മേരിക്കുട്ടി സ്കറിയ |
ഉമ്മി അബ്ദുള്ള, ലക്ഷ്മിനായര്‍ മട്ടിലുള്ള ബെസ്റ്റ്‌സെല്ലര്‍ പാചകപുസ്തകങ്ങളുടെ ഇനത്തില്‍ ഒട്ടുമേ നാമിതിനെ കുടിയിരുത്തുകയുമില്ല. മുഖ്യധാരാസിനിമ(സാള്‍ട്ട് ആന്റ് പെപ്പര്‍, ഉസ്താദ് ഹോട്ടല്‍)കളിലൂടെയും മറ്റും ഭക്ഷണം ഒരു ജനപ്രിയസാംസ്‌കാരികപരിഗണനയായി പരിണമിച്ച ഘട്ടത്തിലാണ് ഈ പുസ്തകം ഇറങ്ങുന്നത്. സംസ്‌കാരപഠനത്തിന്റെയും ആത്മകഥയുടെയും അതിരുകള്‍ പങ്കിടുന്ന ഒന്നാണ് ഈ ചെറുപുസ്തകം. വിവാഹം, പാചകം, പ്രസവം, ഔദ്യോഗികജീവിതം, വിദേശയാത്രകള്‍, വാര്‍ദ്ധക്യം, പ്രിയപ്പെട്ടവരുടെ മരണം, എല്ലാം ഒരു സ്ത്രീയുടെ അനുഭവപരിധിയ്ക്കകത്ത് നിന്നുകൊണ്ട് വിവരിക്കുന്ന ഈ പുസ്തകത്തെ വ്യത്യസ്തമായ ഒരു പെണ്ണെഴുത്തായി വായിക്കാം. കാരണം, പെണ്‍രചനകളിലെ വീറുളള പതിവ് പ്രതിരോധബോധം ഇതില്‍ അത്ര പ്രകടമല്ല. അതിനോടുള്ള ഉദാസീനത പോലും കണ്ടെന്നിരിക്കും. ഒരുപക്ഷേ അതുമൊരു വേറിട്ട രാഷ്ട്രീയദിശയുടെ സൂചനയായി കണ്ടെടുക്കാവുന്നതാണ്, ബോധപൂര്‍വമല്ലെങ്കില്‍ക്കൂടി.
ആഖ്യാനം
എഴുത്ത് എന്നത് മിക്കപ്പോഴും പറച്ചില്‍ ആണ് ഈ കൃതിയില്‍ . സ്ത്രീകളെ സംബന്ധിച്ച് സഹജമാണ് വാമൊഴിയുടെ തനിമയും ചാരുതയും. അതിന്റെ പലതരം വഴക്കങ്ങള്‍ അവരുടെ ഏതുതരം ആഖ്യാനത്തെയും മോടിപിടിപ്പിക്കുന്നു, നാടകീയവും ചടുലവുമാക്കുന്നു.ആധികാരികഭാഷയ്ക്ക് എതിര്‍ നിന്നുകൊണ്ട് അവര്‍ സ്വരൂപിക്കുന്ന ഭാഷാപരവും ഭാഷണപരവുമായ വിധ്വംസകത മാധവിക്കുട്ടിയുടെ 'ജാനു പറഞ്ഞകഥ'യിലും മറ്റും നാം കണ്ടതാണ്. ഭാഷയ്ക്കകത്ത് കൂടുതല്‍ തനിമയുള്ള ഒരു മാതൃഭാഷയായി അവര്‍ സ്വന്തം അനുഭവങ്ങളെ ആഖ്യാനം ചെയ്യുന്നു. അനുഭവത്തിന്റെ തൊട്ടടുത്തു ഭാഷയെ പ്രതിഷ്ഠിക്കുന്ന, അനുഭവത്തെ തൊട്ടെടുക്കാവുന്നമട്ടില്‍ ഭാഷയെ തികച്ചും ഐന്ദ്രിയമാക്കുന്ന ഒരു പറച്ചില്‍ശൈലി തന്നെയാണ് ഈ കൃതിയുടെ എറ്റവും വലിയ ഗുണം.
വ്യക്തിപരമായ വായന
നാട്യങ്ങളില്ലാത്ത ഈ പുസ്തകത്തിന്റെ വായന അത്യധികം രഹസ്യാഹ്ലാദം നല്‍കുന്ന ഒന്നായിരുന്നു. ഓണക്കാലത്ത് ഇടക്കിടെ അടുക്കളയില്‍ പോയി കായുപ്പേരിയും ശര്‍ക്കരവരട്ടിയും ചീടയും കട്ടുതിന്നുന്ന ഒരു രുചിയാണ് ഇടക്കിടെ ഇതു വായിക്കുമ്പോള്‍ ഞാനനുഭവിച്ചത്. തികച്ചും ബാല്യകാലത്തിലേയ്ക്കുള്ള ഒരു തിരിച്ചുപോക്ക്.
മുതിര്‍ന്ന സ്ത്രീകള്‍ വര്‍ത്തമാനം പറയുന്നിടത്ത് കുളിക്കടവിലും വേലിക്കരികിലുമൊക്കെ ഞങ്ങള്‍ കുട്ടികള്‍ കൗതുകത്തോടെ നില്‍ക്കുമായിരുന്നു. വിറകു കീറുകയും പശുവിനെ കറക്കുകയും കൂട്ടാനരിയുകയും അരിയാട്ടുകയുമൊക്കെ ചെയ്യുന്ന അമ്മയുടെ കൂട്ടുകാര്‍ പറയുന്ന വര്‍ത്തമാനങ്ങള്‍ പല നിറമുള്ള സചിത്രപുസ്തകങ്ങളെക്കാള്‍ രസകരമായിരുന്നു. കുട്ടികള്‍ കേള്‍ക്കാന്‍ പാടില്ലാത്ത വല്ലതും ഉണ്ടെണ്‍ന്നു തോന്നിയാല്‍ അമ്മ ഓടിക്കും. അതിരാവിലെ പാലുകറക്കാനായി വന്നിരുന്ന കാത്തുവമ്മ ഓരോ പാത്രങ്ങളിലും പാലു നിറച്ചുകൊണ്‍ണ്ട് അമ്മയോട് ഓരോ പയ്യാരങ്ങള്‍ പറയും. ചിരിയും തമാശയും കരച്ചിലും ഒക്കെ കലര്‍ന്ന അത്തരം ഓരോ പ്രഭാതങ്ങളും എന്നിലേക്ക് ഉണര്‍ത്തിയെടുക്കുവാന്‍ ഈ പുസ്തകത്തിനു കഴിഞ്ഞു.
സ്ത്രീചരിത്രരചന
ഒരര്‍ഥത്തില്‍ ഒരു പാലാ നസ്രാണിക്കാരി വീട്ടമ്മയുടെ ആഹ്ലാദത്തിന്റെയും അതിജീവനത്തിന്റെയും ചരിത്രമാണിത്. അതില്‍ ഓരോ പൊട്ടും പൊടിയും അനുഭവം പുരണ്‍ണ്ടത്. അകൃത്രിമലളിതം. എഴുത്തുപദവിയാല്‍ ഒട്ടുമേ ബാധിക്കപ്പെടാത്തത്. രണ്‍ണ്ടുനാടുകളിലെയും - ജനിച്ച വീട്ടിലെയും ചെന്ന വീട്ടിലെയും- ജീവിതത്തിന്റെ ഫോക്‌ലോര്‍ മേരിക്കുട്ടിയുടെ എഴുത്തിലുണ്‍ണ്ട്. കപ്പ പലരീതിയില്‍ പുഴുങ്ങുന്നത്,പലതരം കപ്പ/ചക്ക സംസ്‌കരണരീതികള്‍, പെരുന്നാളാഘോഷങ്ങള്‍, പുരകെട്ടുന്നത്, ഓണമാഘോഷിക്കുന്നത്, കുട്ടിക്കാലത്ത് കൊല്ലത്തിലൊരിക്കല്‍ അപ്പന്‍ സകുടുംബം സിനിമാ കാണാന്‍ കൊണ്ടുപോകുന്നത് , മീന്‍ കറിവെക്കുന്നത്, പെസഹാ പലഹാരങ്ങളുണ്‍ണ്ടാക്കുന്നത്, ആങ്ങളമാരുടെ കുരുത്തക്കേടുകള്‍, കട്ടുതീറ്റകള്‍ ,അമ്മയുടെ ശിക്ഷാവിധികള്‍, ഇച്ചായന്റെ(അഛന്‍) നര്‍മപരിഹാസങ്ങളോടെയുള്ള താക്കീതുകള്‍ , വിവാഹശേഷമുള്ള പെണ്‍വീട്ടുകാരുടെ മാമൂലുകള്‍, കല്യാണച്ചടങ്ങുകള്‍ പ്രസവശുശ്രൂഷ നടത്തുന്നത്.. അങ്ങനെ എല്ലാമെല്ലാം. ചരിത്രരചനയുടെ ഔപചാരികഘടനയിലല്ലെങ്കിലും ആ ഒരു അടിയൊഴുക്ക് ഈ രചനകളിലുണ്ട്. ചെറിയ തോതില്‍ ഒരു പ്രാദേശികസ്ത്രീചരിത്രരചന തന്നെ. അന്‍പതുകളില്‍ ജനിച്ച ഒരു സ്ത്രീ ആദ്യമായി ചെരിപ്പിട്ടതിന്റെ, സാരിയുടുത്തതിന്റെ, ബാങ്കില്‍ ജോലി ചെയ്യുന്നതിന്റെ, വീടുവിട്ട് ഹോസ്റ്റലില്‍ താമസിച്ചതിന്റെ, വള്ളത്തില്‍ കയറാന്‍ പഠിച്ചതിന്റെ, പ്രസവിച്ചതിന്റെയും മീന്‍കറി വെക്കാന്‍ പഠിച്ചതിന്റെയും ഒക്കെ.... പണ്ടത്തെ തലമുറയിലെ അപ്പനമ്മമാര്‍ എങ്ങനെ മക്കളെ ശാസിച്ചും സ്‌നേഹിച്ചും വളര്‍ത്തിയെന്ന്,അതില്‍ത്തന്നെ അപ്പനും മകളും തമ്മിലുള്ള സവിശേഷവമായ അധികാരബന്ധം ,ശാരീരികമായ അകലം, അതിസൂക്ഷ്മമായ കരുതല്‍, അമ്മയെന്ന പാലത്തിലൂടെ അപ്പനിലേക്കുള്ള എളുപ്പവഴികള്‍ ഒക്കെ അറിയുന്നത് പുതുതലമുറയ്ക്ക് രസകരമായിരിക്കും. അമ്മ കഴിഞ്ഞാല്‍ പിന്നെ കൂട്ടുകാരികളും സഹോദരിമാരുമൊക്കെ ചേര്‍ന്ന പെണ്ണിടങ്ങളുടെ ആശ്രയവും ആശ്വാസവും മേരിക്കുട്ടി പലയിടത്തായി പങ്കു വെക്കുന്നു. ആത്മനിഷ്ഠവും ഒപ്പം സാംസ്‌കാരികവുമായ ചരിത്രം. ഇത്തരം വ്യക്തിപരമായ എന്നാല്‍ ആധികാരികമ്മന്യമല്ലാത്ത എഴുത്തുകളില്‍ക്കൂടിയുമാണ് ഇനിയുള്ള കേരളചരിത്രരചന രൂപപ്പെടാനിരിക്കുന്നത്. തദ്ദേശീയവും തല്‍സമയവുമായ ജൈവികമായ ഇത്തരം എഴുത്തുകള്‍ വലിയമുതല്‍ക്കൂട്ടാവുന്നത് അങ്ങനെയാണ്.
ആഗോളവല്‍ക്കരണം ,അധ്വാനം
അല്‍പംകൂടി അക്കാദമികമായി പറഞ്ഞാല്‍ കേരളത്തിലെ ഇടത്തരം വീട്ടമ്മമാര്‍ എങ്ങനെയാണ് ആഗോളവല്‍ക്കരണം നേരിട്ടത് അതുപയോഗപ്പെടുത്തിയത്, എന്നൊക്കെ ഈ കുറിപ്പുകള്‍ നമ്മോട് പറയുന്നു.
ചിരട്ടത്തവി, ചേര്, ഉറി മുതല്‍ ഉമിക്കരിയും പത്തായവും വരെയുള്ള നിത്യോപയോഗസാധനങ്ങള്‍ അവയുടെ പലതരം സംസ്‌കാരങ്ങളും പരിചരണങ്ങളും ഒക്കെ എങ്ങനെ അടുക്കളയില്‍ നിന്ന് മാന്ത്രികമായി മാഞ്ഞുപോയെന്ന് ഈ കൃതി നമ്മോട് പറയുന്നു.അധ്വാനം എന്നത് പുതുതായി നിര്‍വചിക്കപ്പെടുന്ന ഒരു സന്ദര്‍ഭം കൂടിയാണിത്. ഗാര്‍ഹികമായ അധ്വാനത്തെ ആസ്വാദനപരമായി വിവരിക്കുമ്പോള്‍ കലാപരമായ അംശങ്ങള്‍ കൂടി അവിടെ ഉള്‍ച്ചേര്‍ക്കപ്പെടുന്നു. 'കറുത്ത പ്രതലത്തില്‍ വെളുത്ത പൂക്കള്‍ നിര്‍മിക്കുന്നു'വെന്ന് 'മേഘസന്ദേശ'ത്തില്‍ ദോശചുടുന്നതു വിവരിക്കുന്നു, ഗിരിജ പാതേക്കര. അടുക്കളയില്‍ ചപ്പാത്തി പരത്താനായി കുഴച്ചുണ്ടാക്കിയ ഉരുളകള്‍ പല ആകൃതികളില്‍ ഗോതമ്പുശില്‍പങ്ങളായി രൂപപ്പെട്ടുവരുന്നതിനെക്കുറിച്ച് പറയുന്ന, അധ്വാനം കലാവിഷ്‌കാരമാകുന്നതിന്റെ, നേര്‍സാക്ഷ്യമാണ് കവിതാ ബാലകൃഷ്ണന്റെ ഗോതമ്പുശില്‍പങ്ങള്‍ എന്ന കവിതയും. ഇവിടെയും കരിപുരണ്‍ണ്ട പഴയ അടുക്കളയ്ക്കു നേരെ കാല്‍പനികവും ഗൃഹാതുരവുമായ കപട നെടുവീര്‍പ്പുകളിടുന്നില്ല. കാണാപ്പണിയെക്കുറിച്ചുള്ള പതിവു ജടിലജല്‍പനങ്ങളുമില്ല. പകരം ഗ്യാസ് സ്റ്റൗവും മിക്‌സിയും ഫ്രിഡ്ജും എന്തിന് ഡിഷ് വാഷറും വാഷിങ് മെഷീനും മൈക്രോവേവ് ഓവനും മോഡുലാര്‍ കിച്ചനും എല്ലാമുള്ള പുതിയ ആഗോളീകൃത കിച്ചണെ ആകെയൊന്ന് ആസ്വദിക്കുകയാണ് ചെയ്യുന്നത്. ഔദ്യോഗിക വിരമിക്കലിനു ശേഷമാണ് താന്‍ പാചകം എന്ന കല ആസ്വദിച്ച് ചെയ്യുന്നതെന്ന് മേരിക്കുട്ടി പുഞ്ചിരിയോടെ പറയുന്നു. കന്നുകാലികളോടും കോഴിവളര്‍ത്തലിനോടുമുള്ള തന്റെ പ്രിയത്തെക്കുറിച്ചു പറയുമ്പോള്‍ അടുക്കളക്കാര്യങ്ങള്‍ക്കും മറ്റു സ്വകാര്യആവശ്യങ്ങള്‍ക്കും ഒക്കെ ഒരു സാധാരണവീട്ടമ്മയ്ക്ക് ഇതൊക്കെ എത്ര അനിവാര്യമായിരുന്നെന്നും അവരോര്‍ക്കുന്നു.
നര്‍മം
സ്ത്രീരചനകളില്‍ പൊതുവെ കണ്‍ണ്ടുവരുന്ന അതിവൈകാരികതയും പൊതുവെ ഇവിടെയില്ല; ദുഃഖത്തിന്റെ സന്ദര്‍ഭങ്ങളില്‍ പോലും. സ്ത്രീപക്ഷപരമായ പ്രതിരോധബോധത്തിനും കാല്‍പനികമായ തേങ്ങല്‍ കലര്‍ന്ന ഇരബോധത്തിനും ഇടയിലാണിതിന്റെ ആഖ്യാനകര്‍തൃത്വം. പലപ്പോഴും നേരിയ നര്‍മ്മത്തിന്റെ നാട്ടുവെളിച്ചം ഈ കൃതിയെ പ്രാസാദപൂര്‍ണ്ണമാക്കുന്നു. അവിചാരിതമായ നര്‍മ്മം ഇടക്കൊക്കെ വെള്ളിച്ചിരി പരത്തും. ജോയ്‌തോമസിന്റെ ലളിതമായ ഇല്ലസ്‌ട്രേഷന്‍ അതിനെ പിന്തുണയ്ക്കുന്നത് തന്നെ.പാലാക്കാരി മേരിക്കുട്ടി വിവാഹശേഷം എടത്വായില്‍ ചെന്നപ്പോള്‍ അടുക്കളയില്‍ നിരനിരയായി വെച്ച വലിയകലങ്ങളില്‍ വെള്ളം ഊറാന്‍ പാകത്തില്‍ വെച്ചതുകണ്ട് അന്ധാളിക്കുന്നു. കുട്ടനാടന്‍ഭാഷയില്‍ പെടുക്കണോ എന്ന ചോദ്യം കേട്ട് അമ്പരക്കുന്നു! കല്യാണം കഴിഞ്ഞ ആദ്യനാളുകളിലെ പെണ്‍വീടുസല്‍ക്കാരം വര്‍ണിക്കുന്ന സന്ദര്‍ഭം രസകരമാണ്. മരുമകന്‍(ഡോ.സ്‌കറിയാസക്കറിയ) ഭക്ഷണത്തിനിരുന്ന ഉടനെ അമ്മായിയമ്മ പറയുകയാണ്, 'ആ കുപ്പിയെടുത്തു വെയ്ക്ക്..!' കുട്ടനാട്ടുകാരനായ പുതുമണവാളന്‍ അത്ഭുതത്തോടെ വിചാരിച്ചു. അമ്മായിയമ്മ ഭയങ്കര ഫോര്‍വേഡാണല്ലേ... പിന്നെ കുപ്പിപ്പാത്രങ്ങള്‍ മേശമേല്‍ നിരത്തിയപ്പോഴാണ് അമളി മനസ്സിലായത്! കിഴക്കന്‍നാട്ടില്‍ കുപ്പി(ചില്ല്)പ്പാത്രങ്ങള്‍ക്ക് കുപ്പിയെന്നാണ് പറയാറ്.കള്ളുകാര്യങ്ങളേ പറ്റി വെബ് മാസികയില്‍ എഴുതിയ അമേരിക്കന്‍ പത്രപ്രവര്‍ത്തക മീനു എലിസബത്ത് ഈ പുസ്തകത്തെ 'കാലഘട്ടത്തിന്റെ പുസ്തകം' എന്നാണ് അവതാരികയില്‍ വിശേഷിപ്പിക്കുന്നത്. നസ്രാണിപ്പെണ്‍ജീവിതത്തില്‍ സ്വാഭാവികമായ ഈ പഴയ കള്ളുകുടിയുടെ ഓര്‍മകള്‍ മേരിക്കുട്ടി രസകരമായി എഴുതുന്നുണ്ട്, താനും നല്ല ഒരു കള്ളുകുടിക്കാരിയായിരുന്നുവെന്ന് അവരോര്‍ക്കുന്നു. പ്രായത്തിന്റെയും അനുഭവത്തിന്റെയും മനോഹരമായ പാകത എമ്പാടും ദര്‍ശിക്കാം. വലിയ ആവേശങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ മേരിക്കുട്ടി ജീവിതത്തെ നോക്കിക്കാണുന്നു.
മിഥ്യകളെ തകര്‍ക്കുന്നു
സ്വന്തം അനുഭവങ്ങളിലൂടെ ഒരുപാടു മിഥ്യകളെ മേരിക്കുട്ടി തിരിച്ചറിഞ്ഞ് തകര്‍ത്തെറിയുന്നു.. സര്‍ക്കാരാശുപത്രിയോടുള്ള വിശ്വാസക്കുറവും സംശയവും തന്റെ പ്രസവാനുഭവത്തിലൂടെ മാറിയതിന്റെ കഥ അവര്‍ പറയുന്നു. ശരിയായ സ്‌കാനിങ് രോഗനിര്‍ണയത്തില്‍ എത്ര പ്രധാനമാണെന്ന് തന്റെ ഒരു അനുഭവത്തെ സാക്ഷിയാക്കി അവരെഴുതുന്നു. നമ്മുടെ മറ്റൊരു മിഥ്യ വയസ്സാവുന്നത് വല്ലാത്ത കഷ്ടമാണെന്ന ഒരു തോന്നലാണ് . ഒരു സ്ത്രീയെ സംബന്ധിച്ചെടത്തോളം വയസ്സാവല്‍ എന്ന പ്രക്രിയ എന്താണെന്ന് സൂക്ഷ്മമായി പറയുന്നു ഈ കൃതി. ചെറുപ്പക്കാരോട് അടുക്കുന്നതിന്റെ ആഹ്ലാദമെന്തെന്നും ഇത് നമ്മോട് പറയുന്നു; വയസ്സാവുമ്പാഴുള്ള ചില വ്യത്യസ്തമായ ഹരങ്ങളെക്കുറിച്ചും. യാത്ര,സാമൂഹ്യസേവനം,വായന,പാചകം,കൃഷി,ഗാര്‍ഡനിംഗ് അങ്ങനെയങ്ങനെ..ജീവിതപ്രേമത്തിന്റെ ഈ തത്വചിന്ത തികച്ചും പോസിറ്റീവ് തന്നെ. പ്രായമായാല്‍ ആരും ശകാരിക്കില്ല; പ്രശംസിക്കുകയുമില്ല, മേരിക്കുട്ടി തിരിച്ചറിയുന്നു. എന്നാല്‍ ഈ മേരിക്കുട്ടിയെ നമുക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ വയ്യ.
(2014 ജനുവരി 3 ലെ സമകാലികമലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു)
4 comments:
മറ്റൊരു പുസ്തക അവലോകനം നന്നായിപ്പറഞ്ഞു.
നഷ്ടമായിക്കൊണ്ടിരിക്കുന്ന, അല്ല നഷ്ടമായിക്കഴിഞ്ഞ പഴയകാല ജീവിത ചര്യകൾ മുതിർന്ന തലമുറയ്ക്ക് ഒരിക്കൽ കൂടി ഓർത്തു വെക്കാനും പുതു തലമുറക്ക് ഇങ്ങനെയൊക്കെ ആയിരുന്നോ എന്നറിഞ്ഞു ഒന്ന് അത്ഭുതപ്പെടാനും ഈ ചരിത്ര പുസ്തകം ? ഉപകരിക്കും എന്ന് അവലോകനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു.
പക്ഷെ മേരിക്കുട്ടിയുടെ ഈ വരികൾ { "ഒരിക്കൽ താനും നല്ല ഒരു കള്ളുകുടിക്കാരിയായിരുന്നുവെന്ന് അവരോര്‍ക്കുന്ന..."} അത്ര വേഗത്തിൽ ദഹിക്കുമോ എന്നൊരു സംശയം പിന്നെയും ബാക്കി!! അതൊരു കല്ലുകടിയായി ത്തന്നെ അവശേഷിക്കുന്നു. പുതു തലമുറക്ക് ഇതൊരുപക്ഷേ അത്ഭുതം ആയി തോന്നില്ലായിരിക്കാം പക്ഷെ എന്നെപ്പോലെയുള്ള ആ തലമുറയിൽ ജനിച്ചവർക്കു അതങ്ങോട്ട് വേഗത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നില്ല. എന്തായാലും ഈ പുതിയ പെണ്ണെഴുത്ത് പുസ്തകത്തിന് എല്ലാ ആശംസകളും നേരുന്നു. ഒപ്പം അതേപ്പറ്റി ഇവിടെ അവതരിപ്പിച്ച ഉഷാ കുമാരിക്കും നന്ദി ആശംസകൾ
പി.വി.ഏരിയല്‍.. വായനയ്ക്കും ആദ്യപ്രതികരണത്തിനും നന്ദി. കള്ളുകുടി..അതു ആ പുസ്തകത്തിന്റെ ഉള്ളില്‍ ഉള്ള ഒരു കാര്യം മാത്രം. പഴയ കിഴക്കന്‍ ക്രിസ്ത്യാനിക്കാരികളായ പെണ്ണുങ്ങള്‍ക്ക് അതൊരു ശീലം മാത്രമാണ്‍..
പുസ്തകത്തിന്റെ പേരു കണ്ടപ്പോള്‍ അല്പം കണ്ഫ്യൂഷന്‍തോന്നി. പെട്ടന്ന് പാചകലോകം ആണെന്ന് സംശയിക്കും. പക്ഷേ അതിലും വിഭവവും വൈവിധ്യവുമായ സദ്യയാണ് ഉള്ളിലെന്ന് ഈ കുറിപ്പ് വായിച്ചപ്പോഴാ മനസിലായത്.
ജോസ് ലെറ്റ് മാമ്പ്രയില്‍.. നല്ല വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ ശ്രുതിഭംഗിയോടെ ഇണക്കിയ ഒരു പുസ്തകം..നന്ദി
Post a Comment