സാംസ്‌കാരികമായ സ്വത്വരൂപവത്കരണമെന്നത് ഏതൊരു ജനതയുടെയും ദേശീയതയുടെയും ചരിത്രത്തില്‍ പ്രബലമായ ഒരു പ്രമേയമാണ്. അധിനിവേശത്തിന്റെയും അതിജീവനത്തിന്റേതുമായ സംഘര്‍ഷം സ്വത്വത്തെ സൂക്ഷ്മതലത്തില്‍ രൂപവത്കരണം തികച്ചും രാഷ്ട്രീയമായ പ്രതിരോധമായി രൂപപ്പെടുന്നു. പില്‍ക്കാലത്ത് സാംസ്‌കാരികരൂപങ്ങളിലൂടെ ആവര്‍ത്തിച്ചുറപ്പിക്കപ്പെടുന്ന ചരിത്രബോധനമാകട്ടെ ഇതിന്റെ രൂപഭാവങ്ങളെ പലപ്പോഴും പുറംചട്ടകളില്‍ ആവിഷ്‌കരിച്ച് തൃപ്തിയടയുന്നു. ഇത്തരം അസാംഗത്യങ്ങള്‍, അപഭ്രംശങ്ങള്‍ സാംസ്‌കാരികചരിത്രത്തില്‍ നിരന്തരം കടന്നുവരാറുണ്ട്.
ദേശീയതയെ കേന്ദ്രീകരിച്ചു നടക്കുന്ന ചര്‍ച്ചകളിലൊക്കെയും സാംസ്‌കാരികമായ തനിമയും സ്വാംശീകരണവും പ്രശ്‌നവത്കരിച്ചുകാണാറുണ്ട്. മതത്തിന്റെ മണ്ഡലവുമായി ചേര്‍ത്തുവെക്കുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ കുറച്ചുകൂടി സങ്കീര്‍ണമാണ്. മതത്തിന്റെ ഉപാധികളും പ്രവര്‍ത്തനമണ്ഡലങ്ങളും മേല്‍/കീഴ് ബന്ധങ്ങളിലൂടെ സാംസ്‌കാരികതയില്‍ ഊട്ടിയുറപ്പിക്കപ്പെടുന്നതാണ് ഇതിന് കാരണം. കേന്ദ്രീകരിക്കപ്പെട്ട സ്വത്വത്തെ എന്ന പോലെ അതിന് പുറത്തായ ഒരു അപരത്തെയും ഇത് സാധ്യമാക്കുന്നു. സ്വ/അപരങ്ങള്‍ക്ക് പൊതുവായ ഒരു സാംസ്‌കാരികദേശീയത ഒരു വെല്ലുവിളിയായിത്തീര്‍ന്നത് മതാത്മകമൂല്യങ്ങളുമായി അതിനുള്ള നിര്‍ബന്ധിത ചാര്‍ച്ചകൊണ്ടാണ്. അധിനിവേശത്തെ ത•(കറലിശേ്യേ) കൊണ്ടു നേരിടുമ്പോള്‍ നാം വീണുപോകുന്ന ചതിക്കുഴികളിലൊന്നാണിത്. അന്ധമായ പാരമ്പര്യവാദം സ്വത്വദേശീയതയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം തന്നെ സ്വഭാവികമായി രൂപംകൊണ്ടുവരുന്ന ആധുനികതാബോധത്തെയും വികലമായി സ്വാധീനിക്കും. ഭൂതകാലത്തെക്കുറിച്ചുള്ള മതേതരമായ കാഴ്ചപ്പാടുകളില്‍ നിന്ന് വ്യത്യസ്തമായി മതാത്മകവും വിഭജിതവുമായ ഒരു ചരിത്രബോധം രൂപം കൊള്ളുന്നതിന്റെ പശ്ചാത്തലം ഇതാണ്. ഡോ. കെ.എന്‍.പണിക്കരുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ബുദ്ധിജീവികളിലെ ഒരു വിഭാഗത്തിനിടയില്‍ രൂപപ്പെട്ട ബൗദ്ധികരോഗലക്ഷണമാണ് അത്. (പുറം 46, സാംസ്‌കാരവും ദേശീയതയും കെ.എന്‍.പണിക്കര്‍, കറന്റ് ബുക്‌സ്, തൃശൂര്‍ 2004) ഇതിന്റെ തന്നെ ഫലമായാണ് അധിനിവേശിതവും അതേസമയം തദ്ദേശീയവുമായ അംശങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരു സ്വത്വബോധം സ്ഥാപിക്കപ്പെടുന്നത്.
പാരമ്പര്യത്തോടും ആധുനികതയോടുമുള്ള സമീപനങ്ങള്‍ ഇന്ത്യാചരിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട കാലയളവ് ദേശീയ പ്രസ്ഥാനത്തിന്റേതാണ്. സാങ്കേതികശാസ്ത്രം, സാഹിത്യം, കല, പുരാവസ്തുശാസ്ത്രം മുതലായ പല വിഷയങ്ങളിലും നടന്ന ഗവേഷണങ്ങള്‍ ഈ പ്രവണതക്ക് ആക്കം കൂട്ടി. ഇത്തരം സമീപനങ്ങളെ കേന്ദ്രീകരിച്ചുള്ള പൊതുബോധം കൃത്യമായി സന്നിവേശിപ്പിക്കുന്ന ഒരു സാംസ്‌കാരികരൂപം തന്നെയാണ് ഇന്ത്യന്‍ സിനിമ. ദേശീയ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ട നിരവധി സിനിമകള്‍ നാം കണ്ടുകഴിഞ്ഞു. നാളിതുവരെയുള്ള സിനിമയുടെ ചരിത്രത്തില്‍ മുദ്രിതനായ (പുരുഷ) നായകന്‍ കുപിതനും രോഷാകുലനുമാണ് (അമിതാഭ് ബച്ചന്‍). അനീതിക്കും അധര്‍മത്തിനുമെതിരെ ആയാള്‍ ഒരു ഒറ്റയാള്‍ പട്ടാളമായി നിലകൊണ്ടു. അധര്‍മങ്ങളും അനീതികളുമാകട്ടെ സവിശേഷമായ മുന്നുപാധികളാല്‍ നിര്‍ണീതമാണ്.
മനഃശാസ്ത്രത്തിന്റെ മുഖംമൂടി
ആക്ഷന്‍ ചിത്രങ്ങളുടെ വര്‍ണശബളമായ ജനകീയ നീതിബോധത്തിലേക്ക് ഈ ധാര്‍മികനിലപാടുകളെ പരുവപ്പെടുത്താനുള്ള കൂടോത്രങ്ങളും വശീകരണ, വിലയന മന്ത്രവാദങ്ങളും പുതിയ സിനിമക്ക് സ്വതഃസിദ്ധമാണല്ലോ. ഇത്തരം സാധ്യമായ എല്ലാ ചേരുവകളും ചേര്‍ന്ന സിനിമകള്‍ പലവിധ ആവര്‍ത്തനങ്ങളോടെ വാണിജ്യവിജയം കൊയ്തുകൊണ്ടുപോയി. ഇന്ത്യന്‍ ദേശീയതയെച്ചൊല്ലിയുള്ള ഗൃഹാതുരതയുടെയും ആദര്‍ശാത്മകതയുടെയും സമകാലികമായ പതിപ്പാണ് അന്യന്‍ എന്ന സിനിമ. കേന്ദ്ര കഥാപാത്രമായ അഡ്വ. രാമാനുജത്തെ അവതരിപ്പിക്കുന്നത് വിക്രം ആണ്. രാമാനുജം ഒരേസമയം മൂന്ന് അപരവ്യക്തിത്വങ്ങള്‍ പുലര്‍ത്തുന്നു. സിനിമയില്‍ - അഡ്വ. രാമാനുജം എന്ന അമ്പി, രെമോ, അന്യന്‍ - ശാസ്ത്രീയതയുടെ (മനഃശാസ്ത്രം) മുഖംമൂടിയണിഞ്ഞുകൊണ്ട് തിരക്കഥാകൃത്ത് ഇത് സാധിച്ചെടുക്കുന്നു. 'മണിച്ചിത്രത്താഴ്' പോലെയുള്ള സിനിമകളിലൂടെ ഏറെ ആഘോഷിക്കപ്പെട്ട 'ാൗഹശേുഹല ുലൃീെിമഹശ്യേ റശീെൃറലൃ' എന്ന സങ്കേത സൂത്രവാക്യം (!) കൊണ്ട് വളരെ സിനിമാറ്റിക് ആയിട്ടുതന്നെ കൈകാര്യം ചെയ്തിരിക്കുന്നു.
അമ്പിക്ക് നന്ദിനിയോട് കടുത്ത പ്രേമമാണെങ്കിലും അവള്‍ക്ക് അയാളെ ഇഷ്ടപ്പെടാന്‍ കഴിയുന്നില്ല. എന്തിനും ഏതിനും ന്യായവും നീതിയും നോക്കുന്ന അയാള്‍ ഒരു പരാതിപ്പെട്ടിയോ കാല്‍ക്കുലേറ്ററോ ആണത്രെ അവള്‍ക്ക്. അവള്‍ക്ക് രെമോയെ ആണിഷ്ടം. ഇംഗ്ലീഷ് പറയുകയും ജീന്‍സിടുകയും കുസൃതികള്‍ കാണിക്കുകയും ഒക്കെ ചെയ്യുന്ന അയാള്‍ പുതിയ ലോകത്തിന്റെ പുതിയ കാലത്തിന്റെ വശീകരിക്കുന്ന പ്രതിരൂപമാണ്. അമ്പി എന്ന അന്യന്‍ തന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ കുറ്റവാളിയെയും തന്റെ കൈകൊണ്ടുതന്നെ നാമാവശേഷമാക്കുകയാണ്. അമ്പി -രെമോ-അന്യന്‍: ഇവര്‍ മൂന്നുപേരും ഒന്നാണെന്ന്, ഒരാളാണെന്ന് സിനിമ പറയുന്നത് ാൗഹശേുഹല ുലൃീെിമഹശ്യേ റശീെൃറലൃ ന്റെ ന്യായീകരണത്തിലൂടെയാണെങ്കിലും സാംസ്‌കാരികചരിത്രത്തില്‍ ഈ മൂന്ന് സ്വത്വങ്ങളെയും ഏകാത്മകമായി നിലനിറുത്തുന്ന ഒരു പ്രത്യയശാസ്ത്രം ഉണ്ടെന്ന് കാണാം. കൊളോണിയല്‍വിരുദ്ധ ബോധങ്ങളുടെ ഫലമായി രൂപംകൊണ്ട സ്വത്വബോധം വളരെ ആവേശത്തോടുകൂടിത്തന്നെ പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്ത ഒരു ഘട്ടം ശ്രദ്ധേയമാണ്. വിവാഹനിയമങ്ങളിലും വ്യക്തിസ്വാതന്ത്ര്യങ്ങളിലുമെല്ലാം അത് പ്രകടമായി. അധിനിവേശവ്യവസ്ഥക്ക് അടിയറവ് പറയാതെ തന്നെ സാംസ്‌കാരികമായ തനിമ നിലനിറുത്താനാവുമെന്നും അത് വ്യക്തിയുടെ സ്വകാര്യജീവിതത്തിന്റെ നൈരന്തര്യത്തിലൂടെ സാധിക്കാമെന്നും അവര്‍ മോഹിച്ചു. അമ്പിയില്‍ ഇതാണ് പ്രവര്‍ത്തിക്കുന്നത്. ഒരുതരം സ്വകാര്യമായ വിധിന്യായത്തീര്‍പ്പുകള്‍ക്കായാണ് അമ്പിയില്‍ നിന്നും അന്യനിലേക്ക് ഒരു തുടര്‍ച്ച ഉണ്ടാകുന്നത്. ദേശീയചരിത്രത്തില്‍ സ്വകാര്യമായ വ്യക്തിമണ്ഡലങ്ങളില്‍ ഊന്നിനില്‍ക്കുന്ന പൗരബോധവും നീതിനിഷ്ഠയും ഇത്തരം സ്വത്വങ്ങളില്‍ ഒരു ഉഭയഭാവം സൃഷ്ടിക്കുകയാണ് ചെയ്തത്. പാരമ്പര്യങ്ങളെ നിലനിറുത്തുകയും അതേസമയം ആധുനികതയെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന കൊളോണിയല്‍ കാലഘട്ടത്തിലെ ബുദ്ധിജീവിയുടെ അടിസ്ഥാനപരമായ ദ്വന്ദ്വസ്വഭാവം പൊള്ളയായ/കപടമായ ആദര്‍ശവത്കരണങ്ങളിലേക്കും ആവേശങ്ങളിലേക്കും അവരെ നയിച്ചു.
ഒരു വ്യക്തിയില്‍ തന്നെ സംഗതമായ പലതരം വ്യക്തിത്വങ്ങളുടെ പിളരല്‍ ഇന്ത്യന്‍ അധിനിവേശ/അധിനിവേശാനന്തര കാലഘട്ടങ്ങളിലെ ഒരു മൂര്‍ത്ത യഥാര്‍ഥ്യമാണ്. വ്യത്യസ്തരൂപഭാവങ്ങളോടെ ഇന്നും അത് നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെയാണ് അന്യനിലെ പാരമ്പര്യവാദിയായ അമ്പിയും ആഗോളീകരിക്കപ്പെട്ട രെമോയും സിവില്‍നിയമ ലംഘനങ്ങള്‍ക്ക് ക്രൂരമായ മരണശിക്ഷ കൊടുക്കുന്ന 'നീതിനിഷ്ഠ'നായ അന്യനും ഒരേ ആളായിത്തീരുന്നത്. ഈ മൂന്ന് വ്യത്യസ്തങ്ങളെ ഒരേയൊരു ഏകാത്മകതയായി അംഗീകരിക്കാന്‍ പ്രേക്ഷകനെ സഹായിക്കുന്നത് ഇന്ത്യന്‍ ദേശീയ ചരിത്രത്തിന്റെ ഭൂത-വര്‍ത്തമാനകാലങ്ങളില്‍ ഈ സ്വത്വപ്രരൂപം സാധുവാണെന്നതിനാലാണ്. സിനിമയിലും യഥാര്‍ത്ഥത്തില്‍ ഇത് ചികിത്സിച്ചു. ഭേദപ്പെടുത്താവുന്ന, ഭേദപ്പെടുത്തേണ്ട ഒരു രോഗമല്ല. അവിടെയും (സിനിമയില്‍) വിട്ടുപിരിയാത്ത വിധം മൂന്നാളും ഒരേ വ്യക്തിയില്‍ ലീനമായിരിക്കുന്നു. ഒരു മനോരോഗവിദഗ്ധനും വേര്‍പ്പെടുത്താന്‍ കഴിയാത്ത വിധത്തില്‍.
സിനിമയുടെ അവസാനരംഗം (രോഗവിമുക്തിക്കുശേഷവും അമ്പിയെ അന്യന്‍ വിട്ടൊഴിയുന്നില്ല. ട്രെയിനില്‍ ഭാര്യയോടൊപ്പം മധുവിധുവിന് പോകുമ്പോള്‍ മറ്റൊരു യാത്രക്കാരന്‍ മദ്യപിച്ചതിന് അയാളെ കഴുത്തിന് പിടിച്ച പുറത്തേക്ക് വലിച്ചെറിയുകയാണ്.) അത് സ്ഥിതീകരിക്കുന്നു. അതുകൊണ്ടതന്നെയാണ് പരാതിപ്പെടുന്നയാളും (അമ്പി) വിധികര്‍ത്താവും (അന്യന്‍) ഒരേ ആളായിരിക്കുന്നത്.
സിനിമയിലെ നായികക്കും ഇതേ ഉഭയഭാവമുണ്ട്. രെമോയാണ് അമ്പി എന്നറിയുന്നതോടെ അവളയാളെ സ്വീകരിക്കുന്നു. അമ്പിയായിത്തന്നെ അയാളെ അവള്‍ സ്വീകരിക്കുന്നത് രെമോയിലൂടെ ആണെന്നതാണ് അതിന്റെ പ്രത്യേകത. ആധുനികതയുടെ മാധ്യസ്ഥതയിലൂടെ പാരമ്പര്യത്തെ സ്വീകരിക്കുന്നു. 'ഇന്ദുലേഖ'യിലെ മാധവനെ മുന്‍നിറുത്തി ഈ ഘടകം പലരും നിരീക്ഷിച്ചിട്ടുണ്ട്. അധിനിവേശത്വത്തിലും ഒപ്പം പാരമ്പര്യത്തിലും നങ്കൂരമിട്ട വ്യക്തിത്വമായി മാധവന്‍ വായിക്കപ്പെടുന്നുണ്ട്. മാധവനില്‍നിന്ന് വ്യത്യസ്തമായി മാധവന്‍ വായിക്കപ്പെടുന്നുണ്ട്. മാധവനില്‍നിന്ന് വ്യത്യസ്തമായി സിവില്‍നിയമങ്ങളുടെ ലംഘനമാണ് അമ്പിയെ വിറളി പിടിപ്പിക്കുന്നത്. റോഡില്‍ മൂത്രമൊഴിക്കുന്നതും തുപ്പുന്നതും ട്രെയിനില്‍ അമിതവിലയ്ക്ക് മോശം ഭക്ഷണം കൊടുക്കുന്നതും മറ്റുമാണ് 'ഇന്തിയന്‍' പൗരന്റെ മൂല്യച്യുതിയായി അയാള്‍ കാണുന്നത്. പാപ/പുണ്യങ്ങളുടെയും സ്വര്‍ഗ/നരകങ്ങളുടേതുമായ ഒരു ദ്വന്ദ്വാത്മക-സാങ്കല്‍പിക-വിധിന്യായ കോടതിയിലൂടെ ഇവയെ എല്ലാം വിചാരണ ചെയ്യുകയാണയാള്‍. കര്‍ക്കശവും ഋജുവുമായ നീതിബോധം അയാളെ അസ്വസ്ഥനാക്കുന്നു. ചിത്രഗുപ്തന്‍ എന്ന കണക്കുസൂക്ഷിപ്പുകാരനെക്കുറിച്ച് അമ്മ ചെറുപ്പത്തിലേ അയാള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. ഗരുഡപുരാണത്തിലെ ദണ്ഡനീതികള്‍ (കൃമിഭോജനം, കുംഭിപാകം, അന്ധകൂപം തുടങ്ങിയവ...) അയാള്‍ക്ക് കാണപ്പാഠമാണ്. (ഭരണഘടനാനുസൃതമായ നീതിനിയമത്തിന്റെ പ്രതിനിധിയായ അഡ്വ.രാമാനുജം പൗരാണിക നീതി-ശിക്ഷാ നടപടികളിലൂടെ 'അന്യ'നായി മാറുന്നു എന്നതിലും വൈരുധ്യമുണ്ട്)
ഇത്തരം പൗരാണിക-പാരമ്പര്യമൂല്യങ്ങളില്‍ അടിയുറച്ച ഹൈന്ദവമായ പുണ്യ/പാപ സങ്കല്‍പങ്ങള്‍, സ്വര്‍ഗ/നരകങ്ങള്‍ ദേശീയസ്വത്വത്തിലേക്ക് പരിണമിക്കുന്ന കാഴ്ചയാണ് അന്യന്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുന്ന രംഗത്തിലുള്ളത്. ദേശീയതെയക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമുള്ള ഉപരിപ്ലമായ ഒരു കവലപ്രസംഗമായി ഈ ഭാഗം മാറുന്നുണ്ടെങ്കിലും അന്യന്റെ ചെയ്തികളെ പൊതുജനം ശരിവെക്കുകയാണ്. തൊഴിലെടുത്ത് കുടുംബം പുലര്‍ത്താത്ത യുവാവിനെ (അലസതയുടെ പേരില്‍) പാമ്പിനെക്കൊണ്ട് കൊല്ലിക്കുന്നു. തൊഴിലില്ലായ്മയേക്കാള്‍ വലിയ പാപമായി അലസത അഥവാ 'ഉത്തരവാദിത്തമില്ലായ്മ' ഇവിടെ സ്ഥിരീകരിക്കപ്പെടുന്നു. ഇത്തരം പൗര•ാരാണത്രെ 57 കൊല്ലത്തെ സ്വാതന്ത്ര്യാനന്തരദേശീയതയെ നശിപ്പിക്കുന്നത്! (ഒറ്റയൊറ്റ ജാതിസമൂഹമായി മാത്രം ഇപ്പോഴും നിലകൊള്ളുന്ന ഇന്ത്യന്‍പൗരനെയാണ് അന്യന്‍ ഇപ്രകാരം പൊതുപൗരസമൂഹത്തെ മുന്‍നിറുത്തി വിശകലനം ചെയ്യുന്നതെന്ന വൈരുധ്യവും ഓര്‍ക്കേണ്ടതുണ്ട്).
ഇന്ത്യന്‍ ദേശീയതയെക്കുറിച്ച് അന്യന്‍ തന്റെ കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നുണ്ട്. സിങ്കപ്പൂരിനെയും ജപ്പാനെയും ഹോങ്കോംഗിനെയും പോലെയുള്ള മുതലാളിത്ത/ആഗോളീകൃതകേന്ദ്രങ്ങളുടെ മാതൃകയാണ് അന്യന്‍ മുന്നോട്ടുവെക്കുന്നത്. അതു നേടിയെടുക്കാനുള്ള വഴി ഇതുവരെ പറഞ്ഞ ഉഭയസ്വഭാവമുള്ള പൗരബോധത്തിലൂടെയും വ്യക്തിസത്തയിലൂടെയും. ആഗോളീകരണനയങ്ങളുടെ ഇന്ത്യന്‍മാതൃകയായി നമുക്കിതിനെ കാണാന്‍ വിഷമമില്ല. ഒരേസമയം ആധുനിക/ആഗോളീകൃത സമ്പദ്‌വ്യവസ്ഥയിലും അതേയളവില്‍ പൗരാണികതയിലും പ്രാചീന ശിക്ഷാനടപടികളിലും ഊന്നുകയാണ് അന്യന്‍. സമകാലികവ്യവസ്ഥയില്‍ ആഗോളീകരണനയങ്ങളുടെ സുഗമമായ നടത്തിപ്പിന് മുഖ്യചാലകശക്തിയായി വര്‍ത്തിക്കേണ്ടത് വ്യക്തിപരമായ പൗരബോധവും തെറ്റുകള്‍ക്കു നേരെയുള്ള കടുത്തശിക്ഷാ നടപടികളുമാണെന്ന ദിശയിലേക്ക് കൂടി ഇത് നീളുന്നു. ജനാധിപത്യേതരമായ, ഏകാധിപത്യത്തോളമെത്തുന്ന വ്യക്തികേന്ദ്രിതമായ നീതിബോധമാണ് അന്യനില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ പൗരസമൂഹത്തിന്റെ സിവില്‍ നിയമലംഘനമോ വ്യക്തിപരമായ തെറ്റുകളോ പര്‍വതീകരിച്ചുകൊണ്ട് ഭരണകൂട അധീശത്വത്തിന്റെ അനീതികളും സ്വേച്ഛാധിപത്യവും മറച്ചുപിടിക്കാന്‍ അയാള്‍ക്ക് കഴിയുന്നു. അടിച്ചേല്‍പിക്കപ്പെടുന്ന ഒരു മിഥ്യയാണിത്. ഭരണകൂടം വലിയ ഒരു രക്ഷാകവചമാണെന്ന മിഥ്യയെ അത് ആവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ ഇവിടെ അന്യനാക്കപ്പെടുന്നത് പ്രജയാക്കപ്പെട്ട സാധാരണ പൗരനാണ്.
(മാധ്യമം, 2005 ആഗസ്റ്റ് 12)
No comments:
Post a Comment