Saturday, May 22, 2021

പലിശയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രതീക്ഷ*

 ധികാരത്തോടുള്ള സംവാദം സാധ്യമാകുന്നതിനെക്കുറിച്ചുള്ള ഭാവന ഏറെ വിപുലമാണ്. അധികാരത്തോടുള്ള ജനാധിപത്യപരമായ ചോദ്യങ്ങളും സംവാദങ്ങളും സാധ്യമാണ് എന്ന പ്രതീതി വാസ്തവത്തില്‍ അധികാരനിലയെ കൂടുതല്‍ ഉറപ്പിച്ചു നിര്‍ത്താനാണ് സഹായിക്കുക. ആ പ്രതീതിയിലേക്കു സംശയം നിറഞ്ഞ നോട്ടങ്ങളെറിയുക എന്നതും അവ കൂടുതല്‍ മുനയോടെ തെളിച്ചത്തോടെ പ്രത്യക്ഷീകരിക്കുക എന്നതുമാണ് ജനായത്തരാഷ്ട്രീയത്തെ കൂടുതല്‍ ഈടുള്ളതാക്കുക.  


പിന്നീടെപ്പോഴെങ്കിലും നല്ലൊരു പുതിയ വീടുവെച്ചു 'അന്തസ്സു'ണ്ടാവുമ്പോള്‍  ഊണുമുറിയിലെ ചില്ലലമാരയില്‍ വെച്ചു പ്രദര്‍ശിപ്പിക്കാന്‍ പാകത്തില്‍ വിലകൂടിയ നല്ല തിളങ്ങുന്ന പാത്രങ്ങള്‍ എടുത്തു കട്ടിലിനടിയില്‍ നിധിപോലെ സൂക്ഷിക്കുന്ന അമ്മയെക്കുറിച്ചുള്ള ഒരു കവിത യുവകവികളിലൊരാളായ അലീന ആകാശമിഠായി എഴുതിയിട്ടുണ്ട്. അപരര്‍ക്കു മുമ്പില്‍ അന്തസ്സു കാട്ടാന്‍ വേണ്ടി മാറ്റിവെച്ചതിന്റെ ഭാഗമായി  ഇപ്പഴത്തെ അനിവാര്യതകളെ നിഷേധിക്കുന്നതും നീട്ടിവെയ്ക്കുന്നതും നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷയായി (തെറ്റി)ധരിപ്പിക്കുന്നത് ഇവിടെ കാണാം. അത് അപ്പപ്പോള്‍ തന്നെ കുറ്റകരമായിത്തീരും. 


''എന്നോ വരാനിരിക്കുന്ന

സുന്ദരഭാവിയിലേക്കു വേണ്ടി

അമ്മയുടെ സൂക്ഷിപ്പാണിത്. 

വരുമെന്നുറപ്പില്ലാത്ത വിരുന്നുകാര്‍ക്ക്

അമ്മയുടെ കരുതലാണ്.

പലിശയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രതീക്ഷ.

അതു വരേക്കും,

നമ്മളോളം ദയനീയമായ പാത്രങ്ങളില്‍

ഉണ്ടുറങ്ങിയാല്‍ മതി.'' 


സമത്വത്തെക്കുറിച്ചും തുല്യപ്രാതിനിധ്യത്തെക്കുറിച്ചുമുള്ള ഭരണവിഭാഗത്തിന്റെ നയരൂപീകരണം തിരുതകൃതിയാണ്. തത്വത്തിലുള്ള സമഗ്രതയും കൃത്യതയും ഇതുപോലെതന്നെ ഭാവിയിലെ തിളങ്ങുന്ന പാത്രങ്ങളും തീന്‍മേശയും പോലെ നമ്മെ കൊതിപ്പിക്കും. നാം കാത്തിരിക്കുക തന്നെയാണ്. വിരുന്നുകാര്‍ക്കു മാത്രമല്ല, നമുക്കുതന്നെയും ഭംഗിയും തിളക്കവുമുള്ള ചായക്കോപ്പയിലെ ഉശിരന്‍ ചായക്കായി! തെരഞ്ഞടുപ്പിന്റെ പരിസമാപ്തിയില്‍ ഉയര്‍ന്നു വന്ന പ്രതീക്ഷകളെ നേരിടാനൊരുങ്ങുമ്പോള്‍ വിഭവങ്ങളിലും സാമൂഹിക സാംസ്‌കാരിക മെച്ചങ്ങളിലുമുള്ള തുല്യ അവകാശത്തെ, പങ്കാളിത്തത്തെ  ഭാവിയിലേക്കു വെറുതെ നീട്ടിവെയ്ക്കപ്പെടാന്‍ ജനാധിപത്യവാദികളാരും ആഗ്രഹിക്കുന്നില്ല. കാരണം വൈവിധ്യപൂര്‍ണമായ ലിംഗ, ജാതി മതവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ജനാധിപത്യമെന്നത് തുല്യതയിലാണ്, അത്ര തന്നെ ധാര്‍മികമായ പാരസ്പര്യത്തിലാണ് ഊന്നുന്നത്. തുല്യതയെപ്പോലെ തന്നെ പ്രധാനമാണ് വ്യത്യാസത്തെയും കണ്ടറിയല്‍ എന്നര്‍ത്ഥം. അപ്പോഴേ അതു ധാര്‍മികവും ആകുന്നുള്ളു. 


ധാര്‍മികബദലിന് ഒരവസരം


സ്ഥാനാര്‍ത്ഥി നിര്‍ണയനത്തിലും  മന്ത്രിസ്ഥാനങ്ങളിലും സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ചുള്ള പരാതികള്‍ പുരോഗമനസ്വഭാവമുള്ള സാമൂഹികപ്രവര്‍ത്തകരും ചിന്തകരും ഏറെ പറഞ്ഞ കാലമാണിത്. ഏതാനും ദിവസം മുമ്പ് അന്തരിച്ച ഗൗരിയമ്മയുടെ മരണം കക്ഷിരാഷ്ട്രീയത്തിലെയും ഭരണനേതൃത്വങ്ങളിലെയും സ്ത്രീ പങ്കാളിത്തത്തെക്കുറിച്ചുള്ള  ചരിത്രപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുവാനിടയാക്കി. ഒരു വനിതാമുഖ്യമന്ത്രിയെ വിഭാവനം ചെയ്യാന്‍ എന്താണ് തടസ്സം എന്നതായിരുന്നു സ്വാഭാവികമായ ചോദ്യം. യുപിയിലും തമിഴ്‌നാട്ടിലും  ബംഗാളിലുമെല്ലാം അതു സാധ്യമായപ്പോഴും എന്തുകൊണ്ട് പ്രബുദ്ധതയുടെ ഇന്ത്യന്‍ മാതൃകയെന്ന് അവകാശപ്പെടുന്ന കേരളത്തിലതു സാധ്യമാകുന്നില്ല എന്നത് പ്രസക്തമായ ചോദ്യം തന്നെയാണ്. ആയതുകൊണ്ടാണ് എല്ലായ്‌പ്പോഴുമെന്ന പോലെ സ്ത്രീപ്രതിനിധാനത്തെയും പങ്കാളിത്തത്തെയും സംവരണത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും ഉത്തരം കിട്ടാതലയുന്നത്. 


ശൈലജട്ടീച്ചര്‍ വരെയെത്തി നില്‍ക്കുന്ന സ്ഥാനപരിഗണനകളെ നേതൃത്വപദവിയിലേക്ക് എത്തിക്കുന്നതിനുള്ള തടസ്സത്തെയാണ് നീട്ടിവെയ്ക്കലിന്റെ യുക്തിയിലേക്ക് പലിശയേറിക്കൊണ്ടിരിക്കുന്ന ജനാധിപത്യപ്രതീക്ഷയിലേക്ക് ചേര്‍ത്തുവെയ്ക്കുന്നത്. സാമൂഹികസ്ഥാപനങ്ങള്‍ക്കും ഇതിനെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനും കുടുംബത്തിനും പുരുഷാധിപത്യത്തിനു തന്നെയും നിഷ്‌ക്രിയമായി കീഴ്‌പ്പെട്ടു നില്‍ക്കുന്നതാണ് സ്ത്രീയുടെ പദവി എന്ന ധാരണയ്ക്കു ഉടവു വന്നിരിക്കുന്ന പുതിയ കാലത്ത,് നിലനില്‍ക്കുന്ന അവസ്ഥയില്‍ നിന്നു  സ്ത്രീകള്‍ പല തലങ്ങളിലും ഏറെ മുന്നേറി വരുന്ന കാലത്ത് ഈ നീട്ടിവെയ്ക്കലിനെ എങ്ങനെ കാണണം?  ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്രമാധ്യമങ്ങളും ഏറെ പുകഴ്ത്തിയ  ആരോഗ്യരംഗത്തെ കേരളമാതൃകയുടെ നേതൃത്വമായ ശൈലജട്ടീച്ചറെ മുഖ്യമന്ത്രിയാക്കാനുള്ള ആഹ്വാനം പൊതുമനസ്സാക്ഷിയില്‍ സ്ത്രീനേതൃത്വം നേടിയെടുത്ത വിശ്വാസം തന്നെയാണ്. ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ അതു സാക്ഷാല്‍ക്കരിക്കുക വഴി സ്ത്രീകളെ കൂടുതലായി ശാക്തീകരിക്കുവാന്‍ ഇതുവഴി സര്‍ക്കാരിനു കഴിയും. ജാതിപരവും ലിംഗാധിപത്യപരവുമായ അനേകം വിലക്കുകളെ മറികടന്ന്  വിദ്യാഭ്യാസം, തൊഴില്‍, കല, സാഹിത്യം തുടങ്ങിയ സാമൂഹികസാംസ്‌കാരിക ഇടങ്ങളുടെ വ്യത്യസ്ത തുറകളിലേക്കു കടന്നു വന്ന മലയാളിസ്ത്രീകളുടെ മുന്നോട്ടുപോക്കിനു ആത്മവിശ്വാസവും ഊര്‍ജ്ജവും പകരാനും  ഈ തീരുമാനത്തിനു കഴിയുമായിരുന്നു. വൈകാരികമായിത്തന്നെ! ലോക്ഡൗണ്‍ കാലത്ത് വീട്ടകങ്ങളിലെ പെണ്‍ ജീവിതത്തെക്കുറിച്ചു വേവലാതിപ്പെടുകയും സ്ത്രീയുടെ ഗാര്‍ഹികാധ്വാനത്തെക്കുറിച്ചു അവബോധനിര്‍മിതിക്കായി ശ്രമിക്കുകയും ചെയ്യുന്ന കക്ഷി തന്നെ ഭരണത്തുടര്‍ച്ചയിലെത്തുമ്പോഴതു പ്രതീക്ഷിക്കാന്‍ കേരളത്തിനു അവകാശമുണ്ടല്ലോ.  


പരീക്ഷണാത്മകമായിത്തന്നെ ഒരവസരം സൃഷ്ടിക്കുവാനുള്ള സാധ്യത എത്ര മനോഹരമാണ്! ആണ്‍കോയ്മയെ തത്വത്തിലും പ്രയോഗത്തിലും കയ്യൊഴിയാന്‍ കാണിക്കുന്ന അര്‍പ്പണബോധം കേരളം ഇരുകയ്യാലെ ഏറ്റെടുക്കും.  16 ഇലക്ഷനുകളില്‍ മല്‍സരിക്കുകയും അതില്‍ത്തന്നെ 13 എണ്ണത്തില്‍ വിജയിക്കുകയും ദീര്‍ഘകാലം എം.എല്‍. എ ആയിത്തുടരുകയും ചെയ്ത ഗൗരിയമ്മയെപ്പോലെയൊരു തീപ്പൊരി നേതാവിന്റെ പിന്‍ഗാമിയായ ഒരു സ്ത്രീനേതാവിന് എന്തെല്ലാം സാധ്യമല്ല!! ഏറെയും പുരുഷന്മാര്‍ മാത്രമായ രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്കെന്തു മാറ്റമാണ് സാധ്യമാവുക എന്നവരും ഒന്നു പയറ്റി നോക്കട്ടെ. സോവിയറ്റ്കാലത്ത് ക്ലാരാസെത്കിനില്‍ നിന്നും അതിശയകരമായി പഠിക്കാനും തിരുത്താനും കഴിഞ്ഞ ലെനിനെപ്പോലെ സ്ത്രീ രാഷ്ട്രീയക്കാരോടും സാമൂഹികപ്രവര്‍ത്തകരോടും ഇടപെട്ടുകൊണ്ടുയരാനും അഹിംസാത്മകമായി വളരാനും ഒരു സാഹചര്യം ആണധികാരികള്‍ക്കും ലഭിക്കട്ടെ! ഇത് സ്ത്രീകളുടെ അധികാരത്തിന്റെ പ്രശ്‌നത്തില്‍ മാത്രമല്ല, ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെയും പരിഗണയുടെ പ്രശ്‌നമാണ്. 


അതെന്തുമാകട്ടെ, പ്രതിലോമ യാഥാര്‍ത്ഥ്യത്തെ തിരുത്താന്‍ പാകത്തില്‍  പണിതെടുക്കേണ്ട ധാര്‍മികബദല്‍ ഇനിയങ്ങോട്ടു നിയുക്തസര്‍ക്കാരിന്റെ ചുമതലയാണ്. 


സാമൂഹികശാസ്ത്രവല്‍ക്കരിക്കുക


വിവിധ ഭരണവകുപ്പുകള്‍ ഏറെക്കുറെ സ്വയംപൂര്‍ണമായ അധികാരപരിധി കയ്യാളുമ്പോഴും അവയെല്ലാം തന്നെ നിശ്ചയമായും സാമൂഹികശാസ്ത്രത്തിന്റെയും സാംസ്‌കാരികചിന്തകരുടെയും ഉള്‍ക്കാഴ്ച്ചകളെ ഉപയോഗിക്കാന്‍ തക്കവണ്ണമായാല്‍ എത്രയോ ശുഭകരമായിരിക്കും. എല്ലാ വകുപ്പുകളിലും തന്നെ കഴിവുള്ള തഴക്കവും പഴക്കവും ചെന്ന  സാമൂഹികശാസ്ത്രജ്ഞരുടെ നിരന്തരസാന്നിദ്ധ്യമുണ്ടാവുന്നത് പലപ്പോഴും കാര്യങ്ങളെ കുറച്ചുകൂടി ജനാധിപരമാകാന്‍ സഹായിക്കും. ഉദാഹരണത്തിനു ഇന്ന് ആരോഗ്യമേഖലയില്‍ സമീപകാലത്തു കണ്ടുവരുന്ന വാക്‌സിന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ നോക്കൂ. സര്‍ക്കാര്‍ ഇതിനകം തന്നെ വാക്‌സിന്‍ സൗജന്യമാണെന്നു പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിലും ലഭ്യതക്കുറവ് ഒരു യാഥാര്‍ത്ഥ്യം തന്നെയായി നിലക്കൊള്ളുന്നു. ഇന്നത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിച്ചാല്‍ത്തന്നെ വാക്‌സിനിലേക്കെത്തുക വിഭവക്കുറവുളളവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതാവും.  കര്‍ണാടകയിലും മറ്റും ഇതൊരു യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. മറ്റു പല മേഖലകളിലുമെന്നതുപോലെ ഇവിടെയും പ്രകടമായ ഒരു ഡിവൈഡ് രൂപം കൊണ്ടുവരുന്നുണ്ട്. 'ഡിജിറ്റല്‍ ഡിവൈഡ്' താമസിയാതെ 'അര്‍ബന്‍ ഡിവൈഡി'ന്റെയും ആത്യന്തികമായി 'വാക്‌സിന്‍ ഡിവൈഡി'ന്റെയും രൂപത്തില്‍ അവതരിക്കും. പ്ലാനിംഗ് രംഗത്തു തന്നെ സാമൂഹികമായ ധാരണാശേഷി ഉള്‍ക്കൊള്ളണമെന്നാണിതു സൂചിപ്പിക്കുന്നത്. 


ആ ഉന്മേഷം നീട്ടിവെയ്ക്കാവതല്ല!!  

ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനമാണ് കഴിഞ്ഞ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ ചീത്തപ്പേരുണ്ടാക്കിയത്. പലപ്പോഴും ഇസ്‌ലാമോഫോബിയയുടെ ഏറ്റവും നിര്‍ലജ്ജമായ പ്രകടനമായിരുന്നു ഈ വകപ്പിന്റേത്. സംഘ്പരിവാര്‍ രാഷ്ട്രീയത്തോടുള്ള സഹിഷ്ണുതയും മുസ്‌ലിം പ്രതിനിധാനങ്ങളോടുള്ള അസഹിഷ്ണതയും പ്രകടമായിത്തന്നെ തിരിച്ചറിയപ്പെട്ടു. പൗരത്വഭേദഗതിനിയമത്തിനെതിരെയുള്ള  സമരക്കാലത്ത് ഇത് അതിന്റെ പാരമ്യത്തിലെത്തിച്ചേര്‍ന്നു. പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍ പോലും ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. ഒരുപക്ഷേ, കേരളചരിത്രത്തില്‍ മാത്രമല്ല, ഇന്ത്യാചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും ഇങ്ങനെയൊരു അനുഭവം. രാഷ്ട്രീയനേതൃത്വം എന്തൊക്കെ അവകാശപ്പെട്ടാലും താഴെത്തലത്തില്‍ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ നടത്തിപ്പുകാരായി മാറുന്നുവെന്നത് സിവില്‍സര്‍വീസില്‍ വന്നുചേര്‍ന്ന വംശീയചിന്തയുടെ ഫലമാണ്. പുതിയ സര്‍ക്കാര്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു ഇടം ഇതുതന്നെ. മറ്റൊന്ന്, മറ്റു പല സംസ്ഥാന സര്‍ക്കാരുകള്‍ക്കും അവകാശപ്പെടാനാവാത്ത പോലെ നമുക്കൊരു ട്രാന്‍സ്‌ജെന്റര്‍ നയമുണ്ട്. പക്ഷേ, തെരുവില്‍ ട്രാന്‍സ്‌ജെന്ററുകളെ ആക്രമിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് പലപ്പോഴും പോലിസ് തന്നെയാണ്. ദലിതരോടും ആദിവാസികളോടും സ്ത്രീകളോടും ഒക്കെ ഇതേ സമീപനമാണ് താഴെത്തലത്തില്‍ പ്രാവര്‍ത്തികമാകുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലകള്‍ ഈ വിസമ്മതത്തെ അധികാരം സമീപിച്ച രീതിയെ പുറത്തുകൊണ്ടുവരുന്നു.  ഇതും പരിശോധിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം. നിലപാടുകളെ, ശരികളെ ഭാവിയിലേക്ക് മാറ്റിവയ്ക്കുന്ന ഈ ശൈലി പുന:പരിശോധിക്കപ്പെടണം. വിമതചിന്തകളോടുള്ള വിസമ്മതം ആരോഗ്യപരരമാവുകയാണ് ഒരു ജനാധിപത്യസമൂഹത്തിന്റെ കാതല്‍. 


വിദ്യാഭ്യാസരംഗത്ത് തൊഴില്‍പരമായ തീരുമാനങ്ങളെടുക്കുന്നതില്‍ തൊഴിലാളരായ അധ്യാപകരുടെ താല്‍പര്യങ്ങളെയും തിരഞ്ഞെടുപ്പിനെയും ഉറപ്പു വരുത്തുന്ന, പുതുകാലത്തെ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ തക്കവണ്ണം അവരെ സജ്ജരാക്കുന്ന തരം നീക്കങ്ങള്‍ ഇനിയുമേറെ ഉണ്ടാവേണ്ടിയിരിക്കുന്നു. മാനവികവിഷയങ്ങളെ കൂടുതലളവില്‍ കേന്ദ്രീകരിക്കുന്ന ഇന്റര്‍ ഡിസിപ്ലിനറി സമീപനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിലധികം തൊഴിലിടങ്ങളിലെ മാന്യവും സുരക്ഷിതവുമായ ഇടപെടല്‍ ഉറപ്പു വരുത്തുംവിധം നിര്‍ബ്ബന്ധമായും ജെന്റര്‍, ജാതി അവബോധം നടപ്പിലാക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുത പോലെതന്നെ പ്രധാനമായി ദളിത,് മുസ് ലിം, ക്വിയര്‍, ഭിന്നശേഷി വിഭാഗങ്ങള്‍ക്കു നേരെയുള്ള സമീപനങ്ങളെയും കാണേണ്ടതുണ്ട്. കൃത്യമായ നിയമനിര്‍മാണവും അവ നടപ്പിലാക്കാനുള്ള ഔപചാരികമായ നിയമസംവിധാനങ്ങളും ശക്തമാകണം. 


സംവരണനിയമങ്ങളില്‍ വന്ന പുതിയ സമീപനങ്ങള്‍ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്.  സാമ്പത്തികസംവരണം എന്ന പുതിയ വാദവുമായി നീങ്ങുമ്പോള്‍ തുല്യത എന്ന ആശയം അട്ടിമറിക്കപ്പെടുന്നു. അവ പിന്‍വലിച്ചു  പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെ കൂടുതല്‍ കൃത്യമാക്കുന്ന ഘടനകള്‍ സ്വരൂപിക്കേണ്ടതുണ്ട്. സാമ്പത്തികമായി താഴ്ന്ന സവര്‍ണര്‍ക്കു കിട്ടുന്ന സംവരണം സവര്‍ണസംവരണം തന്നെയാണ്. മറ്റൊന്ന്, വലിയൊരു തൊഴില്‍ മേഖലയായ എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ നിയമനരീതികള്‍ പി.എസ്.സിക്കു വിടുക എന്നതാണ്. വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും നിയമനരംഗത്തെ അഴിമതികളും യുവാക്കളുടെ മാനസികോര്‍ജ്ജം കെടുത്തുക തന്നെയാണ്. വ്യാവസായികവകുപ്പിനു തദ്ദേശീയമായ സാദ്ധ്യതകളില്‍ കൂടുതല്‍ ഊന്നുന്ന തരം സമീപനം ഗുണം ചെയ്യുമെന്ന തോന്നലുണ്ട്. അതാതു പ്രദേശങ്ങളിലെ വിഭവസാധ്യതകളും  തൊഴില്‍രീതികളും തിരിച്ചറിഞ്ഞുകൊണ്ട് മുന്നേറാന്‍ കഴിയണം. 


സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ - അവ പൊതുവിടത്തിലോ ഓണ്‍ലൈനിലോ ആകട്ടെ- ശക്തമായിത്തന്നെ നേരിടാനും ശിക്ഷയേര്‍പ്പെടുത്താനും കഴിയുന്ന നിയമസംവിധാനങ്ങള്‍ ഉണ്ടാവണം. ഓണ്‍ലൈനില്‍ വര്‍ദ്ധിച്ചുവരുന്ന  പ്രതിപക്ഷബഹുമാനം തീണ്ടാത്തതും വ്യക്തിഹത്യ ചെയ്യുന്നതുമായ ഹിംസാത്മകമായ ആണ്‍കൂട്ടങ്ങളെ നിയന്ത്രിക്കാനുമുളള ശ്രമങ്ങള്‍ ശക്തമാക്കണം. തൊഴില്‍സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കു അന്തസ്സോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട് എന്നതുറപ്പിക്കും വിധം ഈ കാര്യങ്ങള്‍ കാലികമായി അവലോകനം ചെയ്യേണ്ടതുണ്ട്. വനിതാശിശുക്ഷേമവകുപ്പു പുറത്തുവിട്ട പോസ്റ്ററുകളില്‍ ഇനി വിട്ടുവീഴ്ച്ച വേണ്ട എന്നു തന്നെ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ആ ഉന്മേഷം നീട്ടിവെയ്ക്കാവതല്ല!! 

കേരളം ഇനിയും പരിഗണിക്കേണ്ട പ്രശ്‌നങ്ങളിലൊന്നാണ് ഭൂപ്രശ്‌നം. ഭൂപ്രശ്‌നത്തെ വാസസ്ഥലത്തിന്റെ പ്രശ്‌നമായി ചുരുക്കുന്ന സമീപനം കേരളത്തില്‍ ശക്തമാണ്. ഏറ്റവും പരിഗണന അര്‍ഹിക്കുന്ന ഒരു പ്രശ്‌നങ്ങളിലൊന്നാണ് ഇത്. 


എല്ലാ വകുപ്പുകളിലും നിര്‍വഹണത്തിനുശേഷമുളള സാമൂഹിക ഓഡിറ്റിങ് പ്രധാനം തന്നെ. അതേസമയം അതിനേക്കാള്‍ പ്രധാനമാണ് നിര്‍വഹണ സമയത്തുതന്നെയുളള സാമൂഹികശാസ്ത്രപരമായ പരിഗണനകള്‍ക്കുളളില്‍ പ്രവര്‍ത്തിക്കുകയെന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ആഭ്യന്തരം, വ്യവസായം തുടങ്ങിയ എല്ലാ വകുപ്പുകളിലും നിര്‍വഹണതലത്തില്‍ മുതിര്‍ന്ന സാമൂഹിക ശാസ്ത്രജ്ഞരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമിതികള്‍ക്ക് രൂപം കൊടുക്കണം. 

വിദ്യാര്‍ത്ഥികളും തൊഴിലാളികളും കൃഷിക്കാരും വീട്ടമ്മമാരും ബുദ്ധിജീവികളും ദലിതരും ന്യൂനപക്ഷങ്ങളും എല്ലാം ചേര്‍ന്നു ഉന്നയിക്കുന്ന ജനാധിപത്യഭാവനയിലേക്കു എത്തുവാന്‍ കഴിയുമ്പോള്‍ മെച്ചപ്പെട്ട കേരളമായതു തിളങ്ങും.  എല്ലാവരുടേതുമാകുക എന്നത്  ഉട്ടോപ്പിയയേ അല്ലാതാകും. 


*തലക്കെട്ടിന് അലീന ആകാശമിഠായിയുടെ കവിതയിലെ പ്രയോഗത്തിനോടു കടപ്പാട്


16.05.2021 ന് ട്രൂകോപ്പി വെബ്സിനിൽ വന്ന ലേഖനം











No comments:

Post a Comment