വംശീയാനുഭവങ്ങള്‍ എന്നു വിളിക്കാവുന്ന വ്യത്യസ്തമായ ജീവിതരേഖകളുടെ സമാഹാരമാണ് ഈ കൃതി. രജനി പാലാമ്പറമ്പില്‍ കേട്ടെഴുതിയ പതിനൊന്നു ദളിത്സ്ത്രീ ജീവിതകഥനങ്ങള്‍ എന്നു ഈ കൃതിയുടെ ഘടനയെ ഒറ്റവരിയില്‍ ചുരുക്കിപ്പറയാം. 90 കള്‍ക്കു ശേഷമുണ്ടായ നവസാമൂഹികതയുടെ ഉള്ളടരുകളില്‍ നിന്നും രാഷ്ട്രീയത്തിന്റെ ചൂടുള്ള പുതുലാവ ഉറന്നു വരുന്നത് ദളിത് പ്രത്യയശാസ്ത്രത്തില്‍ നിന്നു കൂടിയാണ്. ദളിത്, സ്ത്രീ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം എന്ന സാമൂഹികസംവര്‍ഗത്തെ ഇളക്കാന്‍ പാകത്തില്‍ തന്നെ സാംസ്‌കാരികമായ ഉഴുതുമറിയ്ക്കല്‍ നടന്നിട്ടുണ്ട്. അതിന്റെ സജീവവും മുഖ്യവുമായ ഒരു പ്രതലമാണ് ദളിതെഴുത്തുകള്‍. കര്‍തൃത്വത്തെയും പ്രതിനിധാനത്തെയും കാനോനീകരണത്തെയും സംബന്ധിച്ച മാമൂലുകള്‍ കൊഴിഞ്ഞു വീഴുന്നത് ഇപ്പോഴും അത്ര സ്വാഭാവികമായല്ല മുഖ്യധാരയില്‍ പരിഗണിക്കപ്പെടുന്നത്. അരികുകളെ മുന്നോട്ടേയ്ക്കു തെളിച്ചു അടയാളങ്ങള്‍ പതിക്കുകയും ചില ചോദ്യങ്ങളിലൂടെ രാഷ്ട്രീയമായ ഉന്നയിക്കലുകള്‍ നടത്തുകയും ചെയ്യുന്നു ഇവിടെ.
അനുഭവപരത
അനുഭവങ്ങളാണീ കൃതിയുടെ ആകെത്തുക. സുപ്രതിഷ്ഠിതമായ ദര്‍ശനങ്ങള്‍, പ്രവര്‍ത്തനരേഖകള്‍, കാല്‍പനികഭാവനകള്‍ രാഷ്ട്രീയ, സാമൂഹിക നിലപാടുകള്‍ എന്നിവയ്ക്കു പകരം അനുഭവപരതയെ സുപ്രധാനമായി കാണുന്ന തരം എഴുത്തുകളാണിവ. സ്വന്തം അനുഭവങ്ങളുടെ പുറത്തുളള ആധികാരികതയാണ് ഇതിലെ ഓരോ പെണ്ണിനെയും ഭാഷകയാക്കുന്നത്. ആത്മനിഷ്ഠമായ അനുഭവങ്ങളെ കേന്ദ്രീകരിച്ചെഴുതപ്പെടുന്ന എഴുത്തുകളാണിവ. എങ്കിലും ഈ കുറിപ്പുകളിലെ ഓരോരുവളും ഒരു കൂട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. ആഫ്രോ അമേരിക്കന്‍ കീഴാള ആത്മകഥകള്‍ ഒരേ സമയം വൈയക്തികവും പ്രതിനിധാനപരവും ആയിരിക്കുന്നതിനെക്കുറിച്ച് ടോണിമോറിസണ്‍ പറയുന്നുണ്ടല്ലോ. (Rootedness: The Ancestor as Foundation എന്ന ലേഖനം). കേട്ടെഴുതപ്പെടുക എന്നതിനാല്‍ തന്നെ അവയ്ക്കു അനുഭവത്തിന്റെ ജൈവികമായ പച്ചയും പടര്‍ച്ചയുമേറും. എഴുത്തിന്റെയും ഭാഷയുടെയും സാമാന്യീകരിക്കപ്പെട്ട മാനകസ്വഭാവത്തേക്കാള്‍ പറച്ചിലുകളിലെ പ്രാദേശികതയും താളഭേദങ്ങളും അരേഖീയതകളും വൈയക്തികമായ തുള്ളിത്തുളുമ്പലുകളും അനുഭൂതിപരമായി സന്നിവേശിപ്പിക്കാനാണ് രജനി ശ്രമിച്ചിട്ടുള്ളത്. വേരും മണ്ണും നനവും ചേര്‍ന്നു ചരിത്രത്തിലതു പച്ചിലനാമ്പു നീട്ടുന്നു!
എഴുത്തില്‍ നിന്നും പറച്ചിലുകളുടെ സന്ദര്‍ഭം വളരെ വ്യത്യസ്തമാണ്. എഴുത്തിനുള്ളതു പോലെ ഭാഷണത്തിനു പലപ്പോഴും പൂര്‍വഭാരങ്ങളില്ല. ആയതിനാല്‍ തന്നെ നാം പ്രതീക്ഷിക്കുന്നതു പോലെ കദനം നിറച്ചുവെച്ച കാല്പനികമായ ഓര്‍മകളല്ല ഇവ. ഗോമതി എന്ന വൃദ്ധ തന്റെ അനുഭവങ്ങളെ നോക്കിക്കാണുന്നതിലെ രസകരമായ സവിശേഷത നോക്കൂ. ജനപ്രിയസിനിമകളുടെ ഉപമാനമുപയോഗിച്ചാണ് ഗോമതി തന്റെ ജീവിതത്തെ ചിലപ്പോഴെല്ലാം ആഖ്യാനം ചെയ്യുന്നത്. 80 വയസുള്ള തന്റെ ജീവിതം ആകാശദൂത് സിനിമ പോലെയാണെന്നവര്‍ പറയുന്നു. എന്നും കണ്ണീരും കയ്യും തന്നെ! മറ്റൊരിക്കല്‍ ചെറുപ്പം മുതലേ പഠിക്കാന്‍ കഴിയാത്ത നിരാശയും സങ്കടവും പറയുമ്പോഴും സിനിമയുമായാണ് സാദൃശ്യപ്പെടുത്തി പറയുന്നത്. മണിച്ചിത്രത്താഴിലേതു പോലെ ചെറുപ്പത്തില്‍ ഒരു ദുഃഖകരമായ പ്രശ്‌നം ഉണ്ടെങ്കില്‍ അതു വലുതായാലും മനസ്സിനെ ദുഃഖിപ്പിക്കും എന്നവര്‍ ഒരു ഘട്ടത്തില്‍ നിരീക്ഷിക്കുന്നുണ്ട്. മറ്റൊന്ന് ഈ പറച്ചിലുകളൊന്നും തന്നെ സമഗ്രമായ വലിയ തത്വദര്‍ശനങ്ങളുടെ ഉച്ചസ്വരങ്ങളല്ല എന്നതുമാണ്.
കുടുംബം
തൊഴില്‍ അടിമസമ്പ്രദായവും മറ്റും വ്യാപകമായിരുന്ന കാലത്തെ കീഴാളരുടെ ശിഥിലമായ കുടുംബബന്ധങ്ങളെക്കുറിച്ചു പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകളില്‍ പറയുന്നുണ്ടല്ലോ. അപ്പനമ്മമാര്‍ മക്കളുമായും വേണ്ടപ്പെട്ട ബന്ധുക്കളുമായും ഒക്കെ വേര്‍പിരിഞ്ഞു കഴിയുന്നത് പഴയ കേരളീയ കീഴാളജീവിതത്തില്‍ പതിവാണ്. അമ്മയും അപ്പനും മക്കളും പലയിടങ്ങളിലായി പരസ്പരം വേര്‍പിരിക്കപ്പെട്ടു പണി ചെയ്തു കഴിയുന്ന അവസ്ഥ. പരസ്പരം കാണാനാവാതെ, സ്‌നേഹവും ദു:ഖവും പങ്കുവെയ്ക്കാതെ പീഡനങ്ങളേറ്റു, അന്യഥാത്വമനുഭവിച്ചു, എല്ലാം സഹിച്ചമര്‍ത്തി ഒറ്റപ്പെട്ടു കഴിയുന്ന ക്രൂരമായ അവസ്ഥ. എന്നെങ്കിലും എവിടെയെങ്കിലും അവര്‍ തമ്മില്‍ കാണാന്‍ പറ്റുമ്പോഴുളള വൈകാരികത്തളളിച്ചയുടെ പ്രവാഹം!
അപ്പനമ്മമാര്‍ വേര്‍പെട്ടു ജീവിക്കുന്നതില്‍ മക്കളനുഭവിക്കുന്ന വേദന മേല്പറഞ്ഞ സാമൂഹികഘടനയില്‍ അസാധാരണമല്ല. എന്നാല്‍ വിലാസിനിയുടെ ജീവിതത്തില്‍ പക്ഷേ അമ്മയുടെ പരപുരുഷ ബന്ധം അതിനൊരു കാരണമായി. കുഞ്ഞുന്നാള്‍ മുതല്‍ അപരിചിതനായ ഒരാള്‍ ആ കുടുംബത്തിലെ കരടായി തീരുന്നു. അമ്മയുടെ പുതിയ പങ്കാളിയെ കൊല്ലാന്‍ കഠാരയുമായി നടക്കുന്ന അച്ഛനും മക്കളെ മാറ്റിയകറ്റി സ്വന്തം താല്പര്യം മാത്രം നോക്കുന്ന അമ്മയും വിലാസിനിയുടെ അനാഥത്വം വര്‍ദ്ധിപ്പിച്ചു. വേര്‍ പിരിഞ്ഞ അച്ഛനും അമ്മയുമെങ്കിലും അച്ഛന്‍ പണിയെടുത്തു മക്കള്‍ക്കു എല്ലാം തികഞ്ഞ ജീവിതം നല്‍കാന്‍ ശമിച്ചു. . ജീവിതം യൗവനത്തിലേക്കു കടന്നപ്പോള്‍ വിവാഹത്തിലൂടെ വീണ്ടും ക്രൂരമായ അനുഭവങ്ങള്‍ തുടര്‍ന്നു. ഭര്‍ത്താവിന്റെ അലസതയും മദ്യപാന ഹിംസയും ദാരിദ്ര്യം നിറഞ്ഞ ജീവിതവും ഇരുളിലാഴ്ത്തിയ വര്‍ഷങ്ങള്‍ ...!! ഭര്‍ത്താവ് ചീത്തവിളിയും അലര്‍ച്ചയുമായി ഉറഞ്ഞാടുമ്പോള്‍ മക്കളുമായി ദൂരെ കുറ്റിക്കാട്ടില്‍ പേടിച്ചും ഉറക്കം കളഞ്ഞു ഒളിച്ചിരുന്നുമുള്ള രാത്രികള്‍ അവര്‍ അയവിറക്കുന്നു. ആണധികാര ഹിംസയുടെ ക്രൂരമായ വിളയാട്ടം നിറം കെടുത്തിയ ജീവിതദിനങ്ങളിലൊന്നില്‍ അമ്മ മരിച്ചതറിയുന്നു. കാണാന്‍ പോലും പോകാതെ വൈകാരികമായ മരവിപ്പിലായിരുന്നു വിലാസിനി.
വിശ്വാസത്തിന്റെ വഴികള്‍
ഗോമതി കുഞ്ഞുകുഞ്ഞും തങ്കമ്മയും തങ്ങളുടെ വഴികളില്‍ വിശ്വാസത്തിന്റെ ആത്മീയധാര കൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പ്രബുദ്ധതയുടെയും യുക്തിചിന്തയുടെയും പ്രബലധാരകള്‍ക്കപ്പുറം ജീവിതയാതനകളില്‍ നിന്നുള്ള മോചനത്തിനായി വൈകാരികമായ സമര്‍പ്പണമായാണ് അവര്‍ ഭക്തിയെ സാധൂകരിക്കുന്നത്. തന്റെ വല്യച്ഛന്‍ ഭദ്രകാളിപ്രതിഷ്ഠയുടെ മുന്നില്‍ തലയില്‍ കൈവെച്ചു പ്രാര്‍ത്ഥിച്ച ശേഷമാണ് 15 കൊല്ലം കഴിഞ്ഞപ്പോള്‍ തനിക്കു കുട്ടികളുണ്ടായതെന്നു തങ്കമ്മ പറയുന്നു. ഭൂതപ്രേതപിശാചുക്കളും മണ്‍മറഞ്ഞ ആത്മാക്കളുമെല്ലാം ജീവിതത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നു. കുട്ടിപ്പെണ്ണിന്റെ അനുഭവകഥനത്തില്‍ മന്ത്രവാദം പോലും കടന്നുവരുന്നുണ്ട്. അവരുടെ അച്ഛന്‍ മന്ത്രവാദത്തിനു പോയപ്പോള്‍ പശുവിന്റെ കാല്‍ തളര്‍ന്നു പോയതായി അതില്‍ പറയുന്നു. ഒരു ജ്ഞാനസമൂഹത്തിന്റെ ചരിത്രപരമായ ധാരയിലെ വിടവുകളായാണ് ഈ അനുഭവങ്ങളെ നാം മനസ്സിലാക്കുന്നത്. ശാസ്ത്രപുരോഗതിയും അന്ധവിശ്വാസത്തിനെതിരായ പ്രക്ഷോഭങ്ങളും നിറഞ്ഞ 20-ാം നൂറ്റാണ്ടിന്റെ വഴികളില്‍ ഇവര്‍ പങ്കുവെയ്ക്കുന്ന ദൈവാനുഭൂതികള്‍ പിന്നോട്ടു പോക്കായി പരിഗണിക്കപ്പെട്ടേക്കാം. എങ്കില്‍ അതിനുത്തരവാദികളാര് എന്ന ചോദ്യം സര്‍വപ്രധാനമാണ്. അറിവില്‍ നിന്നും പുരോഗതിയില്‍ നിന്നും ദളിതരെ ആട്ടിയകറ്റിയതാര്? അറിവിന്റെ മുന്നണിയാത്രക്കാരായ സവര്‍ണസമൂഹങ്ങളില്‍ അന്ധവിശ്വാസം കുടിയൊഴിഞ്ഞിരുന്നുവോ? എന്താണ് അന്ധവിശ്വാസം തന്നെ? യക്ഷിയും പേയുമിവര്‍ക്കു ദൈവമെന്നു കുമാരനാശാന്‍ ദുരവസ്ഥയില്‍ ആരോപിക്കുന്ന ദൈവശാസ്ത്രഘടനയക്കു എന്തുകൊണ്ടു പതിതത്വം? ചെറുകാടിന്റെ ഏറെ കൊണ്ടാടപ്പെട്ട ജീവിതപ്പാത എന്ന ആത്മകഥയിലൊരിടത്ത് ഒടിയനെ ഭയന്നു ജീവിച്ചിരുന്ന, കമ്യൂണിസ്റ്റുകാരനായ തന്റെ യൗവനകാലത്തെ അദ്ദേഹം തെല്ലു ജാള്യതയോടെ ഓര്‍ത്തെടുക്കുന്നുണ്ട്.
തന്റെ പണിക്കൂട്ടാളിയായ ചെല്ലമ്മ ചേച്ചി രാത്രി പാടത്തു കൊയ്യാന്‍ പോയി വരുമ്പോള്‍ ഒരു കൊച്ചു മനുഷ്യന്‍ മുന്നില്‍ നടന്നു പോകുന്നതായി കാണുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ രൂപം ആകാശത്തേക്കു പൊങ്ങി വലുതായി. അകത്താം തറ മുത്തനെ വിളിച്ചു ഉറക്കെ കരഞ്ഞപ്പോള്‍ ആ രൂപം കണ്ടത്തില്‍ അപ്രത്യക്ഷമായെത്രെ. കുറേ നാള്‍ മുമ്പു അവിടെ ഇടിവെട്ടി ആരോ മരിച്ചിട്ടുണ്ടായിരുന്നുവത്രെ.
തങ്കമ്മയുടെ ഇതേ ആത്മാഖ്യാനത്തില്‍ തന്നെ തന്റെ ഒരു ചേച്ചിയുടെ സ്വര്‍ണക്കമ്മല്‍ തോട്ടില്‍ വീണു പോയ സംഭവം വിവരിക്കുന്നുണ്ട്. മുത്തനോടു പറഞ്ഞപേ ക്ഷിച്ചാല്‍ കമ്മല്‍ കിട്ടുമെന്നു കേട്ട അവര്‍ കുറച്ചു ചില്ലറ ഉഴിഞ്ഞു വെച്ച് തോട്ടിലിറങ്ങി. മൂന്നാമത്തെ മുങ്ങലിനു കമ്മല്‍ കിട്ടിയെന്നും സത്യമുള്ള ആളാണ് മുത്തന്‍ എന്നും തങ്കമ്മ പറയുന്നു.
വൈക്കം ഇടയാഴത്തുള്ള പ്രമാണിമാര്‍ വെച്ചു പൂജനടത്തിയയിരുന്ന പ്രതിഷ്ഠ പില്‍ക്കാലത്ത് ദളിതര്‍ ഏറ്റെടുത്തു നടത്തിയതേപ്പറ്റി അമ്മിണി പറയുന്നുണ്ട്. സവര്‍ണര്‍ക്കു ദോഷമായതിനാലാണേ്രത അവരതു പുലയര്‍ക്കു വിട്ടുകൊടുത്തത്. അങ്ങനെ പുലയര്‍ വിളക്കുവെയ്ക്കല്‍ പുലയര്‍ ഏറ്റെടുത്തു. പിന്നീടതു തിരിച്ചു പിടിക്കാന്‍ സവര്‍ണര്‍ക്കു കഴിഞ്ഞതുമില്ലത്രേ. ഭ്ദ്രകാളിയും സര്‍പ്പങ്ങളുമുള്ള ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും മുടിയേറ്റും നടത്താറുണ്ട്. ആടും പശുവുമെല്ലാം മേയ്ക്കാന്‍ പോകുന്ന കാട്ടില്‍ വെറുതെ ഒരു കല്ലിനു മുമ്പില്‍ പൂവെച്ചു ആരാധിച്ചു തുടങ്ങിയ ഇടെ വലിയ അമ്പലമായി മാറിയ കഥ ചെല്ലമ്മ ഓര്‍ത്തെടുക്കുന്നു. പന്തളത്തിനടുത്ത് പുരമ്പാല തെക്കു ഭാഗത്തു ശിവപാര്‍വതിയുടെ പ്രതിഷ്ഠയുള്ള ആ അമ്പലത്തില്‍ വളരെക്കാലം വിളക്കു വെച്ച കഥയും പറയുന്നുണ്ട്. കൊടുങ്ങല്ലൂരുമായി ബന്ധപ്പെട്ട ദേവീ പ്രതിഷ്ഠയുള്ളതും അടവി വഴിപാടു നടത്തുന്നതുമായ മറ്റൊരു ദേവീക്ഷേത്രത്തിന്റെ ഐതിഹ്യം കൂടി അവരോര്‍ത്തു പറയുന്നു. തന്റെ പ്രദേശത്തെ നെയ്തശ്ശേരി മനയിലെ അമ്പലത്തിലെ കൃഷ്ണനു എല്ലാവരും വിളക്കുവെയ്ക്കുന്നതിനെപ്പറ്റി കറമ്പിയും പറയുന്നുണ്ട്.
അധ്വാനത്തിന്റെ ഊറ്റവും സര്‍ഗാത്മകതയും
ഈ അനുഭവങ്ങളിലെല്ലാം തൊഴില്‍ സവിശേഷമായ ഒരു ആഖ്യാനമേഖലയാണ്. സാമാന്യമായ സ്ത്രീ അനുഭങ്ങളില്‍ കടന്നു വരാറുള്ള ഗാര്‍ഹിക അധ്വാനസംസ്‌കാരത്തില്‍ നിന്നു വ്യത്യസ്തമാണ് ഇവിടെയുള്ള അധ്വാനം. സ്വാതന്ത്ര്യപൂര്‍വകാലത്തെ കേരളീയതൊഴില്‍സംസ്‌കാരത്തിന്റെ വിശദാംശങ്ങളും അവയുടെ വൈവിദ്ധ്യങ്ങളും അമ്പരപ്പിക്കുന്ന വിധം ഇവിടെ കടന്നു വരുന്നു. ഞാറു നടീലും കൊയ്ത്തും മെതിയും കിളയും പറമ്പില്‍പ്പണികളും മാത്രമല്ല, മീന്‍പിടുത്തം, പായ നെയ്ത്ത് എന്നിങ്ങനെയുള്ള പല പണികളും വിസ്തരിച്ചു പ്രതിപാദിക്കപ്പെടുന്നുണ്ട്. പണികള്‍ ചെയ്യുന്ന രീതികളും അവയക്കു കിട്ടുന്ന കൂലിയുമെല്ലാം അക്കാലത്തെ തൊഴില്‍ ചരിത്രത്തിലെ വിവേചനങ്ങളെയും കൂടി വെളിപ്പെടുത്തുന്നു. കിഴക്കന്‍ നാട്ടില്‍ പണിക്കാരിയായിരുന്ന കറമ്പി എന്ന തൊഴിലാളി തനിക്കു പകലന്തിയോളം പണിയെടുത്താല്‍ കിട്ടുന്ന ആകെയുള്ള കൂലി ഇടങ്ങഴിയരി കുറ്റിയിലളന്നു കിട്ടുന്നതാണെന്നു ഓര്‍ക്കുന്നു. കൃഷിപ്പണിയും മീന്‍പിടുത്തവും പ്രസവിച്ചപെണ്ണുങ്ങളെ കുളിപ്പിക്കാന്‍ പോകലും ഒക്കെയായി പലതരം പണികളാണ് കറമ്പി ഏറ്റെടുത്തു ചെയ്തത്. ചിലപ്പോഴത്തെ കൂലി പത്തണയും ചോറുമാണ്. കല്ലറയിലെ പെരുന്തുരുത്തില്‍ വീടുള്ള അമ്മിണി എന്ന എഴുപതുകാരി തന്റെ ജീവിതത്തെ ഒട്ടാകെ തൊഴിലിനകത്തെ ജീവിതമായി മനസ്സിലാക്കുന്നു. പണിക്കിടയില്‍ കൂട്ടക്കാരെല്ലാം ചേര്‍ന്നു പാടുന്ന പാട്ടുകേള്‍ക്കാനുള്ള ഇഷ്ടവും പണിക്കാശു കൂട്ടിവെച്ചു ഇത്തിരി പൊന്നുണ്ടാക്കുന്നതും നല്ലൊരു വീടുണ്ടാക്കാനുള്ള സ്വപ്‌നവും എല്ലാം അമ്മിണി പറയുന്നു. തങ്കമ്മയുടെ ഭര്‍ത്താവു പാടത്തെ ചെളി കുത്തി അതിനകത്തു നിന്നും കരിയെടുക്കുന്ന പണി ചെയ്യുന്നതിനെ പറ്റി പറയുന്നുണ്ട്. അതു പാടവരമ്പത്തു കൊണ്ടു വെയ്ക്കുമ്പോള്‍ ഉണങ്ങിക്കിട്ടും . അതു കൊല്ലന്മാര്‍ വന്നു എടുത്തു കൊള്ളും. ഈ ഓര്‍മകള്‍ക്കും തോറ്റങ്ങള്‍ക്കും പോക്കുവെയിലിന്റെ ലാളിത്യമെങ്കിലും ഈ അനുഭവങ്ങളുടെ ചരിത്രയാനം ഉള്‍ച്ചൂടു കുറഞ്ഞവയല്ല!
ചക്കിയുടെ ജീവിതാഖ്യാനത്തില്‍ അക്കാലത്തെ തൊഴില്‍സാഹചര്യങ്ങളുടെ അരക്ഷിതാവസ്ഥകളെല്ലാം നിറയുന്നുണ്ട്. കൂലിയൊന്നും കിട്ടാതെ വലിയവീട്ടിലെ പശുക്കളെ നോക്കലും വീടു വൃത്തിയാക്കലും ചെയ്യുന്ന സാഹചര്യങ്ങള്‍ ചെറുപ്പകാലത്തു അനുഭവിക്കേണ്ടി വന്നു. 'സൗന്ദര്യക്കുറവി'ന്റെ പേരില്‍ വിവാഹാലോചനകള്‍ പലതും മുടങ്ങിയെങ്കിലും സ്‌നേഹമുള്ളയാളെ തന്നെ കിട്ടിയതിലുള്ള തൃപ്തി അവര്‍ക്കുണ്ട്. പണിക്കായി ചേറധികം നിറഞ്ഞ പാടത്തിറങ്ങിയാല്‍ ചിലപ്പോള്‍ അരക്കെട്ടു വരെ ചേറില്‍ താണു പോകുന്ന അവസ്ഥയായതിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നുവങ്കി
ചെല്ലമ്മ പറയുന്ന വീറുറ്റ കഥയില്‍ കറ്റ മെതിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന തര്‍ക്കവും വിലപേശലും കാണാം. കൊയ്ത പാടത്തിട്ടു തന്നെ കറ്റമതിക്കണമെന്നു തൊഴിലാളികളും ചുമന്നു കൊണ്ടുപോയി മുതലാളി പറയുന്നിടത്തു വെച്ചു മെതിക്കണമെന്നു മുതലാളിമാരും. കൂലിയായി ഏഴിലൊന്നു പതം കിട്ടണമെന്നു കൂടി അവരാവശ്യപ്പെട്ടു. ഒടുവില്‍ പോലീസെത്തി തര്‍ക്കം പരിഹരിക്കുന്നതുവരെ വിട്ടുവീഴ്ച്ചയില്ലാതെ തൊഴിലാളികള്‍ ധീരതയോട പിടിച്ചുനിന്നു. കൊയ്ത്തു രണ്ടുതരത്തിലുണ്ട്. താഴ്ത്തി വേരറുത്തുള്ള കൊയ്യലും കതിരുമാത്രം കൊയ്യലും. കതിരുമാത്രം കൊയ്യാനാണ് തൊഴിലാളികള്‍ തീരുമാനിച്ചത്. വേരറുത്തു കൊയ്താല്‍ കച്ചിയും നെല്ലുമെല്ലാം കൂലികൊടുക്കാതെതന്നെ വീട്ടിലെത്തുമെന്ന ലാഭം അനുവദിക്കാനവര്‍ ഒരുക്കമല്ലായിരുന്നു. അതിനെതിരെയും സമരം നടന്നു. ഇതിനെല്ലാം പശ്ചാത്തലമായോ പിന്തുണയായോ നില്‍ക്കുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രവും കടന്നു വരുന്നുണ്ട്. ചെല്ലമ്മ തന്റെ കമ്യൂണിസ്റ്റ് അനുഭാവവും വിശ്വാസവും വീറോടെയും അഭിമാനത്തോടെയുമാണ് എടുത്തു പറയുന്നത്. അതിനിടയില്‍ തെറ്റിദ്ധരിപ്പിച്ചു പാര്‍ട്ടി മാറ്റിച്ച ബന്ധുവിന്റെ കുതന്ത്രങ്ങളും ഉള്‍പ്പെടുന്നു. ടി. എസ് എന്ന പ്രാദേശികനേതാവിന്റെ പിന്തുണയോടെ ചെല്ലമ്മ എന്നും പാര്‍ട്ടിക്കാരിയായി ഉറച്ചുനിന്നു. അടിയന്തരാവസ്ഥക്കാലത്തെ നിയന്ത്രണങ്ങളെ ചെല്ലമ്മ കൊറോണക്കാലവുമായി സാമ്യപ്പെടുത്തുന്നു.അക്കാലത്തു രഹസ്യമായി നടന്ന പാര്‍ട്ടിയുടെ സമരപരിപാടികളൊക്കെ അഭിമാനത്തോടെയാണ് അവര്‍ ഓര്‍ത്തെടുക്കുന്നത്. കുപ്പിച്ചില്ലു പാടത്തു വിതറി സമരക്കാരായ പണിക്കാരെ കീഴ്‌പ്പെടുത്താന്‍ നോക്കിയ ഭൂവുടമകളെക്കുറിച്ചും വെള്ളം ചോദിച്ചു വന്ന പണിക്കൂട്ടത്തില്‍ നിന്നു വിവാഹാലോചന വന്നതും അതു പിന്നീടു വിവാഹത്തിലെത്തിയതുമെല്ലാം ചെല്ലമ്മ ഓര്‍ക്കുന്നു.
ഈ ആഖ്യാനങ്ങളില്‍ ഒക്കെ വയലും കാടും മേടും പുഴയും വഴികളും പൂക്കളും വള്ളികളും ഉണ്ട്. പ്രകൃതിയോടു ചേര്‍ന്ന് കിടക്കുന്ന ജീവിതാഖ്യാനങ്ങള്‍ക്ക് അത് സഹജവും സ്വാഭാവികവും. പ്രകൃതിയിലെ വിളവുകളും അഴകുകളും ഈ പരുക്കന്‍ കൈകളുടെ സൃഷ്ടി. സ്ത്രീ സര്‍ഗാത്മകതയെ കുറിച്ചു ചിന്തിച്ച ആലീസ് വാക്കര്‍ കീഴാളസ്ത്രീകളുടെ സൗന്ദര്യത്മകതയ്ക്കു വരേണ്യ സൗന്ദര്യസങ്കല്പങ്ങളില്‍ നിന്നുള്ള വ്യത്യാസത്തെക്കുറിച്ച് പറയുന്നുണ്ട്. അധ്വാനം ചൂഷണാത്മകമായിരിക്കുമ്പോഴും അതിലെ കലയെ തരിമ്പും അവഗണിക്കുന്നില്ല, അവര്‍. വാഷിംഗ്ടണില്‍ കണ്ട, കുരിശാരോഹണത്തിന്റെ ചിത്രങ്ങളുള്ള, പഴകിയതെങ്കിലും വിചിത്രവും വര്‍ണമനോഹരവുമായ ആ പുതപ്പ് തുന്നിയ അജ്ഞാതയായ കറുത്തവര്‍ഗസ്ത്രീയെക്കുറിച്ചു പറയുമ്പോള്‍ അവര്‍ വികാരാധീനയാകുന്നു. ആരായിരിക്കുമവര്‍? തുണ്ടുതുണികള്‍ ഉപയോഗിച്ചു തുന്നിയ ചിത്രങ്ങള്‍ കൊണ്ടു അലംകൃതമായ ആ പുതപ്പ് ശക്തമായ ഭാവനയുടെയും അഗാധമായ ആത്മീയതയുടെയും കലര്‍പ്പിനെയാണ് വെളിപ്പെടുത്തുന്നതെന്നവര്‍ പറയുന്നു. തനിക്കു സമൂഹമനുവദിച്ച ജീവിതനിലയില്‍ നിന്നുകൊണ്ട് അനുവദനീയമായ മാധ്യമത്തില്‍, ലഭ്യമായ പ്രതലത്തില്‍ അവര്‍ ചിത്രങ്ങള്‍ കോറിയിട്ടു. അവയെല്ലാം തങ്ങളുടെ കലയുടെ മാതൃപാരമ്പര്യത്തെ തന്നെയാണ് ഉദ്‌ഘോഷിക്കുന്നത്.
ഇന്‍ സെര്‍ച്ച് ഓഫ് ഓവര്‍ മദേഴ്‌സ് ഗാര്‍ഡന്‍ എന്ന അവരുടെ കൃതി ഓര്‍ക്കാം. അധ്വാനം അതില്‍ സവിശേഷമാണ്. സ്വച്ഛതയും സ്വാസ്ഥ്യവും അരുളുന്ന ഒരു മുറി - A room of one's own -ന്റെ കല്‍പ്പനയെ അവര്‍ അപനിര്‍മ്മിക്കുന്നു. സ്വന്തമായൊരു ശരീരം പോലും അവകാശപ്പെടാന്‍ ആവാത്ത അടിമദേഹങ്ങള്‍ക്ക് മുറിയില്ല. തുറന്ന ഈ പ്രകൃതിയാണ് അവരുടെ ഇടം. നട്ടു നനച്ചുണ്ടാക്കുന്ന പൂവും കായും വള്ളികളും നെയ്യുന്ന പായ, കുട്ട, വട്ടികളും പാത്രങ്ങളും അവരുടെ സര്‍ഗാത്മകതയുടെ ശേഷിപ്പുകള്‍! ''ചേര്ക്കുണ്ടില്ത്താഴ്ത്തുമീ
കുടുംബബന്ധങ്ങളുടെയും പ്രാദേശികമായ നാട്ടിടവഴികളുടെയും ആരാധനാരീതികളുടെയും തൊഴില്‍ സംസ്‌കാരത്തിന്റെയും ജാതിജീവിതചിത്രങ്ങളായിരിക്കേ തന്നെ ഇവയിലെ ഫോക്‌ലോറിസ്റ്റിക്കായ അംശങ്ങളെ തള്ളിക്കളയാനാവില്ല! കപ്പ തിളപ്പിച്ചും നെല്ലു വറുത്തു കുത്തിയും പഴങ്കഞ്#ിയും ഉണക്കമുള്ളനും ചേര്‍ത്തുള്ള പ്രഭാതഭക്ഷണവുമെല്ലാം ഒരു കാലത്തെ കേരളീയ കീഴാള ജനജീവിതത്തിന്റെ ഹാബിറ്റാറ്റിനെ തന്നെ വരച്ചിടുന്നു. കാപ്പിത്തൊണ്ടു വറകലത്തിലിട്ടു വറുത്തു ജീരകവും ചേര്‍ത്തു പൊടിച്ചെടുക്കുന്ന കാപ്പിപ്പൊടി ചിരട്ടക്കുടുക്കയിലിട്ടു അടുക്കളയുടെ മൂലയില്‍ കെട്ടിത്തൂക്കുന്ന ഒരോര്‍മ, ദൂരെയുള്ള കാളച്ചന്തയിലെ പുല്ലു വില്‍പന, മകരക്കൊയ്ത്തു കഴിഞ്ഞ വിശാലമായ പാടത്തിന്റെ വൈകുന്നേരത്തെ പുതുവെളിച്ചത്തിന്റെ ഉജ്ജ്വലചിത്രം ചക്കി എന്ന കര്‍ഷകസ്ത്രീ പറയുമ്പോള്‍ അക്കാലത്തെ ദൈനംദിനജീവിതസംസ്‌കാരത്തിന്റെ സാമ്പത്തികശാസ്ത്രവും സാമൂഹികസാംസ്കാരികചരിത്രവുമെല്
രണ്ടായിരങ്ങളോടെ മലയാളത്തില്‍ പൊട്ടിപ്പുറപ്പെട്ട ആത്മകഥാപ്രവാഹങ്ങളില്‍ ഏറെയും ദേവകി നിലയങ്ങോടു പോലുള്ള സവര്‍ണപശ്ചാത്തലത്തിലുള്ള സ്ത്രീകളാണ് അടയാളപ്പെട്ടത്. എന്നാല്‍ പതുക്കെപ്പതുക്കേ നിഷേധിക്കാനാവാത്തവിധം മറിയാമ്മച്ചേടത്തിയുടെ എഴുത്തുകളും ജാനു, സെലീനപ്രക്കാനം, അടിയാറു ടീച്ചര്‍, തുടങ്ങിയവരുടെ അനുഭവമെഴുത്തുകളും കടന്നു വന്നു. രജനി പാലാമ്പറമ്പിലിന്റെയും എം. ആര്‍.രാധാമണിയുടെയും രേഖാരാജിന്റെയും ജീവിതാഖ്യാനങ്ങള്‍ മലയാളി സാമാന്യബോധത്തെയും സ്ത്രീവാദചിന്തയെയും പുതുക്കിയെഴുതുന്നവ തന്നെയായിരുന്നു. അതിനൊക്കെ തുടര്‍ച്ചയായാണ് മലയാളത്തിലെ മറഞ്ഞു കിടന്ന മഹത്തായ ഒരു മാതൃപരമ്പരയുടെ പുതുധാരയായി അനാര്‍ഭാടമായ ഈ സ്മൃതിവാങ്മയം വരുന്നത്. രജനിയുടെ കേട്ടെഴുത്തിലൂടെ ചരിത്രത്തില്‍ നിന്നും ഓര്‍മകളില്‍ നിന്നും കൊളുത്തിയെടുത്ത ഈ പുതുവെളിച്ചം തുടര്‍ത്തിരികളിലേക്കു പകരുമാറാകട്ടെ!!
( രജനി പാലാമ്പറമ്പിലിന്റെ പെണ്‍കനല്‍രേഖകള്‍ എന്ന കൃതിക്കെഴുതിയ പഠനം)
(തലക്കെട്ടിനു എം.ആര്‍. രാധാമണിയുടെ 'നിലത്തെഴുത്തുകള്‍' എന്ന കവിതയോടു കടപ്പാട്)
No comments:
Post a Comment