Wednesday, October 28, 2015

തിളച്ചുതൂവുന്ന മുലപ്പാല്‍



ലയാള സ്ത്രീകഥകളില്‍ എവിടെയാണ് എച്ച്മുക്കുട്ടിയുടെ സ്ഥാനം, അടയാളം? മുഖ്യധാരയില്‍ നിന്നെന്നു മാത്രമല്ല,അച്ചടിയുടെ അരികുധാരയില്‍ നിന്നുപോലും ഒഴിഞ്ഞ് 'എച്ച്മുവോട് ഉലകം' എന്ന സൈബര്‍ത്തട്ടകത്തില്‍ ഒറ്റവസന്തം തീര്‍ത്ത്, ഈ കഥകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കേവലം ഇതൊന്നു മാത്രമല്ല, അതു കഥാചരിത്രത്തില്‍ മാത്രമായി ഉന്നയിക്കപ്പെടേണ്ടതുമല്ല തന്നെ.കാരണം അനുഭവവും എഴുത്തും തമ്മിലുള്ള ബഹതലസ്പര്‍ശിയായ ആന്തരബന്ധങ്ങള്‍ ഇവിടെ അഴിച്ചുപണിയപ്പെടുന്നു.
എന്തുകൊണ്ടു വീണ്ടും വിണ്ടും അമ്മത്തം വഴിയുന്ന കഥകള്‍? എന്തുകൊണ്ട് വിണ്ടും  ജിവനുള്ള , ചൂടും ചോരയുമുള്ള സ്ത്രീകളുടെ ദേഹം? എന്തുകൊണ്ട് ചുവന്ന ചോരയെ വെളുത്ത മുലപ്പാലാകുന്ന സ്‌നേഹത്തെ പ്രതി- അതിന്മേലുള്ള മിഥ്യാദര്‍ശങ്ങളെയും കപടകല്പനികതകളെയും ഒപ്പം മാതൃദൈവികതയുടെയും വൈകാരികതയുടെയും സ്വാതന്ത്രലോകങ്ങളെയും ഒത്തുനോക്കി വിലയിരുത്തുന്നമട്ടില്‍- ഈ കഥകള്‍ നീറിവേവുന്നു? എവിടെനിന്നാണിത്രയും അമര്‍ത്തിയ നിലവിളിയും ആക്രോശങ്ങളും? സഹനപര്‍വ്വങ്ങളില്‍ ഞെരിഞ്ഞമര്‍ന്നു നീങ്ങുന്ന കാലടികള്‍ക്കിടയില്‍ ഈ ചോദ്യങ്ങള്‍ ജീവന്‍ പിടയുമെങ്കിലും വെടിഞ്ഞുപോകുന്നില്ല. അതു പത്തിവിടര്‍ത്തിയാടുന്നു, നാം വഴിമുട്ടുന്നു.
അമ്മ ലോകത്തിന്റെ കഥകള്‍ ബാലമണിയമ്മയും മാധവികുട്ടിയും ലളിതാംബികയും മുതല്‍ രേഖ(പാലാഴിമഥനം) ഇന്ദുമേനോനും(ഭ്രൂണം) വരെയും ധാരാളമായി എടുത്തു പെരുമാറിയിട്ടുണ്ട് കാല്‍പനികലോകത്ത് അമ്മ വളരെ ജനപ്രിയമായ ഒരു സാസ്‌കാരികബിംബമാണ്. ആദ്യകാലകഥാകാരികളില്‍ പലരും മാതൃത്വത്തെ ഏറ്റെടുക്കുന്നതിലെ വ്യത്യാസങ്ങള്‍ അവരുടെ ലിംഗപ്രത്യയശാസ്ത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ലളിതാബികയുടെയും സരസ്വതിയമ്മയുടെയും മാതൃത്വപരിഗണനകളെ, അവരുന്നയിക്കുന്ന സ്ത്രീ പക്ഷപ്രത്യയശാസ്ത്രം വളര്‍ത്തുകയും മെരുക്കുകയും ചെയ്യുന്നതാണ്. എന്നാല്‍  മേല്‍പ്പറഞ്ഞ കഥാകാരികളെ മാതൃത്വത്തിന്റെ എഴുത്തുകാരികളാണെന്നു മുദ്രകുത്തികൊണ്ട് അവരുടെ രചനകളിലെ ലിംഗരാഷ്ട്രീയത്തെ തമസ്‌കരിക്കുകയാണ് സാഹിത്യചരിത്രം ചെയ്തതെന്ന് ജെ.ദേവികയും മറ്റും ആരോപിക്കുന്നുണ്ട്.
മാതൃലോകങ്ങള്‍
മാതൃത്വത്തെ കെ.സരസ്വതിയമ്മ തന്റെ കഥകള്‍ക്കകത്തെതന്നെ രാഷ്ടീയ ചര്‍ച്ചയാക്കിയിരുന്നു. 'ഒരുക്കത്തിന്റെ ഒടുവില്‍' എന്ന കഥയിലെ നായികക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണെങ്കിലും വിവാഹം,മാതൃത്വം തുടങ്ങിയവയെ നിരാകരിക്കുന്ന ആദര്‍ശമാണുള്ളത്. കുഞ്ഞുങ്ങളെ ഇത്ര ഇഷ്ടമായ സ്ഥിതിക്ക് വിവാഹം കഴിച്ച് പ്രസവിച്ച് മക്കളെ ലാളിച്ചുകൂടെ? എന്ന സുഹൃത്തിന്റെ ചോദ്യത്തിന് അവര്‍ കൊടുക്കുന്ന മറുപടി രസകരമാണ്.'' സിനിമ കാണാനിഷ്ടമാണെന്നുവെച്ച് ആരെങ്കിലും സിനിമാക്കമ്പനി തുടങ്ങുമോ?''
പ്രസവിച്ച ഒരോ പെണ്‍കുഞ്ഞിന്റെയും വായില്‍ നെന്മണിയിട്ട് കൊല്ലുന്ന പാപത്തറയിലെ (സാറജോസഫ്) ലക്ഷമിക്കുട്ടി മുതല്‍ സ്വയം ഉമ്മത്തിന്‍കായ തിന്നശേഷം വിഷം ഊറിനിറഞ്ഞ മുലപ്പാലൂട്ടി മക്കളെ ഒന്നൊന്നായി മരണത്തിലേക്കാനയിക്കുന്ന ഭ്രൂണ (ഇന്ദുമേനോന്‍) ത്തിലെ പെണ്‍കുട്ടിയും മലയാളസ്ത്രീ കഥയിലുണ്ട്. ഇപ്രകാരം ബഹുലവും ബഹുസ്വരവുമാണ് മലയാളകഥയിലെ മാതൃത്വ പരിഗണനകള്‍. അലിവിന്റെയും കയ്പിന്റെയും അധികാരസ്വരങ്ങളോടുള്ള കലിപ്പിന്റെയും കൂടി കഥകളാണവ. സ്‌നേഹവും അധികാരവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എന്ന് സാമാന്യമായി നിര്‍വ്വചിക്കാവുന്ന വിധം ഈ മാതൃലോകത്തിന്റെ കദനങ്ങളും കലക്കങ്ങളും മൂര്‍ത്തതയോടെ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്.സ്ത്രീയുടെ ലോകം എപ്രകാരം അധികാരനിര്‍മ്മുക്തവും അസ്വതന്ത്രവുമായി എന്നതിന്റെ വേറിട്ട അന്വേഷണങ്ങള്‍ തന്നെയാണവ. നിഗ്രഹാനുഗ്രഹശേഷിയുള്ള മാതൃദേവതകള്‍ക്കകത്തെ ഊര്‍ജമണ്ഡലങ്ങളുടെ നിര്‍മ്മിതിക്കുപിന്നിലും നാം രോഷത്തിന്റെ ചിലമ്പേറുകള്‍ വായിച്ചെടുത്തിട്ടുണ്ട്. 
ജൈവികവ്യവസ്ഥ
ഇപ്രകാരം സമാന്യവല്‍കരിക്കപ്പെട്ട മാതൃത്വത്തിന്റെ സാംസ്‌കാരികലോകത്തോട് ചേര്‍ന്നു നില്‍ക്കുകയും അതിനോട് സംവദിച്ചുകൊണ്ട് കൂടുതല്‍ സൂക്ഷ്മവും സവിശേഷവുമായ വിധത്തില്‍ അതിനകത്തെ ബലതന്ത്രങ്ങള്‍ തെളിച്ചെടുക്കുകയും ചെയ്യുന്നു എന്നതാണ് എച്ച്മുകുട്ടിയുടെ മാതൃലോകത്തിന്റെ പ്രത്യേകത. മാതൃലോകത്തിന്റെ വൈകാരികമൂലധനം എന്നു പേരിട്ടു വിളിക്കാവുന്ന ഒരു ആശയമണ്ഡലം തന്നെ ഈ മാതൃലോകത്ത് വ്യവഹാരിക്കപ്പെടുന്നു. വൈകാരികതയെ വൈകാരികത കൊണ്ടുതന്നെ പരിചരിച്ചെടുക്കുന്ന ഒരു മാതൃക തന്നെ ഇതിനായി ഇവിടെ പരീക്ഷിക്കുന്നു. തന്റെ കുഞ്ഞിനെ  താന്‍ തന്നെ തിന്നുകളയുന്ന തള്ളപൂച്ചയും ഈറ്റുജലവും കറയുമിഴുകിയ ദേഹം നക്കിതോര്‍ത്തുന്ന തള്ളപ്പശുവും ഭക്ഷണം വായിലിട്ടു കൊടുത്തു പരിചരിക്കുന്ന അമ്മക്കിളിയും കുഞ്ഞുങ്ങളെ റാഞ്ചാന്‍ വരുന്ന പരുന്തില്‍ നിന്ന് ചിറകിന്‍ കീഴിലൊതുക്കി സംരക്ഷിക്കുന്ന കോഴിയമ്മയും ഒക്കെയുള്ള ജീവിലോകത്തിലെ മാതൃത്വം പോലെ തന്നെ ജൈവികമായ ഒരു വ്യവസ്ഥയാണിവിടെ മാതൃത്വം. പ്രകൃതിസഹജങ്ങളും വാസനാകൃതവുമായ ഒരു ജൈവവ്യവസ്ഥ. 'ന്റെ അനീത്തി, അല്ലാന്റെ മോള്' 'മുലപ്പാലിന്റെ നിറവ്', 'ദൈവത്തിന്റെ പരിഗണനകള്‍ വെറുമൊരു പത്തുമാസകണക്ക്, 'അന്ത്രു', 'സാദനം', 'തെണ്ടിമയിസ്രെട്ട്', 'തുരുമ്പുപിടിച്ച ഹുക്കുള്ള ഒരു ബ്ലൗസ്', 'തിരുപ്പിറവി' എന്നിങ്ങനെ അനേകം കഥകളിലെ മാതൃത്വം ഇപ്രകാരം ജൈവികവും ഐന്ദ്രിയവുമായ സ്വത്വപരിസരമാണ്.
'ദൈവത്തിന്റെ പരിഗണനകള്‍ ഒരു വെറും പത്തുമാസക്കണക്ക്' എന്ന കഥ മാതൃത്വവും പൗരുഷവും തമ്മിലുള്ള സംഘര്‍ഷത്തെയാണ് അതിനകത്തെ അതീവനിസ്സഹായതയെയാണ് രേഖപ്പെടുത്തുന്നത്. ഇണചേരാനും ഗര്‍ഭം ധരിക്കാനുമെന്നപോലെ തന്നെ അമ്മയാകാനുള്ള ജന്തുസഹജമായ ആവേശവും ദാഹവും ഈ കഥകളില്‍ നാം മണക്കുന്നു.സ്‌ത്രൈണതയുടെ ജൈവികമായ ഒരു അവകാശമായി ഈ കഥകള്‍ മാതൃത്വത്തെ തിരിച്ചറിയുന്നു. ഗര്‍ഭധാരണം,ഗര്‍ഭകാലത്തെ ശാരീരികാനുഭവങ്ങള്‍ വ്യാകൂള്‍, പ്രസവം, മുലയൂട്ടല്‍ മുതലായ ഇന്ദിയാനുഭവങ്ങളുടെ വൈകാരികതയെ സ്‌ത്രൈണതയുടെ ഒരു  സ്വയംഭരണപ്രദേശമായി സമര്‍ത്ഥമായി വികസിപ്പിച്ചെടുക്കുന്നു ഈകഥകള്‍. അതിലൂടെ പ്രത്യുല്‍പാദനത്തിന്റെയും അതിലടങ്ങിയ വൈകാരികവിഭവത്തിന്റെയും പ്രമാണികതയെ സ്ഥാപിച്ചെടുക്കാനും കഴിയുന്നു.ഇത് ഒരു ബദല്‍ ലോകമാണ്,തീര്‍ച്ചയായും വ്യവസ്ഥാപിതമായ ലിംഗാധികാരത്തിനെതിരെ ഉയര്‍ന്നു നില്‍ക്കുന്ന എതിര്‍മണ്ഡലം.

മുലമുട്ടല്‍
  'മുലപ്പാലിന്റെ നിറവ്' എന്ന കഥ ഇത് ആവിഷ്‌കരിക്കുന്നുണ്ട് കുഞ്ഞിനു പാലുകൊടുക്കാന്‍ കഴിയാത്തതിനാല്‍ മുലപ്പാല്‍ നിറഞ്ഞു വിങ്ങിയ ഒരവസ്ഥയെ അതു വിശദീകരിക്കുന്നു.'മുലമുട്ടിപ്പു'തന്ത്രം കൊണ്ട് തോല്‍പിക്കപ്പെട്ട പെറ്റമ്മയാണിതിലെ ആഖ്യാതാവ്.
''മുലമുട്ടിപ്പുതന്ത്രത്തിന് പത്രങ്ങളിലും മാസികകളിലും ഒന്നും ആരും ഇതുവരെ പഠനങ്ങളെഴുതിയിട്ടില്ല. കിട്ടുന്ന പുസ്തകത്തിലൊക്കെ നോക്കി, ഒന്നും കണ്ടില്ല.
മുലപ്പാല്‍ നിറഞ്ഞു വീര്‍ത്തുനീരുവരുന്നുമുട്ടി. കക്ഷം വരെ ഉണ്ടയിരുന്നു രണ്ടുനാള്‍ മുമ്പ് പെറ്റ പെണ്ണിന്റെ മുല. പോലീസുകാര്‍ അടിവയറ്റില്‍ ഇടിച്ചാല്‍ മൂത്രം മുട്ടും. ആണിനും  പെണ്ണിനും മുട്ടും....മുലമുട്ടല്‍ മുട്ടിയാലെ അറിയൂ. മുട്ടിച്ചാലേ അറിയൂ...........വിറ്റാല്‍ കാശു കിട്ടാത്ത മുലപ്പാലു പിഴിഞ്ഞ് പെറ്റ പെണ്ണ് തെങ്ങിന്‍ ചോട്ടലൊഴിച്ചു പിന്നെ വിളഞ്ഞ  ഇളനീര് മുലപ്പാലിന്റെ  രുചി...''
മാതൃത്വത്തെ അതിന്റെ സാമൂഹികവിവക്ഷകള്‍ക്കകത്തു നിന്ന് തീക്ഷ്ണമായ ഐന്ദ്രിയകാമനമായി അടര്‍ത്തിയെടുത്തുകാണിക്കുന്നു എച്ച്മുകുട്ടി. സ്ത്രീയുടെ ലൈംഗികാനുഭവം പോലെ തന്നെ പ്രധാനമായ ഒരു ഇന്ദ്രിയാനുഭവമാണ് മുലയൂട്ടലും എന്നു പറയാന്‍ ഈ കഥ ശ്രമിക്കുന്നു.
നീരു മുട്ടിയ മുലപ്പാലിന് , അതൊരു കാറ്റുപോയ ബലൂണാക്കി അമ്മൂമ്മയുടെ ഭസ്മസഞ്ചിയാക്കി ചിരിച്ച കുഞ്ഞിളം ചുണ്ടിലെ സ്പര്‍ശത്തോളം ഉണ്ടോ ചുബനവും ഭോഗവുമൊക്കെ?
.........................................................................
.........................................................................
''അതിത്രേ ഉള്ളു, അതു നിസാരം എന്നു പറഞ്ഞാ തീര്‍ന്നില്ലേ കുടുംബം, കെട്ടുറപ്പ്,ആവാസവ്യവസ്ഥ, സദാചാരം, ഈ ലോകം?''

വൈകാരികമൂലധനം
അമ്മയും കുഞ്ഞും തമ്മിലുളള സ്പര്‍ശത്തിന്റെ ഇന്ദ്രിയപരമായ അനുഭവം, അതിനകത്തെ സ്ത്രീയുടെ പ്രാമാണികത, അത്തരം വൈകാരിക ജൈവമണ്ഡലങ്ങളില്‍ സ്ത്രീ സ്വരൂപിച്ചെടുക്കുന്ന സ്വയംഭരണശേഷി ഇവയെല്ലാം മേല്പറഞ്ഞ ബദല്‍ലോകനിര്‍മിതിയുടെ അടിസ്ഥാനവിഭവങ്ങളാകുന്നു. ഈ എതിര്‍ലോകത്തില്‍ ശാശ്വതമൂല്യങ്ങളുടെയും സാര്‍വ്വലൗകികമായ വിശ്വാസങ്ങളുടെയും വാര്‍പ്പുരൂപങ്ങള്‍ തകര്‍ന്നു പൊടിയുന്നു. അനുഭവത്തിന്റെ ദൈനംദിനപരത കണ്ടെടുക്കപ്പെടുന്നു. ദൈനംദിനജീവിതത്തിന്റെ രാഷ്ട്രീയത്തെ തിരിച്ചറിയുകയും പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും അധ്വാനം, കൂലി, കര്‍മം ഇവ മനുഷ്യബന്ധങ്ങളെ നിര്‍ണയിക്കുന്നത് കാണാതിരിക്കാനാവില്ല. സ്ഥൂലവും സൂക്ഷ്മവുമായ അധികാരമണ്ഡലങ്ങളായി മനുഷ്യബന്ധങ്ങള്‍ മെനഞ്ഞെടുക്കപ്പെടുമ്പോള്‍ അധ്വാനവും സ്‌നേഹവും കര്‍മവുമെല്ലാം  വ്യവസ്ഥ ചെയ്യുപ്പെടുന്നു. തൊട്ടിലാട്ടുന്നതും ലോകം ഭരിക്കുന്നതും (ഞീരസശിഴ ീള വേല രൃമറഹല മിറ ൃൗഹശിഴ ീള വേല ംീൃഹറ) എന്ന ഡോറോത്തി ഡിന്നര്‍സ്റ്റെയിനിന്റെ കൃതി പ്രസക്തമാകുന്നതിവിടെയാണ്. മനുഷ്യശേഷിയുടെ ഭൗതികവും ആന്തരികവുമായ വ്യവഹാരങ്ങളില്‍, പുരോഗതിയില്‍ ഈടുവെയ്പായി നിലകൊളളുന്ന സ്ത്രീയുടെ അധ്വാനം, കരുതല്‍, വൈകാരികവിഭവങ്ങള്‍ എത്രത്തോളം പ്രധാനമാണെന്നവര്‍ കരുതുന്നു. സ്‌നേഹപരിഗണനകളും ലാളനകളും മറ്റു വൈകാരിക ഇടപെടലുകളും ഉല്പാദിപ്പിക്കുന്ന അടിസ്ഥാനപരമായ വിഭവമണ്ഡലം തിരിച്ചറിയപ്പെടാതെ ചൂഷണവിധേയമാക്കുകയാണ് പുരുഷാധിപത്യസമൂഹം ചെയ്യുന്നതും. 'സാദനം' എന്ന ഒറ്റക്കഥയിലൂടെ ഈ വിവക്ഷകളെ പരമാവധി വിപുലീകരിക്കുന്നു എച്ച്മുക്കുട്ടി.
സാദനം
ആരാണ് സാദനം? സ്മാര്‍ത്തവിചാരങ്ങളില്‍ ഭ്രഷ്ടു കല്പിക്കപ്പെട്ട 'സാധന'ത്തേക്കാള്‍ ചവിട്ടിമെതിക്കപ്പെട്ട ഒരു ആണ്‍പെണ്‍ ജിവിതം. സാദന(അമ്മു) ത്തിന് സ്വന്തം ലിംഗം തിരിച്ചറിഞ്ഞു കിട്ടുന്നില്ല. നിരന്തരമായ ഭ്രഷ്ടും സ്പര്‍ദ്ധയും മാത്രം ഏറ്റുവാങ്ങി ഒടുങ്ങിയ ജന്മം.
''നിങ്ങക്കൊക്കെ എല്ലാം വേണ്ടമാതിരി നീളത്തിലും വണ്ണത്തിലും ആവശ്യത്തിന് താഴ്‌ച്ചേലും ഒക്കെ ഇണ്ടല്ലോ? അപ്പോ അതില്ലാത്തോരെ വെറുതെ വിട്ടൂടെ? ഇങ്ങനെ ഇട്ട് കഷ്ടപ്പെടുത്തണന്തിനാ?'' എന്നു സാദനത്തിനുവേണ്ടി ശണ്ഠകൂടുന്ന തങ്കമണിയുടെ അനുഭാവത്തിനും ബല്‍റ്റും കൊണ്ടുളള ശിക്ഷയേറ്റുവാങ്ങിയത് സാദനം തന്നെ.
എന്താണ് ആണത്തം, പെണ്ണത്തം എന്ന ചിന്തകളിലേക്കു തീവെളിച്ചം നീട്ടുന്ന ഈ കഥ എച്ച്മുക്കുട്ടിയുടെ ശക്തമായ രചനകളില്‍ ഒന്നുതന്നെ.
''ആണിന്റെയും പെണ്ണിന്റെയും മനസ്സുകളെ അവരുടെ ബന്ധങ്ങളെത്തന്നെ മനസ്സിലാക്കാനാവാത്ത ഈ ലോകത്ത് ആണോ പെണ്ണോ എന്നു കൂടി ശരിക്കും തീര്‍ച്ചയില്ലാത്തവരെ, അവരുടെ ആത്മബന്ധങ്ങളെ എങ്ങനെ മനസ്സിലാക്കാനാണ്?'' എന്നാല്‍ മനസ്സിലാക്കപ്പെടാതെ പോകുന്നതിനേക്കാള്‍ പലപ്പോഴും പെണ്‍ ശരീരത്തേക്കാളധികം ചൂഷണങ്ങള്‍ക്കു വിധേയമാവുകയും ചെയ്യുന്ന അവസ്ഥയുടെ ഭീഷണതയും നിലനില്‍ക്കുന്നു. ആണധികാരത്തിന്റെ ബലിഷ്ഠമായ അഹന്തകളെ ചൊടിപ്പിക്കാനേ ആ നിസ്സഹായതയ്ക്ക് കഴിയൂ എന്നും വരുന്നു.
'എത്ര കരുത്തുറ്റ പുരുഷത്വവും ഒരു ചെറിയ ഗ്രന്ഥിയുടെ കുറച്ചു ഹോര്‍മോണുകളും കൂടി തരുന്ന ദാന'മാണെന്ന തിരിച്ചറിവ് ആണത്തത്തിന്റെ വ്യവഹാരികലൈംഗികതയുടെ മേല്‍ക്കോയ്മയെ ഭംഗിയായി വെളിപ്പെടുത്തുന്നു.
'തെണ്ടിമയിേസ്രട്ട്' എന്ന കഥയിലും ആണത്തത്തോടുളള കടുത്ത അപലപനം നാം കേള്‍ക്കുന്നു.
''വിത്ത്ടണ പണി കഴിഞ്ഞാ പിന്നെ കുറ്റം പറേണതല്ലാണ്ട് വേറൊരുപണീല്ല്യാ... മീശേം കാലിന്റെടേല് എറച്ചിക്കഷ്‌ണോം മാത്രള്ള ചെല കാളോള്‍ക്ക്''' എന്നു തന്നെ ജാനകിയമ്മ അലറുമ്പോള്‍ ചക്രവാളത്തോളം വലുപ്പമാര്‍ന്ന വിശ്വരൂപമായി അവര്‍ നിറയുന്നു. കണ്ണീരിനേക്കാള്‍ വലിയ പ്രളയവും മരണത്തിലും വലിയ സാക്ഷ്യവുമില്ലെന്നും കഥ പറയുന്നു.

ആണെന്ത് പെണ്ണെന്ത് എന്നതിന്റേയും അടിത്തട്ടിലേക്കു പാളുന്ന കത്തിമുനയാണ് കന്യക എന്ന കഥയിലെ പ്രശ്‌നം. തന്റെ മുന്നില്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട് ചോരവാര്‍ന്നു കിടക്കുന്ന കൗമാരക്കാരിയുടെ കന്യകാത്വപരിശോധന നടത്തുന്ന ലേഡി ഡോക്ടറുടെ ചിന്തകള്‍. ''പരിശോധിക്കണം. ഈ കിടക്കുന്ന ശരീരം ഒരു കന്യകയുടേതാണോ അതോ....ആ ഒരു കഷ്ണം നേര്‍ത്ത തൊലിയില്ലെങ്കില്‍ ആ മാംസപേശികള്‍ക്ക് വഴക്കവും അയവുമുണ്ടെങ്കില്‍ ഈ ശരീരത്തിന് സ്വഭാവദൂഷ്യമുണ്ടായികൂടെന്നില്ല. അപ്പോള്‍ ആ ശരീരത്തിലമര്‍ന്നിരുന്ന മറ്റു ശരീരങ്ങള്‍ക്ക് വാദിച്ചു നില്ക്കാന്‍ ഒരു വഴി തുറന്നു കിട്ടും. ഇവള്‍ പണ്ടേക്കു പണ്ടേ പിഴയായിരുന്നു. ''
വര്‍ത്തമാനകാല ലിംഗരാഷ്ട്രീയത്തില്‍ ശക്തമായി ഇടപെടുന്ന ഇ കഥകള്‍ അടിസ്ഥാനപ്രശ്‌നങ്ങളെ, അവയുടെ തുടര്‍ച്ചകളെയും പടര്‍ച്ചകളെയും അനുഭവങ്ങളായി പകര്‍ത്തുന്നു അതു നമ്മെ ക്ഷോഭിപ്പിക്കാതെ വയ്യ.
'ബ്ലാക്ക് ആന്റ് വൈറ്റി'ല്‍ കറുത്ത നിറത്തിന്റെ രാഷ്ട്രീയമാണു കഥാകാരി പറയുന്നത്. ആദ്യകാലത്ത് കറുപ്പിന് ഏഴഴക് എന്നു നടിച്ചയാള്‍ ഇരുട്ടിലെ ഭോഗത്തിനൊടുവില്‍ അറിയാതെ കൈ തട്ടി തെളിഞ്ഞ പ്രകാശത്തില്‍ അതേ ദേഹത്തേക്ക് കാര്‍ക്കിച്ചു തുപ്പുന്നു! സൗന്ദര്യത്തിന്റെ, പ്രത്യേകിച്ചും സ്ത്രീ ശരീരത്തിന്റെ കല്പിതമൂല്യങ്ങളെ പൊളിച്ചെഴുതുകയാണീ കഥ.

ജാതിയുടെ ഇടങ്ങള്‍
എച്ച്മുക്കുട്ടിയുടെ കഥകളധികവും തമിഴ്ബ്രാഹ്മണരുടെ അനുഭവപരിസരങ്ങളും സാംസ്‌കാരികതകളുമെഴുതുന്നു. പാമ്പമ്മ്യാരും തെണ്ടിമയിേസ്രട്ടും പോലുളള കഥകളില്‍ വരേണ്യമന്യത ഒട്ടും തന്നെയില്ലാതെ എന്നാല്‍ ജാതിസവിശേഷമായ പരിഗണനകളുടെ ഈ ഇടങ്ങള്‍ തെളിയുന്നു.
ജാതിയുടെ കീഴാളാവസ്ഥയെ സൂക്ഷ്മരാഷ്ട്രീയത്തിന്റെ കത്തിമുനയാല്‍ തിരിച്ചറിയുന്നു, 'സ്വന്തം ഭര്‍ത്താവിന്റെയല്ലേ.... സാരമില്ല' നേര്‍ഗതിയായ സരളമായ ആഖ്യാനം കൊണ്ടു രചിക്കപ്പെടുന്ന ഇക്കഥ നമ്മെ പൊളളിക്കുക തന്നെ ചെയ്യും. ജാതീയവും ലിംഗപരവുമായ കീഴാളതകളെ ഒന്നിച്ചു മൂര്‍തത്തമാക്കുകയാണീ കഥയിലൂടെ. അഴുകിജിര്‍ണിച്ച ജാതിബോധം ഒരു സ്ത്രീയുടെ ജീവിതത്തെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്നതിന്റെ ചിത്രമാണീ കഥ. ഡോക്ടറായ ആഖ്യാതാവിന്റെ കണ്‍സള്‍ട്ടിംഗ് റൂമിലേക്ക് മോടിയില്‍ അണിഞ്ഞൊരുങ്ങിയെത്തിയ പേഷ്യന്റ് തന്റെ പ്രശ്‌നം പറയുകയാണ്. ഡോക്ടറായി ജോലി നേടിയിട്ടും വീട്ടിലിരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയാലാണീ ഭാര്യ. എല്ലാ സൗകര്യങ്ങളുമുളള വീട്, പ്രണയവിവാഹം, വിദ്യാഭ്യാസവും ജോലിയും പണവുമുളള ഭര്‍ത്താവ് . എപ്പോഴും കൈകഴുകണമെന്നു തോന്നുന്നതാണവരുടെ പ്രശ്‌നം. വിസര്‍ജ്ജനശേഷം ഭാര്യതന്നെ വൃത്തിയാക്കണമെന്ന നിര്‍ബ്ബന്ധമാണ് ഭര്‍ത്താവിന്. 
വീണ്ടും കുത്തിചോദിക്കുമ്പോള്‍ അവര്‍ പറയുന്നു. താന്‍ തോട്ടി ജാതിയില്‍പ്പെട്ടവളാണെന്ന്. അമ്മായിയമ്മ ഒന്നും മിണ്ടാറില്ലെന്നും എകമകന്‍ സ്വഭാവം നന്നായിക്കിട്ടാന്‍ ബോര്‍ഡിംഗിലാണെന്നും, വീട്ടില്‍ താന്‍ ആകെ ചെയ്യേണ്ടത് ബാത്‌റൂമും ടോയ്‌ലറ്റും വൃത്തിയാക്കലാണെന്നും പറയാനാവാതെ അവരിറങ്ങുന്നു. ഡോക്ടറാകട്ടെ തന്റെ മേശവിരിപ്പും കുഷന്‍ കവറും ഉടനെ മാറ്റാനേല്പ്പിക്കണമെന്നു പ്ലാനിടുന്നു.അവര്‍ തന്റെ കൈ സോപ്പിട്ടു കഴുകുന്നു. തനിക്കു പിന്നില്‍ ഒരു ഗ്ലാസുടയുന്ന ഒച്ച കേട്ട് രോഗി മെല്ലെ ഇറങ്ങുന്നു.
'പാമ്പമ്മ്യാര'ുടെ കഥയില്‍ അവരുടെ കടുത്ത ദാരിദ്ര്യാവസ്ഥയില്‍ പലഹാരകുട്ടയുമായി ഇടവഴിയിലൂടെ നടക്കുമ്പോള്‍ പോലും താഴ്ന്ന ജാതിക്കാരെ സ്പര്‍ശിക്കാതിരിക്കാന്‍ കരുതലെടുക്കുന്നതിന്റെ ചിരി എച്ച്മുക്കുട്ടി പങ്കവെയ്ക്കുന്നു. അടിസ്ഥാനരാഷ്ട്രീയത്തില്‍  തൊട്ടും മുട്ടിയും നിന്നു കൊണ്ടുളള തീഷ്ണമായ ഈ കഥകള്‍ മലയാളകഥയുടെ പ്രതീക്ഷകളെ വീണ്ടും തളിര്‍പ്പിക്കുന്നു. മുലപ്പാലിന്റെ ഈ വഴി തീക്ഷ്ണവും ഒപ്പം പതര്‍ച്ചകളില്ലാത്തതുമാണ്.
'തുരുമ്പുപിടിച്ച ഹുക്കുളള ബ്ലൗസ്' പ്രണയത്തെയും മരണത്തെയും കൂട്ടിപ്പിടിക്കുന്നു. ഈ സമാഹരത്തില്‍ അനുഭവതീക്ഷണതകൊണ്ട് പൊളളിയണ ഒട്ടേറെ കഥകളുണ്ടെങ്കിലും അവയിലേറ്റവും മുന്നില്‍ നില്ക്കുന്ന ഒന്നാണീ കഥ. ആര്‍ത്തവ സമയത്ത് ഒരു തുണ്ടു തുണിയില്ലാത്ത നിസ്വരായ സ്ത്രീകള്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം തന്നെയാണ്. സ്വന്തം മകള്‍ക്കു നല്‍കിയ പഴയ ബ്ലൗസിന്റെ ഹുക്കുകളിലെ തുരുമ്പിലൂടെയെത്തുന്ന മരണം! മകളുടെ ദുര്‍വ്വിധി മറ്റാര്‍ക്കുമുണ്ടാകാതിരിക്കാന്‍ പഴന്തുണി ശേഖരിച്ചും അടുക്കിവെച്ചും അതു വിതരണം ചെയ്യുന്ന ദിവസത്തില്‍ തനിക്കു തുണവരുന്ന ആണ്‍ സുഹൃത്തിനെ കാത്തിരുന്നും ലാജോ എന്ന അഭയാര്‍ത്ഥി വൃദ്ധ...അവരില്‍ പ്രണയവും മരണവും മഹത്തായ ജീവിതബോധമായി ജ്വലിക്കുന്നു.
  എച്ച്മുക്കുട്ടിയുടെ കഥനത്തിന്റെ അടിത്തട്ട് സങ്കീര്‍ണമായ അനുഭവങ്ങളുടെ ആഴക്കടല്‍ തന്നെയാവുന്നു. അവിടെ പുകയുന്ന സ്‌ത്രൈണാനുഭവങ്ങള്‍ വ്യവസ്ഥാപിത രചനാകൗശലങ്ങള്‍ക്കനുസൃതമായി ചിട്ടപ്പെടുത്തിയവയല്ല. മുന്‍വിധികളില്‍ നിന്നു മുക്തവും ഉച്ഛൃഖലവുമാണതിന്റെ ഗതി.   ജീവിതപ്രവാഹത്തിന്റെ അനന്തവും പ്രവചനാതീതവുമായ ഗതിവിഗതികള്‍ ജൈവികമായ ആവിഷ്‌കാരമായിത്തീരുന്നത് അതുകൊണ്ടാണ്. മുലപ്പാലിന്റെതെന്ന പോലെ തന്നെ ഉള്ളില്‍ ഉറച്ചതും ഉണ്മയില്‍ നിന്ന് ഊറിയതുമായ സ്വച്ഛന്ദമായ ഒരു തൂവിപ്പരക്കലാണീ കഥകള്‍.
(സമകാലികമലയാളം വാരിക, 2015 ഒക്ടോബര്‍)



12 comments:

  1. ഇന്നത്തെ എഴുത്തുകാരായ മറ്റൊരു സ്ത്രീയ്ക്കും ഇല്ലാത്ത അത്ര അനുഭവ സമ്പത്ത് കല ച്ചേച്ചിക്ക് ഉണ്ട് എന്ന് ആ എഴുത്തുകള്‍ വിളിച്ചോതുന്നു.
    അല്പം വൈകിയെങ്കിലും മുഖ്യധാര അവരെ തിരിച്ചറിഞ്ഞു എന്നതില്‍ സന്തോഷം.

    ReplyDelete
  2. എച്ച്മുചേച്ചിയുടെത് കഥകളെന്നല്ല, കനലുകള്‍ എന്നാണ് ഞാന്‍ പറയാറ്..

    രണ്ടാള്‍ക്കും നമോവാകം..

    ReplyDelete
  3. മലയാളം വാരികയുടെ ഓണ്‍ ലൈൻ ലിങ്കിലൂടെ വായിച്ചിരുന്നു.
    എച്ചുമുവിന്റെ ഈ കഥകളും അവലോകനവും മുഖ്യാധാരയിൽ ചർച്ച ചെയ്യപ്പെട്ടപ്പോൾ എച്ചുവിനോപ്പം ഞങ്ങളെല്ലാവരും ആഹ്ലാദിക്കുന്നു. അഭിമാനിക്കുന്നു

    ReplyDelete
  4. ഈ എഴുത്ത് രണ്ടു രീതിയില്‍ ആഹ്ലാദം പകരുന്നു. എച്ചമുവിന്‍റെ കഥകള്‍ക്കും കഠിനപരിശ്രമത്തിനും കിട്ടിയ അംഗീകാരം എന്ന നിലയില്‍, രണ്ടാമത് എല്ലാവരും ബ്ലോഗ് ഉപേക്ഷിച്ചു പോയിട്ടും ഇപ്പോഴും ഇവിടെ ബ്ലോഗിംഗ് തുടരുന്നു എന്നു കാണുന്നതില്‍. ഇനിയും കാണാം .off :കമന്‍റിംഗ് ഒരു ശിക്ഷയായിപ്പോയി പക്ഷേ.:))

    ReplyDelete
  5. സമാന്യവല്‍കരിക്കപ്പെട്ട മാതൃത്വത്തിന്റെ സാംസ്‌കാരികലോകത്തോട് ചേര്‍ന്നു നില്‍ക്കുകയും അതിനോട് സംവദിച്ചുകൊണ്ട് കൂടുതല്‍ സൂക്ഷ്മവും സവിശേഷവുമായ വിധത്തില്‍ അതിനകത്തെ ബലതന്ത്രങ്ങള്‍ തെളിച്ചെടുക്കുകയും ചെയ്യുന്നു എന്നതാണ് എച്ച്മുകുട്ടിയുടെ മാതൃലോകത്തിന്റെ പ്രത്യേകത.

    വാരികയില്‍ വായിച്ചിരുന്നെങ്കിലും ഒന്നുകൂടി സൂക്ഷ്മമായി വായിച്ചു. എച്ചുമുക്കുട്ടിയുടെ ബ്ലോഗ്‌ കഥകളിലെ ആത്മാവ് കൃത്യമായി കണ്ടെത്തിയ പഠനം സമ്മാനിച്ചതിന് ടീച്ചര്‍ക്ക് വളരെ നന്ദി. പഠനത്തില്‍ സൂചിപ്പിച്ചത് പോലെ ഒഴിഞ്ഞുമാറി ഒറ്റവസന്തം തീര്‍ത്തിരുന്ന എച്ചുമുക്കുട്ടിയുടെ എഴുത്തുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് തന്നെ മുഖ്യധാരയില്‍ പടരേണ്ടതായിരുന്നു. വൈകിയെങ്കിലും, വിപുലമായ വായനയും പരിചയപ്പെടുത്തുലുകളും പഠനങ്ങളും ഇപ്പോള്‍ നല്‍കുന്ന സൂചന ലേഖനത്തില്‍ പ്രതിപാദിച്ച എഴുത്തുകാരികള്‍ക്കൊപ്പമോ അല്ലെങ്കില്‍ കാലഘട്ടത്തിനുസരിച്ചുള്ള അവരെക്കാള്‍ ഉയര്‍ന്ന തലത്തിലേക്കൊ വളരുന്നു എന്നത് ഞങ്ങള്‍ ബ്ലോഗര്‍മാര്‍ക്ക് ഏറെ അഭിമാനം നല്‍കുന്നു എന്നതിനേക്കാളുപരി സമൂഹത്തില്‍ ഒരു മൂര്‍ച്ചയുള്ള വാളായി പരിണമിക്കുന്നു എന്നതാണ്.

    ടീച്ചറുടെ പഠനം താഴെയുള്ള ലിങ്കിലൂടെ പോയാല്‍ വാരിക ലഭിക്കാത്തവര്‍ക്ക്‌ വായിക്കാം.
    പഠനം ഇവിടെ വായിക്കാം

    ReplyDelete
  6. എച്മു ആന്റിയുടെ പല കഥകളും വായിക്കുമ്പോൾ ഉള്ളിലുണ്ടാവുന്ന ആ തീ തന്നെ ഇവിടെ വിഷയമായതിൽ ഏറെ സന്തോഷം. ഇനിയും ഇടയ്ക്കെവിടെയോ വിട്ടു പോയ പല കഥകളിലേയ്ക്കുമുള്ള ചൂണ്ടു പലകയുമായി ഈ എഴുത്ത്.. ആശംസകൾ :)

    ReplyDelete
  7. എച്ച്മൂട്ടി ഒരു സംഭവം തന്നെയാണ് ടീച്ചർ.

    ReplyDelete
  8. കമന്‌റിട്ട എല്ലാ കൂട്ടുകാര്‍ക്കും നന്ദി, സ്‌നേഹം... ഇനിയും വരണേ

    ReplyDelete
  9. നമ്മുടെ ഇടയിൽ നിന്ന് ഉയർന്നുവരുന്ന എഴുത്തുകാരിയാണ് എച്മു. നമുക്കേറെ പ്രിയപ്പെട്ട ഒരാൾ എന്നപോലെ ഒരു ഫീലിംഗ് വരും എച്മുവിനെ ഓർക്കുമ്പോൾ. അതുകൊണ്ട് തന്നെ ഈ കുറിപ്പ് സന്തോഷത്തോടെ വായിച്ചു.
    താങ്ക്സ്

    ReplyDelete
  10. എങ്ങനെയെങ്കിലും കഥകൾ വായിക്കാൻ തോന്നുന്നു, ഇത് വായിച്ചു തീർത്തപ്പോൾ

    ReplyDelete