'പന്ത്രണ്ടു വയസ്സു തികഞ്ഞിട്ടില്ലെങ്കിലും ഞാന്‍
ഒരാളും ആണുമായതുപോലെ എനിക്കു തോന്നി'
(പുറം 118,ജീവിതപ്പാത,1992,കറന്റ് ബുക്‌സ്,തൃശ്ശൂര്‍)
തദ്ദേശീയവും തല്‍ക്കാല(സമകാലിക)വുമായ ആസന്നഭൂമിയിലാണ് ചെറുകാടിന്റെ എഴുത്ത്.അധികാരത്തിന്റെ സ്ഥൂലസംഘര്‍ഷങ്ങളെ,വന്‍എടുപ്പുകളെ അത് എഴുത്തില്‍ മുഖ്യവ്യവഹാരമണ്ഡലമാക്കി ചലിപ്പിച്ചു നിര്‍ത്തി.. പ്രത്യേകിച്ചും തൊഴിലാളിവര്‍ഗരാഷ്ട്രീയത്തെ, ഭൂമിയുടെ മേലുളള കര്‍ഷകരുടെ അവകാശസമരങ്ങളെ, വിപ്‌ളവകാരികളുടെ ബൂര്‍ഷ്വാവ്യാമോഹങ്ങളെ,അധ്യാപകരുടെ അവകാശപ്രക്ഷോഭങ്ങളെ ഒക്കെ നോവലിലൂടെ കേരളത്തിന്റെ സാമൂഹികചരിത്രത്തിനു സമാന്തരമായെന്നവണ്ണം ചെറുകാട് എഴുതി. മനുഷ്യജീവിതത്തിന്റെ പച്ചയിലൂടെ രാഷ്ട്രീയദിശകളുടെ പിറവിയും സംഘര്‍ഷവും വളരെ ജൈവികമായിത്തന്നെ ചെറുകാട് ആവി്ഷ്‌കരിച്ചു. കേരളചരിത്രത്തിന്റെ സുപ്രധാനമായ പരിണാമഘട്ടങ്ങള്‍ വ്യക്തിജീവിതത്തിന്റെ ഗതിവിഗതികളിലൂടെ ആത്മകഥയിലും വായിക്കാം.
എന്നാല്‍ സ്ഥൂലമായ ഈ പരിണാമചലനങ്ങളെ താങ്ങി, ത്വരിപ്പിച്ചു നിര്‍ത്തുന്ന ശക്തികള്‍ എന്തൊക്കെയാണ്? വലിയ സാമൂഹികചലനങ്ങളുടെ അന്തര്‍ധാരകളായ മറ്റനേകം ജീവിതങ്ങളും ജീവിതബോധങ്ങളും അവയ്ക്കകത്തെ മൂല്യവിശ്വാസങ്ങളും മറ്റും ചെറുകാടില്‍ എങ്ങനെ പ്രവര്‍ത്തിച്ചു? സൂക്ഷമസ്ഥലികളില്‍ അധികാരബന്ധങ്ങള്‍ എങ്ങനെ നിജപ്പെടുന്നു? അവ തമ്മിലുള്ള ബലാബലങ്ങളും കൊള്ളക്കൊടുക്കകളുമെന്ത്? ആധികാരികമായ ധാരണകള്‍ക്കപ്പുറം ഒരു ജനതയെന്ന നിലയില്‍ കേരളീയരുടെ ആണ്‍/പെണ്‍ ബോധങ്ങള്‍ ചെറുകാടില്‍ ഉള്‍ച്ചേരുന്നതെങ്ങനെ? പ്രബുദ്ധതാബോധത്തിനപ്പുറം കര്‍തൃത്വത്തിലും ജൈവികമായ ആനന്ദാവേശങ്ങളിലും ഊന്നിയ ലിംഗകാമനകളെ ചെറുകാട് നിര്‍മിച്ചെടുക്കുന്നതെങ്ങനെ? ഇങ്ങനെ അനേകാഗ്രമായ ചോദ്യങ്ങള്‍ക്കാണ് ജന്മശതാബ്ദിയുടെ വേളയില്‍ മൂര്‍ച്ചകൂട്ടേണ്ടത്.
കേരളത്തിന്റെ ലിംഗവ്യവസ്ഥയെക്കുറിച്ചുള്ള ധാരണകളെ ചരിത്രവല്‍ക്കരിക്കുകയും അതിനകത്ത് നിലനില്‍ക്കുന്ന 'ആണ്‍' പ്രരൂപങ്ങളെ വ്യത്യസ്തതകളോടെയും വിശദാംശങ്ങളോടെയും കണ്ടെടുക്കുന്ന ഏതൊരാള്‍ക്കും ചെറുകാടിന്റെ രചനകളെ അവഗണിക്കാന്‍ സാധ്യമല്ല.. ആധുനികമായ ലിംഗവിചാരങ്ങളുടെ പൊതുവും സവിശേഷവുമായ അര്‍ത്ഥതലങ്ങള്‍ ചെറുകാടില്‍ കെട്ടുപിണഞ്ഞുകിടക്കുന്നുണ്ട്.സ്ത്രീ,പുരുഷന്‍ എന്നീ ആശയങ്ങളെ കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നതിനല്ല, മറിച്ച് ലിംഗവ്യവസ്ഥകള്‍ അവയെ എങ്ങനെ നിര്‍വചിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു എന്നന്വേഷിക്കുന്നതിനാണ് സമകാലികലിംഗപഠനങ്ങള്‍ ശ്രമിക്കുന്നത്.ദൃശ്യവും അദൃശ്യവുമായ ലിംഗാധിപത്യങ്ങള്‍ക്കെതിരെ പോരാടാനുതകുന്ന പ്രതിരോധപരമായ ആശയങ്ങള്‍ സ്വരൂപിക്കാന്‍ ഇതിലൂടെ കഴിയുന്നു. ലിംഗാധികാരത്തിനെതിരായ രാഷ്ട്രീയപ്രക്രിയകളുടെ പാരമ്പര്യത്തില്‍ ചെറുകാടിന്റെ എഴുത്ത് നിര്‍വഹിക്കുന്ന പങ്ക് കൂടുതല്‍ സൂക്ഷ്മമായി കണ്ടെടുക്കുന്നതിനുള്ള ശ്രമം കൂടിയാണ് ഈ കുറിപ്പ്.
സ്ത്രീരൂപപരിചരണം
സ്ത്രീചിത്രീകരണങ്ങളില്‍ ചെറുകാട് മറ്റു സമകാലികരായ എഴുത്തുകാരില്‍ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവയവവര്‍ണനകളിലൂടെ മാദകമായ ശരീരമെന്ന നിലയില്‍ സ്ത്രീകളെ അവതരിപ്പിക്കുന്നതിനു പകരം ഉള്ളുറപ്പും നിലപാടുമുള്ള പൂര്‍ണവ്യക്തികളായാണ് നാണിമിസ്ട്രസ്സും രാജമ്മയും തങ്കമ്മയുമെല്ലാം അവതരിപ്പിക്കപ്പെടുന്നത്.
ചില ഉദാഹരണങ്ങളിങ്ങനെ: 'തലനരച്ച് കണ്ണ് കുണ്ടില്‍പോയിനില്‍ക്കുന്ന കാളിയില്‍ ആ പുഞ്ചിരിയില്‍,പ്രാര്‍ത്ഥനയില്‍ കൊണ്ടേരന്‍ ഒരു രതീദേവിയെ കണ്ടു.' (പുറം 24 മണ്ണിന്റെ മാറില്‍)
'ഞാന്‍ സുന്ദരിയല്ല, പറയത്തക്ക വിരൂപിയുമല്ല, കാണാന്‍കുറച്ചൊന്നു കറുത്തിട്ടാണ്. ചിരിച്ചാല്‍ പുറത്തുകാണുന്ന ഒരു കോന്ത്രമ്പല്ലെനിക്കുണ്ട്.'(മുത്തശ്ശി)
അഡ്വ.രാജമ്മയെ പെണ്ണുകാണാന്‍ രവീന്ദ്രന്‍ എത്തുന്ന സന്ദര്‍ഭം മറ്റൊരു ഉദാഹരണമാണ്. കള്ളിമുണ്ടുടുത്ത് അണിഞ്ഞൊരുങ്ങാതെ നില്‍ക്കുന്ന രാജമ്മയുടെ ചിത്രണത്തെക്കുറിച്ച് തന്റെ വായനക്കാരിലൊരാള്‍ നീരസം പ്രകടിപ്പിച്ചതിനെക്കുറിച്ച് ചെറുകാട് തന്നെ പറയുന്നുണ്ട്.
'പണ്ടങ്ങള്‍ കൂടാതുള്ള സൗന്ദര്യത്തിന്
നിനക്കു പണ്ടേ ഞാനടിമപ്പെട്ടോനല്ലോ'
എന്ന വരികള്‍ ഒന്നിലധികം തവണ ജീവിതപ്പാതയില്‍ ചെറുകാട് ഉദ്ധരിക്കുന്നുണ്ട്. ബാഹ്യസൗന്ദര്യത്തോടുള്ള ഈ വേറിട്ട നില റിയലിസ്റ്റ് ആഖ്യാനത്തിന്റെ സൗന്ദര്യശാസ്ത്രപരമായ അബോധമായിത്തന്നെ കൃതികളില്‍ വികസിക്കുന്നുണ്ടോ എന്ന ആരായല്‍ ഇവിടെ പ്രസക്തമാണ്. അതിലുപരി പരമ്പരാഗതപുരുഷാധിപത്യകല്‍പനകളാല്‍ മെരുക്കപ്പെട്ട ആധുനികസ്ത്രീത്വത്തെക്കുറിച്ചുള്ള പ്രതിരോധപരമായ നിലപാടായും ഇതു വായിച്ചടുക്കാം. എന്നാല്‍ ഒരു പടികൂടിക്കടന്ന് മാറിയ സ്ത്രീകര്‍തൃത്വചിന്തകളുടെ വെളിച്ചത്തില്‍ നോക്കിക്കാണുമ്പോള്‍ മേല്‍സൂചിപ്പിക്കപ്പെട്ട പുരോഗമനമൂല്യം കുറച്ചൊന്ന് പ്രതിക്കൂട്ടിലാവുന്നതു കാണാം. അതെങ്ങനെ?
മാധവിക്കുട്ടിയുടെ മീനാക്ഷിയമ്മയുടെ മരണം എന്ന ഒരു കഥയെയും സരസ്വതിയമ്മയുടെ ഒരുക്കത്തിന്റെ ഒടുവില്‍ എന്ന കഥയെയും മുന്‍നിര്‍ത്തിക്കൊണ്ടാണിതു വിശദീകരിക്കാന്‍ കഴിയുക. രണ്ടു സ്ത്രീകള്‍ എഴുതിയ കഥകളാണെന്നപോലെതന്നെ സ്ത്രീയുടെ അണിഞ്ഞൊരുങ്ങലിനെ സ്ത്രീകര്‍തൃത്വത്തില്‍ നിന്നുകൊണ്ട് ആഖ്യാനം ചെയ്യുന്ന കഥകളുമാണ്. രണ്ടു കഥകളുടെയും ആഴത്തിലുളള വായന നവോത്ഥാനപുരുഷന്റെ മുന്‍കയ്യില്‍ നടന്ന പരിഷ്‌ക്കരണശ്രമങ്ങളില്‍ സ്ത്രീ ഒരു ഉപകരണം തന്നെയായിരുന്നോ എന്ന ചോദ്യം വീണ്ടും വീണ്ടും നമ്മിലുണര്‍ത്തുന്നു. പരിഷ്‌ക്കരണവാദിയായ പുരുഷനും പരിഷക്കരണവസ്തുവായ സ്ത്രീയും തമ്മിലുള്ള അകലം ദാതാവും സ്വീകര്‍ത്താവും തമ്മിലുള്ളതാണോ? രക്ഷാകര്‍ത്താവും അരക്ഷിതയും തമ്മിലുള്ളതാണോ? നേതാവും അനുയായികളും തമ്മിലുളളതാണോ? അതിലെ പങ്കാളിത്തസ്വഭാവമെന്ത്? എന്നൊക്കെ നമുക്ക് ആരായേണ്ടതുണ്ട്.
ത്യാഗത്തെയും കാമനകളെയും പ്രതിദ്വന്ദ്വങ്ങളാക്കി നിര്‍ത്തിക്കൊണ്ടും കൂടിയല്ലേ ദേശീയപ്രസ്ഥാനം മഹത്വവല്‍ക്കരിക്കപ്പെട്ടത്? മരിക്കാന്‍ കിടക്കുന്ന മീനാക്ഷിയമ്മ എന്ന മുന്‍സ്വാതന്ത്ര്യസമരസേനാനിയും അവിവാഹിതയും വൃദ്ധയും രോഗിയുമായ വ്യക്തി കൗമാരം തൊട്ടേ ഗാന്ധിജിയില്‍ ആകൃഷ്ടയായി ഖദര്‍ മാത്രം ധരിക്കുന്നയാളാണ്. ഗാന്ധിജി ഗുരുവായൂരു തൊഴാന്‍ വന്നപ്പോള്‍ തന്റെ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ ഊരിക്കൊടുത്ത സ്ത്രീയാണവര്‍. പിന്നീട് ആഭരണങ്ങള്‍ ധരിച്ചിട്ടില്ല. എന്നാല്‍ മരണസമയത്ത് ഞെരങ്ങിക്കൊണ്ട് അവര്‍ വെളിവാക്കുന്ന അവസാന ആഗ്രഹം പച്ചപ്പട്ടുബ്‌ളൗസും പാലക്കാമോതിരവും അണിയണം എന്നാണ് ! എന്നാല്‍ കേട്ടുനിന്നവരുടെ വിലയിരുത്തലില്‍ അതു പിച്ചും പേയും മാത്രമാണ്! മീനാക്ഷിയമ്മ ഒരിക്കലും അതു പറയില്ല! അവരുടെ നോട്ടത്തില്‍ ഗാന്ധിജിയുടെ ചിത്രം കാണാനോ രഘുപതിരാഘവ കേള്‍ക്കാനോ ത്രിവര്‍ണപതാക കാണാനോ ഒക്കെയേ മീനാക്ഷിയനമ്മ ആഗ്രഹിക്കുകയുള്ളു. ആഗ്രഹം തിരിച്ചറിയപ്പെടുകയോ നിവര്‍ത്തിക്കുകയോ ചെയ്യാതെ അവര്‍ മരിച്ചു. ദേശീയതയോടുള്ള സ്ത്രീയുടെ കണ്ണിചേരല്‍ സ്‌ത്രൈണതയെ ഇല്ലായ്മചെയ്തുകൊണ്ടു മാത്രമേ സാധ്യമാകുമായിരുന്നുള്ളോ? എന്നാണിവിടെ ഉയര്‍ന്നു വരുന്ന ചോദ്യം. അഥവാ സ്ത്രീകള്‍ക്കു ദേശീയതയിലുള്ള പങ്കാളിത്തം സാധ്യമാവുന്നത് കാമനകളിലൂന്നിയ സ്വതന്ത്രകര്‍തൃത്വം ത്യജിക്കലിലൂടെയാണെന്നോ? (ഏറെ കൊണ്ടാടപ്പെട്ട കൗമുദിട്ടീച്ചറുടെയും ഈയടുത്തു മരിച്ച ഇന്ദിരാമ്മയുടെയും മറ്റു പലസ്ത്രീകളുടെയും ജീവിതങ്ങള്‍ ഓര്‍ക്കുക)
'ഒരുക്കത്തിന്റ ഒടുവിലെ' വാസന്തി പുരുഷ/വിവാഹവിരോധിയെങ്കിലും അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടപ്പെടുന്നവളാണ്. പരപരാഗണത്തിനു സാധ്യതയില്ലാത്ത ചെടികളിലും ഭംഗിയുള്ള പൂക്കള്‍ ഉണ്ടല്ലോ എന്നാണവളുടെ ന്യായം. സ്വപ്രമാണിത്തപരമായുള്ള ഒരു അഭിരുചിയുടെ തൃപ്തിക്കുവേണ്ടി മാത്രമാണ് താന്‍ അണിഞ്ഞൊരുങ്ങുന്നതെന്നും പുരുഷനെ സന്തോഷിപ്പിക്കാനല്ല, അതെന്നും അവള്‍ സുഹൃത്തിനോടു വാദിക്കുന്നു. രണ്ടുകഥകളിലും പുരോഗമനസ്വഭാവിയായ/പരിഷ്‌ക്കരണവാദിയായ സ്ത്രീ എന്ന ഘടനയില്‍ ആരോപിതമായ കാമനാവിരുദ്ധത, അലൈംഗികത പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നു. എന്നാല്‍ ചെറുകാടിന്റെ നായികമാരെ അദ്ദേഹം അണിയിച്ചൊരുക്കിയത് തന്റെ പദ്ധതിക്കനുസൃതമായി മാത്രമാണ്, വാസ്തവത്തില്‍ അവരുടെ ഇംഗിതമനുസരിച്ചല്ല. കഥാപാത്രങ്ങള്‍ തന്റെ വരുതിക്കു നില്‍ക്കാതെ പുറത്തു പോകുന്നു, സ്വതന്ത്രരായി വളരുന്നുവെന്നെല്ലാം ദേവലോകത്തിലെ രാജമ്മയെക്കുറിച്ചും താണ്ടമ്മയെക്കുറിച്ചും ശാന്തയെക്കുറിച്ചുമൊക്കെ പറയുമ്പോള്‍ തികച്ചും സ്വതന്ത്രമായ സ്ത്രീയുടെ രാഷ്ട്രീയകര്‍തൃത്വത്തെക്കുറിച്ച് അദ്ദേഹത്തിനു സങ്കല്‍പിക്കാന്‍ കഴിഞ്ഞിരിക്കില്ല. അത് അദ്ദേഹത്തിന്റെ മാത്രം പരിമിതിയുമല്ല!
ലൈംഗികപരിശുദ്ധി
സ്ത്രീയുടെ ലൈംഗികപരിശുദ്ധിയെക്കുറിച്ചുള്ള സങ്കല്‍പ്ം വ്യവസ്ഥാപിതത്വത്തിനെതിരെയുള്ള ശബ്ദമാവുന്നുണ്ട്. ചെറുകഥകളില്‍ അത് മറ്റൊരു തലത്തിലാണ്; അത് വഴിയേ വിശദീകരിക്കാം. സമകാലികരായ മറ്റു നോവലിസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി മണ്ണിന്റെ മാറില്‍, ദേവലോകം, മുത്തശ്ശി എന്നീ നോവലുകളിലെല്ലാം തന്നെ സ്ത്രീകഥാപാത്രങ്ങള്‍ ആദ്യവിവാഹ/പ്രണയങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ക്കിണങ്ങിയ പങ്കാളികളെ കണ്ടെത്തുന്നത്. ജീവിതപ്പാതയില്‍ താന്‍ കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ച ലക്ഷ്മിക്കുട്ടി കൗമാരത്തിലേ വിവാഹിതയായി,ആ വിവാഹത്തില്‍ നിന്നു പുറത്തുകടന്നശേഷമാണ് ചെറുകാട് അവരെ വിവാഹം കഴിക്കുന്നത്.ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടാവുമ്പോഴും താന്‍ 'കരളില്‍ കുടിയിരുത്തിയ കാക്കക്കുറത്തി'യേ ചെറുകാട് 'സ്വന്ത'മാക്കുന്നു. മണ്ണിന്റെ മാറിലും ഒരിക്കല്‍ മറ്റൊരാളുടെ ഭാര്യയായിരുന്ന തിരുമാളുക്കുട്ടിയെയാണ് കൊച്ചുക്കൊണ്ടേരന്‍ കാത്തിരിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നത്. ദേവലോകത്തിലെ രാജമ്മയും ആദ്യാനുരാഗത്തിന്റെ മധുരവും പിന്നീടു വന്ന കയ്പും പരിത്യക്തതയും നുകര്‍ന്ന ശേഷം തന്നെയാണ് രവീന്ദ്രനെ വിവാഹം കഴിക്കുന്നത്.
ലൈംഗികസ്വത്വങ്ങളെന്ന നിലയില്‍, ആധുനികദാമ്പത്യത്തിലെ പങ്കാളികളെന്ന നിലയില്‍ കേരളീയസ്ത്രീപുരുഷന്‍മാര്‍ സ്വയം തിരിച്ചറിയാന്‍ തുടങ്ങുന്ന അന്തരാളഘട്ടമാണ് ഈ രചനകളിലുെള്ളത്.ലൈംഗികതയെക്കുറിച്ചുള്ള സന്ദിഗ്ധതകളും അന്വേഷണങ്ങളും തീര്‍പ്പുകളും ഇവിടെ കടന്നുവരുന്നതങ്ങനെയാണ്. ഏകദാമ്പത്യവ്യവസ്ഥയിലേക്കു സംക്രമിച്ചുകൊണ്ടിരിക്കുന്ന ക്രമത്തിനുള്ളില്‍ സ്ത്രീയുടെ സദാചാരത്തിനുമേല്‍ വന്നുകൊണ്ടിരിക്കുന്ന പുതിയമൂല്യത്തിന്റെ ഭാരം മണ്ണിന്റെ മാറില്‍ വെളിവാക്കുന്നുണ്ട്. ഈഴവസമുദായത്തിനുളഅളില്‍ നിലനിന്നിരുന്ന ബഹുഭര്‍തൃത്വത്തിനെതിരായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് കൊച്ചുക്കൊണ്ടേരന്‍ തിരുമാളുക്കുട്ടിയെ വിവാഹം ചെയ്യുന്നത്.ഏകതാമ്പത്യവ്യവസ്ഥ അന്നത്തെ നിലയ്ക്ക് പുരോഗമനപരമായ ആദര്‍ശസ്ഥാനത്തിലാണ്.രണ്ടിടങ്ങഴിയുമായുള്ള താരതമ്യം ഏകദാമ്പത്യവ്യവസ്ഥയിലെ സദാചാരക്രമത്തെ വേറിട്ട നിരീക്ഷണങ്ങളിലൂടെ വെളിപ്പെടുത്തും. 'ഒരു പുലയന് ഒരു പുലയി'യെന്ന നിയമം അവര്‍ക്ക് അലംഘനീയമായിരുന്നു.തറ അശുദ്ധമാക്കിയാല്‍ പാടത്തു മടവീണ് കൃഷി നശിക്കുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു.(പുറം 87,മലയാളനോവല്‍സാഹിത്യചരിത്രം,ഡോ.കെ.എം.തരകന്‍,കേരളസാഹിത്യഅക്കാദമി,തൃശ്ശൂര്‍ 1978)ഭാര്യയുടെ ലൈംഗികപരിശുദ്ധിക്കു മേലുള്ള കടന്നുകയറ്റമായാണ് ജന്മിയുടെ മകന്റെ ബലാല്‍സംഗശ്രമം. ചിരുതയുടെ ചാരിത്ര്യം സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമായാണ് കോരന്‍ അയാളെ കൊലപ്പെടുത്തി ജയിലിലേക്കു പോകുന്നത്.രണ്ടിടങ്ങഴിയുടെ വൈകാരികതയും നാടകീയതയും മുറ്റിയ പരിണാമഗുപ്തിയില്‍ ചിരുതയുടെ മാറ്റു കൂട്ടുന്നത് അവള്‍ അതുവരെ കാത്തുവെച്ച ചാരിത്ര്യശുദ്ധി തന്നെ. സ്ത്രീയുടെ പരിശുദ്ധിയെ തീവ്രമായ ഒരു ആഖ്യാനമര്‍മമായിത്തന്നെ തകഴിയുടെ ചെമ്മീനും ഏറ്റെടുക്കുന്നുണ്ട്.അങ്ങനെ നോക്കുമ്പോള്‍ ചെറുകാടിന്റെ നോവലുകളിലെ പുരുഷകഥാപാത്രങ്ങള്‍ പ്രത്യേകിച്ച് രവീന്ദ്രനും കൊച്ചുക്കൊണ്ടേരനും ഒക്കെത്തന്നെ വ്യത്യസ്തരാണ്.അവര്‍ സ്ത്രീകളുടെ ആന്തരികമനസ്സില്‍ ഊന്നുന്നതായി നാം കാണുന്നു. ആത്മനിയന്ത്രണത്തിലും വ്യക്തിത്വത്തിന്റെ ഉയര്‍ന്ന അവബോധത്തിലുമാണ് ചെറുകാട് ഇത്തരം കഥാപാത്രങ്ങളെ സൃഷ്ട്ിക്കുന്നത്.പെണ്ണിനും വേണം ഒരുറപ്പ് എന്നപ്രമാണിയിലെ കുഞ്ഞിക്കുനുത്തിന്റെ പ്രഖ്യാപനം അതാണു പറയുന്നത്.ആത്മനിയന്ത്രണം,ആത്മവിമര്‍ശനം ഇവ രണ്ടും പ്രധാനപ്പെട്ട രണ്ട് ആധുനികമൂല്യങ്ങളായി ചെറുകാടിന്റെ നോവലുകളിലെയും ആത്മകഥയിലെയും ആഖ്യാനസ്വരത്തെ നിയന്ത്രിക്കുന്നുണ്ട്.
ആണിന്റെ ധര്‍മസങ്കടങ്ങള്‍
പ്രണയം,ലൈംഗികത,വിവാഹം തുടങ്ങിയ സാഥാപനങ്ങളെ സംബന്ധിച്ച് അടിസ്ഥാനപരവും മൗലികവും സത്യസന്ധവുമാ. നിരവധി ഉന്നയിക്കലുകള്‍ ചെറുകാട് നടത്തിയിട്ടുണ്ട്. ജീവിതപ്പാതയിലും നോവലുകളിലും ചെറുകഥകളിലുമായി ചിതറിക്കിടക്കുന്ന ലിംഗപരിഗണനകളില്‍ നിന്നെല്ലാം വ്യക്തമാകുന്നത് മാറിക്കൊണ്ടിരിക്കുന്നതും നിരന്തരപരിണാമിയുമായ സാമൂഹ്യചലനങ്ങള്‍ക്കകത്ത് ഒരു പുരുഷന്‍ അനുഭവിക്കുന്ന സാമൂഹികവും വ്യക്തിപരവുമായ സമ്മര്‍ദ്ദങ്ങളാണ്. സാധാരണ ഇടതുപക്ഷകാഴ്ച്ചപ്പാടുള്ള എഴുത്തുകാരില്‍ നിന്നു വ്യത്യസ്തമായി പ്രണയത്തിന്റെയും ലൈംഗികതയുടെയും വൈകാരികരാഷ്ട്രീയത്തെ സ്വന്തം ജീവിത്തെക്കൂടി മുന്‍നിര്‍ത്തി കീറിമുറിച്ച് വിശദീകരിക്കാന്‍ ചെറുകാട് തയ്യാറായി എന്നത് കെ.പി.അപ്പന്‍ ഉള്‍പ്പടെയുള്ള നിരൂപകര്‍ എടുത്തു പറയുന്നുണ്ട് (സമീപഭൂതകാലമനസ്സിനെതിരെ ഒരാക്രമണം കൂടി)
ലൈംഗികതയെയും പ്രണയത്തെയും വേര്‍തിരിക്കപ്പെട്ട ,തികച്ചും വ്യത്യസ്തമായ,എന്നാല്‍ പരസ്പരബന്ധമുള്ള രണ്ട് ഏകകങ്ങളായാണ് ചെറുകാട് കാണുന്നത്.പ്രണയത്തക്കുറിച്ചു പറയുമ്പോള്‍ അതു മൂടുപടമിട്ട ലൈംഗികതയാണെന്ന വിശ്വാസം ചെറുകാടില്‍ രൂഢമൂലമാണ്. ലൈംഗികത എന്ന ജൈവികപ്രതിഭാസത്തെ അതിന്റെ ചരിത്രപരമായ പരിണാമപ്രക്രിയകള്‍ക്കകത്തു നിന്നുകൊണ്ട് മനസ്സിലാക്കേണ്ടതുണ്ട്.വെറും ഉപകരണമാത്രമായ ന്യൂനീകരണയുക്തിയില്‍ അതിനെ വിശദീകരിക്കുന്ന സമീപനം പുരോഗമനവാദികളില്‍ത്തന്നെയുള്ള ഒരു യാഥാസ്ഥിതിക ന്യൂനപക്ഷം വെച്ചു പുലര്‍ത്തിയിരുന്നു. അത്തരത്തില്‍ ഒരു സന്ദര്‍ഭമാണ് ദേവലോകത്തിലേത്. കാമുകനായ പാര്‍ട്ടിപ്രവര്‍ത്തകന്‍ രാമചന്ദ്രനോടൊപ്പം രാത്രി കഴിച്ചുകൂട്ടിയശേഷം വിഷണ്ണയായിനില്‍ക്കുന്ന സഖാവ് രാജമ്മയോട് പാപ്പച്ചന്‍ എന്ന പാര്‍ട്ടിസഖാവ് പ്രേമം ബൂര്‍ഷ്വാസിയുടെ ഹോബിയാണെന്നു പറയ#ുന്നുണ്ട്. തുടര്‍ന്നുള്ള രാജമ്മയുടെ ചിന്തയിങ്ങനെ -''മതത്തെപ്പോലെ തന്നെ പ്രേമവും മനസ്സിന്റെ മയക്കുമരുന്നായിത്തീര്‍ന്നിരിക്കുന്നു. ഈ ലോകത്തില്‍ സ്‌നേഹിക്കാന്‍ പോലും മുതലാളിത്തം സമ്മതിക്കുന്നില്ല. കാശില്ലെങ്കില്‍ കല്യാണം കഴിച്ചുകൂടാ. കാശോ കുറച്ചു പേര്‍ കയ്യടക്കിവെച്ചിരിക്കുന്നു. ഈ സമ്പത്ത് പൊതുജനങ്ങളുടേതാകുന്നതുവരെ വയറ്റിലെ വിശപ്പുപോലെ ഹൃദയത്തിന്റെ വിശപ്പും വേണ്ടതുപോലെ അടക്കാന്‍ കഴിയാതെ വരുമ്പോള്‍ അക്രമങ്ങള്‍ വ്യതിയാനങ്ങള്‍ വ്യഭിചാരങ്ങള്‍ എല്ലാമുണ്ടാകുന്നു.
ഇപ്രകാരം ലൈംഗികതയെ മുതലാളിത്തത്തെ മുന്‍നിര്‍ത്തിയുള്ള ആലോചന മാത്രമായി കാണുകയാണ് ചെറുകാട്. സ്ത്രതീചിത്രീകരണങ്ങളിലും സ്ത്രീസ്വത്വബോധങ്ങളിലും കാണിച്ച വിമര്‍ശനാത്മകമായ പുനപ്രതിഷ്ഠകള്‍ ലൈംഗികതയെ കുറിച്ചുള്ള ആലോചനകൡ കടന്നുവരുന്നില്ല എന്നു കാണാം. ലൈംഗികതയെ പ്രശ്‌നവല്‍ക്കരിക്കുന്നതിലൂടെ മാത്രമേ അതിനകത്തെ പുരുഷാധികാരത്തെയും അതിന്റെ ബലതന്ത്രങ്ങളിലൂടെ രൂപപ്പെടുന്ന സ്ത്രീക്കു മാത്രം ബാധകമാകുന്ന ഏകപക്ഷീയമായ സദാചാരത്തെയും തിരിച്ചറിയാന്‍ കഴിയൂ. ഈയൊരു പരിമിതി സ്ത്രീസ്വാതന്ത്ര്യധാരണയുടെ പുരോഗമനപക്ഷത്തു നില്‍ക്കുമ്പോഴും ചെറുകാടിനെ ഭരിക്കുന്നുണ്ട്. സാമൂഹ്യനിര്‍വഹണത്തിന്റെയും കാമനകളുടെയും സംഘര്‍ഷം കടന്നുവരുന്ന ഇടങ്ങളില്‍ ഇത് മറഞ്ഞിരിക്കുന്നത് കാണാം. സാമൂഹ്യനിയന്ത്രണത്തിന്റെ പേരിലുള്ള ആത്മനിയന്ത്രണവും ആത്മവിമര്‍ശനവും കാമനകളുടെ പേരിലുള്ള ചോദനകളും വീര്‍പ്പുമുട്ടിക്കുന്ന ആണിന്റെ -കൂടുതല്‍ സൂക്ഷമമായി നിര്‍വഹിച്ചാല്‍ പുരോഗമനേച്ഛുവായ ആണിന്റെ - സംഘര്‍ഷങ്ങളാണ് ' ജീവിതപ്പാത'യെ ധര്‍മസങ്കടങ്ങളുടെ കൂടി ആഖ്യാനമാക്കി തീര്‍ക്കുന്നത്. (തീവ്രമായ സ്വകാര്യദര്‍ശനത്തിന്റെ അഭാവത്താല്‍ ജീവിതത്തെക്കുറിച്ചുള്ള പ്രാഥമികയാഥാര്‍ഥ്യങ്ങളെ മാത്രം ആവിഷ്‌കരിക്കുന്ന പരിമിതപ്പെട്ട കൃതിയാണ് എന്ന കെ പി അപ്പന്റെ വിലയിരുത്തല്‍ അപ്രസക്തമാവുന്നു ഇവിടെ. -ലിംഗവായനയുടെ രാഷ്ട്രീയമായ തിരിച്ചറിവിന്റെ അഭാവം അപ്പനെ പരിമിതപ്പെടുത്തുന്ന നിരവധി സന്ദര്‍ഭങ്ങളിലൊന്നാണിത്.)
തനിക്കു വിവാഹം കഴിക്കണം എന്ന ആഗ്രഹം പാര്‍ട്ടിയോടു പറയാന്‍ കഴിയാതെ വിമ്മിട്ടപ്പെടുന്ന ചെറുകാട് ജീവിതപ്പാതയിലുണ്ട്. ''ഇ.പി ഗോപാലന്‍, പി.വി. കുഞ്ഞുണ്ണിനായര്‍, എ കെ ശേഖരന്‍, കൊങ്ങശ്ശേരി കൃഷ്ണന്‍ തുടങ്ങി എന്റെ സഹപ്രവര്‍ത്തകര്‍ സര്‍വസംഗപരിത്യാഗികളായി സത്യാഗ്രഹം നടത്തി അടിയും ഇടിയും കൊണ്ട് ജയിലില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ ഞാനൊരു 'സമ്മന്ത'ക്കാരനായി, ചാലിയന്‍ നൂലോട്ടും പോലെ നാട്ടില്‍ നടക്കുന്നത് നാണക്കേടായി തോന്നാതിരുന്നില്ല. ദാമ്പത്യജീവിതവും രാഷ്ട്രീയപ്രവര്‍ത്തനവും കൂട്ടിയിണക്കി കൊണ്ടുപോവുക അക്കാലത്ത് എളുപ്പമായിരുന്നില്ല. രാഷ്രീയപ്രവര്‍ത്തനം കൊണ്ട് വിവാഹമോചനം നടത്തേണ്ടി വന്ന എ.കെ.ഗോപാലന്റെ കഥ ഞാന്‍ കേട്ടിട്ടുണ്ട്. പി കൃഷ്ണപിള്ള, കേരളീയന്‍, കെ.പി ഗോപാലന്‍, കെ.പി.ആര്‍ ഗോപാലന്‍, പി.ആര്‍ നമ്പ്യാര്‍ തുടങ്ങിയ സുഹൃത്തുക്കളിലാരും കല്യാണം കഴിച്ചിട്ടില്ല. കല്യാണം വേണോ രാഷ്ട്രീയജീവിതം വേണോ, രണ്ടും കൂടി ഇണക്കിക്കൊണ്ടുപോവുക എളുപ്പമല്ല തന്നെ''( പുറം 236)
ഭര്‍ത്താവ് എന്ന സ്ഥാപനം
ദാമ്പത്യാധിഷ്ഠിത പ്രണയത്തിലാണ് ചെറുകാട് തന്റെ ആധുനിക സ്വത്വം കണ്ടെത്തുന്നത്. കാമത്തേക്കാള്‍ ഉയര്‍ന്ന പദവിയിലുള്ള, ത്യാഗോന്നതമായ മനഃശുദ്ധിയാണ്. പ്രധാനപ്പെട്ട മൂല്യമായി ഇവിടെ പ്രവര്‍ത്തിക്കുന്നത്. സമൂഹവും കുടുംബവും പാര്‍ട്ടിയും ചേര്‍ന്ന് ഒരു ഘടനയ്ക്കുള്ളില്‍ ഇണങ്ങിവര്‍ത്തിക്കുന്ന ദാമ്പത്യാധിഷ്ഠിത പ്രണയത്തിനുള്ളില്‍ ഒരു ഭര്‍ത്താവായി തന്നെ സ്വയം പ്രതിഷ്ഠിക്കുകയാണ് ചെറുകാട് ചെയ്യുന്നത്. അന്നത്തെ ജാത്യാചാരങ്ങളും സമ്പ്രദായങ്ങളുമനുസരിച്ച് തനിക്കനുയോജ്യമായ സംബന്ധത്തെ ഉണ്ടാക്കിയെടുക്കുന്നതിനു പകരം കുട്ടിക്കാലം മുതലേ താന്‍ കരളില്‍ പ്രതിഷ്ഠിച്ച 'കാക്കക്കുറത്തിയായ' ലക്ഷ്മിക്കുട്ടിയെത്തന്നെ വിവാഹം കഴിക്കാനാണയാള്‍ ആഗ്രഹിക്കുന്നത്. ഫ്യൂഡല്‍ ലൈംഗികഘടനയില്‍ നിന്ന് പരിണമിക്കപ്പെട്ട് ആധുനികമായ സ്ത്രീപുരുഷ മൂല്യങ്ങള്‍ക്കകത്തു നിര്‍മിക്കപ്പെടുന്ന ദാമ്പത്യാധിഷ്ഠിതമായ പ്രണയമാണിവിടെ ആദര്‍ശമാകുന്നത്. പുരോഗമനവാദിയായാലും ഭര്‍ത്താവായാലും അയാള്‍ തന്നെ നായകന്‍, രക്ഷകര്‍ത്താവും. സാമൂഹ്യപ്രക്രിയകളിലെ നിര്‍ണായകമായ പങ്കാളികളായി ചെറുകാടിന്റെ നായികമാര്‍ രൂപപ്പെടുന്നുണ്ട്. വീറും ത്യാഗവും വ്യക്തിത്വവും ഉറപ്പും (പെണ്ണിനും വേണം ഒരുറപ്പ്!) ഒക്കെയായി സ്ത്രീത്വത്തെ പുതുക്കിയെഴുതുന്ന ഒരു പ്രക്രിയയായിരുന്നു അത്. ഒറ്റ നോട്ടത്തില്‍ സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെ പ്രത്യക്ഷദിശകളെ സഫലീകരിക്കുന്നുവെങ്കിലും ഈ സ്ത്രീനിര്‍മിതി പൂര്‍ണമായ അര്‍ഥത്തില്‍ സ്വതന്ത്രമല്ല എന്നു കാണാം. അവരുടെ ആയിത്തീരലിന്റെ ആധുനികനായ, പുരോഗമനേച്ഛുവായ പുരുഷനു ചേര്‍ന്ന വിധത്തിലുള്ള ഒന്നായിരുന്നു എന്നതാണ് സത്യം. കര്‍മോന്മുഖനായ, ഊര്‍ജസ്വലനായ രാഷ്ട്രീയപുരുഷനു ചേര്‍ന്ന വിധത്തിലുള്ള സ്ത്രീയെ ഉണര്‍ത്തി ഉരുവം കൊള്ളിക്കുകയാണിവിടെ ചെയ്യുന്നത്. ആണത്തത്തിന്റെ ആധുനിക നിര്‍മിതിയ്ക്കനുയോജ്യമായ സ്ത്രീമാതൃകകള്‍ അനിവാര്യമായും രൂപപ്പെട്ടുവന്നു. എഴുത്തിന്റെയും ആവിഷ്‌കാരത്തിന്റെയും ബോധപൂര്‍വമുള്ള രാഷ്ട്രീയദിശകളില്‍ മുന്നുപാധിയായി നില്‍ക്കുന്ന സ്ത്രീപക്ഷബോധം ചെറുകാടില്‍ ഏറെ വാഴ്ത്തപ്പെട്ട ഒന്നാണ്. ഭാഗികമായ അത് ഒരു രാഷ്ട്രീയശരിയുടെ ഭാഗം തന്നെയുമായിരുന്നു. എന്നാല്‍ അത് ഒരു സ്വയംപരിമിതിയായി ചെറുകാടില്‍ത്തന്നെ തുരങ്കം വെയ്ക്കപ്പെടുന്നു എന്നത് കൂടുതല്‍ നിശിതമായ വായനകളിലൂടെ വെളിപ്പെടുന്നുണ്ട്. ആണത്തത്തെ സംബന്ധിച്ച വ്യത്യസ്ത വികാസപരിണാമഘട്ടങ്ങള്‍ ചെറുകാടിന്റെ കൃതികളില്‍ നിന്നു വായിച്ചെടുക്കുമ്പോള്‍ ഈ വാദങ്ങള്‍ കൂടുതല്‍ തെളിച്ചമുള്ളതായിത്തീരും. സംശയഛായ, അഭിമാനം, കരിങ്കാലിച്ചി, പനങ്കഴു, ധര്‍മസങ്കടം, തീരാത്ത സംശയം, സിംഹിക തുടങ്ങിയ ഒട്ടനേകം കഥകളില്‍ എഴുത്തിന്റെ അബോധസാധ്യതകളായി തുറന്നു കിടക്കുന്ന ഇടങ്ങള്‍ മേല്‍പറഞ്ഞ രാഷ്ട്രീയശരികളുടെ വാചാലത വെച്ചുപൊറുപ്പിക്കുന്നില്ല. മാത്രമല്ല അത്തരം ഇടങ്ങള്‍ ചെറുകാടിന്റെ ലിംഗഭാവനയുടെ സന്ദിഗ്ദ്ധതകളെയും ഇടര്‍ച്ചകളെയും തുറന്നു കാണിക്കുന്നു. മൂര്‍ത്തവും ഭൗതികവുമായ സാഹചര്യത്തില്‍ ദൈനംദിനജീവിത സന്ദര്‍ഭങ്ങള്‍ക്ക് ലിംഗഭേദം ഇടപെടുന്നതിന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ കഥാലോകത്തെ നിര്‍ണായകമാക്കുന്നു.
ആണ്മയും കുടുംബഘടനയും
ആണധികാരവ്യവസ്ഥ ചരിത്രപരമായ ഒരു സ്ഥിരരാശിയല്ല. ഒരു നൂറ്റാണ്ടിനിടയില്‍ കേരളം പിതൃമേധാവിത്വ വ്യവസ്ഥയുടെയും ആണധികാര കുടുംബവ്യവസ്ഥയുടെയും വിവിധ രൂപങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഓരോ ഘട്ടത്തിലും ആണ്‍കോയ്മ അതിന്റെ ആവിഷ്‌കാരങ്ങള്‍ വിപുലമാക്കുകയും ചെയ്തു. മരുമക്കത്തായ വ്യവസ്ഥയിലെ കൂട്ടുകുടുംബസ്വത്തും അധികാരവും പൂര്‍ണമായും കേന്ദ്രീകരിച്ചിരിക്കുന്നത് കാരണവരിലാണ്. ഈ അധികാരകേന്ദ്രത്തിനു പുറത്തുള്ള കുടുംബത്തിലെ ഇതര പുരുഷന്മാരില്‍ പലരും ഈ വ്യവസ്ഥയോട് മുറുമുറുപ്പുള്ളവരായിരുന്നു. കൊളോണിയല്‍ വിദ്യാഭ്യാസത്തിലൂടെ ലഭിച്ച പുതിയ കാഴ്ചപ്പാടുകളും യുക്തിചിന്തയും അതിനനുബന്ധമായ തൊഴിലവസരങ്ങളും ഭൂമി എന്ന ഏകസ്വത്തുരൂപത്തില്‍ നിന്ന് വ്യത്യസ്തമായി മറ്റു നിരവധി സാമ്പത്തികസ്രോതസ്സുകളും (കൊളോണിയല്‍ ഭരണത്തിന്‍ കീഴിലെ സര്‍ക്കാരുദ്യോഗങ്ങളും നാണ്യസമ്പദ്‌വ്യവസ്ഥയും ആഭ്യന്തരവിപണിയും മറ്റും ചേര്‍ന്നുണ്ടായ പുതിയ സാമ്പത്തികാധികാരം) ചേര്‍ന്നു സൃഷ്ടിച്ച നവീനമായൊരു ഊര്‍ജ്ജമാണ് അവരെ ചെറുത്തുനില്‍പിന് സജ്ജരാക്കിയത്. കാരണവരുടെ സാന്ദ്രീകരിക്കപ്പെട്ട അധികാരകേന്ദ്രത്തെ പൊളിച്ചുകൊണ്ടുമാത്രമേ അവര്‍ക്ക് തങ്ങളുടെ അധികാരം സ്ഥാപിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അധികാരസ്ഥാനത്തിരിക്കുന്ന ശക്തനായ മഹാപുരുഷനും അധികാരത്തിനു പുറത്തു നിര്‍ത്തപ്പെട്ട നിരവധി പുരുഷന്മാരും തമ്മിലുള്ള ഈ മത്സരം- ചുരുക്കത്തില്‍ ആണുങ്ങളുടെ അധികാര വടംവലി- മരുമക്കത്തായ കുടുംബങ്ങള്‍ക്കുള്ളില്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 'ഇന്ദുലേഖ' മുതല്‍ 'നാലുകെട്ടു'വരെയുള്ള നിരവധി കൃതികളില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ വായിച്ചെടുക്കാം.
അധികാരത്തിനും സ്വത്വസ്ഥാപനത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള ഓരോ പുരുഷന്റെയും വെമ്പല്‍ സ്വയം അധികാരകേന്ദ്രമായി വിഭാവനം ചെയ്തുകൊണ്ടു മാത്രമേ സഫലീകരിക്കുമായിരുന്നുള്ളൂ. ഇതിന്റെ സ്വാഭാവിക പരിണതിയായിരുന്നു ഏകദാമ്പത്യകുടുംബവ്യവസ്ഥ. ആണധികാരത്തിന്റെ ഫലവും ഒപ്പം പ്രകാശനവുമാണ് പുതിയ കുടുംബം എന്നര്‍ഥം. പഴയ പിതൃമേധാവിത്വകുടുംബത്തില്‍ നിന്നു ഈ കുടുംബത്തിനുള്ള വ്യത്യാസം ദായക്രമത്തിലുള്ള മാറ്റം മാത്രമായിരുന്നില്ല, ആണധികാരഘടനയില്‍ത്തന്നെയുള്ള ഒരു വിച്ഛേദമായിരുന്നു അത്. അതായത് ഒരൊറ്റ ആണില്‍ നിന്നും അധികാരം നിരവധി ആണ്‍കേന്ദ്രങ്ങളിലേക്ക് വിന്യസിക്കപ്പെടുകായിരുന്നു. ഈ പുതിയ ആണധികാരവ്യവസ്ഥ പഴയതിനെ അപേക്ഷിച്ച് സങ്കീര്‍ണവും തുലോം അദൃശ്യവുമാണ്. ഉപരിജാതികളിലെ ഈ ചലനം ഇതര വിഭാഗങ്ങളെക്കൂടി സ്വാധീനിച്ചതിന്റെ ഫലമായി സമൂഹത്തെ മൊത്തത്തില്‍ ആണത്തവര്‍ക്കരിച്ചു. 19 ാം നൂറ്റാണ്ടിലെ പിതൃമേധാവിത്ത അധികാരം വിവാഹത്തോടല്ല ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതെന്നു ഫ്യൂഡല്‍ ശ്രേണിയിലെ സ്ഥാനം, പ്രായം എന്നിവയ്ക്കനുസൃതമായി വേര്‍തിരിക്കപ്പെട്ട നിലകളില്‍ കഴിഞ്ഞിരുന്നവരും ഭൂമിയ്ക്കുമേല്‍ അധികാരമുള്ളവരുമായ സ്ത്രീപുരുഷന്മാര്‍ കൈവശം വെച്ചിരുന്ന അധികാരമായിരുന്നു അതെന്നും പ്രവീണ കോടോത്ത് നിരീക്ഷിക്കുന്നുണ്ട്.(പുറം 83, ആണരശുനാട്ടിലെ കാഴ്ചകള്‍) അതിനെ തകര്‍ത്തുകൊണ്ടു രൂപം കൊണ്ട നവപിതൃമേധാവിത്വത്തെ ദാമ്പത്യാധിഷ്ഠിത പിതൃമേധാവിത്തമെന്ന് അദ്ദേഹം വിളിക്കുന്നു. ഈ വിവാഹ/ദാമ്പത്യാധിഷ്ഠിത പിതൃമേധാവിത്തമാകട്ടെ ആണധികാരത്തെ പുനര്‍വിന്യസിക്കുന്നതിന്റെ സ്വാഭാവികരീതി മാത്രമാണെന്ന് വ്യക്തമാണ്. വിവാഹം ആണധികാരത്തിന്റെ ഒരു മുഖ്യവ്യവസ്ഥയായിത്തീരുന്നതിന്റെ പശ്ചാത്തലം ഇതാണ്. വിവാഹത്തിനും കുടിവെപ്പിനുമായി ഒരു പുരുഷന്‍ അനുഭവിക്കുന്ന തിക്കുമുട്ടല്‍ 'ജീവിതപ്പാത'യില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതല്‍ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപാദം വരെയുള്ള കാലയളവില്‍ എഴുതപ്പെട്ട പല രചനകളിലും ആണ്‍കോയ്മ = കുടുംബനാഥന്‍ എന്ന സമവാക്യം രൂപപ്പെടുന്നതായി കാണാം. ഭാര്യയ്ക്കും കുട്ടികള്‍ക്കും ഉടുക്കാനും തേക്കാനും ഉണ്ണാനും കൊടുക്കാനുള്ള ഒരാളായി പുരുഷന്‍ ഈ ഘട്ടങ്ങളില്‍ പരക്കെ അവതരിപ്പി്ക്കപ്പെടുന്നു. തറവാട്ടിലെ പെണ്ണൂങ്ങള്‍ക്ക് ഉടുക്കാനും തേക്കാനും കൊടുക്കുന്നത് ഭര്‍ത്താക്കന്മാരാണല്ലോ എന്ന് ചെറുകാട് 'ജീവിതപ്പാത'യില്‍ എഴുതുന്നു. ഇതിനായി കാരണവരോടു കലഹിച്ചതിനെക്കുറിച്ചാണദ്ദേഹം ''ഞാന്‍ ഒരാളും ആണും ആയതുപോലെ എനിക്കു തോന്നി'' എന്നെഴുതുന്നത്. ആണ്മ പുതുരൂപത്തില്‍ നിര്‍വഹിക്കുകയായിരുന്നു ഇവിടെ.
( കര്‍മ്മോന്മുഖതയിലൂന്നിയ ആണിന്റെ സ്വത്വസ്ഥാപനം കുടുംബത്തില്‍ കുടുംബനാഥനിലെന്ന പോലെ പൊതുസമൂഹത്തിലും വേരുറയ്ക്കുമ്പോള്‍ പൊതുപ്രവര്‍ത്തകനായ, രക്ഷാകര്‍ത്താവായ പുരോഗമനവാദിയായ നേതാവ് രൂപപ്പെടുന്നു. ശിക്ഷിക്കാനും രക്ഷിക്കാനുമധികാരമുള്ള ആണ്മയുടെ സരൂപമായി രാഷ്ട്രീയഘടനയുടെ നേതൃകേന്ദ്രങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നതിന്റെ പശ്ചാത്തലമിതാണ്. പാര്‍ട്ടിയ്ക്കുവേണ്ടി കുടുംബമോ കുടുംബത്തിനുവേണ്ടി പാര്‍ട്ടിയോ ത്യജിക്കേണ്ടി വരുന്നതിന്റെ സംഘര്‍ഷം 'ജീവിതപ്പാത'യില്‍ പലപ്പോഴായി കടന്നുവരുന്നതങ്ങനെയാണ്)
ഈ പുതിയ ആണ്മ സൃഷ്ടിച്ചെടുക്കുന്നതിനു സമാന്തരമായി ഇതിന് ഉപോദ്ഘടകമാകും വിധം ഒരു പെണ്‍മയും പുനര്‍നിര്‍വചിക്കപ്പെടേണ്ടതുണ്ടായിരുന്നു. ചാരിത്രം അനിവാര്യമായും ഈ പാരസ്പര്യത്തിന്റെ മുഖ്യ ആദര്‍ശമായിത്തീരുന്നു. ഇന്ദുലേഖയും മാധവനും തമ്മില്‍ നടക്കുന്ന സംഭാഷണം ഇതിനെ ശക്തമായി ഉദാഹരിക്കുന്നു. കൊളോണിയല്‍ ആധുനികചിന്തയില്‍ ഐക്യപ്പെട്ട മാധവന്‍ മലയാളിസ്ത്രീയുടെ പാതിവ്രത്യധര്‍മത്തെക്കുറിച്ച് ആശങ്കപ്പെടുന്നു. മാധവന്‍ പറഞ്ഞു: ''...മലയാളത്തിലെ സ്ത്രീകള്‍ അന്യരാജ്യങ്ങളിലെ സ്ത്രീകളെപ്പോലെ പാതിവ്രത്യധര്‍മം ആചരിക്കുന്നില്ല. ഭര്‍ത്താക്കന്മാരെ യഥേഷ്ടം എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. പിന്നെയും പല സ്വാതന്ത്രങ്ങള്‍ ഉണ്ട്. (പുറം 47, ഇന്ദുലേഖ, ചന്തുമേനോന്‍) നിലനില്‍ക്കുന്ന കുടുംബഘടനയ്ക്കകത്ത് മലയാളിപ്പെണ്ണുങ്ങള്‍ പാതിവ്രത്യത്തെ വിലവെയ്ക്കുന്നുണ്ടെന്ന ഇന്ദുലേഖയുടെ ശക്തവും ദീര്‍ഘവുമായ വാദങ്ങള്‍ക്കുശേഷം ഭാര്യഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടപ്പോള്‍ യഥേഷ്ടം അന്യോന്യമുള്ള സംബന്ധം വിടര്‍ത്താന്‍ അവരിരുവരിലും ആര്‍ക്കെങ്കിലും അധികാരം ഉണ്ടായിവരുന്നത് നല്ല സ്വതന്ത്രതയാണെന്നു ഞാന്‍ വിചാരിക്കുന്നില്ലെന്ന് തന്റെ നിലപാടുകള്‍ മാധവന്‍ വ്യക്തമാക്കുന്നു. ചാരിത്ര്യത്തിന്റെ ഭാഷയില്‍ സ്വാതന്ത്ര്യത്തെ വിശകലനം ചെയ്തുകൊണ്ടാണ് ഈ ഭാഗം അവസാനിക്കുന്നത്. ചാരിത്രത്തെ കുറിച്ചുള്ള നിലപാടുകളില്‍ ചന്തുമേനോനെപ്പോലെയുള്ള ബുദ്ധിജീവികളുടെ സന്ദിഗ്ദ്ധതകളും പതര്‍ച്ചകളും അക്കാലത്തെ വരേണ്യപൗരുഷത്തിന്റെ അടിസ്ഥാന നിര്‍മിതിയില്‍ നിലീനമാണ്.
പിതാവും പുരുഷനും
ആണത്തത്തിന്റെ സ്ഥാപനത്തിലും വിസ്ഥാപനത്തിലുമുള്ള സംഘര്‍ഷങ്ങള്‍ ചെറുകാടിന്റെ ചെറുകഥയിലെമ്പാടും തെളിഞ്ഞു കാണുന്നുണ്ട്. ആണത്തത്തിന്റെ അധികമൂല്യ(അഥവാ മുന്നുപാധി)മായി പൊതുപ്രവര്‍ത്തനം നില്‍ക്കുന്ന അതേ തലങ്ങളില്‍ തന്നെ കുടുംബത്തിനകത്തെ ആണില്‍ പിതൃത്വം പ്രവര്‍ത്തിക്കുന്നു. പിതൃത്വവും ആണത്തവും കൂടി ഒന്നുചേര്‍ന്ന് ഒരു പുതിയ മൂല്യഘടന സ്വരൂപിക്കപ്പെടുകയാണിവിടെ. അണുകുടംബത്തിനു മുമ്പുള്ള പിതൃത്വം തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു എന്നിവിടെ നാം തിരിച്ചറിയേണ്ടതുണ്ട്. ആ ആണത്തത്തിലൂന്നിയിരുന്നെങ്കിലും പിതൃത്വം ഇത്തരത്തില്‍ മൂല്യസംബന്ധിയായ അധീശനിലയിലായിരുന്നില്ല. അത് ഏറെയും ജീവശാസ്ത്രപരമായിരുന്നു. പുതിയ അണുകുടംബഘടനയില്‍ പിതൃത്വം സാമൂഹ്യമൂല്യങ്ങളില്‍ അധിഷ്ഠിതമായ ആണത്തമായി മാറുന്നു. അത് തികച്ചും ഒരു അധികാരപദവിയായി മാറുന്നു. പിതൃത്വത്തിന്റെ അധികമൂല്യം ചുമത്തപ്പെട്ട ആണത്തം ദേശീയതയുടെ പിതൃഘടനയിലേക്കും കൂടി അബോധാത്മകമായി സംക്രമിച്ചുനിന്നുകൊണ്ട് സ്വയം സാധൂകരിച്ചെടുക്കുന്നു. ആധുനിക ഇന്ത്യ ദേശരാഷട്രമായി മാറുകയും പിതൃഭൂമിയായി പരിണമിക്കുകയും ചെയ്ത ഘട്ടത്തില്‍ കുടുംബം സാര്‍വ്വത്രികമായ ഒരു മൂല്യഘടനയായിത്തീരുന്നു. കീഴാളരില്‍ സാമൂഹ്യപദവി പൊതുവെ താഴ്ന്നതിനാല്‍ അത്തരം പുരുഷപിതാക്കന്മാര്‍ക്ക് അധീശപദവി കിട്ടുന്നില്ല. അനിവാര്യമായും ഈ പിതൃസ്വരൂപനായ പുരുഷന്റെ ഉപോല്‍പന്നമാണ് ജാരന്‍. ഭര്‍ത്താവിന്റെ അതേ ശാസക/മര്‍ദ്ദകഘടനകളുള്ള രാഷ്ട്രം സ്വന്തം ജനതയ്ക്കു മേല്‍ ചെലുത്തുന്ന പിടിമുറുക്കല്‍ പിതാവും നായകനുമായ പുരുഷന്‍ തന്റെ പ്രജകളിലും പ്രയോഗിക്കുന്നുണ്ട്. മൂര്‍ത്തവും അമൂര്‍ത്തവുമായ തന്റെ അധികാരഅധീശപദവിയെക്കുറിച്ചുള്ള സംശയം പുരുഷനെ/രാഷ്ട്രത്തെ വിറളിപിടിപ്പിക്കുമ്പോള്‍ ജാരന്‍ പിറവി കൊള്ളുന്നു. 'ജീവിതപ്പാത'യില്‍നിന്നുതന്നെയുള്ള ഉദാഹരണങ്ങള്‍ നോക്കൂ: ''അവളും ഒരു പെണ്ണല്ലേ. കാമഭ്രാന്തുണ്ടാവും. പേരിനൊരു സംബന്ധക്കാരന്‍ കൊല്ലത്തിലൊരിക്കല്‍ ചെന്നാല്‍ പോരേ? ഇഷ്ടം പോലെ മറ്റുള്ളവരോടൊപ്പം വ്യഭിചരിക്കാം. തറവാടു നന്നാക്കാന്‍ അതും ഒരു വരുമാനമായില്ലെ?'' തന്റെ വിചാരങ്ങളെ ആത്മവിമര്‍ശനപരമായ തുറന്നുപറച്ചിലായി രേഖപ്പെടുത്തുകയാണിവിടെ.
ജാരബന്ധമാരോപിക്കപ്പെട്ട് നിരന്തരം മര്‍ദ്ദിക്കപ്പെടുന്ന പ്രമാണിയില്‍ കുഞ്ഞിക്കുനുത്ത് കുഞ്ഞരായനോട് പറയുന്നു: '' ഇതുവരെ ഞാന്‍ മ്മ്ണി പേടിച്ചു. ഞ്ഞിച്ച് ഈ ദുനിയാവിലൊറ്റ ആളേം പേടിയില്ല. ച്ച് പടിഞ്ഞു. പെണ്ണിനും വേണം ഒരുറപ്പ്. വേട്ടാളനെപ്പോലെ ഊതീം കൊണ്ട് വരണ ങ്ങടെ കണ്ണും മോറും കണ്ട് പേടിച്ചിട്ട് ഞാമ്മ്ണി നൊണ പറഞ്ഞു. ഇന്നാട്ടിലുള്ള ആണുങ്ങളൊക്കെ ന്റെ ഒളിസേവക്കാരാന്ന് പച്ചപ്പൊളു പറഞ്ഞു. ഞ്ഞിച്ചൂണ്ട് ഒരു നില''
ദാമ്പത്യാധിഷ്ഠിതമായ പിതൃമേധാവിത്തത്തിന്റെ നഗ്നമായ പ്രത്യക്ഷരൂപങ്ങളോടേറ്റു മുട്ടുന്ന സ്ത്രീയാണിവിടെ രൂപം കൊള്ളുന്നത്. എന്നാല്‍ ലൈംഗികചാരിത്ര്യം അതേ നിലയില്‍ ഉയര്‍ന്ന മൂല്യമായി ഉള്ളില്‍ സംരക്ഷിച്ചുകൊണ്ടുതന്നെയാണ് ഈ ഏറ്റുമുട്ടല്‍ നടക്കുന്നത്. എന്നാല്‍ മരുമകളിലെ സുന്ദരിക്കുട്ടിയും ഭാര്യയും മക്കളുമുള്ള കൊച്ചുവാപ്പുവുമായുള്ള ബന്ധം ഈ വ്യവസ്ഥകളെ തകര്‍ക്കുന്ന ഒന്നാണ്.
'ധര്‍മസങ്കടം' എന്ന കഥയിലെ മാധവിയുടെ ജീവിതത്തില്‍ ഒരേസമയം രണ്ടു ഭര്‍ത്താവാണ്. അതിലാണ് കഥയുടെ ധര്‍മസങ്കടം. തോട്ടം പണിക്കു പോയ ഭര്‍ത്താവ് ഗോപാലന്‍ പനിപിടിച്ചു മരിച്ചെന്ന തെറ്റായ വാര്‍ത്ത അവളെ തളര്‍ത്തി. അമ്മയുടെ നിര്‍ബന്ധപ്രകാരം പുതിയ വിവാഹത്തിന് തയ്യാറായി. എന്നാല്‍ അപ്പോള്‍ മരിച്ചയാള്‍ തിരിച്ചുവരുന്നു! സമ്മന്തക്കാരന്‍ എന്നാണിവിടെ ഭര്‍ത്താവിനെ വിശേഷിപ്പിക്കുന്നത്. സാമ്പത്തികമായ വിവക്ഷകള്‍ (''രണ്ടു മൂന്നു കൊല്ലായിട്ട് സമ്മന്തക്കാരന്റെ മര്യാദയൊന്നും ചെയ്യാത്തോന്‍ നോക്കിഞ്ഞി വേണ്ട'' എന്ന് അമ്മാവന്‍ പറയുന്നതില്‍ അതു വ്യക്തമാണ്.) കൂടി ഉള്‍ക്കൊള്ളുന്ന മൂല്യസങ്കല്‍പത്തിലാണീ വാക്കിവിടെ നിലകൊള്ളുന്നത്. അമ്മാമയ്ക്ക് നൂറുകൂട്ടം മുട്ടാ! അതിന്റെ പുറമേ അണക്ക് തുണീം എടുത്തു തരണം. ഒരാളുണ്ടായാല്‍ തറവാടിലേക്കതും ലാഭമല്ലേ?- എന്നാണ് പറയുന്നത്. അതു ശരിയാണെന്നു തോന്നുന്നുവെങ്കിലും മറ്റൊരു ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അവള്‍ക്കിഷ്ടമില്ല. ഏകദാമ്പത്യത്തിലെ വികാരമൂല്യങ്ങളിലേക്ക് സംക്രമിക്കാന്‍ തുടങ്ങുന്ന, എന്നാല്‍ കൂട്ടുകുടുംബത്തിലെ പരമ്പരാഗതമൂല്യങ്ങള്‍ പിന്നോട്ടു വിലിക്കുന്ന ഒരിടത്താണ് അവളുടെ നില.
'സിംഹിക' എന്ന കഥയിലും 'ഒരു കച്ചയും മുന്നാഴി എണ്ണയും കൂടി എടുക്കാത്ത ആളാ'ണ് ഭര്‍ത്താവ്. പാറുക്കുട്ടിയെ ജാരസംസര്‍ഗം സംശയിച്ച് ഉപേക്ഷിച്ചു പോവുകയാണ് പരമേശ്വരന്‍നായര്‍. തൊണ്ടിമുതലോടെ കള്ളനെ പിടിക്കാന്‍ ശ്രമിക്കുന്ന ഒരു പോലിസുകാരനെപ്പോലെ പലപ്പോഴും പരമേശ്വരന്‍നായര്‍ അവളുടെ വീടുകാത്ത് നിരാശനായി. രാത്രി പുറത്തു കേള്‍ക്കുന്ന ഓരോ ശബ്ദവും കേട്ട് അയാള്‍ ജനല്‍ തുറന്നുനോക്കുന്നു. ഒരിക്കല്‍ പത്തുനാഴിക ഇരുട്ടിച്ചെന്നപ്പോള്‍ കോലായിലിരുന്നു സംസാരിക്കുന്ന കോമന്‍ നായരെ കണ്ടതോടെ കലിതുള്ളി അയാള്‍ തിരിച്ചുപോകുന്നു. ('ഒരു കച്ചയും മുന്നാഴി എണ്ണയും കൂടി എടുക്കാത്ത ആള്‍ക്കു കിട്ടുന്ന പുതിയ ശീലാവതിയെ കാണാലോ എന്നവള്‍ വിചാരിക്കുന്നു. പിന്നീട് ഒരു വരന്റെ വേഷത്തില്‍ നില്‍ക്കുന്ന ഭര്‍ത്താവിന്റെയടുത്തു പാഞ്ഞു ചെന്ന് ഈര്‍ക്കിലിക്കരയുള്ള തുണിക്കെട്ടെടുത്ത് മാറോടടുപ്പിച്ച് പിടിച്ച് അവള്‍ പറയുന്നതിങ്ങന: അഞ്ചെട്ടു കൊല്ലമായിട്ട് നാലു കച്ച തികച്ചെനിക്കു തന്നിട്ടില്ല. ഇതും കൂടി എനിക്കാണ്')
ഭര്‍ത്താവ് എന്ന പുതിയ മൂല്യത്തിലേക്കുള്ള സംഘര്‍ഷമാണിവിടെ ജാരനെ നിര്‍മിച്ചെടുക്കുന്നത്. 'അഭിമാനം' എന്ന കഥയിലെ ജാനകി പെരകെട്ടിമേയാന്‍ വാങ്ങിയ ഇരുപതുറുപ്പിക കടം വീട്ടാനാണ് പാലം പണിക്കു പോകാനാഗ്രഹിക്കുന്നത്. എന്നാല്‍ ഭര്‍ത്താവ് രാമന്‍നായര്‍ക്കത് അഭിമാനക്ഷതമാണ്. ''ഞാനുള്ളപ്പോള്‍ നീ തേവിടിപ്പെണ്ണുങ്ങളുടെ കൂടെ പണിക്കുപോകാന്‍ പാടില്ല. ആ മേസ്ത്രി വല്ലാത്തൊരാളാണ്. നീ അയാളുടെ മുമ്പില്‍ ചെന്ന് ആടിക്കുഴയാന്‍ പോവുകയാണെങ്കില്‍ എന്നെ പിന്നെ മഷിവെച്ചു തിരഞ്ഞാല്‍ കാണില്ല'' എന്നയാള്‍ പറയുന്നു. അവള്‍ മണ്ണുപണി ചെയ്താലും വേണ്ടില്ല മനയ്ക്കലെ നെല്ലുകുത്തോ അധികാരിയുടെ വീട്ടിലെ കൃഷിപ്പണിയോ വാരിയത്തെ അടുക്കളപ്പണിയോ ദാസ്യവൃത്തിയോ ഒക്കെയാവാം. അതിലൊന്നുമില്ലാത്ത അപമാനമാണയാള്‍ക്ക് ജാനകി പാലം പണിക്കു പോകുന്ന കാര്യമോര്‍ക്കുമ്പോള്‍ അയാളുടെ ഭാവനയില്‍ മേസ്ത്രിയും മറ്റു പണിക്കാരുമൊക്കെ അവളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കും. ഗത്യന്തരമില്ലാതെ വഴങ്ങുന്ന അവള്‍ രാത്രി വരാതിരിക്കും. കാരണമായി പച്ചക്കള്ളങ്ങള്‍ പറഞ്ഞ് അയാളെ പറ്റിക്കും.''
'കരിങ്കാലിച്ചി'യിലെ ശങ്കരനാരായണന്‍ കല്യാണിക്കുട്ടിയെ വിട്ടുപോന്നത് മനയ്ക്കലെ കാര്യസ്ഥന്‍ അവളെ രാത്രി പണിക്കു വിളിച്ചുകൊണ്ടുപോവുന്നതുകൊണ്ടാണ്. ''ജന്മിത്തം അവനെ ആട്ടിപ്പായിച്ചു. അയാള്‍ ഉടുക്കാനും തേക്കാനും കൊടുക്കുന്ന പെണ്ണിനെ രാത്രി പത്തുമണിക്ക് മനയ്ക്കലെ അപ്പന്‍ തമ്പുരാന്‍ പണിക്കു വിളിച്ചു പോവുകയാണെങ്കില്‍ അവനെങ്ങനെ അത് കണ്ടുകൊണ്ടിരിക്കും?'' എന്നാണ് ചെറുകാട് എഴുതുന്നത്.
'തീരാത്ത സംശയ'ത്തില്‍ കാമുകീ കാമുകരായ ദേവയാനിക്കും രാജഗോപാലനുമിടയിലുള്ള ശങ്കകളാണ് പ്രമേയം. ദേവയാനിയുടെ പെട്ടി കള്ളത്താക്കോലിട്ടു തുറന്ന് അവള്‍ക്ക് മറ്റൊരാളയച്ച കത്തുകള്‍ വായിച്ച് അയാള്‍ കലഹിക്കുന്നു. അവളെ പിരിഞ്ഞുപോകുന്നു. ഭാസ്‌കരന്‍നായര്‍ക്കും രാജഗോപാലനുമിടയില്‍പ്പെട്ട മനസ്സോടെയിരുന്നു തലപുകയ്ക്കുന്ന ദേവയാനിയുടെ ചിന്തകള്‍ക്ക് ആത്മവിശകലനത്തിന്റെ സത്യസന്ധതയും സാമൂഹ്യവിശകലനത്തിന്റെ തീക്ഷ്ണതയുമുണ്ട്. ''...രാജഗോപാലിനെ നിരസിച്ച് ഭാസ്‌കരന്‍ നായരെ വിവാഹം ചെയ്യണമെന്നെനിക്കു മോഹമില്ല. പിന്നെ താനെന്തിനേ ആ കത്തുകള്‍ ഓരോന്നായി വാങ്ങിയത്? അയാളുടെ ഉള്ളുകള്ളികളറിയാന്‍. എന്തിന്? തന്നില്‍ ഭ്രമിച്ച ഒരുവനുണ്ടെന്നറിയുന്നത് ഒരു യുവതിക്കഭിമാനമാണ്........ഓരോരുത്തന്റെ ഹൃദയത്തില്‍ ഓരോ അവസരത്തില്‍ പാഞ്ഞുപോകുന്ന നഗ്നവികാരങ്ങളെ മനസ്സിാക്ഷിയുടെ തിരശ്ശീല നീക്കിപ്പരിശോധിച്ചാല്‍ ഇത്തരം രംഗങ്ങള്‍ പലതും കാണില്ലേ? എന്റെ ഭര്‍്ത്താവ് ആരാണ് എന്നു തീരുമാനിച്ചിട്ടില്ല. അതിനുള്ള അധികാരം എനിക്കല്ലേ? രാജഗോപാലന്‍ എന്നെ ഒരു കുറ്റക്കാരിയായി കണക്കാക്കിയിട്ടുണ്ടാവും. ഭാസ്‌കരന്‍ നായര്‍ ഒന്നും തീര്‍ച്ചയാക്കിയിട്ടുണ്ടാവില്ല. ഞാനും ഒന്നും തീര്‍ച്ചയാക്കിയിട്ടില്ല. രണ്ടാള്‍ക്കും തീരാത്ത സംശയം ഞാന്‍ കാരണമുണ്ടായി. ഉണ്ടാവട്ടെ. ആലോചിച്ചു തീരുമാനിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.''- ഈ ആലോചനകള്‍ക്കു നടുവില്‍ പരിസമാപ്തിയിലെത്തുന്ന കഥാഘടന പരിണാമഗുപ്തിയുടെ പതിവു യുക്തിയെ തകിടം മറിച്ചുകൊണ്ടാണ് നിലയുറപ്പിക്കുന്നത്. ഏതെങ്കിലുമൊരാളുടെ ഭാര്യയോ കാമുകിയോ ആയി ഉറപ്പിക്കപ്പെടുന്ന പതിവു പര്യവസാനയുക്തിക്കു പകരം സന്ദിഗ്ദ്ധമായ, എങ്കിലും സമചിത്തതയോടെയുള്ള ഒരു ആരായലില്‍ പ്രണയം, വിവാഹം സദാചാരം, പൗരുഷം എല്ലാം വിചാരണചെയ്യപ്പെടുകയാണ്.
പനങ്കഴു എന്ന കഥയിലെ മാലതിടീച്ചര്‍ക്ക് സഹപ്രവര്‍ത്തകനായ പരശുരാമയ്യരുടെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ ഫലമായി അയാളുടെ പ്രതികാരത്തിനിരയാവേണ്ടി വരുന്നു. അയാള്‍ മാലതിടീച്ചര്‍ നോക്കേണ്ട പരീക്ഷാപേപ്പറുകളിലൊന്ന് ഒളിപ്പിച്ചു വെച്ചതിന്റെ ഫലമായി അവര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിക്കുന്നു. നിരസിക്കപ്പെടുന്ന ആണത്തം വിഷം വമിച്ച് ഫണം വിടര്‍ത്തിയാടുന്നതിന്റെ പല ദൃശ്യങ്ങള്‍ ഈ കഥയുടെ സന്ദര്‍ഭങ്ങളിലുണ്ട്.
'സംശയഛായ'യില്‍ സുകുമാരന്റെ ഭാര്യ സുഭദ്ര പ്രസവിച്ച ശേഷമുള്ള സംഭവങ്ങളാണ് വിഷയം. കുട്ടിയെക്കാണാനെത്തിയ അയാള്‍ക്ക് ഭാര്യയുടെ അമ്മ പറഞ്ഞ വാക്കുകളില്‍ മനസ്സുടക്കുന്നു. ''കണ്ണും പുരികവും കാലടികളുമൊക്കെ തത്സ്വരൂപം. ഇങ്ങനെ ഛായയുണ്ടാവാന്‍ വേയ്‌ക്കോ എന്നാണെനിക്ക്''- കുട്ടിയുടെ ഛായ പാതിവ്രത്യത്തിന്റെ ഉരകല്ലാണെന്നയാള്‍ ഊഹിച്ചു. അധികത്തെളിവു കൊണ്ടുവരുന്നത് കള്ളത്തരം കൊണ്ടല്ലേ എന്നയാള്‍ ആലോചിച്ചു.
കുളക്കടവില്‍ കണ്ട എല്ലാ പുരുഷന്മാരെയും അയാള്‍ ഭാര്യയുടെ ജാരന്മാരായി സംശയിച്ചു. കുട്ടിയുടെ ഛായ അവരിലെല്ലാം തിരഞ്ഞു, ആരോപിച്ചു. സ്‌നേഹത്തിനും സംശയത്തിനുമിടയില്‍ അയാള്‍ പിടഞ്ഞു. സംശയം തീര്‍ച്ചയായി. കുട്ടിയുടെ പിതൃത്വം ഭാര്യവീട്ടിനടുത്തുള്ള പണക്കാരനും സുമുഖനുമായ ഭാസ്‌കരന്‍നായരിലാരോപിച്ച് അയാള്‍ സ്വസ്ഥനാവാന്‍ ശ്രമിച്ചു. കുട്ടിയുടെ ചോറൂണിനും പേരിടലിനുമൊന്നും പോകാതെ അയാളകന്നു നിന്നു.
കേരളീയ കുടുംബഘടനയുടെ പരിണാമഘട്ടങ്ങളില്‍ ആണത്തത്തിന്റെ വ്യത്യസ്ത രാശികള്‍ ഉടലെടുക്കുന്നതിന്റെ കാഴ്ചകളാണീ കഥകളിലുള്ളത്. സമഗ്രമായും പുരുഷാധിപത്യഘടനയിലൂന്നിയ അണുകുടുംബക്രമത്തില്‍ പ്രബലമാകുന്ന ആണത്തം മുമ്പുണ്ടായിരുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണത് . കൂട്ടുകുടുംബത്തിന്റേയും അണുകുടുംബത്തിന്റേയുമിടയിലുള്ള സംക്രമണഘട്ടത്തില്‍ ആണത്തം സ്വരൂപിച്ചെടുക്കുന്ന ബലാബലങ്ങള്‍, മൂല്യസംഘര്‍ഷങ്ങള്‍ അവയുടെ വിശദാംശങ്ങളോടെ ഈ കഥകളില്‍ തെളിയുന്നു. ആദ്യഘട്ടങ്ങളില്‍ പൗരുഷവും പിതൃത്വവും വ്യത്യസ്തമായ രണ്ട് മൂല്യഘടനകളായിരുന്നു. ദാമ്പത്യാധിഷ്ഠിതപിതൃമേധാവിത്ത ഘടനയില്‍ ആണത്തവും പിതൃത്വവും ഒന്നുചേര്‍ന്ന് ഒരേ ഘടനയായി ഉറയ്ക്കുന്നു. മുമ്പുണ്ടായിരുന്ന ജീവശാസ്ത്രപരമായ പിതൃത്വം സാമൂഹ്യമൂല്യങ്ങളാല്‍, പ്രധാനമായും സ്ത്രീയുടെ ലൈംഗികസദാചാരം നിര്‍ണായകമാകുന്ന മൂല്യങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്ന ഒന്നായി മാറുന്നു. ഈ പുതിയ പിതൃത്വത്തിന്റെ, അധീശമൂല്യത്തിന്റെ സ്ഥാപനമാണ് മേല്‍പറഞ്ഞ കഥയിലുള്ളത്. അതിന്റെ ഉപോല്‍പന്നമാണ് ജാരന്‍. പിതൃത്വത്തിലൂന്നിയ ആധുനിക ആണത്തത്തിനോടുള്ള വെല്ലുവിളിയാണയാള്‍. മുമ്പ് കാരണവരുമായി നടന്ന പ്രത്യക്ഷത്തിലുള്ള അധികാര വടംവലിയേക്കാള്‍ വലുതായ ആണത്ത വിലപേശലുകള്‍ ജാരനുമായി ഇവിടെ നടക്കുന്നു. പൗരുഷം പരസ്പരമാത്സര്യത്തിലൂടെ ഉറപ്പിക്കപ്പെടുന്ന ഒന്നായി പരിണമിക്കുന്നു. ശാസക മര്‍ദ്ദക സ്വഭാവമുള്ള ആണത്തം ഉള്ളില്‍ ഒരു ജാരനെ ഭയപ്പെടുന്നു, ഒരു നുഴഞ്ഞുകയറ്റക്കാരനെ. പുരോഗമനേച്ഛുവായ പുരുഷന്റെ ബാഹ്യസ്വത്വത്തില്‍ നിലീനമായ കാര്‍മോന്മുഖതയുടെയും രക്ഷാകര്‍തൃത്വത്തിന്റെയും വിദൂരഛായയില്‍ ഈ പിതൃ/ശാസകബിംബം മറഞ്ഞിരിപ്പുണ്ട്. (മലയാളഭാവുകത്വത്തിന്റെ പില്‍ക്കാല ഭാവനയില്‍ 'പാണ്ഡവപുര'ത്തിലെ ജാരന്‍ സ്ത്രീയുടെ മുന്‍കയ്യിലൂടെ രൂപമാര്‍ജിക്കുന്നുണ്ട്. സ്‌ത്രൈണതയുടെ സ്വതന്ത്രകാമനകള്‍ക്കകത്തെ വിധ്വംസകതയാണയാള്‍. മേല്‍പ്പറഞ്ഞ ജാരന്റെ എതിര്‍നിലയാണത്)
റഫറന്‍സ്
1. ചെറുകാട്, ചെറുകാടിന്റെ ചെറുകഥകള്‍, കറന്റ് ബുക്‌സ്, തൃശ്ശൂര്‍
2. ജീവിതപ്പാത,1992,കറന്റ് ബുക്‌സ്,തൃശ്ശൂര്‍
3. ഉഷാകുമാരി.ജി., വീട്ടകത്തെ പെണ്ണ്, ഉടല്‍ ഒരു നെയ്ത്ത്: സംസ്‌കാരത്തിന്റെ സ്ത്രീവായന,എന്‍.ബി.എസ്,കോട്ടയം.
(2017 ആഗസ്ത്26 ന് ചെറുകാട് ജന്മദിനത്തില്‍ നവമലയാളി ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്)
No comments:
Post a Comment