Saturday, March 30, 2013

കവിതയില്‍ പുതിയ ഒച്ചയനക്കങ്ങള്‍

മകാലിക കവിത ആധുനിക കവിതയില്‍ നിന്നു നേടിയെടുത്ത വിച്ഛേദങ്ങളെ പങ്കിടുന്ന രണ്ടു കൃതികളാണ് 'ഇംഗ്ലീഷ് പൂച്ച', 'ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍' എന്നിവ. വിപരീതോക്തികളും അകാല്‍പ്പനിക ശൈലികളും കൊണ്ടു ഭാഷയെ പുതുക്കാന്‍ ഇരുകവികളും ശ്രമിക്കുന്നു.
എം.ആര്‍. അനില്‍കുമാറിന്റെ കവിത 'ആകാശത്തേക്കുള്ള ഗോവണി' എന്ന സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളാണ്. അച്ചടിമാധ്യമത്തിന്റെ തിരസ്‌കാരരുചി അല്‍പ്പമെങ്കിലും അനുഭവിച്ചവയാണവ. അതിനാല്‍, സ്റ്റോപ്പില്ലാത്തിടത്തുവച്ച് വെറുതെ കൈ കാണിച്ചപ്പോള്‍ നിര്‍ത്തിയ ബസ്സിനുള്ളില്‍ കയറി ഫുട്‌ബോര്‍ഡില്‍ തൂങ്ങിനില്‍ക്കുന്നവന്റെ കൗതുകമാണ് പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം തനിക്കുണ്ടാക്കിയതെന്നു കവി പറയുന്നു. കവി കൂടിയായ നിരഞ്ജന്റേതാണ് അവതാരിക.

ആസക്തികളോട് പ്രതിഭാഷണം
 ആഗോളവല്‍കൃത സമൂഹത്തിലെ ആസക്തികളോടുള്ള പ്രതിഭാഷണങ്ങളായി കവിതയെ വളര്‍ത്തുകയാണ് അനില്‍കുമാറിന്റെ രീതികളിലൊന്ന്. എന്നാല്‍, രാഷ്ട്രീയ ധ്വനികളുടെ അമിതഭാരമില്ലാതെയാണവ രചനകളില്‍ കടന്നുവരുന്നത്.
''നീ തന്നെ ദുശ്ശാസനന്‍
നീ തന്നെ കൃഷ്ണനും
നീ തന്നെ
നീ തന്നെ മുതലാളിത്ത ചന്തേ''
(സൗന്ദര്യസന്ധ്യേ)
എന്നീ വരികളില്‍ പാരഡിമുഴക്കത്തിനപ്പുറമുള്ള ചരിത്രസൂചനകള്‍ കാണാം. 'തവള ഒരു വലിയ പുല്‍ച്ചാടിയെ സ്വപ്നം കാണുന്നു'വില്‍ തത്ത്വചിന്തയുടെ പൂര്‍വഭാവനകളെ കൂടി കവി കടത്തിവിടുന്നു. ''ആരുടെ ഇവന്റ് മാനേജ്‌മെന്റാണ് ഈ ജീവിതമെല്ലാം''    (ചില എപ്പിസോഡുകള്‍) എന്നു കവി ചോദിച്ചുപോവുന്നുണ്ട്.
'ആണ്‍ഭയം', 'മുപ്പത്തഞ്ചില്‍ ഒരു ചന്ദ്രിക', 'രക്ഷകന്‍', 'പെണ്ണെഴുത്ത്', 'ചോരയാണൊക്കെ', 'പെണ്‍പക', 'കാര്‍ണിവോറസ്' മുതലായ ഒട്ടേറെ കവിതകള്‍ സമകാലിക സ്ത്രീയവസ്ഥകളെ കണ്ടറിയുമ്പോഴും സ്ത്രീവിമോചനത്തോട് സന്ദിഗ്ധത പുലര്‍ത്തുകയാണ്. മരണവും മണവും കെട്ടുപിണയുന്ന അനുഭൂതിയില്‍ നിന്നാണ് 'മ(ര)ണം' എന്ന കവിത. നാക്കിന്റെയും മൂക്കിന്റെയും കൊതിസഞ്ചാരങ്ങളാണ് 'വിശ്വവിഖ്യാതമായ നാക്ക്', 'കൊതി' എന്നിവ. 'പഴയ പുസ്തകങ്ങളും' 'ബോധോദയവും' ഇല്ലായ്മകളെ ഭയപ്പെടുന്നു. പഴയ ഓര്‍മകളുടെയും വേദനകളുടെയും ശ്മശാനങ്ങളില്‍ നിന്നാണ് ചിലപ്പോള്‍ അനില്‍കുമാറിന് കവിത. ''എന്റെ പഴയവീടുകള്‍ എന്റെ
തന്നെ ശ്മശാനങ്ങളാണ്'' എന്നു കവി.
പ്രണയത്തോടും സ്‌നേഹത്തോടുമുള്ള പായ്യാരങ്ങള്‍ നിലയ്ക്കുന്നില്ല ഈ കവിതകളില്‍.
''കണ്ണ്
ഒരു സൂചിയും
നോട്ടം
നേര്‍ത്തൊരു നൂലുമാണ്'' (ഫാഷന്‍).
മറ്റൊന്നിലും കാഴ്ച കലര്‍ന്നുപോവാതെ സൂക്ഷിക്കുമ്പോഴും ചിലപ്പോള്‍ പ്രണയം മരണമാവുന്ന നിസ്സഹായതയില്‍ ചെന്നെത്തുന്നു. ഒരമ്പുപോലും തൊടുക്കും മുമ്പ് അതു പിടഞ്ഞു തീര്‍ന്നുപോവുന്നു. എങ്കിലും കവിതയല്ലാതെ കവിക്കാരുമില്ലെന്ന് ('ശ്വാനരന്‍', 'ഒടിയന്‍') കവിയറിയുന്നു. ലിപികള്‍ പുഴകളാണെന്നറിയുന്ന കവി ''ആവതില്ലെനിക്ക്  നിന്നിലൂടല്ലാതെ മറുകരയെത്തുവാന്‍'' (ലിപികള്‍ പുഴകളാണ്)
എന്നും തിരിച്ചറിയുന്നു.
അനുഭവങ്ങളുടെ ആകത്തുകയെ, അഭിരുചികളെ, അകം/പുറം പെരുമാറ്റയിടങ്ങളെയൊക്കെ 'അടിച്ചുമാറ്റിയ' ഒരവസ്ഥയില്‍ നിന്നാണ് 'ഇംഗ്ലീഷ് പൂച്ച' പോലുള്ള കവിതകളുണ്ടാവുന്നത്. ''അരിമണികള്‍ക്കിടയിലെ കല്ലുകള്‍'' പോലെ (സോര്‍ട്ടെക്‌സ് റൈസ്) ''കൊച്ചുപുസ്തകങ്ങള്‍ വായിക്കാനുള്ള ഒളിവിടമാവുന്ന തട്ടുമ്പുറങ്ങള്‍'' പോലെ (തട്ടുമ്പുറത്തപ്പന്‍) പഴയതൊക്കെ എവിടെയോ ചോര്‍ന്നുപോവുന്നത് ഉള്ളില്‍ത്തട്ടിയറിയുന്നു, കവി.
 

രാഷ്ട്രീയ സൂക്ഷ്മതകള്‍
പുതുകാലത്തിന്റെ തുടിപ്പുകളെ തീവ്രമായി തൊട്ടറിയുന്ന കവിതയാണ് 'ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍.' രാഷ്ട്രീയ സൂക്ഷ്മതകളാല്‍ ശ്രദ്ധേയമാണിതിലെ ഓരോ കവിതയും. കമ്പോളം, ചരിത്രം, ആഢ്യത്വം, ദേശീയത എന്നിങ്ങനെയുള്ള പ്രമേയങ്ങള്‍ക്കൊപ്പം വിരുദ്ധോക്തിയും നര്‍മവും നിസ്സംഗതയും പരിഹാസവും വാമൊഴിഭേദങ്ങളും കവിതയില്‍ കടന്നുവരുന്നു. എം.ബി. മനോജിന്റെ അവതാരിക കവിതകളെക്കുറിച്ചുള്ള ഭദ്രമായ പഠനം തന്നെയാണ്.
''ാസ  മനോഹരമായ
സ്ഥലമായിരിക്കാം
വിശുദ്ധമായ നാടായിരിക്കാം''
(അസാധു)
മനുഷ്യസ്‌നേഹം കൊണ്ടുനടക്കാനുള്ള ത്രാണിയില്ലെങ്കിലും ചിലതൊക്കെ അമര്‍ത്തിയെഴുതാന്‍ ഈ കവിതകള്‍ക്കു കഴിയുന്നുണ്ട്.
'ഒബാമ' എന്ന കവിത നോക്കൂ:
''കൂടുതലൊന്നും മിണ്ടിയിട്ടില്ലെങ്കിലും
പഠിപ്പിച്ചുവരുന്ന ചരിത്രത്തെ
കൃത്യമായി ആവര്‍ത്തിക്കാനും
അധ്യാപകരില്ലാതെ വന്നാല്‍
മൊത്തം ക്ലാസിനെ
അടക്കിയിരുത്താനും
അവനു കഴിയുമെന്ന്
ഉറച്ചു വിശ്വസിക്കുന്നു
ഇപ്പോഴും പി.ടി.എ.''
'ഡിസംബര്‍ 6', 'എങ്ങനെ നുള്ളണം ചെഞ്ചീര', 'ഒരു ചെടി പൂവിടുന്നതെങ്ങനെ', 'വാഗണ്‍' മുതലായ കവിതകള്‍ ദേശീയതാബോധ്യങ്ങളോടുള്ള കാവ്യപ്രതികരണങ്ങളാണ്. 'ചെങ്ങറ', 'ഭൂരിപക്ഷം' മുതലായ കവിതകള്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിലെ ചില സങ്കുചിതത്വങ്ങളെ പരിഹാസവിധേയമാക്കുന്നവയാണ്.   

(31.03.2013ലേജസ്സിന്ഴ്ച്ട്ടത്ില്‍  പ്രിദ്ീകിച്ത്)
               

3 comments:

  1. നല്ല പരിചപ്പെടുത്തൽ
    ഒന്ന് കൂടീ വായിക്കണം

    ആശംസകൾ

    ReplyDelete
  2. ടീച്ചര്‍,

    നല്ല പരിചയം. അനിലേട്ടന്റെ ചില കവിതകള്‍ എങ്കിലും വായിച്ചിട്ടുണ്ട്. രണ്ട് പുസ്തകവും വായിക്കാന്‍ ശ്രമിക്കാം..

    ഓഫ് : ഈ പോസ്റ്റ് ഞാന്‍ എടുക്കുകയാണ്. പുസ്തകവിചാരത്തിലേക്ക്.. വിരോധമില്ല എന്ന് കരുതുന്നു :)

    ReplyDelete
  3. ഷാജൂ, മനോരാ‍ജ്.. നന്ദി വായനയ്ക്കും പ്രതികരണങ്ങള്‍ക്കും..മനോരാജ് പുസ്തകവിചാരത്തില്‍ ഈ പോസ്റ്റ് വരുന്നതില്‍ സന്തോഷമേയുള്ളു..ആഴ്ച്ചവട്ടത്തിന്റെ താളില്‍ ഒതുക്കാനായി ചെറുതാക്കേണ്ടി വന്നതിനാല്‍ അധികം വിശദമായി എഴുതിയല്ല എന്നേ ഉള്ളു

    ReplyDelete