Tuesday, March 3, 2009

ലിപ്‌സ്റ്റിക്കും മൊബൈലും

പ്രിയ സുഹൃത്തുക്കളെ,

2009 മാര്‍ച്ച് 2 ന്‌ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കേരള വനിതാ കമ്മീഷന്റെ പരസ്യമാണ്‌ ഈ പോസ്റ്റിനാധാരം. സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ദശാബ്ദങ്ങളായി പങ്കുവെക്കുന്ന 'സുരക്ഷ', 'സ്ത്രീമാതൃക', 'ജാഗ്രത' മുതിലായ ജടിലോക്തികള്‍ കൊണ്ട്‌ സമ്പന്നമാണ്‌ പരസ്യം.ആഗോളവല്‍ക്കരണം എന്ന പൊതുരാക്ഷസനാണ്‌ ഇത്തവണ ശത്രുപക്ഷത്ത്‌.വന്നുവന്ന് എന്തിനും ഏതിനും ആര്‍ക്കും ചെന്നു കുതിര കയറാവുന്ന , ആരുടെ ഏറും ചെന്നു കൊള്ളാന്‍ പാകത്തിലുള്ള വാക്ക്‌...ആഗോളവല്‍ക്കരണം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ ഒരുക്കുന്ന ചതിക്കുഴികള്‍ ഏറെ എന്നാണ്‌ ഒരു ടൈറ്റില്‍.ചേര്‍ന്നുതന്നെ മൊബെയിലിന്റെയും ലിപ്സ്റ്റിക്കിന്റെയും ഒക്കെ ചിത്രങ്ങള്‍. ( കവിതയിലും കാര്‍ട്ടൂണുകളിലും എന്നുവേണ്ട മലയാളിയുടെ പൊതുവ്യവഹാരങ്ങളിലെമ്പാടും ലിപ്സ്റ്റിക്ക്‌ 'തെറിച്ച' സ്ത്രീയുടെ സൂചകമാണ്‌.-"എന്‍ ചുണ്ടിലൊട്ടിടയ്ക്കൂറിയ മാധുരി നിന്‍ ചുണ്ടിനുള്ളതോ നിന്‍ലിപ്‌ സ്റ്റിക്കിനുള്ളതോ?" എന്നും "വിളറിയചുണ്ടില്‍ ചായം തേച്ചും" എന്നും എന്‍.വി. കാണെക്കാണെ മലയാളികളില്‍ ഒരു ലൈംഗികസൂചകം തന്നെയായി ലിപ്സ്റ്റിക്ക്‌ മാറിമറിയുന്നുണ്ട്‌. ) സൗന്ദര്യസങ്കല്‍പ്പം മാറുന്നതും ഉപഭോഗത്വരയുണര്‍ത്തുന്ന കമ്പോളവും ദുരുപയോഗം ചെയ്യപ്പെടുന്ന മൊബെയിലും ഇന്റര്‍നെറ്റ്‌ സാങ്കേതികതയും ദുസ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളും ഒക്കെയാണ്‌ ആഗോളവല്‍ക്കരണം സ്ത്രീകള്‍ക്കായി കരുതിവെച്ചിരിക്കുന്ന ചതിക്കുഴികള്‍! സാമാന്യവിവേകമുള്ള ആരും ചിരിച്ചുപോകുന്ന ഒന്നാന്തരം വിവരക്കേട്‌ എന്നല്ലാതെ എന്തു പറയാന്‍! സ്ത്രീകളെ ഇങ്ങനെ പൊതിഞ്ഞു പിടിച്ചുമതിയാകാത്ത പുരുഷാധിപത്യ ചിന്തയുടെ കെയര്‍ടേക്കര്‍ മനോഭാവത്തിന്റെയും മോറല്‍ പോലീസിങ്ങിന്റെയും അസ്സലുദാഹരണം.പുറം ലോകത്തുനിന്നും സുരക്ഷാ അകലം പാലിച്ചുകൊണ്ടും സെക്ലൂഡഡ്‌ ആയി സ്വയം നിലനിര്‍ത്തിയും സ്ത്രീ എന്ന 'ഉദാത്ത വംശ മാതൃക' അങ്ങിനെ നില്‍ക്കേണ്ടതാവശ്യമാണ്‌. ഇന്റര്‍നെറ്റ്‌, മൊബെയില്‍ ഫോണ്‍ ഒക്കെ ഈ(മോഹ)സ്ത്രീയെ കളങ്കപ്പെടുത്തും.'വിലപിടിപ്പ്‌'ഉള്ള പലതും തട്ടിപ്പറിക്കപ്പെടും. ഈ അമൂല്യ വിശുദ്ധിയുടെ സൂക്ഷിപ്പുകാരികള്‍ക്കുള്ള പ്രധാന ജോലി ജാഗരൂകരായി ഇരിക്കുക എന്നതാണ്‌! അതിനാവശ്യമായ കാര്യങ്ങള്‍ പരസ്യത്തില്‍ അക്കമിട്ട്‌ പറയുന്നുമുണ്ട്‌.

പ്രത്യക്ഷത്തില്‍ നിരുപദ്രവകരവും എന്നാല്‍ സ്ത്രീസൗഹാര്‍ദ്ദപരവുമെന്ന് തോന്നുന്ന മട്ടിലുള്ള പരസ്യത്തിന്റെ ഉള്ളിലിരുപ്പ്‌ നമ്മുടെ ഫെമിനിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും അത്ര അന്യമല്ല.ഏതൊക്കയോ ആള്‍ക്കാര്‍ ചേര്‍ന്ന് സംരക്ഷിക്കേണ്ട ഒന്നാണ്‌ സ്ത്രീകളെന്നോ അവരുടെ വിലപിടിച്ച ചാരിത്ര്യം ഇങ്ങനെ (പ്രത്യയശാസ്ത്ര/ഭരണകൂട/നിയമ ഉപകരണങ്ങള്‍ കൊണ്ടും തീര്‍ച്ചയായും) കോട്ടകെട്ടി സുരക്ഷിതമായി കാലാകാലങ്ങളായി സൂക്ഷിക്കേണ്ടതാണെന്നോ ഒക്കെയാണിവിടെ ആവര്‍ത്തിക്കുന്നത്‌.കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഉയര്‍ന്നുവന്ന നിരവധി സ്ത്രീ പീഡനകേസുകളിലൂടെയും അവയുടെ വിശകലനങ്ങളിലൂടെയും സ്ത്രീകളുടെ കൈയിലെ മൊബെയിലുകളും ബ്യൂട്ടീ പാര്‍ലറുകളും (സിനിമാറ്റിക്ക്‌ ഡാന്‍സുപോലെ) പാപചിഹ്നമായി വ്യവഹരിക്കപ്പെട്ടു.

സ്ത്രീകളുടെ ഭൗതികവും ബൗദ്ധികവുമായ സ്വയം നിര്‍ണ്ണയത്വത്തെക്കുറിച്ചോ ലൈംഗിക- ലൈംഗികേതരമായ ആവിഷ്ക്കാരത്തെകുറിച്ചോ യാതൊരു ജനാധിപത്യപരമായ അടിസ്ഥാന ധാരണയുമില്ലാത്തതോ പോട്ടെ -സാങ്കേതികവിദ്യ ഒന്നടങ്കം സ്ത്രീക്കെതിരാണത്രേ! മൊബെയില്‍ ഫോണും ഇന്റര്‍നെറ്റും സ്ത്രീകള്‍ക്ക്‌ മുമ്പെങ്ങുമില്ലാത്തവിധം ലഭ്യമാക്കുന്ന സ്വകാര്യതയും സ്വാതന്ത്ര്യവും സര്‍ഗ്ഗാത്മകമായ വികാസവും പകല്‍പോലെ വ്യക്തമാണ്‌.മൊബെയില്‍ ഫോണ്‍ ഉപയോഗിച്ചുള്ള കള്ളക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും 'ക്വട്ടേഷനു'കളും അഴിമതികളും നടത്തുന്നവരെകുറിച്ചുള്ള വേവലാതികളൊന്നും പറഞ്ഞുകേള്‍ക്കാറില്ല. അവര്‍ക്കൊന്നും ഈ സുവിശേഷപ്രസംഗം കേള്‍ക്കാനുള്ള നേരമില്ല. ഉപദേശം മുഴുവന്‍ സ്ത്രീകളോടും പെണ്‍കുട്ടികളോടുമാണ്‌. അവരുടെ ലൈംഗിക സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവുമൊക്കെ മറ്റുള്ളവരാണല്ലോ തീരുമാനിക്കേണ്ടത്‌!

സ്വകാര്യത എന്നതിന്റെ നിര്‍വ്വചനം ലാന്റ്‌ ഫോണില്‍ നിന്നും മൊബെയിലിലേക്കുള്ള മാറ്റത്തില്‍ വായിച്ചെടുക്കാം.ഉപയോഗിക്കുന്ന ആളുടെ ശരീരവുമായി അതിനുള്ള ഏറ്റവും അടുത്ത ബന്ധം -കൂടാതെ സ്ഥലം,സമയം എന്നിവയുമായി ബന്ധപ്പെട്ട്‌ സ്ത്രീകളുടെ വ്യക്തിത്വത്തിനും സ്വകാര്യതയ്ക്കും പുതിയ മാനങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ മൊബെയില്‍/നെറ്റ്‌ സാങ്കേതികതക്ക്‌ സാധിച്ചിട്ടുണ്ട്‌. ഈ ഒരു അവസ്ഥയോടുള്ള പുരുഷഭീതി തന്നെയാണ്‌ പരസ്യത്തിലുമുള്ളത്‌.മൊബെയില്‍ നിരന്തരം ഉപയോഗിക്കേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകയായ ഭാര്യയുടേയും കൃഷിക്കാരനും പ്രകൃതിസ്നേഹിയും കാല്‍പ്പനികനുമായ ഭര്‍ത്താവിന്റെയും ഇടയില്‍ രൂപം കൊള്ളുന്ന വൈകാരികമായ വിള്ളലുകളെ അവതരിപ്പിക്കുന്ന 'കാറ്റുതൊടും പോലെ' എന്ന ഒരു കഥ എബ്രഹാം മാത്യു എഴുതിയിട്ടുണ്ട്‌.മൊബെയില്‍ ഫോണ്‍ സംബന്ധിച്ച സ്ത്രീവിരുദ്ധതയെയും സ്ത്രീസ്വകാര്യതക്കെതിരായ പുരുഷഭീതിയെയും ശരിക്കും ഒപ്പിയെടുത്ത കഥ.

ഈ പരസ്യം വന്ന അതേ ദിവസം തന്നെയാണ്‌ പോലീസുകാര്‍ക്ക്‌ മൊബെയില്‍ ഫോണും ഇന്റര്‍നെറ്റും സൗജന്യമായി നല്‍കുന്ന വാര്‍ത്തയും വന്നത്‌ എന്നത്‌ മറ്റൊരു തമാശ.മിക്കവാറും എല്ലാ ജനപ്രിയ പ്രസിദ്ധീകരണങ്ങളിലും മൊബെയില്‍ഫോണിനെകുറിച്ചുള്ള ഭീതിജനകമായ പംക്തികള്‍ ഉണ്ട്‌.'മിസ്ഡ്‌ കോള്‍' (കെ.കെ.സുധാകരന്‍)എന്ന പേരില്‍ ഒരു നോവല്‍ തന്നെ ഒരു വനിതാമാസികയില്‍ തുടരനായുണ്ട്‌.

സ്ത്രീ- പുരുഷന്‍ എന്ന വ്യതിരേകത്തില്‍ വല്ലാതെ അടിമുടി ഊന്നിക്കൊണ്ടുള്ള ഇത്തരം സമീപനങ്ങള്‍ ആപല്‍ക്കരമാണ്‌.വളരെ അധികം സെക്ലൂഡഡ്‌ ആയ സേക്രഡ്‌ ആയ ഒന്നായി മാത്രം സ്ത്രീയെ നോക്കി കാണുക - അതാണ്‌ ഇത്തരം വിവേചനങ്ങളുടെ മൂലകാരണം.

24 comments:

അല്‍ഭുത കുട്ടി said...

ഗാന്ധി വേണൊ കമാന്റോ വേണോ എന്ന രീതിയിലുള്ള ഒരു പരസ്യത്തിനെതിരെ ആരോ കേസ് കൊടുത്തു എന്ന് കേട്ടു.

ലിപ്സ്റ്റിക്ക് എന്ന സാധനം പണ്ട് ഇംഗ്ലണ്ടിലെ വേഷ്യകള്‍ (അന്ന് പറയാമോ ആവോ ). ഓറല്‍ സെക്സ് ചെയ്യുമ്പോള്‍ ഉപയോഗിച്ചിരുന്ന ഒരു സാധനമായിരുന്നു എന്ന് ഡേസ്മണ്ട് മോറിസിന്റെ പുസതകത്തിന്റെ പരിഭാഷയില്‍ മാത്യഭൂമിയില്‍ തന്നെ വായിച്ചതായി ഓര്‍ക്കുന്നു. വേശ്യാ വ്യത്തിക്ക് ചരിത്രാതീത കാലം പഴക്കമുള്‍ല നമ്മുടെ നാട്ടിലും മുറുക്കി ചുവപ്പിക്കലായിരുന്നു പണ്ട് ഇപ്പോള്‍ കാര്യം ഇന്‍സ്റ്റന്റായി കിട്ടി.നമ്മുടെ ഭാഗ്യം.

Rajesh said...

maam,
khamikkanam, malayaalathil post cheyyan pattathathil....

It would have been better if the commission had send a message to every female that - at any cost they should not permit any man/woman to shot any private moment of theirs. Actually men who shoot such moments and then pass it on, should be punished, equivalent to any murderer or rapist.

Still let me tell you that, there is something wrong with many of these feminist concepts.

Anil cheleri kumaran said...

നല്ല പ്രതികരണം.

വാഴക്കോടന്‍ ‍// vazhakodan said...

കപട സദാചാരങ്ങളുടെ തടവറയില്‍ നിന്നും നാം ഇനിയും മോചനം നേടേണ്ടിയിരിക്കുന്നു. എല്ലാറ്റിനെക്കുറിച്ചും നമുക്ക് മുന്‍വിധികളാണ്, എല്ലാം മാറുമായിരിക്കാം. നല്ല പ്രതികരണം!
സസ്നേഹം .... വാഴക്കോടന്‍

Sriletha Pillai said...

good response!

വിശാഖ് ശങ്കര്‍ said...

അത്ഭുത കുട്ടി,
പഴയ ഫ്യൂഡല്‍ സമൂഹത്തില്‍ ആഢ്യത്വത്തിന്റെ പ്രതീകമായിരുന്നു വെറ്റില ചെല്ലവും, തുപ്പല്‍ കോളാമ്പിയും മറ്റും.വെറ്റിലയും,പാക്കും,പുകയിലയും, ചുണ്ണാമ്പുമൊക്കെ ചേര്‍ത്ത് ഒരു അനുഷ്ഠാനകലയുടെ ചിട്ടവട്ടങ്ങളോടെയുള്ള ഈ പരിപാടി ഒരു പുരുഷന്‍ ചെയ്താല്‍ അവന്‍ ആഢ്യന്‍, സ്ത്രീ ചെയ്താല്‍ അവള്‍ വേശ്യ!പല്ലിന്റെയിടയില്‍ വിടവുള്ളവള്‍ സദാചാരനിഷ്ഠയില്ലാത്തവളായിരിക്കുമെന്ന മിഡീവല്‍ സാമാന്യവല്‍ക്കരണം പോലെ എത്രയെത്ര കലയിലും സാഹിത്യത്തിലുമൊക്കെയായി സുലഭം!ഭാഗ്യം തന്നെ.
ഈ പറഞ്ഞ പരസ്യം കാണാന്‍ പറ്റിയില്ല.എങ്കിലും ലേഖനത്തിലെ നിരീക്ഷണങ്ങളുമായി പൂര്‍ണ്ണമായി യോജിക്കുന്നു, സിനിമാറ്റിക് ഡാന്‍സിനെക്കുറിച്ചുള്ള പരാമര്‍ശത്തോടൊഴികെ.ക്ലാസികല്‍ എന്ന് നാം അഭിമാനപൂര്‍വ്വം വിളിക്കുന്ന കലകളിലൊക്കെ ഫ്യൂഡലും, മെയില്‍ ഷോവനിസ്റ്റിക്കുമായ ഒരു സൌന്ദര്യശാസ്ത്രം കണ്ടെടുക്കാനാവും.നൃത്തത്തിന്റെ കാര്യത്തില്‍ അത്തരമൊരു സൌന്ദര്യബോധത്തോടുള്ള കലഹമാണ് സിനിമാറ്റിക് ഡാന്‍സ് എന്ന് പലരും വാദിച്ചു കേട്ടിട്ടുണ്ട്.പക്ഷേ കണ്ട സിനിമാറ്റിക് നൃത്തങ്ങള്‍വച്ച് ചിന്തിക്കുമ്പോള്‍ അവ കലഹങ്ങളായല്ല, മറിച്ച് അത്തരം കലഹങ്ങളുടെ സാധ്യതയെത്തന്നെ പരോക്ഷമായ് തുരങ്കം വയ്ക്കുന്ന പുരുഷകേന്ദ്രീകൃത വിപണിയുടെ ഒരു തന്ത്രം മാത്രമായാണ് അനുഭവപ്പെടുന്നത്.സൈലന്‍സിലെ (തുരുമ്പിച്ചു തുടങ്ങിയ ഓര്‍മ്മയില്‍നിന്ന് എഴുതുന്നതായതുകൊണ്ട് ആ സിനിമയിലെ തന്നെയാണോ എന്ന് ഉറപ്പില്ല)നായിക കുപ്പിച്ചില്ലുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന രംഗം നമുക്ക് അശ്ലീലമാണ്.മന്മധരാസാ എന്ന സിനിമാറ്റിക് നൃത്തരംഗം അതല്ല!സ്ത്രീ സ്വയം തുണിമാറ്റിയാല്‍ അത് ഞങ്ങളുടെ പൌരുഷത്തെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ക്ക് ഒളിച്ചു കാണുകതന്നെ വേണം!അതിനു നിന്നുതന്നാല്‍ ഞങ്ങള്‍ അതിനെ ‘ഗ്ലാമര്‍‘ എന്ന് വിളിച്ച് പ്രോത്സാഹിപ്പിക്കും. കലഹമാണെന്നൊക്കെ വ്യാഖ്യാനിച്ച് സുഖിപ്പിക്കും.ഇന്നാ, അത്രയ്ക് ആര്‍ത്തിയാണെങ്കില്‍ കണ്ടിട്ടുപോടാ എന്നുപറഞ്ഞാല്‍ കണ്ണുപൊത്തി ഓടിക്കളയും.ഞങ്ങള്‍ ആണുങ്ങള്‍ പാവങ്ങളല്ലേ...!

Kmvenu said...

Fitting response!
Though made in the context of WC's advertisement, it applies well to those untiring fighters for women's causes here in Kerala, who , for the last two and a half decades have been pursuing struggles unilaterally oriented on protection against peedanam. In fact, such a disproportionate emphasis on peedanam and patronage of women only helps to edify the dictums of Manu: Women,the abalas, always need protection and should never aspire for freedom!
Sthree Suraksha Samithis floated by left parties like the SUCI also seem to be too preoccupied with this thought of providing guardianship, rather than conceding full citizenship to women.
These die hard defenders of culture seem to suggest that culture is something that should essentially,unilaterally and permanently control women through imposed dress codes,prescribed body languages and demarcated boundaries of space and time crossing which, they might spoil everything.How the Lakhshmanarekha
in the Hindu epic symbolizes this equation of
restriction =protection is too well known to be elaborated here.
Why blame SriRam Senes for acts(albeit a little outrageous and violent) in teaching women of their status, if one is going to argue that protection is so conditional and dependent on curtailing the civic freedoms of women ?

Kmvenu said...

Usha,
Let's ask the WC and others this:-
Stop Propagating the Biggest Lie That Safety of Woman Lies In
Restricting Her Civic Freedoms. Stop Adding Insult to Injury.
My warmest greetings of the day.

ushakumari said...

അത്ഭുതക്കുട്ടി,രാജേഷ്,കുമാരന്‍,വാഴക്കോടന്‍,മൈത്രേയി,വിശാഖ് ശങ്കര്‍,കെ.എം.വേണുഗോപാലന്‍ ....വായനയ്ക്കും ചര്‍ച്ചയ്ക്കും നന്ദി.
അത്ഭുതക്കുട്ടിക്കുള്ള മറുപടി വിശാഖ് ശങ്കറിന്റെ കമന്റിലുണ്ട്.രാജേഷ് പറയുന്നു,“there is something wrong with many of these feminist concepts.“ തുരന്നു പറയൂ,വ്യക്തമല്ല.

വിശാഖ്,സിനിമാറ്റിക് ഡാന്‍സിനോടുള്ള വിയോജിപ്പ് കൂടുതല്‍ വിശദമാക്കാമോ?സിനിമയില്‍ അതിന്റെ സഭ്യാസഭ്യങ്ങള്‍ ശരിവെയ്ക്കുകയും പുറത്ത് അതു കാണുമ്പോള്‍ ചൊടിക്കുകയും ചെയ്യുന്നു ചിലര്‍. സിനിമാറ്റിക് ഡാന്‍സിനേക്കാള്‍ ശരീര ചലനങ്ങളും ശരീരഭാഗങ്ങളും പ്രകടമാക്കുന്ന തിരുവാതിര,ഒപ്പന,നാടോടിനൃത്തം മുതലായവയ്ക്കു യൂത്ത്ഫെസ്റ്റിവലുകളില്‍ യാതൊരു വിലക്കുമില്ല...
അതിലെ ശരീരത്തെക്കുറിച്ച് ഇത്രയ്ക്കു പേടിയോ വിശുദ്ധിബോധമോ ആരും പ്രകടമാക്കാറുമില്ല.
ഈ ഭയം മലയാളി സമൂഹത്തില്‍ വളരെ പ്രബലമാണ്.അതെല്ലാം കൂടി സ്ത്രീകളുടെ പുറത്ത് കെട്ടിവെയ്ക്കാനുള്ള തത്രപ്പാടാണിതെല്ലാം.കാഴ്ച്ചക്കാരൊക്കെ പുരുഷന്മാരും കാഴ്ച്ചവസ്തു സ്ത്രീയും എന്ന മുന്നുപാധിയിലാണ് വിലക്കുകള്‍ ഒക്കെ.ആണ്‍കുട്ടികള്‍ വളഞ്ഞും പുളഞ്ഞും കുതറിത്തെറിച്ചും ചാടിയും പറന്നും ശരീരമിളക്കി നൃത്തം ചെയ്യുന്നതില്‍ ഇത്ര ഭീതി നമുക്കൊക്കെ ഉണ്ടോ? ആരെയും വെല്ലുവിളിക്കുകയൊ ചോദ്യം ചെയ്യുകയോ അല്ല ഞാന്‍,മറിച്ച് നമ്മുടെയെല്ലാം അബോധത്തിലെ വിലക്കുകളെയും ഭീതികളെയും മനസ്സിലാക്കാന്‍ ശ്രമിക്കുന്നു എന്നു മാത്രം.

കെ. എം വേണുഗോപാലന്റെ അഭിപ്രായങ്ങള്‍ക്കു പ്രത്യേകം നന്ദി. അവ പോസ്റ്റിന്റെ ആശയമണ്ഡലത്തെ കൂടുതല്‍ വികസ്വരമാക്കുന്നു.പീഡനത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരോടും സ്ത്രീ സുരക്ഷാസമിതിക്കാരൊടും എതിര്‍പ്പുണ്ടായിട്ടല്ല.മറിച്ച് അവരുടെ അതിരുകവിഞ്ഞുള്ള ഊന്നല്‍ ഇരുതലമൂര്‍ച്ചയുള്ളതാണ്,തിരിഞ്ഞു കുത്തുന്നത്.പൊതുസമൂഹത്തില്‍ ചാരിത്ര്യത്തെ വീണ്ടും വീണ്ടും ഉറപ്പിക്കുന്നു എന്നതിനാല്‍ സൂക്ഷ്മമായ ഇടപെടലും വിശകലനവും ഈ മേഖല ആവശ്യപ്പെടുന്നുണ്ട്. പീഡനത്തിനിരയായ സ്ത്രീ മുഖം മറച്ചും പ്രതിയായ പുരുഷന്‍ മുഖം വെളിവാക്കിയുമാണ് കണ്ടുവരാറ്‌.

സ്ത്രീ ശരീരത്തിന്റെ ഏതു നിലയും അതിന്റെ ഏതാവിഷ്കാരവും പുരുഷാധിപത്യദൃഷ്ടിയില്‍ ലൈംഗികവും വസ്തുവല്‍കൃതവും അതുകൊണ്ടു തന്നെ നിഗൂഢവും സ്ഫോടനാത്മകവുമായി നിലനില്‍ക്കുന്നു.ഇടതു ഭാഗത്തെ വയറുകാണപ്പെടുമെന്നതു കൊണ്ട് സാരിയുടുത്ത സ്ത്രീകള്‍ ഏതു തിരക്കിലും ഇടതുകൈ ബസ്സിന്റെ കമ്പിയില്‍ ഉയര്‍ത്തിപ്പിടിക്കാറില്ല. ഇതൊക്കെ നിത്യവുംകാണുന്നുണ്ട്.സ്ത്രീ സ്വയം ഏറ്റുവാങ്ങുന്നതും അടിച്ചേല്‍പ്പിക്കപ്പെടുന്നതു ആയ ഇരയുടെ അബോധവും ചാരിത്ര്യ/വിശുദ്ധിബോധങ്ങളും കൂടി വരുകയാണോ? വിമന്‍ സിറ്റിസണ്‍ഷിപ്പിനെ കുറിച്ചൊന്നും അതര്‍ഹിക്കുന്ന അര്‍ഥത്തില്‍ ഉടനെയൊന്നും സ്ത്രീ പ്രസ്ഥാനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോകുന്നില്ല. അത്രയൊന്നും അവ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിട്ടില്ല.
മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഈ മേഖലയിലുള്ള ഇടപെടല്‍ വേറെ തന്നെ ഒരു പോസ്റ്റിനുള്ള വകയാണ്.

എന്തായാലും എല്ലാവര്‍ക്കും നന്ദി.

ഐ.പി.മുരളി|i.p.murali said...

നല്ല നിരീക്ഷണങ്ങള്‍ ടീച്ചറേ...
ഓ.ടോ: ഒരു സംശയം അധ്യാപിക / അദ്ധ്യാപിക - ഇതില്‍ ഏതാണ് ശരി ? (അതോ രണ്ടും ശരിയാണോ?).

ushakumari said...

ശ്രീ മുരളി
അദ്ധ്യാപിക/അധ്യാപിക ഇവ രണ്ടും പ്രചാരത്തിലുണ്ട്.രണ്ടും ശരിയുമാണ്.
താരതമ്യേന സങ്കീര്‍ണത കുറഞ്ഞതെന്ന നിലയില്‍
അധ്യാപിക എന്ന് പ്രൊഫൈലില്‍ എഴുതിയെന്നേയുള്ളു.
റഫര്‍ പുറം 113 -‘ശബ്ദതാരാവലി‘- ശ്രീകണ്ഠേശ്വരം
എന്‍.ബി.എസ്സ്.കോട്ടയം 1998, 18-ആം പതിപ്പ്.

വിശാഖ് ശങ്കര്‍ said...

പുരുഷ കേന്ദ്രീകൃതമായ ഫ്യൂഡല്‍ സൌന്ദര്യശാസ്ത്രം ലാസ്യരസപ്രധാനമായ ക്ലാസികല്‍ നൃത്തങ്ങളെ സമീപിച്ചിരുന്നത് തികച്ചും സ്ത്രീവിരുദ്ധമായ ഒരു വീക്ഷണകോണില്‍നിന്നായിരുന്നു എന്നത് വ്യക്തമാണല്ലൊ.അവയോടുള്ള ഒരു കലഹം എന്ന നിലയ്ക്ക് മുന്നോട്ട് വയ്ക്കപ്പെടുന്ന സിനിമാറ്റിക് നൃത്തവും സ്ത്രീശരീരത്തിന്റെ സ്വതന്ത്രാ‍വിഷ്കാരമെന്ന സര്‍ഗ്ഗചോദനയെയല്ല, മറിച്ച് പുരുഷകേന്ദ്രീകൃതമായ ഒരു വിപണിയുടെ താല്‍പ്പര്യങ്ങളെ തൃപ്തിപ്പെടുത്തുക എന്ന ആവശ്യത്തെതന്നെയാണ് പ്രാഥമികമായും അഭിസംബോധന ചെയ്യുന്നത്.ആനിലയ്ക്ക് സിനിമാറ്റിക് ഡാന്‍സ് മേല്‍പ്പറഞ്ഞ സൌന്ദര്യശാസ്ത്രത്തോട് കലഹിക്കുകയല്ല, മറിച്ച് അതിന്റെ മൂല്യങ്ങളെത്തന്നെ പിന്‍പറ്റുകയാണ് ചെയ്യുന്നത്.കൂടാതെ, സ്ത്രീയുടെ ആത്മാവിഷ്കാരം എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ പര്യാപ്തമായ ഒരു ദൃശ്യകലാരൂപം എന്ന നിലയ്ക്ക് നൃത്തത്തെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളെ അത് പരോക്ഷമായി തുരങ്കം വയ്ക്കുന്നുമുണ്ട്.ആ നിലയ്ക്കാണ് എനിക്ക് സിനിമാറ്റിക് നൃത്തത്തോടുള്ള എതിര്‍പ്പ്.

നഗ്നതാപ്രദര്‍ശനം, ശരീരചലനങ്ങളിലെ സഭ്യാസഭ്യത തുടങ്ങിയ യാഥാസ്ഥിതിക വരട്ടുവാദങ്ങള്‍കൊണ്ട് ഇത്തരമൊരു പരിപ്രേക്ഷ്യം തമസ്കരിക്കപ്പെടുന്നത് യാദൃശ്ചികമായല്ല.നൂറ്റാണ്ടുകളോളം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരുന്ന സ്വന്തം സത്തയെ തിരിച്ചറിയാനും അതിനെ കലഹങ്ങളായ് ആവിഷ്കരിക്കാനും പോന്ന ശരീരഭാഷയോടുകൂടിയ ഒരു തനത് ദൃശ്യകലാരൂപം വികസിപ്പിച്ചെടുക്കാന്‍ സ്ത്രീകള്‍ക്കായാല്‍ പുരുഷനിര്‍മ്മിതമായ കലാസിദ്ധാന്തങ്ങളുടെ അടിത്തറതന്നെ ചോദ്യംചെയ്യപ്പെടുമെന്ന് തിരിച്ചറിയുന്നുണ്ട് പുരുഷന്‍ .തികച്ചും പുരുഷകേന്ദ്രീകൃതമായ ഒരു അധികാരവ്യവസ്ഥ നിലവിലുള്ള സിനിമപോലുള്ള ഒരു വ്യവസായം വച്ചുനീട്ടുന്ന പരിമിതമായ ഇടങ്ങളിലേയ്ക്ക് നൃത്തത്തിന്റെ ആത്മാവിഷ്കാരശ്രമങ്ങളെ തളച്ചിടാനായാല്‍ ഈ അപകടത്തെ നല്ലൊരളവുവരെ നിയന്ത്രിക്കാനാവുമെന്ന് അവനറിയാം.ഉപരിതലസ്പര്‍ശിയായ ചില വിമര്‍ശനങ്ങളൊക്കെ ഉന്നയിച്ചുകൊണ്ട് സിനിമാറ്റിക് ഡാന്‍സ് തങ്ങളെ വല്ലാതെ ചോദ്യംചെയ്യുന്നുണ്ടെന്നും ശല്യപ്പെടുത്തുന്നുണ്ടെന്നുമൊക്കെ ഭാവിക്കുന്ന പുരുഷന്‍ ഉള്ളില്‍ ‍ചിരിക്കുന്നുണ്ടെന്നുതന്നെയാണ് എന്റെ തോന്നല്‍.

മുജീബ് കെ .പട്ടേൽ said...

തെറ്റിനെ എപ്പോഴും തെറ്റായിക്കാണാനുള്ള ഒരു മനസ്സ് നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. സ്ത്രീകളുടെ ശത്രുക്കള്‍ സ്ത്രീകള്‍ തന്നെയാണ്. ജീവിതത്തിന്‍റെ ഏതു മേഖലയില്‍ നോക്കിയാലും, സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ സ്ത്രീകളുടെ പങ്ക് എത്രയെന്ന് നാം നോക്കൂക. ആഗോളവല്‍ക്കരണമാ‍യാലും മറ്റെന്തായാലും, നമ്മള്‍ സ്വയം തീരുമാനിക്കാതെ ഒരു കാര്യത്തിലും നമുക്ക് പങ്കാളിയാവാന്‍ സാധിക്കയില്ല. ഒരു വീട്ടിലെ അമ്മ നല്ലതാണെങ്കില്‍, അവിടത്തെ കുട്ടികളില്‍ അത് പ്രതിഫലിക്കും. ഉദാഹരണമായി, ഫാഷന്‍റെ പേരില്‍ ചെറുപ്പത്തിലേ മിനി സ്കര്‍ട്ട് ഇട്ടു ശീലിക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ചേടത്തോളം ലജ്ജ എന്നു പറയുന്നത് അവള്‍ക്കുണ്ടായിരിക്കുകയില്ല. അങ്ങിനെ വലിയ പെണ്ണായിട്ടും ഈ സാധനം ഇടുന്ന ഒരു സ്ത്രീയെ ആളുകള്‍ ഏതു കണ്ണൂകൊണ്ടാണ് നോക്കുകയെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ.
സിനിമാറ്റിക് ഡാന്‍സ് തുടങ്ങി ഏത് ഡാന്‍സായാലും, പെണ്ണുങ്ങളെ സംബന്ധിച്ചേടത്തോളം അഴിഞ്ഞാട്ടമാണ്. ഏതു സംഗതിയായാലും, അതില്‍ ആണെന്നോ പെണ്ണെന്നോ ഇല്ല. ഓരോരുത്തരും സൂക്ഷിച്ചാല്‍ അവര്‍ക്ക് നല്ലത്. നല്ലവരെ ആളുകള്‍ക്ക് പേടിയാണ്.

കപട സദാചാരത്തിന്‍റെ ഒരു മാതൃക... കാണുക:
http://www.youtube.com/watch?v=2tlg3x8xsQ0

വിശാഖ് ശങ്കര്‍ said...

“ജീവിതത്തിന്‍റെ ഏതു മേഖലയില്‍ നോക്കിയാലും, സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ സ്ത്രീകളുടെ പങ്ക് എത്രയെന്ന് നാം നോക്കൂക.“
മുജീബേ, ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ ഒപ്പം അതിനെ സ്ഥാപിക്കാനാവശ്യമായ സ്ഥിതിവിവരക്കണക്കുകളും നിരത്തണം.എന്താണ് താങ്കള്‍ പറയുന്ന ആ പങ്ക്?കുറ്റകൃത്യങ്ങളില്‍ ഏറിയപങ്കിന്റെയും ശ്രോതസ്സ് സ്ത്രീകളാണെന്നോ? അതോ കുറ്റവാളില്‍കളില്‍ ഭൂരിപക്ഷവും സ്ത്രീകളാണെന്നോ?

“ഉദാഹരണമായി, ഫാഷന്‍റെ പേരില്‍ ചെറുപ്പത്തിലേ മിനി സ്കര്‍ട്ട് ഇട്ടു ശീലിക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ചേടത്തോളം ലജ്ജ എന്നു പറയുന്നത് അവള്‍ക്കുണ്ടായിരിക്കുകയില്ല. “
ഗംഭീര തമാശതന്നെ.പുരുഷന് ഇത്തരം വസ്ത്രധാരണത്തില്‍ ഇത്തരം നിബന്ധനകളൊന്നും വേണ്ട! ലജ്ജയും വേണ്ട!

“അങ്ങിനെ വലിയ പെണ്ണായിട്ടും ഈ സാധനം ഇടുന്ന ഒരു സ്ത്രീയെ ആളുകള്‍ ഏതു കണ്ണൂകൊണ്ടാണ് നോക്കുകയെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ.“
അതുതന്നെയാണ് പ്രശ്നം.സ്ത്രീ സമൂഹത്തില്‍ സമ്മതയാവണമെങ്കില്‍ അവള്‍ അടിമുടി ശരീരം മറച്ച്, കതകിനുപിറകിലോ അടുക്കളയിലോ മറഞ്ഞുനിന്ന് കാലം കഴിച്ചുകൊള്ളണം.ടെന്നീസുകളിക്കുന്ന സാനിയാ മിര്‍സയായാലും അടിമുടി മറച്ചില്ലെങ്കില്‍ കണ്ടിരിക്കുന്ന പുരുഷനു പ്രകോപനം ഉണ്ടാകും.അതുകൊണ്ട് കഴിയുമെങ്കില്‍ വീടിനുപുറത്തേ ഇറങ്ങരുത്.മൊബൈല്‍ ഫോണ്‍, ഇന്റെര്‍നെറ്റ് തുടങ്ങിയ ഒന്നും ഉപയോഗിക്കരുത്.സ്ത്രീയെന്നത് വലിയൊരു യോനിയാണ്. അവളുടെ നിയോഗം അത് നിത്യവും കഴുകി വെടുപ്പാക്കി തന്റെ ഉടമയ്ക്കായി കാത്തിരിക്കുകയെന്നതാണ്...കടുപ്പം തന്നെ സുഹൃത്തേ നിങ്ങളെപ്പോലുള്ളവര്‍ മുന്നോട്ട് വയ്ക്കുന്ന സദാചാരത്തിന്റെ കാപട്യം.കപടസദാചാരത്തിന് ഉദാഹരണമായി നിങ്ങള്‍ കൊടുത്ത യൂറ്റ്യൂബ് ലിങ്ക് കണ്ടു.അതെന്താണ് സാമാന്യവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്?നാലുദിവസം കൊണ്ട് ഏതുപെണ്ണിനേയും വീഴ്ത്താനാവും എന്ന ലൈനിലുള്ള കവലക്കാമുകന്മാരുടെ വീമ്പുപറച്ചിലിനെ നാല് ഫോണ്‍കോളുകള്‍ കൊണ്ട് എന്നു തിരുത്തുന്ന; മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെങ്കില്‍ ഇവള്‍ക്കിതുവരുമായിരുന്നോ എന്നു ചോദിക്കുന്ന ;സ്ത്രീ സുരക്ഷിതമായി അടച്ചു സൂക്ഷിക്കപ്പെടേണ്ട ഒരു ചരക്കാണെന്നും, പ്രായം തികഞ്ഞാല്‍ ഉടന്‍ ആ ചരക്കിനെ യോഗ്യനായ ഒരു ഉപഭോക്താവിനു കൈമാരുന്നതാണ് ഉത്തമമെന്നും വാദിക്കുന്ന അറുപിന്തിരിപ്പന്‍ സാമൂഹ്യ സദാചാരബോധങ്ങള്‍ വച്ചുപുലര്‍ത്തുന്ന ചെറുപ്പക്കാര്‍ ഇന്നും ഉണ്ടെന്നത് ഒരു തിരിച്ചറിവുതന്നെയാണ്.നന്ദി.

yousufpa said...

ലിപ്സ്റ്റിക്കും മൊബൈലും സ്ത്രീകളെ നാണം കെടുത്തുന്നു എങ്കില്‍ അതിനുത്തരവാദികള്‍ സ്ത്രീകള്‍ തന്നെയാണ്. എവിടെയും ഒരു ബാലന്‍സിംഗ് ആവശ്യമാണ്.

Sapna Anu B.George said...

പ്രതികരിക്കൂ, പ്രതികരിക്കൂ, പ്രതികരിക്കൂ,
സ്ത്രീകള്‍ പ്രതികരിക്കാറെ ഇല്ല ഇന്ന്, ആരെങ്കിലും ഒന്നു പ്രതികരിക്കുന്നതു കേള്‍ക്കാനും കാണാനും തന്നെ ഒരു ചാരിതാര്‍ത്ഥ്യം ഉണ്ട്.

ushakumari said...

ഐ.പി.മുരളി,മുജീബ്.കെ.പട്ടേല്‍,യൂസുഫ്പ,സപ്ന.... എല്ലാവര്‍ക്കും നന്ദി,വായനയ്ക്കും ചൂടുപിടിച്ച കമന്റിനും.വിശാഖിന്റെ പോരാട്ടത്തിനു എല്ലാ വിധ അഭിവാദ്യങ്ങളും!

വെള്ളെഴുത്ത് said...

ആധുനികമായ സങ്കേതങ്ങളില്‍ നിന്നെല്ലാം ഒഴിച്ചു നിര്‍ത്തുക എന്നത് പാര്‍ശ്വവത്കൃതസമൂഹങ്ങള്‍ അനുഭവിച്ചു വന്ന ശാപമാണ്. സ്ത്രീ പൊതിഞ്ഞുകെട്ടി സംരക്ഷിക്കപ്പെടേണ്ടവള്‍ ആണെന്ന് അതിശക്തം തന്നെയായ ബോധമാണ് കേരളീയ സമൂഹത്തിനുള്ളത്. അതെങ്ങനെ പൊളിക്കും എന്ന് തീര്‍ച്ചയില്ല. മുഖ്യധാരാപത്രങ്ങളിലും മറ്റും വന്നുകൊണ്ടിരിക്കുന്ന തുടരനുകള്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നുണ്ട് വരും വര്‍ഷങ്ങളിലും നമ്മുടെ നിലപാടുകള്‍ മാറ്റമില്ലാതെ തുടരും. ചെങ്ങറ സമരവുമായി ബന്ധപ്പെട്ട് മഹിളാ അസോസിയേഷന്‍ സെക്രട്ടറിയേറ്റു നട അടിച്ചു തളിച്ചു വെടിപ്പാക്കിയത് ഓര്‍ക്കുന്നുണ്ടോ? പെങ്കുട്ടികളും ആണ്‍കുട്ടികളും സന്ധ്യകഴിഞ്ഞും ഒന്നിച്ചിരുന്നതിന്റെ മാലിന്യം കഴുകികളഞ്ഞതാണ് എല്ലാ എസ്റ്റേറ്റുകളും സ്വാഭാവിക പ്രകാശനത്തിനെതിരാവുമ്പോള്‍ വനിതകമ്മീഷന്‍ മാത്രമായിട്ടെന്തിനു മാറണം. അതിന്റെ പൊതുസ്വഭാവം തന്നെ രക്ഷാകര്‍ത്തൃത്വമല്ലേ?

Pramod.KM said...

കുറിപ്പിന് നന്ദി. ലിപ്സ്റ്റിക്കിന്റെ കാര്യം കണ്ടപ്പോളാണ് ഓര്‍ത്തത്. ഇവിടെ കൊറിയയില്‍ അമ്മൂമ്മമാര്‍ ആണ് അധികവും ലിപ്സ്റ്റിക്ക്/ഹെയര്‍ സ്റ്റൈല്‍ ഒക്കെ പരീ‍ക്ഷിക്കുന്നത്. ഇത് പുരുഷന്മാരെ വശീകരിക്കാനാണെന്നു പറഞ്ഞാല്‍!! സൌന്ദര്യ സങ്കല്‍പ്പങ്ങളുടെ സ്ഥലകാല വ്യത്യാസങ്ങള്‍ എന്നല്ലാതെ എന്തു പറയാന്‍...

poor-me/പാവം-ഞാന്‍ said...

Good subject.Let me think of it.

Promod P P said...

നല്ല പ്രതികരണം ടീച്ചറേ

പോസ്റ്റിനെ വെല്ലുന്ന വിശാഖിന്റെ കമന്റുകൾക്ക്കും നമോവാകം (ഇയ്യിടെയായി കാണാനില്ലാലൊ വിശാഖേ)

ഗൗരിനാഥന്‍ said...

ഗംഭീര തമാശതന്നെ.പുരുഷന് ഇത്തരം വസ്ത്രധാരണത്തില്‍ ഇത്തരം നിബന്ധനകളൊന്നും വേണ്ട! ingngane parayan kanicha manssinum aa dialog num 101 sathamanam pinthuna

ഗൗരിനാഥന്‍ said...

enthu parayanam ennariyilla..ivide kanumpol avide sukham enne parayunnunllu, athu kond ellam sariyanennu parayanakilla.

Unknown said...

മിന്നിമറയുന്ന ദൃശ്യങ്ങളിലൂടെയെങ്കിലും മലയാളത്തിലെ ടിവി സീരിയലുകൾ കാണാറുണ്ടോ? ഇല്ലെങ്കിൽ കാണണം.
അൽപം ദുഷ്ടത്തരത്തിന്റെ പ്രതിരൂപമായി അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വേഷം ശ്രദ്ധിക്കണം. സ്ലീവ്‌ലെസ്സ്‌ വേഷങ്ങൾ ധരിച്ച്‌ പുരികം നേർപ്പിച്ച്‌ ചുണ്ടിൽ ചായം തേച്ച ഒരു പെണ്ണോ മൊട്ടത്തല, ബുൾഗാൻതാടി/ക്ലീൻഷേവ്‌ എന്നിങ്ങനെയുള്ള പുരുഷനോ ആയിരിക്കും.
മാധ്യമങ്ങൾ അതിനുമുൻപിലിരിക്കുന്നവരുടെ കണ്ണിലേക്ക്‌ ചില മായാത്ത ചിത്രങ്ങൾ കോറിയിടുകയാണ്‌.
സ്ലീവ്‌ലെസ്സ്‌ ചുരിദാർ എന്നു പറഞ്ഞാൽ ഉടനെ എന്റെ മകൾ പറയും ഒരു സീരിയലിലെ ഗ്ലോറിയെപ്പറ്റി!