'അപ്പാ, അപ്പനെന്നോടിതു ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചില്ല.' കണ്ണീരോടുകൂടി കത്രി പറഞ്ഞു.' മോളേ,'
ഇടറിയ കണ്ഠത്തോടെ ആ പിതാവ് പറഞ്ഞു: 'ഇനിക്ക് നിന്നെപ്പോലെ അവനും'.( ശബ്ദിക്കുന്ന കലപ്പ)
ഉത്തര്‍പ്രദേശിലെ കട്ടരിയാഘട്ട വന്യജീവിസങ്കേതത്തില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെ ക്കുറിച്ചുളള വാര്‍ത്തകള്‍ കൗതുകവും അമ്പരപ്പും നിറഞ്ഞതായിരുന്നു. നാലുകാലില്‍ നടക്കുകയും കുരങ്ങിനെപ്പോലെ മരംചാടിമറിയുകയും ചെയ്യുന്ന എട്ടുവയസ്സുള്ള കുട്ടിയെ കാട്ടില്‍ നിന്നു പോലീസുകാര്‍ കണ്ടെടുക്കുകയായിരുന്നു. കുരങ്ങുകള്‍ വളര്‍ത്തിയ പെണ്‍കുട്ടിയെന്ന അര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ അവളെ മൗഗ്ലിഗേള്‍ എന്ന് വിളിച്ചു. പിന്നീട് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.
സമാനമായ മറ്റൊരു കഥ നോക്കൂ. 1920ല്‍ മിഡ്‌നാപ്പൂരിലുള്ള ഒരു അനാഥാലയനടത്തിപ്പുകാരനായ അമൃത്‌ലാല്‍ സിംഗ് കാട്ടില്‍ ചെകുത്താനെപ്പോലുള്ള രണ്ടുരൂപങ്ങളെ കാണുന്നു. രാത്രികാലങ്ങളില്‍ ഈ രൂപങ്ങള്‍ ചെന്നായ്ക്കളുടെ അകമ്പടിയായി സഞ്ചരിക്കുന്നുവെന്നും ഓരിയിടുന്നുവെന്നും അവരുടെ കണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങുന്നുവെന്നുമുള്ള കഥകളും ഗ്രാമീണര്‍ക്കിടയില്‍ പ്രചരിച്ചു. അതിന്റെ രഹസ്യം കണ്ടെത്താന്‍ അമൃത്‌ലാല്‍ തീരുമാനിച്ചു. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ ചെന്നായ്ക്കളുടെ താവളം കണ്ടെത്താന്‍ അയാള്‍ക്കു കഴിഞ്ഞു. ഒപ്പം കൂനിയ രണ്ടുരൂപങ്ങളും! കൂടുതല്‍ നിരീക്ഷിച്ചപ്പോള്‍ അവ മനുഷ്യക്കുട്ടികള്‍ തന്നെയാണെന്നു മനസ്സിലായി. എട്ടും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍. ഒരു ചെന്നായ മനുഷ്യരൂപത്തില്‍ ജനിച്ചാല്‍ എങ്ങനെയോ അതേ സ്വഭാവരീതികളായിരുന്നു അവരുടേത്. എന്നുമാത്രമല്ല ചെന്നായ് കുട്ടികളേക്കാള്‍ അക്രമണകാരികളായിരുന്നു അവര്‍. എന്തായാലും ഗ്രാമവാസികളുടെ സഹായത്തോടെ അവരെ കെണിയില്‍ വീഴ്ത്താന്‍ സിംഗിനായി. അപ്പോള്‍ ഒരു പെണ്‍ചെന്നായ അക്രമാസക്തയായതിനാല്‍ അതായിരുന്നിരിക്കാം അവരുടെ അമ്മച്ചെന്നായ് എന്നയാള്‍ അനുമാനിച്ചു.
രണ്ടു പെണ്‍കുട്ടികളെയും സിംഗ് അനാഥാലയത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു. മുതിര്‍ന്ന പെണ്‍കുട്ടിക്ക് കമലയെന്നും ഇളയവള്‍ക്ക് അമലയെന്നും പേരുനല്‍കി. അവരെ മറ്റു കുട്ടികളോടൊപ്പം ഇടപഴകാനും കളിക്കാനും പ്രേരിപ്പിച്ചിരുന്നെങ്കിലും അവര്‍ക്കു നായ്ക്കളെയും പൂച്ചകളെയുമൊക്കെയായിരുന്നു കൂടുതല്‍ ഇഷ്ടം. ചിരിക്കുകയോ കരയുകയോ ചെയ്യാത്ത അവരുടെ മുഖത്ത് ആകെ വിരിഞ്ഞ മനുഷ്യഭാവം ഭയം മാത്രമായിരുന്നു. 1921ല്‍ അമല മരിച്ചു. കമലയ്ക്ക് താങ്ങാന്‍ കഴിയാത്ത ആഘാതമായിരുന്നു ആ മരണം. ഏറെ താമസിയാതെ കമലയും മരിച്ചു.
ഇത്തരം മൃഗമനുഷ്യകഥകള്‍ കമലയിലും അമലയിലും മാത്രം ഒതുങ്ങി നില്ക്കുന്നില്ല. സമാനമായ അനവധി കഥകള്‍ ചരിത്രത്തില്‍ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നു. അവയിലെ പൊതുസമാനത കുടുംബത്തിന്റെ ഘടനയിലാണ് നാം ഈ സഹവാസങ്ങളെ കാണുന്നത് എന്നതാണ്. അമ്മയും അച്ഛനും മക്കളുമടങ്ങുന്ന നമ്മുടെ കുടുംബഘടനയുടെ മൂല്യത്തെ കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് മേല്പറഞ്ഞ കഥകളും ആഖ്യാനം ചെയ്യപ്പെട്ടത്. അമ്മച്ചെന്നായ എന്ന പ്രയോഗം സൂചിപ്പിക്കുന്നത് അതുതന്നെയാണ്.
മാനുഷികമൂല്യങ്ങള്‍ ആരോപിച്ചുകൊണ്ടാണ് മൃഗങ്ങളെ നാം വകതിരിക്കാറുള്ളതെന്ന് നമ്മുടെ ബാലകഥകളേറെയും സാക്ഷ്യപ്പെടുത്തുന്നു. സംസ്‌കാരത്തിന്റെ അധീശതകളെ നാം നിര്‍മിച്ചെടുക്കുന്നതും ഭാവനചെയ്യുന്നതും മനുഷ്യകേന്ദ്രിതമായാണ്. മനുഷ്യപദവിയെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്ന മട്ടിലാണ് നമ്മുടെ മൃഗകഥനങ്ങളേറെയും. കൗശലക്കാരനായ കുറുക്കന്‍, മണ്ടനായ കഴുത, ചാഞ്ചാട്ടക്കാരനായ കുരങ്ങന്‍ എന്നിങ്ങനെ പതിഞ്ഞുപോയ ചിത്രങ്ങള്‍ എത്രയെങ്കിലുമുണ്ട് നമ്മുടെ സാഹിത്യത്തില്‍. മനുഷ്യവംശം മൃഗവുമായുള്ള സഹവാസത്തിലൂടെ കടന്നുപോന്നതിന്റെ സാംസ്‌ക്കാരികമായ ഓര്‍മകള്‍ കൂടിയാണ് അവ.
ഇതില്‍നിന്നു വ്യത്യസ്തമായ ചില ഇടപെടലുകളും മൃഗങ്ങള്‍, പ്രത്യേകിച്ചും വീട്ടുമൃഗങ്ങള്‍ മനുഷ്യജീവിതത്തില്‍ നടത്തുന്നുണ്ട്. ചിലപ്പോഴെങ്കിലും അവ നമ്മുടെ കുടൂംബമൂല്യങ്ങളെ അസ്ഥിരപ്പെടുത്തുന്നു. നമ്മുടെ സംസ്‌കാരത്തില്‍, സാഹിത്യത്തില്‍, സാഹിത്യചരിത്രങ്ങളില്‍ എമ്പാടും ഇത്തരം സന്ദര്‍ഭങ്ങള്‍ ചിതറിക്കിടക്കുന്നു. അതേക്കുറിച്ചെല്ലാമുള്ള, പ്രധാനമായും കുടുംബഘടനയിലൂന്നിയുള്ള ചില പ്രാഥമികാലോചനകളാണ് ഇവിടെ നടത്തുന്നത്. ഇത്തരം അന്വേഷണങ്ങള്‍ മാനകമായ ആണ്‍/പെണ്‍കുടുംബ(hetero-sexual monogamous reproductive family) മൂല്യങ്ങളെയും അവയുടെ ഘടനയെയും സംബന്ധിച്ച പുതിയ ഉള്‍ക്കാഴ്ച്ചകളിലേക്കു നമ്മെ നയിച്ചേക്കാം.
കുടുംബം: മാനകേതരബഹുലതകള്‍
സംസ്‌ക്കാരചരിത്രത്തിലെ കുടുംബപരമായ കൂട്ടായ്മകളുടെ വൈവിധ്യമാര്‍ന്ന ഘടനകളുടെ കേരളീയമായ അടയാളങ്ങള്‍ തിരഞ്ഞുകൊണ്ട് ഈ അന്വേഷണം ആരംഭിക്കാം. സമകാലിക സമൂഹത്തില്‍ നിര്‍ബന്ധിതമായ ഭിന്നവര്‍ഗലിംഗാധിഷ്ഠിതത്വവും ഒറ്റ ഇണയെ നിലനിര്‍ത്തുന്ന ഏകദാമ്പത്യദീക്ഷയും പ്രത്യുല്‍പാദനപരതയുമുള്ള(
അടുത്തുകൊണ്ടിരിക്കുന്നു. എങ്കിലും കുടുംബത്തോടുള്ള കൂറ് മലയാളിസംസകാരത്തിന്റെയും നിലപാടിന്റെയും അടിത്തറകളില്‍ ഒന്നായി തുടരുന്നു. '' (പുറം29, മാപ്പിള മുസ്‌ളിംകള്‍)
ഈ അണുകുടുംബയുക്തിയെ നിരന്തരം ഊട്ടിയുറപ്പിക്കുകയും അതിനു പിന്തുണനല്‍കുകയും ചെയ്തുകൊണ്ടാണ് രാഷ്ട്രം, ഭരണകൂടം, മതം, രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തുടങ്ങിയ പ്രബലമായ ഇതരഘടകങ്ങള്‍ സമൂഹത്തില്‍ പുലരുന്നത്.
എന്നാല്‍ പലതരം അഭിനിവേശങ്ങളും അടുപ്പങ്ങളും കൂടിക്കുഴഞ്ഞതാണ് നമ്മുടെ ലോകം. ആണ്‍/പെണ്‍ലൈംഗികതയ്ക്കപ്പുറം അല്ലെങ്കില്‍ അതിനോടൊപ്പം തന്നെ സ്വവര്‍ഗകാമനകളുണ്ട്, സ്വവര്‍ഗസഖ്യങ്ങളും ഒറ്റയാള്‍ജീവിതവും അവിവാഹിതത്വവും ബ്രഹ്മചാരിത്വവുമുണ്ട്. പക്ഷിജന്തുസഹവാസമുണ്ട്. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, അസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്റര്‍ സ്വത്വങ്ങളുണ്ട്. ഇവയോടൊപ്പം ലൈംഗികേതരമായ സ്വത്വങ്ങളും അവയിലൂടെ രൂപപ്പെടുന്ന കൂട്ടായ്മകളുമുണ്ട്. മാനകേതരമായ മൂല്യങ്ങള്‍ക്ക് പുലരാന്‍ കഴിയുന്ന അത്തരം കൂട്ടായ്മകളെ എല്ലാം ചേര്‍ത്ത് പൊതുവായി 'സഹകുടുംബം' എന്നു നമുക്കു വിളിക്കാം. ഇത്തരം സഹകുടുംബങ്ങളെ അപ്രസക്തമാക്കുന്നുവെന്നതാണ് മാനകകുടുംബക്രമത്തിന്റെ മറ്റൊരു പ്രശ്‌നം. അത്തരം കാമനകളും അഭിരുചികളും അവകാശങ്ങളും തിരിച്ചറിയപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടത് ഒരു ജനാധിപത്യസമൂഹത്തിന് ആവശ്യമാണ്. ആ ദിശയിലുള്ള അവബോധങ്ങള്‍ കൂടി ഉള്‍ച്ചേര്‍ന്നതാവണം നമ്മുടെ ജ്ഞാനമണ്ഡലം. ഈയൊരു തിരിച്ചറിവിലാണ് നിര്‍ബന്ധിതമായ ഭിന്നവര്‍ഗക്രമത്തിലുള്ള കുടുംബഘടനയെ ഒരു പ്രശ്‌നമണ്ഡലമെന്ന നിലയില്‍ നോക്കിക്കാണുന്നത്.
സൂക്ഷ്മസാമൂഹികതയുടെ സ്വകാര്യചരിത്രം വ്യവസ്ഥാപിതചരിത്രനിര്‍മിതിയ്ക്
എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ ആരൊക്കെ തമ്മിലാകാം, ആയിക്കൂടാ എന്നതിനും സമൂഹത്തില്‍ ചില അലിഖിതനിയമങ്ങളുണ്ട്. പക്ഷേ, നമ്മുടെ കാമനകള്‍ അതിരുകളെ ലംഘിക്കുന്നു. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു. അതിരുകളില്ലാത്ത മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള വിശാലഭാവനയില്‍ നമുക്കു അപരിചിതമായ ജീവിതബന്ധങ്ങള്‍, അവയുടെ യുക്തികള്‍ നാം കാണുന്നു. നാം അംഗീകരിച്ചാലും അനുവദിച്ചാലും ഇല്ലെങ്കിലും അതു സമൂഹത്തിലുണ്ട്. ബ്രഹ്മചാരികളുടെ സംഘങ്ങള്‍, ആശ്രമങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍, ഹോസ്റ്റലുകള്‍, ബോര്‍ഡിങ്ങുകള്‍, പട്ടാളബാരക്കുകള്‍, ജയില്‍മുറികള്‍, ട്രെയിനിങ് ക്യാമ്പുകള്‍, തീര്‍ത്ഥയാത്രാസംഘങ്ങള്‍, വിനോദയാത്രാസംഘങ്ങള്‍, പര്യവേഷണസംഘങ്ങള്‍, സിനിമാസെറ്റുകള്‍, നാടകകമ്പനികള്‍, സര്‍ക്കസ് കമ്പനികള്‍, രാഷ്ട്രീയസംഘടനകള്‍ ഇവയെല്ലാം തന്നെ മനുഷ്യര്‍ പരസ്പരം കൂട്ടായ്മകളായി പുലരുന്ന ഇടങ്ങളാണ്. ചരിത്രത്തിലേയ്ക്കു നോക്കിയാല്‍ കൊടുങ്ങല്ലൂര്‍ ഗുരുകുലവും വെള്ളിനേഴിയിലെ ഒളപ്പമണ്ണമനയില്‍ ഉണ്ടായിരുന്ന കളിയോഗക്കളരികളും മറ്റും പലതരത്തില്‍ അടുപ്പങ്ങള്‍ പങ്കുവെയ്ക്കുന്ന കുടുംബസമാനമായ കൂട്ടായ്മകളായിരുന്നു. ഭരണിക്കായി കൊടുങ്ങല്ലൂര്‍ വന്നുപോകുന്ന തീര്‍ത്ഥാടകര്‍ തങ്ങള്‍ എല്ലാ കൊല്ലവും താമസിക്കുന്ന വീടുകളുമായി പുലര്‍ത്തുന്ന ബന്ധവിനിമയങ്ങളും സമാനമാണ്. കുട്ടനാട്ടിലേക്കും മറ്റും കൂട്ടായി പോകുന്ന കൊയ്ത്തുസംഘങ്ങള്‍ക്കിടയിലും ഇത്തരം ചാര്‍ച്ചകളുണ്ട്. നവോത്ഥാനനായകരായ പലരുടെയും ആത്മകഥകളില്‍ തങ്ങള്‍ പഠനകാലത്തു കുളിച്ചുണ്ടു താമസിച്ച മറ്റൊരു വീടിനെക്കുറിച്ചുളള ചിത്രം കാണാം. താല്ക്കാലികമായെങ്കിലും അവരും ആ കുടുംബത്തിലെ അംഗങ്ങളാണ്. ഇവയ്‌ക്കെല്ലാം ഭിന്നവര്‍ഗത്തിലുള്ള അണുകുടുംബക്രമത്തിന്റെ ഘടന ആരോപിക്കാന്‍ കഴിയില്ല. അവ താല്‍ക്കാലികമോ സ്ഥിരമോ ആയ സ്ഥാപനങ്ങളാകട്ടെ, ഇന്നു സാര്‍വത്രികമായ കുടുംബമൂല്യത്തിന്റെ ഘടനകള്‍ക്ക് അപരിചിതമാണ്. എങ്കിലും മാനകകുടുംബക്രമത്തിന്റെ ചില അടിസ്ഥാനയുക്തികളെ അവ പേറുകയും നിലനിര്‍ത്തുകയും ചെയ്യുന്നുണ്ടാകാമെന്നു മാത്രം.
പോയ നൂറ്റാണ്ടുകളിലെ സാഹിത്യകൃതികളിലെമ്പാടും ഭിന്നവര്‍ഗകുടുംബക്രമത്തില്‍നി
പിതൃത്വം, മാതൃത്വം, പ്രജനനം
ആണും പെണ്ണും ചേര്‍ന്നല്ലാതെ നടക്കുന്ന ശിശുജനനത്തിന്റെ കഥകള്‍ കൊണ്ടു സമ്പന്നമാണ് നമ്മുടെ മിത്തുകള്‍. സ്വവര്‍ഗരതിയില്‍ നിന്നുള്ള പ്രജനനത്തെ കേന്ദ്രീകരിച്ചുള്ള കഥകളില്‍ ഏറ്റവും പ്രധാനം അഗ്നിയും ശിവനും തമ്മിലുള്ളതാണ്. അഗ്നി ശിവന്റെ രേതസ് വായിലെടുക്കുകയും അതില്‍ നിന്ന് ഒരു ശിശുവിനെ ഉല്പാദിപ്പിക്കുകയും ചെയ്തുവെന്ന് പുരാണത്തില്‍ പറയുന്നു. അരുണനും സൂര്യനും ഇന്ദ്രനും തമ്മില്‍ ചേര്‍ന്ന് ബാലിയും, സുഗ്രീവനുമുണ്ടാകുന്നത് മറ്റൊരു കഥ. സ്വവര്‍ഗകാമനകളുടെ സൂചനകളാണ് ഇവയെങ്കിലും ഇടറുന്ന പിതൃത്വത്തിന്റെ സൂചനകള്‍ കൂടിയാണിവ. സ്വവര്‍ഗരതിയില്‍ നിന്നും ഭിന്നവര്‍ഗക്രമത്തില്‍ നിന്നും ഒരു പോലെ അകന്നു നില്‍ക്കുന്ന പ്രജനനങ്ങളുടെ ഭാവനാമണ്ഡലങ്ങളും ഈ കഥകളില്‍ കാണാം. രണ്ടമ്മമാര്‍, രണ്ടുപിതാക്കന്മാര്‍ എന്നീ ഘടനകളും ഭിന്നവര്‍ഗക്രമത്തില്‍ നിന്നുള്ള വ്യതിയാനങ്ങളാണ്. അവയും സഹകുടുംബത്തിന്റെ പരിധിയില്‍ വരും
ഇതിനെല്ലാം പുറമേ ഇന്ത്യന്‍ മിത്തുകളില്‍ മൃഗങ്ങള്‍ തന്നെ സജീവമായ കുടുംബാംഗങ്ങളെന്ന നിലയില്‍ വര്‍ത്തിക്കുന്നതിന്റെ ചിത്രങ്ങള്‍ ഏറെയാണ്. മേനക ഉപേക്ഷിച്ച ശകുന്തളയെ സംരക്ഷിച്ചു വളര്‍ത്തിയത് ശകുന്തപ്പക്ഷികളാണ്. ശകുന്തളയാകട്ടെ തന്റെ മകനെപ്പോലെ സ്‌നേഹിക്കുന്നത് മാന്‍കുട്ടിയായ ദീര്‍ഘാപാംഗനെയും. വാത്മീകീരാമായണം ആരണ്യകാണ്ഡത്തില്‍ പറയുന്ന അരയന്നങ്ങളുടെ ജനനം സമാനമായ മറ്റൊരു ആഖ്യാനമാണ്. ബ്രഹ്മപുത്രനായ കശ്യപന്‍ ദക്ഷന്റെ 8 പെണ്മക്കളെ കല്ല്യാണം കഴിച്ചു. അതില്‍ ഒരുവളാണ് താമ്ര. താമ്രയ്ക്ക് 5 പുത്രിമാര്‍- ക്രൗഞ്ചി, ഭാസി, ശ്വേനി, ധൃതരാഷ്ടി, ശുകി. ക്രൗഞ്ചി മൂങ്ങയെയും, ഭാസി ഭാസന്മാരെയും, ശ്വേനി പരുന്തിനേയും ധൃതരാഷ്ടി ഹംസം, കോകം എന്നിവയെയും പ്രസവിച്ചു. ഗരുഡനും, പാമ്പുകളും ഉണ്ടായ കഥയും ഇപ്രകാരമുള്ളതാണ്. കശ്യപന്റെ ഭാര്യയായ കദ്രു 100 പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക ജന്മം നല്‍കി. അവരില്‍ ചിലരാണ് അനന്തന്‍, തക്ഷകന്‍, വാസുകി, കാര്‍ക്കോടകന്‍ തുടങ്ങിയവര്‍. കദ്രുവിന്റെ സപത്‌നിയായ വിനതയ്ക്ക് മകനാകുന്നത് പക്ഷിരാജാവായ ഗരുഡനാണ്. ഗജമുഖനായ ഗണപതിയെപ്പോലെ നന്ദിയെന്ന കാളയും ശിവന്റെ പുത്രസ്ഥാനം വഹിക്കുന്നത് പുരാണപ്രസിദ്ധമാണല്ലോ.
എരുമയും ചേര്‍ന്നുള്ള ദാമ്പത്യത്തിന്റെ കഥയാണ് രംഭന്റേത്. ദനു എന്ന അസുരന്റെ മക്കളായ രംഭനും കരംഭനും മക്കളില്ല. അവര്‍ തപസ്സു ചെയ്തു. രംഭന്‍ പഞ്ചാഗ്നിയിലും കരംഭന്‍ ജലത്തിലും. അപ്പോള്‍ ഇന്ദ്രന്‍ മുതലയായി ചെന്ന് കരംഭനെ കൊന്നു. നിരാശനായ രംഭന്‍ അഗ്നിയില്‍ ചാടി. അപ്പോള്‍ അഗ്നിപ്രത്യക്ഷപ്പെട്ട് കുട്ടിയുണ്ടാകാന്‍ വരം കൊടുത്തു. അയാള്‍ തിരിച്ചു വരും വഴി ഒരു എരുമയെ കണ്ടു. അവര്‍ പരസ്പരം ആകൃഷ്ടരായി, വിവാഹം കഴിച്ചു. അവരുടെ കുടുംബജീവിതത്തില്‍ അസൂയതോന്നിയ ഒരു പോത്ത് രംഭനെ കുത്തിക്കൊന്നു. എരുമയാകട്ടെ, രംഭന്റെ ചിതയില്‍ ചാടി മരിച്ചു. അതില്‍ നിന്നും മഹിഷാസുരനുണ്ടായെന്ന് ദേവീഭാഗവതം പഞ്ചമസ്‌കന്ധത്തില്‍ പറയുന്നു.
ശാപത്താല്‍ മനുഷ്യനായി പിറന്ന മൃഗങ്ങളുടെ കഥയും ധാരാളമുണ്ട്. കഥാസരിത്‌സാഗരത്തിലെ നാഗജന്മമെടുത്ത കുടുംബത്തിന്റെ കഥ ഉദാഹരണം. ഒരാള്‍ക്ക് 2 ആണ്‍മക്കളും ഒരു മകളും ഉണ്ടായിരുന്നു. അവിവാഹിതയായ പെങ്ങള്‍ ഗര്‍ഭിണിയായി. പരപുരുഷന്മാരാരും കടന്നുവരാത്ത വീട്ടില്‍ സഹോദരന്മാര്‍ പരസ്പരം സംശയദൃഷ്ടിയോടെ നോക്കാന്‍ തുടങ്ങിയതോടെ അവള്‍ രഹസ്യം വെളിപ്പെടുത്തി. നാഗകുലത്തില്‍പ്പെട്ടവരാണു തങ്ങളെന്നും ശാപം മൂലം മനുഷ്യജന്മമെടുത്തതാണെന്നും ഒരു നാഗകുമാരനില്‍ നിന്നും താനറിഞ്ഞെന്ന് അവള്‍ പറഞ്ഞു. ആ നാഗകുമാരനെ താന്‍ ഗാന്ധര്‍വ്വവിധിയനുസരിച്ച് വിവാഹം കഴിച്ചെന്നും അദ്ദേഹത്തില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും കേട്ടപ്പോള്‍ സഹോദരന്മാര്‍ക്ക് ആശ്വാസമായി. ഇവിടെ ശാപം മൂലം മൃഗം മനുഷ്യനാവുന്നു, മൃഗപദവി ഉയര്‍ന്നുനില്‍ക്കുന്നു എന്നതിലാണ് നമ്മുടെ ഊന്നല്‍.
മറ്റൊരു കഥ സാതവാഹനന്റേതാണ്. ഒരിക്കല്‍ പരിവാരങ്ങളോടുകൂടി കാട്ടില്‍ നായാട്ടിനുപോയ ഒരു രാജാവ് സിംഹത്തിനുപുറത്ത് കയറിവരുന്ന തേജസ്വിയായ ബാലനെ കണ്ടു. സിംഹത്തിനു നേരെ അദ്ദേഹം ഒരമ്പയച്ചു. സിംഹത്തിന്റെ മാറുപിളര്‍ന്ന് സാതന്‍ എന്ന യക്ഷന്‍ പുറത്തുവന്ന് തന്റെ കഥ പറഞ്ഞു. സാതനും മുനികുമാരിയും പ്രണയത്തിലായിരുന്നു. അതിഷ്ടമാകാതിരുന്ന മഹര്‍ഷിമാര്‍ ഇരുവരെയും ശപിച്ചു സിംഹമാക്കി. അതിനിടയില്‍ മുനികുമാരി ഗര്‍ഭിണിയായി. സിംഹരൂപിണിയെങ്കിലും അവളൊരു മനുഷ്യശിശുവിന് ജന്മം നല്‍കുകയും ആ ക്ഷണം മരിച്ച് മുനികന്യകയായി മാറുകയും ചെയ്തു. അതിനുശേഷം സിംഹികളുടെ മുലകുടിപ്പിച്ചും പുറത്ത് ചുമന്നുമാണ് സാതന്‍ കുഞ്ഞിനെ വളര്‍ത്തിയത്. തനിക്ക് ശാപമോക്ഷം തന്ന രാജാവിന് കുഞ്ഞിനെ സമ്മാനിച്ച് അയാള്‍ മറഞ്ഞു. മൃഗത്തില്‍ നിന്നും മനുഷ്യപിറവി സങ്കല്‍പ്പിക്കുന്നതാണ് ഈ കഥ.
ഇപ്രകാരം മൃഗങ്ങള്‍, പക്ഷികള്‍ മറ്റു ജീവജാലങ്ങള്‍ കുടുംബാംഗങ്ങളായിത്തീരുന്ന കുടുംബഘടന പുരാണകഥകളില്‍ എത്രയെങ്കിലുമുണ്ട്. പലതിലും രൂപമാറ്റം, ശാപം, ശാപമോക്ഷം, വരലബ്ധി എന്നിങ്ങനെ ചിലതിന്റെ ഫലമായാണ് മൃഗമാകുന്നത്. എങ്കിലും അമ്മ, അച്ഛന്‍, മക്കള്‍ എന്നിങ്ങനെ പലരും മൃഗമായി പുലരുന്ന രീതിക്കുപിന്നിലെ ഭാവന നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നതാണ്. ഉറച്ചുപോയ ഭിന്നവര്‍ഗഘടനയ്ക്കു മുമ്പേയുള്ളതും അതിനു ബാഹ്യമായതുമായ മൃഗമനുഷ്യജീവജാലങ്ങളുടെ പരസ്പരാഭിമുഖ്യത്തിന്റെയും കൂട്ടുജീവിതത്തിന്റെയും ചിത്രങ്ങളാണവ. ഇന്നത്തെ മാനകമായ കുടുംബക്രമത്തില്‍ നിന്നുള്ള വ്യതിചലനങ്ങളുടെ പ്രാഗ്രൂപങ്ങളായാണവ രാഷ്ട്രീയസാംഗത്യം നേടുന്നത്.
പിതൃത്വത്തിന്റെ ഇടര്‍ച്ചകള്‍
മലയാളസാഹിത്യത്തിലെ സമകാലികമായ ചില ഉദാഹരണങ്ങളിലേക്കു വരുമ്പോള്‍ മൃഗവും മനുഷ്യനും തമ്മിലുള്ള ചില ചാര്‍ച്ചകള്‍ അവയെ കുറച്ചുകൂടി മനസ്സിലാക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. തകഴിയുടെ വെള്ളപ്പൊക്കത്തില്‍, പൊന്‍കുന്നം വര്‍ക്കിയുടെ ശബ്ദിക്കുന്ന കലപ്പ, വിത്തുകാള, ലളിതാംബികയുടെ മാണിക്കന്‍, ഓടക്കുഴലിന്റെ നാദം, ബഷീറിന്റെ ടൈഗര്‍, പാത്തുമ്മയുടെ ആട്, ന്റുപ്പാപ്പയ്‌ക്കൊരാനേണ്ടാര്‍
മകളോ കാളയോ?
പൊന്‍കുന്നം വര്‍ക്കിയുടെ 'ശബ്ദിക്കുന്ന കലപ്പ' ഉദാരമാനവവാദത്തിന്റെയും മനുഷ്യന് മൃഗത്തോടുള്ള കരുണയുടെയും ഒക്കെ ഭാഗമായി മാത്രമാണ് നാളിതുവരെ വായിക്കപ്പെട്ടത്. ഏറെയും മനുഷ്യകേന്ദ്രിതമായ സാമാന്യവായനകളായിരുന്നു അവ. അതില്‍ നിന്നും വ്യത്യസ്തമായി മാനകകുടുംബഘടനയെ മുന്‍നിര്‍ത്തി ആ കഥയെ വിശകലനം ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ചില ഇടര്‍ച്ചകള്‍ ഇനി പരിശോധിക്കാം.
കണ്ണനെന്ന കാളയും അവുസേപ്പ് എന്ന കര്‍ഷകനും തമ്മിലുള്ള അടുപ്പത്തിന്റെ ചിത്രണം ഈ കഥയിലെ തീവ്രമായ ഒരടരാണ്. കഥാകൃത്ത് എഴുതുന്നു: ''പൂട്ടുന്നിടത്തും മറ്റും അവുസേപ്പുചേട്ടന്‍ മനസ്സില്‍ കാണുന്നത് കണ്ണന്‍ മനസ്സിലാക്കിക്കഴിയും...ഓങ്ങു
വെളിയില്‍ വല്ലേടത്തും പോയി തിരിച്ചുവന്നു മുറ്റത്തുകയറുമ്പോള്‍ തന്നെ അയാള്‍ വിളിക്കും 'എടാ, കണ്ണാ!' സ്വരം കേള്‍ക്കേണ്ട താമസമേയുള്ളൂ സ്‌നേഹശീലനായ ആ കാള അമറിത്തുടങ്ങാന്‍. അയാള്‍ അടുക്കല്‍ ചെല്ലുന്നതുവരെ തലയുയര്‍ത്തിപ്പിടിച്ചവന്‍ നോക്കിനില്‍ക്കും. പച്ചപ്പുല്ലോ പഴത്തൊലിയോ എന്തായാലും ആ കൈയില്‍ നിന്നു തന്നെ അവനതു കഴിക്കും സ്‌നേഹത്തോടുകൂടി. ആ ശരീരം തടവിത്തുടങ്ങുന്ന അവുസേപ്പു ചേട്ടനെ ചിലപ്പോള്‍ ആ കാളയും നക്കിത്തുടങ്ങും. അയാളുടെ ശരീരത്തില്‍ ഉണങ്ങിപ്പിടിച്ചിരിക്കുന്ന വിയര്‍പ്പിന്റെ ഉപ്പ് വളരെ പ്രിയമാണ് അവന്. ഏത് ഒച്ചപ്പാടിനിടയിലും കണ്ണന്‍ അവുസേപ്പുചേട്ടന്റെ ശബ്ദം തിരിച്ചറിയും. അതുകേള്‍ക്കുമ്പോള്‍ ഇടിയൊച്ചകേള്‍ക്കുന്ന മയിലിനെപ്പോലെ അവന്‍ ആഹ്ലാദിക്കും. പൂട്ടുന്നിടത്ത് അവുസേപ്പുചേട്ടന്‍ തന്നെ പുറകില്‍ നില്ക്കണമെന്ന് അവന് നിര്‍ബന്ധമുണ്ട്. അല്ല മറ്റു വല്ലവരുമായാല്‍ ചില കുസൃതികളൊക്കെ അവന്‍ കാണിച്ചു തുടങ്ങും.''
ഇങ്ങനെ വര്‍ണ്ണിച്ചാല്‍ തീരാത്ത മട്ടിലാണവരുടെ അടുപ്പവും ഇണക്കവും കഥാകൃത്ത് എഴുതുന്നത്. പക്ഷേ, തുടര്‍ന്ന് ഈ ബന്ധം ഇടറുകയാണ്. കാരണം അയാള്‍ ഒരു പിതാവാണ്. മകളെ കെട്ടിച്ചയക്കാനായി അയാള്‍ക്ക് കാളയെ വില്‍ക്കേണ്ടിവന്നു. അതേ കുറിച്ച് കഥാകൃത്ത് പറയുന്നതിങ്ങനെ: 'മനസ്സുണ്ടായിട്ടല്ല. മനസ്സുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെ ചെയ്‌തേ പറ്റൂ. അയാള്‍ ഒരു പിതാവാണ്. വിവാഹപ്രായം കഴിഞ്ഞുനില്‍ക്കുന്ന ഒരു പുത്രിയുടെ സ്‌നേഹശീലനായ അച്ഛനാണ്'. പിതൃത്വത്തിന്റെ സമ്മര്‍ദ്ദം ഒരു മാനകകുടുംബവ്യവസ്ഥയില്‍ അനിവാര്യമായും ഉടലെടുക്കുന്നതാണ്. അത് ഇതര സ്‌നേഹബന്ധങ്ങളെ മുറിവേല്പിക്കുന്നു. കഥാകൃത്ത് പറയുന്നത് നോക്കൂ: 'ദുഃഖിക്കാന്‍ കഴിവുള്ള മനസ്സുകള്‍ തമ്മിലുള്ള അടുപ്പമാണ് സ്‌നേഹമെങ്കില്‍ കണ്ണനെപ്പോലെയും അവുസേപ്പുച്ചേട്ടനെപ്പോലെയും അടുത്തവര്‍ ലോകത്തില്ല. ബുദ്ധിമുട്ടിന്റെ കാര്യം ഇവര്‍ അങ്ങേട്ടോ ഇങ്ങേട്ടോ പറഞ്ഞിട്ടില്ല. അതുകൊണ്ട് ആ ഹൃദയങ്ങള്‍ അകലാന്‍ വേദനിക്കുന്നു'.
പ്രാരാബ്ധങ്ങള്‍ ഏറെയുള്ള ജീവിതത്തില്‍ പിതൃത്വത്തിന്റെ കടമകള്‍ ഒഴിയുന്നില്ല. പ്രസവാനന്തരമര്യാദകള്‍ക്കായി കാല്‍പ്പെട്ടി, പലഹാരം, കറവപ്പശു ഒന്നും സാധിക്കുകയില്ലെങ്കിലും മുണ്ടും ചട്ടയുമെങ്കിലും വേണം. അയാള്‍ വേവലാതിപ്പെട്ടു. ഇവിടെ ആണത്തം, പിതൃത്വം രണ്ടിന്റെയും മൂല്യങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. സ്വന്തം പെണ്മക്കളെ ആക്രമികള്‍ക്ക് വിട്ടുകൊടുക്കാമെന്നു പറയുന്ന ലോത്തിന്റെ ജീവിതസന്ദര്‍ഭത്തെ മുന്‍നിര്‍ത്തി കെന്‍സ്റ്റോണ്‍ നടത്തുന്ന ബൈബിളിന്റെ ക്വീര്‍പഠനം ഓര്‍ക്കുക. വേണ്ടത്ര ഇറച്ചിവിളമ്പി സല്‍ക്കരിക്കാത്ത എബ്രഹാമിന്റെ കര്‍തൃത്വത്തില്‍ ആരോപിക്കപ്പെടുന്ന പൗരുഷക്കുറവും ഓര്‍ക്കാം.
ഭാര്യയുടെ ചിട്ടിക്കാശുകൊണ്ട് ചട്ടയും മുണ്ടും വാങ്ങാമെന്നായപ്പോള്‍ കുറ്റബോധത്തോടെ അയാള്‍ പറയുന്നു: 'താനാണതുണ്ടാക്കേണ്ടത്, തെന്നക്കൊണ്ട് പറ്റിയില്ല'. ആണത്തത്തിലുള്ള കുറവ്, അഭാവം എന്നത് മാനകകുടുംബത്തിലെ പിതാവ് സന്തതികളെ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള കുറവിലൂടെയാണ് തിരിച്ചറിയപ്പെടുന്നത്. പെണ്‍സന്തതികള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന പരമ്പരാഗതചിന്തയും അതിന്റെ ഭാഗമാണ്. പണക്കുറവിന്റെ കാര്യം പറഞ്ഞ് കലഹിച്ച ഭാര്യയോട്, 'നീ തന്നെ കോട്ടയത്തിനു പോ' എന്നയാള്‍ പറയുമ്പോഴുള്ള ഭാര്യ ചൊടിക്കുന്നു: ''വല്ലതും കാലമാക്കാനും വീടുനോക്കാനുമാ പെണ്ണുങ്ങള്. ആക്കിയടുപ്പിക്കുന്നത് ആണുങ്ങളാ. അതിനുവേണ്ടിയാ ചെറുപ്പത്തിലേ ഒരു മീശക്കാരന്റെ കൈയ്യില്‍ പിടിച്ചു തന്നത്''. ഭിന്നവര്‍ഗക്രമത്തിന്റെ അടിയുറച്ച സാക്ഷ്യമാണിത്.
ഒടുവില്‍ കോട്ടയത്തെത്തിയ ഔസേപ്പുചേട്ടന്‍ യാദൃച്ഛികമായി അറവുകാളകള്‍ക്കിടയില്‍ തന്റെ കണ്ണനെ കാണുന്നു. ആ സമാഗമം വൈകാരികമായിരുന്നു. അയാളതിന്റെ ദേഹത്തെ മുദ്ര നോക്കി തടവി. അതു തൂത്തു. കണ്ണന്‍ അയാളുടെ മാറില്‍ നക്കി. അവന്റെ ജീവിതത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന വിയര്‍പ്പാണത്. വൃദ്ധനായ ആ കൃഷിക്കാരന്റെ ചൂടുള്ള കണ്ണുനീര്‍ത്തുള്ളികള്‍ കണ്ണന്റെ മുഖത്തേക്കടര്‍ന്നു വീണു. പിന്നീട് അയാള്‍ കയ്യിലിരുന്ന പണം കൊണ്ട് കാളയെയും വാങ്ങി മുണ്ടും ചട്ടയുമില്ലാതെ കുറ്റബോധത്തോടെ വീടണഞ്ഞു. പിന്നീടുനടക്കുന്ന സംഭാഷണങ്ങള്‍ ഭിന്നവര്‍ഗകുടുംബക്രമത്തിന്റെ ഇടര്‍ച്ചകള്‍ വ്യക്തമാക്കുന്നവയാണ്: 'അപ്പാ, അപ്പനെന്നോടിതു ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചില്ല.' കണ്ണീരോടുകൂടി കത്രി പറഞ്ഞു. 'മോളേ,' ഇടറിയ കണ്ഠത്തോടെ ആ പിതാവ് പറഞ്ഞു: 'ഇനിക്ക് നിന്നെപ്പോലെ അവനും'.
പക്ഷേ, പിറ്റേന്ന് കാള വ്രണം പഴുത്ത് ചത്തുപോകുന്നു. അതേക്കുറിച്ചുള്ള ആഖ്യാനം നോക്കൂ : 'അവന്‍ ഇനി ഉണരുകില്ല. ഒരുവേള നിര്‍ഭാഗ്യവാനായ തന്നെച്ചൊല്ലി ആ കുടുംബം വേദനിക്കുന്നതു കാണാതിരിക്കാനായിരിക്കാം അവന്‍ കടന്നുകളഞ്ഞത്.' കുടുംബം എന്ന വാക്കാണിവിടെ ശ്രദ്ധേയം. 'മൃഗമോ മകളോ?' എന്ന ചോദ്യത്തെ ഔസേപ്പുചേട്ടന്‍ നേരിടുന്നത് പിതൃത്വത്തിന്റെ സന്ദിഗ്ധതയോടെയാണ്.
ആണത്തത്തെ പുതുക്കി നിര്‍വചിച്ചുകൊണ്ടാണ് അണുകുടുംബവ്യവസ്ഥ രൂപീകരിക്കപ്പെടുന്നത്. ഫ്യൂഡല്‍ പുരുഷമേധാവിത്തത്തില്‍ നിന്നും ദാമ്പത്യാധിഷ്ഠിതപുരുഷമേധാവിത്
സമാനമായ കഥയാണ് വിത്തുകാളയും. കിട്ടുമൂപ്പന്റെ വിത്തുകാളയായ നീലാണ്ടനാണയാളുടെ ഏക സമ്പാദ്യം. മകള്‍ എച്ചുമിയെപ്പോലെതന്നെ അയാളതിനെ സ്‌നേഹിച്ചു. എച്ചുമിയും നീലാണ്ടനും തമ്മിലുള്ള ബന്ധത്തെ ബഹുമാനമുള്ള രണ്ടു സുഹൃത്തുക്കളുടേതിനു സമാനമാണ്. ചവിട്ടിക്കാന്‍ കൊണ്ടുവരുന്ന പശുക്കളെ അനുനയിപ്പിക്കാന്‍ നടത്തുന്ന അനുനയക്രിയകള്‍ എച്ചുമി കാണുന്നതിപ്രകാരം: 'അതൊക്കെ കാണുമ്പോള്‍ എച്ചുമിക്ക് അരിശം വരും ഒരു പുരുഷന്‍ അത്രത്തോളം അധ:പതിക്കരുതെന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ട്. ഒരിക്കല്‍ കയ്യിലിരുന്ന ചൂലുകൊണ്ട് അവള്‍ അവന്റെ മോന്തയ്ക്ക് ഒരടി കൊടുത്തു'.'...കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും എച്ചുമിക്ക് നീലാണ്ടന്റെ നേര്‍ക്ക് ബഹുമാനമുണ്ട്. അവന്റെ അനുനയക്രിയയില്‍ അവളുടെ ആശകള്‍ എത്തിനോക്കുന്നു. അവള്‍ ആശിക്കുന്ന സ്വപ്നങ്ങളുടെ ഓരോ രംഗങ്ങളാണ് അവന്‍ അഭിനയിക്കുന്നത്. മൂപ്പര്‍ പുല്ലുചെത്താന്‍ പോകുമ്പോള്‍ ആരെങ്കിലും പശുവിനെ കൊണ്ടുചെന്നാല്‍ എച്ചുമിയാണ് നീലാണ്ടന്റെ കയര്‍ അഴിക്കുന്നത്. തന്റെ കയര്‍ അഴിക്കുന്നതിനുള്ള സ്വാതന്ത്ര്യം നീലാണ്ടന്‍ അധികം പേര്‍ക്ക് നല്‍കിയിട്ടില്ല. എന്നാല്‍ എച്ചുമി അവന്റെ കയര്‍ അഴിച്ചുകളയുമ്പോള്‍ എച്ചുമിയുടെ ശരീരം കോരിത്തരിക്കും. പുരയ്ക്കുള്ളിലേക്ക് ഓടിക്കയറാന്‍ അവള്‍ ആഗ്രഹിക്കാറുണ്ട്. ചിലപ്പോള്‍ അടുപ്പിന്‍ ചുവട്ടില്‍ ചെന്നു നിന്ന് തലകുനിച്ച് അവള്‍ അങ്ങനെയിരുന്നുപോകും. ഓലമറയുടെ ഇടയില്‍ക്കൂടി അവള്‍ എത്തിനോക്കും.'
ഈ വിവരണത്തിലെ കാമനാവേഗങ്ങള്‍ എന്താണു സൂചിപ്പിക്കുന്നത്? മുമ്പു നാം സൂചിപ്പിച്ച, മൃഗവും മനുഷ്യനും ചേര്‍ന്ന കുടുംബകഥനങ്ങളുമായി ചേര്‍ന്നു പോകുന്നില്ലേ അവ? കഥയുടെ പര്യവസാനം കയറുപൊട്ടിച്ച് പുറത്തു ചാടിയ നീലാണ്ടനെ തിരിച്ചു കിട്ടുന്നു. അതിനെയും കൊണ്ട് ചെന്നപ്പോള്‍ മകള്‍ ഓടിവരുമെന്നു അച്ഛന്‍ കരുതി. പക്ഷേ അപ്പോഴേക്കും എച്ചുമി കാമുകനുമായി ഒളിച്ചോടിയിരുന്നു. മനുഷ്യചോദനകളും കടമകളും തമ്മിലുള്ള സംഘര്‍ഷം ഈ കഥയില്‍ സാമാന്യമായി വിവരിക്കുന്നുണ്ട്. മാനകകുടുംബക്രമത്തിന്റെ സംഘര്‍ഷം മൃഗവും മനുഷ്യനും തമ്മിലുള്ള പ്രേരണാബന്ധത്തില്‍ കാണാം. മകള്‍ നഷ്ടപ്പെടുന്ന പിതാവിന് നീലാണ്ടനെ തിരിച്ചുകിട്ടുന്ന കഥയുടെ പരിസമാപ്തി സൂചിപ്പിക്കുന്നതെന്താണ്? മൃഗവും കൂടി ചേര്‍ന്നു പൂര്‍ത്തീകരിക്കുന്ന, പലപ്പോഴും മക്കളേക്കാള്‍ വളര്‍ത്തുമൃഗങ്ങള്‍ പ്രധാനമാകുന്ന സന്ദര്‍ഭം കൂടിയാണത്. മകളോടുള്ള കടമകള്‍ മറന്ന് മൃഗത്തെ തേടി നടക്കുന്ന അച്ഛന്റെ കഥയുമാണിത്. മാനകകുടുംബഘടനയുടെ യുക്തിയില്‍ പിതൃത്വം വെല്ലുവിളിക്കപ്പെടുന്ന മറ്റൊരു സന്ദര്‍ഭം.
സമാനമായ കഥയാണ് ലളിതാംബികയുടെ മാണിക്കനും. കുഞ്ഞുന്നാള്‍ മുതല്‍ കറുമ്പനും മക്കളായ അഴകനും നീലിയും ലാളിച്ചുവളര്‍ത്തിയ കാളയാണ് മാണിക്കന്‍. മാണിക്കനും അഴകനും തമ്മിലുള്ള ബന്ധം വിവരിക്കുന്നതു നോക്കുക: മാണിക്കനെ അഴിച്ച് വെള്ളവും തീറ്റിയും കൊടുത്തല്ലാതെ അഴകന്‍ ജലപാനം പോലും കഴിക്ക പതിവില്ല. ആ കാള തിന്നു നിറഞ്ഞ് തണലിലയവിറക്കുമ്പോള്‍ അവന്‍ കൗതുകത്തോടെ നോക്കി നില്‍ക്കും. എന്തൊരു തെളിവും പ്രസാദവുമാണാനോട്ടത്തില്‍. നവോഢയായ വധുവിനെ നിര്‍ന്നിമേഷമഭിവീക്ഷിക്കുന്ന നവയുവാവിനുപോലും ഇത്ര മതിമറന്ന ആനന്ദമില്ല. അവന്റെ മാണിക്കന്‍… അവന്റെ സഹകാരി… അവന്റെ സ്‌നേഹിതന്‍… അവന്റെ സര്‍വ്വസ്വവും… 'നമ്പടെ മാണിച്ചനെ അങ്ങനങ്ങനെ നോക്കിക്കൊണ്ടിരുന്നാ മതി പെണ്ണേ എക്കു നിറയും' അഴകന്‍ നീലിയോടു പറയാറുണ്ട്. തമ്പുരാന്റെ കാളയെ തിരിച്ചു വാങ്ങാന്‍ ആളയച്ചപ്പോള്‍ മാണിക്കന്‍ അവരെ കുത്തിയോടിച്ച് തിരിച്ച് തൊഴുത്തില്‍ വന്നു കിടന്നു. അഴകന്‍ അതിനെ ചേര്‍ത്തുപിടിച്ചു തഴുകി. 'നമ്മടെ തലേലെഴുത്താ മോനേ! അല്ലേല് നീ അങ്ങനെ ഓടണോ! തമ്പാനങ്ങനെ തോന്നണോ? ഇനീം എന്തൊക്കെയാണാവോ പൊല്ലാപ്പ്.'
പക്ഷേ, തമ്പുരാന്റെ ഇച്ഛ ജയിച്ചു. കാളയെയും അഴകനെയും തല്ലി അവരെ വേര്‍പിരിച്ച് മാണിക്കനെ കൊണ്ടുപോയി. അതിന്റെ കൊമ്പൊടിഞ്ഞു. തീറ്റയില്ലാതെ എല്ലരിച്ച മാണിക്കനെ തമ്പുരാന്‍ വിറ്റുകളഞ്ഞു. പിന്നീട് അഴകന്‍ വര്‍ഷങ്ങള്‍ക്കുശേഷം വൃദ്ധനായ ആ കാളയെ ഒരു കാട്ടില്‍ വെച്ച് കണ്ടെത്തുന്നു. ഒടിഞ്ഞ കാളവണ്ടിയുടെ അടിയില്‍പ്പെട്ട് മുന്‍കാലു തകര്‍ന്ന മൂക്കുകുത്തിയ കാള. തന്റെ കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ കൊടുത്ത് അതിനെയും കൊണ്ട് വീട്ടിലെത്തുമ്പോള്‍ മകള്‍ ഏറെനാള്‍ കാത്തിരുന്ന പാവാടയും മകന്‍ മുട്ടായിയും പഴവും ഒക്കെ ചോദിക്കുന്നു. അവര്‍ ഭക്ഷണം കിട്ടാത്തതില്‍ പരാതിപ്പെടുന്നു. അടുപ്പില്‍ വെള്ളം അരിയും കാത്ത് തിളച്ചു കിടക്കുന്നു. സ്വന്തം കുടുംബത്തിന്റെ ചുമതലകളില്‍ വന്ന ഇടര്‍ച്ചകളിലൂടെ മാനകകുടുംബഘടനയിലെ പിതൃത്വത്തിലുണ്ടാവുന്ന വിള്ളലായി ഇവിടെ മൃഗസാന്നിദ്ധ്യം മാറുകയാണ്. ലളിതാംബികയുടെതന്നെ ഓടക്കുഴലിന്റെ നാദത്തില്‍ കന്നുകാലികളും മനുഷ്യരും ഇണക്കത്തോടെ ഒരേ കുടുംബമായിക്കഴിഞ്ഞിരുന്ന പഴയ ജീവിതവ്യവസ്ഥയുടെ ഗൃഹാതുരത കാണാം. കന്നുകാലികള്‍ നമ്മോടൊപ്പം പണിയെടുക്കുന്ന സഹോദരങ്ങളാണെന്ന് പൊയ്കയില്‍ അപ്പച്ചനും പറയുന്നുണ്ട്.
കമലേഷിന്റെ കാന്‍ഡി, കുട്ടായിയുടെ ആദം
പുതിയ എഴുത്തുകാരും മലയാളകഥയില്‍ ഇത്തരം നിരവധി സന്ദര്‍ഭങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എസ്. ഹരീഷിന്റെ ആദം മാനകകുടുംബക്രമത്തിന്റെ പലതരം മൂല്യങ്ങളെ ഒരേ സമയം വിചാരണ ചെയ്യുന്ന കഥയാണ്. 'ഒരു തള്ളയ്ക്കുപിറന്ന 4 നായ്ക്കളുടെയും ഒരു തന്തയ്ക്കുപിറന്ന 2 മനുഷ്യരുടെ'യും വേറിട്ട ജീവിതകഥനമാണ് 'ആദം'. റിട്ടയേഡ് സൈനികനായ കുറുപ്പിന്റെ നായയാണ് നൂര്‍. അതിന് നാലു കുഞ്ഞുങ്ങള്‍: കാന്‍ഡി, ആര്‍തര്‍, വിക്ടര്‍, ജോര്‍ദാന്‍. നാലും നാലിടങ്ങളില്‍ വളരുന്നു. കാന്‍ഡി ഡോ. കമലേഷിന്റെ വീട്ടിലും ആര്‍തര്‍ കുറുപ്പിന്റെ വീട്ടിലും വിക്ടര്‍ പോലിസ്‌ക്യാമ്പിലും ജോര്‍ദാന്‍ പ്രവാസിയായ റോയിയുടെ വീട്ടിലും.
ഡോക്ടറായ കമലേഷ് വിവാഹം കഴിക്കും മുമ്പ് കാന്‍ഡിയുമൊത്താണ് കഴിഞ്ഞിരുന്നത്. കിടപ്പും തീറ്റയുമെല്ലാം കാന്‍ഡിക്കൊപ്പം. 'എനിക്കൊരു ബന്ധുവേയുള്ളൂ. മൈ ബ്രദര്‍. ഹീ ഈസ് എ ഡോഗ് 'എന്നാണയാള്‍ പറഞ്ഞിരുന്നത്. അതിനിടയില്‍ ഡോ. കമലേഷ് വിവാഹിതനാകുന്നു. വിവാഹദിവസം വൈകുന്നേരം തന്നെ കാന്‍ഡിയുടെ അധോഗതി ആരംഭിച്ചു. കമലേഷിന്റെ ഭാര്യ കാന്‍ഡിയില്‍ ഒരു എതിരാളിയെയാണ് കണ്ടത്. തന്റെ സ്ഥാനം അനധികൃതമായി പിടിച്ചെടുത്ത ഒരാള്‍. വിവാഹരാത്രിയില്‍ തന്നെ അവള്‍ നായരോമം പറ്റിപ്പിടിച്ചിരുന്ന കര്‍ട്ടനുകളും വിരിപ്പുകളും എടുത്തുമാറ്റി. വീടുമുഴുവന്‍ കഴുകി വൃത്തിയാക്കി. വീടിനകത്തു താമസമാക്കിയിരുന്ന കാന്‍ഡിയെ പട്ടിക്കൂട്ടിലേക്ക് മാറ്റി. കാന്‍ഡി, കമലേഷിന്റെ ഭാര്യയോട് അടുപ്പം കാണിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഭാര്യയ്‌ക്കൊപ്പം കമലേഷും വെജിറ്റേറിയനായതോടെ കാന്‍ഡിയ്ക്ക് ഇറച്ചി കിട്ടാതായി. ആഴ്ചയിലൊരിക്കല്‍ അവനുവേണ്ടി കമലേഷ് കൊണ്ടുവന്നിരുന്ന ഇറച്ചിപ്പൊതികള്‍ വീടിനുള്ളില്‍ കലഹങ്ങള്‍ സൃഷ്ടിച്ചു. കുട്ടികളുണ്ടായതോടെ കമലേഷ് കൂടുതല്‍ അകന്നു. ആറുമാസത്തിലൊരിക്കല്‍ ഡോക്ടറെ കാണിക്കുന്നത് നിര്‍ത്തി. കുട്ടികളും കാന്‍ഡിയെ ഉപദ്രവിച്ചുരസിച്ചു. കമലേഷിന് ദൂരേക്ക് സ്ഥലംമാറ്റമായതോടെ കാന്‍ഡി മൃഗാശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ടു. താമസിയാതെ ഡോക്ടര്‍ അവനെ മരുന്നുകുത്തിവെച്ചു കൊന്നു. നായയുടെ പുറത്താകല്‍ മാനകമായ കുടുംബസംവിധാനം ഉറച്ചുവരുന്ന ക്രമത്തിലാണ് സംഭവിക്കുന്നത്.
ആര്‍തറെ കുറുപ്പിന്റെ അച്ഛന്‍ ആദം ശങ്കരപ്പിള്ളയുടെ ജാരസന്തതി കുട്ടായി മോഷ്ടിക്കുന്നു. പിതാവായ ആദം ശങ്കരപ്പിള്ളയുടെ പേരാണയാള്‍(ആദം) പട്ടിക്കിടുന്നത്. കന്യാസ്ത്രീമഠത്തിനു പിന്നിലെ വാതിലില്‍കൂടി നഗ്നനായി ഓടിയിറങ്ങിവന്നപ്പോള്‍ മുതലാണ് ശങ്കരപ്പിള്ളയ്ക്ക് ആദം എന്ന പേരുവീണത്. തെളിയിക്കാനാവാത്ത പിതൃത്വത്തിന്റെ സ്ഥാപനത്തിനായി കുട്ടായി പകല്‍വെളിച്ചത്തില്‍ കുറുപ്പിന്റെ പറമ്പുകളില്‍ നിന്നു തേങ്ങാപിരിക്കുകയും വാഴക്കുലകള്‍ വെട്ടിയെടുക്കുകയും ചെയ്തു. ഹൃദയം ദുഃഖപൂര്‍ണ്ണമാകുമ്പോള്‍ കുറുപ്പിന്റെ വീടിനു മുന്നിലെത്തി അസഭ്യം പറഞ്ഞു. ഭക്ഷണമാണെന്നു തിരിച്ചറിയാത്തതിനാല്‍ ഉണക്കക്കപ്പ തിന്നാതിരുന്ന ആദത്തെ കുട്ടായി പൂവരശിന്റെ വടികൊണ്ടുതല്ലി.
മകന്റെയോ കുടുംബാംഗത്തിന്റെയോ അര്‍ഹമായ പദവി കുട്ടായിയ്ക്കു ലഭിച്ചില്ല. അതിലുള്ള അമര്‍ഷവും നിരാശയും അതേ കുടുംബത്തിലെ അരുമയായ നായയോട് തീര്‍ക്കുകയാണ്. അയാള്‍ ആദത്തെ ഒത്തൊരു തെരുവുനായയാക്കി മാറ്റി. ഭക്ഷണം കിട്ടാത്ത ആദം നാട്ടിലെ അടുക്കളവാതിലുകള്‍ തള്ളിത്തുറന്ന് ഭക്ഷണം മോഷ്ടിച്ചു. സഹികെട്ട നാട്ടുകാര്‍ പട്ടിപിടുത്തക്കാരെ ഏര്‍പ്പെടുത്തിയെങ്കിലും ആദത്തെ പിടികൂടാനായില്ല. അവന്‍ അവരെ തുരത്തി. അതോടെ നാട്ടിലെ സകല നായ്ക്കളുടെയും കാമുകനായി അവന്‍ മാറി. ഒടുവില്‍ ഏതൊരു തെരുവുനായയുടെയും വിധി അവനെ തേടിയെത്തി. അഞ്ചുകിലോമീറ്റര്‍ അകലേയുള്ള ഹൈവേയില്‍ വണ്ടിക്കടിപെട്ട് അവന്‍ മഴയില്‍ മണ്ണാങ്കട്ടപോലെ അലിഞ്ഞുതീര്‍ന്നു. തെരുവിലെ പട്ടിയായി വണ്ടിക്കടിപ്പെടുന്ന ആദം, ഭദ്രമായ മാനകകുടുംബക്രമത്തില്‍ നിന്നു പുറന്തള്ളപ്പെട്ട, സ്വതന്ത്രനും ദരിദ്രനും കള്ളുകുടിയനും തെമ്മാടിയുമായ കുട്ടായിയുടെ ജീവിതം തെന്നയാണ്.
എന്നാല്‍ കുറുപ്പിന്റെ മകന്‍ അഖിലേഷ് ആഗ്രഹിക്കുന്നത് മരിക്കുന്നതിനുമുമ്പ് ഒരു ദിവസമെങ്കിലും തെരുവുതെണ്ടിയായി ജീവിക്കാനാണ്. അയാളും ഒരു തെരുവുപട്ടിയെ കൊണ്ടുവന്നു വളര്‍ത്തി, ആദം എന്നു പേരിട്ടു. അതിനും ആദത്തിന്റെ ഛായയുണ്ടായിരുന്നു.
ഹരീഷിന്റെ തന്നെ മാവോയിസ്റ്റില്‍ ആന്റണി പോത്തിനെ കീഴടക്കി കൊല്ലുന്നതിലൂടെ ജീവിതം തെളിയുന്നു. ഇറച്ചിക്കടയില്‍ കഷണങ്ങള്‍ നുറുക്കുന്ന ജോലിയില്‍ നിന്ന് കഷണങ്ങള്‍ ഇട്ടുകൊടുക്കുന്ന ഉയര്‍ന്ന നിലയിലേയ്ക്കയാള്‍ എത്തുന്നു. മൃഗത്തെ മെരുക്കി തകര്‍ത്ത് നശിപ്പിക്കുന്നതിലൂടെ, കടയുടമയുടെ മകളെ ഭാര്യയാക്കി, കുടുംബത്തെയുണ്ടാക്കി ഉയര്‍ച്ച നേടുന്ന ആണ്‍കര്‍തൃത്വം കൂടിയാണത്.
ഒറ്റയാള്‍കുടുംബം
തിരുവനന്തപുരം പേയാടുസ്വദേശിനി സാറാമ്മയെന്ന മധ്യവയസ്‌ക മാധ്യമങ്ങളില്‍ നിറഞ്ഞത് തന്റെ വ്യത്യസ്തമായ ഒറ്റയാള്‍ ജീവിതം കൊണ്ടാണ്. അവരുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ മൃഗസ്‌നേഹത്തിന്റേതും കൂടിയാണ്. അസുഖം ബാധിച്ചും വയസ്സായും ഉപേക്ഷിക്കപ്പെട്ട് തെരുവിലലയുന്ന വളര്‍ത്തുമൃഗങ്ങളെ ഏറ്റെടുത്തു ശുശ്രൂഷിക്കുകയും പോറ്റുകയും ചെയ്യുന്ന സാറാമ്മയുടെ വീട് അത്തരം ജീവികള്‍ക്ക് ഒരു അഭയകേന്ദ്രമാണ്. എന്നാല്‍ അവര്‍ക്ക് പൊതുസമൂഹത്തില്‍ നിന്ന് വലിയ എതിര്‍പ്പു നേരിടേണ്ടിവന്നു. ഒരര്‍ത്ഥത്തില്‍ ഭ്രഷ്ടുതന്നെ. സാറാമ്മ വളര്‍ത്തുന്ന മൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുമെന്നും അവ സാംക്രമികരോഗങ്ങള്‍ പരത്തുമെന്നുമാണ് വാദം. എന്നാല്‍ വിധവയായ ഒരു മധ്യവയസ്‌കയുടെ ജീവിസ്‌നേഹം ആളുകളില്‍ ഉണര്‍ത്തുന്ന അസ്വസ്ഥതയ്ക്കു പിന്നില്‍ ആരോഗ്യപ്രശ്‌നം മാത്രമാണോ അതോ മുമ്പു സൂചിപ്പിച്ച സഹകുടുംബഭീതിക്കും അതിലൊരുപങ്കില്ലേ? വ്യാവസായികാടിസ്ഥാനത്തിലുള്ള പന്നി/കോഴിഫാമുകളും പക്ഷിവളര്‍ത്തല്‍കേന്ദ്രങ്ങളും മൃഗശാലകളും മൃഗാശുപത്രികളും മറ്റും ക്ഷണിച്ചുവരുത്താത്ത അസ്വസ്ഥതയല്ലേ അത്?
മാനകമായ കുടുംബക്രമത്തെ വെല്ലുവിളിക്കുന്ന സാറാമ്മയുടേതുപോലുള്ള വ്യത്യസ്തതരം അനുഭവങ്ങളും ജീവിതാവിഷ്‌ക്കാരങ്ങളും കടന്നുവരുമ്പോഴെല്ലാം അനുഭവപ്പെടുന്ന സംഘര്‍ഷം പലരൂപത്തിലാണ് പുറത്തുവരുക. അത്തരം സന്ദിഗ്ദ്ധതകളെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ അവയ്ക്കുനേരെ മൂര്‍ത്തവും അല്ലാത്തതുമായ വിധത്തിലുള്ള അതിക്രമങ്ങളുണ്ടാവുന്നു. അവയെ ഒതുക്കാനോ തുരത്താനോ ശ്രമങ്ങള്‍ നടക്കുന്നു. ഭിന്നവര്‍ഗക്രമത്തിലുള്ള കൂടുംബം നമ്മെ കൂടുതല്‍ സ്വാസ്ഥ്യത്തിലേക്കു നയിക്കുന്നതു കൊണ്ടാണോ അത്? ആധികാരികമായ പൊതുബോധത്തില്‍ കണ്ണിചേരുന്നതിലൂടെ ലഭിക്കുന്ന സ്വാസ്ഥ്യമല്ലേ അത്? മാനകകുടുംബക്രമത്തില്‍ രൂഢമൂലമായ, അരക്ഷിതത്വബോധമല്ലാതെ മറ്റൊന്നുമല്ല, അത്. അത്തരം ആത്മകേന്ദ്രിതമായ മൂല്യപരിരക്ഷയ്ക്കായി തങ്ങളുടെയും തങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്യരുടെയും പരിതോവസ്ഥകളെ അവ ശാസനാപൂര്‍വം നിയന്ത്രിക്കുന്നു. സദാചാരവിചാരണയും പൗരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമായി അത്തരം ഇടപെടലുകള്‍ മാറുന്നതിന്റെ ഹിംസാത്മകത സമകാലികസമൂഹത്തില്‍ നിരന്തരം പെരുകുന്നു.
പുരുഷസാന്നിധ്യമില്ലാതെ വളര്‍ത്തുമൃഗങ്ങളോടൊപ്പം താമസിക്കുന്ന സ്ത്രീകളെ കുറിച്ച് ഹരീഷ് ആദത്തില്‍ എഴുതുന്നുണ്ട്. പ്രവാസിയായ റോയി മാത്യു കൊണ്ടുപോകുന്ന നായക്ക് അയാള്‍ താന്‍ ജോലി ചെയ്തിരുന്ന നാടിന്റെ പേരാണ് കൊടുക്കുന്നത്, ജോര്‍ദ്ദാന്‍. അയാള്‍ വിദേശത്തേയ്ക്ക് പോകുമ്പോള്‍ വീട്ടില്‍ ഭാര്യയും പതിമൂന്നുകാരിയായ മകളും മാത്രം, ഒപ്പം ജോര്‍ദ്ദാനും. പുരുഷസാമീപ്യമില്ലാത്ത രണ്ടു സുന്ദരിമാര്‍ക്കൊപ്പം കഴിയുന്ന മുന്തിയ ഇനം നായയ്ക്കുണ്ടാകാവുന്ന സൗഭാഗ്യങ്ങളെ കുറിച്ച് മതിലിനു പുറത്തുള്ള മുതിര്‍ന്നിട്ടും ലൈംഗികാനുഭവം ഉണ്ടാകാത്ത ചെറുപ്പക്കാര്‍ വന്യമായി ഭാവനചെയ്യുന്നതിനെ കുറിച്ച് കഥാകൃത്ത് സൂചിപ്പിക്കുന്നു. മൃഗങ്ങളും സ്ത്രീകളും തമ്മിലുള്ള സമ്പര്‍ക്കത്തെ മൃഗരതിയുടെ പരിധിയില്‍ വെച്ച് ചര്‍ച്ചചെയ്യുന്നത് അധോലോകപുരുഷഭാവനകളുടെ ഭാഗമാണ്. ഇത്തരം വിഷയങ്ങള്‍ രതികഥകളുടെ ഇഷ്ടഭോജ്യവുമാണ്. കുടുംബഘടനയില്‍ അവശ്യം വേണ്ടതെന്നു കരുതുന്ന പുരുഷന്റെ അസാന്നിധ്യമാണ് അഥവാ മാനകകുടംബത്തിന്റെ ചേരുവകളുടെ അഭാവമാണ് ഇത്തരം ഭാവനകളുടെ പ്രേരണ. വല്ലപ്പോഴുമെങ്കിലും പുരുഷന്മാര്‍ക്കും ബാധകമായ ആരോപണമാണിത്. 'സിഐഡി മൂസ'യില്‍ നായകനെ നോക്കി പട്ടിയോടൊത്താണ് മോന്റെ കളി എന്ന് ജഗതിയുടെ കഥാപാത്രം ദ്വയാര്‍ത്ഥപ്രയോഗം നടത്തുന്നുണ്ട്.
എം.ടിയുടെ 'ഷെര്‍ലക്കി'ല്‍ ചേച്ചിയുടെ വളര്‍ത്തുപൂച്ച തന്റെ ഏകാന്തതകളെയും മനോവിചാരങ്ങളെയും ഒരു ചാരനെപ്പോലെപിന്തുടരുന്നു എന്നു ബാലുവിനു തോന്നുന്നു. അമേരിക്കയില്‍ താമസിക്കുന്ന ചേച്ചിയ്‌ക്കൊപ്പം ജോലിതേടലിന്റെ ഭാഗമായി വന്നെത്തിയതാണയാള്‍. ഭര്‍ത്താവ് കൂടെയില്ലാത്ത ചേച്ചിയുടെ അരുമയാണ് ഈ പൂച്ച. ബാലു ഒറ്റയ്ക്കാവുമ്പോള്‍ ഷെര്‍ലക്ക് അധീശനിലയില്‍ പെരുമാറുന്നു. അയാള്‍ക്ക് അതിനോടു തോന്നുന്ന ഭയം കലര്‍ന്ന ഈര്‍ഷ്യകളുടെ അബോധത്തില്‍ മാനകേതരമായ സഹകുടുംബത്തോടുള്ള അസഹിഷ്ണുത കൂടിയുണ്ട്.
മലയാളസിനിമാചരിത്രത്തിന്റെ ഇടവഴികളിലൂടെ പിന്നെയും സഞ്ചരിച്ചാല്‍ കുടുംബത്തില്‍ നിന്നു വിട്ട് ഒറ്റയ്ക്ക് തന്റെ ശിങ്കിടികളോടൊപ്പം താമസിക്കുന്ന ഭാര്യയും മക്കളുമില്ലാത്ത വില്ലന്‍മാരെ കാണാം. ജോസ്പ്രകാശ്, എം.എന്‍.നമ്പ്യാര്‍ തുടങ്ങിയവരുടെ കൊള്ളത്തലവന്റോളുകള്‍ നോക്കൂ. ഭാര്യയും മക്കളും കുടുംബവുമൊന്നുമില്ലാത്ത അവരുടെ സന്തതസഹചാരിയായി ഏതെങ്കിലും ഒരു ജീവിയെ അവതരിപ്പിക്കാറുണ്ട്. നായ്ക്കളും സിംഹങ്ങളും മുതലകളുമൊക്കെ ഇതില്‍ പെടും. വില്ലന്റെ അരുമയായ ഈ ജീവികളെക്കൊണ്ട് ശത്രുക്കളായ നീതിമാന്മാരെ ആക്രമിച്ചുകൊണ്ടാണ് അയാളുടെ ക്രൂരത വെളിപ്പെടുത്തുന്നത്. നായകന്റെയോ ഉപനായകന്റെയോ കുടുംബത്തെ വെച്ചുകൊണ്ടാണ് പല സിനിമകളിലും വില്ലന്‍ വിലപേശാറുള്ളത്. കുടുംബസ്ഥനായ നായകനും കുടുംബബാഹ്യനായ വില്ലനും മുഖാമുഖം നില്‍ക്കുകയാണ് ഇവിടെ.
1980 ല്‍ പുറത്തുവന്ന ശക്തിയില്‍ എം.എന്‍.നമ്പ്യാര്‍ പക്കാ കൊള്ളത്തലവനാണ്. നന്‍മനിറഞ്ഞ പോരാളിയാണ്, ജയന്റെ കഥാപാത്രം. തന്റെ സംഘത്തില്‍ ചേരാന്‍ ജയനെ വിളിച്ചുവരുത്തുകയാണ്. വന്നപാടെ ജയന്‍ കാണുന്നത് കൊള്ളത്തലവന്‍ തന്റെ പരുന്തിനെക്കൊണ്ട് ഒരാളെ കൊത്തിപ്പറിച്ചു ആക്രമിപ്പിക്കുന്നതാണ്. ജോസ്പ്രകാശിന്റെ മുതലക്കുഞ്ഞുങ്ങളുമൊത്തുള്ള രംഗം കൗതുകം നിറഞ്ഞതാണ് (വിജയനും വീരനും) തന്റെ അരുമമുതലകള്‍ക്കു പേരുവിളിച്ചോമനിച്ച് ഭക്ഷണം കൊടുക്കുകയാണ് അയാള്‍. 'എന്തെടാ മക്കളേ, രാവിലെ ആര്‍ക്കും ഒരുന്മേഷമില്ലല്ലോ, സുഖമില്ലേ? കേറിവാടാ ധൈര്യമായിട്ട്, എന്താടാ മടിച്ചുനില്‍ക്കുന്നത്.' മക്കളേ ഇന്നു ഞാന്‍ നിങ്ങള്‍ക്ക് അതിവിശിഷ്ടമായ ഒരു ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്, എന്താടാ ജോണീ കൊതിയാ, വാ പൊളിച്ചുനില്‍ക്കുന്നത്?'. ഇങ്ങനെ പോകുന്നു അത്.
സമകാലികജനപ്രിയസിനിമാരംഗത്ത് ഹാസ്യതരംഗമായി മാറിയ തേജാഭായി ആന്റ് ഫാമിലിയില്‍ പ്രത്ഥ്വീരാജിന്റെ പ്രവേശനരംഗത്തിലെ രണ്ടു സന്ദര്‍ഭത്തിലും അയാളുടെ അരുമപ്പൂച്ചയെക്കാണാം. ഫോണ്‍ എടുക്കുന്നതിനായി റിസീവറിലേക്കു നീളുന്ന കൈ, ഫോണിനുപുറത്തു പതുങ്ങിച്ചേര്‍ന്നിരിക്കുന്ന പൂച്ച. മറ്റൊന്ന് തന്നെ അനുസരിക്കാന്‍ കൂട്ടാക്കാത്ത നവവ്യവസായിയെ അടിച്ചു തുരത്താന്‍ കാറില്‍/ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങുന്ന താരത്തിന്റെ മുഖത്തേക്കാള്‍ മുമ്പുതന്നെ കൈയില്‍ പിടിച്ച പൂച്ചയെ കാണാം. പൂച്ചയെ ശ്രദ്ധാപൂര്‍വ്വം മറ്റൊരാള്‍ക്കു കൈമാറിയിട്ടാണ് അടിപിടി. തേജാഭായി കൊള്ളരംഗങ്ങളില്‍നിന്നും കുടുംബരംഗങ്ങളിലേക്കു വഴിമാറുമ്പോള്‍ പൂച്ച അപ്രത്യക്ഷമാകുന്നു. തേജാഭായിയെന്ന അനാഥനായ ധനികന്‍ ഒരു കുടുംബമാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമമാണ് സിനിമയുടെ കഥാതന്തു. മാവോയിസ്റ്റിലെ ആന്റണിയെപ്പോലെ, ആദത്തിലെ കമലേഷിനെപ്പോലെ മൃഗത്തെ അയാള്‍ മെരുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്‌തേ മതിയാവൂ.
നിലനില്‍ക്കുന്ന മനുഷ്യബന്ധങ്ങളില്‍ ആവര്‍ത്തിച്ചുറപ്പിക്കുന്ന അധീശപരമായ ചില ഘടനകളെ പല നിലയില്‍ പരിശോധിക്കുകയായിരുന്നു ഇതുവരെ. കുടുംബഘടനയില്‍ മൃഗസാന്നിധ്യം സൃഷ്ടിക്കുന്ന സന്ദിഗ്ധതകളെയും ഇടര്‍ച്ചകളെയും മലയാളിഭാവന സഹകുടംബത്തിന്റെ മൂല്യങ്ങളിലൂടെ അടയാളപ്പെടുത്തിയതിന്റെ ചരിത്രംകൂടിയാണ് ഇത്.
റഫറന്‍സ്
1. പുരാണിക് എന്‍സൈക്‌ളോപീഡിയ, വെട്ടം മാണി, കറന്റ് ബുക്‌സ്, കോട്ടയം
2. ആണരശുനാട്ടിലെ പെണ്‍കാഴ്ച്ചകള്‍.എഡി.ജെ.ദേവിക, വിമന്‍സ് ഇംപ്രിന്റ്
3. മിഥ്യകള്‍ക്കപ്പുറം സ്വവര്‍ഗലൈംഗികത കേരളത്തില്‍, എഡി. രേഷ്മാ ഭരദ്വാജ്, ഡി.സി. ബുക്‌സ്, കോട്ടയം
4. ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണം, ഡി.സി. ബുക്‌സ്, കോട്ടയം
5. തെരഞ്ഞെടുത്ത കഥകള്‍, പൊന്‍കുന്നം വര്‍ക്കി, എസ്.പി.സി.എസ്, കോട്ടയം
6. ആദം, എസ്. ഹരീഷ്, ഡി.സി. ബുക്‌സ്, കോട്ടയം
7. Same sex love in India-Ed. By Ruth vanitha and Saleem Kidwai, Penguin Books
(31.07.2017 ലെ സമകാലികമലയാളത്തില്‍ പ്രസിദ്ധീകരിച്ചത്)
No comments:
Post a Comment