"The body is not a thing, it is a situation;it is our grasp on the world and a sketch of our projects"-- Simon de Beauvoir,second sex, 1949
സ്ത്രീശരീരത്തെക്കുറിച്ചും ഫാഷനെക്കുറിച്ചുമുള്ള നമ്മുടെ ചര്‍ച്ചകളധികവും അവയ്ക്കുനേരെയുള്ള വിലക്കുകളും അധികാരപ്രകടനങ്ങളും ചൂഷണങ്ങളുമ്മായി ബന്ധപ്പെട്ടുകൊണ്ടുള്ളതാണ്. അവ തികച്ചും പ്രസകതവുമാണ്.എന്നാല്‍ സ്ത്രീകളുടെ ശരീരസംബന്ധിയായ സ്വയം നിര്‍ണയനവും അത്തരത്തില്‍ അവര്‍ നടത്തുന്ന വൈയക്തികവും സാമൂഹികവുമായ അന്വേഷണങ്ങളും അലച്ചിലുകളും ആനന്ദത്തിന്റെയും സംതൃപ്തിയുടെയും വൈയക്തികമായ ഇടങ്ങളും ഇനിയും നാം കാണാതിരുന്നുകൂടാ.സൂക്ഷ്മമായ അര്‍ത്ഥത്തില്‍ സ്ത്രീയുടെ വൈയക്തികാനുഭവങ്ങളുടെ ചരിത്രവും സാമൂഹ്യമായി സ്ത്രീകള്‍ക്കുണ്ടായ പുരോഗതിയുടെ ചരിത്രവും എല്ലായ്പ്പോഴും ഒത്തുപോവണമെന്നില്ല്ല; അവ ബന്ധപ്പെട്ടുകിടക്കുന്നവയാണെങ്കില്‍ത്തന്നെയും.ദൈനംദിനജീവിതത്തിന്റെ പ്രായോഗികവും ദാര്‍ശനികവുമായ സ്ഥലികളില്‍ ഈ സൂക്ഷ്മചരിത്രം സങ്കീര്‍ണമായി ലയിച്ചുകിടക്കുന്നു. അതു നമ്മള്‍ പറഞ്ഞുപോരുന്ന ശാരീരികമായ അതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും ലിംഗവിവേചനങ്ങളും എല്ലാം ഉള്ളടക്കുന്നുണ്ട്. എന്നാല്‍ അതു മാത്രവുമല്ല. ശാരീരികാനുഭവങ്ങള്‍ വൈയക്തികമായും ചരിത്രപരമായും ഒന്നിനൊന്നു വ്യത്യസ്തവും സങ്കീര്‍ണവുമാണ്.ശാരീരികാവബോധത്തിന് ഓരോ സ്ത്രീയിലും അവളുടേതായ വേരുകളുണ്ട് എന്നതാണ് അതിനു കാരണം.അത് അവളില്‍ത്തന്നെ ഒരു ചരിത്രത്തെ നിര്‍മിക്കുന്നുണ്ട്; പലപ്പോഴും കാമനകളുടെയും ചരിത്രം
സ്ത്രീയവസ്ഥയുടെ പൊതുവായ നിലയോടു സംവദിച്ചുകൊണ്ടു തന്നെയാണ് അവളുടെ കാമനകള്‍ പ്രവര്‍ത്തിക്കുക.ശരീരം കേവലമല്ല എന്നു നാം ഒരു ഘട്ടത്തില്‍ തിരിച്ചറിഞ്ഞു. അതു ജാതി-ലിംഗ-വര്‍ഗ്ഗബദ്ധമായ, തികച്ചും ചലനാത്മകമായ ഒരു ഏകകവുമാണ്. അതു സാമൂഹ്യനിര്‍മിതി ആണെന്നു നാം ഉറപ്പിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു.ജീവശാസ്ത്രപരമായ(മൈക്കിള്‍ജാക്സനു ശേഷം തീര്‍ച്ചയായും ക്ലിനിക്കല്‍ ആയ) ശരീരം സ്വത്വപ്രകാശനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും വിജയത്തിന്റെയും കേന്ദ്രമായി പരിഗണിക്കപ്പെടുന്നു.പൂര്‍ണതയ്ക്കായുള്ള ദാഹത്തെ ശരീരത്തില്‍ കൂടിയുമാണു നാം ശമിപ്പിക്കുന്നത്.നിത്യയൗവനവും അനശ്വരതയും ശരീരത്തിലാണു നാം സാക്ഷാല്‍ക്കരിക്കുന്നത്.ശരീരത്തെ പുന:ക്രമീകരിച്ച് അതിനെ പുനര്‍നിര്‍വ്വചിച്ചുകൊണ്ട് (ആഗ്രഹിച്ചത്ര തന്നെ)പൂര്‍ണതയിലേയ്ക്കു നടത്തുന്ന വ്യവഹാരമാണു ഫാഷന്‍.ഇവിടെ നശ്വരതയെ സംബന്ധിച്ച് ഒരു വൈരുദ്ധ്യമുണ്ട്.ഓരോ ഫാഷനും തുടങ്ങുന്നത് അതിനു മുമ്പുള്ള ഫാഷനുമായി കൃത്യമായ വേര്‍തിരിവിലും നിശ്ചിതമായ തുടര്‍ച്ചയിലുമാണ്.പെട്ടന്നു മാറാന്‍ തയ്യാറാണെന്ന ഉറപ്പ് ഓരോ ഫാഷന്റെയും മുന്നുപാധി പോലുമാണ്.ഫാഷന്റെ ഈ നശ്വരതയാണ് വ്യക്തിയുടെ ശാരീരിക അനശ്വരതയ്കായുള്ള ഇച്ഛയെ നിലനിര്‍ത്തുന്നത് എന്നു പോലും പറയാം.
ശരീരത്തിന്റെ,ശരീരപ്രതീതിയുടെ അധികമാനം എപ്പോഴും ഫാഷന്‍ ലക്ഷ്യമാക്കുന്നുണ്ട്. അതൊരു മൂല്യത്തെ ലക്ഷ്യം വെയ്ക്കുന്നു.സൗന്‌ദര്യത്തിന്റെയും അപ്പിയറന്‍സിന്റെയും ഇമ്പ്രഷന്റെയും ഇഫക്റ്റിന്റെയും വ്യത്യസ്തവും സദാ മാറിക്കൊണ്ടിരിക്കുന്നതും ചിലപ്പോഴെങ്കിലും പരസ്പരവിരുദ്ധവുമായ ഒരിടത്തെ ലക്ഷ്യമാക്കി അതു നീങ്ങുന്നു.ഏറ്റവും മുന്നിലാണെന്ന,അപ്-റ്റു-ഡേറ്റാണെന്ന(മോഡേണ്‍/സുന്ദരം)പ്രതീതിയാണത് സൃഷ്ടിക്കുന്നത്.അതുകൊണ്ടുതന്നെ തൊട്ടുമുന്നിലുള്ളതുമായി സ്പഷ്ടമായ വേറിട്ടു നില്‍ക്കല്‍ ഫാഷനില്‍ അനിവാര്യവുമാണ്.
വസ്ത്രവും ജാതിശരീരവും
ലോകത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തവും വിചിത്രവുമാണ് കേരളത്തിലെ ശരീരവസ്ത്രബന്ധം.വസ്ത്രമെന്ന പദം തന്നെ സവിശേഷമായ ഒരര്‍ത്ഥത്തിലാണ് ഇവിടെ ഉപയോഗിച്ചിരുന്നത്.സാധാരണയില്‍ക്കവിഞ്ഞ നല്ല നീളവും വീതിയുമുള്ള തുണികളെയാണ് വസ്ത്രമെന്നു പറഞ്ഞുവന്നിരുന്നത്.(പുറം28, 19-0 നൂറ്റാണ്ടിലെ കേരളം--പി.ഭാസ്കരനുണ്ണി)അനുഷ്ഠാനപരമോ ആചാരപരമോ ആയ ധര്‍മമാണ് വസ്ത്രങ്ങള്‍ക്ക് പ്രമുഖമായും കല്‍പ്പിക്കപ്പെട്ടത്.('പുടവകൊട'യുടെ ധ്വനി ഇങ്ങനെ രൂപീകൃതമായിട്ടുള്ളതാണ്)
ജാതിയും അതിന്റെ ഉച്ചനീചത്വഭേദങ്ങളും ശരീരങ്ങളിലൂടെയും വസ്ത്രധാരണങ്ങളിലൂടെയും കൂടിയാണ് ആവിഷ്കരിക്കപ്പെട്ടത്.ഇത് ഓരോ വര്‍ഗ്ഗജാതി ലിംഗഘടനയിലുംവിഭിന്നവും സങ്കീര്‍ണവുമാണ്.ജാതിഘടനയ്ക്കുള്ളില്‍ തീണ്ടല്‍ പാലിയ്ക്കുക എന്നത് കര്‍ക്കശമായ നിയമമായതുകൊണ്ടു തന്നെ ജാതി-ഉപജാതി ഘടനയെ പെട്ടന്നു വായിച്ചെടുക്കാവുന്ന വിധത്തിലാണ് ശരീരത്തിന്റെ വിന്യാസം നിലനിന്നിരുന്നത്.നിശ്ചിത അകലങ്ങളിലും അടുപ്പങ്ങളിലുമായി നിലനിന്ന ഈ ശരീരങ്ങളുടെ നില തികച്ചും അസ്വതന്ത്രമായിരുന്നു.സ്വാഭാവികമായും അവയില്‍ അലങ്കാരങ്ങള്‍ നടത്തിയത് ജാത്യാചാരങ്ങള്‍ തന്നെയായിരുന്നു;ഫാഷന്‍ ബോധമായിരുന്നില്ല.ജാതിയുടെ ഒരു ചിഹ്നവ്യവസ്ഥയായി പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഈ ശരീരം വസ്ത്രങ്ങളെ പേറിയത് അനുഷ്ഠാനപരമായാണ്.സ്വാഭാവികമായും അതിലെ ചെറിയ പുതുമകളോ മാറ്റങ്ങളോ പോലും കടുത്ത ആചാരലംഘനങ്ങളായി കരുതപ്പെട്ടു. അതിനാല്‍ ഇക്കാലത്ത് വൈയക്തികമായ അഭിരുചികളോ നിര്‍ണയനങ്ങളോ സര്‍വ്വോപരി ഫാഷനോ തികച്ചും അസാധ്യമായിരുന്നു.പാശ്ചാത്യരെ അപേക്ഷിച്ച് കേരളത്തില്‍ ഫാഷന്‍ വളരെ ആധുനികമായ ഒരു വ്യവഹാരമാണ്.
അന്തസ്സ്--നാണം--നഗ്നത
കൊളോണിയല്‍ ആധുനികതയുമായി നടന്ന സംവാദങ്ങളും പലനിലകളില്‍ അന്നു നടന്ന ജനാധിപത്യപ്രക്രിയകളും സാമൂഹികമായ ഇടപെടലുകളും വ്യക്തികളില്‍ സ്വത്വസംബന്ധിയായ പുതിയൊരുണര്‍വ്വു സൃഷ്ടിച്ചു.സ്വത്വപദവിയും അന്തസ്സും തമ്മിലിണക്കിക്കൊണ്ട് ശരീരസംബന്ധിയായ ഒരു അവകാശബോധം അതു സൃഷ്ടിച്ചു. മറ്റൊരു സമൂഹത്തിന്റെ കണ്ണിലൂടെ തങ്ങളെത്തന്നെ നോക്കിക്കാണുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഈ തിരിച്ചറിവുണ്ടാകുന്നത്.ഈ അവബോധം ഒറ്റയടിക്കല്ല,നിരവധി സമരങ്ങളിലൂടെയും സംവാദങ്ങളിലൂടെയുമാണ് രൂപം കൊണ്ടത്.മുടിമുറിച്ചും മീശ വളര്‍ത്തിയും മുണ്ടുതാഴ്ത്തിയുടൂത്തും മാറുമറച്ചുമൊക്കെയായി നിരന്തരം നടന്ന ശരീരകേന്ദ്രിതമായ സമരങ്ങളുടെ വലിയ ഒരു നിര തന്നെ അക്കാലത്തുണ്ടായി.ചാന്നാര്‍ സ്ത്രീകളുടെ കലാപം തങ്ങളുടെ ശരീരത്തിനു മേലുള്ള കടന്നു കയറ്റത്തിനെതിരെയായിരുന്നു.അതിനു മുകളില്‍ തങ്ങള്‍ക്കുതന്നെയുള്ള അവകാശത്തെ സ്ഥാപിക്കുവാനും കൂടിയായിരുന്നു.തീര്‍ച്ചയായും നഗ്നതയുടെയോ തത്സംബന്ധമായ നാണത്തിന്റെയോ പേരിലല്ല അവര്‍ മാറു മറച്ചത്."ചാന്നാന്മാര്‍ ആവശ്യപ്പെട്ടത് സഭ്യതയല്ല,പദവിയാണെ"ന്ന് റോബിന്‍ ജെഫ്രി എടുത്തു പറയുന്നുണ്ട്(പുറം87,നായര്‍ മേധാവിത്വത്തിന്റെ പതനം) നാണമെന്നത് ആദ്യകാലങ്ങളില്‍ നഗ്നതയുമായി ബന്ധപ്പെട്ട ഒന്നായിരുന്നില്ല;മറിച്ച് മറച്ചു വെയ്ക്കുക എന്ന പ്രക്രിയയാണ് നാണമുണ്ടാക്കിയിരുന്നത്.അരയ്ക്കു മുകളില്‍ ജാതി/ലിംഗഭേദമെന്യേ എല്ലാവരും തന്നെ നഗ്നരായിരുന്ന(നമ്പൂതിരിസ്ത്രീകള്‍ കൊല്ലത്തിലൊരിക്കലോ മറ്റോ പുറത്തു പോകുമ്പോള്‍ മാത്രം ഒരു മുണ്ടു കൊണ്ടു പുതച്ചിരുന്നു എന്നു മാത്രം) അക്കാലത്ത് അന്തസ്സില്ലാത്ത അവസ്ഥയായിട്ടാണ് മറച്ചുവെയ്ക്കലിനെ കണ്ടിരുന്നത്. അതുകൊണ്ടാണ് സി.കേശവന്റെ അമ്മ രാത്രി കിടപ്പറയുടെ സ്വകാര്യതയില്‍ ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ മാത്രം തന്റെ സൂര്യപടറൗക്ക ധരിക്കുകയും പകല്‍ മുഴുവന്‍ മാറിടം തുറന്നു പ്രദര്‍ശിപ്പിക്കുകയും ചെയ്യാനിട വന്നത്.മറച്ചുവെയ്ക്കല്‍ എന്ന ,അന്തസ്സിന്റെ ആധുനികാവബോധത്തിലൂന്നിയ ഇത്തരം പ്രവര്‍ത്തികള്‍ ധിക്കാരമായാണ് പാരമ്പര്യവാദികള്‍ കരുതിയത്.(കുപ്പായമിടുക എന്നതിനു മേല്‍ശരീരം മറയ്ക്കുക എന്ന അര്‍ഥം മാത്രമല്ല,ക്രിസ്തു/ഇസ്ലാം മതങ്ങളിലേയ്ക്കു മാറുക എന്നു കൂടി അര്‍ഥമുണ്ട്.ഉമ്മച്ചികളെപ്പോലെ വേഷം കെട്ടി നടക്കുന്നു എന്നു സി.കേശവന്റെ അമ്മയെ അമ്മായിയമ്മ ശകാരിക്കുന്നത അതുകൊണ്ടു കൂടിയാണ്.പുറം73, 'ജീവിതസമരം'-സി.കേശവന്‍)കാണിപ്പയ്യൂരിന്റെ 'എന്റെ സ്മരണകളി'ല്‍ തന്റെ കുട്ടിക്കാലത്ത് മാറു മറയ്ക്കുന്ന സമ്പ്രദായം വന്നു തുടങ്ങിയിരുന്നെങ്കിലും ഇല്ലത്തിന്റെ പടിയ്ക്കലെത്തിയാല്‍ സ്ത്രീകള്‍ മാറില്‍നിന്നു തുണിയെടുത്ത് ചുരുട്ടിപ്പിടിയ്ക്കുമായിരുന്നെന്ന് അദ്ദേഹം ഓര്‍ക്കുന്നുണ്ട്.മാന്യന്മാരുടെ സമീപത്ത് റൗക്ക ധരിച്ചോ മാറു മറച്ചോ നില്‍ക്കുന്നത് അഹങ്കാരമായോ തികഞ്ഞ അപരാധമായോ കണ്ടുപോന്നിരുന്നു എന്നതിനു തെളിവാണത്." കായംകുളത്തെ തെരുവിലൂടെ ഒരു ചാന്നാട്ടി മാറില്‍ ഒരു തുണ്ടു തുണിയിട്ടു നടന്നതില്‍ അരിശം പൂണ്ട സവര്‍ണര്‍ ബലമായി തുണി മാറ്റിച്ച് അവളുടെ മുലഞ്ഞെട്ടുകളില്‍ വെള്ളയ്ക്കാമോടു പിടിപ്പിച്ചു വിട്ടതാ"യി റോബിന്‍ ജെഫ്രിയും എഴുതുന്നു.
മറച്ചുവെക്കുന്നതിന്റെ ഭാഗമായി ശരീരത്തിനുമേല്‍ പുതിയൊരു മൂല്യം രൂപപ്പെട്ടുവന്നു. ശരീരത്തെകേന്ദ്രീകരിച്ചു നടന്ന നിരവധി സമരങ്ങളും ഈ മൂല്യ നിര്‍മിതിയ്ക്കു പശ്ചാത്തലമായിത്തീര്‍ന്നു.തോളത്തു തുണി അയച്ചിട്ടും മറ്റൊരു മുണ്ടു പുതച്ചും കഞ്ഞിപ്പശ മുക്കിയ മുണ്ടിന്റെ അറ്റങ്ങള്‍ കക്ഷത്തിലിറുക്കിപ്പിടിച്ചും ഒക്കെയായുള്ള വിചിത്രങ്ങളായ പലതരം മാറു മറയ്ക്കല്‍ രീതികളിലൂടെയാണ് റൗക്കയിലേക്ക് എത്തുന്നത്.ഈ പലതരം ആഛാദനരീതികള്‍ നാണത്തിന്റെ വിവിധ ഘട്ടങ്ങളെ നിര്‍മ്മിച്ചെടുത്തു. നഗ്നതയെയും നാണത്തെയും പുതുതായി നിര്‍വചിക്കുന്ന ഈ ഘട്ടത്തില്‍ മാറിടങ്ങളും കാലുകളുമെല്ലാം മറയ്ക്കപ്പെട്ടു കാണുന്ന ശരീരം അന്തസ്സിന്റെയും വികാസത്തിന്റെയും ചിഹ്നമായി പ്രക്ഷേപിക്കപ്പെട്ടു; ഒപ്പം അതൊരു ഫോക്കസായിത്തീര്‍ന്നു. ഉല്‍പത്തിപ്പുസ്തകത്തില്‍ ആദവും ഹവ്വയും ആദ്യം നാണമുണ്ടാവുകയും ശേഷം മറയ്ക്കാന്‍ തുടങ്ങുകയും ചെയ്യുന്നതിനു വിപരീതമായാണിവിടെ സംഭവിക്കുന്നത്. മാറുമറയ്ക്കല്‍ സമരകാലത്ത് മിഷണറിപ്രവര്‍ത്തകര്‍ അതിനെ പിന്തുണച്ചുകൊണ്ടു ആയിരക്കണക്കിനു റൗക്കകള്‍ കേരളത്തിലങ്ങോളമിങ്ങോളം വിതരണം ചെയ്തിരുന്നു.ജായ്ക്കറ്റുകള്‍ക്കൊപ്പം വിക്ടോറിയന്‍ സദാചാരമൂല്യം കൂടിയാണവര്‍ വിതരണം ചെയ്തത്.ഈ വിത്ത് പിന്നീട് മുളച്ചു പടര്‍ന്നു പന്തലിച്ച് സ്ത്രീ ശരീരത്തെ അതിന്റെ എല്ലാ അസ്തിത്വങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി ലൈംഗികമായി മാത്രം ചുരുക്കിക്കൊണ്ട് സദാചാരത്തിന്റെ ഒരു ബലതന്ത്രത്തെ ആണ്‍-പെണ്‍ ബന്ധങ്ങള്‍ക്കകത്തും പൊതുസമൂഹത്തിലും വളര്‍ത്തിയെടുത്തു.നാണത്തിന്റെയും തൃഷ്ണയുടെയും അനേകം ചുഹ്നവ്യൂഹങ്ങളിലൂടെ ഈ സദാചാരബോധം അവയങ്ങള്‍ക്ക് പുതിയൊരു ലൈംഗികസൂചകത്വം നിര്‍മിച്ചെടുത്തു.അതുവരെയില്ലാത്ത വിധം അതു വ്യത്യസ്തമായ അഭിരുചികളെയും അഭിമാനങ്ങളെയും കാമനകളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടിരുന്നു.പൊതു ഇടത്തില്‍ അഭിലഷണീയമായി സ്വയം പുതുക്കിയും തിരുത്തിയും മിനുക്കിയും ആവിഷ്കരിക്കാനുള്ള സ്വകാര്യമായ ഒരു ആവേശം,ആഗ്രഹം, അവകാശം ഒക്കെ അങ്ങനെ പതുക്കെപ്പതുക്കെ വളര്‍ന്നു വന്നു ജാതിശരീരത്തിന്റെ ജനാധിപത്യവല്‍ക്കരണവും അതിലൂടെ ലൈംഗികവല്‍ക്കരണവും നടക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെട്ടിരുന്നു.
സാരിയിലേക്കും ചുരിദാറിലേക്കും
റൗക്കകള്‍ ബ്ലൗസുകളായി പരിഷ്കൃതരൂപമാര്‍ജ്ജിക്കുന്ന ഘട്ടത്തോടൊപ്പം തന്നെ സാരി പതുക്കെപ്പതുക്കെ മലയാളിസ്ത്രീയുടെ പൊതുസ്ഥലത്തെ വേഷമായി മാറിയിരുന്നു.കൗമാരപ്രായത്തിലെ പെണ്‍കുട്ടികള്‍ക്ക് പാവാടയും ബ്ലൗസും മുതിര്‍ന്നവര്‍ക്ക് ഹാഫ് സാരിയോ സാരിയോ എന്നതായിരുന്നു പൊതുരീതി.ദേശീയതയും കോണ്‍ഗ്രസ്സുമെല്ലാം ചേര്‍ന്നു നിര്‍മ്മിച്ച പുതിയ വ്യക്തി/പൗരബോധങ്ങളുടെ പിന്തുണ സാരിയ്ക്ക് സ്വീകാര്യത നല്‍കിയിരുന്നു.രാഷ്ട്രനിര്‍മാണത്തില്‍ പങ്കു ചേരുക, കുടുംബം പരിപാലിക്കുക ചാരിത്ര്യം കാത്തു സംരക്ഷിക്കുക തുടങ്ങിയ മൂല്യങ്ങള്‍ ആധുനികവിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ ആന്തരീകരിച്ചു തുടങ്ങിയ കാലമാണിത്.ആധുനികവല്‍ക്കരിക്കപ്പെട്ട എന്നാല്‍ രാഷ്ട്രത്തിന്റെയോ കുടുംബത്തിന്റെയോ കീഴില്‍ മെരുക്കപ്പെട്ട, ഒതുങ്ങിയ സ്ത്രീത്വത്തിന്റെ പ്രതീകമായി സാരി വര്‍ഗ്ഗ-ജാതി-മതഭേദമെന്യേ അവരോധിക്കപ്പെട്ടു.
അരയ്ക്കുതാഴെയും മുകളിലുമായി ശരീരത്തെ ഒന്നാകെ ഒഴുക്കന്‍ മട്ടില്‍ പൊതിഞ്ഞു നിര്‍ത്തിയ സാരി വസ്ത്രത്തിനുള്ളിലെ അവയവങ്ങളുടെ വിശദാംശങ്ങളെ( details) മറച്ചു വെയ്ക്കാന്‍ പര്യാപ്തമായിരുന്നു. രണ്ടു മുലകളേയും കാലുകളെയും അവ വേറെ വേറെ എടുത്തു കാട്ടുന്നില്ല. ഇപ്രകാരം വിശദാംശങ്ങള്‍ മറച്ചുവെക്കുന്ന ഈ വസ്ത്രത്തിനുള്ളിലെ ശരീരത്തിനു ചലനാത്മകതയും കുറവായിരുന്നു.കാരണം ശാരീരികാവയവങ്ങളുടെ സ്വതന്ത്രമായ ചലനം സാധ്യമാകുന്നത് അവയ്ക്കനുസൃതമായ അധവാ അവയുടെ ഡീറ്റെയില്‍സ് പരിഗണിച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ മാത്രമാണ്.ഘടനാപരമായി അതു ശരീരത്തെ, പ്രധാനമായും കാലുകളെ അവയുടെ വിശദാംശങ്ങളോ ആകൃതിയോ മൂടിവെച്ചുകൊണ്ട് അതു തന്നെ ഒരു മൂല്യമായി സ്ഥിരീകരിച്ചു.കാലുകളെ വേറിട്ടു കാണിക്കുകയോ ചലിപ്പിക്കുകയോ ചെയ്യുന്ന ഏതൊരു അവസരവും നമ്മുടെ സമൂഹം അശ്ലീലമായാണ് കണ്ടിരുന്നത്. ഇപ്രകാരം പാരമ്പര്യത്തിന്റെയും ആധുനികതയുടെയും ഘടകങ്ങള്‍ ഒരുപോലെ ഉള്‍ച്ചേര്‍ത്തുകൊണ്ടാനു സാരി മലയാളി സ്ത്രീയുടെ പ്രധാനവേഷമായിത്തീര്‍ന്നത്, ഇന്നും നിലനില്‍ക്കുന്നത്.
സാരിയോ ചുരിദാറോ?
കുലീനതയുമായി ബന്ധപ്പെടുത്തി സാരിയെ നിര്‍ണ്ണയിക്കുന്ന ചര്‍ച്ചകളധികവും കടന്നു വരുന്നത് എണ്‍പതുകള്‍ക്കൊടുവിലാണ്. കൃത്യമായിപ്പറഞ്ഞാല്‍ ചുരിദാര്‍ കേരളത്തില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടു തുടങ്ങിയ കാലം. ചുരിദാറിന്റെ സാംസ്കാരികചരിത്രത്തില്‍ സാരിയുടെ അപരമായി അതു വ്യവഹരിക്കപ്പെട്ടു തുടങ്ങുന്ന ഇക്കാലത്താണ് സാരിയെ സംബന്ധിച്ച മഹത്വവല്‍ക്കരണങ്ങളും കുലീനതാവാദങ്ങളും പ്രത്യക്ഷപ്പെടുന്നത്.ചുരിദാര്‍ തദ്ദേശീയമല്ല,വിദേശീവസ്ത്രമാണെന്നും മുസ്ലിം വേഷമാണെന്നുമൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നു. ചുരിദാര്‍ ധരിയ്ക്കുന്നത് അശ്ലീലമായിപ്പോലും ചിലപ്പോള്‍ വ്യവഹരിക്കപ്പെട്ടിരുന്നു.എണ്‍പതുകള്‍ക്കവസാനമിറങ്ങിയ ഒരു മുഖ്യധാരാ സിനിമയിലെ ഒരു രംഗം-മേനകയും ശാരിയും യഥാക്രമം സാരിയും ചുരിദാരും ധരിച്ചു നില്‍ക്കുന്ന രംഗം- ഇത് ഉദാഹരിക്കും.ഇരുവരും ഡ്രസ്സിംഗ് റൂമില്‍ നിന്നു ക്കൊണ്ട് ചുരിദാര്‍ സംബന്ധമായി നീണ്ട തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു.ചുരിദാര്‍ വൃത്തികെട്ട വേഷമാണെന്നു വാദിച്ച നാട്ടിന്‍ പുറത്തു കാരിയായ കഥാപാത്രത്തോട് കോളേജ് വിദ്യാര്‍ഥിനിയും പരിഷ്കാരിയുമായ കഥാപാത്രം സാരിയിലൂടെ പുറത്തു കാണുന്ന ശരീരഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി ചുരിദാറാണ് കൂടുതല്‍ മാന്യവും ശ്ലീലവുമെന്നു സ്ഥാപിക്കുന്നുണ്ട്.കുലീനമെന്നു മുദ്രകുത്തപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ ചുരിദാറല്ല, സാരിയാണുടുക്കേണ്ടത് എന്നാണ് പൊതു ബോധം ഇന്നുമങ്ങനെത്തന്നെ.അതാണ് ഈയടുത്ത് സര്‍ക്കാര്‍ ഇടപെട്ട് വിദ്യാലയങ്ങളില്‍ ചുരിദാര്‍ നിയമവിധേയമാക്കിയിട്ടും പി.ടി.എ.കളും സ്കൂള്‍ മനേജുമെന്റുകളും ചേര്‍ന്ന് ഇപ്പോഴും ചുരിദാറിനെതിരെ കല്ലിതുള്ളുന്നത്.ഗുരുവായൂരമ്പലത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെയും ഇത്തരം വാദഗതികള്‍ ഉയര്‍ന്നുവന്നിരുന്നു.
സാരിപ്പതിപ്പായ ചുരിദാര്‍
ധരിക്കാനുള്ള എളുപ്പം, യാത്ര ചെയ്യാനുള്ള സൗകര്യം, എണ്‍പതുകള്‍ തൊട്ടു ചുരിദാറണിഞ്ഞ നായികനടിമാരിലൂടെ സൃഷ്ടിക്കപ്പെട്ട ആഗ്രഹചിന്തകള്‍, തുന്നുന്ന വസ്ത്രങ്ങളിലുള്ള പുതുമ, തുന്നലിന്റെ അനന്ത സാധ്യതതകളിലുള്ള ഭ്രമം മുതലായവ ചുരിദാറിന്റെ സ്വീകരനത്തിനു മലയാളി സ്ത്രീയെ പ്രേരിപ്പിച്ച ഘടകങ്ങളാവണം. എങ്കിലും ഈ കടന്നു വരവു സുഗമമായിരുന്നില്ല. ചുരിദാറിനെതിരെ പല വിലക്കുകളും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും മലയാളി സ്ത്രീക്ക് ചുരിദാര്‍ സ്വീകരിച്ചേ മതിയാവുമായിരുന്നുള്ളു.അതുകൊണ്ടു തന്നെ അതിനകം പൊതു സമ്മിതിയാര്‍ജ്ജിച്ച സാരിക്കനുസൃതമായി ചുരിദാറിനെ പരുവപ്പെടുത്തേണ്ടതുണ്ടായിരുന്നു, അവര്‍ക്ക്.ആദ്യകാലത്തെ ചുരിദാറിന്റെ രൂപഘടന അതു ശരിവെയ്ക്കുന്നതാണ്‌തൊണ്ണൂറുകളിലെ ചുരിദാരിന്റെ മുകള്‍ഭാഗം-ടോപ്പ്-സാരിയെപ്പോലെ അയഞ്ഞു നീണ്ട് അടിമുടി മൂടിനില്‍ക്കുന്ന ഒന്നായിരുന്നു.ശരീരത്തിന്റെ നീളം, വണ്ണം ,ആകൃതി ചുരുക്കതില്‍ ശരീരവടിവിനെ ഈ ടോപ് വിദഗ്ധമായി മറച്ചു വെച്ചു.മുട്ടിനു കീഴില്‍ നല്ലവണ്ണം ഇറങ്ങി ഞെരിയാണിക്കു തൊട്ടു മുകളില്‍ അവസാനിക്കുന്ന ടോപ്പ് സാരിയോ മുണ്ടോ പോലെ കാലുകളെ ഒന്നിച്ചു ചേര്‍ത്ത് ഒരു വലയത്തിനുള്ളിലാക്കി നിര്‍ത്തി.അക്കാലത്തെ ടോപ്പും ബോട്ടവും പലപ്പോഴും ഒരേതുണികൊണ്ടു തന്നെ ഉള്ളവയായിരുന്നു.ഇത് ബോട്ടത്തെ /കാലുകളെ തികച്ചും അപ്രസക്തമാക്കിക്കൊണ്ട് സാരിപ്രതീതി നിലനിര്‍ത്തി.ടോപ്പുകള്‍ക്ക് ഇന്നത്തെപ്പോലെ സ്ലിറ്റുകളില്ലാതിരുന്നതിനാല്‍ കാലുകള്‍ വേറെ വേറെ ദൃശ്യമായിരുന്നില്ല.സാരിക്കുള്ളിലെന്ന പോലെ തന്നെയാണവ ടോപ്പിനുള്ളിലും കാലുകളെ നിയന്ത്രിച്ചത്
ഇരു തോളുകളിലൂടെയും പിന്നിലെക്ക്ക്ക് ത്താളാപ്പ്പ്പൂക്കാലീട്ട് മുന്നില്‍ ഞൊറിവുകളോടെ മറ്റക്കി അയച്ചു തൂക്കി മാറിടം മൂടി നില്‍ക്കുന്ന ഷാളുകളാവട്ടെ സാരിയേക്കാള്‍ ഭംഗിയായി ആ ഭാഗത്തിന്റെ വിശദാംശങ്ങള്‍ അദൃശ്യമാക്കിക്കൊണ്ട് മാറിടത്തെ ഒരൊറ്റ ഏകകമാക്കി ദൃശ്യപ്പെടുത്തി.ഒപ്പം ചുരിദാറിന്റെ മാറിലെ അലങ്കാരപ്പണികളെ കാഴ്ച്ചയില്‍ നിന്നു മറയ്ക്കുകയും ചെയ്തു എന്നതാണിവിടെ വിചിത്രം.ചുരിദാറിന്റെ സാരിപ്പതിപ്പ് എന്നു പറയാവുന്ന ഈ രൂപത്തെ സംബന്ധിച്ചിടത്തോളം,ബോട്ടത്തെക്കള്‍,ഷാളിനേക്കാള്‍ പ്രാധാന്യം ടോപ്പിനു തന്നെയായിരുന്നു.ഇക്കാലത്ത് ഭംഗിയ്ക്കും വിലയ്ക്കും പുതുമയ്ക്കും ഫാഷനുമെല്ലാം ആധാരമായത് ടോപ്പാണ്.സാരിയെപ്പോലെ തന്നെ അതിനും പോക്കറ്റുകളുണ്ടായിരുന്നില്ല.സ്കൂള്‍ യൂണ്‍ഫോമുകളുടെ വലിയ ഒരു മേഖലയിലേക്കു കടന്നു വന്നു കൊണ്ടും സാരിയുമായുള്ള ചാര്‍ച്ചകള്‍ നിലനിര്‍ത്തിക്കൊണ്ടും ചില്ലറ ആരോപണങ്ങള്‍ക്കു വിധേയമായും തൊണ്ണൂറുകളിലെ ചുരിദാര്‍ വലിയ മാറ്റമില്ലാതെ നിലനിന്നു.
ചുരിദാര്‍ മാറുന്നു
ചുരിദാറുകളിലെ അടുത്ത ഒരു ഫാഷന്‍ അവയുടെ കൈ നീളം കുറഞ്ഞ്, ടോപ്പ്പിന്റെ ഇറക്കം ഒരല്‍പ്പം മാത്രം കുറഞ്ഞുമാണ് പ്രത്യക്ഷപ്പെട്ടത്.ഷാളുകള്‍ ഏതെങ്കിലും ഒരു വശത്തേക്കു മാത്രം പിന്‍ ചെയ്യുന്നതിലൂടെ മാറിലെ അലങ്കാരപ്പണികള്‍ ഭാഗികമായെങ്കിലും എടുത്തുകാട്ടി. മുന്നിലും പിന്നിലും മൂന്നു പാളികള്‍ വീതം മുറിച്ച് ഒന്നായി യോജിപ്പിച്ചാണ് ഇക്കാലത്തെ ടോപ്പ് തയ്ച്ചിരുന്നത്.താഴെ ഭാഗം വിരിവോടെ അംബ്രലാകട്ടായി നിലനിര്‍ത്തി.ഈ സംവിധാനം ശരീരവടിവിനെ ഭംഗിയായി ഒളിച്ചു വെച്ചു. അടുത്ത ഘട്ടത്തില്‍ ടോപ്പ് അയവു കുറച്ച് മുന്നിലും പിന്നിലും മൂന്നു പാളികള്‍ക്കു പകരം ഒറ്റ പാളികളാകളായി തുന്നാന്‍ തുടങ്ങി.ഈ ഘട്ടത്തില്‍ അരയ്ക്കു മുകളില്‍ ഷെയ്പ്പു ചെയ്ത് ശരീരത്തിന്റെ വടിവ് കുറച്ചൊക്കെ എടുത്തുകാണിക്കുകയും ചെയ്തിരുന്നു.രണ്ടായിരങ്ങള്‍ വരെ ഇപ്രകാരം ടോപ്പുകള്‍ കേന്ദ്രീകരിച്ചുള്ള ഫാഷനുകള്‍ക്കായിരുന്നു പ്രാധാന്യം. ബോട്ടത്തിന് സവിശേഷമായ ഒരു പ്രാധാന്യവും കല്‍പ്പിക്കപ്പെട്ടിരുന്നില്ല.
ബോട്ടത്തെ നിര്‍ണായകമാക്കിത്തീര്‍ക്കുന്ന കുറേയേറെ പരിഷ്കാരങ്ങളോടെയാണ് അടുത്തഘട്ടം വരുന്നത്.ടോപ്പിലെ പുതിയ വ്യതിയാനമെന്ന നിലയില്‍ തന്നെ മുമ്പുണ്ടായിരുന്ന,മുട്ടിനു കീഴെ ഇറങ്ങിയ ടോപ്പുകള്‍ക്കു പകരം ഇറക്കം കുരഞ്ഞ ടോപ്പ്പ്പുകള്‍ പ്രത്യക്ഷപ്പെറ്റ്ടു തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ബോട്ടത്തിനു പ്രധാന്യം ലഭിച്ചത്.ഹാഫ് സ്ലീവും കുറഞ്ഞ ഇറക്കവുമായി നിന്ന ടോപ്പിന്റെ ഇരു വശങ്ങളിലുമായി ഒരു തുറന്ന കട്ട്(slit/പൊളി)ഈ ഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.തുടകളുടെ അവസാനഭാഗത്തു നിന്നു തുടങ്ങി മുട്ടിനു താഴെവരെ നീളുന്ന സ്ലിറ്റുകളും ഹൈനെക്കും ചെറിയ കൈയും ഒതുങ്ങിയ ഉടലുമായി ചുരിദാര്‍ ആകെ രൂപം മാറി.മോട്ടോര്‍ സൈക്കിളിന്റെ പിന്നിലെ വശം ചെരിഞ്ഞുള്ള യാത്രകള്‍ക്കു പകരം രണ്ടു വശങ്ങളിലേയ്ക്കും കാലുകളിട്ട് ബാലന്‍സ് നിലനിര്‍ത്തിക്കൊണ്ടുള്ള ആരോഗ്യകരമായ ഇരുപ്പ് ഇക്കാലത്ത് സ്ത്രീകള്‍ ശീലിച്ചു തുടങ്ങി,ഇറക്കം ഒരിക്കല്‍ കൂടി കുറയ്ക്കാവുന്ന ഒരു സാധ്യത് നിലനിര്‍ത്തിക്കൊണ്ട് മുട്ടറ്റം വരെ മാത്രമായി ടോപ്പു മാറിയതോടെ കാലുകള്‍/ബോട്ടം പരിഷ്കാരത്തിന്റെ കേന്ദ്രബിന്ദുവായി മാറി.ബോട്ടത്തില്‍ ഇക്കാലത്തു നടന്ന വിവിധ പരിഷ്കാരങ്ങള്‍ പൊതു ഇടത്തില്‍ സ്ത്രീജീവിതങ്ങള്‍ സാധ്യമാക്കിയ പല തുറസ്സുകളുടെയും സൂക്ഷ്മപരിസരത്തില്‍ വെച്ചു കൊണ്ട് വിശദീകരിക്കേണ്ടവയാണ്.
കാലുകള്‍ ഉണ്ട്!
ബോട്ടവും ഷാളും ഒരേ പ്രിന്റും നിറവുമായി ഏതാണ്ട് ഒരേതുണി തന്നെയായി മാറിയത് ടോപ്പിന്റെ പ്രാമാണികത കുറച്ചു കുറയ്ക്കുകയും ബോട്ടത്തെ എടുത്തു കാണിയ്ക്കുകയും ചെയ്തു. ഷാളുകള്‍ വീതിയും നീളവും കുറഞ്ഞ് കഴുത്തിലേക്കു കയറ്റിയിടുന്ന മട്ടിലായതോടെ അവയ്ക്കു കല്‍പ്പിക്കപ്പെട്ടിരുന്ന മാറിടങ്ങളെ മൂടിനില്‍ക്കുക എന്ന ഫംങ്ങ്ഷണലായ പ്രാധാന്യം അട്ടിമറിയ്ക്കപ്പെട്ടു. അവ വെറും അലങ്കാരങ്ങളായി മാറുകയും മാറിടങ്ങള്‍ കൂടുതല്‍ വടിവോടെ പ്രകടമാവുകയും ചെയ്തു.കണ്ണാടികളും സ്വീക്വന്‍സുകളും എംബ്രോയ്ഡറികളും ബോട്ടത്തിലേക്കും കടന്നു വന്നത് ബോട്ടത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു.മുമ്പു ടോപ്പിലുണ്ടായിരുന്ന അതേ അലങ്കാരങ്ങള്‍ ബോട്ടത്തില്‍ നിരന്തരം പലതരത്തില്‍ ആഘോഷിക്കപ്പെട്ടു. അവ സമാന്തരമായി പലവിധ ചോയ്സുകളെ ഒരേസമയം നിലനിര്‍ത്തിക്കൊണ്ട് കാലുകളുടെ ഒരു നിര തന്നെ കാഴ്ച വെച്ചു.ഏതു തരം ബോട്ടം(സാദാ ബോട്ടം /പാട്ട്യാലാ ബോട്ടം/ചുരി ബോട്ടം/ബെല്‍ ബോട്ടം/പഫ് ബോട്ടം etc...) എന്നതാണ് തുന്നല്‍ക്കാരും കച്ചവടക്കാരും ഉപഭോക്താക്കളും കാണികളും ഊന്നിയിരുന്ന വിഷയം.
സ്ത്രീകളുടെ സോഷ്യല്‍ മൊബിലിറ്റി,സ്വന്തം കാറിലും മോട്ടോര്‍ സൈക്കിളിലുമുള്ള സഞ്ചാരം എന്നിവയൊക്കെ ചേര്‍ന്നു രൂപപ്പെടുത്തിയ ഗതികോര്‍ജ്ജം മുമ്പു മുണ്ടിനടിയിലോ സാരിയ്ക്കടിയിലോ ഒരൊറ്റ ഏകതയായി ഒതുക്കി വെച്ചിരുന്ന കാലുകള്‍ക്ക് കൂടുതല്‍ ചലനാത്മകത ആവശ്യപ്പെട്ടു. കാലുകള്‍ക്ക് എത്ര കണ്ടു ചലനവിസ്തൃതി ആവശ്യമാണെന്നതിനനുസരിച്ച് ചുരിദാറിന്റെ സ്ലിറ്റിന്റെ തുടക്കം അര മുതല്‍ക്കു തുടങ്ങി.ബോട്ടത്തിലെ ഫാഷനുകളും സ്ത്രീകളുടെ പൊതു ഇടത്തിലെ ദൃശ്യതയും ചലനാത്മകതയും സ്ലിറ്റുകളും എല്ലാം ചേര്‍ന്ന് കാലുകളെ പുതിയ രൂപത്തിലും ഭാവത്തിലും അര്‍ഥത്തിലും നിര്‍മിച്ചെടുത്തു.കാലുകളെ രണ്ടു വ്യത്യസ്ത ഏകകങ്ങളാക്കിത്തന്നെ അവ പുറത്തു കാട്ടി. ഇറുകിയതോ നേര്‍ത്ത് അയഞ്ഞതോ ആയ ബോട്ടങ്ങളിലൂടെ അവ കാലുകളുടെ വടിവ് പ്രകടമാക്കി. അര നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ രണ്ടു കാലുകളുള്ള ജീവികളാണെന്ന് അവര്‍ സ്വയം കണ്ടെത്തുകയായിരുന്നു,ഇവിടെ.
ബോട്ടത്തിന്റെ സ്ഥാനത്ത് ജീന്‍സും പാന്റും പ്രത്യക്ഷപ്പെട്ടു തുടങ്ങിയതാണ് ഏറ്റവും പുതിയ ഒരു മാറ്റം.സ്ത്രീകളെ സംബന്ധിച്ചിടത്തോളം ചുരിദാറിനേക്കാള്‍ അനഭിമതവും അമാന്യവുമെന്നു കരുതപ്പെടുന്നജീന്‍സിനെ ബോട്ടത്തിന്റെ ഈ പുതിയ വിശാലമായ സ്വാതന്ത്ര്യത്തിലൂടെ സ്വീകരിച്ചുതുടങ്ങി.ടോപ്പുകളുടെ ഇറക്കം പലപ്പോഴും ഷര്‍ട്ടുകളുടെ അത്ര തന്നെ കുറഞ്ഞു വന്ന പുതിയകാലത്ത് ഈ മാറ്റം ആണ്‍ വേഷങ്ങളെ ചുരിദാറിലൂടെ ഒളിച്ചുകടത്തുകയായിരുന്നുവെന്നു പറയാം.
ശരീരനിലകള്‍(body postures)
വസ്ത്രധാരണത്തില്‍ രൂപം കൊണ്ട നൂതനമായ മാറ്റങ്ങള്‍ കാലുകളെ സ്വതന്ത്രമാക്കുന്നതോടൊപ്പം സ്ത്രീകളുടെ പൊതു ഇടങ്ങളിലെ ശരീരനിലകളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്കു കാരണമായി.ഇരുപ്പിലും നില്‍പ്പിലും നടപ്പിലുമടക്കമുള്ള ചലനങ്ങള്‍, സഞ്ചാരങ്ങള്‍ കൂടുതല്‍ സ്വാഭാവികമായിത്തീര്‍ന്നു.
ജനിതകമോ ജീവശാസ്ത്രപരമോ ആയ സവിശേഷതകള്‍ക്കപ്പുറം വ്യക്തികളുടെ ശരീരത്തിന്റെ നില, അവയുടെ ചലനവിന്യാസങ്ങള്‍ മുതലായവ അവരുടെ സാമൂഹികമായ പദവികളെയും പൊതു ഇടത്തിലെ അധികാരസൂചനകളെയും ഉള്ളടക്കുന്നുണ്ട്.വശം ചെരിഞ്ഞ് മടിയില്‍ ബാഗും സാരിത്തലപ്പും കുട്ടിയുമായി സാഹസികമായി യാത്ര ചെയ്യുന്ന സ്ത്രീയില്‍ കാലുകളുടെ വിന്യാസം പൊതുസമ്മതിക്കനുസൃതമായാണ് ചിട്ടപ്പെടുന്നത്.സ്ത്രീശരീരത്തിന്റെ നിലകള്‍(postures) മാദകമായാലും അല്ലെങ്കിലും പൊതുവെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പുരുഷാധിപത്യ നോട്ടങ്ങള്‍ക്കു കീഴെ മെരുക്കപ്പെട്ടവ തന്നെയായിരുന്നു.ശരീരവസ്ത്രബന്ധങ്ങളുടെയും ചലനങ്ങളുടെയും ജൈവികവും സ്വാഭാവികവുമായ ആവിഷ്കാരം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു.കാലിനു മുകളില്‍ കാല്‍ കയറ്റി വെച്ചിരുന്ന കോളേജു യൂണിയന്‍ ഉദ്ഘാടകയായ യുവനടിയെ ആ ഇരുപ്പ് ഭാരതീയ സംസ്കാരത്തിനു യോജിച്ചതല്ലെന്ന് പറഞ്ഞു ശാസിച്ച യൂണിയന്‍ ഭാരവാഹിയെക്കുറിച്ച് എസ്.ശാരദക്കുട്ടി എഴുതിയിരുന്നു.(2009 മാധ്യമം പുതുവര്‍ഷപ്പതിപ്പ്)അന്തം വിട്ടുള്ള ഏതൊരുറക്കതിലും രോഗാവസ്ഥയില്‍പ്പോലും കാലുകള്‍ അകന്നിരിക്കാതെയും വസ്ത്രം സ്ഥാനം മാറാതെയും നിരന്തരം ശ്രദ്ധ ചെലുത്താന്‍ പെണ്‍ശരീരങ്ങള്‍ ശീലിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അധ്വാനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ സ്ത്രീ ചലനങ്ങള്‍ കുറച്ചു വ്യത്യസ്തമാണ്.അവിടെ postures സ്വാഭാവികമായി കരുതപ്പെട്ടിരുന്നു.അധ്വാനിക്കുന്ന സ്ത്രീ ശരീരം ഒരു പരിധി വരെയും തൊഴില്‍/ഉല്‍പാദന ശരീരമാണല്ലോ. അതിന്റെ ഉടമയും ഉപഭോക്താവും മുതലാളിത്തം(പുരുഷന്‍) തന്നെയുമാണ്.
കാലുകള്‍ വേറെ വേറെയായും അകന്നും കാണുന്നതില്‍ ആരോപിക്കപ്പെടുന്ന ലൈംഗികക്ഷണത്തിന്റെ സൂചനകള്‍ പോലെതന്നെ നോട്ടത്തിലും നില്‍പ്പിലും നടത്തത്തിലുമെല്ലാം ഇത്തരം ബലതന്ത്രങ്ങള്‍ കടന്നു വരുന്നുണ്ട്. പൊതു ഇടങ്ങളില്‍ വെച്ച് എവിടെയൊക്കെ സ്പര്‍ശിക്കാമെന്നതും പ്രശ്നാധിഷ്ഠിതമാണ്.മഴക്കാലത്തു സാരിത്തുമ്പ് ചെളിവെള്ളത്തില്‍ മുട്ടി നനയാതിരിക്കാന്‍ ഞൊറികളില്‍ പിടിച്ചുയര്‍ത്തി നടക്കുമ്പോള്‍ "കൈ അവിടന്നു മാറ്റെടീ "എന്നു കമന്റു കേല്‍ക്കുമായിരുന്നുവെന്നു പാലക്കാടുള്ള ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു. സ്ത്രീയുടെ ഏതവയവത്തെയും ലൈംഗികാവയവമാക്കിത്തീര്‍ക്കുന്ന, ഏതു ചലനത്തെയും ലൈംഗികചേഷ്ടകളായി കാണുന്ന പൗരുഷത്തിന്റെ 'മാന്ത്രിക'പ്രകടനങ്ങളിലൊന്നാണിതും. തിരക്കേറിയ ബസ്സിലെ യാത്രയ്ക്കിടയില്‍ ശരീരത്തിനുള്ളില്‍ കയറിക്കൂടിയ തേളിന്റെ കടിയേറ്റ് ഉറക്കെ കരയാനോ ,വസ്ത്രം ഊരിക്കളഞ്ഞു ജീവന്‍ രക്ഷിക്കാനോ 'തന്റേടം' കാണിയ്ക്കാതെ മരിച്ചു പോകേണ്ടി വന്ന പെണ്‍കുട്ടിയെ കല്‍പറ്റ നാരായണന്‍ 'സൗന്ദര്യത്തിന്റെ രക്തസാക്ഷി' എന്നാണു വിശേഷിപ്പിച്ചത്-- എന്നാല്‍ അതത്ര ലളിതമാണോ? ഈ ഭീഷണമായ അന്തരീക്ഷത്തിലാണ് ശാരീരികമായ സ്വയം നിര്‍ണയനവും സര്‍വ്വോപരി കര്‍തൃത്വവും പുരോഗമനപരമായ, അഭിലഷണീയമായ അവസ്ഥയാകുന്നത്.ചുരിദാറിലൂടെ ഉയിര്‍ത്തെഴുന്നേറ്റ കാലുകള്‍ ഈയൊരവസ്ഥയെ ഒറ്റയടിക്കു സംജാതമാക്കിയെന്നല്ല ഇവിടെ തീര്‍ത്തു പറയുന്നത്; മറിച്ച് അതൊരു ധനാത്മകമായ ദിശാവ്യതിയാനത്തിനുള്ള പ്രതീക്ഷ നല്‍കുന്നുവെന്നു മാത്രമാണ്. പ്രകടമായ ഈ മാറ്റങ്ങളുടെ പ്രത്യക്ഷങ്ങളാണ് ടോപ്പിലെന്ന പോലെ ബോട്ടത്തിലും കണ്ടുവരുന്ന പോക്കറ്റുകള്‍. 'ഫാബ് ഇന്ത്യ' പോലെയുള്ള പല കമ്പനികളും ടോപ്പിലും ബോട്ടത്തിലും പോക്കറ്റുകള്‍ വെച്ചു തുടങ്ങിയിട്ടുണ്ട്. മൊബെയില്‍ ഫോണും പേനയും പണവും എടുക്കാനും ഇടാനുമായി കൈകള്‍ നിരന്തരം പോക്കറ്റിലേക്കു നീളാവുന്ന സാഹചര്യമിന്നുണ്ട്. ഇതു മോട്ടോര്‍ സൈക്കിളില്‍ കാലുകള്‍ ഇരുവശത്തുമായിട്ടിരിക്കുന്ന ഇരുപ്പു പോലെയുള്ള ഒരു മാറ്റം തന്നെയാണ്.പുതിയ വസ്ത്രത്തിലൂടെയും ഫാഷനിലൂടെയും സാധ്യമായ പുതിയൊരു ശരീരനിലയുടെ സൗകര്യങ്ങളും അവയുടെ ഊര്‍ജ്ജപ്രസരവും ആ ഇരുപ്പിലുണ്ട്--മുമ്പ് സാധ്യമല്ലാതിരുന്ന ഒന്ന്.
എന്നാല്‍ ഇത്തരം മാറ്റങ്ങളെ പൊതു സമൂഹം നോക്കിക്കാണുന്നത് സ്വാതന്ത്ര്യത്തിന്റെയോ സ്വത്വപ്രകാശനത്തിന്റെയോ ഭാഗമെന്ന നിലയ്ക്കല്ല.കേരളീയ പൗരുഷത്തെയും ശരീരത്തെയും കൂസലില്ലാതെ ആഖ്യാനം ചെയ്യുന്ന കവിതകളിലൂടെ പുതുകവികളില്‍ വേറിട്ടുനില്‍ക്കുന്ന ശൈലന്റെ 'സുതാര്യം ' എന്ന കവിതയില്‍ നിന്ന്.....
"പാട്യാല സ്റ്റെയില്‍ ചുരിദാറിട്ട്
ബൈക്കില്‍ കവച്ചിരുന്ന്
മുന്നിലൂടെ വെട്ടിച്ചു നീങ്ങി
കാറ്റിലുലഞ്ഞു
ടോപ്പു പൊങ്ങിയപ്പോള്‍
സുതാര്യതയ്ക്കുള്ളീലൂടെ
അരക്കെട്ടിലുള്ളതെല്ലാം
വെളിപ്പെട്ടു.."
(http://www.puthukavitha.blogspot.com)
ശരീരത്തിന്റെ/അവയവങ്ങളുടെ ലിംഗപരമായ വിധേയാവസ്ഥയില്‍ നിന്ന്(ലൈംഗിക/ലൈംഗികേതരമായ) സ്വയം നിര്‍ണയനത്തിന്റെ വഴികളിലേക്ക് സ്ത്രീകള്‍ സ്വയം ആവിഷ്കരിച്ചു തുടങ്ങിയിരിക്കുന്നു എന്നതു പ്രധാനമാണ്. സംഘടിത പ്രസ്ഥാനങ്ങളുടെ ഉറച്ച ഉച്ചസ്വരങ്ങളുടെ മുന്‍ കൈയിലൂടെയല്ല , ഈ മാറ്റങ്ങളൊന്നും. എന്നാല്‍ അവയുടെ ചരിത്രപരമായ ഊര്‍ജ്ജം ഇന്ധനമായി ഉപയോഗിക്കപ്പെടുന്നുണ്ടാവണം.വസ്ത്രത്തെയും ശരീരത്തെയും സങ്കുചിതമായ ബോധങ്ങളില്‍ നിന്നു വിടുതല്‍ ചെയ്ത് ഋജുവായും ലളിതമായും സര്‍ഗ്ഗാത്മകമായും ആവിഷ്കരിക്കാനുള്ള ആര്‍ജ്ജവം പുതിയ സ്ത്രീകളില്‍ കാണുന്നുണ്ട്. കലാലയങ്ങളിലും ബ്യൂട്ടിപാര്‍ലറുകളിലും ബോഡി കെയര്‍ ഷോപ്പുകളിലും ഫാഷന്‍ റാമ്പുകളിലും റിയാലിറ്റി ഷോവിലും അമ്യൂസ്‌മന്റ് പാര്‍ക്കുകളിലും ഫിറ്റ് നെസ് സെന്ററുകളിലും ഡ്രൈവിംഗ് സ്കൂളിലുമെല്ലാമായി തുള്ളിച്ചാടുകയും ഇളകിമറിയുകയും ചെയ്യുന്ന പെണ്‍ശരീരങ്ങള്‍ സ്ത്രീ(മധ്യവര്‍ഗ്ഗ/നാഗരികസ്ത്രീ?) യുടെ പുരുഷാധിപത്യ നിര്‍മിതമായ ആവരണങ്ങള്‍ നീക്കി കര്‍തൃത്വത്തിലേക്കു പ്രകാശനക്ഷമമാകുക തന്നെയാണ്.
റഫറന്‍സ്
--------
1.19-)0 നൂറ്റാണ്ടിലെ കേരളം-പി. ഭാസ്കരനുണ്ണി.
2.നായര്‍ മേധാവിത്തത്തിന്റെ പതനം-റോബിന്‍ ജെഫ്രി
3.ജാതിശരീരത്തില്‍ നിന്നും ലിംഗശരീരത്തിലേക്ക്-ബി.രാജീവന്‍(സമീക്ഷ,സെപ്റ്റംബര്‍,2000)
(2010 ജനുവരി 31 മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്.)
അനുബന്ധങ്ങള്‍
:1)http://journals.cambridge.org/action/displayAbstract?aid=293104( J. DEVIKA (2005). The Aesthetic Woman: Re-forming Female Bodies and Minds in Early Twentieth-Century Keralam. Modern Asian Studies, 39 , pp 461-487
doi:10.1017/S0026749X04001519 )
2) (http://www.hinduonnet.com/mag/2010/02/14/stories/2010021450310700.htm )
Hindu Magazine February 14, 2010
3)Pablo Neruda - Ode To Clothes
Every morning you wait,
clothes, over a chair,
to fill yourself with
my vanity, my love,
my hope, my body.
Barely
risen from sleep,
I relinquish the water,
enter your sleeves,
my legs look for
the hollows of your legs,
and so embraced
by your indefatigable faithfulness
I rise, to tread the grass,
enter poetry,
consider through the windows,
the things,
the men, the women,
the deeds and the fights
go on forming me,
go on making me face things
working my hands,
opening my eyes,
using my mouth,
and so,
clothes,
I too go forming you,
extending your elbows,
snapping your threads,
and so your life expands
in the image of my life.
In the wind
you billow and snap
as if you were my soul,
at bad times
you cling
to my bones,
vacant, for the night,
darkness, sleep
populate with their phantoms
your wings and mine.
I wonder
if one day
a bullet
from the enemy
will leave you stained with my blood
and then
you will die with me
or one day
not quite
so dramatic
but simple,
you will fall ill,
clothes,
with me,
grow old
with me, with my body
and joined
we will enter
the earth.
Because of this
each day
I greet you
with reverence and then
you embrace me and I forget you,
because we are one
and we will go on
facing the wind, in the night,
the streets or the fight,
a single body,
one day, one day, some day, still.
4)സാരി-സാവിത്രി രാജീവന്‍
സാരിയല്ല
എന്റെ ഇഷ്ടവേഷം
എന്തെന്നാല്‍
രണ്ടു കാലുകള്‍ ഒന്നാക്കിമാറ്റി
അല്ലെങ്കില്‍
കാലുതന്നെ മാറ്റി
അതെന്നെ
താമരപ്പൂവിലോ
ഭാരതമദ്ധ്യത്തിലോ
പ്രതിഷ്ഠിക്കുന്നു
വീണമീട്ടിയും
താരാട്ടു പാടിയും
അമൃതവര്‍ഷവും
ധനവര്‍ഷവും നടത്തിയും
കാലം ചെയ്തൊടുവില്‍
ഭൂലോകം പിളര്‍ന്ന്
പാതാളത്തിലേക്കു മറയാന്‍
അതെന്നോടു പറയുന്നു
സാരിയല്ല
എന്റെ വേഷം. (1996)
(സാവിത്രി രാജീവന്റെ കവിതകള്‍- മാതൃഭൂമി ബൂക്സ് 2009)

2) (http://www.hinduonnet.com/

അഗ്രിഗേറ്ററില്‍ ലിസ്റ്റ് ചെയ്യപ്പെടാതിരുന്നതിനാല്‍ വീണ്ടും പോസ്റ്റു ചെയ്യേണ്ടി വന്നതാണ്.....
ReplyDeletegood post
ReplyDeletethanks and congrts for this effort..
(2010 ജനുവരി 31 മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്.)
ReplyDelete2010???
പോസ്റ്റിംഗ് ഗംഭീരമായിരിക്കുന്നു..
ReplyDeleteതുടരുക..
അനീഷ് ശ്രീകുമാര്‍.
www.kalikaonline.com
വളരെ വളരെ നന്നായിരിക്കുന്നു ..എന്ന് പറഞ്ഞാല്‍പ്പോലും പര്യാപ്തമാവില്ലെന്നു ശങ്കിക്കുന്നു ..
ReplyDeleteസ്ത്രീകള്‍ക്ക് വളരെ യോജിച്ച വസ്ത്രമാണ് ചുരിദാര്‍ , അല്ലെങ്കില്‍ ജീന്‍സും ഷര്‍ട്ടും എന്നാണു എനിക്ക് തോന്നിയിട്ടുള്ളത് .. ചലന സ്വാതന്ത്രം, സഞ്ചാര സുഖം, അപകടങ്ങളില്‍ പ്പെട്ടാല്‍ രക്ഷപ്പെടാന്‍ എളുപ്പം , അക്രമികളെ നേരിടാനുള്ള സൗകര്യം .. എന്നിവയെല്ലാം ഇതിന്റെ മേന്മകളായി തോന്നിയിട്ടുണ്ട്
എല്ലാ സ്തീകളും വായിച്ചിരിക്കേണ്ട ലേഖനമാണിത്
ReplyDelete:)
ReplyDeleteഇങ്ങനെയൊന്നും പറയരുത്. അറിവ് കൂടുന്നതിനനുസരിച്ച് സ്ത്രീകള്‍ പര്‍ദ ധരിക്കും എന്ന് തീരുമാനിക്കപ്പെട്ട ഒരു കാലാവസ്ഥയാണ് ഇപ്പോള്‍. അപ്പോള്‍ ചുരിദാര്‍ ജീന്‍സുകള്‍ക്കെന്ത് പ്രാധാന്യം ? അല്ലെങ്കില്‍ തന്നെ ചുരിദാറും ജീന്‍സും ഇട്ട പെന്നുങ്ങള്‍ക്ക് വേഗം ഓടാമെന്നല്ലാതെ എന്ത് ഗുണമാണുള്ളത് ? ഇവിടെ ആവശ്യം വേഗക്കുറവുള്ള നിസ്സഹായരായ പെണ്ണുങ്ങളെയാണ്. ഞങ്ങള്‍ക്ക് തോല്പിക്കാന്‍ . മനസ്സിലായോ ?
ReplyDeleteനല്ല പോസ്റ്റ്. ആശംസകള്‍.
ReplyDeleteമഷിത്തണ്ട്,നന്ദന,അനീഷ്,ശാരദനിലാവ്,മുഹമ്മദ്സഗീര്‍,കൊട്ടോട്ടിക്കാരന്‍,അരുണ്‍,കിച്ചു...ആദ്യവായനയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി...നന്ദനയുടെ സംശയം ന്യായം. ആദ്യത്തെ പോസ്റ്റില്‍ ഡ്രാഫ്റ്റിന്റെ തീയതി ആണു കയറിക്കൂടിയത്. അതുകൊണ്ട് അഗ്രിഗേറ്ററില്‍ വന്നില്ല. 2010 ജനുവരിതന്നെയാണ് അടിച്ചു വന്നത്..
ReplyDeleteനല്ല ലേഖനം. നിരീക്ഷണങ്ങളോടു പൂർണ്ണമായി യോജിക്കുന്നില്ലെങ്കിലും വസ്തുതകൾ ഏറെക്കുറെ ശരിയാണു.സൗകര്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളിലുപരി കേരള സ്ത്രീയുടെ അനുകരണഭ്രാന്തും പൊങ്ങച്ചവും ഒരു പരിധിവരെ വസ്ത്ര ധാരണത്തെ സ്വാധീനിച്ചിട്ടുണ്ടു.
ReplyDeleteനല്ല എഴുത്ത്. ഇത്രയും കാലം കൊണ്ട് ഉണ്ടായ വസ്ത്രധാരണ ശൈലിയിലെ മാറ്റം നന്നായി അടയാളപ്പെടുത്തിയിരിക്കുന്നു. പഠിക്കുന്ന സമയത്ത് ക്ലാസിലെ രണ്ട് പെണ്‍കുട്ടികളും പതിവായി ഷര്‍ട്ടും പാന്റ്സും ആണ് ഉപയോഗിച്ചിരുന്നത് അവര്‍ അതില്‍ സന്തോഷവതികളും ആയിരുന്നു. എന്താ നമ്മുടെ നാട്ടില്‍ ചുരിദാര്‍ സ്വാതന്ത്ര്യപ്രഖ്യാപനം ഇഷ്ടപ്പെടുന്നവര്‍ പോലും വിവാഹ വേദിയില്‍ ചുരിദാര്‍ ഉപയോഗിക്കാത്തത്, ആദ്യം എതിര്‍പ്പുണ്ടായേക്കാം. മാറേണ്ടത് മാറും ഇന്നല്ലെങ്കില്‍ നാളെ.
ReplyDeleteമാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കണ്ടിരുന്നു, വിശദമായി വായിച്ചത് ഇവിടെയാണ്.
ആദര്‍ശ്,
ReplyDeleteസ്വര്‍ണ ,സാരി വിപണികള്‍ (‘പരിശുദ്ധ‘ പൊന്നും ‘പരിശുദ്ധ‘ പട്ടും...!) കൈ കോര്‍ത്തു നീങ്ങുകയല്ലേ.വിപണിയാണിത്തരം പൊതുസമ്മതങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്......
സ്വരണ്ണ-പരിശുദ്ധപട്ട് വിപണിയുടെ പ്രലോഭനങ്ങളെ സ്ത്രീകൾ അതിജീവിക്കുവാനാകുന്നില്ല എന്നത് എന്തുകൊണ്ട് നിങ്ങൾ സൂചിപ്പിച്ചില്ല എന്ന ഒരു സംശയം ഭാക്കി.സ്ത്രീയുടെ വസ്ത്രധാരണത്തിലെ സ്വാതന്ത്രത്തെ ബോധപൂർവ്വം ചില ഉടായ്പുവീരന്മാർ പുറകോട്ടടിക്കുവാൻ മതത്തേയും കൂട്ടുപിടിക്കുന്നു.
ReplyDeleteയാദാസ്ഥിതികത്വത്തിന്റെ സങ്കുചിത ചിന്തകളെ കുതറിയെറിയുവാൻ തയ്യാറാകുന്നവളെ അവർ മാനസീകമായും ശാരീരികമായും ആക്രമിക്കുന്നു. ഇവിടെ പുരുഷന്റെ ദുർബലതയാണ് അല്ലെങ്കിൽ ഭീരുത്വമാണ് വെളിവാകുന്നത്. എന്നുകരുതി ബിക്കിനിയിട്ടുപൊതുസ്ഥലത്ത് നടക്കണം എന്നല്ല വിവക്ഷിക്കുന്നത്.മാറുമറക്കാൻ സമരം ചെയ്തവരുടെ പിന്മുറക്കാർ ഇന്ന് മാറുപ്രദർശിപ്പിക്കുവാൻ മൽസരിക്കുന്ന കശ്ചയും നമുക്ക് മുമ്പിലുണ്ട്. അതുപലപ്പോഴും ലൈംഗീകനിയന്ത്രണം ഇല്ലാത്ത മലയാളിയെ പ്രത്യേകിച്ചും വികൃതികാണിക്കുവാൻ പ്രേരിപ്പിക്കും.എന്നാൽ അന്യനാടുകളിലെ ആളുകളിൽമലയാളിയോളം അത് കണ്ടെത്തുവാൻ കഴിയില്ലതനും.
ഒരൽപം ശരീരം കാണിക്കുന്നതോ ശരീരത്തോട് ഒട്ടിനിൽക്കുന്നതോ ആയ വസ്തൃം അണിഞ്ഞപെണ്ണിനെ തിരിഞ്ഞുനോക്കുന്നവൻ മലയാളിയാണെന്ന് തീർച്ചപ്പെടുത്താം എന്ന് ഒരു ജോക്ക് നിലവിൽ ഉണ്ടല്ലോ?
പുതിയ സമൂഹിക അന്തരീക്ഷത്തിൽ സ്ത്രീകൾ കൂടുതൽ സ്വതത്രരാകുന്നത് നാം കാണുന്നുണ്ട്.അത് അവരുടെ പെരുമാറ്റത്തിലും ജീവിത-വസ്ത്രധാരണ രീതിയിലും കാണാം.പെണ്ണിനെ നാലുചുവരുകൾക്കുള്ളിൽ ഒതുക്കി സ്വന്തം ലൈംഗീക തൃപ്തിക്കും സൂകരങ്ങളെപോലെ പ്രസവിച്ച് സന്തനോൽപാദനത്തിനും മാത്രമുള്ളതാണെന്ന ചിന്തയുള്ളവർ എത്രകാലം നിലനിൽക്കും എന്ന് കണ്ടറിയെണ്ടിയിരിക്കുന്നു.
വസ്ത്രധാരണത്തിൽ ഇനിയും മാറ്റങ്ങൾ വരും.അത് കാലത്തിന്റെ അനിവാര്യതയാണ്.
നന്ദി പാര്‍പ്പിടം... കൂടുതല്‍ ചര്‍ച്ചയ്ക്കു പിന്നെ വരാം.
ReplyDeleteThis comment has been removed by the author.
ReplyDeleteലേഖനത്തിൽ ആദ്യ പകുതിയിലെ വിവരണങ്ങൾ സത്യവുമായി ബന്ധമില്ലാത്തവയാണ്. പ്രത്യേകിച്ചും കേരളത്തിൽ മാറ് മറക്കാൻ അനുവാദമില്ലാതിരുന്നതിനെ പറ്റിയുള്ള വിലയിരുത്തൽ.
ReplyDelete>>ശരീരപ്രതീതിയുടെ അധികമാനം എപ്പോഴും ഫാഷന്‍ ലക്ഷ്യമാക്കുന്നുണ്ട്. അതൊരു മൂല്യത്തെ ലക്ഷ്യം വെയ്ക്കുന്നു <<
ഇന്ന് ഫാഷൻ എന്ത് മൂല്യത്തെയാണ് ലക്ഷ്യം വെക്കുന്നത്. ഉപഭോഗമനസ്സിനെയും പൊങ്ങച്ചത്തെയുമല്ലാതെ ?
>>ഏറ്റവും മുന്നിലാണെന്ന,അപ്-റ്റു-ഡേറ്റാണെന്ന(മോഡേണ്‍/സുന്ദരം)പ്രതീതിയാണത് സൃഷ്ടിക്കുന്നത്.അതുകൊണ്ടുതന്നെ <<
ചിലപ്പോഴെങ്കിലും വൾഗറസ് എന്ന് കൂടി ചേർത്ത് വായിക്കപ്പെടണം.
>>മാന്യന്മാരുടെ സമീപത്ത് റൗക്ക ധരിച്ചോ മാറു മറച്ചോ നില്‍ക്കുന്നത് അഹങ്കാരമായോ തികഞ്ഞ അപരാധമായോ കണ്ടുപോന്നിരുന്നു എന്നതിനു തെളിവാണത്." <<
അന്യ സ്ത്രീകളുടെ മാറ് കണ്ട് രസിച്ചിരുന്ന ഒരു വിഭാഗമായിരുന്നു അന്ന് സ്വയം മാന്യരെന്ന് കരുതിയിരുന്നവർ. ജാതിക്കോമരങ്ങളുടെ ഇടയിൽ എങ്ങിനെയായിരുന്നു മറ്റൂള്ളവർ കഴിഞ്ഞ് കൂടിയിരുന്നു എന്നതിനു തെളിവാണീ വരികൾ
എന്തായാലും സ്ത്രികളുടെ ശരീരം പ്രദർശന വസ്തുവാക്കാൻ മുന്നെ മാന്യരെന്ന് കരുതി സ്വയം അഹങ്കരിച്ചിരുന്ന ഒരു കൂട്ടരുടെ പിൻ തലമുറക്കാർ ഇന്ന് ഫാഷന്റെ പേരിൽ സ്ത്രീകളിടെ തുണി ഉരിയാൻ നടക്കുന്നു. തുണി ഉരിയലാണ് മാന്യത എന്ന് കരുതുന്ന ആധുനിക വനിതകളും അവർക്ക് കൂട്ടായുണ്ടെന്നതും വസ്തവം..
നന്ദി, ബഷീര്‍...
ReplyDeletevalare vishadavum kaarya prasakthavumaaya padhanam. naattu pachayiloode aanu arinjathu... good literature...
ReplyDeleteaasamsakal
nisi
കേരള സമൂഹത്തിലെ സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ ചരിത്രമെഴുതുമ്പോല്‍ മറക്കാന്‍പാടില്ലാത്ത ഒരു പേരാണ് റ്റിപ്പു സുല്‍ത്താന്റേത്. മലബാറില്‍ കീഴാള ജാതി സ്ത്രീകളെ മാറു മറപ്പിക്കാനും വസ്ത്രം ധരിപ്പിക്കാനും റ്റിപ്പു നടത്തിയ ശ്രമങ്ങളാണ് അയാളെ ഒരു വിദ്ധ്വംസകനെന്ന പദവിലേക്ക് വലിച്ചിട്ടത്. ശ്രീരംഗപട്ടണത്തു നിന്ന് കൊണ്ടുവന്ന ചേലയുടുപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമമാണ് മതം മാറ്റത്തെ "കുപ്പായമിടീക്കുക" എന്ന പ്രയോഗമാക്കി പരിവര്‍ത്തിപ്പിച്ചത്. അതോടൊപ്പം മലബാറിലെ മുസ്ളീം സ്ത്രീകളുടെ പരമ്പരാഗതമായ മുണ്ടും അരപ്പട്ടയും മേലുടുപ്പും എങ്ങനെ അശ്ളീലമായെന്നും പര്‍ദ്ദ എങ്ങനെശ്ളീലമായെന്നും ആലോചിക്കാവുന്നതാണ്. റ്റിപ്പുസുല്‍ത്താന്‍ ഫ്രാന്‍സില്‍ നിന്ന് ഫ്രഞ്ച് വിപ്ളകാലത്തിന്റെ പശ്ചാത്തല സംഗീതം കേട്ട് വളര്‍ന്ന ഒരാളായിരുന്നു. ഫാഷ്ന്റെ ചരിത്രത്തില്‍ പഴയ പാരീസും മൈക്കിള്‍ ആഡംസിന്റെ ഫാഷന്‍ ടി.വി യുള്ള പുതിയ പാരീസും വലിയ വിപ്ളവസ്ഥലികളാണല്ലോ. ലേഖനം വേണ്ടത്ര റഫറന്‍സ് ചേര്‍ത്ത് വികസിപ്പിച്ചാല്‍ നല്ലൊരു മുതല്‍ക്കൂട്ടായിരിക്കും. നന്ദി!
ReplyDeleteനല്ല പോസ്റ്റ്.
ReplyDeleteശ്രദ്ധേയമായ നിരീക്ഷണങ്ങൾ..
നല്ല ഭാഷ.
നന്ദി.
വളരെ ആഴമുള്ള നിരീക്ഷണങ്ങള്‍. ലൈംഗികതയുടെ രാക്ഷ്ട്രീയം.
ReplyDeleteഇനിയും പ്രതീക്ഷിക്കുന്നു. ഇത്തരം എഴുത്തുകള്‍.
ആശംസകള്‍.