മൂന്നുദശകം മുമ്പു നമ്മുടെ സംവേദനശീലങ്ങളെ ഞെട്ടിച്ചുകൊണ്ടും പുതുക്കിക്കൊണ്ടും പുറത്തുവന്ന പാണ്ഡവപുരത്തിന്റെ ശില്‍പ്പി സേതുവിന്റെ ഏറ്റവും പുതിയ നോവലാണ് പെണ്ണകങ്ങള്‍. പേരു സൂചിപ്പിക്കുന്നതുപോലെ പെണ്ണനുഭവങ്ങളുടെ നേര്‍സാക്ഷ്യമായാണ് ഈ നോവലിന്റെ ആഖ്യാനം നിലകൊള്ളുന്നത്. സേതുവിന്റെ തന്നെ ആറു കഥാപാത്രങ്ങളെ കൂടുതല്‍ തെളിച്ചത്തോടെ, അനുഭവസൂക്ഷ്മതയോടെ കാണാനുള്ള ശ്രമം. 390 പേജുകളുള്ള നോവലിനെ ദേവി, കമലാക്ഷിയമ്മ, കാതറിന്‍, പ്രിയംവദ, മോഹന, കാദംബരി എന്നിങ്ങനെ ആറു ഖണ്ഡങ്ങളാക്കി തിരിച്ചിരിക്കുന്നു. യഥാക്രമം പാണ്ഡവപുരം, നിയോഗം, കൈമുദ്രകള്‍, അടയാളങ്ങള്‍, കിളിമൊഴികള്‍ക്കപ്പുറം, ആറാമത്തെ പെണ്‍കുട്ടി എന്നീ നോവലുകളിലെ നായികമാരാണിവര്‍. പി.കെ. രാജശേഖരന്റേതാണ് അവതാരിക. സ്ത്രീയനുഭവങ്ങളുടെ വൈവിധ്യവും തുടര്‍ച്ചയും ഒരു സമസ്യയായി തന്റെ ബോധമണ്ഡലത്തെ ആവേശിച്ചതിന്റെ ഫലമാണീ നോവലെന്നു സേതു ഏറ്റുപറയുന്നു.
പെണ്ണകങ്ങളില്‍ ആവര്‍ത്തിച്ചു നിലകൊള്ളുന്ന പ്രമേയം തേടലാണ്. തേടലും കാത്തിരിപ്പും ഒരുപോലെ സംഭവിക്കുന്നു. ദേവിയും മോഹനയും പ്രിയംവദയും കാതറിനും കാദംബരിയുമെല്ലാം തേടിത്തേടി അലയുന്നവരാണ്. ദേവി ജാരനെയും കാത്ത് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിരിക്കുന്നതില്‍ തുടങ്ങി വീണ്ടും അവിടെത്തന്നെ അയാളെ കാത്തിരിക്കുന്നതില്‍ അവസാനിക്കുന്നു. ഇതിനിടയിലാണ് കഥയിലെ ആഖ്യാനഭാഗം കിടക്കുന്നത്. ഒരര്‍ഥത്തില്‍ ആഖ്യാനത്തിനകത്തെ സംഭവങ്ങള്‍ അപ്രസക്തമാണെന്ന മട്ടില്‍ തന്നെയാണത്. ഇവിടെ ജാരന്‍ സ്‌ത്രൈണലൈംഗികതയുടെ ഇരിപ്പിടമാണ്. അതേസമയം, നിരാസവുമാണ്. ഇവയ്ക്കിടയിലൂടെ ദേവി നടത്തുന്ന ലൈംഗികമായ സ്വത്വസ്ഥാപനമാണീ തേടലും കാത്തിരിപ്പും. ആ അര്‍ഥത്തില്‍ പരമ്പരാഗതമായ കാല്‍പ്പനികാനുഭവത്തില്‍ നിന്നു വിടുതി നേടിയ വിധ്വംസകത ഈ തേടലിനുണ്ട്.
കാതറിനും കാദംബരിയും മോഹനയും ഈ അലച്ചിലില്‍ സ്വയം അപ്രത്യക്ഷരാവുന്നവരാണ്. അവരുടെ അസ്തിത്വംതന്നെ പൊഴിച്ചുകളഞ്ഞുകൊണ്ട് അതൊരു ഭ്രമാത്മകമായ തോന്നല്‍ മാത്രമായിരുന്നുവെന്നവണ്ണം അവരെല്ലാം കടന്നുകളയുന്നു. അത് ഒളിച്ചോട്ടമല്ല. മറിച്ച് തങ്ങളെത്തന്നെ പൂര്‍ത്തീകരിക്കാനും തങ്ങളുടെ അസ്തിത്വത്തെ സ്ഥിരീകരിക്കാനുമുള്ള വെമ്പല്‍ തന്നെയാണ്. അവിടെ കാപട്യമില്ല. തങ്ങള്‍ക്കു യഥാര്‍ഥത്തില്‍ വേണ്ടതെന്തെന്നു തിരിച്ചറിഞ്ഞവരാണവര്‍. വ്യക്തിത്വത്തേക്കാള്‍ ഉയര്‍ന്ന ഒരു കര്‍ത്തതൃത്വതലം- തങ്ങളുടെമേല്‍ തങ്ങള്‍ക്കു തന്നെയുള്ള ഓട്ടോണമി- തിരിച്ചറിഞ്ഞവരാണവര്‍. അവര്‍ ആര്‍ക്കും കീഴടങ്ങുന്നില്ല. ആരെയും കീഴടക്കുന്നുമില്ല.
ലൈംഗികതയുടെ വിവിധ വ്യവഹാരങ്ങള്‍ സമ്മേളിക്കുന്ന ഇടം കൂടിയാണീ നോവല്‍. ഏറ്റവും ഉയര്‍ന്ന സാമ്പത്തികാവസ്ഥയിലും തൊഴിലിടത്തിലുമായിരിക്കുമ്പോഴും സ്ത്രീയെ ചൂഴ്ന്നുനില്‍ക്കുന്ന പരമ്പരാഗതമായ ചോദ്യംചെയ്യലുകള്‍, സന്ദിഗ്ധതയൊക്കെ ഇതിലെ ഓരോ സ്ത്രീയും അനുഭവിക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ കുതറല്‍ തീവ്രമാവുന്നു. നോവല്‍ ആന്തരികമായി പിരിമുറുക്കം നിറഞ്ഞതാവുന്നു. ലൈംഗികമായ സന്ദിഗ്ധാവസ്ഥ ഏറ്റവുമധികം അനുഭവിക്കുന്ന കഥാപാത്രം പ്രിയംവദയാണ്. മാനേജ്‌മെന്റ് വിദഗ്ധയും മധ്യവയസ്‌കയും ലാപ്‌ടോപ്പും ഇന്റര്‍നെറ്റും ബിസിനസ് സെമിനാറുകളുമൊക്കെയായി ആധുനിക ജീവിതം നയിക്കുന്ന അവരില്‍ നാം കണ്ടുപഴകിയ ഒരു കാല്‍പ്പനിക സ്ത്രീയുടെ ഛായ കാണാം. ഒരുപക്ഷേ മഞ്ഞിലെ വിമലയോടു സാദൃശ്യം പുലര്‍ത്തുന്ന ഒന്ന്. കൗമാരക്കാരിയായ മകളോടുള്ള സമീപനം വിമലയ്ക്കു തന്റെ വിദ്യാര്‍ഥിനി രശ്മി വാജ്‌പേയോടുള്ളതുമായി ചേര്‍ത്തുവയ്ക്കാം. ശാരീരികമായ സദാചാര വിശുദ്ധിയുമായി ബന്ധപ്പെട്ട ഒരു ഈഗോ ഇരുവരുടെയും ജീവിതത്തെ ആന്തരികമായി ഞെരുക്കുന്നു. പ്രിയംവദയ്ക്ക് റോയ് ചൗധരി എന്ന പ്രഫസറുമായുള്ള അടുപ്പവും അതേത്തുടര്‍ന്നു മകളുമായുണ്ടായ അകല്‍ച്ചയുമൊക്കെ ഈ ആദര്‍ശാത്മക സദാചാരബോധവുമായുള്ള ചാര്‍ച്ചയില്‍ നിന്നുണ്ടാവുന്നതാണ്.
അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ സൂക്ഷ്മതലങ്ങളുടെ സഞ്ചാരം കൂടിയാണീ നോവല്‍. മോഹനയിലും കാദംബരിയിലുമൊക്കെ സ്ത്രീകള്‍ പരസ്പരം പങ്കുവയ്ക്കുന്ന ഇടങ്ങള്‍ കാണാം. അവരുടെ ഇടപഴകലിലെ സ്വാസ്ഥ്യവും സംഘര്‍ഷങ്ങളും നോവലിനു സ്‌ത്രൈണതയുടെ പുതിയൊരു മാനം കൈവരുത്തുന്നുണ്ട്. സേതുവിന്റെ എഴുത്തില്‍ അതൊരു സാധ്യതയെന്നവണ്ണം ഉരുത്തിരിഞ്ഞുവരുന്നത് ഈ കൃതിയില്‍ തിരിച്ചറിയാം.
6 comments:
ഉഷ ടീച്ചര്‍.. വായിക്കാന്‍ ആവുന്നില്ല.. ഫോണ്ട് പ്രോബ്ലം ആണെന്ന് തോന്നുന്നു..
നോവലിനെ പരിചയപ്പെടുത്തിയതിനു നന്ദി.
മുമ്പ് ഇതിലെ പല കഥാപാത്രങ്ങളേയും പലപ്പോഴും പരിചയപ്പേട്ടിട്ടുണ്ടെങ്കിലും ഒന്നിച്ചവർ വരുന്നത് കാണാൻ ഒരു ചേലാണേ
പുസ്തകം കൈയിലെത്തിയിട്ട് നാളുകള്‍ കുറച്ചായി. ടീച്ചര്‍ ഇതില്‍ സൂചിപ്പിച്ച ഈ തുടര്‍ച്ച തന്നെയാണ് വായന സാദ്ധ്യമാക്കാതെ വച്ചിരിക്കുന്നത്. കിളിമൊഴികള്‍ക്കപ്പുറം പല കാരണങ്ങള്‍ കൊണ്ട് തന്നെ വായന പകുതിയില്‍ നില്‍ക്കുന്നു. നിയോഗം ഇത് വരെ വായിച്ചുമില്ല. ഏതായാലും ആദ്യം കിളിമൊഴികള്‍ തീര്‍ക്കട്ടെ.. എന്നിട്ട് പെണ്ണകങ്ങളിലേക്ക് കടക്കാം..
ഓഫ് : ഈ പോസ്റ്റും പുസ്തകവിചാരത്തിലേക്ക് എടുക്കുകയാണ്. ആള്‍ക്കൂട്ടം പുസ്തകവിചാരം ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടീച്ചറുടെ മെയില്‍ വിലാസം അറിയില്ലാത്തത് കൊണ്ടാണ് ഈ ഓഫ് കമന്റ് ഇവിടെ കുറിക്കുന്നത്. ക്ഷമിക്കുക.
Post a Comment