Tuesday, December 28, 2021

യുക്തിവാദവും സ്ത്രീയവബോധവും കുറ്റിപ്പുഴയില്‍



കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ രചനകളിലെ യുക്തിവാദം എങ്ങനെ സ്ത്രീവാദത്തെ മുന്നോട്ടുവെയ്ക്കുന്നു അഥവാ അദ്ദേഹത്തിന്റെ സ്ത്രീകാഴ്ച്ചപ്പാടിനെ രൂപീകരിക്കുന്നതില്‍ യുക്തിവാദം ഇടപെട്ടതെങ്ങനെ എന്നു പ്രാഥമികതലത്തില്‍ നിന്നുകൊണ്ട് അന്വേഷിക്കാനാണ് ഈ ലഘുപ്രബന്ധം ശ്രമിക്കുന്നത്. കുറ്റിപ്പുഴ എഴുതിയ ഏഴോ എട്ടോ ചെറു ഉപന്യാസങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ അന്വേഷണം നടത്തുന്നത്. 

1900 ല്‍ ജനിച്ച് 1971 ല്‍ മരിച്ചുപോയ അദ്ദേഹം കേരളത്തിന്റെ തദ്ദേശീയമായ സാമൂഹികനവോത്ഥാനപരിഷ്‌കരണശ്രമങ്ങളില്‍ നിന്നും ധൈഷണികമായ ഊര്‍ജ്ജം സ്വരൂപിക്കുകയും പില്‍ക്കാലത്ത് കൂടുതല്‍ സാര്‍വലൗകികമായ സാമൂഹികകാഴ്ച്ചപ്പാടുകളിലേക്ക് തന്റെ പുരോഗമനചിന്തയെ ചേര്‍ത്തുവെയ്ക്കുകയുമാണ് ചെയ്തത്. ലോകരാഷ്ട്രങ്ങളുടെ വികാസത്തിലും ചലനങ്ങളിലും താല്പര്യപൂര്‍വം ശ്രദ്ധിച്ചുകൊണ്ടാണ് ഈ സാര്‍വലൗകികവീക്ഷണത്തെ അദ്ദേഹം സ്വരൂപിക്കുന്നത്. സാര്‍വലൗകികമായ തലത്തിന്  അക്കാലത്തെ സാമൂഹികചിന്തകളില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കുറ്റിപ്പുഴയുടെ ചിന്താഘടനയില്‍ അക്കാലത്തെ ബുദ്ധിജീവിവിഭാഗം പൊതുവേ ഉയര്‍ത്തിപ്പിടിച്ചിരുന്ന സാര്‍വദേശീയത, സമഗ്രത തുടങ്ങിയ ഘടകങ്ങളുടെ ബാധ ഏറെയുണ്ടായിരുന്നു. കമ്യൂണിസ്റ്റ് റഷ്യയോട് സവിശേഷമായുള്ള ആരാധന കുറ്റിപ്പുഴ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. യുക്തിവാദം ഒരു തത്വചിന്ത എന്നതിലുപരി സമഗ്രവും മാതൃകാപരവുമായ ആശയമണ്ഡലമായും പ്രവര്‍ത്തനപദ്ധതിയായും അദ്ദേഹം ഉയര്‍ത്തിക്കാണുന്നുണ്ട്. 
തൊണ്ണൂറുകളോടെയാണ് കേരളീയസമൂഹത്തില്‍ സ്ത്രീവാദവീക്ഷണത്തിന്റെ അടിസ്ഥാനധാരണകള്‍ വേരുറപ്പിക്കുന്നത്. പാശ്ചാത്യ ധൈഷണികതയിലൂന്നിയ സാംസ്‌കാരികവിമര്‍ശനത്തെ ഉപയോഗിച്ചുകൊണ്ടാണതു വളര്‍ന്നതെങ്കിലും തദ്ദേശീയമായ ഒരു ജ്ഞാനമണ്ഡലവും പാരമ്പര്യവും സ്ത്രീവാദത്തിന്റേതായി സ്വരൂപിച്ചെടുക്കാന്‍ സ്ത്രീപക്ഷചരിത്രകാരികള്‍ ശ്രമിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദങ്ങളോടെ ആരംഭിച്ച് 1930 കളോടെ സജീവമായ ആ ധാരയെ മുന്‍നിര്‍ത്തി കേരളത്തിന്റെ നവോത്ഥാനപരിഷ്‌കരണശ്രമങ്ങളെ പുനര്‍വിചാരണ ചെയ്യാനും സ്ഥാനപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഇന്നും നടക്കുന്നുണ്ട്. സ്ത്രീകളെ പരിഷ്‌കരണത്തിന്റെ ഉപാധികളോ വസ്തുക്കളോ ആക്കി നിലനിര്‍ത്തുന്ന മട്ടിലുള്ള ഒരു പദ്ധതിയായതു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും സ്ത്രീകളുടെ വൈയക്തികവും സാമൂഹികവുമായ സാമൂഹികനിര്‍വഹണക്ഷമതയും സ്വത്വവാഞ്ഛകളും അടക്കിയൊതുക്കിക്കൊണ്ടുമാണ് പുരോഗമനപുരുഷ നേതൃത്വം മുന്നേറിയത്. രാജീവ് ചേലനാട്ടിനെപ്പോലുള്ളവര്‍ വി.ടിയെക്കുറിച്ചെഴുതിയതു വായിക്കുമ്പോള്‍ ഇതു തെളിച്ചത്തോടെ മറനീക്കുന്നുണ്ട്.  (http://rajeevechelanat.blogspot.com/2012/10/blog-post.html) വി.ടി.യുടെ കുടുംബത്തിലെ തന്നെ ഉമാദേവി അന്തര്‍ജ്ജനത്തോടും അവരുടെ വിജാതീയവിവാഹത്തിലുണ്ടായ മകനോടും പുലര്‍ത്തിയ നിലപാടുകളുടെ വെളിച്ചത്തില്‍ വി.ടി.യിലെ പുരോഗമനനിലപാടുകളുടെ വിള്ളലുകളെ രാജീവ് വിശദമാക്കുന്നു. പുരുഷപുരോഗമനത്തിന്റെ നേതൃകേന്ദ്രങ്ങള്‍ കീഴാളസമരങ്ങളുടെ നേര്‍ക്കു കാണിച്ചിരുന്ന പ്രമാണിത്തങ്ങളും ചരിത്രവിശകലനങ്ങളില്‍ മരനീക്കിത്തുടങ്ങിയിട്ടുണ്ട്. രക്ഷാകര്‍തൃസ്വഭാവത്തോടുകൂടിയ പുരോഗമനപരിഷ്‌കരണകേന്ദ്രങ്ങളുടെ നോട്ടത്തില്‍ കീഴാളര്‍ക്കും സ്ത്രീകള്‍ക്കും നിര്‍വഹണശേഷിയില്ല.  അവര്‍ക്കുവേണ്ടി പൊരുതാനും നിലപാടെടുക്കാനും ഉള്ള അവകാശം തങ്ങള്‍ക്കാണ് എന്നവര്‍ വിശ്വസിക്കുന്നു. വൈക്കം സത്യാഗ്രഹം പോലുള്ള പ്രക്ഷോഭങ്ങളുടെ പലസമരഘങ്ങളിലും കീഴാളര്‍ മാറ്റിനിര്‍ത്തിയതിനെ സംബന്ധിച്ചും ചരിത്രസ്മരണകള്‍ തെളിവു നല്‍കുന്നു. പറഞ്ഞുവരുന്നത് ബുദ്ധിപരവും പ്രായോഗികവുമായ മണ്ഡലങ്ങളില്‍ കീഴാളരുടെയും സ്ത്രീകളുടെയും  ഏജന്‍സിയെ റദ്ദുചെയ്തുകൊണ്ടുള്ള ഈ മേധാവിത്വനില പ്രശ്‌നഭരിതമാണെന്നാണ്. പരിധികള്‍ക്കു വിധേയമായ സ്ത്രീ, കീഴാളസ്വത്വങ്ങളെ സംബന്ധിച്ചിടത്തോളം നേതൃപദവികള്‍ക്കു കീഴ്‌പ്പെട്ടുകൊണ്ടേ തങ്ങളുടെ വിമോചനകാഴ്ച്ചപ്പാടുകളെ ചലിപ്പിച്ചെടുക്കാനാവുമായിരുന്നുള്ളു. അല്ലാത്തവ പലപ്പോഴും അവഗണിക്കപ്പെടുകയോ റദ്ദു ചെയ്യപ്പെടുകയോ  ചെയ്തു പോന്നു. 

ഇങ്ങനെ നോക്കുമ്പോള്‍ സമുദായപരിഷ്‌കരണം പുരുഷനെയാണ് ഒരു യഥാര്‍ത്ഥപരിഷ്‌കര്‍ത്താവിന്റെ രൂപത്തില്‍ സ്വരൂപിക്കുന്നത് എന്നു കാണാം. ഉയര്‍ന്ന വിദ്യാഭ്യാസം, തൊഴില്‍ പരിചയം, ആധുനിക സാമൂഹികമണ്ഡലങ്ങളും രാഷ്ട്രീയമണ്ഡലങ്ങളും മറ്റുമായുള്ള ഇടപഴകല്‍  ഒക്കെ സ്ത്രീയെ അപേക്ഷിച്ച് പുരുഷനാണുള്ളത്. സ്വാഭാവികമായും പുരോഗമനത്തിന്റെയും പരിഷ്‌കരണത്തിന്റെയും അളവുകോലുകള്‍ നിര്‍ണയിക്കപ്പെടുക പുരുഷമുന്‍കൈയിലാണ്. അതോടൊപ്പം പരിഷ്‌കരിക്കപ്പെടേണ്ട അസംസ്‌കൃതര്‍ എന്ന നിലയക്ക് സ്ത്രീവര്‍ഗം ക്രമീകരിക്കപ്പെടുന്നു. ഡോ.ജോ.ദേവിക എഴുതുന്നു,: 'പാരമ്പര്യത്തിന്റെ ഭാരം മൂലം ശ്വാസം മുട്ടുന്ന, അവശകളായ സ്ത്രീകളെ രക്ഷപ്പെടുത്തി ആധുനികതയുടെ തുറന്ന ഇടങ്ങളിലെത്തിക്കുക എന്ന മഹത്തായ ദൗത്യം- പരിഷ്‌കര്‍ത്താവിന്റെ ഭാരം- പുരുഷനാണ് ന്ല്‍കപ്പെട്ടത്. സ്ത്രീയുടെ മോശപ്പെട്ട നിലയുടെ വിവരണം അവള്‍ക്കു സ്വയംനിര്‍ണയം സാദ്ധ്യമേയല്ല എന്നു പറയുന്നിടത്തേക്കു വരെ എത്തി. ഇരയക്കു സ്വന്തം കാര്യം പറയാനാവില്ലെന്നതു വരെ; അല്ലെങ്കില്‍ മര്‍ദ്ദിതനില സ്വാഭാവികമായും നിഷ്‌ക്രിയതയ്ക്കു വഴിയൊരുക്കും എന്ന മട്ടില്‍ ഇതാകട്ടെ ആധുനികപുരുഷനെ പരിഷ്‌കര്‍ത്താവിന്റെ നിര്‍ണായകസ്ഥാനത്തു ബലപ്പെടുത്തി. (പുറം,38, കേരളം, ലൈംഗികത, ലിംഗനീതി എഡി. കെ.എം.വേണുഗോപാലന്‍) 

മലയാളത്തിന്റെ സാംസ്‌കാരികമണ്ഡലത്തില്‍ പരിഷ്‌കര്‍ത്താവായ ആധുനികപുരുഷന്റെ പാരമ്പര്യം വളരെ ശക്തമാണ്, ആ നിര വളരെ നീണ്ടതുമാണ്. ധൈഷണികമണ്ഡലത്തില്‍ വ്യവഹരിച്ചിരുന്ന ഏതൊരാള്‍ക്കും ആ കണ്ണികളിലൊന്നായി തുടരാന്‍ കഴിയുമായിരുന്നു. കുറ്റിപ്പുഴ വ്യത്യസ്തനായിരുന്നില്ല. തന്റെ ചിന്തയുടെയും ആശയമണ്ഡലത്തിന്റെയും അദ്ദേഹം കണ്ടത് യുക്തിവാദത്തെയാണ്. അതിലൂന്നി നിന്നുകൊണ്ട് മതത്തെയും കുടുംബത്തെയും സ്ത്രീയുടെ വികാസത്തെയും നോക്കിക്കാണുന്ന ഒരു രീതിശാസ്ത്രമാണ് പൊതുവേ അദ്ദേഹം സ്വീകരിച്ചത്. സാമ്പത്തികവും സാമൂഹികവുമായ കാര്യകാരണങ്ങള്‍ക്കകത്ത് സ്ത്രീയുടെ കീഴായ്മയെ പ്രതിഷ്ഠിച്ചുകൊണ്ടുള്ളതും ഉദാരമാനവവാദപരവുമായ വിശകലനരീതിയാണ് അദ്ദേഹം ഉപയോഗിച്ചത്. താന്‍ ആരാധിച്ചിരുന്ന നവോത്ഥാനനായകരും വിശ്വസാഹിത്യകാരന്മാരുമായ വോള്‍ട്ടയര്‍, ചെഖോവ്, ബര്‍ണാഡ് ഷാ, ട്രോട്‌സ്‌കി, നെഹ്‌റു, ലെനിന്‍, മാര്‍ക്‌സ് എന്നിവരെല്ലാം മുന്നോട്ടുവെച്ചിരുന്ന സാര്‍വലൗകികത, സാര്‍വകാലികത തുടങ്ങിയ മൂല്യസങ്കല്പങ്ങളിലും ഈ വിചാരഗതിക്കു പങ്കുണ്ടായിരുന്നു. 

മേല്‍ സൂചിപ്പിച്ചതുപോലെ ഭൗതികവാദനിഷ്ഠമായ ലോകവീക്ഷണത്തിനകത്ത്  സ്ത്രീയുടെ പാരതന്ത്ര്യത്തിനു പിന്നില്‍ സാമ്പത്തികസാമൂഹികകാരണങ്ങള്‍ നിരത്തുന്നതിനു പിന്നില്‍ യുക്തിയാണ് അദ്ദേഹത്തില്‍ പ്രേരണ ചെലുത്തുന്നത്. സ്ത്രീവിമോചനത്തിന്റെ യുക്തിയെ പൊതുമണ്ഡലപ്രവേശനത്തിലേക്കുള്ള പരിധിവിടാത്തതും പ്രാഥമികവുമായ ഒരു ലിബറല്‍ ആഹ്വാനമായാണ് അദ്ദേഹം സ്വരൂപിക്കുന്നത്. അവര്‍ ചരിത്രപരപരമായി അനുഭവിക്കുന്ന ഗാര്‍ഹിക അടിമത്തത്തിന്റെയോ ലൈംഗികപാരതന്ത്ര്യത്തിന്റെയോ ഉള്ളടക്കത്തില്‍ നിന്നുകൊണ്ട് സ്ത്രീപ്രശ്‌നത്തെ സമീപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അത്തരം കീഴായ്മയുടെ അടിത്തട്ടില്‍ നിന്നു വരുന്ന ഭാവനാപരമായ ആവിഷ്‌കാരങ്ങള്‍ക്കുള്ള വിധ്വംസകമായ സാധ്യതകളെ ഭാവനചെയ്യാന്‍ കുറ്റിപ്പുഴയ്ക്കു കഴിയാത്തതും നടപ്പു മാനവികതാവാദത്തിന്റെ ബാധയാല്‍ത്തന്നെയാണ്. 'അന്യ'ത്തിന്റെ വിമോചനമെന്ന പുരോഗമനഭാരം മാത്രമായതു നിലകൊള്ളുന്നതെങ്ങനെയാണ്. കേരളത്തിന്റെ പുരോഗമന നവോത്ഥാനപാരമ്പര്യത്തില്‍ പ്രബലമായ ഒരു ദിശയാണ്, മുകളില്‍ നിന്നും താഴേയ്ക്കുള്ള ഈ നോട്ടം. 

ജെന്നിയും ഹൈപേഷ്യയും 
മാര്‍ക്‌സിന്റെ സഹധര്‍മിണി എന്ന ലേഖനം പ്രത്യേകമായി എടുത്തു പരിശോധിച്ചാല്‍ മേല്‍പ്പറഞ്ഞ അന്യത്തിന്റെ നിഴല്‍  കാണാന്‍ കഴിയും.  ഏറെ  പ്രകീര്‍ത്തിച്ചു കൊണ്ടും മഹത്വവല്‍ക്കരിച്ചുകൊണ്ടും ജെന്നിയെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്നു എന്നു പ്രത്യക്ഷത്തില്‍ പ്രതീതി ജനിപ്പിക്കുന്ന ഈ ലേഖനം സമകാലികവായനയില്‍  സ്ത്രീവിരുദ്ധതയുടെ അംശങ്ങള്‍ ഏറെ നിറഞ്ഞതാണ്. ലേഖനത്തിന്‍രെ തലക്കെട്ട്- 'മാര്‍ക്‌സിന്റെ സഹധര്‍മിണി'-  തന്നെ ഈ വൈരുദ്ധ്യത്തെ നേരിട്ടു പ്രതിഫലിപ്പിക്കുന്നതാണ്.  ജെന്നിയുടെ പേര് പരാമര്‍ശിക്കാതിരിക്കുന്നു എന്നതിനേക്കാള്‍ സഹധര്‍മിണി എന്ന പരമ്പരാഗതവും അടഞ്ഞതുമായ സ്വത്വഘടനയില്‍ നിര്‍വചിക്കാനുള്ള ശ്രമമായി ഈ തലക്കെട്ടിനെ വ്യാഖ്യാനിക്കാന്‍ കഴിയും. മാര്‍ക്‌സിന്റെ മഹത്വത്തെ ഉടനീളം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രസ്തുത ഉപന്യാസത്തില്‍ ജെന്നിയുടെ ത്യാഗമനസ്‌കതയാണ് കുറ്റിപ്പുഴ എടുത്തു പറഞ്ഞ് സ്തുതിക്കുന്നത്. ഭര്‍തൃപരിചരണം എന്ന ചിരപുരാതനവും പരമ്പരാഗതവുമായ ഘടകത്തിലാണ് അദ്ദേഹം ഇവിടെ ഊന്നുന്നത്. ഗ്രന്ഥരചനയില്‍ മാര്‍ക്‌സിനെ സഹായിക്കുന്നത് ഭര്‍തൃപരിചരണമായി വ്യാഖ്യനിക്കുകയാണ് ഇവിടെ. ബുദ്ധിപരമായ ഒരു പ്രവര്‍ത്തിയിലെ പങ്കാളിത്തത്തെ ചുരുക്കിക്കെട്ടി ജെന്നിയെ വെറും ഒരു കുടുംബിനി എന്ന നിലയിലേക്കു പരിമിതയാക്കിത്തീര്‍ക്കുകയാണ് ഈ വിശേഷണം. അതേ സമയം അവര്‍ വളരെ മഹതിയാണെന്നു പ്രകീര്‍ത്തിക്കുന്നു. എന്നാല്‍ ജെന്നിയുടെ സ്വതന്ത്രമായ വ്യക്തിത്വം, അഭിരുചികള്‍,കഴിവുകള്‍ നിലപാടുകള്‍ ഇവിടെ പരാമര്‍ശിക്കപ്പെടുന്നുമില്ല. പുരുഷന്റെ റഫറന്‍സ് പോയിന്റില്‍ നിര്‍ത്തിക്കൊണ്ട് സ്ത്രീയുടെ വ്യക്തിത്വത്തെ വരച്ചിടുന്നതിന്റെ അരാഷ്ട്രീയപരിമിതികളാണിവിടെയുള്ളത്. ' തന്റെ ഭര്‍തൃപരിചരണം മഹത്തായ ലോകസേവനമായി വികസിക്കുമെന്ന് അവര്‍ കണ്ടു.' എന്നദ്ദേഹം എഴുതുന്നുണ്ട്. സ്ത്രീയുടെ സ്വതന്ത്രവ്യക്തിത്വത്തെക്കുറിച്ചും ലോകസേവനത്തെക്കുറിച്ചും അദ്ദേഹം വെച്ചു പുലര്‍ത്തിയിരുന്ന നിലപാടുകളുടെ സങ്കുചിതത്വങ്ങളെയാണ് ഇതെടുത്തു കാണഇക്കുന്നത്. കുടുംബത്തിലെ സഹനമൂര്‍ത്തിയായ ദേവത എന്ന ഒരു ബിംബവല്‍ക്കരണത്തിനു മുതിര്‍ന്നുകൊണ്ട് സ്ത്രീയെ സംബന്ധിച്ച ത്യാഗമൂര്‍ത്തിയായ 'നല്ല സ്ത്രീ'യായി ജെന്നിയെ വിശദീകരിക്കുകയാണിവിടെ. 

സ്ത്രീയുടെ സ്വതന്ത്ര്യവ്യക്തിത്വത്തെകുറിച്ചും ലോക സേവനത്തെക്കുറിച്ചും അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്ന നിലപാടുകളുടെ സങ്കുചിതത്വയാണ് ഇതെടുത്തു കാണിക്കുന്നത്.  കുടുംബത്തിലെ സഹനമൂര്‍ത്തിയായ ദേവത എന്ന ഒരു ബിംബവല്‍ക്കരണത്തിനു മുതിര്‍ന്നുകൊണ്ട് സ്ത്രീയെ സംബന്ധിച്ച് ത്യാഗമൂര്‍ത്തിയായ നല്ല സ്ത്രീ എന്ന ഒരു ചിത്രം വരച്ചിട്ടുണ്ട്. സാന്ദര്‍ഭികമായി കേരളത്തിലെ സ്ത്രീവാദചര്‍ച്ചകളില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു നിരീക്ഷണവുമായി ഇതിനെ ചേര്‍ത്തുവെയ്ക്കാം.  ഏതാണ്ട് ഒരേ കാലത്ത് എഴുതപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭാര്യ ബി. കല്ല്യാണിയമ്മ എഴുതിയ 'വ്യാഴവട്ടസ്മരണ'കളും കൊച്ചോട്ടില്‍ കല്യാണിക്കുട്ടിയമ്മയുടെ 'ഞാന്‍ കണ്ട യൂറോപ്പും' തമ്മിലുള്ള താരതമ്യമാണത്.  വ്യാഴവട്ടസ്മരണകള്‍ വളരെയധികം സ്വീകരിയ്ക്കപ്പെട്ടപ്പോള്‍ ഞാന്‍ കണ്ട യൂറോപ്പ് പല പ്രമുഖരാലും പരിഹസിക്കപ്പെട്ടു.  ബഹുമാന്യനായ ഭര്‍ത്താവിനെ സ്തുതിച്ചും അദ്ദേഹത്തെകുറിച്ചുള്ള ബഹുമാനം കലര്‍ന്ന സ്മരണകള്‍ പങ്കുവെച്ചും എഴുതുന്നതിന്റെ ആഖ്യാനകേന്ദ്രത്തില്‍ വിനയാന്വിതയായ സ്ത്രീയാണ്.  മറ്റേതില്‍ ഭര്‍തൃസാമിപ്യമില്ലാതെ അപരിചിതരോടൊപ്പം സാഹസികമായി വൈദേശികയാത്ര നടത്തിയ സ്ത്രീയാണുള്ളത്.  തന്റേടിയും തന്നിഷ്ടക്കാരിയുമെന്ന് എളുപ്പത്തില്‍ വിളിക്കാവുന്ന ഒരുവള്‍. പോരാത്തതിനു കൊച്ചോട്ടില്‍ കല്യാണഇക്കുട്ടിയമ്മ ജനനനിയന്ത്രണത്തിനുവേണ്ടി വാദിക്കുന്ന ഒരാളെന്ന നിലയിലും അപഹസിക്കപ്പെട്ടിരുന്നു.  

മറ്റൊരു ലേഖനമായ 'ഹൈപേഷ്യ'യുമായി ചേര്‍ത്തുവെച്ച് താരതമ്യം ചെയ്യുന്നതിലൂടെ യുക്തിവാദി എന്ന നിലയില്‍ സ്ത്രീയ്ക്ക് കുടുംബത്തിനകത്തുള്ള തുല്യനിലയേക്കാള്‍ സ്ത്രീയുടെ മതവിര്‍ശനത്തെ എത്ര പ്രധാനമായാണ് അദ്ദേഹം കണ്ടതെന്നു മനസ്സിലാക്കാം.  1963-ല്‍ ആണ് ഈ ലേഖനം എഴുതുന്നത്.  ജെന്നിയെകുറിച്ചുള്ള ലേഖനത്തിന്റെ നേര്‍വിപരീത നിലയില്‍ ഒരു സ്വതന്ത്രചിന്തക എന്ന നിലയ്ക്കാണ് അവരെ അവതരിപ്പിക്കുന്നത്.  ശാസ്ത്രചിന്തകയും വിദൂഷികയുമായ ഹൈപേഷ്യയ്‌ക്കെതിരെ തിരിഞ്ഞ മതഭ്രാന്ത് എത്രമാത്രം നിഷ്ഠൂരവുമാണ് എന്നതിലാണ് ആ ലേഖനത്തിന്റെ ഊന്നല്‍.  ഹൈപേഷ്യയുടെ ആരാധകരെകുറിച്ചും അവരില്‍ അനുരക്തരായ ശിഷ്യഗണങ്ങളെകുറിച്ചും പറയുമ്പോള്‍ ഹൈപേഷ്യയുടെ വ്യക്തിപ്രഭാവത്തിലാണ് എഴുത്തിന്റെ ഊന്നല്‍.  ഗണിതശാസ്ത്രപണ്ഡിതയായ അവര്‍ ക്രിസ്തുമതത്തില്‍ വിശ്വസിച്ചിരുന്നില്ല.  മതത്തില്‍ വിള്ളലുണ്ടാക്കി എന്നാരോപിച്ച് അവര്‍ ആക്രമിക്കപ്പെട്ടു.  കുത്തിക്കീറി തൊലിയുരിച്ച് ഇഞ്ചിഞ്ചായി കൊന്ന് ശവം തുണ്ടുകളായി മുറിച്ച് തീയിട്ടു കരിച്ചുകളഞ്ഞു എന്ന മട്ടില്‍ എഴുതുമ്പോഴും മതഭ്രാന്തിന്റെ നൃശംസതയെ കുറിച്ചാണദ്ദേഹം എഴുതുന്നത്.  മതചിന്തകള്‍ക്കെതിരായ യുക്തിവാദ കാഴ്ചപ്പാടാണ് ഇവിടെ പ്രമുഖമായി നില്‍ക്കുന്നത്.  

ജനനനിയന്ത്രണവും സ്ത്രീയുടെ ഏജന്‍സിയും
ജനനനിയന്ത്രണത്തെകുറിച്ച് കുറ്റിപ്പുഴ 1962-ല്‍ എഴുതിയ ലേഖനം സാമ്പത്തികശേഷിയില്‍ അമിതമായ ഊന്നല്‍ കൊടുത്ത് എഴുതിയതാണ് കാണുന്നത്.  പട്ടിണി, തൊഴിലില്ലായ്മ, ദാരിദ്ര്യം, വികസനം ഈ മേഖലകളെ സ്പര്‍ശിച്ചുമാത്രം ജനനനിയന്ത്രണത്തെകുറിച്ചെഴുതുകയാണ് കുറ്റിപ്പുഴ ചെയ്തത്. മാര്‍ക്‌സിയന്‍ ഭൗതികവാദത്തിന്റെ ഉപരിപ്ലവതലത്തിലുള്ള സ്വാധീനമായിതിനെ ആരോപിക്കാന്‍ കഴിയും. എന്നാല്‍ ജനനനിയന്ത്രണം എത്രമാത്രം സ്ത്രീകളുടെ പൗരത്വവുമായും കര്‍തൃത്വശേഷിയുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നത് സ്ത്രീവാദികള്‍ എത്രയോ വാദിച്ചിട്ടുണ്ട്.  അതേപോലെ പെരിയോര്‍ ഇ.വി.രാമസ്വാമിയെപ്പോലുള്ളവര്‍ വളരെ വിധ്വംസകമായ രീതിയില്‍ ഇക്കാര്യത്തെകുറിച്ച് അതേ കാലത്തു തന്നെ തുറന്നെഴുതിയിട്ടുണ്ട്.  അന്നചാണ്ടി, കെച്ചോട്ടില്‍ കല്യാണിക്കുട്ടിയമ്മ തുടങ്ങി അനേകം സ്ത്രീവാദികള്‍ ഈ വിഷയം ഉന്നയിച്ചു പൊതുവേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്.  

സ്ത്രീകളുടെ ഗാര്‍ഹികവും കുടുംബപരവുമായ ചുമതലകളെ ഇരട്ടിപ്പിക്കുകയും അവരുടെ ആരോഗ്യത്തെയും സര്‍ഗാത്മകതയെയും പ്രതികൂലമായി സ്വാധീനിക്കുകയും ചെയ്യുന്ന അടിക്കടിയുള്ള പ്രസവം ഒരു വലിയ പ്രതിസന്ധിതന്നെ എന്ന് 1950 കളോടെ പല സ്ത്രീ എഴുത്തുകാരും ഉന്നയിച്ചുപോന്നിരുന്നു.  ഇ.വി. രാമസ്വാമി നായ്ക്കനാര്‍ സ്ത്രീകള്‍ക്കു വിമോചനം കിട്ടുന്നതിന് ഇപ്പോള്‍ ആണുങ്ങളേക്കാള്‍ തടസ്സം പെണ്ണുങ്ങള്‍ തന്നെയാണെന്ന് കുറ്റപ്പെടുത്തുന്നു.  എന്തെന്നാല്‍ ഇനിയും തങ്ങള്‍ പൂര്‍ണ്ണവിമോചനത്തിന് അര്‍ഹരായവരാണെന്ന് ബോധമേ സ്ത്രീകള്‍ക്കില്ല എന്നദ്ദേഹം പറയുന്നു.  തങ്ങളുടെ സ്വാഭാവികസ്വാഭാവങ്ങളുടെ സവിശേഷത തന്നെ ഈശ്വരന്‍ തങ്ങളെ ആണുങ്ങളുടെ അടിമകളാക്കി  സൃഷ്ടിച്ചതിന്റെ സൂചനയാണെന്ന് അവര്‍ കരുതി വരുന്നു.  എങ്ങനെയെന്നാല്‍ പെണ്ണില്ലെങ്കിലും ആണുങ്ങള്‍ക്കും ജീവിക്കാം; എന്നാല്‍ ആണില്ലെങ്കില്‍ പെണ്ണിനു ജീവിക്കാന്‍ കഴിയില്ലെന്ന് ഓരോ പെണ്ണും വിശ്വസിക്കുന്നു.  എന്താണ് അവര്‍ അങ്ങനെ വിശ്വസിക്കുന്നതിനു കാരണം ? പെണ്ണുങ്ങള്‍ക്ക് പ്രസവം എന്ന ഒരു സൊല്ലയുണ്ട്.  ആ സൊല്ല കാരണമായി തങ്ങള്‍ക്ക് ആണുങ്ങളില്ലാതെ ജീവിക്കാന്‍ കഴിയും എന്നത് വിശ്വസിക്കാന്‍ കഴിയാത്തവരായിരിക്കുന്നു.  ആണുങ്ങള്‍ക്ക് ആ തൊന്തരവില്ലാത്തതിനാല്‍ പെണ്ണുങ്ങളില്ലാതെ തങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയും എന്നവര്‍ക്ക് പറയാന്‍ സാധിക്കുന്നു.  പ്രസവം എന്ന സൊല്ല കാരണം സ്ത്രീകള്‍ക്ക് അന്യരുടെ സഹായം ആവശ്യമായി വരുന്നു.  അവിടെയാണ് ആണുങ്ങളുടെ ആധിക്യം നിലനില്‍ക്കുന്നതും.  അതുകൊണ്ട് യഥാര്‍ത്ഥമായ സ്ത്രീവിമോചനത്തിന് പ്രസവം എന്ന സൊല്ല അടിയോടെ ഒഴിയണം.  അത് ഒഴിയാതെ ശമ്പളം കൊടുത്ത് പുരുഷനെ നിയമിച്ചാലും സ്ത്രീകള്‍ക്ക് സാമാന്യമായി പറഞ്ഞാല്‍ യഥാര്‍ത്ഥ വിമോചനം കിട്ടാന്‍ സാധ്യതയില്ലന്ന് പറയേണ്ടിയിരിക്കുന്നു.പെണ്ണുങ്ങള്‍ പ്രസവം  നിര്‍ത്തിയാല്‍ ലോകം അഭിവൃദ്ധിപ്പെടുകയില്ല; മനുഷ്യവര്‍ഗം നിലനില്‍ക്കുകയില്ല എന്ന് ധര്‍മന്യായം പറയാന്‍ ചിലര്‍ മുന്‍വന്നേക്കും.  ലോകം അഭിവൃദ്ധിപ്പെടാതിരുന്നാല്‍ പെണ്ണുങ്ങള്‍ക്കെന്താണ് നഷ്ടം? മനുഷ്യവര്‍ഗം വര്‍ദ്ധിക്കാതിരുന്നാല്‍ പെണ്ണുങ്ങള്‍ക്ക് എന്താപത്താണ് ഏര്‍പ്പെടുക? ഇങ്ങനെ പോകുന്നു പെരിയോരുടെ വാദഗതികള്‍.

എന്നാല്‍ കുറ്റിപ്പുഴയോ? സ്ത്രീകളെ പ്രസവയന്ത്രങ്ങളാക്കരുതെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുകയല്ലാതെ ജനനനിയന്ത്രണം ഏതെല്ലാം വിധത്തിലാണ് സ്ത്രീയുടെ സാമൂഹികമായ നിര്‍വഹണക്ഷമതയെ സ്വാധീനിക്കുന്നതെന്ന് കുറ്റിപ്പുഴ അന്വേഷിക്കുന്നില്ല.  അതിനു പകരം ജനപ്പെരുപ്പം എന്ന ഘടകത്തിന്റെ ആശയപരമായ വ്യാപ്തികളിലേക്കും അതിന്റെ ദുരന്തങ്ങളിലേക്കും ധാര്‍മികമായ ഒരവലോകനം നടത്തുകയാണദ്ദേഹം ചെയ്യുന്നത്.  ഇതൊരു സവിശേഷരീതിയിലുള്ള  സ്ത്രീപ്രശ്‌നമായി മാറാത്തതിനുപിന്നില്‍ അടിയുറച്ചുപോയ ഭൗതികവീക്ഷണത്തിലധിഷ്ഠിതമായ യുക്തിവാദമായിരിക്കണം കാരണം.  

1930കളില്‍ തിരുവിതാകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍ ജനനനിയന്ത്രണം വലിയ ചര്‍ച്ചകളെ ക്ഷണിച്ചു വരുത്തിയിരുന്നു.  1935 ല്‍ തിരുവനന്തപുരത്ത് ഒരു അഖിലേന്ത്യാ സ്ത്രീസമ്മേളനം നടന്നു.  അവിടെ കൊച്ചോട്ടില്‍ കല്യാണിക്കുട്ടിയമ്മ ഗര്‍ഭനിരോധനത്തിനായി ശക്തമായി വാദിച്ചു.  അതേ തുടര്‍ന്ന് മാധ്യമങ്ങള്‍ അവര്‍ക്കുനേരെ ആക്ഷേപങ്ങള്‍ ചൊരിയുകയും ചെയ്തു. (ജെ. ദേവിക, കല്പനയുടെ മാറ്റൊലി).  സ്ത്രീപുരുഷസമത്വത്തിനുള്ള ചില പ്രതിബന്ധങ്ങള്‍ എന്ന ലേഖനത്തില്‍ അവര്‍ എഴുതുന്നു: 'ഏതൊരു സ്ത്രീക്കും സന്താനനിയന്ത്രണത്തില്‍ പൂര്‍ണ്ണമായ അറിവു ലഭിക്കാന്‍ സൗകര്യമുണ്ടാവണം.  നിയന്ത്രണം, കൃത്രിമോപകരണങ്ങളെക്കൊണ്ടോ അണുസംയോജനംകൊണ്ടോ എങ്ങനെയുമാകട്ടെ, തങ്ങളുടെ ജീവിതത്തെ നിശ്ചിതമായ ഒരു  പ്ലാനനുസരിച്ച് നിയന്ത്രിച്ച് പുരുഷന്‍മാരെപ്പോലെ നിര്‍വിഘ്‌നമായി പൗരകൃത്യം നിര്‍വഹിക്കുന്നതിന് അവിചാരിതമായ ഗര്‍ഭധാരണം വലിയ തടസ്സമാണ്.  അമ്മമാര്‍ തന്നയാണ് കുട്ടികളുടെ എണ്ണം നിര്‍ണയിക്കേണ്ടത്.  'സ്ത്രീ തൊട്ടില്‍ നിറച്ചാല്‍ തനിക്ക് ലോകം കീഴടക്കാം' എന്ന വിചാരമാണ് .  ഹിറ്റ്‌ലറെയും മുസ്സോളിനിയെയും സന്താനത്തുകയനുസരിച്ച് മാതാപിതാക്കന്മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുവാന്‍ പ്രേരിപ്പിക്കുന്നത്.'  പുറം 198. (കല്പനയുടെ മാറ്റൊലി) പെരിയോരുടെയും കല്യാണിക്കുട്ടിയമ്മയുടെയും കാഴ്ച്ചപ്പാടുകളുമായി ചേര്‍ത്തുവെച്ചു പരിശോധിക്കാന്‍ വേണ്ടിയാണ് ഇരുവരുടെയും വാദഗതികളെ ഇവിടെ വിശദമായി ഉദ്ധരിച്ചത്.

ഡോ. ജെ. ദേവികയുടെ കുടുംബാസൂത്രണം സംബന്ധിച്ച പഠനത്തില്‍ (മലയാളിയുടെ ലൈംഗിക വിപ്‌ളവവും കുടുംബാസൂത്രണവും കേരളത്തില്‍, പുറം 33, (കേരളം, ലൈംഗികത, ലിംഗനീതി).  60കളിലെ തീവ്ര കുടുംബാസൂത്രണ പരിപാടി സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷനേടാനുള്ള ഉത്തമമാര്‍ഗം എന്ന നിലയ്ക്കായിരുന്നു എന്ന് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.  ഭരണകൂടം ജനസംഖ്യാനിയന്ത്രണത്തെ വികസനത്തിനുള്ള മുഖ്യമാര്‍ഗങ്ങളിലൊന്നാണെന്ന നിലയ്ക്ക് കാണുകയും കൃത്രിമ ജനനനിയന്ത്രണത്തെ അതിനുള്ള മുഖ്യ ഉപകരണമായി എടുത്തുകാട്ടുകയും ചെയ്തു.  ഏതാണ്ടിതു തന്നെയാണ് കുറ്റിപ്പുഴയിലും കാണുന്നത്. 

കുറ്റിപ്പുഴ കൃത്രിമമായ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഗര്‍ഭനിരോധനത്തെകുറിച്ചു പറയുന്നുണ്ട്.  അതിനെതിരെ മതവിഭാഗം നിലപാടു കൈകൊള്ളുന്നതിനെ അദ്ദേഹം പരിഹസിക്കുന്നുമുണ്ട്.  ' ഇക്കൂട്ടരുടെ വാദഗതി നോക്കിയാല്‍ ഇവര്‍ ജാംബവാന്റെ കാലത്താണോ ജീവിക്കുന്നതെന്നു തോന്നിപ്പോകും. കൊല്ലങ്ങള്‍ക്കു മുന്‍പുണ്ടായ ഏതെങ്കിലും ഗ്രന്ഥത്തില്‍ കാണുന്നതൊക്കെ ഈ അണുയുഗത്തിലും ജീവിതപ്രമാണമാക്കണമെന്നു ശീലിക്കുന്നവര്‍ സുബോധമുള്ളവരാകാന്‍ വഴിയില്ല.  ബ്രഹ്‌മചര്യാനുഷ്ഠാനം കൊണ്ടുവേണം ജനനനിയന്ത്രണം നിര്‍വഹിക്കുകയെന്നു വാദിക്കുന്ന ചില സ്വപ്നദര്‍ശികളുണ്ട്.  അവര്‍ മനുഷ്യലോകത്തിലെ യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കാതെ ആദര്‍ശധൂമികയില്‍ തപ്പിനടക്കുന്നുവത്രെ.  ആഹാരം കഴിക്കാം, നീഹാരം പാടില്ല എന്നു പറയുന്നതിന് തുല്യമാണിവരുടെ വാദം.  പ്രായോഗിക ജീവിതവുമായി പൊരുത്തപ്പെടാത്ത ഇത്തരം കീറാമുട്ടികളെടുത്തിട്ടു ജനനനിയന്ത്രണത്തില്‍ ഗവണ്‍മെന്റിനും മറ്റുള്ളവര്‍ക്കും മാര്‍ഗവിഘ്‌നം വരുത്തുന്നത് ഏറ്റവും ഗര്‍ഹണീയമായ ഒരു സാമൂഹ്യവിരുദ്ധപ്രവര്‍ത്തിയാണെന്നു പറയേണ്ടിയിരിക്കുന്നു.  തീരെ നിര്‍ദ്ദോഷമെന്നു പറയപ്പെടുന്നു ഒരു ഋതുക്രമപദ്ധതിയുണ്ട്.  അത് ഈ പഴമക്കാര്‍ പോലും ഇപ്പോള്‍ അംഗീകരിക്കുന്നുണ്ടെന്നു തോന്നുന്നു.  എന്നാല്‍ പ്രായോഗികതലത്തില്‍ പലപ്പോഴും പരാജയപ്പെടുന്നതുകൊണ്ട് അതും അവലംബനീയമെന്നു പറഞ്ഞുകൂടാ.  ഏതായാലും കൃത്രിമ പദ്ധതികള്‍ക്ക് അശുദ്ധികല്‍പിക്കുന്നത് മുഴുത്ത മൂഢതയാകുന്നു.'

പൊതുവേ നോക്കുമ്പോള്‍ രണ്ടു കാര്യങ്ങളാണ് കുറ്റിപ്പുഴയുടെ സമീപനത്തിലുള്ളത്.  
1. സ്ത്രീകളുടെ സാമൂഹിക നിര്‍വഹണക്ഷമതയെ ബാധിക്കുന്ന കാര്യമെന്നതിനേക്കാള്‍ സാമ്പത്തികാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകം എന്നതാണ് ജനനനിയന്ത്രണത്തിനുളള പ്രാധാന്യമായി അദ്ദേഹം കാണുന്നത്.  2. ജനനനിയന്ത്രണരീതികള്‍ മതപരമാകരുത്; യുക്തിപരമായ സമകാലിക കാഴ്ചപ്പാടിലാകണം. ഈ രണ്ടു അളവുബിന്ദുക്കളിലും സ്ത്രീ എന്ന സ്വതന്ത്രമനുഷ്യജീവിയുടെ ആഗ്രഹാഭിലാഷങ്ങളോ, തീര്‍ച്ചകളോ തെരഞ്ഞെടുപ്പുകളോ പ്രധാനമായി എടുത്തിട്ടില്ല. മതപരമായതെന്തും വികൃതവും അന്ധവിശ്വാസജഡിലവും പിന്തിരിപ്പനുമാണെന്ന യുക്തിവാദ മുന്‍വിധികളാണ് രണ്ടാമത്തെ വാദത്തിലുള്ളത്. ജനതകളായി കൈമാറിവരുന്ന വിശ്വാസധാരണകളും ചോദനകളും മനുഷ്യരുടെ ബോധാബോധങ്ങളിലും ജീവിതസങ്കല്പത്തിലും വിചിത്രവും വ്യത്യസ്തവുമായ പലതരം നിലപാടുകളായി പടരുന്നുണ്ട്. അന്തവിചിത്രമായ ഈ ജീവിതപ്രവാഹത്തിന്റെ ബഹുസ്വരതയെ ഇപ്രകാരം ചുരുക്കിക്കാണുന്നതിന്റെ പ്രതിസന്ധി വളരെയേറെയാണ്. 

 ജെ. ദേവിക എഴുതുന്നു, 'മലയാളിയുടെ യുക്തിബോധവും സ്ത്രീകളുടെ സ്വതന്ത്രനിര്‍വാഹകത്വവും ചോദ്യം ചെയ്യപ്പെടാത്ത അടിസ്ഥാന വാക്യങ്ങളായി അംഗീകരിക്കപ്പെടുമ്പോള്‍ അദൃശ്യമായിത്തീരുന്ന ചരിത്രം - അധികാരബന്ധങ്ങളുടെ രൂപീകരണചരിത്രം - ഇത്തരമൊരു അന്വേഷണത്തില്‍ വെളിവായേക്കും.  ആധുനിക കേരളചരിത്രത്തിന്റെ സാമുദായികപരിഷ്‌ക്കരണഘട്ടത്തില്‍ വിരചിതമായ അധികാരശ്യംഖലകള്‍ എങ്ങനെയാണ് സാമൂഹ്യവികസനഘട്ടത്തിലും പ്രയോഗത്തില്‍ തുടര്‍ന്നതെന്നും ഇതിലൂടെ കാണാന്‍ കഴിയും.  (പുരുഷനായ) പരിഷ്‌കര്‍ത്താവിലൂടെ പ്രസരിച്ച നവപിത്യമേധാവിത്വാധികാരവും ശാസ്ത്രജ്ഞാനം, ഭരണകൂടാധികാരം, മദ്ധ്യവര്‍ഗ സദാചാരം എന്നിവ ഒത്തുചേര്‍ന്ന നവവരേണ്യതയും വളര്‍ച്ച പ്രാപിച്ചതിന്റെ ചരിത്രത്തിലെ ഒരദ്ധ്യായം കൂടിയാണ് ഇത്.  നഗ്നവും കായികവുമായ ബലപ്രയോഗം നടന്നില്ലെന്നത് അധികാരബന്ധങ്ങളുടെ  അസാന്നിദ്ധ്യമല്ല, വെളിവാക്കുന്നത്.  സ്ത്രീകള്‍ക്ക് ആധുനികതയ്ക്കുള്ളില്‍ തുറന്നു കിട്ടിയ നിര്‍വഹാകത്വം പലപ്പോഴും നവീകരിക്കപ്പെട്ട ആണ്‍കോയ്മാവ്യവസ്ഥയ്ക്കുള്ളില്‍ അവരെ കൂടുതല്‍ ഫലപ്രദമായി ഉള്‍ച്ചേര്‍ക്കാനാണ് ഉപകരിച്ചതെന്ന കാര്യവും കൂടിയാണ്. (പുറം 24, കേരളം: ലൈംഗികത, ലിംഗനീതി)
ഈ ഉദ്ധരിക്കപ്പെട്ട ഖണ്ഡികയിലെ നിലപാട് തീര്‍ച്ചയായും പുരോഗമന പുരുഷകര്‍തൃത്വത്തെ വിചാരണ ചെയ്യുന്നതാണ്. കുറ്റിപ്പുഴയുടെ ലേഖനത്തിലെ സമ്പൂര്‍ണ്ണമായ സ്ത്രീ അസാന്നിദ്ധ്യം, സ്ത്രീലൈംഗികതയെക്കുറിച്ചും സ്ത്രീനിര്‍വാഹത്വത്തെക്കുറിച്ചും സ്ത്രീപക്ഷത്തുനിന്നുതന്നെയുള്ള  വിവിധതരം വ്യവഹാരങ്ങളെ അമര്‍ച്ചചെയ്തുകൊണ്ടാണ് നിലനില്‍ക്കുന്നത്. ഈ നിശബ്ദത അതിനെ സാധൂകരിക്കുകമാത്രമേ ചെയ്യുന്നുള്ളൂ. 

1930 കളില്‍ ജനനനിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ ആരംഭിച്ചപ്പോള്‍ ലൈംഗികതയെ സംബന്ധിച്ച ആത്മനിയന്ത്രണം ഒരു പ്രധാനപ്പെട്ട കാര്യമായി ഉന്നയിക്കപ്പെട്ടു എന്നു ദേവിക പറയുന്നു.  കുടുംബം എന്ന സ്ഥാപനത്തിനകത്തേക്കു ലൈംഗികതയെ ചുരുക്കുവാന്‍ അത്തരം വാദഗതികള്‍ വലിയ പങ്കുവഹിച്ചു എന്നും അവര്‍ പറയുന്നു.  കൃത്രിമ ജനനനിയന്ത്രണത്തിനെ എതിര്‍ത്തവര്‍ പലരും ലൈംഗിക അച്ചടക്കത്തിനും ആത്മനിയന്ത്രണത്തിനും എതിരാണതെന്നു വാദിച്ചു.  അനുകൂലിച്ചവര്‍ സഹോദരന്‍ അയ്യപ്പനെപ്പോലെയുള്ളവര്‍ പൊതുജനാരോഗ്യം മാതൃസംരക്ഷണം മുതലായ കാരണങ്ങള്‍ പറഞ്ഞു.  കൊച്ചി നിയമസഭാ കൗണ്‍സിംലംഗമായിരുന്ന സി.ഒ. ഔസേഫ് സഹോദരന്‍ അയ്യപ്പനെ എതിര്‍ത്തു.  തിരു-കൊച്ചി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന എ.ജെ. ജോണ്‍ 1951-ല്‍ കൃത്രിമ ജനനനിയന്ത്രണത്തെ എതിര്‍ത്തു.  ഇവയെല്ലാം ചേര്‍ന്നു നിര്‍മിച്ചെടുക്കുന്ന വ്യവഹാരങ്ങള്‍ക്കകത്ത് സ്ത്രീയുടെ ലൈംഗികകാമന, സ്വയംനിര്‍ണയനം, അതിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്ന പൗരത്വപദവി പ്രശ്‌നഭരിതമായാണ് നിലകൊള്ളുന്നതെന്നു പറയാം.  സ്ത്രീകളെ പ്രസവയന്ത്രങ്ങളായി കാണുന്നു എന്ന ആക്ഷേപം സ്ത്രീയുടെ വസ്തുവല്‍കൃതമായ നിലകള്‍ക്കെതിരായി വ്യാഖ്യാനിക്കാമെങ്കിലും അത് ഉന്നം വെയ്ക്കുന്നത് പുരുഷന്മാരോടാകയാല്‍ അവിടെയും തീരുമാനത്തിനുള്ള ശേഷി പുരുഷനു വിട്ടു കൊടുക്കുന്നതായും പറയാം.

കവികളും സ്ത്രീകളും.
 പുരുഷന്‍, സ്ത്രീ എന്ന ലിംഗഭേദഘടനയെ രണ്ടു ദ്വന്ദ്വങ്ങളാക്കി ധ്രൂവീകരിച്ചുകൊണ്ടാണ് ഈ ലേഖനങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നത്. മഴവില്‍ ലിംഗസ്വത്വങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന പുതിയ കാലത്ത് ഈ വാദം അറുപഴഞ്ചനാണെങ്കിലും കാലഘട്ടത്തിന്റെ  ചലനാത്മകതയെ കണക്കിലെടുത്ത് വ്യഖ്യാനിക്കുമ്പോള്‍ ഈ ദ്വന്ദ്വയുക്തി ന്യായീകരിക്കപ്പെടുന്നു. നിവൃത്തി, പ്രവൃത്തി എന്നിങ്ങനെ രണ്ടവസ്ഥകള്‍ ചേര്‍ന്നതായി ജീവിത്തെ വ്യവസ്ഥ ചെയ്തുകൊണ്ട് നിവൃത്തി സ്ത്രീയും പ്രവൃത്തി പുരുഷനും അനുകൂലമാണെന്ന് കുറ്റിപ്പുഴ വാദിക്കുന്നു. എഴുതുന്നവരൊക്കെ കവികളും അതിനകത്തെ എഴുത്ത് വിഷയം സ്ത്രീയും ആണെന്ന വര്‍ഗ്ഗീകരണം ഈ 
ലേഖനത്തിന്റെ തുടക്കം മുതലേ ഉണ്ട്.  1950 കളിലോ മറ്റോ എഴുതപ്പെട്ട ഈ ലേഖനം സാഹിത്യത്തിന്റെ ലിംഗരാഷ്ട്രീയപരിസരത്തെ ഒട്ടും തന്നെ ഉള്‍ക്കൊള്ളുന്നില്ല.  സാര്‍വലൗകികവും സാര്‍വകാലികവുമായ  അടിത്തറയില്‍ നിന്നുകൊണ്ട്, ഉദാരമാനവവാദത്തിന്റെ കണ്ണിലൂടെ സാഹിത്യവിശകലനം നടത്തി, സ്ത്രീകളെ അപരമോ അന്യമോ ആയിത്തന്നെ പ്രതിഷ്ഠിക്കുകയാണ് ഈ ലേഖനം ചെയ്യുന്നത്.  സ്ത്രീയെപ്പോലെ /ഭാര്യയെപ്പോലെ സന്തോഷിപ്പിക്കുന്നതാവണം സാഹിത്യം എന്നും  സാഹിത്യം/ കവിത തന്നെ സ്ത്രീയാണ് എന്നുമെല്ലാമുള്ള മട്ടില്‍ സ്ത്രീയെ കര്‍മസ്ഥാനത്തു നിര്‍ത്തുന്ന അതേ പൗരസ്ത്യചിന്തയാണ് ഇവിടെയും പ്രകടമാകുന്നത്. രണ്ടുവാദങ്ങളാണ് ലേഖകന്‍ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. 
1. കവികള്‍ സ്ത്രീത്വത്തെ സൂക്ഷ്മമായി പരിശോധിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
2. കവികള്‍ സ്ത്രീകളെ അബലകളെന്നു വിളിക്കുമെങ്കിലും അവരെ സബലകളാക്കി തീര്‍ത്തിട്ടുണ്ട്. സാഹിത്യലോകത്തില്‍ കഥാപാത്രങ്ങളായിത്തീരുന്ന സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ പ്രാബല്യവും പ്രാമാണ്യവും ലഭിക്കുന്നത് എന്നതാണ് മറ്റൊരു വാദം.

കവിതയെഴുതുന്നവര്‍ക്ക് സ്ത്രീകളോടുള്ള അമിതമായ പ്രതിപത്തിയെകുറിച്ചു വിശകലനം ചെയ്യുന്നതിനുള്ള ഉദ്ദേശ്യത്തോടെയാണ് ഈ ലേഖനം എഴുതപ്പെടുന്നത്. എഴുതുന്നവരെല്ലാം തന്നെ പുരുഷന്മാരാണെന്ന ഒരു തീര്‍പ്പാണ് ഇതിലും പ്രവര്‍ത്തിക്കുന്നത്. ഷേക്‌സ്പിയറുടെ നായികമാരുടെ ഔന്നത്യവും നായകന്‍മാരുടെ വ്യക്തിത്വമില്ലായ്മയും സീത, ശകുന്തള മുതലായവരുടെ ജീവിതമഹത്വവും ഒക്കെ മുന്‍നിര്‍ത്തി കുറ്റിപ്പുഴ ഇതു വിശദീകരിക്കുന്നു.  സത്യപാലനം, പ്രേമപരിശുദ്ധി. സഹനം, നിശ്ചയദാര്‍ഢ്യം, ധൈര്യം, വീര്യം മുതലായ സദ്ഗുണങ്ങള്‍ക്കു വിളനിലമായ നായികമാര്‍ക്കു മുന്‍പില്‍ നായക•ാര്‍ പ്രായേണ നിഷ്പ്രഭരാണെന്നു കുറ്റിപ്പുഴ വാദിക്കുന്നു. എന്നാല്‍  മേല്പറഞ്ഞ പല ഗുണങ്ങളും സ്ത്രീപക്ഷത്തുനിന്നു നോക്കുമ്പോള്‍ സ്ത്രീയവസ്ഥയെ കൂടുതല്‍ സംഘര്‍ഷത്തിലാഴ്ത്തുന്നവയാണ്.  ഇത്തരം മൂല്യങ്ങളുടെ ഭാരം സ്ത്രീക്ക് തന്റെ സ്വത്വത്തിന്മേലുള്ള ഉത്തരവാദിത്തം അധികരിപ്പിക്കുകയാണ് ചെയ്യുന്നത്.  നായികാമഹത്വത്തിനു ഉദാഹരണമായി കുറ്റിപ്പുഴ എടുത്തുകാണിക്കുന്ന നായര്‍സ്ത്രീയും മുഹമ്മദീയനും വീരപത്‌നി, രാധ, ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി, നാഗില, തൂക്കുമരത്തില്‍വെച്ച് മുതലായവ ഇന്നത്തെ പുതിയ രാഷ്ട്രീയചിന്തകളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുമ്പോള്‍ സ്ത്രീകളെ കൂടുതലായി പ്രജാവല്‍ക്കരിക്കുന്നവയാണ് എന്നും കാണാം.  

കവിതയെഴുതിയവരില്‍ അധികവും പുരുഷന്മായതിനാലാണ്, അതിനാലുള്ള ലൈംഗിക/ലിംഗാകര്‍ഷണമാണ് സ്ത്രീകളെട് കൂടുതല്‍ താല്‍പര്യം വരാന്‍ കാരണം എന്നദ്ദേഹം പറയുന്നു.  എന്നാല്‍ കവിതയെഴുതിയിരുന്ന എണ്ണത്തില്‍ കുറവെങ്കിലും ഉണ്ടായിരുന്ന സ്ത്രീകളോ? അതേകുറിച്ച് അദ്ദേഹം മിണ്ടുന്നില്ല.  എഴുത്തുകാരായി സ്ത്രീകളെ വിഭാവനം ചെയ്യാനുള്ള ശേഷി (സ്ത്രീയുടെ സര്‍ഗാത്മകതയെക്കുറിച്ചുള്ള ചരിത്രപരമായ അജ്ഞത മൂലം) വിഭാഗീയമായ ആ യുക്തിബോധത്തിനുണ്ടായിരുന്നില്ലെന്നു വേണം കരുതാന്‍. ഹൃദയം, ബുദ്ധി എന്നിങ്ങനെ കവിതാ തത്വങ്ങളെ മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം സ്ത്രീയിലും ബുദ്ധിയുടെ പ്രവര്‍ത്തനം പുരുഷനിലുമാണ് പ്രബലമായത് എന്നദ്ദേഹം വിവരിക്കുന്നു.  പ്രവര്‍ത്തിയെടുക്കുന്നത് ഏറയും പുരുഷനും അവന്റെ ക്ഷീണം മാറ്റുന്നതും വിശ്രമിപ്പിക്കുന്നതും സ്ത്രീയും എന്നാണദ്ദേഹം വിശദീകരിക്കുന്നത്.  

ഇങ്ങനെ നോക്കുമ്പോള്‍ സത്താവല്‍കൃതമെന്നുറപ്പിച്ചു പറയാവുന്ന മട്ടിലുള്ള ലിംഗഭേദവിചാരം തന്നെയാണ് കുറ്റിപ്പുഴയില്‍ പ്രവര്‍ത്തിച്ചത്. ദ്വന്ദ്വവിപരീതങ്ങളായി സ്ത്രീപുരുഷന്മാരെ തളച്ചിടുന്നതിലുപരി സ്ത്രീയുടെ പരോക്ഷപദവിയെ, പുരുഷാപേക്ഷമായി മാത്രം വിവരിക്കുന്നതിലാണ് ഏറെ അപകടം.  സ്ത്രീകള്‍ ധാരാളമായി എഴുത്തിലേക്കു വന്നുകൊണ്ടിരുന്ന ഒരു കാലത്തുപോലും ഈ വിചാരത്തെ ധൈര്യപൂര്‍വ്വം വെളിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ യുക്തിബോധം തടസ്സമായിരുന്നില്ല എന്നു കരുതണം.  

സ്ത്രീകളുടെ പാരതന്ത്ര്യം
ഈ ലേഖനത്തില്‍ കുറ്റിപ്പുഴ മുമ്പു സൂചിപ്പിച്ച ലേഖനങ്ങളുടെ കാഴ്ചപ്പാടിനെ ഒന്നു കൂടി ആഴത്തില്‍ ഉറപ്പിച്ചെടുക്കുകയാണ്.  അതായത് സ്ത്രീകള്‍ സ്വാതന്ത്ര്യം കയ്യാളുന്നില്ല എന്നും സ്വാതന്ത്ര്യപ്രകടനത്തിനു  തയ്യാറാവുന്നില്ല എന്നും പരസ്യരീതിയിലുള്ള ഒരു പ്രസ്താവന അദ്ദേഹം നടത്തുന്നു.  സ്വാതന്ത്ര്യബോധത്തിനനുസരിച്ചു ജീവിക്കുന്നതിനുവേണ്ട സാമൂഹ്യമായ പരിവര്‍ത്തനം ഇനിയും വന്നുചേര്‍ന്നിട്ടില്ല എന്നും എല്ലാത്തരം സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനം സാമ്പത്തികമായ പ്രാപ്തിയാകുന്നുവെന്നും അദ്ദേഹം എഴുതുന്നു.  ഇവിടെ നോക്കുമ്പോഴും സാമൂഹ്യപരിവര്‍ത്തനവും സമൂഹവും സ്ത്രീകളില്‍ നിന്നു ബഹുദൂരം നിലനില്‍ക്കുന്ന എന്തോ ആയാണ് കല്‍പിക്കപ്പെടുന്നത്.  പരസ്പരമുള്ള ഏതെങ്കിലും ഇടപെടല്‍ വിഭാവനം ചെയ്യാന്‍പോലുമാകാത്ത വിധം ആണതു നിലനില്‍ക്കുന്നതെന്നു തോന്നും.  സ്ത്രീകളുടെ സ്വാതന്ത്ര്യക്കുറവിനു കാരണം സാമ്പത്തികമായ ശേഷിക്കുറവാണെന്ന വാദവും അപൂര്‍ണ്ണമാണ്.  സ്ത്രീകളുടെ സ്വത്വപദവിയെ സംബന്ധിച്ച സംസ്‌ക്കാരികപശ്ചാത്തലം, മനശ്ശാസ്ത്രം, കാമനകള്‍ ഇവയൊന്നും തിരിച്ചറിഞ്ഞു വിശകലനം ചെയ്യാന്‍ കുറ്റിപ്പുഴയ്ക്കു കഴിഞ്ഞിട്ടില്ല. 

സ്ത്രീകളുടെ പ്രാപ്തിക്കുറവ് കുറ്റിപ്പുഴ എടുത്തുകാട്ടുന്നു.  അടിമത്തത്തിന്റെ നീണ്ട ഒരു പാരമ്പര്യം പുറകില്‍ തൂങ്ങുന്നതുകൊണ്ട് എത്ര പഠിച്ചിട്ടും അതില്‍നിന്നും വിട്ടുമാറാനുള്ള ശക്തി ആധുനികവനിതയ്ക്ക് ഉണ്ടാകുന്നില്ല.  അഥവാ പഴ ദാസ്യം തന്നെ അവര്‍ ഇഷ്ടപ്പെടുന്നു.  ഏറെനാള്‍ കൂട്ടിനുള്ളില്‍ അടയ്ക്കപ്പെട്ട പക്ഷി കൂടുതുറന്നുകൊടുത്തിട്ടും പുറത്തുപോകാന്‍ മടിക്കുന്നതുപോലെയാണത്രെ ഇത്.  കേവലവാദത്തിന്റെയും സാമാന്യവല്‍ക്കരണത്തിന്റെയും ബാധ ഏറി നില്‍ക്കുന്ന ഇത്തരം ഇടങ്ങളില്‍ യുക്തിബോധം ഒട്ടുതന്നെ പ്രസരിക്കാത്ത ചിന്തയാണിത്.

ഭൗതികമായ ജീവിതസാഹചര്യങ്ങളിലൂന്നിയാണ് കുറ്റിപ്പുഴ സ്ത്രീസ്വാതന്ത്യത്തെ വിശകലനം ചെയ്യുന്നതെന്ന് ശ്രദ്ധിക്കണം.  വിവാഹം, സ്വത്തവകാശം, കുടുംബവ്യവസ്ഥ, മുതലായവയെ ബാധിക്കുന്ന ജീര്‍ണാചാരങ്ങളില്‍നിന്നും സ്ത്രീകള്‍ മോചിക്കപ്പെടുമ്പോഴേ സ്ത്രീസ്വാതന്ത്യം നേടുകയുള്ളൂ എന്നാണദ്ദേഹത്തിന്റെ വാദം.  ശാസ്ത്രീയത, വസ്തുനിഷ്ഠ എന്നിവയിലൂന്നിയ യുക്തിവാദചിന്തയില്‍ നിന്നും പുറപ്പെടുന്ന വാദഗതികളായി ഇതിനെ മനസ്സിലാക്കാം.  കേവലവും ഭൗതികനിഷ്ഠവുമായ സ്വാതന്ത്ര്യവാദമാണദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. ചലനാത്മകമായ ഒരു സാംസ്‌കാരികപരിസരത്തില്‍ നിന്നുകൊണ്ട് സ്ത്രീയുടെ കീഴായ്മയെ ചരിത്രപരമായി നോക്കികാണാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല.  മുകളില്‍ നിന്നു താഴേയ്ക്കുള്ള രക്ഷകര്‍തൃനോട്ടമായി ഈ വ്യാഖ്യാനങ്ങള്‍ മാറുന്നത് അതുകൊണ്ടാണ്.  ഫലം സ്ത്രീയുടെ അന്യവല്‍കൃതത്വം വ്യാഖ്യാനങ്ങളില്‍പോലും എടുത്തുകാട്ടപ്പെടുന്നു.  മാത്രമല്ല, സ്ത്രീയുടെ കീഴാഴ്മയുടെ അനുഭവാഖ്യാനങ്ങള്‍ സൂഷ്മബന്ധങ്ങളോടെ വിവിധ മണ്ഡലങ്ങളില്‍ നില്ക്കുന്നുണ്ട്.  ലൈംഗികത, പ്രത്യുല്‍പാദനം, സാഹിത്യം, കല, രാഷ്ട്രീയം, ഇതര സാമൂഹികമണ്ഡലങ്ങള്‍ ഒക്കെയും ഈ അനുഭവസ്പര്‍ശങ്ങളുടെ, പ്രതികരണങ്ങളുടെ സൂഷ്മബന്ധങ്ങള്‍കൊണ്ട് പുനര്‍നിര്‍വചിക്കപ്പെടുന്നുണ്ട്.

റഷ്യയിലെ സ്ത്രീകള്‍
റഷ്യയിലെ സ്ത്രീകള്‍ എന്ന ലേഖനം സ്വാതന്ത്ര്യപൂര്‍വകാലത്ത് എഴുതുന്നതാണ്, 1944 ല്‍. ഈ ലേഖനത്തില്‍ ലെനിന്റെ കാലഘട്ടത്തില്‍ അലക്‌സാന്ദ്രാ കൊല്ലന്തോയ്, യാക്കോവ് ലേവ തുടങ്ങിയ സ്ത്രീകള്‍ രാജ്യകാര്യങ്ങളില്‍ ഏര്‍പ്പെടുന്നു എന്നദ്ദേഹം എടുത്തു കാട്ടുന്നുണ്ട്.  ഇവിടെ സത്രീകള്‍ സൈനികപരിശീലനം നടത്തുന്നതും വിമാനസൈന്യം നയിക്കുന്നതും എടുത്തുപറയുന്നുണ്ട്.  തൊട്ടിലാട്ടുകയും തോക്കെടുക്കുകയും ചെയ്യുന്ന വിധത്തില്‍ സമര്‍ത്ഥകളും ദ്വൈധീഭാവത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരുമായ സ്ത്രീകളെ സൃഷ്ടിച്ചത് ലെനിന്റെ ദീര്‍ഘ ദര്‍ശികത്വമാണെന്നും എടുത്തുപറയുന്നു. ഇവിടെയും സ്ത്രീകളുടെ ഏജന്‍സി പുരുഷനാല്‍ നിര്‍വഹിക്കപ്പെടുന്ന തരം യുക്തി പ്രവര്‍ത്തിക്കുന്നു.  നിരന്തരമായി തുടരുന്ന ഒരു അബോധമായി നിര്‍ജ്ജീവയായ സ്ത്രീ എന്ന ബിംബം അദ്ദേഹത്തില്‍ സ്പന്ദിക്കുന്നുണ്ട്.

ദാമ്പത്യജീവിതത്തിലെ സാമ്പത്തികഘടകം
മിശ്രവിവാഹത്തെയും സ്ത്രീസ്വാതന്ത്ര്യത്തെയും ദാമ്പത്യത്തെയും കൂട്ടിയിണക്കി നിര്‍ത്തിക്കൊണ്ടാണ് ഈ ലേഖനം എഴുതപ്പെടുന്നത്.  ദാമ്പത്യത്തിലേക്കു കടക്കുന്നവര്‍ ദരിദ്രരായാല്‍ പരസ്പരപ്രണയം പമ്പകടക്കുമെന്ന ഒരു മുന്‍വിധിയോ ആശങ്കയോ ആണദ്ദേഹം പങ്കുവെയ്ക്കുന്നത്.  കുചേലന്റെ കഥയിലൂടെ സാമ്പത്തികമായ ഇല്ലായ്മയെ ദൈവഭക്തികൊണ്ട് പകരം വെയ്ക്കുന്നതിനെ കുറ്റിപ്പുഴ പരിഹസിക്കുന്നു. യുക്തിവാദി വിശ്വാസിയെ കാണുന്ന പതിവുരീതി തന്നെയാണിത്.  ഭര്‍ത്താവും ഭാര്യയും ഒന്നുപോലെ പണിയെടുത്തു കഴിയേണ്ടതാണെന്ന പുരോഗമനസ്വഭാവമുള്ള നിലപാടാണ് അദ്ദേഹത്തിന്.  തുടര്‍ന്ന് ഭര്‍ത്താവു തലയിലേറ്റേണ്ടതായ ഒരു ഭാരമാണ് ഭാര്യ എന്നു വരുന്നത് ഇരുകൂട്ടര്‍ക്കും നന്നല്ല എന്നുമെഴുതുന്നു.  ഭര്‍ത്താവ്  വലിയ പണക്കാരനാണെങ്കില്‍ത്തന്നെയും ഭാര്യ ആ പണത്തെ മാത്രം ആശ്രയിക്കുന്നത് അനഭിലഷണീയമാകുന്നു.  സമത്വം, സ്വാതന്ത്ര്യം, സ്‌നേഹം ഈ മൂന്നിനും അതു ഹാനികരമാകും. സ്ത്രീയുടെ പണ്ടത്തെ അടിമത്തം വീണ്ടും പ്രത്യക്ഷപ്പെടുമത്രെ.

മതവും സന്മാര്‍ഗബോധവും
ലൈംഗികസദാചാരത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന ലേഖനമാണിത്.  കൃത്രിമമായ രീതിയിലുള്ള നിരോധനങ്ങള്‍ വഴി ലൈംഗികതയെ അടിച്ചമര്‍ത്തുന്നതാണ് മതപരമായ സന്മാര്‍ഗം എന്ന് ആക്ഷേപിക്കുന്നു. ഇതിനര്‍ത്ഥം കുറ്റിപ്പുഴ മുമ്പു സൂചിപ്പിച്ച ആത്മനിയന്ത്രണവാദിയെന്നാണോ എന്ന ചോദ്യം ഉയരാവുന്നതാണെന്നാണ്. കാരണം അദ്ദേഹം തുടര്‍ന്നു പറയുന്നത്  തിരശീലയ്ക്കുള്ളില്‍ മതാധികാരികള്‍ കാമാന്ധരാണെന്നാണ്. സ്ത്രീപുരുഷബന്ധത്തെ ജീവശാസ്ത്രപരമായി വീക്ഷണം ചെയ്തു ശാരീരികവും മാനസികവുമായ ഒരു സന്മാര്‍ഗവ്യവസ്ഥ ഏര്‍പ്പെടുത്തുവാന്‍ റഷ്യക്കാര്‍ക്കു മാത്രമേ സാധിച്ചിട്ടുള്ളുവത്രെ.  തല്‍ഫലമായി അവര്‍ സന്മാര്‍ഗത്തില്‍ ഒരുപിടി ഉയരുന്നതായാണ് കാണുന്നതത്രെ.  മതം നശിച്ചതിന്റെ ഫലമായി അവിടെ ദാമ്പത്യബന്ധം ശിഥിലമായി പോയെന്നും റഷ്യക്കാരെപ്പോലെ കണ്ടമാനം ജീവിക്കുകയാണെന്നും മറ്റും എത്രയെത്ര ദുഷ്പ്രവാദങ്ങള്‍ ഈ അടുത്തകാലം വരെ മതാധികാരികളും മറ്റു ശത്രുകളും പറഞ്ഞു പരത്തിയിരുന്നുവെന്നും അദ്ദേഹം അപലപിക്കുന്നു.  

ഇവിടെയും മതത്തെയാണ് അദ്ദേഹം എതിര്‍ക്കുന്നത്.  മതത്തെ മനുഷ്യന്റെ ഒരു ജീവിതക്രമവും ശൈലിയും ജീവിതചര്യയുമായി കാണുകയും കൂടി ചെയ്യുന്നതിനു പകരം അത് അടിമുടി പുരോഗമനവിരുദ്ധമാണെന്ന മുന്‍വിധിയാണ് ഇവിടെ പ്രകടമാകുന്നത്.  വിശ്വാസത്തിന്റെ വൈകാരികതയെയും ഭാവനയെയും മാനവികതയെയും ഒട്ടുംതന്നെ കണ്ടെടുക്കാന്‍ കുറ്റിപ്പുഴ ശ്രമിക്കുന്നില്ല.  മനുഷ്യജീവിതത്തിന്റെയും സമൂഹത്തിന്റെയും അനന്തവും അവിരാമവും പ്രവചനാതീതവുമായ പ്രയാണത്തില്‍ ഏല്ലാം കലങ്ങിമറിയുമെന്ന വിദൂരമായ സാധ്യതപോലും തള്ളിക്കളയുന്നത്ര രേഖീയവും ദൃഢവുമാണ് അദ്ദേഹത്തിന്റെ യുക്തിബോധം എന്നു കരുതേണ്ടിയിരിക്കുന്നു.  മതത്തെയും (ആത്മീയതയും വിശ്വാസവും) സാമൂഹികവികാസത്തെയും വിപരീതനിലയില്‍ കാണുന്ന കാഴ്ചപ്പാട് സമകാലിക ഇന്ത്യയിലെ പുതിയ വ്യവഹാരങ്ങള്‍ പൊളിച്ചടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.  പുതുതായി രൂപം കൊള്ളുന്ന ജീേെ ടലരൗഹമൃ വായനകള്‍ അതാണ് സൂചിപ്പിക്കുന്നത്. ബ്രാഹ്‌മണ്യദാസ്യത്തെയും ജാതിവിവേചനത്തെയും മതാന്ധതയെയും എതിര്‍ക്കുവാനുള്ള ഉദാരമനോഭാവത്തിനകത്ത് മജ്ജയും മാംസവും വികാരവിവേകങ്ങളുമുള്ള, പൗരത്വത്തില്‍ പരിപൂര്‍ണരായ സ്വതന്ത്രവ്യക്തികളാണ് സ്ത്രീകളെന്നു പലപ്പോഴും അദ്ദേഹം തിരിച്ചറിഞ്ഞില്ല എന്നതിലേക്കാണ് ഈ വായനകള്‍ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. ലോകത്തെ എല്ലാ മതങ്ങളെക്കാളും ആദിമമായ മതമാണ് ആണ്‍കോയ്മയെന്നും മറ്റു മതങ്ങളൊക്കെ അതിന്റെ അവാന്തരവിഭാഗങ്ങളാണെന്നും കേറ്റ് മില്ലറ്റ് പറഞ്ഞിട്ടുണ്ട്. തീവ്രവും സാര്‍വത്രികവുമായ ആണ്‍കോയ്മാമതത്തിന്റെ ബൗദ്ധികാധികാരത്തില്‍ നിന്നും സാംസ്‌കാരികാധീശത്തില്‍ നിന്നും മുക്തമായിരുന്നില്ല, കുറ്റിപ്പുഴ മുന്നോട്ടുവെച്ച യുക്തിവാദത്തിന്റെ ചിന്താമണ്ഡലമെന്നും ഈ പ്രകരണത്തില്‍ നാം തിരിച്ചറിയുന്നു.  

റഫറന്‍സ്: 
1. കുറ്റിപ്പുഴയുടെ പ്രബന്ധങ്ങള്‍-നിരീക്ഷണം, പ്രൊഫ.കുറ്റിപ്പുഴ കൃഷ്ണപിള്ള, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, 1998
2. കുറ്റിപ്പുഴയുടെ പ്രബന്ധങ്ങള്‍-തത്വചിന്ത, പ്രൊഫ.കുറ്റിപ്പുഴ കൃഷ്ണപിള്ള, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, 1990
3. കുറ്റിപ്പുഴയുടെ പ്രബന്ധങ്ങള്‍-സാഹിത്യവിമര്‍ശം, പ്രൊഫ.കുറ്റിപ്പുഴ കൃഷ്ണപിള്ള, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2000
4. ഞാനും നിങ്ങളും, ഇ. വി. രാമസ്വാമിനായ്ക്കനാര്‍ (വിവ. കെ.എം.പ്രഭാകരവാരിയര്‍), ചിന്തനൈയാളര്‍ കഴകം, തിരുച്ചിറപ്പിള്ളി, 1985
5. കേരളം ലൈംഗികത, ലിംഗനീതി എഡി. കെ.എം.വേണുഗോപാലന്‍, സൈന്‍ ബുക്‌സ്, തിരുവനന്തപുരം, 2006

ആലുവ യു.സി. കോളെജ് ശതാബ്ദിയാഘോഷത്തിൻ്റെ ഭാഗമായി
മലയാള പഠന വകുപ്പ് നടത്തിയ സെമിനാറിലെ പ്രബന്ധങ്ങൾ ഡോ. വി.പി.മാർക്കോസ് എഡിറ്റ് ചെയ്ത് യുസി കോളേജ് 2021 ൽ പ്രസിദ്ധീകരിച്ച കുറ്റിപ്പുഴ- ദർശനവും വിമർശനവും എന്ന കൃതിയിൽ ഉൾപ്പെട്ടത്.





No comments:

Post a Comment