Sunday, December 20, 2009

ഉടല്‍ ഒരു നെയ്ത്ത്‌ -ചുരിദാര്‍ഫാഷനും ലിംഗപദവിയും

"The body is not a thing, it is a situation;it is our grasp on the world and a sketch of our projects"-- Simon de Beauvoir,second sex, 1949

സ്ത്രീശരീരത്തെക്കുറിച്ചും ഫാഷനെക്കുറിച്ചുമുള്ള നമ്മുടെ ചര്‍ച്ചകളധികവും അവയ്ക്കുനേരെയുള്ള വിലക്കുകളും അധികാരപ്രകടനങ്ങളും ചൂഷണങ്ങളുമ്മായി ബന്ധപ്പെട്ടുകൊണ്ടുള്ളതാണ്‌. അവ തികച്ചും പ്രസകതവുമാണ്‌.എന്നാല്‍ സ്ത്രീകളുടെ ശരീരസംബന്ധിയായ സ്വയം നിര്‍ണയനവും അത്തരത്തില്‍ അവര്‍ നടത്തുന്ന വൈയക്തികവും സാമൂഹികവുമായ അന്വേഷണങ്ങളും അലച്ചിലുകളും ആനന്ദത്തിന്റെയും സംതൃപ്തിയുടെയും വൈയക്തികമായ ഇടങ്ങളും ഇനിയും നാം കാണാതിരുന്നുകൂടാ.സൂക്ഷ്മമായ അര്‍ത്ഥത്തില്‍ സ്ത്രീയുടെ വൈയക്തികാനുഭവങ്ങളുടെ ചരിത്രവും സാമൂഹ്യമായി സ്ത്രീകള്‍ക്കുണ്ടായ പുരോഗതിയുടെ ചരിത്രവും എല്ലായ്പ്പോഴും ഒത്തുപോവണമെന്നില്ല്ല; അവ ബന്ധപ്പെട്ടുകിടക്കുന്നവയാണെങ്കില്‍ത്തന്നെയും.ദൈനംദിനജീവിതത്തിന്റെ പ്രായോഗികവും ദാര്‍ശനികവുമായ സ്ഥലികളില്‍ ഈ സൂക്ഷ്മചരിത്രം സങ്കീര്‍ണമായി ലയിച്ചുകിടക്കുന്നു. അതു നമ്മള്‍ പറഞ്ഞുപോരുന്ന ശാരീരികമായ അതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും ലിംഗവിവേചനങ്ങളും എല്ലാം ഉള്ളടക്കുന്നുണ്ട്‌. എന്നാല്‍ അതു മാത്രവുമല്ല. ശാരീരികാനുഭവങ്ങള്‍ വൈയക്തികമായും ചരിത്രപരമായും ഒന്നിനൊന്നു വ്യത്യസ്തവും സങ്കീര്‍ണവുമാണ്‌.ശാരീരികാവബോധത്തിന്‌ ഓരോ സ്ത്രീയിലും അവളുടേതായ വേരുകളുണ്ട്‌ എന്നതാണ്‌ അതിനു കാരണം.അത്‌ അവളില്‍ത്തന്നെ ഒരു ചരിത്രത്തെ നിര്‍മിക്കുന്നുണ്ട്‌; പലപ്പോഴും കാമനകളുടെയും ചരിത്രം

സ്ത്രീയവസ്ഥയുടെ പൊതുവായ നിലയോടു സംവദിച്ചുകൊണ്ടു തന്നെയാണ്‌ അവളുടെ കാമനകള്‍ പ്രവര്‍ത്തിക്കുക.ശരീരം കേവലമല്ല എന്നു നാം ഒരു ഘട്ടത്തില്‍ തിരിച്ചറിഞ്ഞു. അതു ജാതി-ലിംഗ-വര്‍ഗ്ഗബദ്ധമായ, തികച്ചും ചലനാത്മകമായ ഒരു ഏകകവുമാണ്‌. അതു സാമൂഹ്യനിര്‍മിതി ആണെന്നു നാം ഉറപ്പിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു.ജീവശാസ്ത്രപരമായ(മൈക്കിള്‍ജാക്സനു ശേഷം തീര്‍ച്ചയായും ക്ലിനിക്കല്‍ ആയ) ശരീരം സ്വത്വപ്രകാശനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും വിജയത്തിന്റെയും കേന്ദ്രമായി പരിഗണിക്കപ്പെടുന്നു.പൂര്‍ണതയ്ക്കായുള്ള ദാഹത്തെ ശരീരത്തില്‍ കൂടിയുമാണു നാം ശമിപ്പിക്കുന്നത്‌.നിത്യയൗവനവും അനശ്വരതയും ശരീരത്തിലാണു നാം സാക്ഷാല്‍ക്കരിക്കുന്നത്‌.ശരീരത്തെ പുന:ക്രമീകരിച്ച്‌ അതിനെ പുനര്‍നിര്‍വ്വചിച്ചുകൊണ്ട്‌ (ആഗ്രഹിച്ചത്ര തന്നെ)പൂര്‍ണതയിലേയ്ക്കു നടത്തുന്ന വ്യവഹാരമാണു ഫാഷന്‍.ഇവിടെ നശ്വരതയെ സംബന്ധിച്ച്‌ ഒരു വൈരുദ്ധ്യമുണ്ട്‌.ഓരോ ഫാഷനും തുടങ്ങുന്നത്‌ അതിനു മുമ്പുള്ള ഫാഷനുമായി കൃത്യമായ വേര്‍തിരിവിലും നിശ്ചിതമായ തുടര്‍ച്ചയിലുമാണ്‌.പെട്ടന്നു മാറാന്‍ തയ്യാറാണെന്ന ഉറപ്പ്‌ ഓരോ ഫാഷന്റെയും മുന്നുപാധി പോലുമാണ്‌.ഫാഷന്റെ ഈ നശ്വരതയാണ്‌ വ്യക്തിയുടെ ശാരീരിക അനശ്വരതയ്കായുള്ള ഇച്ഛയെ നിലനിര്‍ത്തുന്നത്‌ എന്നു പോലും പറയാം.

ശരീരത്തിന്റെ,ശരീരപ്രതീതിയുടെ അധികമാനം എപ്പോഴും ഫാഷന്‍ ലക്ഷ്യമാക്കുന്നുണ്ട്‌. അതൊരു മൂല്യത്തെ ലക്ഷ്യം വെയ്ക്കുന്നു.സൗന്‌ദര്യത്തിന്റെയും അപ്പിയറന്‍സിന്റെയും ഇമ്പ്രഷന്റെയും ഇഫക്റ്റിന്റെയും വ്യത്യസ്തവും സദാ മാറിക്കൊണ്ടിരിക്കുന്നതും ചിലപ്പോഴെങ്കിലും പരസ്പരവിരുദ്ധവുമായ ഒരിടത്തെ ലക്ഷ്യമാക്കി അതു നീങ്ങുന്നു.ഏറ്റവും മുന്നിലാണെന്ന,അപ്‌-റ്റു-ഡേറ്റാണെന്ന(മോഡേണ്‍/സുന്ദരം)പ്രതീതിയാണത്‌ സൃഷ്ടിക്കുന്നത്‌.അതുകൊണ്ടുതന്നെ തൊട്ടുമുന്നിലുള്ളതുമായി സ്പഷ്ടമായ വേറിട്ടു നില്‍ക്കല്‍ ഫാഷനില്‍ അനിവാര്യവുമാണ്‌.

വസ്ത്രവും ജാതിശരീരവും


ലോകത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തവും വിചിത്രവുമാണ്‌ കേരളത്തിലെ ശരീരവസ്ത്രബന്ധം.വസ്ത്രമെന്ന പദം തന്നെ സവിശേഷമായ ഒരര്‍ത്ഥത്തിലാണ്‌ ഇവിടെ ഉപയോഗിച്ചിരുന്നത്‌.സാധാരണയില്‍ക്കവിഞ്ഞ നല്ല നീളവും വീതിയുമുള്ള തുണികളെയാണ്‌ വസ്ത്രമെന്നു പറഞ്ഞുവന്നിരുന്നത്‌.(പുറം28, 19-0 നൂറ്റാണ്ടിലെ കേരളം--പി.ഭാസ്കരനുണ്ണി)അനുഷ്ഠാനപരമോ ആചാരപരമോ ആയ ധര്‍മമാണ്‌ വസ്ത്രങ്ങള്‍ക്ക്‌ പ്രമുഖമായും കല്‍പ്പിക്കപ്പെട്ടത്‌.('പുടവകൊട'യുടെ ധ്വനി ഇങ്ങനെ രൂപീകൃതമായിട്ടുള്ളതാണ്‌)

ജാതിയും അതിന്റെ ഉച്ചനീചത്വഭേദങ്ങളും ശരീരങ്ങളിലൂടെയും വസ്ത്രധാരണങ്ങളിലൂടെയും കൂടിയാണ്‌ ആവിഷ്കരിക്കപ്പെട്ടത്‌.ഇത്‌ ഓരോ വര്‍ഗ്ഗജാതി ലിംഗഘടനയിലുംവിഭിന്നവും സങ്കീര്‍ണവുമാണ്‌.ജാതിഘടനയ്ക്കുള്ളില്‍ തീണ്ടല്‍ പാലിയ്ക്കുക എന്നത്‌ കര്‍ക്കശമായ നിയമമായതുകൊണ്ടു തന്നെ ജാതി-ഉപജാതി ഘടനയെ പെട്ടന്നു വായിച്ചെടുക്കാവുന്ന വിധത്തിലാണ്‌ ശരീരത്തിന്റെ വിന്യാസം നിലനിന്നിരുന്നത്‌.നിശ്ചിത അകലങ്ങളിലും അടുപ്പങ്ങളിലുമായി നിലനിന്ന ഈ ശരീരങ്ങളുടെ നില തികച്ചും അസ്വതന്ത്രമായിരുന്നു.സ്വാഭാവികമായും അവയില്‍ അലങ്കാരങ്ങള്‍ നടത്തിയത്‌ ജാത്യാചാരങ്ങള്‍ തന്നെയായിരുന്നു;ഫാഷന്‍ ബോധമായിരുന്നില്ല.ജാതിയുടെ ഒരു ചിഹ്നവ്യവസ്ഥയായി പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഈ ശരീരം വസ്ത്രങ്ങളെ പേറിയത്‌ അനുഷ്ഠാനപരമായാണ്‌.സ്വാഭാവികമായും അതിലെ ചെറിയ പുതുമകളോ മാറ്റങ്ങളോ പോലും കടുത്ത ആചാരലംഘനങ്ങളായി കരുതപ്പെട്ടു. അതിനാല്‍ ഇക്കാലത്ത്‌ വൈയക്തികമായ അഭിരുചികളോ നിര്‍ണയനങ്ങളോ സര്‍വ്വോപരി ഫാഷനോ തികച്ചും അസാധ്യമായിരുന്നു.പാശ്ചാത്യരെ അപേക്ഷിച്ച്‌ കേരളത്തില്‍ ഫാഷന്‍ വളരെ ആധുനികമായ ഒരു വ്യവഹാരമാണ്‌.

അന്തസ്സ്‌--നാണം--നഗ്നത
കൊളോണിയല്‍ ആധുനികതയുമായി നടന്ന സംവാദങ്ങളും പലനിലകളില്‍ അന്നു നടന്ന ജനാധിപത്യപ്രക്രിയകളും സാമൂഹികമായ ഇടപെടലുകളും വ്യക്തികളില്‍ സ്വത്വസംബന്ധിയായ പുതിയൊരുണര്‍വ്വു സൃഷ്ടിച്ചു.സ്വത്വപദവിയും അന്തസ്സും തമ്മിലിണക്കിക്കൊണ്ട്‌ ശരീരസംബന്ധിയായ ഒരു അവകാശബോധം അതു സൃഷ്ടിച്ചു. മറ്റൊരു സമൂഹത്തിന്റെ കണ്ണിലൂടെ തങ്ങളെത്തന്നെ നോക്കിക്കാണുന്നതിന്റെ ഭാഗമായിക്കൂടിയാണ്‌ ഈ തിരിച്ചറിവുണ്ടാകുന്നത്‌.ഈ അവബോധം ഒറ്റയടിക്കല്ല,നിരവധി സമരങ്ങളിലൂടെയും സംവാദങ്ങളിലൂടെയുമാണ്‌ രൂപം കൊണ്ടത്‌.മുടിമുറിച്ചും മീശ വളര്‍ത്തിയും മുണ്ടുതാഴ്ത്തിയുടൂത്തും മാറുമറച്ചുമൊക്കെയായി നിരന്തരം നടന്ന ശരീരകേന്ദ്രിതമായ സമരങ്ങളുടെ വലിയ ഒരു നിര തന്നെ അക്കാലത്തുണ്ടായി.ചാന്നാര്‍ സ്ത്രീകളുടെ കലാപം തങ്ങളുടെ ശരീരത്തിനു മേലുള്ള കടന്നു കയറ്റത്തിനെതിരെയായിരുന്നു.അതിനു മുകളില്‍ തങ്ങള്‍ക്കുതന്നെയുള്ള അവകാശത്തെ സ്ഥാപിക്കുവാനും കൂടിയായിരുന്നു.തീര്‍ച്ചയായും നഗ്നതയുടെയോ തത്സംബന്ധമായ നാണത്തിന്റെയോ പേരിലല്ല അവര്‍ മാറു മറച്ചത്‌."ചാന്നാന്മാര്‍ ആവശ്യപ്പെട്ടത്‌ സഭ്യതയല്ല,പദവിയാണെ"ന്ന് റോബിന്‍ ജെഫ്രി എടുത്തു പറയുന്നുണ്ട്‌(പുറം87,നായര്‍ മേധാവിത്വത്തിന്റെ പതനം) നാണമെന്നത്‌ ആദ്യകാലങ്ങളില്‍ നഗ്നതയുമായി ബന്ധപ്പെട്ട ഒന്നായിരുന്നില്ല;മറിച്ച്‌ മറച്ചു വെയ്ക്കുക എന്ന പ്രക്രിയയാണ്‌ നാണമുണ്ടാക്കിയിരുന്നത്‌.അരയ്ക്കു മുകളില്‍ ജാതി/ലിംഗഭേദമെന്യേ എല്ലാവരും തന്നെ നഗ്നരായിരുന്ന(നമ്പൂതിരിസ്ത്രീകള്‍ കൊല്ലത്തിലൊരിക്കലോ മറ്റോ പുറത്തു പോകുമ്പോള്‍ മാത്രം ഒരു മുണ്ടു കൊണ്ടു പുതച്ചിരുന്നു എന്നു മാത്രം) അക്കാലത്ത്‌ അന്തസ്സില്ലാത്ത അവസ്ഥയായിട്ടാണ്‌ മറച്ചുവെയ്ക്കലിനെ കണ്ടിരുന്നത്‌. അതുകൊണ്ടാണ്‌ സി.കേശവന്റെ അമ്മ രാത്രി കിടപ്പറയുടെ സ്വകാര്യതയില്‍ ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ മാത്രം തന്റെ സൂര്യപടറൗക്ക ധരിക്കുകയും പകല്‍ മുഴുവന്‍ മാറിടം തുറന്നു പ്രദര്‍ശിപ്പിക്കുകയും ചെയ്യാനിട വന്നത്‌.മറച്ചുവെയ്ക്കല്‍ എന്ന ,അന്തസ്സിന്റെ ആധുനികാവബോധത്തിലൂന്നിയ ഇത്തരം പ്രവര്‍ത്തികള്‍ ധിക്കാരമായാണ്‌ പാരമ്പര്യവാദികള്‍ കരുതിയത്‌.(കുപ്പായമിടുക എന്നതിനു മേല്‍ശരീരം മറയ്ക്കുക എന്ന അര്‍ഥം മാത്രമല്ല,ക്രിസ്തു/ഇസ്ലാം മതങ്ങളിലേയ്ക്കു മാറുക എന്നു കൂടി അര്‍ഥമുണ്ട്‌.ഉമ്മച്ചികളെപ്പോലെ വേഷം കെട്ടി നടക്കുന്നു എന്നു സി.കേശവന്റെ അമ്മയെ അമ്മായിയമ്മ ശകാരിക്കുന്നത അതുകൊണ്ടു കൂടിയാണ്‌.പുറം73, 'ജീവിതസമരം'-സി.കേശവന്‍)കാണിപ്പയ്യൂരിന്റെ 'എന്റെ സ്മരണകളി'ല്‍ തന്റെ കുട്ടിക്കാലത്ത്‌ മാറു മറയ്ക്കുന്ന സമ്പ്രദായം വന്നു തുടങ്ങിയിരുന്നെങ്കിലും ഇല്ലത്തിന്റെ പടിയ്ക്കലെത്തിയാല്‍ സ്ത്രീകള്‍ മാറില്‍നിന്നു തുണിയെടുത്ത്‌ ചുരുട്ടിപ്പിടിയ്ക്കുമായിരുന്നെന്ന് അദ്ദേഹം ഓര്‍ക്കുന്നുണ്ട്‌.മാന്യന്മാരുടെ സമീപത്ത്‌ റൗക്ക ധരിച്ചോ മാറു മറച്ചോ നില്‍ക്കുന്നത്‌ അഹങ്കാരമായോ തികഞ്ഞ അപരാധമായോ കണ്ടുപോന്നിരുന്നു എന്നതിനു തെളിവാണത്‌." കായംകുളത്തെ തെരുവിലൂടെ ഒരു ചാന്നാട്ടി മാറില്‍ ഒരു തുണ്ടു തുണിയിട്ടു നടന്നതില്‍ അരിശം പൂണ്ട സവര്‍ണര്‍ ബലമായി തുണി മാറ്റിച്ച്‌ അവളുടെ മുലഞ്ഞെട്ടുകളില്‍ വെള്ളയ്ക്കാമോടു പിടിപ്പിച്ചു വിട്ടതാ"യി റോബിന്‍ ജെഫ്രിയും എഴുതുന്നു.

മറച്ചുവെക്കുന്നതിന്റെ ഭാഗമായി ശരീരത്തിനുമേല്‍ പുതിയൊരു മൂല്യം രൂപപ്പെട്ടുവന്നു. ശരീരത്തെകേന്ദ്രീകരിച്ചു നടന്ന നിരവധി സമരങ്ങളും ഈ മൂല്യ നിര്‍മിതിയ്ക്കു പശ്ചാത്തലമായിത്തീര്‍ന്നു.തോളത്തു തുണി അയച്ചിട്ടും മറ്റൊരു മുണ്ടു പുതച്ചും കഞ്ഞിപ്പശ മുക്കിയ മുണ്ടിന്റെ അറ്റങ്ങള്‍ കക്ഷത്തിലിറുക്കിപ്പിടിച്ചും ഒക്കെയായുള്ള വിചിത്രങ്ങളായ പലതരം മാറു മറയ്ക്കല്‍ രീതികളിലൂടെയാണ്‌ റൗക്കയിലേക്ക്‌ എത്തുന്നത്‌.ഈ പലതരം ആഛാദനരീതികള്‍ നാണത്തിന്റെ വിവിധ ഘട്ടങ്ങളെ നിര്‍മ്മിച്ചെടുത്തു. നഗ്നതയെയും നാണത്തെയും പുതുതായി നിര്‍വചിക്കുന്ന ഈ ഘട്ടത്തില്‍ മാറിടങ്ങളും കാലുകളുമെല്ലാം മറയ്ക്കപ്പെട്ടു കാണുന്ന ശരീരം അന്തസ്സിന്റെയും വികാസത്തിന്റെയും ചിഹ്നമായി പ്രക്ഷേപിക്കപ്പെട്ടു; ഒപ്പം അതൊരു ഫോക്കസായിത്തീര്‍ന്നു. ഉല്‍പത്തിപ്പുസ്തകത്തില്‍ ആദവും ഹവ്വയും ആദ്യം നാണമുണ്ടാവുകയും ശേഷം മറയ്ക്കാന്‍ തുടങ്ങുകയും ചെയ്യുന്നതിനു വിപരീതമായാണിവിടെ സംഭവിക്കുന്നത്‌. മാറുമറയ്ക്കല്‍ സമരകാലത്ത്‌ മിഷണറിപ്രവര്‍ത്തകര്‍ അതിനെ പിന്തുണച്ചുകൊണ്ടു ആയിരക്കണക്കിനു റൗക്കകള്‍ കേരളത്തിലങ്ങോളമിങ്ങോളം വിതരണം ചെയ്തിരുന്നു.ജായ്ക്കറ്റുകള്‍ക്കൊപ്പം വിക്ടോറിയന്‍ സദാചാരമൂല്യം കൂടിയാണവര്‍ വിതരണം ചെയ്തത്‌.ഈ വിത്ത്‌ പിന്നീട്‌ മുളച്ചു പടര്‍ന്നു പന്തലിച്ച്‌ സ്ത്രീ ശരീരത്തെ അതിന്റെ എല്ലാ അസ്തിത്വങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി ലൈംഗികമായി മാത്രം ചുരുക്കിക്കൊണ്ട്‌ സദാചാരത്തിന്റെ ഒരു ബലതന്ത്രത്തെ ആണ്‍-പെണ്‍ ബന്ധങ്ങള്‍ക്കകത്തും പൊതുസമൂഹത്തിലും വളര്‍ത്തിയെടുത്തു.നാണത്തിന്റെയും തൃഷ്ണയുടെയും അനേകം ചുഹ്നവ്യൂഹങ്ങളിലൂടെ ഈ സദാചാരബോധം അവയങ്ങള്‍ക്ക്‌ പുതിയൊരു ലൈംഗികസൂചകത്വം നിര്‍മിച്ചെടുത്തു.അതുവരെയില്ലാത്ത വിധം അതു വ്യത്യസ്തമായ അഭിരുചികളെയും അഭിമാനങ്ങളെയും കാമനകളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടിരുന്നു.പൊതു ഇടത്തില്‍ അഭിലഷണീയമായി സ്വയം പുതുക്കിയും തിരുത്തിയും മിനുക്കിയും ആവിഷ്കരിക്കാനുള്ള സ്വകാര്യമായ ഒരു ആവേശം,ആഗ്രഹം, അവകാശം ഒക്കെ അങ്ങനെ പതുക്കെപ്പതുക്കെ വളര്‍ന്നു വന്നു ജാതിശരീരത്തിന്റെ ജനാധിപത്യവല്‍ക്കരണവും അതിലൂടെ ലൈംഗികവല്‍ക്കരണവും നടക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെട്ടിരുന്നു.

സാരിയിലേക്കും ചുരിദാറിലേക്കും

റൗക്കകള്‍ ബ്ലൗസുകളായി പരിഷ്കൃതരൂപമാര്‍ജ്ജിക്കുന്ന ഘട്ടത്തോടൊപ്പം തന്നെ സാരി പതുക്കെപ്പതുക്കെ മലയാളിസ്ത്രീയുടെ പൊതുസ്ഥലത്തെ വേഷമായി മാറിയിരുന്നു.കൗമാരപ്രായത്തിലെ പെണ്‍കുട്ടികള്‍ക്ക്‌ പാവാടയും ബ്ലൗസും മുതിര്‍ന്നവര്‍ക്ക്‌ ഹാഫ്‌ സാരിയോ സാരിയോ എന്നതായിരുന്നു പൊതുരീതി.ദേശീയതയും കോണ്‍ഗ്രസ്സുമെല്ലാം ചേര്‍ന്നു നിര്‍മ്മിച്ച പുതിയ വ്യക്തി/പൗരബോധങ്ങളുടെ പിന്തുണ സാരിയ്ക്ക്‌ സ്വീകാര്യത നല്‍കിയിരുന്നു.രാഷ്ട്രനിര്‍മാണത്തില്‍ പങ്കു ചേരുക, കുടുംബം പരിപാലിക്കുക ചാരിത്ര്യം കാത്തു സംരക്ഷിക്കുക തുടങ്ങിയ മൂല്യങ്ങള്‍ ആധുനികവിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ ആന്തരീകരിച്ചു തുടങ്ങിയ കാലമാണിത്‌.ആധുനികവല്‍ക്കരിക്കപ്പെട്ട എന്നാല്‍ രാഷ്ട്രത്തിന്റെയോ കുടുംബത്തിന്റെയോ കീഴില്‍ മെരുക്കപ്പെട്ട, ഒതുങ്ങിയ സ്ത്രീത്വത്തിന്റെ പ്രതീകമായി സാരി വര്‍ഗ്ഗ-ജാതി-മതഭേദമെന്യേ അവരോധിക്കപ്പെട്ടു.

അരയ്ക്കുതാഴെയും മുകളിലുമായി ശരീരത്തെ ഒന്നാകെ ഒഴുക്കന്‍ മട്ടില്‍ പൊതിഞ്ഞു നിര്‍ത്തിയ സാരി വസ്ത്രത്തിനുള്ളിലെ അവയവങ്ങളുടെ വിശദാംശങ്ങളെ( details) മറച്ചു വെയ്ക്കാന്‍ പര്യാപ്തമായിരുന്നു. രണ്ടു മുലകളേയും കാലുകളെയും അവ വേറെ വേറെ എടുത്തു കാട്ടുന്നില്ല. ഇപ്രകാരം വിശദാംശങ്ങള്‍ മറച്ചുവെക്കുന്ന ഈ വസ്ത്രത്തിനുള്ളിലെ ശരീരത്തിനു ചലനാത്മകതയും കുറവായിരുന്നു.കാരണം ശാരീരികാവയവങ്ങളുടെ സ്വതന്ത്രമായ ചലനം സാധ്യമാകുന്നത്‌ അവയ്ക്കനുസൃതമായ അധവാ അവയുടെ ഡീറ്റെയില്‍സ്‌ പരിഗണിച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ മാത്രമാണ്‌.ഘടനാപരമായി അതു ക്ഷരീരത്തെ പ്രധാനമായും കാലുകളെ അവയുടെ വിശദാംശങ്ങളോ ആകൃതിയോ മൂടിവെച്ചുകൊണ്ട്‌ അതു തന്നെ ഒരു മൂല്യമായി സ്ഥിരീകരിച്ചു.കാലുകളെ വേറിട്ടു കാണിക്കുകയോ ചലിപ്പിക്കുകയോ ചെയ്യുന്ന ഏതൊരു അവസരവും നമ്മുടെ സമൂഹം അശ്ലീലമായാണ്‌ കണ്ടിരുന്നത്‌. ഇപ്രകാരം പാരമ്പര്യത്തിന്റെയും ആധുനികത്യുടെയും ഘടകങ്ങള്‍ ഒരുപോലെ ഉള്‍ച്ചേര്‍ത്തുകൊണ്ടാനു സാരി മലയാളി സ്ത്രീയുടെ പ്രധാനവേഷമായിത്തീര്‍ന്നത്‌, ഇന്നും നിലനില്‍ക്കുന്നത്‌.

സാരിയോ ചുരിദാറോ?

കുലീനതയുമായി ബന്ധപ്പെടുത്തി സാരിയെ നിര്‍ണ്ണയിക്കുന്ന ചര്‍ച്ചകളധികവും കടന്നു വരുന്നത്‌ എണ്‍പതുകള്‍ക്കൊടുവിലാണ്‌. കൃത്യമായിപ്പറഞ്ഞാല്‍ ചുരിദാര്‍ കേരളത്തില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടു തുടങ്ങിയ കാലം. ചുരിദാറിന്റെ സാംസ്കാരികചരിത്രത്തില്‍ സാരിയുടെ അപരമായി അതു വ്യവഹരിക്കപ്പെട്ടു തുടങ്ങുന്ന ഇക്കാലത്താണ്‌ സാരിയെ സംബന്ധിച്ച മഹത്വവല്‍ക്കരണങ്ങളും കുലീനതാവാദങ്ങളും പ്രത്യക്ഷപ്പെടുന്നത്‌.ചുരിദാര്‍ തദ്ദേശീയമല്ല,വിദേശീവസ്ത്രമാണെന്നും മുസ്ലിം വേഷമാണെന്നുമൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നു. ചുരിദാര്‍ ധരിയ്ക്കുന്നത്‌ അശ്ലീലമായിപ്പോലും ചിലപ്പോള്‍ വ്യവഹരിക്കപ്പെട്ടിരുന്നു.എണ്‍പതുകള്‍ക്കവസാനമിറങ്ങിയ ഒരു മുഖ്യധാരാ സിനിമയിലെ ഒരു രംഗം-മേനകയും ശാരിയും യഥാക്രമം സാരിയും ചുരിദാരും ധരിച്ചു നില്‍ക്കുന്ന രംഗം- ഇത്‌ ഉദാഹരിക്കും.ഇരുവരും ഡ്രസ്സിംഗ്‌ റൂമില്‍ നിന്നു ക്കൊണ്ട്‌ ചുരിദാര്‍ സംബന്ധമായി നീണ്ട തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു.ചുരിദാര്‍ വൃത്തികെട്ട വേഷമാണെന്നു വാദിച്ച നാട്ടിന്‍ പുറത്തു കാരിയായ കഥാപാത്രത്തോട്‌ കോളേജ്‌ വിദ്യാര്‍ഥിനിയും പരിഷ്കാരിയുമായ കഥാപാത്രം സാരിയിലൂടെ പുറത്തു കാണുന്ന ശരീരഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി ചുരിദാറാണ്‌ കൂടുതല്‍ മാന്യവും ശ്ലീലവുമെന്നു സ്ഥാപിക്കുന്നുണ്ട്‌.കുലീനമെന്നു മുദ്രകുത്തപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ ചുരിദാറല്ല, സാരിയാണുടുക്കേണ്ടത്‌ എന്നാണ്‌ പൊതു ബോധം ഇന്നുമങ്ങനെത്തന്നെ.അതാണ്‌ ഈയടുത്ത്‌ സര്‍ക്കാര്‍ ഇടപെട്ട്‌ വിദ്യാലയങ്ങളില്‍ ചുരിദാര്‍ നിയമവിധേയമാക്കിയിട്ടും പി.ടി.എ.കളും സ്കൂള്‍ മനേജുമെന്റുകളും ചേര്‍ന്ന് ഇപ്പോഴും ചുരിദാറിനെതിരെ കല്ലിതുള്ളുന്നത്‌.ഗുരുവായൂരമ്പലത്തില്‍ ചുരിദാര്‍ ധരിച്ച്‌ പ്രവേശിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെയും ഇത്തരം വാദഗതികള്‍ ഉയര്‍ന്നുവന്നിരുന്നു.

സാരിപ്പതിപ്പായ ചുരിദാര്‍


ധരിക്കാനുള്ള എളുപ്പം, യാത്ര ചെയ്യാനുള്ള സൗകര്യം, എണ്‍പതുകള്‍ തൊട്ടു ചുരിദാറണിഞ്ഞ നായികനടിമാരിലൂടെ സൃഷ്ടിക്കപ്പെട്ട ആഗ്രഹചിന്തകള്‍, തുന്നുന്ന വസ്ത്രങ്ങളിലുള്ള പുതുമ, തുന്നലിന്റെ അനന്ത സാധ്യതതകളിലുള്ള ഭ്രമം മുതലായവ ചുരിദാറിന്റെ സ്വീകരനത്തിനു മലയാളി സ്ത്രീയെ പ്രേരിപ്പിച്ച ഘടകങ്ങളാവണം. എങ്കിലും ഈ കടന്നു വരവു സുഗമമായിരുന്നില്ല. ചുരിദാറിനെതിരെ പല വിലക്കുകളും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും മലയാളി സ്ത്രീക്ക്‌ ചുരിദാര്‍ സ്വീകരിച്ചേ മതിയാവുമായിരുന്നുള്ളു.അതുകൊണ്ടു തന്നെ അതിനകം പൊതു സമ്മിതിയാര്‍ജ്ജിച്ച സാരിക്കനുസൃതമായി ചുരിദാറിനെ പരുവപ്പെടുത്തേണ്ടതുണ്ടായിരുന്നു, അവര്‍ക്ക്‌.ആദ്യകാലത്തെ ചുരിദാറിന്റെ രൂപഘടന അതു ശരിവെയ്ക്കുന്നതാണ്‌തൊണ്ണൂറുകളിലെ ചുരിദാരിന്റെ മുകള്‍ഭാഗം-ടോപ്പ്‌-സാരിയെപ്പോലെ അയഞ്ഞു നീണ്ട്‌ അടിമുടി മൂടിനില്‍ക്കുന്ന ഒന്നായിരുന്നു.ശരീരത്തിന്റെ നീളം, വണ്ണം ,ആകൃതി ചുരുക്കതില്‍ ശരീരവടിവിനെ ഈ ടോപ്‌ വിദഗ്ധമായി മറച്ചു വെച്ചു.മുട്ടിനു കീഴില്‍ നല്ലവണ്ണം ഇറങ്ങി ഞെരിയാണിക്കു തൊട്ടു മുകളില്‍ അവസാനിക്കുന്ന ടോപ്പ്‌ സാരിയോ മുണ്ടോ പോലെ കാലുകളെ ഒന്നിച്ചു ചേര്‍ത്ത്‌ ഒരു വലയത്തിനുള്ളിലാക്കി നിര്‍ത്തി.അക്കാലത്തെ ടോപ്പും ബോട്ടവും പലപ്പോഴും ഒരേതുണികൊണ്ടു തന്നെ ഉള്ളവയായിരുന്നു.ഇത്‌ ബോട്ടത്തെ /കാലുകളെ തികച്ചും അപ്രസക്തമാക്കിക്കൊണ്ട്‌ സാരിപ്രതീതി നിലനിര്‍ത്തി.ടോപ്പുകള്‍ക്ക്‌ ഇന്നത്തെപ്പോലെ സ്ലിറ്റുകളില്ലാതിരുന്നതിനാല്‍ കാലുകള്‍ വേറെ വേറെ ദൃശ്യമായിരുന്നില്ല.സാരിക്കുള്ളിലെന്ന പോലെ തന്നെയാണവ ടോപ്പിനുള്ളിലും കാലുകളെ നിയന്ത്രിച്ചത്‌

ഇരു തോളുകളിലൂടെയും പിന്നിലെക്ക്ക്ക്‌ ത്താളാപ്പ്പ്പൂക്കാലീട്ട്‌ മുന്നില്‍ ഞൊറിവുകളോടെ മറ്റക്കി അയച്ചു തൂക്കി മാറിടം മൂടി നില്‍ക്കുന്ന ഷാളുകളാവട്ടെ സാരിയേക്കാള്‍ ഭംഗിയായി ആ ഭാഗത്തിന്റെ വിശദാംശങ്ങള്‍ അദൃശ്യമാക്കിക്കൊണ്ട്‌ മാറിടത്തെ ഒരൊറ്റ ഏകകമാക്കി ദൃശ്യപ്പെടുത്തി.ഒപ്പം ചുരിദാറിന്റെ മാറിലെ അലങ്കാരപ്പണികളെ കാഴ്ച്ചയില്‍ നിന്നു മറയ്ക്കുകയും ചെയ്തു എന്നതാണിവിടെ വിചിത്രം.ചുരിദാറിന്റെ സാരിപ്പതിപ്പ്‌ എന്നു പറയാവുന്ന ഈ രൂപത്തെ സംബന്ധിച്ചിടത്തോളം,ബോട്ടത്തെക്കള്‍,ഷാളിനേക്കാള്‍ പ്രാധാന്യം ടോപ്പിനു തന്നെയായിരുന്നു.ഇക്കാലത്ത്‌ ഭംഗിയ്ക്കും വിലയ്ക്കും പുതുമയ്ക്കും ഫാഷനുമെല്ലാം ആധാരമായത്‌ ടോപ്പാണ്‌.സാരിയെപ്പോലെ തന്നെ അതിനും പോക്കറ്റുകളുണ്ടായിരുന്നില്ല.സ്കൂള്‍ യൂണ്‍ഫോമുകളുടെ വലിയ ഒരു മേഖലയിലേക്കു കടന്നു വന്നു കൊണ്ടും സാരിയുമായുള്ള ചാര്‍ച്ചകള്‍ നിലനിര്‍ത്തിക്കൊണ്ടും ചില്ലറ ആരോപണങ്ങള്‍ക്കു വിധേയമായും തൊണ്ണൂറുകളിലെ ചുരിദാര്‍ വലിയ മാറ്റമില്ലാതെ നിലനിന്നു.

ചുരിദാര്‍ മാറുന്നു

ചുരിദാറുകളിലെ അടുത്ത ഒരു ഫാഷന്‍ അവയുടെ കൈ നീളം കുറഞ്ഞ്‌, ടോപ്പ്പിന്റെ ഇറക്കം ഒരല്‍പ്പം മാത്രം കുറഞ്ഞുമാണ്‌ പ്രത്യക്ഷപ്പെട്ടത്‌.ഷാളുകള്‍ ഏതെങ്കിലും ഒരു വശത്തേക്കു മാത്രം പിന്‍ ചെയ്യുന്നതിലൂടെ മാറിലെ അലങ്കാരപ്പണികള്‍ ഭാഗികമായെങ്കിലും എടുത്തുകാട്ടി. മുന്നിലും പിന്നിലും മൂന്നു പാളികള്‍ വീതം മുറിച്ച്‌ ഒന്നായി യോജിപ്പിച്ചാണ്‌ ഇക്കാലത്തെ ടോപ്പ്‌ തയ്ച്ചിരുന്നത്‌.താഴെ ഭാഗം വിരിവോടെ അംബ്രലാകട്ടായി നിലനിര്‍ത്തി.ഈ സംവിധാനം ശരീരവടിവിനെ ഭംഗിയായി ഒളിച്ചു വെച്ചു. അടുത്ത ഘട്ടത്തില്‍ ടോപ്പ്‌ അയവു കുറച്ച്‌ മുന്നിലും പിന്നിലും മൂന്നു പാളികള്‍ക്കു പകരം ഒറ്റ പാളികളാകളായി തുന്നാന്‍ തുടങ്ങി.ഈ ഘട്ടത്തില്‍ അരയ്ക്കു മുകളില്‍ ഷെയ്പ്പു ചെയ്ത്‌ ശരീരത്തിന്റെ വടിവ്‌ കുറച്ചൊക്കെ എടുത്തുകാണിക്കുകയും ചെയ്തിരുന്നു.രണ്ടായിരങ്ങള്‍ വരെ ഇപ്രകാരം ടോപ്പുകള്‍ കേന്ദ്രീകരിച്ചുള്ള ഫാഷനുകള്‍ക്കായിരുന്നു പ്രാധാന്യം. ബോട്ടത്തിന്‌ സവിശേഷമായ ഒരു പ്രാധാന്യവും കല്‍പ്പിക്കപ്പെട്ടിരുന്നില്ല.

ബോട്ടത്തെ നിര്‍ണായകമാക്കിത്തീര്‍ക്കുന്ന കുറേയേറെ പരിഷ്കാരങ്ങളോടെയാണ്‌ അടുത്തഘട്ടം വരുന്നത്‌.ടോപ്പിലെ പുതിയ വ്യതിയാനമെന്ന നിലയില്‍ തന്നെ മുമ്പുണ്ടായിരുന്ന,മുട്ടിനു കീഴെ ഇറങ്ങിയ ടോപ്പുകള്‍ക്കു പകരം ഇറക്കം കുരഞ്ഞ ടോപ്പ്പ്പുകള്‍ പ്രത്യക്ഷപ്പെറ്റ്ടു തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്‌ ബോട്ടത്തിനു പ്രധാന്യം ലഭിച്ചത്‌.ഹാഫ്‌ സ്ലീവും കുറഞ്ഞ ഇറക്കവുമായി നിന്ന ടോപ്പിന്റെ ഇരു വശങ്ങളിലുമായി ഒരു തുറന്ന കട്ട്‌(slit/പൊളി)ഈ ഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.തുടകളുടെ അവസാനഭാഗത്തു നിന്നു തുടങ്ങി മുട്ടിനു താഴെവരെ നീളുന്ന സ്ലിറ്റുകളും ഹൈനെക്കും ചെറിയ കൈയും ഒതുങ്ങിയ ഉടലുമായി ചുരിദാര്‍ ആകെ രൂപം മാറി.മോട്ടോര്‍ സൈക്കിളിന്റെ പിന്നിലെ വശം ചെരിഞ്ഞുള്ള യാത്രകള്‍ക്കു പകരം രണ്ടു വശങ്ങളിലേയ്ക്കും കാലുകളിട്ട്‌ ബാലന്‍സ്‌ നിലനിര്‍ത്തിക്കൊണ്ടുള്ള ആരോഗ്യകരമായ ഇരുപ്പ്‌ ഇക്കാലത്ത്‌ സ്ത്രീകള്‍ ശീലിച്ചു തുടങ്ങി,ഇറക്കം ഒരിക്കല്‍ കൂടി കുറയ്ക്കാവുന്ന ഒരു സാധ്യത്‌ നിലനിര്‍ത്തിക്കൊണ്ട്‌ മുട്ടറ്റം വരെ മാത്രമായി ടോപ്പു മാറിയതോടെ കാലുകള്‍/ബോട്ടം പരിഷ്കാരത്തിന്റെ കേന്ദ്രബിന്ദുവായി മാറി.ബോട്ടത്തില്‍ ഇക്കാലത്തു നടന്ന വിവിധ പരിഷ്കാരങ്ങള്‍ പൊതു ഇടത്തില്‍ സ്ത്രീജീവിതങ്ങള്‍ സാധ്യമാക്കിയ പല തുറസ്സുകളുടെയും സൂക്ഷ്മപരിസരത്തില്‍ വെച്ചു കൊണ്ട്‌ വിശദീകരിക്കേണ്ടവയാണ്‌.

കാലുകള്‍ ഉണ്ട്‌!

ബോട്ടവും ഷാളും ഒരേ പ്രിന്റും നിറവുമായി ഏതാണ്ട്‌ ഒരേതുണി തന്നെയായി മാറിയത്‌ ടോപ്പിന്റെ പ്രാമാണികത കുറച്ചു കുറയ്ക്കുകയും ബോട്ടത്തെ എടുത്തു കാണിയ്ക്കുകയും ചെയ്തു. ഷാളുകള്‍ വീതിയും നീളവും കുറഞ്ഞ്‌ കഴുത്തിലേക്കു കയറ്റിയിടുന്ന മട്ടിലായതോടെ അവയ്ക്കു കല്‍പ്പിക്കപ്പെട്ടിരുന്ന മാറിടങ്ങളെ മൂടിനില്‍ക്കുക എന്ന ഫംങ്ങ്ഷണലായ പ്രാധാന്യം അട്ടിമറിയ്ക്കപ്പെട്ടു. അവ വെറും അലങ്കാരങ്ങളായി മാറുകയും മാറിടങ്ങള്‍ കൂടുതല്‍ വടിവോടെ പ്രകടമാവുകയും ചെയ്തു.കണ്ണാടികളും സ്വീക്വന്‍സുകളും എംബ്രോയ്ഡറികളും ബോട്ടത്തിലേക്കും കടന്നു വന്നത്‌ ബോട്ടത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു.മുമ്പു ടോപ്പിലുണ്ടായിരുന്ന അതേ അലങ്കാരങ്ങള്‍ ബോട്ടത്തില്‍ നിരന്തരം പലതരത്തില്‍ ആഘോഷിക്കപ്പെട്ടു. അവ സമാന്തരമായി പലവിധ ചോയ്സുകളെ ഒരേസമയം നിലനിര്‍ത്തിക്കൊണ്ട്‌ കാലുകളുടെ ഒരു നിര തന്നെ കാഴ്ച വെച്ചു.ഏതു തരം ബോട്ടം(സാദാ ബോട്ടം /പാട്ട്യാലാ ബോട്ടം/ചുരി ബോട്ടം/ബെല്‍ ബോട്ടം/പഫ്‌ ബോട്ടം etc...) എന്നതാണ്‌ തുന്നല്‍ക്കാരും കച്ചവടക്കാരും ഉപഭോക്താക്കളും കാണികളും ഊന്നിയിരുന്ന വിഷയം.

സ്ത്രീകളുടെ സോഷ്യല്‍ മൊബിലിറ്റി,സ്വന്തം കാറിലും മോട്ടോര്‍ സൈക്കിളിലുമുള്ള സഞ്ചാരം എന്നിവയൊക്കെ ചേര്‍ന്നു രൂപപ്പെടുത്തിയ ഗതികോര്‍ജ്ജം മുമ്പു മുണ്ടിനടിയിലോ സാരിയ്ക്കടിയിലോ ഒരൊറ്റ ഏകതയായി ഒതുക്കി വെച്ചിരുന്ന കാലുകള്‍ക്ക്‌ കൂടുതല്‍ ചലനാത്മകത ആവശ്യപ്പെട്ടു. കാലുകള്‍ക്ക്‌ എത്ര കണ്ടു ചലനവിസ്തൃതി ആവശ്യമാണെന്നതിനനുസരിച്ച്‌ ചുരിദാറിന്റെ സ്ലിറ്റിന്റെ തുടക്കം അര മുതല്‍ക്കു തുടങ്ങി.ബോട്ടത്തിലെ ഫാഷനുകളും സ്ത്രീകളുടെ പൊതു ഇടത്തിലെ ദൃശ്യതയും ചലനാത്മകതയും സ്ലിറ്റുകളും എല്ലാം ചേര്‍ന്ന്‌ കാലുകളെ പുതിയ രൂപത്തിലും ഭാവത്തിലും അര്‍ഥത്തിലും നിര്‍മിച്ചെടുത്തു.കാലുകളെ രണ്ടു വ്യത്യസ്ത ഏകകങ്ങളാക്കിത്തന്നെ അവ പുറത്തു കാട്ടി. ഇറുകിയതോ നേര്‍ത്ത്‌ അയഞ്ഞതോ ആയ ബോട്ടങ്ങളിലൂടെ അവ കാലുകളുടെ വടിവ്‌ പ്രകടമാക്കി. അര നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ രണ്ടു കാലുകളുള്ള ജീവികളാണെന്ന്‌ അവര്‍ സ്വയം കണ്ടെത്തുകയായിരുന്നു,ഇവിടെ.

ബോട്ടത്തിന്റെ സ്ഥാനത്ത്‌ ജീന്‍സും പാന്റും പ്രത്യക്ഷപ്പെട്ടു തുടങ്ങിയതാണ്‌ ഏറ്റവും പുതിയ ഒരു മാറ്റം.സ്ത്രീകളെ സംബന്ധിച്ചിടത്തോളം ചുരിദാറിനേക്കാള്‍ അനഭിമതവും അമാന്യവുമെന്നു കരുതപ്പെടുന്നജീന്‍സിനെ ബോട്ടത്തിന്റെ ഈ പുതിയ വിശാലമായ സ്വാതന്ത്ര്യത്തിലൂടെ സ്വീകരിച്ചുതുടങ്ങി.ടോപ്പുകളുടെ ഇറക്കം പലപ്പോഴും ഷര്‍ട്ടുകളുടെ അത്ര തന്നെ കുറഞ്ഞു വന്ന പുതിയകാലത്ത്‌ ഈ മാറ്റം ആണ്‍ വേഷങ്ങളെ ചുരിദാറിലൂടെ ഒളിച്ചുകടത്തുകയായിരുന്നുവെന്നു പറയാം.

ശരീരനിലകള്‍(body postures)

വസ്ത്രധാരണത്തില്‍ രൂപം കൊണ്ട നൂതനമായ മാറ്റങ്ങള്‍ കാലുകളെ സ്വതന്ത്രമാക്കുന്നതോടൊപ്പം സ്ത്രീകളുടെ പൊതു ഇടങ്ങളിലെ ശരീരനിലകളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്കു കാരണമായി.ഇരുപ്പിലും നില്‍പ്പിലും നടപ്പിലുമടക്കമുള്ള ചലനങ്ങള്‍, സഞ്ചാരങ്ങള്‍ കൂടുതല്‍ സ്വാഭാവികമായിത്തീര്‍ന്നു.

ജനിതകമോ ജീവശാസ്ത്രപരമോ ആയ സവിശേഷതകള്‍ക്കപ്പുറം വ്യക്തികളുടെ ശരീരത്തിന്റെ നില, അവയുടെ ചലനവിന്യാസങ്ങള്‍ മുതലായവ അവരുടെ സാമൂഹികമായ പദവികളെയും പൊതു ഇടത്തിലെ അധികാരസൂചനകളെയും ഉള്ളടക്കുന്നുണ്ട്‌.വശം ചെരിഞ്ഞ്‌ മടിയില്‍ ബാഗും സാരിത്തലപ്പും കുട്ടിയുമായി സാഹസികമായി യാത്ര ചെയ്യുന്ന സ്ത്രീയില്‍ കാലുകളുടെ വിന്യാസം പൊതുസമ്മതിക്കനുസൃതമായാണ്‌ ചിട്ടപ്പെടുന്നത്‌.സ്ത്രീശരീരത്തിന്റെ നിലകള്‍(postures) മാദകമായാലും അല്ലെങ്കിലും പൊതുവെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പുരുഷാധിപത്യ നോട്ടങ്ങള്‍ക്കു കീഴെ മെരുക്കപ്പെട്ടവ തന്നെയായിരുന്നു.ശരീരവസ്ത്രബന്ധങ്ങളുടെയും ചലനങ്ങളുടെയും ജൈവികവും സ്വാഭാവികവുമായ ആവിഷ്കാരം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു.കാലിനു മുകളില്‍ കാല്‍ കയറ്റി വെച്ചിരുന്ന കോളേജു യൂണിയന്‍ ഉദ്ഘാടകയായ യുവനടിയെ ആ ഇരുപ്പ്‌ ഭാരതീയ സംസ്കാരത്തിനു യോജിച്ചതല്ലെന്ന് പറഞ്ഞു ശാസിച്ച യൂണിയന്‍ ഭാരവാഹിയെക്കുറിച്ച്‌ എസ്‌.ശാരദക്കുട്ടി എഴുതിയിരുന്നു.(2009 മാധ്യമം പുതുവര്‍ഷപ്പതിപ്പ്‌)അന്തം വിട്ടുള്ള ഏതൊരുറക്കതിലും രോഗാവസ്ഥയില്‍പ്പോലും കാലുകള്‍ അകന്നിരിക്കാതെയും വസ്ത്രം സ്ഥാനം മാറാതെയും നിരന്തരം ശ്രദ്ധ ചെലുത്താന്‍ പെണ്‍ശരീരങ്ങള്‍ ശീലിപ്പിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അധ്വാനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ സ്ത്രീ ചലനങ്ങള്‍ കുറച്ചു വ്യത്യസ്തമാണ്‌.അവിടെ postures സ്വാഭാവികമായി കരുതപ്പെട്ടിരുന്നു.അധ്വാനിക്കുന്ന സ്ത്രീ ശരീരം ഒരു പരിധി വരെയും തൊഴില്‍/ഉല്‍പാദന ശരീരമാണല്ലോ. അതിന്റെ ഉടമയും ഉപഭോക്താവും മുതലാളിത്തം(പുരുഷന്‍) തന്നെയുമാണ്‌.

കാലുകള്‍ വേറെ വേറെയായും അകന്നും കാണുന്നതില്‍ ആരോപിക്കപ്പെടുന്ന ലൈംഗികക്ഷണത്തിന്റെ സൂചനകള്‍ പോലെതന്നെ നോട്ടത്തിലും നില്‍പ്പിലും നടത്തത്തിലുമെല്ലാം ഇത്തരം ബലതന്ത്രങ്ങള്‍ കടന്നു വരുന്നുണ്ട്‌. പൊതു ഇടങ്ങളില്‍ വെച്ച്‌ എവിടെയൊക്കെ സ്പര്‍ശിക്കാമെന്നതും പ്രശ്നാധിഷ്ഠിതമാണ്‌.മഴക്കാലത്തു സാരിത്തുമ്പ്‌ ചെളിവെള്ളത്തില്‍ മുട്ടി നനയാതിരിക്കാന്‍ ഞൊറികളില്‍ പിടിച്ചുയര്‍ത്തി നടക്കുമ്പോള്‍ "കൈ അവിടന്നു മറ്റ്ടീ "എന്നു കമന്റു കേല്‍ക്കുമായിരുന്നുവെന്നു പാലക്കാടുള്ള ഒരു സുഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു. സ്ത്രീയുടെ ഏതവയവത്തെയും ലൈംഗികാവയവമാക്കിത്തീര്‍ക്കുന്ന, ഏതു ചലനത്തെയും ലൈംഗികചേഷ്ടകളായി കാണൂന്ന പൗരുഷത്തിന്റെ 'മാന്ത്രിക'പ്രകടനങ്ങളിലൊന്നാണിതും. തിരക്കേറിയ ബസ്സിലെ യാത്രയ്ക്കിടയില്‍ ശരീരത്തിനുള്ളില്‍ കയറിക്കൂടിയ തേളിന്റെ കടിയേറ്റ്‌ ഉറക്കെ കരയാനോ ,വസ്ത്രം ഊരിക്കളഞ്ഞു ജീവന്‍ രക്ഷിക്കാനോ 'തന്റേടം' കാണിയ്ക്കാതെ മരിച്ചു പോകേണ്ടി വന്ന പെണ്‍കുട്ടിയെ കല്‍പറ്റ നാരായണന്‍ 'സൗന്ദര്യത്തിന്റെ രക്തസാക്ഷി' എന്നാണു വിശേഷിപ്പിച്ചത്‌-- എന്നാല്‍ അതത്ര ലളിതമാണോ? ഈ ഭീഷണമായ അന്തരീക്ഷത്തിലാണ്‌ ശാരീരികമായ സ്വയം നിര്‍ണയനവും സര്‍വ്വോപരി കര്‍തൃത്വവും പുരോഗമനപരമായ, അഭിലഷണീയമായ അവസ്ഥയാകുന്നത്‌.ചുരിദാറിലൂടെ ഉയിര്‍ത്തെഴുന്നേറ്റ കാലുകള്‍ ഈയൊരവസ്ഥയെ ഒറ്റയടിക്കു സംജാതമാക്കിയെന്നല്ല ഇവിടെ തീര്‍ത്തു പറയുന്നത്‌; മറിച്ച്‌ അതൊരു ധനാത്മകമായ ദിശാവ്യതിയാനത്തിനുള്ള പ്രതീക്ഷ നല്‍കുന്നുവെന്നു മാത്രമാണ്‌. പ്രകടമായ ഈ മാറ്റങ്ങളുടെ പ്രത്യക്ഷങ്ങളാണ്‌ ടോപ്പിലെന്ന പോലെ ബോട്ടത്തിലും കണ്ടുവരുന്ന പോക്കറ്റുകള്‍. 'ഫാബ്‌ ഇന്ത്യ' പോലെയുള്ള പല കമ്പനികളും ടോപ്പിലും ബോട്ടത്തിലും പോക്കറ്റുകള്‍ വെച്ചു തുടങ്ങിയിട്ടുണ്ട്‌. മൊബെയില്‍ ഫോണും പേനയും പണവും എടുക്കാനും ഇടാനുമായി കൈകള്‍ നിരന്തരം പോക്കറ്റിലേക്കു നീളാവുന്ന സാഹചര്യമിന്നുണ്ട്‌. ഇതു മോട്ടോര്‍ സൈക്കിളില്‍ കാലുകള്‍ ഇരുവശത്തുമായിട്ടിരിക്കുന്ന ഇരുപ്പു പോലെയുള്ള ഒരു മാറ്റം തന്നെയാണ്‌.പുതിയ വസ്ത്രത്തിലൂടെയും ഫാഷനിലൂടെയും സാധ്യമായ പുതിയൊരു ശരീരനിലയുടെ സൗകര്യങ്ങളും അവയുടെ ഊര്‍ജ്ജപ്രസരവും ആ ഇരുപ്പിലുണ്ട്‌--മുമ്പ്‌ സാധ്യമല്ലാതിരുന്ന ഒന്ന്‌.

എന്നാല്‍ ഇത്തരം മാറ്റങ്ങളെ പൊതു സമൂഹം നോക്കിക്കാണുന്നത്‌ സ്വാതന്ത്ര്യത്തിന്റെയോ സ്വത്വപ്രകാശനത്തിന്റെയോ ഭാഗമെന്ന നിലയ്ക്കല്ല.കേരളീയ പൗരുഷത്തെയും ശരീരത്തെയും കൂസലില്ലാതെ ആഖ്യാനം ചെയ്യുന്ന കവിതകളിലൂടെ പുതുകവികളില്‍ വേറിട്ടുനില്‍ക്കുന്ന ശൈലന്റെ 'സുതാര്യം ' എന്ന കവിതയില്‍ നിന്ന്‌.....

"പാട്യാല സ്റ്റെയില്‍ ചുരിദാറിട്ട്‌
ബൈക്കില്‍ കവച്ചിരുന്ന്‌
മുന്നിലൂടെ വെട്ടിച്ചു നീങ്ങി
കാറ്റിലുലഞ്ഞു
ടോപ്പു പൊങ്ങിയപ്പോള്‍
സുതാര്യതയ്ക്കുള്ളീലൂടെ
അരക്കെട്ടിലുള്ളതെല്ലാം
വെളിപ്പെട്ടു.."

(http://www.puthukavitha.blogspot.com)


ശരീരത്തിന്റെ/അവയവങ്ങളുടെ ലിംഗപരമായ വിധേയാവസ്ഥയില്‍ നിന്ന്(ലൈംഗിക/ലൈംഗികേതരമായ) സ്വയം നിര്‍ണയനത്തിന്റെ വഴികളിലേക്ക്‌ സ്ത്രീകള്‍ സ്വയം ആവിഷ്കരിച്ചു തുടങ്ങിയിരിക്കുന്നു എന്നതു പ്രധാനമാണ്‌. സംഘടിത പ്രസ്ഥാനങ്ങളുടെ ഉറച്ച ഉച്ചസ്വരങ്ങളുടെ മുന്‍ കൈയിലൂടെയല്ല , ഈ മാറ്റങ്ങളൊന്നും. എന്നാല്‍ അവയുടെ ചരിത്രപരമായ ഊര്‍ജ്ജം ഇന്ധനമായി ഉപയോഗിക്കപ്പെടുന്നുണ്ടാവണം.വസ്ത്രത്തെയും ശരീരത്തെയും സങ്കുചിതമായ ബോധങ്ങളില്‍ നിന്നു വിടുതല്‍ ചെയ്ത്‌ ഋജുവായും ലളിതമായും സര്‍ഗ്ഗാത്മകമായും ആവിഷ്കരിക്കാനുള്ള ആര്‍ജ്ജവം പുതിയ സ്ത്രീകളില്‍ കാണുന്നുണ്ട്‌. കലാലയങ്ങളിലും ബ്യൂട്ടിപാര്‍ലറുകളിലും ബോഡി കെയര്‍ ഷോപ്പുകളിലും ഫാഷന്‍ റാമ്പുകളിലും റിയാലിറ്റി ഷോവിലും അമ്യൂസ്‌മന്റ്‌ പാര്‍ക്കുകളിലും ഫിറ്റ്‌ നെസ്‌ സെന്ററുകളിലും ഡ്രൈവിംഗ്‌ സ്കൂളിലുമെല്ലാമായി തുള്ളിച്ചാടുകയും ഇളകിമറിയുകയും ചെയ്യുന്ന പെണ്‍ശരീരങ്ങള്‍ സ്ത്രീ(മധ്യവര്‍ഗ്ഗ/നാഗരികസ്ത്രീ?) യുടെ പുരുഷാധിപത്യ നിര്‍മിതമായ ആവരണങ്ങള്‍ നീക്കി കര്‍തൃത്വത്തിലേക്കു പ്രകാശനക്ഷമമാകുക തന്നെയാണ്‌.


റഫറന്‍സ്‌
--------
1.19-)0 നൂറ്റാണ്ടിലെ കേരളം-പി. ഭാസ്കരനുണ്ണി.

2.നായര്‍ മേധാവിത്തത്തിന്റെ പതനം-റോബിന്‍ ജെഫ്രി

3.ജാതിശരീരത്തില്‍ നിന്നും ലിംഗശരീരത്തിലേക്ക്‌-ബി.രാജീവന്‍(സമീക്ഷ,സെപ്റ്റംബര്‍,2000)

(2010 ജനുവരി 31 മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്.)



അനുബന്ധം:




Pablo Neruda - Ode To Clothes


Every morning you wait,
clothes, over a chair,
to fill yourself with
my vanity, my love,
my hope, my body.
Barely
risen from sleep,
I relinquish the water,
enter your sleeves,
my legs look for
the hollows of your legs,
and so embraced
by your indefatigable faithfulness
I rise, to tread the grass,
enter poetry,
consider through the windows,
the things,
the men, the women,
the deeds and the fights
go on forming me,
go on making me face things
working my hands,
opening my eyes,
using my mouth,
and so,
clothes,
I too go forming you,
extending your elbows,
snapping your threads,
and so your life expands
in the image of my life.
In the wind
you billow and snap
as if you were my soul,
at bad times
you cling
to my bones,
vacant, for the night,
darkness, sleep
populate with their phantoms
your wings and mine.
I wonder
if one day
a bullet
from the enemy
will leave you stained with my blood
and then
you will die with me
or one day
not quite
so dramatic
but simple,
you will fall ill,
clothes,
with me,
grow old
with me, with my body
and joined
we will enter
the earth.
Because of this
each day
I greet you
with reverence and then
you embrace me and I forget you,
because we are one
and we will go on
facing the wind, in the night,
the streets or the fight,
a single body,
one day, one day, some day, still.

Tuesday, August 25, 2009

ഇരുട്ടുപിഴിഞ്ഞത്‌'

ഏറെക്കാലം നടന്നു പഴകിയ നാട്ടുവഴികളെ ഓര്‍മിപ്പിക്കുന്നു സെബാസ്റ്റിയന്റെ കവിതകള്‍.വലിയൊരു ഘോഷയാത്രയിലേക്ക്‌,ഹൈവേയിലേക്ക്‌ ചെന്നു ചേരണമെന്നു നിര്‍ബന്ധമില്ലാത്ത ഇടവഴികള്‍.നമ്മുടെ ദൈനം ദിനങ്ങളില്‍ മുച്ചൂടും ഇഴുകിയിണങ്ങിയ ചെറിയ പടര്‍പ്പുകളും വള്ളികളും പൂവും കായുമായി അവ പൊടിപ്പു നീട്ടുന്നു.വിപണിയുടെ പൊടിപടലങ്ങളും അതിവേഗങ്ങളും ഇലത്തളിരുകളെ, ചെറുനാമ്പുകളെ ആകെ മലിനപ്പെടുത്തി കുതിച്ചുപായുമ്പോഴും കാലപ്പകര്‍ച്ചയില്‍ അതു കുളിര്‍പ്പച്ചയായി നമ്മെ പൊതിഞ്ഞു നില്‍ക്കുന്നു.കവിതയില്‍ പിടിച്ചു നിര്‍ത്തുന്നു.

'ബാക്കിയായ ഇനിയും ചാവാത്ത ഇടവഴികള്‍ തൂങ്ങിപ്പിടയുന്ന കോര്‍മ്പ'('വില്‍പന')നമ്മുടെ ആന്തരിക ജീവിതത്തിന്റെ രൂപകം തന്നെയാണ്‌.പരിഹാസം കലര്‍ന്നത്‌,കേവലമല്ലാത്തത്‌. മലിനമായ വിപണിവല്‍ക്കരിക്കപ്പെട്ട അവസ്ഥകളും വികാരങ്ങളും നിറഞ്ഞ ഒരു ലോകത്തില്‍ നിന്നും കുതിച്ചുയരാന്‍ വെമ്പുന്ന വാക്കുകളാണിവിടെ കവിത.മാറുന്ന ലോകത്തിന്റെ ,ചലിക്കുന്ന കാലത്തിന്റെ അനുഭവപ്രത്യക്ഷങ്ങളായി കവിത മാറിത്തീരുന്നത്‌ ഇങ്ങനെയാണ്‌.'പുറപ്പാട്‌' മുതല്‍ 'കണ്ണിലെഴുതാന്‍' വരെയുള്ള കവിതകളില്‍ നിന്നും 'ഇരുട്ടു പിഴിഞ്ഞത്‌' മുന്നോട്ടു വെയ്ക്കുന്ന സാധ്യത പ്രതിരോധപരമാണ്‌.എന്നാലത്‌ ഒരു ആഘോഷമോ പ്രതീകമോ ആയി സ്വയം അവരോധിക്കുന്നില്ല തന്നെ.ഉച്ചഭാഷണങ്ങളല്ലെങ്കിലും ദൃഢമായ പതിഞ്ഞ സ്വരങ്ങള്‍....

കേവലമായ നിഷ്കളങ്കതയുടെ തരളതയുടെ ലോകത്തു വെച്ചാണ്‌ സെബാസ്റ്റിയന്റെ ആദ്യകാല കവിതകളുടെ പിറവി. ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും അനാദിവൈചിത്ര്യങ്ങളോട്‌ അവയുടെ ഉപരിതലകൗതുകങ്ങളോടും ആന്തരികവൈരുധ്യങ്ങളോടും ഒരുപോലെ സംവേദനം നടത്തുകയാണവ.ഐന്ദ്രിയതയുടെ വൈകാരികപ്രത്യക്ഷങ്ങളെ വാക്കുകളായി,ഭാഷയായി കവിതയില്‍ സ്വാംശീകരിക്കപ്പെട്ടു ഇക്കാലയളവില്‍.ബഹുവിധ ശബ്ദ,വര്‍ണ,ഗന്ധ,രുചി മേളങ്ങളുടെ ജൈവികതയില്‍ കവി അഭിരമിക്കുക തന്നെയായിരുന്നു.പ്രപഞ്ചത്തില്‍ കവിതയുടെ ജീവരസം വായിച്ചെടുക്കുന്ന, എല്ലായിടത്തുനിന്നും കവിത കണ്ടെടുക്കുന്ന രീതി എക്കാലവും ഈ കവി വച്ചു പുലര്‍ത്തിയിട്ടുണ്ട്‌.അഞ്ചാം തലമുറയെന്നു സച്ചിദാനന്ദന്‍ വിശേഷിപ്പിക്കുന്ന കവികളുടെ കൂട്ടത്തില്‍ സംഘം ചേരുമ്പോഴും തൂവല്‍സ്പര്‍ശം പോലെയുള്ള ലോലമായ അനുഭൂതികളുടെ സ്വപ്നസദൃശമായ ലോകങ്ങള്‍ വിട്ടൊഴിഞ്ഞില്ല.സ്വഛതയുടെ തണലിലൂടെയുള്ള നേര്‍ത്ത ഒഴുക്ക്‌.... കൊമ്പും മുള്ളുകളുമുള്ള ജലജന്തുക്കളെയോ പവിഴപ്പുറ്റുകളെയോ അല്ല ചെറുമീനുകളെയാണ്‌ നാമവിടെ കാണുക. അവ വെള്ളത്തിലൂടെ പോകുന്നു, അടയാളങ്ങള്‍ പതിപ്പിക്കാതെ.പാരമ്പര്യത്തോടുള്ള അവിശ്വാസവും അതേസമയം അതതു കാലത്തെ പ്രത്യയശാസ്ത്രദര്‍ശനങ്ങളിലും പ്രവത്തനങ്ങളിലും പ്രകടമായ ജഡതയോടുണ്ടാവുന്ന മനം മടുപ്പും കവികളെ ഒരു പ്രതിസന്ധിയിലകപ്പെടുത്തുന്നു.കവിതയുടെ സ്രോതസ്സ്‌ സ്വന്തം വൈകാരികമൂല്യങ്ങള്‍ തന്നെയായിത്തീരുന്നതിന്റെ കാരണമിതാണ്‌.ഭഗ്നബിംബങ്ങളും വിരുദ്ധോക്തികളും തീര്‍ത്തും വിദൂരവും അപ്രാപ്യവുമായ വിശുദ്ധിയുടെ മണ്ഡലങ്ങളും ഇക്കാലഘട്ടത്തിലെ കവിതകളില്‍ നിറയുന്നതങ്ങനെയാണ്‌.'മഹാവീര്‍','പുറപ്പാട്‌' മുതലായ കവിതകള്‍ ചില അംശങ്ങളില്‍ വേറിട്ടുനില്‍ക്കുന്നുണ്ടെങ്കിലും.

'പാട്ടു കെട്ടിയ കൊട്ട'യിലേയ്ക്കു വരുമ്പോള്‍ ഈ ലോകം വഴിമാറുന്നു. പ്രപഞ്ചത്തിന്റെ,ജീവിതാവസ്ഥകളുടെ സങ്കീര്‍ണതകളിലേയ്ക്കും അനിവാര്യതകളിലേയ്ക്കും കവിത വിശദീകരണക്ഷമമാകുന്നു.സ്വയം നിര്‍വചിക്കാനുള്ള ശ്രമവും അതിന്റെ ഭാഗമായി മധ്യവര്‍ത്തി ജീവിതത്തെ(മധ്യവര്‍ത്തി പുരുഷലോകത്തെ) ഒരു കേന്ദ്രപ്രമേയമായി വികസിപ്പിച്ചെടുക്കുകയും ചെയ്യുകയാണിവിടെ. സ്വത്വപരമായ ഒരു ദാര്‍ശനിക പ്രശ്നമെന്ന നിലയില്‍ അല്ലെങ്കിലും മധ്യവര്‍ത്തി ജീവിതത്തെ അതിവൈകാരികതയോ അമിതമായ ആദര്‍ശവല്‍ക്കരണമോ ഇല്ലാതെ കാണാന്‍ കഴിയുന്ന 'അ-ദ്ദേഹം', 'ഒരു സാരോപദേശ കഥ','ഉറുമ്പുകള്‍','പ്രാര്‍ത്ഥന','കാത്തു സൂക്ഷിക്കുന്നത്‌','തുറിച്ചു നോക്കുന്ന ചെരുപ്പുകള്‍','സുതാര്യമായ വര്‍ണന' തുടങ്ങി അനേകം കവിതകളുണ്ട്‌.ഈ മധ്യവര്‍ത്തിയെ/പുരുഷനെ/ഭര്‍ത്താവിനെ/കവിയെ ഒരേ സ്വത്വത്തിന്റെ ആവിഷ്കാരഭേദങ്ങളായി കവി കാണുന്നു.ഈ പ്രമേയവുമായി സെബാസ്റ്റിയന്റെ കവിതകള്‍ക്കുള്ള ബന്ധം അതിനു മുമ്പുള്ള കവികളിലെ കവി/നായകകര്‍ തൃത്വത്തിന്റെ വെളിച്ചത്തില്‍ വ്യക്തമാകും. കടുത്ത ആന്തരിക-വൈകാരിക ക്ഷോഭങ്ങളെയും സംഘര്‍ഷങ്ങളേയും വഹിക്കുന്ന അഹംബോധജന്യമായ സങ്കീര്‍ണതകളുള്ള നായകകര്‍ തൃത്വം സ്വയം 'നെഞ്ചു കീറി നേരിനെകാട്ടി' വൈലോപ്പിള്ളി മുതല്‍ ചുള്ളിക്കാടു വരെ അരങ്ങു തകര്‍ത്താടി.ആധുനികതാ പ്രസ്ഥാനം വേണ്ടതിലധികം ധൂര്‍ത്തടിച്ച ഈ പ്രമേയം സെബാസ്റ്റിയന്റെ കവിതയില്‍ രണ്ടുധര്‍മങ്ങളെ ഒരേ സമയം സാധ്യമാക്കുന്നു--സ്വയം നിരവചിക്കുന്നതിനോടൊപ്പം തന്നെ വര്‍ത്തമാനകാലസാഹചര്യങ്ങളെ അഭിമുഖീകരിക്കാനാവശ്യമായ അപര/പുറം ലോക സാന്നിധ്യവും ഈ ഘട്ടത്തിലാണ്‌ കവിതയിലേയ്ക്കു സ്വാംശീകരിക്കപ്പെടുന്നത്‌.അതിനുതകും വണ്ണം തന്റെ ഭാഷയെ ആഖ്യാനാത്മകമായ ഗദ്യഘടനയിലേക്ക്‌, പുതുകവിതയുടെ രൂപപരമായ വസ്തുനിഷ്ഠതയിലേക്ക്‌ ചിന്തേരിട്ടു തീര്‍ക്കാന്‍ കവിക്കു സാധിച്ചു. ഇവിടെയെത്താന്‍ എഴുത്ത്‌ വ്യക്തമായ ദൂരം താണ്ടുന്നുണ്ട്‌.പ്രമേയപരമായി ആധുനികത ഒരു ഒഴിയാബാധയായി ചില കവിതകളെ('ഒട്ടിച്ചനോട്ട്‌'മുതലായ)പിടികൂടുമ്പോഴും രൂപപരമായ ശാഠ്യക്കുറവ്‌, അയവുകള്‍,ഉദാസീനമെന്നു തോന്നുമെങ്കിലും സൂക്ഷ്മമായ അയത്നലാളിത്യം എന്നീ പ്രത്യേകതകള്‍ സെബാസ്റ്റിന്റെ കവിതയെ പുതുകവിതയുടെ ഗണത്തില്‍ തന്നെ കണ്ണിചേര്‍ക്കുന്നു.ഭാഷാപരമായ ജാഗ്രതയും താര്‍ക്കികയുക്തികളും അതേസമയം ഉള്ളടക്കത്തില്‍ ഒരുതരം ലീലാപരതയും. ഈയംശങ്ങള്‍ നിലനിര്‍ത്തുന്ന കുറേ കവിതകള്‍ ഈ സമാഹാരത്തിലുണ്ട്‌.'ആന്ധ്യം',ഇറക്കം','കുഞ്ഞുവരച്ച ചിത്രം','ഇക്കണ്ടതൊന്നും','നര','എളുപ്പം','വേണ്ടതുമാത്രം','സഞ്ചാരം' എന്നിങ്ങനെ. ജീവിതത്തിന്റെ ദൈനംദിനത, അതിസാധാരണത മുതലായവയെ ഒരു പുറംതോടെന്ന പോലെ ആവിഷ്കരിക്കുന്നു പുതിയ കവിത. അത്‌ ഒന്നിനെയും ലക്ഷ്യീകരിക്കുന്നില്ല,പലപ്പോഴും.ഗൂഢമായ, അപരമായ ഭാവ/യാഥാര്‍ഥ്യങ്ങളെ ആവിഷ്കരിക്കാന്‍ അതു ഗൗനിക്കുന്നില്ല.അത്തരം 'ഭാരിച്ച' കടമകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നു.

'ഇരുട്ടു പിഴിഞ്ഞതി'ല്‍ കവിതകളുടെ തലക്കെട്ട്‌ കവിതയുമായി,കാവ്യശരീരവുമായി പ്രത്യേകബന്ധം പുലര്‍ത്തുന്നു.വരികളുടെ അര്‍ഥസൂചനകളെ കൃത്യമായി മുറുക്കിയൊതുക്കി അടക്കിവെയ്ക്കുന്നതിനു പകരം അവ ചിലപ്പോഴെല്ലാം ഇടര്‍ച്ചയുടെ പാഠമാകുന്നു.ചിലപ്പോള്‍ കവിതയുടെ പാഠത്തിനപ്പുറത്തേക്കു നീളുന്ന അതിവ്യാപ്തികളായി നില്‍ക്കുന്നു.കവിഞ്ഞ അര്‍ഥങ്ങളാവുന്നു.'പാവം','ഉടന്‍ വരിക','നാടുനീക്കം','ഇറച്ചിത്തടവില്‍' തുടങ്ങിയ കവിതകള്‍ ഉദാഹരണം.

'കവിയുത്തരം'വരെയുള്ള ആദ്യകാല കവിതകളില്‍ ദൃശ്യങ്ങള്‍ക്കും അവയുടെ വര്‍ണനകള്‍ക്കുമാണ്‌ പ്രാധാന്യമുണ്ടായിരുന്നത്‌.കവിതയിലെ നിഷ്കളങ്കതയും അലൗകികതയും അനാഡംബരമായ വിശുദ്ധികളുമെല്ലാം തന്നെ മറ്റൊരര്‍ഥത്തില്‍ കവിതയെ അലങ്കരിക്കുക തന്നെയാണ്‌ ചെയ്തത്‌.'പാട്ടുകെട്ടിയ കൊട്ട' മുതല്‍ ഇതിനു പകരം രൂപകങ്ങളുടെ സമൃദ്ധി കവിതകളില്‍ കാണാം.യാത്ര,ചിലന്തി,ഉറുമ്പ്‌,ബസ്‌,വെള്ളം, കാഴ്ച്ച,ഇരുട്ട്‌,പകല്‍,രാത്രി എന്നിങ്ങനെ അവ കവിതയില്‍ നിറഞ്ഞു കവിയുന്നു.നെരൂദയെക്കുറിച്ചുള്ള 'പോസ്റ്റുമാന്‍' എന്ന സിനിമയില്‍(സംവിധാനം:മിഖായേല്‍ റാഡ്‌ ഫോര്‍ഡ്‌)യുവകവി മാരിയോവിന്റെ കാമുകിയുടെ രണ്ടാനമ്മ മാരിയോവിനെക്കുറിച്ച്‌ നെരൂദയോട്‌ പരാതി പറയുന്നതു പോലെ(മെറ്റഫര്‍ കൊണ്ടവന്‍ അവളെ അഭിഷേകം ചെയ്തുകളഞ്ഞു!)രൂപകങ്ങളുടെ അധികമാനം എപ്പോഴും ഇക്കവിതകളിലുണ്ട്‌.അവയുടെ പ്രവര്‍ത്തനം പഴയ കവിതകളിലേതുപോലെയല്ല എന്നുമാത്രം.

സ്ത്രീപുരുഷ ബന്ധങ്ങളിലെ അധികാരവിശകലനത്തെ വായിച്ചെടുക്കാവുന്ന കവിതകള്‍ പാട്ടുകെട്ടിയ കൊട്ട' മുതല്‍ കാണാം.മുമ്പു സൂചിപ്പിച്ച മധ്യവര്‍ഗ്ഗപ്രമേയവുമായി ബന്ധപ്പെട്ടുകൊണ്ടാണ്‌ പൗരുഷത്തെയും സ്ത്രീത്വത്തെയും അതാവിഷ്കരിച്ചിരുന്നത്‌. ഉദാ:'അ-ദ്ദേഹം','ഒട്ടിച്ച നോട്ട്‌','സ്കൂട്ടര്‍','പ്രാര്‍ഥന'. മറ്റുചില കവിതകളില്‍ ഭ്രമാത്മകതയുമായി ബന്ധപ്പെട്ടുക്കൊണ്ട്‌ സ്ത്രീപക്ഷത്തിന്റെ ഉറവുകള്‍ കണ്ടെത്തുന്നു. 'ഒന്നും സഭവിക്കാത്തതു പോലെ','പാവം' എന്നീ കവിതകള്‍ ഈ അര്‍ത്ഥത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടവയാണ്‌.ലൈംഗികമായ സന്ദിഗ്ദ്ധതകളുടെ ഒരു തലം അവയ്ക്കുണ്ട്‌.'അ-ദ്ദേഹം' എന്ന കവിതയിലെ
"ഒന്നും തരുന്നില്ല
ഒന്നും ഉണ്ടാക്കുന്നില്ല
........................
.....................
എങ്കിലും ഒരു സ്വകാര്യം
ഭാര്യയുടെ കൂടെ രാവില്‍
‍പൊറുതിയില്ല
അവളുടെ ജനനേന്ദ്രിയത്തില്‍
ഒരു മൂര്‍ഖന്‍ പാമ്പുണ്ട്‌
അതിനാല്‍
ഭയവും ബഹുമാനവുമാണ്‌..."

ലൈംഗികഭീരുത്വവും നിഷ്ക്രിയത്വവും മറ്റൊരു രീതിയില്‍ ആഖ്യാനം ചെയ്യപ്പെടുകയാണ്‌ 'പാവ'ത്തില്‍.കക്കൂസിലിരുന്ന് ചിലന്തിയെ നോക്കി പേടിക്കുകയാണ്‌ ആഖ്യാതാവ്‌.പേടിയും അറപ്പുമുണ്ട്‌.സ്ത്രീയാണ്‌ അതിനെ ചൂലുകൊണ്ട്‌ അടിച്ചുവീഴ്ത്തി ഫ്ലഷ്‌ ചെയ്തുകളയാറ്‌.മനശ്ശാസ്ത്ര വിമര്‍ശകര്‍ഫ്രോയ്ഡിന്റെ 'ആനല്‍ ഇറോട്ടിസിസ'വുമായി ബന്ധപ്പെടുത്തി വായിച്ചേക്കാവുന്ന ഈ കവിത സൗന്ദര്യശാസ്ത്രപരമായ ഒരു നടുക്കം സൃഷ്ടിക്കുന്നുണ്ട്‌.

"ഇരുന്നാല്‍ പിന്നെ നശിച്ച ഭാവനയാണ്‌;
കഴിഞ്ഞ കാലങ്ങളിലെല്ലാം
പലകുറി അടിച്ചു വീഴ്ത്തി ഫ്ലാഷ്‌ ചെയ്ത ചിലന്തികളെല്ലാം
ടാങ്കില്‍ നിന്നും കൂട്ടമായി തിരിച്ചു വന്ന്
ക്ലോസറ്റിലിരിക്കുന്ന എന്റെ നഗ്നതയില്‍
‍അള്ളിപ്പിടിച്ച്‌ ചേര്‍ന്നിരുന്ന്
ഒരു അടിവസ്ത്രം നെയ്യുമെന്നും
അറപ്പാലും ഭയത്താലും അവയെ കളയാന്‍ കഴിയാതെ
മുണ്ടിനടിയില്‍ കൊണ്ടുനടക്കേണ്ടിവരുമെന്നും...."
പെര്‍വെര്‍ട്ടഡായ രതിഭാവനയെന്നോ ലൈംഗികപരാജയഭീതിയെന്നോ പൗരുഷത്തിന്റെ നിര്‍വ്വീരീകരണമെന്നോ ഒക്കെ പരത്തി വായിച്ചെടുക്കാവുന്ന ഒന്നാണീ കവിത.ലിംഗപരമായ അധികാരബോധത്തെ ,സെക്ഷ്വാലിറ്റിയെ തന്നെയാണീ കവിത നേരിടുന്നത്‌.അക്രാമകതയുടെയും പിരിമുറുക്കത്തിന്റെയും അസൂയയുടെയും പരാജയത്തിന്റെയുംഭയത്തിന്റെയും രൂപകമായി ചിലന്തി നമുക്കിടയിലുണ്ട്‌;കാഫ്കയുടെ കൂറയെപ്പോലെ(മെറ്റമോര്‍ഫോസിസ്‌)പുരുഷ ലൈംഗികതയെന്നപോലെ തന്നെ സ്വവര്‍ഗ്ഗ ലൈംഗികതയെയും സ്ത്രീയുടെ ശരീരനിഷ്ഠമായ സ്വത്വബോധത്തെയും ഒക്കെ പ്രശ്നവല്‍ക്കരിക്കുന്ന കവിതകളുമുണ്ട്‌. 'സുഹൃത്ത്‌' എന്ന കവിത നോക്കുക.
"കൂട്ടുകാരിയെക്കുറിച്ചോര്‍ത്തിരിക്കുകയാവാം
ഇപ്പോളവള്‍
അല്ലെങ്കില്‍
വിശാലമായ
പുല്‍മേടുകളെക്കുറിച്ച്‌!
ചിലപ്പോള്‍
ഇവര്‍
‍നിത്യവും
കൊരുക്കുന്ന
സ്ത്രൈണ
പുഷ്പങ്ങളെക്കുറിച്ച്‌" (ഒട്ടിച്ച നോട്ട്‌)
പെണ്‍ ലൈംഗികതയുടെ പ്രത്യക്ഷത്തിലുള്ള ആഖ്യാനമാണത്‌.
"ഇറച്ചിത്തടവില്‍"
"ചര്‍മ്മനഷ്ടത്താല്‍
നീ സ്വതന്ത്രയാകും
ഭാരങ്ങള്‍ നീങ്ങി
തീര്‍ത്തും നഗ്നയാകും
ഉരിയുന്ന ചര്‍മ്മത്തില്‍ നിന്നുമാത്രം
എന്റെ രാജ്യവും രാജ്യഭാരവും
എടുത്തുമാറ്റട്ടെ
ഒറ്റക്കു ഭരിച്ചും വാണും
ജീവിക്കാന്‍
‍എങ്കിലും
ചോരചത്ത നിന്റെ മാംസത്തില്‍
അതേ വര്‍ണ്ണപതാക
പാറുന്നുണ്ടാം...."
എന്നതാണ്‌ എക്കാലത്തെയും സ്ത്രീയവസ്ഥ എന്ന് കവി അറിയുന്നുണ്ട്‌.

'സമീപ ദൃശ്യം','വില്‍പ്പന','ആല്‍ബം','കരതലാമലകം' മുതലായ കവിതകളില്‍ ആഗോളവല്‍കൃതകാലത്തെ വിപണിയുടെ ഏറ്റവും രൂക്ഷമായ വശങ്ങളെ കാണാം.സംസ്കാരമുള്‍പ്പടെയുള്ള ഏതുതരം ഏതുതരം വിമോചന മൂല്യങ്ങളെയും വിറ്റുകാശാക്കുന്ന ഒരു കാലത്ത്‌ ആ മൂല്യവ്യവസ്ഥക്കകത്തുനിന്ന് കവിയും രക്ഷപ്പെടുന്നില്ല.

"സൗന്ദര്യലഹരി ഡയറിയില്‍ നുരഞ്ഞു;
ബോട്ടുകളുടെ ശ്മശാനം കണ്ടു
ചെളിവെള്ളത്തില്‍ മുഷികളെപ്പോലെ മനുഷ്യരെയും"
("സമീപദൃശ്യം")
"ഇനിയും ചാവാത്ത ഇടവഴികള്‍
തൂങ്ങിപ്പിടയുന്ന
കോര്‍മ്പയുമായി
നാഷണല്‍ ഹൈവേയ്കരുകില്‍
നില്‍ക്കുകയാണ്‌
പാഞ്ഞുപോകുന്ന വാഹനങ്ങള്‍ക്കു നേരെ
അവയെ ഉയര്‍ത്തിക്കാട്ടി
നല്ല വിലയ്ക്ക്‌
വില്‍ക്കുവാന്‍"(വില്‍പന)

"വലുപ്പച്ചെറുപ്പങ്ങള്‍ അല്‍പം അഭംഗിയുണ്ടാക്കുമെങ്കിലും
വിശേഷപ്പെട്ട മറ്റൊരാല്‍ബമുണ്ടാക്കുന്നു
മുത്തങ്ങ,മേപ്പാടി,നെല്ലിയാമ്പതി,ചെങ്ങറ.......
എല്ലാം കോര്‍ത്തു തുന്നിക്കെട്ടി
ഒഴിവുനേരങ്ങളില്‍
വെറുതേ...
മറിച്ചു നോക്കി രസിക്കാം"
(ആല്‍ബം)

ഇങ്ങനെ നവ രാഷ്ട്രീയ പ്രശ്നങ്ങളെ സംവാദാത്മകമാക്കുന്ന ഒരു തലം സെബാസ്റ്റിയന്റെ ഏറ്റവും പുതിയ കവിതകള്‍ക്കുണ്ട്‌.കവിതയുടെ ഇതുവരെയുള്ള വഴികളെയും തിരിവുകളെയും സാധൂകരിക്കുന്ന ഒരിടമാണത്‌.ആഖ്യാനത്തിലും കാഴ്ച്ചപ്പാടിലും വന്ന പുതിയ അഭിരുചികളായി 'ഇരുട്ടുപിഴിഞ്ഞത്‌' എന്ന കൃതിയുടെ അകം പുറം അതു ലയിച്ചു കിടക്കുന്നുണ്ട്‌.സാമൂഹികവും സൗന്ദര്യശാസ്ത്രപരവുമായ ആത്മബോധവും ജാഗരൂകതയും ഈ കവിതയെ വായനക്കാര്‍ക്കിടയില്‍ പ്രവര്‍ത്തനക്ഷമമാക്കും.

Wednesday, March 25, 2009

ആമേനും ആണുങ്ങളും


തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീ ഡോ.സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥ 'ആമേന്‍' പുറത്തുവന്ന ശേഷമുള്ള പ്രതികരണങ്ങളാണ്‌ ഇതെഴുതിപ്പിച്ചത്‌. പത്രമാസികകളിലും ചാനലുകളിലും ഇന്റര്‍നെറ്റിലുമായി ബെസ്റ്റ്‌ സെല്ലറായ 'ആമേനെ' മുന്‍ നിറുത്തിയുള്ള ചര്‍ച്ചകള്‍ ദിവസേന നടക്കുന്നു. കൂടാതെ സിസ്റ്റര്‍ ജെസ്മിയുമായുള്ള അഭിമുഖങ്ങള്‍ വേറെയും.

ന്യാസ്ത്രീയുടെ ജീവിതം എന്ന അത്ഭുത കൗതുങ്ങള്‍ മുതല്‍ അത്‌ വിറ്റുകിട്ടുന്ന പൈസയെ ചൊല്ലിയുള്ള ജിജ്ഞാസ വരെ നീളുന്ന പ്രതികരണങ്ങള്‍...... അക്ഷരജാലകത്തില്‍(കലാകൗമുദി) എംകെ ഹരികുമാര്‍ ആയാലും ശരി,'ദി ട്രൂത്ത്‌'ന്റെ പത്രാധിപരായാലും ശരി, തങ്ങളുടെ പ്രതികരണങ്ങളിലൂടെ ഈ പുസ്തകത്തെയും അതിന്റെ ഇടപെടലിനെയും തമസ്കരിച്ചുകളയുകയാണ്‌.


എന്താണ് ഈ പുസ്തകത്തിന്റെ പ്രസക്തി?

conference of religious India statistics പ്രകാരം ഇന്ത്യയിലാകമാനം 140000ല്‍ അധികം കന്യാസ്ത്രീകളുണ്ട്‌.അതില്‍ മലയാളികള്‍ ഏതാണ്ട്‌ 35000-ഓളം വരും. 30000ലധികമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലും 6000ലധികമുള്ള ഹോസ്പിറ്റലുകളിലും നൂറുകണക്കിനു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകളിലുമായി ഇവര്‍ ജോലി ചെയ്തു വരുന്നു. ഇത്രയേറെ അംഗസംഖ്യവരുന്ന ഒരു വിഭാഗം എന്ന നിലയില്‍ ഇവരുടെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ ആവശ്യപ്പെടുന്നില്ലേ? തങ്ങളുടെ അധ്വാനം കൂലിയില്ലാതെ വിനിയോഗിക്കുന്നവരെന്ന നിലയില്‍ പ്രത്യേകിച്ചും......?


യൂണിയന്‍ ഓഫ്‌ കാത്തലിക്‌ .കോം എന്ന വെബ്‌ സൈറ്റില്‍ ജീമോന്‍ ജേക്കബ്‌ എഴുതുന്നു..."സെമിനാരിയില്‍ വരുന്ന 22.5%പുരുഷന്മാര്‍ മാത്രമേ പുരോഹിതന്മാരാകുന്നുള്ളു. എന്നാല്‍ ഇതിനു നേര്‍ വിപരീതമാണ്‌ കന്യാസ്ത്രീകളുടെ അവസ്ഥ.ഒരിക്കല്‍ വന്നു ചേര്‍ന്നു കഴിഞ്ഞാല്‍ പുറത്തുപോകുക എളുപ്പമല്ല.കന്യാസ്ത്രീ പുറത്തുവരുന്നതു മറ്റ്‌ എല്ലാവരും ചേര്‍ന്ന് എതിര്‍ക്കും.പുരുഷന്മാര്‍ക്ക്‌ ജനങ്ങളെ കാണാനും അവരുടെ താല്‍പര്യങ്ങള്‍ പങ്കുവെയ്ക്കാനും കഴിയും.എന്നാല്‍ സ്ത്രീകള്‍ നൂറായിരം വിലക്കുകളോടെ നാലുചുവരുകള്‍ക്കുള്ളില്‍ അടയ്ക്കപ്പെടുന്നു.യൂണിയന്‍ ഓഫ്‌ കാത്തലിക്‌ ഏഷ്യന്‍ ന്യൂസില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌ പ്രകാരം വര്‍ഷംതോറും കന്യാസ്ത്രീകളുടെ ആത്മഹത്യാനിരക്ക്‌ കൂടിവരികയാണ്‌. ഇക്കഴിഞ്ഞ 12 വര്‍ഷത്തിനിടയിലായി 15 കന്യാസ്ത്രീകളാണ്‌ കേരളത്തില്‍ ആത്മഹത്യ ചെയ്തത്‌.(പലപ്പോഴും മരിച്ച കന്യാസ്ത്രീയുടെ വീട്ടുകാരെയാണ്‌ ഉത്തരവാദികളായി ചിത്രീകരിക്കാറ്‌)ഈ രണ്ടു പഠനങ്ങളും സൂചിപ്പിക്കുന്ന വസ്തുതകള്‍ ക്രൈസ്തവസഭയില്‍/മഠങ്ങളില്‍/സന്യാസ ജീവിതത്തില്‍ തന്നെയുള്ള അസ്വസ്ഥതകളെയാണ്‌. സിസ്റ്റര്‍ അഭയയുടെ കൊലപാതകം,സിസ്റ്റര്‍ അനുപം മേരിയുടെ ആത്മഹത്യ തുടങ്ങിയ നിരവധി സംഭവങ്ങള്‍ കൂടി ചേര്‍ത്തു വെച്ചു വായിച്ചാല്‍ ഈ ലോകത്തിന്റെ ദയനീയാവസ്ഥ വ്യക്തമാകും.


ന്നലെവരെ അപരിചിതവും അജ്ഞാതവുമായിരുന്ന ഒരു ലോകത്തെയാണ്‌ 'ആമേന്‍' അനാവരണം ചെയ്യുന്നത്‌. അതൊരു സാഹിത്യകൃതി എന്നതിനേക്കാള്‍ ഒരു തുറന്നു പറച്ചിലാണ്‌.എല്ലാതുറന്നു പറച്ചിലുകളും ഏതൊക്കെയോ അര്‍ത്ഥത്തില്‍ പൊതുസമൂഹത്തിലുള്ള ജനാധിപത്യപരമായ ഇടപെടലാണ്‌. വൈയക്തികമായ തുറന്നു പറച്ചിലുകളാകുമ്പോളും അവ ആത്യന്തികമായി സാമൂഹികാനുഭവത്തിലേക്കുള്ള ഈടുവെപ്പുകളാണ്‌. കന്യാസ്ത്രീയുടെ ലോകത്തെയോ അവരുടെ ആത്മീയതയെയോ അതിയായി ഉദാത്തവല്‍ക്കരിക്കുന്നില്ല ഈ കൃതി. അവരുടെ നന്മകളും തിന്മകളും എല്ലാം അവര്‍ പുറത്തുകൊണ്ടുവരുന്നു. കന്യാസ്ത്രീകളുടെ ജീവിതചര്യകളും ലോകവീക്ഷണങ്ങളും വിശ്വാസങ്ങളും ഭാഷാക്രമങ്ങളും എല്ലാം ചേര്‍ന്ന വേറിട്ട ഒരു ലോകത്തെ തന്നെയാണ്‌ അവര്‍ വെളിപ്പെടുത്തിയത്‌. അത്‌ ഈ പുസ്തകത്തിലൂടെ മാത്രമല്ല,ഇതെഴുതുന്ന ആളും ബാബുരാജും ചേര്‍ന്ന് നടത്തിയ അഭിമുഖസംഭാഷണത്തിലും(മാതൃഭൂമി ഡിസംബര്‍ 16, 2008) കന്യാസ്ത്രീജീവിതത്തിലെ വര്‍ഗ്ഗ,ലിംഗവിവേചനങ്ങളെ കുറിച്ചും അഴിമതിയെക്കുറിച്ചും ലൈംഗികതയെകുറിച്ചും വ്രതാനുഷ്ഠാനങ്ങളെകുറിച്ചും അവര്‍ തുറന്നു പറയുന്നുണ്ട്‌.താനുള്‍പ്പെടുന്ന കന്യാസ്ത്രീലോകത്തിന്റെ സങ്കീര്‍ണ്ണതകളും വൈരുദ്ധ്യങ്ങളും നന്മതിന്മകളും വൈയക്തികാനുഭവങ്ങളിലൂടെ ഒരു ജനാധിപത്യ സമൂഹത്തിനുമുന്‍പില്‍ തുറന്നുവെക്കുകയാണ്‌ അവര്‍.( വൃദ്ധരും രോഗികളുമായ സന്യാസി/സന്യാസിനിമാരെ കുറിച്ച്‌ അവരുടെ ദുരിതങ്ങളെ കുറിച്ച്‌ അനാഥത്വത്തെകുറിച്ച്‌ വിഭ്രാന്തികളെകുറിച്ച്‌ കരുണയോടെ നമ്മോട്‌ ആരാണ്‌ വെളിപ്പെടുത്തിയിട്ടുള്ളത്‌? ദീനക്കിടക്കയിലായിരുന്ന വൃദ്ധപുരോഹിതന്‍ പരിചാരകന്റെ അലസതയും അശ്രദ്ധയും മൂലം കുളിക്കാന്‍ വെച്ച ചൂടുവെള്ളത്തില്‍ വീണ്‌ പൊള്ളലേറ്റതിനെ കുറിച്ച്‌,മാനസികവിഭ്രാന്തിയ്ക്കടിപ്പെട്ട്‌ മേലാകെ മലം വാരിതേച്ച്‌ മഠത്തിലാകമാനം പാഞ്ഞുനടന്ന ഒരു വൃദ്ധസന്യാസിനിയെകുറിച്ച്‌,വെച്ചുംവിളമ്പിയും അലക്കിയും അടിച്ചുവാരിയും തേഞ്ഞുതീര്‍ന്ന,മുഖമില്ലാത്ത പണിക്കാരികളായ എത്രയോ 'ചേടത്തി' മാരെ കുറിച്ച്‌,വേലക്കാരായി തരം താഴ്ത്തപ്പെട്ട്‌ ഇരിപ്പിടം പോലും നിഷേധിക്കപ്പെട്ടിരുന്ന ലേ സിസ്റ്റേഴ്സിനെകുറിച്ച്‌ എല്ലാമെല്ലാം അവരല്ലാതെ മറ്റാരാണ്‌ നമ്മോട്‌ പറഞ്ഞത്‌?) തിരുവസ്ത്രമുപേക്ഷിക്കാനുള്ള അവരുടെ തീരുമാനം അത്തരത്തില്‍ കേരളത്തിന്റെ ചരിത്രത്തിലെ രാഷ്ട്രീയമായ ഇടപെടലിന്റെ സന്ദര്‍ഭമായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്‌. അസാമാന്യമായ ധൈര്യവും സത്യസന്ധതയുമാണ്‌ അവരെകൊണ്ട്‌ ഇത്‌ ചെയ്യിച്ചത്‌.


ധ്യാപികയുംപ്രിന്‍സിപ്പാളുമെന്നതിലുപരിസിനിമാപ്രവര്‍ത്തക,സംവിധായിക,ഗവേഷക,കവി,എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഊര്‍ജ്ജസ്വലയായ ഒരാളാണ്‌ അവര്‍.ആഖ്യാനശാസ്ത്രത്തില്‍ ആധികാരികത അവകാശപ്പെടാവുന്ന പണ്ഡിതയും കൂടിയാണു സിസ്റ്റര്‍ ജെസ്മി.ഈ നിലയില്‍ നേരത്തെതന്നെ അംഗീകരിക്കപ്പെട്ടിരുന്നു. അവര്‍ ഇപ്രകാരം ബഹുമുഖമായ അവരുടെ വ്യക്തിത്വത്തെ മൊത്തമായി ലൈംഗികമാത്രജീവി എന്ന നിലയിലേക്ക്‌ വെട്ടിച്ചുരുക്കുകയാണ്‌ ആത്മകഥയോടുള്ള പ്രതികരണങ്ങളധികവും.പുസ്തകം മുന്നോട്ടുവെയ്ക്കുന്ന മറ്റ്‌ എല്ലാ പ്രതികരനങ്ങളെയും തമസ്കരിച്ചുകൊണ്ട്‌ ഈയൊരു കുറ്റിയില്‍ കെട്ടിച്ചുറ്റിത്തിരിയുകയാണ്‌ ഇവരെല്ലാം.


രു കന്യാസ്ത്രീ സെക്സ്‌ പറയുന്നു എന്നതിന്റെ സ്ഫോടനാത്മകതയുടെയും രഹസ്യാത്മകയുടെയും അന്തരീക്ഷത്തിലാണ്‌ പരാമര്‍ശങ്ങളധികവും നടക്കുന്നത്‌.ഇന്ത്യാ റ്റുഡേ, ഇന്ത്യാ കറന്റ്‌ മുതലായ പ്രസിദ്ധീകരനങ്ങളുടെ പ്രധാന ചോദ്യം പുസ്തകത്തിലെ ലൈംഗികതയെ കുറിച്ചുള്ളതായിരുന്നു.180 പേജുള്ള പുസ്തകത്തിലെ നാലോ അഞ്ചോ പേജു വരുന്ന ഭാഗങ്ങളാണ്‌ ആളുകളെ ഇങ്ങനെ ത്രസിപ്പിക്കുന്നതും സദാചാരക്കൊടുവാളെടുപ്പിക്കുന്നതും.'ദ ട്രൂത്ത്‌' മാസിക മുതല്‍ പ്രസിദ്ധ ബ്ലോഗ്ഗര്‍ ബെര്‍ലി വരെ ഈ പേജുകളിലേക്ക്‌ ഉറ്റുനോക്കി ശ്വാസമടക്കിയാണിരുന്നത്‌.കന്യാസ്ത്രീകള്‍ എന്നു കേട്ടാല്‍ വികാരങ്ങളെ അടിച്ചമര്‍ത്തി കഴിയുന്ന ലൈംഗികസ്ഫോടകവസ്തുക്കളാണെന്ന പൊതുബോധത്തെ ഊട്ടിയുറപ്പിക്കുകതന്നെയാണിവര്‍.(ദ ട്രൂത്ത്‌ മാസികയുടെ മുഖച്ചിത്രത്തില്‍ സിസ്റ്റര്‍ ജെസ്മിയുടെ ചിത്രത്തിനോട്‌ ചേര്‍ത്ത്‌ 'ഒരു വ്യഭിചാരത്തിന്റെ കുമ്പസാരം'എന്ന് വെണ്ടക്ക നിരത്തിയിയതു കാണാം.മാസികയുടെ ഇക്കിളി മുഴുവനും തുളുമ്പി നില്‍ക്കുന്ന ലേ ഔട്ട്‌...)താനനുഭവിച്ച ലൈംഗികമായ ചൂഷണത്തെ ഒരു ഇരയുടെ മാനസികാവസ്ഥയില്‍നിന്നുകൊണ്ടു വിശദീകരിക്കുന്ന ഭാഗത്തെ വരികള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി വളച്ചൊടിച്ചിരിക്കുകയാണിവിടെ. സ്ത്രീയുടെ ഏതൊരു ആഖ്യാനവും ആവിഷ്കാരവും ലൈംഗികമായി കാണുന്ന, ലൈംഗികതയെ സ്ത്രീയുമായി ബന്ധപ്പെടുത്തി മാത്രം കാണുന്ന രോഗാതുരമായ പുരുഷപ്രവണതകള്‍..... തൃഷ്ണയുടെ വടക്കുനോക്കി യന്ത്രങ്ങള്‍.............ഗാന്ധിജി മുതല്‍ ചെറുകാട്‌ വരെയുള്ളവര്‍ എഴുതിയ വളരെ പോപ്പുലറായ ആത്മകഥകളിലൊക്കെ ലൈംഗികതയെ കുറിച്ചുള്ള ധാരാളം പരാമര്‍ശങ്ങള്‍ കടന്നു വരുന്നുണ്ട്‌.(ചുള്ളിക്കാടിന്റെ ചിദംബരസ്മരണ മറന്നതല്ല!)( ചെറുകാടിന്റെ ജീവിതപ്പാതയിലാണ്‌ സ്വവര്‍ഗ്ഗരതിയെ കുറിച്ചും സ്വയംഭോഗത്തെ കുറിച്ചും ആദ്യമായി മലയാളത്തില്‍ ആരോഗ്യകരമായ ഒരു പരാമര്‍ശം കടന്നുവരുന്നത്‌ എന്ന് കെ.പി.അപ്പന്‍ എവിടെയോ എഴുതിയിട്ടുണ്ട്‌)ലൈംഗികത ചര്‍ച്ച ചെയ്യുന്നതിനാല്‍ അവരെയൊന്നും ആരും വിടന്മാരായോ വ്യഭിചാരികളായോ ചിത്രീകരിച്ചുകണ്ടിട്ടില്ല.മറിച്ച്‌ അതവരുടെ സത്യസന്ധതയുടെ തെളിവായി ഉയര്‍ത്തിക്കാട്ടാറുമുണ്ട്‌.ഇതേ സത്യസന്ധ്യത സിസ്റ്റര്‍ ജെസ്മിയുടെ കാര്യത്തിലാവുമ്പോള്‍,മറ്റേതെങ്കിലും എഴുത്തുകാരിയുടെ കാര്യത്തിലാകുമ്പോള്‍ അട്ടിമറിക്കപ്പെടുന്നു.


മോണിക്കാ ലെവിന്‍സ്കിയുടെയും നളിനിജമീലയുടെയും പുസ്തകങ്ങളുമായി ചേര്‍ത്തുവെച്ചുകൊണ്ടാണ്‌ ബെര്‍ലിയുടെ പോസ്റ്റ്‌ തുടങ്ങുന്നത്‌.ലൈംഗികത ചര്‍ച്ചചെയ്യുന്ന മഞ്ഞപ്പുസ്തകമെന്ന വിമര്‍ശനമോ പരിഹാസമോ ഒക്കെ മുന്‍ വിധിയായുണ്ട്‌.മോണിക്കയ്ക്കോ നളിനിക്കോ ആത്മകഥ എഴുതേണ്ടതില്ലെന്നോ അതില്‍ ലൈംഗികത പരാമര്‍ശിക്കുന്നതില്‍ തെറ്റുണ്ടെന്നോ അല്ല പറയുന്നത്‌.അവയുടെ മുന്നുപാധി ലൈംഗികതയെ സംബന്ധിച്ചതാണ്‌.(മോണിക്കയുടെ പുസ്തകം വായിച്ചിട്ടില്ല,കേട്ടോ)എന്നാല്‍ ആമേന്‍ ക്രൈസ്തവസഭ എന്ന സ്ഥാപനത്തെക്കുറിച്ചും കന്യാസ്ത്രീകളുടെ മനുഷ്യാവകാശപ്രശ്നങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ്‌ ഉന്നയിക്കുന്നത്‌.അതിന്റെ പശ്ചാത്തലത്തിലാണ്‌ കന്യാസ്ത്രീമഠങ്ങളിലെ സ്വവര്‍ഗ്ഗലൈംഗികതയും ലൈംഗികമായ കയ്യേറ്റങ്ങളും മനസ്സിലാക്കപ്പെടേണ്ടത്‌.


ഗോസിപ്പുകളുടെ ഹരം ഓളം വെട്ടുന്ന ഇന്റര്‍വ്യൂകളിലെ വഴുവഴുപ്പുണ്ടാക്കുന്ന ഒരു വിചിത്രമായ ചോദ്യം പ്രതിഫലത്തെച്ചൊല്ലിയുള്ളതാണ്‌.ഇന്ത്യാകറന്റിലും ഇന്ത്യാടുഡെയിലും ഒരു പോലെ ഈ ചോദ്യം മുഴച്ചുനില്‍ക്കുന്നതു കാണാംചൂടപ്പം പോലെ വിറ്റുപോകുന്ന പുസ്തകത്തിന്റെ ലാഭവിഹിതം എന്തുചെയ്യാന്‍ പോകുന്നു എന്ന ചോദ്യം--ഒരു ടിപ്പിക്കല്‍ മലയാളിയുടെ അസൂയ കലര്‍ന്ന ഒളിഞ്ഞു നോട്ടത്തിലുള്ള ചോദ്യം-- ഇതേ ചോദ്യം കൊള്ളാവുന്ന പുരുഷ എഴുത്തുകാരോടു ചോദിക്കാന്‍ ഇവര്‍ക്കു ധൈര്യമുണ്ടോ?വിദ്യാഭ്യാസം ചെയ്യിച്ചതും ശമ്പളം തന്നതും സഭയല്ലെ എന്നും ചോദ്യങ്ങളുണ്ട്‌.


പുസ്തകത്തിന്റെ ഇംഗ്ലീഷ്‌ പതിപ്പിന്റെ പ്രതിഫലമായി ലഭിച്ചത്‌ രണ്ടു ലക്ഷം രൂപയാണ്‌.യു.ജി.സി.നിരക്കനുസരിച്ച്‌ പ്രതിവര്‍ഷം 5ലക്ഷം രൂപയോളം ശമ്പളം വാങ്ങാമായിരുന്ന ഒരു പദവിയില്‍ നിന്നാണവര്‍ ഇറങ്ങിപ്പോന്നതെന്നു ചോദ്യകര്‍ത്താക്കള്‍ തിരിച്ചറിയുന്നില്ല.സ്ത്രീയുടെ സാമ്പത്തികമായ ഉടമസ്ഥതയിലും സ്വാതന്ത്ര്യത്തിലുമുള്ള അസഹിഷ്ണുതയും ഒപ്പം ചില ദുസ്സൂചനകളും ഉള്‍ക്കൊള്ളുന്നുണ്ട്‌,ഈ ചോദ്യങ്ങളില്‍.


റ്റു ചില പ്രതികരണങ്ങളില്‍ അവരുടെ വ്യക്തിപരമായ സ്വഭാവത്തെക്കുറിച്ചുള്ള വിശകലനങ്ങളും ചര്‍ച്ചകളുമാണ്‌. ആത്മകഥയ്ക്കു പുറത്തു നിന്നുകൊണ്ട്‌ ഊഹാപോഹങ്ങളുടെയും ഒറ്റപ്പെട്ട അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ആത്മകഥയെയും അതെഴുതിയ ആളുടെ വിശ്വസ്തതയെയും വെല്ലുവിളിക്കാനുള്ള ശ്രമങ്ങളാണ്‌ അവ. ബെര്‍ലിയുടെ പോസ്റ്റിനു വന്ന കമന്റുകളില്‍ ചിലത്‌ ഇത്തരത്തിലുള്ളവയാണ്‌.എന്തായാലും വ്യക്തിഹത്യകള്‍ക്കും തേജോവധങ്ങള്‍ക്കുമിടയില്‍ ‘ആമേന്‍’ ‍ലോകശ്രദ്ധ പിടിച്ചു പറ്റുക തന്നെയാണ്‌.

അനുബന്ധം:ഇതും കാണൂ: http://kaanaamarayathu.blogspot.in/2009/04/blog-post.html

Tuesday, March 3, 2009

ലിപ്‌സ്റ്റിക്കും മൊബൈലും

പ്രിയ സുഹൃത്തുക്കളെ,

2009 മാര്‍ച്ച് 2 ന്‌ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കേരള വനിതാ കമ്മീഷന്റെ പരസ്യമാണ്‌ ഈ പോസ്റ്റിനാധാരം. സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ദശാബ്ദങ്ങളായി പങ്കുവെക്കുന്ന 'സുരക്ഷ', 'സ്ത്രീമാതൃക', 'ജാഗ്രത' മുതിലായ ജടിലോക്തികള്‍ കൊണ്ട്‌ സമ്പന്നമാണ്‌ പരസ്യം.ആഗോളവല്‍ക്കരണം എന്ന പൊതുരാക്ഷസനാണ്‌ ഇത്തവണ ശത്രുപക്ഷത്ത്‌.വന്നുവന്ന് എന്തിനും ഏതിനും ആര്‍ക്കും ചെന്നു കുതിര കയറാവുന്ന , ആരുടെ ഏറും ചെന്നു കൊള്ളാന്‍ പാകത്തിലുള്ള വാക്ക്‌...ആഗോളവല്‍ക്കരണം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ ഒരുക്കുന്ന ചതിക്കുഴികള്‍ ഏറെ എന്നാണ്‌ ഒരു ടൈറ്റില്‍.ചേര്‍ന്നുതന്നെ മൊബെയിലിന്റെയും ലിപ്സ്റ്റിക്കിന്റെയും ഒക്കെ ചിത്രങ്ങള്‍. ( കവിതയിലും കാര്‍ട്ടൂണുകളിലും എന്നുവേണ്ട മലയാളിയുടെ പൊതുവ്യവഹാരങ്ങളിലെമ്പാടും ലിപ്സ്റ്റിക്ക്‌ 'തെറിച്ച' സ്ത്രീയുടെ സൂചകമാണ്‌.-"എന്‍ ചുണ്ടിലൊട്ടിടയ്ക്കൂറിയ മാധുരി നിന്‍ ചുണ്ടിനുള്ളതോ നിന്‍ലിപ്‌ സ്റ്റിക്കിനുള്ളതോ?" എന്നും "വിളറിയചുണ്ടില്‍ ചായം തേച്ചും" എന്നും എന്‍.വി. കാണെക്കാണെ മലയാളികളില്‍ ഒരു ലൈംഗികസൂചകം തന്നെയായി ലിപ്സ്റ്റിക്ക്‌ മാറിമറിയുന്നുണ്ട്‌. ) സൗന്ദര്യസങ്കല്‍പ്പം മാറുന്നതും ഉപഭോഗത്വരയുണര്‍ത്തുന്ന കമ്പോളവും ദുരുപയോഗം ചെയ്യപ്പെടുന്ന മൊബെയിലും ഇന്റര്‍നെറ്റ്‌ സാങ്കേതികതയും ദുസ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളും ഒക്കെയാണ്‌ ആഗോളവല്‍ക്കരണം സ്ത്രീകള്‍ക്കായി കരുതിവെച്ചിരിക്കുന്ന ചതിക്കുഴികള്‍! സാമാന്യവിവേകമുള്ള ആരും ചിരിച്ചുപോകുന്ന ഒന്നാന്തരം വിവരക്കേട്‌ എന്നല്ലാതെ എന്തു പറയാന്‍! സ്ത്രീകളെ ഇങ്ങനെ പൊതിഞ്ഞു പിടിച്ചുമതിയാകാത്ത പുരുഷാധിപത്യ ചിന്തയുടെ കെയര്‍ടേക്കര്‍ മനോഭാവത്തിന്റെയും മോറല്‍ പോലീസിങ്ങിന്റെയും അസ്സലുദാഹരണം.പുറം ലോകത്തുനിന്നും സുരക്ഷാ അകലം പാലിച്ചുകൊണ്ടും സെക്ലൂഡഡ്‌ ആയി സ്വയം നിലനിര്‍ത്തിയും സ്ത്രീ എന്ന 'ഉദാത്ത വംശ മാതൃക' അങ്ങിനെ നില്‍ക്കേണ്ടതാവശ്യമാണ്‌. ഇന്റര്‍നെറ്റ്‌, മൊബെയില്‍ ഫോണ്‍ ഒക്കെ ഈ(മോഹ)സ്ത്രീയെ കളങ്കപ്പെടുത്തും.'വിലപിടിപ്പ്‌'ഉള്ള പലതും തട്ടിപ്പറിക്കപ്പെടും. ഈ അമൂല്യ വിശുദ്ധിയുടെ സൂക്ഷിപ്പുകാരികള്‍ക്കുള്ള പ്രധാന ജോലി ജാഗരൂകരായി ഇരിക്കുക എന്നതാണ്‌! അതിനാവശ്യമായ കാര്യങ്ങള്‍ പരസ്യത്തില്‍ അക്കമിട്ട്‌ പറയുന്നുമുണ്ട്‌.

പ്രത്യക്ഷത്തില്‍ നിരുപദ്രവകരവും എന്നാല്‍ സ്ത്രീസൗഹാര്‍ദ്ദപരവുമെന്ന് തോന്നുന്ന മട്ടിലുള്ള പരസ്യത്തിന്റെ ഉള്ളിലിരുപ്പ്‌ നമ്മുടെ ഫെമിനിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും അത്ര അന്യമല്ല.ഏതൊക്കയോ ആള്‍ക്കാര്‍ ചേര്‍ന്ന് സംരക്ഷിക്കേണ്ട ഒന്നാണ്‌ സ്ത്രീകളെന്നോ അവരുടെ വിലപിടിച്ച ചാരിത്ര്യം ഇങ്ങനെ (പ്രത്യയശാസ്ത്ര/ഭരണകൂട/നിയമ ഉപകരണങ്ങള്‍ കൊണ്ടും തീര്‍ച്ചയായും) കോട്ടകെട്ടി സുരക്ഷിതമായി കാലാകാലങ്ങളായി സൂക്ഷിക്കേണ്ടതാണെന്നോ ഒക്കെയാണിവിടെ ആവര്‍ത്തിക്കുന്നത്‌.കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഉയര്‍ന്നുവന്ന നിരവധി സ്ത്രീ പീഡനകേസുകളിലൂടെയും അവയുടെ വിശകലനങ്ങളിലൂടെയും സ്ത്രീകളുടെ കൈയിലെ മൊബെയിലുകളും ബ്യൂട്ടീ പാര്‍ലറുകളും (സിനിമാറ്റിക്ക്‌ ഡാന്‍സുപോലെ) പാപചിഹ്നമായി വ്യവഹരിക്കപ്പെട്ടു.

സ്ത്രീകളുടെ ഭൗതികവും ബൗദ്ധികവുമായ സ്വയം നിര്‍ണ്ണയത്വത്തെക്കുറിച്ചോ ലൈംഗിക- ലൈംഗികേതരമായ ആവിഷ്ക്കാരത്തെകുറിച്ചോ യാതൊരു ജനാധിപത്യപരമായ അടിസ്ഥാന ധാരണയുമില്ലാത്തതോ പോട്ടെ -സാങ്കേതികവിദ്യ ഒന്നടങ്കം സ്ത്രീക്കെതിരാണത്രേ! മൊബെയില്‍ ഫോണും ഇന്റര്‍നെറ്റും സ്ത്രീകള്‍ക്ക്‌ മുമ്പെങ്ങുമില്ലാത്തവിധം ലഭ്യമാക്കുന്ന സ്വകാര്യതയും സ്വാതന്ത്ര്യവും സര്‍ഗ്ഗാത്മകമായ വികാസവും പകല്‍പോലെ വ്യക്തമാണ്‌.മൊബെയില്‍ ഫോണ്‍ ഉപയോഗിച്ചുള്ള കള്ളക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും 'ക്വട്ടേഷനു'കളും അഴിമതികളും നടത്തുന്നവരെകുറിച്ചുള്ള വേവലാതികളൊന്നും പറഞ്ഞുകേള്‍ക്കാറില്ല. അവര്‍ക്കൊന്നും ഈ സുവിശേഷപ്രസംഗം കേള്‍ക്കാനുള്ള നേരമില്ല. ഉപദേശം മുഴുവന്‍ സ്ത്രീകളോടും പെണ്‍കുട്ടികളോടുമാണ്‌. അവരുടെ ലൈംഗിക സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവുമൊക്കെ മറ്റുള്ളവരാണല്ലോ തീരുമാനിക്കേണ്ടത്‌!

സ്വകാര്യത എന്നതിന്റെ നിര്‍വ്വചനം ലാന്റ്‌ ഫോണില്‍ നിന്നും മൊബെയിലിലേക്കുള്ള മാറ്റത്തില്‍ വായിച്ചെടുക്കാം.ഉപയോഗിക്കുന്ന ആളുടെ ശരീരവുമായി അതിനുള്ള ഏറ്റവും അടുത്ത ബന്ധം -കൂടാതെ സ്ഥലം,സമയം എന്നിവയുമായി ബന്ധപ്പെട്ട്‌ സ്ത്രീകളുടെ വ്യക്തിത്വത്തിനും സ്വകാര്യതയ്ക്കും പുതിയ മാനങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ മൊബെയില്‍/നെറ്റ്‌ സാങ്കേതികതക്ക്‌ സാധിച്ചിട്ടുണ്ട്‌. ഈ ഒരു അവസ്ഥയോടുള്ള പുരുഷഭീതി തന്നെയാണ്‌ പരസ്യത്തിലുമുള്ളത്‌.മൊബെയില്‍ നിരന്തരം ഉപയോഗിക്കേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകയായ ഭാര്യയുടേയും കൃഷിക്കാരനും പ്രകൃതിസ്നേഹിയും കാല്‍പ്പനികനുമായ ഭര്‍ത്താവിന്റെയും ഇടയില്‍ രൂപം കൊള്ളുന്ന വൈകാരികമായ വിള്ളലുകളെ അവതരിപ്പിക്കുന്ന 'കാറ്റുതൊടും പോലെ' എന്ന ഒരു കഥ എബ്രഹാം മാത്യു എഴുതിയിട്ടുണ്ട്‌.മൊബെയില്‍ ഫോണ്‍ സംബന്ധിച്ച സ്ത്രീവിരുദ്ധതയെയും സ്ത്രീസ്വകാര്യതക്കെതിരായ പുരുഷഭീതിയെയും ശരിക്കും ഒപ്പിയെടുത്ത കഥ.

ഈ പരസ്യം വന്ന അതേ ദിവസം തന്നെയാണ്‌ പോലീസുകാര്‍ക്ക്‌ മൊബെയില്‍ ഫോണും ഇന്റര്‍നെറ്റും സൗജന്യമായി നല്‍കുന്ന വാര്‍ത്തയും വന്നത്‌ എന്നത്‌ മറ്റൊരു തമാശ.മിക്കവാറും എല്ലാ ജനപ്രിയ പ്രസിദ്ധീകരണങ്ങളിലും മൊബെയില്‍ഫോണിനെകുറിച്ചുള്ള ഭീതിജനകമായ പംക്തികള്‍ ഉണ്ട്‌.'മിസ്ഡ്‌ കോള്‍' (കെ.കെ.സുധാകരന്‍)എന്ന പേരില്‍ ഒരു നോവല്‍ തന്നെ ഒരു വനിതാമാസികയില്‍ തുടരനായുണ്ട്‌.

സ്ത്രീ- പുരുഷന്‍ എന്ന വ്യതിരേകത്തില്‍ വല്ലാതെ അടിമുടി ഊന്നിക്കൊണ്ടുള്ള ഇത്തരം സമീപനങ്ങള്‍ ആപല്‍ക്കരമാണ്‌.വളരെ അധികം സെക്ലൂഡഡ്‌ ആയ സേക്രഡ്‌ ആയ ഒന്നായി മാത്രം സ്ത്രീയെ നോക്കി കാണുക - അതാണ്‌ ഇത്തരം വിവേചനങ്ങളുടെ മൂലകാരണം.

Tuesday, February 17, 2009

പാഞ്ചാലി- സ്ത്രീ രചനയുടെ വ്യത്യസ്തമുഖം

പ്രിയ സുഹൃത്തുക്കളെ,
സ്തീ രചനകളില്‍ പൊതുവെ കാണാത്ത ചില പ്രത്യേകതകള്‍ സില്‍ വിക്കുട്ടിയുടെ കഥകള്‍ക്കുണ്ട്.അനുഭവവും ആവിഷ്കാരവും തമ്മില്‍ പരമാവധി കുറഞ്ഞ അകലം ഈ രചനകളുടെ സവിശേഷതയാണ്. യാഥാര്‍ഥ്യത്തെ പകിട്ടില്ലാതെ പച്ചയ്ക്ക് എഴുതുന്നു. തികച്ചും അകാല്പനികം. ‘സാഹിത്യപരത‘യില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന പെണ്ണെഴുത്തിന്റെ ചെവിക്കൊരു കിഴുക്ക്.അസാഹിതീയമായ കഥകള്‍... മലയാളി സ്ത്രീയുടെ ദൈനംദിനങ്ങള്‍ ഈ കഥകളെ ചുട്ടുപൊള്ളിക്കുന്നു.. കരുണയില്ലാത്ത നര്‍മം കൊണ്ട് നമ്മുടെ അകം പുറം വലിച്ചു പുറത്തേക്കിടുന്നു സില്‍ വിക്കുട്ടി .
കഥ ഇവിടെ....

Wednesday, January 28, 2009

കല്‍ക്കിയുമായുള്ള കൂടിക്കാഴ്ച്ച.


കേരളസന്ദര്‍ശനത്തിനിടയില്‍ കല്‍ക്കി എറണാകുളത്തു വന്നെത്തി.ജനുവരി 26നു ഉച്ചയ്ക്ക്‌ 2 മണിക്ക്‌ പബ്ലിക്‌ ലൈബ്രറിക്കു സമീപം സി.അച്ച്യുതമേനോന്‍ ഹാളില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.ഗവേഷകരും ആക്ടിവിസ്റ്റുകളുമൊക്കെയായ ചെറിയ ഒരു കൂട്ടായ്മയാണു കല്‍ക്കിയുമായി സംസാരിച്ചത്‌.അക്കൂട്ടത്തില്‍ സണ്ണി.എം.കപിക്കാട്‌, രേഖാരാജ്‌,ആര്യന്‍, എം.ആര്‍.രേണുകുമാര്‍,മായ.എസ്‌. ജി.ഉഷാകുമാരി, ചന്ദ്രന്‍.സി, ഷിബി പീറ്റര്‍, ജസ്റ്റിന്‍,അനീഷ്‌, അനു തുടങ്ങിയവര്‍....കൃത്യമായി അസൂത്രണം ചെയ്യാത്തതു കൊണ്ട്‌ ചിതറിയ രീതിയിലുള്ള ഒരു ഇന്ററാക്ഷന്‍ ആണ്‌ നടന്നത്‌.ട്രാന്‍സ്ജന്‍ഡര്‍ എന്ന ഒരവസ്ഥയെ കുറിച്ചുള്ള സമഗ്രമായ ഒരു വിശദീകരണം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ നടത്തി.ഗെയ്സും ലെസ്ബിയന്‍സും നേരിടുന്ന പ്രശ്നങ്ങള്‍ സെക്ഷ്വല്‍ ഓറിയന്റേഷനുമായി ബന്ധപ്പെട്ടതാണ്‌,എന്നാല്‍ തന്നെപ്പോലെയുള്ള ട്രാന്‍സ്ജന്‍ഡെര്‍സിന്റേത്‌ തികച്ചും ജെന്‍ഡര്‍ ഓറിയന്റേഷനുമായി ബന്ധപ്പെട്ടതാണെന്നവര്‍ പറഞ്ഞു.15 വയസ്സു മുതല്‍ തന്റെ സ്ത്രീ അവസ്ഥ തിരിച്ചറിയുകയും അതിലൂന്നിനിന്നുകൊണ്ട്‌ സ്വയം സ്ഥാപിക്കാനും ശ്രമിച്ചു.നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ ജനിച്ച കല്‍ക്കിക്ക്‌ സാമാന്യം ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും ലഭിച്ചു.സഹോദരി എന്ന ഒരു സംഘടന നടത്തുന്നുണ്ട്‌,കല്‍ക്കി. ആ പേരില്‍ ഒരു പ്രസിദ്ധീകരണവുമുണ്ട്‌. അവയുടെ നേതൃത്വത്തില്‍ ധാരാളം ബോധവല്‍ക്കരണപരിപാടികളും മെഡിക്കല്‍ ക്യാമ്പുകളും നടത്തിവരുന്നുണ്ട്‌. സെല്‍ഫ്‌ ഹെല്‍പ്‌ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ലിംഗമാറ്റചികിത്സയ്ക്കും മറ്റുമുള്ള ധനസഹായമായി ബാങ്കുലോണ്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നു.തമിഴ്‌നാട്ടില്‍ ട്രാന്‍സ്ജന്‍ഡേര്‍സിനു സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താനും അതു നിലനിര്‍ത്താനുമുള്ള അവസ്ഥ കേരളത്തേക്കാള്‍ കൂടുതലാണ്‌. അവിടെ അവര്‍ക്കു റേഷന്‍ കാര്‍ഡും വോട്ടവകാശവുമൊക്കെയുണ്ട്‌.കേരളം കല്‍ക്കിയുടെ അഭിപ്രായത്തില്‍ മറ്റു പലരും പറയുന്നതുപോലെ വളരെയധികം പാട്രിയാര്‍ക്കല്‍ ആണ്‌. ഏതെല്ലാ അര്‍ഥത്തിലാണതു റീഡു ചെയ്യുന്നതെന്നു സണ്ണി കപിക്കാട്‌ ചോദിച്ചപ്പോള്‍ തനിക്കതു റീഡു ചെയ്യേണ്ടതായിപ്പോലും വരുന്നില്ല എല്ലാ മേഖലകളിലും അതു പകല്‍ പോലെ വ്യക്തമാണെന്നായിരുന്നു മറുപടി.ത്രിപുരയും ബംഗാളും പോലെ കേരളവും മാര്‍ക്സിസത്തിന്റെ അതിപ്രസരമുള്ള നാടായതാണ്‌ അതിനുകാരണമെന്നു ശ്രീ.സണ്ണി തന്നെ പറഞ്ഞു.മോഡേണ്‍ ആയ ഒരു യുവതിയെപ്പോലെ അണിഞ്ഞൊരുങ്ങിയാണ്‌ കല്‍ക്കി വന്നത്‌. കൂടുതല്‍ കൂടുതല്‍ ഫെമിനിന്‍ ആവുന്നതിലൂടെ എന്താണുദ്ദേശിക്കുന്നതെന്നു ഞാന്‍ ചോദിച്ചു. ഹെട്രോസെക്ഷ്വല്‍ സാമൂഹ്യവ്യവസ്ഥയുടെ അസമത്വങ്ങളെയും വൈരുദ്ധ്യങ്ങളെയും കൃത്യമായ ആണോ പെണ്ണോ ആയി നിലനില്‍ക്കുന്നതിലൂടെ സ്വാധീനിക്കാന്‍ കഴിയുമോ എന്ന ചോദ്യം അവര്‍ കാര്യമായെടുത്തില്ല.താനൊരു ഫെമിനിസ്റ്റാണെന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു.പുരുഷന്മാരുടെ സെക്ഷ്വല്‍ ടോയ്‌ലറ്റുകളായി മാറുന്ന ഹിജഡകളുടെ അവസ്ഥയെ കുറിച്ച്‌ വളരെ ഉല്‍കണ്ഠകളവര്‍ക്കുണ്ട്‌. ബാംഗ്ലൂര്‍, ചെന്നൈ പോലെയുള്ള മെട്രോപൊളിറ്റന്‍ സിറ്റികളില്‍ അവര്‍ക്ക്‌ സംഘടിക്കാനും സംരക്ഷണം ലഭിക്കാനുമുള്ള നീതി നിയമ വ്യവസ്ഥകളുണ്ട്‌.ഗവണ്മെണ്ട്‌ അത്‌ പരിഗണിക്കുന്നുമുണ്ട്‌.ഇവിടെ എന്തുകൊണ്ട്‌ അതില്ലെന്നതാണ്‌ അത്ഭുതം. കേരളത്തില്‍ നിന്നും ആളുകള്‍ ഇത്തരം സിറ്റികളിലേക്ക്‌ മൈഗ്രേറ്റ്‌ ചെയ്യുന്നതിനാലാകാം അത്‌. ഇവിടെ നിലനിന്നു പോകാന്‍ വിഷമമാണ്‌.ലൈംഗിക ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനെ ജാതി വര്‍ഗ്ഗ ഘടനകള്‍ സ്വാധീനിക്കുന്നതിനെ കുറിച്ച്‌ എം.ആര്‍. രേണുകുമാര്‍, ആര്യന്‍ എന്നിവര്‍ സംസാരിച്ചു.ട്രാന്‍സ്ജെന്റേഴ്സിനുള്ളില്‍ പണമോ ജാതിയോ ഒന്നും പരിഗണനാ വിഷയമല്ലെന്നും അവര്‍ ഒറ്റക്കെട്ടാണെന്നും കല്‍ക്കി പറഞ്ഞു.കേരളത്തിലെ ഫെമിനിസത്തെ കുറിച്ചും ആക്റ്റിവിസത്തെ കുറിച്ചും അവര്‍ ചോദിച്ചു. ആത്മ നിന്ദയും പരിഹാസവും നിറഞ്ഞ മൗനവും ചിരിയുമായിരുന്നു മറുപടി.ഇവിടുത്തെ മുതിര്‍ന്ന ഫെമിനിസ്റ്റുകള്‍ സംരക്ഷണവാദക്കാരാണെന്നും ഫലത്തില്‍ പരോക്ഷമായി ചാരിത്ര്യം തുടങ്ങിയ മൂല്യങ്ങളില്‍ ചെന്നവസാനിക്കുന്നുവെന്നും ചര്‍ച്ചകള്‍ വന്നു, ആരോഗ്യകരവും സര്‍ഗ്ഗാത്മകവുമായ സ്ത്രീപുരുഷ ബന്ധങ്ങളെകുറിച്ചുള്ള പ്രതീക്ഷകള്‍ എല്ലാവരും പങ്കുവെച്ചു.സെക്ഷ്വാലിറ്റി ഒരു വിഷയമായി മുഖ്യധാരാബുദ്ധിജീവികള്‍ പരിഗണിക്കാത്തതിന്റെ കാപട്യം എല്ലാവരും എടുത്തു പറഞ്ഞു.കുടുംബം,സ്ത്രീപീഡനം,സ്ത്രീധനം മുതലായ കാര്യങ്ങള്‍ക്കപ്പുറത്ത്‌ വികസിക്കേണ്ട കൂടുതല്‍ മാനുഷികവും മുന്‍ വിധിയില്ലാത്തതുമായ, എന്നാല്‍ ക്രിയാത്മകമായ ഇടങ്ങള്‍ ബന്ധങ്ങളില്‍(സ്ത്രീ-സ്ത്രീ/ സ്ത്രീ-പുരുഷന്‍ ബന്ധങ്ങളില്‍) ഉണ്ടാവണമെന്ന ആഗ്രഹം ശക്തമായി.തുറസ്സുള്ള ചലനാത്മകമായ ഇടപെടലുകള്‍ ഉണ്ടാവണം..... ആകെപ്പാടെ ഒരുണര്‍വ്വും ഊര്‍ജ്ജവും കല്‍ക്കി സന്ദര്‍ശനം തന്നു.
കല്‍ക്കിയുടെ ബ്ലോഗ് വായിക്കാന്‍ ഇവിടെ ക്ലിക്കുക