Thursday, August 28, 2014

ആശാലതയുടെ അഭിരുചികള്‍

ലര്‍പ്പുകളുടെ ഒരിടമാണ്‌ ആശാലതയുടെ കവിത. പാരമ്പര്യത്തോടും പുതുമയോടും ഉദാസീനമായെന്നവണ്ണം അതു നടത്തുന്ന സംവാദങ്ങള്‍, ജൈവികവും ഭൗതികവുമായ പ്രകൃതിയുടെ നേര്‍സാന്നിദ്ധ്യങ്ങള്‍, ഉറച്ചതും വിധ്വംസകവുമായ പെണ്‍പ്രതിരോധത്തിന്റെ ബോധങ്ങള്‍, സംസ്‌കാരത്തെ ചരിത്രത്തിന്റെ വലിയ ചാക്രികതയില്‍ നിന്ന്‌ അടര്‍ത്തി ദൈനം ദിനവും നൈമിഷികവുമായി പരിചരിക്കുന്ന ആഖ്യാനങ്ങള്‍, എഴുത്തിനകത്തേക്കു കയറിവരുന്ന ജനപ്രിയസംസ്‌കാരത്തിന്റെ ഹരങ്ങള്‍, ഇലക്‌ട്രോണിക്‌ ഭാവുകത്വത്തിന്റെയും മാധ്യമഭാഷയുടെയും കളര്‍ടോണുകള്‍...എന്നിങ്ങനെ പരസ്‌പരം ഇടഞ്ഞും കലര്‍ന്നും ഇണങ്ങിയുമൊക്കെയുള്ള അടരുകളാല്‍ ഈ കവിതയ്‌ക്കകം ഒട്ടാകെ സജീവമാണ്‌.

ആശാലതയുടെ കവിതയിലേക്ക്‌ വഴികളേറെയാണ്‌. തൊണ്ണൂറുകള്‍ക്കു ശേഷമുള്ള ഒരു പറ്റം യുവകവികളില്‍ നിന്ന്‌ ആശാലത എപ്രകാരം വേറിട്ടുനിന്നുവെന്നും ഒരുതരം തമസ്‌കരണം എങ്ങനെ അവര്‍ നേരിട്ടുവെന്നുമുള്ള അന്വേഷണം പ്രസക്തമാണ്‌. തീര്‍ച്ചയായും ആത്മപ്രതിഫലനത്തിന്റെ, ഉള്ളില്‍ തിളച്ചു പൊന്തുന്ന വൈകാരിക പ്രവാഹങ്ങളുടെ ആഖ്യാനകര്‍തൃത്വമായി സ്വയം പ്രതിഷ്‌ഠിക്കുന്ന സ്‌ത്രീകവിതയുടെ പരിചിതമായ വഴിയില്‍ ആശാലതയെ നാം കണ്ടുമുട്ടുന്നില്ല. അകത്തുനിന്നും അകത്തേക്കു നോക്കുന്ന കാല്‌പനിക ഏകാകിനിയുടെ കര്‍തൃത്വത്തെ ഒരു നിലയ്‌ക്കും ആശാലത ഏറ്റെടുക്കുന്നില്ല. സ്‌ത്രീയവസ്ഥകളെ സാര്‍വ്വത്രികമായും സമഗ്രമായും അമൂര്‍ത്തമായും കാണുന്ന രീതികള്‍ വിട്ടുകൊണ്ട്‌ അനുഭവപരമായും പ്രാപഞ്ചികമായും അവയെ അടയാളപ്പെടുത്തുന്ന രചനകള്‍ സമീപകാലത്ത്‌ വന്നുതുടങ്ങുന്നു. സ്‌ത്രൈണത/പൗരുഷം എന്നീ ഘടനകളെ പൂര്‍ണമായും കൈവിടാതിരിക്കുമ്പോഴും ലിംഗാധികാരമെന്ന സമസ്യയെ പുതുതായി അഴിച്ചുപണിയാന്‍ പുതിയ സ്‌ത്രീകവിത ശ്രമിക്കുന്നു. മൂര്‍ത്തമായ ്‌അധികാര പ്രത്യക്ഷങ്ങളോട്‌ മൂര്‍ത്തമായിത്തന്നെ അവ കലഹിക്കുന്നു. പുതിയ അഭിരുചികളും പുതുവഴക്കങ്ങളും പുതിയ സമീപനസമവാക്യങ്ങളും ആഖ്യാനപരമായി സ്‌ത്രീകവിതയില്‍ നിറഞ്ഞു. ബഹുലവും ബഹുസ്വരവുമായ സ്‌ത്രീകവിതയുടെ പാരമ്പര്യത്തില്‍ എവിടെയാണ്‌ ആശാലതയുടെ സ്വന്തമിടം?

മുഷിവും ചുളിവും കുറഞ്ഞ ഭാഷയാണീ കവിതയുടെ ഒറ്റനോട്ടത്തിലുള്ള പ്രത്യേകത. കലഹങ്ങളും ആരായലുകളും കുറവല്ലാത്തതിനാല്‍ ആക്ഷേപഹാസ്യത്തിന്റെയും പ്രതിഭാഷണത്തിന്റെയും ധാരകള്‍ കടന്നുവരുകയും ചെയ്യുന്നു. വിചിത്രമായ പദച്ചേരുവകള്‍, വിരുദ്ധോക്തികള്‍, അന്യംനിന്നുപോയ സമസ്‌തപദങ്ങള്‍ തുടങ്ങി നിരവധി ഭാഷാപരമായ പ്രത്യേകതകള്‍ ഈ കവിതയില്‍ നാം കണ്ടുമുട്ടുന്നു. കവിതയെഴുത്തിന്റെ പ്രതിഷ്‌ഠാപിതമായ ഘടനയില്‍ നിന്നും കവിതയെന്ന `വിശുദ്ധ'സങ്കല്‌പത്തില്‍ നിന്നും തെല്ലെങ്കിലും അകന്നുനില്‍ക്കാനും ആശാലത ഈ സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. ചില സമയം തിരിഞ്ഞുനടത്തങ്ങളും പിന്‍മടക്കങ്ങളും കൊണ്ട്‌ കവിത സ്വയം വെല്ലുവിളിക്കുന്നു, സ്വയം റദ്ദാക്കുക പോലും ചെയ്യുന്നു.
``എനിക്കു നിന്നോട്‌ കുറേക്കാര്യങ്ങള്‍ പറയാനുണ്ട്‌
എന്ന്‌
അത്‌ സംവാദമാരംഭിച്ചു.
എനിക്ക്‌ പറയാനില്ല
കേള്‍ക്കാനും
രാവിലെ കാപ്പികുടിച്ചു.ദോശതിന്നു
കുളിച്ചുടുപ്പിട്ടു മാറ്റിപോകാനിറങ്ങുന്നു.
ഇനിയിപ്പോള്‍ സമയമില്ല,നേരത്തെ വരാമായിരുന്നില്ലേ?
എന്നിട്ടും
ബസ്‌സ്റ്റോപ്പുവരെ അത്‌ പിന്നാലെ വന്നു
ബസ്സില്‍ തൊട്ടുപിന്നില്‍ തന്നെ നിന്നു.
ഇറങ്ങേണ്ടിടത്തെത്തിയപ്പോള്‍
അതിനെ കണ്ടതേയില്ല'' (സംവാദം)

ഇങ്ങനെ ഭാഷയ്‌ക്കകത്തു നിന്നുള്ള ഭാഷയുടെ അന്വേഷണങ്ങളായവ സ്വയം വഴി തേടാറുണ്ട്‌. ഇപ്രകാരം കയറിയുമിറങ്ങിയുമുള്ള വഴിക്കവലകളില്‍ നാം ചില കരുതല്‍നാട്ടികള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നു.


ഉടലിലെ കടല്‍


ആദ്യസമാഹാരമായ `കടല്‍പ്പച്ച(2001)യില്‍ നിന്ന്‌ `എല്ലാ ഉടുപ്പും അഴിക്കുമ്പോള്‍'(2014) എന്ന രണ്ടാമത്തെ കാവ്യസമാഹാരത്തിലേക്കുള്ള ഇടവേള ദൈര്‍ഘ്യമേറിയതാണ്‌. `കടല്‍പ്പച്ച'യില്‍ അബോധാത്മകവും പ്രതീകാത്മകവുമായ ഭാഷയുടെ നില്‍പ്പിടമായി കവിത ചിലപ്പോഴെങ്കിലും മാറുന്നുണ്ട്‌. `കടല്‍പ്പച്ച'യിലെ കടല്‍ അമൂര്‍ത്തമായ പ്രണയത്തിന്റെയും പെണ്‍മനസ്സിന്റെയും ബിംബപ്രതിനിധാനമാണ്‌. എന്നാല്‍ പുതിയ കൃതിയിലേക്കു വരുമ്പോള്‍ കടല്‍ കൂടുതല്‍ ജൈവികവും മൂര്‍ത്തവുമായി നിറയുന്നു. പെണ്ണുടലിന്റെ ഉയിരും ഉണര്‍വും ഉയര്‍ത്തിപ്പിടിക്കുന്ന കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ പുതിയ സ്‌ത്രൈണ മാനങ്ങള്‍ തേടുന്നു. കൂടുതല്‍ ഭൗതികവും ജീവസ്സുറ്റതുമായി അത്‌ ഉടലിനെ വീണ്ടെടുക്കുന്നു.
`റോഡരുകിലെ കടല്‍ ' എന്ന കവിതയില്‍ കടല്‍ രൂപം മാറി ഒരു ചായക്കോപ്പയില്‍ മധുരിച്ചും ചുവന്നും ചവര്‍ത്തുമിരിക്കുന്നതു നാം കാണുന്നു. `മഴ' യില്‍ കടല്‍ ഒരേ സമയം പ്രകൃതിയും ശരീരവും പ്രണയവും ആസക്തിയുമാണ്‌.
ഏതു കടലില്‍ നിന്നാണ്‌
നമ്മള്‍ പൊന്തിവന്നത്‌?
ഏതു കടലിടുക്കിലേക്കാണ്‌
ഒഴുകിപ്പോയത്‌?
എങ്കിലും
എന്നിട്ടും
ഏതൊക്കെയോ കടല്‍
എന്റെയുടലിനെച്ചുറ്റിച്ചുറ്റി മുറുക്കികൊണ്ടിരിക്കുന്നു.
ചേര്‍ത്തുപിടിക്ക്‌
എന്റെ കടല്‍
നിന്റെ കടലിനോട്‌ ...........''
എന്റെ ഉടുപ്പും അഴിക്കുമ്പോള്‍ എന്ന കവിതയില്‍ കടലിന്റെ ജൈവികത അപ്പാടെ സ്വന്തം ഉടലായി തിരിച്ചറിയുന്നു.നഗ്നതയെ കടല്‍കൊണ്ടു പൊതിഞ്ഞു പിടിക്കുന്നു.എല്ലാം മറന്ന്‌ ഒരു ഇണയോടെന്ന വണ്ണം കടലില്‍ മുഴുകിയാഹ്ലാദിക്കുന്നു.
``ഈ കടലെന്റെയുടല്‍
ഞാന്‍ മുഴുകിയാഹ്ലാദിക്കുമ്പോള്‍
എന്റെ ചന്ദ്രനെ മറക്കാതിരിക്ക്‌
ഇന്നെന്നെ കെട്ടിപ്പിടിക്കാതിരിക്ക്‌
ഇന്നു കടല്‍ മാത്രം കെട്ടി പിടിച്ചോട്ടെ.....''
ഭൗതികവും മൂര്‍ത്തവുമായ ജൈവപ്രകൃതിയോടുള്ള ഇടപെടല്‍ ഈ സമാഹാരത്തിലെ മിക്ക കവിതകളിലും പ്രകടമാണ്‌.അത്‌ ഇതുവരെയില്ലാത്ത സ്വാത്ര്രേന്ത്യച്ഛയും തുറസ്സും കൂടിയാണ്‌.ബന്ധനങ്ങളെക്കുറിച്ചും നിരാസങ്ങളെക്കുറിച്ചും മാഴ്‌കുന്നതിനുപകരം അത്‌ ചിറകു വിരുത്തി പറന്ന്‌ പുതിയ ആകാശങ്ങളെ കാട്ടിതരുന്നു. ഈ വിഛേദം സ്‌ത്രൈണപ്രതിരോധമായി പ്രകാശനമായി ആവിഷ്‌്‌്‌കരിക്കപ്പെടുകയാണ്‌ ` ഇന്നലത്തെപ്പോലെ ഓര്‍ക്കുന്ന ദിവസത്തില്‍. അപ്പുറത്തെകടവില്‍ ചൂണ്ടയിടുന്ന പയ്യനെ വല്യമ്മായിയുടെ വിലക്ക്‌ ഓര്‍ക്കാതെ നോക്കിപ്പോകുകയാണിവിടെ. ഇന്നലത്തെപ്പോലെ ഓര്‍ത്തുപോകുന്ന ആ ദിവസത്തില്‍ പെണ്ണില്‍ നിന്ന്‌ ആണിലേക്കുള്ള നോട്ടം മാത്രമല്ല നാം കാണുന്നത്‌.മരുഭൂമി പോലെയുള്ള മണല്‍പരപ്പിലുള്ളിലേക്കു വലിഞ്ഞ്‌ ഇല്ലാതെയായിത്തീര്‍ന്ന പുഴയും കാണുന്നു.ഓര്‍മ്മയുടെ സജീവത,ജൈവികത പ്രകൃതിയെ പിടിച്ചു നിര്‍ത്താന്‍ ആയുന്നു.ജലത്തിന്റെ ചില്ലുപായകളും അവയില്‍ വീണ വെയിലും തുണിയലക്കുന്ന വല്യമായിയും പുഴക്കുമീതെയുള്ള പച്ചത്തുരുത്തും നനഞ്ഞു കുതിര്‍ന്ന പെണ്‍കുട്ടിയുടെ കിളുന്നുടലും ഒക്കെ ചേര്‍ന്നുണ്ടാകുന്ന സ്‌ത്രൈണ പരിസ്ഥിതിയുടേതായ അന്തരീക്ഷം കവിതയില്‍ മറ്റൊരു ജൈവമണ്ഡലമൊരുക്കുന്നു.അതിനാല്‍ അടക്കാന്‍ ശ്രമിച്ചിട്ടും പൊട്ടിപ്പുറപ്പെടുന്ന വെറുമൊരു പെണ്‍നോട്ടത്തിന്റെ (Female gaze) ന്റെ ഓര്‍മമാത്രമല്ല ഈ കവിത.സര്‍വ്വസാധാരണമായ ഒരു ദൈനംദിനാനുഭവത്തില്‍ നിന്നോ ചര്യകളില്‍ നിന്നോ ഹാബിറ്റാറ്റുകളില്‍ നിന്നോ അതിസൂക്ഷ്‌മമായ രാഷ്ട്രീയബോധം തെളിയിച്ചെടുക്കാന്‍ ആശാലതക്കു കഴിയുന്നു എന്നീ കവിത പറയുന്നു.

കൂട്ടാന്‍കലകളുടെ തമാശ

വളരെ സ്ഥൂലവും പ്രകടവുമായ സ്‌ത്രീപക്ഷസൂചനകളെ എഴുതുന്ന കവിതകളും ആശാലതയുടേതായുണ്ട്‌്‌. അവസാനത്തെ ഗോപിക, കടല്‍,കുഞ്ഞുമീന്‍: ഒരു അധ്യാപദേശ കവിത എന്നീ കവികള്‍ ഉദാഹരണം(കടല്‍പ്പച്ച). `ഉടലി'ല്‍ പരീക്ഷണമേശമേല്‍ കിടക്കുന്ന, കുപ്പിയിലെ ലായനി മണക്കുന്ന ഒരു പച്ചത്തവളക്കു സമാനമായി കൈകാല്‍ പരത്തി മലച്ചുകിടക്കുന്ന ഒരു പെണ്ണിനെ കാണാം.`അനിഷ്‌ട സ്‌പര്‍ശങ്ങള്‍ക്ക്‌ പിഴച്ചുപോവുന്ന' ഉടലിന്റെ കിടപ്പിനെ നാണം കെട്ടതായി പറയുന്നു. പനിക്കോളിലേയ്‌ക്കു ഛര്‍ദ്ദിച്ച്‌ ഒഴിച്ചുകളയേണ്ട ഒന്നായി കവിയതിനെ വെറുക്കുന്നു.ഈ കവിതകള്‍ പെണ്ണുടലിന്മേലുള്ള നായാട്ടും വാണിഭവും കേന്ദ്രമാക്കിയുള്ളതാണ്‌. `സവാരി'യില്‍ സമാനമായ അവസ്ഥ(''ഉത്സവത്തിരക്കില്‍ വിജൃംഭിച്ചു നില്‍ക്കുന്ന വന്‍ശരങ്ങള്‍ക്കിടയില്‍പ്പെട്ട്‌ കുഞ്ഞുടല്‍ ഗതി കിട്ടാതെനിക്ക്‌...'')യുണ്ടെങ്കിലും മേഘത്തെയും ചന്ദ്രനെയും മറികടന്ന്‌ ആകാശചാരിയാകാനുള്ള സാധ്യതകളിലേയ്‌ക്ക്‌ നീളുന്നു. ഗാര്‍ഹികവല്‍ക്കരിക്കപ്പെട്ട സ്‌ത്രീയുടെ രോഷം ..(സാ)യുധപൂജ, വിഭവവിശേഷം, വിഷപര്യവസായി തുടങ്ങിയ കവിതകളിലൊക്കെ കാണാം. കലിപ്പും വെറുപ്പും പകയും പുകയുന്ന വാക്കുകളെ പരിഹാസത്തോടെ ചുരുട്ടിയെറിയുന്നു കവി.
`ഒരു ദിവസം
തിളയടക്കാനാവാതെ
അടുക്കളപ്പാത്രത്തോളം പോന്ന ഈ അഗ്നിപര്‍വ്വതം
പുറത്തേക്ക്‌ ചിതറും വരെ' മാത്രമേ കൈപ്പുണ്യമാഹാത്മ്യം പുലരൂ എന്നവള്‍ തിരിച്ചറിയുന്നു. അവളുടെ സായുധപൂജ, കറിക്കത്തി, കുക്കര്‍, ഹാര്‍പിക്‌, ചപ്പാത്തിപ്പലക, കുറ്റിച്ചൂല്‌ മുതലായവ കൊണ്ടുതന്നെ. സഹികെട്ടാല്‍ ചുളിഞ്ഞ പുരികങ്ങളോടെ പറയാനുള്ള ചില തമാശകളാണീ്‌ രോഷങ്ങള്‍ എന്നാണീ കവി പറയുന്നത്‌.
``ചില നേരം സഹികെട്ടാല്‍
തമാശ പറയും
കൂട്ടാന്‍ കലങ്ങള്‍ പോലും''
അടുക്കള എങ്ങനെ ഗാര്‍ഹികചൂഷണത്തിന്റെ വേദിയാവുന്നുവെന്ന ദൈനംദിന മൂര്‍ത്ത യാഥാര്‍ത്ഥ്യത്തെയാണ്‌ കവി പുറത്തേക്ക്‌ വലിച്ചിടുന്നത്‌. പെണ്‍ ശരീരം അടുക്കളയും അടുപ്പുമാക്കി മാറ്റുന്ന ഫ്രഞ്ച്‌ സ്‌ത്രീപക്ഷ നാടകവേദിയിലെ കാരന്‍ഫിന്‍ലിയുടെ രചനകളുടെ തീക്ഷ്‌ണതയെ ഇതോര്‍മിപ്പിക്കുന്നു.


പ്രണയം

പ്രണയം ആശാലതയില്‍ നിഷ്‌ക്കളങ്കവും അനുസ്യൂതവുമായ ഒരു ഒഴുക്കല്ല. അധികാര നിരപേക്ഷമല്ല അത്‌. ആണിനും പെണ്ണിനും വെവ്വേറെ ഇടങ്ങളും വെവ്വേറെ ഓര്‍മകളും വെവ്വേറെ സ്വാതന്ത്ര്യവുമായി അത്‌ ഈ കവിതയില്‍ കണ്ടെടുക്കപ്പെടുന്നു. ആണ്‍ജയിലിന്റെ മുറ്റത്തുനിന്നും റോസാകമ്പിന്റെ അടയാളം കൊടുക്കുമ്പോള്‍ മാത്രം വിടരുന്ന സ്വപ്‌നമായി നാരായണിക്കതു മനസ്സിലാവുന്നു. അകന്നുപോയ ആകാശങ്ങളില്‍ അവള്‍ പതിവുപോലെ അന്യവല്‍കൃതയും അസ്വതന്ത്രയുമായിത്തന്നെ തുടര്‍ന്നു. 'മൊബൈല്‍ ടു മൊബൈല്‍' എന്ന കവിതയില്‍ പ്രണയനാട്യങ്ങളുടെ നിരാശ്രയമായ, ഹതാശമായ, ആണ്‍/പെണ്‍ അവസ്ഥകളാണ്‌. `രാധ കൃഷ്‌ണനോടു പറയുന്നു' എന്ന കവിതയിലും പ്രണയത്തിലെ ആണധികാരത്തിന്റെ ബലതന്ത്രങ്ങളെ തിരിച്ചറിയുന്ന കാമുകിയെ കാണാം.



പാഠാന്തരബന്ധങ്ങള്‍

എഴുത്തിനെ സാംസ്‌കാരിക സന്ദര്‍ഭങ്ങളുടെ നിര്‍മിതിയായി തിരിച്ചറിയുന്ന ബോധം ആശാലതയില്‍ ശക്തമാണ്‌. എഴുത്തിന്റെയും വായനയുടെയും പ്രക്രിയകള്‍, സൗന്ദര്യബോധത്തില്‍ പ്രവര്‍ത്തിക്കുന്ന വരേണ്യ/ കീഴാള അബോധങ്ങള്‍ മുതലായ കരുതലുകള്‍ അടിയടരായി ഇവിടെ പ്രവര്‍ത്തിക്കുന്നതു കാണാം. സാങ്കേതികമായ ഒരു രീതിപദ്ധതിയായിത്തന്നെ ഈ കവിതകളില്‍ പാഠാന്തര (inter textual) സൂചനകള്‍ കടന്നുവരുന്നത്‌ അതുകൊണ്ടാവാം. കാവ്യപാരമ്പര്യം/വായന അടിസ്ഥാന അനുഭവമുദ്രയായി പ്രതിഷ്‌ഠിക്കപ്പെടുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിനിധാനമായി എഴുത്തു നിലനില്‍ക്കുന്ന രീതിക്ക്‌ ഇളക്കം തട്ടിയേക്കാം.
ദേവദാസ്‌ അഥവാ ട്രാന്‍സ്‌മൈഗ്രേഷന്‍ ഓഫ്‌ സോള്‍ എന്ന കവിതയില്‍ ആവിഷ്‌ക്കാരത്തിനു വഴങ്ങാതെ സ്വയം കുതറിമാറി മറ്റെന്തെങ്കിലുമാവാന്‍ ശഠിക്കുന്ന അനുഭവമുണ്ട്‌. ശരത്‌ചന്ദ്രന്‍ എന്ന ബംഗാളി എഴുത്തുകാരന്‍, ദേവ്‌ദാസ്‌ എന്ന മദ്യാസക്തനായ നായകന്‍, പിന്നെ വായനക്കാരി, വായന എന്നിങ്ങനെ അസ്ഥിരപ്രതലങ്ങളിലൂടെ കവിതയുടെ കേന്ദ്രം മാറിമാറി വരുന്നു.
``ഞാന്‍ അവനല്ല, അവനല്ല'' എന്നു പറഞ്ഞുകൊണ്ട്‌ ,
അയാള്‍ പേനയുന്തുന്നതിനനുസരിച്ച്‌
പ്രേമരോഗിയായി കരഞ്ഞുകരഞ്ഞു ചാവാന്‍
ഞാനെന്താ അയാളുടെ ഡമ്മിയോ! എന്ന രോഷം വായനക്കാരിയെ തൊടുന്നേയില്ല. കാരണം കഥാപുസ്‌തകത്തിലെ കൈവിട്ടുപോയ കാമിനിയോ കൈവന്ന ദേവദാസിയോ അല്ല അവള്‍. ഇവിടെ ചിതറിയ സ്വത്വങ്ങളായി , പലതരം പകര്‍ന്നാട്ടങ്ങളായി അവള്‍ സ്വയം കണ്ടെടുക്കുന്നു.
`ആറാമങ്കം', `നാരായണി' മുതലായ കവിതകളിലെ പാഠാന്തര സൂചനകള്‍ ലബ്‌ധപ്രതിഷ്‌ഠമായ കാവ്യസങ്കേതങ്ങളെ കുഴച്ചു മറിക്കുന്നു.`ആറാമങ്കത്തില്‍' പരിണാമഗുപ്‌തിയും കാലാനുക്രമണികതയും ആഭ്യന്തരപ്പൊരുത്തവും ഒക്കെച്ചേര്‍ന്ന ആഖ്യാനയുക്തിയെയാണ്‌ കവി അട്ടിമറിക്കുന്നത്‌.
``കൊള്ളാവുന്നൊരു സ്വര്‍ണമോതിരം വിഴുങ്ങാത്തതിന്‌
മീനിനെ മുഴുത്തൊരു തെറി പറഞ്ഞുകൊണ്ട്‌
പാചകന്‍ അടുത്തതിന്റെ വയറുകീറുമ്പോള്‍
പെട്ടെന്ന്‌ യവനിക പൊട്ടിവീണ്‌
ആറാമങ്കത്തില്‍
സ്‌ക്രിപ്‌റ്റില്‍ പറയാത്തപോലെ നാടകം തീരുന്നു''
(ആറാമങ്കം)

'അങ്ങനെ അന്ന്‌ ആദ്യമായിട്ട്‌' എന്ന കവിതയിലെ പാഠാന്തരബന്ധം ഉപഹാസപൂര്‍വ്വമായാണ്‌ എഴുതപ്പെടുന്നത്‌. പ്രഖ്യാതമായ രമണന്റെയും മദനന്റെയും ഇതിവൃത്തത്തിലൂടെ സഞ്ചരിച്ച്‌ 'അങ്ങനെയാണ്‌ മലയാളസാഹിത്യത്തില്‍ ഹോമോസെക്ഷ്വാലിറ്റി നടപ്പില്‍ വന്നത്‌' എന്ന്‌ ഉപസംഹരിക്കുന്നിടത്ത്‌ അനുഭവങ്ങളുടെ ആധികാരികതയ്‌ക്ക്‌ സാഹിത്യകോയ്‌മകളുമായുളള ബന്ധം പ്രശ്‌നവല്‍ക്കരിക്കാനുളള ശ്രമം കാണാം. 'നാരായണി'യിലും 'കൃഷ്‌ണാ എനിക്കു നിന്നെ അറിയില്ല'യിലുമൊക്കെ പുരുഷാധിപത്യമൂല്യങ്ങളെ നുള്ളിയും ചുരണ്ടിയും എടുത്തുകാണിക്കുവാനുളള സന്ദര്‍ഭങ്ങളായി ഇന്റര്‍ ടെക്‌സറ്റ്വാലിറ്റിയെ ഉപയോഗിക്കുന്നു. സ്‌ത്രീത്വത്തെക്കുറിച്ചുളള പതിവു വൃത്തങ്ങളെ ഭേദിച്ച്‌ ഉപഹാസം ചൊരിയുകയും ചെയ്യുന്നു.

എന്താണീ ആഖ്യാനഭേദത്തിന്റെ പ്രസക്തി എന്ന ചോദ്യം പ്രധാനമാണ്‌. ആധുനികതയിലും ആധുനികാനന്തരതയിലും മുഖ്യധാരാ ഭാവുകത്വത്തിന്റെ തുടര്‍ച്ചയോ അനുബന്ധങ്ങളോ മാത്രമായി മുദ്രകുത്തപ്പെട്ട സ്‌ത്രീരചനകള്‍ സൗന്ദര്യശാസ്‌ത്രപരമായി നേടിയ വ്യത്യസ്‌തതകളും ബഹുലതകളും വേണ്ടത്ര തിരിച്ചറിയപ്പെട്ടില്ല. ഉളളടക്ക കേന്ദ്രീകരണം ഒരു ബാധ്യതയായി വിശകലനങ്ങളില്‍ നിറഞ്ഞുനിന്നു. സ്‌ത്രീയവസ്ഥയിലെ കീഴായ്‌മകളോടും പുരുഷാധിപത്യമൂല്യങ്ങളോടുമുളള അമര്‍ഷവും കയ്‌പ്പും നിറഞ്ഞ പ്രതികരണ സ്വഭാവമുളള രചനകള്‍ പെരുകുകയും ചെയ്‌തിരുന്നു. ഒന്നുകില്‍ കാല്‍പനിക ഏകാകിനിയുടെ വിങ്ങലുകളായി, അല്ലെങ്കില്‍ അന്യവല്‍കൃതയായ ഒരുവളുടെ പ്രതിഷേധമായി സ്‌ത്രീകവിതയുടെ ഭാഷ നിലകൊണ്ടു. ഈ രണ്ടു നിലകളോടുമുളള വ്യക്തമായ അകലമാണ്‌ ആശാലതയുടെ ആഖ്യാനഭാഷയെ വേറിട്ടതാക്കുന്നത്‌. മാത്രമല്ല, ജനപ്രിയമായിത്തീ ര്‍ന്ന സ്‌ത്രീപക്ഷകാഴ്‌ച്ചപ്പാടുകളില്‍ നിന്നുള്ള അകലം തന്റെ കവിതകളുടെ രാഷ്‌ട്രീയോന്മുഖത്വം നിലനി ര്‍ ത്തുന്നതിന്‌ അനിവാര്യമാവുകയും ചെയ്‌തു.


പോപ്പുലര്‍ സംസ്‌ക്കാരം

സമകാലിക ജീവിതത്തില്‍ ദൃശ്യതയ്‌ക്കു കൈവന്നിട്ടുളള മേല്‍ക്കോയ്‌മ നമ്മുടെ ബോധങ്ങളെ ആഴത്തില്‍ ബാധിച്ചിട്ടുണ്ട്‌. അത്‌ അക്ഷരങ്ങളെത്തന്നെ പുറംകാഴ്‌ചകളായി, ലിപികളെ വരയപ്പെട്ട രൂപങ്ങളായി കാണാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍ അത്ഭുതമില്ല. ദൃശ്യത്തിന്റെ ശകലിതമാത്രകളായി അനുഭവങ്ങള്‍ ചിതറിക്കപ്പെടുന്നത്‌ ആശാലതയുടെ ചില ആഖ്യാനങ്ങളില്‍ കാണാം. പുതുകവിതയ്‌ക്കത്ത്‌ ഭാഷാപരമായി സംഭവിച്ച വിച്ഛേദങ്ങളുടെ പൊതുസ്വഭാവം ഇവയ്‌ക്കുണ്ട്‌. കവിതയില്‍ മലയാളി അനുശീലിച്ച പ്രതീകാത്മകവും ധ്വനിസാന്ദ്രവുമായി ഭാഷയ്‌ക്കു പകരം ദൈനംദിന ഭാഷയുടെ അതിസാധാരണത്വം കടന്നുവരുന്നു. ചിലപ്പോള്‍ അത്‌ ഒരുപടികൂടിക്കടന്ന്‌ ചുവരെഴുത്തുകളിലെ (Grafity) തുറസ്സും വികടതയും കയ്യാളുന്നു. ഹിംസാത്മകമായ ഒരു അധിക്ഷേപച്ചിരി ഉള്ളില്‍ കുറുക്കിവെച്ചുകൊണ്ട്‌ ഈ കവിത നമ്മോടു പെരുമാറുന്നു. പരസ്യപ്പലകളിലും ചുവരെഴുത്തുകളിലും മറ്റുമുളള നിര്‍ദ്ദോഷവും നിസ്സംഗവുമായ ഒരു പുറംചട്ട അവയ്‌ക്കുണ്ട്‌. ഈ ഉദാസീനത അല്ലെങ്കില്‍ നിസ്സാരത 'അന്ന്‌ ആദ്യമായിട്ട്‌ ', 'ക്ലിപ്പിലൊതുങ്ങാത്ത സ്വാതന്ത്ര്യം' തുടങ്ങിയ കവിതകളില്‍ കാണാം. അയയില്‍ കിടന്ന അടിവസ്‌ത്രം കാറ്റത്തു പറന്ന്‌ മഴയില്‍ ഒലിച്ചുപോയതിനെക്കുറിച്ചാണ്‌ 'ക്ലിപ്പിലൊതുങ്ങാത്ത സ്വാതന്ത്ര്യം' പയുന്നത്‌.
"അറുപതുകളിലോ എഴുപതുകളിലോ
എന്തോ
ആരൊക്കെയോ അടിവസ്‌ത്രമുപേക്ഷിച്ച
സ്വാതന്ത്ര്യത്തെക്കുറിച്ച്‌
കേട്ടിട്ടേ ഇല്ലായിരുന്നു
.......................................
പാവം! ലിംഗപദവി, ഭിന്നലൈംഗികത
ന്യൂനപക്ഷം, എം.എസ്‌.എം എന്നൊന്നും
കേട്ടുകേള്‍വി പോലുമില്ല...."


നിര്‍മമായ ഈ ചിരിയില്‍ നിന്നാണ്‌ അനുഭവങ്ങള്‍ക്കകത്തെ വക്രീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യങ്ങളെ ആശാലത വലിച്ചുപുറത്തിടുന്നത്‌. അങ്ങനെയവ രണ്ടാമത്തെയോ മൂന്നാമത്തെയോ സൂചനകളില്‍ മുനയുളള വാങ്‌മയങ്ങളായിത്തീരുന്നു. ചിലപ്പോഴത്‌ വാസമില്ലാമലരിത്‌, ഒരു തലൈരാഗം എന്നിങ്ങനെ പരസ്യ ജിംഗിളുകളോ റിംഗ്‌ടോണുകളോ ആയി മൂളിപ്പറക്കും.
ജനപ്രിയ സംസ്‌ക്കാരത്തിന്റെ മുഖ്യഘടകമായ ദൃശ്യപ്രതീതിയാണ്‌്‌്‌ 'ഇന്നലത്തെപ്പോലെ ഓര്‍ക്കുന്ന ദിവസം' എന്ന കവിതയുടെ പ്രത്യേകത. വലിയ സ്‌ക്രീനിലെ വൈഡ്‌ ആംഗിള്‍ ദൃശ്യങ്ങളായി നോട്ടങ്ങളും കാഴ്‌ചകളും കവിതയില്‍ പെരുമാറുന്നു. നീണ്ടുകിടക്കുന്ന പുഴ, അപ്പുറത്തു ചൂണ്ടയിടുന്ന പയ്യന്‍, അവന്റെ മൂളിപ്പാട്ട്‌, അലക്കുകല്ലില്‍ നിന്നും തെറിക്കുന്ന, ആകാശത്തേക്കുപറക്കുന്ന തുണികള്‍, അക്കരെ കുരയ്‌ക്കുന്ന പട്ടി, വല്യമ്മായിയും പെണ്‍കുട്ടിയും, ജലത്തിന്റെ ചില്ലുപായകളും എല്ലാം ചേര്‍ന്ന്‌ ദൃശ്യത്തിന്റെ അനുസ്യൂതി പൂര്‍ത്തിയാക്കുന്നു. മൊബൈല്‍ ടു മൊബൈല്‍, ലോഡ്‌സ്‌ക്‌ സ്‌പേസ്‌്‌്‌ , ഡിജിറ്റല്‍, സ്‌ക്രീനിലെ തടാകം, തൂക്കുപാലം തുടങ്ങി അനേകം കവിതകളില്‍ അനുഭവങ്ങളെയും വസ്‌തുതകളെയും ഇങ്ങനെ മുറിച്ചെടുത്ത്‌ ദൃശ്യവിതാനത്തിലേക്ക്‌ പലതരം ചേരുവകളിലൂടെ കണ്ണിചേര്‍ക്കുന്ന രീതി കാണാം. നവസാങ്കേതികതയുടെയും ബിനാലെയുടെയും മറ്റുമായ കലയുടെ പുതിയകാലത്ത്‌ പലതരം വായനക്കാരും പ്രേക്ഷകരും ആള്‍ക്കൂട്ടവും ചേര്‍ന്നു പൂര്‍ത്തിയാക്കേണ്ട ഒന്നായി കല മാറുന്നു. നവസാങ്കേതികതയുടെ സാധ്യതകള്‍ കല പൂര്‍ണമായും ഉപേക്ഷിക്കുന്നു. വായന, വിനിമയം, സംവേദനം എന്നിവ വളരെയധികം പ്രശ്‌നവത്‌ക്കരിക്കപ്പെടുന്നു. 'സ്‌ക്രീനിലെ തടാകത്തില്‍' ലാപ്‌ടോപ്പിലും ഫോണിലുമുളള പ്രകൃതിദൃശ്യങ്ങളാണ്‌ വിഷയം.
'വെയിലുകൊള്ളേണ്ട
മഞ്ഞില്‍ പനിപിടിക്കേണ്ട
പൊടിയലര്‍ജ്ജിയില്‍ മൂക്കു ചുമക്കേണ്ട, ചുമയ്‌ക്കേണ്ട
വെറുതെ കളയേണ്ട സമയം
..................................
വാതില്‍പ്പടിയില്‍ വന്നു വിളിക്കുന്നുണ്ട്‌ പ്രകൃതി
നിറഞ്ഞു നില്‍ക്കുന്നുണ്ടകത്തും
ഇത്രയും പോരേ കവിതയ്‌ക്കു വിഷയം
ഇനി ഞാന്‍ പരസ്യവാചകം ചൊല്ലിത്തരട്ടെ
നീയതേറ്റു ചൊല്ലിയാല്‍ മതി'

'തൂക്കുപാല'ത്തില്‍ മഞ്ഞനിറപ്പാടത്തെ 'സോഫ്‌റ്റ്‌ ഫോക്കസ്‌ ' കാണിച്ചുതരുന്നു കവി. നീലവാനവും ഭ്രമണം ചെയ്യുമവസാന നക്ഷത്രങ്ങളും ഫ്രീസ്‌ ചെയ്‌ത ഫ്രെയിമില്‍ കണ്ടെടുക്കുന്നു.
അനുഭവങ്ങളുടെ ആകത്തുകയായി വാക്കുകളും ഭാഷയെയും അതിലൂടെ വരയപ്പെടുന്ന വ്യക്തിയെയും കണ്ടുവരുന്ന രീതി ഇവിടെ തകര്‍ന്നു പോകുന്നു. ആഖ്യാനകര്‍തൃത്വമായി തെളിയുന്ന ആത്മത്തെ സമഗ്രസത്തയായി പകര്‍ത്താനല്ല, പലവിധ ചേരുവകളുടെ പല നിറകലര്‍പ്പുകളില്‍ ചിതറിക്കാനാണ്‌ ഈ കവിത ശ്രമിക്കുന്നത്‌.
മലയാളത്തിലെ ആധുനികതാവാദകവിതയോടു സ്‌ത്രീരചന നടത്തുന്ന സംവാദങ്ങളായി ഈ പ്രത്യേകതകളെ മനസ്സിലാക്കിയെടുക്കേണ്ടതുണ്ട്‌.



(2014 ആഗസ്‌തിലെ ഗ്രന്ഥാലോകം മാസികയില്‍ പ്രസിദ്ധീകരിച്ചത്‌)

2 comments:

  1. ആശാലത.
    പേരിലുണ്ടൊരു കവിത.

    മറ്റെല്ലാം കവിതയെന്ന് എനിക്ക് തോന്നുന്നില്ല. എന്തുചെയ്യാം, പഴമനസ്സ്

    ReplyDelete
  2. പരിചയപ്പെടുത്തല്‍ വായിച്ചു പോകുന്നു.

    ReplyDelete