Wednesday, March 14, 2012

ഇടിക്കാലൂരി പനമ്പട്ടടി: അനായകത്വ*ത്തിന്റെ ആഖ്യാനങ്ങള്‍

പൊതുവായിരിക്കാന്‍ വെമ്പുന്ന കവിതകളാണ് പി.എന്‍.ഗോപീകൃഷ്ണന്റേത്. അത്രതന്നെ സൂക്ഷ്മമായിരിക്കാനും മൂര്‍ത്തമായിരിക്കാനും അവയ്ക്കു ജാഗ്രതയുണ്ട്. രക്തത്തിലെ ഓരോ കോശത്തെയും സ്പര്‍ശിക്കണമെന്നു റില്‍ക്കെ പറയുന്ന ജാഗ്രതയ്ക്കായി അനുഭവങ്ങളെ ഉറവയില്‍ നിന്ന് അധികം അകലാതെ 'ഒരു മാത്രയില്‍ ഒരു മാത്രയില്‍ കൂടുതല്‍' അയാള്‍ 'മടി' പിടിച്ച് അടയിരിക്കുന്നു(മടിയരുടെ മാനിഫെസ്റ്റോ). ഇക്കിളികള്‍ക്കും മിമിക്രികള്‍ക്കുമപ്പുറം അലഘുവായ കാവ്യസഞ്ചാരങ്ങളായി അവ 'ഇടിക്കാലൂരി പനമ്പട്ടടിയി'ല്‍ കാണാം. വസ്തുക്കളുടെയും കാലത്തിന്റെയും അടിപ്പടവുകളിലേക്കും തിരിച്ചും ഭാവന നടത്തുന്ന തിരശ്ചീനവും ലംബവുമായ അരിച്ചുനീങ്ങല്‍ പുതിയ ഒരു പൊതുവിടത്തെയാണ് തിരയുന്നത്. 'കൈപ്പുണ്യമുള്ള ഒരു അമ്മൂമ്മ'യെപ്പോലെ ജനത പാകം ചെയ്‌തെടുത്ത മൈതാനത്ത് (പനങ്ങാട് ഹൈസ്‌കൂള്‍ മൈതാനം) ഫുട്‌ബോളും ക്രിക്കറ്റും മാത്രമല്ല തര്‍ക്കോവ്‌സ്‌ക്കിയുടെയും ആയിരത്തിയൊന്നു രാവുകളുടെയുമൊക്കെ പലമ കവി കണ്ടെടുക്കുന്നത് അങ്ങനെയാണ്. 'സമ്മര്‍ ഇന്‍ അള്‍ജിയേഴ്‌സി'ല്‍ രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ബാവോ ബാവോ മരത്തിന്റെ ചുവട്ടില്‍ നിന്നപ്പോളനുഭവിച്ച അതീത സംസ്‌കാരത്തിന്റെ സ്പന്ദനത്തെക്കുറിച്ച് കാമു എഴുതുന്നുണ്ട്. 'പോളാടാക്കീസും' 'ജി.എല്‍.പി.സ്‌കൂള്‍ പാപ്പിനിവട്ട'വുമൊക്കെ തീര്‍ക്കുന്ന അനുഭവങ്ങളുടെ പൊതുമയും പലമയും കവിതയില്‍ സംസ്‌കാരചരിത്രത്തെ വായിച്ചെടുക്കുന്നു.

എങ്കിലും പുതിയകാലത്തെ സാമൂഹ്യജീവിതത്തെക്കുറിച്ചുള്ള സന്ദിഗ്ദ്ധതകളാണ് കവിതകളെ കനമുള്ളതാക്കുന്നത്. സ്വന്തമിടങ്ങളില്‍ തളക്കപ്പെട്ട് ഒറ്റതിരിഞ്ഞ വ്യക്തികളുടെ ഒരു കൂട്ടമെന്ന നിലക്കുള്ള സാമൂഹികത തീര്‍ച്ചയായും എഴുപതുകളുടെയോ അതിനു
മുമ്പുള്ളതിന്റെയോ തുടര്‍ച്ചയല്ല. പ്രത്യാശയിലായിരിക്കുമ്പോഴും ഒറ്റപ്പെട്ടുപോകുന്നതിന്റെ, കൂട്ടത്തില്‍ കലരുമ്പോഴും വേറിട്ടുപോകുന്നതിന്റെ കൂടി കവിതകളായി അവ മാറുന്നത് അതുകൊണ്ടാണ്. അതിന്റെ ഉറവ ഇത്തരത്തില്‍ ആത്മനിഷ്ഠം കൂടിയാണ്, അത് ആഘോഷിക്കപ്പെടുന്നില്ലെങ്കിലും. പഴയതിനോടുള്ളകാല്പനികവും ഗൃഹാതുരവുമായ നഷ്ടബോധത്തേക്കാള്‍ അവയുടെ സാധ്യതകളെ ഭാവനയിലൂടെ പുതിയ മാനുഷികതയിലേക്ക് കൂട്ടിയിണക്കാനാണിവിടെ കവി ശ്രമിക്കുന്നത്.

സൂക്ഷ്മജനാധിപത്യത്തിന്റെ ഭാവനയിലാണ് പുതിയ മാനവികതയെക്കുറിച്ചുള്ള കവിതകള്‍ ഗോപീകൃഷ്ണന്‍ പണിതെടുക്കുന്നത്. മണ്ടനും മടിയനും നുണയനും കോങ്കണ്ണനും കള്ളനും പേനുകളും ഒറ്റക്കുരങ്ങുമൊക്കെ തീര്‍ക്കുന്ന അപരലോകം അധികാരത്തിന്റെ സൂക്ഷ്മബോധങ്ങളെത്തന്നെ അഴിച്ചുപണിയുന്നു. കാലത്തെ ദൈനംദിനത്തിന്റെ മാത്രകളിലേക്ക് ഇറക്കിനിര്‍ത്തുന്നു. സ്ഥലത്തെ നമ്മുടെ ചുറ്റുവട്ടത്തേക്ക് വളഞ്ഞുപിടിക്കുന്നു. സംസ്‌കാരത്തിന്റെ പെരുമാറ്റ ഇടങ്ങളില്‍ അവര്‍ കണക്കുതീര്‍ക്കുന്നു, 'നമ്മളെങ്ങനെ നമ്മളായെ'ന്ന് നമ്മളെക്കൊണ്ട് പറയിച്ചുകൊണ്ട്. ആഖ്യാനസ്വരത്തില്‍ കടന്നുവരുന്ന സ്വാഭാവികമായ അഹംബോധത്തില്‍ നിന്നുപോലും മുക്തമായിക്കൊണ്ടാണിതു കവി സാധിക്കുന്നത്. പുതുകവിതയുടെ പൊതുസ്വഭാവത്തില്‍, ആഖ്യാനസ്വരത്തെ സംബന്ധിച്ച് ഇത്രമാത്രം വിഛേദം സാധിച്ച കവികള്‍ കുറവ്. ആധുനികതയുടെ കാലത്തെ കവിയായ ആഖ്യാതാവില്‍ നിന്നും പുതുകവി എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതിന്റെ ഉത്തരം ഒരു പക്ഷേ കവിതകളുടെ കഥന പ്രമേയങ്ങളുമായി കൂടി ബന്ധപ്പെട്ടതാണ്. 'അസലുവിന്റെ ഇത്ത, 'ദാസിന്റെ അമ്മ', ' കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു', 'പെണ്‍സൂചി', 'വൃത്തം', 'അലക്ക്', 'നരഭോജനം' തുടങ്ങിയ കവിതകളുടെ ഉള്ളടക്കത്തിലൂടെ വിശദീകരിക്കാന്‍ കഴിയുന്നതാണവ. ആഖ്യാനസ്വരത്തിന്റെ വിഛേദമായി കണ്ടെടുക്കാന്‍ കഴിയുന്ന സ്‌ത്രൈണാനുഭവങ്ങളുടെ പരിചരണമാണ് പൊതുവെ അവയുടെ കാതല്‍.

ആധുനികമലയാളകവിതയുടെ മുഖഛായ ഒരു പുരുഷന്റേതാണ്. നായകന്‍ അല്ലെങ്കില്‍ പ്രതിനായകന്‍. വിജയി അല്ലെങ്കില്‍ പരാജിതന്‍. പരാജയം പോലം പരോക്ഷമായി അയാളുടെ വിജയത്തിന്റെ ഈടുവെപ്പുകളാണ്. പിതാവിനെ വെല്ലുവിളിച്ചുകൊണ്ട്, വ്യവസ്ഥയെ ധിക്കരിച്ചുകൊണ്ട് ,അധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് അവര്‍ ഒരു കേന്ദ്രമായി തുടര്‍ന്നു. സ്‌ത്രൈണതയെ ഉള്‍ക്കൊള്ളുന്ന ഒരു ഭാവുകത്വം ഏറെക്കുറെ അസാധ്യമായിരുന്നു. ഒരു 'സംക്രമണ'മോ 'ഓപ്പോളോ' ഇല്ലെന്നല്ല. കുടിയൊഴിക്കല്‍ മുതല്‍ വായിച്ചെടുക്കാവുന്ന പുരുഷകവിതകളിലെ സ്ത്രീപരിഗണനയുടെ ഒരു ധാര കണ്ടെടുക്കാനുണ്ട്. മധ്യവര്‍ഗപുരുഷന്റെ ആത്മവിമര്‍ശനത്തിന്റെയോ കുമ്പസാരത്തിന്റെയോ ഉപാധി എന്ന നിലയ്ക്കാണീ പരിഗണന കടന്നുവരുന്നത്. ഫലത്തില്‍ അത് നായകത്വത്തിന്റെ പരിവേഷം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ആധുനികതാനന്തര കവിതകളിലേക്കു വരുമ്പോള്‍ പൊള്ളയായ സ്ത്രീ അനുതാപം വളരെ കൂടുതലായി കാണുന്നു. ദാമ്പത്യം, പ്രണയം, കുടുംബം, ലൈംഗികത എന്നീ സന്ദര്‍ഭങ്ങളിലെല്ലാം പുരുഷകവിതകളില്‍ സ്ത്രീയെ പീഡിതയായിക്കാണുന്ന ഒരു പൊതുനിലപാടുതന്നെ സ്ഥിരീകരിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ സ്ത്രീസ്വത്വത്തെ സംബന്ധിച്ച പ്രശ്‌നങ്ങളെയും പ്രത്യയശാസ്ത്ര പ്രതിസന്ധികളെയും രാഷ്ട്രീയമായി അഭിമുഖീകരിക്കുകയോ സര്‍ഗ്ഗാത്മകമായി ആവിഷ്‌ക്കരിക്കുകയോ ചെയ്യുന്നതിനു പകരം വളരെ കാല്പനികമായ അനുഭാവത്തിന്റെ പിന്‍തുടര്‍ച്ചാവകാശം അവര്‍ മലയാളകവിതയില്‍ സ്ഥാപിച്ചുവെച്ചു. (പലപ്പോഴും സ്ത്രീകവിതയും ഇരവല്‍ക്കരണത്തില്‍ നിന്നൊഴിയുന്നില്ല!) ആത്മവിമര്‍ശനത്തിന്റെയും കപടാനുഭവങ്ങളുടേതുമായ തന്ത്രപരമായ നീക്കങ്ങള്‍ ജഢവും യാന്ത്രികവുമായി കണ്ടെടുക്കപ്പെടും. സ്ത്രീയവസ്ഥയെ സംബന്ധിച്ച വിമോചനാത്മകമായ പരിഗണനകള്‍, സര്‍ഗ്ഗാത്മകമായ തിരിച്ചറിയലുകള്‍ നമ്മുടെ സ്വകാര്യ/ പൊതുമണ്ഡലങ്ങളുടെ ആധികാരിക കാഴ്ചപ്പാടുകൡ വിള്ളല്‍ വീഴാത്താതെ വയ്യ. വൈലോപ്പിള്ളിയില്‍ തന്റെ 'ദേവഭാവനാദര്‍പ്പണ'ത്തെ തകര്‍ക്കാന്‍ മാത്രം വിധ്വംസകമായി അതു പ്രവര്‍ത്തിക്കുന്നുണ്ട്, സൂക്ഷ്മവായനയില്‍. കവിതയുടെ പ്രത്യയശാസ്ത്രത്തെയും ഭാവുകത്വത്തെയും കൂടുതല്‍ സൂക്ഷമബന്ധങ്ങളിലേക്ക് വിന്യസിച്ചുകൊണ്ട് ഒരു പാട് അടരുകള്‍ അവ തീര്‍ക്കുന്നുമുണ്ട്. എന്നാല്‍ സ്വന്തം ഇച്ഛകളോ സ്വപ്നങ്ങളോ പൗരത്വകാംക്ഷകളോ കര്‍തൃപദവിയോ കൈയാളാന്‍ പ്രാപ്തിയില്ലാത്ത, ഇരകളും വിഷയികളും മോഹവസ്തുക്കളുമായി സ്ത്രീകളെ കാണുകയാണ് പുതുആണ്‍കവിത ചെയ്തത്. നവോത്ഥാന മൂല്യങ്ങള്‍ക്കകത്ത് നിര്‍വ്വചിക്കപ്പെട്ട പരിഷ്‌ക്കര്‍ത്താവായ പുരുഷനും പരിഷ്‌ക്കരണവിധേയയും വിഷയിയുമായ സ്ത്രീയും എന്ന ദ്വന്ദ്വാത്മക ഘടനയെയാണവര്‍ പുനരാനയിക്കുന്നത്. ആഖ്യാനകര്‍തൃത്വത്തില്‍ ഇത്തരത്തില്‍ പതിഞ്ഞുപോയ ഒരു നായകന്റെ കേന്ദ്രത്തെയും സ്വരത്തെയും അമ്പേ തകര്‍ക്കുന്നുവെന്നതാണ് 'ഇടിക്കാലൂരി പനമ്പട്ടടി'യെ ഏറ്റവും പുതുതാക്കുന്നത്. ധിഷണാപരമോ ആശയപരമോ ആയ മുന്‍വിധികളോ ആസൂത്രണങ്ങളോ അല്ല കവിതയില്‍ പ്രവര്‍ത്തിക്കുന്നത്. അനുഭവങ്ങളുടെ ചുറ്റുവട്ടം തന്നെയാണെന്നു കാണാം. പൗരുഷത്തെ സംബന്ധിച്ച സത്താപരമായ ഒരു പ്രശ്‌നവല്‍ക്കരണം ഗോപീകൃഷ്ണന്റെ ആദ്യകാല കവിതകള്‍ മുതല്‍ക്കേ ഉണ്ട്.
''ആണ്‍ മയിലിനു പീലിയുണ്ട്,
പൂവനു പൂവുണ്ട്,
സിംഹത്താനു സടയുണ്ട്,
പറയൂ പരിണാമമേ,
ആണത്തമെന്നാല്‍
പില്‍ക്കാലം
ശരീരമായി സാക്ഷാത്കരിച്ച
ചില വേഷഭൂഷകള്‍ മാത്രമോ!'' (പറയൂ പരിണാമമേ)

'പുരുഷന്‍' എന്ന കവിതയില്‍ പൗരുഷം ഒരു നിര്‍മിതിയാണെന്ന് നേരിട്ടുതന്നെ പറയുന്നുണ്ട്. 'വാതിലുകള്‍', 'വീട്' മുതലായ ആദ്യകാല കവിതകളില്‍ കുമ്പസാരഛായ ഉണ്ടെങ്കിലും ആഖ്യാനത്തിന്റെ അടരുകളില്‍ നിശ്ശബ്ദമായി തകര്‍ക്കപ്പെടുന്ന ആണത്തമൂല്യങ്ങള്‍ അവയുടെ കരുതലാണ്.

'ഇടിക്കാലൂരി പനമ്പട്ടടി'യിലേക്ക് വരുമ്പോള്‍ സ്‌ത്രൈണതയുടെയും പൗരുഷത്തിന്റെയും കേവലതയല്ല കാണുക. മറിച്ച്, അവയെ സംബന്ധിച്ച ദൈനംദിനവും സമകാലികവുമായ അനുഭവപരിസരങ്ങളാണ്.
നമ്മുടെ ചുറ്റുവട്ടത്തുള്ള കുറേ ആണുങ്ങളെയും പെണ്ണുങ്ങളെയുമാണ് 'രുചിപ്രഭാഷണ'ത്തിലും 'അലക്കി'ലും ഒക്കെ നാം കാണുക. ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ആശയങ്ങളുടെയും അധിനിവേശങ്ങളുടെയും വിപണിവേഗങ്ങളുടെയും തീവണ്ടിപാഞ്ഞുകയറി ഉടല്‍ ചതഞ്ഞവര്‍, അതുനോക്കി അന്തംവിട്ടുനിന്നവര്‍, ('എന്തൊരു തുടക്കമായിരുന്നു അത്!') വണ്ടിയില്‍ കയറിപ്പറ്റാന്‍ കഴിയാത്ത 'മണ്ടനും' മടിയനും 'കോങ്കണ്ണനും' 'നുണയനും' 'ഒറ്റക്കുരങ്ങും' ഒക്കെയായ അപരജന്മങ്ങള്‍. അതിലേക്ക് ചീട്ടുകീറിക്കൊടുക്കുന്ന 'ബാലന്‍മാഷും' 'സമയം മാഷും' 'ഹൃദയം മാഷും' മറ്റനവധി ഏജന്‍സികളുമൊക്കെ ഇവിടെയുണ്ട്. ഗോപീകൃഷ്ണന്റെ സ്ത്രീകള്‍ അവരുടെ വാഴ്‌വിനകത്തുനിന്നുകൊണ്ട് വിജയങ്ങളുടെ വ്യര്‍ത്ഥതയെയും വേഗങ്ങളുടെ തകര്‍ച്ചയെയും നോക്കിക്കാണുന്നു. എന്നാല്‍ അവര്‍ ഒരു പൊതുസ്ത്രീയല്ല. അസലുവിന്റെ ഇത്തയും ദാസിന്റെ അമ്മയുമാണ്. സങ്കടങ്ങളുടെ വിസ്താരവും അതിജീവനത്തിന്റെ ചരിത്രവും പേറുന്നവര്‍. സ്ത്രീയാവുകയെന്നാല്‍ ആഴത്തില്‍ മനുഷ്യനാവുക എന്നു നമ്മോടു പറയുന്നവര്‍. ലീലയിലും നളിനിയിലും സീതയിലും വാസവദത്തയിലും നിന്നുകൊണ്ട് മാനുഷികതയെയും പ്രണയത്തെയും വിധിയെയും നീതിയെയും കുറിച്ചുള്ള സൂക്ഷ്മവിചാരങ്ങള്‍ ആശാന്‍ വിസ്തരിച്ചതുപോലെ സ്ത്രീകളില്‍ നിന്നുകൊണ്ട് നമ്മുടെ ചരിത്രം സമകാലികത നമ്മില്‍തന്നെ തീര്‍ത്ത മുറിവുകളെയും പ്രത്യാശകളെയും ഒരു പോലെ നോക്കിക്കാണുകയാണ് കവിതകള്‍. വാക്കുകള്‍കൊണ്ട് കണ്ണീരും വിയര്‍പ്പും ഒപ്പുവാന്‍ അവര്‍ക്കുകഴിയും. 'ശ്രദ്ധിക്കൂ' എന്നു സൂക്ഷ്മമായി ഒരു ചിരികൊണ്ട് നോട്ടംകൊണ്ട് ഹൈവേയിലെ ഹമ്പുകള്‍ക്കരികില്‍ ജീവിതത്തിന്റെ ചതിക്കിരുപുറവും വെളുത്തവരകളായി തെളിഞ്ഞു മായുന്നവരാണിവര്‍. നിലം നോക്കി ഒറ്റയടിവെച്ച് നടക്കുന്ന വാതം പിടിച്ച അമ്മമാര്‍. അവര്‍ ഏതു സാമൂഹ്യചരിത്രത്തെക്കാളും ഒരുപടി മുന്നിലാണെന്നും ഒരു വൃത്തം പൂര്‍ത്തിയാക്കാന്‍ ഇത്തിരി പഴമ രുചിക്കണമെന്നും അറിയുന്നവരാണവര്‍. പ്രത്യയശാസ്ത്രപ്രബുദ്ധതയുടെ ആസൂത്രിതമായ പ്രബലവ്യവഹാരങ്ങള്‍ക്കകത്തല്ല, മറിച്ച് അവയുടെ ഒഴിവിടങ്ങളില്‍ ജൈവികവും സര്‍ഗ്ഗാത്മകവുമായ പാരസ്പര്യങ്ങളിലാണ് മാനുഷികമായ വിമോചനത്തിന്റെ കവിത തിരയേണ്ടത് എന്ന് കവി അറിയുന്നു.സംഘടനാപരമായ തീര്‍പ്പുകള്‍ വളരെപ്പെട്ടന്ന് ആധിപത്യയുക്തികള്‍ക്ക് വഴിപ്പെട്ടേക്കുമെന്ന് കവി ഭയപ്പെടുന്നുമുണ്ട്. ജീവിതത്തിന്റെയും അനുഭവത്തിന്റെയും അനിശ്ചിതത്വവും സന്ദിഗ്ധതയും പലപ്പോഴും അവയെ ഒക്കെ അട്ടിമറിച്ച് പുതിയ നീതിയും ചരിത്രവും തേടും. അതിലേക്കുള്ള ഒരു ബദല്‍ ഊര്‍ജ്ജമായി അപരലോകങ്ങള്‍ കവിതയില്‍ നിറയുന്നു. സ്‌ത്രൈണതയുടെ പുതിയ സമര്‍ത്ഥനങ്ങളായി മലയാള കാവ്യചരിത്രത്തില്‍ അവ അടയാളപ്പെടുന്നു.

'ആലിംഗനാസന'ത്തില്‍ കവിത പെണ്‍മയോടുള്ള ആഭിമുഖ്യങ്ങളെയും അഭിവാഞ്ഛകളെയും മുഴുവന്‍ തുറന്നിടുന്നു. നമ്മുടെ പെരുമാറ്റശീലങ്ങളിലെ അനുഷ്ഠാനപരതയെക്കുറിച്ചാണെങ്കില്‍ കൂടി അത് ആഴത്തിലുള്ള കണ്ടുമുട്ടലും തിരിച്ചറിയലുമാകുന്നുണ്ട്. ഒരമ്മ പെറ്റതല്ലെങ്കിലും തന്റെ ഇരട്ടയെ തിരിച്ചറിയുന്നത്ര സഹജമാണത്. നായകാധീശത്വത്തിന്റെ ഉയര്‍ന്നുനില്‍ക്കലോ വേറിട്ടുനില്‍ക്കലോ ഇല്ലാതെ സ്വയം അഴിഞ്ഞുതുറക്കുകയാണിവിടെ.
''അതിനാലാണ്
കെട്ടിപ്പിടിക്കാന്‍ തോന്നുമ്പോഴൊക്കെ
ഞാന്‍
കൈകള്‍
പാന്റ്‌സിന്റെ ഇരുപോക്കറ്റുകളിലും
തിരുകിവെക്കുന്നത്.
സമയമെന്തായി
എന്നുചോദിക്കുമ്പോള്‍
കഴിഞ്ഞ നുറ്റാണ്ടില്‍ ഈസമയത്ത്
എന്നുപറഞ്ഞ്
തുടങ്ങുന്നത്.
ശരീരത്തിനുള്ളിലെ കുതിരകളെ
എല്‍.കെ.ജി.യിലോ
പ്ലസ്ടുവിലോ
ഡോക്ടര്‍ ഓഫ് ഫിലോസഫിക്കോ
ചേര്‍ക്കുന്നത്.''

'പെണ്‍സൂചി(സേഫ്റ്റിപിന്‍)' യില്‍ ശൂന്യതക്കെതിരായ ഒരു കലാപമായി, പിളര്‍ന്നുപോകുന്ന ലോകങ്ങളെ കൂട്ടിപ്പിടിച്ചു നിര്‍ത്തുന്ന പെണ്‍മയുടെ അര്‍ത്ഥോല്‍പാദനങ്ങളിലേക്കാണ്് കവിത എത്തുന്നത്. 'പതിനൊന്നുമണി എന്നൊരു സമയവും ഇത്തിരി സോപ്പു'മുണ്ടെങ്കില്‍ നാടായ നാട്ടിലൊക്കെ കുളക്കടവില്‍ പെണ്ണുങ്ങള്‍ അലക്കുകയല്ല, കല്ലുകൊണ്ടുണ്ടാക്കിയ ചെണ്ടയില്‍ തുണികൊണ്ടുണ്ടാക്കിയ കോലുകൊണ്ട് അവര്‍ മേളം മുഴക്കി, വലുതായി വലുതായി, മാനത്തോളമെത്തുന്ന ഒരു മുഖം ശബ്ദംകൊണ്ട് വാര്‍ത്തെടുക്കുകയാണ്. കണ്ണീരിന്റെ തീയുള്ളതെങ്കിലും ജാതിയോ മതമോ ഇല്ലാത്തത്.കുളിക്കടവില്‍ കുനിഞ്ഞുനിന്നുള്ള അലക്കില്‍ (മലയാളസിനിമ സ്ഥാപിച്ചെടുത്ത കൃത്യമായ മെയ്ല്‍ ഗേസ്!) നിന്നും നിവര്‍ന്നും ചാഞ്ഞും കിടന്നും ടി.വി.യിലെ വാഷിംഗ് മെഷീന്‍ നോക്കിയിരിക്കുന്ന സ്വീകരണമുറിയിലേക്കു സ്ത്രീ ഇടം മാറുന്നു. എന്നാല്‍ എന്നിട്ടും അവളുടെ 'തന്റേടം' ഇവിടെ ഒരു അസാധ്യത തന്നെയായി ധ്വനിപ്പിക്കപ്പെടുന്നു. കാരണം മാനത്തു കൊത്താന്‍ കാത്തുവെച്ച മുഖം ടി.വി.യ്ക്കുള്ളിലെ വാഷിംഗ് മെഷീനില്‍ മുഷിഞ്ഞ്, കുതിര്‍ന്ന്, മുറിഞ്ഞ്,തകര്‍ന്ന്,പൊടിഞ്ഞ് കൊല ചെയ്യപ്പെടുന്നതാണവര്‍ കാണുന്നത്. സ്ത്രീയുടെ അപരലോകങ്ങളിലേക്കുള്ള സഞ്ചാരം 'വൃത്ത'ത്തിലും കാണാം. വൃത്തത്തിന്റെ ജ്യാമിതീയമായ ചാക്രികതതന്നെയാണ് അവളുടെ ജീവിതവും. ആവര്‍ത്തനങ്ങളും ചാക്രികതയും നിറഞ്ഞ ദൈംനംദിനം. പൗരുഷത്തിന്റെ രേഖീയത എപ്പോഴും മുന്നോട്ടുമാത്രം ചലിച്ച് ലക്ഷ്യത്തെ കീഴടക്കുമ്പോള്‍ ഒരല്‍പ്പം പുറകോട്ടു സഞ്ചരിച്ച് പഴമ രുചിച്ച് ഒരു വൃത്തത്തിന്റെ പൂര്‍ണ്ണതയെ സാക്ഷാത്കരിക്കുകയാണ് സ്ത്രീ.
''വെറുതെയല്ല,
ആണുങ്ങള്‍ നിര്‍മിക്കുന്നതെന്തും
തീവണ്ടിയെപ്പോലിരിക്കുന്നത്.
ഉള്ളില്‍ ലക്ഷ്യമെത്താന്‍ വെമ്പുന്ന ഒരാളെയും
മുന്നില്‍
മരിക്കാന്‍ വെമ്പുന്ന ഒരാളെയും
ഒപ്പം ആവിഷ്‌ക്കരിക്കുന്ന;
നേര്‍വരയിലൂടെ മാത്രം സഞ്ചരിക്കുന്ന,
തുടക്കംമുതല്‍ ഒടുക്കംവരെ
അട്ടഹസിക്കുന്ന,
ഒരു വാഹനത്തെപ്പോലെ'' എന്നും
('കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു') ചേര്‍ത്തെഴുതുന്നു.

അര്‍ത്ഥത്തിന്റെയും സൗന്ദര്യത്തിന്റെയും അതിരുകള്‍ക്കകത്തെ സഹജീവനം വിട്ട് ഭീഷണവും നിഷ്ഠുരവും വിചിത്രവുമായ ഒരു ആസക്തിയാണ് കവിത 'നരഭോജന'ത്തില്‍ പങ്കിടുന്നത്. രക്തദാഹത്തിന്റെയും മാംസക്കൊതിയുടെയും ഏറ്റവും സമകാലികമായ, എന്നാല്‍ ഹൃദയത്തെ ഞെരുക്കുന്ന ഭാവന.
''ഒരാള്‍:
ഒരു വിദ്യാര്‍ത്ഥി,
ഒരു പെണ്ണ്,
മത്തങ്ങയോ മുട്ടയോ
ചിക്കനോ പോര്‍ക്കോ ആണ്...
...........................................
ഏതോ കുഞ്ഞ് മുയല്‍
മറ്റൊരു പെണ്ണ് പ്രാവ്
താറാവായും പോത്തായും
വെളിപ്പെട്ടവരുണ്ട്
................................
സിംഹം സിംഹത്തെ തിന്നുമെന്ന്
ഈച്ച ഈച്ചയെ തിന്നുമെന്ന്
വിശ്വസിക്കാത്തതുകൊണ്ട്
നാമത് കാണുന്നില്ല
അയാളുടെ കാര്യത്തിലും''
വീര്‍പ്പുമുട്ടലില്‍നിന്നുള്ള വിടുതലിലേക്ക് ശ്വാസത്തിന്റെ സമതാളങ്ങളിലേക്ക് കവിത വഴിതേടുന്നു. വാക്കുകള്‍ കൊണ്ട് ഭാഷകൊണ്ട് ഗോപീകൃഷ്ണന്റെ ഭാവന കാലത്തില്‍ കൊത്തുന്നത് അങ്ങനെയാണ്. കാരണം,
''അയ്യോ എന്ന
വാക്കുകൊണ്ട്
നമുക്ക് അപ്പംചുടാനാകില്ല
പക്ഷേ,
അപ്പം കരിയുന്നു
എന്ന് ലോകത്തെ
അറിയിക്കാനാകും''('അയ്യോ')
*(കവി സച്ചിദാനന്ദനോടു കടപ്പാട്)
(2012 മാര്‍ച്ചിലെ ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്)