Wednesday, January 28, 2009

കല്‍ക്കിയുമായുള്ള കൂടിക്കാഴ്ച്ച.


കേരളസന്ദര്‍ശനത്തിനിടയില്‍ കല്‍ക്കി എറണാകുളത്തു വന്നെത്തി.ജനുവരി 26നു ഉച്ചയ്ക്ക്‌ 2 മണിക്ക്‌ പബ്ലിക്‌ ലൈബ്രറിക്കു സമീപം സി.അച്ച്യുതമേനോന്‍ ഹാളില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.ഗവേഷകരും ആക്ടിവിസ്റ്റുകളുമൊക്കെയായ ചെറിയ ഒരു കൂട്ടായ്മയാണു കല്‍ക്കിയുമായി സംസാരിച്ചത്‌.അക്കൂട്ടത്തില്‍ സണ്ണി.എം.കപിക്കാട്‌, രേഖാരാജ്‌,ആര്യന്‍, എം.ആര്‍.രേണുകുമാര്‍,മായ.എസ്‌. ജി.ഉഷാകുമാരി, ചന്ദ്രന്‍.സി, ഷിബി പീറ്റര്‍, ജസ്റ്റിന്‍,അനീഷ്‌, അനു തുടങ്ങിയവര്‍....കൃത്യമായി അസൂത്രണം ചെയ്യാത്തതു കൊണ്ട്‌ ചിതറിയ രീതിയിലുള്ള ഒരു ഇന്ററാക്ഷന്‍ ആണ്‌ നടന്നത്‌.ട്രാന്‍സ്ജന്‍ഡര്‍ എന്ന ഒരവസ്ഥയെ കുറിച്ചുള്ള സമഗ്രമായ ഒരു വിശദീകരണം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ നടത്തി.ഗെയ്സും ലെസ്ബിയന്‍സും നേരിടുന്ന പ്രശ്നങ്ങള്‍ സെക്ഷ്വല്‍ ഓറിയന്റേഷനുമായി ബന്ധപ്പെട്ടതാണ്‌,എന്നാല്‍ തന്നെപ്പോലെയുള്ള ട്രാന്‍സ്ജന്‍ഡെര്‍സിന്റേത്‌ തികച്ചും ജെന്‍ഡര്‍ ഓറിയന്റേഷനുമായി ബന്ധപ്പെട്ടതാണെന്നവര്‍ പറഞ്ഞു.15 വയസ്സു മുതല്‍ തന്റെ സ്ത്രീ അവസ്ഥ തിരിച്ചറിയുകയും അതിലൂന്നിനിന്നുകൊണ്ട്‌ സ്വയം സ്ഥാപിക്കാനും ശ്രമിച്ചു.നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ ജനിച്ച കല്‍ക്കിക്ക്‌ സാമാന്യം ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും ലഭിച്ചു.സഹോദരി എന്ന ഒരു സംഘടന നടത്തുന്നുണ്ട്‌,കല്‍ക്കി. ആ പേരില്‍ ഒരു പ്രസിദ്ധീകരണവുമുണ്ട്‌. അവയുടെ നേതൃത്വത്തില്‍ ധാരാളം ബോധവല്‍ക്കരണപരിപാടികളും മെഡിക്കല്‍ ക്യാമ്പുകളും നടത്തിവരുന്നുണ്ട്‌. സെല്‍ഫ്‌ ഹെല്‍പ്‌ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ലിംഗമാറ്റചികിത്സയ്ക്കും മറ്റുമുള്ള ധനസഹായമായി ബാങ്കുലോണ്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നു.തമിഴ്‌നാട്ടില്‍ ട്രാന്‍സ്ജന്‍ഡേര്‍സിനു സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താനും അതു നിലനിര്‍ത്താനുമുള്ള അവസ്ഥ കേരളത്തേക്കാള്‍ കൂടുതലാണ്‌. അവിടെ അവര്‍ക്കു റേഷന്‍ കാര്‍ഡും വോട്ടവകാശവുമൊക്കെയുണ്ട്‌.കേരളം കല്‍ക്കിയുടെ അഭിപ്രായത്തില്‍ മറ്റു പലരും പറയുന്നതുപോലെ വളരെയധികം പാട്രിയാര്‍ക്കല്‍ ആണ്‌. ഏതെല്ലാ അര്‍ഥത്തിലാണതു റീഡു ചെയ്യുന്നതെന്നു സണ്ണി കപിക്കാട്‌ ചോദിച്ചപ്പോള്‍ തനിക്കതു റീഡു ചെയ്യേണ്ടതായിപ്പോലും വരുന്നില്ല എല്ലാ മേഖലകളിലും അതു പകല്‍ പോലെ വ്യക്തമാണെന്നായിരുന്നു മറുപടി.ത്രിപുരയും ബംഗാളും പോലെ കേരളവും മാര്‍ക്സിസത്തിന്റെ അതിപ്രസരമുള്ള നാടായതാണ്‌ അതിനുകാരണമെന്നു ശ്രീ.സണ്ണി തന്നെ പറഞ്ഞു.മോഡേണ്‍ ആയ ഒരു യുവതിയെപ്പോലെ അണിഞ്ഞൊരുങ്ങിയാണ്‌ കല്‍ക്കി വന്നത്‌. കൂടുതല്‍ കൂടുതല്‍ ഫെമിനിന്‍ ആവുന്നതിലൂടെ എന്താണുദ്ദേശിക്കുന്നതെന്നു ഞാന്‍ ചോദിച്ചു. ഹെട്രോസെക്ഷ്വല്‍ സാമൂഹ്യവ്യവസ്ഥയുടെ അസമത്വങ്ങളെയും വൈരുദ്ധ്യങ്ങളെയും കൃത്യമായ ആണോ പെണ്ണോ ആയി നിലനില്‍ക്കുന്നതിലൂടെ സ്വാധീനിക്കാന്‍ കഴിയുമോ എന്ന ചോദ്യം അവര്‍ കാര്യമായെടുത്തില്ല.താനൊരു ഫെമിനിസ്റ്റാണെന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു.പുരുഷന്മാരുടെ സെക്ഷ്വല്‍ ടോയ്‌ലറ്റുകളായി മാറുന്ന ഹിജഡകളുടെ അവസ്ഥയെ കുറിച്ച്‌ വളരെ ഉല്‍കണ്ഠകളവര്‍ക്കുണ്ട്‌. ബാംഗ്ലൂര്‍, ചെന്നൈ പോലെയുള്ള മെട്രോപൊളിറ്റന്‍ സിറ്റികളില്‍ അവര്‍ക്ക്‌ സംഘടിക്കാനും സംരക്ഷണം ലഭിക്കാനുമുള്ള നീതി നിയമ വ്യവസ്ഥകളുണ്ട്‌.ഗവണ്മെണ്ട്‌ അത്‌ പരിഗണിക്കുന്നുമുണ്ട്‌.ഇവിടെ എന്തുകൊണ്ട്‌ അതില്ലെന്നതാണ്‌ അത്ഭുതം. കേരളത്തില്‍ നിന്നും ആളുകള്‍ ഇത്തരം സിറ്റികളിലേക്ക്‌ മൈഗ്രേറ്റ്‌ ചെയ്യുന്നതിനാലാകാം അത്‌. ഇവിടെ നിലനിന്നു പോകാന്‍ വിഷമമാണ്‌.ലൈംഗിക ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനെ ജാതി വര്‍ഗ്ഗ ഘടനകള്‍ സ്വാധീനിക്കുന്നതിനെ കുറിച്ച്‌ എം.ആര്‍. രേണുകുമാര്‍, ആര്യന്‍ എന്നിവര്‍ സംസാരിച്ചു.ട്രാന്‍സ്ജെന്റേഴ്സിനുള്ളില്‍ പണമോ ജാതിയോ ഒന്നും പരിഗണനാ വിഷയമല്ലെന്നും അവര്‍ ഒറ്റക്കെട്ടാണെന്നും കല്‍ക്കി പറഞ്ഞു.കേരളത്തിലെ ഫെമിനിസത്തെ കുറിച്ചും ആക്റ്റിവിസത്തെ കുറിച്ചും അവര്‍ ചോദിച്ചു. ആത്മ നിന്ദയും പരിഹാസവും നിറഞ്ഞ മൗനവും ചിരിയുമായിരുന്നു മറുപടി.ഇവിടുത്തെ മുതിര്‍ന്ന ഫെമിനിസ്റ്റുകള്‍ സംരക്ഷണവാദക്കാരാണെന്നും ഫലത്തില്‍ പരോക്ഷമായി ചാരിത്ര്യം തുടങ്ങിയ മൂല്യങ്ങളില്‍ ചെന്നവസാനിക്കുന്നുവെന്നും ചര്‍ച്ചകള്‍ വന്നു, ആരോഗ്യകരവും സര്‍ഗ്ഗാത്മകവുമായ സ്ത്രീപുരുഷ ബന്ധങ്ങളെകുറിച്ചുള്ള പ്രതീക്ഷകള്‍ എല്ലാവരും പങ്കുവെച്ചു.സെക്ഷ്വാലിറ്റി ഒരു വിഷയമായി മുഖ്യധാരാബുദ്ധിജീവികള്‍ പരിഗണിക്കാത്തതിന്റെ കാപട്യം എല്ലാവരും എടുത്തു പറഞ്ഞു.കുടുംബം,സ്ത്രീപീഡനം,സ്ത്രീധനം മുതലായ കാര്യങ്ങള്‍ക്കപ്പുറത്ത്‌ വികസിക്കേണ്ട കൂടുതല്‍ മാനുഷികവും മുന്‍ വിധിയില്ലാത്തതുമായ, എന്നാല്‍ ക്രിയാത്മകമായ ഇടങ്ങള്‍ ബന്ധങ്ങളില്‍(സ്ത്രീ-സ്ത്രീ/ സ്ത്രീ-പുരുഷന്‍ ബന്ധങ്ങളില്‍) ഉണ്ടാവണമെന്ന ആഗ്രഹം ശക്തമായി.തുറസ്സുള്ള ചലനാത്മകമായ ഇടപെടലുകള്‍ ഉണ്ടാവണം..... ആകെപ്പാടെ ഒരുണര്‍വ്വും ഊര്‍ജ്ജവും കല്‍ക്കി സന്ദര്‍ശനം തന്നു.
കല്‍ക്കിയുടെ ബ്ലോഗ് വായിക്കാന്‍ ഇവിടെ ക്ലിക്കുക

2 comments:

  1. ഈ പരിചയപ്പെടുത്തലിന് നന്ദി.

    ReplyDelete
  2. ട്രാൻസ്ജെന്റ്സ്‌ എന്നത്‌ എന്താണെന്നെന്നോ എന്തുകൊണ്ട്‌ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നു? ഇവരുടെ മാനസീകമായ അവസ്ഥ എന്നിവയെ കുറിച്ച്‌ പോലും ഇനിയും വ്യക്തമായ രൂപം ഇല്ലാത്തവരാണ്‌ ഞാനടക്കം ഉള്ള പല മലയാളികളും.മറ്റൊരുകാര്യം കേരളത്തിൽ ഇത്തരം കേസുകൾ ശ്രദ്ധേയമായ രീതിയിൽ റിപ്പോർട്ടുചെയ്യുകയോ അല്ലെങ്കിൽ ഇത്തരത്തിൽ ഉള്ള ആളുകൾ തങ്ങളുടെ പ്രശനങ്ങൾ പൊതുജനത്തിനു മുമ്പിൽ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നതാണ്‌ വാസ്തവം.

    ഫെമിനിസ്റ്റുകൾ/ബുദ്ധിജീവികൾ/സാംസ്കാരിക പ്രവർത്തകർ എന്ന് സ്വയം നടിക്കുന്നവരോ അല്ലെങ്കിൽ ഏതാനും ചിലരുടെ സ്പോൺസർഷിപ്പിൽ അങ്ങനെ ഒരു പട്ടം ചാർത്തിക്കിട്ടിയവരോ ഇത്തരം കാര്യങ്ങൾ പലതും ചർച്ചചെയ്ത്‌ പൊതു സമൂഹത്തിൽ വരും എന്ന്തോന്നുന്നത്‌ മണ്ടത്തരമാണ്‌.ആത്മാർത്ഥമായി പ്രവർത്തിക്കുന്ന മേൽപറഞ്ഞവിഭാഗങ്ങളുടേ ശബദമാകട്ടെ മറ്റുള്ളവരുടെ ശബ്ദകോലാഹലങ്ങളിൽ പെട്ട്‌ വേണ്ടത്ര ശ്രദ്ധകിട്ടാതെ പോകുകയും ചെയ്യുന്നു.

    എന്തായാലും ഈ വിഷയം ഇവിടെ സമഗ്രമായി അല്ലെങ്കിലും പ്രദിപാദിച്ചതിനു നന്ദി.കൂടുതൽ സമഗ്രമായും വസ്തുനിഷ്ഠമായും എഴുതിയാൽ നന്നായിരുന്നു..

    ReplyDelete