Monday, September 12, 2011

ഇസ്മത് ച്യുഗ്തായ്‌ : പെണ്മയുടെ കലക്കങ്ങള്‍

സ്ത്രീസര്‍ഗാത്മകതയുടെ അതിവിചിത്രവും അപൂര്‍വ്വവുമായ ഋതുപകര്‍ച്ചയാണ് ഇസ്മത് ച്യുഗ്തായ്. ഉയിരിനെയും ഉടലിനെയും ഊര്‍ജ്ജസ്വലതയോടെ വാരിപ്പുണരുന്ന സ്‌ത്രൈണതയുടെ ആഘോഷനൃത്തം. കാമനകളുടെ കടലേറ്റങ്ങളും നിഷ്‌കളങ്കതയുടെ ഇളംകാറ്റുകളും മാരകമായ സത്യസന്ധതയുടെ ആത്മബലികളും ഭാവനയുടെ ചുഴിമലരികളും ധൈഷണികതയുടെ ഇടിമിന്നലുകളും വന്യമായൊരു വസന്തമായി ഇസ്മത്തിന്റെ പ്രതിഭയെ ആവേശിച്ചു. സര്‍ഗാത്മകതയുടെ ഉന്മാദോല്‍സവമായിരുന്നു, ആ ജീവിതം. ഏറെക്കുറെ മലയാളത്തില്‍ മാധവിക്കുട്ടി ജീവിച്ചു തീര്‍ത്തതിനു തുല്യം. മാധവിക്കുട്ടിയെപ്പോലെ തന്നെ രാധാകൃഷ്ണപ്രണയത്തെക്കുറിച്ചുള്ള ഉദാത്തസങ്കല്പങ്ങള്‍ ഉള്ളില്‍ പേറിയെന്നതോ, വരേണ്യകുടുംബത്തില്‍ പിറന്നിട്ടും പരിചാരകരും തൊഴിലാളികളുമായ കേവലമനുഷ്യരുമായുള്ള സമ്പര്‍ക്കങ്ങളും അവരുടെ കൊച്ചുകൊച്ചു വേദനകളും സ്വപ്നങ്ങളും ഈര്‍ഷ്യകളും ദുരഭിമാനങ്ങളും നന്മതിന്മകളുമൊക്കെ തന്റെ രചനകളിലാവിഷ്‌കരിച്ചുവെന്നതോ മാത്രമല്ല, ഈ സാദൃശ്യപ്രതീതിക്കു കാരണം. അശ്ലീലമെഴുതിയെന്നാരോപിച്ചുകൊണ്ട് വ്യവസ്ഥാപിതസമൂഹം ഇരുവരെയും കുരിശേറ്റിയതോ, മരണാനന്തരച്ചടങ്ങുകളുമായി ബന്ധപ്പെട്ട് ഇരുവരുടേയും ജീവിതത്തില്‍ പ്രത്യക്ഷപ്പെട്ട വിവാദങ്ങളോ അല്ല. മറിച്ച് തങ്ങളുടെ സ്ത്രീസ്വത്വവുമായി അവര്‍ നിരന്തരം നടത്തിയ പീഢാകരമായ അഭിമുഖീകരണവും അവയുടെ സത്യസന്ധവും കലാപരവുമായ ആവിഷ്‌കാരവുമാണ് ഇങ്ങനെയൊരു സാധര്‍മ്മ്യം വായനക്കാരില്‍ ഉളവാക്കുന്നത്. പ്രത്യയശാസ്ത്രപരവും ചരിത്രപരവുമായ അവയുടെ അനേകാഗ്രമായ ധ്വനികള്‍ സ്‌ത്രൈണതയുടെ പുതിയ മാനങ്ങളെ നിര്‍മ്മിച്ചെടുക്കുന്നു. നിലവിലുള്ള വ്യവസ്ഥയില്‍ സ്‌ത്രൈണത എങ്ങനെ സമര്‍ത്ഥമായി ഒഴിവാക്കപ്പെട്ടുവെന്നും തമസ്‌കരിക്കപ്പെട്ടുവെന്നും അവ നമ്മോടുപറയുന്നു. അടിസ്ഥാനപരമായും അത്തരം ന്യൂനീകരണങ്ങളിലൂടെയും ഒഴിവാക്കലുകളിലൂടെയും പോലുമാണ് വ്യവസ്ഥാപിത കലാസാഹിത്യചിന്തകള്‍ തന്നെ പടുത്തുയര്‍ത്തപ്പെട്ടതെന്ന വെളിവിലേക്ക് നാം എടുത്തെറിയപ്പെടുന്നു. എന്നാലവര്‍ ആശയങ്ങളെയോ വിമോചനപരമായ പുരോഗമനാത്മക നിലപാടുകളെയോ ഉപജീവിച്ചില്ല. അവ സ്വയം അവരില്‍ തഴ
ച്ചു പടര്‍ന്നു, സ്വന്തം ആന്തരികതയില്‍ അവയെ ഉരുക്കിവാര്‍ത്തു. അത് ആത്മാവിന്റെ തൊലിയെത്തന്നെ പച്ചയോടെ ഉരിഞ്ഞെടുക്കുന്ന, ചോരപൊടിയുന്ന നഗ്നമായ ഒരു വെളിപ്പെടല്‍ തന്നെയാണ്. ജീവിതവും എഴുത്തും ഒന്നുചേര്‍ന്ന ഈ ഉദ്ഗ്രഥിത സത്തയാണ് സ്ഥലകാലങ്ങള്‍ക്കപ്പുറം ഈ എഴുത്തുകാരികളെ ഒരേ കാഴ്ചവട്ടത്തില്‍ കൊരുത്തിടുന്നതിനു കാരണം. വ്യക്തിയും രാഷ്ട്രീയവും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞ (personal is political) എഴുത്തുകാരെന്ന നിലയ്ക്കു കൂടിയാണ് നാം അവരില്‍ ഇരട്ടകളെ (twins) കാണുന്നത്. ഇതു യാദൃച്ഛികമല്ല. സ്‌ത്രൈണപാരമ്പര്യവും അവയുടെ ചരിത്രപരമായ തുടര്‍ച്ചകളും കാലത്തിന്റെ അനിവാര്യതയാണ്. മറ്റൊരര്‍ത്ഥത്തില്‍ ബോര്‍ഹസ് പറയുന്നതുപോലെ ഓരോ എഴുത്തുകാരിയും തന്റെ രചനകളിലൂടെ ഒരു മുന്‍ഗാമിയെ സൃഷ്ടിക്കുന്നു. ആ മുന്‍ഗാമിത്വം ഇസ്മത്തില്‍ ഒരു മലയാളിക്കു വായിക്കാന്‍ കഴിയുന്നത് മാധവിക്കുട്ടിയിലുടെയാവാം.

ദേശീയസ്വാതന്ത്ര്യമെന്ന ആശയം എല്ലാ ചിന്താവ്യവഹാരങ്ങളിലും പ്രത്യയശാസ്ത്രമണ്ഡലങ്ങളിലും വ്യാപിച്ചിരുന്ന കാലയളവിലാണ് ഇസ്മത് സാഹിത്യരചനയിലേക്കു കടക്കുന്നത്. പൗരത്വം, വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം, ആവിഷ്‌കാരസ്വാതന്ത്ര്യം മുതലായ ചിന്തകളൊക്കെയും അന്നത്തെ ഏതൊരു ബുദ്ധിജീവിയിലുമെന്നതുപോലെ ഇസ്മത്തിലും ആളി
പ്പടര്‍ന്നിരുന്നു. എന്നാല്‍ പൊതുവായ ഈ പ്രശ്‌നമണ്ഡലങ്ങള്‍ക്കകത്ത് ഒരു ജനാധിപത്യസ്വത്വമെന്ന നിലയില്‍ സ്ത്രീയുടെ കര്‍തൃത്വം എന്ത് എന്ന ചോദ്യം ഉന്നയിക്കുകയാണ് ഇസ്മത്തിന്റെ രചനകള്‍ ചെയ്തത്. ആധുനികവല്‍ക്കരിക്കപ്പെട്ട ഇന്ത്യയുടെ സാമൂഹികഘടനയിലുണ്ടായ പരിവര്‍ത്തനങ്ങള്‍ സ്ത്രീപുരുഷവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ പദവിയിലും അവകാശങ്ങളിലും ദൃശ്യമാക്കിയ വൈരുദ്ധ്യങ്ങള്‍ അവരെ അസ്വസ്ഥയാക്കി. ആധുനിക ഉറുദുചെറുകഥാസാഹിത്യത്തിന്റെ നെടുംതൂണുകളായ സാദത്ത് ഹസ്സന്‍ മന്തോ, കൃഷന്‍ ചന്ദര്‍, രജീന്ദര്‍ സിംഗ് ബേഡി എന്നിവര്‍ക്കൊപ്പം പ്രതിഷ്ഠ നേടിയ ഒരാളെന്ന നിലയിലും ഉത്തരേന്ത്യന്‍ മുസ്ലീം സാംസ്‌കാരികതയെയും അതിന്റെ അകം പുറങ്ങളെയും ഫലപ്രദമായി ആവിഷ്‌കരിച്ച ഒരാളെന്ന നിലയിലും കവിഞ്ഞ് ഇസ്മത്തിനെ സമകാലിക ലോകത്ത് ശ്രദ്ധേയയാക്കുന്ന അംശം അതാണ്. സാഹിത്യരചനകളില്‍ നിന്നും മറ്റു ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നുമൊക്കെ സ്ത്രീകളെ നിരുത്സാഹപ്പെടുത്തിയിരുന്ന പൊതു സംസ്‌കാരത്തിന്റെ പ്രവണതകളുമായി ഏറ്റുമുട്ടിക്കൊണ്ടു തന്നെയാണ് ഇസ്മത് സാഹിത്യജീവിതം ആരംഭിക്കുന്നത്. പുരോഗമന സമൂഹങ്ങളില്‍പ്പോലും സ്ത്രീവാദപരമായ ഉണര്‍വ്വുകള്‍ വേണ്ടത്ര പ്രത്യക്ഷപ്പെടാതിരുന്ന നാല്പതുകളുടെ തുടക്കത്തിലാണ് സ്ത്രീത്വത്തിന്റെ സ്വത്വപ്രതിസന്ധികള്‍ ഇസ്മത് ചങ്കുറപ്പോടെ വിളിച്ചു പറഞ്ഞത്. ധൈഷണികവും വികാരപരവുമായ സാഹസികത അതിലുണ്ടായിരുന്നു, അതിലുപരി സത്യസന്ധതയും.

മധ്യവര്‍ഗസമ്പന്ന മുസ്ലീംകുടുംബത്തിലെ പത്തു മക്കളില്‍ ഒമ്പതാമതായി ജനിച്ച ഇസ്മത്ത് കുട്ടിക്കാലം ചെലവഴിച്ചത് വേലക്കാരോടും അയല്‍വാസികളോടുമൊപ്പമാണ്. ബന്ധുക്കളും ആശ്രിതരുമടങ്ങുന്ന വലിയ അം
ഗസംഖ്യയുള്ള കുടുംബത്തിനകത്ത് ഇസ്മത്ത് എപ്പോഴും മുതിര്‍ന്നവരുടെ കൂട്ടായ്മകളില്‍ ഒരു കേള്‍വിക്കാരിയായി. പില്ക്കാലത്ത് അവ കഥകളും സിനിമകളുമായി അവളില്‍ മുളച്ചു. ഇസ്മത്തിന്റെ രചനകളെ സവിശേഷമാക്കുന്ന ഗാര്‍ഹികപരിസരങ്ങളും ഗാര്‍ഹികവല്‍കൃതമായ കുടുംബബന്ധങ്ങളും അവയുടെ അകംപുറങ്ങളും സൃഷ്ടിക്കുന്നതിന് അവരെ സഹായിച്ചത് ഇതെല്ലാമാണ്. കുട്ടിക്കാലത്ത് കട്ടിലിനടിയിലും കതകിനുമറവിലുമായി താന്‍ ഒളിച്ചു നിന്നുകേട്ട അടക്കം പറച്ചിലുകളും എണ്ണിപ്പെറുക്കലുകളും തേങ്ങലുകളും ആ കഥകളില്‍ യഥാര്‍ത്ഥജീവിത സന്ദര്‍ഭങ്ങളായിത്തന്നെ ഉള്‍ച്ചേര്‍ത്തുകൊണ്ട് അവര്‍ മനുഷ്യാവസ്ഥയെ ആവിഷ്‌കരിച്ചു. പഠിപ്പോ പരിഷ്‌കാരമോ ഇല്ലാത്ത നാട്ടിന്‍പുറത്തുകാരും ദരിദ്രരുമായ മനുഷ്യര്‍ക്കിടയില്‍ അവരിലൊരാളായിത്തീര്‍ന്നുകൊണ്ടു ഇടപഴകാന്‍ ഇസ്മത്തിനു അനിതരസാധാരണമായ കഴിവുണ്ടായിരുന്നു. വലിയ അളവിലുള്ള സംഭാഷണപ്രിയത്വം അവരുടെ സുഹൃത്തുക്കളായ സഫിയയും മന്തോയും മറ്റു പലരും അനുസ്മരിക്കുന്നുണ്ട്. തന്റെ അലക്കുകാരനുമായിപ്പോലുമുണ്ടായിരുന്ന ഗാഢസൗഹൃദത്തിനു പിന്നില്‍ ഉണ്ടായിരുന്നത് ഇതാണ്. വാമൊഴിയുടെ വിചിത്രവും രസകരവുമായ അനുഭവമായിരുന്നു ഇസ്മത്തിനത്. അയാളിരുന്ന് നാലഞ്ചു മണിക്കുറുകളോളം സംസാരിക്കും. പുസ്തകങ്ങളിലില്ലാത്ത ആ കഥകളില്‍ വൈചിത്ര്യമാര്‍ന്ന ജീവിതം ഇസ്മത് കണ്ടു. 'ബ്രജ്' ഭാഷ അയാളില്‍ നിന്നു പഠിച്ചതാണെന്ന് ഇസ്മത് ആത്മകഥാപരമായ ഒരു കുറിപ്പില്‍ പറയുന്നുണ്ട്. പച്ചക്കറി വില്പനക്കാരും പലചരക്കുകടക്കാരും ടാക്‌സി ഡ്രൈവര്‍മാരും പിച്ചക്കാരും തൂപ്പുകാരുമൊക്കെയായി അടുത്തിടപഴകിയ ഇസ്മത്തിന്റെ അനുഭവലോകത്തിന്റെ നേര്‍ഭാഷ്യമാണ് അവരുടെ കഥാലോകം.
കഥാപാത്രങ്ങള്‍
'തെര്‍ഹി ലക്കീര്‍', 'എക് കത്‌റ എ ഖൂന്‍', 'ദില്‍കി ദുനിയാ' തുടങ്ങിയ നോവലുകളിലൂടെയും മറ്റനവധി ചെറുകഥകളിലൂടെയും വെളിപ്പെട്ട ഇസ്മത്തിന്റെ കഥാപാത്രങ്ങള്‍ ഒരിക്കലും അവരുടെ വീക്ഷ
ണത്തിന്റെ പ്രചാരകരല്ല. ഓരോ കഥാപാത്രങ്ങളും അവരവരുടെ മനശ്ശാസ്ത്രപരമായ ജീവിത സാഹചര്യങ്ങളില്‍ സ്വാഭാവികമായി രൂപം കൊണ്ട ജൈവികസ്വത്വങ്ങളാണ്. പൊതുവെ കുടുംബത്തിന്റെ ഗാര്‍ഹിക സാഹചര്യങ്ങളിലാണവര്‍ ഉരുവം കൊള്ളുന്നതെങ്കിലും അവള്‍ ക്രമേണ പൊതുവും സാമൂഹ്യവുമായ ഒരു മാനത്തിലേക്ക് സംക്രമിച്ചു വികസിക്കുന്നു. ഒരു പ്രതേ്യക ജനവര്‍ഗത്തിന്റെയും സമുദായത്തിന്റെയും മൂല്യങ്ങളും മനോഭാവങ്ങളും വിശ്വാസ സംഹിതകളും ആഖ്യാനത്തില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു. ഇസ്മത്തിന്റെ ബൃഹത്തായ സാഹിത്യമണ്ഡലത്തില്‍ നിന്നും രൂപം കൊള്ളുന്ന വംശീയഭൂമിശാസ്ത്രം അസ്വസ്ഥതപ്പെടുത്തുന്നതാണ്. അവയിലെ പ്രകടമായ റിയലിസ്റ്റു ചുവകൊണ്ടല്ല, മറിച്ച് മുസ്ലീം മധ്യവര്‍ഗത്തിനുമേല്‍ മര്‍ദ്ദകമായ പിതൃമേധാവിത്വത്തിനുള്ള സ്വാധീനത്തെ കുറിച്ചുണ്ടാകുന്ന രൂക്ഷമായ തിരിച്ചറിവുകൊണ്ടാണത്. തന്റെ സമുദായത്തെ ഒരു സാക്ഷിയുടെ കണ്ണിലൂടെയാണ് അവര്‍ കാണുന്നത്. ''കാഗസീ ഹെ പൈറാഹാന്‍'' എന്ന ആത്മകഥയില്‍ ലീനമായതുപോലെ കടലാസു കൊണ്ടുള്ള തോരണങ്ങളും ചമയങ്ങളുമായി മറ്റുള്ളവരുടെ പരാതികള്‍ സമര്‍പ്പിക്കാന്‍ ഒരു കോടതിയില്‍ വിധി കാത്തു നില്ക്കുന്നതുപോലെയാണവര്‍ സ്വയം വരച്ചിട്ടത്.

കഥാപാത്രങ്ങളുടെ ബാഹ്യമായ സാമൂഹ്യഘടനയുടെ സവിശേഷതകളും അവരുടെ ഉള്‍മനസ്സിന്റെ പ്രേരണകളും തമ്മിലുള്ള സംഘട്ടനമാണ് കൃതികളെ മൂല്യവത്താക്കുന്നത്. ഇഛകളും വ്യവസ്ഥകളും തമ്മിലുള്ള ഈ പോരാട്ടത്തിലൂടെയാണ് ഇസ്മത്തിന്റെ രചന മുന്നോട്ടു പോകുന്നത്. മന:ശാസ്ത്രപരമായ സങ്കല്പങ്ങളും അസ്തിത്വവാദപരമായ ആകാംക്ഷകളും ഒരു പരിധിവരെ മാര്‍ക്‌സിയന്‍ കാഴ്ചകളും ഒന്നു ചേര്‍ന്നു വിശദമാക്കുന്ന ഒരു പെണ്ണിടമാണത്.

വിമര്‍ശകര്‍ പ
ക്ഷേ അവരുടെ രചനകളെ അവയര്‍ഹിക്കുന്ന ഗൗരവത്തില്‍ വിശകലനം ചെയ്തില്ല. ഫെയ്‌സ് അഹമ്മദ് ഫെയ്‌സിനെപ്പോലെയുള്ള വലിയ എഴുത്തുകാര്‍ പോലും അവരുടെ രചനാ സൗകുമാര്യത്തില്‍ ഊന്നിയാണ് തങ്ങളുടെ വിലയിരുത്തലുകള്‍ നടത്തിയത്. മാദകവും വശീകരിക്കുന്നതുമായ ഭാഷാപരമായ ഒരു ഐന്ദ്രിയത അവരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫെയ്‌സ് പറയുന്നു. വാക്കുകളുടെ സൂക്ഷ്മബന്ധങ്ങളും (nuances) ചുവകളും ശബ്ദങ്ങളും നിറവും മണവുമെല്ലാം നാമവിടെ അനുഭവിക്കുന്നു.

സദാചാരം
ആധുനിക ഉറുദു സാഹിത്യകാരിയായ സല്‍മാ സാദ്ദിഖി ഒരിക്കല്‍ അലഞ്ഞുതിരിയുന്ന ഒരു സ്ത്രീ ഇസ്മത്തിനെ സന്ദര്‍ശിച്ച അനുഭവം വിവരിക്കുന്നുണ്ട്. വേശ്യാവൃത്തികൊണ്ടു കഴിഞ്ഞു കൂടിയ അവള്‍ ഇനിമുതല്‍താന്‍ 'നല്ല' ജീവിതത്തിലേക്കു വഴിപിരിയുകയാണെന്നും എന്നെന്നേക്കുമായി വേശ്യാവൃത്തി നിര്‍ത്തുകയാണെന്നും പറഞ്ഞുവത്രെ. ഇസ്മത്തിന്റെ പ്രതികരണം വിചി
ത്രമായിരുന്നു ''ഒരിക്കലുമരുത്! നീ പട്ടിണി കിടന്നു ചാവും. ബഹുമാനം കിട്ടാനായി നിന്റെ ഉള്ള ജീവിതം കളയാതിരിക്കൂ. മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്കനുസരിച്ച് നിന്റെ തൊഴില്‍ കളയാതിരിക്കൂ. അഥവാ അങ്ങനെ ചെയ്താല്‍ത്തന്നെ പിന്നെ ഒരു പുരുഷന്റെ 'മാന്യഭാര്യ'യായി അടികൊണ്ട പാടുകളുമായി എന്റെയടുത്തേക്ക് വരുകയേ വേണ്ട!'' (പുറം 249, Ismat: Her life Her times). ചടുലവും മൂര്‍ച്ചയേറിയതുമായ ഈ പ്രതികരണം ഇസ്മത്തിന്റെ സമീപനം വെളിവാക്കുന്നുണ്ട്. സദാചാരം എന്ന ഏകപക്ഷീയമായ മൂല്യത്തെക്കുറിച്ചാണവരുടെ കഥകള്‍ അധികവും പറയുന്നത്. 'രണ്ടു കൈകള്‍ '(ദോ ഹാത്ത്), 'പര്‍ദ്ദയുടെ പിന്നില്‍' (പര്‍ദ്ദ കെ പീഛേ) 'പുതപ്പ്' (ലിഹാഫ്) 'ഗയിന്‍ഡാ', 'കിദ്മത് ഗാര്‍' ഇവയെല്ലാം സ്ത്രീലൈംഗികതയ്ക്കു നേരെ പുരുഷാധിപത്യ വ്യവസ്ഥകള്‍ അടിച്ചേല്പിച്ച സദാചാരക്രമത്തെ ചോദ്യം ചെയ്യുന്ന കഥകളാണ്.

'പുതപ്പ്' (ലിഹാഫ്)
'പുതപ്പ്' (ലിഹാഫ്) ഇസ്മത്തിന്റെ സാഹിത്യ ജീവിതത്തില്‍ ഏറ്റവുമധികം കോളിളക്കം സൃഷ്ടിച്ച രചനയാണ്. ഉറുദു സാഹിത്യത്തില്‍ ആധുനികതയ്ക്കു മുമ്പാണത് എഴുതപ്പെടുന്നത്. രൂപപരമായി അത് റിയലിസ്റ്റുഘടനയില്‍ത്തന്നെ നില്ക്കുന്നു. എന്നാല്‍ അന്നുവരെ
യും അടയാളപ്പെടാതെ പോയ സ്‌ത്രൈണകാമനകളുടെ ശക്തവും ഫലപ്രദവുമായ ആവിഷ്‌കാരം യാഥാസ്ഥിതിക ലോകത്തെ ഞെട്ടിച്ചുകളഞ്ഞു. പുരുഷഭാവനയിലൂടെ മാത്രം ഇതള്‍ വിരിഞ്ഞ സ്ത്രീസൗന്ദര്യവും ശരീരവാസനകളും ഒരു യുവതിയുടെ തൂലികയിലൂടെ ആവിഷ്‌കരിക്കപ്പെടുകയാണ്. പുരുഷന്‍ ഈ കഥയില്‍ ലൈംഗികതയുടെ സജീവകര്‍തൃത്വമല്ല. പരോക്ഷമായിപ്പോലും അയാള്‍ ഈ കഥയില്‍ ഒരടയാളവും സൃഷ്ടിക്കുന്നില്ല. സുന്ദരിയും യുവതിയുമായ മുഖ്യകഥാപാത്രം ബീഗം ജാനും അവരുടെ വേലക്കാരി റബ്ബുവുമായുള്ള സ്വവര്‍ഗപ്രണയത്തിന്റെ കഥയാണിത്. ബീഗം ജാനിന്റെ മതപണ്ഡിതനായ ഭര്‍ത്താവ് ആണ്‍കുട്ടികളുടെ സമ്പര്‍ക്കത്തില്‍ സന്തോഷം കണ്ടെത്തുമ്പോള്‍ ബീഗം ജാനിന്റെ യൗവനവും ലൈംഗികമോഹങ്ങളും അവരെ ചുട്ടുപൊള്ളിച്ചു. മേലാകെ എല്ലയ്‌പ്പോഴും അരിച്ചുപടരുന്ന ഒരു ചൊറിച്ചില്‍ കൊണ്ടവര്‍ ഞെളിപിരികൊണ്ടു. റബ്ബുവിന്റെ വിരലുകള്‍ എല്ലായ്‌പ്പോഴും അവരെ ചൊറിഞ്ഞും മാന്തിയും പരിചരിച്ചും കൂടെത്തന്നെയുണ്ട്. മണിക്കുറുകളോളം നീണ്ടുനില്ക്കുന്ന അവരുടെ തൈലലേപനങ്ങളും സുഗന്ധസ്‌നാനവും നാട്ടിലൊക്കെ പാട്ടാണ്. കുറച്ചു ദിവസത്തേക്ക് ബീഗം ജാനിന്റെ സംരക്ഷണയില്‍ അമ്മ ഏല്പിച്ചുപോയ ഒമ്പതു വയസ്സുകാരി പെണ്‍കുട്ടിയുടെ കണ്ണുകളിലൂടെയാണ് കഥ ചുരുള്‍ നിവര്‍ത്തുന്നത്. ഒരു മുതിര്‍ന്ന സ്ത്രീയുടെ വ്യവസ്ഥ ചെയ്യപ്പെട്ട കാഴ്ചയേക്കാള്‍ വ്യാപ്തിയുള്ളതും സ്വതന്ത്രവുമാണ് ഒരു ബാലികയുടെ അത്ഭുതവും കൗതുകവും ഭീതിയും നിറഞ്ഞതെങ്കിലും മുന്‍വിധികളില്ലാത്ത കാഴ്ചകള്‍ എന്ന് ഇസ്മത് മനസ്സിലാക്കിയിരിക്കണം.

പുതപ്പ് വാസ്തവത്തില്‍ രൂപകാത്മകം കൂടിയാണ്. പൊതുലോകത്തുനിന്ന് ഒളിച്ചുകൊണ്ട് സ്വയം മറഞ്ഞിരുന്ന് സ്ത്രീകള്‍ തമ്മില്‍ കൈമാറുന്ന, സ്ത്രീകള്‍ക്കിടയില്‍ മാത്രം നിലനില്ക്കുന്ന, അവര്‍ക്കു മാത്രം മനസ്സിലാകുന്ന കാമനകളുടെ ലോകമാണത്. സ്ത്രീകള്‍ സ്വരുകൂട്ടിവെയ്ക്കുന്ന ഈ അനുഭൂതിലോകത്തിന്റെ നിഗൂഢമായ ഇരുട്ടും അടുപ്പവും മറയും വിധിതീര്‍പ്പുകളില്ലാതെ നോക്കിക്കാണാന്‍ ഒരു കുട്ടിയ്‌ക്കേ കഴിയൂ. പുതപ്പിനുള്ളില്‍ ആരോ രഹസ്യമായി രുചികരമായതെന്തോ ഭക്ഷിക്കുന്നതായാണ് ആ ആ അപരിചിതമായ ഒച്ചയനക്കങ്ങള്‍ കേട്ട അവള്‍ക്കു തോ
ന്നിയത്. ഇരുട്ടില്‍ തന്റെ സമീപമുള്ള കിടക്കയില്‍ ഒരു ആനയുടെ അവ്യക്തമായ രൂപഭാവങ്ങളും ചലനങ്ങളും കണ്ട് ഭയന്ന് അവള്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു. വെളിച്ചം തെളിയിച്ച് എന്താണെന്നു സംഭവിക്കുന്നതെന്നറിയാനാഗ്രഹിച്ചെങ്കിലും ഭയം അവളെ അനുവദിക്കുന്നില്ല. അരണ്ട വെളിച്ചത്തില്‍ പുതപ്പ് തവളയായും ആനയായും മറ്റും പല രൂപങ്ങള്‍ മാറിക്കൊണ്ടേയിരുന്നു. ഒടുവില്‍ ധൈര്യം സംഭരിച്ച് വിളക്കു തെളിച്ചപ്പോള്‍ ആന ഒരു കുട്ടിക്കരണം മറിഞ്ഞ് നിശ്ചലമായിത്തീരുന്നു.

അശ്ലീലം ചിത്രീകരിച്ചുവെന്ന കുറ്റത്തിന് ഈ കഥയുടെ പേരില്‍ ഇസ്മത്ത് പലവട്ടം കോടതികയറേണ്ടിവന്നു. ഇസ്മത്തിനൊപ്പം തന്നെ സദത് ഹസ്സന്‍ മന്തോയും ഇതേ കാരണത്താല്‍ വിചാരണ ചെയ്യപ്പെട്ടിരുന്നു, 'ബു' എന്ന കഥയുടെ പേരില്‍. (നെഞ്ച് എന്ന വാക്കിന്റെ പേരിലായിരുന്നു ആരോപണം)
ഇസ്മത്ത് ഒടുവില്‍ കേസില്‍ ജയിച്ചെങ്കിലും ആരോപണങ്ങള്‍ അവരെ ഒരിക്കലും വിട്ടൊഴിഞ്ഞില്ല. വിവാഹത്തിനു രണ്ടുമാസം മുമ്പാണ് ഇസ്മത്ത് 'ലിഹാഫ്' പ്രസിദ്ധീകരിക്കുന്നത്. കുടുംബത്തിനുള്ളിലും നിരവധി അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ അതു കാരണമായെന്ന് ഇസ്മത് എഴുതുന്നുണ്ട്. പില്ക്കാലത്ത് വര്‍ഷങ്ങള്‍ക്കുശേഷം തന്റെ കഥയിലെ നായികയെ നേരിട്ടു കാണാനിടയായ സംഭവവും ഇസ്മത് എഴുതുന്നു. അലിഗഢിലെ ഒരു സല്‍ക്കാരവിരുന്നില്‍ വെച്ചായിരുന്നു അത്. ലിഹാഫിലെ നായിക താനാണെന്ന് തിരിച്ചറിഞ്ഞ അവരെ നേരിടുന്നതോര്‍ത്ത് ഇസ്മത് ആകെ വിറച്ചുപോയി. പക്ഷേ ഭക്ഷണസമയത്ത് ഇസ്മത്തിനെ തിരിച്ചറിഞ്ഞ് അവരുടെ കണ്ണുകള്‍ സന്തോഷവും അത്ഭുതവും കൊണ്ട് വികസിച്ചു. തനിക്കൊരു മകനുണ്ടായെന്നത് അഭിമാനപൂര്‍വ്വം അവര്‍ ഇസ്മത്തിനെ അറിയിക്കുന്നു. ഇസ്മത്ത് ചിരിയിലും കരച്ചിലിലും ആ കൂടിക്കാഴ്ചയെ ഓര്‍ക്കുന്നു.

'ലിഹാഫി'ന്റെ ഒരു വായനക്കാരന്‍ തന്റെ അശ്ലീലാരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതു കണ്ട് ഇസ്മത് ആയാളുമായി തര്‍ക്കിക്കുന്നുണ്ട്. ലൈംഗിക വികാരങ്ങള്‍ ഉണര്‍ത്തുകയും തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണത്രേ ആ കഥ ചെയ്യുന്നത്. സാത്താന്റെ പ്രലോഭനം മറികടക്കാന്‍ കഴിയാത്തവിധം സുന്ദരിയായാണ് ബീഗത്തെ ചിത്രീകരിച്ചിരിക്കുന്നതെന്ന് അയാള്‍ പറയുന്നു. ഇസ്മ
ത്തിന്റെ മറുപടി കൃത്യമായിരുന്നു. ''സാത്താന്‍ ബുദ്ധിമാനാണ്. എന്റെ ഉദ്ദേശം അതുതന്നെയാണ്. ബുദ്ധിയുള്ള ഒരാളെങ്കിലും അവരെ റബ്ബുവിന്റെ കൈയില്‍നിന്നു വിടുവിച്ച് സ്വന്തം ബലിഷ്ഠമായ കൈകള്‍ കൊണ്ടവരെ വലയം ചെയ്യണമെന്നും അവരെ തൃപ്തിപ്പെടുത്തണമെന്നും ഞാന്‍ ഉദ്ദേശിച്ചിരുന്നു. ദാഹിക്കുന്ന ഒരു ജീവിക്ക് വെള്ളംകൊടുക്കുന്നത് പുണ്യമല്ലേ?''
പ്രണയത്തിന്റെ ആധികാരികത
സ്ത്രീലൈംഗികതയെ സംബന്ധിച്ച ആധികാരികത സ്ത്രീകള്‍ തന്നെ നിര്‍മ്മിച്ചെടുക്ക
ണമെന്ന കാഴ്ചപ്പാട് ഇസ്മത്തില്‍ അന്തര്‍ലീനമായിരുന്നു. അത്തരം ഒരു അനേ്വഷണത്തിലൂടെ തന്നെയാണ് ഇസ്മത് രാധാകൃഷ്ണസങ്കല്പത്തിലേക്ക് എത്തിച്ചേരുന്നത്. മുസ്ലീമായ താന്‍ കൃഷ്ണനെ സ്‌നേഹിക്കുന്നതിന്റെ വൈചിത്ര്യം ഇസ്മത്തിനെ അലട്ടിയിരുന്നില്ല. തന്റെ ബാല്യകാലസഖി സുശിയുടെ വിവാഹദിനത്തില്‍ അവള്‍ സമ്മാനിച്ച കൃഷ്ണവിഗ്രഹം ചേര്‍ത്തു പിടിച്ചുകൊണ്ട് ഇസ്മത്ത് അതു ബോധ്യപ്പെടുന്നുണ്ട്. വിഗ്രഹാരാധന മുസ്ലീംങ്ങള്‍ക്കു പാപമാണെന്നു മതം അനുശാസിച്ചിട്ടുണ്ടെങ്കിലും ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ദേശീയപാരമ്പര്യം ഒന്നുതന്നെയാണെന്നവര്‍ കണ്ടെത്തുന്നു. പൗരാണിക മൂല്യങ്ങളും മിത്തുകളും സംസ്‌ക്കാരത്തിന്റെയും തത്വ ചിന്തയുടെയും കലയുടെയും ഉപലബ്ധികളായി ആ പാരമ്പര്യത്തിനുള്ളിലെ ഓരോ മനുഷ്യനെയും സ്വാധീനിക്കുന്നു. മതവും സംസ്‌ക്കാരവും അവിടെ രണ്ടുതരം പ്രവൃത്തിപഥങ്ങളിലാണ്. മണ്ണ്, വായു, വെള്ളം സൂര്യപ്രകാശം ഇവ പോലെതന്നെ സംസ്‌കാരത്തിന്റെ ഇടുവെയ്പുകളില്‍ തനിക്കും ഒരു പങ്ക് അവകാശപ്പെടാന്‍ കഴിയുമെന്ന് ഇസ്മത് വിശ്വസിക്കുന്നു.

മനുഷ്യര്‍ക്കിടയില്‍ ഒരു വിഭാഗമെന്ന നിലയില്‍ സ്ത്രീകളെ പരിഗണിച്ച കൃഷ്ണനെ സ്ത്രീലമ്പടനെന്നു വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് ഇസ്മത് വാദിച്ചു. രാധയെപ്പോലെ,
ഗോപികമാരെപോലെ ഇത്ര ധൈര്യപൂര്‍വ്വം സ്വാതന്ത്ര്യത്തോടെ സ്ത്രീകള്‍ മറ്റാരേയും പ്രണയിച്ചിട്ടില്ല. പൊതുവെ സ്ത്രീകള്‍ പ്രണയഭാജനങ്ങളാണ്. പുരുഷന്‍ പ്രണയകര്‍ത്താവും. സ്ത്രീയുടെ സ്വതന്ത്രവും ഇച്ഛാപൂര്‍വ്വകവുമായ പ്രണയത്തിന് വിശുദ്ധമായ പരിവേഷമാണ് ഈ സങ്കല്പത്തിലുള്ളത്. വിവാഹിതയായ സ്ത്രീയായിട്ടുകൂടി രാധ കൃഷ്ണനോട് വെച്ചുപുലര്‍ത്തുന്ന അഭിനിവേശം മറ്റൊരു പാരമ്പര്യത്തിലും പുകഴ്ത്തപ്പെടുകയില്ല. അവിടെയൊക്കെ സ്ത്രീയുടെ ദൈവം ഭര്‍ത്താവാണ്. പക്ഷെ ഇവിടെ അവള്‍ തീരുമാനിക്കുന്നതാണ് അവളുടെ ദൈവം, പ്രണയി. ലൈംഗികതയെ ദൈവികതയുമായി സമീകരിച്ചതിനാലാണ് താന്‍ കൃഷ്ണനെ ഇഷ്ടപ്പെടുന്നതെന്ന് ഇസ്മത് പറയുന്നു. പണം, സ്വര്‍ണ്ണം, മറ്റു ഭൗതികധനങ്ങള്‍ ഇവ കൊണ്ടൊന്നും അവളെ കൃഷ്ണന്‍ കൈവശപ്പെടുത്തുന്നില്ല. ഉടമസ്ഥതയുടെ അടയാളമില്ലാതെ തന്നെ ഓടക്കുഴലിന്റെ ഗാനം ഒന്നുകൊണ്ടുമാത്രം അവളെ തന്നിലേക്കലിയിച്ചു. ഭൂമിയിലെ ഒരു ശക്തിക്കും അവളെ തടയാനും കഴിഞ്ഞില്ല. സ്ത്രീയുടെ പ്രണയത്തിനും ലൈംഗികസ്വാതന്ത്ര്യത്തിനും ഇത്രയും വില കല്പിക്കുന്ന മറ്റൊരു സങ്കല്പവുമില്ലെന്ന് ഇസ്മത്ത് പറയുന്നു.

''സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും ലൈംഗികതയെയും അടിച്ചമര്‍ത്തുന്ന സമൂഹത്തില്‍ എങ്ങനെയാണ് മാനസികാരോഗ്യമുണ്ടാവുക?'' ഇസ്മത് ചോദിക്കുന്നു. അധമത്വം കല്പിക്കപ്പെട്ട സ്ത്രീയുമായുള്ള ലൈംഗികബന്ധം പുരുഷന് കീഴടക്കലിന്റേതല്ലാത്ത എന്തു സുഖമാണ് ന
ല്‍കുക? ആഢംബരങ്ങള്‍ക്കും സുഖങ്ങള്‍ക്കുമായി സ്ത്രീകളെയും അടിമകളെയും പീഢിതരെയും സ്വന്തമാക്കി ഉപയോഗിച്ചതിന്റെകൂടി ചരിത്രമാണ് സാമ്രാജ്യത്വത്തിന്റെ ചരിത്രം. ആനന്ദകരമായ ലൈംഗികതക്ക് പകരം ചൂഷണത്തിലധിഷ്ഠിതവും ചരക്കുവല്‍കൃതവുമാണ് ഇന്നത്തെ ലൈംഗികതയെന്ന് ഇസ്മത് വിശദീകരിക്കുന്നു.
പര്‍ദ്ദയ്‌ക്കെതിരെ.
ഒരു മുസ്ലീംസ്ത്രീയെന്ന നിലയില്‍ ഇസ്മത്തിന്റെ ജീവിതത്തില്‍ പര്‍ദ്ദ എന്നും ഒരു വി
ഷയമായിരുന്നു. അപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊഴികെ (അതും ചില സാഹചര്യങ്ങളുടെ പുറത്തു മാത്രം) പര്‍ദ്ദ ധരിച്ചിട്ടില്ലാത്ത ഇസ്മത്തിന്റെ കുട്ടിക്കാലം മുതല്‍ പര്‍ദ്ദയെ അവര്‍ അകറ്റി നിര്‍ത്തിയിരുന്നു. പുരോഗമനവാദിയും എഴുത്തുകാരനുമായ സഹോദരന്‍ അസീം ബെഗ്ച്യൂഗ്തായ് തന്റെ രചനകളിലൂടെയും പ്രസംഗങ്ങളിലൂടെയും നിരന്തരം പര്‍ദ്ദയ്‌ക്കെതിരെ കലഹിച്ചിരുന്നത് കേട്ടാണ് ഇസ്മത് വളര്‍ന്നത്. അസീമിന്റെ ഭാര്യാസഹോദരന്‍ വധഭീഷണി മുഴക്കിയിട്ടുപോലും അയാള്‍ തന്റെ കുടുംബാംഗങ്ങള്‍ക്ക് പര്‍ദ്ദ വിലക്കിയിരുന്നു.

ഇസ്മത്തിനെ സംബന്ധിച്ചിടത്തോളം പര്‍ദ്ദ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ എല്ലാ തരത്തിലും ഒരു തടസ്സമാണ്. പര്‍ദ്ദ ഒഴിവാക്കിയാല്‍ അന്ധവും യാഥാസ്ഥിതികവുമായ സ്ത്രീപുരുഷ പ്രണയം ഇല്ലാതാകുമെന്നവര്‍ വാദിച്ചു. ആണ്‍പെണ്‍ബന്ധം കൂടുതല്‍ യാഥാര്‍ത്ഥ്യനിഷ്ഠമാകാനും അവര്‍ പരസ്പരം മനുഷ്യരായി കാണാനും പര്‍ദ്ദ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നവര്‍ പറഞ്ഞിരുന്നു. പണ്ടുകാലത്ത് അധിനിവേശകരുടെ കണ്ണില്‍പെടാതിരിക്കാന്‍ യുദ്ധക്കളത്തില്‍ സ്ത്രീകള്‍ പര്‍ദ്ദ ധരിച്ചിരുന്നുവത്രേ. മുറിവേറ്റവരെ സഹായിക്കാനും ശുശ്രൂഷിക്കാനും ചിലപ്പോഴൊക്കെ യുദ്ധത്തില്‍ പങ്കെടുക്കാനും സ്ത്രീകള്‍ കടന്നുവന്നിരുന്ന അക്കാലത്ത് സ്വയം മറഞ്ഞിരിക്കാനായി സ്ത്രീകള്‍ സ്വീകരിച്ച പര്‍ദ്ദ പിന്നീട് ഒരു യാഥാസ്ഥിതിക മതചിഹ്നമായി മാറിയെന്ന് ഇസ്മത് വിശദീകരിക്കുന്നു.

പുരോഗമന
സാഹിത്യപ്രസ്ഥാനത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഭോപ്പാലിലെത്തിയ ഇസ്മത് പരിപാടികളില്‍ പങ്കുചേരാനെത്തിയ പെണ്‍കുട്ടികളുമായി വളരെ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. സ്ത്രീകളെ അപഹാസ്യമായ വിധം അനുകരിച്ചുകൊണ്ടുള്ള നാടകനടന്മാരുടെ വേഷം കെട്ടല്‍കണ്ടു നാണിക്കുകയും അരിശപ്പെടുകയും ചെയ്ത പെണ്‍കിടാങ്ങളോടവര്‍ ആക്രോശിച്ചു. ''നിങ്ങളീ ശിക്ഷ അര്‍ഹിക്കുന്നു, പര്‍ദ്ദക്കുള്ളില്‍ കുറച്ചുനേരം കൂടി പോയിരിക്ക്! ആളുകള്‍ നിങ്ങളുടെ പ്രേതരൂപമുണ്ടാക്കി പേടിപ്പിക്കട്ടെ. ഈ പര്‍ദ്ദാ സമ്പ്രദായം ഒരുപാട് ആളുകളുടെ മനസ്സിനെ മലിനമാക്കിയെന്ന് നിങ്ങളിറയുന്നില്ലേ? നിസ്സഹായരായിരിക്കുന്ന ശീലത്തില്‍ നിങ്ങളും ഉറച്ചുകഴിഞ്ഞു. സ്വയം ഉണര്‍ന്നു പ്രവര്‍ത്തിക്കാനറിയാത്ത പെണ്‍കിടാങ്ങളോട് എനിക്കൊരു സഹതാപവുമില്ല. നിങ്ങളുടെ പുരുഷന്മാര്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്''.

പര്‍ദ്ദയില്‍ സ്വയം മൂടിവെയ്ക്കുന്നതുപോലെ തന്നെ അശ്ലീലവും അസംബന്ധവുമാണ് സ്വന്തം അഭിപ്രായങ്ങളെ മറച്ചുവെയ്ക്കുന്നതെന്നും ഇസ്മത് കരുതി. കാര്യങ്ങള്‍ പരമാവധി തുറന്നുപറയാനും ഉറക്കെ പറയാനും ശീലിച്ച ഇസ്മത്തിന് സ്ത്രീസഹജമെന്ന് ആളുകള്‍ വിശേഷിപ്പിക്കുന്ന ഒതുക്കം ഒട്ടും സ്വീകാര്യമായിരുന്നില്ല.

ഭോപ്പാലിലെത്തിയ ഇസ്മത് മുതിര്‍ന്ന സാഹിത്യകാരന്മാരിലൊരാളായ ജോഷ് സാഹിബിന്റെ സൗന്ദര്യത്തെ കുറിച്ച് സുഹൃത്ത് സഫിയയോട് പറഞ്ഞു. ''മിണ്ടാതിരിക്കൂ. അയാള്‍ കേള്‍ക്കും'' സഫിയ തടസ്സപ്പെടുത്തി. ''അതിനെന്താ, എനിക്കൊരു കുഴപ്പവുമില്ല. ജോഷ് സാഹിബ്ബ് ഒരു സ്ത്രീയുടെ സൗന്ദര്യം വാഴ്ത്തിയാല്‍ അതില്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ല. എന്നാല്‍ ഞാ
ന്‍ അയാളെക്കുറിച്ച് പറഞ്ഞാല്‍ അതെന്തിനു പ്രശ്‌നമാകണം?''. ഇസ്മത്ത് തിരിച്ചടിച്ചു. ''ഒരു സ്ത്രീയും പുരുഷന്റെ ബാഹ്യസൗന്ദര്യത്തെ കുറിച്ച് പരസ്യമായി പറയാറില്ല'' എന്ന് സഫിയ ഓര്‍മ്മപ്പെടുത്തി. ''അതിനര്‍ത്ഥം സ്ത്രീകള്‍ ആനയുടെയും കുതിരയുടെയും ഭംഗിയെക്കുറിച്ചാണ് പറയേണ്ടതെന്നാണോ?. ഏതൊരു സ്ത്രീക്കും പുരുഷ സൗന്ദര്യത്തെ കുറിച്ച് പറയാന്‍ അവകാശമുണ്ട്. ഞാനാണെങ്കില്‍ ചിലപ്പോള്‍ ഒരു പുരുഷന്റെ നാസാദ്വാരത്തിലെ രോമങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ എഴുതിയെന്നുവരും. അയാളുടെ താടിയെ മനോഹരമായ ഇരുട്ടിനോട് ഉപമിക്കും. സ്ത്രീകളുടെ ബ്‌ളൗസിനെ കുറിച്ച് ആയിരമായിരം ഗീതങ്ങള്‍ ഉള്ളതുപോലെ ആണുങ്ങളുടെ അടിവസ്ത്രത്തെക്കുറിച്ച് ഞാനും ചിലപ്പോള്‍ എഴുതും!'' ഇങ്ങനെ പോയി ഇസ്മത്തിന്റെ വാക്കുകള്‍.
പുരോഗമനസാഹിത്യപ്രസ്ഥാനം
ഇന്ത്യന്‍ പുരോഗമനസാഹിത്യ പ്രസ്ഥാനവുമായി ഇസ്മത്തിനുള്ള ബന്ധം എടുത്തു പറയേണ്ടതാണ്. ഒരു എഴുത്തുകാരി എന്ന നിലയില്‍ ആ ബന്ധം ഇസ്മത്തില്‍ ഒരു വഴിത്തിരിവായിരുന്നു. ഒരര്‍ത്ഥത്തില്‍
ഇന്ത്യന്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ സംവിധാനങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്നു എന്നതാണ് ഇസ്മത്തിനെപ്പോലെയുള്ള സ്ത്രീപക്ഷ എഴുത്തുകാരുടെ സമകാലിക പ്രസക്തി.

പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ലക്ഷ്യവും പ്രത്യയശാസ്ത്രവും ആകര്‍ഷിച്ചതിലുപരിയായി അതിലുള്‍പ്പെട്ടു നിന്ന അലി സര്‍ദാര്‍ജെഫ്രി മുതലായ ആളുകളുമായുള്ള ചങ്ങാത്തമാണവരെ അതില്‍ പിടിച്ചു നിര്‍ത്തിയത്. എഴുത്തുകാരുടെ ആനന്ദം പകരുന്ന അത്തരം കൂട്ടായ്മകളും മനുഷ്യ യാഥാര്‍ത്ഥ്യ
ങ്ങളെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകളും അവരെ ഹരം പിടിപ്പിച്ചിരുന്നു. എപ്പോഴും പഴമയെയും യാഥാസ്ഥിതികതയെയും വെല്ലുവിളിക്കാനുള്ള പ്രസ്ഥാനത്തിന്റെ ആവേശം ഇസ്മത്തില്‍ ഉണര്‍വ്വുണ്ടാക്കി. ബുദ്ധിപരവും വൈകാരികവുമായ ഒരു പ്രചോദനമായി ഇസ്മത്ത് അതിനെ ഏറ്റെടുത്തു.

കൃഷിക്കാരെയും തൊഴിലാളികളെയും മുന്‍നിര്‍ത്തികൊണ്ടു സാഹിത്യരചന നടത്തണമെന്ന പാര്‍ട്ടി നിലപാടിനോട് ഇസ്മത് വിയോജിച്ചു. കാരണം അവര്‍ക്ക് തന്നെത്തന്നെ കണ്ടെത്താന്‍ കഴിയുന്നത് അത്തരം അടിസ്ഥാന വര്‍ഗങ്ങളിലല്ല, മറിച്ച് ഒരു മധ്യവര്‍ഗത്തിലാണ്. അതുകൊണ്ടുതന്നെ സാമ്പ്രദായിക പുരോഗമനസ്വഭാവമുള്ള ഒരു രചനയും അവര്‍ നടത്തിയില്ല. ചിന്തയിലും ആവിഷ്‌കാ
രത്തിലും യാന്ത്രികത തൊട്ടു തീണ്ടാത്ത ഇസ്മത്തിന് അത് ആവുമായിരുന്നില്ല. എഴുത്ത് ഒരു കടമയായിരുന്നില്ല. മറിച്ച് സ്വാതന്ത്ര്യപൂര്‍വ്വവും ആനന്ദകരവുമായ ഒരു അനിവാര്യതയായിരുന്നു ഇസ്മത്തിന്.

ജീവിതാവസാനം വരെ പുരോഗമനപ്രസ്ഥാനത്തോടുള്ള ബന്ധം വിമര്‍ശനാത്മകമായിത്തന്നെ നിലനിര്‍ത്തിയിരുന്നു ഇസ്മത്. പ്രസ്ഥാനം ഒരിക്കലും മരിക്കുകയില്ലെന്നും മനുഷ്യരാശിക്ക് പുരോഗമനത്തോടുള്ള ദാഹം എന്നുവരെയുണ്ടോ അന്നുവരെ അതു നില്ക്കുമെന്നുമവര്‍ പറഞ്ഞു. എല്ലാ രചനകളും ഒരര്‍ത്ഥത്തില്‍ പ്രചാരരചനകളാണെന്നും ഇസ്മത് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ഖുറാന്‍, ബൈബിള്‍, മീരയുടെ കവിതകള്‍, ബുദ്ധന്റെയും ഗാന്ധിയുടെയും സന്ദേശങ്ങള്‍ - ഇവയൊക്കെ പ്രചാര കലയാണ്. ഏതെങ്കിലും ഒരു പ്രത്യശാസ്ത്രത്തിന്റെ പ്രചരണമില്ലാത്ത ഒരു കലയുമില്ല. എങ്കിലും കമ്യൂണിസത്തിന്റെ ഉപകരണമെന്ന നിലയില്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തെ എത്രനാള്‍ കൊണ്ടുനടക്കാന്‍ കഴിയുമെന്നതിനെ കുറിച്ചവര്‍ തികച്ചും സംശയാലുവായിരുന്നു.

സഹോദരനും ഉറുദുവിലെ പ്രശസ്ത എഴുത്തുകാരനുമായിരുന്ന അസീം ബെഗ്ച്യുഗ്തായിയുമായുള്ള ബന്ധത്തെക്കുറിച്ചു പ്രതിപാദിക്കാതെ ഇസ്മത്തിനെക്കുറിച്ചുള്ള ഒരു ആഖ്യാനവും പൂര്‍ണമാവുകയില്ല. രാഗദേ്വഷസമ്മിശ്രമായ ഒരു അഗാധമൈത്രിയായിരുന്നു, അത്. ഇസ്മത്തിന്റെ ആദ്യത്തെ ഗുരുവും വഴികാട്ടിയും അസീമായിരുന്നു. വളരെക്കാലം രോഗശയ്യയിലായിരുന്ന അസീമിന്റെ ചരമാനന്തരം ഇസ്മത് എഴുതിയ വികാരനിര്‍ഭരമായ കുറിപ്പ് വിചിത്രമായ നിരീക്ഷണങ്ങളും നിശിതമായ സത്യസന്ധതകൊണ്ടും ഉജ്ജ്വലമാണ്. രണ്ടു സ്വതന്ത്രമനുഷ്യരുടെ വൈരുദ്ധ്യം കലര്‍ന്ന സങ്കീര്‍ണമായ പാരസ്പര്യം തിരയടിക്കുന്ന ഒന്ന്. അതു വായിക്കാനിടയായ സാദത് ഹസ്സന്‍ മന്തോ തന്നെക്കുറിച്ച് ഇത്തരത്തില്‍ ഒരു ചരമക്കുറിപ്പ് എഴുതപ്പെടാന്‍ വേണ്ടി താന്‍ ഉടനെ മരിക്കാന്‍ പോലും തയ്യാറാണെന്നു സഹോദരിയോടു പറഞ്ഞുവത്രെ!

അസീമിന്റെ രചനകളിലെ പഴഞ്ചന്‍ നിലപാടുകളും യാഥാസ്ഥിതികമായ നിരീക്ഷണങ്ങളും തന്നെ എക്കാലത്തും ചിരിപ്പിച്ചിട്ടേയുള്ളൂ എന്ന് ഇസ്മത് ഏറ്റു പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം ഓരോ വരികളും വാക്കുകളും അവയുടെ
ഉറവിടങ്ങളില്‍ വെച്ചു സ്പര്‍ശിക്കാനും അനുഭവിക്കാനും കഴിഞ്ഞതിനെക്കുറിച്ചവര്‍ എഴുതുന്നു. തന്റെ നിസ്സഹായവും രോഗപീഢിതവുമായ സ്വത്വത്തിന്റെ അപരങ്ങളെയാണദ്ദേഹം നായകരാക്കി സൃഷ്ടിച്ചതെന്നവര്‍ മനസ്സിലാക്കുന്നു. കാരണം, ചിറകില്ലാത്ത പക്ഷിയുടെ സ്വപ്നങ്ങളില്‍ പറക്കല്‍ അതിതീവ്രമായി കടന്നുവരും. 'ഖാനം' പോലുള്ള അസീമിന്റെ കൃതികളെ ഒരു കുടുംബഫോട്ടോ എന്നാണു ഇസ്മത് വിശേഷിപ്പിച്ചത്. കാരണം അത്രത്തോളം യാഥാര്‍ത്ഥ്യനിഷ്ഠമായിരുന്നു അത്. കുടുംബങ്ങളില്‍ ഭിന്നിപ്പും വെറുപ്പും വളര്‍ത്തിയ അസീമിന്റെ അവസാന നാളുകളും മരണവും തീക്ഷ്ണമായ വരികളില്‍ ഇസമത് വിവരിക്കുന്നു. അസീം സത്യത്തേക്കാള്‍ നുണകളെയും സ്വപ്നങ്ങളെയുമിഷ്ടപ്പെട്ടു. ''ഈ ലോകം നുണകളില്ലെങ്കില്‍ നിറമില്ലാതെ വിളറി കാണപ്പെടും''. അസീം പറഞ്ഞു. മരണസമയങ്ങളില്‍പ്പോലും തന്റെ 'കത്രിക പോലുള്ള നാവു'കൊണ്ട് ക്രൂരമായ തമാശകള്‍ പറഞ്ഞു. തന്റെ വ്രണങ്ങളിലരിച്ച ഉറുമ്പിനെ നോക്കി അസീം പറഞ്ഞു.'' ഈ ഉറുമ്പു രാജ്ഞി അക്ഷമയാണ്. അവള്‍ക്കുള്ള പങ്ക് സമയമാകും മുമ്പേ തന്നെ ചോദിക്കാന്‍ വന്നിരിക്കുകയാണ്!.''

ഖുറാനെ ഒരു ചരിത്രഗ്രന്ഥമായി മാത്രമാണ് അസീം വായിച്ചു തള്ളിയത്. എക്കാലത്തും പര്‍ദ്ദയ്‌ക്കെതിരായി സംസാരിച്ചു. സന്യാസികളെയും വിശുദ്ധരെയും തട്ടിപ്പുകാരായി കണക്കാക്കി. പക്ഷേ ഓരോ തട്ടിപ്പുകാരനും ഒരു മനോഹരമായ നുണയാണ്. അദ്ദേഹം പറയും. ''ദു:ഖത്തോടു പൊരുതൂ, വെറുപ്പിനോട് പൊരുതൂ. പൊരുതിക്കൊണ്ടേയിരിക്കൂ. മരണശേഷവും!'' ഈ വരികള്‍ ഇസ്മത് വിലപിടിച്ചതാ
യി കരുതി.
ഇസ്മത്തിനെ സംബന്ധിച്ചും ഇത് പൂര്‍ണമായും ശരിയാണ്.






(ഇസ്മത് ച്യുഗ്തായ് (1911 - 1991) ജീവിതരേഖ :
1911 ആഗസ്ത് 21 ല്‍ ഉത്തര്‍പ്രദേശിലെ ബഡൗനില്‍ ജനിച്ചു. (2011 ആഗസ്ത് 21 ന് അവരുടെ ജന്മതാബ്ദി). 1917 മുതല്‍ നിരന്തരമായ കുടിയേറ്റങ്ങള്‍. ഇടയില്‍ ബി.എ., ബി.ടി., എഫ്.എ. മുതലായ പരീക്ഷകള്‍ പാസ്സാകുന്നു. 1937 ല്‍ അവര്‍ ഇസ്ലാമിയ ഗേള്‍സ് സ്‌കൂളില്‍ പ്രിന്‍സിപ്പാളായി ജോലിയില്‍ പ്രവേശിച്ചു. 1942 ല്‍ തന്നേക്കാള്‍ നാലു വയസ്സിനിളയ ഷാഹിദ് ലത്തീഫിനെ വിവാഹം കഴിച്ചു. ജീവിതവും കൃതികളും നിലപാടുകളും പലപ്പോഴും വിവാദങ്ങള്‍ക്കു വഴിവെച്ചു. പ്രസിദ്ധ ഉറുദു എഴുത്തുകാരായ സാദത്ത് ഹസ്സന്‍ മന്തോ, അലി സര്‍ദ്ദാര്‍ ജെഫ്രി, ഫെയ്‌സ് അഹമ്മദ് ഫെയ്‌സ്, തുടങ്ങിയവരുമായി ഗാഢസൗഹൃദമുണണ്ടായിരുന്നു. ഉറുദു എഴുുകാരന്‍ അസീം ബെഗ് ച്യുഗ്തായ് ഇസ്മത്തിന്റെ സഹോദരനായിരുന്നു. 'തെഹ്‌രീ ലഖീര്‍', 'എക് കത്‌റ-എ-ഖൂന്‍', 'ദില്‍കി ദുനിയാ', 'ലിഹാഫ്', 'ദോ ഹാത്', 'സിദ്ദി', 'നന്നി കി നാനി', 'ഹന്‍സ്‌തെ ഹന്‍സ്‌തെ', എന്നിവ പ്രധന രചനകള്‍. 'കാഗസീ ഹെ പൈറാഹാന്‍' ആണ് ആത്മകഥ. 'ലിഹാഫ്' (പുതപ്പ്) എന്ന കഥയുടെ പേരില്‍ അശ്ലീലക്കുറ്റം ആരോപിക്കപ്പെട്ടതിനാല്‍ നിരവധി തവണ കോടതി കയറണ്ടി വന്നു. ഉറുദു എഴുത്തുകാരി ഖുറാത്തുലൈന്‍ ഹൈദര്‍ ഇസ്മത്തിനെ 'ലേഡി ചെങ്കിസ്ഖാന്‍' എന്നാണു വിശേഷിപ്പിച്ചത്. നിരവധി സിനിമകള്‍ക്കു തിരക്കഥകള്‍ രചിച്ചു. 'ബസ്ദില്‍', 'ജുനൂന്‍', 'സോനേ കി ചിഡിയ' മുതലായവ ചിത്രങ്ങള്‍.

(1989) ഇഖ്ബാല്‍ സമ്മാന്‍, ഖാലിബ് അവാര്‍ഡ് (1977) സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ് (1982) എന്നിവ ലഭിച്ചിട്ടുണ്ട്. 1976 ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. 1991 ല്‍ ഒക്‌ടോബര്‍ 24നു എണ്‍പതാം വയസ്സില്‍ ബോംബെയില്‍ അന്തരിച്ചു. ഭൗതികശരീരം കടലിലെറിയണമെന്നായിരുന്നു ഇസ്മത്തിന്റെ അന്ത്യാഭിലാഷമെങ്കിലും അതു നടപ്പായില്ല. അതു ചില വിവാദങ്ങള്‍ക്കു തിരി കൊളുത്തി.)


(2011 സെപ്തംബര്‍ ലക്കം 'സംഘടിത' മാസികയില്‍ പ്രസിദ്ധീകരിച്ചത്)




5 comments:

  1. thank, sreenathan for the first reponse..

    ReplyDelete
  2. വായനാനുഭവങ്ങളുടെ ആഖ്യാനങ്ങളില്‍ കണ്ടിട്ടുള്ളവയില്‍ ഒരുപക്ഷെ ഏറ്റവും മികച്ചവയുടെ കൂട്ടത്തില്‍ ഞാന്‍ ഇത് സൂക്ഷിക്കുന്നു; നന്ദി.

    ReplyDelete
  3. ഇസ്മത്‌ ചുഗ്തായിയെകുറിച്ച വളരെ ഗൌരവമുള്ള ഒരു രചന. ഇസംതിന്റെ ചില കഥകള്‍ ഈയുള്ളവന്‍ പലപ്പോഴായി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ രണ്ടായിരത്തി ഒന്നിലോ മറ്റോ മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ചത് ഇയ്യിടെ ഞാനെന്‍റെ ബ്ലോഗില്‍ വീണ്ടും ചേര്‍ത്തു. ഇതാ ലിങ്ക്: http://zainocular.blogspot.com/2011/07/blog-post.html

    ReplyDelete
  4. കെ.എം.വേണുഗോപാലന്‍, I feel honoured ! ആരിഫ്, ഈ ലിങ്ക് വളരെ വിലപ്പെട്ടതു തന്നെ, ഇതുവരെ കാണാഞ്ഞതില്‍ ഖേദമുണ്ട്..വളരെ നന്ദി!

    ReplyDelete