Wednesday, July 13, 2016

ചില ഓണ്‍ലൈന്‍ 'സ്വ'കാര്യങ്ങള്‍



2008ലെ മധ്യവേനലവധിക്കാലം. പുതുകവിതയുടെ പെരുമഴക്കാലവും എം. ആര്‍ രേണുകുമാറിന്റെ അള്‍സിറ@ എന്ന കവിതയെ കുറിച്ച് മൂന്നാലുവരികളോടെയാണ് ഒരു കപ്പുചായ എന്ന ബ്ലോഗു തുടങ്ങുന്നത്. വിഷ്ണുപ്രസാദെന്ന കവി സുഹൃത്താണ് അതില്‍ ആര്‍ക്കൈവും ഹിറ്റ്കൗണ്ടും ടെംപ്ലേറ്റും ഒക്കെ സെറ്റ് ചെയ്യാന്‍ സഹായിച്ചത്. ഓര്‍ക്കൂട്ട് പതിയെ അയഞ്ഞ് ഇല്ലാതെയായ കാലം. ഒരു കപ്പു ചായ എന്ന പേര് തനിയെ പതഞ്ഞു പൊന്തിവരികയായിരുന്നു. ഓഷോയുടെ പുസ്തകം ഒരു ബോധപ്രേരണയേയായിരുന്നില്ല. എന്റെ ചായക്കമ്പവും ചായക്കിരുപുറവുമിരുന്നുള്ള കൊച്ചുവര്‍ത്തമാനങ്ങളിലൂടെ കൊടുങ്ങല്ലൂരിലെ വൈകുന്നേരസൗഹൃദങ്ങളില്‍ പടര്‍ന്ന ഉന്മേഷവും ചേര്‍ന്നാവാം ആ പേരുണര്‍ന്നത്.  ആനുഷംഗികമായ എളിയ വര്‍ത്തമാനങ്ങള്‍ എന്നേ ഉദ്ദേശിച്ചുള്ളൂ. സ്‌കൂള്‍ വിട്ടാല്‍ കളിക്കാന്‍ പോകുമ്പോലെയോ ചിത്രകഥകള്‍ വായിക്കുമ്പോലേയോ ഒഴിവുനേരങ്ങളില്‍ ബ്ലോഗിടങ്ങള്‍ ഉല്ലാസം പകര്‍ന്നു. പ്രത്യേകിച്ചും വെള്ളെഴുത്തും ഭൂമിപുത്രിയും എച്ച്മുക്കുട്ടിയും പാഞ്ചാലിയും ചിത്രകാരനും നിരക്ഷരനും  ഡാലിയും നിഷ്‌കളങ്കനും  ഗുപ്തനും ദേവസേനയും മറ്റും മറ്റുമായ പല ബ്ലോഗര്‍മാരിലേക്കുമുള്ള ഹൈപ്പര്‍ലിങ്ക് യാത്രകള്‍ ഊര്‍ജ്ജദായകം തന്നെ. പിന്നീടവരില്‍ പലരെയും നേരില്‍ കണ്ടു, കേട്ടു, വായിച്ചു. ഒരു നാട്ടിന്‍പുറത്തെ സ്‌കൂള്‍ പോലെ ഇരട്ടപ്പേരുകള്‍ക്കാണിവിടെ ഇമ്പം. പരിചയം. ചെറുനോട്ടങ്ങളും കണ്ണുകാണിക്കലും തള്ളിയിടലും കൂക്കുവിളികളും സാറ്റുകളിയും ഒക്കെയുണ്ടിവിടെ. അതിപ്പോള്‍ ഓര്‍മ്മകളായി. ജ്യോനവന്‍, പരാജിതന്‍ തുടങ്ങിയ ബ്ലോഗര്‍മാര്‍ പൂര്‍ണമായും ലോകം വിട്ടുപോയി. ജ്യോതിഭായി പരിയാടത്തിന്റെ ചോല്‍ക്കവിതാബ്‌ളോഗ് 'കാവ്യം സുഗേയം' ഏറ്റവും ശ്രദ്ധേയമായിത്തന്നെ തുടരുന്നു.പിന്നെ ബ്ലോഗിന്റെ വെര്‍ച്വല്‍ ലോകത്ത് പലരും നരച്ചും മുഷിഞ്ഞുമിരുപ്പായി.  ഇന്ന് ബ്ലോഗിടങ്ങളില്‍ കാല്‍പ്പെരുമാറ്റം കുറവ്. വിജനമായ ഇടനാഴികളില്‍നിന്നുവരുന്ന നിശ്ശബ്ദതയുടെ ഒരു മുഴക്കമായതു മാറുമ്പോള്‍ ചെറുതല്ലാത്ത നിരാശയുണ്ട്. പുതിയ ഇടങ്ങളിലേക്ക് ചേക്കേറുകയാവാം പലരും.

വ്യക്തിയായ എഴുത്താളി
ബ്ലോഗിടത്തില്‍ മറ്റൊരു പേരില്‍ മറഞ്ഞിരിക്കുന്ന എഴുത്തുകാര്‍ ഒളിവിടം വിട്ട് എല്ലാ പ്രത്യക്ഷതയോടെയും വരുന്ന കാഴ്ചയാണ് എഫ്ബിയിലുള്ളത്. ബ്ലോഗിന്റെ നിഴലിടമല്ല അവിടെ. ഡിജിറ്റല്‍ കാഴ്ചയുടെ എല്ലാ വൈവിദ്ധ്യങ്ങളോടെയും അത് എഴുത്തിനൊപ്പം തന്നെ എഴുത്തിനേക്കാള്‍ വ്യക്തിയെ/ എഴുത്താളരെ പുരഃക്ഷേപിക്കുന്നു. എഴുതുന്നയാള്‍ എം.ലീലാവതിയോ വിജയലക്ഷ്മിയോ സുഗതകുമാരിയോ ആയിരിക്കെട്ടെ, പ്രിന്റിടത്തില്‍ അവര്‍ എഴുത്തുമാത്രമായാണ്, എഴുത്തുകാരിയായാണ് സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. എഴുത്തും എഴുത്താളിയുമായുള്ള ബന്ധം സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍  വെറും ആളായും പേരായും മാത്രമല്ല, രൂപമായി, ആ രൂപത്തിന്റെ വിവിധ ഭാവഭേദങ്ങളും വികാരവിചാരങ്ങളും വ്യക്തിബന്ധങ്ങളും ഒക്കെയായി നിറഞ്ഞുകവിയുകയാണ്. ഓഥര്‍മാര്‍ റൊളാങ് ബാര്‍ത്തുവന്നു കൊന്നാലും ചാവില്ല! വ്യക്തികള്‍ക്ക് അധികമൂല്യം തന്നെയുള്ള ഒരു  വിനിമയവേദിയായി ഫെയ്‌സ്ബുക്ക് മാറിക്കഴിഞ്ഞു.

നമ്മുടെ സാമൂഹ്യപൊതുമണ്ഡലത്തിന്റെ പല മേഖലകളെയും നോക്കുമ്പോള്‍ അതിനകത്തെ സ്ത്രീ ഇടപെടലുകള്‍ എത്ര സംഘര്‍ഷഭരിതവും എത്രമാത്രം പ്രതിരോധപരവുമാണെന്ന് നാം ഇതിനോടകം തിരിച്ചറിയുന്നുണ്ട്. അത്തരം ഒരു സാമൂഹ്യ ഇടപെടലിന്റെ രീതിഭേദങ്ങളില്‍ നിന്നുകൊണ്ടാണോ ഓണ്‍ലൈനില്‍ സ്ത്രീകള്‍ ഇടപെടുന്നത്. എങ്ങനെയാണ് ഇവയെ തരതമഭേദത്തിന് വിധേയമാക്കുക? തീര്‍ച്ചയായും ബ്ലോഗിലും എഫ.്ബി.യിലും മറ്റുമുള്ള കമന്റുകള്‍ സ്ത്രീകളെ ഒരു മാനകവ്യക്തികര്‍തൃത്വത്തിലേക്ക് എത്തിക്കുന്നുണ്ട്. ശ്രദ്ധിക്കപ്പെടാനും മറുപടികളുടെയും അഭിപ്രായങ്ങളുടെയും കേന്ദ്രമായി തീരാന്‍ തക്കവണ്ണം ഒരു പ്രധാന വിഷയിയായി സ്ത്രീയ്ക്ക് അവിടെ സ്വയം പ്രതിഷ്ഠിക്കാനാവുണ്ട്. ഭാഷണങ്ങളും പ്രതിഭാഷണങ്ങളും പെരുകുന്ന ഒരിടത്തില്‍ ഡയലോഗിന്റെ സാധ്യതകളെ സ്ത്രീ ഉപയോഗിക്കുന്നു എന്നത് പ്രധാനം തന്നെ. സാങ്കേതികമായി പറഞ്ഞാല്‍ ഒരു ഓണ്‍ലൈന്‍ അക്കൗണ്ട് ഒരു പൗരപദവി തന്നെയാണ് അവള്‍ക്കവിടെ  നല്‍കുന്നത്.

വെര്‍ച്വല്‍ പൊതുമണ്ഡലം

ഓണ്‍ലൈന്‍ ഇടപെടലുകള്‍ മുന്നോട്ടു വെയ്ക്കുന്ന പൊതുവിടത്തെ എങ്ങനെ മനസ്സിലാക്കണം? എന്താണീ പുതിയ പൊതുമണ്ഡലത്തിന്റെ പ്രത്യേകത? ഇത് അടിമുടി വ്യക്തിവല്‍കൃതമാണ്. ഒരു വൈയക്തികമായ അക്കൗണ്ട് ആകയാല്‍ തന്നെ അടിസ്ഥാനപരമായ വ്യക്തിവല്‍കൃതത്വം അതിനെ സവിശേഷമാക്കുന്നുണ്ട്. മുമ്പത്തെ സാമൂഹ്യ പൊതുമണ്ഡലത്തില്‍ നിന്നു വ്യത്യസ്തമായി ഈ വെര്‍ച്വല്‍ പൊതുമണ്ഡലം -പ്രത്യേകിച്ചും ഫെയ്‌സ്ബുക്ക്- മുഖശരീരങ്ങളോടെ വൈകാരിക ഭാവഭേദങ്ങളോടെ നിരവധി വ്യക്തിബന്ധങ്ങളോടെ സ്വകാര്യതകളുടെ ഒരു സംഘാതമായി വ്യക്തിയെ പ്രക്ഷേപിക്കുന്നു. എഴുത്താളിയുടെ പലതരം സ്വത്വങ്ങളെ അതിന് പ്രദര്‍ശിപ്പിക്കാന്‍ കഴിയും. എഴുത്തുകാരിയായും പ്രഭാഷകയായും എന്നതുപോലെത്തന്നെ സഞ്ചാരിയായും അമ്മയായും ഡ്രൈവറായും പാചകക്കാരിയായും ഒക്കെത്തന്നെ. കുഞ്ഞിനെ കുളിപ്പിക്കലും പുതിയ വസ്ത്രം വാങ്ങലും ജാഥയില്‍ പങ്കുചേരലും ഈശ്വരഭജനയും ഒക്കെ ഉള്‍പ്പെടുന്ന ദൈനംദിന പ്രവര്‍ത്തികളിലൂടെ അവളുടെ വ്യക്തിവല്‍കൃതമായ പെര്‍സോണ കൂടുതല്‍ അഭിരുചികളിലൂടെ നിര്‍വചിക്കപ്പെടുന്നുണ്ട് ഇവിടെ.

പഴയ മട്ടിലുള്ള സാമൂഹ്യപൊതുമണ്ഡലം എഴുത്തുകാര്‍ക്ക് അനുവദിച്ച നിശ്ചിതമായ ഒരു മാനകസ്വത്വപദവിയുണ്ട്. അതില്‍ നിന്നു വ്യത്യസ്തമാണിത്. വ്യക്തിപരമായ കാര്യങ്ങള്‍ അവിടെ കൂട്ടിച്ചേര്‍ത്ത് വായിക്കപ്പെട്ടിരുന്നില്ല. ചില 'വലിയ'  എഴുത്തുകാര്‍ക്ക് വ്യക്തിപരതയുടെ പരിവേഷം കൂടി നല്‍കി ആഘോഷിച്ചിരുന്നുവെന്നതും മറക്കുന്നില്ല. ബഷീര്‍, അഴീക്കോട്, എംടി, മാധവിക്കുട്ടി, പുനത്തില്‍ തുടങ്ങിയവരുടെ ദേശ('എന്റെ ദേശം')വിശേഷങ്ങളും ദിനചര്യകളുമുള്‍പ്പെടെ പരമ്പരാഗത മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നല്ലോ.  എന്നാലിന്ന് ചെറുതും വലുതുമായ എഴുത്താളരല്ലാം തന്നെ വൈയക്തികമായ ഈ പുതിയ പൊതുമണ്ഡലത്തില്‍ സ്വകാര്യവ്യക്തികളായി കൂടി പ്രത്യക്ഷപ്പെടുന്നു.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത് അവരെ മാത്രമല്ല, അവരെ സംബന്ധിച്ച പൊതുമൂല്യങ്ങളെ കൂടി വെളിപ്പെടുത്തുന്നുണ്ട്. അവര്‍ക്ക് നേരെയുള്ള വശീകരണങ്ങളെയും പഞ്ചാരയടികളെയും സ്തുതിവചനങ്ങളെയും അസഭ്യവര്‍ഷങ്ങളെയുമൊക്കെ അത് നിരന്തരം പുറത്തേയ്ക്ക് തെളിച്ചു കാട്ടുന്നു. പ്രീത.ജി.പി, ജെസീല ചെറിയവളപ്പില്‍, അരുന്ധതി.ബി തുടങ്ങിയ ചിലരെങ്കിലും ചാറ്റ്‌ബോക്‌സിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇടുന്നതോടെ ഏറ്റവും സ്വകാര്യമായ ചില വിനിമയങ്ങളെയും കൂടി പൊതുമണ്ഡലത്തിലേയ്ക്ക് തുറന്നിടുന്നു. അതാകട്ടെ നമ്മുടെ സമൂഹത്തിലെ ആണ്‍കോയ്മയെ മാത്രമല്ല,  അതിനുള്ളിലെ ഹിംസാത്മകതയെയും കപടമായ ജനാധിപത്യവാദത്തെയും അവസരവാദത്തെയുമൊക്കെ തുറന്നുകാട്ടുന്നവയുമാണ്. ഇങ്ങനെ സ്വകാര്യവും പൊതുവുമായ ഒരുപാടു രാഷ്ട്രീയവിനിമയങ്ങളുടെ കേന്ദ്രമായിത്തന്നെ ഓരോ പെണ്‍പ്രൊഫൈലുകളെയും മനസ്സിലാക്കാം. റൊമീലഥാപ്പറിനെപ്പോലുള്ള ചരിത്രപണ്ഡിതരും കവിതാകൃഷ്ണനെപ്പോലുള്ള ആക്റ്റിവിസ്റ്റുകളും പോലും ഇതില്‍നിന്ന് ഒഴിവാവുന്നില്ല.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു ഗണമെന്ന നിലയില്‍ അവര്‍ക്കിടയിലെ വ്യത്യസ്തസ്വത്വങ്ങളെയും അഭിരുചികളെയും രാഷ്ട്രീയനിലപാടുകളെയും പലമട്ടില്‍ കാഴ്ചപ്പെടുത്താനും തുറന്നിടുവാനും സോഷ്യല്‍മീഡിയയുടെ വൈയക്തികത്വം സഹായിച്ചുവെന്നതാണ് പ്രധാനം. ആധികാരികതയുള്ള കര്‍തൃത്വങ്ങളായി പൊതുമണ്ഡലത്തില്‍ സ്വയം സമര്‍ഥിച്ചെടുക്കാന്‍ അവര്‍ക്കതിലൂടെ കഴിയുന്നുണ്ട്. മറ്റൊരര്‍ഥത്തില്‍ പൊതുമണ്ഡലത്തെത്തന്നെയത് അടിമുടി മാറ്റിപ്പണിയുന്നു. മാനകത്വവും മിതവൈയക്തികത്വവും പുലര്‍ത്തിയിരുന്ന പൊതുമണ്ഡലത്തിന്റെ ഘടനയെ ഉലയ്ക്കാന്‍ അതിനു കഴിഞ്ഞു. കുറേയെങ്കിലും അതിനെ സ്‌ത്രൈണവല്‍ക്കരിക്കാനും കഴിഞ്ഞു. പിണറായിയെപ്പോലുള്ള രാഷ്ട്രീയനേതാക്കന്മാരുടെയും അഴിക്കോട്/ടി.പത്മനാഭനെപ്പോലുമു
ള്ള എഴുത്തുകാരുടെയും രാഗദ്വേഷങ്ങളും നര്‍മ്മങ്ങളും ആഘോഷിക്കുന്ന പൊതുമണ്ഡലത്തില്‍ സ്ത്രീയുടെ സ്വകാര്യതയിലൂന്നിയ ഈ വൈകാരികപ്രകടനങ്ങള്‍ സൂക്ഷ്മമായ ഒരു രാഷ്ട്രീയം നിര്‍മ്മിച്ചെടുക്കുന്നു.

വെര്‍ച്വലും റിയലുമായ രണ്ടു സമാന്തരജീവിതങ്ങളായി പൊതു/സ്വകാര്യ മണ്ഡലങ്ങളില്‍ എഴുത്താളികള്‍ നിലനില്‍ക്കുന്നു. എന്നാലവ നേര്‍ എതിര്‍ദ്വന്ദങ്ങളല്ല തന്നെ. പലപ്പോഴും തുടര്‍ച്ചകളുമാണ്. അന്തരിച്ച യുവതാരം ജിഷ്ണുവിനെപ്പോലെ ചിലര്‍ മരണത്തോടടുത്ത സമയത്തുപോലും സോഷ്യല്‍മീഡിയയിലൂടെ തന്റെ വികാരങ്ങള്‍ പങ്കുവെച്ചിരുന്നതോര്‍ക്കുക. തൃശൂര്‍ കേരളവര്‍മ കോളജിലെ അധ്യാപിക ദീപാ നിശാന്തിന്റെ എഫ്ബി പോസ്റ്റുകള്‍, അവരുടെ കാമ്പസിലെ  ഇടപെടലുകള്‍ എങ്ങനെ പൊതു/വൈയക്തിക മണ്ഡലങ്ങള്‍ക്കകത്ത് സ്ത്രീയുടെ സ്വത്വസമര്‍ത്ഥനം നടക്കുന്നുവെന്ന് വ്യക്തമാക്കുന്നു. അധ്യാപനം എന്ന ആധികാരിക മണ്ഡലത്തിലെ അധികാരബന്ധങ്ങളെ തന്റെ വൈകാരികതകളിലൂടെ സൂക്ഷ്മമായി തുറന്നുകാണിക്കാനും അവര്‍ തന്റെ എഴുത്തുകളെ ഉപയോഗിച്ചു. ഇത്തരം നിരവധി ഇടപെടലുകള്‍ ഇന്ന് കാണാന്‍ കഴിയും. കൊച്ചുത്രേസ്യ, ജോഷിന രാമകൃഷ്ണന്‍, ജെസീല ചെറിയ വളപ്പില്‍ തുടങ്ങിയവര്‍ പുതിയ സ്ത്രീയുടെ വൈകാരികതയുടെ രാഷ്ട്രീയത്തെ കുടുംബബന്ധങ്ങള്‍ക്കുള്ളില്‍ വെച്ചുകൊണ്ട് പുനര്‍നിര്‍മ്മിക്കുന്നത് രസകരമായാണ്. അകവും പുറവും തമ്മിലുള്ള അതിര്‍ത്തികളെ അവര്‍ ഇടയ്ക്കിടെ മായ്‌ച്ചെഴുതുന്നു. ആത്മനിഷ്ഠത മോശം കാര്യമാണെന്നാണെങ്കില്‍ എന്താണു വസ്തുനിഷ്ഠത? അതു ഭൂരിപക്ഷത്തിന്റെ ആത്മനിഷ്ഠതല്ലേ എന്ന ആഡ്‌റിയന്‍ റിച്ചിന്റെ ചോദ്യമോര്‍ക്കാം.  മക്കളുടെ വളര്‍ച്ചയുടെ പല ഘട്ടങ്ങളും അവരുടെ കളിപ്പാട്ട സാമഗ്രികളും അവര്‍ ഉപയോഗികുന്ന വാക്കുകളും അപ്പിയിടല്‍/ പാലൂട്ടല്‍ അനുഭവങ്ങളുമെല്ലാം ചേര്‍ന്ന നിരവധി മേഖലകളെ അവര്‍ നര്‍മ്മമധുരമായി എഴുതിയതോര്‍ക്കുന്നു. ഇതിനര്‍ഥം വൈകാരികതയിലൂന്നിയ ഒരു രാഷ്ട്രീയ അഭിരുചികളില്‍ മാത്രമാണവര്‍ ഊന്നുന്നത് എന്നല്ല. സ്ത്രീകര്‍തൃത്വത്തെ കുറിച്ചുള്ള സമാന്യമായ കാഴ്ചപ്പാടുകളില്‍ വിള്ളല്‍വീഴ്ുന്ന വിധം സൂക്ഷ്മവും സമര്‍ഥവുമായ ഇടപെടലുകളായി തന്നെയാണ് അവയെ കാണേണ്ടത്. മറ്റു പല പൊതുപ്രശ്‌നങ്ങളിലും -ഉദാ: ചുംബനസമരം, ജാതിപ്രശ്‌നങ്ങള്‍ തുടങ്ങിയവയിലെല്ലാം നിരവധിയായ ഇടപെടലുകള്‍ നടത്തിക്കൊണ്ട്. അവര്‍ സ്വയം സമര്‍ഥിക്കുന്നുമുണ്ട്.

ചോയ്‌സ്
ഓണ്‍ലൈനിലെ സ്ത്രീകളുടെ പൊതുമണ്ഡലനിര്‍മ്മിതി ഈയൊരു പ്രകാരത്തില്‍ മാത്രമാകണമെന്നില്ല. വെര്‍ച്വല്‍ ലോകത്തിന്റെ സാങ്കേതികതയും അതിന്റെ സാധ്യതകളും ഓണ്‍ലൈന്‍ സ്വത്വനര്‍മിതിയെ സവിശേഷമായി സ്വാധീനിക്കുന്നുണ്ട്. ഡോണാ ഹാരവെയപ്പോലുള്ളവര്‍ ഉന്നയിക്കുന്ന ചോയ്‌സിന്റെ സാധ്യത തന്നെയാണ് അത്. ആണാവാനും പെണ്ണാവാനുമൊക്കെയുള്ള സാധ്യതകള്‍.. അതേക്കുറിച്ച്  'ഉരുകുന്ന ലിംഗപദവിയും സൈബര്‍സ്‌പേസും' എന്ന ലേഖനം ഇതേ ലേഖിക  മുമ്പ് സംഘടിതയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സത്യത്തില്‍ ബൃഹത്തായ തുടര്‍ക്കണ്ണികളായി ചേര്‍ന്നുകിടക്കുന്ന ഒരു പൊതുമണ്ഡലമല്ല, ചെറിയചെറിയ പറ്റങ്ങളുടെ കൂട്ടമാണിന്നുള്ളത്.
ഫേസ്ബുക്ക് പോസ്റ്റുകള്‍  ചില തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്കിടയില്‍ മാത്രമായി ഷെയര്‍ചെയ്യാവുന്നത്, അവനവനു മാത്രമായി (ഒണ്‍ലി മി) ഷെയര്‍ ചെയ്യാവുന്നത് ഒക്കെയാണ്. ഫോട്ടോകളിലും നോട്ടുകളിലും മറ്റും ചിലരെ ഉള്‍പ്പെടുത്തിയും ചിലരെ ഒഴിവാക്കിയുമായി ടാഗുചെയ്യാം. താല്പര്യമില്ലാത്തവരെ അണ്‍ഫ്രണ്ടു ചെയ്യുകയോ ബ്‌ളോക്കു ചെയ്യുകയോ ആവാം. ശല്യക്കാരായവരുടെ പ്രൊഫൈലോ പോസ്റ്റുകളോ റിപ്പോര്‍ട്ടുചെയ്യാനും കഴിയും. ചാറ്റ് ബോക്‌സില്‍ സ്വകാര്യമായി രണ്ടോ അതിലധികം പേര്‍ക്കോ വിനിമയങ്ങള്‍ നടത്താം. ഇപ്രകാരം ചോയ്‌സ് എന്നത് സാങ്കേതികഉപാധികളോടെയുമാണ്. ഒരേ താല്പര്യമുള്ള ഒരു പറ്റത്തിന്റെ സ്വഭാവവും ചഞ്ചലമാണ്. നിശ്ചയമായും അതിനൊരു സ്വയംപൂര്‍ണത ഉണ്ടാവാം. എങ്കിലും ഐക്യപ്പെടലിന്റെ പോലെ തന്നെ വേറിടലിന്റെ തലവും  അവിടെ സദാ സജ്ജമായി നില്‍ക്കുന്നുണ്ട്. എഫ്.ബി.ഗ്രൂപ്പുകള്‍ക്ക് ഇത്തരത്തില്‍ ഒരു കൊച്ചുപൊതുമണ്ഡലത്തിന്റെ സ്വഭാവമാണുള്ളത്.
 ഒളിച്ചിരിക്കുന്ന വ്യക്തികള്‍ ഏറെയാണ് എഫ്.ബി.യില്‍. ചാറ്റിംഗും ഒണ്‍ലി മി ഷെയറിംഗുമായി കൂടുതല്‍ക്കൂടുതല്‍ സ്വകാര്യമാണവ. എന്നാലോ ഈ പബ്‌ളിക് സ്പിയര്‍ പോലെ വിശാലവും പബ്‌ളിക്കുമായ വേറൊന്ന് ഇല്ല താനും. ഒരോരുത്തരും തങ്ങളുടെ കൈഫോണിലും ലാപ് ടോപ്പിലുമായുണ്ടാക്കുന്ന സ്വകാര്യലോകങ്ങള്‍ തന്നെയാണ് പുതിയൊരു പൊതുമണ്ഡലത്തിന്റെ പുതിയതരം രാഷ്ട്രീയസാധ്യതയെ തേടുന്നത്.  
ഇതും കൂടി കാണുമല്ലോ
 http://orukappuchaaya.blogspot.in/2011/12/blog-post.htm

2016 ജൂലൈ ലക്കം സംഘടിതയില്‍ പ്രസിദ്ധീകരിച്ചത്‌
 

No comments: