിച്ചത്. ബൗദ്ധപാരമ്പര്യത്തോടുള്ള ചായ്‌വിലൂടെ തന്റെ വംശത്തെ ഒരു പക്ഷേ സവണേതരമായ, സവിശേഷമായ ഒരു കീഴാളആത്മീയതയായി സ്വരൂപിക്കുകയാണ് പാര്‍വതിയമ്മ ചെയ്തത്.
അംഗീകാരമോ അനാസക്തിപ്രിയമോ?
മലയാളസാഹിത്യപാരമ്പര്യത്തില്‍ പൊതുവേ ആരോപിക്കപ്പെടുന്ന സ്ത്രീസര്‍ഗാത്മകതയ്ക്കു നേരെയുള്ള അവഗണനയുടെയും തമസ്‌കരണത്തിന്റെയും പശ്ചാത്തലത്തില്‍ പാര്‍വതിയമ്മയുടെ സാഹിത്യജീവിതത്തെ ഒന്നാകെ പരിശോധിച്ചാല്‍ അവര്‍ ഒട്ടൊക്കെ വ്യത്യസ്തയാണെന്നു തോന്നാം. കാരണം മന്നത്തു പദ്മനാഭന്‍, സഹോദരന്‍ അയ്യപ്പന്‍ മുതല്‍ കെ.ദാമോദരന്‍ വരെയുള്ള സാമുദായികനേതാക്കളുടെയും ആശാന്‍, ഉള്ളൂര്‍, പുത്തേഴത്തു രാമന്‍ മേനോന്‍, സുകുമാര്‍ അഴീക്കോട്, എം. ലീലാവതി മുതല്‍ എന്‍. ഗോപാലപിള്ള വരെയുള്ള സാഹിത്യനായകരുടെയും ശ്രദ്ധാപാത്രമാകാന്‍, അവരില്‍ പലരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ തന്റെ ജീവിതകാലത്തു തന്നെ അവര്‍ക്കു ഭാഗ്യം ലഭിച്ചതായി നമുക്കു മനസ്സിലാക്കാന്‍ കഴിയും. അവരുടെ ജീവചരിത്രത്തിലെയും ഷഷ്ഠിപൂര്ത്തിയോടനുബന്ധിച്ചി
ഉപസംഹാരം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യശതകം മുതല്‍ കേരളത്തിന്റെ സാംസ്‌കാരികമണ്ഡലത്തില്‍ കീഴാളമായ ഉണര്‍വുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിനോടു ചേര്‍ന്നാണ് ഈഴവരുടെ സാമുദായികവളര്‍ച്ചയെയും കാണേണ്ടത്. സംസ്‌കൃതപണ്ഡിതരും കവികളും കഥാകാരന്മാരും ആയുര്‍വേദവിജ്ഞരുമായ അനേകര്‍ ഈഴവസാമുദായികതയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു ഉണ്ടായിരുന്നുവെന്നത് ചരിത്രത്തിലുണ്ട്. സി.കെ.രേവതി അമ്മയുടെ 'സഹസ്രപൂര്‍ണിമ' എന്ന ആത്മകഥയ്ക്ക് എഴുതിയ അവതാരികയില്‍ മൂര്‍ക്കോത്തു കുഞ്ഞപ്പ അതേക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. സാംസ്‌കാരികമായ സങ്കലനം ഏറെ നടക്കുന്ന ജാതിവിഭാഗമെന്ന നിലയക്ക് വടക്കേമലബാറിലെ തിയ്യരുടെ ജീവിതം സവിശേഷമാണെന്ന് അദ്ദേഹം പറയുന്നു. ഗുജറാത്തികളും പഞ്ചാബികളും വിദേശീയരും മറ്റുമായവരുമായുള്ള മിശ്രവിവാഹം ഇതിലൊരു പങ്കു വഹിച്ചു. ഒരു വിഭാഗം തിയ്യര്‍ നിത്യവൃത്തിക്കാരായ ദരിദ്രരാണെങ്കിലും മറ്റു പല കീഴാളവിഭാഗങ്ങളെ അപേക്ഷിച്ചു ധനികരായ ജന്മിമാരും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. സാക്ഷരതയുടെ കാര്യത്തിലും ഒട്ടും മോശമായിരുന്നില്ല ഈ സമുദായം. ഗ്രന്ഥസമാജം, സാഹിത്യസദസ്സ് പോലുള്ള വേദികളിലും പ്രവര്‍ത്തനപരിചയം കാഴ്ചവെയ്ക്കുന്ന പഴയകാലത്തെ ഈഴവസാമുദായികതയുടെ സാസ്‌കാരികമണ്ഡലത്തിന്റെ പരിച്ഛേദം തന്നെയാണ് മുതുകുളം പാര്‍വതിയമ്മയുടെ രചനാജീവിതത്തെയും രൂപപ്പെടുത്തിയത് എന്നു കാണാനാണ് ഇതു നമ്മെ പ്രേരിപ്പിക്കുന്നത്. ചുരുക്കത്തില്‍ സാമുദായികതയും ആത്മീയതയും സാമൂഹികതയും സവിശേഷമായി രൂപപ്പെടുത്തിയ ഒന്നാണ് മുതുകുളം പാര്‍വതിയമ്മയുടെ സാഹിത്യപ്രതിഭ എന്നു പറയാവുന്നതാണ്. സമ്പൂര്‍ണമായ അവഗണനയോ, തിരസ്‌കാരമോ അവര്‍ അനുഭവിച്ചില്ലെന്നു മാത്രമല്ല, മറ്റു സ്ത്രീ എഴുത്തുകാരെ അപേക്ഷിച്ചു കുറെയൊക്കെ ആദരിക്കപ്പെട്ടു. അതില്‍ മേല്‍ പറഞ്ഞ ഘടകങ്ങള്‍ക്കു വലിയ ധര്‍മം ആരോപിക്കാന്‍ കഴിയും എന്നാണ് ഇവിടെ പറഞ്ഞു വെയ്ക്കുന്നത്. അതു കേരളീയ ബൗദ്ധികലോകത്തിലെ സ്ത്രീസമീപനത്തിന്റെ നേര്‍ച്ചിത്രത്തെ തന്നെ പ്രതിഫലിപ്പിക്കുന്നു എന്നും പറയാം! അന്നപൂര്‍ണിയമ്മയെപ്പോലെ ഉന്മാദിനിയോ നഗ്നയോ മീരയെപ്പോലെ പ്രണയിനിയോ ആയ ഒരു പാര്‍വതിയമ്മയെ പരിമിതയായ ചെറുകവിയെന്ന നിലയ്‌ക്കെങ്കിലും സ്വീകരിക്കാന്‍ പോയകാലം, ഇന്നും തയ്യാറാവുമോ എന്നതു കൂടി ആലോചിക്കാം.
റഫറന്‍സ്:
1. ദത്തന്‍. വി., മുതുകുളം പാര്‍വതിയമ്മ (ജീവചരിത്രം) , മുതുകുളം പാര്‍വതിയമ്മ ട്രസ്റ്റ്, വിതരണം ഫേബിയന്‍ ബുക്‌സ
2. പാര്‍വതിയമ്മ മുതുകുള,ം ശ്രീമദ് ഭഗവത്ഗീത (വിവര്‍ത്തനം കിളിപ്പാട്ട്) മുതുകുളം പാര്‍വതിയമ്മ ട്രസ്റ്റ്, വിതരണം ഫേബിയന്‍ ബുക്‌സ
3. പാര്‍വതിയമ്മ മുതുകുളം, പാര്‍വതിയമ്മയുടെ കവിതകള്‍, മുതുകുളം മുതുകുളം പാര്‍വതിയമ്മ ട്രസ്റ്റ്, വിതരണം: എന്‍.ബി.എസ്, 2015
4. രേവതി അമ്മ സി.കെ, സഹസ്രപൂര്‍ണിമ, നാഷനല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം, 1977
5. എബി തോമസ്, ബുദ്ധമതം ആധുനിക കേരളത്തിലേക്കു വന്ന വഴികള്‍: ഒരു ചരിത്രപഠനം താപസം vol: XIX/Issuse: 1-2/2023
(2023 മാര്ച്ച്, ഭാഷാപോഷണി)
No comments:
Post a Comment