Saturday, January 12, 2013

കവിതയില്‍ പുതുവസന്തം

 മകാലികകവിതയിലെ ഏറ്റവും പുതിയ തലമുറയുടേതുള്‍പ്പെടെയുള്ള ശ്രദ്ധേയമായ ഏഴു സമാഹാരങ്ങള്‍ ഈയിടെ പുറത്തിറങ്ങി. കവിതയുടെ ഭാവുകത്വത്തില്‍ പുതിയ അടയാളങ്ങള്‍ തീര്‍ക്കുന്നവയാണ് ഇവയിലോരോന്നും. പ്രണയത്തിന്റെ ഹരിതനീലച്ഛവി വീരാന്‍കുട്ടിയുടെ പുതിയ സമാഹാരത്തില്‍ (തൊട്ടുതൊട്ടു നടക്കുമ്പോള്‍) മനുഷ്യസഹജമായ ഒരു വികാരം മാത്രമല്ല, പലപ്പോഴും ജീവിതത്തിന്റെ ആകെത്തുകയും അഭയവും കൂടിയാണ്. അതു മനുഷ്യന്റെയും മരത്തിന്റെയും പക്ഷിയുടെയും വാഴ്‌വും വിശുദ്ധിയും ഉണര്‍ത്തിയെടുക്കുന്നു. അതിനെ നിരന്തരം പുതുക്കിയെഴുതുന്നു.സൗമ്യവും സ്‌നിഗ്ധവും എന്നാല്‍, കരുതലുള്ള എപ്പോഴും കൂടെയുള്ള വിചാരങ്ങളോടുരുമ്മിക്കൊണ്ടാണീ പ്രണയസഞ്ചാരം.
അതിനാല്‍ ഈ കവിതകളില്‍ മഴയും ഇലയും ജലവും കിളികളും ഋതുക്കളും ഒപ്പം മനുഷ്യരും മൃഗങ്ങളുമുണ്ട്. ജീവിതം അങ്ങനെത്തന്െയണ്ട്. കൂണുകള്‍ എന് കവിതയുടെ സൂക്ഷ്മശില്‍പ്പം നോക്കൂ:

''മേഘങ്ങള്‍ പരസ്പരം
ചുംബിച്ച വെളിച്ചത്തില്‍
കോരിത്തരിച്ച്
പേടി മറന്ന് പെറ്റതാവണം
ഭൂമി ഈ വെളുത്ത കുഞ്ഞുങ്ങളെ''

പ്രണയത്തോടും ജീവിതത്തോടുമൊപ്പം എന്നും പതിയിരിക്കുന്ന മരണത്തെയും കവി കാണുന്നു.. മരിച്ചുപോവല്‍ പക്ഷേ, ഒരു പിണങ്ങിപ്പോക്കാണെന്നു  കവി എഴുതുന്നു. കാരണം, എവിടേക്കാണു പോവുന്നതെന്നു പറയുകയേയില്ല. എങ്കിലും പ്രണയനഷ്ടത്തേക്കാള്‍ വലിയ മരണമില്ലെന്ന്  ഈ കവിതകള്‍ പറയുന്നു:

''നീ കൊന്നിട്ടും പറയാതെ വച്ച
ആ വാക്കിന്റെ പൊരുളില്‍
മുറുകിയും അയഞ്ഞും
ഞാനിപ്പോള്‍ മരിച്ചുപോയേക്കും''
(പറയാതെവച്ച)

പ്രണയത്തിന്റെ ഇളംനിലാവില്‍ നിന്നു  ജീവിതത്തിന്റെ പൊരിവെയിലിലേക്കാണ് പവിത്രന്‍ തീക്കുനിയുടെ കവിതകള്‍ കണ്‍മിഴിതുറക്കുന്നത്. അതിനാല്‍ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനുമായി കവി നിലവിളിക്കുന്ന് എന്ന പുതിയ സമാഹാരത്തെ വായനയ്ക്കായി വിട്ടയക്കുന്നു.. വിശപ്പിന്റെ പ്രാപഞ്ചികതയെ, ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും കടുത്ത യാഥാര്‍ഥ്യങ്ങളെ   പുതിയൊരു പ്രതലത്തിലേക്കു പണിതുയര്‍ത്തുന്നു,  തീക്കുനിക്കവിതകള്‍. 'വള്ളിച്ചേമ്പും വാഴക്കണ്ടയും വിശപ്പിന്റെ നിശ്ശബ്ദമായ അലര്‍ച്ചകള്‍ക്കു വഴങ്ങുന്ന കാലത്തെ'ക്കുറിച്ച് എഴുതുന്നതു പോലെ തന്റെ ഏകാന്തതയെക്കുറിച്ചും പ്രണയതിരസ്‌കാരത്തെക്കുറിച്ചും കവിയെഴുതുന്നു.  യാഥാര്‍ഥ്യങ്ങളെ തിരയുകയും ഒപ്പം നുണകളെ ഭയപ്പെടുകയും മനസ്സിലാക്കുകയും ചെയ്യു ഒരാള്‍ ഈ കവിതകളിലുണ്ട്. ആ നുണകള്‍ പോലും ഏറെ പ്രിയപ്പെട്ടതെങ്കിലും മോഷ്ടിക്കപ്പെടുമെന്ന്  കവി അറിയുന്നു. (എല്ലാവരിലും) ''ഏറ്റവും വലിയ നുണ പക്ഷേ, കണ്ണീരാണെന്ന്'' (നുണ) കവി എഴുതുന്നു. എങ്കിലും ഏതു ദുഃഖത്തിലും ജീവിതം അതിജീവനം തന്നെയൊവുന്നു ഈ കവിതകളില്‍.

''മരിച്ചുപോയെന്ന്
നമ്മള്‍ക്കെല്ലാം
ഉറപ്പുള്ളതാണ്
എന്നാലും
ജീവിച്ചിരിപ്പുണ്ടെന്ന
നമ്മുടെ ബോധത്തെ
നശിപ്പിച്ചുകൂടാ... ''(എന്നലും)

അച്ചടിമലയാളം നാടുകടത്തിയ കുഴൂര്‍ വില്‍സന്റെ കവിതകള്‍ പുതുഭാവനയുടെ അതിരുകള്‍ വികസിപ്പിക്കുന്നു . പുതുകവിതയ്ക്കു സഹജമായ അനുഭവങ്ങളുടെ പച്ചപ്പ് വേണ്ടുവോളമുണ്ട് ഈ കവിതകളില്‍. പ്രവാസദേശങ്ങളും സൗഹൃദങ്ങളും ജന്മദേശമായ കുഴൂരും കണ്ടുമുട്ടിയ മരങ്ങളും സലിംകുമാറും മറന്നുവച്ച കുടയും    കവി അയ്യപ്പനും ഗള്‍ഫില്‍വച്ചു കണ്ട                       കാസര്‍ക്കോട്ടുകാരന്‍ ഗ്രോസറിക്കാരനും ഒക്കെ നിറയുന്ന ഈ കവിതകളില്‍നിന്നു തൊട്ടെടുക്കാന്‍ കഴിയുന്നു, ജീവിതത്തെ. പില്‍ക്കാലം ഓര്‍മകളായിത്തീരാനിടയുള്ള ജീവിതമാണവ. പോയകാലം അക്ഷരത്തെറ്റുള്ള തെറികളായി സ്‌കൂളിലെ മൂത്രപ്പുരകളെ ഓര്‍ത്തെടുക്കുപോലെ, കപ്പപ്പുഴുക്കു കാണുമ്പോള്‍ വറുതിക്കാലങ്ങളിലെ ഗ്രാമീണകുടുംബത്തെ ഓര്‍ക്കും പോലെ മധുരവും തീവ്രവുമായ ജീവിതം. കുഴൂര്‍ വില്‍സന്റെ കവിതകള്‍ എന്ന കൃതി മലയാളകവിതയുടെ വേറിട്ട ഒരു വികാര ജീവിതമാവുന്നത് അങ്ങനെയാണ്.
സുധീഷ് കോട്ടേമ്പ്രത്തിന്റെ ശരീരസമേതം മറൈന്‍ ഡ്രൈവില്‍ എന്ന കവിതാസമാഹാരം തികച്ചും ഒരു നവതരംഗ ഭാവുകത്വത്തെ നിര്‍മിച്ചെടുക്കുന്നു. നഗരം, ശരീരം, കാമന എന്നീ കവിതകളെ ചുരുക്കിയെഴുതാം. ഉടലിനെക്കുറിച്ചുള്ള സൗന്ദര്യചിന്തകളും ആത്മീയഭാഷണങ്ങളും നിറയു കവിതയില്‍ നാടന്‍ വാമൊഴികളും പ്രാദേശികഭാഷണങ്ങളും നിറയുന്നു . ഉന്മേഷം നിറഞ്ഞ പുതുജീവിതാവിഷ്‌കാരങ്ങളെത്തയൊണ് ഈ ആദ്യസമാഹാരം വച്ചുനീട്ടുന്നത്.
എം.എസ്. ബനേഷിന്റെയും ശൈലന്റെയും സമാഹാരങ്ങള്‍ ശരീരത്തെ കൂസലില്ലാതെ തുറന്നെഴുതുന്നു. പുതിയ ആവിഷ്‌കാരങ്ങളുടെ ഊര്‍ജസ്വലതയും വിധ്വംസകതയും അവയിലേറെ. കാത്തു ശിക്ഷിക്കണേ എന്ന  കൃതി ബനേഷിന്റെ രണ്ടാമത്തെ കവിതാസമാഹാരമാണ്. കവിതയിലെ തരളതകളെ നുള്ളിയെറിയുന്ന  ഈ കവിതകള്‍ പുതുമയുള്ള രീതിയില്‍ ലൈംഗികതയെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെഴുതുന്നു.
ശൈലന്റെ കവിതകള്‍ (ദെജാവു) ഒറ്റ നോട്ടത്തില്‍ ഭാഷാപരവും പ്രമേയപരവുമായി അരാജകമെന്നു  തോന്മെങ്കിലും വ്യതിരിക്തമായ കാവ്യാന്വേഷണങ്ങള്‍ എന് നിലയ്ക്കു ശ്രദ്ധേയമാണ്. പി.ടി. ബിനുവിന്റെ കവിത പ്രതി എഴുതിയ കവിത പരിസ്ഥിതിയുടെ സൂക്ഷ്മജീവിതം കൂടി എഴുതുന്നു. വെളിച്ചം, മലയിടിക്കുന്ന ഒച്ച, പഴുത്ത പേരയ്ക്ക എന്നിങ്ങനെ നിരവധി കവിതകളില്‍ ഈയൊരു ഉണര്‍വുകാണാം. ദൃശ്യസമ്പന്നമായ ആവിഷ്‌കാരശൈലി  ബിനുവിന്റെ കവിതകളുടെ പ്രത്യേകതയാണ്. അലക്കുകാരി, കൈപ്പത്തി, മാഞ്ഞുപോയ ഭൂപടം തുടങ്ങി നിരവധി കവിതകളില്‍ ഇതു കാണാം.
(തേജസ് പത്രത്തിന്റെ 13.01.2013ലെ വാരാന്തപ്പതിപ്പ് ‘ആഴ്ച്ചവട്ട‘ത്തില്‍ പ്രസിദ്ധീകരിച്ചത്)

4 comments:

  1. കവിതാവസന്തം

    ReplyDelete
  2. പുതു കവിതയിലേക്ക്‌ ചൂണ്ടിയ വിരല്‍.

    ReplyDelete
  3. വായിച്ചു.നന്നായിരിക്കുന്നു.പുതിയ കവിതയുടെ വസന്തം മനോഹരമായി വരച്ചിട്ടിരിക്കുന്നു. വളരെ നന്ദി. ഇന്നിയും ഇതുപോലെ നല്ല ലേഖനങ്ങള്‍ പ്രതീഷിക്കുന്നു.
    ശുഭാശംസകൾ....

    ReplyDelete
  4. അജിത്, വിനോദ്കുമാര്‍,നവീന്‍... ഒരുപാട് സന്തോഷം നന്ദി, ആദ്യവായനയ്ക്കും പ്രതികരണങ്ങള്‍ക്കും..

    ReplyDelete