Tuesday, May 19, 2020

വിശ്വാസപൂര്‍വം മന്‍സൂര്‍: ഒരു എതിര്‍വായന




                     

പി.ടി.കുഞ്ഞിമുഹമ്മദ് സിനിമകളുടെ പൊതുസ്വഭാവത്തില്‍ നിന്ന് ഒട്ടു വിഭിന്നമായാണ് വിശ്വാസപൂര്‍വം മന്‍സൂര്‍ അതിന്റെ രാഷ്ട്രീയം പങ്കുവെയ്ക്കുന്നത്. പരദേശിയിലും മറ്റും അദ്ദേഹം പങ്കുവെച്ച ന്യൂനപക്ഷസമീപനത്തിന്റെ രാഷ്ട്രീയദിശ ദേശീയതയുടെ പൊതുബോധയുക്തികളെ പിന്താങ്ങുന്നതായിരുന്നുവെങ്കില്‍ ഇവിടെ ഒരു പടികൂടി കടന്ന് ദേശീയതയെ തെല്ലെങ്കിലും പ്രശ്‌നവല്‍ക്കരിക്കാനും  അതിനകത്തുനിന്നുകൊണ്ട് മുസ്ലിം പ്രാതിനിധ്യത്തെ ഉള്‍ക്കൊള്ളാനും ശ്രമിക്കുന്നുണ്ട്. ഇരകളുടെ രാഷ്ടീയം ആവര്‍ത്തിക്കുമ്പോഴും ചില സവിശേഷചിന്തകളെ ഉണര്‍ത്തുന്നു എന്നതാണ് ഈ സിനിമയുടെ സമകാലികപ്രാധാന്യം. 


                                       പി.ടി.കുഞ്ഞിമുഹമ്മദ്

മലബാറിന്റെ പശ്ചാത്തലത്തില്‍ പരദേശിക്കും വീരപുത്രനും ശേഷം ദേശീയതയെ മുന്‍നിര്‍ത്തി മറ്റൊരു വിഷയമാണ് വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന സിനിമയിലൂടെ പി.ടി. കൈകാര്യം ചെയ്യുന്നത്. ഇടതുസഹയാത്രികനും പൊതുപ്രവര്‍ത്തകനുമൊക്കെയായ മന്‍സൂര്‍ ഒരു സിനിമ പിടിക്കാനുള്ള ആലോചനകളിലാണ്. ഉമ്മ ഫാത്തിബിയുടെ ഒരേയൊരു മകന്‍. ചെറുപ്പത്തിലേ പിതാവു നഷ്ടപ്പെട്ട മന്‍സൂറിന് ഉമ്മയാണെല്ലാം. കൂട്ടുകാരുടെ സഹായത്തോടെ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടിനടക്കുന്നതിനിടയില്‍ ഒരു ദിവസം തന്റെ വീട്ടില്‍ അഭയാര്‍ത്ഥികളായെത്തിയ ഒരമ്മയും മകളും മന്‍സൂറിന്റെ ജീവിതത്തെ മാറ്റി മറിക്കുന്നതാണ് സിനിമയുടെ കേന്ദ്രപ്രമേയം.  ആരാണ് അപരന്‍ എന്ന ചോദ്യത്തെ നിരന്തരം ഉന്നയിക്കുന്ന രാഷ്ട്രീയത്തിന്റെ ഒരു ഉള്ളടക്കമെന്ന നിലയിലാണ്  സിനിമ മുന്നോട്ടുപോകുന്നത്. 

മുസ്ലിങ്ങളെന്ന നിലയില്‍ ബോംബേയില്‍ ഹിന്ദുത്വഭീകരരാല്‍ വേട്ടയാടപ്പെട്ട ഒരു കുടുംബത്തിലെ അനാഥരായ അമ്മയും മകളും അഭയാര്‍ത്ഥികളായി വടക്കേമലബാറിലെ ഒരു ചെറുപട്ടണത്തില്‍ മാളിയേക്കല്‍ തറവാട്ടില്‍ പഴയ കുടുംബബന്ധത്തിന്റെ പേരില്‍ തിരഞ്ഞെത്തുന്നു. മാളിയേക്കല്‍ എന്ന വലിയ വീട്ടില്‍ ആകെയുള്ളത് വിധവയായ ഫാത്തീബിയും മകന്‍ മന്‍സൂറും.  സമീപവാസികളിലും ബന്ധുക്കളിലും സംശയത്തിന്റെ കരിനിഴല്‍ പതുക്കെപ്പതുക്കെ വളര്‍ന്നു പടരുന്നു. ഫാത്തീബിയുടെ സഹോദരന്‍ കലന്തര്‍ഹാജിയും അതിനോട് വിപ്രതിപത്തി കാണിക്കുന്നു. പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തി അയാള്‍ അവരെ ചോദ്യം ചെയ്യിപ്പിക്കുന്നു. അതു മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും  മന്‍സൂര്‍ നോട്ടപ്പുള്ളിയാവുകയും ചെയ്യുന്നു. ഇതിനിടയില്‍ മന്‍സൂറിന്റെ ചങ്ങാതിക്കൂട്ടം അവന്റെ സിനിമയോടും അവനോടും അകലം പാലിച്ചുതുടങ്ങി. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ താന്‍ മാതൃകയായിക്കാണുന്ന ജയരാജേട്ടനെന്ന സഖാവിന്റെ പെങ്ങള്‍ സൗമ്യയുമായുള്ള അടുപ്പം വിവാഹത്തിലെത്താതെ വഴിപിരിയുന്നു. അവള്‍ മറ്റൊരാളെ വിവാഹം കഴിക്കുന്നു. ഇതിനിടയില്‍ മന്‍സൂര്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നു. അഭയാര്‍ത്ഥിയായെത്തിയ ഉമ്മ കാന്‍സര്‍ പിടിപെട്ട് മരിക്കുന്നു. മകന്റെ താല്പര്യമറിഞ്ഞ് ഫാത്തിബിയും മുംതാസുമായുള്ള വിവാഹത്തിനു സമ്മതം പ്രകടിപ്പിക്കുന്നു. സ്വന്തം മകളെ മന്‍സൂറിനെക്കൊണ്ട്  വിവാഹം കഴിപ്പിക്കാനാഗ്രഹിച്ചിരുന്നെങ്കിലും കലന്തര്‍ ഹാജിയും അതിനു വിസമ്മതിക്കുന്നില്ല.

 വിവാഹത്തിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടു പോകവേ പെട്ടന്നാണ് മുംബൈയിലെ കലാപത്തില്‍ മരിച്ചെന്നു കരുതിയ ഫിറോസ് (മുംതാസിന്റെ പ്രതിശ്രുതവരന്‍) മുംതാസിനെത്തേടി മാളിയേക്കലേക്ക് എത്തുന്നത്. അവളെ അയാളുടെ കൂടെ വിടുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല അമ്മയക്കും മകനും. മന്‍സൂര്‍ തീവ്രവാദിബന്ധം ആരോപിക്കപ്പെട്ട് പോലീസിന്റെ നോട്ടപ്പുളളിയാണെന്നുള്ള വാര്‍ത്തയറിഞ്ഞ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മതവിശ്വാസികളായ രണ്ടുപേര്‍ അവനെ കാണാനെത്തുന്നു. രാജ്യമെങ്ങും മുസ്ലിംങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്നും മന്‍സൂര്‍ അവരോടു സംവദിക്കാന്‍ കൂട്ടാക്കാതെ ഒഴിവാക്കുന്നു. നാളുകള്‍ക്കുള്ളില്‍ അവരും പോലീസ് പിടിയിലായി. കഠിനമായ മര്‍ദ്ദനത്തിനും ചോദ്യം ചെയ്യലിനുമൊടുവില്‍ അവര്‍ തങ്ങള്‍ക്കു പരിചയമുള്ള നാട്ടുകാരെക്കുറിച്ചു പറയുന്ന കൂട്ടത്തില്‍ മന്‍സൂറിനെക്കുറിച്ചും പറയുന്നു. അത് മന്‍സൂറിന്റെ അറസ്റ്റിലാണ് എത്തിക്കുന്നത്. കൊടിയ ശാരീരികപീഡനങ്ങളേറ്റുവാങ്ങുന്ന മന്‍സൂറിനെ ജയിലില്‍ സന്ദര്‍ശിച്ചു തിരിച്ചെത്തിയ ഉമ്മ പെട്ടന്നു തലചുറ്റിവീണ് ആശുപത്രിയിലാവുകയും തുടര്‍ന്നു മരണപ്പെടുകയും ചെയ്യുന്നു. ജാമ്യം ലഭിച്ചു പുറത്തുവന്നെങ്കിലും ഉമ്മയുടെ മരണത്തോടെ പൂര്‍ണമായും തകര്‍ന്നു തികച്ചും ഒറ്റയ്ക്കായ മന്‍സൂറിനെ കൂട്ടുകാര്‍ പോലും അകറ്റിനിര്‍ത്തി. ദുസ്വപ്‌നപീഡിതമായ രാത്രികള്‍ പിന്നിട്ട്, ഏകാന്തജീവിതം മതിയാക്കി, പാര്‍ട്ടിസെക്രട്ടറിക്ക് ഒരു കത്തെഴുതിവെച്ച്  മന്‍സൂര്‍ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിത്തിരിക്കുന്നു. ഇരുട്ടു വീണ വഴിവക്കില്‍ വണ്ടി കാത്തുനില്‍ക്കുമ്പോള്‍ മുമ്പില്‍ നിര്‍ത്തിയ ഓട്ടോവില്‍ നിന്നും മുംതാസ് തോളത്തൊരു കൈക്കുഞ്ഞുമായി വന്നിറങ്ങുന്നു. ഫിറോസ് കൊല്ലപ്പെട്ട വിവരം അവളറിയിക്കുന്നു. എവിടേക്കും ഒളിച്ചോടാതെ ഇതേ മണ്ണില്‍ പരസ്പരം ചേര്‍ന്നു നിന്ന് പൊരുതാമെന്നവര്‍ തീരുമാനിക്കുന്നിടത്ത് സിനിമ തീരുന്നു.

ആണ്‍കൂട്ടം
മേല്‍വിവരിച്ച കഥാഗതിക്കപ്പുറം അതിന്റെ ഉദ്വേഗഭരിതമായ പരിണതികള്‍ക്കപ്പുറം എന്താണ് സിനിമ നമ്മില്‍ അവശേഷിപ്പിക്കുന്നത് എന്ന ചോദ്യമാണ് നാം നേരിടേണ്ടത്. പൊതുപ്രവര്‍ത്തനവും കുടുംബവും സംബന്ധിച്ച പതിവു മധ്യവര്‍ഗയുക്തികള്‍ക്കപ്പുറം സിനിമയുടെ സാമൂഹികചലനങ്ങളെ ഉണര്‍ത്തിയെടുക്കുന്നത് മന്‍സൂറും അയാളെ ചുറ്റിപ്പറ്റി നില്ക്കുന്ന സൗഹൃദങ്ങളുമാണ്. സിനിമയുടെ പരിധിക്കകത്തു സാമൂഹികമായ വിമര്‍ശനശേഷിയുടെ കേന്ദ്രമായി നിലക്കൊള്ളുന്നത് ഈ ആണ്‍കൂട്ടമാണ്. അവര്‍ക്കിടയില്‍ ഇടയക്കിടെ സൗമ്യയെന്ന പെണ്‍കുട്ടിയുമുണ്ടെങ്കിലും ആ കൂട്ടുകെട്ടിന് മിക്കപ്പോഴും തന്നെ ഒരു ആണ്‍മാത്രസ്വഭാവമാണുള്ളത്. ഇടതുബോധത്തിലൂന്നിയ ബുദ്ധിപരമായ ചര്‍ച്ചകളുടെ പുറം തൊലി മിന്നിമറയുമ്പോഴും അതിന്റെ ഉപരിപ്ലവസ്വഭാവം പ്രകടമാകുന്ന വൃന്ദമാണത്. കാശുണ്ടാക്കാനാണ് സത്യത്തില്‍ അവരുടെ ആഗ്രഹം. ഗള്‍ഫിലേക്കു പോകാന്‍ വിസ വന്നതില്‍ സന്തോഷിക്കുന്ന ഒരാളാണ് അവരിലൊരുവന്‍. മന്‍സൂറിന്റെ തീവ്രവാദിത്തം ആരോപിക്കപ്പെട്ട പത്രവാര്‍ത്തയില്‍ പോലും അസൂയാലുക്കളാണ് കൂട്ടുകാര്‍. പബ്ലിസിറ്റി നെഗറ്റീവായാലും പോസിറ്റിവായാലും പബ്ലിസിറ്റി തന്നെയാണത്രെ! സൗമ്യയുടെ വിവാഹശേഷം കൂട്ടുകാരിലൊരാള്‍ മദ്യസദസ്സില്‍ പറയുന്നത്, പിരിഞ്ഞകാമുകിയും പിരിഞ്ഞ പാലും പണ്ടേ കാച്ചണ്ടതായിരുന്നു എന്നാണ്. സ്ത്രീവിരുദ്ധതയെന്നു പറഞ്ഞുകൊണ്ടു തന്നെ അതിനോടു രൂക്ഷമായി പ്രതികരിക്കുന്ന മന്‍സൂറിന്റെ വാക്കുകള്‍ക്കകം വല്ലാതെ പൊള്ളയാക്കുകയാണ് സിനിമയിലെ സന്ദര്‍ഭങ്ങളേറെയും. നിന്നെപ്പോലത്തെ സുന്ദരികളായ പെണ്‍കുട്ടികള്‍ സന്തോഷമായിരിക്കുന്നതു കാണാനാണ്  ഞാനിഷ്ടപ്പെടുന്നതെന്നു മന്‍സൂര്‍ പറയുന്നിടത്തും ഒക്കെ സ്ത്രീയെ തുല്യനിലയില്‍ ഗൗരവമുള്ള മനുഷ്യപദവിയില്‍ കാണുന്നില്ല എന്നതാണ് വ്യക്തമാകുന്നത്. പുതിയവസ്ത്രം വാങ്ങിക്കൊടുത്തും പുറത്തു ചുറ്റാന്‍ കൊണ്ടുപോയുമൊക്കെ അവളെ സന്തോഷിപ്പിക്കാനാണ് അയാളുടെ ശ്രമം. ഉള്ളില്‍ കഴമ്പില്ലാത്ത, ചിന്താശേഷിയില്ലാത്ത കാഴ്ച്ചവസ്തു മാത്രമായി സ്ത്രീയെ കാണുന്ന പാരമ്പര്യത്തെ കൈവിടാന്‍ മന്‍സൂറിനെപ്പോലെയുള്ളവര്‍ക്ക് എളുപ്പമല്ല. ജയരാജേട്ടന്റെ ഭാര്യ അയാളുടെ തിരക്കുകളെക്കുറിച്ചു കലഹിക്കുമ്പോള്‍ അതൊരു പതിവു അലോസരമായോ വിവരക്കേടായോ ആണ് പലപ്പോഴും മനസ്സിലാക്കപ്പെടുന്നത്. പൊതുകാര്യവ്യഗ്രനായ സൂക്ഷ്മമായിപ്പറഞ്ഞാല്‍ ഇടതുപൊതുബോധത്തിലാണ്ടു പോയ ആണ്‍ശീലങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ സാമൂഹികപ്രതലം  നെയ്തിരിക്കുന്നത്. നായകന്റെ മുന്‍കാമുകി സൗമ്യ വേറെ കല്യാണം കഴിക്കുന്നു. സ്വന്തം ജാതിയില്‍ നിന്നും. യാഥാസ്ഥിതികമായ ആചാരങ്ങളോടെ കല്യാണനിശ്ചയം നടത്തുന്നു. അവിടെ അമ്മയുടെ താല്പര്യങ്ങള്‍ക്കു വഴങ്ങിയാണ് അത്തരം സ്വജാതീയമായ വിവാഹം എന്ന ന്യായം കൊണ്ടു പിടിച്ചു നില്ക്കാന്‍ ജയരാജന്‍ പറയുന്നുണ്ട്. ആ വലിയ കുടുംബത്തെയും അമ്മയെയുമൊക്കെ വേദനിപ്പിക്കാനാവാത്തതുകൊണ്ടാണ് താന്‍ സൗമ്യയോടുള്ള പ്രണയത്തെ താന്‍ അവഗണിച്ചതെന്ന് മന്‍സൂര്‍ പറയുന്നുണ്ട്.  

സിനിമയക്കുള്ളില്‍ ചര്‍ച്ച ചെയ്യുന്ന സിനിമാപിടുത്തത്തെക്കുറിച്ചു പറയുമ്പോഴെല്ലാം ചരിത്രരചനയുടെ രാഷ്ട്രീയത്തെ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. ഏതോ ഒരു ചരിത്രത്തെ വീണ്ടെടുക്കുക, പുനര്‍വായിക്കുക എന്ന വിപ്ലവകരമായ ശ്രമത്തിന്റെ പിന്നാലെയാണ് തങ്ങളെന്നാണ് മന്‍സൂറും കൂട്ടരും പറയുന്നത്. നമ്മുടെ ചരിത്രത്തിലൂടെ കാണപ്പെടുന്ന വിപ്ലവപ്രസ്ഥാനങ്ങള്‍ക്കും ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കും ഒരു കൊളോണിയല്‍ ആശ്രിതത്വമുണ്ടെന്നാണ് മന്‍സൂറും തുടക്കത്തിലേ നടത്തുന്ന സിനിമാചര്‍ച്ചകളില്‍ നിരീക്ഷിക്കുന്നത്. ചങ്ങാതിമാര്‍ കൂട്ടംകൂടിയിരിക്കുന്നിടത്തേക്ക് എത്തുന്ന മന്‍സൂര്‍ അവരുടെ കൈകളിലെ പുസ്തകങ്ങള്‍ നോക്കുന്നു. ലോസ്റ്റ് ഹിസ്റ്ററിയെന്നും മോഷ്ടിക്കപ്പെട്ട പൈതൃകം എന്നുമൊക്കെയാണവയുടെ പേരുകള്‍. മലയാളികള്‍ യഥാര്‍ത്ഥത്തില്‍ ചരിത്രത്തില്‍ നിന്നും ഒളിച്ചോടുന്നവരാണെന്നും മലയാളിക്കു മാനവികതയുടെയും പോരാട്ടത്തിന്റെയും മതേതരത്വത്തിന്റെയും ഒക്കെയായ അതിവിപുലമായ ഭൂതകാലമുണ്ടെന്നും ഒക്കെയുള്ള ഉപരിപ്ലവമായ പ്രസ്താവനകളിലാണ് സിനിമ ചരിത്രത്തെ സംബന്ധിച്ച സൈദ്ധാന്തികനിലപാടുകളെ കെട്ടിയിട്ടിരിക്കുന്നത്.


പുസ്തകം വായിക്കുന്ന പെണ്‍കുട്ടി. 
പുസ്തകത്തിന്റെ ഹാങ്ങോവര്‍ പി.ടി. മുംതാസിന്റെ പാത്രസൃഷ്ടിയിലും കൂടി ചെലുത്തുന്നുണ്ട്. മന്‍സൂറിന്റെ മുറി വൃത്തിയാക്കാനും മുഷിഞ്ഞ വസ്ത്രങ്ങള്‍ പെറുക്കിയെടുക്കാനുമൊക്കെയായി അവള്‍ അവിടെ പെരുമാറുന്നുണ്ട്. ഓരോ ഘട്ടത്തിലും വിപ്ലവത്തെ സ്വപനം കാണുന്ന ഇടതുബോധത്തിന്റെ പ്രതിനിധാനമെന്ന നിലയ്ക്ക് അതിലെ സ്ത്രീവിരുദ്ധത ഒട്ടും തന്നെ മന്‍സൂറിനെ അലട്ടുന്നില്ലെന്നതു പോട്ടെ, അവള്‍ അവന്‍ അക്കാലത്തു വായിച്ചുകൊണ്ടിരുന്ന പുസ്തകമെടുത്തു നോക്കുമ്പോള്‍ അതവള്‍ വായിച്ചിട്ടുണ്ടാവുകയില്ലെന്നുറപ്പിച്ചു ചോദിച്ച ചോദ്യവും അതോടു ചേര്‍ത്തു വെയ്ക്കാം. രണ്ടു കൊല്ലം മുമ്പേ താനതു വായിച്ചുവെന്നവള്‍ പറയുമ്പോള്‍ മന്‍സൂറിന്റെ മുഖത്തുള്ള ചെറുതല്ലാത്ത അത്ഭുതാരാധന അല്പത്തമാണുണര്‍ത്തുക. ജീവിതത്തില്‍ ഒരിക്കലും മനസ്സിലാവാത്ത പുസ്തകങ്ങള്‍ വായിച്ചുനടന്ന കാലത്ത് ഇങ്ങനെയെന്തെങ്കിലും തമാശ പഠിച്ചെങ്കില്‍ നന്നായിരുന്നേനെയെന്നാണ് മുതാസ് പറയുന്നത്. കമ്യൂണല്‍ റയട്‌സ് ഇന്‍ പോസ്റ്റ് ഇന്‍ഡിപ്പന്‍ഡന്റ് ഇന്ത്യ എന്ന പുസ്തകം പലപ്പോഴായി പെണ്‍കുട്ടിയുടെ കൈകളില്‍ കാണാം. 

ഗുഡ് മുസ്ലിം/ ബാഡ് മുസ്ലിം
തുടക്കം മുതലേ പി.ടി.സിനിമകളില്‍ ഇരകളുടെ രാഷ്ട്രീയം പറയുന്ന ഒരു രീതിശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. അതിവിടെയും തുടരുന്നുണ്ട്. എങ്കിലും ചെറിയ മാറ്റം ഇത്തവണയുണ്ട്. സെക്കുലര്‍ മുസ്ലിം ഇരയാവുന്നതിന്റെ പ്രശ്‌നമാണ് ഈ സിനിമയില്‍ വരുന്നത്. മുസ്ലിങ്ങള്‍ പീഡിതരാണെന്നും അവര്‍ക്കായി സംഘടിക്കണമെന്നും പറയുന്നവരോട് മന്‍സൂര്‍ ഇടയുന്നു. മന്‍സൂറിനോട് പോലീസ് ആരോപണത്തിന്റെ പേരില്‍ ഐക്യപ്പെടാനെത്തിയ അവര്‍ മന്‍സൂറിനെ മതേതരത്വത്തിന്റെ പൊള്ളത്തരത്തിന്റെ പേരില്‍ ആക്ഷേപിക്കുന്നു. കപടമായ ബിംബവല്‍ക്കരണത്തിന്റെ സന്ദര്‍ഭമാണിത്. ദീനിനുവേണ്ടി നിലകൊള്ളുന്നവര്‍ എന്ന നിലയ്ക്കു പതിവു രീതിയില്‍ വാര്‍പ്പുമാതൃകകളായാണ്, യാഥാസ്ഥിതികരും മതമൗലികരുമായാണ് ഈ രണ്ടു കഥാപാത്രങ്ങളും ചിത്രീകരിക്കപ്പെടുന്നത്. സെക്കുലറും ഇടതുമായ നായകന്റെ അപരമായാണവര്‍ പ്രതിഷ്ഠിക്കപ്പെടുന്നത്. സിനിമയുടെ ആദ്യഭാഗത്തെ മന്‍സൂര്‍ ഇതു പൂര്‍ണമായും ശരിവെയ്ക്കുന്നു. കുടുംബത്തിനവെളിയില്‍ എല്ലാ അര്‍ത്ഥത്തിലും വിവിധജാതിമതവിഭാഗങ്ങളുമായി ഇടകലര്‍ന്ന് പൊതുജീവിതമാണയാള്‍ക്കുള്ളത്. അതിന്റെ പിന്തുണകളാണ് സൗഹൃദങ്ങളും സിനിമയും പാര്‍ട്ടിപ്രവര്‍ത്തനവും സൗമ്യയുമെല്ലാം. സെക്കുലറായ ഒരാളെ മുസ്ലിം ത•-യിലേക്ക് ഒതുക്കിത്തീര്‍ക്കുകയാണ് രണ്ടാം ഭാഗത്തില്‍ സിനിമ ചെയ്യുന്നത്. ഗുഡ് മുസ്ലിം/ ബാഡ് മുസ്ലിം എന്ന ദ്വന്ദ്വത്തിനകത്താണ് ഇതൊക്കെ പ്രവര്‍ത്തിക്കുന്നത്. സെക്കുലര്‍ മുസ്ലിമിനു പോലും ഭരണകൂടത്തിന്റെ മുന്‍കയ്യിലൂടെ ഇസ്ലാമോഫോബിയ നേരിടേണ്ടിവരുന്നു എന്നതാണ് സിനിമ ദുരന്തമായി കാണുന്നത്. എന്തിനെയാണോ താന്‍ എതിര്‍ത്തത് അതേ മതമൗലികവാദത്തിന്റെ ആരോപണമാണ് താന്‍ ഏറ്റുവാങ്ങേണ്ടിവന്നതെന്ന മന്‍സൂറിന്റെ പരിദേവനത്തില്‍ സെക്കുലര്‍ എന്ന വിശുദ്ധപദവിയുടെ സുരക്ഷിതത്വം എത്രമാത്രം ഭരണകൂടത്താല്‍, നീതിന്യായവ്യവസ്ഥകളാല്‍ നിയന്ത്രണവിധേയമാണെന്നു കാണാം. സെക്കുലറായ മന്‍സൂറിന്റെ വേദനകള്‍ക്കൊപ്പമാണ് സിനിമ. എന്നാലതൊരിക്കലും മറ്റേ രണ്ടു കഥാപാത്രങ്ങള്‍ക്കൊപ്പമല്ല. കാരണം അവര്‍ പ്രാക്ടീസിംഗ് മുസ്ലിമുകളാണ്. പൊതുബോധത്തെ സംബന്ധിച്ചിടത്തോളം അവര്‍ അപരരാണ്, ക്രിമിനലുകളാണ്. അവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല! മന്‍സൂറിന്റെ വിശ്വാസം പാര്‍ട്ടിയോടാണ്, മതത്തോടല്ല എന്നു സിനിമ ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനാവുന്നതിലധികമാണ് യാഥാര്‍ത്ഥ്യങ്ങള്‍ എന്നു ധ്വനിപരമായി പറയാന്‍ ഈ സിനിമയക്കു സാധിച്ചിട്ടുണ്ട്. സിനിമയക്കുള്ളിലെവിടെയും മതപരമായ മുസ്ലിം ജീവിതത്തിന്റെ ശൈലികള്‍, ജീവിതപരിസരങ്ങള്‍ എന്നിവ സവിശേഷമായി കടന്നു വരാത്ത മട്ടിലാണ് അതടയാളപ്പെട്ടുകിടക്കുന്നത്. ഭക്ഷണം, പ്രാര്‍ത്ഥന, ഖുറാന്‍ തുടങ്ങിയ മുസ്ലിം ഹാബിറ്റാറ്റുകളെയൊക്കെ ബോധപൂര്‍വം അദൃശ്യമാക്കിയ  ഒരു ദൃശ്യപ്രതലമാണ് ഇവിടെയുള്ളത്. 

ജാതി
ഇടതുവിപ്ലവബോധത്തിന്റെ പരിമിതികളെ ധ്വനിപരമായി ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതായി തോന്നുന്ന ചില സന്ദര്‍ഭങ്ങളെങ്കിലും സിനിമയിലുണ്ട്. അതിലൊന്നാണ് മന്‍സൂറിനെ തീവ്രവാദിബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് സൗമ്യയുടെയും മന്‍സൂറിന്റെ സുഹൃത്തുക്കളുടെയും പ്രതികരണങ്ങള്‍. ഇങ്ങനെയിരുന്നാല്‍ മതിയോ എന്ന ചോദ്യത്തിന് നേതാവു ജയരാജേട്ടന്‍ കണ്ണുതുറക്കേണ്ട സമയമായി എന്നു പറയുന്നുണ്ട്. ഇതേ ജയരാജനെ ടിപ്പിക്കല്‍ ഇടതുപ്രവര്‍ത്തകന്റെ പതിവു ശരീരഭാഷയുടെയും വിവാഹകാര്യത്തിലുള്ള ഇരട്ടത്താപ്പിന്റെയും പേരില്‍ നമുക്കു പരിഹാസം തോന്നുമെങ്കിലും പാര്‍ട്ടി ജില്ലാക്കമ്മിറ്റിയംഗം ദാമോദരന്‍ സഖാവ് മന്‍സൂറുമായുള്ള ചങ്ങാത്തത്തെക്കുറിച്ചു നടത്തുന്ന പരാമര്‍ശങ്ങളോടയാള്‍ തുടക്കത്തില്‍ മുരത്താണ് പ്രതികരിക്കുന്നത്.
മറ്റൊരു സന്ദര്‍ഭം മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച സൗമ്യ മന്‍സൂറിനെ കാണാന്‍ ശ്രമിക്കുന്ന രംഗമാണ്. സൗമ്യയോട് പ്രണയമുണ്ടായിട്ടും അതുള്ളിലൊതുക്കുകയാണ് ചെയ്തതെന്നയാള്‍ പറയുന്നു. നാമെന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും ജാതിയും മതവുമൊക്കെ ഇവിടെയുണ്ടെന്നു അയാള്‍ സമ്മതിക്കുന്നു. അതിനെ മറികടക്കാനാവാത്തവണ്ണം താന്‍ ദുര്‍ബലനാണെന്നയാള്‍ തിരിച്ചറിയുന്നുണ്ട്. ദാമോദരന്‍ സഖാവു പറയുന്നതുപോലെ വ്യവസ്ഥകള്‍ക്കു കീഴടങ്ങുന്ന അയാള്‍ ഒരു കമ്യൂണിസ്റ്റല്ല അവിടെ. 

ഇതേ മന്‍സൂര്‍ തന്നെക്കാണാന്‍ വന്നവരോട് മുസ്ലിങ്ങള്‍ മതത്തിന്റെ പേരില്‍ പീഡിതരാണെന്നും അവരുമായി ഐക്യപ്പെടണമെന്നും പറഞ്ഞതിന് കലഹിക്കുന്നു. അവരെ തീവ്രവാദികളെന്നും മതമൗലികവാദികളെന്നും പറഞ്ഞ് ആട്ടിയകറ്റുന്നു. ജാതിയുടെയും മതത്തിന്റെയും അസമത്വങ്ങളെക്കുറിച്ചും അധികാരബലതന്ത്രങ്ങളെക്കുറിച്ചും ആര്‍ക്കാണു സംസാരിക്കാന്‍ അവകാശം? തീര്‍ച്ചയായും അതൊരു മതേതരവാദിക്കു മാത്രം. മതേതരത്വത്തെ സ്വപ്നത്തിലെങ്കിലും സംശയിച്ച ഒരാള്‍ക്കും അത്തരമൊരു കര്‍തൃത്വശേഷി അഥവാ നിര്‍വാഹകത്വം ഭരണകൂടം അനുവദിക്കില്ലതന്നെ. മതേതരാനന്തരബോധങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ മതപരതയോടുള്ള കടുത്ത സംശയവും അപരത്വഭീതിയുമാണ് ഈ സിനിമ പങ്കുവെയക്കുന്നതെന്നു പറയാം. അതായത് മന്‍സൂറിന്റെ വിശ്വാസം അയാളെ നിലംപരിശാക്കിയ കപടവും ഹൈന്ദവവുമായ സെക്കുലറിസത്തോടുതന്നെയാണ് എന്നര്‍ത്ഥം. ഏതു വിധേനയും അതിനെ ('ആ വലിയ കുടുംബത്തെയും അമ്മയെയും') മുറിവേല്പിക്കാതിരിക്കാനാണ് സിനിമയും ശ്രമിക്കുന്നത്. തന്റെ ഏജന്‍സിയെ കയ്യൊഴിഞ്ഞ്, മതപരമായ ജീവിതങ്ങളുടെ കുറ്റവാളിവല്‍ക്കരണത്തില്‍ നിസംഗത പാലിക്കാനും അയാള്‍ക്കു കഴിയുന്നതും അതുകൊണ്ടാണ്.


(ഉത്തരകാലം വെബ് പോര്‍ട്ടലില്‍ 2020 മെയ് 19 നു പ്രസിദ്ധീകരിച്ചത്‌)


No comments:

Post a Comment