''വല്യമ്മയ്‌ക്കെന്താ മോഹം? വല്യമ്മയ്‌ക്കെന്തെങ്കിലും തിന്നാന്‍ വേണോ? പാലു കുടിക്കണോ? എളനീരു കുടിക്കണോ? വല്യമ്മയ്‌ക്കെന്താ മോഹം?'' രമണി ചോദിച്ചു. രോഗിണിയുടെ കണ്ണുകള്‍ വികസിച്ചു.
''പച്ച ജാക്കറ്റു വേണം. പച്ച ജാക്കറ്റിടാന്‍ മോഹാ'' രോഗിണി മന്ത്രിച്ചു.
''വല്യമ്മയ്ക്ക് ഒരു പച്ച ജാക്കറ്റ് വേണംന്ന്! '' രമണി അപ്പുക്കുട്ടന്‍ നായരോടു പറഞ്ഞു. ''പിച്ചും പേയും പറയണതാ. പച്ച ജാക്കറ്റിടണത് ഞാന്‍ കണ്ടിട്ടില്യ. വെള്ള ഖദറുമാത്രമേ മീനാക്ഷിയേടത്തി ധരിച്ചിട്ടുള്ളൂ. നല്ലപ്പന്‍കാലത്ത് ഖദറുമാത്രമേ ഉടുത്തിട്ടുള്ളൂ. എന്നിട്ടാ ഇപ്പ മരിക്കാന്‍ കാലത്ത് പച്ച ജാക്കറ്റ് വേണംന്ന് പറയണേ! വേറെ വല്ലതും ചോയിക്ക്യായിരിക്കും.''
'ഓറഞ്ചും പച്ചേം നെറള്ള ദേശീയപതാക കൊണ്ട്‌രാന്‍ പറഞ്ഞതാവും.' പഞ്ചായത്തു മെമ്പര്‍ ശങ്കുണ്ണിമേനോന്‍ പറഞ്ഞു.
'പച്ചജാക്കറ്റ്, പാലക്കാമോതിരോം. പിന്നെ ഒന്നും വേണ്ട. പാലയ്ക്കാമോതിരം!' രോഗിണി ദുര്‍ബലമായ ഒരു സ്വരത്തില്‍ പറഞ്ഞു.
മാധവിക്കുട്ടിയുടെ മീനാക്ഷിയമ്മയുടെ മരണമെന്ന ചെറുകഥയുടെ അവസാന ഭാഗമാണിത്. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായി ഖദര്‍ മാത്രം ധരിച്ചു ജീവിച്ച മീനാക്ഷിയമ്മയുടെ അന്ത്യനിമിഷങ്ങളിലെ ആഗ്രഹം പരിഗണിക്കപ്പെട്ടില്ല. മറ്റുള്ളവര്‍ നിശ്ചയിച്ചുറപ്പിച്ച മൂല്യങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരു ശരീരമായിത്തന്നെ അവര്‍ ഒടുങ്ങി; സ്വന്തം വൈയക്തികാഭിലാഷങ്ങളുടെ ചെറിയൊരു സാക്ഷാത്ക്കാരം പോലും സാധ്യമാകാതെ.
നവോത്ഥാനആധുനികത നിര്‍മ്മിച്ചുവെച്ച മൂല്യനിര്‍ഭരമായ സ്ത്രീശരീരത്തിന്റെ കെട്ടുപാടുകളെ പുനര്‍വിചിന്തനം ചെയ്യുന്ന സന്ദര്‍ഭമാണിത്. ഫാഷനിലേക്കുള്ള പാതയില്‍ മൂല്യഭാരങ്ങളെ കൈയൊഴിയാന്‍ ശരീരങ്ങള്‍ക്കു കഴിയാറുണ്ടോ? പഴയ മൂല്യങ്ങള്‍ക്കു പകരം പുതിയ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണോ? സ്വന്തം ശരീരത്തിനുമേലുള്ള സ്വയംഭരണാവകാശം പുതിയ ഫാഷന്‍ സ്ത്രീകള്‍ക്കു നല്‍കുന്നുണ്ടോ? ഫാഷനിലൂടെ പുതിയ സ്‌ത്രൈണത മുന്നോട്ടുവെയ്ക്കുന്ന കാമനകളും വിമോചനസങ്കല്‍പ്പങ്ങളുമെന്തെല്ലാം? ഈ ചോദ്യങ്ങളെല്ലാം പൗരുഷനിര്‍മ്മിതിയുടെ ചരിത്രത്തിലും പ്രസക്തമായവതന്നെ. ആധുനികതയുടെ ലിംഗമൂല്യപരിഗണനയില്‍ നിന്ന് പുരുഷശരീരവും ഒട്ടും മുക്തമായിരുന്നില്ല. പൗരുഷത്തിന്റെ രൂപപരമായ മൂല്യങ്ങളും സ്‌ത്രൈണതയുടേതുപോലെ സംഘര്‍ഷഭരിതവും സങ്കീര്‍ണ്ണവുമായിരുന്നു. ആധുനികതയുടെ അടിസ്ഥാനംതന്നെ കൃത്യവും വ്യക്തവുമായി വേര്‍തിരിച്ചു നിര്‍ത്തിയ ലിംഗഭേദമായിരുന്നു. ലിംഗഭേദത്തിന്റ മാനകങ്ങള്‍ ഫാഷനിലും മറ്റനേകം ഘടനകളിലും പ്രവര്‍ത്തിച്ചതിന്റെ കേരളീയസന്ദര്‍ഭങ്ങളെ സ്ത്രീചരിത്രകാരികള്‍ മുമ്പുതന്നെ വിശദമാക്കിയിട്ടുണ്ട്. പുതിയകാല പ്രവണതകളെ അടുത്തുനിന്നു പരിശോധിക്കുന്നതിനൊപ്പം ഫാഷനുമായി ബന്ധപ്പെട്ട് മലയാളിസമൂഹം വിവിധകാലങ്ങളില്‍ നടത്തിയിട്ടുള്ള സംവാദങ്ങളിലൂടെ കടന്നുപോകുന്നതും ഉപയോഗപ്രദമാണ്. ഫാഷന്‍തരംഗങ്ങളുടെ അടിയൊഴുക്കുകള്‍ മനസ്സിലാക്കാന്‍ അതു നമ്മെ പ്രാപ്തരാക്കും.
ഏറ്റവും പുതിയ ഫാഷനെ നോക്കിക്കാണുമ്പോള്‍ തോന്നുന്ന പ്രധാന വസ്തുത മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി മൂല്യങ്ങളുടെ ബാധ്യതയെ പതുക്കെപ്പതുക്കെ കൈയൊഴിയുന്ന ഒരു ശൈലി രൂപപ്പെടുന്നതായി കാണാന്‍ സാധിക്കുന്നുവെന്നതാണ്. എന്നാല്‍ പ്രത്യേകസന്ദര്‍ഭങ്ങളില്‍ (ഓണാഘോഷം പോലുള്ളവ)മൂല്യവിനിമയം നടത്തുന്ന കൃത്രിമമായ ഒരു കോഡ് ആയി വേഷവിധാനങ്ങള്‍ മാറുന്നുണ്ട്. സെറ്റുസാരിയും മുല്ലപ്പൂവും ചന്ദനക്കുറിയും മറ്റും കോഡുകള്‍ ആയിരിക്കെത്തന്നെ ആദര്‍ശാത്മകതയുടെ പൂര്‍വ്വഭാരമില്ലാതെ വിനിമയം ചെയ്യപ്പെടുന്നു എന്നര്‍ത്ഥം.
ശരീരത്തെയും വസ്ത്രത്തെയും ലിംഗകൃത്യതയുടെയും ശാരീരികമായ അനുയോജ്യതയുടെയും വൃത്തി/വെടുപ്പുകളുടെയുമൊക്കെ സാക്ഷാത്ക്കാരമാക്കി തീര്‍ക്കുന്ന മൂല്യങ്ങളെ പുതിയ തലമുറ കുടഞ്ഞുകളയുന്നുണ്ട്. ഒപ്പം മേല്‍പ്പറഞ്ഞതുപോലെ ആദര്‍ശാത്മകതയുടെ പൂര്‍വ്വഭാരമില്ലാതെ പരമ്പരാഗതവസ്ത്രങ്ങളും എടുത്തണിയുന്നുണ്ട്. ശിഥിലമായ ഈ ശൈലിയാണ് പുതിയ ഫാഷന്റെ അടിസ്ഥാനമൂല്യമായി പ്രവര്‍ത്തിക്കുന്നതെന്നു പറയാം. ഈ ശിഥിലത ഫാഷനെ സംബന്ധിച്ച എക്കാലത്തെയും ചില പ്രമാണങ്ങളെ ശരിവെയ്ക്കുകയും ചെയ്യുന്നു. നിത്യയൗവനവും അനശ്വരതയും ശരീരത്തിലാണ് നാം സാക്ഷാത്ക്കരിക്കുന്നത്. ശരീരത്തെ പുനഃക്രമീകരിക്കുകയും പുനര്‍നിര്‍വ്വചിക്കുകയും ചെയ്തുകൊണ്ട് ആഗ്രഹിച്ചത്രതന്നെ പൂര്‍ണ്ണതയിലേക്കു നടത്തുന്ന വ്യവഹാരമാണ് ഫാഷന്‍. ഇവിടെ നശ്വരതയെ സംബന്ധിച്ച ഒരു വൈരുധ്യമുണ്ട്. ഓരോ ഫാഷനും തുടങ്ങുന്നത് അതിനു മുമ്പുള്ള ഫാഷനുമായി കൃത്യമായ വേര്‍തിരിവിലും നിശ്ചിതമായ തുടര്‍ച്ചയിലുമാണ്. പെട്ടെന്നു മാറാന്‍ തയ്യാറാണെന്ന ഉറപ്പ് ഓരോ ഫാഷന്റെയും മുന്നുപാധി പോലുമാണ്. ഫാഷന്റെ ഈ നശ്വരതയാണ് വ്യക്തിയുടെ ശാരീരികാനശ്വരയ്ക്കായുള്ള ഇച്ഛയെ നിലനിര്‍ത്തുന്നതെന്നുപോലും പറയാം.
എന്നാല്‍ ഫാഷനിലൂടെ ശാരീരിക അനശ്വരതയ്ക്കായുള്ള ഈ തൃഷ്ണയെ മലയാളി സാംസ്‌കാരികലോകം വളരെ മ്ലേച്ഛമായാണ് കണ്ടത്. എം.ടി.യുടെയും യേശുദാസിന്റെയും മുടികറുപ്പിക്കലിനെ മുന്‍നിര്‍ത്തി കല്‍പ്പറ്റ നാരായണന്‍ എഴുതുന്നു: ''എന്താണ് ഡൈ ചെയ്യുമ്പോള്‍ സംഭവിക്കുന്നത്? യുവാവിന്റെ കറുത്തമുടിയുളള ഒരു പൊയ്മുഖം നിങ്ങള്‍ വെയ്ക്കുകയാണ്. പ്രതീതി മതിയാവുന്ന ഒരു ലോകവുമായി നിങ്ങള്‍ ഒത്തുതീര്‍പ്പിലെത്തുകയും അത്തരമൊരു ലോകത്തെ വ്യാപിപ്പിക്കുകയുമാണ്... യാഥാര്‍ത്ഥ്യത്തെ ഭയപ്പെടുന്ന ഒരു ലോകത്തിരുന്ന് ചായമടിക്കുകയാണ്.'' ഈ ഉദ്ധരണിയില്‍ മുഴച്ചുനിര്‍ക്കുന്ന 'കൃത്രിമത്വം' എന്ന ആശയം എല്ലായ്‌പ്പോഴും മുന്‍പു സൂചിപ്പിച്ച മൂല്യഭാരം നിറഞ്ഞ ഒന്നാണ്. സൗന്ദര്യമെന്നത് ശുദ്ധവും മൗലികവുമാണ് എന്ന് കരുതപ്പെട്ടു. അത് പ്രായമാവല്‍ എന്ന പ്രക്രിയയെ ജൈവികമായും സ്വാഭാവികമായും നിര്‍വ്വചിക്കുന്നു.
കൃത്രിമസൗന്ദര്യത്തെ അവതരിപ്പിക്കുന്നതിന്റെ ഒരു ആദ്യകാല മാതൃക 1935 ജനുവരി 14 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കാണാം. 'സൗന്ദര്യത്തിന്റെ വശ്യശക്തി' എന്ന ലേഖനത്തില്‍ പറവൂര്‍ കെ ഗോപാലപിള്ള എഴുതി: ''സൗന്ദര്യം നൈസര്‍ഗ്ഗികമെന്നും കൃത്രിമസൃഷ്ടമെന്നും രണ്ടുവകയുണ്ട്. സ്‌നാനം, വ്യായാമം, സുഗന്ധതൈലപരിശീലനം, വസ്ത്രാഡംബരങ്ങള്‍ മുതലായവകൊണ്ടുണ്ടാവുന്നവയാണ് കൃത്രിമസൗന്ദര്യം. ഈ സൗന്ദര്യത്തിന് ദിവ്യത്വം പോരാ. സാഹചര്യങ്ങളാല്‍ മാത്രം ഉദ്ദീപിക്കപ്പെട്ടുണ്ടാവുന്ന ഈ സൗന്ദര്യം വൈദ്യുതദീപമെന്ന പോലെയും നൈസര്‍ഗ്ഗികം നിലാവൊളിപോലെയുമാകുന്നു.'' സൗന്ദര്യാലങ്കാരങ്ങളെ അനുകരണഭ്രമമായിട്ടാണ് പുത്തേഴത്തു രാമന്‍മേനോനെപ്പോലുള്ള ആദ്യകാല ഗദ്യകാരന്മാരും കണ്ടത്. ഇതു സംബന്ധിച്ച് അദ്ദേഹം ലക്ഷിഭായിയില്‍ സ്ത്രീകളുടെ പരിഷ്‌കാരഭ്രമങ്ങളെ ശരവ്യമാക്കുന്ന രണ്ടു ലേഖനങ്ങള്‍ എഴുതുകയുണ്ടായി. ''പടുകിളവികളെക്കൂടി മുഴുത്തഭ്രാന്തുപിടിപ്പിക്കുന്ന അനുകരണഭ്രമത്തിന്റെ ശക്തി അപാരം തന്നെ. കുറഞ്ഞത് അമ്പത്തഞ്ചുവയസ്സു പ്രായമുള്ള ഒരു 'തള്ള', ഒരു കല്യാണത്തിനു ചെല്ലാത്തതു 'മുത്തശ്ശിയുടെ ജാക്കറ്റ് അലക്കിവന്നിട്ടില്ലാ'ത്തതു കൊണ്ടാണെന്നു കൂട്ടത്തില്‍ ഒരു കുട്ടി അറിയാതെ പറഞ്ഞുപോയി. പാവം! ആ കുട്ടി ആ വാക്കുകളുടെ ഗൗരവം അത്ര ആലോചിച്ചില്ല. കഷ്ടം! രുദ്രാക്ഷമാല പൊട്ടിപ്പോയതുകൊണ്ടാണ് വരാതിരുന്നതെങ്കില്‍ നമുക്ക് എത്ര വളരെ ഭക്തിബഹുമാനങ്ങള്‍ ആ മുത്തശ്ശിയോടു തോന്നുമായിരുന്നു? കുഴിയിലേക്കു കാലും നീട്ടി, സകലരോഗസംഹാരിയായ 'മാവിന്‍പശ'യുടെ മാഹാത്മ്യത്തെ ഓര്‍ത്തു മോക്ഷസിദ്ധിക്കു നാമം ജപിച്ചിരിക്കേണ്ടുന്ന മുത്തശ്ശിയെക്കൂടി ഭ്രാന്തുപിടിപ്പിച്ചു യൗവനഭ്രാന്തിയുണ്ടാക്കി ഇപ്രകാരം കളിപ്പിക്കുന്ന പരിഷ്‌കാരഭ്രമത്തിന്റെ വിശ്വാസം വിസ്മയനീയം തന്നെ. പരിഷ്‌കാരം വന്നതോടുകൂടി വയസ്സാകുന്നതു വലിയ അപമാനമായിത്തീര്‍ന്നിരിക്കുന്നു. ഇതിന്നുമുമ്പ് വയസ്സാകുന്നതത്ര നിന്ദ്യമായിരുന്നില്ല. ഇപ്പോള്‍ ആ വര്‍ത്തമാനം ആരെയും അറിയിക്കാന്‍ പാടില്ല. പണ്ടെല്ലാം 'നരച്ചതലയെ ബഹുമാനിക്കുക' എന്നതായിരുന്നു നിയമം. ഇപ്പോള്‍ നേരെ മറിച്ചാണ്. അതുകൊണ്ട് നരച്ചമുടിയെല്ലാം ഉടനെ സകലരും ചായം തേച്ചു കറുപ്പിക്കുന്നു. ഓരോ കാലം. അത്രേയുള്ളൂ. കല്‍ക്കട്ടയിലെ കവിരാജന്മാര്‍ക്കും അവരെപ്പോലെയുള്ള മറ്റു വൈദ്യന്മാര്‍ക്കും അവരുടെ മരുന്നുകളെക്കുറിച്ച് പ്രസിദ്ധപ്പെടുത്തുന്ന കടലാസ്സുകാര്‍ക്കും വളരെ നല്ല കാലം. വെഞ്ചാമരം പോലെ നരച്ച മുടി ചായംതേച്ചു കറുപ്പിക്കാമെങ്കില്‍ നഷ്ടപ്പെട്ടുപോയ യൗവനം വീണ്ടെടുത്ത ഫലമായില്ലേ?'' (ലക്ഷ്മിഭായി, 1090, മകരം)
ശാരീരികാലങ്കാരങ്ങളിലും ഫാഷനിലുമുള്ള മനുഷ്യരുടെ താല്‍പ്പര്യം ഇത്രമാത്രം അപഹസിക്കപ്പെടേണ്ടതായി പുതിയ കാലത്ത് കരുതപ്പെടുന്നില്ല. മറിച്ച് സ്വന്തം ശരീരത്തിന്മേല്‍ വ്യക്തിക്കുള്ള അവകാശാധികാരങ്ങളായും ഇത്തരം ആധികാരികതകളിലൂടെ രൂപപ്പെടുന്ന പൗരത്വപദവിയായും ഫാഷന്‍ കാമനകളെ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ ഇന്നുണ്ട്. അതേസമയം യാഥാസ്ഥിതികവും പ്രബലവുമായ മറ്റൊരു ദിശയും തീര്‍ച്ചയായും സജീവമാണ്. വിനായകന്റെ ആത്മഹത്യയ്ക്കു പിന്നില്‍ അതാണ്. പൗരത്വകാമനകള്‍ ജാതിനിര്‍മുക്തമല്ലെന്നുകൂടി നാമിവിടെ തിരിച്ചറിയുന്നു. സ്ത്രീവാദചിന്തകളിലെ മാറിയ കാഴ്ചപ്പാടുകള്‍ സ്ത്രീയുടെ ആഗ്രഹ/ആഹ്ലാദമണ്ഡലങ്ങളെ സ്വത്വസമര്‍ത്ഥനവുമായി ബന്ധപ്പെടുത്തി കാണുന്നു.
പുരുഷനെ ആകര്‍ഷിക്കുക എന്ന ഒരു ധര്‍മ്മമാണ് സ്ത്രീയലങ്കാരങ്ങള്‍ക്കുള്ളത് എന്ന പരമ്പരാഗതവീക്ഷണത്തിലധിഷ്ഠിതമായ ചിന്തതന്നെ സ്വാഭാവികമായും ഇന്ന് അപ്രസക്തമായിരിക്കുന്നു. സ്വന്തം ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള, 'സെല്‍ഫ്‌കെയറി'ന്റെയും 'സെല്‍ഫ്‌ലവി'ന്റെയും പ്രേരണകള്‍ ഓരോരുത്തരെയും ആദര്‍ശാത്മകമൂല്യങ്ങളുടെ ബാധ്യതകളില്ലാതെ സ്വതന്ത്രരാക്കുന്നുണ്ട്, സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ തന്റെയിടങ്ങള്‍ പ്രധാനമാണ്. അതവരുടെ പൗരത്വത്തെയും അന്തസ്സിനെയും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. സരസ്വതിയമ്മയെപ്പോലുള്ള കഥാകാരികള്‍ ഇത്് മുമ്പേതന്നെ ഒരു രാഷ്ട്രീയസാധ്യതയായി തിരിച്ചറിഞ്ഞിട്ടുണ്ട്. വിവാഹവിരോധിയും പുരുഷവിരോധിയുമായ ശാരദ പുറത്തുപോകാന്‍ നേരം വൈകിയിട്ടും അണിഞ്ഞൊരുങ്ങളില്‍ മുഴുകുമ്പോള്‍ കൂട്ടുകാരി വാസന്തി അക്ഷമയോടെ പറഞ്ഞു
''നിത്യകന്യകയായി ജീവിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഈ ഒരുക്കത്തിന്റെ ആവശ്യമെന്ത്?'' ഉടനെ ശാരദയുടെ മറുപടി, '' പരാഗസംക്രമണംകൊണ്ട് ഫലമുണ്ടാകാത്ത ചെടിക്കള്‍ക്ക് പ്രകൃതി, ഭംഗിയുള്ള പൂക്കള്‍ കൊടുക്കുന്നതെന്തിന് എന്നായിരുന്നു.(ജെ. ദേവിക, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടാവുന്നതെങ്ങിനെ)
ഇപ്രകാരം ലിംഗഭേദത്തിലൂന്നിയ ലൈംഗികാകര്‍ഷണം, ആദര്‍ശാത്മകത മുതലായ നിരവധി മൂല്യങ്ങളില്‍ നിന്നു സ്വതന്ത്രമായിക്കൊണ്ടിരിക്കുകയാണ് ഏറ്റവും പുതിയ ഫാഷന്‍ പ്രവണതകള്‍. എന്നാല്‍ സിനിമ, ടെലിവിഷന്‍, പരസ്യങ്ങള്‍, മറ്റു നവമാധ്യമങ്ങള്‍ തുടങ്ങിയവയുടെ ചിഹ്നവ്യവസ്ഥയില്‍ പരസ്പരം ആകര്‍ഷിക്കുന്നതിന്റെ മാനങ്ങള്‍ ഒട്ടൊക്കെ സജീവമാണുതാനും. ഈ രണ്ടു ഘടനകള്‍ക്കിടയിലെ സംഘര്‍ഷങ്ങളും സന്ദിഗ്ദ്ധതകളുമാണ് അലങ്കരിക്കപ്പെടുന്ന പുതിയ ശരീരം ഇന്നനുഭവിക്കുന്നത്. അവയുടെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനു മുമ്പ് ലിംഗഭേദം ശരീരങ്ങളില്‍ കൃത്യതയോടെ ഉറപ്പിച്ചെടുത്തതില്‍ വിവിധതരം ബലതന്ത്രങ്ങള്‍ വ്യത്യസ്തതരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യായാമവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിലൂടെ അവയെ മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഇനി. ഫാഷന്‍പ്രവണതകളോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നതിനാലാണ് ഇതിനെ നാം തിരഞ്ഞെടുക്കുന്നത്.
വ്യായാമവും ലിംഗഭേദവും
ആധുനിക ദാമ്പത്യവ്യവസ്ഥയ്ക്കനുയോജ്യമായ വിധത്തില്‍ പരിഷ്‌കാരമുള്ളവരും ആരോഗ്യമുള്ളവരുമെന്ന നിലയില്‍ സ്ത്രീകളെയും ശരീരപുഷ്ടിയും കായബലവുമുള്ള ഊര്‍ജ്ജസ്വലരായ ബലശാലികളായി പുരുഷന്മാരെയും രൂപകല്പന ചെയ്യുന്ന മട്ടിലാണ് ആദ്യകാലത്തെ ആരോഗ്യ/വ്യായാമ ചിന്തകള്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ശരീരപുഷ്ടി കൈവരിക്കുന്നതിനുള്ള മരുന്നുകളുടെ ഒരു കുത്തൊഴുക്കു തന്നെയുണ്ടായി. ലൈംഗികശക്തിയും ഇന്ദ്രിയസുഖവും വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ മുതല്‍ സിക്‌സ്പാക്ക് ബോഡി പ്രദാനം ചെയ്യുന്ന ലേഹ്യങ്ങള്‍ വരെ അക്കാലത്ത് വിപണി കീഴടക്കാന്‍ തുടങ്ങി. ഇവ പുരുഷന്മാരെയാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ സ്ത്രീകള്‍ക്ക് തൊലിമിനുപ്പും മാംസളതയും നീണ്ട മുടിയും സുഖപ്രസവവുമൊക്കെയായിരുന്നു വേണ്ടിയിരുന്നത്. സ്ത്രീപുരുഷന്മാരെ സംബന്ധിച്ച വ്യത്യസ്ത ശരീരസങ്കല്‍പ്പങ്ങളാണ് ഇവ മുന്നോട്ടു വച്ചിരുന്നത്.
വ്യായാമം എല്ലാവര്‍ക്കും നല്ലതാണെന്നു പറയുമ്പോഴും ആണിനും പെണ്ണിനും വ്യത്യസ്തമായ വ്യായാമമുറകള്‍ എന്ന നിലയ്ക്കാണവ ആദ്യകാലത്തു പരിഗണിക്കപ്പെട്ടിരുന്നത്. 1916 മാര്‍ച്ചിലെ മിതവാദിയില്‍ ഭാരതകേസരി പത്രക്കാര്‍ ലേഡി സാന്റോ എന്നു പ്രസിദ്ധയായ മിസ് താരാഭായിയുമായി നടത്തിയ ഒരു സംഭാഷണത്തിന്റെ റിപോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആണിനും പെണ്ണിനും വ്യായാമമുറകള്‍ എങ്ങനെ വ്യത്യസ്തമായിരിക്കണമെന്നവര്‍ വിശദീകരിക്കുന്നു. അവര്‍ പറയുന്നു: ''ഇന്ത്യന്‍ വ്യായാമങ്ങളാണ് നമുക്കു വേണ്ടതും നല്ലതും. സാന്റോ സിസ്റ്റം ശരീരത്തിന്റെ പുറമേയുള്ള ഷേപ്പ് ഭംഗിയാക്കുന്നതിനാണ് അധികം ഉപയോഗിക്കുന്നത്. അതും ഞാന്‍ കുറേ ശീലിച്ചുനോക്കി. അതിനേക്കാള്‍ ഗുണം ഞാനിപ്പോള്‍ പതിവായി ശീലിക്കുന്ന 'ഭണ്ഡ', 'ഭട്ടിക' എന്നിവയാണ്. യുവാക്കള്‍ അത് ശീലിച്ചാല്‍ നന്ന്. ശ്വാസോച്ഛ്വാസങ്ങളില്‍ ശക്തിയുണ്ടാക്കുന്ന ഏതെങ്കിലും ഒരു വ്യായാമമാണ് ഇന്ത്യന്‍ യുവതികള്‍ക്കു വേണ്ടത്.'' കസര്‍ത്തും ബസ്‌ക്കിയും പുരുഷന്മാര്‍ക്കു നിര്‍ദ്ദേശിക്കുന്ന താരാഭായി സ്ത്രീകള്‍ക്ക് ശ്വസനക്രിയകള്‍ അനുശാസിക്കുന്നതിലൂടെ സ്ത്രീ/പുരുഷ ശരീരങ്ങളുടെ വ്യതിരിക്തതമായ രൂപവ്യത്യാസങ്ങളിലാണ് ഊന്നുന്നത്. താരാഭായിയുടെ അതേ അഭിപ്രായം 1916 ഫെബ്രുവരി മിതവാദിയില്‍ ജി രാമന്‍മേനോനും പ്രകടിപ്പിക്കുന്നുണ്ട്: ''ശരീരത്തിന്റെ ദൃഢതയും പേശീബലവും പുരുഷനുള്ളതാണ്; മാര്‍ദ്ദവവും മാംസളതയുമാണ് സ്ത്രീയ്ക്കു വേണ്ടത്''എന്നദ്ദേഹം തെളിച്ചെഴുതുന്നു.
ഇതേ ആശയം അറുപതുകളിലും സജീവചര്‍ച്ചാവിഷയമായിരുന്നു. 'സൗന്ദര്യം ഉരുണ്ടോ പരന്നോ?' എന്ന നര്‍മ്മലേഖനത്തില്‍ പി.കെ.രാജരാജവര്‍മ്മ സൗന്ദര്യവിപ്ലവത്തെ മുന്‍നിര്‍ത്തിയുള്ള ഒരു വാദപ്രതിവാദം അവതരിപ്പിക്കുന്നുണ്ട്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1961 ജനുവരി 1) അന്നാമ്മച്ചേടത്തി, കുഞ്ഞങ്ങേലി, ചക്കി മുതലായവരുമായുള്ള സംവാദത്തിനൊടുവില്‍ കുഞ്ചിയമ്മ കല്പിക്കുന്ന തീര്‍പ്പ് പുരുഷന്മാര്‍ക്കു പരന്ന സൗന്ദര്യം, സ്ത്രീകള്‍ക്ക് ഉരുണ്ട സൗന്ദര്യം എന്നതാണ്. ഇത്തരം സങ്കല്‍പ്പങ്ങള്‍ ഒരുമിച്ചവതരിപ്പിക്കുന്ന ഒട്ടനേകം പരസ്യങ്ങളും അക്കാലത്തെ ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ശ്രീകൃഷ്ണഫാര്‍മസിയുടെ ച്യവനാട്ടോണ്‍ കരിംകുരങ്ങു രസായനത്തിന്റെയും നീലിഭൃംഗാദി തൈലത്തിന്റെയും സംയുക്തപരസ്യത്തില്‍ സ്ത്രീശരീരത്തെയും പുരുഷശരീരത്തെയും കുറിച്ചുള്ള മാതൃകകള്‍ ചേര്‍ത്തുവെച്ചിരിക്കുകയാണ്. സിക്‌സ്പാക്ക് പുരുഷനും നീണ്ട മുടിയും മാംസളശരീരവുമുള്ള ഒരു സ്്ത്രീയും. ജയഭാരതം ആര്യവൈദ്യശാല പുറപ്പെടുവിച്ച കരിങ്കുരങ്ങു രസായനവും അമൃതപ്രാശരസായനവും ഇതേ കോമ്പിനേഷന്റെ ആവര്‍ത്തനമാണ്. ഇത്തരം പരസ്യകോമ്പനേഷനുകള്‍ മറ്റു കമ്പനികളും പുറപ്പെടുവിച്ചിരുന്നു.
പെണ്ണുങ്ങളുടെ ശരീരം എത്ര തടിച്ചിരിക്കണം എന്നതോടൊപ്പം അവര്‍ എങ്ങനെ നടക്കണം, നില്‍ക്കണം, നോക്കണം എന്നുവരെയുള്ള സങ്കല്‍പ്പനങ്ങളും അനുശാസനകളും ഇക്കാലത്ത് വികസിച്ചുവന്നു. ശരീരനിലകള്‍ (യീറ്യ ുീേൌൃല)െ എക്കാലത്തും ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ സുപ്രധാനഭാഗമായിരുന്നു. നല്ല രീതിയിലുള്ള ശരീരനിലകള്‍ സ്ത്രീകളുടെ സൗന്ദര്യത്തെയും അന്തസ്സിനെയും സര്‍വ്വോപരി സ്ത്രീത്വത്തെയും കാത്തുസൂക്ഷിക്കുന്നുവെന്നാണ് പത്മിനി ബാലകൃഷ്ണന്‍ വാദിക്കുന്നത്. (നല്ലാകാരമതിന്നലങ്കരണം, 1961, നവംബര്‍ 19, മാതൃഭൂമി ആഴ്ചപ്പതിപ്പ്). അക്കാലത്തെ ഫാഷന്‍ചര്‍ച്ചകളെ സ്വാധാനിച്ച ആശയങ്ങളാണ് ഇതൊക്കെ. തടിച്ച മാദകമായ ശരീരങ്ങളുമായി ബന്ധപ്പെട്ട സ്ത്രീസൗന്ദര്യസങ്കല്‍പ്പം പുതിയതിന് വഴിമാറിയിട്ട് അധികമായില്ല.
ശരീരനിലകളും ഫാഷനും
വര്‍ത്തമാന കാലത്ത് മലയാളിസ്ത്രീയുടെ ഫാഷന്‍ ചരിത്രത്തിലെ നിര്‍ണ്ണായകമായ പരിഷ്‌കാരത്തിനു തുടക്കം കുറിച്ച വസ്്ത്രമാണ് ചുരിദാര്‍. സ്ത്രീകളുടെ ചലനം, ശരീരനില, ശാരീരികാവിഷ്‌കാരം തുടങ്ങി ഒട്ടേറെ ഘടകങ്ങളെ മുന്‍നിര്‍ത്തി ചുരിദാര്‍, സ്ത്രീജീവിതത്തെ സ്വതന്ത്രമാക്കുന്നുണ്ട്. ആദ്യകാലത്ത് അശ്ലീലമായും മുസ്‌ലിം വേഷമായുമൊക്കെ ആരോപിക്കപ്പെട്ടിരുന്ന ചുരിദാര്‍ 'കുലീന'വും 'മാന്യ'വുമായ സാരിയുടെ അപരമായാണ് കരുതപ്പെട്ടത്. എങ്കിലും ഏറെ താമസിയാതെ മലയാളിസ്ത്രീയുടെ സര്‍വസാധാരണമായ വേഷമായി അതു മാറി. ഫാഷനുകള്‍ മാറിമാറിവന്ന ഘട്ടങ്ങളില്‍ ചുരിദാര്‍ ടോപ്പിനേക്കാള്‍ ബോട്ടം നിര്‍ണ്ണായകമാവുകയും ചെയ്തു. ഇറക്കം കുറഞ്ഞുവന്ന ടോപ്പുകളും അവയുടെ വശങ്ങളിലെ സ്ലിറ്റുകളും ബോട്ടത്തെ എടുത്തുകാണിച്ചു. ടോപ്പിലെ അതേ അലങ്കാരങ്ങള്‍ ബോട്ടത്തില്‍ നിരന്തരം പലതരത്തില്‍ വിന്യസിക്കപ്പെട്ടു. അവ ഒരേസമയം പല വിധത്തിലുള്ള ചോയ്‌സുകളെ സമാന്തരമായി നിലനിര്‍ത്തി. സാദാ/പാട്യാല/ചുരി/പഞ്ചാബി/ബെല്‍/പഫ് മുതലായ പലതരം വിശേഷങ്ങളോടെ ബോട്ടം വ്യവഹരിക്കപ്പെട്ടു. ഇതിലൂടെ നടന്ന അട്ടിമറി അതുവരെ ഒന്നായി, ഒരൊറ്റ ഏകകമായി സാരിക്കടിയിലോ മുണ്ടിനടിയിലോ പാവാടയ്ക്കടിയിലോ ഒതുക്കിവെച്ചിരുന്ന കാലുകള്‍ സ്വതന്ത്രവും ദൃശ്യവുമായി കൂടുതല്‍ ചലനാത്മകത കൈവരിച്ചുവെന്നതാണ്. ഇരുചക്രവാഹനങ്ങളില്‍ കാലുകള്‍ ഇരുവശത്തുമായി ഇട്ടുകൊണ്ട് യാത്ര ചെയ്യുന്ന സ്്ത്രീകള്‍ പതിവുകാഴ്ചയായി. പൊതുവിടങ്ങളിലെ ദൃശ്യതയും ചലനാത്മകതയും സ്ലിറ്റുകളും എല്ലാം ചേര്‍ന്ന് കാലുകളെ പുതിയ രൂപത്തിലും ഭാവത്തിലും അര്‍ത്ഥത്തിലും നിര്‍മ്മിച്ചെടുത്ത് കാലുകളുടെ വടിവ് പ്രകടമാക്കി. അരനൂറ്റാണ്ടിന്റെ ചരിത്രത്തില്‍ രണ്ടുകാലുകളുള്ള ജീവികളാണ് തങ്ങളെന്ന് സ്ത്രീകള്‍ സ്വയം കണ്ടെത്തുകയായിരുന്നു.
ഇതോടൊപ്പം ടോപ്പിലും ബോട്ടത്തിലും കടന്നുവന്ന പോക്കറ്റുകള്‍ ഇതിനനുബന്ധമായിത്തന്നെ സ്വാതന്ത്ര്യത്തിന്റെ മുദ്രയായിത്തീര്‍ന്നു. പൊതുസ്ഥലത്തുവെച്ച് സ്വന്തം ശരീരത്തില്‍ എവിടെയൊക്കെ സ്പര്‍ശിക്കാമെന്നതുപോലും പ്രശ്‌നാധിഷ്ഠിതമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ബോട്ടത്തിന്റെ സ്ഥാനത്ത് ജീന്‍സും പാന്റും വന്നുതുടങ്ങിയതായിരുന്നു അടുത്ത ഫാഷന്‍. മിക്കപ്പോഴും സ്ത്രീകള്‍ക്ക് അനഭിമതമായിത്തുടര്‍ന്ന ജീന്‍സിനെ ബോട്ടത്തിന്റെ ഈ പുതിയ വിശാലമായ സ്വാതന്ത്ര്യത്തിലൂടെ സ്വീകരിച്ചുതുടങ്ങി. ടോപ്പുകള്‍ ഷര്‍ട്ടുകളെപ്പോലെ കുറഞ്ഞ ഇറക്കത്തിലായപ്പോഴെല്ലാം ഈ മാറ്റം ആണ്‍വേഷങ്ങളെന്നു കരുതപ്പെട്ടിരുന്നവയെ ചുരിദാറിലൂടെ 'ഒളിച്ചു'കടത്തുകയായിരുന്നു.
അടിവസ്ത്രം:
സന്ദിഗ്ദ്ധതകളും അട്ടിമറികളും
ചുരിദാര്‍ കാലുകളെ പ്രകാശനക്ഷമമാക്കിയ ഊര്‍ജ്ജത്തിന്റെ തുടര്‍ച്ചയില്‍ നിന്നാണ് ലെഗ്ഗിന്‍സ് സ്വീകരിക്കപ്പെട്ടത്. ശരീരത്തോടു ചേര്‍ന്നു കിടന്ന് കാലുകളുടെ വടിവിനെ പൂര്‍ണ്ണമായും വെളിപ്പെടുത്തിക്കൊണ്ടുള്ള ലെഗ്ഗിന്‍സിന്റെ വരവ് അത്ര സുഗമമായിരുന്നില്ല. ഇന്നും അതിന്റെ ശുദ്ധാശുദ്ധവിവേചനങ്ങള്‍ അവസാനിച്ചിട്ടുമില്ല. ലെഗ്ഗിന്‍സ് തരംഗത്തിന്റെ തുടക്കത്തില്‍ വന്നവയില്‍ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയത് 'ലെഗ്ഗിന്‍സ് മദമിളകിയ പെണ്ണുങ്ങള്‍'(ലക്ഷ്മീബായി തമ്പുരാട്ടി, കലാകൗമുദി, ജൂണ്‍ 9, 2013) എന്ന ലേഖനമാണ്. അവര്‍ എഴുതി: ''ലെഗിന്‍സ് ധരിക്കുന്നതിലൂടെ നമ്മുടെ പെണ്‍കുട്ടികള്‍ മാന്യതയും നഗ്നതയും തിരിച്ചറിയാതെ പോകുന്നു. ലെഗിന്‍സ് ധരിച്ച സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ അരയ്ക്കു താഴെ നഗ്നരായി നടക്കുകയാണ്.'' ഒരടിവസ്ത്രം മാത്രമിട്ടു നിരത്തില്‍ അലഞ്ഞുതിരിയുന്ന കേരളീയസ്ത്രീകളുടെ കൂസലില്ലായ്മ തന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുവെന്ന് ലേഖിക തുടര്‍ന്നെഴുതുന്നു. ലെഗിന്‍സ് നിയമം മൂലം നിരോധിക്കേണ്ടതാണെന്നുപോലും അവര്‍ പറഞ്ഞുവെച്ചു. ലെഗിന്‍സ് ഒരു അടിവസ്ത്രമാണ് എന്നാണ് ലേഖനം ഊന്നിയത്. അതിന് നിരവധി ചരിത്രപരമായ വിശദീകരണങ്ങളും അവര്‍ നല്‍കി.
ലെഗിന്‍സ് അടിവസ്ത്രമാണെന്ന ലക്ഷ്മിഭായിയുടെ വാദം ഭാഗികമായ അര്‍ത്ഥത്തില്‍ ശരിയാണെന്നു തന്നെ പറയണം. എന്നാല്‍ അതുകൊണ്ടെന്താണെന്നു ചോദിക്കുന്നതിനു പകരം അതു മേല്‍വസ്ത്രമാണെന്നു വാദിക്കുകയാണ് ലേഖനത്തെ പ്രതിരോധിച്ചു മറുപടി പറഞ്ഞ ഏറെപ്പേരും അന്നു ചെയ്തത്. വാസ്തവത്തില്‍ അടിവസ്ത്രം മേല്‍വസ്ത്രമായി മാറുന്ന ഒരു അട്ടിമറിപ്രക്രിയയാണ് ലെഗിന്‍സിന്റെ പ്രചാരത്തിലൂടെ സംഭവിക്കുന്നത്. അതായത് മറ്റിടത്തെന്ന പോലെ ഇവിടെയും മേല്‍വസ്ത്രത്തിനടിയില്‍ ധരിച്ചിരുന്നതും തികച്ചും അടിവസ്ത്രത്തിന്റെ ധര്‍മ്മം പുലര്‍ത്തുന്നതുമായ ഒന്നായിരുന്നു ലെഗിന്‍സ്. എന്നാലത് മേല്‍വസ്ത്രമായ ചുരിദാര്‍ടോപ്പിന്റെ സ്ലിറ്റിലൂടെ തുടകളുടെ ഭാഗികമായ ദൃശ്യം പ്രക്ഷേപിച്ചിരുന്നു. ടോപ്പിന്റെ സ്ലിറ്റിലൂടെ അരയും തുടയും വടിവോടെ ദൃശ്യമാക്കിയിരുന്നു. സാമാന്യത്തിലധികം ഇറക്കം കുറഞ്ഞ ടോപ്പുകളുടെ കൂടെ ധരിക്കുമ്പോള്‍ ലെഗിന്‍സ് പൂര്‍ണമായും കാലുകളെ എടുത്തുകാട്ടുകയും ചെയ്തു. അത്തരത്തില്‍ ഇറുകിമുറുകിയ മട്ടില്‍ അരയ്ക്കു താഴെയുള്ള ഭാഗത്തെ മുഴുവനായും വടിവോടെ കാണിക്കുന്ന ലെഗിന്‍സ് പതുക്കെയാണെങ്കിലും ഒരു മേല്‍വസ്ത്രത്തിന്റെ പദവി ക്രമേണ നേടിയെടുക്കുന്നുണ്ട്. എങ്കില്‍ത്തന്നെയും അടിവസ്ത്രം, മേല്‍വസ്ത്രം, എന്ന വേര്‍തിരിവിനെ സന്ദിഗ്ദ്ധമാക്കുന്ന മട്ടിലാണ് ഇന്നതിന്റെ നില.
അടിവസ്ത്രം, മേല്‍വസ്ത്രം എന്നിവ തമ്മിലുള്ള വേര്‍തിരിവുകള്‍ എല്ലായ്‌പ്പോഴും ചരിത്രത്തില്‍ സ്ഥായിയായി നിലനിന്നിട്ടില്ല. അവയ്ക്കു പലപ്പോഴും പരസ്പരം സ്ഥാനമാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് പ്രചാരത്തിലുള്ള ബ്ലൗസിന്റെ കാര്യം തന്നെ നോക്കുക. ടൈറ്റ്ഫിറ്റ് ആയ ബ്ലൗസിന്റെ പരിണാമങ്ങള്‍ക്കിടയില്‍ അത് നിരവധി രൂപങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ബ്രേസിയറുകള്‍ പ്രചാരത്തിലാവുന്ന കാലത്തിനോടകം രംഗത്തെത്തിയ റൗക്ക, ബോഡീസ്, ജാക്കറ്റ് എന്നിവ മേല്‍വസ്ത്രത്തിന്റെയും അടിവസ്ത്രത്തിന്റെയും വിവിധധര്‍മ്മങ്ങള്‍ വിവിധകാലങ്ങളായി നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് അവയുടെ ചരിത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടും. അയഞ്ഞ റൗക്കകളില്‍ നിന്ന് പുതിയ കാലത്തെ ടൈറ്റ് ഫിറ്റായ സാരിബ്ലൗസിലെത്തുമ്പോള്‍ അത് ഒരേസമയം അടിവസ്ത്രത്തിന്റെയും മേല്‍വസ്ത്രത്തിന്റെയും ധര്‍മ്മങ്ങള്‍ പുലര്‍ത്തുന്നു.
സാരി ബ്ലൗസിന്റെ മുന്‍ഗാമികളായ റവുക്കയും ജാക്കറ്റുകളും സാധാരണവസ്ത്രങ്ങളെന്നപോലെ അയവുള്ളവയായിരുന്നു. അവയില്‍ പലതിലും വസ്ത്രത്തെ സ്‌കിന്‍ഫിറ്റാക്കാന്‍ സഹായിക്കുന്ന കൊളുത്തുകള്‍ക്കു പകരം ബട്ടനുകളാണ് പിടിപ്പിച്ചിരുന്നത്. എന്നാല്‍ പുതിയകാലത്തെ സാരിബ്‌ളൗസ് ശരീരത്തിന്റെ ഒരോ ഇഞ്ചും പരിഗണിച്ചുകൊണ്ടുള്ളവയാണ്. ആകെയുള്ള വണ്ണവും ഇറക്കവും കൂടാതെ മുലകളെ എടുത്തു കാണിക്കുന്ന മട്ടില്‍ കോണുകളില്‍ നിന്നുള്ള തുന്നലുകള്‍ അവയിലുണ്ട്. അതിനും പുറമേ തുണിയിഴകളെ ക്രോസ്പീസായി വെട്ടിത്തയ്ച്ചുകൊണ്ട് കൂടുതല്‍ ആകൃതിപരമായ കൃത്യത വരുത്തുന്നരീതിയുമുണ്ട്. അതിലും ഒരു പടി കൂടികടന്നുള്ള കട്ടോറിക്കട്ടും മറ്റും മുലകളെ കൂടുതല്‍ മാദകവല്‍ക്കരിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നവയാണ്. സൂക്ഷ്മവും കൃത്യവുമായ ഒരു പാടു തയ്യല്‍സവിശേഷതകള്‍ ഈ വസ്ത്രത്തിലുണ്ട്. എത്രയായാലും ആഗ്രഹിച്ചത്ര പൂര്‍ണതയിലേക്കു എത്താത്തവിധം സങ്കീര്‍ണമാണ് അവ. വിപണിയില്‍ കടന്നു വന്ന റെഡിമെയ്ഡ് സാരിബ്‌ളൗസുകള്‍ക്ക് അത്ര വളരെ സ്വീകാര്യത ലഭിക്കാത്തതിനു കാരണവും മറ്റൊന്നല്ല.
അടിവസ്ത്രമായി പൂര്‍ണമായും കരുതപ്പെടുന്ന ബ്രേസിയറുകള്‍ തന്നെ പൂക്കളും എംബ്രോയ്ഡറികളും ലേസുകളുമൊക്കെ തുന്നിപ്പിടിപ്പിച്ചവയായി കാണാറുണ്ട്. നേര്‍ത്ത സാരിബ്‌ളൗസിന്റെ സുതാര്യത ഈ അലങ്കാരങ്ങള്‍ പുറത്തേയ്ക്ക് എടുത്തറിയും വിധമുള്ളതുമാണ്. ആ നിലയ്ക്ക് ബ്രേസിയറുകളും അടിവസ്ത്രപദവിയില്‍ മാത്രമല്ല നിലനില്‍ക്കുന്നതെന്നു പറയേണ്ടിവരും.
വസ്ത്രങ്ങളില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ ഒരര്‍ത്ഥത്തില്‍ ശാരീരികദൃശ്യതയെക്കുറിച്ചുള്ള പൊതുവായതും സ്വകാര്യമായതും എന്ന വേര്‍തിരിവുകളെയാണ്. മായ്ച്ചുകൊണ്ടിരിക്കുന്നത്. ലെഗിന്‍സ്'ഭീതി'യുടെ അടിസ്ഥാനവും ഇതുതന്നെ. വസ്ത്രധാരണവും വസ്ത്രമഴിക്കലും ഒരേപോലെയത് ധ്വനിപ്പിക്കുന്നുണ്ട്. വസ്ത്രവും നഗ്നതയും രണ്ടും കൂടി ചേര്‍ന്ന ഈ സൗന്ദര്യമൂല്യമാണ് ലെഗിന്‍സിനെ മാദകമായ ഒരു വസ്ത്രമാക്കി നിര്‍വചിക്കുന്നത്. എന്നാല്‍ ഈ മാദകത്വത്തെ നാം സവിശേഷമായി മനസ്സിലാക്കേണ്ടതുണ്ട്. അതിന് സ്ത്രീപുരുഷലൈംഗികതയുമായി ബന്ധപ്പെട്ട ആകര്‍ഷണത്തേക്കാള്‍ ഓരോരുത്തരുടെയും ശാരീരികമായ ഇച്ഛാധികാരവുമായാണ് ബന്ധം. ഇതിനെ എതിര്‍പക്ഷത്തുനിന്നു മനസ്സിലാക്കുന്നവരുമുണ്ട്. എഴുത്തുകാരനായ ബാബു കുഴിമറ്റം തന്റെ ഫേസ്ബുക്ക് പേജില്‍ 'പുരുഷന്റെ പുല്ലിംഗദോഷം' എന്ന പേരില്‍ എഴുതിയ കുറിപ്പ് അക്കാലത്ത് വിവാദമായിരുന്നു. 'ആകാരവടിവുകള്‍ വെളിവാക്കുന്ന നാല്‍പ്പത്തഞ്ചുകാരിയായ ഒരു മാദകത്തിടമ്പ് തുണിയുടുക്കാതെ' തന്റെ കാറിനു മുന്നില്‍ ഒരുക്കിയ 'ദര്‍ശനോത്സവം' അവിവാഹിതനായ ഡ്രൈവറുടെ ശ്രദ്ധപതറുന്നതിനു കാരണമായതിനെ കുറിച്ചാണ് അദ്ദേഹം എഴുതിയത്. സ്‌കിന്‍കളര്‍ ലെഗിന്‍സ് ധരിച്ച് തന്റെ കാറിനു മുന്നിലെത്തിയ ഒരു സ്ത്രീയാണ് അദ്ദേഹത്തിന്റെ വിമര്‍ശനത്തിനും ആക്ഷേപത്തിനു ഹേതുവായത്.
മാദകത്വത്തിലൂടെ സമര്‍ത്ഥനം
ലെഗിന്‍സ് മാത്രമല്ല, പിന്നീടു വന്ന ജെഗ്ഗിന്‍സ്, സുതാര്യമായ മറ്റു വസ്ത്രങ്ങള്‍, കാലുകളുടെ വടിവ് മുന്നില്‍നിന്നും വശങ്ങളില്‍ നിന്നും വ്യക്തമാവുന്ന സ്ലിറ്റുകളുള്ള ചുരിദാര്‍ ടോപ്പുകള്‍, ഇറക്കം കുറഞ്ഞ ടോപ്പിനൊപ്പം ധരിക്കുന്ന സ്‌കിന്‍കളര്‍ ലെഗിന്‍സ്, പിന്‍ഭാഗം എടുത്തുകാട്ടുന്ന മട്ടില്‍ ചുരിദാര്‍ ബോട്ടത്തില്‍ വന്ന തയ്യല്‍രീതികള്‍ ഒക്കെച്ചേര്‍ന്ന് സ്ത്രീകളുടെ ശരീരത്തെ മുന്‍പെന്നത്തേക്കാളുമധികം ഇക്കാലത്ത് മാദകമാക്കിത്തീര്‍ക്കുന്നുണ്ട്. എന്നാലിത് പഴയ മട്ടിലുള്ള ശാരീരികപ്രദര്‍ശനമായി വായിച്ചെടുക്കാനാവില്ല തന്നെ. മറിച്ച് സ്്ത്രീശരീരത്തിന്റെ ആത്മവിശ്വാസത്തോടെയുള്ള സമര്‍ത്ഥനമായി കാണാന്‍ കഴിയുന്നതിന്റെ സാംസ്‌കാരികസൂചനകളാണവ. സ്ത്രീകളുടെ മാറിടങ്ങളുടെ സ്വാഭാവികമായ ആകൃതികളും വടിവുകളും അളവുകളും പ്രകടമാക്കുന്ന മട്ടിലുള്ള ഷാളിടാതെയുള്ള പുതിയ ചുരിദാര്‍/കുര്‍ത്തി ശൈലികളും ടീഷര്‍ട്ട്്/ഷര്‍ട്ട് വേഷങ്ങളുമൊക്കെച്ചേര്‍ന്നാണ് ഈയൊരവസ്ഥയെ പൂരിപ്പിക്കുന്നത്. ഇടതും വലതും സ്തനങ്ങളെ വേറെവേറെയായി ഈ വേഷങ്ങള്‍ എടുത്തുകാണിക്കുന്നു. മുമ്പ് ഷാളിനടിയിലും സാരിക്കടിയിലുമായി അവ ഒരൊറ്റ അവയവമായിരുന്നു. അതിനെ രണ്ടായി വേര്‍തിരിച്ചു പ്രദര്‍ശിപ്പിക്കുന്ന അട്ടിമറിയിലൂടെയാണ് മാദകത്വം കൈവരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മുമ്പ് രഹസ്യാത്മകമായി, സ്വകാര്യതയില്‍ മാത്രം ദൃശ്യമാകുമായിരുന്നത് ഇപ്പോള്‍ പൊതുവായും വെളിവായും കാണുകയാണ്. രഹസ്യാത്മകതയില്‍ മാത്രം സാധ്യമായിരുന്ന ദൃശ്യങ്ങളിലേക്കുള്ള തുറവിയാണ് അവയവങ്ങളെ/ശരീരത്തെ മാദകമാക്കുന്നതെന്നര്‍ത്ഥം. ഈ നവീനശൈലികള്‍ മുമ്പു സൂചിപ്പിച്ചതുപോലെ സ്വകാര്യം/ പൊതു എന്ന വേര്‍തിരിവുകളെ കുഴച്ചുമറിക്കുന്നുവെന്നു പറയാം. സ്വകാര്യതയുടെ ഇടങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന, നേര്‍ത്തതും വടിവുപ്രകടമാക്കുന്നതുമായ വസ്ത്രം സ്വന്തം ശരീരത്തിലണിയുന്ന സ്ത്രീകള്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം കലര്‍ന്ന ഈ ഇച്ഛാധികാരത്തെയാണ് അഹന്തയെന്ന് നേരത്തേ സൂചിപ്പിച്ച ലേഖനത്തില്‍ ലക്ഷ്മിഭായി വിളിക്കുന്നത്: ''അതു (ലെഗിന്‍സ്)കാണുന്നപുരുഷന്മാരുടെ കാമവാസനകള്‍ സഞ്ചരിക്കുന്ന ഭ്രമണപഥങ്ങള്‍ ലെഗിന്‍സ് ധരിച്ച സ്ത്രീകളുടെ ചിന്തയില്‍ നിന്നും അഹന്തയില്‍ നിന്നും ആയിരം യോജന അകലെയാണ്.''
ശരീരവൈവിദ്ധ്യങ്ങളുടെ ആഘോഷം, അനന്യതയുടെയും
ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ഒരൊറ്റ സത്രീ/പുരുഷ ശരീരമാതൃകയ്ക്കു പകരം അനേകം ശരീരങ്ങളുടെ വൈവിധ്യം ആഘോഷമാക്കുന്നുവെന്നതാണ് പുതിയ കാലത്തിന്റെ മറ്റൊരു പ്രവണത. മുന്‍കാലങ്ങളില്‍ ഓരോ ഫാഷന്‍ശൈലികളും ചില പ്രത്യേക മോഡലുകളെയോ സിനിമാതാരങ്ങളെയോ മുന്‍നിര്‍ത്തിയാണ് പ്രചരിപ്പിക്കപ്പെട്ടത്. അത് എല്ലാതരം ആളുകള്‍ക്കും തടിച്ചവര്‍ക്കും, മെലിഞ്ഞവര്‍ക്കും, കറുത്തവര്‍ക്കും, ഇരുനിറക്കാര്‍ക്കും ഒക്കെ - ഒരുപോലെ അനുകരിക്കാവുന്നതായി കണ്ടിരുന്നില്ല. കഴിഞ്ഞ തലമുറയിലെ യുവാക്കള്‍ അങ്ങനെ കരുതിയിരുന്നുമില്ല. യോജിക്കുന്നത്/യോജിക്കാത്തത് എന്ന മട്ടില്‍ ഓരോ ഫാഷനും ശരീരങ്ങളെ ഉള്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്തിരുന്നു. പത്മിനി ബാലകൃഷ്ണന്റെ രാധയുടെ സാരിയും ജാക്കറ്റും (1961 സെപ്റ്റംബര്‍ 17, മാതൃഭൂമി ആഴ്ചപ്പതിപ്പ്) ചര്‍ച്ച ചെയ്യുന്നത് ഇത്തരം അനുയോജ്യതകളുടെ സൂക്ഷ്മാംശങ്ങളെ മുന്‍നിര്‍ത്തിയാണ്. സുമതിയും രാധയും തമ്മില്‍ നടക്കുന്ന സംഭാഷണത്തില്‍ ഉയരം കുറഞ്ഞവര്‍ക്കും തടിച്ചവര്‍ക്കും വലിയ ഡിസൈനുള്ള സാരി യോജിക്കുകയില്ലെന്നും ഉയരമുള്ളവര്‍ക്ക് വീതിയുള്ള ബോര്‍ഡറും വലിപ്പമുള്ള പൂക്കളും യോജിക്കുമെന്നും സുമതി വിശദീകരിക്കുന്നു. വെളുത്തവര്‍ക്ക് ഏതു നിറവും പറ്റും, ചുകപ്പുകലര്‍ന്ന നിറങ്ങള്‍ മുഖത്തിനു മോഹനമായ അരുണാഭ നല്‍കുന്നു, ഇരുനിറക്കാര്‍ക്ക് വയലറ്റ്, പച്ച, ചുകപ്പ്, കറുപ്പ് എന്നീ കടുത്ത നിറങ്ങള്‍ മുഖത്തിനു കൂടുതല്‍ കറുപ്പു തോന്നിപ്പിക്കും എന്നിങ്ങനെയുള്ള സൗന്ദര്യമാനദണ്ഡങ്ങളും സുമതി വിശദീകരിക്കുന്നു. ഇവിടെയെല്ലാം ശരീരത്തിന്റെ നിറം, ഉയരം, തടി എന്നിവ മാനദണ്ഡമാക്കിയാണ് അലങ്കാരനിര്‍ണ്ണയം നടത്തുന്നത്. ഇന്നും വനിതാമാസികകളിലും മറ്റും ഇത്തരം മാനദണ്ഡങ്ങളെ പരിഗണിച്ചുകൊണ്ടുള്ള വിവരണങ്ങള്‍ കണ്ടുവരുന്നു. എങ്കിലും പുതിയ ഫാഷന്‍ അഭിരുചികളെ സംബന്ധിച്ചിടത്തോളം എല്ലാത്തരം ശരീര/രൂപഘടനകളും അതതു താല്‍പ്പര്യങ്ങള്‍ക്കു വിധേയമായി വസ്ത്രങ്ങളും അലങ്കാരങ്ങളും എടുത്തണിയുന്ന അനുഭവമാണുള്ളത്. അണിയുന്നവരുടെ താല്‍പ്പര്യങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം. തടിച്ചുതുളുമ്പുന്ന ശരീരമുള്ളവരും മെലിഞ്ഞു കൊലുന്നനെയുള്ളവരുമെല്ലാം ജീന്‍സ്/പാന്റ്/ചുരിദാര്‍/സാരി അണിയുന്നു. വസ്ത്രവും ശരീരവും തമ്മിലുള്ള മാതൃകാപരമായ, പൂര്‍വ്വനിശ്ചിതമായ അനുയോജ്യത എന്ന സങ്കല്‍പ്പം ഒരു മിഥ്യയായിക്കൊണ്ടിരിക്കുന്നു എന്നര്‍ത്ഥം. ഈ യാഥാര്‍ത്ഥ്യത്തെ ഉണ്ണി.ആര്‍. നിരീക്ഷിക്കുന്നതിങ്ങനെയാണ്: '' പുതിയ കാലത്തെ പെണ്‍കുട്ടികള്‍ ശരീരബോധത്തിന്മേലുള്ള ഇന്‍ഹിബിഷന്‍സ് പൊളിച്ചുകളഞ്ഞിരിക്കുന്നു. അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രം ധരിക്കുന്നു, സ്ലീവ്‌ലെസ് ടോപ്പിടുന്നു. ഒറ്റക്കാലില്‍ മാത്രം ചരടുകെട്ടുന്നു. ഇപ്പോള്‍ എന്തും അവര്‍ക്ക് സെന്‍സിബിളായ വസ്ത്രമായി. പഴയതിലും സുന്ദരിമാരായിട്ടുണ്ട് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍''(ആരാണ് ആ സുന്ദരി, ബിജു രാഘവന്‍, ഗൃഹലക്ഷ്മി, 2016 ഏപ്രില്‍ 16-30). ഇതേ ലേഖനത്തില്‍ ന്യൂജന്‍ സുന്ദരികളുടെ മാതൃകയെ കുറിച്ച് സനൂപ് എന്ന ചെറുപ്പക്കാരന്‍ പ്രകടിപ്പിക്കുന്ന അഭിപ്രായവും ശ്രദ്ധേയമാണ്: ''ഇതൊന്നുമല്ല ബ്രോ ഇപ്പോഴത്തെ സുന്ദരി. നിറം ഞങ്ങള്‍ക്കു പ്രശ്‌നമല്ല. മുടി ചുരുണ്ടതായാലും നീണ്ടതായാലും കുഴപ്പമില്ല......ആറ്റിറ്റിയൂഡും ആകെയുളള ലുക്കുമാണ് ഞങ്ങള്‍ നോക്കുന്നത്.''
പുതിയ കാലത്തെ ഫാഷന്‍ശൈലികള്‍ ശരീരങ്ങളുടെ ഒരൊറ്റ മൂലമാതൃകയെ പൊളിച്ചുകൊണ്ട്, പലതരം ശരീരങ്ങളുടെ ഒരാഘോഷമാക്കി മാറ്റുന്നു. മൂക്കുത്തിയും കണ്ണടയും ധരിച്ച്, മുടി ബോയ് കട്ടു ചെയ്തു, കോട്ടണ്‍സാരിയും സ്ലീവ്‌ലെസ് ബ്ലൗസുമിട്ട സ്ത്രീയും മുടി പിന്നി, മുല്ലപ്പൂ വെച്ച്, ജിമിക്കിയും സ്വര്‍ണ്ണമാലയുമിട്ട്, സാരിയുടുത്ത സ്ത്രീയും കറുത്തുമെലിഞ്ഞ്, കോട്ടണ്‍സാരിയുടുത്ത പെണ്‍കുട്ടിയും തടിച്ചുരുണ്ട്, പട്ടുസാരിയുടുത്ത, മധ്യവയസ്‌കയുമെല്ലാം തന്നെ സാരിയെന്ന വസ്ത്രവിശേഷത്തെ വ്യത്യസ്തശരീരങ്ങളുടെ വിന്യാസത്തിലൂടെ കാഴ്ചവെയ്ക്കുന്നു. ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തം. എല്ലാ സാമാന്യവല്‍ക്കരണത്തിനു ശേഷവും അനന്യമായൊരു ശരീരശൈലി, അണിയല്‍ മാതൃക, നിങ്ങളുടേതായ പ്രത്യേക'ടച്ചി'ലുള്ള ഒരു ശൈലി അവശേഷിക്കുന്നു. ലൈല
തയ്യബ്ജി തന്റെ ഫെയ്‌സ്ബുക്ക് പേജിലെ സാരിഡയറിയില്‍ പറയുന്നതും സമാനമായ കാര്യങ്ങളാണ്. സാരി പരമ്പരാഗതവും ആവര്‍ത്തനവിരസവുമായ മാമൂല്‍വസ്ത്രമാണെന്ന ധാരണയെപ്പോലും അവര്‍ ചെറുക്കുന്നതിങ്ങനെയാണ്. ഒരേ സാരി തന്നെ ഓരോരുത്തരും അവരവരുടേതായ രീതിയില്‍ പ്രത്യേകശൈലിയില്‍ ഞൊറിവുകളെടുക്കുകയും മുന്താണി ഇടുകയും പിന്‍ചെയ്യുകയും ഒക്കെ ചെയ്യുകവഴി സാരി ഉടുത്ത ഓരോരുത്തര്‍ക്കും ഒരു അനന്യത, അനനുകരണീയത ഉണ്ടെന്നവര്‍ സമര്‍ത്ഥിക്കുന്നു. ഒരേസമയം മനുഷ്യന്റെ 'ചേര്‍ന്നു നില്‍ക്കാനും' അതേസമയം 'വ്യതിരിക്തമാകാനും' ഉള്ള അടിസ്ഥാനപ്രവണതകളാണ് ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് നിദാനമെന്ന് സിമ്മെല്‍ പറയുന്നതുമായി ഇതു ചേര്‍ന്നുപോകുന്നു(പുറം 223, ഫാഷനും സാംസ്‌കാരിക കടന്നുകയറ്റവും, ജോസ് ആന്റണി, അഞ്ഞൂറു വര്‍ഷത്തെ കേരളം ചില അറിവടയാളങ്ങള്‍).
പുതിയ ചെറുപ്പക്കാരുടെ അലങ്കാരങ്ങളിലെ വര്‍ണവൈവിദ്ധ്യം മുമ്പു സൂചിപ്പിച്ച രൂപവൈവിദ്ധ്യങ്ങളുടെ ആഘോഷമാനത്തെ ഒന്നുകൂടി ഉറപ്പിച്ചെടുക്കുന്നു. മുമ്പു വാച്ചിലും ചെരുപ്പിലുമൊന്നും നിറപ്പൊരുത്തം പാലിച്ചിരുന്നില്ല. എന്നാല്‍ ഇന്നതല്ല അവസ്ഥ; ഏതു നിറത്തിന്റെയും ഏതു തരം ഷെയ്ഡും വസ്ത്രങ്ങളിലെന്ന പോലെ ചെരിപ്പിലും വാച്ചിലും വരെയുണ്ട്. സ്വര്‍ണാഭരണങ്ങളെക്കാള്‍ ഫാന്‍സി ആഭരണങ്ങള്‍ ഉപയോഗിക്കുന്നതും വൈവിധ്യത്തിന്റെയും ആഘോഷത്തിന്റെയും സാധ്യതകളെ വര്‍ധിപ്പിക്കുന്നു. പുതിയ കാലത്തെ ഫാഷന്റെ മറ്റൊരു പ്രത്യേകത അതിലെ പ്രായനിരപേക്ഷതയാണ്. നാഗരികവും ആധുനികവുമായ ഇടങ്ങളില്‍ ഇതു വളരെ പ്രകടമാണ്. എല്ലാ പ്രായക്കാരും തന്നെ മിക്കവാറും എല്ലാത്തരം വസ്ത്രങ്ങളും അണിഞ്ഞുനടക്കുന്നുണ്ട്. ജീന്‍സും സാരിയും ചുരിദാറും സ്‌കെര്‍ട്ടും ലെഗിന്‍സും പാന്റും മറ്റും പ്രായഭേദമന്യേ ധരിക്കുന്നുണ്ട്. മുന്‍പ് കൗമാരക്കാര്‍ക്ക് നിക്കറും പാവാടയും യുവതീയുവാക്കള്‍ക്ക് മുണ്ടും ഹാഫ്‌സാരി/സാരിയും എന്നുള്ള അതിര്‍ത്തികള്‍ എപ്പോഴേ മാഞ്ഞുപോയി. നിറങ്ങളുടെ കാര്യത്തിലും പ്രായത്തിന്റെ പരിമിതികളും അസ്വാതന്ത്ര്യങ്ങളും ബാധകമല്ലാതായിട്ടുണ്ട്.
ആന്റിഫിറ്റ്
പെണ്‍ശരീരത്തെ മുറുക്കിയൊതുക്കി പ്രത്യേകരീതിയില്‍ ആകൃതിയോടെ നിര്‍മ്മിച്ചെടുക്കുന്നത് ബ്രാ, ഇന്‍ഷേപ്പ് മുതലായ അടിവസ്ത്രങ്ങളിലൂടെയും ഇറുകിയ വസ്ത്രങ്ങളിലൂടെയുമാണല്ലോ. എന്നാല്‍ പുതിയ യുവതികളെ സംബന്ധിച്ചിടത്തോളം മറ്റൊരു ഫാഷന്‍ കൗതുകമായി ആന്റിഫിറ്റ് വസ്ത്രങ്ങള്‍ കടന്നുവരുന്നു. ടൈറ്റ് ഫിറ്റ്, സ്ലിം ഫിറ്റ്, ബോഡി ഫിറ്റ്, സ്‌കിന്‍ ഫിറ്റ് എന്നൊക്കെയുള്ള വിശേഷണങ്ങളില്‍ നിന്നൊരു വ്യതിയാനമായി ഇത് ഒറ്റനോട്ടത്തില്‍ തോന്നാം. ശരീരത്തെ കൃത്രിമമായി മുറുക്കിയൊതുക്കാതെ, വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്നതിന്റെ ശൈലിയായും ഇത് വ്യാഖ്യാനിക്കപ്പെടാം. ഇത്തരമൊരു നീക്കം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം യൂറോപ്പില്‍ പോള്‍ പയ്‌റോട്ടിനെപ്പോലുള്ള ഫാഷന്‍ ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. അദ്ദേഹമാണ് യൂറോപ്യന്‍ വനിതകളെ കോര്‍സെറ്റില്‍ നിന്നു മോചിപ്പിച്ചതെന്ന് ആലങ്കാരികമായി പറയാം. സ്വാഭാവികശരീരത്തെ ഞെരുക്കി, നിയന്ത്രിച്ചൊതുക്കുന്ന കോര്‍സെറ്റുകള്‍ക്കു പകരം ശരീരത്തെ സ്വതന്ത്രവും സ്വാഭാവികവുമായി അവതരിപ്പിക്കുകയാണ് വേണ്ടതെന്ന് കരുതപ്പെട്ടു. അയഞ്ഞുതൂങ്ങി താഴേക്കൊഴുകിക്കിടക്കുന്ന അണ്‍ഫിറ്റായ വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ഡിസൈനിങ്ങില്‍ പ്രധാനമായിരുന്നു. എന്നാല്‍ സ്വാഭാവികശരീരത്തെ കണ്ടെത്തുന്ന ഈ വിമോചനസങ്കല്‍പ്പത്തെ റബേക്കാ ആര്‍ണോള്‍ഡ് (ഫാഷന്‍, ഡിസൈര്‍, ആന്റ് ആങ്‌സൈറ്റി എന്ന കൃതി)മറ്റൊരു തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. ബാഹ്യശരീരത്തില്‍ നിന്ന് എടുത്തുമാറ്റിയ കോര്‍സെറ്റുകളെ അന്നത്തെ യുവതികള്‍ ആന്തരികവല്‍ക്കരിക്കുകയാണ് ചെയ്തതെന്നവര്‍ പറയുന്നു. കാരണം ശരീരം മെലിയാനായി ജിംനേഷ്യങ്ങളില്‍ സമയം ചെലവഴിക്കുകയും ഭക്ഷണനിയന്ത്രണമേര്‍പ്പെടുത്തുകയും മരുന്നുകളുപയോഗിക്കുകയും ചെയ്തിരുന്നു, ആ സ്ത്രീകള്‍.
കേരളത്തില്‍ പടര്‍ന്നു പിടിച്ച ആന്റിഫിറ്റ് വസ്ത്രശൈലിയെകുറിച്ച് ഒരു വനിതാമാസികയിലെ വിവരണമിങ്ങനെ: ''ഇന്നലെവരെ ബോഡിഫിറ്റ് ടോപ്‌സിന്റ ആരാധകരായിരുന്ന, ജീന്‍സിനെ സ്വന്തം ചങ്കായി കരുതിയിരുന്നവര്‍ ഇപ്പോള്‍ ഒട്ടിപ്പിടിക്കാത്ത കാറ്റില്‍ പാറും കൈലേസ് പോലെ, കനംകുറഞ്ഞ ആന്റിഫിറ്റ് ഉടുപ്പുകളുടെ കട്ടഫാനായി മാറിയിരിക്കുന്നു. പലാസോ പാന്റ്‌സിനും ഡിവൈഡഡ് സ്‌കര്‍ട്ടിനും ലക്ഷങ്ങളുടെ ലൈക്ക്...കാമ്പസ് ക്യൂട്ടീസിന്റെ ബോഡീഷെയ്പ്പിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി പോലെയുളള കുര്‍ത്തികളും സ്വന്തം ചര്‍മ്മത്തില്‍ തന്നെ കിളിര്‍ത്തത് എന്നു തോന്നുന്ന സ്‌കിന്‍ഫിറ്റ് ജീന്‍സുമെല്ലാം ഇപ്പോള്‍ ചെറിയ ചമ്മലോടെ നില്‍പ്പാണ്.''(ആന്റി ഫിറ്റ് സൂപ്പര്‍ ഫിറ്റ്, രാഖി റാസ്, വനിത 2016, ജൂണ്‍ 15-30). ഒറ്റ നോട്ടത്തില്‍ സ്‌കിന്‍ഫിറ്റ് വസ്ത്രങ്ങളിലൂടെയുള്ള മാദകവല്‍ക്കരണത്തിന്റെ എതിര്‍ദിശയിലാണ് ഈ നീക്കം എന്നു തോന്നാം. എന്നാല്‍ അതങ്ങനെയല്ല, ടൈറ്റ്ഫിറ്റ് വസ്ത്രങ്ങളും ആന്റിഫിറ്റ് വസ്ത്രങ്ങളും ഒരേ ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നതെന്നതാണ് വിചിത്രമായ കാര്യം. ടൈറ്റ്ഫിറ്റ് വസ്ത്രങ്ങള്‍ ശരീരത്തെ എങ്ങനെ മാദകമായി അവതരിപ്പിക്കുന്നുവോ അതുപോലെത്തന്നെ ആന്റിഫിറ്റ് വസ്ത്രങ്ങളും അവതരിപ്പിക്കുന്നു. വസ്ത്രങ്ങളുടെ തരം, ഇഴ, നിറം, കോമ്പിനേഷന്‍ എന്നിവ ആവശ്യാനുസരണം മാറിമാറി ഉപയോഗിച്ചുകൊണ്ടാണ് ഇത് സാധിക്കുന്നത്. ആന്റിഫിറ്റ് വസ്ത്രങ്ങള്‍ ശരീരത്തെ സെക്‌സിയാക്കുന്നതിനെ കുറിച്ച് ഇതേ ലേഖനം നിരീക്ഷിക്കുന്നതിങ്ങനെ: ''അയഞ്ഞു തൂങ്ങുന്ന സെക്‌സ് അപ്പീലില്ലാത്ത അറുബോറന്‍ ഉടുപ്പുകളാണോ ആന്റിഫിറ്റ് ഉടുപ്പുകളെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. പക്ഷേ, ഒന്നുകൂടി നോക്കിയാല്‍ മനസ്സിലാകും ഗുട്ടന്‍സ്. ഒളിഞ്ഞും തെളിഞ്ഞും മാത്രം ഉടല്‍വടിവുകള്‍ മിന്നിമറയും. ന്യൂഡില്‍ സ്ട്രാപ്പ് ടോപ്പിന്റെ അഴകില്‍ തോളുകളുടെ മിനുമിനുപ്പ് ചിരിക്കും. നേര്‍ത്ത മെറ്റീരിയലിലൂടെ തിരശ്ശീലയിലെന്നപോലെ ഉടലഴക് തെളിയാതെ തെളിയും.'' ഇവിടെയും ശരീരത്തെ സംബന്ധിച്ച പിന്‍വാങ്ങലില്ല, പഴയ മട്ടിലുള്ള പ്രദര്‍ശനപരതയുമില്ല. മറിച്ച് ശാന്തവും ധീരവുമായ പ്രത്യക്ഷീകരണത്തിലൂടെ ശരീരത്തിന്റെ, സ്വത്വത്തിന്റെ സമര്‍ത്ഥനം തന്നെയാണുള്ളത്.
പാരമ്പര്യവും പാര്‍ട്ടിവെയറും
പാര്‍ട്ടിവെയറുകളും കാഷ്വല്‍വെയറുകളും എന്നരൊരു തരംതിരിവ് വിപണിയിടങ്ങളില്‍ നിന്നാണെങ്കില്‍ പോലും മലയാളികള്‍ക്കിടയില്‍ രൂപം കൊണ്ടുകഴിഞ്ഞിട്ടുണ്ട്. വസ്ത്ര/ആഭരണവ്യാപാരികള്‍ പ്രത്യേകമായി പരിഗണിക്കുന്ന വേര്‍തിരിവുകളാണ് അവ. മൂല്യസങ്കല്‍പ്പനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഫോര്‍മല്‍/പാര്‍ട്ടിവെയറുകള്‍ പാരമ്പര്യകേന്ദ്രിതമായാണ് ഡിസൈന്‍ ചെയ്യപ്പെടാറുള്ളതെന്നു കാണാം. ആഢ്യത്വം തറവാടിത്തം, കുലീനത, അഴകളവും തൊലിനിറവുമായി ബന്ധപ്പെട്ട് ലേഖനത്തിന്റെ ആദ്യഭാഗത്തു നാം കണ്ട മുഖ്യധാരാസൗന്ദര്യസങ്കല്‍പ്പങ്ങള്‍ തുടങ്ങിയവ സ്ഫുരിക്കുന്ന ചിഹ്നങ്ങള്‍ അവയില്‍ എടുത്തുകാണാം. ബ്രാന്റുകള്‍ പ്രധാനവുമാണ്. എന്നാല്‍ കാഷ്വല്‍വെയറുകള്‍ നാം നേരത്തെ കണ്ടതുപോലെ വ്യത്യസ്തമായ സ്വതന്ത്രശൈലികള്‍ കൊണ്ട് സമൃദ്ധമാണ്. ജിമിക്കികളെ കുറിച്ചുള്ള ഒരു ഫാഷന്‍ കുറിപ്പില്‍ ഉദ്ധരിക്കുന്ന ജോസ്‌കോ ജ്വല്ലേഴ്‌സിലെ ജോ എബ്രഹാമിന്റെ അഭിപ്രായത്തിലും ജിമിക്കിയും കുലീനതയും തമ്മിലുള്ള ചാര്‍ച്ച കാണാം. ''ജിമിക്കിയുടെ രൂപവും ഭാവവും മാറുന്നുവെന്നല്ലാതെ ഫാഷനില്‍ അതിന്റെ സ്ഥാനം മാറുന്നില്ല. ജിമിക്കിയാണ് കമ്മലുകളുടെ റാണി. ആഢ്യത്വമാണ് അതിനു കാരണം. എത്ര കമ്മലുകളുണ്ടെങ്കിലും ഒരു സെറ്റ് ജിമിക്കി എല്ലാവരുടെയും കയ്യില്‍ കാണും.''(നീയെന്റെ സ്വന്തം ജിമിക്കി, രൂപാ ദയാബ്ജി, വനിത 2016, ഡിസംബര്‍ 1-14). വിവാഹം, മതേതരവും മതേതരവുമായ മറ്റു ചടങ്ങുകള്‍/ഇടങ്ങള്‍ എന്നിവയിലൊക്കെ പാരമ്പര്യവസ്ത്രങ്ങള്‍ ധരിക്കുന്ന ശൈലി ഇതിനു സമാനമായി കാണാം.
യൂണിസെക്‌സ് (ലിംഗാതീത)ഫാഷനുകള്‍
സമീപകാലം വരെയും ലിംഗഭേദത്തിന്റെ മുദ്രകളെ പ്രകടമായി വഹിച്ചിരുന്ന പരിഷ്‌കാരങ്ങളായിരുന്നു ഏറെയും. കട്ടിയും ഈടുമുള്ള, അധികം അലങ്കാരപ്പണികളില്ലാത്ത വസ്ത്രം ആണുങ്ങള്‍ക്കും അലംകൃതമായ, മൃദുവായ, മിനുസമുള്ള വസ്ത്രം സ്ത്രീയ്ക്കും എന്നതായിരുന്നു പൊതുരീതി. കുടുംനിറത്തിലുളളവയും, പൂക്കള്‍, വളളികള്‍, വൃത്തങ്ങള്‍, വര്‍ത്തുളരേഖകള്‍ ഇവ സ്ത്രീകള്‍ക്കനുയോജ്യമായും പുരുഷനു യോജിക്കാത്തവയായും കരുതിയിരുന്നു. ചെക്ക്, വരകള്‍ എന്നിവ പുരുഷന്മാര്‍ക്കിണങ്ങുന്നതായാണ് പൊതുബോധം. വസ്ത്രങ്ങളും അവയുടെ അനുബന്ധങ്ങളുമായി ഏറെ ഇനങ്ങള്‍ ശരീരത്തില്‍ വഹിക്കുന്നത് സ്ത്രീകളുടെ ശൈലിയാണ്. അടിവസ്ത്രങ്ങളും മേല്‍വസ്ത്രങ്ങളും ഒപ്പം, ഷാള്‍, സ്റ്റോള്‍, ജാക്കറ്റ്, സ്‌കാര്‍ഫ്, ഓവര്‍കോട്ട് മുതലായ പല വസ്ത്രങ്ങളും അവര്‍ ധരിക്കുന്നു.
എന്നാല്‍, ഏറ്റവും പുതിയ ഫാഷനുകളില്‍ ഈ ലിംഗഭേദത്തിന്റെ അതിരുകള്‍ കുഴഞ്ഞു മറിയുന്നു. സ്ത്രീകളും ജീന്‍സും പാന്റും ഇടുന്നതോടെ വ്യത്യാസത്തിന്റെ വലിയൊരു വിതാനം വഴിമാറുന്നു. പൂക്കളും വള്ളികളും ഇലകളുമുള്ള, എംബ്രോയ്ഡറി ചെയ്ത പോക്കററില്ലാത്ത ഷര്‍ട്ടുകള്‍ ഇന്ന് പുരുഷന്മാരും ധാരാളമായി ഉപയോഗിക്കുന്നു. മുമ്പു സ്ത്രീകളാണവ ഉപയോഗിച്ചിരുന്നത്. മൃദുവായതും മിനുസമുള്ളവയും തിളക്കമുള്ളവയുമായ വസ്ത്രങ്ങള്‍ പുരുഷന്മാരും ധരിക്കുന്നു. ഇരുകൂട്ടരും ഇരുരീതികളും സ്വീകരിക്കുന്നു. മുമ്പ് അണിഞ്ഞൊരുങ്ങലിലെ പ്രധാനഘടകമായി സ്ത്രീകള്‍ കരുതിവന്ന പൊട്ടു തൊടലും ഈ വിപരീതദിശയിലുളള ചലനത്തിലാണിന്ന്. മുമ്പ് മുഖചമയത്തിന്റെ സുപ്രധാനഘടകമായി എടുത്തുകാണിച്ചിരുന്ന പൊട്ടുതൊടല്‍ ഇന്ന് വളരെ ചെറിയ രൂപത്തിലുള്ള പൊട്ടുകളായാണ് മാറിയത്. സൂക്ഷിച്ചുനോക്കിയാല്‍ മാത്രം കാണാവുന്ന ഒരു ബിന്ദു മാത്രമായി പൊട്ടിടല്‍ മാറിയിട്ടുണ്ട്.
ആഭരണങ്ങളിലും ലിംഗാതീതത്വം പ്രകടമാണ്. കഴുത്തിലെ മാലകളും ചരടുകളും പുറത്തു ദൃശ്യമാകുന്ന വിധം കോളറില്ലാത്ത കുര്‍ത്തകളും ടീഷര്‍ട്ടുകളും ഇന്നു പുരുഷന്മാര്‍ ധരിക്കുന്നു. സ്ത്രീകള്‍ കോളറും പോക്കറ്റുമുളള ചെക്ക് ഷര്‍ട്ടുകളും ജീന്‍സുപോലുള്ള കട്ടികൂടിയ തുണിത്തരങ്ങളും ധരിച്ച് പുറത്തിറങ്ങുന്നു. മുടി നീട്ടി വളര്‍ത്തുന്ന പുരുഷന്മാരും സാധാരണ കാഴ്ചയാണ്്.കണ്ണില്‍ സുറുമയും മസ്‌കാരയും കയ്യില്‍ വളയും കാതില്‍ കമ്മലും ഇടുന്ന പുരുഷന്മാര്‍ ഇന്ന് അത്ഭുതമല്ലാതായിരിക്കുന്നു. അപൂര്‍വമായിട്ടെങ്കിലും മൂക്കുത്തിയിടുന്ന പുരുഷന്മാരെയും കാണാറുണ്ട്. കൗബോയ് ജീന്‍സും ഷര്‍ട്ടും ബെല്‍റ്റും ക്യാന്‍വാസ് ഷൂസും തൊപ്പിയുമിട്ട് ആഭരണങ്ങളില്ലാതെ ബൈക്കില്‍ പറക്കുന്ന പെണ്‍കുട്ടി അതേ മൂല്യങ്ങളെ പേറുന്നു. കാലന്‍കുടകള്‍ ഇന്ന് പെണ്‍കുട്ടികളുടെയും ഫാഷന്‍മുദ്രയാണ്. വലിയ സ്ട്രാപ്പുള്ള, വലിയ ഡയലുള്ള വാച്ചുകള്‍ അവരണിയുന്നു. കുടയും ഇരുചക്രവാഹനങ്ങളുമെല്ലാം തന്നെ ഇത്തരം ലിംഗാതീതമായ പരിഷ്‌കാരത്തിന്റെ പുതിയൊരു ചിഹ്നവ്യവസ്ഥയാണ് പ്രദര്‍ശിപ്പിക്കുന്നത്. അതിലുപരി ആണ്‍/പെണ്‍ ദ്വന്ദ്വങ്ങളുടെ പരിധിയില്‍ വ്യക്തികളെ തളച്ചിടുന്ന അധീശകല്‍പ്പനകളെ ചെറുത്തുനില്‍ക്കുകയുംചെയ്യുന്നു. ഒപ്പം ആനന്ദങ്ങള്‍ക്കും വ്യത്യസ്തതകള്‍ക്കുമായുള്ള അന്വേഷണമായും സമര്‍ത്ഥനമായുമതു മാറുകയും ചെയ്യുന്നു.
താടി- ഐഡന്റിറ്റിയില്‍ നിന്ന് കാമനയിലേക്ക്
മുഖരോമങ്ങള്‍ ജീവശാസ്ത്രപരമായ ആണ്‍/പെണ്‍ഭേദത്തിന്റെ പ്രധാനമുദ്രയാണ്. സമീപകാലത്തെ അലങ്കാരങ്ങളുടെ യുക്തിയില്‍ നോക്കുമ്പോള്‍ ലിംഗഭേദത്തിന്റെ ഈ പരിഗണനകളേക്കാള്‍ മറ്റു ചില ഘടകങ്ങള്‍ പ്രധാനമായി വരുന്നുവെന്നുകാണാം. മുന്‍കാലങ്ങളില്‍ വ്യക്തികളുടെ ആന്തരിക ഗുണങ്ങളോടും ആകെക്കൂടിയുള്ള വ്യക്തിസത്തയോടും ചേര്‍ത്തുവെച്ചുകൊണ്ടാണ് താടിയെ വിലയിരുത്തിയിരുന്നത്. കാരണം ആന്തരികമൂല്യങ്ങളുടെ പ്രകാശനമായാണ് രൂപത്തെ കണ്ടുവന്നിരുന്നത്. 60 കളിലും 70കൡലും വിപ്ലവത്തിന്റെയും ദാര്‍ശനികതയുടെയും സര്‍ഗാത്മകതയുടെയും ധിക്കാരത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും അടയാളമായിരുന്നു, താടി. പട്ടത്തുവിളയും രാമു കാര്യാട്ടും അയ്യപ്പപ്പണിക്കരും മറ്റും ഉദാഹരണങ്ങള്‍. വി.ആര്‍. സുധീഷ് പറയുന്നു: ''ഒരാളുടെ വ്യക്തിത്വത്തോടു ചേര്‍ത്തുവയ്ക്കാവുന്ന ഒന്നാണ് താടി. ഉദാഹരണത്തിന് ഒ. വി. വിജയന്റെ താടി. ആ താടിയില്ലാത്ത വിജയനെ സങ്കല്‍പ്പിക്കാന്‍ സാധ്യമല്ല. താടിയില്ലാത്ത ജോണ്‍ എബ്രഹാമിനെയും നമുക്ക് ആലോചിക്കാന്‍ വയ്യ. രണ്ടും രണ്ടാണ്. വിജയനിലുളളത് ആത്മീയപരിവേഷമുള്ള താടിയും ജോണിലുള്ളത് അരാജകപരിവേഷമുളള താടിയുമായിരുന്നു.''(താടി പുരാണം, വിജീഷ് ഗോപിനാഥ്, വനിത, 2016, ജനുവരി 15-31) കൃത്യമായി ക്ഷൗരം നിര്‍വഹിച്ച്, വെട്ടിയൊതുക്കിയ മീശയും കൃതാവും മുടിയും അച്ചടക്കത്തിന്റെയും ബഹുമാന്യതയുടെയും പുരുഷാധികാരത്തിന്റെയും അടയാളമായിരുന്നു. കൊമ്പന്‍മീശ ആണധികാരത്തിന്റെ അധൃഷ്യതയെയാണ് ചിഹ്നവല്‍ക്കരിച്ചത്. ഇപ്രകാരമുളള മൂല്യവാഹകത്വം താടിമീശകള്‍ക്കുണ്ടായിരുന്നത് പുതിയ കാലത്ത് തികച്ചും മൂല്യസംബന്ധിയല്ലാതെ വെറും ഫാഷന്‍ മാത്രമായി മാറിയിട്ടുണ്ട്. അതായത് ഐഡന്റിറ്റിയുടെ അടയാളമായി മുദ്രകുത്തപ്പെടുന്ന താടിമീശകള്‍ക്ക് ഇന്നു വൈയക്തികമായ ഫാഷന്‍ അഭിരുചിയുടെ പദവിയാണ് ഉള്ളത്. ഫാഷന്‍മൂല്യങ്ങളില്‍ നടന്ന ഈ വിച്ഛേദത്തെ സാമൂഹികതയില്‍ നിന്നും വൈയക്തികയിലേക്കുള്ള ചുവടുമാറ്റമായി കാണാന്‍ കഴിയും. ആന്തരികമായ സ്വഭാവഗുണങ്ങളുടെ സ്വാഭാവികമായ പ്രത്യക്ഷീകരണമെന്ന നിലയില്‍ ശരീരത്തിന്റെ രൂപഗുണങ്ങളെ കാണുന്ന ഫ്യൂഡല്‍ അഭിരുചികളില്‍ നിന്ന് വ്യത്യസ്തമായി ശരീരത്തെയും അലങ്കാരത്തെയും ഒരു നിര്‍മ്മിതിയായി കാണാന്‍ ഇവിടെ സാധ്യതയേറുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഒരു രൂപഘടനയുടെയും പിന്നില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട, ഉറപ്പുളള ഒരു സത്തയുമില്ല. മറ്റൊരര്‍ത്ഥത്തില്‍ ഒരലങ്കാരവും നടത്തുന്നില്ലെന്നു പറയുന്നവര്‍ പോലും വ്യത്യസ്തമായ നിരവധി അലംകൃത രൂപങ്ങളുടെ നിരയില്‍, പരിധിയില്‍ തന്നെയാണുള്ളത്. നരച്ചമുടി, വളര്‍ന്ന താടി അങ്ങനെത്തന്നെ വിടുന്നവര്‍ അവരുടെതന്നെ ഒരു ചോയ്‌സ് നിര്‍മിച്ചെടുക്കുകയാണ്; തീര്‍ച്ചയായും ഒരു ക്ലീന്‍ഷേവുകാരന്റെ ചോയ്‌സിനു സമാനവും സമാന്തരവുംതന്നെയാണ് അത്. അവിടെ ആദര്‍ശാത്മകതയുടെയോ ത്യാഗത്തിന്റെയോ ഉച്ചമൂല്യങ്ങള്‍ അവകാശപ്പെടുന്നത് നിരര്‍ത്ഥകം തന്നെ.
സമകാലിക ഫാഷന്‍പ്രവണതകളിലെ ജനാധിപത്യപരവും അധീശത്വവിരുദ്ധവുമായ ഘടകങ്ങളെ കണ്ടെത്താനുള്ള ശ്രമമാണ് ഇവിടെ നടത്തിയത്. ജാതി, നിറം, ലിംഗം, രൂപപ്രത്യക്ഷങ്ങള്‍ ഇവയുടെ അതിരുകളെ ഭേദിക്കാന്‍ കഴിയുന്ന മട്ടില്‍ ശരീരവൈവിധ്യങ്ങളുടെ ആഘോഷമായി പുതിയകാലത്തെ ഫാഷന്‍പ്രവണതകള്‍ മാറിയിട്ടുണ്ട്. ശ്രേണീബദ്ധവും വിഭജിതവുമായ സാമൂഹികശരീരത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ ഇവ പ്രധാന പങ്കുവഹിക്കുന്നു. എന്നാല്‍ ഇതിനെതിരായ പ്രവണതകളും ശക്തമാണ്. പുതിയകാലത്തെ ഫാഷനും ശരീരവും ഇതിനിടയില്‍ സംഘര്‍ഷഭരിതമാണ്. പൗരത്വത്തെയും ജനാധിപത്യത്തെയും ബലിഷ്ഠമായ ഏകദിശയില്‍ നിന്നും അടര്‍ത്തിയെടുത്ത്, വേറിട്ട അനേകം വ്യത്യസ്തദിശകളിലേക്ക് ത്വരിപ്പിച്ചെടുക്കുന്നതിനുള്ള രാഷ്ട്രീയഭാവന ഈ കലക്കങ്ങളില്‍ ഊറിത്തെളിഞ്ഞേക്കാം.
( *ഇച്ഛാധികാരമെന്ന വാക്കിന് സി. കേശവനോട് കടപ്പാട്)
2017 നവംബര്‍ 12, ലക്കം മാതൃഭൂമിആഴ്ച്ചപ്പതിപ്പില്‍ പെണ്ണുടുപ്പിലെ പോക്കറ്റ്,ആണ്‍കണ്ണിലെ കണ്‍മഷി എന്ന തലക്കെട്ടില്‍ വന്ന ലേഖനം

No comments:
Post a Comment