Wednesday, April 11, 2018

പരദേശിയുടെ അബോധങ്ങള്‍


ന്ത്യന്‍ദേശീയതയെ ചൊല്ലിയുള്ള ചരിത്രപരവുംരാഷ്ട്രീയവുമായ വ്യവഹാരങ്ങള്‍ ഒരു പൊതുസമ്മതമായ കേന്ദ്രത്തെ നിര്‍മിച്ചെടുത്തിട്ടുണ്ട്. ദേശീയതയുടെ അഖണ്ഡത, വിശുദ്ധി, ഭദ്രത തുടങ്ങിയ എല്ലാ ആശയാദര്‍ശങ്ങളും ഈ കേന്ദ്രത്തെ വികസിപ്പിച്ചെടുക്കുന്നു. മുഖ്യധാരാ സംസ്‌കാരികരൂപങ്ങള്‍ അവയുടെ ദേശീയതാ ആഖ്യാനങ്ങളുടെ ഊര്‍ജസ്രോതസ്സായി ഈ കേന്ദ്രത്തെ കണക്കാക്കുന്നു. സ്ഥിരമായി പറഞ്ഞുറപ്പിക്കപ്പെട്ടതും കാലങ്ങളായുള്ള പ്രത്യയശാസ്ത്ര പ്രയോഗങ്ങളിലൂടെ ഉറച്ചുപോയതുമായ സ്വ/അപരങ്ങളും തനിമാവാദങ്ങളും ദേശാഭിമാനങ്ങളും ഇവയ്ക്കു ധാര്‍മികമായ അടിത്തറ പണിയുന്നു. സ്വാഭാവികമായും ചോദ്യംചെയ്യപ്പെടാനരുതാത്തതും മുന്‍കൂട്ടി നിര്‍ണയിക്കപ്പെട്ടതുമായ ദേശീയതാവാദം അതിനുള്ളിലെ വൈരുദ്ധ്യങ്ങളെയും സവിശേഷതകളെയും തമസ്‌കരിച്ചുകളയുകയാണുണ്ടായത്. ഇന്ത്യാവിഭജനം എന്ന പ്രശ്‌നത്തെ ഇന്ത്യന്‍ദേശീയതയെ സംബന്ധിച്ച മുഖ്യധാരാ ചരിത്രവീക്ഷണത്തിന്റെയും അഖണ്ഡതാവാദങ്ങളുടെയും പരിപ്രേക്ഷ്യത്തില്‍ നിന്നുനോക്കിക്കാണുമ്പോള്‍ ഒരു അധര്‍മമോ അനീതിയോ ആയി കാണപ്പെടുന്നത് ഇക്കാരണത്താലാണ്. സ്വാതന്ത്ര്യസമരത്തെയും ദേശീയപ്രസ്ഥാനത്തെയും സൂക്ഷ്മവിശകലനം നടത്തുമ്പോള്‍ ചില ഉപാധികള്‍ അതിന് പിന്നിലുള്ളതായി കാണാം.

പാക്കിസ്ഥാന്‍ എന്ന അപരം
ദേശീയപ്രസ്ഥാനത്തില്‍ വളരെ സജീവമായി പങ്കുവഹിച്ചുകൊണ്ടിരുന്ന വിവിധധാരകളുടെ അധികാരതാല്‍പര്യങ്ങളുമായി പാക്കിസ്ഥാന്‍ രൂപവത്കരണത്തെ ബന്ധപ്പെടുത്തി കാണേണ്ടതുണ്ട്. ദേശീയപ്രസ്ഥാനത്തില്‍ കോണ്‍ഗ്രസിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിംകളില്‍ പ്രബലമായ ഒരു ഘടകം യൂറോപ്യന്‍ വിദ്യാഭ്യാസം സിദ്ധിച്ച മുസ്‌ലിം ബൂര്‍ഷ്വാവിഭാഗമായിരുന്നു. കൊളോണിയല്‍ ആധുനികതയുടെ സൃഷ്ടികളായ ഇവര്‍ അധികാരം പങ്കിടാന്‍ താല്‍പര്യമുള്ള ഒരു ഉയര്‍ന്ന വിഭാഗവുമായിരുന്നു. കിഴക്കന്‍ ബംഗാള്‍, പഞ്ചാബ്, സിന്ധ് തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് ഉപദേശീയതാ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മറ്റൊരു വിഭാഗവും മതപുനരുജ്ജീവനവാദികളെന്നു വിളിക്കാവുന്ന വേറൊരു വിഭാഗവും ഇക്കൂടെയുണ്ട്. 20-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ രൂപവത്കരിച്ച പ്രവിശ്യ നിയമസഭകളില്‍ കോണ്‍ഗ്രസ് മുസ്‌ലിംകളുമായി അധികാരം പങ്കിടാന്‍ തയ്യാറല്ലായിരുന്നു. ഇരുവിഭാഗങ്ങളും എതിര്‍പക്ഷത്തായി ധ്രുവീകരിക്കപ്പെട്ട ഈ ഘട്ടത്തിലാണ് 1906ല്‍ രൂപംകൊണ്ടിരുന്ന മുസ്‌ലിം ലീഗിന്റെ മുന്‍കൈയോടെ ദേശീയതയുടെ താല്‍പര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇവര്‍ ഒറ്റക്കൊട്ടായിത്തീര്‍ന്നത്. പാക്കിസ്ഥാന്‍ ദേശീയതാവാദത്തിനുമേല്‍ മതതീവ്രവാദം ആരോപിക്കപ്പെടുന്ന സന്ദര്‍ഭം ഇതാണ്. മതതീവ്രവാദികളുടെ അധികാരമോഹമാണ് പാക്കിസ്ഥാന്‍ രൂപവത്കരണത്തിലെത്തിച്ചതെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഈ സന്ദര്‍ഭത്തെ ഹിന്ദുദേശീയവാദികള്‍ ശരിക്കും മുതലെടുത്തു. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ദേശീയതയുടെ അപ്രമാദിത്വവും അഖണ്ഡതയുമാണ് ഒരേയൊരു ശരി; അതില്‍ മേല്‍പ്പറഞ്ഞ ദേശീയതകളിലെ മുസ്‌ലിം ജനത നേരിട്ടുകൊണ്ടിരുന്ന ദേശീയ സ്വത്വപ്രതിസന്ധി ഒരു പ്രശ്‌നമേയല്ലായിരുന്നു. പാക്കിസ്ഥാന്‍ രൂപവത്കരണത്തിലടങ്ങിയ ദേശീയതയുടെ താല്‍പര്യങ്ങളെ മതതീവ്രവാദ ആരോപണംകൊണ്ട് മറച്ചുവെക്കുന്നതിലൂടെ ഇന്ത്യന്‍ദേശീയതയുടെ ശത്രുപക്ഷത്തുനില്‍ക്കുന്ന ഒരു അപരമായി പാക്കിസ്ഥാന്‍ അവരോധിക്കപ്പെടുകയായിരുന്നു. പില്‍ക്കാലത്ത് രൂപംകൊണ്ട സ്വാതന്ത്ര്യ/ദേശീയതാ വ്യവഹാരങ്ങളെല്ലാം ഇത് ആവര്‍ത്തിച്ചുറപ്പിച്ചു. ഇതിനര്‍ഥം മതത്തിന് ഇവിടെ ഒരു സ്ഥാനവുമില്ലെന്നല്ല. മറിച്ച്, ഈ കൂട്ടായ്മയുടെ ഒരു ഘടകമായി അത് തീര്‍ച്ചയായും പ്രവര്‍ത്തിച്ചിരുന്നു എന്നു തന്നെ പറയാം. ഇന്ത്യന്‍ദേശീയതയോട് ഏറെക്കുറെ അനുരൂപമായ ഒരു ദേശീയസ്വത്വമാണ് പാക്കിസ്ഥാന്‍ രൂപവത്കരണത്തിലൂടെ സംഭവിച്ചതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അന്തിമവിശകലനത്തില്‍ പാക്കിസ്ഥാന്റേത് ഒരു മതദേശീയതയായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പാക്കിസ്ഥാന്‍ ദേശീയതയെ അതായിത്തന്നെ കാണുന്നതിനുപകരം അവിഭക്ത ഇന്ത്യന്‍ ദേശീയതയുടെയും അഖണ്ഡതാവാദത്തിന്റെയും പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഒരു മുഴുത്ത തെറ്റായി ചിത്രീകരിക്കുന്നത് ആസൂത്രിതമായ നീക്കമാണ്.

മതവും ദേശീയതയും
ഇന്ത്യന്‍ ദേശീയതാവാദത്തെ സംബന്ധിച്ചിടത്തോളം ഹൈന്ദവത എത്രത്തോളം  പ്രബലമാണോ അത്രതന്നെയേ പാക്കിസ്ഥാന്‍ ദേശീയതയിലും മുസ്‌ലിം മതത്തിനു സ്ഥാനമുള്ളൂ. എന്നതാണ് വാസ്തവം. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെപ്പോലുള്ള നിരവധി നേതാക്ക•ാരുടെ നിലപാടുകള്‍ ഇന്ത്യന്‍ ദേശീയതയെ ഹൈന്ദവവത്കരിച്ചതിലധികമായി പാക്കിസ്ഥാന്‍ ദേശീയതാരൂപവത്കരണത്തില്‍ മുസ്‌ലിം മതവാദികളും ചെയ്തിട്ടില്ല. ഇങ്ങനെ വിഭജനത്തിന്റെ മുഴുവന്‍ കാരണവും മതത്തിന്റെ മുകളില്‍ കെട്ടുവെക്കുന്ന സമീപനമാണ് ഹിന്ദു ദേശീയതാവാദികളുടേത്. അതിന്റെ ഫലമായി വിഭജനത്തിന്റെ ഉത്തരവാദിത്തം പേറേണ്ടവരായി ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്‌ലിംകളെ നോക്കിക്കാണുന്ന ഒരു സമീപനവും രൂപപ്പെട്ടുവന്നു. മതത്തിന് ഒരു രാഷ്ട്രത്തെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നു പറയുന്നതിലൂടെ ഹൈന്ദവവാദികള്‍ തങ്ങളുടെ നിലപാടിനെതന്നെയാണ് ന്യായീകരിക്കുന്നത്.

ഒരു ഇന്ത്യന്‍ മുസ്‌ലീമിന് പാക്കിസ്ഥാന്‍ തീവ്രവാദിയെന്നു മുദ്രകുത്തപ്പെടുക വളരെ എളുപ്പമാണ്. ഒരു ഹിന്ദുവിന്റെ ദേശാഭിമാനത്തേക്കാള്‍ അയാളുടേത് തെളിയിക്കപ്പെടേണ്ട ഒന്നാണ്. എപ്പോഴും സംശയിക്കപ്പെടാവുന്നതും. 'ഛക്‌ദേ'യിലെ നായകനായ ഹോക്കി താരം കബീര്‍ ഖാനെ (ഷാരൂഖ് ഖാന്‍) പോലെ അയാള്‍ വിജയം വരെ പൊരുതേണ്ടവനാണ്. കുഴൂര്‍ വില്‍സന്റെ കവിതയിലെന്നപോലെ.
''അതിര്‍ത്തിയില്‍
വെടിയേല്‍ക്കുമ്പോള്‍
ഒരു പട്ടാളക്കാരന്‍
കൂടുതല്‍
പട്ടാളക്കാരനാവുന്നതുപോലെ
തൂക്കിലേറുന്ന വിപ്ലവകാരി
കൂടുതല്‍
വിപ്ലവകാരിയാകുന്നതുപോലെ''
....
...
(''സ്വര്‍ണത്തെക്കുറിച്ച് ഒരു 22 കാരറ്റ് കവിത'')
അയാള്‍ ദേശീയതയുടെ മാറ്റ് ഒരല്‍പം 'കൂടുതലായി' കാത്തുസൂക്ഷിക്കേണ്ടതാണ്. ഇന്ത്യന്‍ദേശീയതയുടെ അഖണ്ഡതാവാദത്തിന് സ്തുതിപാടുകയും എല്ലായ്‌പ്പോഴും പാക്കിസ്ഥാനെ എതിര്‍ക്കുകയും ചെയ്തുകൊണ്ട് അയാള്‍ തന്റെ ദേശാഭിമാനം ഇരട്ടിപ്പിച്ചുകൊണ്ടേയിരിക്കണം!

'പരദേശി'യില്‍
വിഭജനത്തെ മുന്‍നിറുത്തി പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത 'പരദേശി'യിലെ മുസ്‌ലിമിന്റെ സംഘര്‍ഷത്തിന് ഇത്രയെങ്കിലുമോ ഇതിലധികമോ പശ്ചാത്തലമുണ്ട്. വിഭജനം വളരെ പെട്ടെന്ന് രൂപപ്പെട്ട ഒന്നല്ല. അതിലേക്ക് നയിച്ച എത്രയോ വടംവലികളും സംഘര്‍ഷങ്ങളും നാം കാണേണ്ടതുണ്ട്. അത് ഒരു തുടര്‍പ്രക്രിയയുടെ ക്രമമായുള്ള പൂര്‍ത്തീകരണം തന്നെയായിരുന്നു. വിഭജനത്തെ അതിനോടനുബന്ധിച്ചു നടന്ന കൂട്ടക്കൊലകളുമായി മിശ്രണം ചെയ്തുകൊണ്ട് ദുര്‍വ്യഖ്യാനത്തിന് പഴുതുണ്ടാക്കുന്നതില്‍ യുക്തിയില്ല. ഇന്ത്യയിലവശേഷിച്ച മുസ്‌ലിംകള്‍ തീര്‍ച്ചയായും തെറ്റുകാരല്ല. സിനിമ പറയുന്നതും അതാണ്. ആ അളവോളം അത് ശരിയുമാണ്. അവര്‍ അനുഭവിക്കുന്ന പൗരത്വപ്രശ്‌നങ്ങളും വേര്‍പാടിന്റെയും തുടര്‍ച്ചയുടേതുമായ അവസ്ഥയും പൊള്ളുന്നവ തന്നെയാണ്. പക്ഷേ, പാക്കിസ്ഥാന്‍വിഭജനം എന്ന ചരിത്രസംഭവത്തെ ഒരു കടുത്ത അന്യായമായി കാണുക എന്ന ഇന്ത്യന്‍ ദേശീയസമീപനത്തെ ആവര്‍ത്തിക്കുകയാണ് സിനിമ ചെയ്യുന്നത്.

വിഭജനം ഞെരിച്ചുകളഞ്ഞ ഒരുകൂട്ടം മനുഷ്യരുടെ ജീവിതാവസ്ഥയാണീ സിനിമയിലെ പ്രമേയം. വിഭജനമാണിതിലെ വിഷയം. എന്നാലിത് ഒരു വിഷയത്തില്‍ നിന്നു വികസിച്ച് ആഴവും പടര്‍ച്ചയുമുള്ള ശക്തമായ ഒരു കഥയായി സിനിമയില്‍ രൂപപ്പെട്ടുവരാത്തതിന്റെ കുറവ് പ്രകടമാണ്. സൂപ്പര്‍ സ്റ്റാര്‍ അഭിനയിച്ചിട്ടും സിനിമ ദുര്‍ബലമാകുന്നതിന്റെ ഒരു കാരണം അതായിരിക്കാം. ഒരേ ഈണത്തില്‍ ഒരേ ദിശയിലൂടെ മാത്രമുള്ള കഥാഗതി സംഘര്‍ഷങ്ങളും സംഭവങ്ങളുമുണ്ടെങ്കിലും അവയുടെ പിരിമുറക്കത്തെ അയച്ചുകളയുന്നുമുണ്ട്.

അഖ്ണഡതാവാദവും ഫാഷിസവും
പാക്കിസ്ഥാനെക്കുറിച്ചുള്ള പരാമര്‍ശങ്ങളധികവും സിനിമയില്‍ കടന്നുവരുന്നത് കാരാടന്‍ അബ്ദുറഹ്മാന്‍ (ജഗതി ശ്രീകുമാര്‍) എന്ന കഥാപാത്രത്തിലൂടെയാണ്. സംവിധായകന്റെ രാഷ്ട്രീയ അബോധമായി കരുതാവുന്ന ഒരു കഥാപാത്രമാണിയാള്‍. പഴയകാലത്ത് അയാള്‍ രാഷ്ട്രീയം പറയുന്നതുകേട്ടാണ് വലിയകത്ത് മൂസ (മോഹന്‍ലാല്‍) പോലും കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നതെന്ന് അവരിരുവരുടെയും ഭാര്യമാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭ്രാന്തിനും സുബോധത്തിനുമിടയില്‍ പലപ്പോഴായും അയാള്‍ പാക്കിസ്ഥാന്‍ വിഭജനത്തെക്കുറിച്ചും കറാച്ചി പൊലീസിനെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും രോഷത്തോടെ പുലമ്പുന്നുണ്ട്. കാരാടന് പൗരത്വം നല്‍കണമെന്ന അപേക്ഷയുമായെത്തിയ ഭാര്യയോട് പൊലീസ് സ്റ്റേഷനില്‍വെച്ച് എസ്.പി, അയാള്‍ കൃത്യമായി 'രാഷ്ട്രീയം പറയുന്നുണ്ടെന്ന്' പറഞ്ഞ് വിരട്ടുന്നുണ്ട്. ഇത്രയേറെ വിരട്ടാന്‍ മാത്രം യഥാര്‍ഥത്തില്‍ കാരാടന്‍ പറയുന്ന രാഷ്ട്രീയമെന്താണ്?

പാക്കിസ്ഥാന്‍ പൗരത്വത്തിന്റെ പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പീഡിപ്പിച്ചുകൊണ്ടിരുക്കുന്ന മുസ്ലിംകള്‍ക്കുവേണ്ടി നിലകൊള്ളുന്ന പത്രപ്രവര്‍ത്തക ഉഷയോട് (പത്മപ്രിയ) കാരാടന്‍ ''ജിന്നാ സാഹബ് മുസ്‌ലിംകളെ രക്ഷിച്ചതുപോലെയാകുമോ'' എന്ന് പരിഹസിക്കുന്നുണ്ട്. വിഭജനവും പാക്കിസ്ഥാന്‍ ദേശീയബോധവും രൂപപ്പെടുത്തിയ ശിഥിലമായ സ്വത്വബോധത്തിന്റെ പ്രതിഫലനംതന്നെയാണിത്. അതയാളുടെ മാത്രം അബോധമല്ല; സിനിമയുടെ മൊത്തം അബോധമാണ്. മതരാഷ്ട്ര ദേശീയതയുടെ പേരില്‍ പാക്കിസ്ഥാന്‍ രൂപവത്കരണത്തെയും ഇന്ത്യാവിഭജനത്തെയും എതിര്‍ക്കേണ്ടിവരുമ്പോള്‍ തന്നെ ഇന്ത്യയിലവശേഷിച്ച മുസ്‌ലിംകള്‍ക്കുവേണ്ടി സംസാരിക്കാന്‍ സിനിമ/അയാള്‍ ആഗ്രഹിക്കുന്നു. ഇതൊരു പ്രതിസന്ധിയാണ്. ഈ പ്രതിസന്ധിയെ സിനിമ മറച്ചുപിടിക്കുന്നത് അഖണ്ഡതയുടെയും ആവര്‍ത്തിച്ചുറപ്പിച്ച ദേശാഭിമാനത്തിന്റെയും വൈകാരികപ്രകടനങ്ങളിലൂടെയാണ്. ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകളുടെയും സ്വരാജ്യമായാണ് പാക്കിസ്ഥാന്‍ നിര്‍മിക്കപ്പെട്ടതെന്ന മുഴുത്ത തെറ്റിനെ കാരാടനിലൂടെ സിനിമയും ആവര്‍ത്തിക്കുന്നു. ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകള്‍ക്കും പാക്കിസ്ഥാന്‍ രാഷ്ട്രീയത്തില്‍ പൗരത്വം നല്‍കാനുള്ള പദ്ധതി സൈദ്ധാന്തികമായി മുസ്‌ലിംലീഗ് അംഗീകരിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം (മുസ്‌ലിംലീഗിലെ ചില വിഭാഗങ്ങള്‍ ആദ്യകാലത്ത് അത്തരമൊരു ആവശ്യം ഉയര്‍ത്തിയിരുന്നുവെങ്കിലും അത് റദ്ദാക്കപ്പെടുകയാണുണ്ടായത്). മറിച്ചുള്ള എല്ലാ വാദങ്ങളും ഹൈന്ദവ/അഖണ്ഡ ദേശീയതയുടെ വാദമുഖമാണ് മുന്നോട്ടുവെക്കുന്നത്. പാക്കിസ്ഥാനെ ഇത്തരത്തില്‍ ആവിഷ്‌കരിച്ചുകൊണ്ടു മാത്രമേ അവര്‍ക്ക് മുസ്‌ലിംകളെത്തന്നെ അപരമാക്കാന്‍ കഴിയൂ എന്നതുകൊണ്ടാണിത്.

കാരാടന്റേതുപോലെതന്നെ കറാച്ചി പൊലീസിന്റെ മറ്റൊരു ഇരയാണ് ഉസ്മാന്‍ (ടി.ജി.രവി) ഭ്രാന്തിലും സമനിലയിലും അതൊരു ഭൂതമായി അയാളെ വേട്ടയാടുന്നു. കദീശ (ലക്ഷ്മി ഗോപാലസ്വാമി)യുടെ ജീവിതദുരന്തത്തിനു പാക്കിസ്ഥാനാണ് വേദിയാകുന്നത്. ഇങ്ങനെയുള്ള നിരവധി സന്ദര്‍ഭങ്ങളിലൂടെയും മേല്‍വിവരിച്ച സിനിമക്കുള്ളിലെ രാഷ്ട്രീയ സൈദ്ധാന്തിക വ്യവഹാരങ്ങളിലൂടെയും പാക്കിസ്ഥാനെ അപരവത്കരിക്കുകയും ഇന്ത്യന്‍ദേശീയതയുടെ അഖണ്ഡതയെ മഹത്ത്വവത്കരിക്കുകയുമാണ് 'പരദേശി' ചെയ്യുന്നത്. വിഭജനത്തിന്റെയും ഇന്ത്യന്‍ ദേശരാഷ്ട്ര നിര്‍മിതിയുടെയും ദൃശ്യാവിഷ്‌കാരങ്ങളിലൂടെയാണ് സിനിമയുടെ ആഖ്യാനം തുടങ്ങുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. വിഭജനം നിരവധി കൂട്ടക്കൊലകള്‍ക്കും ദുരന്തങ്ങള്‍ക്കും കാരണമായി എന്നതും അത് കൃത്യമായും മാനുഷികമായും ആഖ്യാനം ചെയ്യപ്പെടേണ്ടതുമാണ് എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.

'പരദേശി'യിലെ പാക്കിസ്ഥാന്‍ പരാമര്‍ശങ്ങള്‍ തികച്ചും വ്യത്യസ്തമായൊരു രീതിയില്‍ അതിവായിക്കുകയാണ്. ജി.പി.രാമചന്ദ്രന്‍ (പൗരത്വം ചൂട്ടെടുക്കുന്നത് ഏത് വേവുപുരയില്‍? എന്ന ലേഖനം). അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സിനിമയില്‍ പാക്കിസ്ഥാനെ ഒരിക്കലും ശത്രുമുദ്ര ചാര്‍ത്തി അവഹേളിക്കപ്പെടുന്നില്ല. പാക്കിസ്ഥാനെ വസ്തുനിഷ്ഠമായി കാണുന്ന സിനിമയാണ് 'പരദേശി'യെന്ന് അദ്ദേഹം പ്രശംസിക്കുന്നുമുണ്ട്. മുകളില്‍ നടത്തിയ വിശകലനങ്ങള്‍ വ്യക്തമാക്കുന്നതുപോലെ ഈ നിലപാട് അദ്ദേഹത്തിന്റെ ആഗ്രഹചിന്തകളില്‍നിന്ന് രൂപപ്പെട്ടവ മാത്രമാണ്. അതിനെ സിനിമ സാധൂകരിക്കുകയില്ലെന്നു മാത്രം.

പാക്കിസ്ഥാന്‍ എന്ന അപരത്തെ സിനിമയിലുടനീളം വിന്യസിക്കുന്നതിലൂടെ ഹൈന്ദവ ഫാഷിസ്റ്റുകള്‍ വിരിച്ച വലയില്‍തന്നെയാണ് സംവിധായകനും തന്റെ ഇടം കണ്ടെത്തുന്നത്. ദേശീയതയുടെ ഏറ്റവും വലിയ ശവപ്പറമ്പായ ഇന്ത്യന്‍മണ്ണില്‍ (മണിപ്പൂരും നാഗാലാന്റും അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങള്‍ സൂചിപ്പിക്കുന്നത് മറ്റെന്താണ്?) ഇനിയെങ്കിലും ഈ ഗീര്‍വാണങ്ങള്‍ക്കും മേനി നടിക്കലുകള്‍ക്കും പ്രസക്തിയില്ല. പാക്കിസ്ഥാന്‍ എന്ന 'തെറ്റി'നെയും മുസ്‌ലിമിന്റെ ഇന്ത്യന്‍ ദേശാഭിമാനത്തെയും ഭയപ്പാടോടുകൂടി കാക്കത്തൊള്ളായിരാമത്തെ തവണയും ആണയിട്ടുറപ്പിക്കുകയാണ് സിനിമയുടെ നിലപാടുകള്‍. കാല്പനികമായ അഖണ്ഡതാവാദവും ഫാഷിസത്തിന്റെ മറ്റൊരു രൂപമാണ്; അതൊരു നിലനില്‍പിന്റെ പ്രശ്‌നമാണെങ്കില്‍കൂടിയും.

(മാധ്യമം.2007, നവംബര്‍ 19)


No comments:

Post a Comment