Saturday, April 13, 2013

സായ - എഴുത്തിനും ജീവിതത്തിനുമിടയില്‍


പ്രവാസിജീവിതത്തെ ആവിഷ്‌കരിക്കുന്ന ഒട്ടേറെ നോവലുകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. എം മുകുന്ദന്റെ പ്രവാസവും ബെന്യാമിന്റെ ആടുജീവിതവും വരെ എത്രയോ കൃതികള്‍ അവയ്ക്കിടയിലുണ്ട്. എന്നാല്‍, പ്രവാസി ജീവിതത്തിന്റെ സ്‌ത്രൈണാനുഭവങ്ങളെ നാം വ്യത്യസ്തമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്. കാരണം സ്ത്രീജീവിതത്തിന്റെ അനുഭവരാശികളില്‍ തന്നെ അവള്‍ സ്വയം ഒരു പ്രവാസിയെപ്പോലെയാണ് കഴിയുന്നത്. മറ്റുള്ളവരുടെ നിയമങ്ങള്‍ക്കു വിധേയമായി അന്യരുടെ അദൃശ്യമായ ഔദാര്യങ്ങളില്‍ തലകുനിച്ചു ജീവിക്കുന്ന സ്ത്രീ പ്രവാസത്തിന്റെ അനുഭവം തന്നെയാണ് ഒരു ജന്മം മുഴുവന്‍ പേറുന്നത്. അങ്ങനെയിരിക്കെ അപരിചിതവും വിദൂരവുമായ സ്ഥലഭൂമികകളിലെ വാസം അവളിലെ പെണ്മയ്ക്ക് ഇരട്ടക്കവചങ്ങള്‍ തീര്‍ക്കുന്നു; വിദേശിയെന്ന നിലയ്ക്കും സ്ത്രീയെന്ന നിലയ്ക്കും. ഖദീജാ മുംതാസിന്റെ ബര്‍സയില്‍ എന്നതുപോലെ നായികാ കേന്ദ്രിതമായ ആഖ്യാനമാണ് ഫെമിന ജബ്ബാറിന്റെ സായയിലും ഉള്ളത്. പ്രവാസിയായി ദുബായില്‍ ജിവിക്കുന്ന ഫര്‍സാനയാണ് നോവല്‍ തുറന്നിടുന്നത്. ഒപ്പം ഇതൊരു നോവലെഴുത്തിന്റെ കഥകൂടിയാണ്. സായ എന്ന എഴുതിത്തുടങ്ങിയ നോവലിനോപ്പം കൂടി ഫര്‍സാന നമ്മെ സഞ്ചരിപ്പിക്കുന്നു.
സില്‍വിയാപ്ലാത്ത് എന്ന എഴുത്തുകാരി ഈ നോവലിലെ നായകയെ സംബന്ധിച്ച് ഒരു കണ്ണാടി പ്രതിബിംബമായി സ്വരൂപിക്കപ്പെട്ടിരിക്കുന്നതു കാണാം. അനുഭവങ്ങള്‍ കൊണ്ട് പീഡിപ്പിക്കപ്പെട്ട ഒരുവളുടെ പ്രതിഭാസ്വത്വത്തിന്റെ വൈകാരികതയെ ധ്വനിപ്പിക്കാന്‍ സില്‍വിയയെ പോലെ ഉചിതമായ ഒരു പ്രാഗ്‌രുപം (ജൃീീേ്യേുല) വേറെയില്ലെന്നതുപോലെ എഴുത്തിന്റെയും ചിന്തയുടെയും വേളകളില്‍ സില്‍വിയ ഒരു ബാധതന്നെയാകുന്നു, ഈ കൃതിയില്‍. ' ഈ നശിച്ച ശൈത്യോന്മാദം തന്നെയായിരുന്നു അവള്‍ക്കും. അങ്ങനെ ടെഡ്ഹ്യൂസിന്റെ അകല്‍ച്ചയോ മറ്റു ബന്ധങ്ങളോ ജീവിതത്തില്‍ നിന്നും വിട്ടപോകാന്‍ മാത്രം അവളെ ദുഖിപ്പിച്ചിരുന്നൊന്നുമില്ല.' (പുറം 7).
ഡയറിക്കുറിപ്പിന്റ ആഖ്യാന സ്വഭാവത്തോടെ ഓരോ അധ്യായത്തിലും തിയ്യതികള്‍ക്കു താഴെ എഴുതിച്ചേര്‍ത്ത ആത്മഭാഷണങ്ങളും സുഹൃത്തുക്കള്‍ക്കായുള്ള കത്തുകളും ഈ കൃതിയിലെമ്പാടും കാണാം. ഓര്‍മകളുടെ പ്രവാഹം അനുഭവങ്ങളെ ജൈവികമായി തന്നെ പകര്‍ത്തിയെഴുതുന്നു. അരക്ഷിതമായ ബാല്യ കൗമാരങ്ങളും തകര്‍ന്നുപോയ പ്രണയദാമ്പത്യവും അവളുടെ വെറും ഓര്‍മ്മകള്‍ മാത്രമല്ല തന്നെ. അവ അവളുടെ ആകെത്തുകയെ രൂപപ്പെടുത്തിയ തായ്‌വേരുകള്‍ കൂടിയാണ്. അതിനാല്‍ സ്വന്തം വൈകാരികതകളെക്കുറിച്ചുള്ള പര്യാലോചനകളും പഴയ ഓര്‍മ്മകളും കൂടിക്കുഴഞ്ഞ ഒരു പ്രതലമാണ് ഈ നോവലിനുള്ളത്.

സായ  നോവലിന്റെ പുറം ചട്ട
ഉമ്മയും ഉപ്പയും തമ്മിലുള്ള വഴക്കുകളും അകല്‍ച്ചയും പിന്നീട് പരസ്പരമുള്ള വെറുപ്പും പകയുമായി മാറുന്നത് കണ്ടുവളര്‍ന്നവരാണ് ഫര്‍സാനയും അനുജന്‍ ഇര്‍ഫാനും. കൗലത്ത എന്ന ആയ മാത്രമായിരുന്നു അവര്‍ക്കിടയിലെ ഏക തണല്‍. എന്നാല്‍, കൗലത്തയുടെ അകാലമരണം ഫര്‍സാനയെ ഇരുട്ടിലാഴ്ത്തി. തന്റെയും അനുജന്റെയും വസ്ത്രങ്ങള്‍ കഴുകാനും ഇസ്തിരിയിടാനും അവള്‍ നിര്‍ബന്ധിതയായി. പുതിയ വേലക്കാരിയുടെ സ്നേഹരാഹിത്യം, ഉപ്പയുടെ പരസ്ത്രീബന്ധം മൂലം വീട്ടിലുണ്ടാവുന്ന കലഹങ്ങള്‍, വേലക്കാരിയുടെ ഭീഷണികളും ശാസനകളും എല്ലാം ചേര്‍ന്ന് അരക്ഷിതമായി തീര്‍ന്നു അവരുടെ ബാല്യം. ഉപ്പയോടുള്ള വാശി തീര്‍ക്കാന്‍ അയാള്‍ വൈകിയെത്തുവോളം ഉറങ്ങിക്കിടന്ന കുട്ടികളെ വിളിച്ചുണര്‍ത്തി വീട്ടിനു പുറത്താക്കി കാവല്‍ നിര്‍ത്തിക്കുന്നിടത്തോളം ഉമ്മയെത്തിയിരുന്നു. ക്ഷതമായ ബാല്യകൗമാരങ്ങളുടെ കയ്പും ഭാരവും വേദനകളും എക്കാലത്തും ഫര്‍സാനയെ ഏകാകിനിയാക്കി മാറ്റി. വേനല്‍മഴ പോലെ വന്നെത്തിയ പ്രണയത്തിന്റെ അഭയം താല്‍ക്കാലികം മാത്രമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നു പ്രണയിച്ചു വിവാഹം കഴിച്ച നന്ദന്‍ ഒരു വാഹനാപകടത്തില്‍ മരിച്ചതോടെ ഫര്‍സാനയുടെ വഴികള്‍ പൂര്‍ണമായും അടഞ്ഞു. പിന്നീട് വളരെക്കാലത്തിനു ശേഷം കാസിമുമായുള്ള വിവാഹം, ദുബായിലേക്കുള്ള പറിച്ചുനടല്‍, മകളുടെ ജനനം ഒക്കെ പുതിയ വഴിത്തിരിവുകളാവുന്നുവെങ്കിലും മുറിവുകളുടെയും ഏകാന്തതയുടെയും ആഴം കൂടിക്കൊണ്ടേയിരുന്നു.
വിലകുറഞ്ഞ വീട്ടുപകരണങ്ങളും പകിട്ടില്ലാത്ത ഭക്ഷണരീതികളും ദാരിദ്ര്യവുമായി ബാലാരിഷ്ടതകളോടെ തുടങ്ങിയ ആ പ്രവാസജീവിതം മറ്റൊരാളുടെ പാര്‍പ്പിടം ചെറിയ വാടകയ്ക്ക് പങ്കിട്ടുകൊണ്ടായിരുന്നു. ചുറ്റുമുള്ളവരുടെ പരിഹാസങ്ങളും ഉള്ളില്‍ പെരുകുന്ന ആത്മാനിന്ദയും അപകര്‍ഷതയും സ്വയം ഞെരുക്കുമ്പോഴും തന്റെ ഏക ആശ്വാസമായിരുന്ന നൃത്തത്തിലൂടെ അവള്‍ അതിനെയെല്ലാം അതിജീവിച്ചു. തനിക്കിഷ്ടമുള്ളവരെയെല്ലാം കാഴ്ചക്കാരാക്കി മുന്നിലിരുത്തി മനസ്സില്‍ പാട്ടുപാടി സ്വയം മറന്നുള്ള ആ നൃത്തം വേദനകളെ മറികടക്കാന്‍ ഫര്‍സാനക്ക് അനിവാര്യമായിരുന്നു. അനുജന്‍ ഇര്‍ഫാന്‍ കൂടി ദുബായിയില്‍ ജോലിക്കായി എത്തിയതോടെ അവരുടെ പാരസ്പര്യം കൂടൂതല്‍ ഇഴയടുപ്പമുള്ളതായി മാറി. എങ്കിലും കാസ്സിമുമായുള്ള ഉപചാരമാത്രമായ ബന്ധത്തിന്റെ തണുപ്പ് അവളില്‍ ശൂന്യത നിറച്ചിരുന്നു എന്നാല്‍, ഇര്‍ഫാന്റെ വിവാഹിതയായ കാമുകി സഫിയ അവര്‍ക്കിടയില്‍ വലിയൊരു വിള്ളലായി വളര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയില്‍  അപ്രതീക്ഷിതമായി സഫിയ ആത്മഹത്യ ചെയ്തതതോടെ അവരുടെ ബന്ധം മുമ്പത്തേക്കാള്‍ താളം തെറ്റുന്നു. ഇര്‍ഫാനെ ബാധിച്ചിരുന്ന മാനസിക പ്രശ്‌നങ്ങളും ചികില്‍സയും ഫര്‍സാനയെ കൂടുതല്‍ അലട്ടുന്നു.
മുമ്പത്തേക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക സൗകര്യങ്ങളിലേക്ക് ജീവിതം വികസിച്ചിട്ടും ഏകാന്തതയും ശൂന്യതയും മാറി മാറി ഗ്രസിച്ച രോഗാതുരമായ ഉള്‍മനസ്സുമായി ഫര്‍സാന മല്ലിട്ടുകൊണ്ടിരുന്നു. നോവലെഴുത്ത് അപൂര്‍ണമായി തന്നെ തുടര്‍ന്നു. കൂട്ടുകാരായ ദീപ്തിയും ശങ്കറും അവളുടെ അന്തസംഘര്‍ഷങ്ങളെയും ഭാവനാലോകത്തേയും പങ്കുവെയ്ക്കാന്‍ ശ്രമിക്കുമ്പോഴും അവള്‍ അസംതൃപ്തയായി തന്നെ അവശേഷിച്ചു. എഴുത്തിലൂടെ, ഒന്നിനുമേല്‍ ഒന്നായി വന്നു വീഴുന്ന വിചാരങ്ങളിലൂടെ തന്നെത്തന്നെ ഉണര്‍ത്താനും പ്രചോദിപ്പിക്കാനും അവള്‍ നിരന്തരം ശ്രമിച്ചു. താന്‍പോലുമറിയാതെ ചെന്നുപെടുന്ന പ്രണയങ്ങളില്‍ അതിവേഗം മടുത്ത് സ്വയം വീണടിയുന്ന അവസ്ഥകള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. എല്ലാറ്റിന്റെയും അടിത്തട്ടില്‍ തന്നെത്തന്നെ തിരയുകയും വിശദീകരിക്കുകയും ചെയ്യുന്ന പെണ്മ അവളില്‍ ചൈതന്യവത്തായി തുടര്‍ന്നു. സായയിലും സില്‍വിയയിലുമുള്ള അന്വേഷണങ്ങള്‍ ഒരു സ്വയം തേടല്‍ തന്നെയായി മാറുകയാണ്. എന്നാല്‍ എഴുത്തിന്റെ വെല്ലുവിളികളെക്കുറിച്ചുള്ള സൂക്ഷ്മാവബോധം അവളില്‍ അതിജീവനമായി തീരുന്നതോടെ ഇടയ്‌ക്കെങ്കിലും മങ്ങിയ പ്രതീക്ഷകള്‍ തല നീട്ടുന്നുമുണ്ട്.
ആത്മനിഷ്ഠമായ സ്ത്രീരചനയുടെ സവിശേഷതകള്‍ക്കകത്തെ തീവ്രമായ അഭിരുചികള്‍ ഈ നോവല്‍ അനുഭവിപ്പിക്കുന്നുണ്ട്. പ്രണയത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമൊക്കെ മറയില്ലാതെ പറഞ്ഞുകൊണ്ട് എഴുത്തിനും ജീവിതത്തിനുമിടയിലുള്ള അതിരുകളെ പാടെ വിസ്മരിപ്പിക്കാന്‍ ഈ കൃതിക്കു കഴിയുന്നുണ്ട്. തിരിച്ചു നാട്ടിലേക്കുപോയി എഴുത്തു തുടര്‍ന്ന്  മകളുമായി ജീവിക്കണോ എന്ന ആലോചനയില്‍ മനസ്സിടറുമ്പോഴും എഴുതാനിരിക്കുന്ന സില്‍വിയാപ്ലാത്തിനെക്കുറിച്ചുള്ള ലേഖനത്തിനുവേണ്ടി വിവരങ്ങള്‍ തയ്യാറാക്കുമ്പോഴും ആത്മസുഹൃത്തുക്കളുമായി രാത്രി വൈകുവോളം ഇന്റര്‍നെറ്റില്‍ മനസ്സു തുറന്ന് ചാറ്റു ചെയ്യുമ്പോഴും വിട്ടുപോയ എന്തിനെയോ വീണ്ടെടുക്കാനുള്ള വ്യഗ്രത, അതിലൂടെ സ്വയം പൂരിപ്പിക്കാനാവുമെന്ന ദീനമായ പ്രതീക്ഷ അവളില്‍ പിടഞ്ഞുകൊണ്ടിരുന്നു.
ഒടുവില്‍ ഒട്ടും ഭയാശങ്കകളില്ലാതെ നാട്ടിലേക്കു പോകുന്നുവെന്ന മട്ടില്‍ പെട്ടിയൊതുക്കിവച്ച് മകളെ അടുത്തേക്കു വിളിച്ച് ചേര്‍ത്തണച്ച് കഴുത്തുഞെരിച്ച് കൊല്ലുകയാണവര്‍. സങ്കടത്തേക്കാളധികം ഒരുതരം ഭാരക്കുറവ് സ്വയമനുഭവിച്ചുകൊണ്ട് സ്വന്തം ഞരമ്പുകള്‍ മുറിച്ച് ആത്മഹത്യ ചെയ്യുന്നു. പ്രണയത്തിനും സ്‌നേഹത്തിനും എഴുത്തിനുമിടയില്‍ സ്വയം തിളച്ചുപതഞ്ഞ് , തൂവിപ്പരക്കാന്‍ കൊതിച്ച്, ഒടുവില്‍ കരിപുകഞ്ഞ് വറ്റിത്തീര്‍ന്ന ഒന്നുമില്ലായ്മയിലേക്കാണ് ഇതിലെ സ്ത്രീ ജീവിതം ചെന്നെത്തുന്നത്.
പുതിയ നോവല്‍ ഭാവുകത്വത്തിനായുള്ള അന്വേഷണങ്ങളും സ്ത്രീമനസ്സിന്റെ സൂക്ഷ്മതകള്‍ക്കായുള്ള ആരായലുകളും ഈ നോവലിനെ സവിശേഷമാക്കുന്നു. എഴുത്തിനുള്ളിലെ എഴുത്തിന്റെ ആഖ്യാനം, പ്രവാസത്തിനുള്ളിലെ സ്ത്രീ പ്രവാസം എന്നിങ്ങനെയുള്ള ആന്തരികഘടനകൂടി ഈ നോവലിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ലോകത്തെ മനുഷ്യബന്ധങ്ങളുടെ സിസ്സഹായതയും ദൈന്യതയും എന്നാല്‍, അന്ധമായ പരസ്പര വൈരത്തിന്റെയും പകയുടെയും ഇരുമ്പുമറകളും ഈ കൃതിയില്‍ മറനീക്കുന്നുണ്ട്. എങ്കിലും ജീവിതം എന്ന പ്രകാശനാളത്തെ എല്ലാത്തരം ഇരുട്ടിനുമെതിരേ തെളിയിച്ചു നിര്‍ത്താനും ഈ നോവല്‍ ശ്രമിക്കുന്നുണ്ട്. എഴുത്തുകാരി കൂടിയായ നായികയുടെ ആത്മഹത്യയുടെ പരോക്ഷധ്വനി ഒടുവിലത്തെ അധ്യായവും പൂര്‍ത്തിയാക്കി ജീവിതത്തെ പൂരിപ്പിക്കുക എന്നതുതന്നെയാണ്. കാരണം എഴുത്ത് ഉയിര്‍പ്പാണ്, തുടര്‍ച്ചയുമാണ്.

                                 (ഏപ്രില്‍ 14 തേജസ് ആഴ്ചവട്ടത്തില്‍ പ്രസിദ്ധീകരിച്ചത്‌)

9 comments:

Manoraj said...

പുസ്തകം ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. കിട്ടി വായിച്ചിട്ട് വേണം ഫെമിനയെ ഒന്ന് നിരൂപിക്കാന്‍.. :) നമുക്കിടയില്‍ നിന്നുള്ളവരുടെ രചനകള്‍ ചര്‍ച്ച ചെയ്ത് കാണുമ്പോള്‍ സന്തോഷം. പുസ്തകത്തിന്റെ എഴുത്തുകാരി ഫെമിക്കും നിരൂപക ടീച്ചര്‍ക്കും നന്ദി..

Ashly said...

track

eenam said...

റ്റെഡ് ഹ്യൂസ്
മലയാളത്തിൽ ശബ്ദിക്കുമ്പോൾ കവിയുടെ
പേര് ഇഷ്ടന്റെ നാട്ടിലെന്ന പോലെ തന്നെ
രണ്ടു വാക്കുകളായി ഉച്ചരിച്ചിരുന്നെൻകിൽ !

ushakumari said...

മനോരാജ്, താങ്കള്‍ പറഞ്ഞതുപോലെ ഓന്‍ലൈനില്‍ എനിക്ക് താല്പര്യമുള്ള ഒരാളെന്ന നിലയിലാണ്‍ ഫെമിനയുടെ പുസ്തകം റെവ്യൂ ചെയ്യാന്‍ കിട്ടിയപ്പോള്‍ ഞാന്‍ ഏറ്റത്. അത് വളരെ വേഗം ചെയ്തു കൊടുത്തു.. എന്നാല്‍ ഒരു ഗ്രന്ഥവിചാരത്തിന്‍ അപ്പുറത്തേക്കു പഠനം എന്ന വഴിയിലേക്ക് പോയതുമില്ല, വാരാന്തപ്പതിപ്പുകളുടെ ലൈറ്റ് റീഡിംഗ് പോളിസിക്ക് അഡ്ജസ്റ്റു ചെയ്തു..

ushakumari said...

Captain,താങ്കള്‍ ഉദ്ദേശിച്ചതു മനസ്സിലായില്ല. എന്തായാലും നന്ദി, ഇവിടെ വന്നതിന്. ഈണം വൈക്കം, ഇതു വായിക്കുമെന്നു കരുതിയില്ല, നന്ദി. എന്നാല്‍ താങ്കളുടെ ആ ബ്ലോഗ് നിര്‍ത്തിക്കളഞ്ഞോ?

Ashly said...

Looks like someone is deleting my comments or some issues with the blog settings/google.

ഞാൻ ഇതിനു മുന്നേ ഇട്ട കമന്റ്‌നു എനിക്ക് മെയിൽ നോട്ടിഫികെക്ഷൻ വന്നു, പക്ഷെ, ഇവിടെ വന്നു നോക്കുമ്പോൾ കമന്റ്‌ ഇല്ല. Could you kindly check ?

Ashly said...

My comment was :-
ആ പോസ്റ്റിൽ ഞാൻ ഒരു കമന്റ്‌ ഇട്ടിരുന്നു. കഥ മൊത്തം പറഞ്ഞു, വിത്ത്‌ ക്ലൈമാക്സ്‌ ഇട്ടതു ശരിയാണോ..വായന കാരന്, വായനാ രസം പോകില്ലേ ? ബുക്ക്‌ വില്പ്പനയക്കും അത് ബാധിയ്ക്കില്ലേ എന്ന് ചോദിച്ചു. ആ കമന്റ്‌ കാണുന്നില്ല. ഗൂഗ്ഗിൾ പ്രശ്നമോ, ഞാൻ കമന്റ്‌ ഇട്ടതിന്റെ പ്രശ്നമോ ആവാം. അത് കഴിഞ്ഞു കമന്റ്സ് ട്രാക്ക് ചെയാൻ ഇട്ട കമന്റ്‌ ഉണ്ട്.

ushakumari said...

പ്രിയ ക്യാപ്റ്റന്‍, track എന്നല്ലാതെ താങ്കള്‍ എഴുതിയ ഒന്നും എന്റെ ബ്ലോഗില്‍ കാണാനില്ലല്ലോ. ഞാനായിട്ട് ഒന്നും ഡിലിറ്റ് ചെയ്തിട്ടില്ല. വേറെ വല്ല തകരാറുമാകാം

Ashly said...

oh..okey...ആയിരിയ്ക്കും. മറുപടിയ്ക്ക് താങ്ക്സ് :)