Saturday, April 12, 2008

ബഷീറിന്റെ സ്ഥലം...

തരം കലര്‍പ്പാണ്‌ ,ഒച്ചയനക്കങ്ങളാണ്‌ ബഷീര്‍കൃതികളിലെ സാമൂഹികതയെ നിര്‍മ്മിക്കുന്നത്. കൂടിക്കലരലിന്റെ,ബഹുസ്വരതയുടെ ഒരു ഇടം. തുറസ്സായ സാമൂഹികമായ ജീവിത സന്ദര്‍ഭങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇതു പ്രകടമാണ്. ചലനാത്മകമായ ഈ പൊതു ഇടം പലപ്പോഴും (വീടിന്‌) പുറത്താണ്‌. തെരുവിലും ചന്തയിലും മറ്റും മറ്റും .അതിനാല്‍ ഒരു പൊതു വിനിമയ സ്ഥലം കൂടിയാണിത്‌. സ്വാഭാവികമായും അനുഭവങ്ങള്‍ക്ക് ജൈവികതയും സ്ഫോടനാത്മകതയും അനുസ്യൂതിയുമുണ്ട്. ചന്തയുടെ സാംസ്കാരിക സ്ഥലരാശി ഏറ്റവും അധികം സ്വാംശീകരിച്ച എഴുത്തുകാരനാണ്‌ ബഷീര്‍ .അധികാര വികേന്ദ്രീകൃതവും ശിഥിലവുമായ അതേ സമയം ചലനാത്മകവും ബഹുസ്വരവുമായ പൊതുഇടമാണ്‌ ചന്ത. അതിന്റെ അസ്ഥിത്വം മുന്‍കൂട്ടി സ്ഥിരപ്പെടുത്തുന്നതല്ല; മറിച്ച്‌ അതു ക്രമേണ രൂപപ്പെട്ടുവരികമാത്രമാണ്‌.

ആളുകള്‍,അവരുടെ സംസാരരീതി, വേഷവിധാനം, ചേഷ്ടകള്‍,മനോഭാവങ്ങള്‍ മുതലായവ കൊണ്ട്‌ മുദ്രിതരാക്കപ്പെടുന്ന സവിശേഷമായ കഥാപാത്രപ്രതിഷ്ഠ ഒക്കെ ഇതിന്റെ ഘടകങ്ങളാണ്‌.ചെറുതും വലുതുമായ വ്യക്തിസ്വത്വങ്ങളെക്കൊണ്ട്‌ ഓരോ കഥാപാത്രവും എഴുത്തിന്റെ കേന്ദ്രീകൃതത്വത്തെ,പ്രാമാണികതകളെ,നായകത്വങ്ങളുടെ ആധികാരികയുക്തികളെ പ്രശ്നവല്‍ക്കരിച്ചു./നിസ്സാരീകരിച്ചു.സി.വി.മുതല്‍ എം.ടി,വിജയന്‍ വരെയുള്ള എഴുത്തുകാരുടെയും ബഷീറിന്റെയും നായകരെ ഇടം വലം നിര്‍ത്തി പരിശോധിക്കുമ്പോള്‍ വ്യത്യാസം മനസ്സിലാകും.ഒറ്റക്കണ്ണന്‍ പോക്കരും മണ്ടന്‍ മുത്തപ്പായുമൊക്കെ ഇങ്ങനെ നായകനിര്‍മിതിയൂടെ ആധിപത്യഘടനയെ കുടഞ്ഞു കളയുകയാല്‍ കൂടുതല്‍ കനം കുറഞ്ഞവരാണ്‌. കൂടുതല്‍ സാധാരണ മനുഷ്യരുമാണ്‌..

എഴുത്തിന്റെ ആത്മനിഷ്ഠ ആന്തരികതയെ വലിച്ചു പുറത്തിട്ട്‌ അതിനെ ആളും ബഹളവും നിറഞ്ഞ ഒരു നടുറോഡിലേക്കു കൊണ്ടുവന്ന്‌ ഈ ബഹുജനങ്ങളുടെ ഭാഷണത്തിലേക്ക്‌ 'വിദ്യാഭ്യാസപ്പെടുത്തി' എന്നതുകൊണ്ടാണ്‌ ബഷീറിന്റെ ആഖ്യാനം ഇങ്ങനെ തനതായത്‌.എഴുത്തിനും ഏകാന്തതയ്ക്കും വിശ്രമത്തിനുമായി നാട്ടില്‍ തിരിച്ചെത്തുമ്പോഴുള്ള അവസ്ഥയാണ്‌ 'പാത്തുമ്മയുടെ ആടി'ല്‍ പറയുന്നതു്‌.വീട്ടിലെപ്പോഴും ചന്ത കൂടിയ ബഹളമാണെന്നു്‌ അദ്ദേഹം (പരാതി) പറയുന്നു.എഴുത്തുകാരന്റെ ചുറ്റുമുള്ള ആ 'ലഹളമയം'ജീവിതത്തിന്റെ ലഹളസ്വരമാണു്‌;അത്‌ എഴുത്തിനെ ഹൈജാക്ക്‌ ചെയ്തുകളയുകയാണ്‌.ജീവിതം അതിന്റെ പച്ചയോടെ നിന്ന്‌ എഴുത്തിനെ നേരിടുകയാണു്‌, തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്‌.തന്റെ പുസ്തകങ്ങള്‍,("വിമര്‍ശനപ്പീരങ്കി ഉണ്ടകള്‍“ ഏറ്റ'ശബ്ദങ്ങള്‍' വരെ)തിന്നുകഴിഞ്ഞിട്ട്‌ ആട് പുതപ്പു തിന്നാനൊരുങ്ങുമ്പോള്‍ ബഷീര്‍ പറയുന്നതിങ്ങനെ..."ഹേ അജസുന്ദരീ! ഭവതി ആ പുതപ്പു തിന്നരുത്‌. അതിനു നൂറു രൂപാ വിലയുണ്ട്‌.അതിന്റെ കോപ്പി വേറെ കിട്ടാനില്ല.എന്റെ പുസ്തകങ്ങള്‍ ഇനി വേറെയുണ്ട്‌.ഭവതിക്കതെല്ലാം വരുത്തി സൌജന്യമായി തരാം"

ഭാഷയുംഭാഷണവും തമ്മിലുള്ള അതിര്‍വരമ്പിനെ മായ്ച്ചുകളയുന്നതും ബഷീറിലെ തെരുവു സാന്നിധ്യമാണ്‌.പുളിങ്കൂസന്‍,ബഡായി, കടിച്ചല്ലേ എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങള്‍..ചന്തയിലെ കലര്‍പ്പുഭാഷണങ്ങള്‍, അവയുടെ അനുദാത്തവും പരുഷവുമായ ആവിഷ്കാരം ബഷീറില്‍ രൂപപ്പെടുന്നതങ്ങനെയാണ്‌.സാഹിത്യത്തിന്റെ ആധികാരികഭാഷയെ തൊഴിച്ചിടാനുള്ള കരുത്ത്‌ അവയ്ക്കുണ്ട്‌. കോഴിയും പുഴുവും മൂര്‍ഖനും നായയും കുറുക്കനും മനുഷ്യനും എല്ലാമായ ഈ ജന്തുലോകത്തിന്റെ ഇടമായി എല്ലാത്തരം ശബ്ദകോലാഹലങ്ങളുടെയും കൂടി ഇടമായി ബഷീറിലെ സ്ഥലം ഉരുവപ്പെടുകയാണ്‌.കുരുവികളോടും മൂര്‍ഖനോടുമൊക്കെ വര്‍ത്തമാനം പറയുന്ന ഒരു മലയാളമായി ഭാഷ വികസിക്കുകയും ബലപ്പെടുകയുമാണിവിടെ, വാമൊഴിയിലൂടെ...ആ മൊഴികള്‍ പരസ്പരം ഏറ്റുമുട്ടുന്നു... ഇടയുന്ന ദ്വന്ദങ്ങളുടെ ഭൂമികയാണിവിടെ ഭാഷ.ചൊറിയമ്പുഴു, ചൊറിയമ്പുടു, ചൊറിയമ്പുസു എന്നെല്ലാമായി അത്‌ വസ്തുവും വാക്കും തമ്മിലുള്ള ബന്ധത്തെ പ്രശ്നവല്ക്കരിക്കുകയാണു്‌.ഒന്നും ഒന്നും കൂടിയാല്‍ ഇമ്മിണി വെല്യ ഒന്ന്‌ എന്ന ദര്‍ശനപരമായ യുക്തിയാണിത്‌. വെറും ഭാഷാശാസ്ത്രപരമോ വ്യാകരണപരമോ അല്ല തന്നെ.

മണ്ടന്‍ മുത്തപ്പാ, ഒറ്റക്കണ്ണന്‍ പോക്കര്, പൊന്‍കുരിശു തോമാ, കൊച്ചു ത്രേസ്യാ, രാമന്‍നായര്, കുഞ്ഞുതാച്ചുമ്മാ, പാത്തുമ്മാ,സൈനബാ, കുഞ്ഞിപ്പാത്തുമ്മ,നിസ്സാര്‍ അഹ്‌മദ് എന്നിവരുടെയെല്ലാമായ ഈ ദൈനംദിനജീവിതത്തെ,അതിന്റെ ആഴവും പരപ്പും ചേര്‍ന്ന കാലത്തെ ബഷീര്‍ ചരിത്രം എന്നു ലേശം കപടഗൌരവം നടിച്ചു വിളിച്ചു, ആഖ്യാതാവായ തന്നെ 'വിനീതനായ ചരിത്രകാരനെ'ന്നും.അയാളുടെ മുന്നിലെ ജീവിതം ഇരമ്പുന്നതാണ്‌.(സമൂഹത്തെ പോര്‍ക്കളമായി കാണുന്നു മിഖയെല്‍ ബക്തിന്‍) അതു ചലിച്ചുകൊണ്ടിരിക്കുന്നു.ഹിംസാത്മകമല്ലാത്ത (ഒരു പക്ഷേ നേര്‍ത്ത വിഷാദം പുരണ്ട)ഒരു നര്‍മത്തില്‍ പൊതിഞ്ഞ് അയാള്‍ അവയെ ആഖ്യാനം ചെയ്യുന്നു.എന്നാല്‍ ബഷീര്‍ അവയെ ഉദാത്തവല്കരിക്കുകയില്ല. അതിനാല്‍ എഴുത്തുകൊണ്ട് ബഷീര്‍ ഒരു സമഭാവന മുന്നോട്ടു വെയ്ക്കുകയാണ്‌, ആരെയും അന്യവല്‍ക്കരിക്കതെ.......

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബക്തിന്റെ കാര്‍ണിവെല്‍, ബഹുസ്വരത തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെടുത്തി ബഷീറിന്റെ രചനയെ ഉല്‍സവീകരിക്കപ്പെട്ട വാക്ക് എന്ന്‌ ഇ.വി.രാമകൃഷ്ണനും മറ്റും വിലയിരുത്തിയിട്ടുണ്ട്‌.കാര്‍ണിവെല്‍ തെരുവില്‍ പൊതുവായ ഒരിടത്താണ്‌ നടക്കുന്നത്‌. അവിടത്തെ ചലനാത്മകവും ഉദ്വേഗഭരിതവുമായ ആവേശം നിറഞ്ഞ സംഭവങ്ങള്‍ ഒരു അന്തരീക്ഷമായി ആനവാരിയും പൊന്‍കുരിശും, മുചീട്ടുകളിക്കാരന്റെ മകള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍ പാത്തുമ്മായുടെ ആട്‌,പോലെയുള്ള പല കൃതികളിലും നിറഞ്ഞു നില്‍ക്കുന്നു.പ്രണയം പോലും ഇവിടെ സ്വകാര്യമല്ല,വിവൃതമായ പുതിയൊരു ലോകം.പാത്തുമ്മയുടെ ആടിലെന്ന വണ്ണം നിഗൂഢതകളോ രഹസ്യങ്ങളോ ഇല്ലാത്ത(വീടിനെ ചന്തയാക്കുന്ന) ഈ ലോകം എടുത്തുപിടിച്ചു നില്‍ക്കുന്നു. ആഘോഷത്തിന്റെ സ്വരം ഈ കൃതികളുടെ വ്യതിയാനമാണ്‌, സത്തയും.

15 comments:

  1. നല്ല നിരീക്ഷണങ്ങള്‍. ഗൌരവമായ വായന ആവശ്യപ്പെടുന്ന കുറിപ്പ്. കൂടുതല്‍ എഴുതുമല്ലോ

    ആശംസകള്‍

    ReplyDelete
  2. നല്ല കുറിപ്പ്.

    എന്റെ കാഴ്ചയില്‍ ബഷീര്‍ചരിത്രകാരനായി സ്വയം അവരോധിക്കുന്നതിന് മറ്റു ചില ബോധ്യങ്ങള്‍ ഉണ്ടായിരുന്നു.തന്റെ കഥകളെയും കഥാപാത്രങ്ങളേയും സ്ഥലത്തു നിന്നും കാലത്തില്‍ നിന്നും പൊട്ടിച്ചെറിഞ്ഞ് ഒരപ്പൂപ്പന്‍ താടിപോലെ പറത്തിവിടാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.ചരിത്രമായി തോന്നിക്കുന്ന (ജനസമ്മിതിനേടുകയും ചെയ്യുന്ന)കെട്ടുകഥകളെയാണല്ലോ മിത്ത് എന്നു പറയുന്നത്.അങ്ങനെയൊരു ഇല്ലാക്കാലത്തുനിന്നും സ്ഥലത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതുകൊണ്ടാവാം ബഷീറിനെ ആരും അങ്ങനെ വിമര്‍ശിക്കാതിരുന്നതും.

    ReplyDelete
  3. നല്ല കുറിപ്പ്.

    ReplyDelete
  4. ടീച്ചറെ..രണ്ടു പോസ്റ്റും നന്നായി. ബഷീറിനെക്കുറിച്ചാണെങ്കില്‍ ഇനിയും എത്രയെത്ര കാതം പറഞ്ഞുപോവാം അല്ലെ?
    പിന്നെ ഈ കപ്പു ചായയിലൊതുക്കണ്ട...വിരുന്ന്. വിശപ്പുള്ളവര്‍ ഏറെയുണ്ടെയ്..ഇവിടെ!

    word verification കീറാമുട്ടി ആവശ്യമുണ്ടോ ക്മ്മെന്റാന്‍?

    ReplyDelete
  5. ടീച്ചറെ..രണ്ടു പോസ്റ്റും നന്നായി.

    ReplyDelete
  6. സ്വാഗതം,നല്ല നീരിക്ഷണങ്ങള്‍,ഇനിയുമെഴുതുക.

    ReplyDelete
  7. സനാതനന്‍, വായനക്കു നന്ദി..സ്ഥലകാലനിരപേക്ഷമായ തികച്ചും കേവലമായ ഒരു 'ചരിത്രകാരാന്‍' അല്ല,ബഷീറില്‍ ഉള്ളത്.അയാള്‍ തീര്‍ച്ചയായും കൊളോണിയല്‍ കാലഘട്ടത്തിലെ വിവിധതരം സംഘര്‍ഷങ്ങളിലൂടെയാണ്‌ രൂപപ്പെട്ടുവരുന്നത്.ഭരണകൂടരൂപങ്ങളെ,മൂരച്ചിപ്പോലീസ്, വിദേശിപ്പോലീസ് എന്നൊക്കെയാണല്ലൊ, സ്ഥലത്തെ പ്രധാന ദിവ്യന്‍ തുടങ്ങിയ കൃതികളിലൊക്കെ വിശേഷിപ്പിക്കുന്നത്.സ്വദേശി, വിദേശി, എന്ന പരസ്പരവിപരീതമായ പരിഗണനകള്‍ക്ക് ചരിത്രപരവും പ്രത്യയശസ്ത്രപരവുമായ(ഭരണകൂടവും ജനങ്ങളും എന്ന ഘടനയിലൂന്നിയ) മൂര്‍ത്തസാഹചര്യം ഉണ്ട്. ചരിത്രമെന്ത്,എഴുത്ത് എന്ത്, എഴുത്തുകാരന്‍ ആര്..തുടങ്ങിയ ചോദ്യങ്ങള്‍ പലെടത്തും ആവര്‍ത്തിക്കുന്നു..'ആടി'ലും 'ജന്മദിന'ത്തിലുമൊക്കെ എഴുത്ത് എന്ത്, എഴുത്തുകാരന്‍ ആര്‍ എന്നൊക്കെ ആഴത്തില്‍ ചോദിക്കുന്നുണ്ട്,ബഷീര്...സാമൂഹ്യമായ വിപരീതങ്ങള്‍ക്കകത്ത് ആന്തരികമായ വിപരീതം കടന്നുവരുന്നുണ്ടെങ്കിലും അതത്ര കേവലമല്ലതന്നെ...

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ബഷീറിയന്‍ എഴുത്തിന്റെ ഇത്തരം വായനകള്‍ ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. ഗുരുസാഗര, മയ്യഴിതീരങ്ങളിലും, നാലുകെട്ടുകളിലും നിന്ന് മലയാളിയുടെ വായനാനുഭവത്തെ പൊതുസ്ഥലത്തേക്കും, അവിടെയുള്ളവരുടെ ഒച്ചയനക്കത്തിലേക്കും, ചെറുപ്രാണികളിലേക്കുപോലും കൊണ്ടുവന്നുവെന്നതുതന്നെയാണ് ബഷീറിന്റെ പ്രസക്തി. അതൊക്കെ ഇടക്കിടക്ക് ഓര്‍മ്മപ്പെടുത്തുന്നു ഇത്തരം ‘വീണ്ടുവിചാരങ്ങള്‍’ എന്നിടത്താണ് ഈ പോസ്റ്റിന്റെയും സാംഗത്യം.

    തുടര്‍ന്നും എഴുതുമല്ലോ.

    അഭിവാദ്യങ്ങളോടെ,

    ReplyDelete
  10. നല്ല നിരീക്ഷണങ്ങളും എഴുത്തും. ബഷീറിനെ മറന്നുപോകുന്ന(യിരിക്കുന്ന)ഒരു വായനാ സമൂഹത്തിലേക്ക് ഓര്‍മ്മപ്പെടുത്തലുകളുടെ കുറിപ്പ് എന്തുകൊണ്ടും നന്നായി.

    ഓ ടോ : ടീച്ചറെ നന്ദി. കെ കെ ടി എം ന്റെ പേരു കണ്ടപ്പോളെ നട്ടുച്ചയില്‍ ഒരു സംഭാരം കുടിച്ച പ്രതീതി. ഞാനും ആ സര്‍വ്വകലാശാലയില്‍ നിന്നു തന്നെ. സുബൈദ ടീച്ചറുടെയൊക്കെ ശിഷ്യന്‍. എന്റെ ബ്ലോഗില്‍ കോളേജിന്റെ ഒരു ഓര്‍മ്മയുണ്ട്. സമയം കിട്ടുമ്പോള്‍ നോക്കുമല്ലോ?

    ReplyDelete
  11. രാജീവ് ചേലനാട്ടിനും നന്ദകുമാറിനും നന്ദി...നന്ദകുമാറിന്റെ ബ്ലോഗ് വായിച്ചിരുന്നു...

    ReplyDelete
  12. നന്നാ‍യി ടീച്ചറേ, ഇനിയും നന്നാക്കാ‍മായിരുന്നെന്നു തോന്നുന്നു.

    ബഷീറിനെക്കുറിച്ചെഴുതാനിരുന്ന് മാങ്കോസ്റ്റിനെക്കുറിച്ചെഴുതിപ്പോകുന്നവരില്‍ നിന്ന് വേറിട്ട വായന.

    ReplyDelete
  13. പ്രിയ ഉഷ,
    ഗൗരവമുള്ള എന്തെങ്കിലും തേടി ബ്ലോഗുകളിലൂടെ പലപ്പോഴും കടന്നു പോകാറുണ്ടായിരുന്നു എങ്കിലും പലപ്പോഴും നിരാശയായിരുന്നു ഫലം. ബഷീറിനെ സ്തല കാല ബദ്ധമായും പ്രത്യയ ശാസ്ത്ര മാനങളോടെയും വായിച്ചെടുക്കാനുള്ള താങ്കളുടെ ശ്രമം തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്‍.എഴുത്തിലും ജീവിതത്തിലും വ്യാജവും ക്രുത്രിമവുമായ സദാചാരത്തിന്റെ 'വ്യാകരണ' സിദ്ധാന്തങള്‍ നിറച്ചുവച്ച വരേണ്യതയുടെ നടപ്പ് രീതികളെ പച്ച ജീവിതത്തിന്റെ സത്യ സന്ധമായ ആവിഷ്കാരം വഴിയാണു ബഷീര്‍ അട്ടിമറിച്ചത്. സാഹിത്യ നിര്‍മ്മിതിയില്‍ പച്ച മനുഷ്യരുടെ അരികു ഭാഷകള്‍ക്ക് ഇടമില്ലാതിരുന്നകാലത്താണു, തെരുവും ചന്തയും ആണ്‍ വേശ്യയും,പെണ്‍ വേശ്യയും, ജീവിതത്തിന്റെ കലപിലയും വൈവിധ്യവും ഒക്കെ മേളിക്കുന്ന പൊതു ഇടത്തിന്റെ മതേതര ജനാധിപത്യ നിര്‍മ്മിതി ബഷീര്‍ സാധ്യമാക്കുന്നത്. മലയാള നിരൂപണത്തിലെ സ്ത്രീ സാന്നിധ്യം ലീലാവതിയിലും ഗീതയിലും ശാരദക്കുട്ടിയിലുമൊക്കെയായി പരിമിതപ്പെടുന്ന വര്‍ത്തമാനകാലത്ത് പുതിയൊരു നിരൂപക പ്രതിഭയുടെ ഉദയം ഇങ്, സൗദി അറേബ്യയിലിരുന്ന് സ്വപനം കാണാം അല്ലെ ടീച്ചറേ?


    ആശംസകള്‍.

    ReplyDelete
  14. This is special, since you made a root which kept itself safely away from the "obsolete" legend making.

    Thank you teacher for this serious writing.

    ReplyDelete