Tuesday, December 23, 2008

കരാമല്‍ -സ്ത്രീ,ശരീരം, ലൈംഗികത...



IFFK 2008ലെ മികച്ച ചിത്രങ്ങളിലൊന്നാണ്‌ ലബനീസ്‌ ചിത്രമായ 'കരാമല്‍'. നദീന്‍ ലബാക്കി സംവിധാനം ചെയ്ത ചിത്രത്തിലെ നായികയും അവര്‍ തന്നെ, ലായേല്‍. ചിത്രത്തിന്റെ തിരക്കഥയില്‍ മാത്രം ഒരു പുരുഷന്റെ(റോസ്നി അല്‍-ഹദാദ്‌) സഹായമുണ്ടെന്നതൊഴിച്ചാല്‍ പൂര്‍ണ്ണമായും സ്ത്രീകള്‍ എടുത്ത സിനിമയെന്നു പറയാം. എങ്കിലും ഇതൊരു ഫെമിനിസ്റ്റ്‌ ചിത്രമല്ലെന്നും അതിന്റെ ക്ലീഷേയില്‍ പെട്ടുപോകരുതെന്നും ലബാക്കി ഉറപ്പിച്ചതുപോലെയുണ്ട്‌.



ബേയ്‌റൂട്ടിലെ അഞ്ചു സ്ത്രീകള്‍ കണ്ടുമുട്ടുന്നതും മനസ്സുതുറക്കുന്നതും ഒരു ബ്യൂട്ടീപാര്‍ലറിലാണ്‌.അവിടെ അവര്‍ മാതൃത്വത്തെയും ലൈംഗികതയെയും കുറിച്ച്‌ സംസാരിക്കുന്നു.അവരുടെ ചിന്തകള്‍ തുറന്നു പറയുന്നതിനും സ്വകാര്യപാപങ്ങളും ആഹ്ലാദങ്ങളും പങ്കുവെയ്ക്കുന്നതിനുള്ള ഇടമാണത്‌.ലായേല്‍ വിവാഹിതനായ ഒരാളുമായ്‌ പ്രണയത്തിലാണ്‌.ബ്യൂട്ടിപാര്‍ലറിനടുത്തുള്ള തെരുവിലെ ട്രാഫിക്‌ പോലീസുകാരന്‍ അവളെ കണ്ണെറിയാറുണ്ട്‌.അവളയാളെ കുരങ്ങു കളിപ്പിക്കാറുമുണ്ട്‌.മുസ്ലിം ആയ നിസ്രീന്‍ വിവാഹത്തിന്റെ തയ്യാറെടുപ്പിലാണ്‌.പക്ഷെ തനിക്കു കന്യാചര്‍മം നഷ്ടപ്പെട്ടു എന്നത്‌ ഒരു പ്രശ്നമാകുന്നു.കൃത്രിമമായി അതു വെച്ചുപിടിക്കാന്‍ ഒരു ശസ്ത്രക്രിയയ്ക്കു വിധേയയാകുന്നു.റിമ സ്ത്രൈണമായ്‌ മുദ്രകളില്ലാത്ത രൂപരീതികള്‍ ഉള്ളവളാണ്‌.ഷോര്‍ട്‌ കട്ട്‌ ഹെയര്‍,ഉന്തിയ കവിളെല്ലുകള്‍, പാന്റും ടീഷര്‍ട്ടും... അവള്‍ക്കു സ്ത്രീകളോട്‌ ഒരു പ്രത്യേക ആഭിമുഖ്യമുണ്ടെന്നു അവള്‍ തിരിച്ചറിയുന്നു. കസ്റ്റമറായ നീണ്ട മുടിയുള്ള ഒരു സുന്ദരിയുമായി അവള്‍ അടുക്കുന്നത്‌ മറ്റുള്ളവര്‍ നിശബ്ദമായി നിരീക്ഷിക്കുന്നുണ്ട്‌.ജമാലി മെനോപ്പോസിലെത്തിയ ഒരുവളാണ്‌.തന്റെ മെനൊപ്പോസ്‌ മറച്ചു വെയ്ക്കാന്‍ അവള്‍ പൊതു ടോയ്‌ലെറ്റില്‍ ക്യൂവിനെ മറികടന്നു നാപ്‌കിനില്‍ ചുവന്ന മഷിയിറ്റിച്ച്‌ ആര്‍ത്തവം നടിക്കുന്നു.വാര്‍ദ്ധക്യത്തിലെത്തിയ റോസ്സ്‌ ആന്റിയും സഹോദരി ലിലിയും സ്ത്രീ അനുഭാവത്തിന്റെ മാറ്റുരണ്ടു മുഖങ്ങള്‍. പ്രണയത്തിന്റെ ഇരകള്‍.റോസ്സ്‌ ആന്റിയുടെ വൃദ്ധനായ കാമുകന്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു പുരുഷ കഥാപാത്രമാണ്‌. പ്രണയമല്ല അവര്‍ക്കിടയില്‍,മറിച്ച്‌ കളഞ്ഞുപോയ നല്ലകാലത്തിന്റെ താക്കോല്‍ അവരൊന്നിച്ച്‌ തിരയാന്‍ ശ്രമിക്കുന്നതായാണ്‌ തോന്നുക. കുറച്ച്‌ വിഷാദം കലര്‍ന്ന ഒരു ഐക്യപ്പെടല്‍.ലിലി സമനിലതെറ്റിയ മട്ടിലാണ്‌ പെരുമാറുക.ചെറുപ്പത്തില്‍ കാമുകനയച്ച കത്തുകളാണെന്ന മട്ടില്‍ റോഡിലുള്ള പ്ലാസ്റ്റിക്കുകളും കടലാസ്സുകളും പെറുക്കി എടുത്തു സൂക്ഷിക്കുക,വിചിത്രമായി അണിഞ്ഞൊരുങ്ങുക,ലഹള കൂട്ടുക ഇടക്കു മിണ്ടാവാവുക.....ഇങ്ങിനെയൊക്കെയാണ്‌ ലിലി.



(കരാമല്‍ എന്നത്‌ അനാവശ്യ രോമം നീക്കികളയാനുള്ള ഒരു വസ്തുവാണ്ര്. പഞ്ചസാരയും മെഴുകും കൂടി ഒരു പ്രത്യേക പരുവത്തില്‍ തയ്യാറാക്കുന്നത്‌)



സിനിമയുടെ പ്രമേയത്തേക്കാളും ശ്രദ്ധേയം ട്രീറ്റ്‌മെന്റിലെ അതീവ ജാഗ്രതയും സൂക്ഷ്മതയുമാണ്‌.സിനിമയിലെ ഏറ്റവും ചലനാത്മകമായ വിഷയം ശരീരമാണ്‌. പരമ്പരാഗതമായ അര്‍ത്ഥത്തിലുള്ള ഒരു രാഷ്ട്രീയ സംവര്‍ഗ്ഗമല്ല അതു സിനിമയില്‍. നില നില്‍ക്കുന്ന വ്യവസ്ഥാപിത ധാരണകള്‍ക്കപ്പുറം അതു ശരീരത്തെ എക്സ്റ്റന്റു ചെയ്യുന്നുണ്ട്‌. ഭൗതികമായ ശരീരത്തേക്കാള്‍ വ്യാപ്തിയും പരിധിയുമുള്ള ഒന്നായി ശരീരം വളരുകയാണിവിടെ. സൂക്ഷ്മവും നിശ്ശബ്ദവും അവ്യാഖ്യേയവുമായ ഒരുപാടു ഷോട്ടുകളിലൂടെ ഫ്രെയിമുകളിലൂടെ ശരീരത്തെക്കുറിച്ചും അതിന്റെ ലിംഗപരതയെകുറിച്ചും ആത്മീയതയെ കുറിച്ചുമുള്ള അന്വേഷണം ഈ സിനിമായില്‍ കടന്നു വരുന്നു.


പുരുഷാധിപത്യ സമൂഹത്തിന്റെ ശ്രേണീബദ്ധമായ അധികാരവും കാമനയും ചരിത്രപരമായി ഉല്‍പാദിപ്പിച്ചെടുത്ത ഒരിടമാണ്‌ ബ്യൂട്ടീപാര്‍ലര്‍. അത്തരം അധികാരത്തിന്റെയും ബാഹ്യ സമൂഹത്തിന്റെയും പുരുഷന്റെ തന്നെയും സാന്നിദ്ധ്യങ്ങളെ പുറത്തിട്ടടച്ച്‌ സ്വയം ഒരു ആന്തരിക ലോകമായി ചമയുകയാണ്‌ സിനിമക്കുള്ളില്‍ ബ്യൂട്ടീപാര്‍ലര്‍. അധികവും അകത്തളങ്ങളിലാണീ സിനിമയിലെ സംഭവങ്ങള്‍ വിന്യസിച്ചിരിക്കുന്നത്‌. സ്ത്രീമനസ്സിന്റെ അകങ്ങള്‍.... ബ്യൂട്ടീപാര്‍ലറിലേക്ക്‌ കടന്നുവരുന്ന ഒരേ ഒരു പുരുഷന്‍ പോലീസ്സുകാരനാണ്‌. അയാള്‍ക്ക്‌ ലായേലില്‍ ഭ്രമമുണ്ട്‌. പോലീസ്‌ എന്ന അധികാര രൂപത്തിലല്ല,ഒരു സുന്ദരവിഡ്ഢിയായാണ്‌ അയാള്‍ പ്രത്യക്ഷപ്പെടുന്നത്‌. ഇടക്കൊക്കെ ഹാസ്യം കൊണ്ടുവരുന്നത്‌ അയാളിലൂടെയാണ്‌.ഒരിക്കല്‍ രണ്ടും കല്പിച്ച് ബ്യൂട്ടി പാര്‍ലറില്‍ കയറിച്ചെന്ന അയാളുടെ മീശ മുഴുവന്‍ അയാള്‍ക്കു നഷ്ടമാകുന്നു! മറ്റൊരു പുരുഷകഥാപാത്രമായ റോസ്സാന്റിയുടെ കാമുകന്‍ ഇതേപോലെ ഹാസ്യത്തിന്റെ ലാഞ്ഛനയുള്ള ഒരു കഥാപാത്രമാണ്‌. സൂക്ഷിച്ചുനോക്കിയാല്‍ ഹാസ്യത്തിന്റെ മേമ്പൊടിയുള്ള രംഗങ്ങള്‍ ഇതില്‍ വേറേയുമുണ്ട്‌. സ്വയം തിരിച്ചറിയുകയും സംഘര്‍ഷപ്പെടുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിന്റെ അടയാളങ്ങളാണിതിലെ ഹാസ്യം. കഥാപാത്രങ്ങളുടെ ഒറ്റപ്പെടലിനെയും നിസ്സഹായതയെയും കടും നിറത്തിലാക്കാതെ രക്ഷിക്കുന്നതും ഈ നേര്‍ത്ത ഹാസ്യമാണ്‌.



സ്ത്രീകളുടെ മുഖത്തു കാണുന്ന ഒരു അമര്‍ത്തിയ രോഷം,പറ്റിക്കപ്പെട്ടതിലുള്ള പ്രതിഷേധം ,നിസ്സഹായതയില്‍ നിന്നു വരുന്ന ആത്മബോധം അവരെ ഇടക്കൊക്കെ ഹാസ്യത്തിലേക്ക്‌ എത്തിക്കുന്നു.എല്ലാവരും ഒന്നിച്ചുള്ള പല രംഗങ്ങളിലും നിശ്ശബ്ദമായ മനോവിചാരത്തിന്റെ ഒരു ധാരയെന്നവണ്ണം ഈ രോഷത്തിന്റെ പ്രതിഫലനം ഓരോ മുഖത്തും കാണാം. ചരിത്രപരമായ ഏതോ വഞ്ചനക്കു വിധേയരായ ഒരു ജനത എന്നു തന്നെ വായിച്ചെടുക്കാവുന്ന മുഖഭാവങ്ങള്‍ .ലായലിന്റെ മുഖമാണത്‌ കൂടുതല്‍ വെളിവാക്കുന്നത്‌. കാമുകന്റെ ഭാര്യയുടെ ശരീരവുമായുള്ള ഇടപഴകലില്‍ ചുളുങ്ങിപ്പോവുകയും പിന്‍ വലിയുകയും പിടയുകയും ചെയ്യുന്ന അവളുടെ ആത്മബോധം കാണാം.ബ്യൂട്ടീ പര്‍ലറിലും പിന്നീട്‌ കാമുകന്റെ വീട്ടില്‍ വെച്ചും ലായല്‍ ആ സ്ത്രീക്ക്‌ വാക്സിങ്ങ്‌ നടത്തിക്കൊടുക്കുന്ന രംഗമാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌.



ശരീരത്തെ തൊടുക,അറിയുക,പരിചരിക്കുക,മിനുക്കുക,അവതരിപ്പിക്കുക എന്നീ ധര്‍മ്മങ്ങള്‍ നടക്കുന്ന ഒരിടമാണ്‌ ബ്യൂട്ടീപാര്‍ലര്‍. ശരീരം അതിന്റെ നിസ്സഹായാവസ്ഥയില്‍ പൂര്‍ണ്ണമായും വിധേയപ്പെട്ട്‌ സമര്‍പ്പിക്കപ്പെടുകയാണ്‌. സ്വയം കണ്ണാടിയില്‍ കാണുന്ന പോലെ ഓരോ ബ്യൂട്ടീഷ്യനും തന്റെ തന്നെ സ്വത്വത്തിന്റെ അനുബന്ധമെന്നവണ്ണം അപരയുടെ ദേഹത്തെ പരിചരിക്കുന്നു. ഒരുതരം ആത്മീയ ശുശ്രൂഷ,റിപ്പയറിംഗ്‌...



ശരീരവും മനസ്സും വേറിട്ട ഏകകങ്ങളല്ല, അഥവാ ശരീരത്തിനും അതിന്റേതായ ആത്മബോധവും നിര്‍ണ്ണായകത്വവും ഉള്ളതുപോലെ.മറ്റൊരര്‍ഥത്തില്‍ അതു (പുരുഷാധിപത്യപരമായി)അടിച്ചേല്‍പ്പിക്കപ്പെട്ട(പെണ്‍)ലിംഗപരതയില്‍ നിന്നും വിട്ട്‌ ഒരു ശൈശവമായ നഗ്നതയും നിസ്സഹായതയും നിഷ്കളങ്കതയും സമര്‍പ്പണവും ആളുന്നു. മറ്റൊരു സ്ത്രീക്കുമാത്രം പെരുമാറാനും അറിയാനും കഴിയുന്ന ഒന്ന്. എന്നാലിതിന്‌ ലൈംഗികതയുടെ വൈകാരിക തലമല്ല ഉള്ളത്‌. സൗന്ദര്യവും വൈരൂപ്യവുമെല്ലാം അനിവാര്യമായും തുറന്നിടപ്പെടുന്നു.നഗ്നമായ പങ്കുവെക്കലിന്റെ ഒരിടം. സ്ത്രീ ജീവിതത്തെ സംബന്ധിച്ച വൈരുദ്ധ്യം-ആയിരിക്കുന്നതും ആകാനാഗ്രഹിക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യം-അതാണീ സിനിമയുടെ അബോധത്തെ നിര്‍ണ്ണയിക്കുന്നത്‌. മെനപോസ്സ്‌, കന്യാചര്‍മ്മം,ഹോമോസെക്ഷ്വാലിറ്റി ഇവയെ ഒക്കെ വളരെ വാസ്തവികമായ തലത്തില്‍ പറഞ്ഞു പോകുന്നത്‌ അതാണ്.



വാസ്തവികമായ തലങ്ങളെ ബലിഷ്ഠമായി നില നിര്‍ത്തിക്കൊണ്ടാണ്‌ സിനിമ നീങ്ങുന്നത്‌.റിമക്ക്‌ കസ്റ്റമറുമായുള്ള ബന്ധം സ്വവര്‍ഗ്ഗരതിയാണെന്നു തോന്നാം.പക്ഷേ ഇത്തരം ബാഹ്യഘടനകളെല്ലാം സിനിമയുടെ ഉള്‍ഘടനയെ കൂടുതല്‍ സംവാദാത്മകമാക്കാന്‍ ഉതകുന്ന വിധത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.പാശ്ചാത്യവും പൗരസ്ത്യവുമായ സ്ത്രീ മാതൃകകള്‍ക്കിടയില്‍ തങ്ങളെത്തന്നെ കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുന്ന മൂന്നാം ലോക സ്ത്രീയുടെ അവസ്ഥകളാണിതിന്റെ കാതല്‍.ആധുനികതയിലേക്ക്‌ സന്ദേഹപൂര്‍വം എന്നാല്‍ അഭിലാഷങ്ങളോടെ നടന്നടുക്കുന്നവര്‍.സ്ത്രീയായതിനാല്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്ന കുതിപ്പുകളും വഴുതലുകളും അവര്‍ അനുഭവിക്കുന്നു.പുരുഷനുള്‍പ്പടെ മാറ്റാര്‍ക്കും പൂരിപ്പിക്കാനാവാത്ത ഇടങ്ങള്‍ അവര്‍ തിരിച്ചറിയുന്നു.അരുതായ്കകളുടെയും വിലക്കുകളുടെയും ഒരു പുറം ലോകത്തെ പുറത്തിട്ടടച്ച്‌ അവര്‍ തങ്ങള്‍ക്കുള്ളിലെ വ്യക്തികളെ, ഏറ്റവും അടിത്തട്ടിലെ തനിമയാര്‍ന്ന വ്യക്തികളെ സ്വതന്ത്രരാക്കുന്നു.ഇങ്ങനെ സ്ത്രീമനസ്സിന്റെ അകങ്ങളെക്കുറിച്ചുള്ള അതിന്റെ സര്‍ഗ്ഗാത്മകതയെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആഖ്യാനമായി സിനിമ മാറുന്നു.യാഥാര്‍ഥ്യത്തിന്റെ തലങ്ങളെ പ്രകടനപരമായ മുഴക്കത്തോടെയല്ല കൈകാര്യം ചെയ്യുന്നത്‌ എന്നതു കൊണ്ടാണിതു സാധ്യമാകുന്നത്‌.നേര്‍ത്ത ഹാസ്യതിന്റെ മേമ്പൊടി ലാഘവത്തിന്റെ ഒരന്തരീക്ഷം സംഭവങ്ങളുടെ യാഥാര്‍ഥ്യതലങ്ങളില്‍ വിന്യസിക്കുന്നു.



പരമ്പരാഗതമായ ഒരു ഫെമിനിസ്റ്റ്‌ സിനിമയുടെ പരിധിയിലല്ല,ഈ ചിത്രം.അത്‌ ഉറച്ച സ്വരത്തില്‍ തീര്‍പ്പുകളിലെത്തുന്നില്ല.സംഭവങ്ങളിലൂടെ ലളിതമായി,അനുഭാവപൂര്‍വം കടന്നു പോകുന്നു എന്നു മാത്രം.മറ്റൊരു തരത്തിലാണെങ്കില്‍ ക്ലീഷെ ആകുമായിരുന്നു ഈ സിനിമ.സൗന്‌ദര്യശാസ്ത്രപരമായ സൂക്ഷ്മബോധം, ദൃശ്യങ്ങളിലെ ചെറിയ ചെറിയ ടച്ചപ്പുകള്‍, അതിനെ വാര്‍പ്പു മാതൃകകളില്‍ നിന്നും വല്ലാതെ രക്ഷിച്ചിരിക്കുന്നു.ആര്‍ത്തവം, കന്യകാത്വം,ലൈംഗികത,പ്രണയം,അലങ്കാരം, സൗന്‌ദര്യം,സ്വവര്‍ഗലൈംഗികത തുടങ്ങിയ മേഖലകളെയൊക്കെ സംവാദാത്മകമാക്കാന്‍ കഴിയുന്ന ശരീരത്തെക്കുറിച്ചുള്ള ഒരു അന്യാപദേശമായി സിനിമ ഉയരുന്നത്‌ അങ്ങനെയാണ്‌.

17 comments:

  1. പ്രണയവും,ഒറ്റപ്പെടലും,അന്യഥാബോധവും എല്ലാം സൃഷ്ടിക്കുന്ന സങ്കീർണ്ണതകളെ ഈ ചിത്രത്തിൽ പറയുന്നു എന്ന് മറ്റൊരു സുഹൃത്തും സൂചിപ്പിച്ചിരുന്നു. കന്യകാത്വചർച്ചകൾ എവിടേയും സജീവം തന്നെ എന്ന് ഈ ചിത്രവും ചൂണ്ടിക്കാണിക്കുന്നു അല്ലെ?

    സ്തീസംരംഭങ്ങളെ പാർശ്വവൽക്കരിക്കുവാൻ സാധ്യമല്ലെന്നറ്റ്tഇന്റെ സൂചനയാണ് ഈ ചിത്രം എന്ന് നമ്മെ ബോധ്യപ്പെടുത്ഥുന്നു.

    പോസ്റ്റ് നന്നായിരിക്കുന്നു.

    ReplyDelete
  2. ‘വോള്‍വറി’ന്റെ ചില ഓര്‍മ്മകളുണ്ടാക്കി ചിത്രം കണ്ടികൊണ്ടിരുന്നപ്പോള്‍, അവടെ ശത്രുപക്ഷത്തായിരുന്ന, പ്രതികാരം ചെയ്യേണ്ടുന്ന ആണ്‍ വര്‍ഗത്തെ, ഇവിടെ മീശയെടുത്ത്, പുരികമെടുത്ത് സ്വയമ്പനാക്കുന്നതില്‍ കാട്ടുന്ന താത്പര്യം ശ്രദ്ധേയമാണ്. ആണ് സ്ത്രീലോകത്തെ ചിത്രീകരിക്കുമ്പോള്‍ ആണത്തം പ്രതിക്കൂട്ടില്‍ കയറി നില്‍ക്കേണ്ടി വരുന്നതും സ്ത്രീയുടെ പെണ്‍ ലോകം സ്ത്രൈണമായ അപൂര്‍വതകളുടെ ആവിഷ്കാരത്തിനായി വെമ്പുന്നതും (ഏതെങ്കിലുമാണിന് ആര്‍ത്തവവിരാമമുണ്ടായില്ലെന്ന് നടിക്കുന്ന ഒരു സ്ത്രീയെ അവതരിപ്പിക്കാന്‍ പറ്റുമോ എന്നു സംശയം, വാര്‍ദ്ധക്യമായില്ലെന്നു നടിക്കുന്ന സ്ത്രീയെ പരിഹാസ്യയാവും വിധം ചിത്രീകരിച്ചേക്കാം, എങ്കിലും ഇത്.....) ആ നിലയ്ക്ക് ആ ബ്യൂട്ടിപാര്‍ലറിന് മറ്റൊരര്‍ത്ഥം കൂടിയുണ്ടെന്ന് തോന്നുന്നു.

    ReplyDelete
  3. നന്ദി,പാര്‍പ്പിടം,വിജി, വെള്ളെഴുത്ത്....വെള്ളെഴുത്തു പറഞ്ഞ പോലെ വോള്‍വെര്‍ എനിക്കും ഫീല്‍ ചെയ്തുകൊണ്ടിരുന്നു. അതു പോലെതന്നെ ഓര്‍ക്കാപ്പുറത്ത് അടിയില്‍ നിന്ന് പൊങ്ങിവന്ന വൈലോപ്പിള്ളിയുടെ കരിയിലാം പീച്ചികള്‍...‘പണ്ടതെതെ വീട്ടിലെ പയ്യാ‍രം‘പറയുന്ന മുത്തശ്ശിയും അമ്മയും ചേച്ചിയും വല്യമ്മയും എല്ലാമുള്ള പെണ്‍ലോകത്തിന്റെ കൂട്ടായ്മ ആയാണല്ലോ അതില്‍ കരീലാമ്പീച്ചികളെ കവി കാണുന്നത്.(വിശ്വ സാഹോദര്യമാണീ കവിതയിലെ ആത്യന്തികദര്‍ശനമെങ്കിലും) തന്നെയും കൂട്ടത്തില്‍ കാണുന്നു കവി,ഒരു കൊച്ചുകുട്ടിയായി...“ഞാനുമിവരുടെ കൂടെ നില്‍പ്പൂ
    കോണമുടുത്തൊരു കോമാളി!”
    കുട്ടിയായതു കൊണ്ടാവാം സ്ത്രീലോകത്തിന്റെ ചാരെ ഇത്ര കൌതുകത്തോടെ...
    വന്നുവന്ന് പുരുഷന്മാരുടെ കൂട്ടുകെട്ടുകളധികവും ഒരു കുപ്പി മദ്യത്തിനു ചുറ്റുമായിക്കൊണ്ടിരിക്കുന്നു എന്നു തോന്നുന്നു.

    ReplyDelete
  4. കണ്ണ് ഇവിടെ നട്ടിരിക്കുന്നു.
    കൂടുതല്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.
    ശിഹാബുദ്ദീന്‍(പൊയ്ത്തും കടവ്)
    ഏല്‍പ്പിച്ചതു പ്രകാരം
    സിനിമ എഴുതുന്ന ബ്ലോഗര്‍മാരെ തിരയുകയായിരുന്നു,
    അങ്ങനെ ഇവിടെ എത്തി.
    വന്നതു മുതലായി

    ReplyDelete
  5. കരാമൽ - മനോഹരമായി ടീച്ചർ കണ്ടിരിക്കുന്നു. സ്ത്രീകൾ സ്ത്രീകളുടെ കഥയും അനുഭവവും പങ്കുവയ്ക്കുമ്പോൾ അതിന് അവളുടെ വേദനയും സന്തോഷവും ഒറ്റപ്പെടലും പ്രണയവും ചിന്തയും ഒക്കെ പുരുഷ കേന്ദ്രീകൃത സമൂ‍ഹത്തിലേക്ക് എത്തപ്പെടുന്നു എന്നുള്ളത് ചെറിയ ഒരു കാര്യമല്ല.
    എന്നാൽ പുരുഷനെ ജയിക്കലല്ല സ്ത്രീ യുടെ പക്ഷം എന്ന് ഈ സിനിമയിൽ പറഞ്ഞു വയ്ക്കുന്നില്ലെന്ന് തോന്നുന്നു. ബ്യൂട്ടി പാർലറിൽ എത്തുന്ന പോലീസുകാരൻ റെ മീ‍ശ വെട്ടുമ്പോൾ അത് പുരുഷനു മേലുള്ള സ്ത്രീയുടെ വിജയമായി കൊട്ടിഘോഷിക്കുന്നുവെങ്കിൽ അതി വൈകാരികത എന്നെ പറയാൻ ന്യായമുള്ളൂ എന്ന് കരുതുന്നു.

    സിനിമയെ പരിചയപ്പെടുത്തിയ ടീച്ചർക്ക് നന്ദി. അഭിനന്ദങ്ങൾ
    സ്നേഹപൂർവ്വം
    ഇരിങ്ങൽ

    ReplyDelete
  6. കുറച്ചു കാലം മുൻപ് എവിടെയൊ ഈ സിനിമയെപ്പറ്റി വായിച്ചു മറന്നിരുന്നതാൺ.
    ഓർമ്മപ്പെടുത്തലിന് നന്ദി ഉഷാകുമാരി

    ReplyDelete
  7. വളരെ നന്ദി,ഉമ്പാച്ചി,ഇരിങ്ങല്‍,ഭൂമിപുത്രി...എല്ലാവര്‍ക്കും
    വരവിനും വായനയ്ക്കും..

    ReplyDelete
  8. ഒന്നുകൂടി-ഈ സിനിമ കണ്ടിട്ടില്ലെന്ന് പറഞ്ഞല്ലൊ.എങ്കിലും ഇതിനെപ്പറ്റി നേരത്തേ വായിച്ചപ്പോഴും,ഉഷാകുമാരി എഴുതിയത് വായിച്ചപ്പോഴുമൊക്കെ തോന്നിയൊരു സംശയം-പുരുഷകേന്ദ്രീകൃത ചിന്താശിലങ്ങളിൽ നിന്നും വീക്ഷണകോണുകളിൽ നിന്നുമൊക്കെ,
    സർഗ്ഗധനരായ സ്ത്രീകൾ പൂർണ്ണമായും മോചിയ്ക്കപ്പെട്ടിട്ടുണ്ടോ?

    ReplyDelete
  9. സൂക്ഷ്മ ഭാഷയിൽ നെയ്താണു ഈ സിനിമ. സ്ത്രീ ശരീരം ആയുധമായും രാഷ്ടീയശക്തിയായും മറുന്ന അവസ്ഥാന്തരങ്ങൾ ഈ സിനിമ ഓർമ്മിപ്പിക്കുന്നു.മധുരമായ പോസ്റ്റ്. നന്ദി

    ReplyDelete
  10. നല്ല പോസ്റ്റ്...

    ഈ സ്ത്രീപക്ഷ സിനിമയെ പരിചയപ്പെടുത്തിയതിനു നന്ദി.. കാണാനുള്ള ലിസ്റ്റിലിട്ടിട്ടുണ്ട്.

    ReplyDelete
  11. ഈ പോസ്റ്റ് ഇന്നാണ് കാണുന്നത്.
    ഈ സിനിമയെപ്പറ്റി എഴുതണമെന്ന് ഞാനും വിചാരിച്ചിരുന്നതാണ്. മനോഹരമായ സിനിമ. സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഷോട്ടുകള്‍.ഭംഗിയുള്ള ആളുകള്‍....
    'കാരമല്‍' ഞാന്‍ കണ്ടത് എന്റെ കൂട്ടുകാരിയോടൊപ്പമിരുന്നാണ്. ഇടയ്ക്കിടെ ഞങ്ങള്‍ പൊട്ടിച്ചിരിച്ചു, സങ്കടപ്പെട്ടു. ഒരു രഹസ്യം പങ്കു വയ്ക്കുന്നതിലെ സുഖമായിരുന്നു ഈ സിനിമ കണ്ടപ്പോള്‍. സ്ത്രീകളുടെ ലോകത്തെ, അവരുടെ രഹസ്യങ്ങള്‍ അടക്കിപ്പിടിച്ച സ്വരത്തില്‍ സംവിധായിക ഞങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളാകട്ടെ സ്ത്രീകളുടെ സ്വാഭാവികമായ കൈവഴക്കത്തോടെ ആ രഹസ്യങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. കാരമല്‍ സംവദിക്കാന്‍ ശ്രമിച്ച 'സ്ത്രീലോകം' ഞങ്ങള്‍ക്ക് ഒട്ടും അന്യമായി തോന്നിയില്ല. ലോകത്തെവിടെയും സ്ത്രീ വൈകാരികത ഒരേ നിറത്തിലുള്ളതാണ് എന്നാണ് എനിക്ക് ഈ ചിത്രം കണ്ട് കഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയത്.
    മെനോപോസ് ഇത്ര ഭംഗിയായി അവതരിപ്പിച്ച വേറൊരു സിനിമ ഞാന്‍ കണ്ടിട്ടില്ല.
    എന്തു കൊണ്ടോ എനിക്ക് 'വോള്‍വര്‍' ഓര്‍മ്മ വന്നില്ല. മറിച്ച് ഈജിപ്ഷ്യന്‍ സിനിമയായ 'ബാന്‍ഡ്സ് വിസിറ്റ്' ഓര്‍മ്മ വരികയും ചെയ്തു. ഒരു ചെറിയ അളവില്‍ കാരമലിന്റെ അനുപൂരകമാണ് ഈ സിനിമ.
    നദീന്‍ ലബാക്കി നടിയെന്ന നിലയിലും സംവിധായിക എന്ന നിലയിലും നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്നു. വൈവ്സ് സെന്വേയുടെ ഛായാഗ്രഹണം അതിമനോഹരം.

    കുളിമുറിയില്‍ വച്ചിരിക്കുന്ന കാരമല്‍ തണുക്കുന്ന നേരം കൊണ്ട് കുറച്ച് browse ചെയ്യാം എന്നു കരുതി നെറ്റില്‍ കയറിയപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. എന്തൊരു coincidence!

    ReplyDelete
  12. "ബേയ്‌റൂട്ടിലെ അഞ്ചു സ്ത്രീകള്‍ കണ്ടുമുട്ടുന്നതും മനസ്സുതുറക്കുന്നതും ഒരു ബ്യൂട്ടീപാര്‍ലറിലാണ്‌." - അവര്‍ വെറുതെ കണ്ടുമുട്ടുകയല്ല, ഒന്നു ചേര്‍ന്ന് ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തുകയല്ലേ?

    “അവള്‍ക്കു സ്ത്രീകളോട്‌ ഒരു പ്രത്യേക ആഭിമുഖ്യമുണ്ടെന്നു അവള്‍ തിരിച്ചറിയുന്നു.” - റിമയ്ക്ക് അങ്ങിനെയുണ്ടോ? വരുന്ന കസ്റ്റമറിനല്ലേ റിമയോട് താത്പര്യമുള്ളത്? ഒടുവില്‍ മുടി ഉപേക്ഷിച്ച് അവള്‍ പോവുമ്പോള്‍, പുരുഷന്റെയെന്നല്ല, സ്ത്രീയുടേയും കൂട്ടുവേണ്ടെന്ന പ്രഖ്യാപമല്ലേ അതില്‍ കാണേണ്ടത്?

    IFFK 2008-ലെ നല്ല സിനിമകളെടുത്താല്‍ ‘കാരാമല്‍’ തീര്‍ച്ചയായും ഉണ്ടാവും. ലേഖനത്തിനു നന്ദി. നതാഷയുടെ കമന്റും ഇഷ്ടമായി.
    --

    ReplyDelete
  13. ഭൂമിപുത്രീ,അനില്‍,കിഷോര്‍,നതാഷ,ഹരി... പുനര്‍വായനകള്‍ക്കും വിശദമായ ചര്‍ച്ചയ്ക്കും തിരുത്തിനും ഒക്കെ നന്ദി.
    ഭൂമിപുത്രിയുടെ സംശയം ന്യായം.സ്ത്രീ എന്നത് ഒരു സാമൂഹിക നിര്‍മിതി(construct )ആയാണല്ലൊ നിലനില്‍ക്കുന്നത്(തീര്‍ച്ചയായും എഴുത്തും).സര്‍ഗ്ഗാത്മകതയ്ക്ക് സ്വാതന്ത്ര്യത്തോടും വിമോചനത്തോടും പ്രതിരോധത്തോടുമുള്ള അഭിമുഖീകരണങ്ങള്‍ ഉണ്ടാവുമ്പോഴേ യഥാര്‍ഥ കല ഉണ്ടാവൂ.ചലനാത്മകമായ ഭാവനയും അനുഭവങ്ങളുടെ കരുത്തും മുന്‍ വിധികളെ അട്ടിമറിക്കാനുള്ള ധൈര്യവും
    ഒക്കെ ആവശ്യമാണ്.നിര്‍വചനങ്ങളൊക്കെ അപ്പോള്‍ മാറിമറിയും. നമ്മുടെ ‘സാഹിത്യപരത‘ കൊണ്ടു നാം മൂടിവെച്ചതൊക്കെ വെളിയില്‍ ചാടും.

    നതാഷ,‘ബാന്‍ഡ്ഡ് വിസിറ്റ്‘ എവിടെകിട്ടും? കാണണമെന്നുണ്ട്.
    ഹരി പറയുന്നതു ശരിയാവണം.
    എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി...

    January 28, 2009 6:41 AM

    ReplyDelete