Wednesday, January 15, 2014

മാര്‍ഗരിതയുടെ അന്തര്‍ഗതങ്ങള്‍ (ഒരു iffk 2013 അനുഭവം )

തെക്കുകിഴക്കന്‍ ആഫ്രിക്കയിലെ മൊസാമ്പിക്കിന്റെ സമീപഭൂതകാലതിന്റെ രാഷ്ട്രീയചരിത്രമാണ് ലിസീനിയോ അസ്വാദേ സംവിധാനം ചെയ്ത വിര്‍ജിന്‍ മാര്‍ഗരിതയുടെ ഭൂമിക. അദ്ദേഹം തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ദ ലാസ്റ്റ് പ്രോസ്റ്റിറ്റിയൂട്ട് എന്ന നാടകത്തില്‍ നിന്നാണീ ചിത്രത്തിന്റെ പിറവി. കോളനിയനന്തര രാഷ്ട്രീയാവസ്ഥയില്‍ ഒരു ഭരണകൂടം അതിന്റെ ജനതയെ പ്രജകളായി  മെരുക്കിയെടുക്കുന്നതിന്റെ, കൂടുതല്‍ ശുദ്ധീകരിക്കുകയും അരിച്ചെടുക്കുകയും ചെയ്യുന്നതിന്റെ പ്രക്രിയകള്‍ ഇവിടെ നാം കാണുന്നു. ദേശീയതയെയും പൗരത്വത്തെയും സംബന്ധിച്ച ബൃഹദ്‌യുക്തികള്‍ക്കകത്ത്  ലിംഗഭേദസംബന്ധമായ ചോദ്യചിഹ്നങ്ങള്‍ കൊണ്ട് സ്‌ഫോടനമൊരുക്കുകയാണ് അസ്വാദേ. ലൈംഗികത്തൊഴില്‍, കന്യകാത്വം, ലൈംഗികത, മുതലായ സ്ത്രീപ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് സൂക്ഷ്മരാഷ്ട്രീയത്തിന്റെ ഒരു ദിശയിലേക്കുള്ള സഞ്ചാരം അന്തര്‍ധാരയാക്കി നിര്‍ത്തുന്നു. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും വിശാലതാല്‍പര്യങ്ങളില്‍ സ്ത്രീകള്‍ അദൃശ്യരാക്കപ്പെട്ടു പോകുന്നതിന്റെ, തമസ്‌കരിക്കപ്പെടുന്നതിന്റെ, അതിലുപരി ചൂഷണം ചെയ്യപ്പെട്ട് കൂടുതല്‍കൂടുതലായി ഇരകാളാക്കപ്പെടുന്നതിന്റെ തിരിച്ചറിവ് ഈ ചിത്രത്തിലുണ്ട്. സ്ത്രീപക്ഷ രാഷ്ട്രീയത്തെ കൂടുതല്‍ സൂക്ഷ്മവും വിശാലവുമായി മനസ്സിലാക്കുന്നതിലേയ്ക്കുള്ള നോട്ടങ്ങള്‍ കൊണ്ട് സമ്പന്നമാണെന്നതാണ് ഈ ചിത്രത്തിന്റെ രാഷ്ട്രീയപ്രസക്തി. കാരണം വിമോചനമെന്ന ആശയത്തെക്കുറിച്ചുള്ള പലവിധ ചോദ്യങ്ങളെ ഒരേസമയം തെളിയിച്ചെടുക്കുവാന്‍ കഴിയുന്ന ആഖ്യാനസാധ്യതകള്‍ ഈ ചിത്രത്തില്‍ ലയിച്ചു കിടക്കുന്നു.
പോര്‍ച്ചുഗല്‍ അധിനിവേശാനന്തരകാലത്തെ മൊസാമ്പിക്കില്‍ പട്ടാളക്കാര്‍ നിര്‍ബന്ധമായി പിടിച്ചുകൊണ്ടുപോയ ഒരു പറ്റം ലൈംഗികതൊഴിലാളികളുടെ അനുഭവകഥനമാണ് മാര്‍ഗരിത. പിടിക്കപ്പെട്ടവരില്‍ ഒരാളൊഴികെ എല്ലാവരും ലൈംഗികതൊഴിലാളികളാണ്. കന്യകയായ, പതിനാറുകാരിയായ മാര്‍ഗരിത തെറ്റിദ്ധരിക്കപ്പെട്ട് അവരുടെ കയ്യില്‍ പെട്ടുപോവുകയാണ്. അവള്‍ വിവാഹനിശ്ചയം കഴിഞ്ഞ് ഇരിക്കുകയുമാണ്. പിടിക്കപ്പെട്ട യുവതികളില്‍ ഏറ്റവും ധിക്കാരിയും രോഷാകുലയുമാണ് റോസ. അവളൊരു മൂന്നാംകിടയില്‍പ്പെട്ട ലൈംഗികതൊഴിലാളിയുമാണ്. അവള്‍ അനുസരണക്കേടേ കാണിക്കൂ. ബാര്‍ഡാന്‍സര്‍കൂടിയായ മറ്റൊരു ലൈംഗികതൊഴിലാളി സൂസിയെ അവള്‍ പരിഹസിക്കുന്നു. സൂസി താന്‍ കൂടിയ നിലവാരത്തിലുള്ളവളാണെന്നമട്ടില്‍ കുറച്ചു ആഢ്യത്വം ഭാവിക്കുന്നത് അവള്‍ക്ക് രസിക്കുന്നില്ല. തന്റെ രണ്ടു മക്കളുടെ അടുത്തെത്താന്‍ വെമ്പി നില്‍ക്കുമ്പോഴാണ് പട്ടാളം അവളെ പിടികൂടുന്നത്. എല്ലാവരും തമ്മില്‍ പരിചയപ്പെടുമ്പോള്‍ മാര്‍ഗറിതയോട് സൂസി പറയുന്നു. നിന്റേത് നല്ല പേരാണ്; ഒരു പൂവിന്റേത്. സഹജമായ പരിഹാസത്തോടെ
റോസ പറയുന്നു. എന്റേതും ഒരു പൂവിന്റെ പേരു തന്നെ മുള്ളും മണവുമുള്ള പൂവ്. അവള്‍ക്ക് എല്ലാറ്റിനെയും പരിഹാസമാണ്. മൂന്നാംക്ലാസ് കൂലിയും ഒന്നാംക്ലാസ് സേവനമെന്ന് തന്റെ തൊഴിലിനെ സ്വയം പരിഹസിക്കാനും അവള്‍ക്ക് മടിക്കുന്നില്ല. പട്ടാളക്കാര്‍ കന്നുകാലികളെ എന്നവണ്ണം ഒരു ട്രക്കില്‍ എല്ലാവരെയും പിടിച്ചു കൊണ്ടുപോകുമ്പോള്‍ റോസ കൂടെയുള്ളവരെ ശല്യം ചെയ്യുകയും കളിയാക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ ഭക്ഷണം തട്ടിപ്പറിക്കാനും ഇരിപ്പിടം കൈയേറാനും മോഷ്ടിക്കാനും പരസ്യമായി കീഴ്ശ്വാസം വിടാനും മടിയില്ല റോസയ്ക്ക്. ഉത്സവീകരിക്കപ്പെട്ട ഒരു ഹാസ്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇവിടെ അസ്വാദെ.

കാടിനുള്ളിലെ പരിശീലന ക്യാമ്പുകളിലേയ്ക്ക് നയിക്കപ്പെട്ട സ്ത്രീകള്‍ക്ക് ക്രൂരമായ അനുഭവങ്ങളുടെ തുടക്കമായിരുന്നു. പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് ക്രൂരരായ വനിതാ കമാന്റോകളുടെ കീഴില്‍ കഠിനമായ ജോലിയും പലപ്പോഴും നാമമാത്രഭക്ഷണവും അനുസരണക്കേടിന് കനത്ത ശിക്ഷയും. കാട് വെട്ടിത്തെളിച്ചും മരങ്ങള്‍ നട്ടും കിടങ്ങുകള്‍ കുഴിച്ചും റോഡുകള്‍ നിര്‍മ്മിച്ചും ഭക്ഷണം ഉണ്ടാക്കിയും  അവര്‍ കഠിനമായി അധ്വാനിക്കുന്നു. ചെറിയ ചെറിയ തെറ്റുകള്‍ക്കു പോലും മുക്കാലിയില്‍ കൈയും കാലും കെട്ടി പൊരിവെയിലത്ത് പകലന്തിയോളം നില്‍ക്കേണ്ടിവരുന്നു. തറയില്‍ ഇഴഞ്ഞും ഓടിയും പല റൗണ്ട് ശിക്ഷ പൂര്‍ത്തിയാക്കുന്നു. ഇതെല്ലാം രാഷ്ട്രത്തിനു യോജിച്ചവിധം അവരെ വിദ്യാഭ്യാസം ചെയ്യിപ്പിച്ച് ആധുനികസ്ത്രീകളാക്കുന്നതിന്റെ ഭാഗമാണെന്ന ആത്മാര്‍ത്ഥമായ വിശ്വാസത്തിലാണ് കമാന്റോകള്‍. ക്യാമ്പ് നിരീക്ഷകരായെത്തിയ പുരുഷ•ാരില്‍ നിന്ന് എങ്ങനെയോ കിട്ടിയ സോപ്പിന്‍ കഷ്ണം കൊണ്ട് കാട്ടുചോലയില്‍ കുളിക്കാനിറങ്ങിയവര്‍ അതിന്റെ പേരില്‍ മത്സരിക്കുകയും വഴക്കിടുകയും ചെയ്യുന്നു. സോപ്പിന്റെ സാന്നിദ്ധ്യം അന്വേഷണവിധേയമാകുന്നു. വിശപ്പ് സഹിക്കാനാവാതെ ഒരുവള്‍ വിഷക്കായ പറിച്ചു തിന്നുന്നത്  മാര്‍ഗരിത തടയുന്നു. ശിക്ഷകളധികവും ഏറ്റുവാങ്ങുന്നത് റോസ തന്നെ. ഇതിനകം റോസ കമാന്റോകളുടെ നോട്ടപ്പുള്ളിയായിക്കഴിഞ്ഞു. പിടിക്കപ്പെട്ടവര്‍ എല്ലാവരും ഒന്നിച്ച്  ഒരു ടെന്റിലാണ് താമസം. ഒളിച്ചോടാനുള്ള ആഗ്രഹം എല്ലാവര്‍ക്കുമുണ്ട് രോഗക്കിടക്കയിലുളള പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ചുവന്ന മക്കളെയും ഭര്‍ത്താക്കന്‍മാരെയും ഒക്കെ ഓര്‍ത്ത് എല്ലാവരും വേദനയിലാണ്. മോചനത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള ദാഹം അവരില്‍ വളരുന്നു. എന്നാല്‍ കടുത്ത സുരക്ഷ ഭേദിച്ച് ഒരിക്കലും പുറത്തു പോകാനാവില്ലെന്ന് അവര്‍ക്കറിയാം. എങ്കിലും എന്തെങ്കിലും വഴി തേടാനവര്‍ തലപുകഞ്ഞാലോചിക്കുന്നു. മാര്‍ഗരിതയ്ക്ക് കാട്ടിലെ വഴികളറിയാം. അവള്‍ക്ക് കാട്ടുചെടികളെയും വിഷജന്തുക്കളെയും തിരിച്ചറിയാം. അവളുടെ സഹായത്തോടെ ഒളിച്ചോടാന്‍ റോസയും സൂസിയുമുള്‍പ്പെടെ ചിലര്‍ തീരുമാനിക്കുന്നു. എന്നാലവര്‍ ദയനീയമായി  പിടിക്കപ്പെടുന്നു. ക്രൂരമായ ശിക്ഷയായിരുന്നു  അവരെ കാത്തിരുന്നത്.
   
      മാര്‍ഗരിതയുടെ ചെറുപ്പം കന്യകാത്വം, പെരുമാറ്റത്തിലെ മൃദുത്വം, കരുതല്‍, ചകിതഭാവം എല്ലാം ലൈംഗികതൊഴിലാളികളായ സ്ത്രീകളുടെ പരുക്കന്‍ മട്ടിന്റെ അപരമായി നിര്‍
ത്തിക്കൊണ്ടാണ് ആദ്യം കഥ നീങ്ങുന്നത്. എന്നാല്‍ ഒരു ഘട്ടം കഴിയുമ്പോള്‍ അവള്‍ അവരുടെ തന്നെ തുടര്‍ച്ചയാകുന്നു. അത് വീട്ടിലേക്കുള്ള യാത്രയില്‍ കന്യകാത്വം നശിപ്പിക്കപ്പെട്ട് ആക്രമണത്തിനിരയാകുന്നതുകൊണ്ടുമാത്രമല്ല. വിമോചനത്തിന്റെ ദാഹം അവള്‍ തീക്ഷ്ണമായി പങ്കുവെക്കുന്നു. അതിനുള്ള അന്വേഷണങ്ങളില്‍ വഴികാട്ടിയുമാകുന്നു. അവള്‍ക്ക് കാടിന്റെ വഴികളറിയാം, വന്യജന്തുക്കളുടെയും വിഷജന്തുക്കളുടെയും സഞ്ചാരവുമറിയാം. മാര്‍ഗരിതയെ ലൈംഗികത്തൊഴിലാളിയെന്നു തെറ്റിദ്ധരിച്ച് പിടികൂടിയതാണെന്ന് എല്ലാവരും കമാന്‍ോകളെ ബോധിപ്പിക്കുന്നു. അവള്‍ കന്യകയാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടതോടെ അത് സത്യമാണെന്നു വന്നു. ഇതിനിടയില്‍ സൂസിയുടെ മക്കളിലൊരാള്‍ അസുഖം വന്ന് മരണപ്പെട്ട വാര്‍ത്ത ക്യാമ്പിലെത്തുന്നു. പീഡനകാലങ്ങള്‍ക്കിടയില്‍ ഒരു ദിനം സദ്‌വാര്‍ത്ത പോലെ ഒരാളെ വിട്ടയക്കാന്‍ തീരുമാനമായി. അതാരാണെന്നതില്‍ ആര്‍ക്കും സംശയമില്ല; മാര്‍ഗരിത തന്നെ. അവള്‍ക്കു പക്ഷേ സൂസിയും റോസയുമൊന്നുമില്ലാതെ ഒറ്റയ്ക്ക് പോകാന്‍ ഇഷ്ടമില്ല. ഒടുവില്‍ നിരീക്ഷകരായെത്തിയ  പുരുഷപട്ടാളക്കാരോടൊപ്പം അവളെ നാട്ടിലേയ്ക്കയക്കുന്നു. എന്നാല്‍ വഴിയാത്രയ്ക്കിടയില്‍ അവള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുന്നു. ആര്‍ത്തു കരഞ്ഞ് എഴഞ്ഞും വലിഞ്ഞും അവള്‍ ക്യാമ്പിലേയ്ക്കു തന്നെ തിരിച്ചെത്തുന്നു. പരിശീലകരായ വനിതാ കമാന്റോകള്‍ തങ്ങളും ഈ സ്ത്രീകളുമെല്ലാം ഒരേ വലയിലെ കിളികള്‍ തന്നെ എന്നു തിരിച്ചറിയുന്നു.

ഉത്സവീകരിക്കപ്പെട്ട ആഖ്യാനം

യാഥാര്‍ത്ഥ്യത്തെയും അതിന്റെ സൂക്ഷ്മവൈരുദ്ധ്യങ്ങളുെയും ചിത്രീകരിക്കുന്നതിന് ഋജുവായ യഥാതഥശൈലിയല്ല ഈ സിനിമ സ്വീകരിച്ചിരിക്കുന്നത്. ആഖ്യാനശൈലിയില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്ന നര്‍മ്മം, അതിനകമ്പടിയായ ഉദ്വേഗം, പിരിമുറുക്കമുള്ള സന്ദര്‍ഭങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന ട്വിസ്റ്റുകള്‍, ചിതറലുകള്‍ ഒക്കെച്ചേര്‍ന്ന് വേറിട്ടൊരു ചടുലായ ആഖ്യാന ഭാഷയായി ഈ സിനിമ മാറുന്നു. പതിവ് ഉദാത്തതകളും ഗൗരവങ്ങളും അടിയിലേയ്ക്ക് അമര്‍ന്നു താഴ്ന്നുകൊണ്ട് ജീവിതത്തിന്റെയും അനുഭവത്തിന്റെയും പരുക്കന്‍ പ്രതലങ്ങളിലൂടെ മനുഷ്യാവസ്ഥയുടെ അടിസ്ഥാനങ്ങള്‍ തെളിച്ചെടുക്കപ്പെടുന്നു. വിശപ്പ,് ലൈംഗികത, ആര്‍ത്തി, ആക്രമണം, പരിഹാസം, ക്രൂരവാസനകള്‍ ഇവയ്‌ക്കെല്ലാമിടയില്‍ ചില മമതകള്‍ എല്ലാം തെളിഞ്ഞു തെളിഞ്ഞു വരുന്നു. ഒരേ അനുസ്യൂതിയില്‍ അനവരതം ഉല്‍സവീകരിക്കപ്പെട്ട ദൃശ്യഭാഷയായി സിനിമ മാറുന്നതങ്ങനെയാണ്. 

ആധുനികതയുടെ പ്രശ്‌നവല്‍ക്കരണം

പുരുഷാധിപത്യത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പല വഴികള്‍ സിനിമയില്‍ പ്രബലമാണ്. രാഷ്ട്രവും രാഷ്ട്രീയവും ദേശീയതയും പൗരത്വവുമായി ബന്ധപ്പെടുത്തിക്കൊണ്ട് എങ്ങനെയാണ് പുരുഷാധിപത്യം സ്ത്രീകളെ വിശേഷിച്ചും അപരസ്ത്രീകളെ കൂടുതല്‍ കീഴമര്‍ത്തുന്നത് എന്ന് ഈ സിനിമ അന്വേഷിക്കുന്നു.  ദേശം എന്ന പുരുഷാധികാരഭൂമികയുടെ ഏറ്റവും മൂര്‍ത്തമായ പ്രകടനങ്ങളാണ് ഈ സിനിമയില്‍ നാം കാണുന്നത്. രാഷ്ട്രത്തിന്റെ പ്രജകളെത്തന്നെ ഒരേ ശ്രേണിയുടെ തന്നെ വിവിധ പദവികളിലും നിലകളിലും ഇരകളായി നിര്‍ത്തിക്കൊണ്ട് അധികാരവ്യാപനത്തിന്റെ സങ്കീര്‍ണമായ പ്രഹേളികാസ്വഭാവത്തെ ആവിഷ്‌കരിക്കുന്നു. ചിത്രത്തില്‍ ഇടക്കിടെ പീഡകരും പരിശീലകരുമായി പ്രത്യക്ഷപ്പെടുന്ന രണ്ടു സ്ത്രീകമാന്റോകളും ഭീഷണിയുടെ സ്വരത്തില്‍ ഇടക്കിടെ പറയുന്നുണ്ട്; ''ഞങ്ങള്‍ സ്ത്രീകളാണ്. പക്ഷേ ഞങ്ങള്‍ വേണമെങ്കില്‍ ആണുങ്ങളെപ്പോലെത്തന്നെ പെരുമാറാന്‍ മടിക്കാത്തവരാണെന്നോര്‍ത്തോ. മാത്രമല്ല, എന്തും  മുകളില്‍ നിന്നുള്ള ഉത്തരവനസരിച്ചു മാത്രമേ ഞങ്ങള്‍ പ്രവര്‍ത്തിക്കൂ.''  ചൂഷകരും ചൂഷിതരും തമ്മിലുള്ള അധികാരവരമ്പുകള്‍ക്കപ്പുറം ഇരകളെത്തന്നെ ഇരകള്‍ക്കെതിരായി ഉപയോഗിക്കുന്ന കൊളോണിയല്‍ തന്ത്രങ്ങള്‍ക്ക് സമാനമാണിത്. തര്‍ക്കുത്തരം പറയുന്നതിനും പണിയെടുക്കാത്തതിനും മറ്റനവധി അനുസരണക്കേടുകള്‍ക്കും കടുത്ത ശിക്ഷ ഏല്‍പ്പിച്ചുകൊണ്ട് അവര്‍ നടത്തുന്ന അച്ചടക്കനടപടികള്‍ എല്ലാം തന്നെ രാഷ്ട്രത്തിനും അതിന്റെ ഭദ്രതയ്ക്കും വേണ്ടിയുള്ളതാണ്. എന്നാല്‍ ഒടുവില്‍ അനിവാര്യമായ ഒരു തിരിച്ചറിവിലൂടെ എല്ലാം അട്ടിമറിക്കപ്പെടുന്നു. ഏതെങ്കിലും ഒരാളെ മാത്രം സ്വദേശത്തേയ്ക്ക് പറഞ്ഞുവിടാനുള്ള അനുമതി വരുമ്പോള്‍ മാര്‍ഗരിതയുടെ ഭാഗ്യം തെളിയുന്നു. വീട്ടിലേയ്ക്കുള്ള യാത്രയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട അവള്‍ തിരിച്ചെത്തുന്നു. ഒരുപക്ഷേ പരിശീലകരായ കമാന്റോകളുള്‍പ്പെടെ എല്ലാവരും ഒരേ ചൂഷണത്തിന്റെ ഇരകളാണെന്ന എല്ലാവര്‍ക്കും പരസ്പരം ബോധ്യപ്പെടുന്ന നിമിഷമാണത്. തങ്ങള്‍ രാഷ്ട്രത്താല്‍ തന്നെ എപ്പോഴേ വഞ്ചിക്കപ്പെട്ടവരാണെന്ന് കമാന്റോകള്‍ ഞെട്ടലോടെ തിരിച്ചറിയുന്നു. സ്ത്രീകളെന്ന നിലയില്‍, പ്രജകളെന്ന നിലയില്‍, ഇരകളെന്ന നിലയില്‍ തങ്ങളെല്ലാം ഒരേ നുകത്തിനു കീഴിലെ കാളകള്‍ മാത്രം. പാമ്പിന്റെ വായിലിരുന്ന് ഭക്ഷണത്തിനു വേണ്ടി ബഹളമുണ്ടാക്കുന്ന തവളകളായിരുന്നു തങ്ങള്‍ എന്ന് കമാന്‍ോകള്‍ക്ക് മനസ്സിലാകുന്നു. (പൊതു)ശത്രു പുറത്താണ്, തങ്ങള്‍ക്കിടയിലല്ല എന്ന ബോധ്യത്തിന്റെ നിമിഷത്തില്‍ മുകളില്‍ നിന്നുള്ള ഒരു ഉത്തരവും ഇല്ലാതെ എല്ലാവരും സ്വതന്ത്രരാക്കപ്പെടുകയാണ്. എല്ലാ മതങ്ങള്‍ക്കും മേലെയുള്ള ആദിമമതമാണ് ആണ്‍കോയ്മയെന്ന കേറ്റ് മില്ലറ്റിന്റെ നിരീക്ഷണം ഇവിടെ സാധൂകരിക്കപ്പെടുന്നു. പെണ്ണത്തത്തിന്റെ അഭാവമോ നിരാകരണമോ മാത്രമല്ല ആണ്‍കോയ്മയുടെ വഴികള്‍ മറിച്ച് പെണ്ണത്തത്തിന്റെ അടിസ്ഥാനങ്ങളെ മൂല്യപരമായും ധാര്‍മികമായും ആണ്‍കോയ്മകള്‍ക്കു കീഴില്‍ അട്ടിമറിച്ച് മെരുക്കി പരുവപ്പെടുത്തുന്നു എന്നീ ചിത്രം പറയുന്നു. ആണത്തങ്ങള്‍ക്കത്തെ അധീശപൗരുഷങ്ങള്‍ പോലെത്തന്നെ പെണ്ണത്തങ്ങള്‍ക്കകത്തും അധീശകീഴാളഘടനകളുണ്ടെന്നും  അത് സ്ഥാപിച്ചെടുക്കുന്നത് ഫലത്തില്‍ ആണ്‍കോയ്മ തന്നെയാണെന്നും ഈ ചിത്രം വ്യക്തമായി ധരിക്കുന്നു.



കൊളോണിയല്‍വിരുദ്ധസമീപനങ്ങള്‍ എങ്ങനെ സ്വയം ഒരു വൈരുദ്ധ്യമാകുന്നു എന്നത് ഈ ചിത്രം നോക്കിക്കാണുന്നുണ്ട്. സ്വത്വസ്ഥാപനം, അതിജീവനം, സ്വാതന്ത്ര്യം എന്നീ അനിവാര്യതകള്‍ക്കപ്പുറം കൊളോണിയല്‍ വിരുദ്ധനിലപാടുകളും മനോഭാവങ്ങളും അതില്‍ത്തന്നെ ഒരു അധികാരസ്ഥാപനമായി ഉറച്ചുപോകുന്നതിന്റെ പ്രശ്‌നങ്ങളിലേയ്ക്കാണ് ഈ ചിത്രം വിരല്‍ ചൂണ്ടുന്നത്. കൊളോണിയല്‍ വിരുദ്ധസമീപനങ്ങളെ, അവയുടെ ആധുനികവല്‍ക്കരണപ്രക്രിയകളെ  ഒരു ആയുധമാക്കിക്കൊണ്ട് പൗരത്വത്തെ അടിച്ചമര്‍ത്തുന്നതിന് അധികാരികള്‍ ഉപയോഗിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഈ സിനിമ. ആ അര്‍ഥത്തില്‍ ഇന്ത്യയെപ്പോലുള്ള നവസ്വതന്ത്രമായ മൂന്നാംലോക രാഷ്ട്രങ്ങളിലെ ഏകമാനനിഷ്ഠമായ ഭരണകൂടയുക്തികളാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
(2014 ജനുവരി മാസം മാതൃകാന്വേഷിയില്‍ പ്രസിദ്ധീകരിച്ചത്)

Saturday, January 11, 2014

മാധ്യസ്ഥ്യം, ഉപജാപം, അസ്ഥിരം: പുതുകവിതയിലെ ഉടല്‍വിനിമയങ്ങള്‍

സ്വന്തം മകന്റെ ഭാര്യയെ വിവാഹം കഴിച്ച ഒരു സ്ത്രീയുടെ കഥ എയ്ഞ്ചലാകാര്‍ട്ടര്‍ എഴുതിയിട്ടുണ്ട്. എസ്‌കിമോകളുടെ ഇടയിലുള്ള ആ കഥയിങ്ങനെ: തന്റെ ഒരേയൊരു മകന്‍ വിവാഹം കഴിച്ചുകൊണ്ടുവന്ന സുന്ദരിയായ യുവതിയോട് വൃദ്ധയായ അമ്മയ്ക്ക് ഓരോ ദിവസവും മോഹം വര്‍ദ്ധിച്ചുവന്നു. നായാട്ടുകാരനായ മകന്‍ വേട്ടയ്ക്കുപോയാല്‍ കുറേ നാളുകള്‍ കഴിഞ്ഞാണ് തിരിച്ചുവരാറ്. അങ്ങനെയിരിക്കെ മധുവിധുകാലം കഴിഞ്ഞ് മകന്‍ തന്റെ ഭാര്യയെ വീട്ടില്‍ തനിച്ചാക്കി വേട്ടയ്ക്കു പോയി. തക്കം നോക്കി അമ്മയെത്തി. നീര്‍നായയുടെ തലകൊണ്ടും മാംസളമായ തൊലികൊണ്ടും മറ്റു പല സാമഗ്രഹികള്‍ കൊണ്ടും നിര്‍മ്മിച്ചെടുത്ത വലിപ്പമുള്ള ഒരു ലിംഗം അവര്‍ അരയില്‍ കെട്ടി ഉറപ്പിച്ച് അതു കാണിച്ച് മരുമകളെ പ്രലോഭിപ്പിച്ചു. എന്തുരസമാണിത് എന്നു പറഞ്ഞ് അവള്‍ അതില്‍ വീഴുകയും ചെയ്തു. അവരൊന്നിച്ചാണ്  കിടപ്പും ഉറക്കവുമെല്ലാം. പക്ഷേ, കുറച്ചുനാളുകള്‍ക്കു ശേഷം മകന്‍ തിരിച്ചെത്തി. മുറ്റത്തെ അടയാളങ്ങളും നീര്‍നായയുടെ അവശിഷ്ടങ്ങളും മറ്റും കണ്ടപ്പോള്‍ അയാള്‍ സംശയിച്ചു, ഒരു ഭര്‍ത്താവിനെപ്പോലെ! അവള്‍ വേറൊരു വരത്തനുമായി ചിറ്റം തുടങ്ങിയിട്ടുണ്ടെന്ന് അയാള്‍ ഊഹിച്ചു. അവനെ കണ്ടെത്തണം വകവരുത്തണം. ഭിത്തിയില്‍ ഒരു വിടവുണ്ടാക്കി അതിനു പിന്നില്‍ അയാള്‍ ഒളിച്ചിരുന്നു. ജാഗ്രതയോടെ ഉറ്റുനോക്കി. അയാള്‍ ആ കാഴ്ച കണ്ട് സ്തബ്ധനായി. തന്റെ അമ്മ കുപ്പായമൂരിക്കളഞ്ഞ്. മുലകള്‍ അങ്ങുമിങ്ങും ആട്ടിയുലച്ച് അവളെ മാടിവിളിക്കുന്നു. പരസ്പരം സുഖം നുകരുന്നു. കോപം കൊണ്ട് വിറളി പിടിച്ച അയാള്‍ കയ്യില്‍ കിട്ടിയ ഒരു മരക്കഷ്ണം കൊണ്ട് അമ്മയെ ആഞ്ഞടിച്ചു. വൃദ്ധയും ദുര്‍ബലയുമായ അവര്‍ നിലത്തുവീണു മരിച്ചു. ആര്‍ത്തുകരഞ്ഞുകൊണ്ട് മരുമകള്‍/ ഭാര്യ നെഞ്ചത്തടിച്ചു. ''നിങ്ങളെന്റെ ഭര്‍ത്താവിനെയാണ്  കൊന്നത്. ദുഷ്ടനാണു നിങ്ങള്‍! നിങ്ങളെന്തിനിതു ചെയ്തു?''

പ്രാഗ്‌സമൂഹങ്ങളിലെ ലിംഗസംസ്‌കാരത്തെ അതിന്റെ അരണ്ടവെളിച്ചത്തില്‍ വിശദീകരിക്കുന്ന ഈ കഥ എന്താണ് ആണെന്നും ആണ്‍ശരീരമെന്നും സ്ത്രീയുടെ വിലോഭനീയത സ്ത്രീയെ എങ്ങനെ പ്രചോദിപ്പിക്കുന്നുവെന്നും ആണത്തസ്ഥാപനത്തിലെ മാത്സര്യമെന്തെന്നും പല നിലകളില്‍, ദിശകളില്‍ നിന്നുകൊണ്ട് പറയുന്നു. സര്‍വ്വോപരി ആണ്‍, പെണ്‍ ലിംഗ ശരീരങ്ങളുടെ അസ്ഥിരതയെ അത് കുറിക്കുന്നു.  ഒരേ സമയം മൂര്‍ത്തമായിരിക്കുകയും അസ്ഥിരപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുക
എന്നതാണ് പുതുമലയാളകവിതയിലെ ലിംഗഭാവുകത്വത്തിന്റെയും സ്വഭാവം. സമകാലിക കവിതയിലെ ഏറ്റവും പുതിയ തലമുറയുടെ  ലിംഗാവബോധത്തെ പോസ്റ്റ് ഫെമിനിസ്റ്റിക്   എന്നു വിളിക്കാവുന്ന ഒരു കാഴ്ച്ചപ്പാടില്‍  നോക്കിക്കാണാന്‍ ശ്രമിക്കുമ്പോള്‍ മലയാളകവിതയുടെ പൊതുപാരമ്പര്യത്തെയും സാംസ്‌കാരികസ്ത്രീവാദത്തെയും ഒന്നിച്ച് അഭിസംബോധന ചെയ്യുന്ന ഒരു വീക്ഷണസ്ഥാനം കണ്ടെത്തേണ്ടതുണ്ട്. ലതീഷ് മോഹന്‍, സുധീഷ് കോട്ടേമ്പ്രം, ശൈലന്‍, വിഷ്ണുപ്രസാദ്, കുഴൂര്‍ വില്‍സന്‍, എം.എസ്.ബനേഷ് ,എസ്.കലേഷ് , രൂപേഷ് പോള്‍, വിനു ജോസഫ്, അജീഷ് ദാസന്‍, തുടങ്ങിയവരുടെ ചില കവിതകളെയാണ് ഇവിടെ പരിഗണിക്കുന്നത്. ഈ രചനകളില്‍ മുന്‍പില്ലാത്തവിധം  സമൃദ്ധമായി കടന്നു വരുന്ന ശരീരം, ലിംഗസ്വത്വം,  ആണ്‍ / പെണ്‍കാമനകള്‍,  ഇവ നിര്‍ണയിക്കുന്ന സൗന്ദര്യശാസ്ത്രപരവും രാഷ്ടീയവുമായ വിച്ഛേദം പ്രധാനമാണ്. ആധുനികാനന്തര കവികള്‍ എന്ന പൊതു ഗണത്തില്‍ ഉള്‍പ്പെട്ടു നില്‍ക്കുമ്പോഴും അക്കൂട്ടത്തിലെ സ്തീകവികളില്‍ നിന്നും ടി.പി.രാജീവന്‍, പി.പി.രാമചന്ദ്രന്‍, അന്‍വര്‍അലി, രേണുകുമാര്‍, , പി.എന്‍.ഗോപീകൃഷ്ണന്‍, റഫീഖ് അഹമ്മദ്, കെ.ആര്‍.ടോണി, വീരാന്‍കുട്ടി, വി.ആര്‍.സന്തോഷ്,എസ്.കണ്ണന്‍,  മനോജ് കുറൂര്, എന്നിങ്ങനെ നീളുന്ന പുരുഷകവികളില്‍  നിന്നും അവര്‍ സൃഷ്ടിക്കുന്ന അകലം പരികല്‍പനാപരമാണ്.  അത്തരം പരിപ്രേക്ഷ്യങ്ങള്‍ വ്യക്തതയോടെ തെളിഞ്ഞു വരാന്‍,അവ സമര്‍ത്ഥിക്കപ്പെടാന്‍ സമയമാകുന്നതേ ഉള്ളൂ എങ്കിലും അവയുടെ ഭാവനാപരമായ സാധ്യതകളെ നാം ഇപ്പോഴേ കണ്ടറിയേണ്ടതുണ്ട്.

പോസ്റ്റ് ഫെമിനിസം എന്ന വാക്കിനു കല്പിക്കുന്ന സാന്ദര്‍ഭികമായ അര്‍ത്ഥം ഒന്നു വിശദീകരിക്കേണ്ടതുണ്ട്.  സ്ത്രീവാദത്തിനു ശേഷം എന്നു കൃത്യമായി വിവക്ഷയില്ലെങ്കിലും  സ്തീവാദത്തിന്റെ മാറിയ സാഹചര്യങ്ങളും അനുഭവ മേഖലകളും പരിഗണിക്കുമ്പോള്‍ ഈ പദം ഉപയോഗിക്കേണ്ടി വരുന്നു. എന്താണീ മാറിയ സാഹചര്യങ്ങള്‍ എന്നത്  വിശദമാക്കാം.  സ്തീവാദവും അതിന്റെ ആശയാവലികളും ശരീരത്തെക്കുറിച്ചുള്ള സാംസ്‌കാരികപ്രയോഗങ്ങളെ  നിശിതമായ വിചാരണയ്ക്കു വിധേയമാക്കാറുണ്ട്.  പൂര്‍വനിശ്ചിതമായ ധാരണകളും വാര്‍പ്പുമാതൃകയിലുള്ള വിശകലനങ്ങളും അവിടെ കാണാന്‍കഴിയും. പുരുഷാഖ്യാനകര്‍തൃത്വത്തിലൂടെ രൂപപ്പെടുന്ന (സ്ത്രീ/പുരുഷ) ഉടല്‍ വിനിമയങ്ങളെ  പലപ്പോഴും അവ പ്രതിപക്ഷത്തു നിര്‍ത്തുന്നതും കാണാം. ആണിനെയും പെണ്ണിനെയും നിശ്ചിതമായ ഇര/വേട്ടക്കാരന്‍ ദ്വന്ദ്വങ്ങള്‍ക്കകത്തു  സ്വരൂപിച്ചു സ്ഥിരീകരിക്കുക എന്നതിന്റെ ലളിതയുക്തിക്കകത്താണ് അവ പ്രവര്‍ത്തിക്കുന്നത്. ആ സമീപനരീതികളില്‍ നിന്നു വ്യത്യസ്തമായി ലിംഗപദവിയെ(ഴലിറലൃ)  സംബന്ധിച്ച കൂടുതല്‍ വിശാലമായ ഒരു കാഴ്ച്ചപ്പാടിനെയാണ് പോസ്റ്റ് ഫെമിനിസം വിഭാവനം ചെയ്യുന്നത്. ആണ്‍/ പെണ്‍ വ്യവസ്ഥകള്‍ വ്യത്യസ്തമാകുകയും അതിലുപരി ഉഭയലിംഗ കര്‍തൃത്വങ്ങളും, ലെസ്ബിയന്‍, ഗേ, ട്രാന്‍സ് ജെന്‍ഡര്‍ സ്വത്വങ്ങളും അവരുടെ അനുഭവങ്ങളും  ഭാവനകളും കൂടി  കടന്നുവരുമ്പോള്‍  വ്യവസ്ഥീകരിക്കപ്പെട്ട ഫെമിനിസ്റ്റുയുക്തികള്‍ക്കു ഇളക്കം  തട്ടുന്നു.

സ്ത്രീരചനകളിലെ ശരീരമെഴുത്ത് :
സമീപനങ്ങളിലെ ജടിലതകളും ജൈവികതകളും
    ശരീരത്തെക്കുറിച്ചുള്ള സ്ത്രീ എഴുത്ത് മലയാളത്തില്‍ പുരുഷാധിപത്യസങ്കല്‍പ്പങ്ങളെ അഭിമുഖമായി, എതിര്‍നിലയില്‍ നിര്‍ത്തിക്കൊണ്ടാണ് പൊതുവെ കടന്നുവരാറ്. സ്ത്രീ/പുരുഷ അപരങ്ങള്‍ക്കകത്താണ്, അല്ലെങ്കില്‍ അത്തരം അപരനിര്‍മ്മിതിയിലൂടെയാണ് സ്ത്രീശരീരം ആഖ്യാനം ചെയ്യപ്പെടാറ്. സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള പ്രതിരോധം ഇവിടെ എപ്പോഴും ഒരു മുന്നുപാധിയാണ്.  ആവിഷ്‌കാരത്തേക്കാള്‍ അല്ലെങ്കില്‍ അത്രതന്നെ പ്രബലമാകുന്ന ഘടകം പ്രതിരോധമാവുന്നു. ശരീരത്തെ സ്വാഭാവികമായി എഴുതുക എന്നത് ഇന്ന് ഏറെക്കുറെ അസാധ്യമാണ്. ചെറുത്തുനില്‍പ്പിന്റെ അടയാളമായിക്കൊണ്ടേ ശരീരം എഴുതാനാവൂ എന്നൊരവസ്ഥ ഇതിനോടകം സ്ത്രീരചനകളില്‍ പ്രബലമായിട്ടുണ്ട്. ഇവയില്‍ നിന്നു വ്യത്യസ്തമായി പുരുഷാധിപത്യപരമായ കാമനകളെ തൃപ്തിപ്പെടുത്തുന്ന, ആത്മരതിപരമായ ആഗ്രഹവസ്തുവായി (ളലശേവെശേെശര ീയഷലര)േ സ്ത്രീയെ രൂപപ്പെടുത്തുന്ന ശരീരമെഴുത്തുകളും ഇല്ലെന്നല്ല. ആഗോളവല്‍കൃതമായ സാമൂഹിക സാഹചര്യങ്ങളില്‍ വിപണിയിലെ ചരക്കായും സൈബര്‍ലോകത്തെ പ്രതീതിയാഥാര്‍ത്ഥ്യ(ഢശൃൗേമഹ ൃലമഹശ്യേ) മായുമൊക്കെ ശരീരങ്ങള്‍ നിറയുന്നുമുണ്ട്. എന്നാല്‍ പൊതുവേ പെണ്‍രചനകളിലെ ശരീരം ആലങ്കാരികമായി പറഞ്ഞാല്‍ ഒരു പടയോട്ടഭൂമിയാണ്. പരസ്പരം എതിരിടുകയും പോര്‍വിളിക്കുകയും പാഞ്ഞടുക്കുകയും മാന്തിക്കീറുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുന്ന ഒരു യുദ്ധക്കളം തന്നെയായി  ശരീരമെഴുത്ത് മാറിയിട്ടുണ്ട്. അവിടെ സ്വഭാവിക ജീവിതമില്ല. ആകാംക്ഷയുടേയും ജാഗ്രതയുടേയും യുദ്ധഭൂമിയില്‍ പോരാട്ടക്കാര്‍ മാത്രം. ഭാഷകൊണ്ടും ബിംബങ്ങള്‍കൊണ്ടും ഉപകഥകളും ഭാഷാലീലകളും പാഠാന്തരബന്ധങ്ങളും നിറഞ്ഞ ആഖ്യാനതന്ത്രങ്ങള്‍ കൊണ്ടും ഒക്കെയൊക്കെ ഈ ആയുധമെഴുത്ത് നടന്നു പോകുന്നു. അങ്ങനെ നോക്കുമ്പോള്‍ ശരീരമെഴുത്തിന്റെ സമഗ്രമായ ഒരു ചരിത്രരചന എന്നത് ഏറെക്കുറെ അസാധ്യമാണ്. എങ്കിലും സ്ത്രീപരിഷ്‌കരണവാദത്തിന്റെയും പുരോഗതിയുടെയും പ്രക്ഷോഭങ്ങളുടെയും നിര്‍ദ്ദേശാത്മകമായ സൂചനകള്‍ സാധൂകരിക്കുന്ന രചനകള്‍ക്ക് സമകാലികമായ ഒരു ചരിത്രമുണ്ട്. പെണ്ണെഴുത്തിന്റെ കാലഘട്ടം അതുള്‍ക്കൊള്ളുന്നു. അവ തള്ളിക്കളയാനാവാത്ത വിധം ബലിഷ്ഠമായിത്തീര്‍ന്ന ഒരു ഘട്ടമാണിത്. നിര്‍ദ്ദേശാത്മകതയുടെ യുക്തികളെ അസാധുവാക്കുന്ന രചനകളും ഒട്ടുംതന്നെ കുറവല്ല. അവ സ്വയംനിര്‍ണ്ണയനത്തിന്റെയും സ്വയംസൂചകത്വത്തിന്റേതുമായ ഒരു ലോകം നിര്‍മ്മിക്കുന്നു. സ്‌ത്രൈണത, ശരീരം, ലൈംഗികത എന്നിവ അവിടെ കുറച്ചുകൂടി സ്വേഛാപരമോ, സ്വയം നിര്‍വ്വാഹകമോ ആയി നിലകൊള്ളുന്നു.
    നിര്‍ദ്ദേശാത്മക സ്വഭാവമുള്ള പ്രതിരോധങ്ങള്‍ സമകാലിക ലിംഗവ്യവഹാരങ്ങളില്‍ ഒരു വ്യവസ്ഥ തീര്‍ക്കുന്നുണ്ട്. അത് സ്ത്രീ ശരീരത്തെ ഒരു ഇരയായി മാത്രം കാണാന്‍ നിര്‍ബ്ബന്ധിക്കുന്നു. സ്ത്രീയേയും പുരുഷനേയും അപരങ്ങളായി കാണുന്ന ദ്വന്ദ്വാത്മക സമീപനത്തില്‍ സ്ത്രീ ശരീരം പുനര്‍നിര്‍വ്വചന സാധ്യതകളടഞ്ഞ് ഇരയുടെ വിധേയത്വനിലയില്‍ സ്ഥിരീകരിക്കപ്പെടുന്നു. ലിംഗവ്യവഹാരങ്ങളുടെ പൊതു സമീപനത്തില്‍ വളരെ സ്വാഭാവികമെന്നവണ്ണം സാധൂകരിക്കപ്പെട്ടുകൊണ്ട് സ്ത്രീപുരുഷ ശരീരങ്ങള്‍ ഇര/വേട്ടക്കാരന്‍ എന്ന ഘടനയിലേക്ക് ഉറപ്പിക്കപ്പെടുന്നു. തൊണ്ണൂറുകള്‍ക്കുശേഷം കേരളത്തില്‍ നടന്ന ബലാത്സംഗക്കേസുകളും സ്ത്രീപീഡന പരമ്പരകളും അവയെച്ചൊല്ലിയുള്ള സ്ത്രീപക്ഷ രാഷ്ട്രീയ ചര്‍ച്ചകളും സമരാഹ്വാനങ്ങളും കോടതിവിധികളും മൊഴിമാറ്റലുകളും ഒക്കെച്ചേര്‍ന്നു സൃഷ്ടിച്ച ഒരു തരംഗം ഇതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇവിടെ രചയിതാവിന്റെ അബോധം ഒരു സംരക്ഷകന്റെ, പുരുഷാധിപത്യ സങ്കല്‍പ്പങ്ങള്‍ താലോലിക്കുന്ന പരിഷ്‌കരണവാദിയുടെ മാതൃകയിലാണ്. ഇതിന്റെ ഫലമെന്നവണ്ണം സ്വയം നവീകരണവും ഭാവുകത്വ വിച്ഛേദവും നടക്കാതെ കല്ലിച്ച എഴുത്തായി ഇത്തരം രചനകള്‍ നിലനില്‍ക്കുന്നു. 
    സ്‌ത്രൈണാനുഭവങ്ങള്‍ പുരുഷക്കാഴ്ചക്കും അഭിരുചികള്‍ക്കും ഇണങ്ങുംവിധം ആവിഷ്‌കരിക്കേണ്ടിവന്ന എഴുത്തുകാരികളെക്കുറിച്ച് ആത്മഹത്യയുമായി ബന്ധപ്പെടുത്തി ഇ.വി. രാമകൃഷ്ണന്‍ എഴുതുന്നുണ്ട്. (വാക്കിലെ സമൂഹം, ഡിസി ബുക്‌സ്, കോട്ടയം.) എന്നാല്‍ ഫെമിനിസ്റ്റ് എഴുത്തും പ്രതിരോധവും ഒരു വ്യവസ്ഥയുടെ ഭാരമായി, സ്വയം അടിച്ചേല്‍പ്പിച്ച എഴുത്തുകാരികളുടെ നിലയും ഇപ്പറഞ്ഞതില്‍ നിന്നും വ്യത്യസതമല്ല. എണ്‍പതുകളോടെ ആവിഷ്‌കരിക്കപ്പെട്ട പെണ്ണെഴുത്തിന്റെ പരികല്പന അതിനെ ഒരു സ്ത്രീരചനയുടെ മാതൃകയായി കണ്ടെടുത്തു സ്ഥാപിക്കുന്ന മട്ടിലായിരുന്നുവെന്ന് ജെ. ദേവിക നിരീക്ഷിക്കുന്നുണ്ട്. സ്ത്രീകള്‍ എങ്ങനെയെഴുതണം എന്ന നിര്‍ദ്ദേശങ്ങള്‍ ഈ സങ്കല്‍പ്പത്തില്‍ ലീനമായിരുന്നു. ഗിരിജയും വിജയലക്ഷമിയും റോസ് മേരിയുമടക്കം പല എഴുത്തുകാരികളും ഈ പരികല്‍പനകളെ തള്ളിക്കളഞ്ഞുകൊണ്ട് പുറത്തുകടന്നു. സ്ത്രീപക്ഷപരിപ്രേക്ഷ്യം എന്നത് കുറച്ചു പേര്‍ക്കെങ്കിലും ഒരു ഭാരമായി അനുഭവപ്പെട്ടിരുന്നു എന്നത് വ്യക്തമാണ്. അത്തരം ഒരു ഒഴിവാക്കല്‍ അവരുടെ രചനയെ മുന്നോട്ട് കൊണ്ടുപോയോ ഇല്ലയോ എന്നത് മറ്റൊരു വിഷയമാണ്. എന്നാല്‍ പുതിയ എഴുത്തുകാരികളെ സംബന്ധിച്ചിടത്തോളം, ഇരയുടെ നിലയില്‍നിന്ന് തങ്ങളുടെ സ്ത്രീയനുഭവത്തെ പറിച്ചുമാറ്റി നടുമ്പോഴുള്ള ഒരു ഉയര്‍ച്ച അവര്‍ നേടുന്നുണ്ട്.
    ഇരയ്ക്ക് ആവിഷ്‌കാരങ്ങളില്ല. ആവിഷ്‌കാര വിധേയത്വം മാത്രം. ഈയവസ്ഥയെ മറികടക്കുന്ന സൂചനകള്‍ മുന്‍കാലങ്ങളില്‍ ഇല്ലെന്നില്ല. പെണ്ണെഴുത്തിന്റെ പരികല്‍പനകളും മാനദണ്ഡങ്ങളും പ്രബലമായ ഒരു മേല്‍ക്കൈയായിത്തീര്‍ന്ന കാലത്ത് അത്തരം രചനകളെ വേണ്ടത്ര ശക്തിയോടെ, അതിന്റെ മുഴുവന്‍ ഊര്‍ജ്ജത്തോടെ നമുക്ക് കണ്ടെത്താനായില്ലെന്നുവരാം. പ്രതിരോധം കേന്ദ്രത്തില്‍ പ്രകടമല്ലാത്തതിനാല്‍ അവ പിന്തിരിപ്പന്‍ കവിതകളായി മനസ്സിലാക്കപ്പെടുകയും ചെയ്‌തേക്കാം. എന്നാല്‍ മാറിയ ഒരു കാഴ്ചപ്പാടില്‍ ലൈംഗികതയെ സംബന്ധിച്ച ഇര എന്ന സങ്കല്‍പ്പനത്തെ പുനര്‍വിചാരണ ചെയ്യുമ്പോള്‍ ഈ കവിതകള്‍ക്ക് വേറൊരു മാനം കൈവരുന്നുണ്ട്.  അവയ്ക്ക് സ്ത്രീലൈംഗികതയെ സംബന്ധിച്ച ഒരു സ്വയം നിര്‍വ്വാഹകത്വത്തിന്റെ ചരിത്രബന്ധം ഇന്നു നമുക്ക് ചാര്‍ത്തിക്കൊടുക്കേണ്ടതായുണ്ട്
.
    വി.എം.ഗിരിജയും ബിന്ദുകൃഷ്ണനും ഗിരിജ പാതേക്കരയും ഡോണാ മയൂരയും പി.എന്‍.സന്ധ്യയും അഭിരാമിയുമുള്‍പ്പെടുന്ന പുതുപെണ്‍കവിതയുടെ ഘട്ടത്തിലേക്കു വരുമ്പോള്‍ ഇങ്ങനെയോരു ചരിത്രബന്ധം നമുക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കും.വിശേഷിച്ചും സ്ത്രീകളെഴുതുന്ന എന്തും പെണ്ണെഴുത്തിന്റെ അച്ചിലിട്ടു നോക്കുന്ന കാലത്ത്, അല്ലെങ്കില്‍ പെണ്ണെഴുത്ത്  സ്ത്രീരചനയുടെ അവസാനവാക്കായ ഒരു കാലത്ത്.

നവോത്ഥാനത്തിന്റെ മാധ്യസ്ഥം?

പുരുഷാഖ്യാനങ്ങളില്‍ തെളിയുന്ന സ്ത്രീപരിഗണനയ്ക്കും ഉടല്‍ വിവക്ഷകള്‍ക്കും ആധുനിക കവിത്രയം മുതല്‍ (തീര്‍ച്ചയായും അതിനും   മുന്‍പുളളതും) ക്കുള്ള ഒരു ചരിത്രം നമുക്കു വരഞ്ഞെടുക്കാന്‍ സാധിക്കും. ആശാന്‍കവിതയിലെ നവോത്ഥാന/ആധുനികതാപദ്ധതികള്‍ക്കകത്ത്  എങ്ങനെയാണ് ശരീരവും ലൈംഗികതയും  ഒതുക്കിത്തീര്‍ക്കപ്പെട്ടത് എന്നു നമുക്കറിയാം. പ്രദര്‍ശനപരമായ, പ്രലോഭനീയമായ  ശരീരം  പാപമാണെന്നും ആന്തരിക ഗുണങ്ങളുടെ വിളനിലമായ മനസ്സാണ് പ്രധാനമെന്നും അവിടെ ഉറപ്പിക്കപ്പെട്ടു. സവിശേഷമായ  ഒരു ആണത്തക്രമീകരണത്തിലൂടെയുമാണ്  ആശാന്‍ ഇതു സാധിക്കുന്നത്. ആ ആണിന്റെ കണ്ണില്‍ ചപലയും അബലയും വികാരവതിയുമായ സ്ത്രീ ശുദ്ധീകരിക്കപ്പെടേണ്ടവളും സംരക്ഷിക്കപ്പെടേണ്ടവളുമാണ്.  തുടര്‍ന്ന് വൈലോപ്പിള്ളിയിലേക്കെത്തുമ്പോള്‍ ഈ ആണ് മധ്യവര്‍ഗസ്വരൂപമാര്‍ജ്ജിക്കുന്നതാണ് നാം കാണുന്നത്. അതിനാല്‍ കുടിയൊഴിക്കലിനെ ഒരു വഴിത്തിരിവായി കണ്ടുകൊണ്ട്  പുരുഷകവിതയിലെ സ്ത്രീപരിഗണനയെ  പരിശോധിക്കാവുന്നതാണ്. കുടിയൊഴിക്കല്‍ (1952) മുതല്‍ സംക്രമണം (1974) വരെയുള്ള കാവ്യഘട്ടം തുടര്‍ന്നുള്ള വിശകലനങ്ങളില്‍ പ്രസക്തമാണ്.

ആധുനികതയുടെ സവിശേഷതകള്‍ മൂര്‍ത്തമായിത്തീര്‍ന്ന  ഘട്ടമായിരിക്കെത്തന്നെ  അതിനെ സവിശേഷമാക്കുന്ന മധ്യവര്‍ഗ്ഗബോധം കൂടി അതില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. എഴുപതുകളുടെ സര്‍ഗ്ഗാത്മകത മധ്യവര്‍ഗ്ഗ/ഭാവനയിലൂന്നിയതായിരുന്നു എന്നു നീട്ടിവായിക്കാന്‍ കഴിയും വിധമായിരുന്നു,അത്.  കുടിയൊഴിക്കലില്‍ ഈ മധ്യവര്‍ഗ്ഗപുരുഷനെ കവി സമാഹരിച്ച് പുരഃക്ഷേപിക്കുന്നുണ്ട്. 'ചെറ്റനാം വിടന'ായും 'ദുഷ്പ്രഭു'വായും മറ്റും. ഉണര്‍ന്നുവന്ന തൊഴിലാളി/സ്ത്രീസ്വത്വം അയാളുയര്‍ത്തിക്കൊണ്ടു വന്ന ഭാവനാ ദര്‍പ്പണത്തെത്തന്നെ തകര്‍ത്തു. അവളെ, സ്ത്രീയെ അയാള്‍ക്കു മനസ്സിലാവില്ല. അവളുടെ സൗന്ദര്യവും ദാരിദ്ര്യവും അയാള്‍ക്കു മനസ്സിലാവും. 'എന്നെയിഷ്ടപ്പെടുന്നതാത്തയ്യലാളിന്നന്തരംഗമല്ല,ര്‍ധ ദാരിദ്ര്യം.'' പില്‍ക്കാലത്ത് തുടര്‍ന്നുവന്ന സ്ത്രീപരിഗണനകളിലൊക്കെ ഈ അനുചിതമായ അപ്രാപ്തമായ മനസ്സിലാക്കലുകളാണുള്ളത്.  അത് മധ്യവര്‍ഗ്ഗപുരുഷമനസ്സിന്റെ കുറ്റബോധം കലര്‍ന്ന ഭാവമായി പില്‍ക്കാല കവിതകളിലേക്കും പടരുന്നുണ്ട്. അപ്പോഴും അതില്‍ അവളല്ല സംസാരിക്കുന്നത്, അയാളാണ്.  കുടിയൊഴിക്കല്‍ മുതല്‍ തുടരുന്ന മധ്യവര്‍ഗ്ഗ പുരുഷ മനസ്സിന്റെ കുറ്റബോധം കലര്‍ന്ന അനുതാപപൂര്‍ണ്ണമായ കാഴ്ചവട്ടത്തിനകത്താണ് സ്ത്രീപരിഗണിക്കപ്പെട്ടു പോന്നത്. അവളെ ഒരു വിധേയിയോ ഇരയോ ആയി മാത്രം കാണുന്ന കാഴ്ചകളാണ് പിന്നീടുള്ള കവിതകളില്‍ നാം കാണുന്നത്. ആധുനികാനന്തര കവിതകളിലേക്കു വരുമ്പോള്‍ ഈ പൊള്ളയായ സ്ത്രീ അനുതാപം വളരെ കൂടിവരുന്നു. ദാമ്പത്യം പ്രണയം, കടുംബം, ലൈഗികത എന്നീ സന്ദര്‍ഭങ്ങളിലെല്ലാം പുരുഷ കവിതകളില്‍ സ്ത്രീയെ പീഡിതയായി കാണുന്ന ഒരു പൊതു നിലപാടുതന്നെ സ്ഥിരീകരിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ സ്ത്രീസ്വത്വത്തിന്റെ പ്രശ്‌നങ്ങളെയും പ്രത്യയശാസ്ത്രപ്രതിസന്ധികളെയും  രാഷ്ട്രീയമായി അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നതിന്നു പകരം വളരെ കാല്പനികമായ ഈ അനുഭാവത്തിന്റെ ഒരു പിന്‍തുടര്‍ച്ചാവകാശം ഇവര്‍ മലയാള കവിതയില്‍ സ്ഥാപിച്ചുവെച്ചു.  ആത്മവിമര്‍ശനത്തിന്റെയും കപടാനുഭാവങ്ങളുടേതുമായ തന്ത്രപരമായ ഈ പൊതുഭാഷക്ക് അധികകാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.  മേല്‍പ്പറഞ്ഞ ദര്‍പ്പണം തകര്‍ക്കപ്പെടാതെ തന്നെ അവര്‍ക്കതു സാധിക്കുമായിരുന്നു. സ്ത്രീയെ സംബന്ധിച്ച വിമോചനാത്മക പരിഗണനകള്‍ സ്വാഭാവികമായും നമ്മുടെ സ്വകാര്യ/പൊതുമണ്ഡലങ്ങളില്‍ നിലനില്‍ക്കുന്ന ആധികാരിക കാഴ്ച്ചപ്പാടില്‍ വിള്ളലുകള്‍ വീഴ്ത്തിയേക്കും. എന്നാല്‍ അതൊന്നുമില്ലാതെ വെറും ഒരു സഹതാപാര്‍ഹമായ സ്വത്വമായി സ്ത്രീയെ കാണുകയും സ്വന്തം ഇച്ഛകളോ, സ്വപ്‌നങ്ങളോ, പൗരത്വകാംക്ഷകളോ കര്‍തൃത്വപദവിയോ കൈയാളാന്‍ പ്രാപ്തിയില്ലാത്ത ഇരകളായും വിഷയികളായും സ്ത്രീകളെ കാണുകയാണവര്‍ ചെയ്തത്. നവോത്ഥാന മുല്യങ്ങള്‍ക്കകത്തു നിര്‍വ്വചിക്കപ്പെട്ട പരിഷ്‌കര്‍ത്താവായ പുരുഷനും പരിഷ്‌കരണവിധേയിയും വിഷയിയുമായ സ്ത്രീയും എന്ന ദ്വന്ദാത്മക ഘടനതന്നെയാണ് ഇവിടെയും. പി.എന്‍.ഗോപീകൃഷ്ണന്റെ ആദ്യകാല കവിതകളായ 'വാതിലുകള്‍','പുരുഷന്‍' റഫീക്ക് അഹ്മദിന്റെ 'സൂര്യപുത്രി', പി.പി.രാമചന്ദ്രന്റെ 'ഒരുവള്‍'  വീരാന്‍കുട്ടിയുടെ 'കൈവേല',  സെബാസ്റ്റ്യന്റെ 'അദ്ദേഹം', 'ഒട്ടിച്ച നോട്ട് ' തുടങ്ങിയ കവിതകള്‍ ഉദാഹരണം. സ്ത്രീപ്രശ്‌നത്തെ ഉന്നയിക്കുമ്പോള്‍ അനിവാര്യമായും ഇതരമണ്ഡലങ്ങളില്‍ സ്വാഭാവികമായി  ഉണ്ടാവുന്ന ഭാവുകത്വപരമായ തകിടംമറിച്ചിലുകള്‍ നേരിടാന്‍ അത്തരം കവിതകള്‍ക്ക് കഴിയുന്നില്ല. എന്നാല്‍ ഒരര്‍ത്ഥത്തില്‍ കുടിയൊഴിക്കലിനു അതു സാധിച്ചുവെന്നു വേണം പറയാന്‍.  അങ്ങനെ വരുമ്പോള്‍ മലയാള കവിതയിലെ ആണ്‍ രചനകളിലെ കുമ്പസാരിക്കുന്ന മധ്യവര്‍ഗ്ഗപുരുഷസ്വത്വങ്ങള്‍ വൈലോപ്പിള്ളിക്കും പുറകിലല്ലേ!? ഇവിടെയാണ് ഈ കവിതകള്‍ പൊതുവേ നേരിടുന്ന ലിംഗപ്രത്യയശാസ്ത്രത്തിന്റെ  പ്രതിസന്ധി  വെളിവാകുന്നത്. വാസ്തവത്തില്‍ അറുപതുകളിലും എഴുപതുകളിലും ഉണ്ടായ ആധുനിക കവിതയുടെ പ്രത്യശാസ്ത്രമണ്ഡലം  ഏതുതരം രാഷ്ട്രീയപ്രബുദ്ധതയെ ആണ് മുന്നോട്ടു വെച്ചത്? അക്കാലത്തു വ്യാപകമായ നവസാമൂഹ്യപ്രസ്ഥാന (അവ ഇന്നു എവിടെയെങ്കിലും എത്തിയോ ? എന്തുകൊണ്ട് അവയുടെ പ്രക്രിയ പൂര്‍ണമായില്ല?) ങ്ങളുടെ അന്തര്‍ധാരയ്ക്കു സമാന്തരമായ  ഒരു വിമോചന കാഴ്ചപ്പാട് ആരോപിക്കപ്പെട്ട കവിതകള്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ച മനുഷ്യാവസ്ഥയുടേയും അവബോധത്തിന്റെയും പ്രശ്‌നങ്ങള്‍ക്കകത്ത് സ്തീപ്രശ്‌നത്തെ എന്തുകൊണ്ടു കണ്ടില്ല? മനുഷ്യന്റെ അടിസ്ഥാനപരമായ ചോദനയെന്ന നിലയ്ക്ക്
ലൈംഗികതയെയും അതിനാധാരമായ ശരീരത്തെയും കുറിച്ചുള്ള അവബോധത്തില്‍ എന്തു ഭാവുകത്വവ്യതിയാനമാണവര്‍ കുറിച്ചത്? ഫലവത്തായ സാംസ്‌കാരിക പ്രയോഗമെന്ന അവകാശം സ്ഥാപിച്ചെടുത്ത അക്കാലകവിതകള്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനശിലയായ  ലൈംഗികതയെ എന്തുകൊണ്ടു തമസ്‌കരിച്ചു?
എണ്‍പതുകളിലും സ്ഥിതി തുടരുന്നു. എങ്കിലും അക്കാലത്ത് കവിതയ്ക്കു പുറമേയുള്ള മണ്ഡലങ്ങളില്‍ പ്രധാനമായും സച്ചിദാനന്ദന്റെയും ബി.രാജീവന്റെയും കെ.വേണുവിന്റെയും   മറ്റും താത്വിക ലേഖനങ്ങളിലെല്ലാം സ്തീപ്രശ്‌നവും ലൈംഗികതയും കടന്നു വന്നിരുന്നു. വിജയന്റെയും കാക്കനാടന്റെയും മുകുന്ദന്റെയും മാധവിക്കുട്ടിയുടെയും സക്കറിയയുടെയും കഥകളില്‍ പ്രകടമായ രതിശരീരങ്ങളായിത്തന്നെ( അവയുടെ മൂല്യപരികല്‍പനകള്‍ എന്തുമാകട്ടെ..) ആണും പെണ്ണും പ്രത്യക്ഷപ്പെട്ടിരുന്നു. തകഴിയും ബഷീറും മറ്റൊരു കാലത്തു ചെയ്തതില്‍ നിന്നും വ്യത്യസ്തവുമായിരുന്നു, അത്.  കവിതയുടെ മേഖലയില്‍ മാത്രം എന്തുകൊണ്ട് ഈ ഒഴിഞ്ഞു നില്‍ക്കല്‍ ? അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും ചില സന്ദര്‍ഭങ്ങളിലെങ്കിലും ഈ ആരോപണത്തെ മറികടക്കുന്നുണ്ട് എന്നതു മറന്നുകൂടാ. എന്നാല്‍ കെ.ജി.എസ്, സച്ചിദാനന്ദന്‍, സംക്രമണം ഒഴിച്ചുള്ള  ആറ്റൂര്‍ ,പില്‍ക്കാല പുതുനിരക്കവികള്‍ ('ഉണ്‍മ', 'പെണ്‍കുട്ടികള്‍', 'ദൈ്വതം' എന്നീ കവിതകളെഴുതിയ കല്‍പറ്റ നാരായണന്‍, 'യന്ത്രവും എന്റെ ജീവിതവും'  അമ്മനട രണ്ട്,  പുത്തനമ്മ, ചവിട്ടിക്കല്‍, മോഹനം,ഒരു മധ്യവര്‍ത്തി പുല്ലിംഗം,ഒരു അനാദര്‍ശപ്രണയകഥ, പാറു എന്നിവയെഴുതിയ എന്‍. ജി.ഉണ്ണികൃഷ്ണന്‍ ഇങ്ങനെ ചിലരൊഴികെ  ) ഒക്കെത്തന്നെ ഇവിടെ വഴിമുട്ടുകയാണു ചെയ്യുന്നത്.   പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ ഇക്കവിതകളുടെ  പ്രത്യയശാസ്ത്രപരവും സൗന്ദര്യശാസ്ത്രപരവുമായ വിമോചനത്തിന്റെ ഫലശ്രുതിയെന്ത്? അവ കേവലം ഉദാരമാനവവാദത്തിന്റെ വലിച്ചുനീട്ടലുകളോ മാധ്യസ്ഥം നിര്‍വഹിക്കലോ മാത്രമല്ലേ?  അവയിലെ ആഖ്യാനകര്‍തൃത്വമോ വിപ്‌ളവവ്യാമോഹിയായ വിരക്തകാല്‍പനികനും! സംസ്‌കാരത്തിന്റെ ഉപരിതലങ്ങളിലെ വൈചിത്ര്യങ്ങളും വൈരുദ്ധ്യങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധിയെ വേണ്ടവിധം അഭിമുഖീകരിക്കാന്‍  അക്കവിതകള്‍ക്കു  കഴിയാതെ പോയതും അതുകൊണ്ടുതന്നെ.
മുന്‍സൂചിപ്പിച്ച പുതുതലമുറക്കവിതകളിലെ വിപുലമായ ശരീരപരിഗണനയുടെ പശ്ചാത്തലത്തില്‍നിന്നു നോക്കുമ്പോള്‍ മേല്പറഞ്ഞ ആധുനികകവികളും അവര്‍ക്കുശേഷം വന്നവരും ശരീരം,സ്ത്രീ,ലൈംഗികത, എന്നിവയെ റദ്ദു ചെയ്തുകൊണ്ടാണെഴുതുന്നത്. പലപ്പോഴും ശരീരത്തിന്റെ  അഭാവത്തിനായി,  ഉപഗുപ്തനെപ്പോലെ മുറിവേറ്റതും അംഗഭംഗം വന്നതുമായ ശരീരങ്ങള്‍ക്കായി, ബലിയാലും രക്തസാക്ഷിത്വത്താലും ഉദാത്തീകരിക്കപ്പെട്ട ശരീരങ്ങള്‍ക്കായി അവര്‍ നിലകൊണ്ടു. (കേരളീയ പൊതുമണ്ഡലത്തിന്റെ പ്രബലകേന്ദ്രങ്ങളെ ഗ്രസിച്ച മാര്‍ക്‌സിസത്തിന്റെ അല്ലെങ്കില്‍ ഗാന്ധിസത്തിന്റെ  ആശയാവലികളില്‍  ബലി/ ത്യാഗം വളരെ പ്രിയപ്പെട്ട ഒരു സങ്കല്‍പം തന്നെ !) വി.ജി തമ്പി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, എ. അയ്യപ്പന്‍ തുടങ്ങിയ കവികളിലെ ബലി സങ്കല്പവും ഉടലിന്റെ ആത്മീയവിചാരങ്ങളും ഈ നിലയില്‍ അന്വേഷിക്കപ്പെടേണ്ടതാണ്. ദളിത് കവിതകളിലെ സവിശേഷമായ ശരീരപരിഗണനകള്‍ വേറെത്തന്നെ പഠനം അര്‍ഹിക്കുന്നു. അതവിടെ നില്‍ക്കട്ടെ.  
ആണ്‍കാമനകളുടെ ഉപജാപങ്ങള്‍
അടിച്ചമര്‍ത്തിയിട്ടും കുതറിത്തെറിക്കുന്ന ആസക്തികളുടെ അധോലോകമായി  പൗരുഷത്തെ കണ്ടെടുക്കാം എന്‍.ജി.ഉണ്ണികൃഷ്ണന്റെ ചില കവിതകളില്‍. ശൈലന്റെ 'സുതാര്യം','ശൈവം' അജീഷ് ദാസന്റെ 'കുറിയെടത്തു താത്രി', 'അണ്‍സാറ്റിസ്‌ഫൈഡ് ആന്റീസ് അങ്കിള്‍സ് ക്‌ളബ് ' തുടങ്ങിയ കവിതകളിലും കുറച്ചുകൂടിക്കടന്ന് ആഖ്യാന സ്വരത്തില്‍ത്തന്നെ ഇതു പ്രകടമാകുന്നുണ്ട്. പ്രമേയതലത്തില്‍ ഈ ആസക്തികള്‍ ഭിന്നവര്‍ഗ്ഗലൈംഗികതയുടേതായ ക്രമത്തിലാണെങ്കിലും ഏകാധിപതിയെപ്പോലെ ഉദാരതയെ കരുണയോ ഇല്ലാതെ സ്ത്രീയെയും സ്ത്രീശരീരത്തെയും അവ ഈ അധോലോകത്തിലിട്ടു പെരുമാറും.
   ''പെറാത്ത ഉണക്കമണ്ണു വാരിക്കൂട്ടി
   തട്ടിപ്പൊത്തി
   സ്‌കൂട്ടറിനു പിന്നില്‍ ചാര്‍ത്തി
   സിനിമായ്ക്കു പോകും മാടിവീട്ടു ബിംബം''(പാറു)
സദാചാരമാന്യതയുടെ സമ്മര്‍ദ്ദ സംഘര്‍ഷങ്ങള്‍ക്കകത്തു ഒളിച്ചുനിന്നു കൊണ്ടുള്ള ആണ്‍നോട്ടങ്ങളാണിവിടെ ശരീരത്തെ എഴുതുന്നത്. '' നേരേ നോക്ക് നായരേ!'' എന്നു നാട്ടുവേശ്യയായ പാറു പറയുന്നത് ഈ ആണത്തങ്ങളോടു മുഴുവനുമായിട്ടാണ്. സംസ്‌കാരവുമായി നേരിടാന്‍ തയ്യാറാകാതെ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ഈ ഉപജാപങ്ങള്‍ പൗരുഷത്തെ സംബന്ധിച്ച ആധിപത്യകല്‍പനകളെ സ്ഥിരീകരിക്കുകയാണ് ചെയ്യുക.
ശരീരമെഴുത്തിന്റെ പുതുമുറ
 ഇച്ഛകളെയും അഭിരുചികളെയും ആവശ്യങ്ങളെയും പൂര്‍ത്തീകരിക്കുന്നതിനുള്ള ഇടമായി സംസ്‌കാരത്തില്‍ ശരീരം വരുന്നു. സ്ത്രീപക്ഷനാടകവേദികളില്‍ ശരീരങ്ങള്‍ രൂപകങ്ങളുടെ സംഘനൃത്തമാകുന്നു. അതിലുപരി സ്വത്വത്തിന്റെ രാഷ്ട്രീയമായ വിവിധമാനങ്ങളെ സ്ഥാപിച്ചെടുക്കുന്നതിനും അവയുടെ സഫലീകരണത്തിനുമുള്ള ഉപാധികൂടിയാണ് ശരീരം എന്നു നമുക്കറിയാം. അടക്കിവെയ്ക്കുക, അദൃശ്യമാക്കുക, പ്രതീകാത്മകമായി ധ്വനിപ്പിക്കുക, എന്നിങ്ങനെ  മാത്രം സാക്ഷാല്‍ക്കരിക്കപ്പെടുന്ന ശരീരം വിലക്കുകളെ ഭയപ്പെടുന്ന ഫ്യൂഡല്‍ ശരീരമാണ് സ്വേച്ഛയും സ്വാഭിമാനവും സ്വയംഭരണശേഷിയുമുള്ള ഒരു ശരീരകര്‍തൃത്വത്തെക്കുറിച്ചുള്ള ഭാവനകളാണ്  നമ്മുടെ സ്വാതന്ത്ര്യ/വിമോചന കാഴ്ചപ്പാടുകളെ ത്വരിപ്പിക്കേണ്ടത്. അതിനാല്‍ സംസ്‌കാരത്തെ നിര്‍മിക്കുന്ന പണിശാലകളില്‍  വിലക്കുകളെയെന്നപോലെ ഇച്ഛകളെയും കവി അഭിസംബോധന ചെയ്യേണ്ടതുണ്ട്.   അത് ഭാഷാപരമായ സങ്കോചങ്ങളെ കുടഞ്ഞെറിയുന്നു, പുതുവാമൊഴി വഴക്കങ്ങളില്‍ കവിത തേടുന്നു. സുധീഷിന്റെ 'ആടുകളം' എന്ന കവിതയില്‍ വിവാഹം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞിട്ടും അഞ്ചാറാളുകള്‍ കിടന്നുറങ്ങുന്ന പുരയില്‍ വെച്ച് ഒന്നു സ്പര്‍ശിക്കാന്‍ പോലും കഴിയാതിരുന്ന  കുഞ്ഞ്യേക്കനും ചിരുതയും രാത്രി തൂറാനാണെന്ന വ്യാജേന പുറത്തുപോയി വേഴ്ച്ചയിലേര്‍പ്പെടുന്നു. പിറ്റേന്ന് ചോര പുരണ്ട മണ്‍കട്ടകള്‍ കണ്ട് അത്ഭുതപ്പെട്ടവരോട്
''അത്  ആടു ചോര തൂറിയതാപ്പാ!''  എന്നു  കുഞ്ഞ്യേക്കനും ചിരുതയും പറയുന്നു.
പ്രാപഞ്ചികതകൊണ്ട് അങ്ങേയറ്റം മൂര്‍ത്തമായാണ് ഇവിടെ ശരീരം കടന്നുവരുന്നത്. ഗുപ്തമായ ധ്വനികളോ അമൂര്‍ത്തമായ പ്രതീകങ്ങളോ അല്ല,  രക്തവും മജ്ജയും മാംസവും നിറവും അളവുമുള്ള ഉടലിന്റെ പെരുമാറ്റഭേദങ്ങള്‍ തന്നെയാണ് ഇവിടെ നിറയുന്നത്.
       ശരീരത്തിന്റെ ശരീരപരതയെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങളും ഈ കവിതകളിലുണ്ട്. 'ഉടല്‍സമേതം മറൈന്‍ഡ്രവില്‍'  എന്ന സുധീഷ് കോട്ടെമ്പ്രത്തിന്റെ സമാഹാരത്തിലെ മിക്ക കവിതകളും ഇപ്രകാരം ഉടല്‍വിചാരങ്ങളാണ്. ഇവിടെ കവി വ്യക്തമായും അനുഭവിക്കുന്ന സന്ദിഗ്ദ്ധതകളും സംഘര്‍ഷങ്ങളും ശ്രദ്ധേയമാണ്. ഒറ്റ നോട്ടത്തില്‍ അനുഭവപരതയേക്കാള്‍ അപഗ്രഥനത്തിന്റെ അലച്ചിലുകള്‍ കാണാമെങ്കിലും സുധീഷ് അത്തരം ആലോചനകളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് തീര്‍പ്പുകളില്‍ എത്തുന്നില്ല എന്നത് ശ്രദ്ധേയം.
' ഉടല്‍
 ഒരു വസ്ത്രമാണ്
ഇറക്കമോ അയവോ
തോന്നാത്ത
 അത്രയും കൃത്യമായ ഉടുപ്പ്. '' (പരകായം)
''ഉടലോടെ
 നടക്കുക
 എത്ര പ്രയാസം''  എന്നും.
 'ഇത്ര സഹകരണമില്ലാത്തവയെ
 ഒന്നിച്ചു നിര്‍ത്തിക്കുക
………….
ഒരാള്‍ക്ക് ആവതാണോ?
ഇനി വയ്യ
 ഉണരട്ടെ
എന്നിട്ടു നോക്കാം
സ്വന്തം നിലക്ക്
ജീവിക്കാന്‍ അവയും ശീലിക്കട്ടെ'' (അവയവങ്ങളുടെ വീട്)എന്നും സുധീഷ് എഴുതുന്നു. 
പലകാലങ്ങളില്‍ പല ദേശങ്ങളില്‍  പലതരം സംസ്‌കാരബന്ധങ്ങളില്‍ അടുക്കിയൊരുക്കിയ ഉടലുകളുടെ വിന്യാസമായ 'തീവണ്ടി  ഒരു ഇന്‍സ്‌ററലേഷന്‍ ആര്‍ട്ടാ'ണെന്നു പറയുന്ന സുധീഷ്  ആധുനികതയുടെ മര്‍മത്തെ ഒരു തിരിഞ്ഞുനോട്ടം കൊണ്ടു പിടിച്ചെടുക്കുന്നുണ്ട്.
പി.എന്‍.ഗോപീകൃഷ്ണനില്‍ ഉടല്‍ സ്‌കൂളായി ചിട്ടപ്പെടുകയും അനുസരണപ്പെടുകയും ചെയ്തതു പോലെ സുധീഷില്‍ നഗരം ഉടലിന്റെ പരമാകാരമായി നിറയുന്നു.
'' നഗരം ഇപ്പോള്‍
ഉരുക്കു തൊലിയുള്ള പുരുഷലിംഗമാണ്
സ്ഖലിച്ചു പോയേക്കാം
ആണ്‍വേട്ടക്കാരന്റെ കയ്യിലെ രഹസ്യമൈതാനങ്ങള്‍''
(കാമവിസര്‍ജ്ജനത്തിനു വേണ്ടി ഒരു സത്യവാങ്മൂലം)
പ്രകടമായ ലൈംഗികവേഴ്ചയെ സംബന്ധിച്ച വാങ്മയമാണ് ഈ കവിതയുടേത്. ആണ്‍ /പെണ്‍ കാമന മാത്രമല്ല,ആണ്‍വേട്ടക്കാരനായ ലൈംഗികത്തൊഴിലാളിയും മൂത്രപ്പുരകളില്‍ ഫോണ്‍നമ്പരെഴുതിയിടുന്നവനും കാമാര്‍ത്തിയോടെ പെണ്‍കുട്ടിയെ നോക്കി
''അവളിപ്പോള്‍ തുപ്പിയ ച്യൂയിംഗത്തില്‍
ഏഴരക്കോടി പുംബീജങ്ങളുണ്ടെന്ന്
കൗമാരപ്പെട്ട് അവളെയുപേക്ഷിച്ച്
അസ്തമയസൂര്യന്റെ രതി കണ്ടു മടങ്ങു(ശരീരസമേതം മറൈന്‍ ഡ്രൈവില്‍) ന്ന '' മറൈന്‍ ഡ്രൈവില്‍ ഒറ്റക്കിരിക്കുന്ന യുവാവും ഒക്കെച്ചേര്‍ന്ന  ലൈംഗികതയിലെ പുറമ്പോക്കുകളാണ്  ഈ കവിതകളില്‍ കാണുന്ന പുരുഷന്‍മാര്‍. എങ്കിലും ഈ ആണുങ്ങളുടേതു മാത്രമല്ല, ഈ ഉടല്‍നഗരം
'' അനന്തകോടി ബീജങ്ങള്‍
നിമിഷത്തിന്റെ ഓരോ പെരുക്കത്തിലും
ഹാ,ജീവിതമേ എന്നു ആര്‍ത്തു രസിക്കുമ്പോള്‍
ഭൂമിക്കു മുറിയാതെ ഈ തോട്ടുവക്കത്ത്
പുല്ലരിയുന്ന പെണ്ണേ,  ഒന്നു തോളേല്‍ കയ്യിട്ടതിനു
നീയെന്തിനിത്ര കരഞ്ഞു കരഞ്ഞു തീരണം?
(ഉടല്‍ വിനിമയങ്ങള്‍-വാര്‍ത്താധിഷ്ഠിതം)
അങ്ങനെ കരയുന്നവളോടുള്ള അത്ഭുതം കലര്‍ന്ന  അനുഭാവമാണ് സുധീഷിന്റെ കവിതയെ വേറെ വഴിയിലൂടെ നയിക്കുന്നത്. ഉടലിനെച്ചൊല്ലിയുള്ള വൈകാരിക/ സാംസ്‌കാരിക വഴികള്‍ കുഴൂര്‍ വില്‍സന്റെ  കവിതയില്‍ പണ്ടേയുണ്ട്. ഉദാ: 'അക്ഷരത്തെറ്റുള്ള തെറികള്‍'.  ശാരീരികേച്ഛയുടെ അനിയന്ത്രിതാവസ്ഥകളെ പേടിക്കുന്ന ഒരു കൗമാരം വില്‍സനിലെ ആണിലുണ്ട്.
'' ശരീരമേ
ഒരു നട്ടുച്ചയില്‍
പ്രിയപ്പെട്ട നഗരത്തില്‍
രണ്ട് മുലക്കണ്ണുകള്‍ വെളിപ്പെട്ട്
പിന്നെയും പ്രകാശം പരത്തിയാല്‍
ആ മണം കേട്ട്
പിന്നെയും തൂവിപ്പോയാല്‍
എന്തെങ്കിലുമൊക്കെക്കണ്ട്
ഉമിനീരും വിയര്‍പ്പും നനവുകളും
പുറത്തേക്കു കുതിച്ചാല്‍
ശരീരമേ  ശരീരമേ''
ശരീരം എന്ന ഉപസംസ്‌കാരം
പുതുകവികളില്‍ കാണുന്ന ശരീരത്തിനു മുന്‍കവികളെയപേക്ഷിച്ച ഊര്‍ജ്ജസ്വലതയേറും.കാരണം അവര്‍ നേരത്തേ പറഞ്ഞതു പോലെ ഒരു മുടിപ്പിന്നലോ സാരിത്തുമ്പോ കണ്ണടയോ കൊണ്ട് ശരീരത്തെ അമൂര്‍ത്തമായി ധ്വനിപ്പിക്കുകയല്ല, നേരിട്ട് വാങ്മയമായി നിറയ്ക്കുകയാണ്. ചെത്തി മിനുക്കിയ വിപണിയിലെ ഉടല്‍വടിവുകളുടെ നേരും നുണയും ചതിയും വെളിപ്പെടുത്തിക്കാട്ടാനെന്ന പോലെ അവ അധികമധികം നിറയുകയാണ്. ശരീരവും മനസ്സും എന്ന ദ്വന്ദ്വസൂചനകളില്ലാത്ത ഒരിടത്തുനിന്നുമാണവര്‍ വാക്കുകളെ പെറുക്കിക്കൂട്ടുന്നത്.
'മുലൈകള്‍  പാട്ട് ' എന്ന എസ്.കലേഷിന്റെ  കവിതയില്‍ സ്ത്രീശരീരത്തിലെ വിവിധ അവയവങ്ങള്‍  വിരലുകളും കാലുകളും കവിളുമെല്ലാം മുലകളായി പരാവര്‍ത്തനം ചെയ്യപ്പെടുകയാണ്. കുറ്റബോധമോ കുമ്പസാരമോ കൂടാതെ സ്വതന്ത്രമായ  കൗതുകവാഞ്ഛകളോടെ - ഒരു പുരുഷനു സഹജമായ അഭിനിവേശങ്ങളോടെ- അതു ശരീരമെഴുതുകയാണ്. രൂപേഷ്‌പോളിന്റെ 'മുലകളെക്കുറിച്ച് മൂന്നു കാര്യങ്ങള്‍' (2004)എന്ന കവിത അലൈംഗികമായ മുലകളെ സ്ഥാപിക്കുന്നു. അത് മുലകളുടെ ശൈശവസ്മരണയിലും ജീവശാസ്ത്രത്തിലും കടന്ന് മുത്തങ്ങയുടെ രാഷ്ട്രീയഭൂപടത്തിലും പരതുന്നു. പി.എ.നാസിമുദ്ദീന്റെ 'നീരാടുന്ന പെണ്‍കുട്ടി(2008)' യും ശരീരത്തിന്റെ ജൈവികസൗന്ദര്യത്തെ കറയില്ലാതെ എഴുതുന്നു.
 ലതീഷ് മോഹന്റെ  'പല ഉപമകളില്‍ ഒരു മഞ്ഞുകാലം ' എന്ന കവിത നോക്കൂ.
''നോക്കി നോക്കിക്കിടക്കുമ്പോള്‍
നിന്റെ വയറിന്റെ അറ്റത്തുനിന്ന്
ഒരു തീവണ്ടി മുലകള്‍ക്കിടയിലൂടെ
കടന്നുപോകുന്നതു കണ്ടു
താഴേക്കു ചെരിഞ്ഞു നോക്കിയപ്പോള്‍
സാറാ
എത്രഗൂഢമെന്തുഗൂഢമീയതിഗൂഢത
എന്നു കണ്ടു.
തീവണ്ടി തിരിച്ചു വരുമെന്നു കാത്ത്
കുറേ നേരം നോക്കിയിരുന്നു
…………………….
നീ തിരിഞ്ഞു കിടന്നതാവണം
മുലയിടിഞ്ഞതാവണം
വണ്ടി ലേറ്റ്
സാറാ, നിന്റെ വണ്ടി ലേറ്റ്  ''(ലതീഷ് മോഹന്‍)

ആണത്തത്തിന്റെ (അസ്ഥിര)നിര്‍മിതികള്‍
ലതീഷിന്റെ കവിതകളില്‍ തെളിയുന്ന ആണത്തകാമനകള്‍ നാഗരികമായ പരിവട്ടത്തില്‍ ഒരു അവിവാഹിതന്റെ അനിശ്ചിതവും അലസവുമായ ദൈനംദിനങ്ങളുടെ പരിധിയിലാണ്. കുടുംബം, വിവാഹം തുടങ്ങിയ ഘടനകള്‍ക്കു പുറത്താണയാള്‍. വീടോ മുറികളോ അല്ല, മറിച്ച് , തിരക്കേറിയ പാതകളോ വഴിയോരങ്ങളോ ലോഡ്ജ് മുറികളോ ഒക്കെയാണിതിലെ സ്ഥലരാശി. .ഒരു തൊഴില്‍രഹിതന്റെ അനിശ്ചിതത്വവും ആലസ്യവും വിരസതയും അയാളെ ചൂഴ്ന്നു നില്‍ക്കുന്നു.'നല്ല സുന്ദരന്‍സലിംകുമാര്‍ പ്രഭാതം' ഈ ആണത്തഘടന വ്യക്തമാക്കുന്നുണ്ട്. ഏറ്റവും ജനകീയവും ജനപ്രിയവുമായ ടി.വി.യുടെ ദൃശ്യ സാംസ്‌കാരിക സാധ്യതയെ ഉപയോഗിച്ചുകൊണ്ട്  അകാല്‍പനികതയെ തിരയുന്നു.ഒപ്പം അതു വളരെ ജൈവികമായ ഒരു സന്ദര്‍ഭത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു..കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും മടിപിടിച്ചു കിടക്കുന്ന ഒരാള്‍ ടി.വി.യിലെ ദൃശ്യങ്ങളോടും ഒപ്പം പുറത്തു പ്രലോഭനീയമാം വിധം കാണുന്ന മഴ നനഞ്ഞ പെണ്‍പാദങ്ങളോടും കാണിക്കുന്ന ഉദാസീനവും ഒപ്പം അലംഭാവം കലര്‍ന്നതുമായ ആകാംക്ഷ ഈ ആണത്തത്തിന്റേതാണ്. ടി.വി.യില്‍ നസീര്‍ ഷീലയുടെ പിന്നാലെ ഓടുന്നു.. അയാള്‍ വിചാരിക്കുന്നു,
'' ഷീലയുടെ മുല കൊള്ളാം
മനസ്സില്‍ കിടക്കട്ടെ
എപ്പോഴെങ്കിലും ഉപകരിക്കും ''
പലവിചാരങ്ങളുടെ ഈ കൊളാഷില്‍  കെട്ടുറപ്പുള്ള, ജാഗ്രത്തായ, പഴയ ആണ്‍സ്വരൂപത്തെ ശിഥീലീകരിക്കപ്പെട്ട നിലയില്‍ വരഞ്ഞെടുക്കാം. ''അല്ലെങ്കിലും  നസീറിനെ ആരെങ്കിലും പേടിക്കുമോ?'' എന്നു സലിംകുമാറിനോടു ചോദിച്ച്  ഭദ്രമായ ആണ്‍സ്വരൂപത്തെ കളിയാക്കുന്നുമുണ്ട്. വാഹനങ്ങള്‍ ചീറിപ്പായുകയും  ചാരായവും കളളും കഞ്ചാവും വില്‍ക്കുന്ന കടകളും ഷോപ്പിംഗ് കോംപ്‌ളക്‌സുകളും ഒക്കെയുള്ള നഗരത്തെരുവുകളെ കേന്ദ്രീകരിച്ചാണ് ഇതിലെ ജീവിതം. സ്വച്ഛവും പൂര്‍ണവുമല്ല അവിടെ അനുഭവങ്ങള്‍.. എപ്പോഴും തുടര്‍ച്ചകളെ, ഇടര്‍ച്ചകളെ, അപഭ്രംശങ്ങളെ, ചിതറലുകളെ ആഘോഷിക്കുന്നു, ലതീഷ്. ഒരേ സമയം സംഭവിക്കുന്ന മൂന്നു കാര്യങ്ങള്‍ എന്നത് ഒരു കവിതയുടെ മാത്രം പേരല്ല, ലതീഷിന്റെ എല്ലാ കവിതകളുടെയും പേരാണ്.
എം.എസ്.ബനേഷിന്റെ 'ഹരിതക്കൊടി' യില്‍ ആണത്തത്തിന്റെ വോയറിസ്റ്റിക്  ആയ നോട്ടങ്ങളില്‍ നിന്നും തെന്നിമാറി  മാനുഷികമായ സ്ത്രീശരീരദര്‍ശനത്തിലേക്കുള്ള  ഗതിഭേദങ്ങള്‍ കാണാം. ''പൊക്കിള്‍ എന്ന ചെറു വായയിലൂടെ സ്വന്തം അസ്തിത്വത്തെക്കുറിച്ചു സംസാരിക്കുന്ന'' നടി രേഷ്മയുടെ അല്പം ചാടിക്കിടക്കുന്ന അടിവയറിനെ നോക്കിക്കാണുന്നു.
''ഇന്ന് ആഴ്ച്ചകള്‍ക്കു ശേഷം
മതില്‍ക്കീഴെ നിന്ന്
പേരറിയാത്ത സസ്യത്തിന്‍
ഒരീറന്‍ഹരിതകത്തുമ്പ്
നിന്റെ പൊക്കിളില്‍ തൊടുന്നു.
മൈദപ്പശക്കും ശിവകാശിത്തിളക്കങ്ങള്‍ക്കുമപ്പുറം
ഹരിതാരുണസ്പര്‍ശ സമൃദ്ധിയില്‍
ബ്‌ളൗസും പാവാടയും ബ്രായുമില്ലാത്ത
ശുദ്ധനഗ്നതയില്‍
നീ വിരല്‍ ചപ്പിക്കിടക്കുന്നു.'
തങ്ങളുടെ കവിതകളിലെ മൂര്‍ത്തമായ ശരീരപരതകൊണ്ടു തന്നെ ആണിനെയും  പെണ്ണിനെയും ഒന്നടങ്കം ഒരു ലിംഗവ്യവസ്ഥയുടെ പ്രത്യക്ഷപ്രകടനീയതകളായി കാണാന്‍ അവര്‍ക്കു കഴിയുന്നു.മുന്‍ കവികളുടെ അമൂര്‍ത്ത ലിംഗപരികല്‍പനകളില്‍ നിന്നും വ്യതിചലിക്കാന്‍ കഴിഞ്ഞതുകൊണ്ടാണിത്. വിനു ജോസഫിന്റെ ' ആണുങ്ങളേ പെണ്ണുങ്ങളേ' എന്ന കവിത ലിംഗനിര്‍മിതികള്‍ക്കകത്തെ പ്രാപഞ്ചികമായ പെരുമാറ്റയിടങ്ങളില്‍ നിന്നുകൊണ്ട് അതിനെത്തന്നെ പൊളിക്കുന്നു.
'ജി.സ്‌പോട്ട് ' എന്ന ശൈലന്റെ കവിത ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്ത്രീയെ ഒരു ലൈംഗികനിഗൂഢതയായിത്തന്നെ കാണുകയാണ്. എങ്കിലും അതിലെ  സ്ത്രീവിരുദ്ധസൂചനകളെ കവിതയില്‍ തിരിച്ചറിയുന്നുമുണ്ട്..
''പ്രത്യക്ഷമായ സ്ത്രീവിരുദ്ധത കൊണ്ട്
സമ്പന്നമിക്കവിതയെന്ന്
വിലയിരുത്തട്ടെ വായനക്കാരികള്‍''
സ്ത്രീശരീരവും സ്ത്രീത്വവുമെന്നപോലെ തന്നെ ആണത്തത്തെയും ആണ്‍ലിംഗസ്വത്വത്തെയും കുറിച്ചുള്ള തീവ്രബോധം ഇക്കവിതകളുടെ അടിയൊഴുക്കാണ്.അത്തരം ആലോചനകള്‍ ആണ്‍/പെണ്‍ ദ്വന്ദ്വകല്‍പനകള്‍ വിട്ട് സമകാലികമായ ലിംഗബോധത്തിന്റെ വിശാലപരിധികളിലേക്കും കൂടി നടന്നുകയറുന്നുണ്ട്. പെണ്ണനുഭവം എന്ന വിമീഷ്  മണിയൂരിന്റെ കവിതയില്‍ ആണ് ഉള്ളിലനുഭവിക്കുന്ന സ്‌ത്രൈണതയെക്കുറിച്ചു പറയുന്നു.
'' ഓരോ മുലകുടിയിലും
അവനനുഭവിക്കുന്നത്
അവളിലാണെന്ന തോന്നലിലാണ്''
സുധീഷ് കോട്ടേമ്പ്രത്തിന്റെ 'ആണ്‍കോഴിയുടെ ആത്മഗതം' മുട്ടയ്ക്ക് അടയിരിക്കുന്ന പൂവന്‍കോഴിയെക്കുറിച്ചെഴുതുന്നു'നിന്നെ കണ്ട മാത്രയില്‍' എന്ന കവിതയിലുമുണ്ട് ആണ്‍/പെണ്‍ മാറാട്ടം.
' ആണ്‍മരത്തിന്റെ ശിഖരങ്ങളില്‍
വസന്തത്തിന്റെ നിറം കൊടുത്തു
വെള്ളക്കാളയ്ക്ക്
അകിടു വരച്ചു.''
എം.എസ്.ബനേഷിന്റെ 'വിഷയാസക്തനി'ല്‍ സ്‌ത്രൈണതയോടുള്ള മുഴുവന്‍ ആവേശവും കുടഞ്ഞിടുന്ന ആണിനെ കാണാം.
' കാലം കടന്നാറെ
വിഷയാസക്തന്റെ കാലിഡോസ്‌കോപ്പില്‍
ഭൂമിയിലെ എല്ലാ സ്ത്രീകളുടെയും
വളപ്പൊട്ടുകള്‍ നിറഞ്ഞു.
പാല്‍പ്പാടുള്ള അമ്മൂമ്മയുടെമുലക്കച്ച
അമ്മയുടെ പഴയ  അരിനാഴി
ഗ്യാസ് സിലിണ്ടറില്‍ അസ്തമിച്ച അമ്മായിയുടെ ഭസ്മപാത്രം
ബ്രസ്റ്റ് ക്യാന്‍സറില്‍ മരിച്ച സ്‌നേഹിതയുടെ ബ്രാ
ഫാനില്‍ നിന്നും രക്ഷിച്ചെടുത്ത
 സാരികളുടെ കുരുക്കുകള്‍
ഫ്രീസറില്‍ നിന്നും
പലതരം കണ്ണീരുകളുടെ ശല്‍ക്കങ്ങള്‍..''
'ഇടയ്ക്കു വെച്ചു വൃത്തത്തിലാകുന്നത് 'എന്ന കവിതയിലും സ്ത്രീയെന്ന അപരസ്വത്വത്തോടുള്ള എതിര്‍പ്പും വിരക്തിയും ഒപ്പം നിസ്സഹായമായ അഭിവാഞ്ഛയും കാണാം.
ലൈംഗികമായ പരിവട്ടത്തിനു പുറത്തേക്കു ശരീരത്തെ വെച്ചും ഇളക്കിമാറ്റിയും അതിന്റെ സാമ്പ്രദായിക വിവക്ഷകളെ ചൊടിപ്പിക്കുക ബനേഷിന്റെ രീതിയാണ്.' 'പുരുഷനിതംബമേ' എന്ന കവിത അവസാനിപ്പിക്കുന്നത്  ലബ്ധപ്രതിഷ്ഠമായ ചങ്ങമ്പുഴക്കവിത കൊണ്ട്..
'' ആരു വാങ്ങുമി-
ന്നാരു വാങ്ങുമീ''
ആണിന്റെ അവഗണിക്കപ്പെട്ട ശരീരത്തെ,അവയവങ്ങളെ  സ്ഥാപിതമായ സംസ്‌കാര,അഭിരുചികളില്‍ നിന്നു വിട്ടുനിന്നുകൊണ്ട് പുതിയ ഒന്നിനെ എന്നവണ്ണം അതായിത്തന്നെ കണ്ടെടുക്കുന്നു, ഈ കവിത.ചരിത്രത്തിന്റെയും ഭാവുകത്വത്തിന്റെയും ആഴങ്ങളിലേക്ക്  അറിയാതെയെന്നവണ്ണം കത്തി താഴ്ത്തി തോണ്ടി രസിക്കുന്ന ശീലം വൈലോപ്പിള്ളിക്കവിതയെ ഓര്‍മിപ്പിക്കുന്ന 'കണംകാലിലെ മൃദുരോമങ്ങള്‍ ' എന്ന കവിതയിലുമുണ്ട്. ആണത്തത്തെ പെണ്ണിലേക്കും പെണ്‍ശരീരത്തിലേക്കും ഇളക്കിപ്രതിഷ്ഠിച്ചും കലര്‍ത്തിച്ചേര്‍ത്തുമുള്ള ലിംഗലീലകളാണ് ബനേഷിലെ പുല്ലിംഗത്തെ നിര്‍ണയിക്കുന്നത്. ആണ്‍കാമനകളിലെ അധോലോകം ഹരിതക്കൊടിയിലും മറ്റും കാണാമെങ്കിലും അതില്‍ നിന്നു വിട്ടു പിരിയാന്‍ കവി എപ്പോഴും കരുതലെടുക്കുന്നു.
പൗരുഷത്തെ സാര്‍വജനീനവും സത്താവാദപരവും അമൂര്‍ത്തവുമായിക്കാണുന്ന മുന്‍കാലകവികളില്‍ നിന്നും വ്യത്യസ്തമായി പുരുഷനെ സവിശേഷസ്ഥലകാലങ്ങളില്‍ വെച്ച് മൂര്‍ത്തമാക്കുകയാണ് ബനേഷ്. (ടി.എന്‍.കുമാരന്‍ വായനശാലയ്ക്കു പുസ്തകങ്ങള്‍ കൊടുക്കേണ്ടതില്ല എന്നാലോചിക്കും വിധം മുന്‍ പ്രതിബദ്ധതകളെ സംശയിക്കുന്നു,അയാള്‍.)അതുകൊണ്ട് സ്ത്രീകളെ റോഡരികിലെ ചവറുകൂനക്കരുകിലിരുന്നു പാലുകൊടുക്കുന്ന പെറുക്കിയായും വാള്‍ പോസ്റ്ററില്‍ വയറു പ്രദര്‍ശിപ്പിക്കുന്ന എക്‌സ്ട്രാ നടിയായും ഒക്കെയായി, കാണുന്നു. അവര്‍ പ്രാപഞ്ചികവും മൂര്‍ത്തവുമായ ദൈനംദിന സന്ദര്‍ഭങ്ങളിലും സംസ്‌കാരങ്ങളിലും കവി അഭിമുഖീകരിക്കുന്ന മനുഷ്യരായി കവിതകളില്‍ നിറയുന്നു.സ്ത്രീശരീരം അമൂര്‍ത്തമല്ലാത്തതു കൊണ്ടു തന്നെ അധികമാനം സൃഷ്ടിക്കുന്നുമില്ല,ബനേഷില്‍.
പൊതുവേ തല്ക്കാലമാണീ കവിതകളുടെ കാലമുദ്ര. അവ പിടിച്ചെടുക്കുന്ന കാഴ്ച്ചവട്ടങ്ങള്‍ അനു നിമിഷം മിന്നി മറയുന്നവയുമാണ്. ദൈനംദിന പ്രത്യക്ഷങ്ങള്‍ക്കിടയില്‍ മിന്നല്‍ പോലെ തെളിഞ്ഞു മായുന്ന പരസ്യവാചകങ്ങള്‍ പോലെയാവാന്‍ ഈ കവിതകള്‍ക്കൊരു മടിയുമില്ല,പ്രത്യേകിച്ചും ലതീഷ്,ബനേഷ്,സുധീഷ്  കവിതകള്‍ക്ക്.. ചരിത്ര ബന്ധങ്ങളുടെ മുഴുവന്‍ കനവും വാക്കുകള്‍ പേറണമെന്ന്  ശാഠ്യം മുന്‍കവികളെപ്പോലെ ഇവരെ ഭരിക്കുന്നില്ല. വാക്കുകള്‍  കാവ്യപ്രമേയങ്ങളിലേക്കുള്ള കൈചൂണ്ടികളെന്നതിനേക്കാള്‍ അനുഭവത്തിന്റെ 'വിസ്തരഭയ'മില്ലാത്ത  വാചാലമായ ഭൂപടരേഖകളാണ് ,പലപ്പോഴും..കുഴൂരിന്റെ 'നമ്മുടെ ചിഹ്നം' എന്ന കവിത പുരുഷലിംഗത്തെക്കൊണ്ട്  വാക്കുകളെ ഒരു ലോക്കപ്പു മര്‍ദ്ദനത്തിലെന്നവണ്ണം തല്ലിപ്പരത്തി, മുഴുവന്‍ 'സത്യ' വും പറയിപ്പിക്കുന്നു. 'ഒരു മധ്യവര്‍ത്തിപുല്ലിംഗം' എന്ന എന്‍.ജി.യുടെ കവിതയിലും ഇത്തരത്തില്‍  ശരീരത്തിന്റെ ശരീരപരതയും സംസ്‌കാരചരിത്രവും കൂടിക്കുഴയുന്നു. പതിവു സ്ത്രീപക്ഷവിവേകത്തില്‍ നിന്നു വിട്ടുകൊണ്ട് വിഷ്ണുപ്രസാദിന്റെ 'ലിംഗരാജ് ' വിഭ്രാമകമായ ഒരു  വാങ്മയം തീര്‍ക്കുന്നു. ആണിനെക്കുറിച്ചും ആണ്‍ശരീരത്തെക്കുറിച്ചും ആണ്‍ശരീരവാഞ്ഛകളെക്കുറിച്ചും ആണ്‍കര്‍തൃസ്ഥാനത്തുനിന്നു കൊണ്ട് വളരെ മൂര്‍ത്തമായി എഴുതുന്നു എന്നതാണിവയുടെ വ്യത്യാസം,പ്രാധാന്യം. അതിലൂടെ സംസ്‌കാരത്തില്‍ പതിഞ്ഞുപോയ ലിംഗക്രമങ്ങളെ വെല്ലുവിളിക്കാനും ഒട്ടൊക്കെ അവ്യവസ്ഥപ്പെടുത്താനും അവയ്ക്കു കഴിയുന്നു.ചുരുക്കത്തില്‍ പലവിധ ആഖ്യാനപ്രതലങ്ങളും വിനിമയശൈലികളും  നിറഞ്ഞ ഊര്‍ജ്ജസ്വലമായ, അസ്ഥിരവും ചലനാത്മകവുമായ ഒരു മണ്ഡലമാണ് ഈ കവിതകളിലെ ലൈംഗികതയും ശരീരവും. ഇവ മുന്‍കവികളില്‍ നിന്നു സാധിച്ചെടുത്ത അകലമാണ് നാം തിരഞ്ഞത്. കവിതയുടെയും ലിംഗപരിഗണനയുടെയും  സംസ്‌കാരങ്ങള്‍ ചേര്‍ന്നു പൂര്‍ത്തിയാക്കേണ്ട അഭികാമ്യമായ ഒരു ദിശ എന്ന നിലയ്ക്കാണവയുടെ പ്രസക്തി.. 
( 2014 ജനുവരിയിലെ ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച ലേഖനം)